"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

തലമുറകള്‍ : 15 - ടി എച്ച് പി ചെന്താരശ്ശേരി

ഹലോ...
യേസ്... ഡി.എസ്.പി. ഹീയര്‍
ശിഷ്യന്‍ 1925... അവള്‍ ഇവിടെയുണ്ട്. താടിയെ ഒറ്റയ്ക്കു കണ്ടു. പോലീസിനു സംശയമുണ്ടെന്നുള്ള വിവരം ധരിപ്പിച്ചിട്ടുണ്ട്. അവര്‍ തിരിയുന്നതിനു മുമ്പു ആ പെണ്ണിനെ ആശ്രമത്തില്‍ നിന്നും വെളിയില്‍ എവിടെയെങ്കിലും കൊണ്ടു പോകണമെന്നു ഒരു ശിഷ്യന്‍ എന്ന നിലയില്‍ നിര്‍ദ്ദേശിച്ചു. രാത്രിയില്‍ കന്യാകുമാരിക്കു തന്നെ പോയാല്‍ അപകടം ഒഴിവാക്കാമെന്നാണ് ധരിപ്പിച്ചത്.... ആവശ്യം കഴിഞ്ഞാല്‍ കടലിലെവിടെയെങ്കിലും തള്ളിയിട്ടിട്ടു പോന്നാല്‍ സൊല്ലയൊഴിയുമല്ലോ.... എന്നുപറഞ്ഞപ്പോള്‍ താടിക്കാരന്‍ സമ്മതിച്ചതു പോലെ തലയാട്ടി. അതേ... ഇന്നു രാത്രി കൃത്യം പന്ത്രണ്ടുമണി. അതേ.... ആര്‍ക്കും സംശയം തോന്നിയിട്ടില്ല..... അയാള്‍ രഹഹസ്യവാതില്‍ തുറന്നു പുറത്തേക്കു കടക്കുമ്പോള്‍ അയാള്‍ക്കു സംശയത്തിനിടം കൊടുക്കാതിരിക്കണം. വഴിയില്‍ പലയിടത്തും ജീപ്പില്‍ കാത്തുനില്ക്കണം. അയാള്‍ പുറത്തു കടന്നാലുടന്‍ ആല്‍മരത്തിന്റെ മുകളിലിരുന്നു കൊണ്ട് അകലെ കാണത്തക്കവിധം ഞാന്‍ മൂന്നുപ്രാവശ്യം തീപ്പെട്ടി ഉരച്ചു കാണിക്കും. അതിനു ശേഷം ഞാന്‍ പുറകേ ജീപ്പില്‍ വന്നു കൊള്ളാം. വളഞ്ഞു പിടിക്കണം. സൂക്ഷിക്കണം. ആളിന്റെ പക്കല്‍ റിവാള്‍വര്‍ ഉണ്ട്... ഒക്കെ...
അധികം താമസിയാതെ മഫ്തിവേഷക്കാരെ ആശ്രമത്തിനു ചുറ്റും കാവല്‍നിറുത്തി. ആര്‍ക്കും. സംശയത്തിനിടകൊടുക്കാതെ രാത്രി പത്തുമണിക്കു മുമ്പുതന്നെ കന്യാകുമാരിയിലേക്കുള്ള വഴികള്‍ പല ഭാഗങ്ങളിലും പോലീസ് കവര്‍ ചെയ്തു.
ആതുരാനന്ദ നഗര്‍ നിദ്രയിലാണ്. നഗരത്തിന്റെ കൂര്‍ക്കം വലിപോലെ അങ്ങിങ്ങു ചില ചെറിയ ശബ്ദങ്ങള്‍ മാത്രമുണ്ട്. നിശ്ശബ്ദതയുടെ തടാകത്തില്‍ കൊച്ചോളങ്ങളിളക്കുന്ന ഇതര ഘടകങ്ങളൊന്നുമില്ല.
ആശ്രമത്തിലെ വിളക്കുകള്‍ മിക്കതും കണ്ണടച്ചു. മുന്‍വശത്തുള്ള ഒരു വിളക്കുമാത്രം മങ്ങിക്കത്തുന്നുണ്ട്.
ശ്രീകോവിലിന്റെ പിന്നിലുള്ള ആല്‍മരത്തില്‍ ചെറിയ ദീപം മൂന്നുപ്രാവശ്യം പ്രകാശിച്ചു. മങ്ങിയ പ്രകാശം പരത്തിക്കൊണ്ട് ഒരു കാര്‍ സാവധാനം ആശ്രമത്തിന്റെ പിന്‍വാതിലിലൂടെ നിരങ്ങിയിറങ്ങി. അധികം ഒച്ചയില്ല. നല്ല കണ്ടീഷനിലാണ്. കുറ്റിച്ചെടികളുടെ മറപറ്റി കാട്ടിലൂടെ ഓടിത്തുടങ്ങി.
നല്ലകരുതല്‍. പിന്‍സീറ്റില്‍ ഒരു സ്ത്രീ മയങ്ങിക്കിടക്കുന്നു. പിന്നെ മറ്റൊരാളുള്ളത് ഡ്രൈവുചെയ്യുന്ന ആള്‍. വഴിയില്‍ കാത്തുനിന്നവര്‍ ഒഴിഞ്ഞുമാറി. അവര്‍ പുറകേവന്ന ജീപ്പില്‍ കയറി. ജീപ്പ് വലിയ ശബ്ദമുണ്ടാക്കാതെ പുറുക വിട്ടു. അയാള്‍ സഞ്ചാരമില്ലാത്ത റോഡു ഭാഗത്തെത്തിയപ്പോള്‍ മുമ്പില്‍ നിന്നും പുറകില്‍ നിന്നും വാഹനങ്ങള്‍ ചീറിപ്പാഞ്ഞടുത്തു. താടിക്കു സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലായി.
ഇരുഭാഗങ്ങളില്‍ നിന്നും റിവോള്‍വര്‍ തുരുതുര തീതുപ്പി. കാറിന്റെ ടയറുകളെ ലക്ഷ്യമാക്കിയാണ് വെടിയുണ്ടകള്‍ പാഞ്ഞത്. കാര്‍ ചത്തു ചലനമറ്റു കിടന്നു.
പെട്ടെന്നു അതും സംഭവിച്ചു. താടിക്കാരന്‍ മനയാറ്റില്‍ ചാടിനീര്‍ക്കുഴിയിട്ടു. ഇരുളിനെ വകവയ്ക്കാതെ പോലീസുകാരും ഒഴുക്കിലേക്കെട്ടുത്തുചാടി. കുറേ നേരത്തേക്കു ഒരു ചലനവും അനുഭവപ്പെട്ടില്ല. ഏതാനും നിമിഷങ്ങള്‍ക്കുശേഷം കീഴ് ഭാഗത്തു നിന്നും പോലീസുകാര്‍ നീന്തിവന്നു. ആറ്റിലേക്കു ചാഞ്ഞു നിന്ന ഇഞ്ചപ്പടര്‍പ്പിന്നടിയില്‍ ചലന രഹിതനായി മറഞ്ഞു നിന്ന പുള്ളിയെ പോലീസ് പിടികൂടി.
ഒരു പോലീസു വാന്‍ സുവര്‍ണ്ണഗിരിയുടെ പടിക്കല്‍ ചെന്നു നിന്നു. രാത്രി മണി ഒന്ന്. കോളിംഗ് ബെല്‍ ശബ്ദിച്ചു. പാറാവുകാരന്‍ അറ്റന്‍ഷനായി നില്ക്കുന്നു. ഒരാള്‍ പാറാവുകാരനെകടന്നു വരാന്തയിലെത്തി.
ജയദേവന്‍ ഉറക്കച്ചടവോടെ ഇറങ്ങിവന്നു.
അല്ലാ.... ഡി.എസ്.പി.യോ എന്താണ് അസമയത്ത്?
ജലജയെ കൊണ്ടു വന്നിട്ടുണ്ട് സാര്‍....വാനിലിരിക്കുന്നു.
പുള്ളിയെ പിടികിട്ടിയോ?
സാര്‍....
ആ കുട്ടിയെ ഇവിടെ കൊണ്ടു വരൂ..... അവള്‍ ഒന്നു രണ്ടു ദിവസം ഇവിടെ താമസിക്കട്ടെ.... അയാളെ കസ്റ്റഡിയില്‍ വച്ചു കൊള്ളൂ.
പെണ്‍കുട്ടിയുമായി നനഞ്ഞൊലിച്ച് രണ്ടു പോലീസുകാരെത്തി.
മാധുരീ.....
ജയദേവന്‍ ഭാര്യയെ വിളിച്ചു. അവര്‍ ഇറങ്ങിവന്നു.
ഈ കുട്ടിയെ ഇവിടെ സൂക്ഷിച്ചുകൊള്ളൂ. മറ്റാരും ഈ വിവരം അറിയരുത്.
ശരി
ആള്‍റൈറ്റ്.... ഇനിയും അമാന്തിക്കേണ്ട.... നാളെ വിശദമായി ചര്‍ച്ചചെയ്യാം. ഓ.കെ.
ഡി.എസ്.പി പാറാവുകാരന്റെ അടുത്തു ചെന്നു.
എടോ.... ഇവിടെ കണ്ടതായ വിവരങ്ങളൊന്നും തെളിയിലാകരുത്. കേട്ടോ...
ഉത്തരവ്.
ഡി.എസ്.പി യും പോലീസുകാരും വാനില്‍ കയറി യാത്രയായി. അദ്ദേഹത്തിനു വിശ്രമമാവശ്യമാണെന്നു കോട്ടുവായിട്ടതില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ വിശ്രമിക്കാന്‍ കര്‍ത്തവ്യബോധം അനുവദിക്കുന്നില്ല.
പ്രപഞ്ചം ഗാഢനിദ്രയിലാണ്. രഹസ്യങ്ങളുടെ പൊതിയഴിക്കുന്ന സമയം. എന്തെന്തു രഹസ്യങ്ങള്‍ രാവിന്റെ മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കുന്നില്ല.
എടാ.... നീ ഈ താടി വച്ചിരിക്കുന്നതിന്റെ ഉദ്ദേശമെന്താ?
പോലീസിന്റെ ചോദ്യം ചെയ്യലാരംഭിച്ചു. താടിക്കാരന്‍ മിണ്ടുന്നില്ല.... ഊക്കനായ ആ മനുഷ്യന്‍ എന്തോ ആലോചിച്ചു കൊണ്ടു നിന്നു. പിടിക്കപ്പെട്ടതുകൊണ്ടുള്ള മ്ലാനത മാത്രമല്ല, ജീവിതം പാഴിലുമായി. രഹസ്യങ്ങളെല്ലാം പുറത്താക്കാന്‍ പോകുന്നു.
പറയെടാ.... മിണ്ടാതെ നില്ക്കുന്നോ റാസ്‌ക്കല്‍.
നടുവിനു ഒരിടി വീണു.
ഹയ്യോ....

ഓര്‍ക്കാപ്പുറത്തുള്ള പ്രഹരം. കണ്ണുതള്ളിപ്പോയി.
പെട്ടെന്നു പറയെടാ... എന്തിനു നീ താടി വച്ചിരിക്കുന്നു?
വെറുതേ.
ഛീ.... വെറുതെയോ... നീഭഗവാന്റെ ശിഷ്യനല്ലേ?
അതേ.....
എന്നു മുതല്‍
ആശ്രമം തുടങ്ങിയകാലം മുതല്‍
നിന്റെ പേര്?
മാധവന്‍ കുട്ടിനായര്‍
നീ കലക്ടറദ്ദേഹത്തെ അറിയുമോ?
അറിയും
എങ്ങനെ?
ഞങ്ങള്‍ കുഞ്ഞും നാള്‍ മുതല്‍ ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണ്.
ങ്‌ഹോ.....
ഡി.എസ്.പി ഞെട്ടിത്തെറിച്ചു. ഇവന്‍ അദ്ദേഹത്തിന്റെ പരിചയക്കാരനോ.
നീ അദ്ദേഹത്തിന്റെ കളിത്തോഴനാണല്ലേ.....
എന്നിട്ട് നീ അദ്ദേഹത്തെ ദ്രോഹിക്കാന്‍ ശ്രമിച്ചത്.
ഞാന്‍ ദ്രോഹിച്ചില്ല.
ഇല്ലേ?
മടക്കിയ കാല്‍മുട്ട് അയാളുടെ അടിവയറ്റില്‍ ആഞ്ഞുതാണു.
ഹയ്യോ.
ആ ശബ്ദം കുറേ നേരത്തേക്കു ഉയര്‍ന്നുകേട്ടില്ല.
പറയെടാ.... പറഞ്ഞില്ലെങ്കില്‍ തടിചീത്തയാകും. ഓര്‍മ്മവേണം.
പൊന്നേ മാനേ.... പറയാമേ....
എന്നാല്‍ വേഗമാകട്ടെ... നീ അദ്ദേഹത്തിനെതിരായി തിരിയാന്‍ കാരണം?
ഞങ്ങള്‍ ഒന്നിച്ചുകളിച്ചുവളര്‍ന്നു. ഒരു സ്‌ക്കൂളില്‍ പഠിച്ചു. പഠിത്തത്തില്‍ ഞാന്‍ മോശമായിരുന്നു. മിടുക്കന്മാരോടു എനിക്കു അസൂയ തോന്നി. എന്റെ കളിത്തോഴനായിരുന്നു ഏറ്റവും മിടുക്കനായ കുട്ടി. അടിയാളന്റെ മകന്റെ സാമര്‍ത്ഥ്യം എനിക്കു സഹിച്ചില്ല. ഞങ്ങള്‍ കുടുംബപരമായിത്തന്നെ ശത്രുതയിലായിരുന്നു.
നീ അദ്ദേഹത്തിനെതിരായി എന്തെല്ലാം ചെയ്തു? ഒന്നും ഒളിക്കേണ്ട. ഒളിച്ചിട്ടുഫലവുമില്ല.
പറയാം... അദ്ദേഹം കോളേജില്‍ ചേരാന്‍ പോയപ്പോള്‍ ഞാന്‍ തടസ്സമുണ്ടാക്കി. അതുകാരണം അന്നു ഇന്റര്‍വ്യൂന് പോകാന്‍ സാധിച്ചിരിക്കയില്ല.
പിന്നെ....?
ഞാന്‍ പഠിത്തം നിറുത്തിയിട്ടു കണിമംഗത്തു അമ്മാവന്റെ കൂടെ താമസമാക്കി. അന്നു അദ്ദേഹം അനന്തപുരിയിലാണ് പഠിച്ചിരുന്നത്.
ഇവിടെ വന്നിട്ടു എന്തെല്ലാം ചെയ്തു?
അക്കൊല്ലം പബ്ലിക്ക് പരീക്ഷയ്ക്കു അദ്ദേഹത്തിനു എഴുതാന്‍ കഴിഞ്ഞില്ല.
അതെന്താ?
പരീക്ഷ ദിവസം ഞാന്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി.
പിന്നെ?
അദ്ദേഹം കോളേജില്‍ നിന്നും കൂട്ടുകാരുമായി പൊറ്റാമലയിലേക്കു പിക്‌നിക്കിനു പോയപ്പോള്‍ ഒരു സ്ത്രീയേയും കുഞ്ഞിനേയും വാടകയ്‌ക്കെടുത്ത് അദ്ദേഹത്തെ മാനം കെടുത്താന്‍ ചിലതെല്ലാം ചെയ്തു.
ശരി.... വിശദമായി ഞാന്‍ അദ്ദേഹത്തില്‍ നിന്നറിഞ്ഞുകൊള്ളാം.... ഇതൊന്നും അദ്ദേഹം വെളിയില്‍ മിണ്ടിയിട്ടില്ല.... ശരി.... ഓരോ സംഭവവും ചുരുക്കിപ്പറയൂ.... നേരം വെളുക്കാറായി. വെള്ളസ്‌ക്വയര്‍ വഴിഅദ്ദേഹം കാര്‍ ഓടിച്ചു കൊണ്ടുവന്നപ്പോള്‍ ഞാന്‍ ഒരു ജീപ്പു ഓടിച്ചു കൊണ്ടുചെന്നു അതില്‍ ഇടിച്ചു.
ഓഹോ.... അവിടെ വരെയെത്തി... അല്ലേ.... ബാക്കി കൂടി പറയൂ.
ഇനിയും മറച്ചുവച്ചാലും ജയദേവന്‍ വിവരങ്ങളെല്ലാം വിശദമായി പോലീസിനെ അറിയിക്കുമെന്ന സംശയമുള്ളതുകൊണ്ട് ഇത്രയും കാര്യങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ പ്രധാന കാര്യത്തിലേക്കു പ്രവേശിച്ചില്ല.
മറ്റൊന്നും പറയാനില്ലേ?
ഇല്ലേയ്.....
അപ്പോള്‍ നീ ആശ്രമത്തില്‍ കടന്നു കൂടിയത്?
ഭഗവാനോടുള്ള ഭക്തികൊണ്ട്.
ഭക്തിയാണു കാരണം അല്ലേ?
ആണേയ്...
താടിക്കാരന്‍ പലതും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഡി.എസ്.പി.ക്കു തോന്നി.
നീ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതും ഭക്തികൊണ്ടാണല്ലേ?
അത്...
പറയെടാ....
മൂക്കിനാണ് അടുത്ത പ്രഹരമേറ്റത്. പറയാതിരിക്കാന്‍ നിവൃത്തിയില്ലെന്നായി.
അവള്‍ സന്ധ്യാസമയത്തു ഒറ്റയ്ക്കു ബീച്ചില്‍ നില്ക്കുന്നതുകണ്ടു.
ഓഹോ... അപ്പോള്‍ നീ അവള്‍ക്കു കൂട്ടാകാമെന്നുവച്ചു.
അല്ലേയ്.... കുട്ടിക്കൊണ്ടു പോയി അവളുടെ ഹോസ്റ്റലില്‍ വിടാമെന്നു കരുതി.
അത്രേയുള്ളോ? എന്നിട്ടു അവള്‍ ആശ്രമത്തിലെത്തിയത്?
...
താടിക്കാരന്‍ മിണ്ടുന്നില്ല.
എന്താടാ..... നാവിറങ്ങിപ്പോയോ? ചോദിച്ചതു കേട്ടില്ലേ....
അങ്ങനൊരബദ്ധം പറ്റിപ്പോയി.
ഓ.... അബദ്ധം. ആകട്ടെ.... ഭഗവാനെപ്പറ്റി നിന്റെ അഭിപ്രായമെന്താണ്?
അദ്ദേഹം ഈശ്വരന്റെ അവതാരമാണ്... മഹാത്മാവ്.
എന്നിട്ടാണോ നീ അദ്ദേഹത്തെക്കൂടി അപമാനിക്കാന്‍ ആ പെണ്ണിനെ ആശ്രമത്തില്‍ കൊണ്ടു പോയത്.
തെറ്റു പറ്റിയതാണേയ്....
തെറ്റുപറ്റിയതാണ്.... നീആശ്രമത്തില്‍ എന്തുചെയ്യുകയായിരുന്നു?
ഞാന്‍ അവിടത്തെ കാര്യദര്‍ശിയാണ്. അങ്ങനെയുള്ള ജോലികള്‍....
അതുമാത്രം അല്ലാതെ...
ഡി.എസ്.പി അര്‍ത്ഥസൂചകമായി അയാളെ നോക്കി.
ആ നോട്ടത്തിന്റെ ചൂടില്‍ അയാള്‍ ദഹിച്ചു പോകുമോ എന്നു പോലും തോന്നിയിരിക്കണം.
വേറൊന്നുമില്ലേമോനേ....
അപ്പോള്‍ സത്യം പറയില്ല... പറയുമോ എന്നു നോക്കട്ടെ....
ചോദ്യം ചെയ്യലുകള്‍ തല്ക്കാലം നിറുത്തി.
എടോ 2467
ഉത്തരവ്
ഒരു പോലീസുകാരന്‍ പെട്ടെന്ന് രംഗത്തെത്തി.
ഇയാളെ കരുതലോടെ സൂക്ഷിക്കണം.... നൂറു വോള്‍ട്ടേജുള്ള രണ്ടു ബള്‍ബുകള്‍ കത്തുന്ന മുറിയില്‍ മൂന്നു ദിവസം ഇയാളെ പാര്‍പ്പിക്കണം. മൂന്നാം ദിവസം എണ്ണതേച്ചു കുളികഴിഞ്ഞ് ഉറങ്ങാന്‍ അനുവദിക്കണം. എന്നിട്ടു എന്നെ വിവരം അറിയിക്കണം.... ആ പിന്നെ.... ഇയാളുടെ യാതൊരു വിവരവും വെളിയിലാകരുത്.
ഉത്തരവ്
ഇതാടേപ്പ്. എല്ലാം സൂക്ഷിച്ചുവയ്ക്കൂ.
ഉത്തരവ്.