"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

തലമുറകള്‍: 13 - ടി എച്ച് പി ചെന്താരശ്ശേരി

ഉച്ചയൂണു കഴിഞ്ഞ് ഒന്നു മയങ്ങാന്‍ കിടന്നതാണ്. ക്വാര്‍ട്ടേഴ്‌സില്‍ അധികമാരുമില്ല. പലരും ജോലിക്കു പോയി. കുറച്ചു സമയം ബാക്കിയുണ്ട്. ഡോ. ജയിംസ് തലയിണതട്ടിക്കുഞ്ഞു ചരിഞ്ഞു കിടന്നു. പാതിയുറക്കം പതിയേ തലലോടി.
ഒരു കാര്‍ ഇരച്ചുവന്നു മുറ്റത്തുനിന്നു. പെട്ടെന്നു ഡോര്‍വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു. ഷൂസിട്ടു ചടപടാന്നു ചവിട്ടിക്കൊണ്ട് ആഗതന്‍ വരാന്തയിലെത്തി.
ജയിംസേ.... ആരുമില്ലേ ഇവിടെ?
അപ്പച്ചന്റെ ശബ്ദം തിരിച്ചറിഞ്ഞ ജയിംസ് ഉടന്‍ വരാന്തയിലേക്കു ചെന്നു.
അപ്പച്ചനോ..... അകത്തേക്കു കയറിയിരിക്കൂ അപ്പച്ചാ... അപ്പച്ചന്‍ പതിവില്ലാതെ....
പതിവില്ലാത്തതു പലതും സംഭവിക്കുമ്പോള്‍ ഇതിലെന്താ അത്ഭുതം.
ആഗതന്‍ ആലിലപോലെ വിറയ്ക്കുന്നുണ്ട്. വാക്കുകള്‍ പലതും ചിലമ്പിപ്പോകുന്നു. എന്താണു പറയേണ്ടതെന്നു രൂപമില്ല.
അപ്പച്ചന്‍ എന്തുദ്ദേശിച്ചാണ് പറയുന്നത്? 
മനസ്സിലായില്ലായിരിക്കും...... നീ ജലജയുടെ വിവഹം നിശ്ചയിച്ചു കഴിഞ്ഞോ?
ഇല്ല.... അപ്പച്ചനോടു ഇതാര് പറഞ്ഞു?
ആരു പറഞ്ഞെന്ന്. ആരാണു പറയാത്തത്.
നിരക്കാത്തതു ചെയ്യുമ്പോള്‍ ആരാണറിയാത്തത്.
നിരക്കാത്തതൊന്നും....
നിര്‍ത്തെടാ.... അവന്‍ ഒന്നും അറിഞ്ഞില്ല.
അപ്പച്ചന്‍ പല്ലു കടിച്ചു പൊട്ടിച്ചു. തന്നേപ്പോലെ വളര്‍ന്നു കഴിഞ്ഞ മകനോടാണു സംസാരിക്കുന്നതെന്ന് അദ്ദേഹം മറന്നു. ഒരുന്നത പദവിയില്‍ പരിശോഭിക്കുന്ന ശാസ്ത്രജ്ഞനാണ് തന്റെ മുമ്പില്‍ നില്ക്കുന്നതെന്ന കാര്യം അദ്ദേഹത്തിനു പ്രശ്‌നമായില്ല.
മകന്‍ നിയന്ത്രണം പാലിച്ചു തന്നെ സംസാരിച്ചു. ഉരുളക്കുപ്പേരിപാടില്ല. തന്റെ പിതാവിനോടാണു സംസാരിക്കുന്നത്. അതുമറന്നു കൂടാ. അന്തി യോളം പറഞ്ഞാലും അന്‍പുകെട്ടവാക്കുപയോഗിച്ചു കൂടാ. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരികെ പിടിക്കാന്‍ പറ്റില്ലല്ലോ.
അപ്പച്ചന്‍ കാര്യമില്ലാതെക്ഷോഭിക്കുന്നു.
അല്ല. കാര്യമുണ്ടായിട്ടു തന്നെ. അവള്‍ എന്റെ മകളല്ലേ..... അവളുടെ കാര്യത്തില്‍ എനിക്കു പങ്കില്ലെന്നാണോ നിങ്ങളുടെയൊക്കം വിചാരം? 
എന്നൊന്നും വിചാരിച്ചിട്ടില്ല. അവള്‍ക്കൊരു ഭര്‍ത്താവ് ആവശ്യമാണ്. അതിനു....
അതിനു നീ തന്നെ മുന്‍കൈ എടുത്തു അല്ലേ?
ഇല്ലപ്പച്ചാ....
പിന്നെ?
അവള്‍ ഒരാളെ തെരഞ്ഞെടുത്തു.
നീ അതു സമ്മതിച്ചു കൊടുത്തു.
അങ്ങനെയല്ല കാര്യം
അങ്ങനെയല്ലത്രേ... ഞാനന്‍ മണ്ടനാണെന്നു നീ കരുതണ്ടാ...
അപ്പച്ചന്‍ അങ്ങനെയാണു പറയുന്നതെങ്കില്‍...
പറയുന്നതാണു കുറ്റം.... പെങ്ങള്‍ക്ക് അവന്‍ കണ്ടുപിടിച്ച ഭര്‍ത്താവ്.
അപ്പച്ചന്‍ കാര്യമറിയാതെയാണ് ദേഷ്യപ്പെടുന്നത്.... ഞാനിതില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. നീ എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കയാണോ ജയിംസേ? എടാ ഒരു സുറിയാനിക്രിസ്ത്യാനിയുമായി വിവാഹത്തിലേര്‍പ്പെടാന്‍ ഒരു നായര്‍ക്കെങ്ങനെ കഴിയും. വിശ്വാസിയും അവിശ്വാസിയുമായുള്ള ബന്ധം സഭ അനുവദിക്കുമോ.
അപ്പച്ചന്‍ പറഞ്ഞു വരുന്നത്....
അതേടാ... അന്തസ്സുള്ള നസ്രാണിക്കുടുംബത്തില്‍പ്പെട്ടവരാ നമ്മള്‍. പാതിരിയും പട്ടക്കാരും ബിഷപ്പന്മാരുമുള്ള പ്രാചീന കുടുംബം.
അപ്പച്ചന്‍ അതില്‍ അഭിമാനിക്കുന്നുണ്ടോ? 
നീ എന്തു പറഞ്ഞൂ... എനിക്കഭിമാനമില്ലെന്നോ... അപ്പച്ചന്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കൂ..... ജലജ ഇന്ന് എവിടെയാണ്. അവളെങ്ങനെ വളര്‍ന്നു.
എന്റെ അമ്മയെവിടെ? അവരെ ആരുകൊന്നു? അപ്പച്ചന്റെ ജീവിതം.....
ഛീനിര്‍ത്തെടാ....
വെട്ടിപൊട്ടുന്നതുപോലുള്ള ശബ്ദം.
ജെയിംസിന്റെ കവിള്‍ത്തടം പുകഞ്ഞു. അയാള്‍ ഇടതുകരം കൊണ്ട് കവിള്‍ത്തടം തടവി. തലയ്‌ക്കൊരു പെരുപ്പ്.... ചുറ്റുമുള്ളതെല്ലാം പമ്പരം കറങ്ങുന്നു.... കണ്ണില്‍ നിന്നും പൊന്നീച്ചകള്‍ പറക്കുന്ന അനുഭവം.
ഏറെ നേരത്തേക്കു അവിടെ നിശ്ശബ്ദത തളംകെട്ടിനിന്നു. കൊടുങ്കാറ്റട ങ്ങയതുപോലെ. മാത്തച്ചന്‍ ആകെ പരുങ്ങലിലായി. ചെയ്യരുതാത്തതു ചെയ്തു. ചെയ്തതോ അനര്‍ഹമായതും.
മാത്തച്ചന്‍ അടുത്ത കാലം വരെ സഹകരണമില്ലാതെ കഴിഞ്ഞിരുന്നെങ്കിലും അവന്‍ മകനല്ലാതാകുമോ താന്‍ ഒരു ചെറുപെണ്ണിന്‍രെ മായാവലയത്തില്‍ കുടുങ്ങി മാറിത്താമസിച്ചപ്പോഴും മക്കള്‍ എതിര്‍ത്തില്ല. അതു അപ്പച്ചന്റെ ആവശ്യമായിരിക്കാമെന്നു മാത്രമേ മകന്‍ പറഞ്ഞുള്ളൂ. ജലജ കരഞ്ഞു. തോരാത്ത കണ്ണീരുമായി ദിനങ്ങള്‍ തന്നെയും അവള്‍ തള്ളിനീക്കി. അപ്പച്ചനെ കാണാന്‍ അതിനുശേഷം അവള്‍ മെനക്കെട്ടില്ല. തന്റെ അപ്പച്ചന്‍ മരിച്ചുപോയി. അവള്‍ അപ്പച്ചിയോടു പറഞ്ഞതാണ്.
രണ്ടാം ഭാര്യനിര്‍ദ്ദോഷികളായ തന്റെ കുഞ്ഞുങ്ങളെപ്പറ്റി എന്തെല്ലാം അപവാദങ്ങളാണ് പറഞ്ഞുണ്ടാക്കിയത്. കുടുംബ കലഹമുണ്ടാക്കി. അവരെ നേരില്‍ കാണുന്നതുപോലും തനിക്കു അഹിതമായിതോന്നിയിരുന്നു. ഇളം പെണ്ണിന്റെ കര്‍ണ്ണേ ജപത്വവും അവളുടെ മാംസത്തിന്റെ കൊതിപ്പിക്കുന്ന ചൂടും ചൂരും ഈ വയസ്സനെ വഴിതെറ്റിച്ചു. അന്നു വിവേകം നശിച്ചിരുന്നു. തലയില്‍ ലഹരി, മത്തുപിടിപ്പിക്കുന്ന ലഹരി. പെണ്ണ്, പണം, പട്ട എല്ലാം ലഹരി തന്നെ.
താന്‍ മതിമറന്നു. തന്നെത്തന്നെയും മറന്നു. പാതാളം വരെ താണു. അവിടെനിന്നും പശ്ചാത്ത പിച്ചുകയറിവരട്ടെ എന്നണത്രേ മകന്‍ പറഞ്ഞത്.

തന്റെ മകന്‍. തനിക്കങ്ങനെ അവകാശപ്പെടാനുള്ള അര്‍ഹതയെന്ത്. തന്റെ യാതൊരു സ്വഭാവവും അവനില്ല. രൂപ സാദൃശ്യം മാത്രം. ഇന്നത്തെ യുവതലമുറയുടെ വഴിപിഴച്ച പാതയില്‍ അവനില്ല. ധൂമപാനം അവന്‍ വെറുക്കുന്നു. മധുപാനം ആത്മഹത്യാപരം. ആഢംബരഭ്രമം സ്വബോധമില്ലായ്മ. ഒരു ശാസ്ത്രജ്ഞനാണ് അവന്‍. അറിവാണു അവനു അലങ്കാരം.
സ്‌നേഹസുമങ്ങളിട്ടു പൂജിക്കേണ്ട ആവ്യക്തിയെയാണ് താന് അബോധം പ്രഹരിച്ചത്. മാത്തച്ചന്‍ തല കുമ്പിട്ടു നിന്നു. വാക്കുകള്‍ സഹായത്തിനെത്തുന്നില്ല. ശബ്ദം തൊണ്ടയില്‍ കുരുങ്ങി. തൊണ്ട വരളുന്നതുപോലെ.
അപ്പച്ചാ... സാരമില്ലപ്പച്ചാ... എന്റെ അപ്പച്ചനല്ലേ എന്നെ തല്ലിയത്. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും കുറ്റ വാളികള്‍ രക്ഷപ്പെടുകയും. അതാണ് ലോകനീതി. എനിക്കതില്‍ പരാതിയില്ലപ്പച്ചാ...
മോനേ.... നീ എന്നോടു ക്ഷമിക്കൂ... ഞാന്‍ ചെയ്ത് തെറ്റ്. ചെയ്യരുതാണതുചെയ്തു. ഇന്നുവരെ നിന്നെ ഞാന്‍ നുള്ളിനോവിച്ചിട്ടില്ല... ഇന്നതും സംഭവിച്ചു.
എനിക്കു നൊന്തില്ലപ്പച്ചാ....
മോനേ.... അതുമറക്കൂ... ക്ഷമിക്കൂ മോനേ....
അപ്പച്ചന്‍ വന്നതെന്തിനാണെന്നു പറഞ്ഞില്ലല്ലോ.
അപ്പച്ചന്‍ ഞങ്ങളെകണ്ടിട്ടുതന്നെ വര്‍ഷങ്ങളെത്രയായി..... ഇന്നു....
മോനേ... നീ കുടുംബത്തിനു മാനക്കേടുണ്ടാക്കരുത്.... ആ വിവാഹം നടക്കാന്‍ പാടില്ല. ആ അവിശ്വാസികളുമായി.
അപ്പച്ചാ... അവിശ്വാസികളോ... അവരോ
ബാലകൃഷ്ണന്‍ നായര്‍ അവിശ്വാസിയാണോ അപ്പച്ചാ... നമ്മള്‍ വിശ്വാസികളും. നമ്മളെന്തിലാണ് വിശ്വസിക്കുന്നത്? മനുഷ്യരില്ലോ, അവരുടെ നന്മകളിലോ?
അതൊന്നുമല്ല ഞാനുദ്ദേശിച്ചത്. അവര്‍ ദൈവവിശ്വാസികളാണോ? ജീവനുള്ള ദൈവത്തിലാണോ അവര്‍ വിശ്വസിക്കുന്നത്?
മറിച്ചൊന്നു ചോദിക്കട്ടെ, അപ്പച്ചന്‍ ദൈവ വിശ്വാസിയാണോ?
മാത്തച്ചനു ഉത്തരം മുട്ടി. നേരല്ലേ... തനിക്കു ദൈവവിശ്വാസമുണ്ടോ.... പാരമ്പര്യമായുള്ള വിശ്വാസക്കുരുക്കില്‍ താനറിയാതെ കുരുങ്ങിക്കിടക്കുന്നു. താന്‍ വിശ്വസിച്ചിട്ടല്ല. വിശ്വസിക്കണമെന്നു തോന്നിയിട്ടുമല്ല. ജനിച്ചതു ആ അന്തരീക്ഷത്തില്‍. അതുകൊണ്ട് അതില്‍പ്പെട്ടവനെന്നു ലോകം പറയുന്നു. അല്ലാതെ തന്റെ ആത്മാവില്‍ അങ്ങനെയൊരു വിശ്വാസം കുടിയേറിയിട്ടുണ്ടോ..... ഇല്ല... ഉണ്ടായിരുന്നുവെങ്കില്‍ കര്‍ത്താവിന്റെ ഒരു വചനമെങ്കിലും ചെവിക്കൊള്ളുമായിരുന്നില്ലേ... താന്‍ ചെയ്യുന്ന തിന്മകളെല്ലാം കര്‍ത്താവറിയുന്നില്ലേ.... ചെയ്തതെല്ലാം തെറ്റുതന്നെയാണെന്നു അറിഞ്ഞുകൊണ്ടല്ലേ....
മാത്തച്ചന്‍ ചിന്താമൂകനായി.
അപ്പച്ചന്‍ ദൈവ വിശ്വാസത്തെപ്പറ്റി പറഞ്ഞു. അപ്പച്ചന്‍ സുറിയാനിക്രിസ്ത്യാനിയാണെന്നും അവകാശപ്പെടുന്നു. അങ്ങനെകരുതുന്ന അപ്പച്ചനു നമ്മുടെ പൂര്‍വ്വ ചരിത്രമെന്താണെന്നറിയാമോ?
പൂര്‍വ്വ ചരിത്രമോ ജയിംസേ... നീ എന്താണര്‍ത്ഥമാക്കുന്നത്?
ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒരു വലിയ രഹസ്യം ഞാന്‍ പറയാം. നമ്മുടെ പഴയ വീടിന്റെ ഒരു മുറിയില്‍ നിന്നും ഈയിടെ ഒരു രേഖ കണ്ടുകിട്ടി.
രേഖയോ. എന്തുരേഖ
അപ്പച്ചന്‍ ഞെട്ടരുത്... പഴയ വിശ്വാസങ്ങള്‍ കടപുഴകി വീഴുന്നതു നോക്കിനില്ക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
കാര്യമെന്താണെന്നു പറയൂ.
അതൊരു ചെമ്പുതകിടായിരുന്നു. ഏതാണ്ടു അഞ്ഞൂറു വര്‍ഷത്തെ പഴക്കമുള്ളത്.
അതു നിനക്കെങ്ങനെകിട്ടി?
ജില്ലാകലക്ടര്‍ ജയദേവന്‍ സാര്‍ ഇവിടെ വന്ന് ഇങ്ങനെ ഒരു രേഖ നമ്മുടെ വീട്ടിലുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞതനുസരിച്ച് തറ കിളച്ചുനോക്കി.
ങ്‌ഹേ.... അയാള്‍.
മാത്തച്ചന്‍ പല്ലുഞറുമ്മി. മുഷ്ടിചുരുട്ടിഞെരിച്ചു. പ്രതിയോഗി മുന്നില്‍ നിന്നാലെന്നപോലെ.
അദ്ദേഹം തെറ്റൊന്നും ചെയ്തില്ലല്ലോ അപ്പച്ചാ.
ഇല്ലെന്നു നിനക്കെങ്ങനെ അറിയാം? അയാള്‍ എന്റെ ശത്രുവാണ്.
എങ്ങനെ?
അത്....
മാത്തച്ചന്‍ ബാക്കി പറഞ്ഞില്ല. പറയാന്‍ കൊള്ളാവുന്നതല്ല. അതു മകന്‍ അറിയരുത്. അവന്‍ അറിഞ്ഞാല്‍ ഇന്നത്തേതിലും കൂടുതലായി അവന്‍ തെന്നെ വെറുക്കും. അപ്പച്ചന്‍ എന്ന മമത കൈവിട്ടെന്നു വരും. ദേശ സ്‌നേഹിയായ മകന്‍ തനിക്കു കാരാഗ്രഹം ഒരുക്കിയെന്നും വരാം. വേണ്ട.... അവന്‍ അറിയണ്ടാ... മാത്തച്ചന്‍ വിയര്‍ത്തു. വോയില്‍ജ്ജൂബാ വിയര്‍പ്പില്‍ നനഞ്ഞു ദേഹത്തു ഒട്ടിപ്പിടിച്ചു. മാത്തച്ചന്‍ കര്‍ച്ചീപ്പു എടുത്തു മുഖം തുടച്ചു. ഉമിനീരു കൊണ്ട് തൊണ്ട നനയ്ക്കാന്‍ ശ്രമിച്ചുനോക്കി. അവിടെ ഉമിനീരില്ല. മകന്‍ അതു ശ്രദ്ധിച്ചു.
അപ്പച്ചനു വെള്ളം വേണോ?
വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല. നല്ല തണുത്ത പച്ചവെള്ളം കുടിച്ചപ്പോള്‍ മാത്തച്ഛന്റെ മനസ്സു സമനിലയിലെത്തി. അദ്ദേഹം കാലിയായ മണ്‍കൂജാനിലത്തുവച്ചു.
അപ്പച്ചാ... ഞാനാരു വിവരം പറയട്ടെ. സമയനില വെടിയാതെ ശ്രദ്ധിച്ചു കേള്‍ക്കണം. ഞാന്‍ പറഞ്ഞില്ലേ... ഒരു രേഖയുടെ കാര്യം. അതു ഒരു ചരിത്രഗവേഷകന്‍ പരിശോധിച്ചു.
എന്നിട്ട്?
ഇന്നലെ അവരെ വെളിച്ചത്തുവന്നിട്ടില്ലാത്ത ഒരു മഹാരഹസ്യം - കലര്‍പ്പില്ലാത്ത ചരിത്രസത്യം കണ്ടു പിടിക്കപ്പെട്ടു.
ചരിത്രസത്യം?
അതേ അപ്പച്ചാ... ചരിത്രസത്യം.... നമ്മുടെ ചരിത്രം.... നമ്മുടെ സമൂഹത്തിന്റെ. ... നമ്മുടെദ്ദേശത്തിന്റെ യഥാര്‍ത്ഥ ചരിത്രം.
മിതഭാഷിയായ ജയിംസിന്റെ നാവിലേക്കു വാക്കുകള്‍ തിക്കിത്തിരക്കിയെത്തി.
അപ്പച്ച നറിയാമോ.... നമ്മുടെ പൂര്‍വ്വികര്‍ ആരാണെന്ന്? ഇന്നാട്ടിലുണ്ടായിരുന്ന ചെറുമരും പറയരുമാണ് നമ്മുടെ പൂര്‍വ്വികര്‍.
ജയിംസേ.... മടയത്തരം പറയുന്നോ.... നല്ല നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയവരാണ് നമ്മള്‍.
അല്ല.... അപ്പച്ചന്റെ വിശ്വാസം പിശകിപ്പോയി. നമ്മുടെ കുടുബത്തിന്റെ അടിത്തറയില്‍ നിന്നും ലഭിച്ച രേഖ നമ്മുടെ കുംടംബ ചരിത്രം വിവരിക്കുന്നു. 
ങ്‌ഹേയ്....
സംശയിക്കേണ്ട... ഞാനും വിശ്വസിച്ചിരുന്നു. നമ്മുടെ പിതാമഹന്മാര്‍ സിറിയായില്‍ നിന്നും വന്നവരാണെന്ന്. അതെല്ലാം വെറും പൊങ്ങച്ചം പറച്ചിലാണെന്ന് എനിക്കു ബോധ്യമായി. നമ്മുടെ നാട്ടിലെ ആദിവാസികള്‍ തെളിനീരുകണ്ട മത്സ്യംപോലെ മിശിഹായുടെ തിരുവചനത്തില്‍ ആകൃഷ്ടരായി മാര്‍ഗ്ഗം കൂടി. ജാതിയും ചാതുര്‍വര്‍ണ്ണ്യവും അവരുടെ കഴുത്തുഞ്ഞെരിച്ചു തുടങ്ങിയപ്പോള്‍ ഒരു ആശ്വാസത്തിനു വേണ്ടിയും രക്ഷാസങ്കേതം തേടിയും ചിലര്‍ പുതിയ മേച്ചില്‍ സ്ഥലങ്ങളിലെത്തി. വിശ്വാസത്തിന്റെ പേരില്‍ അനന്തരകാലത്തു ചിലനമ്പൂതിരിമാരും മറ്റും മാര്‍ഗ്ഗം കുടിയെന്നുള്ളതു നേരാണ്.
എനിക്കൊന്നും വിശ്വാസം വരുന്നില്ല.
അപ്പച്ചന്‍ വിശ്വസിച്ചേ പറ്റൂ... ആ ബാലകൃഷ്ണന്‍ നായരും നമ്മളും പണ്ടത്തെ ഒരു കുടുംബത്തിലെ രണ്ടുശാഖകളാണ്.
നീ പറയുന്നത്....
അവിശ്വസനീയമെന്ന് അപ്പച്ചനു തോന്നാം...
എന്നാല്‍ സത്യം കയ്പ്പുള്ളതാണ്. അപ്പച്ചനറിയാമോ അപ്പച്ചന്റെ എതിരാളിയെന്ന് ഇപ്പോള്‍ വിശേഷിപ്പിച്ച ജയദേവന്‍ സാറും നമ്മളും ഓരേ കുടുംബക്കാരാണെന്ന്. അദ്ദേഹത്തിന്റെ കുടുംബപ്പേരും നമ്മുടെ കുടുംബപ്പേരും ഒന്നുതന്നെയാണെന്ന് കണ്ടെടുത്ത രേഖകള്‍ തെളിവുതരുന്നു.
അപ്പോള്‍ നമ്മള്‍ ഒന്നണേന്നോ?
അതേ അപ്പച്ചാ.... ബാലകൃഷ്മന്‍നായരുടെ കുടുംബപ്പേരും ഇതു തന്നെയാണ്.
കര്‍ത്താവേ. എന്താണു ഞാന്‍ കേള്‍ക്കുന്നത്.
ഈ മൂന്നു കുടുംബങ്ങളുടെയും വേര് ഒന്നാണെന്നാണ് ചരിത്രരേഖ തെളിയിക്കുന്നത്.
മോനേ.... ഇതു സത്യമോ.
അതേ അപ്പച്ചാ.... പതിരില്ലാത്ത സത്യം.
മകനെ ശാസിക്കാനെത്തിയ പിതാവ് എന്തുപറയണമെന്നറിയാതെ വിഷാദമൂകനായി. ലോകരെന്തുവിചാരിക്കും. മണല്‍ക്കൂനയ്ക്കു മുകളില്‍ കെട്ടി പ്പടുത്ത മണിമന്ദിരം നീലം പൊത്തുന്നു - പരുപരുത്തയാഥാര്‍ത്ഥ്യങ്ങളുടെ ആഘാതമേറ്റ്.
ജലജയുടെ വിവാഹം നടക്കുമോ? ആ നായര്‍ പയ്യനു അവളെ എങ്ങനെ കെട്ടിച്ചു കൊടുക്കും. സഭ അതിനെ എതിര്‍ക്കുകയില്ലേ. എതിര്‍ത്താല്‍.... മാത്തച്ഛന്റെ തല മരവിക്കുന്നന്നതുപോലെ തോന്നി.
മകനോടു യാത്രപോലും പറയാതെ മാത്തച്ചന്‍ കാറില്‍ കയറി ഡോര്‍ വലിച്ചടച്ചു. ചിന്തമുഴുവനും കാലത്തിന്റെ കടല്‍ അടിച്ചു തകര്‍ത്ത തന്റെ കളിവീടിനെപ്പറ്റിയായിരുന്നു.