"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ശ്രീബുദ്ധന്റെ രക്തരഹിത വിപ്ലവം - ഡോ. സുരേഷ് മാനേ

ബി.സി. ആറാം നൂറ്റാണ്ടില്‍, ബ്രാഹ്മണിസം അതിന്റെ പൂര്‍ണ്ണശക്തിയില്‍ നിലകൊള്ളുമ്പോഴാണ് ബി.സി.563 ല്‍ വൈശാഖപൂര്‍ണ്ണിമ നാളില്‍ (ഏപ്രില്‍-മെയ് മാസത്തിലെ പൗര്‍ണ്ണമി) ശാക്യന്മാരുടെ തലസ്ഥാന നഗരിയായ കപിലവസ്തുവില്‍ സിദ്ധാര്‍ത്ഥ ഗൗതമന്‍ ജനിച്ചത്. സിദ്ധാര്‍ത്ഥ ഗൗതമന്റെ ജനനസമയത്ത് അന്നത്തെ പാരമ്പര്യപ്രകാരം ഭരിക്കുവാനുള്ള ഊഴം അദ്ദേഹത്തിന്റെ പിതാവായ ശുദ്ധോദനന് ലഭിക്കുകയും കപിലവസ്തുവിലെ ഭരണാധികാരി യായിത്തീരുകയും ചെയ്തു. അങ്ങനെ സ്വാഭാവിക മായും സിദ്ധാര്‍ത്ഥന്‍ രാജകുമാരനെന്നു വിളിക്കപ്പെട്ടു. സിദ്ധാര്‍ത്ഥന് വെറും ഏഴുദിവസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മാതാവായ മഹാമായ മരണപ്പെട്ടു. തന്റെ ബാല്യകാലത്തുപോലും മനുഷ്യന്‍ മനുഷ്യരോടുകാട്ടുന്ന ഒരുതരത്തിലുമുള്ള ചൂഷണത്തേയും സിദ്ധാര്‍ത്ഥന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

ശാക്യസംഘത്തില്‍ അന്നുനിലവിലിരുന്ന ആചാരപ്രകാരം സിദ്ധാര്‍ത്ഥ ഗൗതമന് ഇരുപതു വയസ്സായപ്പോള്‍ അദ്ദേഹത്തെ ശാക്യസംഘത്തിലെ ഒരംഗമായി പ്രവേശിപ്പിച്ചു. എന്നാല്‍ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുവാവായ സിദ്ധാര്‍ത്ഥന്‍, ശാക്യരാജ്യവും അയല്‍രാജ്യമായ കോളിയരും തമ്മില്‍ നടന്ന നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് ശാക്യസംഘവുമായി അഭിപ്രായഭിന്നതയുണ്ടായി. കോളിയരുമായുള്ള തര്‍ക്കം പരിഹരിക്കു വാനുള്ള അവസാന തീരുമാനമെന്ന നിലയില്‍ കോളിയരുമായി യുദ്ധം പ്രഖ്യാപിക്കുവാന്‍ ശാക്യസേനാപതി നിര്‍ദ്ദേശിച്ചു. എന്നാല്‍ 'യുദ്ധം ഒരിക്കലും നമ്മുടെ ലക്ഷ്യത്തെ നേടിത്തരില്ലെന്നും മറിച്ച് അത് മറ്റൊരു യുദ്ധത്തിന് വിത്തുവിതയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂ' എന്നും പ്രസ്താവിച്ച് സിദ്ധാര്‍ത്ഥ ഗൗതമന്‍ ആ നിര്‍ദ്ദേശത്തെ എതിര്‍ത്തു. എന്നാല്‍ യുദ്ധത്തിനനുകൂലമായ ഭൂരിപക്ഷാഭിപ്രായത്തെ എതിര്‍ത്ത തിനുള്ള ശിക്ഷയെന്ന നിലയില്‍ മാതാപിതാക്കളുടേയും യശോധരയുടേയും അനുമതിയോടെ ഒരു രാജ്യഭ്രഷ്ട് അഥവാ പരിവ്രാജകത്വം സിദ്ധാര്‍ത്ഥന്‍ തിരഞ്ഞെടുത്തു. ഈ സംഭവത്തോടുകൂടി പുതിയൊരു പ്രകാശം തേടിയുള്ള സിദ്ധാര്‍ത്ഥ ഗൗതമന്റെ യാത്ര ആരംഭിച്ചു.

ഈ കാലഘട്ടത്തില്‍ എല്ലായിടവും ബ്രാഹ്മണരുടേയും അപ്രമാദിത്വമുള്ള പവിത്രശാസനങ്ങളുടേയും സാമ്രാജ്യമായിരുന്നു. പൗരോഹിത്യം ഒരു വ്യവസ്ഥാപിതക്രമമായിരുന്നുവെന്നുമാത്രമല്ല സാമൂഹ്യക്രമത്തില്‍ വിശേഷാധികാരങ്ങള്‍ അതു കൈക്കലാക്കുകയും ചെയ്തിരുന്നു. മതശാസനങ്ങള്‍ പരമാവധി ആധികാരികത അനുഭവിച്ചിരുന്നു. അവയെ ദൈവികമായ വെളിപ്പെടുത്തലുകളായി പരിഗണിക്കപ്പെട്ടിരുന്നു. വര്‍ണ്ണസമ്പ്രദായം ഒരു ദൈവീകമായ ക്രമീകരണപദ്ധതിയായി കണക്കാക്കിയിരുന്നു. എല്ലായിടത്തും ജാതീയതയുടെ മുദ്രപതിച്ച്, ശൂദ്രരേയും അതിശൂദ്രരേയും സ്ത്രീകളേയും അടിമകളാക്കിക്കൊണ്ടുള്ള വര്‍ണ്ണസമ്പ്രദായത്തിന്റെ സ്വേച്ഛാധിപത്യവാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. 'യാതൊരു മല്‍സരമോ യാതൊരു പരിശോധനകളോ യാതൊന്നും തന്നെയില്ലാതെ തങ്ങളുടെ മാനംകെട്ട മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനുള്ള ബ്രാഹ്മണരുടെ ദുഷ്ടലാക്കോടുകൂടിയ അധികാരമല്‍സരത്തിന് ആദ്യമായി ഒരു ദാര്‍ശനികപരിവേഷം നല്‍കുവാനാണ് തുടക്കത്തില്‍ പരിശ്രമിച്ചത്. തത്വശാസ്ത്രത്തിന്റെ മേമ്പൊടി ചേര്‍ത്തുകൊണ്ട് ബ്രാഹ്മണരെ അത്യുന്നതമായ സാമൂഹ്യ പദവിയിലേയ്ക്ക് ഉയര്‍ത്തുവാനാണ് ഋഗ്വേദത്തിലെ ശ്ലോകങ്ങള്‍ പരിശ്രമിച്ചത്.'1

ബ്രാഹ്മണഭരണം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഭൗതികവാദ ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌നേഹം, ദയ, മൈത്രി, കരുണ, സ്വഭാവവൈശിഷ്ട്യം, സമത്വം, സാഹോദര്യം എന്നീ സ്തംഭങ്ങള്‍ക്കുമേല്‍ അനീതിനിറഞ്ഞ സാമൂഹ്യക്രമത്തെ പുനര്‍നിര്‍മ്മിക്കുവാനുള്ള തന്റെ ദൗത്യം ബുദ്ധന്‍ ആരംഭിച്ചു. സാമൂഹ്യപരിവര്‍ത്തന പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ബുദ്ധന്റെ പങ്ക് ഏറ്റവും മുകളില്‍ നില്‍ക്കുന്നു. ബാബാസാഹേബ് ഡോ. അംബേദ്ക്കര്‍ പറയുന്നത്, 'സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളില്‍ ഏറ്റവും മഹാനും ആദ്യത്തെയാളും ഗൗതമബുദ്ധനാണ്. സാമൂഹ്യ പരിഷ്‌ക്കര ണത്തിന്റെ ഏതു ചരിത്രവും അദ്ദേഹത്തില്‍ നിന്നു തന്നെ ആരംഭിക്കണം. അദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളെ ഒഴിവാക്കിയാല്‍ ഇന്ത്യയിലെ സാമൂഹ്യപരിഷ്‌ക്കരണപ്രസ്ഥാനങ്ങളുടെ ചരിത്രം ഒരിക്കലും പൂര്‍ണ്ണ മാവുകയില്ല.'2

ബി.സി.528 ലെ വൈശാഖപൗര്‍ണ്ണമി നാളില്‍ ബോധോദയം പ്രാപിച്ചതിനു ശേഷം, തന്റെ ധമ്മം പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം അദ്ദേഹം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു. ബുദ്ധിസ്റ്റ് വിശകലനപ്രകാരം, മനുഷ്യന്റെ ദുഃഖങ്ങളെന്നുപറയുന്നത് അവരുടെ അനന്തമായ ആഗ്രഹങ്ങളുടെ(തൃഷ്ണ) അനന്തരഫലമാണ്. അതാകട്ടെ അഹംഭാവത്തിന്റേതായ ഒരു മിഥ്യാ ബോധത്തിനു കാരണമാകുന്നു. അനന്തമായ ആഗ്രഹങ്ങളെ (തൃഷ്ണയെ) മെരുക്കുന്നതിനായി ദീപ്തമായ ധ്യാനത്തിലൂടെയും സദാചാരത്തി ലധിഷ്ഠിതമായ പെരുമാറ്റത്തിലൂടെയുമുള്ള മനശാസ്ത്രപരമായ ശസ്ത്രക്രിയയാണ് ബുദ്ധന്‍ നിര്‍ദ്ദേശിക്കുന്നത്. ബുദ്ധിസ്റ്റ് ദൈവശാസ്ത്ര മെന്നു പറയുന്നത് ദുരിതങ്ങളുടെ കാരണങ്ങളെ വിശ്ലേഷണം ചെയ്യലും അവയെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളുമല്ലാതെ മറ്റൊന്നുമല്ല. 

ബുദ്ധന്റെ കാലഘട്ടത്തില്‍ വേദസംസ്‌ക്കാരം സമൂഹത്തില്‍ നടക്കുന്ന വികസനപ്രക്രിയകളെ നിരാകരിക്കുകയും കാര്‍ഷികരംഗത്തും സാങ്കേതിക രംഗത്തുമുള്ള നൂതനമാര്‍ഗ്ഗങ്ങളെ ഒഴിവാക്കുകയും ചെയ്തിരുന്നു. അത് വടക്കേയിന്ത്യന്‍ സമൂഹം കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഗഹനമായ സാമൂഹ്യമാറ്റങ്ങളെ സ്വീകരിക്കുന്നതിലും ഉള്‍ക്കൊള്ളുന്ന തിലും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ സമൂഹത്തിലെ മിക്കവാറു മെല്ലാ വിഭാഗങ്ങളും ബുദ്ധിസത്തെ ആശ്ലേഷണം ചെയ്തു. ബുദ്ധിസം ഏഷ്യയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ ഏഷ്യയുടെ അതിരുകള്‍ ക്കപ്പുറത്തേ യ്ക്കു സഞ്ചരിക്കുകയും ചെയ്തു. 

ബുദ്ധിസത്തിന്റെ അത്തരത്തിലുള്ള ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് എന്തായിരുന്നു കാരണം? ഏറ്റവും നല്ല ഉത്തരം നല്‍കിയിരിക്കുന്നത് പ്രൊഫ. ഹോപ്കിന്‍ ആണ്. അദ്ദേഹം പറയുന്നു, 'ബുദ്ധിസത്തിന്റെ തുടക്കത്തില്‍ അതിനുണ്ടായ ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെ കാരണം സ്ഥിതിചെയ്യുന്നത് അതിന്റെ പ്രബോധനങ്ങളിലും അതിന്റെ സ്ഥാപകന്റെ സ്വാധീനതയുള്ള പിന്തുണയിലും മാത്രമാണ്. ജനങ്ങളെ വശീകരിച്ച വ്യക്തി ബുദ്ധനാണ്. അദ്ദേഹത്തില്‍ നിന്നും പ്രസരിച്ച ഉദ്‌ബോധനങ്ങളാകട്ടെ ജനങ്ങളുടെ ആവേശത്തെ ആളിപ്പടര്‍ത്തി. ഒരു കുലീനപ്രഭുവര്‍ഗ്ഗത്തിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം പ്രഭുഭരണത്തിന് അദ്ദേഹത്തെ സ്വീകാര്യനാക്കി. തന്റെ കാന്തികശക്തി അദ്ദേഹത്തെ ജനങ്ങളുടെ വിഗ്രഹമാക്കി. ഒരോ താളുകളിലും നിറഞ്ഞുനില്‍ക്കുന്നത് ഈ ഗുരുവിന്റെ ശക്തവും ആകര്‍ഷണീയവും ജനഹൃദയങ്ങള്‍ കീഴടക്കുന്നതുമായ വ്യക്തിത്വവുമാണ്. ദൈവരഹിതനായ ഒരു മനുഷ്യനും ഇത്രയ്ക്കുമേല്‍ ദൈവതുല്യനായി ഒരിക്കലും ജീവിച്ചിരുന്നിട്ടില്ല. തന്നില്‍ ദൈവികതയുടെ യാതൊരവകാശവാദവുമില്ലാതെ, ഭാവിയില്‍ മുക്തിയെക്കുറിച്ചുള്ള ആശങ്കകളില്ലാതെ, ഭയലേശമില്ലാതെ, പ്രതീക്ഷക ളില്ലാതെ എന്നാല്‍ ചിന്തകളുടെ അധിപനായി ലോകത്തെ ബുദ്ധി ശൂന്യതകളോട് സ്‌നേഹബുദ്ധ്യാ നീരസം കാട്ടിക്കൊണ്ട്, മഹത്വമാര്‍ജ്ജി ക്കുകയും ഗാഢമായി സ്‌നേഹിക്കുകയും ചെയ്തുകൊണ്ട്, ആ സാര്‍വ്വലൗകികനായ സഹോദരന്‍ തന്നെ നിന്ദിക്കുന്നവരെപ്പോലും മൃദുലവും സൗമ്യവുമായ വാക്കുകളാല്‍ കീഴ്‌പ്പെടുത്തിക്കൊണ്ട്, ജനങ്ങള്‍ക്കിടയില്‍ ലാളിത്യത്തോടെ പ്രശാന്തനായി ചുറ്റിനടന്നു. വീണ്ടും വീണ്ടും ഒത്തുചേരുമ്പോഴൊക്കെ ഗുരുവിന്റെ രാജപ്രൗഢിയുള്ള മധുരമായ ഭാഷണങ്ങള്‍ ഓരോരുത്തരോടും നടത്തി. അദ്ദേഹത്തിന്റെ ശബ്ദം അസാധാരണമാംവിധം തരളിതവും ചാതുര്യമിയന്നതുമായിരുന്നു. അദ്ദേഹത്തിന്റെ ധ്വനിമാത്രം മതിയായിരുന്നു ശ്രോതാക്കളെ ബോധ്യപ്പെടുത്തുവാന്‍. അദ്ദേഹത്തിന്റെ നോട്ടം ആദരസമന്വിതമായ അല്‍ഭുതം ജനിപ്പിക്കുമാറ് പ്രചോദനപ്രദമായിരുന്നു. ...അത്തരത്തിലൊരു വ്യക്തിയായിരുന്നു ബുദ്ധന്‍. അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ സത്ത് അങ്ങനെയായിരുന്നു. അനിവാര്യമാംവിധം ത്വരിതഗതിയിലുള്ള ബുദ്ധിസ്റ്റ് വികാസത്തിന് അതായിരുന്നു കാരണം. ബുദ്ധന്റെ അനുയായികളുടെ സാത്വിക മനസ്സാക്ഷിയില്‍ പുതിയ വിശ്വാസത്താല്‍ സൃഷ്ടിക്കപ്പെട്ട അഗാധമായ വിസ്‌ഫോടനത്തിന്റെ സ്വാധീനം അളവറ്റതായിരുന്നു.'3

തന്റെ 'മെറ്റീരിയലിസം'എന്ന ഗ്രന്ഥത്തില്‍ ബുദ്ധിസത്തിന്റെ വളരെവേഗത്തിലുള്ള വളര്‍ച്ചയെക്കുറിച്ചെഴുതവേ എം.എന്‍.റോയി അഭിപ്രായപ്പെടുന്നത്, 'ഇന്ത്യന്‍ ഭൗതികവാദികളുടെ പ്രക്ഷോഭങ്ങള്‍ അന്തിമമായി മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത് ബുദ്ധിസത്തിന്റെ ഉദയത്തോടെയാണ്. അവയെല്ലാം വേദകാലമതത്തെ ഇല്ലാതാക്കുകയും നിരവധി നൂറ്റാണ്ടുകളായുള്ള ബ്രാഹ്മണാധിപത്യത്തില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കുകയും ചെയ്തു.'4

എന്താണ് ബുദ്ധന്‍ ധര്‍മ്മോപദേശം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തത്? ഏതുതരത്തിലുള്ള പുതിയ അനുശാസനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്? ബുദ്ധം, ധമ്മം, സംഘം എന്നീ ബുദ്ധിസത്തിലെ മൂന്ന് അമൂല്യനിധികളില്‍ നിന്ന് ഇക്കാര്യം നന്നായി മനസ്സിലാക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടേയും അനുശാസനങ്ങളു ടേയും രത്‌നച്ചുരുക്കും താഴെ കൊടുത്തിരിക്കുന്നു:

1. ബുദ്ധന്‍ തനിക്കോ തന്റെ ധമ്മത്തിനോ എന്തെങ്കിലും ദൈവികത അവകാശപ്പെട്ടില്ല. അദ്ദേഹത്തിന്റെ ധമ്മ ഒരു ദൈവിക വെളിപാടല്ലാ യിരുന്നു. മറിച്ച് മനുഷ്യനുവേണ്ടി മനുഷ്യന്‍ നടത്തിയ കണ്ടെത്തലാ യിരുന്നു.
2. അദ്ദേഹം വര്‍ണ്ണത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തിലുള്ള വര്‍ഗ്ഗീകരണസമ്പ്രദായങ്ങളെ അംഗീകരിച്ചില്ല. എല്ലാ മനുഷ്യജീവികളും തുല്യരാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
3. ആര്യന്‍മാരുടെ വിശ്വാസങ്ങളേയും അന്ധവിശ്വാസങ്ങളെയും മതത്തെയും വര്‍ണ്ണസംസ്‌ക്കാരത്തെയും പൗരോഹിത്യ സ്ഥാപനങ്ങളേയും ബുദ്ധന്‍ ധൈര്യസമേതം ആക്രമിച്ചു.
4. അപ്രമാദിത്വമുള്ളതും വിശുദ്ധങ്ങളായി കരുതപ്പെടുന്നതുമായ ശാസനങ്ങളുടെ ആധികാരികതയെ ബുദ്ധന്‍ വെല്ലുവിളിച്ചു.
5. ബ്രാഹ്മണര്‍ക്കുള്ള ജന്മസിദ്ധമായ മേല്‍ക്കോയ്മയെന്ന കെട്ടുകഥയെ ബുദ്ധന്‍ തകര്‍ത്തെറിഞ്ഞു.
6. ദൈവം, ജാതി, ജന്മ-പുനര്‍ജ്ജന്മചക്രം, ആത്മാവിന്റെ അസ്തിത്വം, രക്ഷ തുടങ്ങിയ സങ്കല്‍പ്പങ്ങളെ ബുദ്ധന്‍ നിരാകരിച്ചു. 
7. ജാതിവ്യത്യാസങ്ങളെ അടിസ്ഥാനരഹിതമായവയായി അദ്ദേഹം കണക്കാക്കി.
8. ബ്രാഹ്മണിസത്തിന്റെ അസമത്വ സിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായി സമത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സാര്‍വലൗകിക സാഹോദര്യത്തിന്റേയും സിദ്ധാന്തങ്ങളെക്കുറിച്ച് ബുദ്ധന്‍ പ്രതിപാദിച്ചു.
9. ധമ്മത്തിന്റെ മാര്‍ഗ്ഗത്തിലൂടെ സമൂഹ്യക്രമത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ബുദ്ധന്‍ ആഗ്രഹിച്ചു.
10. ബുദ്ധന്റെ ധമ്മം, ജാതിയുടേയോ വര്‍ഗ്ഗത്തിന്റേയോ അതിര്‍വരമ്പുകളില്ലാത്ത കുലീനമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള സാര്‍വ്വലൗകിക ക്ഷണമായിരുന്നു. 
11. കുടുംബത്തെക്കുറിച്ചും അതുവഴി രക്ഷയെക്കുറിച്ചുമുള്ള കെട്ടുകഥകളെ ബുദ്ധന്‍ തകര്‍ത്തെറിഞ്ഞു. 
12. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവകാശത്തെ ബുദ്ധന്‍ അംഗീകരിച്ചിരുന്നു.
13. ബുദ്ധന്‍ ജനാധിപത്യപരമായ ജീവിതരീതിയില്‍ വിശ്വസിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.
14. കാര്യകാരണ സിദ്ധാന്തത്തെ വികസിപ്പിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്ത ആദ്യ ഇന്ത്യന്‍ ചിന്തകന്‍ ബുദ്ധനായിരുന്നു.
15. അധികാരത്തിലിരിക്കുന്നവരോട് ആര്‍ഭാടപൂര്‍ണ്ണമായ ജീവിതത്തിനു പകരം ലളിതമായ ജീവിതം നയിക്കുവാന്‍ ബുദ്ധന്‍ ഉപദേശിച്ചു.
16. ബുദ്ധന്റെ അന്വേഷണങ്ങളുടെ കേന്ദ്രബിന്ദു ദൈവമോ പ്രകൃതിയോ അല്ലായിരുന്നു. മറിച്ച് മനുഷ്യ ദുരിതങ്ങളുടെ കാരണങ്ങളായിരുന്നു.
17. ബുദ്ധന്‍ ബ്രാഹ്മണ്യ സാമൂഹ്യക്രമത്തിന്റെ അടിസ്ഥാനശിലകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുകയും അവയെ തകര്‍ക്കുകയും ചെയ്തു. അതുപോലെ മറ്റുള്ളവര്‍ക്കുമേല്‍ ഭരണം നടത്തുവാനായി ബ്രാഹ്മണര്‍ പ്രചരിപ്പിച്ച ദൈവിക അവകാശങ്ങളെ അദ്ദേഹം ഖണ്ഡിച്ചു. 
18. അന്വേഷണങ്ങള്‍ക്കായുള്ള ബുദ്ധന്റെ അനുശാസനങ്ങള്‍ മനസ്സിനേയും ദ്രവ്യത്തേയും കുറിച്ചുള്ള അനുഭവങ്ങളിലും പരീക്ഷണങ്ങളിലൂമൂന്നിയ ശാസ്ത്രീയമായ പരിശോധനകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അല്ലാതെ ഒരു സിദ്ധാന്തത്തെയും മതത്തെയും ദാര്‍ശനിക വ്യവസ്ഥയെയും കണ്ണുമടച്ച് അംഗീകരിച്ചിരുന്നില്ല.
19. മനുഷ്യരഹിതവും അനീതിനിറഞ്ഞതുമായ ഏതൊരു സാമൂഹ്യവ്യവസ്ഥയ്‌ക്കെതിരെയുമുള്ള ഭാവിയിലെ പോരാട്ടങ്ങള്‍ക്ക് ബുദ്ധന്റെ പ്രബോധനങ്ങള്‍ വിത്തുപാകി.
20. ഈ ലോകത്ത് യാതൊന്നും അന്തിമമോ ശാശ്വതമോ അല്ലായെന്ന അനുശാസനത്തെ ബുദ്ധന്‍ ധൈര്യസമേതം ഉയര്‍ത്തിപ്പിടിച്ചു.
21. പ്രവാചകരായ മുഹമ്മദു നബിയേപ്പോലെയും യേശുക്രിസ്തുവിനെപ്പോലെയും ബുദ്ധന്‍ അദ്ദേഹത്തിന്റെ ധമ്മയില്‍ തനിക്ക് യാതൊരു സ്ഥാനവും അവകാശപ്പെട്ടില്ല.
22. മിക്കവാറുമെല്ലാ മതസ്ഥാപകരും മോക്ഷം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബുദ്ധന്‍ ഒരിക്കലും മോക്ഷം വാഗ്ദാനം ചെയ്തിരുന്നില്ല. അദ്ദേഹം സ്വയം മാര്‍ഗ്ഗദാതാവ് (വഴികാട്ടി) എന്നാണ് വിളിച്ചിരുന്നത്. അല്ലാതെ മോക്ഷദാതാവ് (പാപവിമുക്തി നല്‍കുന്നയാള്‍) എന്നല്ല.

ബുദ്ധന്റെ ധമ്മ എന്നതിനെക്കുറിച്ച് ചുരുക്കത്തില്‍ അറിയുന്നതിലൂടെ ബുദ്ധന്റെ പ്രബോധനങ്ങളും അവയുടെ പ്രസക്തിയും എന്താണ് എന്ന് മനസ്സിലാക്കുവാന്‍ കഴിയും. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ എന്താണ് ധമ്മമല്ലാത്തത് എന്ന് ക്രമീകൃതമായി പ്രസ്താവിക്കുന്നതിലൂടെ ഇത്തരത്തിലുള്ള എല്ലാകാര്യങ്ങളെക്കുറിച്ചും അഗാധമായ ഒരുള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചുവടെ കൊടുക്കുന്നവ ധമ്മത്തിന്റെ ഭാഗമല്ല.5 അവയാണ്

1. പ്രകൃത്യാതീതശക്തികളിലുള്ള വിശ്വാസം.
2. ദൈവത്തിലുള്ള വിശ്വാസം
3. ആത്മാവിലുള്ള വിശ്വാസം
4. മദ്യപാനത്തിലും മൃഗബലിയിലും ക്രീഡാ തല്പരതയിലുമുള്ള വിശ്വാസം
5. ഊഹാപോഹങ്ങളിലധിഷ്ഠിതമായ വിശ്വാസം
6. ധമ്മത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളുടെ വെറുംവായന
7. ധമ്മത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളുടെ അപ്രമാദിത്വത്തിന്‍മേലുള്ള വിശ്വാസം

പണ്ഡിതരിലും സാധാരണക്കാരിലുംപെട്ട ധാരാളമാളുകള്‍ ബുദ്ധന്റെ ധമ്മത്തെയും പരമ്പരാഗത സങ്കല്‍പ്പമായ ധര്‍മ്മത്തേയും സമാനമായി കാണാറുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം ബുദ്ധന്റെ ധമ്മ, പുതിയ ഒരു മതവുംകൂടിയായി എന്നതുപോലെയാണ്. എന്നാല്‍ ചിലരെ സംബന്ധിച്ചാകട്ടെ അത് ഹിന്ദുമതത്തിന്റെ ഒരു ശാഖയാണ്. മറ്റുചിലര്‍ക്കാകട്ടെ, ഹിന്ദുയിസത്തിലെ കലഹകാരിയായ ഒരു സന്തതിയാണിത്. വേറൊരുകൂട്ടരെ സംബന്ധിച്ചിടത്തോളം ഹിന്ദുയിസ ത്തിലെ വിപ്ലവകരവും പരിഷ്‌കൃതവുമായ ഒരു പാഠഭേദം മാത്രമാണിത്. എന്നാല്‍ ഇവയെല്ലാം അനര്‍ത്ഥങ്ങളാണ്. പദപ്രയോഗത്തിലെ സമാനത കാരണം ധമ്മയും ധര്‍മ്മവും തമ്മിലുള്ള അടിസ്ഥാനപരമായ വൈജാത്യങ്ങള്‍ തെറ്റായ നിഗമനങ്ങളിലേയ്ക്കു നയിക്കുകയാണ്. ഉദാഹരണത്തിന് പുനര്‍ജന്മമെന്ന പദപ്രയോഗത്തെ ബുദ്ധന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പുനര്‍ജ്ജന്മമെന്നാല്‍ ശരീരത്തെ നിര്‍മ്മിച്ചിരിക്കുന്ന നാലു ഘടകങ്ങള്‍ (പൃഥ്വി, അപ്, തേജ്, വായു) എന്നാണര്‍ത്ഥം. മരണശേഷം അന്തരീക്ഷ ത്തില്‍ പരന്നിരിക്കുന്ന സമാനമായ ഘടകങ്ങളുടെ സമൂഹത്തിനൊപ്പം അവ കൂടിച്ചേരുന്നു.6

ബുദ്ധന്റെ കാലഘട്ടത്തില്‍ എഴുതിവയ്ക്കുന്ന കല വേണ്ടത്ര വികാസം പ്രാപിച്ചിരുന്നില്ല. അതിനാല്‍ എന്തൊക്കെയാണോ ബുദ്ധന്‍ ഉപദേശിച്ചി രുന്നത് അവയെല്ലാം ഏറെക്കുറെ വാമൊഴി സന്ദേശമായിരുന്നു. അവയെല്ലാം ഓര്‍ത്തിരിക്കുക എന്നത് പ്രയാസകരമായിരുന്നു. ബുദ്ധന്റെ നിര്‍വാണശേഷം ഉടന്‍തന്നെ ബുദ്ധസന്യാസിമാരുടെ സ്വഭാവത്തില്‍ വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതുകൊണ്ടുതന്നെ കാലാകാല ങ്ങളില്‍ ബുദ്ധിസത്തിന്റെ ഏകതാനകമായ വ്യക്തിത്വം നിലനിര്‍ത്താനും ശരിയായ സ്വഭാവവും ആന്തരിക അച്ചടക്കവും പരിപാലിക്കുവാനും ബുദ്ധിസത്തെക്കുറിച്ചുള്ള പ്രമാണഗ്രന്ഥങ്ങള്‍ രചിക്കുവാനുമായി നിരവധി ബുദ്ധിസ്റ്റ് കൗണ്‍സിലുകള്‍ അഥവാ ധമ്മസംഗീതികള്‍ വിളിച്ചു ചേര്‍ക്കപ്പെട്ടിരുന്നു. സിലോണിലും തായ്‌ലണ്ടിലുമായി നടന്ന ബുദ്ധിസ്റ്റ് കൗണ്‍സിലുകള്‍ക്കൊപ്പം ഇന്നേവരെ പ്രധാനമായും ആറു ബുദ്ധിസ്റ്റ് സമ്മേളനങ്ങളാണ് നടന്നിട്ടുള്ളത്. അവ,

1. ബുദ്ധന്റെ മഹാപരിനിര്‍വ്വാണത്തിനുശേഷം ഉടനേ രാജഗൃഹയില്‍ വച്ചുനടന്ന ആദ്യ ബുദ്ധിസ്റ്റ് സമ്മേളനത്തില്‍ 500 ബുദ്ധിസ്റ്റ് സന്യാസിമാര്‍ പങ്കെടുത്തു. അതിന് അധ്യക്ഷം വഹിച്ചത് സ്തവീര്‍ മഹാകാശ്യപ് ആയിരുന്നു. അതിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തിയത് രാജാ അജാതശത്രുവായിരുന്നു. ആ സമ്മേളനത്തിലെ മുഴുവന്‍ നടപടിക്രമങ്ങളും നടത്തിയത് മഹാകാശ്യപനും ഉപാലിയും ആനന്ദനുമായിരുന്നു.
2. ബുദ്ധന്‍ നിര്‍വ്വാണം പ്രാപിച്ചതിനുശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടാണ് രണ്ടാമത്തെ ബുദ്ധമതസമ്മേളനം വൈശാലിയില്‍ നടന്നത്. തേര്‍സബ്ബക്കാമി യായിരുന്നു അതിന് അധ്യക്ഷം വഹിച്ചത്.
3. മൂന്നാമത്തെ സമ്മേളനം നടന്നത് അശോകചക്രവര്‍ത്തിയുടെ കാലത്ത് പാടലീപുത്രത്തില്‍ വച്ചായിരുന്നു. ഈ സമ്മേളനത്തിലെ പ്രധാനനേട്ടമെന്നത്, ലോകത്തിലെ വിവിധഭാഗങ്ങളിലേയ്ക്ക് ബുദ്ധിസ്റ്റ് മിഷനറിമാരെ അയയ്ക്കാന്‍ തീരുമാനിച്ചുവെന്നതാണ്. ഇതിന്‍പ്രകാരം അശോകന്റെ മകന്‍ മഹേന്ദ്രയേയും മകള്‍ സംഘമിത്രയേയും സിലോണിലേയ്ക്കയച്ചു.
4. നാലാമത്തെ ബുദ്ധമതസമ്മേളനം നടന്നത് രാജാ കനിഷ്‌ക്കന്റെ ആഭിമുഖ്യത്തില്‍ കാശ്മീരില്‍ വച്ചായിരുന്നു. ബുദ്ധിസത്തിലെ തേരാവാദ ചിന്താപദ്ധതിക്കാര്‍ ഇതില്‍ പങ്കെടുത്തിരുന്നില്ല. ഈ സമ്മേളനത്തിന്റെ പ്രധാന ദൗത്യം വിവരണങ്ങളെ ചിട്ടപ്പെടുത്തുകയെന്നുള്ളതായിരുന്നു. ബുദ്ധിസത്തിലെ 18 സമ്പ്രദായങ്ങളെ ഈ സമ്മേളനം അംഗീകരിച്ചു.
5. അഞ്ചാമത്തെ ബുദ്ധിസ്റ്റ് സമ്മേളനം ആധുനിക കാലത്ത് 1871 ല്‍ ബര്‍മ്മയിലെ മാന്‍ഡില്‍ നഗറില്‍ വച്ചു നടന്നു.
6. ആറാമത്തെ ബുദ്ധിസ്റ്റ് കൗണ്‍സില്‍ വീണ്ടും ബര്‍മ്മയില്‍ വച്ചുതന്നെ 1954 ല്‍ നടന്നു. ഈ സമ്മേളനത്തില്‍ ബുദ്ധസന്യാസിമാര്‍ക്കൊപ്പം ഡോ. അംബേദ്ക്കര്‍, പെരിയാര്‍ എന്നിവരെപ്പോലെ ലോകത്തിലെ പ്രധാന പണ്ഡിതരേയും മതവിശ്വാസികളേയും ക്ഷണിച്ചിരുന്നു. 

'ബുദ്ധിസ്റ്റ് പ്രാമണികഗ്രന്ഥങ്ങളില്‍ ബുദ്ധന്റേതായി നല്‍കിയിരിക്കുന്ന വാക്കുകള്‍ സ്വീകരിക്കുന്നതിന് ഒരാള്‍ വളരെയേറെ ശ്രദ്ധാലുവായിരി ക്കേണ്ടതുണ്ട്. എന്തെങ്കിലും വസ്തുതകള്‍ രഹസ്യാത്മകമായി പറഞ്ഞിരിക്കുന്നവയുണ്ടെങ്കില്‍ അവ യുക്തിപൂര്‍വ്വമല്ലെങ്കില്‍ അത് ബുദ്ധന്റേതല്ല, അത് ബുദ്ധിപൂര്‍വ്വമല്ലെങ്കില്‍ അത് ബുദ്ധന്റേതല്ല. മറ്റു സമാനതകളുണ്ടായിരിക്കുകയും എന്നാലത് ബുദ്ധിപൂര്‍വ്വവും യുക്തിപൂര്‍വ്വവുമുള്ളതാണെങ്കില്‍ അത് ബുദ്ധന്റേതാണ്. മനുഷ്യന്റെ ക്ഷേമത്തിനുപകരിക്കാത്ത യാതൊരു ചര്‍ച്ചകളിലും ഏര്‍പ്പെടുവാന്‍ ബുദ്ധന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. അതിനാല്‍ മനുഷ്യന്റെ ക്ഷേമവുമായി ബന്ധപ്പെടാത്ത എന്തെങ്കിലും ബുദ്ധന്റെ പേരിലുണ്ടെങ്കില്‍ അവയൊന്നും ബുദ്ധന്റെ വാക്കുകളായി സ്വീകരിക്കപ്പെടാന്‍ കഴിയുന്നതല്ല.'7

ബുദ്ധിസത്തിന്റെ അടിസ്ഥാനഗ്രന്ഥം 'ധമ്മപാദയാണ്', ധര്‍മ്മപാദയല്ല. അക്കാലത്ത് മതത്തെ എന്താണോ വിളിച്ചിരുന്നത് അത് ബുദ്ധന്‍ ധമ്മ എന്നുവിളിച്ചിരുന്നതുമായി അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരുന്നു. ധര്‍മ്മ (മതം) ത്തിന്റേയും ധമ്മത്തിന്റേയും സാരാംശവും മൊത്തത്തില്‍ വ്യത്യസ്തമാണ്. അതിനാലാണ് ബാബാസാഹേബ് ഡോ. അംബേദ്ക്കര്‍ ബുദ്ധിസത്തെക്കുറിച്ചുള്ള തന്റെ മാസ്റ്റര്‍പീസ് രചനയ്ക്ക് 'ബുദ്ധ ആന്റ് ഹിസ് ധര്‍മ്മ' എന്നല്ല മറിച്ച് 'ബുദ്ധ ആന്റ് ഹിസ് ധമ്മ' എന്ന് പേരുകൊടുത്തത്. ഇവ രണ്ടുംതമ്മി ലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ക്കൊണ്ട് അദ്ദേഹം പ്രസ്താവിച്ചത് 'മതത്തെ എന്താണോ വിളിച്ചത് അത് ബുദ്ധന്‍ എന്താണോ ധമ്മയെന്നു വിളിച്ചതുമായി അടിസ്ഥാന പരമായിത്തന്നെ വ്യത്യാസപ്പെട്ടിരിക്കുന്നു. ബുദ്ധന്‍ ധമ്മയെന്നു വിളിച്ചത് യൂറോപ്യന്‍ ദൈവശാസ്ത്രജ്ഞര്‍ എന്തിനെയാണോ മതമെന്നുവിളിച്ചത് അതുമായി സാദൃശ്യമുള്ളതാണ്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വലുതായ പൊരുത്തങ്ങളില്ല. മറിച്ച് ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ വലുതുമാണ്. ഇക്കാരണത്താല്‍ ചില യൂറോപ്യന്‍ ദൈവശാസ്ത്രജ്ഞര്‍ ബുദ്ധിസത്തെ ഒരു മതമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു.'8

ഏതാണ്ട് 45 വര്‍ഷം നീണ്ട തന്റെ സജീവമായ പ്രവര്‍ത്തകാലത്ത്, ബുദ്ധന്‍ തന്റെ സ്‌നേഹവും ദയയും കൊണ്ട് ദശലക്ഷക്കണക്കിനു ജനങ്ങളെ സ്വന്തം നിലയില്‍ പരിവര്‍ത്തനപ്പെടുത്തി. ബുദ്ധന്‍ ധമ്മയെക്കുറിച്ചു മാത്രമല്ല, മറിച്ച് ജനാധിപത്യം. ദാരിദ്ര്യം, ഭീകരത, വികസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു.9 ഊര്‍ജ്ജ്വസ്വലമായ ബോധവും ഭിക്കുസംഘത്തിന്റെ ശക്തമായ സംഘടനാശക്തിയും കൊണ്ട് അദ്ദേഹം അനീതിനിറഞ്ഞ ബ്രാഹ്മണ്യ സാമൂഹ്യക്രമത്തിനെതിരെ പോരാടുകയും ശൂദ്രരെന്നും ചണ്ഡാളരെന്നും വിളിക്കപ്പെട്ടിരുന്ന താഴ്ന്നപടിയിലുള്ള ജനങ്ങള്‍ക്ക് ആദരണീയമായ സ്ഥാനം നല്‍കുകയും ചെയ്തു. ഒരു വിഭാഗം ജനങ്ങള്‍ മറ്റൊരു വിഭാഗം ജനങ്ങളെ സേവിക്കുവാനായി സൃഷ്ടിക്കപ്പെട്ടതാണെന്ന ആശയത്തെ ബുദ്ധനും ബുദ്ധിസവും ശക്തിയായി എതിര്‍ത്തു. മഹാനായ മൗര്യചക്രവര്‍ത്തി അശോകന്റെ ശിലാലിഖിതങ്ങളും ഈ ഭാഗത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. ബുദ്ധന്റെ സദാചാര വിപ്ലവം അടിസ്ഥാനപരമായി സമൂഹത്തിലെ ദൂഷിതമായ അവസ്ഥയ്‌ക്കെതിരായിട്ടായിരുന്നു.

ബുദ്ധന്റെ സന്ദേശവും പ്രസ്ഥാനവും ഒരു ജനകീയപ്രസ്ഥാനത്തിന്റെ രൂപം ആര്‍ജ്ജിക്കുകയും കാശ്മീര്‍ മുതല്‍ സിലോണ്‍ വരെ വ്യാപിക്കുകയും ചെയ്തു. നിരവധി സുപ്രസിദ്ധരായ രാജാക്കന്മാരുടെ രക്ഷാധികാരത്തോടുകൂടി ബുദ്ധധമ്മ ഒരു കാട്ടുതീ പോലെ പടര്‍ന്നു. ബുദ്ധന്റെ പ്രബോധനങ്ങളോടെ യുക്തിചിന്തയുടെ ഒരു യുഗം ഉദയം ചെയ്യുകയായിരുന്നു. പ്രഖ്യാപിത മതങ്ങളൊന്നും തന്നെ സത്യത്തിന്റേയും ബോധത്തിന്റേയും മാനദണ്ഡങ്ങളെ ഒരിക്കലും വെല്ലുവിളിച്ചിട്ടി ല്ലെങ്കില്‍ക്കൂടി, ബുദ്ധന്‍ തന്റെ അനുയായികളെ ശക്തിയായി ഉപദേശിച്ചത്, 'നിരവധി സ്ഥലങ്ങളില്‍ നിരവധി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിലൂടെ ലഭിച്ചതാണ് എന്ന ഒരൊറ്റക്കാരണത്താല്‍ പാരമ്പര്യത്തില്‍ വിശ്വസിക്കാതിരിക്കുക. കേള്‍ക്കുന്നതെല്ലാം വിശ്വസിക്കാതിരിക്കുക, എന്തുകൊണ്ടെന്നാല്‍ അവ നിരവധി ആള്‍ക്കാരുടെ ഊഹാപോഹങ്ങളിലുടെ സംസാരിക്കപ്പെട്ടതാണ്. ഒരു പഴയ മുനി പുറപ്പെടുവിച്ച പ്രസ്താവനയെന്നനിലയില്‍ രേഖപെടുത്തപ്പെട്ടതെല്ലാം വിശ്വസിക്കാതിരിക്കുക, നിങ്ങള്‍ക്കു പ്രത്യേക കമ്പമുണ്ടെന്നു കരുതി അത് ഒരു ദേവനാലോ അല്‍ഭുത ജീവിയാലോ ബോധ്യപ്പെടുത്തപ്പെട്ട അസാധാരണമാണെന്ന നിലയില്‍ വിശ്വസിക്കാതിരിക്കുക. നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, അത് യുക്തിയുമായി പൊരുത്തപ്പെടുന്നതാണെങ്കില്‍, അത് നന്മയുമായി യോജിച്ചതാണെങ്കില്‍, അത് ഏവര്‍ക്കും ഗുണപ്രദമായതാണെങ്കില്‍, എങ്കിലത് സ്വീകരിക്കുകയും അതിന്‍മേല്‍ ജീവിക്കുകയും ചെയ്യുക.' അങ്ങനെ നോക്കുമ്പോള്‍ ബുദ്ധിസത്തിന്റെ മുഖ്യസ്തംഭങ്ങള്‍ യുക്തിചിന്തയും സദാചാരത്വവും വിവേകവുമാണെന്നു കാണാം.

ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ പ്രധാനവികാസം അശോകന്റെ സാമ്രാജ്യത്തിന്റെ ഉദയമാണ്. അശോകചക്രവര്‍ത്തി ഏതാണ്ട് ബി.സി.273 ലാണ് മൗര്യസാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ച പദവി ആര്‍ജ്ജിക്കുന്നത്. ഒരു ഉല്‍സാഹശീലനായ ബുദ്ധിസ്റ്റ് എന്ന നിലയില്‍ അശോകന്‍ ബുദ്ധന്റെ സന്ദേശം മധ്യേഷ്യയില്‍ വ്യാപിപ്പിച്ചു. അദ്ദേഹം ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമല്ല, സിറിയയുടെയും ഈജിപ്റ്റിന്റെയും ഗ്രീസിന്റെയും വിവിധഭാഗങ്ങളിലേയ്ക്ക് ബുദ്ധിസ്റ്റ് മിഷനറിമാരെ അയച്ചു. ഇന്ത്യയില്‍ 84000 ത്തിലധികം ബുദ്ധവിഹാരങ്ങള്‍ അദ്ദേഹം പണികഴിപ്പിച്ചു. തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പാടലീപുത്രത്തില്‍ വച്ച് രണ്ടാം ലോക ബുദ്ധമത സമ്മേളനം അദ്ദേഹം സംഘടിപ്പിച്ചു. ആ കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ക്ക് സ്റ്റേറ്റിന്റെ രക്ഷാധികാരവും ബലി നടത്തുകയെന്ന അവരുടെ മുഖ്യതൊഴിലും നഷ്ടപ്പെട്ടു.

ബ്രാഹ്മണിക മനോഭാവമുള്ള പണ്ഡിതരാകട്ടെ ബുദ്ധിസ്റ്റ് തത്വങ്ങളായ കരുണയും സ്‌നേഹവും മനുഷ്യത്വത്തോടുള്ള ആദരവും കാരണം ഇന്ത്യയ്ക്ക് പൊരുതുവാനുള്ള ആര്‍ജ്ജവം നഷ്ടമായതിനാല്‍ ബുദ്ധനും ബുദ്ധിസവും വിദേശഭരണത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്തതെന്ന് കുറ്റാരോപണമുന്നയിക്കുകയാണ്. ഇത് ബുദ്ധനെ അപകീര്‍ത്തിപ്പെടു ത്തുവാനും ബ്രാഹ്മണിസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രക്ഷോഭത്തിന്റെ ദാര്‍ശനികാടിത്തറയെ നശി പ്പിക്കുവാനുമുള്ള മറ്റൊരടവു മാത്രമാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ബുദ്ധന്റെ കാലഘട്ടത്തില്‍ ഇന്ത്യയുടെ അതിരുകള്‍ ഏതെങ്കിലുമൊരു ബ്രാഹ്മണ സാമ്രാജ്യത്തിനോ അല്ലെങ്കില്‍ ഇന്നത്തെ ഇന്ത്യയ്ക്കു പോലും ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞതിലുമെത്രയോ അപ്പുറത്തേയ്ക്ക് വിപുലീകരി ക്കപ്പെട്ടിരുന്നു. മഗധ സാമ്രാജ്യം, മിലിന്ദന്റെ സാമ്രാജ്യം, കുശാന്‍ വംശത്തിലെ രാജാ കനിഷ്‌ക്കന്റെ സാമ്രാജ്യം, മഹാനായ അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യം തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഇക്കാര്യം സമര്‍ത്ഥിക്കുവാനായുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യ വിദേശികളാല്‍ കീഴ്‌പ്പെടുത്തപ്പെട്ടത് ഇവിടെ ബ്രാഹ്മണ അല്ലെങ്കില്‍ ഹിന്ദു ഭരണാധികാരികള്‍ നിലനിന്നപ്പോഴൊക്കെയാണ്.

ബ്രാഹ്മണമേല്‍ക്കോയ്മ സമ്പൂര്‍ണ്ണമായും പുറംതള്ളപ്പെടുന്നതുവരെ ഇന്ത്യയില്‍ ബുദ്ധിസത്തിന് നിലനില്‍ക്കാന്‍ കഴിയാത്തത് ഒരു നിര്‍ഭാഗ്യം തന്നെയാണ്. ബുദ്ധിസ്റ്റ് വിപ്ലവം ഒരു പ്രതിവിപ്ലവത്താല്‍ പിന്‍തുടരപ്പെട്ടു. പുഷ്യമിത്രസുംഗന്‍ എന്ന ഒരു സാമവേദി ബ്രാഹ്മണന്‍ നടത്തിയ രാജഹത്യ, ബ്രാഹ്മണര്‍ക്ക് രാഷ്ട്രീയാധികാരം ആര്‍ജ്ജിക്കുവാനും ബുദ്ധിസത്തെ നിര്‍മ്മൂലനം ചെയ്യുവാനും ബ്രാഹ്മണരെ ഇന്ത്യയിലെ പരമാധികാരികളാക്കുവാനും ഇടയാക്കി. അധികാരഘടനയിലുണ്ടായ ഈ മാറ്റം ഭരണകൂടത്തിന്റെ മതമെന്ന നിലയിലുള്ള ബുദ്ധമതത്തിന്റെ നാശത്തിനു കാരണമായി. പുഷ്യമിത്രന്‍ നടത്തിയ രാജഹത്യ ഒരു രാഷ്ട്രീയമായ പ്രതിവിപ്ലവമായിട്ടെന്നു മാത്രമല്ല രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്, മറിച്ച് ബുദ്ധിസത്തിനു മേല്‍ ബ്രാഹ്മണിസം നേടിയ സ്വേച്ഛാപരമായ സാമൂഹ്യ പ്രതിവിപ്ലവമായിട്ടു കൂടിയാണ്.10 പുഷ്യമിത്രന്‍ ബുദ്ധ സന്യാസിമാര്‍ക്കെതിരെ രക്തരൂക്ഷിതവും ജീവനെടുക്കുന്നതുമായ പീഡനങ്ങള്‍ അഴിച്ചുവിട്ടു. അധികാരം നേടിയെടുത്ത ഉടനേ അയാള്‍ മൂന്നുകാര്യങ്ങള്‍ക്ക് ഉത്തരവു നല്‍കി. അവ,

1. അയാള്‍ മനുസ്മൃതിയെ ഔദ്യോഗിക നിയമാവലിയായി പ്രഖ്യാപിച്ചു.
2. കുതിരയെ ബലി കൊടുത്തുകൊണ്ടുള്ള വേദാചാരമായ അശ്വമേധയജ്ഞം നടത്തി.
3. ഓരോ ബുദ്ധസന്യാസിയുടെ തലയ്ക്കും 100 സ്വര്‍ണ്ണനാണയങ്ങള്‍ പ്രതിഫലമായി പ്രഖ്യാപിച്ചു.
ബുദ്ധിസ്റ്റ് കാലഘട്ടം ഇന്ത്യയുടെ പുകള്‍പെറ്റ കാലഘട്ടമായിരുന്നു. എന്നാല്‍ അതിന്‍മേല്‍ ബ്രാഹ്മണ മേധാവിത്വം നടത്തിയ തേരോ ട്ടത്തിന്റെ ഫലമായി അതിന് ക്രമാനുഗതമായ പതനം സംഭവിച്ചു. അത്തരം വികാസങ്ങളുടെ ഏറ്റവും നല്ല സംക്ഷിപ്ത രൂപം ബാബാസാഹേബ് ഡോ. അംബേദ്ക്കറുടെ അടുത്ത സഹപ്രവര്‍ത്തകനായ ശ്രീ. ആര്‍.ആര്‍.ഭോലെ നല്‍കുന്നതു ശ്രദ്ധിക്കുക. 'ബുദ്ധിസത്തിന്റെ ക്രമാനുഗതമായ പതനത്തിനൊപ്പം, ബുദ്ധിസ്റ്റുകള്‍ക്കെതിരെ പീഢനങ്ങളും ബ്രാഹ്മണര്‍ നടപ്പിലാക്കി. കാമരൂപിലെ ഭാസ്‌ക്കര വര്‍മ്മ നളന്ദയെ നശിപ്പിക്കുമെന്നു ഭീഷണിമുഴക്കി. മതത്തിന്‍മേല്‍ ബ്രാഹ്മണരുമായി നടന്ന വാദപ്രതിവാദത്തില്‍ അവരെ തോല്‍പ്പിച്ചതിനാല്‍ നാഗാര്‍ജ്ജുനന്റെ ശിഷ്യനായ ആര്യവേദയെ അവര്‍ കൊലപ്പെടുത്തി. ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ കിഴക്കേ ഇന്ത്യ ഭരിച്ചിരുന്ന ശശാങ്കനെന്ന രാജാവ്, കുശിനഗരത്തില്‍ നിന്നും എല്ലാ സന്യാസിമാരേയും പുറത്താക്കുകയും ഗയയിലെ ബോധിവൃക്ഷത്തെ കടപുഴകി ബാക്കിഭാഗം ചുട്ടെരിക്കുകയും പകരമവിടെ ശിവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. (പാല സാമ്രാജ്യത്തിലെ ധര്‍മ്മപാലന്റെ മകനായ രാജാ ദേവപാലനാണ് ബോധ് ഗയയിലെ പ്രസിദ്ധമായ മഹാബോധി ക്ഷേത്രം നിര്‍മ്മിച്ചത്). ബുദ്ധിസത്തിന്റെ അവസാന ആശാകിരണം പാല രാജാക്കന്മാര്‍ക്കു കീഴിലുള്ള മഗധയായിരുന്നു. എന്നാല്‍ പത്താം നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തോടുകൂടി അതിന്റെ മരണകാളവും മുഴങ്ങി.'11

ബുദ്ധിസത്തെ നിയമഭ്രഷ്ടാക്കാനുള്ള ബ്രാഹ്മണിക്കല്‍ പ്രതിവിപ്ലവം ആരംഭിച്ചത് അവസാന മൗര്യചക്രവര്‍ത്തിയായ ബൃഹദ്രഥമൗര്യനെ ബി.സി.187 ല്‍ ബ്രാഹ്മണനായ പുഷ്യമിത്രസുംഹഗന്‍ വധിക്കുന്നതോടെയാണ്. എ.ഡി. എട്ടാം നൂറ്റാണ്ടോടുകൂടി ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും സാമൂഹ്യബന്ധങ്ങളെ പുനര്‍രൂപീകരിച്ചു തുടങ്ങി. 1199 ല്‍ മുഹമ്മദുഗോറിയുടെ ജനറലായ ബക്കീറുദ്ദീന്‍ ഖില്‍ജി ലോകപ്രസിദ്ധമായ നളന്ദ സര്‍വ്വകലാശാലയെ ബുദ്ധിസ്റ്റു വിഹാരങ്ങള്‍ക്കൊപ്പം ചുട്ടെരിച്ചു. മുസ്ലീങ്ങളുടെ വിഗ്രഹാരാധനയ്‌ക്കെതിരെയുള്ള വിരോധം കാരണം എവിടെയൊക്കെ ബുദ്ധപ്രതിമകള്‍ അവര്‍ കണ്ടുവോ അതെല്ലാം അവര്‍ നശിപ്പിച്ചു. വിന്‍സന്റ് സ്മിത്തിന്റെ അഭിപ്രായത്തില്‍ 'മുസ്ലീം ആക്രമണകാരികള്‍ നിരവധി സ്ഥലങ്ങളില്‍ നടത്തിയ ഉഗ്രമായ പാതകങ്ങള്‍ യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ നടത്തിയ പീഢനങ്ങളേക്കാള്‍ കൂടുതല്‍ ഫലവത്തായിരുന്നു. ഇന്ത്യയുടെ നിരവധി പ്രവിശ്യകളില്‍ ബുദ്ധിസം അപ്രത്യക്ഷമായതിനു പിന്നില്‍ ഇതിന് വലിയൊരു പങ്കുണ്ട്.'12

ചരിത്രരേഖകളില്‍ നിന്നും തെളിയുന്നത് ഇന്ത്യയിലെ ബുദ്ധിസത്തിന്റെ പതനത്തിന് ബ്രാഹ്മണിസം മാത്രമല്ല ഉത്തരവാദിയെന്നാണ്. മുസ്ലീം ആക്രമണവും അതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. 'ദ ഡിക്ലയിന്‍ ആന്റ് ഫാള്‍ ഒഫ് ബുദ്ധിസം' എന്ന ഗ്രന്ഥത്തില്‍ ബാബാസാഹേബ് ഡോ. അംബേദ്ക്കര്‍ വിശദമായ ഒരു വിവരണം തന്നെ നല്‍കിയിട്ടുണ്ട്. അതില്‍ അദ്ദേഹം നിരീക്ഷിക്കുന്നത് 'ഇസ്ലാമിന്റെ വാള്‍ പുരോഹിത ന്മാര്‍ (ബുദ്ധിസ്റ്റ്) ക്കുമേല്‍ ഊക്കോടെ വീണു. അത് നശിക്കുകയോ ഇന്ത്യയ്ക്കു പുറത്തേയ്ക്ക് പ്രവഹിക്കുകയോ ചെയ്തു. എരിയുന്ന ബുദ്ധിസത്തിന്റെ ജ്വാലയെ സംരക്ഷിക്കുവാന്‍ ആരും തന്നെ അവശേഷിച്ചിരുന്നില്ല.'13

ഇന്ത്യയില്‍ ബുദ്ധിസത്തിന്റെ പതനത്തിന്റെ കാരണങ്ങളായി പ്രചരിച്ചിരിക്കുന്ന ചിത്രം എ.എല്‍.ബഷാം തന്റെ പ്രൗഢമായ പഠനത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം വാദിക്കുന്നത്, 'പീഢനങ്ങള്‍ ഒരു ചെറിയ പങ്കുമാത്രമേ വഹിച്ചിട്ടുള്ളൂ. മറിച്ച് പ്രധാന കാരണമെന്തെന്നാല്‍ ഇന്ന് നാം ഹിന്ദുയിസമെന്നു വിളിക്കുന്ന പരിഷ്‌ക്കരിക്കപ്പെട്ട മതം, തന്റെ സോല്‍സാഹത്തോടുകൂടിയ സമര്‍പ്പണത്തിനായി ശിവനേയും വിഷ്ണുവിനേയും (പ്രാദേശിക ദേവന്മാരെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയുമാറുള്ള വ്യത്യസ്തമായ അവതാരങ്ങള്‍ രണ്ടാമത്തേതു സ്വീകരിക്കുന്നു) ആരാധിക്കുന്നതിലേയ്ക്കു പരിവര്‍ത്തനപ്പെട്ടു. ശങ്കരന്റെ ആക്രമണോല്‍സുകമായ പ്രചാരണത്താലുും സ്ഥാപന നിര്‍മ്മാണത്താലും പിന്തുണയ്ക്കപ്പെട്ടതിനാല്‍ പുനരുജ്ജീവിപ്പി ക്കപ്പെട്ട ഹിന്ദുയിസം, വിഹാരങ്ങളില്‍ കേന്ദ്രീകരിച്ചതിനാല്‍ ദുര്‍ബല മായിത്തീര്‍ന്നതും ഒരുപക്ഷേ ജീര്‍ണ്ണിച്ചതുമായ ബുദ്ധിസവുമായി ഏറ്റുമുട്ടി. സൈദ്ധാന്തിക പരമായും ചിലപ്പോഴൊക്കെ പ്രായാഗികമായും ഒരു പ്രത്യേക മതമായ, ജാതിയെ വെല്ലുവിളിക്കുകയും വേദങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന ബുദ്ധമതം, പ്രായോഗിക വശത്തില്‍ ജനകീയജീവിതത്തിന്റെ അടിത്തറയാകുന്നതില്‍ പരാജയപ്പെട്ടു. ബുദ്ധിസ്റ്റ് കുടുംബത്തിലെപോലും ജീവിതാചാരങ്ങള്‍ നടത്തിയിരുന്നത് ബ്രാഹ്മണ പുരോഹിതരായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ അവഗണിച്ചുകൊണ്ട്, വിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമായി, ബുദ്ധനെ പുനര്‍വ്യാഖ്യാനം ചെയ്തു. മുസ്ലീം അധിനിവേശം വന്നപ്പോള്‍ ജനങ്ങളുടെ ജീവിതത്തിന് അത് പിന്തുണ നല്‍കാ തിരുന്നതിനാലും വിഹാരങ്ങളില്‍ത്തന്നെ കേന്ദ്രീകരിക്കപ്പെട്ടിരുന്നതിനാലും സ്ഥിതി വഷളായി. ഏറെക്കുറെ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ബുദ്ധിസത്തിന് അങ്ങനെ അവസാന കുഴല്‍വിളിയായി.'14

ബുദ്ധിസത്തില്‍ ഗഹനമായ പാണ്ഡിത്യമുള്ള ഡി.ഡി. കൊസാംബിയാകട്ടെ, 1956 ല്‍ രചിച്ച തന്റെ പ്രബന്ധത്തിലൂടെ ഏറെക്കുറെ വ്യത്യസ്തമായ ഒരു സമീപനരീതിയാണ് കൈക്കൊണ്ടിട്ടുള്ളത്. ഹിന്ദുയിസത്തിലേയും ബുദ്ധിസത്തിലേയും സാമ്പത്തിക ഘടകങ്ങളുടെ പ്രവര്‍ത്തനത്താലാണ് ബുദ്ധിസം ഇന്ത്യയില്‍ അധഃപതിച്ചതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം പറയുന്നു, 'ബുദ്ധിസത്തിന്റെ മുഖ്യമായ പരിഷ്‌കൃത പ്രവര്‍ത്തനങ്ങള്‍ എ.ഡി.ഏഴാം നൂറ്റാണ്ടോടുകൂടി അവസാനിച്ചു. പരിപാലിക്കപ്പെട്ടില്ലെങ്കില്‍ക്കൂടി, അഹിംസയെന്ന അനുശാസനം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു. വൈദികബലികള്‍ നിരോധിക്കപ്പെട്ടു. .....ഗ്രാമീണ കര്‍ഷകരെ നിഷ്പ്രയാസം വിധേയപ്പെടു ത്താനാവുംവിധം അമിതശക്തി ചെലുത്താതെ പ്രേരിതരാക്കുക യയെന്നതായിരുന്നു പുതിയ പ്രശ്‌നം. ഇത് ബുദ്ധിസമല്ല, ഹിന്ദുമതമാണ് നടപ്പിലാക്കിയത്. ബുദ്ധിസ്റ്റുകാര്‍ എപ്പോഴും പുച്ഛിച്ചിരുന്ന ജാതി, ഗ്രാമങ്ങളിലെ പുതിയ വര്‍ഗ്ഗഘടനയില്‍ പ്രത്യക്ഷപ്പെട്ടു. പ്രാചീന ആദിവാസികള്‍ പുതിയ ജാതികളെന്ന നിലയില്‍ പേരുചേര്‍ക്കപ്പെട്ടു. ആദിവാസികളും കര്‍ഷകരും ഒരുപോലെ ബുദ്ധസന്യാസിമാര്‍ക്കു നിഷിദ്ധമായിരുന്ന ആചാരങ്ങളിന്മേല്‍ കനത്തതോല്‍ വിശ്വാസമര്‍പ്പിച്ചു തുടങ്ങി. അനുഷ്ഠാനങ്ങള്‍ ബ്രാഹ്മണരുടെ ഒരു കുത്തകാവകാശം പോലെയായി. അതിലുപരിയായി അക്കാലത്ത് ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്ന മാര്‍ഗ്ഗദര്‍ശകര്‍ ബ്രാഹ്മണരായിരുന്നു. അവരുടെ കൈവശം ഉഴവിനും വിതയ്ക്കലിനും കൊയ്യലിനും പറ്റിയ സമയത്തെക്കുറിച്ചുള്ള മികച്ച കലണ്ടറുകളുണ്ടായിരുന്നു. അവര്‍ക്ക് പുതിയ വിളകളെക്കുറിച്ചും വില്‍പ്പന സാധ്യതകളെക്കുറിച്ചും അറിയാമായിരുന്നു. വലിയ ബുദ്ധവിഹാരങ്ങളെപ്പോലെയോ തന്റെ ത്യാഗശീലരായ പൂര്‍വ്വികരെപ്പോലെയോ വരുമാനത്തെ അയാള്‍ കൈവിട്ടു ചെലവാക്കിയിരുന്നില്ല. മാത്രമല്ല, ബുദ്ധനെ വിഷ്ണുവിന്റെ ഒരവതാരമായി അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പുമുണ്ടായി. അങ്ങനെ ഔപചാരിക ബുദ്ധിസം ക്രമേണ അപ്രത്യക്ഷമായി.'15 16 -ാം നൂറ്റാണ്ടിലെ അവസാനകാലത്തും 17-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുമുള്ള തിബത്തന്‍ ബുദ്ധിസ്റ്റ് കാലാനുക്രമണികയായ താരാനാഥയനുസരിച്ച് ബുദ്ധിസം ക്രമമായ ഘട്ടങ്ങളിലൂടെയാണ് നിര്‍മ്മൂലനം ചെയ്യപ്പെട്ടത്. താരാനാഥ നിരവധി സംഭവങ്ങളെ വിവരിക്കുകയും ബുദ്ധിസത്തിനെ തിരെയുള്ള 'മൂന്നു ആക്രമണങ്ങള്‍'-ബുദ്ധിസം രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്കു വിധേയമാകേണ്ടിവന്ന മൂന്നു കാലഘട്ടങ്ങള്‍- പരാമര്‍ശിക്കുകയും ചെയ്യുന്നു. 'ഒന്നാമത്തേത് മൗര്യസാമ്രാജ്യ ത്തിനൊടുവില്‍ ബ്രാഹ്മണരാജാവായ പുഷ്യമിത്രസുംഗന്‍ മറ്റു തീര്‍ത്ഥികരോടൊന്നിച്ചു നടത്തിയതാണ്. അതില്‍ മധ്യദേശം മുതല്‍ ജലന്ധരം വരെയുള്ള നിരവധി ബുദ്ധമത വിഹാരങ്ങള്‍ അഗ്നിക്കി രയാക്കി. അത്യുന്നത പണ്ഡിതരായ നിരവധി ബുദ്ധ സന്യാസിമാരെ അവര്‍ വധിച്ചു. ഏറിയവരും മറ്റു രാജ്യങ്ങളിലേയ്ക്ക് ഓടിരക്ഷപ്പെട്ടു. അതിന്റെ പരിണിതഫലമായി വടക്കു ഭാഗങ്ങളില്‍ ധമ്മോപദേശങ്ങള്‍ അന്യം നിന്നു. രണ്ടാമത്തെ ശത്രുശക്തി ആറാം നൂറ്റാണ്ടില്‍ വടക്കേയിന്ത്യയില്‍ നിരവധി മിന്നലാക്രമണങ്ങള്‍ നടത്തിയ ബുദ്ധിസ്റ്റു വിരുദ്ധനും നിഷ്ഠൂരനുമായ മിഹിരാകുളയായിരുന്നു. താരാനാഥ പേരുവെളിപ്പെടുത്താതെ പകരം പറയുന്നത്, ഒരു പേര്‍ഷ്യന്‍ രാജാവ് തുരുസ്‌കാ സൈന്യത്തിന്റെ സഹായത്തോടെ മഗധയെ നശിപ്പിക്കുകയും നിരവധി ആരാധനാലയങ്ങള്‍ക്ക് വിനാശങ്ങള്‍ വരുത്തുകയും നളന്ദയ്ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. മൂന്നാമത്തെ ശത്രുശക്തി തെക്കുനിന്നും ഭരണകൂടത്തെ പ്രത്യക്ഷമായി കുറച്ചുമാത്രം ആശ്രയിച്ചുകൊണ്ടായിരുന്നു. അത് രണ്ടു ബ്രാഹ്മണ യാചകരെക്കുറിച്ചു വിവരിക്കുന്നു. അതിലൊരാള്‍ മാന്ത്രികശക്തി നേടുകയും അതിലൂടെ അഗ്നിജ്വലിപ്പിച്ചതില്‍ കൃഷ്ണരാജയുടെ രാജ്യത്തെ 84 ക്ഷേത്രങ്ങളും അമൂല്യമായ നിരവധി രേഖകളും കത്തിച്ചാമ്പലാവുകയും ചെയ്തു.'16

അങ്ങനെ ബുദ്ധിസത്തിന്റെ അപചയത്തിന് നിരവധി സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളുണ്ട്. എന്നാല്‍ രാജ്യത്ത് ബുദ്ധിസം നിര്‍മ്മൂലനം ചെയ്യപ്പെട്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അതിന് ഭരണാധികാരത്തിന്റെ രക്ഷാകര്‍തൃത്വം നഷ്ടപ്പെട്ടതാണ്. ഈ വേളയില്‍ ഏറ്റവും സുപ്രധാന ചോദ്യമിതാണ് എന്തുകൊണ്ടാണ് മുസ്ലീം ഭരണാധികാരികളാല്‍ ബുദ്ധിസം മാത്രം ആക്രമിക്കപ്പെട്ടത്? എന്തുകൊണ്ട് ബ്രാഹ്മണിസം ആക്രമിക്കപ്പെട്ടില്ല? ഇതിന്റെ കാരണമായി ഡോ. അംബേദ്ക്കര്‍ ചുമത്തുന്നത്, 'മുസ്ലീം കടന്നാക്രമണത്തിന്റെ 300 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയെമ്പാടും ഭരിച്ചിരുന്നത് യാഥാസ്ഥിതിക ബ്രാഹ്മണിസത്തിന്റെ വക്താക്കളായ രാജാക്കന്മാരായിരുന്നു. മുസ്ലീം ആക്രമണകാരികളാല്‍ ബ്രാഹ്മണിസം തോല്‍പ്പിക്കപ്പെടുകയും അടിച്ചുതകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ബ്രാഹ്മണിസം സഹായത്തിനും പോഷണത്തിനും വേണ്ടി ഭരണാധികാരികളെ ഉറ്റുനോക്കുകയും അവര്‍ക്കതു ലഭിക്കുകയും ചെയ്തു. എന്നാല്‍ മുസ്ലീം ആക്രമണ കാരികളാല്‍ തോല്‍പ്പിക്കപ്പെടുകയും അടിച്ചുതകര്‍ക്കപ്പെടുകയും ചെയ്ത ബുദ്ധിസത്തിന് അത്തരത്തിലുള്ള പ്രതീക്ഷകളില്ലായിരുന്നു. അത് അനാഥര്‍ക്കു ലഭിച്ച ജോലിയില്ലാത്ത വരുമാനമായിരുന്നു. തദ്ദേശീയ ഭരണാധികാരികളുടെ തണുത്തുറഞ്ഞ കാഹളനാദത്തില്‍ കൊഴിഞ്ഞു പോവുകയും ആക്രണകാരികള്‍ കത്തിച്ച അഗ്നിയില്‍ ദഹിച്ചടങ്ങുകയും ചെയ്തു.'17 അങ്ങനെ നോക്കുമ്പോള്‍ ബ്രാഹ്മണിസവും ബുദ്ധിസവും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍ ബ്രാഹ്മണിസത്തിന് ഭരണാധികാര ത്തിന്റെ പിന്‍ബലം ലഭിച്ചപ്പോള്‍ ബുദ്ധിസത്തിന് അതു ലഭിച്ചില്ല. ഇതിന്റെ പരിണിതഫലമായി ബ്രാഹ്മണിസത്തിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗമെന്നനിലയില്‍ നിരവധി ബുദ്ധിസ്റ്റുകള്‍ ഇസ്ലാമിലേയ്ക്കു മതംമാറുകയുണ്ടായി.

ബുദ്ധിസം ദീര്‍ഘകാലം നിലനിന്നില്ല എന്നത് ഇന്ത്യയുടെ ഒരു ദേശീയ ദുരന്തമാണ്. ബുദ്ധനെ ഒരു നിരീശ്വരവാദിയായും ചിരപുരാതന മായ സ്ഥാപനങ്ങളുടെ നാശകാരിയായും മുദ്രകുത്തി. ജന്മം കൊണ്ട് ഒരു രാജകുമാരനായിരുന്നതിനാല്‍, ബോധവല്‍ക്കരണം നടത്തുവാനുള്ള ബുദ്ധന്റെ അധികാരം ചോദ്യം ചെയ്യപ്പെട്ടു. അതിന്റെ ഫലമായി ബ്രാഹ്മണിസത്തിന്റെ വക്താക്കള്‍ ബുദ്ധസന്യാസിമാരെയും അവരുടെ അനുശാസനങ്ങളേയും ക്രൂരമായി വധിക്കുകയും അതേ വിധി തന്നെ തക്ഷശിലയും നളന്ദയും പോലുള്ള ബുദ്ധിസ്റ്റ് വിദ്യാകേന്ദ്രങ്ങളെ കാത്തിരിക്കുകയും ചെയ്തു

ബുദ്ധിസ്റ്റ് വിഹാരങ്ങള്‍ നശിപ്പിക്കപ്പെടുകയോ അല്ലെങ്കില്‍ ഹിന്ദു ക്ഷേത്രങ്ങളായോ പള്ളികളായോ മാറ്റപ്പെടുകയും ചെയ്തു. തങ്ങളുടെ അവസാനത്തെ കൈയ്യേറ്റമെന്ന നിലയില്‍, ബുദ്ധനേയും ബുദ്ധന്റെ അനുശാസനങ്ങളേയും തങ്ങള്‍ക്ക് പൂര്‍ണ്ണമായി നശിപ്പിക്കാനാകില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട് ബ്രാഹ്മണിക ശക്തികള്‍ ബുദ്ധനെ തങ്ങളിലേയ്ക്കു സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും വിഷ്ണുവിന്റെ പതിനാലാമത് അവതാരമാണ് ബുദ്ധനെന്നു പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തെ ശീതീകരണിയില്‍ വയ്ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്‍ മുതല്‍ കന്യാകുമാരിവരെ മഹാനായ അശോകചക്രവര്‍ത്തി 84000 ബുദ്ധ വിഹാരങ്ങളും ബുദ്ധിസ്റ്റ് സ്തൂപങ്ങളും നിര്‍മ്മിക്കുകയുണ്ടായി. അനന്തര കാലഘട്ടത്തില്‍ അവയെല്ലാം ബ്രാഹ്മണയാഥാസ്ഥിതികരാലും ഇസ്ലാം യാഥാസ്ഥിതികരാലും നശിപ്പിക്കപ്പെടുകയോ ക്ഷേത്രങ്ങളോ പള്ളികളോ ആയി മാറ്റപ്പെടുകയും ചെയ്തു.

നശീകരണത്തിന്റെ ഒരു മാതൃകയെന്ന നിലയില്‍ ചൈനയിലെ സാംസ്‌ക്കാരിക വിപ്ലവകാലത്ത്, മാവോയുടെ നേതൃത്വത്തിലുള്ള ചൈനയിലെ ദേശീയ ഗവണ്‍മെന്റ് 1949 നുശേഷം നടത്തിയ നശീകരണപ്രക്രിയയിലേയ്ക്കു നോക്കുന്നത് താല്‍പര്യജനകമാണ്. സാംസ്‌ക്കാരിക വിപ്ലവകാലത്ത് മാവോ എഴുതിയതെന്നു വിശ്വസിക്ക പ്പെടുന്ന പ്രശസ്തമായൊരു പദ്യമുണ്ടായിരുന്നു. അതു പഠിപ്പിക്കുന്നത്:18

'ഒരു ബുദ്ധനെന്നാല്‍ എന്താണ്?
കളിമണ്ണിലുള്ള ഒരു ശരീരം,
ശൂന്യമായ രണ്ടു നേത്രങ്ങളും
ഒരു ദിവസം മൂന്നു ഭക്ഷണം
അദ്ദേഹത്തില്‍ ഉപയോഗശൂന്യമാകുന്നു
നാലു ക്ഷീണിച്ച അംഗങ്ങളും
അഞ്ചു ധാന്യങ്ങള്‍ക്കു പേരിടാന്‍ അയാള്‍ക്കു കഴിയില്ല
അയാളുടെ അടുത്ത ആറു ബന്ധുക്കളെ അയാള്‍ക്കറിയില്ല
അയാളോടു നാമെന്തു ചെയ്യണം?
തകര്‍ക്കവനെ!'

ലോകപ്രശസ്തനായ സഞ്ചാരിയും ബുദ്ധന്റെ ഉറച്ച ശിഷ്യനുമായിരുന്ന ഹുയാന്‍ സാങ് എന്ന് പൊതുവേ അറിയപ്പെടുന്ന ക്‌സുയന്‍സങ്, രാജാ ഹര്‍ഷന്റെ കാലഘട്ടമായ എ.ഡി.627 ല്‍, വിശുദ്ധമായ ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നതിനും ബുദ്ധിസ്റ്റ് സങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്ന തിനുമായി താന്‍ നടത്തിയ 5000 ത്തിലധികം മൈല്‍ നീണ്ട യാത്രയുടെ വിവരണങ്ങള്‍ക്കിടയില്‍ ബുദ്ധിസത്തെ അപരിഷ്‌കൃത മാംവിധം നശിപ്പിച്ചതിന്റെ നിരവധി വിശദാംശങ്ങളും നല്‍കുന്നുണ്ട്.19 ബുദ്ധിസത്തിനെ നശിപ്പിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെ കൂറ്റന്‍ ബുദ്ധപ്രതിമകളെ നശിപ്പിച്ച താലിബാന്റെ പ്രവൃത്തി.

ഇന്ത്യയില്‍ ബ്രാഹ്മണിസത്തിന്റെ സ്വേച്ഛാധിപത്യത്തെ ശാശ്വതീകരിക്കുന്ന തിനായി പുതിയ ഇതിഹാസങ്ങള്‍ക്കു പുറമേ പുതിയ മതസാഹിത്യ ങ്ങളും സൃഷ്ടിക്കപ്പെടുകയുണ്ടായി. സാമൂഹ്യവും സാംസ്‌ക്കാരികവുമായ നിരോധനങ്ങള്‍ക്കു പുറമേ നീതിരഹിതമായ ഒരു ബ്രാഹ്മണിക്കല്‍ ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും അതിന്റെ എല്ലാ നഗ്നതകളോടും കൂടി ബ്രാഹ്മണ്യസാമൂഹ്യക്രമം സൃഷ്ടിച്ചു.

ബ്രാഹ്മണിസം ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റുവെന്നും എന്നാല്‍ ബുദ്ധിസം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നതും വസ്തുതയാണ്. ബുദ്ധിസത്തിനുമേല്‍ ബ്രാഹ്മണിസത്തിനുള്ള ജന്മസിദ്ധമായ ഒരു മേല്‍ക്കോയ്മയാണോ അത്? അല്ല. 'ഇരുവരുടേയും പൗരോഹിത്യ ത്തിന്റെ സവിശേഷമായ പ്രത്യേകത കൊണ്ടാണത്. ബുദ്ധിസം മരിച്ചത് അതിന്റെ മുഖ്യ പുരോഹിതര്‍ മരിച്ചതിനാലാണ്. അതു സൃഷ്ടിക്കുക സാധ്യവുമല്ല. എന്നാല്‍ ബ്രാഹ്മണിസമാകട്ടെ തോല്‍പ്പിക്കപ്പെട്ടെങ്കിലും ഒരിക്കലും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടില്ല. ജീവിച്ചിരിക്കുന്ന ഓരോ ബ്രാഹ്മണനും ഒരു പുരോഹിതനാവുകയും മരിച്ച ഓരോ ബ്രാഹ്മണ പുരോഹിതന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.'20 എന്നിരുന്നാലും 1956 ല്‍ ഡോ. ബി.ആര്‍.അംബേദ്ക്കര്‍ നടത്തിയ വമ്പിച്ച മതപരിവര്‍ത്ത നത്തിനൊപ്പം, ബുദ്ധിസം ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അടുത്തകാലത്തായി ലോകമെമ്പാടും പുത്തന്‍ സ്വീകാര്യത നേടിയെടുക്കു കയും ചെയ്തുകൊണ്ടിരിക്കുന്നു.

അങ്ങനെ ലോകചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ഒന്നാണ് ബുദ്ധിസ്റ്റ് വിപ്ലവം. 'ലോകത്തിലെ മഹാപുരുഷന്മാര്‍ക്കിടയില്‍ ബുദ്ധന്‍ ഒരു സവിശേഷസ്ഥാനം അലങ്കരിക്കുന്നു. അദ്ദേഹം തന്റെ അന്വേഷണ ങ്ങള്‍ ആരംഭിച്ചത് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തിനായാണ്. അല്ലാതെ ദൈവത്തിന്റെ അസ്തിത്വത്തെ അന്വേഷിച്ചല്ല. അതുപോലെ ആ പ്രശ്ത്തിന് പരിഹാരം ലഭിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ത്വര അവസാനിക്കുകയും ചെയ്തു. ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചോ അസ്തിത്വത്തിനെക്കുറിച്ചോ അദ്ദേഹം വ്യാകുലചിത്തനായിരുന്നില്ല. എണ്ണിയാലൊടുങ്ങാത്ത ദേവീദേവന്മാരില്‍ വിശ്വസിച്ചിരുന്ന ഇന്ത്യയുടെ മതപരമായ ജീവിതത്തില്‍ നിന്നും അദ്ദേഹം പൂര്‍ണ്ണമായും വിട്ടുമാറിനിന്നു.'21 ബുദ്ധന്റേയോ ബുദ്ധിസത്തിന്റേയോ അനുശാസനങ്ങള്‍ യേശുക്രിസ്തുവിന്റെ ആദ്യകാലജീവിതത്തേയും തദ്വാരാ ക്രിസ്തുമതത്തേയും സ്വാധീനിച്ചു. ലോകപ്രശസ്തമായ ബുദ്ധിസ്റ്റ് വിദ്യാകേന്ദ്രമായ തക്ഷശിലയില്‍ ജീസസിന്റെ സാന്നിദ്ധ്യത്തെ കാട്ടുന്ന തെളിവുകള്‍ അടുത്തിടെയായി പുറത്തുവന്നിട്ടുണ്ട്. 22 ബുദ്ധിസത്തിലുള്ള സീമാതീതമായ കാരുണ്യത്തിന്റെ സാക്ഷാത്ക്കാരം ക്രിസ്തുമതത്തില്‍ നന്നായി ദര്‍ശിക്കാം. ബുദ്ധനെ പോലെ തന്നെ യേശുക്രിസ്തുവും എല്ലാജീവജാലങ്ങളുടേയും, മനുഷ്യന്റേയും മൃഗങ്ങളുടേയും, ദുരിതങ്ങള്‍ സ്വന്തം ചുമലിലേറ്റുകയും അവരെ വിമോചനത്തിലേയ്ക്കു നയിക്കുകയും ചെയ്തു. യേശുക്രിസ്തുവിന്റെ അനുശാസനങ്ങളില്‍ ബുദ്ധിസ്റ്റ് ചിന്തകളുടെ സാന്നിദ്ധ്യത്തെ കാണിക്കുവാന്‍ നിരവധി തെളിവുകളുണ്ട്.23

ബുദ്ധന്റെ പ്രക്ഷോഭവും ബുദ്ധിസവും ഇന്ത്യാചരിത്രത്തില്‍ ഒരു പോരാട്ടമായിരുന്നുവെന്നത് സംശയരഹിതമാണ്. ഇപ്പോഴും ചില പണ്ഡിതര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വീക്ഷണം, 'ബുദ്ധനെ ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായും ബുദ്ധിസത്തെ ജാതിക്കെതിരെയുള്ള ഒരു പോരാട്ടമായും നോക്കിക്കാണുന്നത് തെറ്റാണ്'24 എന്നാണ്. അത്തരത്തിലു ള്ള തെറ്റായ വീക്ഷണഗതികളില്‍ ഒരാള്‍ ആകൃഷ്ടനാകേണ്ട ആവശ്യമില്ല. തീര്‍ച്ചയായും ഇന്ത്യയില്‍ ബുദ്ധനും ബുദ്ധിസവും ജാതിസ്ഥാപനത്തി നെതിരായ വിജയകരമായ ഒരു പോരാട്ടം നയിച്ചുവെന്നു മാത്രമല്ല, മറിച്ച് സാംസ്‌ക്കാരികമായി ഒരു ബദല്‍ ജീവിതശൈലിയെ പ്രദാനം ചെയ്യുകയും ചെയ്തു.

ബുദ്ധമതകാലഘട്ടം ഇന്ത്യന്‍ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു കാലഘട്ടമായിരുന്നു. 'ബുദ്ധന്‍ തുടക്കം കുറിച്ച ദേശവ്യാപകമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആയിരത്തിലധികം വര്‍ഷങ്ങളില്‍ രാജ്യത്തെ അതിന്റെ സ്വാധീനതയില്‍ നിലനിര്‍ത്തി. ശാസ്ത്രം, കല, വ്യവസായം, വ്യാപാരം, രാഷ്ട്രീയം,അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ എന്നിവയില്‍ അതിന്റെ മഹത്വപൂര്‍ണ്ണമായ നേട്ടങ്ങളുടെ സാക്ഷാത്ക്കാരം നമുക്കു ദര്‍ശിക്കാന്‍ കഴിയും.'25 ബ്രാഹ്മണരുടെ തരംതിരിക്കപ്പെട്ട സാമൂഹ്യക്രമത്തിന് എതിരായി അതൊരു മാനവിക സാമൂഹ്യക്രമം സൃഷ്ടിച്ചു. സത്താപരമായി ജാതിവ്യവസ്ഥയെ ഇല്ലാതാക്കുവാനുള്ള ഒരു മുന്നേറ്റമായിരുന്നു അത്. പ്രശസ്ത പാശ്ചാത്യ ചിന്തകനായ ഡോ. റിസ്‌ഡേവിസിന്റെ അഭിപ്രായത്തില്‍,'സാമൂഹ്യപദവികളുടേയും തരംതിരിവുകളുടേയും പരിണാമത്തില്‍ അത്തരത്തിലുള്ള എല്ലാ വിഷയങ്ങളെ സംബന്ധിച്ചുമുള്ള ബുദ്ധന്റെ വീക്ഷണം വിജയിച്ചിരുന്നു വെങ്കില്‍, പാശ്ചാത്യ രാജ്യങ്ങള്‍ മുന്നേറിയ അതേ രീതിയില്‍ത്തന്നെ ഇന്ത്യയും പോകുമായിരുന്നുവെന്നുമാത്രമല്ല, ഇന്ത്യയില്‍ ജാതിവ്യ വസ്ഥ ഒരിക്കലും സൃഷ്ടിക്കപ്പെടുകയുമില്ലായിരുന്നു.'26 നിര്‍ഭാഗ്യവശാല്‍ ബുദ്ധന്റേയും ബുദ്ധിസത്തിന്റേയും വിജയകരമായ പ്രക്ഷോഭങ്ങളെ ബ്രാഹ്മണിസത്തിന്റെ പ്രതിവിപ്ലവങ്ങള്‍ പിന്‍തുടരുകയും അതിന്റെ ഫലമായി ബുദ്ധനുശേഷമുള്ള കാലഘട്ടത്തില്‍ ജാതിയെന്ന സ്ഥാപനം കൂടുതല്‍ കരുത്തോടെ തിരിച്ചുവരികയും ചെയ്തു.

----------------------------------------------------------------
പരിഭാഷ: യു പി അനില്‍കുമാര്‍ 

ഒന്നാം അദ്ധ്യായം വായിക്കുക 
മൂന്നാം അദ്ധ്യായം ഒന്നാം ഭാഗം