"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

അയിത്തം പാലിച്ച ബ്രാഹ്മണനെ 1913 ല്‍ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടു മനുസ്മൃതിയുടെ കടയ്ക്ക് കത്തിവച്ച വിപ്ലവകാരിയാണ് എനിക്കു കറുപ്പന്‍മാസ്റ്റര്‍ - ദളിത്‌ ബന്ധു എന്‍ കെ ജോസ്

19-ാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി കേരളത്തില്‍ വിപ്‌ളവകാരികളായ നാലു നവോത്ഥാന നായകര്‍ ജീവിച്ചു. അവര്‍ക്കെല്ലാം മാര്‍ഗ്ഗ ദീപമായി 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ വൈകുണ്ഠ സ്വാമികളു ണ്ടായിരുന്നു. നവോത്ഥാനം പുതിയതായ എഴുന്നേല്‍പ്പാണ്. അതിനര്‍ത്ഥം ഇവിടെ ഇതിന് മുമ്പൊരിക്കല്‍ ഒരു എഴുന്നേല്‍പ്പ് നടന്നിരുന്നു എന്നാണ്. അങ്ങനെ ഒന്നുണ്ടായിരുന്നു എന്ന അറിവുള്ളവരെ മാത്രമേ നവോത്ഥാന നായകര്‍ എന്നു വിളിക്കാനാവൂ, അല്ലാത്തവര്‍ വെറും സാമൂഹ്യപരി ഷ്‌കര്‍ത്താക്കളാണ്. പരിഷ്‌കരി ക്കേണ്ടത് പലതും സമൂഹത്തില്‍ കാണുമ്പോള്‍ അതിനുവേണ്ടി തങ്ങളാലാവുന്നത് ചെയ്യുക. അതല്ല വൈകുണ്ഠസ്വാമികളും നാരായണഗുരുവും അയ്യന്‍കാളിയും യോഹന്നാന്‍ ഉപദേശിയും പണ്ഡിറ്റ് കറുപ്പനും ചെയ്തത്. അവര്‍ക്ക് വ്യക്തമായ ലക്ഷ്യബോധ മുണ്ടായിരുന്നു. നാരായണഗുരു അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ നടത്തി. അതിനുശേഷം അറുപതിലധികം പ്രതിഷ്ഠകള്‍ പല സ്ഥലങ്ങളിലായി നടത്തി. അതിലൊന്നു പോലും കൃഷ്ണനോ രാമനോ ആയിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ആ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. അതുകൊണ്ട് അത് അദ്ദേഹ ത്തിന്റെ പിന്‍ഗാമികള്‍ക്കു ണ്ടാകണമെന്നില്ല.1 അയ്യന്‍കാളി പൊതുവഴി യിലൂടെ നടന്നു. ആരുടേയും അനുവാദം ചോദിച്ചില്ല. വില്ലുവണ്ടി വാങ്ങി അതില്‍ കയറി സഞ്ചരിച്ചു. അതിന്റെ പ്രത്യാഘാതം എന്താണെന്ന് പോലും ചിന്തിച്ചില്ല. തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതുവരെ ആരും പാടത്ത് പണിക്ക് പോകരുത് എന്ന് കല്പിച്ചു. അതിലെല്ലാം ഒരു തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടായിരുന്നു. വ്യക്തമായ കാഴ്ചപ്പാടു ണ്ടായിരുന്നു.2 യോഹന്നാന്‍ ഉപദേശി ബൈബിള്‍ പഠിച്ചശേഷം ഇവിടത്തെ ബൈബിള്‍ കുത്തകക്കാരോട്, എന്തുകൊണ്ട് ബൈബിള്‍ അനുസരിച്ച് ജീവിക്കുന്നില്ല, പ്രവര്‍ത്തിക്കുന്നില്ല എന്ന് ചോദിച്ചു. അവര്‍ക്ക് ഉത്തരം പറയാനുണ്ടായിരുന്നില്ല. പിന്നെ എന്തിന് അത് തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നു.നിങ്ങള്‍ക്കു വേണ്ടാത്തത് ഞങ്ങള്‍ക്കും വേണ്ടാ. അദ്ദേഹം അത് കത്തിച്ചു. ഒരു കാലത്തും അടിമകളായിരുന്നില്ല എന്ന് അദ്ദഹത്തിന് ഉത്തമബോദ്ധ്യമുണ്ടായിരുന്നു. അത് തെളിയിക്കാനാണ് അദ്ദേഹം ആ ജനത്തിന്റെ ചരിത്രം അന്വേഷിച്ചത്.3 അവര്‍ക്കെല്ലാം മുമ്പേയാണെങ്കിലും അവരോടൊപ്പം കാണേണ്ട മറ്റൊരു വിപ്ലവകാരിയായ സാമൂഹ്യനവോത്ഥാന നായകനാണ് വൈകുണ്ഠ സ്വാമികള്‍. മനുഷ്യനേക്കാള്‍ വലിയ ഈശ്വരനില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. അതിനാല്‍ നീ ആരാധിക്കേ ണ്ടത് നിന്നെത്ത ന്നെയാണ്. അതിനാണ് അദ്ദേഹം തന്റെ ദേവാലയത്തില്‍ കണ്ണാടി പ്രതിഷ്ഠിച്ചത്. എല്ലാ ദൈവങ്ങളും മനുഷ്യനിര്‍മ്മിതികളാണ് എന്ന കാഴ്ചപ്പാടില്‍ അദ്ദേഹത്തിന് ഒരു സംശയവുമില്ല. അപ്പോള്‍ ഈ ദൈവങ്ങളെയെല്ലാം നിര്‍മ്മിച്ച മനുഷ്യന്‍ അതിനേക്കാള്‍ എത്രയോ വലിയ ദൈവമായിരിക്കണം.4

2 ആ മഹത്തായ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചയാണ് പണ്ഡിറ്റ് കറുപ്പന്‍. വൈകുണ്ഠസ്വാമികള്‍ 1809-ല്‍ ജനിച്ചു. നാരായണഗുരു 1856-ല്‍ ജനിച്ചു. അയ്യന്‍കാളി 1863-ല്‍ ജനിച്ചു. യോഹന്നാന്‍ ഉപദേശി 1879-ല്‍ ജനിച്ചു. പണ്ഡിറ്റ് കറുപ്പന്‍ 1885 ല്‍ ജനിച്ചു. ഈ അഞ്ചുപേരെയും അഞ്ചു മൂടുപടം അണിയിച്ചാണ് ഇന്നു പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അനുയായി കള്‍ക്കും ആരാധകര്‍ക്കും ഇഷ്ടപ്പെടുന്ന, അവരുടെ നിക്ഷിപ്തമായ താല്പര്യങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അനുയോജ്യമായ മൂടുപടങ്ങള്‍ അണിയിക്കാ നുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇന്ന് നടന്നുകൊണ്ടിരി ക്കുന്നത്. അവരെല്ലാം ഇന്നു വില്‍പ്പന ചരക്കുകളാണ്. നാരായണ ഗുരു ഈഴവദൈവമായി; അയ്യന്‍കാളി പുലയനേതാവായി; യോഹന്നാന്‍ ഉപദേശി കുമാരഗുരുദേവനായി; പണ്ഡിറ്റ് കറുപ്പന്‍ കവിതിലകനായി; വൈകുണ്ഠസ്വാമികള്‍ അജ്ഞാതനുമായി.

3 എന്നാല്‍ അവരെല്ലാം തങ്ങളുടെ ജീവിതാന്ത്യം വരെ പൊരുതിയത് ജാതിക്കും ജാതിവിവേചനത്തിനും ജാതിജന്യമായ അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരായിട്ടാണ്. അവരെ ല്ലാവരും മനുഷ്യരായിരുന്നു. അവര്‍ മറ്റുള്ളവരേയും മനുഷ്യ രായി കണ്ടു. എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്നു തിരിച്ചറിഞ്ഞു. എല്ലാ മനുഷ്യരും ഇവിടെ ജീവിക്കണമെന്ന് ആഗ്രഹിച്ചു. അതിന് വേണ്ടി തങ്ങളാലാവുന്നത് ചെയ്തു. പക്ഷേ അതു മാത്രം ഇന്ന് അവരില്‍ നിന്നും ഒഴിവാക്കി യിരിക്കുക യാണ്. ജാതിയും ജാതിജന്യ വുമായ സര്‍വതും പുനരുദ്ധരിക്ക പ്പെടേണ്ടത് ജാതി ചൂഷകരുടെ ആവശ്യമാണ്. അതിനു വേണ്ടിയുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. അതിനുവേണ്ടി ഈ പഞ്ചമഹാ ജ്ഞാനികളെ തമസ്‌കരിച്ചുകൊണ്ട് അവരുടെ മൂടുപട നിര്‍മ്മിതമായ ആശയങ്ങളെ പ്രചരിപ്പിക്കുകയാണ്. 2009 ഡിസംബറില്‍ മുംബൈയിലെ നാലുപേരെ കൊലപ്പെടുത്തിയ ഒരു കൊലപാതകിക്കു സെഷന്‍സ് ജഡ്ജിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രീംകോടതി 25 വര്‍ഷത്തെ കഠിനതട വാക്കി കുറവു ചെയ്തപ്പോള്‍ നടത്തിയ പരാമര്‍ശനം ജാതി സാഹചര്യം കൂടി ശിക്ഷയില്‍ ഘടകമായി പരിഗണിക്കണ മെന്നാണ്.5 താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു പുരുഷന്‍ ഒരു സവര്‍ണ്ണ ബ്രാഹ്മണ യുവതിയെ പ്രേമിച്ച് വിവാഹം ചെയ്തതിന്റെ മാനക്കേടില്‍ നിന്നും രക്ഷനേടാന്‍ യുവതിയുടെ സഹോദരന്‍ ആ കീഴ്ജാതി യുവാവിനെയും അയാളുടെ പിതാവിനെയും ബന്ധുക്കളേയും കൊന്നു. ആ കേസിലാണ് സുപ്രീംകോടതി ജാതിപരിഗണന ആവശ്യപ്പെട്ടത്. രാജ്യം അത്രയേറെ ജാതിക്കു വഴങ്ങിക്കൊണ്ടിരിക്കു കയാണ്. മനുസ്മൃതി യിലേക്കാണ് രാജ്യം തിരിച്ചു പോകുന്നത്. കോടതിവരെ അവിടെ എത്തിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയായി വിവാഹം കഴിച്ച തന്റെ ഭര്‍ത്താവിനെ കൊന്ന ആ മനുഷ്യനെ ആ സ്ത്രീ വെറുതേ വിട്ടത് ആ സ്ത്രീയുടെ ശാരീരിക ദൗര്‍ബല്യംമൂലമാണ് എന്ന് വ്യക്തമാണല്ലോ. പണ്ട്, അധികം പണ്ടല്ല, 19ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നിലനിന്നിരുന്ന വ്യവസ്ഥ ജാതിയില്‍ ഉയരുന്തോറും ശിക്ഷയില്‍ കുറവും ജാതിയില്‍ താഴുന്തോറും ശിക്ഷയില്‍ കൂടുതലും എന്നതായിരുന്നു. അത് പുനരുദ്ധരിക്കണ മെന്നാണോ സുപ്രീം  കോടതി ആഗ്രഹിക്കുന്നത്?

4 പണ്ഡിറ്റ് കെ.പി.കറുപ്പന്‍ ഒരു കവിയായിരുന്നു. അന്ന് കേരളത്തില്‍ ജീവിച്ചിരുന്ന മറ്റു പല കവികളേക്കാള്‍ മികച്ച ഒരു കവിഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കവിയുടെ ജീവിതം എങ്ങനെയായിരിക്കണം, കവിതയുടെ ലക്ഷ്യം എന്തായി രിക്കണം, അതിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു കവിയായിരുന്നു അദ്ദേഹം. അതിനാല്‍ അദ്ദേഹം കവി മാത്രമായിരുന്നില്ല, മറ്റു പലതുമായിരുന്നു. പക്ഷേ അദ്ദേഹത്തെ ഒരു കവിമാത്രമായി കാണാനും കാണിക്കാനുമാണ് ഇന്ന് പലരുടേയും ശ്രമം. മാസ്റ്ററെ ഒരു ചെപ്പിനകത്ത് അടക്കി അടച്ചു സൂക്ഷിക്കാനാണ് അവരുടെ ശ്രമം. ആ ചെപ്പുതുറന്നാല്‍ വലിയ വിപ്ലവ ചിന്തയുടെ കാറ്റാണ് പുറത്തേക്ക് പ്രവഹിക്കുന്നത്. അതുകൊണ്ട് അതു തുറക്കരുത്. 

കൊച്ചിപ്രദേശത്തെ ആദ്യത്തെ വിപ്ലവകാരിയും സാമൂഹ്യപരി ഷ്‌കര്‍ത്താവും പുരോഗമനചിന്താഗതിക്കാരനുമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍, അക്കാലത്ത് വൈകുണ്ഠ സ്വാമികളെപ്പറ്റി ആ പ്രദേശത്ത് കേട്ടിട്ട് പോലുമില്ല. നാരായണ ഗുരുവിന്റെ സ്വാധീനത ആ പ്രദേശത്തെ ഈഴവരിലുണ്ടായിരുന്നു. അയ്യന്‍ കാളിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്ത നങ്ങള്‍ അവിടേക്ക് ചെന്നെത്തിയിരുന്നില്ല. യോഹന്നാന്‍ ഉപദേശിയെപ്പറ്റി കേട്ടിരുന്ന വരും ചുരുക്കമായിരുന്നു. അതിനാല്‍ നാരായണഗുരു അല്ലാതെ കറുപ്പന്‍ മാസ്റ്റര്‍ക്ക് മുമ്പ് മറ്റൊരു പുരോഗമന ചിന്തകനേയും കൊച്ചി കണ്ടിരുന്നില്ല. കറുപ്പന്‍ മാസ്റ്ററെ തുടര്‍ന്ന് സഹോദരന്‍ അയ്യപ്പനും മറ്റും ശക്തമായി രംഗത്ത് വന്നു. ജാതിമത പരിഗണനകള്‍ക്കപ്പുറം അവശത അനുഭവിക്കുന്ന ആര്‍ക്കു വേണ്ടിയും എന്തു ത്യാഗവും സഹിക്കാന്‍ കറുപ്പന്‍ മാസ്റ്റര്‍ സന്നദ്ധനാ യിരുന്നു. നല്ലൊരു അനുയായി വൃന്ദത്തേയും അദ്ദേഹം സൃഷ്ടിച്ചു. കെ.പി. വള്ളോനും പി.സി. ചാഞ്ചനും പി.കെ ഡിവറുമെല്ലാം അക്കൂട്ട ത്തില്‍പ്പെടും. കുറഞ്ഞ സമയംകൊണ്ട് (1885-ല്‍ ജനിച്ച അദ്ദേഹം 1938-ല്‍ നിര്യാതനായി) കൊച്ചി രാജ്യത്തെ വാലസമുദായത്തിലും പുലയസമു ദായത്തിലും വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് ബീജാവാപം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 53 വര്‍ഷത്തെ ജീവിതത്തിന് പകരം അത് കുറച്ചുകാലം കൂടി ദീര്‍ഘിച്ചിരുന്നു വെങ്കില്‍ പല അത്ഭുതങ്ങളും സാമൂഹ്യരംഗത്ത് നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. വാല സമുദായത്തിലെ പല്‍പ്പുവും കുമാരനാശാനും നാരായണഗുരുവും ചേര്‍ന്നതാണ് പണ്ഡിറ്റ് കറുപ്പന്‍ എന്നാണ് സി. കേശവന്‍ 'ജീവിതസമരം''എന്ന തന്റെ ആത്മകഥയില്‍ പറയുന്നത്. 

5 20-ാം നൂറ്റാണ്ടിലെ വിപ്ലവകാരികളായ സാമൂഹ്യ പരിഷ്‌കര്‍ത്താ ക്കളുടെ കൂട്ടത്തില്‍ അഥവാ നവോത്ഥാന നായകന്‍മാരുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പണ്ഡിറ്റ് കറുപ്പന്റെ നാമധേയം ഇന്നത്തെ തലമുറയ്ക്ക് ഏറെക്കുറേ അജ്ഞാതമാണ്. ആ പേര് കേട്ടിട്ടുള്ളവരും അറിയുന്നവരും ഏതാനും കവിതാഗ്രന്ഥങ്ങളുടെ കര്‍ത്താവായ കവിതിലകന്‍ കറുപ്പനെയാണ് അറിയുന്നത്. ടി.എം.ചുമ്മാറും, കെ.കെ വേലായുധനും അദ്ദേഹത്തെപ്പറ്റി ഓരോ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചുമ്മാര്‍ മാസ്റ്ററുടെ ഗ്രന്ഥം കറുപ്പന്റെ ജീവചരിത്ര മാണെങ്കില്‍ കെ.കെ. വേലായുധന്റെ ഗ്രന്ഥം ഓര്‍മ്മക്കുറിപ്പാണ്. പിന്നെ ചില സ്മരണികകളും സോവനീറുകളുമാണ് ഉള്ളത്. 1974- ലും 1983-ലും രചിച്ച അവ ഒന്നും ഇന്നത്തെ തലമുറയ്ക്ക് പ്രാപ്യമല്ല. പണ്ഡിറ്റ് കറുപ്പനേപ്പറ്റിയുള്ള ഒരു പഠനം ഇന്നുവരെ ഉണ്ടായിട്ടില്ല. അതിന് ആരെങ്കിലും ഇനിയെങ്കിലും മുന്നോട്ടു വന്നാല്‍ എന്റെ ഈ യത്‌നം സഫലമായി എന്ന് ആശ്വസിക്കാം.

അയിത്തം പാലിച്ച ബ്രാഹ്മണനെ 1913 ല്‍ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടു മനുസ്മൃതിയുടെ കടയ്ക്ക് കത്തിവച്ച വിപ്ലവകാരിയാണ് എനിക്കു കറുപ്പന്‍മാസ്റ്റര്‍. 

കുറിപ്പുകള്‍

1. ദലിത് ബന്ധു, അരുവിപ്പുറം പ്രതിഷ്ഠ, കാണുക.
2. ദലിത് ബന്ധു. മഹാനായ അയ്യന്‍കാളി, കാണുക.
3. ദലിത് ബന്ധു. പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി, കാണുക.
4. ദലിത് ബന്ധു. വൈകുണ്ഠസ്വാമികള്‍, കാണുക.
5. മാധ്യമം ദിനപ്പത്രം, 12.12.2009.