"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

തലമുറകള്‍: 5 - ടി എച്ച് പി ചെന്താരശ്ശേരി

മണിയാറിന്റെ ഉത്തര തീരത്തുള്ള വിശാലമായ വെളിമ്പ്രദേശം. തിരുവായമ്പലം അവിടെസ്ഥിതി ചെയ്യുന്നു. അമ്പല സങ്കേതത്തില്‍ അത്ഭുത പൂര്‍വ്വമായ ആള്‍ത്തിരക്ക്. അനിതര സാധാരണമായ ആള്‍ക്കൂട്ടത്തിനു കാരണമെന്ത്? അവിടെ ഉത്സവങ്ങള്‍ക്കു മാത്രമേ സാധാരണയായി ആള്‍ത്തിരക്കുള്ളൂ ഇന്നു അനുഭവം മറിച്ചാണ്.
തേജോമയനായ ഒരു സന്യാസി ശിഷ്യഗണങ്ങളുമായി എത്തിയിരിക്കുന്നു. വാര്‍ത്തയറിഞ്ഞ് ഭക്തജനങ്ങള്‍ ഓടിക്കൂടി. വാര്‍ത്തകാട്ടു തീപോലെ പരന്നു. ദിവ്യനെ കാണുവാന്‍ പൊതുജനം തിക്കിത്തിരക്കിയെത്തി. അമ്പലദര്‍ശനം കഴിഞ്ഞ് ആ ദിവ്യ സംഘം സത്രത്തിലെത്തി വിശ്രമിച്ചു. അപ്പോഴേക്കും ശിഷ്യന്മാര്‍ നാടിന്റെ നാനാഭാഗങ്ങളിലേക്കും പാഞ്ഞുപോയി. അമ്പല ദര്‍ശനത്തിനെത്തിയ ആ അത്ഭുത സിദ്ധനെപ്പറ്റി അവര്‍ പൊടിപ്പും തൊങ്ങലും വച്ച് പുകഴ്ത്തി.
സാക്ഷാല്‍ ശ്രീകൃഷ്ണന്റെ പുനഃരവതാരമായ സിദ്ധന്‍ അത്ഭുത സിദ്ധികള്‍ നിറഞ്ഞവനായിരിക്കാം.
ജനങ്ങള്‍ അമ്പലത്തിലേക്കു ഇരച്ചുകയറി. ഭക്തജനങ്ങളുടെ ഒരു കുംഭമേള!
രംഗസജ്ജീകരണങ്ങളും അന്തരീക്ഷത്തിന് യോജിച്ച വൈദ്യുതാലംകാരങ്ങളും കൊഴുപ്പുകൂട്ടുന്ന സ്റ്റേജില്‍ ഭഗവാന്‍ ഉപവിഷ്ടനായി കഴിഞ്ഞു. ഒരു സുവര്‍ണ്ണ കമ്പളത്തില്‍ പാദങ്ങളെ ചുംബിക്കുന്ന സുവര്‍ണ്ണയങ്കിയും വസ്ത്രങ്ങളും തേജസ്സ് വര്‍ദ്ധിപ്പിക്കുന്ന ഭസ്മം പൂശിയ മുഖവും കാണികളെ ഹഠാദാകര്‍ഷിച്ചു. സന്യാസിയുടെ മീതേ നീലവെളിച്ചം പ്രസരിക്കുന്നു. ചുരുണ്ടു നിബിഡമായ പീലിത്തിരുമുടിയും ശ്യാമവര്‍ണ്ണനെ അനുസ്മരിപ്പിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ത്തന്നെ ദൃഷ്ടികളുറപ്പിച്ചു. സാവധാനം നീലലോചനങ്ങളുടെ ഇതളുകള്‍ വിടര്‍ന്നു. തന്റെ കൈത്തലം പാമ്പിന്‍ പത്തിപോലെ വിടര്‍ത്തി. ചുറും നിന്ന ജനങ്ങളെ ആകര്‍ഷണവലയത്തിലാഴ്ത്തി. എന്തു വശശീകരണ ശക്തിയാണ് ആനയനങ്ങള്‍ക്ക്. സ്റ്റേജില്‍ കര്‍പ്പൂരപ്പുക നിറഞ്ഞു. ഭക്തിയുടെ അവാച്യ ലഹരിയില്‍ മുഴുകിയ ജനങ്ങള്‍ അവിടെ സന്യാസിയെയല്ല കാണുന്നത്. തല്‍സ്ഥാനത്തു മുരളീധരനായ പീതാംബരനെ അവര്‍ ദര്‍ശിച്ചു. അതും അല്പ നേരത്തേക്കു മാത്രം. വീണ്ടും പുകമറ. ഭഗവാന്‍ അപ്രത്യക്ഷനായി. വീണ്ടും തല്‍ സ്ഥാനത്തു സന്യാസിയെ ജനങ്ങള്‍ ദര്‍ശിക്കുന്നു. എല്ലാവരും കുമ്പിട്ടു വണങ്ങി. അവര്‍ക്കറിയാവുന്ന സ്‌ത്രോത്രങ്ങളെല്ലാം ഉരുവിട്ടു. ചിലരുടെ നയനങ്ങള്‍ നീര്‍ച്ചാലുകളായി മാറി. മറ്റു ചിലര്‍ സായൂജ്യമടഞ്ഞ് സാലഭഞ്ജികപോലെ കാണപ്പെട്ടു. ഉച്ചത്തിലുള്ള സ്തുതിഗീതങ്ങള്‍ അവിടെ അലയടിച്ചു. ഘനഗംഭീരസ്വരത്തില്‍ സിദ്ധന്‍ മൊഴിഞ്ഞു.
ഭക്തജനങ്ങളേ, നാം ജനോപകാരാര്‍ത്ഥം ജീവിക്കുന്നു. നമുക്കു വീടില്ല, നാടില്ല, എങ്കിലും ആകാശക്കുടയ്ക്കു കീഴിലുള്ളതെല്ലാം നമ്മുടേതാണ്. ഈ അശാന്തിയുടെ കാലത്തു ആര്‍ക്കും സ്വസ്ഥതയില്ല. സൈ്വരമില്ല. എല്ലാവരും ഐഹിക സുഖങ്ങളില്‍ മുഴുകിയിരിക്കുന്നു. ഭഗവാനെ ആരും അന്വേഷിക്കുന്നില്ല. എല്ലാ ദുഃഖങ്ങളും ദൂരീകരിക്കുന്നവനാണി ഭഗവാന്‍. ഭഗവാന്റെ പാദങ്ങളില്‍ അഭയം പ്രാപിക്കുക.
സ്വാമികള്‍ മൗനം പൂണ്ടു. ഭക്തജനങ്ങള്‍ നിശ്ശബ്ദമായി. അവര്‍ കേട്ടതിനെ അയവിറക്കി. അടിയങ്ങള്‍ എന്താണു ചെയ്യേണ്ടതെന്ന് അരുളിച്ചെയ്താലും പ്രഭോ!
ഒരു പരമഭക്തന്റെ നിവേദനം.
നമുക്കിരുന്നു ധ്യാനിക്കാനൊരിടം വേണം. നമ്മുടെ ജ്ഞാന ദൃഷ്ടിയില്‍ ഒരു സ്ഥലമേ കാണുന്നുള്ളൂ. അനന്തപുരിക്കടുത്തു തിരുവാഴ്മലയുടെ അടിവാരത്തു വിശാലമായ ഒരു കരിമ്പാറയുണ്ട്. ആ പാറയ്ക്കരുകില്‍ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന അരയാലിന്റെ തെക്കോട്ടു നീളുന്ന വലിയ കൊമ്പ് അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. അതിനുള്ളില്‍ ഭഗവാന്റെ അരുളപ്പാടുണ്ടായിരിക്കും. നിങ്ങള്‍ നാല്പത്തൊന്നുദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം പ്രസ്തുത ശിഖരം മുറിച്ചു കീറിനോക്കൂക. അതിനുള്ളില്‍ ഭഗവാന്റെ മായാവിലാസങ്ങള്‍ കാണാം. അതു വിശ്വസിക്കുക.
സ്വാമികള്‍ വീണ്ടും ധ്യാനത്തിലേക്കു മടങ്ങി. പുകപടലം സ്വാമികളെമറച്ചു. ആ മായാസ്വരൂപന്‍ അപ്രത്യക്ഷനായി.
സ്വാമിജിയുടെ ഗുണഗണങ്ങള്‍ കാതുകളില്‍ നിന്നും കാതുകളിലേക്കു പകര്‍ന്നു. പത്രങ്ങള്‍ വലിയ അക്ഷരത്തില്‍, ഭഗവാന്റെ മായാവിലാസങ്ങളെ പ്രകീര്‍ത്തിച്ചു വാര്‍ത്തകള്‍ നിരത്തി. ജഡ്ജിമാര്‍, ശാസ്ത്രജ്ഞന്മാര്‍, പ്രൊഫസറന്മാര്‍, ഡോക്ടറന്മാര്‍ എന്നീ നിലകളിലെ അഡ്രസ്സുള്ളവരില്‍ പലരും അദ്ദേഹത്തിന്റെ തൃപാദങ്ങളില്‍ സാഷ്ഠാംഗ പ്രണാമം നടത്തി. പൊതുജനങ്ങള്‍ അതെല്ലാം നോക്കിനില്ക്കുന്നു. അവരും വി.ഐ പി കളെ അനുകരിക്കുന്നു. അവര്‍ നേരില്‍ കണ്ടറിഞ്ഞ വിവരങ്ങളെ വലിയ ഡിഗ്രിയുടെ അകമ്പടിയോടെ പേരുവച്ച് പത്രങ്ങളിലെഴുതി.
''ശ്രീ ആതുരാനന്ദ ഭഗവാന്‍ ഭക്തസംഘം'' ദിവസങ്ങള്‍ക്കകം രൂപം കൊണ്ടു. സംഘത്തിന്റെ സംഘാടകര്‍ സന്യാസിമാര്‍ തന്നെ. അവരുടെ ഒരു പ്രതിനിധി സംഘം അനന്തപുരിയിലേക്കു യാത്രയായി.
സ്വാമിജിയുടെ അരുളപ്പാടിന്‍പ്രകാരം തിരുവാഴ്മലയിലെ ആല്‍മരശിഖരം പരിശോധനാ വിധേയമാക്കപ്പെട്ടു. ഭക്തഗണങ്ങള്‍ അത്ഭുതസ്തബ്ധരാകാതെന്തുചെയ്യും. തടിയുടെ മധ്യഭാഗത്തുനിന്നും രക്തം വാര്‍ന്നൊഴുകുന്നു. രക്തത്തില്‍ കുളിച്ച രണ്ടിഞ്ചു വലിപ്പമുള്ള ഒരു കൃഷ്ണ ശിലാവിഗ്രഹവും ഒരു ചെമ്പുതകിടും ദൃശ്യമായി. അതില്‍ പ്രാചീന ലിപിയില്‍ എന്തെല്ലാമോ ആലേഖനം ചെയ്തിരിക്കുന്നു. ഒരു സന്യാസി വര്യന്‍ അതുവായിച്ച് ഇപ്രകാരം അര്‍ത്ഥം പറഞ്ഞു.
സ്വതന്ത്ര ഭാരതത്തില്‍ കുറേക്കാലം അശാന്തിയും മാത്സര്യവും നടമാടും. ആ ഘട്ടത്തില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുവാന്‍ ശ്രീഭഗവാന്‍ സൗന്ദര്യ നികേതനമായ മലനാട്ടില്‍ അവതരിക്കും. ഭഗവാന്റെ അവതാരാനന്തരമേ ജനങ്ങള്‍ അതറിയുകയുള്ളൂ.
ഭക്തന്മാര്‍ അമ്പരന്നു തരിച്ചുനിന്നു. ചിലര്‍ ആനന്ദനൃത്തം ചെയ്യുന്നു. ചിലര്‍ ഇരുകരങ്ങളും ഉയര്‍ത്തി സ്തുതി ഗീതങ്ങള്‍ ആലപിക്കുന്നു.
പത്രപ്രതിനിധികള്‍ ഇയ്യാം പാറ്റകളെപ്പോലെ പറന്നെത്തി. ഉമ്മം മൂത്തുകിടന്നിരുന്ന പ്രദേശം ജനങ്ങളെക്കൊണ്ടു നിറഞ്ഞു. തിരുവാഴ്മലയുടെ ഐതിഹ്യകഥ പൊടിപ്പും തൊങ്ങലും വച്ചു പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചരിത്ര ഗവേഷകര്‍ ആ പ്രദേശത്തിന്റെ പ്രാചീന ചരിത്രം ചികഞ്ഞെടുക്കാന്‍ മത്സരിക്കുകയായി.
തിരുവാഴ്മലയില്‍ ഒരു താല്ക്കാലിക ഭജന മണ്ഡപമുയര്‍ന്നു. കരിമ്പാറ ഒരു പുണ്യസാങ്കേതമായി ആല്‍മരത്തിനു ചുറ്റും കരിങ്കല്‍ തറയുയര്‍ന്നു. പാറയില്‍ രണ്ടു കാല്‍പാടുകള്‍ പതിഞ്ഞുകാണുന്നു. ഭഗവാന്റെ ത്രേതായുഗാവതാരവേളയില്‍ ആപാറയില്‍ വിശ്രമിച്ചതിന്റെ അടയാളങ്ങളാണ് ആ കാല്പാടുകള്‍ എന്ന് ഭാഗവത പണ്ഡിതന്മാര്‍ വിധിയെഴുതി.

അപൂര്‍വ വിഗ്രഹം പാറമേല്‍ പ്രതിഷ്ഠിതമായി. ഭക്തന്മാര്‍ ഇളകിവശായി. ശംഖനാദം മുഴങ്ങി. ആനയും അമ്പാരിയും വാദ്യമേളങ്ങളുമായി കരയോഗ നീര്‍ച്ചാലുകള്‍ തിരുവാഴ്മലയുടെ അടിവാരത്തിലേക്കു അവിരാമം പ്രവഹിച്ചു കൊണ്ടിരുന്നു.
നിത്യവും ഉത്സവം.
ശ്രീ ആണ്ടുതുരാനന്ദ ഭഗവാന്‍ നിധി എന്ന ധനശേഖരം ആരംഭിച്ചു. ഭക്തജനങ്ങള്‍ തങ്ങളുടെ പണസഞ്ചികളുടെ ധാരകള്‍ നിധിയിലേക്കു നിര്‍ലോഭം തുറന്നു വിട്ടും കാല്‍ക്കാശുഭിക്ഷകൊടുക്കാത്ത ധനവാന്മാരും വമ്പിച്ച തുകകള്‍ കൊണ്ടു നിധിയെധന്യമാക്കി. ഭണ്ഡാരകൂപം നിറഞ്ഞു കവിഞ്ഞു.
തിരുശിലയ്ക്കു മുമ്പിലൂടെ ഒരു വീഥിതെളിഞ്ഞു. മലയുടെ അടിവാരത്തു ചില ആശ്രമങ്ങള്‍ തലയുയര്‍ത്തി. പാറയെ കേന്ദ്രമാക്കി ഒരു ശ്രീകോവില്‍ രൂപം കൊണ്ടു. റോഡരുകിലായി മൂന്നു നിലകളില്‍ ആകാരം പൂണ്ട ഗോപുരം അങ്ങകലെയുള്ള നഗര വാസികള്‍ക്കു നയനാഭിരാമമായി പരിലസിച്ചു. തിരുവാഴ്മലയിലേക്ക് ബസ്സുകള്‍ അവിരാമം ഓടിക്കൊണ്ടിരുന്നു.
മലയടിവാരത്തുള്ള അമ്പതേക്കര്‍ സ്ഥലം ആശ്രമത്തിനായി തൊണ്ണറ്റൊന്‍പതുവര്‍ഷത്തെ കുത്തകപ്പാട്ട വ്യവസ്ഥയില്‍ പതിച്ചുകിട്ടി. ചുറ്റും കനത്ത മതില്‍ക്കെട്ടുകള്‍ ഉയര്‍ന്നു. ഉയരത്തിലുള്ള മതില്‍ക്കെട്ടിനുള്ളില്‍ തകൃതിയായി പണികള്‍ നടക്കുകയാണ്.
ആതുരസേവനത്തിനാവശ്യമായ സൗകര്യങ്ങള്‍ പ്രത്യേകം ഏര്‍പ്പെടുത്തി. ആശ്രമത്തിനുള്ളിലുള്ള പണികള്‍ എല്ലാം മദനാട്ടുകാരായ ശ്രീല്പികള്‍ നിര്‍വഹിച്ചു. പണിസ്ഥലത്തു അന്യര്‍ക്കു പ്രവേശനം അനുവദിച്ചില്ല. അതുപണിയുടെ പുരോഗതിയെ ത്വരിതപ്പെടുത്തി.
കലികാല സംഭവനായ സാക്ഷാല്‍ ഭഗവാന്റെ തിരു അവതാരം ജനങ്ങളുടെ ഇടയില്‍ എന്തെന്നില്ലാത്ത ഉണര്‍വുളവാക്കി. യുഗങ്ങളോളം ഉഗ്രതപസ്സു ചെയ്താലും മാമുനിമാര്‍ക്കുപോലും അപ്രാപ്യമായ ദര്‍ശനാനുഗ്രഹം കലികാലമനുഷ്യര്‍ക്കു കൈവന്നിരിക്കുന്നു. ശ്രീ ആതുരാനന്ദ ഭഗവാന്റെ ദര്‍ശനം ഭക്ത ജനങ്ങളെ ആനന്ദ സാഗരത്തിലാറാടിച്ചു.
പീയൂഷ ധാരചൊരിയുന്ന ആ ദിവ്യനയന ദ്വയങ്ങളുടെ തലോടലേല്ക്കാല്‍ പുരുഷന്മാരേക്കാളേറെ പുവലാംഗികളാണ് ആഗതരായത്. മാംഗല്യ ഭാഗ്യം അനുഗ്രഹിക്കാതെ ജീവിതത്തിന്റെ മധ്യാഹ്നത്തിലെത്തിയ അംഗനമാരും ക്യൂനിന്നു. വനിതാ ഹോസ്റ്റലുകള്‍ രാവേളകളില്‍ ശൂന്യമായിക്കിടന്നു.
എല്ലാവഴികളും ആശ്രമത്തിലേക്ക്. പലരും ആശ്രമം വിട്ടുപോകുന്നില്ല. സമീപ നഗരത്തില്‍ നിന്നും ആ പുതുനഗരത്തിലേക്കു ജനപ്രവാഹത്തിന്റെ ചാല് തുറന്നിരിക്കുന്നു. കാറുകളുടെ ഇടതടവില്ലാത്ത ഗമനാഗമനം. നഗരത്തില്‍ നിന്നും നോക്കിയാല്‍ ഉന്നതമായവലയുടെ ചരുവില്‍ മിന്നിത്തിളങ്ങുന്ന ഒരു ആകാശ നഗരം പോലെ തിരുവാഴ്മലയിലെ ആതുരാനന്ദ നഗര്‍ തോന്നിക്കുന്നു.
നാട്ടുകാരുടെ വകയായി ഭഗവാനു ഭക്തി നിര്‍ഭരമായ ഒരു സ്വീകരണം നല്കാനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായി. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ. ദന്തവത്സലന്‍ കണ്‍വീനറായി ഒരു സ്വാഗത സംഘം രൂപീകൃതമായി. കോളേജുകളിലെ ലലനാ മണികളുടെ വോളന്റിയര്‍ സേന ഫണ്ടു പിരിവിനു മുന്‍ പന്തിയില്‍തന്നെ.
നഗരം അണിഞ്ഞൊരുങ്ങി. നഗരത്തിനും ആതുരാനന്ദ നഗറിനും മധ്യേയുള്ള വിശാലമായ ഒരു മൈതാനത്തു ഏഴുനില പന്തല്‍ ഉയര്‍ന്നു. ആ ആധുനിക വൃന്ദാവനം കമാനങ്ങളാല്‍ ശോഭനേടി. കൊടിതോരണങ്ങളാലും ദീപാലങ്കാരങ്ങളാലും അവിടം പുതിയ രണ്ടാം ദേവലോകമായി മാറി.
മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും കര പ്രമാണിമാരും മഠാധിപതികളും ഭഗവാനെ വരവേല്ക്കുവാന്‍ തയ്യാറായിനിന്നു എല്ലാ വി.ഐ പികളുമുണ്ട്. ജില്ലാകളക്ടര്‍ ജയദേവനെമാത്രം രംഗത്തുകണ്ടില്ല. ഭക്തനായ വകുപ്പുമന്ത്രിക്കു അതില്‍ അനല്പമായ നീരസംതോന്നി.
ത്രിസന്ധ്യപാറാവുനില്ക്കുന്ന നേരം. ആശ്രമവാസികളുടെ അകമ്പടിയോടെ പതിനായിരത്തെട്ടിനെ അനുസ്മരിപ്പിക്കുമാറ്, പതിനാറു കുതിരകളെ പൂട്ടിയ സുവര്‍ണ്ണഹംസരഥത്തില്‍ ഭഗവാന്‍ എഴുന്നള്ളുകയായി. ആഴിക്കുന്നാശാന്റെ പതിനായിരത്തിന്റെ കമ്പക്കെട്ടിനു തിരികൊളുത്തി. ഭിഗന്തങ്ങള്‍ നടുങ്ങുന്ന ആകാശവെടികള്‍, സപ്തവര്‍ണ്ണപ്പൂക്കള്‍ വിരിഞ്ഞു നിന്ന മാനത്തു അമിട്ടുകള്‍ തുരുതുരാപൊട്ടിച്ചിതറി. ആകാശത്തിലെവിടെയും പാരച്യൂട്ടിലൊഴുകി നീന്തുന്ന അഗ്നിഗോളങ്ങള്‍. ഏഴുനിലക്കുടകള്‍ നിവര്‍ന്നു. ഏഴുനിലപന്തലിനുമുകളില്‍ - ശ്രീ ആതുരാനന്ദ ഭാഗവാനു സ്വാഗതം എന്നബാനര്‍ ആഴിക്കുന്നിലാശാന്‍ സവിദദ്ധം നിവര്‍ത്തിപ്പിടിച്ചു. കമ്പക്കെട്ടിലെ മായാജാല പ്രകടനം. കാണികള്‍ അത്യുച്ചത്തില്‍ ആഹ്ലാദാരവം മുഴുക്കി.
അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത മൈക്കിലൂടെ ഒഴുകിയെത്തുന്നു. ഹംസരഥത്തിലെഴുന്നള്ളിവന്ന ഭഗവാന്‍ യാത്രാമധ്യേപെട്ടെന്ന് അപ്രത്യക്ഷനായി. പൊതുജനം അമ്പരന്നു. തുടര്‍ന്നു മറ്റൊരറിയിപ്പ്. ഭഗവാന്‍ നിശ്ചിതസമയത്തുതന്നെ സ്വീകരണപ്പന്തലില്‍ പ്രത്യക്ഷപ്പെടും.
ഭഗവാനെ കൂടാതെ ഒഴിഞ്ഞ രഥം സ്റ്റേജിനടുത്തെത്തി. ഭഗവാനോടൊപ്പം ഫോട്ടോക്കു തല കാണിക്കുവാന്‍ ഒരുമ്പെട്ടു നിന്ന മാന്യന്മാര്‍ ഇളിഭ്യരായി. പൊതുജനം കഴുത്തു നീട്ടി രംഗനിരീക്ഷണം നടത്തുന്നു. എന്തും സംഭവിക്കാം.
അടുത്ത അനൗണ്‍സ്‌മെന്റു. ഭഗവാനു സ്വീകരണം നല്കാന്‍ തയ്യാറായി വന്നിട്ടുള്ളവര്‍ ലിസ്റ്റു വായിക്കുന്ന മുറയ്ക്കു സ്റ്റേജിലെത്തണംപോലും. അതിനു ഭഗവാനെവിടെ? ജനങ്ങള്‍ അന്യോന്യം കണ്ണില്‍ കണ്ണില്‍ നോക്കി.
മണികൃത്യം ഏഴ്. ജനങ്ങള്‍ ഒന്നരിക എഴുന്നേറ്റു. പൊതുജനമധ്യത്തില്‍ പൊടുന്നനേ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
കടലിരമ്പുന്ന ആരവം.
ഭഗവാന്‍ നീലത്തിരുമുടിക്കെട്ടി നിണങ്ങുന്ന ശിരസ്സുയര്‍ത്തിപ്പിടിച്ചു സ്റ്റേജിലെത്തി. വലതുകരം ഉയര്‍ത്തി സദസ്സിനെ അനുഗ്രഹിച്ചു. പെട്ടെന്നു ജനം നിശ്ശബ്ദരായി - കൂട്ടത്തോടെ പറാപറാ എന്നു കാക്രിച്ചു കൊണ്ടിരുന്ന മാക്രികള്‍ ലൈറ്റണയുമ്പോള്‍ പെട്ടെന്നു ഒന്നാകെ ശബ്ദം നിറുത്തുന്നതുപോലെ. എന്തൊരു മാസ്മര ശക്തി. ജനം ശ്വാസം പിടിച്ചിരുന്നു. തിരുവായ് മൊഴി ശ്രവിക്കുവാന്‍.
ഭഗവാനു എന്തൊരു നിറം ഈ ശ്യാമവര്‍ണ്ണം എങ്ങനെ കൈവന്നു. ദിവ്യതേജസ്സുവഴിയുന്നമുഖം കമലം. തരുണികളെ കൊതിപ്പിക്കുന്ന വിരിമാറിടം രത്‌നമാലയാല്‍ പരിശോഭിതം. പേരിന് ഒരു പൂമാലയും.
നൊടിയിടയില്‍ ഒരു മന്ദമാരുതന്‍ അവിടെ വിരുന്നിനെത്തി. നാസാദ്വാരങ്ങളെ താനേ തുറപ്പിക്കുന്ന സുഗന്ധം കാറ്റിലുലാവുകയായി. ഭക്തജനങ്ങള്‍ മനവും മേനിയും മറന്ന് കുത്തിയിരുന്നു. എല്ലാ മനസ്സുകളും ഏകബിന്ദുവില്‍ തളയ്ക്കപ്പെട്ടു.
മണിക്കൂറുകള്‍ പലതു കഴിഞ്ഞു. ആരും ചലിക്കുന്നില്ല. ഭഗവാന്‍ എഴുന്നേറ്റു. ഭഗവാന്റെ ഹസ്തചലനങ്ങള്‍. ആദിവ്യമൂര്‍ത്തി ഒരു പുകമറയില്‍ അലിഞ്ഞുചേര്‍ന്നു.