"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

നാഷണല്‍ ആദി- ദ്രാവിഡ അലയന്‍സ് - കെ. കെ. കേശവന്‍

NADA  

ആദിമ ജനതയുടെ ആഢ്യത്വത്തിന്റെയും തദ്ദേശീയ ആധിപത്യത്തിന്റേയും സുവര്‍ണ്ണകാലം അട്ടിമറിച്ചുകൊണ്ട് അടിച്ചമര്‍ത്തലിനും പാര്‍ശ്വവല്‍ക്കരണത്തിനും വിധേയമാക്കിയ നൂറ്റാണ്ടുകള്‍ പിന്നിട്ട തടവറ ജീവിതത്തില്‍നിന്നും മോചിതമാകുന്ന പ്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. ഇന്ത്യയിലെ അടിസ്ഥാന ജനതയെ മുഴുവന്‍ അണിനിരത്തിക്കൊണ്ടുള്ള ഈ ഉജ്വല മുന്നേറ്റത്തിന് ചരിത്ര പരമായ അടിത്തറ സൃഷ്ടിച്ചുകൊണ്ട് ആദിദ്രാവിഡ അലയന്‍സില്‍ ഭാഗഭക്കാകുവാന്‍ ഏവരേയും ക്ഷണിക്കുന്നു. ജാതി- ഉപജാതി- മത അയിത്ത ചിന്തകളും വിഭാഗീയതയും കൈവെടി ഞ്ഞ് അധഃസ്ഥിത ജനതയുടെ പൊതു നന്മയ്ക്കായി ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചി രിക്കുകയാണ്.

അധഃസ്ഥിതന്റെ സംഘശക്തിയും സമരവീര്യവും കാര്‍ഷിക സമര വിജയത്തിലൂടെ ലോകത്തിനു മുമ്പില്‍ തെളിയിച്ച ക്രാന്തദര്‍ശിയായ മഹാത്മാ അയ്യന്‍കാളി തന്റെ ജനതയുടെ സാമൂഹ്യമോചനവും സമഗ്ര വികസനവും സാധ്യമാക്കുവാന്‍ രൂപം കൊടുത്ത സാധുജന വിമോചന സംഘത്തെ പില്‍ക്കാലത്ത് ശിഥിലമാക്കിയ അനൈക്യവും നെറികേടും നന്ദിയില്ലായ്മയും ആ പിതാമഹന്റെ ഹൃദയത്തിലേല്‍പ്പിച്ച ആഘാതവും മുറിവുമായ് അലയുന്ന ആത്മാവിന് നിത്യശാന്തി നല്‍കുന്ന പ്രായശ്ചിത്ത മായും ഈ മുന്നേറ്റത്തെ ദിവ്യാത്മാവിനു മുന്നില്‍ സമര്‍പ്പിക്കുവാന്‍ ഈ ഐക്യപ്രസ്ഥാനത്തിലൂടെ നമുക്ക് കഴിയണം.

ബഹുജന വികസന രാഷ്ട്രീയ നയം ദുര്‍ബ്ബലമാക്കിയ ജാതി മത- സമുദായ- സമ്മര്‍ദ്ദ- രാഷ്ട്രീയം നാടുഭരിച്ച് പൊതു വിഭവ- അവസര- സാമ്പത്തിക ശ്രേണികള്‍ സ്വജനപക്ഷപാദി നേതാക്കള്‍ മത്സര ബുദ്ധിയോടെ വീതം വെയ്ക്കുമ്പോള്‍ നെടുവീര്‍പ്പും നെഞ്ചിടിപ്പുമായി പതിറ്റാണ്ടുകള്‍ തള്ളി നീക്കിയ ആദിമ വര്‍ഗ്ഗം ഉന്നും വെറും നോക്കുകുത്തികളായി അവശേ ഷിക്കുന്നു. ഇതിന് വിരാമമിട്ടുകൊണ്ട് അടിസ്ഥാന ജനത തിരിച്ചറിവിന്റെ വിസ്‌ഫോടനത്താല്‍ വിഭാഗീയതയുടെ നിരര്‍ത്ഥക വീക്ഷണത്തില്‍ പൊളിച്ചെഴുത്തു നടത്തി ഐക്യത്തിന്റെ വിജയഗാഥ രചിക്കുവാന്‍ സംഘടി ക്കണം. ഈ വിഭാഗം ജനതയുടെ ഭരണഘടനാധിഷ്ഠിതമായ രാഷ്ട്രീയാധികാര പങ്കാളിത്തം എന്ന അവകാശം നമുക്കു മുമ്പില്‍ വരേണ്യവര്‍ഗ്ഗം കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ അധഃസ്ഥിതന്റെ അതിജീവനം എന്നും അനിശ്ചിതത്തില്‍ തുടരുക തന്നെ ചെയ്യും. രാഷ്ട്രീയാധികാര പങ്കാളിത്തം എന്ന ബാബാ സാഹിബ് ഡോ. ബി. ആര്‍. അംബേദ്ക്കറുടെ സ്വപ്നം സാക്ഷാത്കരിക്കാനും ദ്രാവിഡാധിഷ്ഠിത മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനുമായി അടിസ്ഥാന ജനതയെ ഒരുക്കുകയെന്നതാണ് നാഷണല്‍ ആദി- ദ്രാവിഡ അലയന്‍സിന്റെ മുഖ്യലക്ഷ്യം.

നാഷണല്‍ ആദി-ദ്രാവിഡ അലയന്‍സിന്റെ നയരേഖ അവതരണവും സമ്മേളനവും വൈക്കം വ്യാപാരഭവന്‍ ഹാളില്‍ നടന്നു. ഡോ. അനീഷ്‌കുമാര്‍ (അസി. ഡയറക്ടര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള- കാസര്‍ഗോഡ്) ഉദ്ഘാടനം ചെയ്തു. കെ. കെ. കേശവന്‍ അദ്ധ്യക്ഷത നിര്‍വഹിച്ചു. എന്‍. രവീന്ദ്രന്‍, ഇ. പി. ഭാസ്‌ക്കരന്‍, എം. വി. അംബുജാക്ഷന്‍, എം. പി. രാജന്‍, കെ. കെ. ശശി, സി. കെ.തങ്കപ്പന്‍, തിലകമ്മ പ്രേംകുമാര്‍, പ്രകാശ് കോതനല്ലൂര്‍, സുകുമാരന്‍ തൊടുപുഴ, സജിമോന്‍, ദേവാചാര്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ. കെ. കേശവന്‍
9446178485