"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

മാംഗൂ റാം: ആദി ധരം മണ്ഡലിന്റെ റിപ്പോര്‍ട്ട് :1926-1931 - ഡോ. സുരേഷ് മാനേ

ആദിധര്‍മ്മി മണ്ഡല്‍ 1931 മെയ് 15 ന് എണ്‍പതു പേജുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ട് 1926 ജനുവരി 1 മുതല്‍ 1931 ഏപ്രില്‍ 30 വരെയുള്ള കാലഘട്ടത്തെ ഉള്‍പ്പെടുത്തി ക്കൊണ്ടായിരുന്നു. ആമുഖം, ആദി ജനതയുടെ ഉയര്‍ച്ചയും താഴ്ചയും, മുഗോവാളില്‍ വച്ചു പാസാക്കിയ പ്രമേയം, ആദിധരമിന്റെ അടിസ്ഥാന തത്വങ്ങള്‍, ആദിധരമി സംഘടനയുടെ കടമകള്‍, ആദിധരം കല്‍പ്പനകള്‍ എന്നിങ്ങനെ നിരവധി ഭാഗങ്ങളായി ആ റിപ്പോര്‍ട്ട് വിഭജിക്കപ്പെട്ടിരുന്നു.

ആ റിപ്പോര്‍ട്ടിന്റെ ആമുഖം ആദി-ധര്‍മി പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യ ത്തെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള ശരിയായ ധാരണ നല്‍കുന്നുണ്ട്. അതു പ്രസ്താവിക്കുന്നു, 'ഇന്ത്യയിലെ ജനസംഖ്യയിലെ നാലിലൊന്നു ജനങ്ങള്‍ കഴിഞ്ഞ 5000 വര്‍ഷങ്ങളായി ഉയര്‍ന്ന ജാതിഹിന്ദുക്കളാല്‍ അടിമകളാക്കപ്പെട്ട അയിത്ത ജാതിക്കാരാണ്. ഈ പാവപ്പെട്ട ജനങ്ങളെ അവരുടെ അസ്തിത്വത്തെതന്നെ നഷ്ടപ്പെടും വിധം, അവരുടെ ആത്മാ വിനെ ഉടച്ചുകളയും വിധം, ദാരുണമായി ഉടച്ചുകളയും വിധം, അവരുടെ രാഷ്ട്രീയവും മതപരവുമായ പദവികളില്‍ നിന്നും സ്ഥാന ഭ്രഷ്ടരാക്കപ്പെട്ടി രിക്കുകയാണ്. ഈ ജനങ്ങളുടെ അവസ്ഥയെകുറിച്ച് നിങ്ങള്‍ പര്യാലോ ചിക്കുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും, കൊച്ചുകുട്ടി കള്‍ക്കു പോലും ഇതറിയാമെന്നകാര്യം നിങ്ങള്‍ക്കു ബോധ്യപ്പെടും. അതിന്റെ തുടക്കത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നത് ദഹിച്ച ആഹാരം പിന്നെയും ചവയ്ക്കുന്നതുപോലെയായിരിക്കും. ചരിത്രകാര ന്മാര്‍ അതിനെക്കുറിച്ച് ടണ്‍കണക്കിന് പുസ്തകങ്ങള്‍, ലണ്ടന്‍ നിറയ്ക്കാന്‍ വേണ്ടിയിടത്തോളം എഴുതിക്കൂട്ടിയിട്ടുണ്ട്. അയിത്തജാതിക്കാരുടെ ചരിത്രപരമായ ഉല്‍ഭവത്തെക്കുറിച്ച് ഞങ്ങളധികം വ്യാകുലരല്ല. അവരുടെ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞ് അവരെ ക്ഷോഭിപ്പിക്കുന്ന തിനുപകരം നാം അയിത്തജാതിക്കാരെ പുരോഗതിയുടെ പാതയിലേയ്ക്ക് ആനയിക്കണം. ഏതെങ്കിലുമൊരു സമുദായത്തി നെതിരെ വിശുദ്ധയുദ്ധം നടത്തുവാനായി അയിത്തജാതിക്കാരെ വിക്ഷോഭിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല. അത് അയിത്തത്തിനേക്കാള്‍ രണ്ടുമടങ്ങ് ചീത്തയാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ അയിത്തത്തില്‍ നിന്നും ജാതിയുടെ ഈ മുഴുവന്‍ സമ്പ്രദായത്തില്‍ നിന്നും അകന്നുമാറി നില്‍ക്കാന്‍ ആഗ്രഹി ക്കുന്നു. ഇത്തരം പ്രസ്ഥാനങ്ങള്‍ അയിത്തജാതിക്കാരുടെ സമ്പൂര്‍ണ്ണനാ ശത്തിന്റെ ഗതിതിരിച്ചുവിടും.'5

'വിഷയത്തിലെ യഥാര്‍ത്ഥവസ്തുതയെന്തെന്നാല്‍, ബ്രട്ടീഷുകാര്‍ക്കുമുമ്പ് ഇന്ത്യ ഭരിച്ചിരുന്ന എല്ലാ ഗ്രൂപ്പുകളും അയിത്തജാതിക്കാരോട് മോശമായി പെരുമാറി. അത്തരം ആക്രമണകാരികള്‍ അവരോട് പെരുമാറിയ രീതിയാണ് അയിത്തജാതിക്കാരുടെ ഇന്നത്തെ വിധിയുടെ കാരണം. അയിത്തജാതിക്കാര്‍ മൗലികജനതയുടെ പിന്‍തുടര്‍ച്ച ക്കാരാണ്. അവര്‍ മാതൃഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും (ധര്‍മ് ഖണ്ഡ്) യഥാര്‍ത്ഥ മക്കളാണ്. അവരുടെ സ്വന്തം മണ്ണില്‍ സമാധാന പൂര്‍ണ്ണമായും ആത്മീയവുമായ ജീവിതം നയിച്ചു വരവേയാണ്, രക്തക്കൊതിപൂണ്ട ആക്രമണകാരികളുടെ ഇരുവായ്ത്ത ലമൂര്‍ച്ചയുള്ള വാളിനാല്‍ അവര്‍ ആക്രമിക്ക പ്പെടുകയും കശാപ്പു ചെയ്യപ്പെടുകയും ചെയ്തത്.'6

സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും, സാംസ്‌കാരകവുമായ വ്യത്യസ്തങ്ങളായ വിഷയങ്ങളിലും അതുപോലെ ദേശീയ പ്രാധാന്യമുള്ള മറ്റുവിഷയങ്ങളിലും ആദിധര്‍മ്മി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും ദിശയും, ആഴവും എങ്ങനെയുള്ളതാണെന്നു വ്യക്തമാക്കുന്ന അതുല്യമായ ഒരു പ്രമാണമാണ് ഈ റിപ്പോര്‍ട്ട്. ആദിധര്‍മി പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയെക്കുറിച്ച് വിശദമായിതന്നെ ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഗാന്ധിക്കും കോണ്‍ഗ്രസ്സിനുമെതിരെയുള്ള എതിര്‍പ്പ്

ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും നയങ്ങളെ എതിര്‍ക്കുവാന്‍ മാംഗുറാമിനും ആദി ധര്‍മി മണ്ഡലിനും നിരവധി കാരണങ്ങളുണ്ടാ യിരുന്നു. അയിത്ത ജാതിക്കാര്‍ക്കു വേണ്ടിയെന്ന ഭാവത്തിലുള്ള, കോണ്‍ഗ്രസ്സിന്റെയും ഗാന്ധിയുടെയും കാപട്യം നിറഞ്ഞ നയങ്ങളെ മഹാരാഷ്ട്രയിലെ ദളിതുകള്‍ കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും ശക്തമായി എതിര്‍ത്തത് മിക്കവാറും പഞ്ചാബിലെ ദളിതരായിക്കും. വിവിധ മേഖലകളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അവ:

1. ആദിധര്‍മ്മികള്‍ ബ്രട്ടീഷുകാരെ സുഹൃത്തുക്കളായി കരുതി. ആദിധരം റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നത് 'ഇന്ത്യയിലെ ദുര്‍ബലരായ ന്യൂനപക്ഷ ങ്ങള്‍ക്ക്, പ്രത്യേകിച്ച് ആദിധര്‍മ്മികള്‍ക്കും മുഹമ്മദന്മാര്‍ക്കും, എത്രകാലത്തോളം പൂര്‍ണ്ണമായ പ്രാതിനിധ്യം നല്‍കാതിരിക്കുന്നുവോ, അവരോടുള്ള പെരുമാറ്റത്തിന് യാതൊരുറപ്പും ഇല്ലായിരിക്കു ന്നുവോ അത്രയും കാലത്തോളം കേന്ദ്ര ഗവണ്‍മെന്റില്‍ മാറ്റമുണ്ടാകരുത്.... അയിത്തജാതിക്കാര്‍ സ്വതന്ത്രരും തുല്യരുമാകുന്നതുവരെ ഇന്ത്യ സ്വതന്ത്രമാകരുത്. അല്ലാത്തപക്ഷം ബ്രിട്ടീഷ് ഭരണത്തിന് അതൊരു അപമാനഹേതുവായിരിക്കും.' 

2. 1928 ല്‍ മുസ്ലീങ്ങള്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം പ്രത്യേക സമ്മതി ദാനാവകാശം നിര്‍ത്തലാക്കണമെന്ന മോത്തിലാല്‍ നെഹ്‌റുവിന്റെ നിര്‍ദ്ദേശത്തിനോട് ആദിധര്‍മ്മികള്‍ രൂക്ഷമായി പ്രതികരിച്ചു. 'രവി നദിയില്‍ നെഹ്‌റുവിന്റെ റിപ്പോര്‍ട്ടിനൊപ്പം അയിത്തത്തിന്റെ പ്രേതവും മുങ്ങിപ്പോകട്ടെ' ആദിധര്‍മ്മികള്‍ പ്രത്യാശിച്ചു.

3. വട്ടമേശസമ്മേളകാലത്തുണ്ടായ (1930-32) ഗാന്ധി-അംബേദ്കര്‍ പോരാട്ടത്തില്‍ മാംഗൂറാമും ആദി-ധര്‍മ്മികളും അതുപോലെയുള്ള അയിത്തജാതിക്കാരുടെ മറ്റു സാമൂഹ്യസംഘടനകളും ഡോ.അംബേദ്കറുടെ പ്രത്യേക സമ്മതിദാനാവകാശത്തിനുവേണ്ടിയുള്ള ആവശ്യത്തിനുപിന്നില്‍ അടിയുറച്ചു നില്‍ക്കുകയും ഗാന്ധിയുടെ അത്യധികം മതപരവും രാഷ്ട്രീയവുമായ അവകാശവാദങ്ങളെ അദ്ദേഹത്തിന്റെ നേതൃത്വത്തി നൊപ്പം തള്ളിക്കളയുകയും ചെയ്തു. മാംഗുറാം ബ്രട്ടീഷുകാരോട് ശക്തമായി പറഞ്ഞത് 'ഇന്ത്യയിലെ മുഴുവന്‍ അധഃസ്ഥിത വര്‍ഗ്ഗക്കാരു ടെയും സര്‍വ്വസമ്മതനായ ഒരേയൊരു പ്രതിനിധിയാണ് ഡോ.അംബേദ്കര്‍. ഞങ്ങള്‍ പ്രത്യേക സമ്മതിദാനാവകാശം ആവശ്യപ്പെടുന്നു. സംയുക്ത സമ്മതിദാനാവകാശം ഞങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാണ്.'

4. ഗാന്ധിയുടെ 'ഐതിഹാസികമായ ഉപവാസത്തില്‍' പുണ്യവാളത്വ പരമായി യാതൊന്നും തന്നെയില്ലെന്ന് ആദിധര്‍മ്മികള്‍ വിശ്വസിച്ചു.

5. മരണംവരെ ഉപവാസം നയിക്കാനുള്ള ഗാന്ധിയുടെ തീരുമാനവുമായി മുന്നോട്ടുപോകവേ, മാംഗുറാം തന്റെ തന്നെ ഒരു എതിര്‍ ഉപവാസവു മായാണ് അതിനോട് പ്രതികരിച്ചത്. ഗാന്ധിയുടെ ഉപവാസത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് മാംഗൂറാം പ്രസ്താവിച്ചത് 'ഗാന്ധി നിങ്ങള്‍ നിങ്ങളുടെ ഹിന്ദുക്കള്‍ക്കുവേണ്ടി മരിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍, ഞാന്‍ ഈ അയിത്തജാതിക്കാര്‍ക്കായി മരിക്കാന്‍ തയ്യാറെടുക്കുകയാണ്.'

അയിത്തജാതിക്കാരുടെ പരിതാപകരമായ സാമ്പത്തിക നിലയെക്കുറിച്ച് മാംഗൂറാം ബോധവാനായിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെഴുതിയ ഒരു കത്തില്‍ അയിത്തജാതിക്കാര്‍ക്ക് ഭൂവുടമാകാശം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം എഴുതി 'ആദരണീയനായ ഗവര്‍ണറോട് ഞാനഭ്യര്‍ത്ഥിക്കുന്നത്, അയിത്തജാതിക്കാരുടെ ദയനീയമായ സാഹചര്യ ങ്ങളെ പരിഗണിക്കുകയും, കൃഷി ചെയ്തിട്ടില്ലാത്ത കുറച്ചു ഭൂമി അവര്‍ക്ക് നല്‍കണമെന്നാണ്. അവരതില്‍ കൃഷി ചെയ്തുകൊള്ളും. അങ്ങനെയവര്‍ക്ക് ക്രൂരന്മാരുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് വിമോചി തരാകാന്‍ കഴിയും. വിദേശഭരണത്തിന്റെ ഐശ്വര്യം ജീവിതത്തിലുട നീളമുണ്ടാകണമെന്ന് അപേക്ഷിക്കുന്ന അവര്‍ അങ്ങയോട് വളരെയധികം നന്ദിയുള്ളവരായിരിക്കും.'7 ഡോ.അംബേദ്ക്കറുടെപ്രത്യേക അധിവാസ മേഖലകളെന്ന പദ്ധതിയോട് സാദൃശ്യമുള്ളതാണ് ഭൂമിക്കുവേണ്ടിയുള്ള ഈ ആഭ്യര്‍ത്ഥന.

എന്നാല്‍ 1945 ഓടെ ആദി-ധര്‍മി പ്രസ്ഥാനം ക്ഷയിക്കാനാരംഭിച്ചു. 1946 ജൂണില്‍ ജലന്ധറിലുള്ള ആദി ധര്‍മിയുട ഓഫീസ് മാംഗൂറാം അവസാനിപ്പിച്ചു. 1946 ല്‍ സന്ത് റാം ആസാദ് ഡോ.അംബേദ്കര്‍ ക്കെഴുതിയ കത്തില്‍ ആദി-ധര്‍മി മണ്ഡല്‍ അതിന്റെ പേര് രവിദാസ് മണ്ഡല്‍ എന്നാക്കി മാറ്റുവാനും ഡോ.അംബേദ്കറോടും ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനോടും രാഷ്ട്രീയ പ്രതിബദ്ധത പ്രഖ്യാപിക്കുവാനും തീരുമാനിച്ചുവെന്നറിയിച്ചു. ദേശീയ പ്രശ്‌നങ്ങളില്‍ ഡോ.അംബേദ്ക്കറെ പിന്തുണയ്ക്കുവാന്‍ അവര്‍ സമ്മതിച്ചു. യഥാര്‍ത്ഥത്തില്‍ 1940 മുതല്‍ ആദിധര്‍മ്മി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളായ സേത്ത് കിസാന്‍ദാസും സാധുറാമും ആണ് ഡോ.അംബേദ്ക്കറുടെ നേതൃത്വത്തിന്‍ കീഴില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ പഞ്ചാബ് യൂണിറ്റിന് അടിത്തറയിട്ടത്. ഇതില്‍ നിന്നും വളരെ വ്യക്തമാകുന്നത് പഞ്ചാബില്‍ ഡോ.അംബേദ്ക്കറുടെ പ്രസ്ഥാനത്തിന്റെ വിജയത്തിന് സഹായകരമായത് ആദിധര്‍മ്മി പ്രസ്ഥാനമാണ്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പ്രാദേശികതലത്തിലോ ദേശീയതല ത്തിലോ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ തന്റെ സാന്നിദ്ധ്യം കാട്ടുവാന്‍ മാംഗൂറാമിന് കഴിഞ്ഞിരുന്നില്ല. അതിനുശേഷം ചെറിയൊരു കാലയളവില്‍ അദ്ദേഹം പഞ്ചാബില്‍ കോണ്‍ഗ്രസ്സിന്റെ നിയമസഭാംഗമാവുകയും തന്റെ 94-മത്തെ വയസ്സില്‍ 1980 ഏപ്രില്‍ 22 ന് അന്തരിക്കുകയും ചെയ്തു.

പഞ്ചാബില്‍ ചെറിയൊരു കാലയളവില്‍ മാത്രമേ ആദിധര്‍മ്മി പ്രസ്ഥാനത്തിന് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളുവെങ്കില്‍ കൂടി, താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ ഒരു പുതിയതും സ്വതന്ത്രവുമായ അസ്തിത്വത്തെ സൃഷ്ടിച്ചെടുക്കുവാന്‍ അത് വലിയൊരളവില്‍ സഹായിച്ചു. തങ്ങള്‍ ഹിന്ദുക്കളല്ല എന്ന പുതിയൊരു സന്ദേശം അതവര്‍ക്കു നല്‍കി. അതിലൂടെ ആത്മാഭിമാനത്തിന്റെതായ ഒരു പുതിയ ബോധം സൃഷ്ടിച്ചു. പഞ്ചാബില്‍ ഡോ.അംബേദ്കറുടെ നേതൃത്വത്തിനാ വശ്യമായ അടിത്തറ സൃഷ്ടിച്ചുവെന്നതാണ് മാംഗുറാമിന്റെയും ആദി-ധര്‍മ്മി പ്രസ്ഥാനത്തിന്റെയും ഏറ്റവും മഹത്തായ സവിശേഷത.

യഥാര്‍ത്ഥത്തില്‍ 1925 മുതല്‍ തന്നെ പഞ്ചാബിലെ അയിത്തജാതിക്കാര്‍ ഡോ.അംബേദ്കറുടെ നേതൃത്വത്തെ സ്വീകരിച്ചിരുന്നു. ലോതിയന്‍ കമ്മിറ്റിക്കൊപ്പം ഡോ.അംബേദ്കര്‍ ജലന്ധര്‍ സന്ദര്‍ശിച്ചപ്പോള്‍ വന്‍പിച്ചൊരു സ്വീകരണം അവിടെ നല്‍കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, അന്നത്തെ പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറില്‍ സൈമണ്‍ കമ്മീഷന്‍ എത്തിയപ്പോള്‍, ഡോ.അംബേദ്ക്കറുടെ വാദത്തെ പിന്‍തുണച്ചു കൊണ്ട് 18 സംഘടനകള്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. ആദി-ധരം മണ്ഡലും അതിലൊന്നായിരുന്നു. ലണ്ടനില്‍ വട്ടമേശസമ്മേളനം നടക്കവേ ബ്രട്ടീഷ് ഗവണ്‍മെന്റിനയച്ച ടെലിഗ്രാഫ് സന്ദേശത്തിലുടെ പഞ്ചാബിലെ അയിത്തജാതിക്കാര്‍ വന്‍തോതില്‍ ഗാന്ധിയുടെ നേത്യത്വത്തെ പരസ്യമായി നിരാകരിക്കുകയും ഡോ.അംബേദ്കറെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യാ വിഭജനകാലത്ത് വടക്കന്‍ പഞ്ചാബിലെ അയിത്തജാതിക്കാര്‍ വര്‍ഗ്ഗീയ ശക്തികളാല്‍ ഭീകരമാംവിധം ദുരിതമനുഭവിച്ചിരുന്നു. അവരുടെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികള്‍ കഷ്ണങ്ങളായി മുറിക്കപ്പെടുകയും ചെയ്തു. അവരിലേറിയപങ്കും ഇസ്ലാമിലേയ്ക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇത്തരം ക്രൂരവും അപരിഷ്‌കൃതവുമായ ആക്രമണങ്ങളില്‍ നിന്നും അവരെ രക്ഷപ്പെടുത്തി തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ഡോ.അംബേദ്കര്‍ നെഹ്‌റുവില്‍ സമ്മര്‍ദ്ദം ചെലുത്തുകയും തല്‍ഫലമായി വടക്കന്‍ പഞ്ചാബിലും പശ്ചിബാഗാളിലും മഹര്‍ റെജിമെന്റിനെ വിന്യസിക്കു കയും ചെയ്തു. എല്ലാ അയിത്തജാതിക്കാരോടും പാകിസ്ഥാന്‍ ഉപേക്ഷിച്ച് ഇന്ത്യയിലേയ്ക്കു വരുവാന്‍ ഡോ.അംബേദ്കര്‍ അഭ്യര്‍ത്ഥിച്ചു. അയിത്ത ജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുന്നപക്ഷം ഗുരുതരമായ പ്രത്യാഘതങ്ങള്‍ നേരിടുവാനൊരുങ്ങിക്കൊള്ളണമെന്ന് അദ്ദേഹം പാകിസ്ഥാന്‍ ഗവണ്‍മെന്റിനെ ഭീഷണിപ്പെടുത്തി.

അംബേദ്കര്‍ അനന്തരകാലത്തുപോലും അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി പഞ്ചാബ് നിലകൊണ്ടു. 1952 ലും 1957 ലും നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പഞ്ചാബിലും, ഹിമാചല്‍പ്രദേശിലും ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ ഒരു സംസ്ഥാനാംഗീകാരമുളള രാഷ്ട്രീയപാര്‍ട്ടിയായി ഉയര്‍ന്നു വന്നു. 1964 ഡിസംബര്‍ 6 ന്, ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, എല്ലാ ബാങ്കുകളും ദേശസാത്കരിക്കുക തുടങ്ങി തങ്ങള്‍ പ്രധാനമന്ത്രി ക്കുനല്‍കിയ 14 ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേത്യത്വത്തില്‍മൂന്നുലക്ഷം ആള്‍ക്കാര്‍ ജയിലിലേയ്ക്ക് പോയി. ജലന്ധറില്‍ നിന്നുള്ള രാംപ്രകാശ് ഉള്‍പ്പെടെ ഇരുപത്തിയഞ്ചു പേര്‍ ആ സമരത്തില്‍ രക്തസാക്ഷികളായി. അങ്ങനെ 1925 മുതല്‍ 1964 വരെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഡോ.അംബേദ്കറുടെ പ്രസ്ഥാനത്തിന്റെ ശക്തമായ അടിത്തറ പഞ്ചാബ് സംസ്ഥാനത്തിലായിരുന്നു. തീര്‍ച്ചയായും അതിന്റെ അംഗീകാരം കടപ്പെട്ടിരിക്കുന്നത് ആദിധര്‍മ്മി പ്രസ്ഥാനത്തിലും മാംഗുറാമിന്റെ പരിശ്രമങ്ങളിലുമാണ്.