"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ജന്മിയുടെ വികാരം പതി തന്റെ ജീവിതം

അദ്ധ്യായം മൂന്ന്

കുറെ നാളുകള്‍ക്കുശേഷം തെളിവാര്‍ന്ന ഒരു ദിനത്തില്‍, തമ്പുരാന്റെ ഉത്തരവു പ്രകാരം കാര്യസ്ഥന്‍ നാരായണന്‍ നായര്‍, ഇങ്കരക്കണക്കന്റെ കുടിലിരിക്കുന്ന ഭാഗത്തു ചെന്നു, നീട്ടി വിളിച്ചു.
കണക്കക്കുട്ടികള്‍ ഒരുപാടുള്ള സ്ഥലമാണത്. കുടിലുകളുടെ മുറ്റത്ത്ത, കുഞ്ഞുങ്ങള്‍ കോണകമുടുത്ത്, തുള്ളിച്ചാടി അമ്പലം വെച്ചു കളിച്ചു കൊണ്ടിരുന്നു. ചില കണക്കത്തികള്‍ ഓല മെടയുന്നു. ചിലര്‍ ആടിനെ തീറ്റുന്നു. ചില കണക്കക്കിടാത്തന്മാര്‍ പഞ്ചീസു കളിക്കുന്നു.
കളി മുറുകി, ചില കുട്ടികളും പഞ്ചീസുകളി കണ്ടു കൊണ്ടു സമീപം നിന്നിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടി പഞ്ചീസു കളിക്കുതന്നതിനടത്തു വന്നു നോക്കി നിന്നു. നഗ്നത മറയ്ക്കാത്ത കുഞ്ഞായിരുന്നത്. ഒരുത്തന്‍ അതു കണ്ടു ചിരിച്ചും, കണ്ണുരുട്ടിയും, തമാശയായും ആവേശത്തില്‍ പറഞ്ഞു.
ഒന്നു പോടീ അവിടുന്ന്, തുണീല്ലാതെ തൊറന്നു മലത്തീട്ടു വന്നേക്കണ്, വല്യാതായാല്‍ കാണിക്കേം കൂടീല്ല. പോടീ, പോയ് വല്ല കോണാനുടുത്തോണ്ടു വാടി, കൂത്തിച്ചി.
കാര്യസ്ഥന്റെ വിളികേട്ടു ചില കുഞ്ഞുങ്ങള്‍ കാര്യസ്ഥന്റെ അടുത്തേയ്ക്കു കലപില ശബ്ദമുട്ടാക്കി ഓടി ചെന്നു. അവര്‍ക്കറിയില്ലല്ലോ, അയിത്തവും, ജാതിയും, തീണ്ടിക്കളിയും - കാര്യസ്ഥനമ്പരന്നു!
പോ - അസത്തുക്കള്, ഇതേത് ചെകുത്താന്‍ കുഞ്ഞുങ്ങളാണ്, അശ്രീകരം!
കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഓടി വന്നു, പൊന്നു മക്കളെ തടുത്തു കൂട്ടി കൊണ്ടു പോയി. കൂട്ടത്തില്‍ ചോദിച്ചു എന്താ തമ്പ്രാ.
ഇങ്കനെന്തേയ്?
ഇവടീല്ല അമ്മാവന്റെ കുടീല് പോയേക്കണേണ്. ശരി - അവന്‍ വന്നാല്‍, എന്നെ വന്നു കാണുവാന്‍ പറയൂ.
കാര്യസ്ഥന്‍ പോയി.
നല്ല വെയിലാണ്. അയാള്‍ നാടന്‍ മുണ്ടു തലയിലിട്ടു നടന്നു വീട്ടില്‍ ചെന്നു കയറി. ചെന്നപാടെ ക്ഷീണം കൊണ്ടു കോലായിരുന്നു. ഭാര്യ സംഭാരംകൊണ്ടു വന്നു കൊടുത്തു, അതും കുടിച്ചാശ്വാസിച്ചു. കുറെക്കഴിഞ്ഞു ഊണു കഴിച്ചു തെക്കിനിയില്‍ കിടന്നൊന്നു മയങ്ങി. സായാഹ്നമായി അന്നേരം ഇങ്കരക്കണക്കന്‍ വന്നു.... മുറ്റത്തു നിന്നു വിളിച്ചു. 
തംബ്രാ... തംബ്രാ...
അച്ചി തെക്കിനിമുറിയില്‍ ചെന്നു നായരേ കുലുക്കി വിളിച്ചു. നാരായണന്‍ നായര്‍ എഴുന്നേറ്റു മുഖം കഴുകി മുറ്റത്തേയ്ക്കിറങ്ങി. ഇങ്കരക്കണക്കന്‍ നിന്നിരുന്ന സമീപത്തു നിന്നുമല്‍പ്പം അകലെ നിന്നു പറഞ്ഞു.
നാളെ മുതല്‍ തെക്കുംഭാഗം തൊട്ടു തെങ്ങു കയറണ്. തേങ്ങായൊക്കെ വെട്ടിയിടണ്. കൂടാതെ ഇപ്രാവശ്യം ഓലയും വെട്ടാറായിട്ടുണ്ട്. അതും പിന്നെ ഇടിഞ്ഞു നില്‍ക്കുന്ന കുലകളൊക്കെ ഒന്നു കെട്ടണം. തമ്പുരാന്‍ പറഞ്ഞ പ്രകാരം കൂമ്പിലെ ചെല്ലി മാറ്റി മരുന്നിടണം.
ഏനേറ്റേയ്.... ഇപ്പത്തന്നെ കേറ്റക്കാരിമ്മാരിന വിളിക്കാന്‍ പോണുണ്ടേയ്. പിന്നെ കാശുണ്ടേ ഇച്ചിരി കാശുവേണം കുടീലൊന്നൂല്ല, അരി മേടിക്കണം.
രണ്ടു മൂന്നു ചക്രമെടുത്തു ഇങ്കരക്കണക്കനു കൊടുത്തു അതും വാങ്ങി അയാള്‍ പോയി. മൂപ്പന്‍ കണക്കന്‍ പോകുന്ന വഴിക്കു അരിയും കറിക്കൂട്ടും വാങ്ങി തോര്‍ത്തു മുണ്ടില്‍ കെട്ടി കുടിലിലെത്തി.
ഇങ്കരനു രണ്ടു കണക്കത്തിമാരാണ്. രണ്ടിലും കൂടി ഒമ്പതു മക്കളാണ്. മൂത്ത മൂനാണ്‍ മക്കള്‍ പണിക്കാരാണ്. കല്ല്യാണം കഴിച്ചു എല്ലാവരും അടുത്തടുത്ത കുടിലുകളില്‍ താമസിക്കുന്നു. രണ്ടു പെണ്‍മക്കളെ കെട്ടിച്ചയച്ചു. പിന്നെയുള്ളവര്‍ വെറുതെ കളിച്ചു നടക്കുന്നു. തെങ്ങു കയറ്റമില്ലാത്തപ്പോള്‍ ചൂണ്ടയിടാനും, വലവെച്ചു മീന്‍പിടിക്കാനും അല്ലെങ്കില്‍ ഞണ്ടും വള്ളിയിട്ടു ഞണ്ടു പിടിക്കാനും പോകും. കണക്കത്തിമാര്‍ ചിലരുടെ വീടുകളില്‍ ഓലമെടയാനും പോയിരുന്നു.
മുടി നീട്ടി വളര്‍ത്തി പിന്‍കുടുമ വെച്ചു ഒരു വശത്തേയ്ക്കു കെട്ടിയിടും. ഭസ്മക്കുറി വരയ്ക്കും. രാവിലെ എഴുന്നേറ്റാല്‍ കുളിച്ചു ഈറന്‍ തോര്‍ത്തുടുത്ത് കിഴക്കോട്ടു തിരിഞ്ഞു നിന്നു സൂര്യഭഗവാനെ തൊഴുതു പ്രാര്‍ത്ഥിക്കും. അതാണ് ഇങ്കരക്കണക്കന്റെ പ്രഭാത തുടക്കം. വാക്കത്തിയും, തളപ്പും, കൈയിലെടുത്തു പ്രാര്‍ത്ഥിച്ചു കണക്കത്തിമാരെ രണ്ടിനേയും വിളിക്കും. മക്കളെയും അടുത്തു വിളിച്ചു ഓമനിച്ചും
കൊണ്ടാണ് വേലയ്ക്കിറങ്ങുന്നത്.
തെങ്ങു കയറ്റമുണ്ടാകുമ്പോള്‍, മൂപ്പന്‍ കണക്കന്‍ തെങ്ങേല്‍ കയറണമെന്നില്ല. വാക്കത്തിയും കൊണ്ടു നടക്കും, വെട്ടിയിട്ട തേങ്ങ കുഴിച്ചിടും. എണ്ണം കൃത്യമായെടുക്കു്. കുടികിടപ്പുകാരുടെ പരിക്കു തേങ്ങ കൃത്യമായി വാങ്ങും. അതില്‍ വ്യത്യാസമുണ്ടായാല്‍, നോട്ട തേങ്ങയില്‍ കുറയ്ക്കും. ഇങ്ങനെ കുറയാതിരിക്കാന്‍, കുടികിടപ്പുകാര്‍ മൂപ്പന്‍ കണക്കന് ഒന്നോ രണ്ടോ ചക്രം കൊടുക്കും. അല്ലെങ്കില്‍ വാങ്ങി വച്ചിരിക്കുന്ന കള്ള് പിന്‍വശത്തെ ചാര്‍ത്തില്‍ നിന്നു കുടിക്കും. പകരം നോട്ടത്തേങ്ങയുടെ ന്യൂനത ഇളവു ചെയ്തു കൊടുക്കും. അതെല്ലാം മൂപ്പന്റെ അധികാരപരിധിയില്‍ പെട്ടതാണ്.
അക്കാലത്തും കൈക്കൂലിയുണ്ടായിരുന്നു. സ്വജന പക്ഷപാതം നടമാടിയിരുന്നത് ഉന്നതരുടെ കൂട്ടത്തിലായിരുന്നു.
മൂപ്പന്‍ കണക്കന്റെ ഭാര്യമാര്‍ക്കും ചില അവിഹിതങ്ങളുണ്ടാകും. കൊത്തു തേങ്ങ രീതിയുമുണ്ട്. ഈ അവകാശത്തില്‍. ഒരു ദിവസത്തെ തെങ്ങു കയറ്റം കഴിഞ്ഞാല്‍ കണക്കത്തിമാര്‍ രണ്ടു തേങ്ങാ വീതം കൊത്തു തേങ്ങയായി എടുക്കും. അതായത് അവരും തേങ്ങാ പെറുക്കി കൂട്ടാനും മറ്റും കൂടും. ഓല വലിച്ചു കൂട്ടിയിടും, കൊതുമ്പും, കവളന്‍മടലും ഒക്കെ ചേര്‍ത്തിട്ടു കെട്ടി വെയ്ക്കും. പത്തമടലോല വീതം കെട്ടുന്നത് കണക്കന്മാരായിരിക്കും. തെങ്ങകയറ്റമുണ്ടാകുമ്പോള്‍ തമ്പുരാന്റെ പടിക്കല്‍ നിന്ന് ചോറും കറികളും കൊടുക്കും. അതു തിന്നാന്‍ ഇങ്കരക്കണക്കനും ഭാര്യമാരും കുഞ്ഞുങ്ങളും പോകും. മുന്‍കാലങ്ങളില്‍ മണ്ണില്‍ കുഴികുത്തി ഇലവെച്ച് അതിലാണ് ചോറിടീച്ച് തിന്നിരുന്നത്. പിന്നീടായപ്പോള്‍ കമുകിന്റെ പാള കൊണ്ട് കോപ്പപോലെ കുത്തിയുണ്ടാക്കും.
അതിനെയാണ് കുത്തുപാളയെന്നു പറയുന്നത്. അതില്‍ ചോറും കറികളും പടിക്കല തമ്പ്രാന്റെ വീട്ടിലെ വേലക്കാരികള്‍ കൊണ്ടു വന്നു, പിന്നാമ്പുറത്തെ മുറ്റത്തിരുത്തി കൊടുക്കും. ബാക്കി വരുന്നത് കുടിലിലിയേക്ക്കു കൊണ്ടു പോകും.
പണിക്കാര്‍ക്കു കൂലി ചക്രമായി കൊടുക്കുന്ന കാലമായി. തേങ്ങ വേറെയും. എന്തു പണി ചെയ്താലും ദിവസക്കൂലിയായിരുന്നു. തെങ്ങിന്റെ മുകളില്‍ കയറി കേടുപിടിച്ച കൂമ്പ് വെട്ടിക്കളഞ്ഞു ചെല്ലിയൊക്കെ വാക്കത്തി കൊണ്ട് തോണ്ടു കളയും പിന്നെ മരുന്ന് വിതറും. അതോടെ ചെല്ലിയൊക്കെ ചത്തു പോകും. കേടായ കൂമ്പിനു പകരം പുതിയ കൂമ്പു മുളച്ചു വരും. ഇടിഞ്ഞു വീഴാറായി നില്‍ക്കുന്ന കുലകളൊക്കെ കെട്ടും. അതിനു കണക്കന്മാര്‍ വണ്ണക്കയര്‍ അരയില്‍ കെട്ടി മുകളില്‍ ചെന്ന് അഴിച്ചെടുത്ത് പ്രസ്തുത കുല നല്ലപോലെ കെട്ടി നിര്‍ത്തും.
ചില വീട്ടില്‍ കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരി പെണ്‍കുട്ടികളുണ്ടെങ്കില്‍, തെങ്ങില്‍ കയറുമ്പോഴും തേങ്ങാക്കുല വെട്ടിയിടുമ്പോഴും കമന്റ് പാസാക്കും. അഴയില്‍ തുണി വിരിച്ചിട്ടുണ്ടെങ്കില്‍ കണക്കന്‍ തേങ്ങാക്കുല വെട്ടിയിടുമ്പോള്‍ പറയും.
കൊച്ചമ്മോ കൊല വന്നമ്മോ തുണി മാറ്റിക്കോമ്മോ.
സിനിമാ പാട്ടുകള്‍ വ്യംഗ്യാര്‍ത്ഥത്തില്‍ പാരടിയായി ചീത്ത ചൊവകലര്‍ത്തി പാടും.
കാണാതെ വന്നെന്റെ പാവാടാ പൊക്കി പുന്നാരം തന്നാട്ടേ - വേഗം പുന്നാരം തന്നാട്ടെ. പേട്ടു തേങ്ങയാണെങ്കില്‍ അതിനുള്‍ഭാഗം കലങ്ങി മറിഞ്ഞു ചീഞ്ഞതാണെങ്കില്‍ കമന്റായി - ഈ തേങ്ങായുടെ അകത്ത് നെയ്യാ അപ്പോള്‍ വേറൊരുത്തന്‍ വളരെ ഉറക്കെ പറയും അടാ അതു തൈരാ - നാറ്റമുള്ള തൈര്.
ഇങ്കരക്കണക്കന്റെ മക്കളും മരുമക്കളുമാണെങ്കില്‍ വല്ല്യാപ്പന്റെ ബഹുമാനാര്‍ത്ഥം അവര്‍ ഒന്നും പറയുകയില്ല. പക്ഷേ പുറത്തു നിന്നും വരുന്നവര്‍ ബഹുമാനമൊന്നും കാണിക്കില്ല. തുറന്നടിക്കും.
അന്നത്തെ തെങ്ങു കയറ്റം കഴിഞ്ഞാല്‍ കിട്ടുന്ന തേങ്ങാ വിറ്റു കള്ളുകുടിക്കും. പിന്നെ കൂലി കൊണ്ടു അരിമേടിക്കും. കുടീല് ചെല്ലുമ്പോള്‍ കുഞ്ഞുങ്ങള്‍ മേലൊക്കെ ചെളിയും ചേറും പുരണ്ട് നഗ്നത മറച്ചതും, മറക്കാത്തവരും ഓടിവരും, വല്ലതും തിന്നാന്‍ കിട്ടുമെന്ന പ്രതീക്ഷിച്ച്. പെണ്ണുങ്ങള്‍ കുടിലില്‍ കഞ്ഞി വയ്ക്കുമ്പോള്‍ ചെറുപ്പക്കാര്‍ മീന്‍ പിടിക്കാന്‍ പോകും. ചൂണ്ടയിട്ടോ ഞണ്ടു വള്ളിയിട്ടോ, മീനും ഞണ്ടും പിടിച്ചു കറി വെയ്ക്കു്. തെങ്ങു കയറ്റമുണ്ടാകുമ്പോള്‍ മാത്രമാണിവര്‍ സുഭിക്ഷമായി ചോറുണ്ണന്നത്. അല്ലാത്തപ്പോള്‍ പട്ടിണി തന്നെ.
ബീഡി വാങ്ങുവാന്‍ പോലും കയ്യില്‍ കാശുണ്ടാകാറില്ല. മഴക്കാലം വന്നാല്‍ തെങ്ങുകയറ്റം കുറവായിരിക്കും. പായലു പിടിച്ചു വഴുക്കലുണ്ടാകു്. കുളിരും, കാറ്റും കൊണ്ടു തണുത്തു പഴയ തുണിയും പുതച്ച് പുരക്കുള്ളിലിരുന്നു നെരിപ്പോടില്‍ തീയ്യിട്ടു കായും. കണക്കക്കിടാത്തനായ പൂപ്പൂട്ടി കൂടെയിരുന്നു തീകായുന്നവനോട് ഇരക്കും.
എടാ കുമാരാ ഒരു വീഡി എനിക്കും താടാ, ഇനിക്കും ഉണ്ടാകോടാ കേറ്റം. (തെങ്ങില്‍ കയറുന്ന വേലയെപ്പറ്റിയാണ് പറഞ്ഞതിനര്‍ത്ഥം).
ഇവിടത്തെ ജന്മിയെ സംബന്ധിച്ചിടത്തോളം കേറിയാലും കേറിയാലും തീരാത്ത പറമ്പും തെങ്ങുകളുമാണുള്ളത്. ഒരു ഭാഗത്തെ തെങ്ങുകള്‍ കേറി കഴിയുമ്പോള്‍ മറുഭാത്തു തേങ്ങാ വെട്ടിയിടാറായിരിക്കു്. മൂപ്പന്‍ കണക്കന്മാര്‍ നിരവധിയുണ്ട്. കൂടാതെ കാര്യസ്ഥന്മാരും, തേങ്ങാ ചുമട്ടുകാരും, തേങ്ങാ പൊതിക്കുന്നവരും വളരെ പേരുണ്ട്. ചിലപ്പോള്‍ തേങ്ങാമടല്‍ ചെളിയില്‍ പുതച്ചു ചീയിച്ചു തല്ലി ചകിരിയാക്കും. പ്രസ്തുത ചകിരിയാണ് കയറു പിരിക്കുന്നത്. കയറു വ്യവസായക്കാര്‍ക്കു ധനസമ്പാദന മാര്‍ഗ്ഗവുമാണം. 
മിക്കപ്പോഴും തേങ്ങാമൊത്തമായി വില പറഞ്ഞു ചില ക്രിസ്ത്യാനികല്‍ വാങ്ങി വള്ളത്തില്‍ കൊണ്ടു പോകുകയാണ് പതിവ്. പൊതിച്ചു തേങ്ങാ വെട്ടി വെയിലത്തു വെച്ചുണക്കി കൊപ്രയാക്കി മില്ലില്‍ കൊണ്ടു പോയി ആട്ടിച്ചു വെളിച്ചെണ്ണയായിട്ടാണ് വില്‍ക്കുന്നത്. അതും ചില വെളിച്ചെണ്ണ വ്യവസായികള്‍ കമ്മതിയായി വാങ്ങി കൊണ്ടു പോകും. മടലും ചില ചെറിയ മുതലാളികള്‍ മൊത്തമായി വാങ്ങി കൊണ്ടു പോയി മടല്‍ക്കുഴിയില്‍ മൂടി ചീയുമ്പോള്‍ തല്ലി ചകിരിയാക്കാറുമുണ്ട്.
പുലയന്മാര്‍ക്ക് പൊതി മടല്‍ മൂടന്നു പണിയും, പറമ്പു കിളയും, തോടു വെട്ടലു്, കുളം വെട്ടലും, ചിറ പിടിപ്പിക്കലും ഒക്കെയുണ്ടാകും.
പുലയനാണെങ്കില്‍ തെങ്ങിന്റെ ആരോഗ്യത്തിനെപ്പറ്റി നല്ല അറിവാണ്. തെങ്ങിന്‍ തടം വെട്ടി വൃത്തിയാക്കി വളമിട്ടു പുതയ്ക്കും. അങ്ങിനെ ചെയ്താല്‍ തെങ്ങില്‍ നന്നായി തേങ്ങയുണ്ടാകും. വെട്ടും കിളയുമടക്കമുള്ള ശിശ്രൂഷകള്‍ തെങ്ങിനു നിര്‍ബന്ധമായും ചെയ്തിരിക്കണം. ഓല കണ്ടാലറിയാം അതിന്റെ ലക്ഷണങ്ങള്‍. ഏതു കണക്കനീം ഏതു പുലയനീം തെങ്ങിനെ ഏതു തരം രോഗമാണു ബാധിച്ചിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. അതിനുള്ള പ്രതിവിധി നിര്‍ദ്ദേശിക്കുവാനവനു കഴിവുണ്ട്.
പറമ്പു കിളച്ചു കൂന്തക്കണ്ണി വെയ്ക്കും, അതു പുലയരാണ് ചെയ്യുന്നത്. തെങ്ങിന്റെ വേരായ പൊറ്റ തൂമ്പാകൊണ്ടു മുറിഞ്ഞു പോകാതെ ശ്രദ്ധിച്ചു വേണം തടമെടുക്കുവാന്‍. തോടു വെട്ടു കഴിഞ്ഞാല്‍ ചേറും ചെളിയും മഴ വരുമ്പോള്‍ തെങ്ങിന്‍ തടത്തിലേയ്ക്ക് ഒഴുകിയെത്തും. കൂടാതെ കൂന്തക്കണ്ണിയില്‍ കൂടിയും ഒഴുകിയിറങ്ങുന്ന പ്രകൃതിദത്ത വളവും പറമ്പില്‍ പരക്കും. തെങ്ങിന്റെ വേരുകള്‍. ഭൂമിയുടെ തറനിരപ്പില്‍ നിന്ന് ഒരടിയോ, ഒന്നരടിയോ താഴ്ഭാഗത്തു നിന്നാണ് വളം വലിക്കുന്നത്. അതുകൊണ്ടാണ് മഴക്കാലം തുടങ്ങുന്നതിനു മുമ്പ് തോടു വെട്ടും കണ്ണിവെയ്പ്പും നടത്തിക്കുന്നത്. മഴക്കാലം കഴിഞ്ഞാല്‍ കൂന്തക്കണ്ണി നിരത്തും. കൂടാതെ തക്കതായ പോരാത്ത വളവും തെങ്ങിനിടും എന്നാലേ തേങ്ങയുണ്ടാകൂ.
തോടുവെട്ടുന്ന അവസരത്തില്‍ പണിക്കാരിലൊരാള്‍ എല്ലാവര്‍ക്കുമായി ചോറു വയ്ക്കാന്‍ പോകും. അയാളെയാണ് അരിവെപ്പുകാരന്‍, അല്ലെങ്കില്‍ പണ്ടാരിയെന്നു പറയുന്നത്. ഈ പണിക്ക് കോക്കി പണിയെന്നും പറയും. പണി നടക്കുന്നതിന്റെ അടുത്തുള്ള ഏതെങ്കിലും പുലയന്റെ വീട്ടില്‍ വെച്ചാണ് അരിവെയ്ക്കുന്നത്. കറിക്ക് തോട്ടില്‍ നിന്നും കിട്ടുന്ന പള്ളത്തിയും ചെമ്മീനും പിടിച്ചു പാകം ചെയ്യും. ഉച്ചയ്ക്ക് പറമ്പില്‍ തന്നെയിരുന്നാണ് എല്ലാവരും ചോറു തിന്നുന്നത്. ബാക്കി വരുന്ന ചോറും കറികളും അവിടെയുള്ള കുഞ്ഞുങ്ങള്‍ക്കു കൊടുക്കും.
പറമ്പിലെ പണി നടക്കുമ്പോള്‍ അവരവരുടെ വീട്ടില്‍ നിന്നും ചോറുണ്ടാക്കി പെലേനു ഉച്ച നേരത്തു പെലക്കിളി ചോറു ചുമന്നു കൊണ്ടു വന്നു കൊടുക്കും. സാധാരണ പുലയന്‍ കഴിച്ചതിന്റെ ബാക്കി മിഞ്ചന്‍ പുലക്കള്ളിയും അവിടെ തന്നെ ഇരുന്നു കഴിക്കും. അതവളുടെ ഭര്‍ത്താവിനോടുള്ള കൂറും ബഹുമാനവും സൂചിപ്പിക്കുന്നു. കൂടാതെ അവളുടെ അവകാശവുമാണ്.
തമ്പുരാനിഷ്ടമുള്ളപ്പോഴൊക്കെ പരമേശ്വര പണിക്കരുടെ മകള്‍ കാര്‍ത്ത്യായനിയെ ഇല്ലത്തേയ്ക്കു വിളിപ്പിച്ചു പാട്ടു പാടിക്കുമായിരുന്നു. ആട്ടു കട്ടിലിലിരുന്നു മുറുക്കാന്‍ ചവച്ച് പാട്ട് ശ്രദ്ധിച്ചു രസിക്കും.
തമ്പുരാനു തന്റെ പാട്ടിഷ്ടമാണെന്നു കണ്ട് തള്ളയോടു പറഞ്ഞു വീട്ടില്‍ ഭാഗവതരെ വരുത്തി പാട്ടുകള്‍ സാധന ചെയ്തിരുന്നു. അതുകൊണ്ട് പാട്ടിലൂടെ വരുമാനമുണ്ടാക്കമെന്നു തള്ളയായ കുഞ്ഞിപ്പാറുവും തന്തയായ പരമേശ്വര പണിക്കരും വിചാരിച്ചിരുന്നു. പാട്ടുകള്‍ പാടി രസിപ്പിക്കുവാനുള്ള ഇടം തമ്പുരാന്റെ മുമ്പിലാണെന്ന് അവരവസരമായി കണ്ടു.
മകള്‍ ഭാവിയില്‍ നല്ല പാട്ടുകാരിയായിത്തീരുമെന്ന് പരമേശ്വര പണിക്കരും, ഭാര്യയും കണക്കു കൂട്ടി.
വിത്തത്തിലും, നാരിയിലും ആര്‍ത്തി പൂണ്ടു നടക്കുന്ന മാടമ്പിക്ക് കലാബോധമുണ്ടാകുമോ അഥവാ ഉണ്ടായാലും ഉള്ളതായി നടക്കുവാന്‍ മാത്രമേ അയാള്‍ക്കാകുകയുള്ളൂ.
മനയ്ക്കല്‍ തമ്പുരാനിഷ്ടമുള്ള സമയത്തൊക്കെ കാര്‍ത്ത്യായനിയെ പ്രാപിച്ചിരുന്നു. ഒരു ദിവസം കാര്‍ത്ത്യായനി നിലവറയ്ക്കുള്ളില്‍ തമ്പുരാനൊത്തു ശയിക്കുമ്പോള്‍ വളരെ ഗോപ്യമായി പറഞ്ഞു. ഇങ്ങിനെ പോയാല്‍ ശരിയാകില്ലാട്ടോ.
ഉം. എന്താ - തമ്പുരാനിംഗിതമായി.
കാര്‍ത്ത്യായനി - ഞാന്‍ രണ്ടു നാളായി - ഛര്‍ദ്ദിച്ചു. തലവേദന ക്ഷീണമൊക്കെയുമുണ്ട്. ലക്ഷണങ്ങള്‍ വെച്ചു നോക്കിയപ്പോള്‍ വയറ്റില്‍ വിശേഷമുണ്ടെന്നാണ് അമ്മ പറയുന്നത്.
അതിനെന്താ - ഒരാളെ കണ്ടു പിടിച്ചു സംബന്ധം ചെയ്താല്‍ പോരേ. അക്കാര്യം നിന്റെ അമ്മയോടു പറഞ്ഞേര്‍പ്പാടു ചെയ്‌തോളൂ തമ്പുരാന്‍ പരിഹാരം നിര്‍ദ്ദേശിച്ചു.
എതിനു എനിക്കു വല്ല സമ്പത്തോമറ്റോയുണ്ടോ.
നിന്റെ വീടിന്റെ വടക്കു ഭാഗത്തു കിടക്കുന്ന തെങ്ങും പുരയിടമില്ലേ അതു നീയെടുത്തോളൂ. പിന്നെ ചെറുക്കനെ നോം ഏര്‍പ്പാടാക്കിത്തരാം. അമ്മയോടു നമ്മെ വന്നു കാണുവാന്‍ പറയൂ.
രണ്ടു മൂന്നു നാളുകള്‍ക്കുശേഷം കുഞ്ഞിപ്പാറു തമ്പുരാനെ വന്നു കണ്ടു.
തമ്പുരാന്‍ പറഞ്ഞു. നമ്മുടെ ഇവിടെ വേല ചെയ്യുന്ന കുട്ടപ്പന്‍ നായരില്ലേ. അവനെക്കൊണ്ട് കാര്‍ത്ത്യായനിക്ക് പുടവ കൊടുപ്പിച്ചോളൂ.
കുഞ്ഞിപ്പാറു വളരെ ഭവ്യതയില്‍ പറഞ്ഞു. റാന്‍ തമ്പുരാന്റെ ഇഷ്ടം.
ഒരു ദിവസം കുട്ടപ്പന്‍ നായരെ തമ്പുരാന്‍ വിളിച്ചു പറഞ്ഞു. എടാ കുട്ടപ്പാ; നിനക്കു കല്ല്യാണം കഴിക്കണ്ടേ അവനതു കേട്ടു നാണം കൊണ്ടു പതുങ്ങി നിന്നു. എന്നിട്ടു റാന്‍ എന്നു പറഞ്ഞു. 
തമ്പുരാന്‍ - ഇവിടെ വരുന്ന പാട്ടുകാരി പെണ്ണില്ലേ. കുഞ്ഞിപ്പാറൂന്റെ മോള് അവള്‍ക്ക് നീ പുടവ കൊടുക്കണം. തിരുമനസ്സിന്റെ കല്‍പ്പന.... കല്‍പ്പന കല്ലേപിളര്‍ക്കും നിരസിച്ചാല്‍ കൊന്നു കുഴിച്ചു മൂടും. ജീവനില്‍ കൊതിയുള്ളവര്‍ ശബ്ദിക്കാറില്ല.
അവനൊന്നും പറഞ്ഞില്ല.
നീ പോയി കുഞ്ഞിപ്പാറൂന്റെ വീട്ടില്‍ ചെന്ന് പാട്ടുകാരി, കാര്‍ത്ത്യായനിയേയും, അവളുടെ അമ്മയേയും കാണൂ.
അപ്രകാരം കുട്ടപ്പന്‍ നായര്‍, കാര്‍ത്ത്യായനിക്കു പുടവ കൊടുത്തു, വിവാഹം നടന്നു. അതോടു കൂടി കുട്ടപ്പന്‍ നായര്‍ തേങ്ങാ ചുമക്കുന്ന പണിയും, ചുരുട്ടു ചുമക്കുന്ന പണികളില്‍ നിന്നും, അല്‍പ്പം ഉന്നത വേലയായ സാധനങ്ങള്‍ വാങ്ങുവാന്‍ പോകുന്നതിനോ വളപ്പിലെ പണികളൊക്കെ നോക്കുന്നതിനോ തമ്പുരാന്‍ നിയോഗിച്ചു. അവനുമുണ്ടുടുക്കാം, തുണി ദേഹത്തിടാം, പെണ്‍പിള്ളയൊന്നിച്ചു യാത്ര ചെയ്യുമ്പോള്‍, നാടന്‍ മുണ്ടിട്ടു നന്നായി നടക്കാം എന്ന പുരോഗമന സ്വഭാവമുള്ള വസ്ത്രധാരണം നടത്താനനുവദിച്ചു. വല്ലപ്പോഴുമൊക്കെ റൗഡിയായി പോകുകകയും വേണമായിരുന്നു.
തമ്പുരാന്റെ വാല്യക്കാരനായി നടന്നവന് സുന്ദരിയായ കലാകാരിയെ ഭാര്യയായി ലഭിച്ചു, പറമ്പും പുരയിടവും സ്വായത്തമായി, സാമ്പത്തികമായി ഉയര്‍ച്ചയുണ്ടായി. എന്നാലും തമ്പുരാനെ സേവിക്കുന്നതില്‍ നിന്നും അവന്‍ പുറകോട്ടു പോയില്ല.
പരമേശ്വര പണിക്കര്‍ക്കും തമ്പുരാനോടു ബഹുമാനവും സ്‌നേഹവും വര്‍ദ്ധിച്ചു. കുടുംബം രക്ഷപ്പെട്ടു. കുഞ്ഞിപ്പാറു നിര്‍ദ്ദേശിച്ച പ്രകാരമല്ലെങ്കിലും ക്ഷമിച്ചു നടന്നതിന്റെ ഫലം ഇപ്പോള്‍ സ്വായത്തമായി. നാണം കെട്ട രീതിയിലാണെങ്കിലും പണവും പദവിയും ലഭ്യമായപ്പോള്‍ നാണക്കേടു നാമമാത്രമായി, പിന്നീടൊട്ടുമില്ലാതെയായി.
ആരും അവരെപ്പറ്റി ഒന്നും പറഞ്ഞില്ല. പരസ്യമായ രഹസ്യം അവരുടെ ഉയര്‍ച്ചയില്‍ പാവം അധിസ്ഥിതര്‍, അവരെ ബഹുമാനിച്ചു തുടങ്ങി.
മാടനും ചക്കിയും സന്തോഷ പ്രദമായ ജീവിതമാണ് നയിച്ചിരുന്നത്. പുതുപെണ്ണിന്റെ പുതുപ്രസവം അടുത്തു വരുന്നതോടൊപ്പിച്ച് വയറിന്റെ കനം കൂടി വന്നു. നാട്ടുകാരൊക്കെ കുശലം പറഞ്ഞു. മാടനു നല്ല ആരോഗ്യമുള്ള കുഞ്ഞിനെയാണ് ചക്കി നല്‍കുവാന്‍ പോകുന്നത്. മിക്കവാറും ആണ്‍കുഞ്ഞായിരിക്കും. വയറിന്റെ വലിപ്പവും ഒക്കെ കണ്ട നാട്ടുകാര്‍ കുശുകുശുത്തു.
പാടത്തു നെല്ലു പഴുത്തു, പൊക്കാളിപ്പാടത്തു വളര്‍ന്നു നില്‍ക്കുന്നതു നല്ല ഉയരമുള്ള നെല്‍ച്ചെടിയാണ്. പൊന്നാര്യനും ചില സ്ഥലത്തു വിതച്ചിട്ടുണ്ട്. അവയുടെ നെല്ലിന്‍െ അറ്റത്ത് നീണ്ട ആരുണ്ടാകും. പൊക്കാളി നെല്ല് പൊതുവേ വലിപ്പവും, വണ്ണവുമുള്ളവയാണ്.
കൊയ്തു കഴിയുമ്പോള്‍ ചക്കി പെറും അപ്പോള്‍ കൊച്ചും കിട്ടും, നെല്ലും കിട്ടും. മാടനേയും ചക്കിയേയും ശ്രദ്ധിക്കാത്തവരില്ല.
നെല്ലിന്‍ കുല ചുവന്നു, കനം വെച്ചു കാറ്റു വാറിനു ചാഞ്ഞു വീണു കിടന്നു. കാവലിനു മാടന്‍ പോകാറുമുണ്ട്. ചില സ്ഥലത്തു കണ്ടായ പുലയനായ മൂപ്പന്‍ പുലയന്‍ നിശ്ചയിക്കുന്ന ആളും കാവല്‍ നില്‍ക്കും. ഈനാട്ടിലെ വലിയ ജന്മിയുടെ പാടമാണെങ്കിലും റൗഡികളും, പണിക്കാരും കൂടുതലുള്ള മുതലാളിയാണെന്നാലും, ചില തെമ്മാടികള്‍ രാത്രി കാലങ്ങളില്‍ നെല്ലു കട്ടുപറിക്കാന്‍ വരും. മാടനേ പോലെയുള്ളവര്‍ക്ക് ഒറ്റയ്ക്കു നോക്കുവാന്‍ പറ്റില്ലെങ്കില്‍ കൂടെ വേറെയും കാവല്‍ക്കാരെ ഏര്‍പ്പാടാക്കിയിരുന്നു. ചക്കിയാണെങ്കില്‍ മുറ്റിയ ഗര്‍ഭസ്ഥയായതിനാല്‍, പെട്ടെന്നു ഭയപ്പാടുണ്ടായെന്നു വരും. ഒറ്റയ്ക്കു കുടിലില്‍ കിടയ്ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു, അതുകൊണ്ട് അകലത്തുള്ള അയല്‍വാസി തള്ളയെ വിളിച്ചു കൂട്ടു കിടത്തിയിരുന്നു. ചില നേരം രാവിലെ മാടന്‍ വരുമ്പോള്‍ പാടത്തു നിന്നും ചിറയുടെ വരമ്പിന്റെ അളയില്‍ നിന്നും ഞണ്ടും പിടിച്ചു കൊണ്ടായിരിക്കും കുടിലിലെത്തുന്നത്. ചിലപ്പോള്‍ മതിരാന്‍ എന്ന പാമ്പിനെ പോലുള്ള മീനിനേയും പിടിച്ചു കൊണ്ടു വരും. അതു നല്ലപോലെ നന്നാക്കി കറിവെച്ചു ഉച്ചക്കലത്തെ ചോറില്‍ കൂട്ടി തിന്നും. ഇവയൊക്കെ ഭക്ഷിക്കുന്ന പുലയ കിടാത്തിക്കും പുലയപ്പെണ്ണിനും നല്ല ആരോഗ്യമാണ്.
കാര്യസ്ഥനറിയാവുന്ന പെണ്‍പിള്ളയാണ് ചക്കി. അതുകൊണ്ട് ചിലനേരം ചക്കി കുറച്ചു നെല്ലു കട്ടു പറിച്ചാല്‍ ഒന്നും പറയുകയില്ല. അതു കുടിലില്‍ കൊണ്ടു പോയി വെള്ളത്തിലിട്ടു കുതുത്ത് വറുത്തു അവലു പോലെ ഇടിച്ചു ശര്‍ക്കര വെള്ളവും തിളപ്പിച്ചു കഴിക്കും.
കൊയ്ത്തടുത്തു വന്നു, കൊയ്തു കേറേണ്ട കളത്തിന്റെ മുറ്റം, മാടനും കണ്ടായന്‍ മൂപ്പന്റെ സാന്നിദ്ധ്യത്തില്‍ ചില പുലയരേയും കൊണ്ട് ചെത്തി വെടിപ്പാക്കി. അതിനു നേതൃത്വം വഹിക്കുന്നത് കാര്യസ്ഥന്‍ നാരായണന്‍ നായരാണ്. ഒരിക്കല്‍ കളം ചെത്തി ശരിയാക്കുമ്പോള്‍ ഒരു പെണ്‍പിള്ളയവിടെ എത്തി. അവര്‍ കളത്തിന്റെ ചുറ്റുപാടും അകവശവും അടിച്ചു വല തട്ടി വൃത്തിയാക്കി. വെള്ളമൊക്കെ കോരി വച്ചു. 
കണ്ടായപെലേന്‍ കാര്യസ്ഥനോടു വളരെ ഗോപ്യമായി ശബ്ദം താഴ്ത്തി ചോദിച്ചു.
അതേതാണ് ആ പെണ്ണ് - നായരിച്ച്യാണാ
അല്ല കാര്യസ്ഥന്‍ പറഞ്ഞു - കൊച്ചിറ്റാമച്ചോന്റെ മോളാണ്. തമ്പുരാന്‍ നേരിട്ടേര്‍പ്പാടാക്കിയിരിക്കുന്ന പെണ്ണാണ് കണ്ടായന്‍ - ഏ... ചോത്ത്യാണാ - എന്നെട്ടെന്താണ്.
റൗക്ക ഇട്ടേക്കണ്ടത്.
അതു തമ്പുരാന്‍ അനുവദിച്ചതാണ്.
മധ്യാഗ്‌നമായപ്പോള്‍ തമ്പുരാനെഴുന്നള്ളി അന്നേരത്തെ തന്നെയാണ് ചക്കീം, കണ്ടായപ്പെലേന്റെ ചെറുമിയും അവര്‍ക്ക് ചോറുമായവിടെയെത്തിയത്. സ്ത്രീകളൊക്കെ കുശുകുശുത്തു. ചോത്തി പെണ്ണു റൗക്ക ഇട്ടിരിക്കുന്നു. കണ്ടാല്‍ നായരിച്ചിയാണെന്നേ തോന്നു.
തമ്പുരാന്‍ വന്നപാടെ ചാരു കസേരയിലിരുന്നു. പണിക്കാരെയൊന്നും ചോത്തിപ്പെണ്ണു ശ്രദ്ധിക്കാന്‍ പോയില്ല. കളത്തിന്റെ അരികുപറ്റി മാറി നിന്നു.
ഉച്ചനേരത്തു പെലേന്മാര്‍ ഊണു കഴിക്കുവാന്‍ മരത്തണലിലേയ്ക്കു മാറിയിരുന്നപ്പോള്‍ തമ്പുരാന്‍ നാരായണന്‍ നായരെ വിളിച്ചു കൂടെ നടത്തി കളം നന്നാക്കിയ ഭാഗമൊക്കെ ചുറ്റി നടന്നു കണ്ടു. പിന്നെ കളത്തിന്റെ ഉള്‍ഭാഗവും പോയി നോക്കി കണ്ടു. നെല്ലു കൂട്ടിയിടേണ്ടതല്ലേ എലിപ്പൊത്തുണ്ടെങ്കില്‍ അടയ്ക്കണം. കളത്തിന്റെ മുറ്റം ചെത്തിയതു പോരാ കുണ്ടും കുഴിയുമുള്ളതൊക്കെ നിരപ്പാക്കി നിലം തല്ലി കൊണ്ട് അടിച്ചു വൃത്തിയാക്കണം എന്നൊക്കെ തമ്പുരാന്‍ നിര്‍ദ്ദേശിച്ചു.
കുറുമ്പയെ ശ്രദ്ധിച്ചു ചക്കി ആത്മഗതം കൂറി. നിന്നെക്കാള്‍ മുമ്പു തമ്പുരാനുമൊത്തു സഹകരിച്ചുള്ള ആളായി ഈ ചക്കി. ഇപ്പോ അവളൊരു കൂസലും കൂടാതെ മറ്റുള്ളവര്‍ നോക്കി നില്‍ക്കേ കളത്തില്‍ വന്നു വെളയാടുന്നു. കുളം അടിച്ചു വാരുന്നു, തറ തുടച്ചു വൃത്തിയാക്കുന്നു. ഹോ. എന്തൊരു കൂത്ത്.
കഴുത്തില്‍ കിടക്കുന്ന മാല തമ്പുരാന്‍ കൊടുത്തുതായിരിക്കും എന്ന് ചക്കി കുശുമ്പു കുത്തി.
തമ്പുരാന്‍ വന്നെന്നറിഞ്ഞ് രണ്ടു മൂന്നു കരിക്കും ചെത്തി മൂപ്പന്‍ കണക്കന്‍ ഓടി വന്നു. ഒരു കരിക്കെടുത്തു മുഖം ചെത്തി തോര്‍ത്തു കൂട്ടിപ്പിടിച്ചു. തമ്പുരാന്റെ കാല്‍ക്കല്‍ വെച്ചു ദൂരേയ്ക്കു മാറി നിന്നു. യാത്രാ ക്ഷീണത്തിലിരുന്ന തമ്പുരാന് കരിക്കും വെള്ളം ഉള്ളില്‍ ചെന്നപ്പോള്‍ ആശ്വാസമായി. കുളിര്‍മ ഒലിച്ചിറങ്ങി. സമയത്തു ദാഹം മാറ്റി കൊടുത്ത ഇങ്കരക്കണക്കനോട് അനുകമ്പ തോന്നി.
പുലയികളുടെ മനസ്സില്‍ കുശുമ്പു പെരുത്തു കയറി. കൊയ്തു കയറേണ്ട കളമല്ലേ. ചെത്തി വെടിപ്പാക്കി നന്നാക്കണം. ഐശ്വര്യപൂരിതമായ രീതിയില്‍ സൂക്ഷിക്കേണ്ട ഈ സ്ഥലത്തു തമ്പുരാന്റെ മനയ്ക്കലുള്ളവരാരും വരാതെ ഈ തോന്ന്യവാസികളെ കളത്തില്‍ കയറ്റിയത് ശരിയായ രീതിയല്ല. പാവങ്ങളെങ്കിലും അവര്‍ക്കതു തോന്നിയതില്‍ തെറ്റെന്ത്. ആരും പറഞ്ഞില്ല. അവരവരുടെ പണി ചെയ്യുന്നു, കൂലി ലഭിക്കുന്നു, കുടിലില്‍ പോകുന്നു എന്നെല്ലാതെന്താണ്. 
''പൂച്ചയ്ക്കു പൊന്നുരുക്കുന്നേടത്തെന്തു കാര്യം'' പുലയരുടെ ഭാര്യമാര്‍ അവരവരുടെ പാത്രവും കെട്ടിയെടുത്തു കൊണ്ടു താന്താങ്ങളുടെ കുടിലിലേയ്ക്കു പോയി. 
വഴിക്കു വെച്ചൊരുവള്‍ പറഞ്ഞു. ആതണ്ണാത്തിപെണ്ണിനെന്തു കാര്യം, കളത്തേല്‍ തമ്പ്രാന്റെടുത്തു വന്നു നിക്കാനക്കൊണ്ട്. കണ്ടോ ഇത് നമുക്കു കൊയപ്പോണ്ടാക്കും.
ഒന്നും പറകേണ്ട. കണ്ടായന്‍ പുലയന്റെ പുലയി പറഞ്ഞു അങ്കനവരിമ്പേല്ലേ, അപ്പനോക്കാ, ഇപ്പ അടങ്കി, ഒതുങ്കി നില്ല്, അതാണ്, നെല്ലത്. ഏന്‍ പറഞ്ചേക്കാ. മാടന്‍ ചിലപ്പോള്‍ എരുമയെ തീറ്റിക്കാന്‍ പോകു്, പാടത്തു ഉഴുതു മറിക്കുമ്പോള്‍ മാടന്റെ എരുമയേയും ചേര്‍ത്തു കെട്ടി ഉഴാറുണ്ട്. അതിനു എരുമയുടെ വാടകയായി അല്‍പ്പം ചില്ലറയൊക്കെ കിട്ടിയിരുന്നു. കുടിലിന്റെ അരികു ഭാഗത്തു ചെറിയൊരു തൊഴുത്തും ഉണ്ടായിരുന്നു. കൂടാതെ എരുമയ്ക്കു പിണ്ണാക്കും വെള്ളം പുല്ലു മുതലായവ കൊടുക്കുന്നത് മാടനും ചക്കിയും കൂടിയായിരുന്നു.
എരുമയെ കാണുമ്പോഴൊക്കെ ചക്കി തമ്പുരാനെ മനസ്സിലോര്‍ക്കും, കല്ല്യാണം കഴിഞ്ഞു വരുന്ന വഴിക്കല്ലേ മാടമ്പി, മാടനു എരുമയെ കൊടുത്തത്. ചാരിത്ര്യം തന്നെ അടിയറ വെയ്‌ക്കേണ്ടി വന്നില്ലേ. ഏതായാലും ആരോടും പറയാനോ സൂചിപ്പിക്കുവാനോ, മാടനോ ചക്കിക്കോ തോന്നിയില്ല. എല്ലാം മനസ്സിലടക്കിപ്പിടിച്ചു ജീവിക്കേണ്ട അവസ്ഥ.
കൊയ്ത്തുകാലം വന്നു, നീണ്ടു പരന്നു കിടക്കുന്ന പാടത്തിന്റെ ഓരോ അറ്റം മുതല്‍ കൊയ്ത്തു തുടങ്ങി. കൊയ്യാന്‍ നിറവയറോടു കൂടി മാടന്റെ പുലക്കള്ളി ചക്കി, കണ്ടായാന്‍ മൂപ്പന്റെ പുലയിയോടൊപ്പം പാടത്തിറങ്ങി, ചോത്തി പെണ്ണുങ്ങളും, അരയത്തികളും, ക്രിസ്ത്യാനി പെണ്ണുങ്ങളും കൂടാതെ കഷ്ടപ്പാടില്‍ ജീവിക്കുന്ന, പിന്നോക്കവര്‍ഗ്ഗക്കാരായ നായരിച്ചികളും, കണക്കത്തികളും, പറയത്തികളും ഒക്കെ പുലക്കള്ളികളോടൊപ്പം പാടത്തറിങ്ങിയിട്ടുണ്ട്. 
ആദ്യത്തെ കതിരു കൊയ്യാനുള്ള അവകാശം മൂപ്പന്‍ പണിക്കാരനായ കണ്ടായന്‍ മൂപ്പന്റെ പുലയിക്കാണ്. അതിനടുത്തു ചക്കിയും മാടനും എന്ന ക്രമത്തിലാണ് നിരന്നു നിന്നത്. തുടക്കക്കതിരു കൊയ്യുന്നത് മൂപ്പത്തിയാണ്. ഒരു പിടി കൊയ്‌തെടുത്ത് തമ്പുരാന്റെ കാല്‍ക്കല്‍ വയ്ക്കണം. തമ്പുരാന്റടുത്തു ചെല്ലുവാന്‍ അവകാശമില്ലാത്തതു കൊണ്ട്, അതിനു പകരം കാര്യസ്ഥന്റെ കാല്‍ക്കല്‍ വെയ്ക്കും. അതില്‍ നിന്നു രണ്ടു മൂന്നു കതിരെടുത്തു പുലക്കള്ളിക്കു കൊടുക്കും. അതു തലയില്‍ വെച്ചു കൊണ്ടു തിരിച്ചു വന്നു തന്റെ തന്നെ മടിയില്‍ വെയ്ക്കും. പിന്നീടാണ് കൊയ്ത്തു പൂര്‍ണ്ണമായ വിധത്തില്‍ നടക്കുന്നത്. ഒരു ദിവസം ഇത്ര വരേ പാടപരിധി, നിരന്നു നില്‍ക്കുന്ന കൊയ്ത്തുകാരുടെ എണ്ണം നോക്കി കൊയ്യാം എന്നൊരു കണക്കുണ്ട്. അതിലേയ്ക്കു കാര്യസ്ഥന്‍ പാടവരമ്പത്തു വന്നു നിന്ന് കൈചൂണ്ടി കാണിച്ചു കൊടുക്കും.
''ദാ അവിടം വരേ ഇന്നു കൊയ്താല്‍ മതി'' അതുപ്രകാരം മൂപ്പന്‍ പണിക്കാരന്‍ കണ്ടായന്‍ പാടത്തറിങ്ങി ആ ഭാഗം വരേ ചരിഞ്ഞു വീണു കിടക്കുന്ന നെല്‍ക്കതിരുകള്‍ വകഞ്ഞു മാറ്റി ഒരു അതിര്‍ത്തിയാക്കി നിര്‍ത്തും, അതിനെയാണ് വകയിടുക എന്നു പറയുന്നത്. അതിനുശേഷം സ്ത്രീകളൊക്കെ കൊയ്ത്തരിവാളുമായി നിരന്നു നില്‍ക്കും.
കൊയ്ത നെല്ലെല്ലാം അടയാളം വെച്ചു ചുരുട്ടാക്കി കെട്ടും. നെല്‍ക്കതിരില്‍ തന്നെ ചില അടയാള കെട്ടുകളുണ്ട്. അതിനെ വെറും കതിര്, തണ്ടും നെല്ലും വെറും കതിര്, വെറും കതിര് കാലു പിരി മുതലായവ പുലയ സ്ത്രീകള്‍ കെട്ടുമ്പോള്‍ അടയാള കെട്ടൊന്നുമറിയാത്ത ക്രിസ്ത്യാനികള്‍, വാഴവള്ളിയോ, കയറോ, ഓലവള്ളിയോ കീറി കൊണ്ടു വന്നു കെട്ടും, കണക്കന്മാര്‍ സാധാരണ കെട്ടുന്ന കെട്ടാണ് തുടിപ്പൂട്. തുടിപ്പൂടില്‍ കതിരു വെച്ചു കെട്ടുന്ന അതിനെ കതിരു തുടിപ്പൂടെന്നു പറയുന്നു. ചേരമണ എന്ന കെട്ടാണ് അരയ പെണ്ണുങ്ങള്‍ കെട്ടുന്നത്, ചേരമണ കാലു പിരിച്ചും കെട്ടും. പവിഴക്കൊടി എന്ന കെട്ടാണ് നായര്‍ സ്ത്രീകള്‍ കെട്ടുന്നത്. ആ കെട്ടു തന്നെ തിരിച്ചു കെട്ടുന്ന തീയത്തികളുമുണ്ട്. മൂപ്പന്‍ പണിക്കാരത്തി സാധാരണ കെട്ടുന്നത് മറുതല എന്ന കെട്ടാണ്, മറുതല കാലു പിരിച്ചും കെട്ടും.
കൊയ്ത്തു പാടത്തിന്റെ അധികാരം മൂപ്പന്‍ പെലേനാണ്. കൊയ്ത്തിനു വിഷമമില്ലാതിരിക്കുവാന്‍ ചില പെണ്ണുങ്ങള്‍ പാട്ടു പാടും. അതിനെയാണ് കൊയ്ത്തു പാട്ടെന്നു പറയുന്നത്.
കമ്പിട്ടു നിന്നിട്ടു കൊയ്യുന്ന നേരത്തു
പാട്ടൊന്നു പാടടി കാളിപ്പെണ്ണെ
പാട്ടൊക്കെപാടാനും കുമ്പിട്ടു നില്‍ക്കാനും
എന്നെക്കൊണ്ടൊക്കൂല്ല താതപ്പെണ്ണേ - എടി
എന്നെക്കൊണ്ടൊക്കൂല താതപ്പെണ്ണേ
ഈ പാട്ട് കുത്തു പാട്ടായി ചിലര്‍ക്കു കൊള്ളും, കാരണം ചക്കി ഗര്‍ഭിണിയാണ്, അതു കൊണ്ടവള്‍ക്ക് കുമ്പിടാന്‍ പറ്റില്ലന്നാണ് ചിലരുടെ വിചാരം. പാട്ടിന്റെ അര്‍ത്ഥം മനസ്സിലാക്കി അടുത്തു നില്‍ക്കുന്നവര്‍ അര്‍ത്ഥ ഗര്‍ഭമായി ചക്കിയെ നോക്കും. ചക്കി നാണിച്ചു ചിരിച്ചു കുമ്പിട്ടു കളയും.
എത്ര അസുഖമുള്ള പുലിയിയായാലും, നടക്കാന്‍ പാടുണ്ടോ അവള്‍ വിളഞ്ഞു കിടക്കുന്ന പാടം കണ്ടാല്‍, അരിവാളുമായി ചാടി ഇറങ്ങും. അതൊരു മാനസിക അവസ്ഥയാണ്, പാടത്തു നിന്നു കൊയ്യുന്ന പെണ്ണാളുടെ മനസ്സ് നിറഞ്ഞതാണ്. ആവേശമാണ്, അവകാശമാണ്, കൂടാതെ കൂലിയായി പതമ്പു കൂടുതലായി ലഭിക്കുന്ന വേലയാണ്.
ചുരുട്ടു കറ്റകള്‍ വലിച്ചു കൊണ്ടു വന്ന വള്ളത്തേല്‍ കയറ്റുന്നത് ആണുങ്ങളാണ് അതിനു പുലയ കിടാത്തരെ കൂടാതെ ക്രിസ്ത്യാനികളും മറ്റും കൂടും, വള്ളമൂന്നാനും വള്ളം തള്ളി കൊയ്ത്തു നടയ്ക്കുന്നിടത്തേയ്ക്കു കൊണ്ടു വരുവാന്‍ മാടനും, മൂപ്പനും ചേരും. കൊയ്ത്തിന്റെ തുടക്കമായതു കൊണ്ട് തമ്പുരാന്‍ പറമ്പടിയില്‍ തണലത്തു ഓലക്കുട ചൂടി നില്‍പ്പുറപ്പിക്കും. ചാരത്തു കാര്യസ്ഥന്‍ കൂടെയും.
കളത്തില്‍ കൊണ്ടു വന്ന ചുരുട്ടുകള്‍ അട്ടിയിട്ടു വെയ്ക്കും ചതുരമായിട്ടോ അല്ലെങ്കില്‍ വട്ടത്തിലോ ആയിരിക്കും അട്ടിയിടുക. പിന്നെ അതിനു മുകളിലേയ്ക്കു പൊക്കി പൊക്കി അടുക്കും ഇങ്ങിനെ അടുക്കുന്നതിനാണ് കരകം ചായ്ക്കുക എന്നു പറയുന്നത്. ഏകദേശം പതിനഞ്ചടിയോളം ഉയരത്തില്‍ പൊങ്ങി നില്‍ക്കും. കുറച്ചു നേരം കൊയ്ത്തു നോക്കി നിന്ന തമ്പുരാന്‍ ഒറ്റയ്ക്കു കളത്തിലേയ്ക്കു പോന്നു. പോരുമ്പോള്‍ കാര്യസ്ഥന്‍ നാരായണന്‍ നായരോടു പറഞ്ഞു.
നോം കളത്തിലേയ്ക്കു പോകുന്നു. നീ ഇവിടെ തന്നെ നിന്ന് കൊയ്ത്തു ശ്രദ്ധിച്ചോളൂ.
കളത്തിലേയ്ക്കു വന്ന തമ്പുരാന്‍, ചാരു കസേരയിലിരുന്നു അല്‍പ്പനേരം വിശ്രമിച്ചു.
തമ്പുരാന്‍ വരുമെന്നു മനസ്സിലാക്കിയ കുറുമ്പച്ചോത്തി ഉള്ള റൗക്ക അലക്കി വെളുപ്പിച്ച്, ധരിച്ചു, നല്ല മുണ്ടുമുടുത്ത് തോര്‍ത്തും പുതച്ച് കളത്തില്‍ വന്നു. മുറ്റമടിച്ചു തുടച്ചു വൃത്തിയാക്കി, വെള്ളമൊക്കെ കോരി വെച്ച് കളത്തിന്റെ അരികു ഭാഗത്തു നിലത്തു മണ്ണില്‍ ഭിത്തിയോട് ചാരി ഇരിക്കുകയായിരുന്നു.
തമ്പുരാന്‍ വന്നതറിഞ്ഞത്, മുരടനക്കിയപ്പോഴാണ് ഒച്ച കേട്ടു കുറുമ്പ അടുത്തു ചെല്ലാതെ ചുമയുണ്ടാക്കി നിന്നു.
ഉം നീയിവിടെയുണ്ടായിരുന്നോ - വരൂ.
പിന്നെ തമ്പുരാന്‍ മുറിയില്‍ കയറി, കൂടെ കുറുമ്പയും കയറിച്ചെന്നു. ജാലകങ്ങള്‍ തുറന്നു, കാറ്റും വെളിച്ചവും പ്രവേശിപ്പിച്ചു. കുറുമ്പ കയറിയയുടനെ വാതിലടച്ചു കുറ്റിയിട്ടു.
പാടത്തു കൊയ്ത്തു തകൃതിയായി നടക്കുമ്പോള്‍ തമ്പുരാന്റെ സ്വകാര്യ കൊയ്ത്തു കളപ്പുരയ്ക്കുള്ളിലും നടക്കുന്നു.
സവര്‍ണ്ണ സ്ത്രീയുമൊത്തുള്ള കൊയ്ത്തിന്ന്, സ്വര്‍ണ്ണവും, പറമ്പും പാടവും നല്‍കുമ്പോള്‍ പിന്നോക്കക്കാര്‍ക്ക് സ്വര്‍ണ്ണ മാലയും, ജോലിയും പിന്നെ കൊയ്ത്തു വരുമ്പോള്‍ നെല്ലു കൊടുക്കാമെന്ന വാഗ്ദാനവും അധ:കൃത സ്ത്രീയുടെ ചാരിത്ര്യത്തിന്ന് ലവലേശം പോലും മതിപ്പു കല്‍പ്പിക്കപ്പെടുന്നില്ല. പക്ഷേ സുഖം എല്ലാത്തിനും തുല്യമല്ലേ. എന്നാല്‍ അധ:കൃത സ്ത്രീയായിരിക്കും ഒരു പക്ഷേ ഏറെ സുഖം പകരുന്നത്. എങ്കിലും മാന്യത ലഭിക്കാറില്ല. ആരോഗ്യമുള്ള കൈകാലുകള്‍ ജോലി ചെയ്തു ഉറച്ച ശരീരവും ഒക്കെയുള്ള കറുത്തവരുടെ കായബലം പറഞ്ഞറിയിക്കുക വയ്യ.
ചെന്തെങ്ങിന്റെ കരിക്കിനു സമാനമായ ഉരുണ്ടു തുടുത്ത മാറിടത്തില്‍ മുട്ടിയുരുമ്മിച്ചേര്‍ന്നു, ഞെരിച്ചു പുണര്‍ന്ന സുഖത്തിന്റെ കുളിര്‍മയില്‍ തമ്പുരാനു സ്വര്‍ഗ്ഗീയാനുഭൂതി തരിച്ചുയര്‍ന്നു. കാല്‍പാദത്തില്‍ നിന്നും വികാരം ഉയര്‍ന്നു പൊങ്ങി, വര്‍ണ്ണ വണ്ണമുള്ള ഭാഗത്തു തഴുകി, വിരലിന്റെ സ്പര്‍ശനാമൃതം ഇക്കിളിയുണര്‍ത്തി പുളകിതമാക്കി. രോമാഞ്ചകഞ്ചുകമാര്‍ന്ന മേനിയിലെ പുളക ചാര്‍ത്തു കുളിര്‍മയേകി.
തനിക്കു ലഭിക്കുന്ന ഏറ്റവും ഉന്നതന്റെ സ്പര്‍ശനം ജീവിതത്തിലൊരിക്കലും സ്വായത്തമാകുകയില്ലെന്നു അവളടിയുറച്ചു വിശ്വസിച്ചു. വിവാഹ ജീവിതം സ്വപ്നം കണ്ടു വര്‍ഷമിത്രയുമായിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് തനിക്കിത്തരം ബുദ്ധിയുദിച്ചത്. താഴെ അനുജത്തികള്‍ മൂന്നാണ്, തന്റെ വിവാഹം കഴിഞ്ഞാലേ അവര്‍ക്കും രക്ഷയുള്ളൂ, ഏതായാലും വലിയവന്റെ ഭ്രൂണം അനര്‍ഹമായിട്ടേല്‍ക്കാനാണ് ഭാഗ്യമെങ്കില്‍ സ്വീകരിക്കുക തന്നെ. കുറുമ്പ കണക്കു കൂട്ടി. 
ഈ സമര്‍പ്പണത്തിലൂടെ എന്തെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ കുടുംബം കരകയറുകയുള്ളൂ. അച്ഛന്റെ കള്ളു ചെത്തില്‍ നിന്നും കുടുംബം കഷ്ടിച്ചരിഷ്ടിച്ചു കഴിയുന്നെന്നല്ലാതെ ഒരു വരുമാനവുമില്ല.
ഉന്മാദതിമിര്‍പ്പിന്റെ പരിസമാപ്തി ആലിംഗന ബദ്ധരായി അല്‍പ്പനേരം നിദ്രയെ ആശ്ലേഷിച്ചു. ഏതോ സ്വപ്നത്തില്‍ നിന്നുണര്‍ന്ന കുറുമ്പ, തട്ടിക്കുടഞ്ഞെഴുന്നേറ്റു തുണിയെടുത്തുടുത്തു, റൗക്ക തപ്പിയെടുത്തു ധരിച്ചു. തോര്‍ത്തെടുത്തു പുതച്ചു കൊണ്ടു തമ്പുരാനെ കുലുക്കിയുണര്‍ത്തി. പിന്നീടെഴുന്നേറ്റു കിണറ്റിന്റെ അരികില്‍ ചെന്നു വെള്ളം കോരി ദേഹം കഴുകി. കളത്തിന്റെ വരാന്തയുടെ അറ്റത്തു മണ്ണില്‍ തന്നെയിരുന്നു.
നേരം പോയതറിഞ്ഞില്ല. തമ്പുരാനുണര്‍ന്നു വരാന്തയില്‍ കോരി വെച്ചിരുന്ന വെള്ളമെടുത്തു മുഖം കഴുകി വന്നു ചാരു കസേരയിലിരുന്നു. മുറുക്കാന്‍ തുടങ്ങി.
എല്ലാ സ്വഭാവവും സന്ദര്‍ഭാനന്തരം മനസ്സിലാക്കിയിരുന്ന കാര്യസ്ഥന്‍ നാരായണന്‍ നായര്‍, ഇങ്കരക്കണക്കനെക്കൊണ്ടു, ചെന്തെങ്കില്‍ നിന്നും കരിക്കിടീച്ചു മുഖം ചെത്തിച്ചു തന്നത്താന്‍ കൈകളിലേന്തി കളത്തില്‍ വന്നു ചേര്‍ന്നു.
അരോഗദൃഡഗാത്രനായ തമ്പുരാന്റെ മുഖത്തു ക്ഷീണമൊന്നും ദൃശ്യമായിരുന്നില്ല. കരിക്കു മുഖം ചെത്തി തമ്പുരാനു കൊടുത്തു. കരിക്കു കുടിച്ച തമ്പുരാന്‍ വയറ്റില്‍ ചെന്ന കുളിര്‍മ്മയില്‍, ആശ്വാസമാര്‍ന്നു ചോദിച്ചു.
നാരായണന്‍ നായരേ, കൊയ്ത്തു എവിടം വരെയായി.
നാരായണന്‍ നായര്‍ : ഇന്നത്തെ കഴിഞ്ഞു, കാലാ പെറുക്കല്‍ നടന്നു കൊണ്ടിരിക്കുന്നു.
നായരേ : എല്ലാവരും ഓരോ പിടിത്താളെടുത്തോട്ടെട്ടോ - തമ്പുരാന്റെ ഉത്തരവ്. തുടക്കക്കൊയ്ത്തല്ലേ, വൈകിട്ടു കുടിലില്‍ പോയി അവിലിടിച്ച് ഭക്ഷിക്കട്ടെ - തമ്പുരാന്റെ കല്‍പ്പന. പിന്നെ പിടിത്താളു തീര്‍ക്കാനാരുണ്ടവിടെ.
ഞാന്‍ പോകുന്നുണ്ട്, ചുരുട്ടെല്ലാം വള്ളത്തില്‍ കയറ്റി കഴിഞ്ഞു. വൈകിട്ടിവിടെയെത്തും.
ഉം, നോം, മനയ്ക്കലേയ്ക്കു പുറപ്പെടുകയായി. തമ്പുരാനെഴുന്നേറ്റു നാടന്‍ തോളത്തിട്ട് ഓലക്കുടയും ചൂടി പുറപ്പെട്ടു.
തമ്പുരാന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ നാരായണന്‍ നായര്‍ കുറുമ്പയോടായി പറഞ്ഞു, നീയാ കരിക്കെടുത്തു കുടിച്ചോ. എന്നിട്ടു പൊയ്‌ക്കോളൂ. ഞാന്‍ കളവും, പടിയും പൂട്ടാന്‍ പോകുകയാണ്.
*****
അദ്ധ്യായം 2