"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

തലമുറകള്‍ : 11 - ടി എച്ച് പി ചെന്താരശ്ശേരി

ആഞ്ഞടിക്കുന്ന ശീതക്കാറ്റ് മുഖത്തുരസിയപ്പോഴാണ് ജയദേവന്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്. കാര്‍ കോത റോഡിലെത്തിക്കഴിഞ്ഞിരുന്നു. പടിഞ്ഞാറ് നോക്കെത്താത്ത പാടത്തിനെക്കരെ നിന്നും തടസ്സമെന്യേ കടന്നു വരുന്ന മാരുത തിരകള്‍ എത്ര ആശ്വസ പ്രഭമാണ്. ഇനിയും കഷ്ടിച്ച് മൂന്നു മൈല്‍ ദൂരമേയുള്ളൂ ഡോ. ജയിംസിന്റെ വീട്ടിലേക്ക്. ചെല്ലുന്ന വിവരം കാലേകൂട്ടി അറിയിച്ചിരുന്നതാണ്. കാത്തിരിക്കുമെന്നു മറുപടിയും കിട്ടി.
എന്താണ് ഡോ. ജയിംസിനോടു പറയേണ്ടത്. എങ്ങനെ തുടങ്ങണം. ഇതെല്ലാം മനസ്സില്‍ തയ്യാറെടുപ്പു നടത്തണം. വിവാഹകാര്യമാണ്. ആദ്യം പറയേണ്ടത്. വേണ്ട. അതു പിന്നീടുമതി. മറ്റുകാര്യങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍ താന്‍ ജയിച്ചു.
ജയിംസ് തന്റെ വരവും കാത്തു മട്ടുപ്പാവില്‍ തന്നെയുണ്ട്.
മായാലോകത്തൊരു രമ്യഹര്‍മ്മം. അമ്പലപ്പറമ്പില്‍ മുത്തുക്കുട നിവര്‍ത്തുന്നതുപോലെ മനോഹരമാണ് ആ ബംഗ്ലാവ്. തികച്ചും ആധുനികമായ സജ്ജീകരണമോടിയുള്ള ഒരു ഭവനം.
ജയദേവന്‍ കാറില്‍ നിന്നിറങ്ങിയതു സുവര്‍ണ്ണ മണല്‍ വിരിച്ച മുറ്റത്താണ്. ചെടികള്‍ കൊണ്ടലങ്കരിച്ച വിശാലമായ മുറ്റം. അദ്ദേഹം ആ മണിമന്ദിരത്തിന്റെ മുന്‍ഭാഗമാകെയൊന്നു കണ്ണോടിച്ചു. ഒരു രാജകീയ ഹര്‍മ്മ്യം.
ഉമ്മറത്തെ ചവിട്ടുമെത്തയില്‍ പാദസ്പര്‍ശം നടത്തിയപ്പോള്‍ തന്നെ നിറ പാത്രത്തില്‍ മഴത്തുള്ളി വീഴുന്ന ലാഘവത്തോടെ ഒരു ബല്ല് എവിടെയോ മുഴങ്ങി. കേള്‍ക്കാള്‍ ഇമ്പമുള്ള ശബ്ദം. അതിന്റെ അലകള്‍ ആഗതന്റെ ഹൃദയത്തില്‍ അലിഞ്ഞിറങ്ങുന്ന അനുഭവം. എത്ര ദേഷ്യപ്പെട്ടു വരുന്നവരായാലും പെട്ടെന്ന് ശാന്തത കൈക്കൊള്ളുന്നതിനു മാസ്മര ശക്തിയുള്ള ശബ്ദം.
പെട്ടെന്ന് പുരോഭാഗത്തെ ഭിത്തിയില്‍ ഒരു പച്ചവെളിച്ചം തെളിഞ്ഞു.
ഗുഡ്‌മോര്‍ണിംഗ്.... പ്ലീസ് ടേക്ക്യുവര്‍ സീറ്റ്. പച്ചവെളിച്ചത്തില്‍ ആ അക്ഷരങ്ങള്‍ വ്യക്തമായി. ജയദേവന്‍ ഇരിപ്പിടങ്ങളിലേക്കു നോക്കി. എന്തു ഭംഗിയുള്ള ഉരുപ്പടികള്‍. എല്ലാം കലാപരമായി സംവിധാനം ചെയ്തിരിക്കുന്നു. ഭിത്തിയുടെ നിറങ്ങള്‍ക്കു യോജിച്ച നിറങ്ങളാണ് ഇരിപ്പിടങ്ങള്‍ക്ക് അദ്ദേഹം ഇരുന്നു. ഉടന്‍ ആതിഥേയന്‍ രംഗത്തെത്തി.
ഗുഡ് മോര്‍ണിംഗ് സാര്‍...
ഗുഡ് മോര്‍ണിംഗ് മീ. ജെയിംസ്
സാര്‍ കൃത്യസമയത്തുതന്നെ വന്നു.
അതേ... ഒന്നും മാറ്റി വയ്ക്കാന്‍ പറ്റുന്നില്ല...
ആകട്ടെ... ഇവിടെ മറ്റാരും....
ഇല്ല സാര്‍... പ്രത്യേകിച്ച് മറ്റാരും ഇപ്പോള്‍ ഇവിടെയില്ല. എന്റെ ഫാമിലി അവരുടെ വീട്ടില്‍ പോയിരിക്കയാണ്. പിന്നെ ആവശ്യപ്പെടാതെ ജോലിക്കാരാരും കയറി വരുകയുമില്ല. കെട്ടിടത്തിന്റെ സൗന്ദര്യ സംവിധാനം കണ്ടതു കൊണ്ട് ചോദിച്ചതാണ്.
അതോ... അനിയത്തി ആഴ്ചതോറും ഇവിടെയെത്തും. ഇതിലെല്ലാം അവളുടെ കരവിരുന്നുണ്ട്.
ഓ... അങ്ങനെയാണല്ലേ...
സാര്‍.... ഞാനിതാ വരുന്നു...
ജയിംസ് അകത്തേക്കുപോയി. രണ്ടു ഗ്ലാസ്സ് പാനീയവുമായി തിരിച്ചെത്തി.
മി. ജെയിംസ്...നമുക്കു കാര്യത്തിലേക്കു കടക്കാം. ഫാദര്‍ എവിടെയാണ്.
അദ്ദേഹം എറഞ്ഞാകുളത്തേക്കു പോയെന്ന് ജോലിക്കാരന്‍ പറയുന്നതുകേട്ടു.
ചിലപ്പോഴേല്ലാം അദ്ദേഹത്തെ അനന്ത പുരിയിലും കാണാറുണ്ടല്ലോ.
അദ്ദേഹം എവിടെ എന്തിനു പോകുന്നു എന്നൊന്നും എനിക്കൊരറിവുമില്ല. എല്ലാം സ്വന്തം ഇഷ്ടംപോലെ. അദ്ദേഹത്തിന്റെ ഭാര്യ ഇവിടെയല്ലേ താമസം?
അല്ല...... അവര്‍ വടക്കുഭാഗത്തു കാണുന്ന ആ കെട്ടിടത്തിലാണ്. രണ്ടു കുട്ടികളുമുണ്ട്.
ഞാന്‍ വന്നത് താങ്കള്‍ക്കു വിശ്വസിക്കാനാകാത്ത ഒരു പ്രശ്‌നവുമായിട്ടാണ്.
വിശ്വസിക്കാനാകാത്ത കാര്യമോ. അതെന്താണ് സാര്‍?
ഞാന്‍ പറയുമ്പോള്‍ പഴമക്കാരനാണെന്നു കരുതരുത്.
അങ്ങയെ പഴമക്കാനെന്നു കരുതുകയോ.
അതുകൊണ്ടല്ല... ഇതൊരു പഴയ കാര്യം സംബന്ധിച്ചതാണ്.... നിങ്ങളുടെ തറവാടു കെട്ടിടമേതാണ്?
അതെന്തിനാണു സാര്‍ ഇപ്പോഴെന്നറിയുന്നത്? അതെല്ലാം ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു. അതാ കണ്ടില്ലേ.... ആ കാണുന്നതാണ്. വളരെ പ്രാചീനമാണെന്ന് അതിന്റെ ഓരോ അംശങ്ങള്‍ കണ്ടാലും ബോധ്യമാകും. പണിയും പണിത്തരങ്ങളുമെല്ലാം.
അതെന്താ ഇങ്ങനെ ഇട്ടുകൊണ്ടിരിക്കുന്നത്? യാതൊരുറിപ്പയറും നടത്താതെ.

അതുപോലൊന്നു പണിയാന്‍ ഇക്കാലത്തുള്ളവര്‍ക്കു എളുപ്പമല്ല. ആ സ്ഥിതിക്കു അതൊരു നിധിതന്നെയാണ്. പൊളിച്ചു കളയാന്‍ ഒരു മനസ്സുകേട്.
മി ജയിംസ്... ഞാനൊരു ഗവേഷകനല്ല. എങ്കിലും അനുഭവം വച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തുകയാണ്. എന്നോടു സഹകരിക്കണം. എന്താണു സാറുദ്ദേശിക്കുന്നത്?
ആ പഴയ കെട്ടിടത്തില്‍ ഒരു നിധിയിരിപ്പുള്ളതായി എനിക്കു തോന്നുന്നു.
നിധിയോ.... സാറെന്താണ് ഇങ്ങനെ പറയുന്നത്.... ജോത്സ്യനെപ്പോലെ.
മി.ജയിംസ്. ജോത്സ്യവും ജോതിഷവുമൊന്നും ഇതിലില്ല. അനുഭവം മാത്രം.... നിങ്ങളുടെ തറവാടിന്റെ പേര് എണ്ണിക്കാട് എന്നല്ലേ? അതു നിങ്ങള്‍ നല്കിയ പേരല്ല. പാരമ്പര്യമായിട്ടു നിലനിന്നു പോരുന്നതാണ് ആ പേര്.
അതേ.
എന്റെ തറവാടിന്റെ പേരും ഇതുതന്നെയാണെന്ന് താങ്കള്‍ക്കറിവില്ലായിരിക്കാം. അതു മറ്റൊരു സ്ഥലത്താണെന്നു മാത്രം.
ങ്‌ഹേ.... സത്യമോ.
അതേ മി. ജയിംസ്.... ലക്ച്ചറര്‍ ബാലകൃഷ്ണന്‍ നായരുടെ തറവാടിന്റെ പേരും ഇതു തന്നെയാണ്.
ഇതു വിചിത്രമായിരിക്കുന്നല്ലോ. അങ്ങയെപ്പോലെ ഒരാള്‍ പറയുമ്പോള്‍ അവിശ്വസിക്കാനും പറ്റുകയില്ല.
അവിശ്വാസത്തിന്റെ പ്രശ്‌നമില്ല. നൂറു ശതമാനവും വസ്തുതകള്‍... ഈ വസ്തുതകള്‍ ഒന്നും കോറിലേറ്റു ചെയ്യിക്കാന്‍ പറ്റുമോ എന്ന ഒരു ശ്രമം നടത്താനാണ് ഞാന്‍ വന്നത്.
അതിനു ഞാനെന്തു സഹായമാണ് ചെയ്യേണ്ടത്?
ഇന്നു തന്നെ ചെയ്യേണ്ടതായ ഒരു കാര്യമുണ്ട്. നിങ്ങളുടെ ആ കെട്ടിടത്തിന്റെ തെക്കു പടിഞ്ഞാറേ കോണിലുള്ള മുറി ഒന്നു പരിശോധിക്കണം. പഴമക്കാര്‍ അതിനെ കന്നിമേല്‍ക്കോണ് എന്നാണ് പറയാറ്. സാധാരണയായി പ്രധാനപ്പെട്ട രഹസ്യങ്ങളും നിധികളും മറ്റും ആദിശയിലാണ് അടക്കം ചെയ്യാറ്.
ഇതു ഞാന്‍ വിശ്വസിക്കണമെന്നാണോ സാര്‍ പറയുന്നത്.
അതേ... വിശ്വസിച്ചേപറ്റൂ.
പഴയകെട്ടിടമാണ്. ദ്രവിച്ച സാധനങ്ങള്‍ തലയില്‍ വീഴുമോ എന്നാണ് സംശയം.
ശ്രദ്ധിച്ചു പരിശോധിക്കാം.... തറ ഉറപ്പിക്കണമെങ്കില്‍ അങ്ങനെയുമാകാം.
അതൊന്നും വേണ്ട... താമസിയാതെ പൊളിച്ചുകളയണമെന്ന് അപ്പച്ചന്‍ പറയുന്നതുകേട്ടു.
എന്നാല്‍ ആരെയെങ്കിലും വിളിക്കൂ... നമുക്ക് അവിടമൊന്നു കിളച്ചു നോക്കാം.
മണ്‍വെട്ടിക്കാരനെത്തി. ശ്രദ്ധിച്ചു കിളച്ചു. ആരും പ്രവേശിക്കാന്‍ സാധ്യതയില്ലാത്ത ഒരു ചെറിയ മുറി. തെക്കു പടിഞ്ഞാറേ കോണില്‍ ചുണ്ണാമ്പും ചിരട്ടക്കരിയും ചിലപച്ചിലകളും ശര്‍ക്കരയും മുട്ടയും ചേര്‍ത്തുണ്ടാക്കിയ ഒരു ചേരുവകൊണ്ട് തറ മിനുസപ്പെടുത്തിയിരിക്കുന്നു. സിമന്റിന്റെ ഉറപ്പും മിനുസവുമുണ്ട്. കറുകറുത്ത നിറം. എങ്കിലും ഉപയോഗ രാഹിത്യം കൊണ്ട് കുറേശ്ശേ ദ്രവിച്ചിരിക്കുന്നു. വെട്ടിക്കിളച്ചു നോക്കിയിട്ടും വിശേഷാല്‍ ഒന്നും കണ്ടുകിട്ടിയില്ല. കുറേ ആഴത്തിലേക്കു മാന്തി നോക്കി.
എന്നിട്ടും ഫലം നാസ്തി. ജയിംസിന്റെ മുഖത്തു പരിഹാസത്തിന്റെ നിഴലാട്ടമില്ലേ... ജയദേവനു ഒരു വിവര്‍ണ്ണത. അതുമറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും ഹതാശയനല്ല.
ഒരു അവസാന ശ്രമമെന്ന നിലയ്ക്കു ജയദേവന്‍ മുറിയാകെയൊന്നു കൂടി പരിശോധിച്ചു. അദ്ദേഹത്തിന്റെ മുഖത്തു വിജയത്തിന്റെ തിരയടി. മച്ചില്‍ ഒരിടത്തു ഉണ്ണിയേശുവിന്റെ രൂപം തടിയില്‍ കൊതിവച്ചിരിക്കുന്നത് ജയദേവന്റെ ദൃഷ്ടിയില്‍ തടഞ്ഞു. അതു സൂക്ഷ്മമായ ദിശയില്‍ തന്നെ. മറ്റു പ്രത്യേകതകളൊന്നും ആ ഭാഗത്തില്ല.
ജയദേവന്‍ അടവൊന്നുമാറ്റി. രഹസ്യം സൂക്ഷിക്കണമല്ലോ. മണ്ണു കിളച്ചു കൊണ്ടു നിന്നവനെ പറഞ്ഞയച്ചു. അതിനുശേഷം അവര്‍ രണ്ടാളും കൂടി ബാക്കിജോലികള്‍ ഏറ്റെടുത്തു.
തടിയില്‍ കണ്ടതായ ആ രൂപത്തിന്റെ നേരേ താഴെ കിളയ്ക്കാന്‍ ആരംഭിച്ചു. അവിടെ കുറേ ആഴത്തില്‍ കുഴിച്ചപ്പോള്‍ ഇളക്കമുള്ള മണ്ണും ദൃശ്യമായി. നിരയ്ക്കടിയിലായി ഒരു വെള്ളിച്ചെപ്പ്. ജയദേവന്‍ സന്തോഷം കൊണ്ട് മതിമറന്നു ഒരു കുഞ്ഞിനെ പ്പോലെ. ജയിംസിനു ഷേക്ക്ഹാന്റു ചെയ്തു വിജയം പ്രകടിപ്പിച്ചു. ജയിംസിനു സന്തോഷത്തേക്കാളേറെ അത്ഭുതമാണ് തോന്നിയത്. ജയദേവനോട് അതിരറ്റ ബഹുമാനവും.
വെളിചെപ്പിനുള്ളിലെ വസ്തു ജയദേവനെ ആനന്ദ ഭരിതനാക്കി. ഒരു കെട്ടുചെമ്പുതകിടുകള്‍. ജയിംസിനു ഒന്നും മനസ്സിലായില്ല.
മി. ജയിംസ് ഞാന്‍ ജയിച്ചു.
അങ്ങു ജയിച്ചുവെന്നോ... ഈ ചെമ്പുതകിടുകള്‍ എന്തായിരിക്കും? ഇതു ഇവിടെയുണ്ടെന്ന് അങ്ങേക്കു എങ്ങനെ മനസ്സിലായി?
പറയാം...... ഓതറമലയിലെ എന്റെ എണ്ണിക്കാട്ടു തറവാട്ടില്‍ നിന്നും ലഭിച്ച താളിയോലകളാണ് എനിക്കു വഴികാട്ടികള്‍. നിങ്ങളുടെ വീടിന്റെ പേരും മി. ബാലകൃഷ്ണന്‍ നായരുടെ വീടിന്റെ പേരും അറിഞ്ഞപ്പോള്‍ നിങ്ങളുടെ എണ്ണിക്കാട്ടു ഭവനത്തിലും അതുപോലൊരു രേഖ കാണാതിരിക്കയില്ല എന്നു മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു.
ഇതു അത്ഭുതമായിരിക്കുന്നുവല്ലോ.
ഭൂതകാലത്തിന്റെ നിഗൂഢതകളായണിവയെല്ലാം. ഈ മൂന്നു രേഖകളും തമ്മില്‍ എന്തോ അഭേദ്യമായ ബന്ധമുള്ളതുപോലെ തോന്നുന്നു.
സാര്‍..... ഇവയൊന്നും വായിക്കാന്‍ ഒരു നിവൃത്തിയുമില്ലല്ലോ... ഇതെല്ലാം പ്രാചീന ലിപികളിലല്ലേ?
അതേ.... എനിക്കും ഇതിനെപ്പറ്റി ഒരു ഊഹവുമില്ല. ആദ്യത്തെ കുടുംബം ചെറുമെന്റേതും രണ്ടാമത്തേതുനായരുടേതുമാണ്.
മൂന്നാമത്തേത് സുറിയാനിക്രിസ്ത്യാനിയുടേതും.
ജയിംസ് ചിരിച്ചുകൊണ്ടു പറഞ്ഞു.
കുടുംബങ്ങളുടെ പേരുകളെല്ലാം ഒന്നുതന്നെ.
ജയദേവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
ഇനിയും എന്തുചെയ്യാനാണ് ഭാവം?
ഈ രേഖകള്‍ കൊണ്ടുപോകാന്‍ താങ്കള്‍ എന്നെ അനുവദിക്കണം. ആവശ്യപ്പെടുമ്പോള്‍ തിരിച്ചു തരുകയും ചെയ്യാം.
ഓഹോ.... എനിക്കെതിരൊന്നുമില്ല. അപ്പച്ചന്‍ അറിയുമ്പോള്‍ എന്തു വിചാരിക്കുമെന്നറിഞ്ഞുകൂടാ.... അല്ലാ... അതു സാരമില്ല... അതു തിരിച്ചു കിട്ടണമെന്നാണ് പറയുന്നതെങ്കില്‍ തിരിച്ചു കൊടുക്കാമല്ലോ.
തടസ്സമൊന്നുമില്ല. അവ ചരിത്ര ഗവേഷകനായ ഡോ. ചെങ്കുളത്തിനെ ഏല്പിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങളറിയാന്‍ നമുക്കു കാത്തിരിക്കാം.
ശരിസാര്‍....
പിന്നെ... ഈ രേഖകള്‍ താങ്കളുടെ അനുവാദ്യത്തോടും സമ്മതത്തോടും കൂടിയാണ് ഇവിടെ നിന്നും എടുത്തിട്ടുള്ളതെന്നും ഇവ തിരികെ വേണമെന്നും ആവശ്യപ്പെടുമ്പോള്‍ തന്നുകൊള്ളാമെന്നും മറ്റുമുള്ള ഒരു രേഖ നമ്മള്‍ രണ്ടു പേരും ഒപ്പിട്ടു ഓരോ കോപ്പികള്‍ സൂക്ഷിക്കുന്നതും നന്ന്. ഇതിന്റെ നിജസ്ഥിതിയില്‍ ആര്‍ക്കെങ്കിലും സംശയം ജനിച്ചാല്‍ അവ ഹാജരാക്കാമല്ലോ.
അങ്ങനെയാകട്ട.
ഞാന്‍ ഉദ്ദേശിച്ചു വന്ന കാര്യങ്ങളിലൊന്നില്‍ വിജയം നേടി.
ഇനിയുമുണ്ടോ സാര്‍ ഗവേഷണങ്ങള്‍?
അടുത്തതു ഗവേഷണമല്ല....
കേള്‍ക്കട്ടെ.... അതും വിജയിക്കുമായിരിക്കും.
ജയിംസ് ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു.
വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. മി. ജയിംസ് ഇതിലും സഹകരിക്കുമെങ്കില്‍. 
എന്റെ സഹകരണം തീര്‍ച്ചയായും പ്രതീക്ഷിക്കാം.
ഇതില്‍ ആത്മാര്‍ത്ഥമായ സഹകരണമാണ് ആവശ്യം. വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും.
സാര്‍.... എങ്ങുംതൊടാതെ പറയുന്നല്ലോ... 
മറ്റൊന്നുമല്ല... അതു ജലജയുടെ കാര്യമാണ്.
ജലജയുടെ കാര്യമോ. അര്‍ജന്റു മാറ്റരാണെങ്കില്‍ സാര്‍ അതു ആദ്യം തന്നെ പറയുമായിരുന്നു.
അര്‍ജന്റല്ലെങ്കിലും അപ്രധാനമല്ല. അസാധാരണമായ ഒരു വിവാഹവാക്കര്യം. എന്റെ ഒരു മകനന്റേതെന്നു കരുതുക.
അതിനു അങ്ങേയ്ക്ക് മകനില്ലല്ലോ.
പെറ്റുവളര്‍ത്തുന്നതു മാത്രമേ മകന്‍ ആകുകയുള്ളോ? വളര്‍ത്തുമകന്‍ വാസ്തവത്തില്‍ മകനല്ലാതാകുമോ?
ഓ... അതാണു കാര്യം?. ... സാറിനു ഒരു മരുമകളെ വേണം. അത്രതന്നെ?
അതു നിസ്സാരമായിട്ടെടുക്കാവുന്നതാണോ?
അല്ലേ...?
അല്ല... ഞാന്‍ പറഞ്ഞില്ലേ അതു ജലജയെ സംബന്ധിക്കുന്നതാണെന്ന്.
അങ്ങയുടെ മകനെയും ജലജയെയും സംബന്ധിക്കുന്നതെന്നു പറയുക.
അപ്പോള്‍. മി. ജയിംസ് അതെല്ലാം അറിഞ്ഞു കഴിഞ്ഞു.
അറിയുക മാത്രമല്ല, അവളോടു ഞാനതെല്ലാം ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.
എന്നിട്ടു ജലജ എന്തു പറഞ്ഞു.
അവര്‍ക്കിഷ്ടമാണ്.
എന്താണു മി. ജയിംസ് നിറുത്തിക്കളഞ്ഞത്? താങ്കള്‍ക്കു ഇഷ്ടമല്ലേ?
എന്റെ ഇഷ്ടം ഞാന്‍ പറയണോ... എന്റെ സഹോദരിയുടെ സന്തോഷ മാണ് എനിക്കു വലുത്. അവള്‍ക്കാണു വിവാഹം. ഞാന്‍ സമ്മതം മൂളണമെന്നേയുള്ളൂ.
ഞാനവള്‍ക്കു സമ്മതം എന്നേ നല്കിക്കഴിഞ്ഞതാണ്.
മി. ജയിംസ്, നിങ്ങള്‍....
അതേ സാര്‍... ഞാന്‍ ജനനാല്‍ ഒരു സുറിയാനി ക്രിസ്ത്യാനിയാണ്. ഞാന്‍ ആയതല്ല. ആക്കിയതാണ്. എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. പരമ്പരയാ നിലനിന്നു വരുന്ന ആചാരം പോലെ. മാതാപിതാക്കളുടെ വിശ്വാസം മക്കളുടേയും ആണ്ടുകണമെന്ന ഏതോ നിര്‍ബന്ധം അത്രേയുള്ളൂ.
അത്രേയുള്ളോ?
അതേ...ചിന്തിക്കാന്‍ പ്രായമാകുമ്പോള്‍ എനിക്കു സ്വയം ഒരഭിപ്രായം രൂപീകരിക്കാന്‍ കഴിയുമല്ലോ. ആ ഭിപ്രായമനുസരിച്ചായിരിക്കും എന്റെ അനന്തര നടപടികള്‍. അല്ലാത്തതെല്ലാം വെറും പൊങ്ങു ചടങ്ങുകള്‍ മാത്രം.
അപ്പോള്‍.
ഈ വിവാഹം നടക്കുമോ എന്ന്.
മി. ജയിംസ്, താങ്കളുടെ പിതാവ്?
അദ്ദേഹം എതിര്‍ക്കാതിരിക്കയില്ല. എതിര്‍ത്തതു കൊണ്ടു ഫലമില്ല. അദ്ദേഹത്തിനു വേറേ കുടുംബമായി. കുട്ടികളായി. ഇന്ന് ജലജ എന്റെ പൂര്‍ണ്ണമായ സംരക്ഷണയിലാണ്.
എങ്കില്‍ നമുക്കു പിന്നീടു കാണാം. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യും.
ഞാന് ഇറങ്ങട്ടെ...