"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

തലമുറകള്‍ : 14 - ടി എച്ച് പി ചെന്താരശ്ശേരി

ഇതിനുള്ളില്‍ എന്തോ ഒരു പന്തികേടുപോലെ. ഭഗവാന്‍ ആശങ്കാകുലനായി. ശിഷ്യന്മാര്‍ ചെവിവട്ടം പിടിച്ചിരുന്നു. അന്നത്തെ ഭജന കഴിഞ്ഞ് ഭക്തന്മാര്‍ പിരിഞ്ഞ സമയം. ശ്രദ്ധിക്കാന്‍ മറ്റാരുമില്ല. രഹസ്യമുറിയായതുകൊണ്ട് സുരക്ഷിതവും.
നാം സംഭാഷണം നടത്തുമ്പോഴെല്ലാം എന്തോ ചെറിയ കിരു കിരു ശബ്ദങ്ങള്‍ ഇവിടെ എവിടെയോ കേള്‍ക്കുന്നുണ്ട്. എവിടെ നിന്നാണ് ആ ശബ്ദം പുറപ്പെടുന്നതെന്ന് നിശ്ചയമില്ല.
സ്വാമിക്കു മാത്രമല്ല ആ സംശയം. ഏതേ യന്ത്രംതിരിയുന്നതു പോലുള്ള ശബ്ദമാണ്.
അതെന്താണെന്ന് കണ്ടുപിടിക്കണം.
നമുക്കു കാണാവുന്ന സ്ഥാനത്തല്ല അതിരിക്കുന്നത്. ഇവിടെയെല്ലാം വിശദമായി പരിശോധിച്ചു കഴിഞ്ഞതാണ്.
എന്നാല്‍ അതൊരു ദുശ്ശകുനമാണ്. ഇതിനുള്ളില്‍ ചാരന്മാര്‍ കടന്നിട്ടുണ്ടെന്നാണ് നമ്മുടെ ബലമായ സംശയം.
ഭഗവാന്‍ അസ്വസ്ഥനായി ഉലാത്തുവാന്‍ തുടങ്ങി. ഒരാളെ പിടിച്ചതിനുശേഷം മറ്റൊരു ശല്യവും ഉണ്ടായില്ലല്ലോ സ്വാമീ.
അങ്ങനെയല്ല, ഓരോ ചുമരിനും ചെവിയുണ്ട്. കണ്ണുകളുണ്ട്. അതു നാം നേരത്തേ മനസ്സിലാക്കേണ്ടതായിരുന്നു.
മുന്‍കരുതലുകള്‍ വളരെയധികം നമ്മള്‍ ചെയ്തിരുന്നു.
എന്തു ഫലം. കപ്പലില്‍ കള്ളനുണ്ട്.
ഏതുകപ്പലിലാണു സ്വാമി.... ഇന്നലെ മീന്തുറയില്‍ വന്നതിലോ? അതോ......
മന്ദബുദ്ധിയായ ഒരു ശിഷ്യന്‍ അബോധം ചോദിച്ചു പോയി. സ്വാമികള്‍ ഞെട്ടിത്തെറിച്ചു. കണ്ണിലൂടെ തീ പറക്കുന്ന നോട്ടം. ശിഷ്യന്‍ ദഹിച്ചു തുടങ്ങി. അവന്‍ ബോധമറ്റ് നിലം പതിച്ചത് ഇതരശിഷ്യരെ ഇതികര്‍ത്തവ്യതാമൂഢരാക്കി. ആ ശിഷ്യന്‍ ആശുപത്രി യുടെ ഇരുളിലേക്ക് വഴുതിപ്പോയി.
ഭഗവാനു അമ്പരപ്പുകലശലായി. കപ്പലിന്റെ കാര്യം ആരെങ്കിലും ശ്രദ്ധി ച്ചുവോ. ടേപ്പ് റെക്കോര്‍ഡര്‍ സ്വാമിയൊന്നു ഞെട്ടി. അങ്ങനെ വല്ല വസ്തുവും ആശ്രമത്തില്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ എല്ലാം തകരാറിലായി.
ആ ജയദേവനാണ് എല്ലാം കുഴപ്പത്തിലാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ആ വിധത്തിലാണ്. അയാളെ ചാക്കിടാന്‍ നടത്തിയ ശ്രമമെല്ലാം വിഫലമായി. നമ്മുടെ ശിഷ്യപ്രമുഖനായ കാര്യദര്‍ശി എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചു. ഒരു ഇരയിലും ആ മത്സ്യം കൊത്തുന്നില്ല. അന്വേഷണത്തിനു പോയ ശിഷ്യനെ കാണാനുമില്ല. തട്ടിന്‍ പുറത്തു എന്തോ ചീഞ്ഞ് നാറുണ്ട്.
സ്വാമി താടിക്കാരനെയും കൂട്ടി മറ്റൊരു രഹസ്യമുറിയില്‍ കടന്നു. ബട്ടണ്‍ അമര്‍ത്തിയപ്‌പ്പോള്‍ അവര്‍ കടന്നു വന്ന വാതില്‍ താനേ അടഞ്ഞു. ഒന്നു രണ്ടു മുറികള്‍ പിന്നീടു വീണ്ടും മറ്റൊരു ബട്ടണ്‍ അമര്‍ത്തി. പാതാള ഗര്‍ത്തത്തിലേക്കെന്നപോലെ ഒരു വിടവുദ്ദേശ്യമായി. പടികള്‍ ചവിട്ടി ഇറങ്ങിച്ചെന്നത് ഒരു പൂന്തോട്ടത്തില്‍. അരണ്ട വെളിച്ചം.
സ്വാമീ.... ഇന്നലെ ഞങ്ങള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നമ്മുടെ ജീപ്പിനോടു തൊട്ടതൊട്ടില്ല എന്ന പരുവത്തില്‍ അവരുടെ വാന്‍ ഓടിക്കൊണ്ടിരുന്നു.
കസ്റ്റംസ് ആയിരുന്നോ? അതോ....
പോലീസായിരുന്നു.... മലയുടെ അടുത്തു വന്ന് വെട്ടിത്തിരിഞ്ഞപ്പോള്‍ നമ്മള്‍ പൊടിവാരിവിതറിക്കൊടുത്തു. അവരുടെ ജീപ്പ് ഒരു വശത്തേക്കു മറിഞ്ഞ നിമിഷത്തില്‍ നമ്മുടെ രഹസ്യകവാടം തുറന്നതും അടത്തതും ഒന്നിച്ചായിരുന്നു. നാം എങ്ങോട്ടു മറഞ്ഞെന്ന് അവര്‍ക്കു ഒരു പിടിയും കിട്ടിക്കാണില്ല. പാറപ്പുറമായതുകൊണ്ട് ടയര്‍ പതിഞ്ഞ അടയാളവും അവശേഷിപ്പിച്ചിരുന്നില്ല... ഏതായാലും അവര്‍ക്കു സംശയം കാണും
കഴിഞ്ഞ തവണ കപ്പല്‍ വന്നപ്പോള്‍ നമ്മുടെ വഞ്ചിയിലെ നൂറുപാക്കറ്റ് ബിസ്‌ക്കറ്റ് കടലിലെറിഞ്ഞത് ഇതുവരെ തപ്പിയെടുത്തില്ല.
ആ വിവരം നാം അറിഞ്ഞില്ലല്ലോ....
എല്ലാം സ്വാമിയെ അറിയിക്കാന്‍ പറ്റുമോ. തപ്പിയെടുത്തിട്ടു അറിയിക്കാമെന്നു കരുതി.
പറഞ്ഞതു അബദ്ധമായിപ്പോയെന്നു അയാള്‍ക്കു പിന്നീടാണ് തോന്നിയത്.
പെരിയ സ്വാമിയെ ഈയിടെങ്ങും കാണാറില്ലല്ലോ.... പ്രചരണത്തിനു പോയിട്ടുണ്ടായിരിക്കും.
അതേ.... എറണാകുളത്തു നിന്നും നേരിട്ടെടുക്കുന്നത് ഇപ്പോള്‍ അപകടമാണ്. അതുകൊണ്ട് ഇവിടെനിന്നും അങ്ങോട്ടു കൊണ്ടുപോയിരിക്ക യാണ്. വടക്കേ ഇന്ത്യയില്‍ നിന്നും പലരും അവിടെ സ്ഥിരതാവളമാണ്. ചെറിയ സ്വാമിയെ പ്രതീക്ഷിച്ച്.
അതെന്താ ഒരു അമര്‍ന്നകരച്ചില്‍.
സ്വാമി ചെവിവട്ടം പിടിച്ചു ശ്രദ്ധിച്ചു. കാര്യദര്‍ശി ഒന്നു അന്ധാളിച്ചു. സ്വാമി അതുശ്രദ്ധിച്ചിരിക്കുന്നു. ഇനിയും ഒളിക്കാന്‍ പറ്റുകയില്ല. സ്വാമിക്കു തെറ്റിദ്ധാരണയോ അവിശ്വാസമോ ഉണ്ടായാല്‍ പലപദ്ധതികളും അവതാളത്തിലാകും. തട്ടാവുന്നിടത്തോളം തട്ടിയിട്ട് സ്വാമിയെയും തട്ടാം. ആ വക്രബുദ്ധിക്കാരന്‍ സ്വയം കൃതാര്‍ത്ഥനായി.
അതു ഒരു പെണ്ണിന്റെ ശബ്ദമാ...
സങ്കോചത്തോടെ കാര്യദര്‍ശി പറഞ്ഞൊപ്പിച്ചു.
ഏതുപെണ്ണ്. എവിടെനിന്ന്?
ഓ.... പറയാന്‍ വിട്ടുപോയി... ഇന്നലെ ബീച്ചിലൂടെ നമ്മുടെ ടാക്‌സിയില്‍ പോയപ്പോള്‍ ഒറ്റയ്ക്കു ഒരു പെണ്ണ് ഒരൊഴിഞ്ഞ കോണില്‍ ആരെയോ പ്രതീക്ഷിച്ചു നില്ക്കുന്നു. സന്ധ്യാ സമയം പ്രതീക്ഷിച്ച ആളിനെ കാണാത്തതുകൊണ്ട് തിരികെ പോകാനുള്ള ഭാവമാണ്. ടാക്‌സി അവളുടെ അടുത്തുനിറുത്തി. ടൗണിലേക്കാണ് - ബസ്സ് ചാര്‍ജ്ജു തന്നാല്‍ മതിയെന്നു അവളോടു പറഞ്ഞു. അവള്‍ അതുവിശ്വസിച്ച് ടാക്‌സിയില്‍ കയറി. സ്വാമി.... ക്ഷമിക്കണം. പിന്നെ ഇറക്കിവിടാന്‍ മനസ്സുണ്ടായില്ല.
ഛേ.... നിങ്ങള്‍ എന്താണീ ചെയ്തത്. ബലാല്‍ കൊണ്ടുപോരേണ്ടകാര്യമെന്ത്? അവള്‍ ബഹളം വച്ചില്ലേ?
നേരിയ തോന്നില്‍... എന്തു കരുത്തുള്ള പെണ്ണ്. നീന്തല്‍ മത്സരത്തിലും ഓട്ടത്തിലും പങ്കെടുത്തിട്ടുണ്ടെന്നു പറഞ്ഞുകേട്ടു.
അവളുടെ പേരറിയാമോ?
ജലജയെന്നാണു പറഞ്ഞത്.
എടോ ആകെ തകരാറിലായി. ആ പെണ്ണേ തെന്നറിയാമോ.... അല്ലെങ്കില്‍ എന്തിനു പറയണം. ഇവിടെ സ്വമനസ്സാലെ എത്രയോ സുന്ദരികള്‍ പൂജാ വസ്തുക്കളായി വരുന്നു. അവരൊന്നും പോരാ തനിക്ക്.
സ്വാമി പല്ലുഞ്ഞെരിച്ച് അമര്‍ഷം പ്രകടിപ്പിച്ചു. കാര്യദര്‍ശിയോടു ഇടയുന്നതു പന്തിയല്ലെന്നു കരുതി സ്വാമി സ്വയം നിയന്ത്രിച്ചു.
സ്വാമിയുടെ ഉള്ളിലൂടെ കൊള്ളിമീന്‍ പാഞ്ഞുപോയി. ഈ വകതിരിവു കെട്ടവന്‍ കാട്ടിക്കുന്ന വിക്രിയകള്‍. ഈ ആശ്രമം ചൊവ്വേന്നേരേ പ്രവര്‍ത്തിച്ചുകൊള്ളുമായിരുന്നു. ഈ ധൂമകേതു ഇവിടെ ഉദയം ചെയ്തനാള്‍ മുതല്‍ ഇതിന്റെ അടിത്തറ ഇളകാന്‍ തുടങ്ങി.
പെണ്ണു പണവും പലതിന്റെയും അടിത്തറമാന്തും.
കാര്യദര്‍ശിയെ പരിചയപ്പെട്ട നിമിഷം സ്വാമി ഓര്‍ത്തുനോക്കി. അയാള്‍ വലിഞ്ഞു കയറി വന്നാണു സേവാസംഘത്തിന്റെ കാര്യദര്‍ശിയായത്. ആരും അന്ന് എതിര്‍ത്തില്ല.
കാണിമംഗലത്തുള്ള ഒരു പ്രമാണിയുടെ അനന്തിരവനാണെന്നുള്ളതും ഒരു യോഗ്യതയായി കരുതി. അന്നു മുതല്‍ അയാള്‍ ജയദേവനെതിരായി കരുക്കള്‍ നീക്കുകയാണ്. ആവശ്യത്തിലധികം വാരിക്കോരിക്കൊണ്ടുപോയി. കൊണ്ടുപോകുന്നെങ്കില്‍ കൊണ്ടുപോകട്ടെ.
മുതല്‍ മുടക്കില്ലാത്തതാണല്ലോ. വല്ലവരും കപ്പലില്‍ കൊണ്ടുവരുന്നു. വിറ്റഴിക്കുന്ന എങ്കിലും ഏതിനും ഒരതിരില്ലേ. പുലരുന്നതുവരെ കട്ടാല്‍... സ്വാമി ഗാഢ ചിന്തയിലാണെന്നു കാര്യദര്‍ശിക്കു തോന്നി.
സ്വാമീ. എന്നാല്‍ ഞാനങ്ങോട്ടുറങ്ങുകയാ...
പക്ഷേ ഒരു കാര്യം.
സ്വാമി അയാളെ ഓര്‍മ്മിപ്പിച്ചു.
ആ പെണ്‍കുട്ടിയെ ഒരു പ്രകാരത്തിലും ഉപദ്രവിക്കരുത്.
ഇല്ല സ്വാമീ... അവളുടെ അടുത്ത ചെന്നാലുടന്‍ അവള്‍ക്കു ബോധക്ഷയമുണ്ടാകുന്നു. അതുകൊണ്ട് ഡോക്ടര്‍ കൂടെ കൂടെ അവളെ പരിശോധിക്കുന്നുണ്ട്.
ഉം... അവള്‍ തല്ക്കാലം ഇവിടെ കഴിയട്ടെ. ഉടനേ വിട്ടാല്‍ അതും ആപത്താണ്. അവളെ എന്തുചെയ്യണമെന്നു ആലോചിച്ചു പറയാം.
കാര്യദര്‍ശി ധൃതപ്പെട്ടുപോകാനൊരുങ്ങി. ഞാന്‍ പോയിട്ടു വരാം സ്വാമീ. കുറേ കണക്കുകള്‍ ശരിയാക്കാനുണ്ട്.
ഉം.
സ്വാമി ഒന്നമര്‍ത്തിമൂളി.
ഭഗവാന്‍ ഏകനായി പൂവാടിയിലൂടെ ഉലാത്തിക്കൊണ്ടിരുന്നു. അപ്പോള്‍ രഹസ്യബല്ല് കര്‍ണ്ണാമൃതം തൂകുന്ന സ്വരത്തില്‍ മൂന്നുവട്ടം മുഴങ്ങി.
ആശ്രമത്തിലെ പ്രധാനികള്‍ എത്തുമ്പോള്‍ അവരവരുടെ പ്രത്യേകതരത്തിലുള്ള ബെല്ലാണ് മുഴക്കുന്നത്. ആഗതന്‍ ആരെന്നു സ്വാമിക്കു മനസ്സിലായി. മുഖത്തു സന്തോഷത്തിന്റെ പൂക്കള്‍ വിരിഞ്ഞു. ആരാമത്തിലെ സുമങ്ങളും പുഞ്ചിരിതൂകി. ചുവപ്പു റോസാപ്പൂവു മാത്രം. മൗനം പൂണ്ടു. അതു ഗാംഭീര്യം കൈക്കൊള്ളുന്നതു പോലെ.
ഓ.... പെരിയ സ്വാമി എത്തിയോ? കുഴപ്പമൊന്നുമില്ലല്ലോ? സ്വാമി ആശാഭരിതനായി ആരാഞ്ഞു. ഒരു കയ്യില്‍ സഞ്ചിയും മറുകയില്‍ സൂട്ട് കെയ്‌സുമായാണ് പെരിയ സ്വാമിയുടെ വരവ്.
സ്വാമിക്കു കാര്യം മനസ്സിലായി. വിലപിടിച്ച കുപ്പികള്‍ ഇന്നും സംഭരിച്ചിട്ടുണ്ട്. ആഗതന്‍ ഹൃദ്യമായി ചിരിച്ചു. എന്നിട്ട് സ്യൂട്ടുകെയ്‌സ് തുറന്നു. നിറയെ നൂറുരൂപാ നോട്ടുകെട്ടുകള്‍. മഞ്ഞ ബിസ്‌ക്കറ്റിന്റെ വില.
ഒന്നു നടു4വു നിവര്‍ക്കാനെന്ന വണ്ണം അയാള്‍ സോഫയിലേക്കു ചാരി ഇരുന്നു. അന്നത്തെ പത്രം കയ്യിലെടുത്തു. താന്‍ ദിനപ്പത്രങ്ങള്‍ കണ്ടിട്ട് ആഴ്ചകള്‍ രണ്ടു കഴിഞ്ഞു. അയാള്‍ പകല്‍ വെളിച്ചം വിരളമായേ അനുഭവിച്ചിട്ടുള്ളൂ. ഇരുളിനെ പകലാക്കിയ നാളുകള്‍.
പെരിയ സ്വാമി ഞെട്ടി എഴുന്നേറ്റു. കാര്യമെന്തെന്നറിയാതെ ഭഗവാന്‍ അടുത്തു ചെന്നു. പെരിയ സ്വാമിയുടെ ശരീരം വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു.
ജലജയുടെ അപഹരണവാര്‍ത്ത നഗരത്തിലാകെ പരന്നു. ഏതുമുക്കിലും മൂലയിലും അതാണ് സംസാര വിഷയം. അവരുടെ ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ഇടയില്‍ സര്‍വ്വത്ര അങ്കലാപ്പ്. ഭീതിജനകമായ അന്തരീക്ഷം.
കോളേജു വിദ്യാര്‍ത്ഥികള്‍ ഇളകിക്കഴിഞ്ഞു. പ്രകടനങ്ങളും കൂട്ടനിവേദനങ്ങളും.
ബാലകൃഷ്ണന്‍ നായര്‍ സ്വഭവനത്തില്‍ മ്ലാനവദനനായി വിദൂരതയില്‍ ദൃഷ്ടികളുറപ്പിച്ചു നിന്നു - ആശാവഹമായ ഒരു വാര്‍ത്തയും പ്രകീക്ഷിച്ച്.
ബാലകൃഷ്ണന്‍ നായരുടെ വൈഷമ്യങ്ങളുടെ രണ്ടുമുഖങ്ങള്‍. അയാള്‍ സംശയിക്കപ്പെടാം. രണ്ടാമതായി താല്ക്കാലിക മായിട്ടാണെങ്കില്‍ പോലും ജലജ അയാള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ചെവിയില്‍ ചൂളം വിളിയുടെ ആരവം. അയാള്‍ക്കിരിപ്പുറയ്ക്കാതെയായി.
ചിലപ്പോള്‍ ജയദേവനു ഫോണ്‍ ചെയ്തു വിവരങ്ങള്‍ അന്വേഷിക്കും. അവിടെ നിന്നുള്ള മറുപടി ആശാവഹമല്ലേ. ബാലകൃഷ്ണന്റെ കൂടെയുള്ള അന്വേഷണം ജയദേവനെ തപ്ചഹൃദയനാക്കി.
ഒരു തുമ്പും ലഭിക്കാതെ പോലീസ് പരക്കം പായുന്നു. ജയദേവന്‍ ഡി.എസ്.പി.യെ വിളിച്ചു വരുത്തി.
ജലജയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വല്ലതും....? 
ഇല്ലസാര്‍...
ഡി.എസ്.പി യ്ക്കു കൂടുതലൊന്നും പറയാനില്ല.
ഇതിനു ഒരു തുമ്പും ലഭിക്കുകയില്ലെന്നാണോ?
സാര്‍. ഒരു നിസ്സാര വിവരമറിഞ്ഞു. അവളെ തട്ടിക്കൊണ്ടു പോയതു ഒരു താടിക്കാരനാണെന്നാണ് കിട്ടിയ വിവരം. അതനുസരിച്ച് ദൃക്‌സാക്ഷികളെന്നു പറയപ്പെടുന്ന ചിലരെ ചോദ്യം ചെയ്തു.
എന്നിട്ട്?
അവര്‍ക്കു കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ല.
ജയദേവന്‍ ആലോചനയിലാണ്. താടിക്കാരന്‍ എന്ന രൂപം അദ്ദേഹ ത്തിന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. ഒന്നു രണ്ടു പ്രാവശ്യം തന്റെ വീട്ടില്‍ ഒരു താടിക്കാരന്‍ വന്നിരുന്നു. അതു ആശ്രമത്തിലെ കാര്യദര്‍ശിയായിരുന്നുവത്രേ. ഈ കടും കൈ അയാളുടെ പ്രവര്‍ത്തിയായിരിക്കുമോ.
ജയദേവന്റെ മുഖം പെട്ടെന്നു പ്രസന്നമായി. ഡി.എസ്.പി. അതു ശ്രദ്ധിച്ചു.
സാര്‍....?
അദ്ദേഹം ചോദ്യരൂപത്തില്‍ വിളിച്ചു.
അതേ... ഒരു താടിക്കാരനെ എനിക്കു സംശയമുണ്ട്. ആശ്രമത്തിലെ കാര്യദര്‍ശി.
കാര്യദര്‍ശി
അതേ....
അയാളെ എങ്ങനെ കസ്റ്റഡിയിലെടുക്കും.
അതു ആലോചിക്കേണ്ട കാര്യമാണ്. നമ്മുടെ അന്വേഷണം ഈ ദശയിലേക്കാണെന്നു വെളിയിലറിഞ്ഞാല്‍ ഫലം പ്രതികൂലമാകും. ആശ്രമ വിശ്വാസികള്‍ വിലയും നിലയുമുള്ളവരാണ്. അനുഭാവികള്‍ വി.ഐ.പി.കളും ശാസ്ത്രജ്ഞന്മാര്‍, ന്യായാധിപന്മാര്‍, ഭീഷഗ്വരന്മാര്‍, ഡോക്‌റേറ്റുകാര്‍, രാഷ്ട്രീയ നേതാക്കള്‍, ചിലഭരണത്തലവന്മാര്‍ എന്നിങ്ങനെ വിവിധ തുറകളിലുള്ളവര്‍. കൂട്ടത്തില്‍ ചില ബുദ്ധി ജീവികളും ആശ്രമത്തിന്റെ ഉള്ളുകളില്‍ അവര്‍ക്കു അജ്ഞാതമായിരിക്കാം. വിശ്വാസത്തിന്റെ പേരില്‍ ആഗ്രൂപ്പില്‍ പെട്ടു പോയ വരാണെന്നും വരാം. അവരുടെ കണ്ണില്‍ കണ്ടതായി അവര്‍ക്കു തോന്നിയത്. അതുപോലെ അവര്‍ വിശ്വസിക്കുന്നു. വിശ്വാസത്തിനു ഇളക്കം തട്ടുക എളുപ്പമല്ല. നമ്മള്‍ എന്തുചെയ്താലും മനഃപൂര്‍വ്വം കരിതേച്ചു കാണിക്കാനുള്ള ശ്രമമാണെന്ന വ്യാഖ്യാനീക്കപ്പെടും. അഥവാ ബോധ്യമായാല്‍ത്തന്നെ വിശ്വാസത്തിന്റെ പേരില്‍ കേസ്സ് തേച്ചു മായ്ച്ച്കളയാനേ ശ്രമിക്കയുള്ളൂ.
സാര്‍... ഒരു പെണ്‍കുട്ടിയുടെ ജീവന്റെ പ്രശ്‌നമല്ലേ... പോരെങ്കില്‍ ഒരു പണക്കാരന്റെ മകളും.
അതെനിക്കറിയാം.... ഈ പ്രശ്‌നത്തെ വളരെ കരുതലോടെ സമീപിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഒടുവില്‍ വെളുക്കാന്‍ തേച്ചതു പാണ്ടായിത്തീര്‍ന്നെന്നും വരാം... അല്പം തുടര്‍ച്ചയുണ്ടായിപ്പോയാല്‍ മുകളില്‍ നിന്നും നമുക്കു യാതൊരു പിന്തുണയും ലഭിക്കുമെന്നു പ്രതീക്ഷിക്കുകയും വേണ്ട.
ഇതിനു എന്തെങ്കിലും പോംവഴി വേണമല്ലോ.
ആതാടിക്കാരന്റെ ലക്ഷണങ്ങള്‍ ഞാന്‍ കുറിച്ചു തരാം. ആ ആളിനെ കസ്റ്റഡിയിലെടുത്ത വിവരം പരസ്യമാവുകയും അരുത്.
ആരും അറിയാതെ?
ഡി.എസ്.പി.ക്കു ഒരു സംശയം. എവിടെയും വിശ്വാസികള്‍. അറസ്റ്റു ചെയ്യാന്‍ ചെല്ലുന്നവരിലുമുണ്ട് അത്തരക്കാര്‍. അപ്പോള്‍ ഇക്കാരംയ എങ്ങനെ രഹസ്യമാക്കിവയ്ക്കാന്‍ പറ്റും. അതാണ് ഡി.എസ്.പി യെ കുഴയ്ക്കുന്നത്.
അതേ... രഹസ്യമായിരിക്കണം. അയാളെ പിടിക്കുന്നതുകൊണ്ട് ആശ്രമത്തിലെ അന്തരീക്ഷത്തില്‍ ഒരു ചലനവും ഉണ്ടാകാന്‍ പാടില്ല. അന്തേവാസികളോ വിശ്വാസികളോ ആരും അറിയാന്‍ ഇടയാകരുത്.
ഇതൊരു വിഷമം പിടിച്ചകാര്യമാണ്. ഒന്നാമത് ആശ്രമത്തിലെ ചാരന്മാര്‍ മുക്കിലും മൂലയ്ക്കുമുണ്ട്. അയാളെ ഒറ്റയ്ക്കു കിട്ടുക എളുപ്പവുമല്ല.
ആ ആശ്രമത്തിലെ പല വിവരങ്ങളും അന്നു കസ്റ്റഡിയിലായ ആശ്രമവാസിയില്‍ നിന്നും കിട്ടിയല്ലോ.
സാര്‍... ആ ആശ്രമത്തിന്റെ ഒരു ഏകദേശ രൂപം ലഭിച്ചിട്ടുണ്ട്.
ആ താടിക്കാരന്റെ പോക്കും വരവും ശ്രദ്ധിക്കണം. ആ പെണ്‍കുട്ടി എവിടെയുണ്ടെന്നു നമ്മുടെ ചാരന്മാര്‍ കണ്ടു പിടിക്കട്ടെ. അവള്‍ ആശ്രമത്തിലുണ്ടെങ്കില്‍ അയാള്‍ അവളുമായി പുറത്തു കടക്കാന്‍ എന്തെങ്കിലും ഉപായം ഒപ്പിക്കുകയും വേണം.
ശരി സാര്‍... വിഭദ്ധമായ ഒരു സ്‌ക്വാഡിനെത്തന്നെ ചുമതലപ്പെടുത്താം.
ഇരു ചെവി അറിയരുത്.
സാര്‍.....
ഡി.എസ്.പി. സല്യൂട്ടു ചെയ്തു വിടവാങ്ങി.