"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

തലമുറകള്‍ : 16 - ടി എച്ച് പി ചെന്താരശ്ശേരി

ബാലാ..... തന്നോടു വരാന്‍ പറഞ്ഞത് എന്തിനാണെന്നറിയാമോ... ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനാണ്.
ജയദേവന്‍ സൗമ്യമായി കാര്യത്തിലേക്കു പ്രവേശിച്ചു.
സാര്‍....
അതേ.... ജലജയുടെ കാര്യം തന്നെ.
അവളെപ്പറ്റി....?
ജയദേവന്‍ ഭാര്യയെ വിളിച്ചു.
എന്നെ വിളിച്ചോ.... എന്നു ചോദിച്ചുകൊണ്ട് മാധുരി രംഗത്തെത്തി.
ബാലന്‍ എപ്പോള്‍ വന്നു?
അധിക നേരമായില്ല.
മാധുരീ.... ജലജയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരൂ.
നിമിഷങ്ങള്‍ക്കകം മാധുരി ജലജയോടൊപ്പം രംഗത്തെത്തി. ജലജ വാതിലിനടുത്തു കര്‍ട്ടന്‍ പിടിച്ചു കൊണ്ടുനിന്നതേയുള്ളൂ. അവളുടെ കണ്ണുകള്‍ ബാലന്റെ കണ്ണുകളിലേക്കു ചാരി. ദുഃഖവും സന്തോഷവും കലര്‍ന്ന ഒരു അപൂര്‍വ നിമിഷം. ജലജേ... നീ ഇവിടെയുണ്ടെന്നുള്ള വിവരം ധരിപ്പിക്കാനാണ് ബാലനെ വരുത്തിയത്. ജലജയ്ക്കു എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയട്ടെ എന്നു കരുതിയാണ് ജയദേവന്‍ ആ പ്രസ്താവന നടത്തിയത്.
സാര്‍.... ഞാന്‍....
ജലജ എന്തോ പറയാന്‍ തുനിഞ്ഞു.
നീ തെറ്റു ചെയ്‌തെന്നു പറഞ്ഞില്ല... ഇതെല്ലാം യാശ്ചിക സംഭവങ്ങള്‍. ചില ദുഷ്ടന്മാരുടെ വിക്രിയകള്‍ നിരപരാധികളെയും പീഡിപ്പിക്കുന്നു. സാര്‍..... ടാക്‌സിടൗണിലേക്കാണെന്നു പറഞ്ഞതനുസരിച്ച് ഞാന്‍ അതില്‍ കയറി. അല്ലെങ്കിലും ഒരു ടാക്‌സി അന്വേഷിക്കുന്നുണ്ടായിരുന്നു. ടാക്‌സി എവിടെയെല്ലാമോ ചുറ്റിത്തിരിഞ്ഞു. എനിക്കു വഴി നിശ്ചയമില്ല. ഞാന്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു മല്‍പിടുത്തം തന്നെ വേണ്ടിവന്നു. ഒരു പഞ്ഞിക്കഷണം എന്റെ മൂക്കില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു. പിന്നെ ഒന്നും ഓര്‍മ്മയില്ല. ഞാന്‍ കണ്ണു തുറന്നപ്പോള്‍ നേരം ഏറെ ഇരുട്ടിയതായി തോന്നി. ആളനക്കമില്ല. ടാക്‌സി ഒരു മലയടിവാരത്തു ചെന്നു നിന്നു. അവിടെ കണ്ടതായ ഭിത്തി രണ്ടായി പിളര്‍ന്നു. ടാക്‌സി അതിനുള്ളില്‍ കയറി. ഭിത്തിപെട്ടെന്നു പൂര്‍വ്വസ്ഥിതിയിലായി.
പിന്നീടുള്ള യാത്ര ഒരു പൂന്തോട്ടത്തിലൂടെയായിരുന്നു. ഒടുവില്‍ ഒരു മുറിയുടെ അടുത്തെത്തി. എന്നോടു മുറിയില്‍ കയറാന്‍ പറഞ്ഞു. ഞാന്‍ അനുസരിച്ചില്ല. ബലം പ്രയോഗിച്ചുതന്നെ എന്‌നെ മുറിക്കുള്ളിലാക്കി. ഞാന്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ടവ്വല്‍ എന്റെ വായില്‍ തിരുകിയിട്ട് കൈകള്‍ പിന്നില്‍ ബന്ധിച്ചു. എനിക്കു ബോധക്ഷയമുണ്ടായതായി തോന്നുന്നു. അല്പാല്പം ബോധം തെളിഞ്ഞുവന്നപ്പോള്‍, തോട്ടത്തിലൂടെ ആരോ സംസാരിച്ചു കൊണ്ട് നടക്കുന്നതായി തോന്നി.
അവള്‍ ആരാണെന്നറിയാമോ..... അവളെ ഉപദ്രവിക്കരുത്. എന്ന് ഒരാള്‍ പറയുന്നതു കേട്ടു. കുറച്ചു കഴിഞ്ഞു ഒരു ഡോക്ടര്‍ എന്നെ പരിശോധിച്ചു. കുറച്ചു മരുന്നുതന്നു. പിന്നെ എനിക്കു ശല്യമൊന്നുമുണ്ടായില്ല. എന്നാല്‍ അടുത്ത ദിവസം രാത്രി ഏതാണ്ട് പന്ത്രണ്ടു മണിയായിക്കാണും. ആ താടിക്കാരന്‍ എന്റെ അടുത്തുവന്നു. എന്നെ കടന്നു പിടിച്ചു. ഞാന്‍ സര്‍വ്വശക്തിയുമുപയോഗിച്ചു ചെറുത്തുനിന്നു. പിന്നീടാണ് മനസ്സിലായത് എന്റെ മൂക്കിനു നേരേ പഞ്ഞി അമര്‍ത്തിപ്പിടിക്കാനാണെന്ന്. ക്ലോറോ ഫോമാണെന്നു തോന്നുന്നു. അതിനുശേഷം ജീപ്പില്‍ ഇവിടെ വന്നതായ ഓര്‍മ്മയുണ്ട്.
ജദലജ സംഭവങ്ങളുടെ ഒരു ഏകദേശ രൂപം വരച്ചുകാട്ടി. ബാലകൃഷ്ണന്‍ നായര്‍ അമ്പരന്നു കേട്ടുകൊണ്ടിരുന്നു. അടുത്ത ക്ഷണത്തില്‍ ഒരു മ്ലാനത അയാളെ ആവരണം ചെയ്തു. മറുപടിയൊന്നും പറഞ്ഞില്ല.
ബാലാ.... മാത്തച്ചന്‍ അവിടെ വന്നിരുന്നോ...? 
വിവരം പത്രത്തില്‍ വന്നപ്പോള്‍ രാത്രിയില്‍ അവിടെ വന്നു. എന്നെ ഒന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാന്‍ ജലജയെ തട്ടിക്കൊണ്ടു പോയിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്.
സാര്‍....

ജലജ ദയനീയമായി വിളിച്ചുപോയി. അവളുടെ സാര്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ അവള്‍ക്കു ദുഃഖമുണ്ട്.
ബാലകൃഷ്ണന്‍ തുടര്‍ന്നു.
അതിനു ശേഷം ജയിംസും വീട്ടില്‍ വന്നു. പോലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിനു സ്വസ്ഥതയുണ്ടായില്ല.
ജയിസിനെ ഇങ്ങോട്ടു വരുത്തി വിവരം അറിയിക്കുന്നതു കൊള്ളാമെന്നു തോന്നുന്നു.
അദ്ദേഹം ജയിംസിനു ഫോണ്‍ ചെയ്തു. അരമണിക്കൂറിനകം ജയിംസ് അവിടെയെത്തി.
സാര്‍.... ജലജയുടെ വിവരം വല്ലതും......?
ജയിംസ് വെപ്രാളത്തോടെ തിരക്കി.
അടുത്ത നിമിഷത്തില്‍ അവള്‍ ആ മുറിയില്‍ നില്ക്കുന്നതു കണ്ട് അയാള്‍ അത്ഭുതപ്പെട്ടു.
ജലജേ... നീ?
അച്ചായാ...
അവള്‍ക്കു കൂടുതലൊന്നും ശബ്ദിക്കാന്‍ കഴിഞ്ഞില്ല. വികാരം വാക്കുകളെ വിഴുങ്ങിയതു പോലെ.
സഹോദരി സഹോദരന്മാരുടെ പുനഃസ്സമാഗമത്തില്‍ അന്തരീക്ഷം പോലും കോരിത്തരിച്ചു.
സാര്‍.... ഇവള്‍?
അതെല്ലാം ഒരു നീണ്ട സ്വപ്നം പോലെ കരുതിയാല്‍ മതി. പോലീസിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കം കൊണ്ട് വലിയ പിശകൊന്നും കൂടാതെ ആളിനെ തിരികെ കിട്ടി. പിന്നെ.... ഇവളെ കണ്ടു കിട്ടിയ വിവരം തല്ക്കാലം ആരോടും പറയണ്ടാ.... ഇതിനോടനുബന്ധിച്ച് ഒരു വലിയ നാടകം നടക്കാന്‍ പോകുന്നു.... ഒരു സ്ഥോടനം. അതെന്താണെന്നു ഇപ്പോള്‍ ചോദിക്കരുത്.... അതും കൂടി കഴിഞ്ഞിട്ടേ രഹസ്യം പുറത്തു വിടാവൂ. അതുവരെ ജലജയെ രഹസ്യമായി സൂക്ഷിക്കണം.
സാര്‍ പറയുന്നതൊന്നും വ്യക്തമാകുന്നില്ല... ആകെ ഒരു മൂടല്‍ മഞ്ഞുപോലെ.
ജയിംസ് അദ്ദേഹത്തിന്റെ നേരേ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു.
അസംഭവ്യമായതു പലതും നടന്നു കഴിഞ്ഞു അതിരിക്കട്ടെ.... ഇവരുടെ വിവാഹം നടത്തുന്നതില്‍ എതിരുവല്ലതുമുണ്ടോ?
ഇല്ല...
ജയിംസ് പെട്ടെന്നു പറഞ്ഞു. ജലജ ലജ്ജാ വിവശയായി. മുഖം ചുവന്നു തുടുത്തു.
ബാലന്റെ അഭിപ്രായം?
അദ്ദേഹം ബാലന്റെ നേരേനോക്കി. ഒരു ചെറുപുഞ്ചിരി തന്റെ ചുണ്ടുകളില്‍ തത്തിക്കളിച്ചില്ലേയെന്നു ബാലന്‍ സംശയിച്ചു. അതു ആവുന്നതും മറച്ചു പിടിച്ചുകൊണ്ട് പറഞ്ഞു.
എല്ലാം സാറിന്റെ സന്മനോഭാവം പോലെ.
ഓ... ഇതില്‍ സന്മനോഭാവത്തിന്റെ പ്രശ്‌നമില്ല. നിങ്ങള്‍ രണ്ടു പേരും തീരുമാനിച്ചുറച്ച സ്ഥിതിക്കു ഞങ്ങള്‍ വെറും മാപ്പു സാക്ഷികള്‍മാത്രം... പിന്നെ മതത്തിന്റെ പേരില്‍ ഉണ്ടാകാന്‍ പോകുന്ന തടസ്സങ്ങള്‍ അവശേഷിക്കുന്നു. പെട്ടെന്നു സരിത രംഗത്തെത്തി.
ആരും എന്റെ അഭിപ്രായം ഒന്നന്വേഷിച്ചു പോലുമില്ലല്ലോ... ഒന്നുമില്ലെങ്കിലും എന്റെ ചേട്ടന്റെ വിവാഹമല്ലേ...
ഓ... ഡോക്ടര്‍ ഇവിടെയുണ്ടായിരുന്നോ? ആകട്ടെ നിന്റെ അഭിപ്രായമെന്താണ്? അത് കൂടി അറിയട്ടെ.
ജലജേ.... പറയട്ടോ...
ജലജയെ ഏറുകണ്ണിട്ടു നോക്കിക്കൊണ്ട് തന്റെ അഭിപ്രായം ഒരു ചിരിയില്‍ ഒതുക്കി. എങ്കിലും ആ വിവാഹസംരംഭം ശുഭമായി കലാശിക്കുമെന്നു ആര്‍ക്കും വിശ്വാസം വരുന്നില്ല.
രംഗത്തു ജയദേവന്‍ മാത്രം അവശേഷിച്ചു. കരുതലോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നങ്ങള്‍ നീണ്ടു നിരനിരന്നുനില്ക്കുന്നു. അല്പമൊന്നു പതറിയാല്‍ എല്ലാം തകരാറിലാകും. നോറ്റ നോയമ്പുകളെല്ലാം പാഴില്‍. ഒരു പോം വഴിയുണ്ടാകണം. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം. ചോദ്യഗരങ്ങളുടെ ഒരു കടന്നാക്രമണം. അവയ്ക്കു സമാധാനം കണ്ടു പിടിക്കണം. തലപുകഞ്ഞാലോചിച്ചു. പ്രശ്‌നം കരകാണാക്കടല്‍ പോലെ പരന്നു കിടക്കുന്നു.
പാതിരാവു പട്ടടയിലമര്‍ന്നു. ചിന്തയുടെ പടക്കുതിരയെ തെളിച്ചു വിടാന്‍ പറ്റിയ യാമം. അകലെ പറങ്കിമാവിന്റെ കൊമ്പിലിരുന്നു ഒരു മൂങ്ങ അമര്‍ത്തിമൂളി. നത്തുകള്‍ ചിലച്ചു ചിറകടിച്ചു പറക്കുന്നു. താന്‍ ആലോചിക്കുന്നതും അവയ്ക്കു മനസ്സിലായെന്നായിരിക്കും.
ജയദേവന്‍ ഒന്നു മന്ദഹസിച്ചതു പോലെ തോന്നി. എന്തെങ്കിലും പോം വഴി കണ്ടുപിടിച്ചിരിക്കും. അദ്ദേഹം ലറ്റര്‍ പാഡില്‍ നിന്നും ഒരു ഷീറ്റു ചീന്തിയെടുത്തു എഴുതിത്തുടങ്ങി.
സംപൂജ്യനായ സ്വാമിജിക്ക്,
അങ്ങ് പലപ്പോഴും എന്നെ ആശ്രമത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. അന്നെല്ലാം ഔദ്യോഗിക ജോലിത്തിരക്കുമൂലം ക്ഷണം, സ്വീകരിക്കുവാന്‍ കഴിയാതെ പോയി. അങ്ങയുടെ മഹത്വത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടല്ല. സമയവും സന്ദര്‍ഭവും ഒത്തുവരട്ടെയെന്നു കരുതി.
ഈയിടെയായി സ്വാമിജിയോടെ എനിക്കു എന്തെന്നില്ലാത്ത മതിപ്പു തോന്നിത്തുടങ്ങിയിരിക്കുന്നു. ആശ്രമത്തിലെ ഒരംഗമാകുന്നതിലും വിരോധമില്ല. അതിനു മുമ്പു ആത്മീയമായ ചില കാര്യങ്ങളില്‍ എനിക്കുള്ള ചില സംശയങ്ങള്‍ ദൂരീകരിച്ചാല്‍ കൊള്ളാമെന്നുണ്ട്. നമുക്കു തമ്മില്‍ സൗകര്യമായി ഒന്നു സംസാരിക്കാന്‍ സാധിച്ചാല്‍ സംശയ നിവൃത്തിയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അങ്ങേയ്ക്കു അസൗകര്യമൊന്നുമില്ലെ ങ്കില്‍ ഇന്നു വൈകിട്ട് എന്റെ ബംഗ്ലാവില്‍ വരാന്‍ ദയവുണ്ടാകണം. പെട്ടെന്ന് പോവുകയും ചെയ്യാം. അതിനു ശേഷം ഞാന്‍ അവിടത്തെ നിത്യ സന്ദര്‍ശകനാകാം.
എന്ന് വിശ്വസ്തതയോടെ,
ജയദേവന്‍
കത്തു മടക്കി ഭദ്രമായൊട്ടിച്ച് അതിരാവിലെ തന്നെ ഒരു അന്തേവാസിയുടെ വശം കൊടുത്തയച്ചു. ഭക്തനായി ആശ്രമത്തില്‍ കഴിയുന്ന ഒരു സി ഐ.ഡി യായിരുന്നു. ആ സന്ദേശ വാഹകന്‍. അയാള്‍ തന്ത്രപൂര്‍വ്വം സ്വാമിയുടെ സമീപമെത്തി. രഹസ്യമായി ആകത്തു ഭഗവാനെ ഏല്പിച്ചു. അദ്ദേഹം കത്തു വീണ്ടും വായിച്ചു.
ജയദേവനെപ്പറ്റി തോന്നിയിരുന്ന സംശയങ്ങള്‍ അസ്ഥാനത്തായിരുന്നുവോ. ഒരു പക്ഷേ കാര്യദര്‍ശിയുടെ ധാരണ പിശകിയിരിക്കാം. അദ്ദേഹം കത്തു മടക്കി മേശ മേല്‍ അടുക്കി വച്ചിരുന്ന ഗ്രന്ഥങ്ഹളുടെ കുട്ടത്തിലുള്ള ഗീതയുടെ അടിയില്‍ തിരുകി. എന്നിട്ട് അതിനെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ട് ഉലാത്തുവാന്‍ തുടങ്ങി. ആതക്കത്തില്‍ സി.ഐ.ഡി കത്തു പെട്ടെന്നു കൈക്കലാക്കി. പകരം അതുപോലെ മടക്കിയ ഒരു വെറും കടലാസു തല്‍സ്ഥാനത്തുവച്ചു.
സ്വാമിജി പൂര്‍വ്വ സ്ഥാനത്തു വന്നിട്ട് പതിഞ്ഞ സ്വരത്തില്‍ കല്പിച്ചു.
ഈ കത്തുകൊണ്ടു വന്ന ആളിനോടു പറയൂ... നാം ഇന്നു വൈകിട്ടു കൃത്യം എട്ടുമണിക്ക് കത്തുതന്ന ആളിനെ സന്ദര്‍ശിക്കുന്നതാണെന്ന്. നമ്മുടെ സന്ദര്‍ശന വിവരം രഹസ്യമായിരിക്കണമെന്നു പ്രത്യേകം പറഞ്ഞേക്കൂ.
കല്പന പോലെ.
ഭക്തന്‍ പിന്തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു. നിങ്ങളും വൈകിട്ടു നമ്മോടൊപ്പം ഉണ്ടായിരിക്കണം..... ഈ വിവരം മറ്റാരും അറിയണ്ട... നമ്മുടെ കാര്യദര്‍ശിപോലും... അല്ലാ... കാര്യദര്‍ശി എവിടെ പോയിരിക്കുന്നു.... കാണാനില്ലല്ലോ....
അദ്ദേഹം ആ പെണ്ണുമായി കന്യാകുമാരിക്കു പോയിരിക്കയാണ്.
ഓ.... അശ്രീകരം.
ഈ വിവരം ഞാന്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂ സ്വാമിജി.
ആ....
ഭഗവാന്‍ ഒന്നു നിശ്ചയിച്ചു. ആ ഭക്തന്‍ വെളിയിലേക്കു നടന്നു. ഭഗവാന്‍ വീണ്ടും ചിന്താമഗ്നനായി. കാര്യദര്‍ശി നമ്മെ തെറ്റിദ്ധരിപ്പിച്ചതെന്തിനാണ്. നമുക്കു കാര്യദര്‍ശിയെ പണ്ടേ സംശയമുണ്ട്. അയാള്‍ ഒരു പണക്കൊതിയനാണ്. അതു സഹിക്കാമെന്നുവയ്ക്കാം. നമ്മെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചു ധരിപ്പിച്ചാല്‍... വേണ്ട... ഈ സന്ദര്‍ശന വിവരം അയാള്‍ അറിയാതിരിക്കുന്നതും നല്ലതാണ്. സംസാരിച്ചു സംശയങ്ങള്‍ തീരുമ്പോള്‍ ജയദേവന്‍ താനേ ആശ്രമത്തിലെത്തും. അതു അയാളുടെ അവസാനമായിരിക്കും. താന്‍ ജയിക്കാന്‍ പോകുന്നതോര്‍ത്തു ഭഗവാന്‍ ഒന്നു മന്ദഹസിച്ചു.
പതിവായി ഭഗവാന്‍ ഏകാന്തധ്യാനത്തിനായി ശ്രീകോവിലില്‍ പോകാറുണ്ട്. ഒറ്റയ്ക്കായിരിക്കും ആ സമയത്തു പോവുക. അന്നും മറ്റാരെയും അറിയിക്കാതെ അദ്ദേഹം ശിഷ്യനുമൊത്തു പിന്‍വാതിലിലൂടെ വെളിയാല്‍ കടന്നു. ശ്രീകോവിലിലേക്കു പോകുന്നതിനു പകരം കാറില്‍ കയറി. നേരേ സുവര്‍ണ്ണ ഗിരിയിലേക്കാണ് പോയത്. തിരിച്ചറിയാനാവാത്ത വേഷത്തില്‍.
ഭഗവാനും ശിഷ്യനും മുറിയില്‍ പ്രവേശിച്ചപ്പോള്‍ പുറത്തുനിന്നും വാതിലുകള്‍ തഴുതിട്ട വിവരം അവര്‍ അറിഞ്ഞില്ല.
ആ.... സ്വാമികള്‍. വരൂ... ഇരിക്കൂ... വന്നതില്‍ വളരെ സന്തോഷം.
നാം അധികം സന്തുഷ്ടനാണ്. നാം സ്വകാര്യ സന്ദര്‍ശനത്തിനു പോകാറില്ല. എല്ലാവരും ആശ്രമത്തിലേക്കു പോരുകയാണ് പതിവ്.
അതേയതേ.... അതെനിക്കുമറിയാം.
ജയദേവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
ഈ പട്ടണത്തില്‍ അപൂര്‍വ്വം ചിലരൊഴികെ മറ്റെല്ലാവരും നമ്മോടു ഭക്തിയുള്ളവരാണ്.
ആരാണാവോ അപൂര്‍വം ചിലര്‍? അതില്‍ ഞാനും പെടുമായിരിക്കും.
സംശയമുണ്ടോ.
എന്നാല്‍ സ്വാമിക്കു തെറ്റിപ്പോയി. എനിക്കു സ്വാമിയെ നല്ലതുപോലറിയാം.
ങ്‌ഹേ.... അറിയാമെന്നോ.
അതേ സ്വാമീ
എങ്ങനെ?
സ്വാമി അന്യനാട്ടില്‍ ജീവിതം കണ്ടെത്തിയനാള്‍ മുതലുള്ള കാര്യങ്ങള്‍.
സ്വാമികള്‍ ഇടിത്തീയേറ്റതുപോലെ സ്തബ്ധനായി ചമഞ്ഞു. എങ്കിലും അതു പ്രകടമാക്കിയില്ല. മുഖത്തു മഞ്ഞ നിറം വ്യാപിച്ചു. അതിനെ മായ്ക്കുവാന്‍ പറ്റില്ലല്ലോ. ഏതാണ്ടു വിറയാര്‍ന്ന സ്വരത്തില്‍ സ്വാമികള്‍ പ്രതിവചിച്ചു.
നിങ്ങള്‍ എന്താണു പറഞ്ഞതെന്നു മനസ്സിലായില്ല. മറ്റാരുടെയോ കാര്യം തെറ്റിദ്ധരിച്ചു പറഞ്ഞതായിരിക്കാം.
ഇല്ല... ഒരു തെറ്റുദ്ധാരണയുമില്ല.
പിന്നെ?
സ്വാമീ. ഈ മുഖം മൂടി ഇനിയുമെന്തിന്? പല രൂപത്തിലുമുള്ള മുഖം മൂടികള്‍ കുറേ നാള്‍ ചുമന്നു നടന്നില്ലേ... ജയദേവന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.
നിങ്ങള്‍ എന്തൊക്കെയാണീ പറയുന്നത്.
ചില സത്യങ്ങള്‍. ക്ലാവുകളഞ്ഞ സത്യങ്ങള്‍.
അബദ്ധങ്ങള്‍ പറയാതിരിക്കൂ.... ഇതിനാണോ എന്നെ ക്ഷണിച്ചു വരുത്തിയത്?
അതേ... സ്വാമിയുടെ അവതാര ലക്ഷ്യം നേടിക്കഴിഞ്ഞ സ്ഥിതിക്ക് അരങ്ങൊഴിഞ്ഞു തരണം.
അരങ്ങോ... നിങ്ങള്‍ ഈശ്വര കോപത്തിനിരയാകാതിരിക്കണം.
ഈശ്വര കോപത്തിനല്ല... ജനകോപത്തിനാണ് സ്വാമി ഇരയാകാന്‍ പോകുന്നത്. പൊതു ജനം കഴുതയാണെന്ന ധാരണ അവര്‍ തിരുത്തണം. അവരുടെ മാനസിക ദുര്‍ബലതകളെ ഇക്കാലമത്രയും സ്വാമി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അവര്‍ അറിയണം.... അറിയും.
നിങ്ങള്‍ എന്നെ അപമാനിക്കാനാണ് ഭാവിക്കുന്നത്.
അല്ല... ആദരിക്കാന്‍. സ്വാമി ഒരു മടയനിണെന്നു ധരിക്കാന്‍ ഇടയായ നാള്‍ മുതല്‍ എനിക്കു അനാദരവാണ് തോന്നിത്തുടങ്ങിയത്.
ഞാന്‍ മടയനെന്നോ.... നിങ്ങള്‍ എന്നെ മനസ്സിലാക്കിയിട്ടില്ല.
ഉണ്ട്.... വ്യക്തമായി... സ്വാമികള്‍ കുറേ നാള്‍ ബുദ്ധിപരമായി പെരുമാറി. തിരുവാഴ്മലയില്‍ പ്രത്യക്ഷപ്പെട്ടനാള്‍ മുതല്‍. അല്ലാ.... അതിനു മുമ്പു മുതല്‍. ആശ്രമത്തിന്റെ ഐശ്വര്യം ഉച്ചകോടിയിലെത്തിയപ്പോഴും എനിക്കുമതിപ്പു തോന്നിയിരുന്നു.
പക്ഷേ.....
..... സ്വാമികള്‍ നിശ്ശബ്ദനാണ്.
ബുദ്ധിപരമായി കരുക്കള്‍ നീക്കിയതിനിടയ്ക്ക് സ്വാമികള്‍ ചില മടയത്തരങ്ങളും ചെയ്തു. ആളിനെ വ്യക്തമായി മനസ്സിലാക്കാതെ ഒരാളിനെ കാര്യദര്‍ശിയായി നിയമിച്ചു. അതൊരു മടയത്തരം.
ങ്‌ഹേ....
സ്വാമികള്‍ ഞെട്ടിത്തെറിച്ചതുപോലെയായി.
അത്ഭുതപ്പെടേണ്ട.... സ്വന്തം ബന്ധുക്കള്‍ക്ക് ബാങ്കു ചെക്കുകള്‍ അയച്ചുകൊടുത്തു.
സ്വാമികള്‍ പെട്ടെന്നു ചാടിയെഴുന്നേറ്റു. നിയന്ത്രിക്കാനാകാതെ. കള്ളികള്‍ കണ്ടു പിടിക്കപ്പെട്ടിരിക്കുന്നുവോ. ജയദേവന്‍ എല്ലാക്കാര്യങ്ങളും അറിഞ്ഞുകൊണ്ടു തന്നെയാണോ സംസാരിക്കുന്നത്. സ്വാമികള്‍ പരി ഭ്രാന്തനായി.
തഞ്ചപ്പെട്ടിരിക്കു സ്വാമീ. ബാക്കി കുടിപറയട്ടെ.
വേണ്ട... എനിക്കു കേള്‍ക്കേണ്ടാ... നിങ്ങള്‍ കള്ളക്കഥകള്‍ ചമയ്ക്കുകയാണ്.
അല്ല സ്വാമീ... പറയട്ടെ.... കാര്യത്തിലേക്കു കടക്കാം. താങ്കള്‍ക്കു ബാലകൃഷ്ണന്‍ നായരെ പരിചയമുണ്ടോ?
ജയദേവന്റെ ഓരോ ചോദ്യങ്ങളും ഓരോ കഠാരകള്‍പോലെ സ്വാമികളുടെ മനസ്സിലേക്കാഴ്ന്നിറങ്ങി.
ഞാന്‍ ഇനി പറയുന്നത് അസത്യമാണെങ്കില്‍ മാത്രം മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ ഓരോന്നും എണ്ണിയെണ്ണി പറയാം. താങ്കളുടെ അമ്മ (കുഞ്ഞുലക്ഷ്മി) ഇവിടെയടുത്തു താമസമുള്ള കാര്യം അറിയാമല്ലോ. ഒരിക്കലെങ്കിലും അവിടമൊന്നു സന്ദര്‍ശിച്ചോ... പോകട്ടെ... അവരെ ആശ്രമത്തിലേക്കു ക്ഷണിച്ചു നേരില്‍ കാണാനൊരു ശ്രമം നടത്തിയതു നല്ലതുതന്നെ. 
നിങ്ങള്‍ ഇതെല്ലാം.
സ്വാമീഞാനും മനുഷ്യനാണ്, അത്ഭുത സിദ്ധികളില്ലെങ്കിലും. കുറേയൊക്കെ ബുദ്ധിയുണ്ട്. ഞാന്‍ മകനു തുല്യംസ്‌നേഹിച്ച ബാലന്‍ സാമ്പത്തികമായി ഉയരുന്നത് എനിക്കു സന്തോഷം തന്നെ. എന്നാല്‍ ഞൊടിയിടയില്‍ ധനവാനാകുമ്പോള്‍ ആര്‍ക്കും സംശയം തോന്നുകയില്ലേ? പണം തന്റെ ചേട്ടന്‍ അയച്ചതാണെന്നു മാത്രമേ ബാലനറിയാവൂ. എന്നാല്‍ ആ ചേട്ടനാണ് സാക്ഷാല്‍ ഭഗവാല്‍ ശ്രീ ആതുരാനന്ദന്‍ എന്നു ആ പാവത്തിനു അറിഞ്ഞുകൂടായിരുന്നു.
നിങ്ങള്‍ ഒരിക്കല്‍ സ്വാമി വേഷത്തില്‍ ഇവിടെ വന്നപ്പോള്‍ തന്നെ ബാലനു സംശയം തോന്നി. അന്നു മുതല്‍ അയാള്‍ മ്ലാനതയിലാണ്. താങ്കളുടെ പൂച്ച് അന്നു മുതലാണ് തെളിഞ്ഞു തുടങ്ങിയത്.
എന്തുപൂച്ച്. നിങ്ങള്‍ എന്നെ അപമാനിക്കരുത്. ഞാന്‍ നിങ്ങള്‍ക്കു പരിചിതനായാല്‍ത്തന്നെയെന്ത്. പരിചിതനു സന്ന്യാസിയായിക്കൂടെന്നുണ്ടോ?
അതില്‍ അസാധാരണയായിട്ടൊന്നുമില്ല... ആര്‍ക്കും ഭഗവാനാകാം. എന്നാല്‍ വക്രതയില്‍....
വക്രതയോ... എന്താണ് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്?
പറയാം.... തിരുവാഴ് മലയിലെ അരയാല്‍ ശിഖരത്തില്‍ നിന്നെടുത്ത ചെമ്പുതകിട് തന്നെ ഒരു വക്രബുദ്ധിയുടെ പ്രവര്‍ത്തന ഫലമാണ് പറയൂ.... ആ ചെമ്പുക്കകിട് ആരുടേതാണ്? ജയദേവന്‍ ആവേശഭരിതനായി ചോദിച്ചു. ചോദ്യത്തില്‍ അക്ഷമ കലര്‍ന്നിരുന്നു.
എല്ലാം ഭഗവാന്റെ മായാവിലാസങ്ങള്‍.
സ്വാമികള്‍ ധ്യാനത്തില്‍ മുഴുകാനുള്ള ഭാവമാണ്. സ്വാമി.... വരട്ടെ... കുറച്ചുകൂടി കഴിഞ്ഞിട്ടു മതിധ്യാനം ചോദിക്കുന്നതിനു ഉത്തരം പറയൂ.
ഭീഷണിയുടെ ചുവയുണ്ടായിരുന്നു ജയദേവന്റെ വാക്കുകളില്‍.
ഇല്ലെങ്കില്‍?
സ്വാമി ചൊടിച്ചു കൊണ്ടു ചോദിച്ചു.
നിങ്ങള്‍ എവിടെയാണു ഇരിക്കുന്നതെന്ന് ഓര്‍മ്മവേണം. ജില്ലാകളക്ടറോടാണു സംസാരിക്കുന്നതെന്ന കാര്യം വിസ്മരിക്കാതിരിക്കുക... ചുറ്റും പോലീസ് ബന്തവസ്സ്. ഇരിക്കുന്ന ഇരിപ്പിടത്തില്‍ നിന്നനങ്ങാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. ഈ മുറിയുടെ ജന്നലുകള്‍ക്കു പുറത്തു നിങ്ങളുടെ നേരേ ചൂണ്ടിയ കൈത്തോക്കുകളുണ്ടെന്നും ഓര്‍മ്മയിരിക്കട്ടെ.
സ്വാമി തളര്‍ന്നിരുന്നുപോയി. എല്ലാ കവാടങ്ങളും അടഞ്ഞതുപോലെ. അര്‍ദ്ധ പ്രാണനായി അയാള്‍ തണുത്തുറഞ്ഞു. ചലനമറ്റ ഭാവം. ആ ചൈതന്യമാര്‍ന്ന വദനത്തില്‍ ചോരയോട്ടമില്ലാതായി.
പറയൂ സ്വാമീ... ആ ചെമ്പുതകിട് അവിടെ എങ്ങനെ ചെന്നുപറ്റി?
സ്വാമികള്‍ മിണ്ടുന്നില്ല. നാവുണങ്ങിയതുപോലെ. നാവു ചലിക്കുന്നില്ല. ശബ്ദം അലിഞ്ഞില്ലാതായത് പോലെ. അതാ ആ ഫ്‌ലാസ്‌ക്കില്‍ വെള്ളമിരിപ്പുണ്ട്. കുടിച്ചു കൊള്ളൂ.
സ്വാമികള്‍ മടമടാ ന്നു വെള്ളം കുടിച്ചു. എന്നിട്ടു ദീര്‍ഘമായൊന്നു നിശ്വസിച്ചു. ഇനിയും രക്ഷയില്ല. പറയായിരിക്കാനും പറ്റാത്ത ചുറ്റുപാട്. ഇനിയും പറയൂ.... ഒന്നും ഒളിച്ചു വയ്ക്കാതെ.... ഇക്കാര്യത്തില്‍ പോലീസിനെ നേരിട്ടിടപെടുവിക്കാതിരുന്നത് സംഗതി വളരെ രഹസ്യമായിരിക്കാനാണ്... അല്ലെങ്കില്‍ സ്വാമിയുടെ തടി നേരത്തേ ചീത്തയായിപ്പോകുമായിരുന്നു.. .. അനുഭവം മോശമാകേണ്ടങ്കില്‍ പറയൂ... ആ മരത്തടിയില്‍ ആ ചെമ്പുതകിട് എങ്ങനെ ചെന്നുപറ്റി? ചെറിയ കൃഷ്ണ വിഗ്രഹവും രക്ത നിറവും എങ്ങനെയുണ്ടായി?
പറയാം....
അടിയറവിന്റെ ദൈന്യത ആവാക്കുകളില്‍ ഒട്ടിപ്പിടിച്ചിരുന്നു.
ഞാന്‍ തന്നെയാണ് അത് തടിക്കുള്ളില്‍ വച്ചത്. അന്നു ആല്‍മരം ചെറുതായിരുന്നു. അതിന്റെ വലിയ ശിഖരത്തിലെ തൊലി പൊട്ടിച്ച് അവ അതിനുള്ളില്‍ നിക്ഷേപിച്ചു..... പൊട്ടാസിയം പെര്‍മാംഗനേറ്റിന്റെ ഒരു ചെറിയ പൊതിയും അതിലുണ്ടായിരുന്നു. കുറേവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തടി വളര്‍ന്ന് ആ സാധനങ്ങളെമൂടി.
അപ്പോള്‍ അതെഴുതിത്തന്നത് തിരുക്കൊടിയിലെ മാണിക്കത്തട്ടാനല്ലേ?
അതേ....
ആ രേഖകള്‍ ഇപ്പോള്‍ എന്റെ കൈവശമുണ്ട്.
അതു ഞാന്‍ തട്ടാനെ കാണിച്ച് വിവരം അറിയുകയായിരുന്നു.
വസ്തുതകളുടെ നിജസ്ഥിതിക്കു ഉറപ്പു വരുത്താനെന്നോണം ജയദേവന്‍ പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു.
സ്വാമിയുടെ ഭക്തന്മാരില്‍ ഒരു നല്ലശതമാനം ആളുകള്‍ ഞാന്‍ നിയോഗിച്ചിട്ടുള്ള രഹസ്യപ്പോലീസുകാരാണ്. ആചെമ്പുതകിട് എന്റെ പക്കല്‍ എത്തിച്ചതും അവര്‍തന്നെ.... ആകട്ടെ സ്വാമിയുടെ കഥ തുടരൂ...
പറയാം... ഇനിയും പറയാതിരുന്നിട്ടു വിശേഷമില്ല. അതിനു മുമ്പു, അങ്ങ് എന്റെ അനുജനെ രക്ഷിച്ച് വലിയവനാക്കിയതിനു ഹൃദയാംഗമായ നന്ദി പ്രകടിപ്പിക്കട്ടെ. ഇനിയും എന്റെ കാര്യം.... ഞാന്‍ ചീത്തയായിരുന്നില്ല.... എന്റെ അമ്മ നല്ല രീതിയില്‍ എന്നെ വളര്‍ത്തി. ഒരു നാടു വാഴിക്കുടുംബം. എന്റെ കാലമായപ്പോള്‍ പട്ടിണികൊണ്ട് എല്ലരിച്ചു കഴിഞ്ഞിരുന്നു. വല്ലവിധേനയും ഞാന്‍ സ്‌കൂള്‍ ഫൈനല്‍ പാസായി. പട്ടിണി മാത്രമായി എന്റെ ചങ്ങാതി. തിരുക്കൊടിത്തേവര്‍ എനിക്കൊരാശ്വാസവും. ദുരിതം എന്നെ ഒരു ഭക്തനാക്കി. വേറേ തൊഴിലൊന്നുമില്ലല്ലോ. ഞാന്‍ ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകായി. ശാന്തിക്കാരനുമായി പരിചയപ്പെട്ടു. ചങ്ങള്‍ ഉറ്റ ചങ്ങാതികളായി.... ശാന്തിക്കാരനാണെങ്കിലും അയാള്‍ക്കു തേവരില്‍ യാതൊരു വിശ്വാസവുമുണ്ടായിരുന്നില്ല. അയാളുടെ തൊഴില്‍ ഒരു വയറ്റു പിഴപ്പുമാര്‍ഗ്ഗം മാത്രം. കരിങ്കല്ലില്‍ മാല ചാര്‍ത്തുന്നതും ശ്ലോകം ഉരുവിടുന്നതും വെറും യാന്ത്രികമായ ജോലി. നല്ലവനായ ദൈവത്തിന്റെ പേരില്‍ ഒരു പാവകളി. ഈശ്വരനെ ഇത്രമാത്രം മോശമായി കരുതുന്ന മനുഷ്യന്റെ വിവേചനാശക്തിയില്‍ അയാള്‍ക്കു മതിപ്പില്ലായിരുന്നു. ഈ പോരായ്മയെ ചൂഷണം ചെയ്യാന്‍ ആശാന്തിക്കാരന്‍ എന്നെ ഉപദേശിച്ചു. എന്റെ തൊഴിലില്ലായ്മ കണ്ടിട്ട് എനിക്കൊരു ആധുനിക മന്ത്രം ഉപദേശിച്ചു തന്നു. ജീവിതം ജീവിച്ചു തീര്‍ക്കുക. അതിനു പറ്റിയതു ഉറച്ച ആത്മവിശ്വാസവും മനക്കരുത്തുമാണ്. ജനങ്ങള്‍ എന്നു പറയുന്നത് വെറും മാനം നോക്കികളാണ്. ഒന്നിനേപ്പറ്റിയും ആഴത്തിലേക്കു ചിന്തിക്കുകയില്ല. പുറമേ കാണുന്നതു അപ്പടി വിശ്വസിച്ചുകൊള്ളും. അങ്ങനെയുള്ള ദുര്‍ബലമാനസരായ ജനങ്ങളെ കരുവാക്കി ജീവിക്കുക.
ശാന്തിക്കാരന്റെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ ബാംഗ്ലൂരിലെ മാജിക്ക് കോളേജില്‍ ചേര്‍ന്നു. ഹിപ് നോട്ടിസം, മെസ്‌മെറിസം, മാജിക്ക്, മനഃശാസ്ത്രം, ജോതിഷം എല്ലാം പഠിച്ചു. അല്പം വൈദ്യവും.
എന്നിട്ട്?
ഞാന്‍ നാടുവിടുന്നതിനു മുമ്പായി എന്റെ ജീവിത നാടകം മനസ്സില്‍ കുറിച്ചിട്ടു. ആദ്യമായി അനന്തപുരിയില്‍ ചെന്ന് പറ്റിയ ഒരു സ്ഥലവും ആലും കണ്ടുപിടിച്ചു. തകിടും മറ്റും അതില്‍ നിക്ഷേപിച്ചു. വര്‍ഷങ്ങള്‍ പലതു കടന്നുപോയി.... എന്റെ നാടകം ആദ്യം അരങ്ങേറിയത് തിരുവയമ്പല പരിസരത്താണ്.
സ്വാമി ഒന്നു നിറുത്തി. ഉള്ളില്‍ സന്തോഷത്തിന്റെ തിരയടി. അയാള്‍ തുടര്‍ന്നു.
അവിടം മുതലിങ്ങോട്ടു തിരുവാഴ്മല വരെ അരങ്ങുതകര്‍ത്തു കളിച്ചു.
മുഖത്തു ഒരു പരിഹാസച്ചിരി വിരിഞ്ഞു.
ആകട്ടെ.... ഭജനമണ്ഡപത്തിലെ അത്ഭുതങ്ങളെല്ലാം....?
ഞാന്‍ പറഞ്ഞല്ലോ... കാണുന്നുവെന്നു തോന്നുന്നതെല്ലാം യഥാര്‍ത്ഥമാണെന്നു കരുതുന്ന ദുര്‍ബലമാനസര്‍ ഉള്ളിടത്തോളം കാലം മാജിക്കുകാര്‍ക്കും മന്ത്രവാദികള്‍ക്കും ചോറിന്നു മുട്ടുവരത്തില്ല.
ഇടയ്ക്കു ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ്....
സ്വാമിയുടെ കാര്യദര്‍ശിയുണ്ടല്ലോ.... മാധവന്‍കുട്ടി നായര്‍.... അയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അതുകൂടി ഓര്‍ത്തുവേണം മറുപടി പറയുവാന്‍. ഒന്നും മറയ്ക്കാതെ പറയൂ.... ആശ്രമത്തിലെ ആശുപത്രി എന്തിനു വേണ്ടി സ്ഥാപിച്ചതാണ്?
അതു രോഗികളെ ചികിത്സിക്കാനല്ല.
പിന്നെ?
സ്വാമി ആലോചനയിലെന്നപോലെ കുറേ നേരം നിര്‍വികാരനായി കാണപ്പെട്ടു. എന്തോനിശ്ചയിച്ചുറച്ചതുപോലെ തുടര്‍ന്നു.
ആശ്രമത്തിലെ രഹസ്യങ്ങളെല്ലാം പറയാം....
ആശ്രമത്തിലെത്തുന്നതു ജീവിതത്തില്‍ യാതന കളേറിയവരാണ്.
ദുഃഖം, പട്ടിണി, ഹിസ്റ്റീരിയ, മോഹ ഭംഗം, അന്ധമായ ഭക്തി മുതലായ ദുര്‍ബലതകള്‍ പിടിപെട്ടവര്‍. അവരുടെ മനഃശാസ്ത്രപരമായ വശങ്ങള്‍ ഞങ്ങള്‍ ആദ്യം മനസ്സിലാക്കും. ഭഗവാനെ സന്ദര്‍ശിക്കുവാന്‍ പെട്ടെന്ന് അനുവാദം കിട്ടുകയില്ല. ഒരു മാസത്തിനു മുമ്പു തന്നെ അനുവാദം വാങ്ങിയിരിക്കണം. ആ കാലയളവില്‍ ഞങ്ങളുടെ ദൂതന്മാര്‍ മേല്‍ വിലാസക്കാരനെ അന്വേഷിച്ചു ചെല്ലും. പരിസരങ്ങളില്‍ അന്വേഷിച്ച് അയാളുടെ ചരിത്രം മനസ്സിലാക്കും. രഹസ്യമായി ഫോട്ടോയും എടുക്കും. അങ്ങനെയുള്ളവരെ മാത്രമായിരിക്കും ഫോട്ടോയുടെ സഹായത്തോടെ ഭഗവാന്‍ തെരഞ്ഞുപിടിക്കുന്നത്. അവരെ അഭിമുഖ സംഭാഷണത്തിനു ക്ഷണിക്കും. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുമാറ് അവരെപ്പറ്റിയുള്ള സര്‍വ്വ വിവരങ്ങളും അവര്‍ പറയാതെ തന്നെ ഭഗവാന്‍ വെളിപ്പെടുത്തും. അപ്പോള്‍ ആ ദുര്‍ബലമാനസര്‍ അന്തിച്ചിരുന്നുപോകും. ഭാവിയെപ്പറ്റി പറയൂ. അവര്‍ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കില്ല. രോഗികളാണെങ്കില്‍ ഇത്ര യുമാകുമ്പോഴേക്കം മനശാസ്ത്രപരമായ കാരണങ്ങളാല്‍ പകുതിസുഖം പ്രാപിച്ചു കഴിഞ്ഞിരിക്കും. സുഖം പ്രാപിച്ചുവെന്ന് ഹിപ്‌നോട്ടിസത്തിലൂടെ ഉപബോധമനസ്സില്‍ ഉറപ്പിച്ചാല്‍ ക്രമേണ വ്യാധികളില്‍ പലതും ശമിച്ചെന്നിരിക്കും. അതിന്റെ ക്രെഡിറ്റും ഭഗവാനുതന്നെ. പിന്നെ സന്തതികളില്ലാത്ത ദമ്പതികള്‍ പ്രത്യാശയോടെ വരാറുണ്ട്. തകരാറു ആരുടേതാണെന്നു കണ്ടുപിടിക്കും. ഭര്‍ത്താവിന്റേതാണെങ്കില്‍ ഭാര്യ ഒരു മാസം ആശ്രമത്തില്‍ വ്രതമിരിക്കണം. അതിനു ശേഷം അവര്‍ സന്താന ലബ്ധിയോടെ സസന്തോഷം തിരികെ പോകും.
അതിരിക്കട്ടെ... ആ ആശുപത്രിയുടെ കാര്യം പറഞ്ഞില്ലല്ലോ.
പറയാം.... സന്ദര്‍ശകരില്‍ പലരും ഭക്തന്മാരായിരിക്കയില്ല. ഞങ്ങളുടെ ചാരന്മാരുടെ കണ്ണുവെട്ടിച്ച് ചിലര്‍ ആശ്രമത്തില്‍ കടന്നുകൂടും. അവരെ മെസ് മെറിസത്തിനു വിധേയമാക്കി ഒരു തടവറയില്‍ പാര്‍പ്പിക്കും അവിടമാണ് ആശുപത്രി.
അപ്പോള്‍ അവരെല്ലാം....?
സുബോധം വീണ്ടുകിട്ടുമ്പോള്‍ അവരെ പുറത്തു വിടന്നുതു ആപത്താണെന്നറിയാം. അതുകൊണ്ട് അവരെല്ലാം അവിടെത്താന്നെ കഴിയുന്നു..... തടവുകാരേപ്പോലെ.
എത്രപേരെ കൊന്നിട്ടുണ്ട്?
ആ ചോദ്യം കേട്ട് ആയാള്‍ ഒന്നു പരുങ്ങി.
പതറിച്ചയോടെ മറുപടിക്കുള്ള വാക്കുകള്‍ മനസ്സില്‍ പരതി.
ഇല്ല... എന്റെ അറിവോ സമ്മതമോ ഉണ്ടായിട്ടു ഒന്നും നടന്നിട്ടില്ല.
ഒന്നും?
ഇല്ലെന്നാണ് എന്റെ വിശ്വാസം. ഞാന്‍ കൊലയില്‍ വിശ്വസിക്കുന്നില്ല. അതുമൂലം ഒന്നും നേടാനും പോകുന്നില്ല.
ആകട്ടെ.... മറ്റൊന്നു ചോദിക്കാം. ആശ്രമത്തിലെ വരവിനങ്ങള്‍ എന്തെല്ലാമാണ്?
മുന്‍പാണെങ്കില്‍ ഭക്തന്മാരില്‍ നിന്നും ഓരോ വഴിപാടിനും നിശ്ചിത തുക വാങ്ങുമായിരുന്നു. ഇപ്പോള്‍ അതും നിറുത്തലാക്കി.
പിന്നെ വരുമാനമാര്‍ഗ്ഗം?
ആരെങ്കിലും സംഭാവനചെയ്യുന്നതു സ്വീകരിക്കും.
ഓ... സംഭാവനകള്‍. അതും ഉറുഷികയുടെ രൂപത്തില്‍ മാത്രം.
അല്ല... വിദേശത്തുള്ള ഭക്തന്മാര്‍ ചിലപ്പോള്‍ ഢോളും മറ്റും അയച്ചുതരും.
അതു കൂടാതെ?
സ്വാമി അതു പൂര്‍ത്തിയാക്കിയില്ല.
ഉം... പറയൂ... മീന്തുറയില്‍ വന്നടുക്കുന്ന കപ്പലിന്റെ കാര്യം ചിലപ്പോള്‍ ആശ്രമത്തില്‍ സംസാരിക്കാറില്ലേ?
അതു നാട്ടുവര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍.
അത്രേയുള്ളോ.... വളരെ മര്യാദയോടെ സംസാരിക്കുന്നുവെന്നു കരുതി ഉത്തരം ലഘുപ്പെടുത്തേണ്ട.... ഉള്ളതു തുറന്നു പറയൂ....
അതിനെപ്പറ്റി എനിക്കു അധികമൊന്നും അറിഞ്ഞു കൂടാ.... എന്റെ കാര്യദര്‍ശി....
അതുശരി... അയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ.
മീന്തുറയില്‍ വരുന്ന കപ്പലില്‍ നിന്നം സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും വിദേശ നിര്‍മ്മിത വാച്ചുകളും മുക്കുവന്മാര്‍ മുഖേനകരയില്‍ കാത്തുകിടക്കുന്ന ഞങ്ങളുട വാഹനങ്ങളില്‍ ലഭിക്കും. അവ കൈമാറ്റിക്കിട്ടുന്ന ലാഭം കൊണ്ട് ആശ്രമത്തിലെ ചെലവുകള്‍ നടക്കും.
അതുകൊണ്ടായിരിക്കും വഴിപാടിനും മറ്റും ഫീസു വാങ്ങാത്തത്.
....
നാരായണന്‍ നായര്‍ അതിനു മറുപടിപറഞ്ഞില്ല.
ആശ്രമത്തിനു സമാന്തരമായി മറ്റൊരു സ്ഥാപെനം പ്രവര്‍ത്തിക്കുന്നുണ്ടോ... ധന സംബന്ധവും ഭരണ പരവുമായ കാര്യങ്ങള്‍ക്ക്. കോടതിയും?
ഉണ്ട്.
അതിന്റെ ചുമതല?
മാധവന്‍ കുട്ടിനായര്‍ക്കാണ്. സ്വര്‍ണ്ണക്കടത്തും മറ്റും അയാളുടെ നേരിട്ടുള്ള ചുമതലയിലാണ്. ആശ്രമത്തിലെ ആത്മീയ കാര്യങ്ങള്‍ മാത്രം എന്റെ ചുമതലയില്‍.
ഇപ്പോള്‍ ആകെ എത്ര രൂപയുടെ സ്വത്തുണ്ട് ആശ്രമത്തിന്?
99 വര്‍ഷത്തെ കുത്തകപ്പാട്ടത്തില്‍ സര്‍ക്കാര്‍ നല്കിയ അന്‍ പതേക്കര്‍ സ്ഥലവും കെട്ടിടങ്ങളും... പിന്നെ ഇരുന്നൂറുലക്ഷം രൂപയുടെ നീക്കിയിരിപ്പും ഉണ്ട് പല ബാങ്കുകളിലും സ്ഥാപനങ്ങളിലുമായി.
ശരി... പറഞ്ഞു തന്നെ വസ്തുതകളെല്ലാം ഇപ്പോള്‍ത്തനനെ ടേപ്പ് റെക്കാര്‍ഡ് ചെയ്തുകഴിഞ്ഞിട്ടുണ്ട്.
.... ഇതാ ഈരേഖയില്‍ ഒപ്പിട്ടുതരൂ......
നാരായണന്‍ നായര്‍ വിരണ്ടു. സര്‍വ്വ കുറ്റങ്ങളും സമ്മതിച്ചു കൊണ്ടും ഈശ്വരനാമത്തില്‍ കപടസ്ഥാപനം നടത്തി ജനങ്ങളെ കബളിപ്പിച്ചതില്‍ പശ്ചാത്തപിച്ചുകൊണ്ടും ശ്രീ ആതുര സേവനാനന്ദ ഭഗവാന്‍ എന്ന നാമത്തില്‍ കഴിഞ്ഞിരുന്ന നാരായണന്‍ നായര്‍ ഒപ്പു വയ്ക്കുന്ന പ്രമാണം. വിറയ്ക്കുന്ന കയ്യില്‍ നിന്നും ആരേഖയില്‍ കയ്യൊപ്പും വിരലടയാളവും പതിഞ്ഞു. അതോടെ അയാള്‍ താല്ക്കാലിക തടങ്കലിലും.