"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

എഴുത്തിന്റെ പുര: വിജില ചിറപ്പാടിന്റെ കവിതകളെക്കുറിച്ച് എസ് ജോസഫ്

വിജില ചിറപ്പാട്
എഴുത്തുകാരികള്‍ മറ്റൊരു ലോകത്തെ വിഭാവനം ചെയ്യുന്നു. നിലവിലുള്ള ലോകത്തില്‍ അസംതൃപ്ത രാണവര്‍.

അതുകൊണ്ടവരുടെ രചനകളില്‍ സ്ത്രീയുടെ അനുഭവങ്ങളുടെ വ്യത്യസ്ത തലങ്ങള്‍ എഴുതപ്പെ ടുന്നു. ദുഃഖങ്ങള്‍, ചെറു സന്തോഷങ്ങള്‍, വിമര്‍ശന ങ്ങള്‍ എന്നിങ്ങനെ പലതും. 

വിജിലയുടെ കവിതകള്‍ വായിച്ചപ്പോള്‍ മനസില്‍ തോന്നിയത് ഇങ്ങനെയെല്ലാമാണ്. പൊതുവായ അര്‍ത്ഥമുള്ള പദമാണ് സ്ത്രീ. സ്ത്രീകളെയെല്ലാം അത് സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് പൊതുവായ അനുഭവങ്ങളുണ്ട്. എന്നാല്‍ ചിലര്‍ക്ക് മാത്രമുള്ള ചില അനുഭവങ്ങളുമുണ്ട്. വിജില അങ്ങനെ ചില അനുഭവ ങ്ങളാണ് കവിതയില്‍ പേറുന്നത്.

അനുഭവത്തിന്റെ തീവ്രത വിജിലയുടെ എഴുത്തിലുണ്ട്. അതിനാല്‍ എഴുത്ത് ഇവിടെ സഹനത്തിന്റെ ലോകം കൈവെടിയുന്നു. എഴുത്ത് കലാപമാകുന്നു.

ഇന്ത്യന്‍ ദലിത് എഴുത്ത് അജ്ഞാതനായ ഒരാള്‍ എഴുതുന്നതാണെന്ന് തോന്നാറുണ്ട്. ഭക്തികാലഘട്ടത്തിനു ശേഷം അതുപോലൊരു സാഹചര്യം എഴുത്തിലുണ്ടായത് ഇപ്പോള്‍ ആകുന്നു. അത് ഇന്ത്യന്‍ അനുഭവത്തിന്റെ പല തലങ്ങളെ ആവിഷ്‌കരിക്കുന്നു. എഴുത്തുകാര്‍ തമ്മിലും വായനക്കാര്‍ തമ്മിലും പുതിയ ഒരു സാഹോദര്യം സൃഷ്ടിക്കുന്നു. അത് ഇന്ത്യയെ അതിന്റെ പ്രാന്ത വത്കൃത പ്രദേശങ്ങളെ എഴുതുന്നു. അതിനാലാണ് എനിക്ക് ഈ കവിതകള്‍ വായിക്കുമ്പോള്‍ തമിഴ് കവയിത്രികളെ ഓര്‍മ വരുന്നത്. നിര്‍മല പുതുലിനെ ഓര്‍മ വരുന്നത്. ഇന്ത്യന്‍ പെണ്‍ ദലിത് കവിത എന്ന വലിയമരത്തിന്റെ കൊമ്പുകളാണ് ഇവരെല്ലാം.

വിജിലയുടെ എഴുത്ത് പുതിയ ഒരു സൗന്ദര്യബോധം ഉള്ളതാണ്. സ്വന്തമായ രചനാ രീതികള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ടത്.

ചേച്ചിയെ പകര്‍ത്തിയെഴുതിക്കൊണ്ട് 
കൗമാരം കടന്നുപോയി
വിവാഹം
വളെ അടുക്കളയെന്ന് പരിഭാഷപ്പെടുത്തി

രചനാ ലോകത്തിന്റെ സാങ്കേതികതകള്‍ ആണ് ഇവിടെ കവിതയില്‍ വായനക്കാര്‍ക്ക് പ്രീതി തോന്നാന്‍ കാരണമാകുന്നത്. ഇതിലെ ഓരോ വരിയും ഇത്ര വിശാലമായ സ്ഥലകാലങ്ങളെയാണ് പേറുന്നത്! ഈയൊരു ലാളിത്യം, സുതാര്യത, പുതുലാവണ്യം ആണ് പുതു കവികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 

'അമ്മ ഒരു കാല്പനിക കവിതയല്ല' എന്ന കവിത മറ്റൊരു രചനാ രീതിയിലാണ്. പല വേളകളിലുള്ള അമ്മയുടെ പ്രതികരണമാണ് കവി ഇവിടെ കുറിച്ചു വെക്കുന്നത്. ഇവിടെ കവി നിരീക്ഷകയും കേള്‍വിക്കാ രിയും മാത്രമാണ്. അതൊരു തരത്തില്‍ കവിതയെ വൈകാരിക നിയന്ത്രണ മുള്ളതാക്കുന്നു. അമ്മയുടെ അധ്വാനമാണ് ഇവിടെ പ്രകീര്‍ത്തി ക്കപ്പെടുന്നത്. 

വിജിലയുടെ എഴുത്തില്‍ ആഴമുള്ള ഒരു ആത്മാര്‍ത്ഥതയുണ്ട്. ലക്ഷ്യഭേദി യായ വാക്കാണിത്. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ പറഞ്ഞാല്‍ ഇതാണ് കവിതയുടെ പ്രസക്തി.


പുസ്തകം: പകര്‍ത്തിയെഴുത്ത്
(കവിതകള്‍)
വിജില ചിറപ്പാട്
പഠനം: കെഈഎന്‍, എസ് ജോസഫ്
പ്രസാധനം: ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം.

വിജില ചിറപ്പാട്

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയില്‍ പുറ്റംപൊയില്‍ വീട്ടില്‍ ജനിച്ചു. വൃന്ദാവനം എയുപി സ്‌കൂള്‍ മേഞ്ഞാണ്യം, സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കുളത്തുവയല്‍, സികെജിഎം ഗവ: കോളേജ്, ഗവ: കോളേജ് മടപ്പള്ളി, എന്നിവിടങ്ങളി ലായി ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അടുക്കളയില്ലാത്ത വീട്, അമ്മ ഒരു കാല്പനിക കവിതയല്ല തുടങ്ങിയ കവിതാ സമാഹാര ങ്ങള്‍ പ്രസിദ്ധീകരിച്ചു. ചെങ്കല്‍ചൂളയിലെ എന്റെ ജീവിതം (ധനൂജ കുമാരി എസ്) എന്ന ആത്മകഥ എഡിറ്റ് ചെയ്തു.

ഇപ്പോള്‍ സ്ത്രീശബ്ദം മാസികയില്‍.

ജീവിത പങ്കാളി: രാജേഷ് ചിറപ്പാട്
വിലാസം: ചിറപ്പാട് ഹൗസ്, ബ്ലോക്ക് ഓഫീസിനു സമീപം, പഴകുറ്റി പി ഒ, തിരുവനന്തപുരം - 695 561.
E mail: vijilagaya@gmail.com
Ph.9656413385