"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

തലമുറകള്‍:6 - ടി എച്ച് പി ചെന്താരശ്ശേരി

മോനേ! നീയങ്ങുകോലം തിരിഞ്ഞുപോയല്ലോടാ.... നീ നേരേ ചൊവ്വേ നേരേ ഒന്നും കഴിക്കാറല്ലേടാ.... ബാലകൃഷ്ണന്‍ പടികടന്നു വരുന്നതുകണ്ടപ്പോള്‍ തന്നെ അമ്മ കണ്ണുകള്‍ നിറയ്ക്കാന്‍ തുടങ്ങിയിരുന്നു. അമ്മ ഓടിച്ചെന്ന് മകനെ കെട്ടിപ്പിടിച്ചു കവിളില്‍ തലോടി.
അമ്മേ... അമ്മയങ്ങു കോലം തിരിഞ്ഞുപോയല്ലോ.
ഓ.... നീപിന്നെയങ്ങുതടിച്ചു.
അമ്മയെന്താ പറയുന്നത്.... അമ്മയ്ക്കു കണ്ണട വയ്‌ക്കേണ്ട സമയമായെന്നു തോന്നുന്നു.
ഓ.... അവന്റെയൊരു പുന്നാരം അതിരിക്കട്ടെ... മോനേ... നിന്റെ ജയദേവന്‍ സാറിനു സുഖമാണോ? അവരെന്തുപറഞ്ഞു?
സാറിനും കൊച്ചമ്മയ്ക്കും സുഖമാണ്. അവരുടെ മകള്‍ സരിത അമ്മയുടെ കാര്യം പ്രത്യേകം അന്വേഷിച്ചിട്ടുണ്ട്.
അതിനെയൊന്നു കാണാന്‍ കണ്ണു കൊതിക്കുന്നു.
കാണാമമ്മേ... ധൃതിപ്പെടേണ്ട... അമ്മേ സരു എവിടെപ്പോയി? അവളെ കണ്ടില്ലല്ലോ.....
അവള്‍ ഓടിയെത്തുമായിരുന്നു. ശാപ്പാടൊരുക്കുന്ന ദുരിശത്തിലായിപ്പോയി. വെളിച്ചെണ്ണ അടുപ്പത്തു കിടക്കുന്നു. ഉള്ളിയും മുളകും അരിഞ്ഞതേയുള്ളൂ. കടകു വറുക്കാതെ അവള്‍ക്കു അടുക്കളയില്‍ നിന്നുമാറാന്‍ പറ്റുമോ.
ചേട്ടാ.... ചേട്ടന്‍ വന്നോ....
അവള്‍ ഒരു കൊച്ചു പെണ്ണിനേപ്പോലെ ഓടി അടുത്തെത്തി. അടുക്കളവേഷം. ഒരു കുറിയ മുണ്ടുതോളിലൂടെ ഒഴുകിക്കിടപ്പുണ്ട്.
എടീ പെണ്ണേ.... നീ ആളങ്ങുമാറിപ്പോയല്ലോ.... ഇവള്‍ എത്രപെട്ടെന്നാണമ്മേ വളരുന്നത്.
സരോജിനി വീണ്ടും അടുക്കളയിലേക്കു ഓടി.
അതിനെല്ലാം എത്രനേരം വേണം മോനേ.... പെണ്ണും പീത്തങ്ങയും ഇതാന്നങ്ങു വളരും.... ആ പറഞ്ഞു കൊണ്ടു നില്ക്കാതെ അകത്തേക്കു പാം....... നീ വന്നകാലില്‍ത്തന്നെ നില്ക്കാതെ അങ്ങോട്ടിരിക്ക്.''ഈ അമ്മയ്ക്കു ഞാനിപ്പോഴും ഒരു കുഞ്ഞാണ്.''
അതേടാ.... നീ എത്രപൊണ്ണനായാലും എനിക്കെന്നും കുഞ്ഞുതന്നാ.... എനിക്കു പത്തും പലതുമൊന്നുമില്ല.... പിന്നെ ചേട്ടനോ?
ചേട്ടന്‍ എന്ന വാക്കു കേട്ടപ്പോള്‍ ആ അമ്മയുടെ നയനങ്ങള്‍ ഈറനണിഞ്ഞു.
അവന്‍ പൊയ്ക്കളഞ്ഞില്ലേ.... ജീവിച്ചിരിപ്പുണ്ടോയെന്നു തന്നെ ആര്‍ക്കറിയാം... എന്റെ തിരുക്കൊടിത്തേവരേ....
അവര്‍ നെടുവീര്‍പ്പിട്ടു.
അപ്പോഴേക്കും ആവിപറക്കുന്ന കാപ്പിയുമായി സരോജിനി എത്തിക്കഴിഞ്ഞു. ചെണ്ടമുറിയന്‍ കപ്പയും കാന്താരിമുളകുടച്ചതും. ബാലനുപണ്ടേ ഇഷ്ടമുള്ള ആഹാരമാണത്. പട്ടണത്തിലെ സാദാദോശയും കുഴഞ്ഞ ഇഡ്ഢലിയും തിന്നു മടുത്ത നാവിനു സ്വാദേകണമെങ്കില്‍ ചേനയോ ചേമ്പോ പുഴുങ്ങിക്കിട്ടണം.
മകന്‍ ആര്‍ത്തിയോടെ ചെണ്ടമുറിയന്‍ കാന്താരി ചമ്മന്തിയില്‍ മുക്കി തിന്നുന്നതു നോക്കിക്കൊണ്ടിരുന്ന ആ മാതാവു ചോദിച്ചു.
മോനേ... ജയദേവന്‍ സാര്‍ എന്തു പറഞ്ഞു? നീ കൂടുതലൊന്നും പറഞ്ഞില്ലല്ലോ.
അദ്ദേഹം എന്തുപറയുമെന്നു അമ്മയ്ക്കു ഊഹിച്ചു കൂടേ... അദ്ദേഹം മഹാനാണമ്മേ. ഇത്രഉദാരനായ ഒരു മനുഷ്യനെ സങ്കല്പിക്കാന്‍ കുടികഴിയുന്നില്ല. അദ്ദേഹത്തിന്റെ ധന സഹായം കൊണ്ട് എത്ര പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്നെണ്ടെന്നറിയാമോ? ആരേ സഹായിക്കുന്നതിലും അദ്ദേഹം മുന്‍ പന്തിയിലുണ്ട്. നമ്മുടെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതെന്താണു അമ്മയ്ക്കറിയണോ?
എന്താ... മോനേ പറഞ്ഞത് സ്ഥലം വേണമെന്നോ വേണ്ടെന്നോ... ആ വാതിലുമടഞ്ഞാല്‍...
അമ്മയതുപൂര്‍ത്തിയാക്കാതെ നിറുത്തി. കദനം തള്ളംകെട്ടിയ വാക്കുകള്‍.
''അങ്ങനെ പറയുമോ അമ്മേ.... അദ്ദേഹത്തെ അമ്മയ്ക്കു അറിഞ്ഞു കൂടാത്തതുകൊണ്ടാണ്. എന്നെ ഞാനാക്കിയതു അദ്ദേഹമല്ലേ... എന്നെ ഒരു മകനേപ്പോലെയാണ് ഇന്നുവരെയും കരുതിയിട്ടുള്ളത്.'' തികഞ്ഞ സംതൃപ്തി കതിരിട്ട വാക്കുകള്‍.
എന്നിട്ടു എന്തു പറഞ്ഞെന്നു പറ.
വസ്തുവിന്റെ വിലയല്ല തരാമെന്നു പറഞ്ഞത്. നമുക്കാവശ്യമുള്ള രൂപ മേടിക്കാന്‍ മടിക്കേണ്ടെന്നാണ്.
എന്റെ മോനേ... ആര്‍ക്കും വേണ്ടാത്ത ഒരു സ്ഥലം അതിനെന്തുവിലകി ട്ടാനാ... എന്നിട്ടും അദ്ദേഹത്തിന്റെ ഒരു മനോഗുണം. ഇങ്ങനെയും മനുഷ്യരുണ്ടോ. താണനിലയില്‍ നിന്നുയര്‍ന്നവര്‍ക്കേ ദുരിതപ്പാടുകാരുടെ സിതിയറിയാനൊക്കത്തൊള്ളൂ.... ജാതിയേതായാലെന്താ... അദ്ദേഹത്തെ ഭഗവാന്‍ രക്ഷിക്കും.
അദ്ദേഹത്തെയല്ലമ്മേ ഭഗവാന്‍ രക്ഷിക്കുന്നത്... നമ്മളെയാണ്. എന്റെ അനുജത്തിയെ.
മോനേ... ചന്ദ്രന്‍ ഈയിടെയെങ്ങും ഇരങ്ങോട്ടു വരാറില്ല. നമ്മുടെ കൈവശം പണമില്ലെന്നു അവര്‍ക്കറിയാം. നിന്റെ അമ്മാവി അവനെ തടഞ്ഞിരിക്കയാണോ എന്തോ.
ആ..... അമ്മാവി അങ്ങനെ ചെയ്‌തേക്കും.... പണമെന്നു കേട്ടാല്‍ പിന്നെ അവര്‍ക്കു ബന്ധുക്കള്‍ ഒരു പ്രശ്‌നമല്ല.
എങ്കിലും ചന്ദ്രന്‍ അത്തരക്കാരനല്ലല്ലോ.... നിന്നെപ്പോലെയല്ലേ ഞാന്‍ അവനെയും കരുതിയത്... നീയും അവനും ഒന്നിച്ചാണ് എന്റെ മുല കുടിച്ചു വളര്‍ന്നത്.
അമ്മേ.... അതെല്ലാം പഴങ്കഥകള്‍... നമ്മള്‍ ക്ഷയിക്കുന്നതു കണ്ടപ്പോള്‍ രക്ഷപ്പെട്ടോടിപോകാന്‍ അവര്‍ക്കു മനസ്സാക്ഷിക്കുത്തുണ്ടായില്ല. പിന്നെ അവനും അവളും കൊച്ചുന്നാള്‍ മുതല്‍ ഞങ്ങളോടൊപ്പം കളിച്ചു വളര്‍ന്നവരായതുകൊണ്ട് അവന്‍ ചിലപ്പോഴെല്ലാം ഇവിടെ വന്നിരിക്കും.
അല്ലാതെ മറ്റൊന്നുമില്ല.
കുറേ രൂപ കൊടുക്കാമെന്നറിയിച്ചാല്‍ കല്യാണത്തിനു അനുകൂലിച്ചേക്കും.
തന്റെ മൂത്താങ്ങളയെപ്പറ്റി ആപെങ്ങള്‍ക്കു ഉറപ്പുപോരാ. രൂപ അണപൈസയുടെ മേലുള്ള ബന്ധമേയുള്ളൂ ആരക്തത്തിനു.
അമ്മേ... ഏതായാലും അമ്മാവന്റെ വീടുവരെ ഒന്നുപോയിട്ടുവരാം. ചന്ദ്രനെമനസ്സില്‍ കണ്ടുകൊണ്ടാണ് വസ്തുവില്ക്കാമെന്നു തീരുമാനിച്ചത്.
തന്റെ അമ്മാവനെ കണ്ടു സംസാരിക്കാന്‍ ബാലന്‍ യാത്രയായി. മുറ്റത്തേക്കിറങ്ങാന്‍ ഭാവിച്ചപ്പോള്‍ മേല്‍ക്കൂരയില്‍ നിന്നും പൊഴിഞ്ഞു വീണ പഴുതാര അയാളുടെ തോളില്‍ത്തട്ടിമലര്‍ന്നു വീണു.
എങ്ങനെ കഴിഞ്ഞിരുന്ന തറവാടാണ്. ഈ നാലു കെട്ടും അറയും നിരയുമെല്ലാം.... ഈ എണ്ണിക്കാട്ടു തറവാടു നിലം പതിക്കയില്ലമ്മേ.... അതുമറ്റൊരു എണ്ണക്കാട്ടു തറവാടില്‍ ലയിക്കും.... അതിനിപ്പോള്‍ ശുക്രദശയാണ്.
അതെന്താ മോനേ അപ്പറഞ്ഞത്?
അതുപിന്നെ പറയാമമ്മേ....
എങ്കിലും എന്റെ മോനേ... തലമുറതലമുറയായി നിലനിന്നു പോന്ന തറ വാടാ ഇത്. കുഞ്ഞുന്നാളു മുതലേ ഞാന്‍ ഓടിച്ചാടി കളിച്ചുവളര്‍ന്ന ഈ വീടൊഴിഞ്ഞു പോകണമല്ലോ... എനിക്കതോര്‍ക്കാന്‍ പോലും കെല്‍പ്പില്ല.
അണപൊട്ടിവന്ന ദുഃഖം ഹൃദയത്തില്‍ തടഞ്ഞു നിറുത്താനാവാതെ ആ പെറ്റതള്ള വിതുമ്പിപ്പോയി. ഒരു പൊട്ടിക്കരച്ചിലിന്റെ രൂപത്തില്‍ അതു പൊട്ടിത്തെറിച്ചു.
''അമ്മ കരയല്ലേ... എല്ലാ നല്ലതിനാണെന്നു കരുതണം...''''ഈ താഴ്ചയ്ക്കപ്പുറം ഒരു കുന്നുണ്ട്. മോന്‍ പോയിട്ടുവാ.... അമ്മാവനെ പറഞ്ഞു സമ്മതിപ്പിക്കണം. നമ്മുടെ കയ്യില് രൂപയുണ്ടെന്നറിഞ്ഞാല്‍ സമ്മതിക്കാതിരിക്കത്തില്ല.... നേരം കളയണ്ടാ.... പോയിട്ടുവാ.... ഊണു നേരമാകുമ്പോഴേക്കു ഇങ്ങേത്തണം.''
ഓ.... ഞാന്‍ പെട്ടെന്നു വന്നേക്കാം.
ബാലന്‍ മുറ്റത്തിറങ്ങി. തുളസിത്തറയുടെ അടുത്തെത്തി. എല്ലാ ഇടിഞ്ഞു തകര്‍ന്നിരിക്കുന്നു. വീട്ടിലേക്കു തിരിഞ്ഞൊന്നു നോക്കി. ആദ്യമായി ആ വീടുകാണുന്നതുപോലെ. എന്തു പഴക്കമുള്ളവീട്. ഭിത്തികളെല്ലാം ചിത്രപ്പണികളുള്ള പലകംകൊണ്ട് നിര്‍മ്മിച്ചതാണ്. മുറ്റത്തേക്കിറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴുക്കോലില്‍ തലമുട്ടും. ഇറയത്തിരിക്കുന്ന വലിയ പത്തായത്തിന്റെ പുറം തേഞ്ഞു തുടങ്ങി. കാരണവന്മാര്‍ തലമുറകളായി ഉപയോഗിച്ചുദ്രവിച്ചു തുടങ്ങിയ ചാരുകസേര അഴുക്കു പിടിച്ചു വിറങ്ങലിച്ചു കിടപ്പുണ്ട്. പ്രാചീനതയുടെ സ്മാരകം പോലെ. ആകോളാമ്പിക്കൊരു മാറ്റവുമില്ല. അതു സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. ആ ഏഴുതിരി നിലവിളക്കിലെണ്ണയില്ല. മേല്‍ക്കൂരയിലൂടെ അരിച്ചിറങ്ങുന്ന പകല്‍ വെളിച്ചം അന്തര്‍ഭാഗത്തടിഞ്ഞു കൂടിയ അന്ധകാരത്തെ അകറ്റുന്നു. പഴയ പ്രതാപത്തിന്റെ എല്ലരിച്ചരൂപം. അയാള്‍ അറിയാതൊരു നെടുവീര്‍പ്പുതീര്‍ന്നു. വേഗം നടന്നു. അമ്മാവന്‍ എങ്ങോട്ടെങ്കിലും പോകുന്നതിനു മുമ്പു അങ്ങെത്തണം.
ഒരിക്കല്‍ പോലും കുഞ്ഞു പെങ്ങളെപ്പറ്റി ഒന്നന്വേഷിക്കാന്‍ മെനക്കെടാത്ത ആങ്ങള കുടുംബഭാഗവും മേടിച്ച് പിരിഞ്ഞതാണ് - അല്ല വാരിക്കോരിയെടുത്തെന്നു പറയുന്നതാവും ശരി.
നമ്പൂതിരി പുതിയ മേച്ചില്‍ സ്ഥലം തേടി പടിയിറങ്ങിയപ്പോള്‍ അവിടെ ബാക്കിയൊന്നും ശേഷിച്ചിരുന്നില്ല. അന്നൊന്നും അമ്മാവന്‍ തന്റെ സഹോദരിയെ തിരിഞ്ഞൊന്നു നോക്കിയില്ല. അവരെങ്ങനെ കഴിയുന്നുവെന്നും ചിന്തിച്ചില്ല. ഇന്നും സ്ഥിതിക്കു മാറ്റമില്ല. പിന്നെന്തിനു വലിഞ്ഞുകേറിചെല്ലുന്നു!
ബാലന്‍ വഴിയിലൊന്നറച്ചു നിന്നു. കാല്‍ മുന്നോട്ടു നീങ്ങുന്നില്ല. മടി. തന്റെ വിവാഹക്കാര്യമായിരുന്നെങ്കില്‍ അവരെ ഒരിക്കലും ആശ്രയിക്കുമായിരുന്നില്ല. സ്ഥിതി അതല്ല. വല്ലവന്റെയും കരങ്ങളിലര്‍പ്പിക്കേണ്ടതായ പെണ്ണാണ് അനുജത്തി. അവള്‍ക്കുവേണ്ടി അല്പം നിന്ദാവാക്കുകള്‍ കേട്ടാലും തരക്കേടില്ല.
അകലെ വച്ചുതന്നെ അനന്തിരവനെ കണ്ടു. സാമാന്യം തരക്കേടില്ലാത്ത എടുപ്പോടുകൂടിയ ഒരു കര്‍ഷക ഭവനം. ഒരു വശത്തു നെടുനീളത്തിലുള്ള എരുത്തില്‍. എട്ടുപത്തു എരുക്കള്‍ നിരന്നു നില്ക്കുന്നു. വയ്‌ക്കോല്‍ തുറുവ് രണ്ടു മൂന്നുണ്ട്. തേങ്ങാ പൊതിച്ചു കൂട്ടിയിട്ടിരിക്കുന്നു. മരച്ചീനി ചെത്തുന്ന ചെറുമികള്‍ വട്ടമിട്ടിരുന്നു കിന്നാരം പറഞ്ഞു മേളിക്കുന്ന രംഗം. ഇറയത്തിരുന്ന കോളാമ്പിയിലേക്കു കുനിഞ്ഞു തുപ്പിയിട്ട് കാരണവര്‍ ഒന്നു മന്ദഹസിച്ചു.
എന്താബാലാ.... ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ എന്നാവന്നേ?
ഇന്നു വന്നതേയുള്ളൂ. അമ്മാവനു സുഖമല്ലേ?
ആ.... അല്ലേല് അതാരന്വേഷിക്കാന്‍.... കുഞ്ഞു ലക്ഷ്മിപോലും ഇങ്ങോട്ടൊന്നു കേറണമല്ലോ... അല്ലാ.... നീ ആബഞ്ചിലോട്ടിരിക്ക്.
വേണ്ടമ്മാവാ.... ഞാനവിടെ നിന്നോളാം..... ചന്ദ്രനില്ലേ അമ്മാവാ ഇവിടെ?
അവന്‍ കണ്ടത്തിലോട്ടു പോയിട്ടു ഇത്തിരിനേരമായി. ഇപ്പം വരും... എടീ മാധവീ...
എന്തോ എന്നു വിളികേട്ടുകൊണ്ട് ഒരു തൈക്കിളവി വാതില്‍ പടിയില്‍ പ്രത്യക്ഷപ്പെട്ടു. മുട്ടറ്റം ഇറക്കിയുടുത്ത കോറമുണ്ടിന്റെ കോന്തലകൊണ്ട് മാറുമറയ്ക്കാനുള്ള ശ്രമത്തെ, പാലാക്കാരന്റെ പാതിയൊഴിഞ്ഞു മുളകുമടിശ്ശീലപോലെ തൂങ്ങിക്കിടക്കുന്ന സ്തനങ്ങള്‍ പരാജയപ്പെടുത്തി. ചേങ്ങല പോലെ കാതില്‍ തൂങ്ങുന്ന ചുവന്ന കല്ലുപതിച്ച രണ്ടു തിളക്കങ്ങള്‍. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍ ആകര്‍ഷകമാണ്. രക്ത പ്രസാദം മാറിയിട്ടില്ലാത്ത മുഖമൊന്നു വികസിച്ചു. ബാലന്‍ പരിചയം നടച്ചു.
എന്താ എന്നെ വിളിച്ചത്?
ബാലന്‍ വന്നു
കണ്ടു
നിനക്കൊന്നും പറയാനില്ലേ?
ഉണ്ട്.... അതൊക്കെ അന്നേപറഞ്ഞില്ലേ...
അമ്മാവീ... പറഞ്ഞിരുന്നതെല്ലാം ഓര്‍മ്മയുണ്ട്.
അതുപോലെ ചെയ്യാനും ഒരുക്കമാണ്.
ങ്‌ഹോയ്... രൂപ കൈവശമുണ്ടോ?
ഉണ്ട്.... ആഭരണവും
എന്നാല്‍ പിന്നെ....
അതേ... ഇനിയും താമസിപ്പിക്കേണ്ട. ഉടന്‍ നടത്താന്‍ ഒരുക്കവുമാണ്.
എല്ലാവരും മയമില്ലാതയാണ് സംസാരിക്കുന്നത്. എങ്ങനെ മയം വരും. പണത്തിന്റെ കാര്യമാണ്. അമ്മാവനൊന്നും പറയാനില്ല. കാര്യം നടത്തുന്നതു അമ്മാവിയാണ്. ആ സ്ത്രീയുടെ നിഴലാണ് ഭര്‍ത്താവ്. അയാളുടെ നില പരുങ്ങലിലും. അച്ചിവീട്ടിലല്ലേ താമസം. നട്ടെല്ലില്ലാത്ത ജീവിതം. പിന്നെങ്ങനെ സ്വന്തം അഭിപ്രായം പറയാന്‍ പറ്റും.
സാമ്പത്തിക പ്രശ്‌നമില്ലായിരുന്നുവെങ്കില്‍ അമ്മാവന്റെ നാക്കു പൊങ്ങുമായിരുന്നു. തന്റെ അമ്മാവനില്‍ നിന്നും ബാലന്‍ ഒന്നും പ്രതീക്ഷിച്ചില്ല. സ്ത്രീധനക്കാര്യത്തില്‍ ആ സ്ത്രീവിട്ടു വീഴ്ചയ്ക്കുതയ്യാറല്ല. സ്ത്രീധനമെന്ന കരിമ്പാറയില്‍ തട്ടിത്തടഞ്ഞിരുന്ന ഒരു വിവാഹക്കാര്യമാണ് പുനരാലോചനയ്ക്കു വിഷയമായത്.
പിന്നെ ഒരു കാര്യം കൂടി.... വിവാഹം അനന്തപുരിയില്‍ വച്ചായിരിക്കും നടത്തുക. എന്റെ പരിചയക്കാരെക്കൂടി ക്ഷണിക്കണമല്ലോ.... അപ്പോള്‍ നിങ്ങള്‍ താമസം അങ്ങോട്ടുമാറ്റുമോ?
അതേ.... ഈ മാസത്തില്‍തന്നെ.
നിങ്ങളുടെ വീട്?
അതുവേറൊരാള്‍ക്കു കൊടുക്കാന്‍ പോകുന്നു.
അമ്മാവനു പിടികിട്ടി. അനന്തിരവനു പണമുണ്ടായ മാര്‍ഗ്ഗം അതാണല്ലേ.
അപ്പോള്‍ തറവാടുകൈമാറി.
ആ മൂപ്പിന്നീന്റെ മുഖത്തു രക്തം ഇരച്ചു കയറി. വികാരവിക്ഷോഭം വാക്കുകളെ തടഞ്ഞു. ഏതാനും നിമിഷങ്ങളുടെ മൂകമായ ഇടവേള. വീണ്ടും രംഗം പൂര്‍വ്വ സ്ഥിതിയെ പ്രാപിച്ചു. സന്ദര്‍ഭത്തിന്റെ ഗൗരവം ബോധ മണ്ഡലത്തെ തട്ടിയുണര്‍ത്തി.
അതും നിങ്ങള്‍ ചെയ്തു.
കിളവന്റെ ദീര്‍ഘനിശ്വാസം
അല്ലാതെന്തു ചെയ്യുമമ്മാവാ.... എനിക്കും ജോലി കിട്ടിയതല്ലേയുള്ളൂ. പാങ്ങില്ലെന്നു കണ്ടു പെണ്ണിനെ പുരയില്‍ നിറുത്തിക്കൊണ്ടിരിക്കാന്‍ പറ്റുമോ?
ഒരു സഹോദരന്റെ നിസ്സഹായത.
ആ.... നടക്കാനുള്ളതു തടഞ്ഞാലും നിക്വേല. നടക്കേണ്ടതു നടന്നേ തീരൂ... വിധിപോലെവരട്ടെ. ചന്ദ്രന്‍ ആ സമയത്തു മുറ്റത്തെത്തി.
ഓ... ബാലേട്ടനോ... എപ്പോവന്നു?
ഞാനിങ്ങോട്ടു വന്നതേയുള്ളൂ. ചന്ദ്രാ... അമ്മാവാ ഞാനിറങ്ങട്ടെ.... ചന്ദ്രനും വരു... ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ട്.
അവര്‍ രണ്ടു പേരും മുറ്റത്തിന്റെ ദൂരം അളന്നകലെയെത്തി. പറയാനു ള്ളതെല്ലാം പറഞ്ഞു. ചന്ദ്രന്‍ എല്ലാം മൂളിക്കേട്ടു. അവര്‍ സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞു.
ബാലകൃഷ്ണന്‍ തടിമറന്നതുപോലെ നടക്കുകയാണ്. പാദങ്ങള്‍ വഴിയുടെ നീളം കുറച്ചു. മനസ്സ് എവിടെയോ ആണ്. ഭൂതകാലത്തിന്റെ കരിപിടിച്ച ചുവരിലെ ചിത്രങ്ങള്‍ വായിക്കുകയാവാം.
അവര്‍ അനന്തപുരിയില്‍ താമസമാക്കിയതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം സുവര്‍ണ്ണ ഗിരിയിലേക്കായിരുന്നു. ജയദേവനും മാധുരിയും അവരെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. അദ്ദേഹത്തെ കണ്ടപ്പോള്‍ ആ മാതാവ് നിരുഗ്ദ്ധ കണ്ഠയായി. നന്ദി പ്രകടനത്തിനുള്ള പദങ്ങള്‍ പരതുകയായിരുന്നു അവരുടെ മനസ്സ്.
''അവിടന്നു ഞങ്ങള്‍ക്കു ചെയ്ത ഉപകാരങ്ങള്‍....''''ഓ.... എന്തുപകാരം. അതിനെപ്പറ്റിയൊന്നും പറയാനില്ല. ഒരു മകനോടുള്ള കടമയെന്നേ ഞാന്‍ കരുതിയിട്ടുള്ളൂ. കാരണം എനിക്കു മകനില്ല. ബാലനെ എന്റെ മകനായിട്ടാണ് ഞാന് കരുതുന്നത്.''''അതോര്‍ക്കുമ്പോള്‍ സന്തോഷം കൊണ്ടും നന്ദികൊണ്ടും എനിക്കു കരച്ചിലടക്കാന്‍ നാക്കുന്നില്ല. എന്റെ മനസ്സിനു ഇതൊന്നും താങ്ങാനുള്ള കരുത്തില്ല.... എന്റെ ആങ്ങളപോലും ഞങ്ങളെ കൈ വിട്ടനേരത്തു'' അവര്‍ വിതുമ്പിപ്പോയി.
ഞാന്‍ പറഞ്ഞില്ലേ... അതിനെപ്പറ്റി ഇനിയും യാതൊന്നും ചിന്തിച്ചിട്ടാവശ്യമില്ല... പുതിയ താമസമെല്ലാം എങ്ങനെയുണ്ട്?
എല്ലാം അവിടത്തെ കാരുണ്യം... എന്റെ മോളം പോയ്ക്കഴിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്കാകുമെന്നൊരു മനോവെഷമമുണ്ട്.
അതിനെന്താ... ഇവിടെയും ഒരു മകളുണ്ടല്ലോ... വല്ലപ്പോഴും ഇങ്ങോട്ടെല്ലാം വരണം. സരിതയ്ക്കു സമയമില്ല..... അടുത്ത കൊല്ലം ഒരു ഡോക്ടറാകേണ്ടവള്‍.... അവള്‍ തലയറഞ്ഞു പഠിക്കുകയാണ്. എന്നാലും സമയം കിട്ടുമ്പോഴെല്ലാം അവള്‍ അവിടെ വരാതിരിക്കയില്ല. എന്താ ലക്ച്ചറര്‍ ഒന്നും മിണ്ടാത്തത്? അമ്മ എനിക്കു വേണ്ടിയും പറഞ്ഞു കഴിഞ്ഞു. അവിടുന്നു ആ സ്ഥലമെങ്കിലും ഒന്നു പോയികണ്ടില്ലല്ലോ...
ആ... പോകാം.... വിവാഹത്തിന്റെ ധൃതിയെല്ലാം ഒന്നു കഴിയട്ടെ. അപ്പോള്‍ പ്രമാണവും ചെയ്യാം.
സന്ധ്യയോടൊട്ടിനിന്ന നേരം. ഒരു താടിക്കാരന്‍ അങ്ങോട്ടു കയറി ചെന്നു. കാഷായവത്രധാരി. നീളം കുറഞ്ഞ ഒരു ദണ്ഡുകൈവശമുണ്ട്. അവരെ കണ്ടപ്പോള്‍ ആഗതന്‍ കൈയുയര്‍ത്തി അനുഗ്രഹിക്കും പോലെ നിലകൊണ്ടു.
എവിടെനിന്നാണ്... മനസ്സിലായില്ല... ഇരിക്കണം. ജയദേവന്‍ ഒട്ടും താല്പര്യമില്ലാത്ത മട്ടില്‍ അയാളെ സ്വാഗതം ചെയ്തു. ആ ഗതനെത്തന്നെ താല്പര്യപൂര്‍വ്വം നോക്കിക്കൊണ്ടു നില്ക്കുന്ന അമ്മയെ ബാലന്‍ ശ്രദ്ധിച്ചു. അമ്മയ്ക്കു ഇയാളെ പരിചയമുണ്ടോ എന്തോ.
അപ്പനേ നാം ശ്രീ ആതുരാനന്ദ ഭഗവാന്റെ ശിഷ്യനാണ്. അവിടത്തെ സന്ദേശങ്ങള്‍ ജനങ്ങളുടെ ഇടയില്‍ എത്തിക്കുന്നതിന് നാം നിയുക്തനായിരിക്കുന്നു. അങ്ങനെ ഇവിടെയുമെത്തി.
സന്യാസിഘനഗംഭീരസ്വരത്തില്‍ അരുളിചെയ്തു. അതുപോലെ എത്രയോ സന്യസിമാരെ നിത്യവും കാണുന്നു. ജയദേവനു ആ സന്യാസി പറഞ്ഞതില്‍ കൗതുകം തോന്നിയില്ല.
സന്യാസിക്കു എന്താവേണ്ടത്?
ജയദേവന്റെ പ്രതികരണം സന്യാസിക്കു രുചിച്ചില്ലെന്നു തോന്നുന്നു.
ഒന്നും വേണ്ട... ജനങ്ങള്‍ കഷ്ടതയിലാണ്. അവരുടെ കണ്ണീരൊപ്പാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുനരവതാരം ചെയ്തിരിക്കുന്നു..... സുകൃതം ചെയ്തവര്‍ക്കേ അവിടത്തെ ശിഷ്യരാകാന്‍ സാധിക്കൂ.
ഓ... അന്വേഷിക്കട്ടെ. ഇങ്ങനെ ഒരു ഭഗവാനെപ്പറ്റി കേട്ടിട്ടേയില്ലല്ലോ.
അദ്ദേഹം അജ്ഞത നടിച്ചു.
അപ്പനേ.... കേട്ടിരിക്കയില്ല... എങ്കിലും അവിടത്തെ മഹിമ നാടെങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്നു.
ശരി
നാം ഇറങ്ങുന്നു. വീണ്ടും വരാം. നാരായണായ... നമഃ
പടിക്കലെത്തിയിട്ടു സന്യാസി ഒന്നു തിരിഞ്ഞുനോക്കി. എന്നിട്ടു പടികടന്നു വേഗംനടന്നു.
ആ സന്യാസി ആര്?
അമ്മയ്ക്കു ചിന്ത അതുമാത്രമായി. അല്പം കഴിഞ്ഞു അമ്മതിരക്കി.
ആ പെണ്ണിനെ കണ്ടില്ലല്ലോ... സരോജിനി എങ്ങോട്ടുപോയി?
അവള്‍ സരിതയുടെ അടുത്തു കാണും. അമ്മ അങ്ങോട്ടു ചെല്ലണം.
ബാലകൃഷ്ണന്‍ അനന്തരനടപടികളെപ്പറ്റി ജയദേവനുമായി സംസാരിച്ചു. അമ്മയെകൂട്ടിക്കൊണ്ട് മാധുരി വീടിനുകം ചുറ്റി നടന്നു കാണിച്ചു.
പഴമ പുതുമയില്‍ ഇഴുകിച്ചേരുന്ന അനര്‍ഘമുഹൂര്‍ത്തം.