"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തലമുറകള്‍ :10 - ടി എച്ച് പി ചെന്താരശ്ശേരി

കാലത്തിന്റെ ഞൊറികള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്ന നിഗൂഢതകള്‍ ജയദേവനു ചിന്താവിഷയമായി. പല രഹസ്യങ്ങളുടെയും താക്കോല്‍ തന്റെ കൈവശമെത്തിക്കഴിഞ്ഞു. ആദ്യമായി ലഭിച്ചതു തന്റെ തകര്‍ന്ന തറവാടിന്റെ അടിത്തറയില്‍ നിന്നും. മറ്റൊന്ന് ബാലകൃഷ്ണന്‍ നായരുടെ തറവാട്ടില്‍ നിന്നും. ഒടുവിലിതാ തിരുവാഴ്മലയിലെ അരയാല്‍ ശിഖരത്തിന്റെ ഗര്‍ഭത്തില്‍ നിന്നും ഒരു ചെമ്പുതകിട്. ജില്ലാകളക്ടറുടെ രഹസ്യപ്രവര്‍ത്തകര്‍ ആശ്രമത്തില്‍ കടന്നുകൂടി തട്ടിയെടുത്തതാണ് ആ ചെമ്പുതകിട്. എന്തെന്തു കഥകളായിരിക്കും ആ രഹസ്യ രേഖകള്‍ക്കു പറയുവാനുണ്ടായിരിക്കുക.
ലഭ്യമായ രേഖകളുടെ വില കുറച്ചു കാണാന്‍ ജയദേവനു കഴിയുന്നില്ല. ആദ്യം ലഭിച്ചവ ഏതാണ്ട് അഞ്ഞൂറില്‍ പരം കൊല്ലങ്ങള്‍ പഴക്കമുള്ളതുണെന്നു കരുതാം. ചരിത്രത്തിന്റെ ഇരുളടഞ്ഞ ഉള്ളറ കളിലേക്കു തിരിനാളം തെളിക്കാനാവുന്ന വസ്തുതകള്‍ അവന് നല്‍കാതിരിക്കില്ല. മൂന്നാംരേഖ ഒരു അഗ്നി പര്‍വ്വത സ്‌ഫോടനം കണക്കേ. അതിന്റെ കടമ നിര്‍വഹിക്കുമെന്നാണ് തോന്നുന്നത്.
രേഖകളെല്ലാം വളരെ രഹസ്യമായി ഒരു പെട്ടിയില്‍ വച്ചു പൂട്ടി. അതു സേഫില്‍ സൂക്ഷിച്ചു വയ്ക്കാന്‍ കയ്യിലെടുത്തു. മാധുരി അടുത്തുചെന്നു. ഭദ്രമായി വയ്ക്കാന്‍ പോകുന്ന രഹസ്യം എന്തായിരിക്കും. ഒന്നും പറയാതെ അദ്ദേഹം അതു സേഫില്‍ വയ്ക്കാനൊരുങ്ങി.
എന്താ വളരെ രഹസ്യമായി.... വല്ലനിധിയുമായിരിക്കും....
നിധിതന്നെയാണ്... മാധുരി ഉദ്ദേശിക്കും പോലെ സ്വര്‍ണ്ണമോ ഒന്നുമല്ല.
പിന്നെ എന്താണത്... എനിക്കറിയാന്‍ പാടില്ലാത്തതാണോ.
അവര്‍ സ്‌നേഹമസൃണമായി ആരാഞ്ഞു.
അതേ..... ഞാനല്ലാതെ തല്ക്കാലം മറ്റാരും അറിയാന്‍ പാടില്ല... പരസ്യമാക്കേണ്ടതായ ഒരു സന്ദര്‍ഭം ഉണ്ടാകും. അന്നു മധുരിക്കും അറിയാം. എന്താ എന്നില്‍ നിന്നും ഒളിച്ചു വയ്‌ക്കേണ്ടതായ അത്ര വലിയ രഹസ്യം?
ഞാന്‍ പറഞ്ഞില്ലേ മാധുരീ... നമ്മുടെ ദാമ്പത്യ ബന്ധത്തെ ബാധിക്കുന്ന ഒരു കാര്യവും ഇതിലില്ല. എന്റെ വ്യക്തിപരമായ കാര്യവുമില്ല. നാം അറി യാതെ തന്നെ എന്തെല്ലാം മാരണങ്ങള്‍ നമ്മെ വലയം ചെയ്യുന്നു.
നമ്മെ വലയം ചെയ്യുന്നതെന്നോ....?
സമൂഹത്തെ ആകമാനം ചുറ്റിപ്പിടിച്ചിരിക്കുന്ന ചില കിനാവള്ളികള്‍ അദൃശ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ തനിനിറത്തിലേക്കു പകല്‍ വെളിച്ചം വീശാന്‍ കെല്പുള്ള ചില രേഖകളാണ് ഇതിലുള്ളത്.
അങ്ങു പറയുന്നതൊന്നും എനിക്കു പിടികിട്ടുന്നില്ല. എങ്ങും തൊടാതെ....
ഇപ്പോള്‍ മനസ്സിലാക്കാതിരിക്കുന്നതാണ് നല്ലത്.
ഇതെന്തുപാട്. ഒരു ഭാര്യക്കറിയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ ഭര്‍ത്താവിനുണ്ടോ... ഔദ്യോഗികമാണെങ്കില്‍.
പറഞ്ഞല്ലേ മാധുരീ. ഇതു ഭാര്യാഭര്‍ത്താക്കന്മാരെ സ്പര്‍ശിക്കുന്നതല്ലെന്ന്. എന്റെ ഔദ്യോഗിക കാര്യങ്ങളുമായി കുറേയെല്ലാം ബന്ധമുള്ളവയും ഇതിലുണ്ട്.
ങ്‌ഹേ.... ഔദ്യോഗിക കാര്യമറിഞ്ഞാലെന്താ?
ഔദ്യോഗികവും ഗാര്‍ഹികവും രണ്ടും രണ്ടാണ്. ഔദ്യോഗിക കാര്യങ്ങള്‍ ഭവനത്തില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. മാത്രമല്ല, സ്ത്രീകള്‍ക്കു രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പലപ്പോഴും കഴിയാതെ വരും. അതപകടമാണ്.
എല്ലാ സ്ത്രീകളും അങ്ങനെയല്ല.
ഞാന്‍ തര്‍ക്കിക്കുന്നില്ല.
ഞാന്‍ നിര്‍ബന്ധിക്കുന്നുമില്ല. സ്ത്രീയെന്നു പറഞ്ഞാല്‍ രഹസ്യങ്ങളറിയാന്‍ ജിജ്ഞാസയുള്ളവളാണ്. അങ്ങനെ ചോദിച്ചുവെന്നേയുള്ളൂ പൊന്നേ..... ആ.... അതാ അങ്ങോട്ടു നോക്കൂ... ഒരു പോലീസുവാന്‍ ഗേറ്റിലെത്തിയെന്നു തോന്നുന്നു. അതു ഡി.എസ്.പി.യായിരിക്കും. ഞാനങ്ങോട്ടുചെല്ലട്ടെ.

ജയദേവന്‍ രഹസ്യരേഖകള്‍ സേഫില്‍ വച്ചു പൂട്ടി. താക്കോല്‍ മാധുരിയെ ഏല്പിച്ചു. ഭാര്യയെ താക്കോല്‍ ഏല്പിച്ചാലും കുഴപ്പമില്ല. പെട്ടി പൂട്ടിയത് അക്കപ്പൂട്ടുകൊണ്ടാണ്.
ഡി.എസ്.പി. സല്യൂട്ടു ചെയ്തു അങ്കണത്തില്‍ പ്രവേശിച്ചു. ഗേറ്റില്‍ നിന്നും അല്പം അകലെ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ഒരാള്‍. അയാളെ അതിനു മുമ്പും അവിടെ കണ്ടിട്ടുണ്ട്. മറ്റു പലയിടങ്ങളില്‍ വച്ചും. അയാള്‍ ജയദേവനെ പിന്തുടരുന്ന ഒരാളല്ലേ. ഇതിനു മുമ്പും അദ്ദേഹത്തിനു സംശയം തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അറിഞ്ഞ ഭാവമേ നടിക്കേണ്ട. എന്തെങ്കിലും രഹസ്യം കാണാതിരിക്കയില്ല. ജയദേവന്‍ മനസ്സില്‍ കരുതി.
കളക്ടറും ഡിഎസ്പിയും ആഫീസുമുറിയില്‍ പ്രവേശിച്ചു. ശബ്ദം വെളിയില്‍ പോകാന്‍ പഴുതില്ലാത്ത മുറി. വാതിലടച്ചു. പതിഞ്ഞ സ്വരത്തി ലാണ് സംഭാഷണം.
സാര്‍, പതിനഞ്ചുപോലീസുകാര്‍ ഭക്തന്മാരുടെ വേഷത്തില്‍ ആശ്രമവാസികളായി കഴിയുന്നുണ്ട്. എല്ലാവരും അന്നന്നു തന്നെ റിപ്പോര്‍ട്ടുകള്‍ നല്കുകയും ചെയ്യുന്നു. എന്തെങ്കിലും തുമ്പു ലഭിച്ചിട്ടുണ്ടോ?
ധാരാളം വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു.
എന്തെല്ലാമാണ്.
നമ്മള്‍ അന്നു സംസാരിച്ച കാര്യങ്ങളില്ലേ... അതെല്ലാം നേരാണെന്നാണ് റിപ്പോര്‍ട്ടു.
എങ്കിലും ഏതെങ്കിലും രേഖ?
ഉണ്ട്.... ചിലതെല്ലാം ലഭിച്ചിട്ടുണ്ട്. ചില കത്തിടപാടുകളും.
ആശ്രമത്തിന്റെ പൊതുവിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ?
ചിലതെല്ലാം. ആശ്രമ വാസികള്‍ക്കു പ്രവേശനമില്ലാത്ത പലഭാഗങ്ങളും ആശ്രമത്തിലുണ്ട്.
ഏതെല്ലാമാണവ?
ഒന്നാമതായി അവിടത്തെ ആശുപത്രി. അതൊരു വിചിത്രസങ്കേതമാണ്.
അതിനെന്താണ് പ്രത്യേകത?
സാധാരണയായി രോഗിചികിത്സയാണ് ആശുപത്രികൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍...
എന്നാല്‍?
ജയദേവനു അല്പം ജിജ്ഞാസയുണ്ടായി.
അതിനകത്തു ചില തടവറകളുണ്ട്.
തടവറകളോ?
അതേ സാര്‍... ആശ്രമവാസികള്‍ സംശയിക്കപ്പെട്ടാല്‍ അവര്‍ ബോധക്ഷയത്തിനു അടിമകളാക്കപ്പെടും. പിന്നീട് അവരെ താമസിപ്പിക്കുന്നതു ആ തടവറകളിലാണ്. അവിടെ അന്യര്‍ക്കു പ്രവേശനമില്ല. മറ്റാരും അയാളെപ്പറ്റി അന്വേഷിക്കാറുമില്ല.
നമ്മുടെ ആളുകളില്‍ ആര്‍ക്കെങ്കിലും ഈ അനുഭവമുണ്ടായോ?
ഒരാള്‍ക്കുണ്ടായപ്പോഴാണ് റിപ്പോര്ട്ടുകിട്ടിയത്.
അയാളുടെ കാര്യം?
തല്ക്കാലം ഒന്നും ചെയ്യാനില്ല. കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കുവാന്‍ ബാക്കിയുള്ളവര്‍ക്കു നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
മറ്റുള്ള രഹസ്യ ഭാഗങ്ങള്‍ ഏതെല്ലാമാണ്?
ഭഗവാന്റെ താമസസ്ഥലത്തു അന്യര്‍ക്കു പ്രവേശനമില്ല. താടിയും മുടിയും വളര്‍ത്തിയ ഭക്തന്മാരും ചില സ്ത്രീകളും മാത്രമേ അവിടെ പ്രവേശിക്കാറുള്ളൂ. അവിടേക്കുള്ളൂ മാര്‍ഗ്ഗം ആശ്രമത്തിന്റെ പുറകില്‍ കൂടിയാണ്. വളരെ രഹസ്യവുമാണ്. പൊതു ചടങ്ങുകളില്‍ സംബന്ധിക്കാന്‍ മാത്രമേ ഭഗവാന്‍ മുന്‍വാതിലിലൂടെ വരാറുള്ളൂ.
രഹസ്യമാര്‍ഗ്ഗം എവിടെയാണ് അവസാനിക്കുന്നത്?
അതു തീര്‍ത്തു പറയാറായിട്ടില്ല. ഏതാണ്ട്. അന്‍പതേക്കര്‍ സ്ഥലത്തിന്റെ പകുതി ഭാഗവും കാടുകയറിക്കിടക്കുകയാണ്. കാട്ടിനകത്തും ചില കെട്ടിടങ്ങളും ഗുഹാമാര്‍ഗ്ഗങ്ങളുമുണ്ട്. ആ കെട്ടിടങ്ങളില്‍ ഏതിലെങ്കിലുമായിരിക്കും.
അവിടത്തെ വഴികളെങ്ങനെ?
ജീപ്പോടിക്കാവുന്നവ പലതുണ്ട്.
ശരി.... പിന്നെ ഒരു കാര്യംകൂടി... എന്റെ ഗേറ്റിന്റെ എതിര്‍വശത്തു ഒരാള്‍ നില്ക്കുന്നുണ്ട്. ശ്രദ്ധിച്ചു കൊള്ളണം. കണ്ടതായി നടിക്കേണ്ട. അതുപോലെ പലരും സിറ്റിയില്‍ കറങ്ങി നടക്കുന്നുണ്ട്. എല്ലാം പോലീസിന്റെ ചലനം നിരീക്ഷിച്ചുകെണ്ടാണ്. ആരെയും തല്ക്കാലം ചോദ്യം ചെയ്യേണ്ട.
സാര്‍
മറ്റൊരു കാര്യം കൂടി പറയാനുണ്ട്. മി. ബാലകൃഷ്ണന്‍ നായരെ അറിയാമല്ലോ ലക്ചറര്‍.
അറിയാം സാര്‍.
അയാളെ ആരും കയ്യേറ്റം ചെയ്യാതെ ശ്രദ്ധിച്ചു കൊള്ളണം. കാരണം അറിയാമല്ലോ.
അറിയാം സാര്‍
ശരി.
ഡി.എസ്.പി.സല്യൂട്ടു ചെയ്തു ഇറങ്ങിപ്പോയി. അതേ സമയത്തുതന്നെ ഗേറ്റിന്റെ എതിര്‍വശത്തു നിന്നവനും ടാക്‌സിയില്‍ കയറി സ്ഥലംവിട്ടു. അപ്പോഴും ജയദേവനു സംശയം തോന്#ി. ഇവിടെ എവിടെയെങ്കിലും ടേപ്പ് റെക്കാര്‍ഡര്‍ സ്ഥാപിച്ചിട്ടുണ്ടോ. സംസാരിക്കുന്നതെന്താണെന്നറിയാനാണോ അയാള്‍ കാത്തുനിന്നത്.
തന്റെ വസതിക്കു പോലീസ് കാവല്‍ ഇല്ല. ആവശ്യമുണ്ടെന്നു തോന്നിയിരുന്നില്ല. ഇനിമേല്‍ അതു ആവശ്യമാണെന്നു തോന്നുന്നു. രഹസ്യം ചോര്‍ത്തിയെടുക്കാന്‍ ആളുകള്‍ ഉണ്ടാകുമ്പോള്‍ കരുതലും ആവശ്യമാണ്.
കുറേ കഴിഞ്ഞപ്പോള്‍ ഡി.എസ്.പി. ഒരു വാടകക്കാറില്‍ അതുവഴി കടന്നുപോയി. അദ്ദേഹം ചാരനെ അനുധാവനം ചെയ്യുകയായിരിക്കണം. അവന്‍ ടാക്‌സിയില്‍ കയറുന്നതു ചുറ്റും കണ്ണുള്ള ആ പോലീസാഫീസര്‍ കണ്ടിരിക്കണം.
പതിനഞ്ചു മിന്നിറ്റു കഴിഞ്ഞപ്പോള്‍ ഒരു ടാക്‌സിയില്‍ ഡി.എസ്.പി. വീണ്ടും കലക്ടറുടെ വസതിയിലെത്തി. എതിര്‍ വശത്തു നിന്നിരുന്ന ചാരനും അതിലുണ്ടായിരുന്നു. അവന്റെ പക്കല്‍ നിന്നെടുത്ത ചില കടലാസുകളും മറ്റും ഡി.എസ്.പി. യുടെ കൈവശമുണ്ട്.
സാര്‍.... ഇവനെ പിടിച്ച വിവരം ആരും അറിഞ്ഞിട്ടില്ല.
ടാക്‌സി ഡ്രൈവര്‍ ഞാന്‍ നിയോഗിച്ചു ഒരു പോലീസുകാരന്‍ തന്നെയാണ്. ഇവനെ എനിക്കു നേരത്തേ സംശയമുണ്ടായിരുന്നു. ഏതായാലും രഹസ്യമായി കസ്റ്റഡിയില്‍ വയ്ക്കാന്‍ പോവുകയാണ്.
അതാവശ്യമാണ്. എല്ലാം ചോദിച്ചറിഞ്ഞു വിവരം പറയണം.
ശരി സാര്‍.... ഒരു കാര്യം കൂടി സാര്‍ ശ്രദ്ധിച്ചോ എന്നറിയില്ല.
സൂക്ഷ്മദൃക്കായ ആ പോലീസുദ്ദ്യോഗസ്ഥന്‍ തിരക്കി. എന്താണ്?
ആ ജനലിന്റെ അടുത്തുകൂടി ഇട്ടിരിക്കുന്ന എര്‍ത്തുവയര്‍ സാര്‍ ശ്രദ്ധിച്ചോ. അതിന്റെ കൂടെ മറ്റൊരു ചെറിയ കമ്പി കിടക്കുന്നതു എന്താണെന്നറിയാമോ?
ഇല്ല... ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.
നമ്മള്‍ പറഞ്ഞതെല്ലാം ഇവന്‍ കേട്ടിരിക്കുന്നു.
അതെല്ലാം ഇന്‍ കുറിച്ചു വച്ചതാണ് ഈ കടലാസുകള്‍.
ഓ... അങ്ങനെയോ...
ഇയാളെ എവിടെ വച്ചു പിടിച്ചു?
ടാക്‌സിക്കാരന്‍ അധിക ദൂരം പോയിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്തു മൂത്രമൊഴിക്കാനെന്ന നാട്യത്തില്‍ ഡ്രൈവര്‍ കാര്‍ നിറുത്തിയിരുന്നു - ഞാന്‍ ചെല്ലുന്നതുവരെ.
ഇയാളെ വിട്ടാല്‍ രഹസ്യം പുറത്താകും.
ഇവന്‍ ആളൊട്ടും മോശമല്ല. സാര്‍... റിവോള്‍വര്‍ പ്രയോഗിക്കാന്‍ ഇവന്‍ ഒരു ശ്രമം നടത്താതിരുന്നില്ല. ഏതായാലും രാജ്യരക്ഷാ ചട്ടമനുസരിച്ച് കസ്റ്റഡിയില്‍ വയ്ക്കാം.
അങ്ങനെയാകട്ടെ... പിന്നെ അടുത്തകപ്പല്‍ എന്നാണ് മീനാന്തുറയില്‍ അടുക്കുന്നത്?
ഈ മാസത്തില്‍ തന്നെയുണ്ട്. മിക്കവാറും അവസാന ആഴ്ചയില്‍.
അന്നു കൂടുതല്‍ ശ്രദ്ധയുണ്ടായിരിക്കണം. കസ്റ്റംസ്‌കാരെ തല്ക്കാലം ഇടപെടുവിക്കേണ്ട. പബ്ലിസിറ്റി ഇക്കാര്യത്തില്‍ ആവശ്യമില്ലല്ലോ.
ശരിസാര്‍... ഒരു സംഗതി കുടി അറിയിക്കാന്‍ വിട്ടുപോയി.
അതെന്താണ്?
ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടാണ് സാര്‍.
ഇപ്പോള്‍ ഭക്തജനങ്ങളില്‍ നിന്നും ഒരു പൈസപോലും സംഭാവനയിന ത്തില്‍ ആശ്രമത്തിനു നല്‌കേണ്ടതില്ല. നേര്‍ച്ചയിനത്തിലുള്ള വരുമാനം മതിയെന്നു കൂടി ആശ്രമ നിയമത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.
എന്ത്.... ധനശേഖരം വേണ്ടെന്നു വച്ചോ?
അതേ സാര്‍... ആശ്രമത്തിന്റെ പേരും പറഞ്ഞ് ഒരു പിരിവും നടത്താന്‍ അവര്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. പ്രതിഫലമില്ലാത്ത ജനസേവനമാണ് അവരുടെ ലക്ഷ്യം.
ഓ... ശൂന്യതയില്‍ കൈവീശി പിടിച്ചെടുക്കാമെന്നായിരിക്കും.
അതു നമുക്കറിയാവുന്നതല്ലേ...
അങ്ങനെ സംഗതികള്‍ നമുക്കനുകൂലമായിത്തിരിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആശ്രമത്തിലേക്കുള്ള ജനത്തിരക്കു വര്‍ദ്ധിച്ചിരിക്കുമല്ലോ.
സംശയിക്കാനില്ല. അവിടെ ചെല്ലുന്ന സഹായാര്‍ത്ഥികളായ ഭക്തന്മാര്‍ക്കു ചില്ലറ ധനസഹായങ്ങളും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്കെല്ലാം സൗജന്യ ഭക്ഷണവും താമസ സൗകര്യവും.
ആശുപത്രിയിലെ ചികിത്സയ്ക്കും പ്രതിഫലം വേണ്ടെന്നു വച്ചോ.
അതേ... അക്ഷരാര്‍ത്ഥത്തില്‍ ആതുര സേവനം തന്നെയാണ് നടക്കുന്നത്. സൗജന്യ ചികിത്സ.
ഒരു സംശയം.... പലരോഗങ്ങളും ആശിര്‍വദിച്ചു രേഖപ്പെടുത്താന്‍ കഴിവുണ്ടെങ്കില്‍ പിന്നെ ആശുപത്രിയുടെയും മരുന്നിന്റെയും ആവശ്യമെന്താണ്? അത്.....
അതു അങ്ങുദ്ദേശിക്കുന്നതുതന്നെ. ഏതിനും ഒരു മറവേണമല്ലോ.