"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

തലമുറകള്‍ :17 - ടി എച്ച് പി ചെന്താരശ്ശേരി

നേരം പുലര്‍ന്നത് പതിവില്ലാത്ത തെളിമയോടെയാണ്. ആകാശ മേലാപ്പില്‍ കരിമ്പുകക്കെട്ടുകളില്ല. മച്ചില്‍ തൂങ്ങിക്കിടന്ന മാറാലകള്‍ ബന്ധമറ്റു കാറ്റത്തു പറന്നകന്നു. മനുഷ്യ മനസ്സിലെ കാളിമ വിട്ടകലാന്‍ ഇനുയും അറയ്ക്കുന്നു. നൂറ്റാണ്ടുകളായി മനസ്സില്‍ തളം കെട്ടിക്കിടന്ന അന്ധവിശ്വാസങ്ങളുടെ ദുര്‍ഗന്ധം ഏഴു നീരാഴിയില്‍ നീരാടിയാലും ഗംഗാ ജലം മുഴുവനും കൊണ്ട് പ്രക്ഷാളനം ചെയ്താലും ശമിക്കുകയില്ല.
ഭയം ഒരു ഭീകര രോഗം തന്നെ. അതിനു ചികിത്സ വിരളവും. ഭയരോഗം പടച്ചുവിടുന്ന പേക്കൂത്തുകള്‍ വിശ്വാസത്തിന്റെ മന്ത്രമായി ഉരുവിടുന്നു. കരിങ്കല്‍ ഭിത്തിക്കുള്ളിലെ കൃഷ്ണ ശിലയില്‍ വൈകൃതരൂപങ്ങള്‍ കുടിയിരിക്കുന്നു. പാവം നിരാധാരനായമനുഷ്യന്‍. താങ്ങിനും തണലിനും വേണ്ടി ദാഹിച്ചുഴറുന്ന കീടം മുന്‍ പിന്‍നോക്കാതെ ആ നിര്‍വികാരരൂപത്തിനു മുന്നില്‍ തലയിട്ടടിക്കുന്നു. മനുഷ്യായുസ്സു മുഴുവന്‍ അതിനു വേണ്ടി പാഴാക്കുന്നു. കസ്തീരി മൃഗം കസ്തൂരി തേടിയലയുന്ന അനുകമ്പാര്‍ഹമായ കാഴ്ച.
മടയന്മാര്‍ മരിക്കുന്നു. ജീവിക്കാതെ പുഴുക്കളെപ്പോലെയുള്ള മരണം. നരലോകത്തു നരകിച്ചാലും പരലോകം നിനക്കുള്ളതാണ്. ഉപദേശക്കനികള്‍ കഴുതകള്‍ വെട്ടിവിഴുങ്ങുന്നു. ബുദ്ധിമാന്മാര്‍ അതുകണ്ടു ആര്‍ത്തട്ടഹസിച്ചു ജീവിമാകുന്ന അരങ്ങു തകര്‍ക്കുന്നു. അരങ്ങു തകര്‍ത്തു ആട്ടുന്നു. പാടുന്നു. മധുനുകരുന്നു. മദിരാക്ഷി തുടികൊട്ടുന്നു. മടയന്മാരെ അടിച്ചിരുത്തിയതിലുള്ള ആഹ്ലാദത്തിമര്‍പ്പ്.
ജീവിതം ജീവിക്കാനുള്ളതാണ്. ബുദ്ധിമാന്. അവനു പരലോകമില്ല. നരകലോകവും. നാകലോകവും നരലോകം തന്നെ. എല്ലാം ഇവിടെ അവസാനിക്കുന്നു.
ജീവിതത്തിന്റെ മധുവുണ്ണാന്‍ ആവുന്നതും മോടിയായി ജീവിക്കാന്‍ ഭൂമാതാവിന്റെ സമ്പാദ്യമെല്ലാം ബുദ്ധിമാന്മാര്‍ കയ്യടക്കുന്നു. കയ്യടക്കിയിട്ടുള്ളതു അഴിഞ്ഞു പോകാതിരിക്കാന്‍ പഴങ്കഥകള്‍ പറയുന്നു. ഈശ്വരനാമത്തില്‍ മുത്തശ്ശിക്കഥകള്‍ മെനഞ്ഞെടുക്കുന്നു. അവന്റെ നാമത്തില്‍ കിട്ടിയതെല്ലാം ബുദ്ധിമാന്മാര്‍ മടിക്കുത്തിലാക്കുന്നു. ധനം വാരാന്‍ വീണ്ടും വീണ്ടും ചെപ്പടിവിദ്യകള്‍.
ശ്രീ ആതുരാനന്ദ ഭഗവാന്റെ ചെപ്പടിവിദ്യകളുടെ തലകുത്തിവീഴ്ച നഗരത്തെ നടുക്കി. ആശ്രമം ഒരു നീര്‍ക്കുമിളയായി മാറി. സര്‍വ്വ രഹസ്യങ്ങളിലും കതിരോന്റെ കരതലം പതിഞ്ഞു. അന്തേ വാസികള്‍ ഞെട്ടി വിറച്ചു. ഭക്തഗണങ്ങള്‍ മൂകരായി. വഞ്ചിക്കപ്പെട്ട വര്‍ഗ്ഗം. മോഹവലയത്തിലെ നിസ്സാരരൂപികള്‍.
ഒച്ചപ്പാടുകൂടാതെ, ആത്മസംയമനത്തോടെ കൃത്യനിര്‍വഹണം നടത്തിയ ജില്ലാകലക്ടര്‍, ഡി.എസ്.പി മുതലായവര്‍ പുകഴ്ത്തപ്പെട്ടു. ഒരു തുള്ളിരക്തം മണ്ണിനെ പുണര്‍ന്നില്ല. ഭഗവാനെ രക്ഷിക്കാന്‍ ഭക്തജനങ്ങള്‍ ശുപാര്‍ശയുമായി എത്താനിടം കൊടുത്തില്ല. ഒരു ഹൃദയത്തിലും കാര്യമായ മുറിവേല്പിക്കാതെ, അന്ധകാരഗര്‍ത്തത്തില്‍ പൊടുന്നനേ സൂര്യനെത്തിനോക്കിയപ്പോള്‍ ഇയ്യാം പാറ്റകള്‍ പറന്നുകന്നു. ചിറകടിച്ചു ബഹളമുണ്ടാക്കിയ വവ്വാലും നരിച്ചീറും തലകുത്തി വീണു. അല്പ പ്രാണികളെ കുടുക്കാന്‍ വല വിരിച്ച എട്ടുകാലികള്‍ ചലനമറ്റു. വിഷസര്‍പ്പങ്ങള്‍ പത്തി ചതഞ്ഞു ബന്ധനത്തിലും.
ജയദേവന്‍ തന്റെ ദിന ചര്യകള്‍ക്കു ശേഷം വളരെ ഉത്സാഹപൂര്‍വ്വം സുവര്‍ണ്ണ ഗിരിയുടെ മട്ടുപ്പാവില്‍ അനന്തതയുടെ അഗാധതയിലേക്കു ദൃഷ്ടികള്‍ പായിച്ചു നിന്നു.
പിച്ചിപ്പൂവിന്റെ സുഗന്ധം മെയ്യില്‍പൂശിയ കുളിര്‍മയുള്ള പുലര്‍കാറ്റ് അദ്ദേഹത്തെ തഴുകി കടന്നുപോയി.
അതിരാവിലെതന്നെ ഡി.എസ്.പി. സുവര്‍ണ്ണഗിരിയില്‍ ഹാജരായി, മാധവന്‍ കുട്ടിയാരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ റിപ്പോര്‍ട്ടുമായി.
സാര്‍... താടിക്കാരന്റെ അബോധ മനസ്സ് വെളിപ്പെടുത്തിയ ചില വിവരങ്ങള്‍....
എന്തെല്ലാമാണ്.
അങ്ങയെ ആശ്രമത്തിലേക്കു ക്ഷണിച്ചത് തടവിലിട്ടു കൊല്ലുന്നതിനായിരുന്നു....
ഓ...അങ്ങനെ ക്ഷണം നിരസിച്ചതും അവരുടെ കഷ്ടകാലം.
ജയദേവന്‍ നിസ്സാര ഭാവത്തില്‍ പ്രക്തികരിച്ചു.
സാര്‍.... മറ്റൊന്ന്. ഈയിടെ യെങ്ങും മാത്തച്ചനെ കാണാനേയില്ല. മകളെ കണ്ടു കിട്ടിയിട്ടും ഒരു നന്ദി പ്രകടനത്തിനു പോലും അയാളെത്തിയില്ലല്ലോ.
എന്തിനാണ് നന്ദിപ്രകടനം?
അയാള്‍ സാധാരണയായി പലകാര്യങ്ങള്‍ക്കും ഞങ്ങളെ സമീപിക്കാറുണ്ട്. കാര്യങ്ങള്‍ നേടിക്കഴിഞ്ഞാല്‍ ഔപചാരികമായി നന്ദി വാക്കുകളിലൂടെയെങ്കിലും പ്രകടിപ്പിക്കാറുണ്ട്.
ആശ്രമത്തില്‍ നിന്നും മകള്‍ വിമോചിതയായതോടുകൂടി ആശ്രമം പൊളിഞ്ഞു. പെണ്‍ പ്രശ്‌നമാണ് ആശ്രമത്തിന്റെ തകര്‍ച്ചയ്ക്കുള്ള പ്രധാനഹേതു.
ഡോക്ടര്‍ ജയിംസ് വളരെയധികം സന്തോഷം പ്രകടിപ്പിച്ചു.
സന്തോഷ പ്രകടനം വാക്കുകളിലൊതുങ്ങിയാല്‍ പോരാ.... അയാളുടെ സഹോദരിയുടെ വിവാഹം പെട്ടെന്നു നടത്താന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.... ഈ വിവാഹം രണ്ടു വ്യക്തികളുടെമാത്രം പ്രശ്‌നമല്ല. നമ്മുടെ ഔദ്യോഗിക കൃത്യനിര്‍വഹണം അതുമൂലം ലഘൂകരിക്കുകയും ചെയ്യും.
അതിനു മാത്തച്ചന്‍ കൂടി സഹകരിച്ചാലല്ലേ പറ്റൂ....
അയാള്‍ സഹകരിക്കും. അതിനു നമ്മുടെ കയ്യില്‍ മരുന്നില്ലേ....
ശരി സാര്‍... അന്നു പറഞ്ഞതു ഓര്‍മ്മയുണ്ട്. ജാഗ്രതയായിരുന്നുകൊള്ളാം... പിന്നെ മറ്റൊരു കാര്യം കൂടി.... ആശ്രമത്തിലെ പെരിയ സ്വാമിയെപ്പറ്റി അന്വേഷിച്ചു കൊണ്ട് ചില പത്രക്കാര്‍ ഫോണ്‍ ചെയ്തിരുന്നു. മറുപടി പറയാതെ ഞാന്‍ ഒഴിഞ്ഞുമാറി.
അതേതായാലും നന്നായി....
സാര്‍... ഇന്നുതന്നെ ഞാന്‍ ഡോ. ജയിംസിനെ കണ്ടു മറ്റുകാര്യങ്ങള്‍ ശരിപ്പെടുത്താം.
ഡി.എസ്.പി ഏറെ സംതൃപ്തനാണ്. തന്റെ ജോലി തൃപ്തികരമായി നിര്‍വഹിച്ചതിലുള്ള കൃതാര്‍ത്ഥത.
അന്നു വൈകിട്ടു ഡോ. ജയിംസ് സുവര്‍ണ്ണ ഗിരിയിലെത്തിയത് ജലജയുടെ വിവാഹത്തിയതി നിശ്ചയിച്ച വിവരം അറിയിക്കാനാണ്. അപ്പച്ചനെക്കൊണ്ടും സമ്മതിപ്പിച്ചുവത്രേ.
വളരെ സന്തോഷം. ജാതിക്കും മചത്തിനും അതീതമായ ഈ വിവാഹം ഭാവി മുറയ്ക്കു മാര്‍ഗ്ഗ ദര്‍ശകമാകണം.
ജയദേവന്‍ ഹാര്‍ദ്ദവമായി ജയിംസിനെ അഭിനന്ദിച്ചു.
തന്റെ കൃത്യങ്ങള്‍ ച്യുതിലേശമെന്യേ നിര്‍വഹിക്കപ്പെട്ടപ്പോള്‍ ജയദേവന്റെ മനസ്സിനുള്ളിലെ അലകടല്‍ ശാന്തമായതുപോലെ തോന്നി. എന്തൊരാശ്വാസം.
അദ്ദേഹത്തിന്റെ മനസ്സിനു ലഭിച്ച പ്രശാന്തതവരും കാല വിപത്തുക്കളുടെ മുന്നോടിയാവാം.
മനുഷ്യന്‍ അനന്തഭാവിയെപ്പറ്റി എന്തറിയുന്നു.
പൊന്‍കുന്നം കമനീയമായി അലങ്കരിക്കപ്പെട്ടു. കനകക്കതിര്‍മണ്ഡപംചെന്തെങ്ങില്‍ കതിര്‍ക്കുലകളാല്‍ രോമാഞ്ചപ്പട്ടുമൂടി. സാമൂഹ്യമായ ഒരാവശ്യമെന്ന ബോധത്തോടെ അനേകമാളുകള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.
പ്രാര്‍ത്ഥന നടന്നില്ല. മന്ത്രോച്ചാരണം കേട്ടതേയില്ല. കൊട്ടും കുരവയുമുണ്ടായില്ല. കാര്‍മ്മികന്റെ ആവശ്യവും നേരിട്ടില്ല. ആണു പെണ്ണും അന്യോന്യം പുഷ്പഹാരങ്ങള്‍ ചാര്‍ത്തി. സഹകരണത്തിന്റെ ചിഹ്നമായി അന്യോന്യം കൈകള്‍ കോര്‍ത്തുപിടിച്ചു.
ലഘു ഭക്ഷണാനന്തരം ചടങ്ങുകള്‍ അവസാനിച്ചു. മാത്തച്ചന്‍ ഉത്സാഹപൂര്‍വ്വം ഓടിനടന്നു. അതിഥികളെ സല്ക്കരിച്ചു. കുശലം പറഞ്ഞു. പൊട്ടിച്ചിരിച്ചു. ഹസ്തദാനം ചെയ്തു. എന്തുമാന്യന്‍.
ദമ്പതികള്‍ കാറില്‍ കയറി കുറേ ദൂരം പോയിക്കഴിഞ്ഞു. മാത്തച്ചന്‍ മറ്റൊരു കാറില്‍ കാലെടുത്തുവച്ചു. പെട്ടെന്നു ഡി.എസ്.പി. അയാെള തടഞ്ഞു. മാത്തച്ചന്‍ ഞെട്ടിത്തെറിച്ചു.
നില്ക്കു മാത്തച്ചന്‍. പോകാന്‍ വരട്ടെ.
കാരണം?
അയാളുടെ ഹൃദയം ധൃതഗതിയില്‍ തുടിക്കുവാന്‍ തുടങ്ങി.
കാരണം.... അതു പിന്നെ പറയാം....
നിങ്ങളെ അറസ്റ്റു ചെയ്തിരിക്കുന്നു. ആഭ്യന്തര സുരക്ഷിത നിയമമനുസരിച്ചു തന്നെ.
''എന്തിന്?''
പരുപരുത്തശബ്ദം.
''കാരണം പറയാന്‍ ഞങ്ങള്‍ ചുമതലപ്പെട്ടവരല്ല. എങ്കിലും ഇവിടെ കൂടിയിരിക്കുന്നവരുടെ അറിവിലേക്കായി ചിലതു പറയാം.... പറയേണ്ടതു രാജ്യ നന്മയ്ക്കു ആവശ്യവുമാണ്. നിങ്ങള്‍ ഒളിവില്‍ പോയി. നിങ്ങളെ സംശയിക്കുന്നില്ലെന്നു ഞങ്ങളും അഭിനയിച്ചു. ഒടുവില്‍ നിങ്ങള്‍ നിരപരാധി ചമഞ്ഞ് പ്രത്യക്ഷപ്പെട്ടു. ശരിയല്ലേ?''
പൊതുജനം മൂക്കില്‍ വിരല്‍ ചേര്‍ത്തു. എല്ലാം മംഗളമായി കലാശിച്ചെങ്കിലും ജയദേവന് അനല്പമായ മനഃച്ചാഞ്ചല്യം അനുഭവപ്പെട്ടു. തനിക്കു ലഭിച്ച ഊമക്കത്തുകള്‍ മാത്രമായിരിക്കയില്ല അതിനുകാരണം. തനിക്കു കൈവന്ന പ്രശസ്തിയില്‍ കണ്ണുകടിയുള്ളുവര്‍ ഇല്ലേ. അവരുടെ അടുത്തനീക്കമെന്ത്.