"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

തലമുറകള്‍ : 7 - ടി എച്ച് പി ചെന്താരശ്ശേരി

വളരെ ദൂരെ വച്ചുതന്നെ ആഞ്ഞാവല്‍ മരം ദൃഷ്ടിഗോചരമായി. നൂറടിയോളം പൊക്കമുള്ള ആ തരുവരന്‍ എണ്ണമറ്റ വവ്വാല്‍ കൂട്ടങ്ങളുടെ ശല്യം സഹിച്ചു വശംകെട്ടു. ബോംബര്‍ വിമാനങ്ങളുടെ വരവു പോലെയാണ് നൂറു കണക്കിന് വയ്യാലുകള്‍ ആ ഞാവല്‍മരം ലക്ഷ്യമാക്കി പറന്നെത്തുന്നത്. അവ ഒന്നിനു പുറകെ മറ്റൊന്നായി ആ മരത്തിനു മീതേ വന്നുവീഴുകയാണ് പതിവ്. അതിനു ശേഷമുള്ള ചിലപ്പ് അസ്സഹനീയം. തമ്മില്‍ കടിച്ചു തലകീറും. കുട്ടക്കണക്കിനു പറങ്കിയണ്ടിയും പാക്കും പുന്നയ്ക്കയും നേരം വെളുക്കുമ്പോള്‍ മരച്ചുവട്ടില്‍ കുന്നുകൂടിയിരിക്കും.
ബാലകൃഷ്ണന്‍ നായരുടെ സര്‍പ്പക്കാവിലെ നേതാവാണ് ആ ഞാവല്‍മരം. മരച്ചോട്ടില്‍ കുത്തുവിളക്കും ചില കരിങ്കല്‍ പ്രതിമകളുമുണ്ട്. ഏഴുനിലകളുള്ള കരിങ്കല്‍ വിളക്കില്‍ തിരിനനച്ച ദിനങ്ങള്‍ മറന്നു കഴിഞ്ഞിരുന്നു. അവിടം കുട്ടികളുടെ കളിപ്പറമ്പായിമാറി. പഴയ വിഗ്രഹങ്ങളില്‍ പലതും കള്ളക്കടത്തിന്നിരയായെന്നാണ് ജനസംസാരം.
''ഓ... ഇതാണല്ലേ സ്ഥലം... ഞാനൊരിക്കല്‍ കോട്ടയൂര്‍ സബ് കളക്ടറായിരുന്നപ്പോള്‍ ഇവിടത്തെ അമ്പലത്തിനടുത്തു വന്നിട്ടുണ്ട്. ഈ മരം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ജയദേവന്‍ തന്റെ പരിചയം പുതുക്കി. വീടു പൊളിഞ്ഞു വീഴാറായി. പത്തഞ്ഞൂറു വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയുന്നത്. നിലം പൊത്തുന്നതിനു മുമ്പു പൊളിച്ചു ലേലം ചെയ്യുന്നതാണ് നല്ലത്.''
തന്റെ അഭിപ്രായം ബാലന്‍ പ്രകടിപ്പിച്ചു.
ശരി. നാളത്താന്നെയാകട്ടെ. ഒരാഴ്ച ഇവിടെ താമസിച്ചുകൊണ്ട് എല്ലാം ശരിയാക്കാം.
തറ വെട്ടിനിരപ്പാക്കുന്നതിനിടയില്‍ കൂന്താലി കട്ടിയുള്ള ഏതോ വസ്തുവില്‍ തട്ടി. ഇരുമ്പില്‍ തട്ടിയതുപോലെ. അവിടെ ശ്രദ്ധിച്ചു കുഴിച്ചു നോക്കി. ചിത്രപ്പണികളുള്ള ഒരു പിച്ചളച്ചെല്ലംഅല്പം മങ്ങലേറ്റ നിലയില്‍ അമര്‍ത്തിരിക്കുന്നു. പഴയവീടിന്റെ കന്നിമേല്‍ (തെക്കുപടിഞ്ഞാറു) കോണിലാണ് അതിന്റെ സ്ഥാനം. ബാലകൃഷ്ണന്‍ അതുകുനിഞ്ഞെടുത്തു.
അവിടെ നിന്നും കിട്ടുന്ന യാതൊന്നിലും ഇനിയും തനിക്കവകാശമില്ല. അതിന്റെ ഉള്ളടക്കം എന്തോആയിക്കൊള്ളട്ടെ. അയാള്‍ അതു ജയദേവനെ ഏല്പിച്ചു. അവര്‍ രണ്ടു പേരും അതുതുറന്നു നോക്കി. പ്രത്യേകിച്ച് എന്തെങ്കിലും ഉള്ളതായി ബാലകൃഷ്ണനു തോന്നിയില്ല. അതില്‍ നിന്നും ലഭിച്ച ചില സാധനങ്ങള്‍, ജയദേവനെ സംബന്ധിച്ചാണെങ്കില്‍ ഏറെ വിലപ്പെട്ടവയും. അവ ചില അമൂല്യ രേഖകളായിരിക്കുമെന്നു അദ്ദേഹത്തിനു തോന്നി.
ജയദേവന്റെ എണ്ണിക്കാട്ടുതറ നിഗൂഹനം ചെയ്തിരുന്ന സാധനങ്ങളും ബാലകൃഷ്ണന്‍ നായരുടെ എണ്ണിക്കാട്ടു തറവാടിന്റെ ഗര്‍ഭത്തില്‍ ഒരുങ്ങിയിരുന്ന ഈ സാധനങ്ങളും ജയദേവന്റെ ചിന്തയ്ക്കരമായി. ഇതിലെന്തോ കാര്യമായ രഹസ്യമുണ്ട്. ആ രഹസ്യങ്ങളുടെ കുരുക്കഴിക്കാന്‍ അവ കാലത്തിന്റെ കൈകളിലേല്പിക്കുകയാണ് നല്ലതെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം. അതിനെപ്പറ്റി അഭിപ്രായം പറയാന്‍ അദ്ദേഹം തുനിഞ്ഞില്ല.
ബാലകൃഷ്ണനെ അയാളുടെ വീട്ടുപടിക്കല്‍ കൊണ്ടാക്കിയിട്ട് ജയദേവന്‍ സുവര്‍ണ്ണ ഗിരിയിലേക്കു കാറോടിച്ചു പോയി. മണിക്കൂറുകള്‍ ചിലതു കഴിഞ്ഞു. ഫോണ്‍ ശബ്ദിക്കുന്നതു കേട്ട് അദ്ദേഹം റിസീവര്‍ കയ്യിലെടുത്തു.
''ഹലോ...... എന്ത്. ബാലകൃഷ്ണനെ അടിച്ചെന്നോ.... ആരാണടിച്ചത്? ചട്ടമ്പികളോ... എവിടെ വച്ച്.... നടക്കാനിറങ്ങിയപ്പോഴോ.... കാരണം? ഓഹോ.... അയാള്‍ ഇങ്ങോട്ടു വരാന്‍ പറയൂ.... ഓക്കെ.''
ജയദേവന്‍ വിവശനായി കാണപ്പെട്ടു. താന്‍ പുത്രനിര്‍വിശേഷം സ്‌നേഹിക്കുന്ന ബാലന്‍ ഇത്തരക്കാരനായിരുന്നുവോ. ഇല്ലാ... അങ്ങനെ വരുകയില്ല.... അദ്ദേഹം ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു.
മ്ലാനവദനനായി ഗേറു കടന്നു ചെല്ലുന്ന ബാലനെ കുറേ നേരം അദ്ദേഹം നോക്കിനിന്നു. എന്താ ബാലാ... കേട്ടതു നേരാണോ? ബാലന്‍ മറുപടി പറയാന്‍ ഒന്നു പരുങ്ങി. പറയൂ... മടിക്കേണ്ട... അറിയട്ടെ കാര്യം.''അങ്ങു ക്ഷമിക്കണം. ഞാന്‍ തെറ്റൊന്നും ചെയ്തില്ല.''''പിന്നെ''''ഇരിക്കൂ.... എന്നിട്ടു സംസാരിക്കാം.''
ജയദേവന്‍ ചരടു അയച്ചു വിട്ടുകൊടുത്തു. സാവധാനം സംസാരിക്കട്ടെ.
എന്റെ കോളേജില്‍ ജലജ എന്നൊരു പെണ്‍കുട്ടിയുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ അവിടെയുണ്ട്.
അവരില്‍ ഒന്ന്. എന്നല്ലാതെ എനിക്കു പ്രത്യേകതയൊന്നും അതിനോടു തോന്നിയിരുന്നില്ല..... എന്നാല്‍ ഓരോദിവസം കഴിയുന്തോറും ആ പെണ്‍കുട്ടി എന്നെ കാര്യമായി ശ്രദ്ധിക്കുന്നതുപോലെ തോന്നി.
ഏതാണാകുട്ടി?
കോട്ടയൂര്‍കാരനായ ഒരു ഡോക്ടര്‍ ജയിംസിന്റെ സഹോദരി.
ഡോ. ജെയിംസ്
അദ്ദേഹത്തെ സാര്‍ അറിയുമോ? ആശാസ്ത്രജ്ഞനെ?
അറിയും... പരിചയമുണ്ട്.
ബാലന്‍ നിശ്ശബ്ദത പാലിച്ചു.
അന്നു ഞാന്‍ സബ് കളക്ടറാണ്. ഔദ്യോഗിക പരിധിയില്‍പ്പെട്ട (വനം കൊള്ളയെ സംബന്ധിച്ച) ചില വസ്തുതകള്‍ അന്വേഷിച്ചറിയുന്നതിന് ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു. ഒരു ലക്ഷപ്രഭുവിന്റെ വീട്. ജയിംസിന്റെ പിതാവാണെങ്കില്‍ പണത്തിന്റെ കൊഴുപ്പില്‍ മത്തുപിടിച്ച ഒരു ദുരഹങ്കാരിയും. മറ്റുള്ളവര്‍ എല്ലാവരും അയാള്‍ക്കു നിസ്സാരന്മാര്‍. അന്നു ജാതിയുടെ അടിസ്ഥാനത്തില്‍ എന്നെ ഒന്നു കൊച്ചാക്കാന്‍ അയാള്‍ ഒരു ശ്രമം നടത്തി. അതൊന്നും എന്നെ ബാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ആപാഴ് ശ്രമത്തില്‍ നിന്നും അയാള്‍ പിന്‍വാങ്ങി. എന്നുമാത്രമല്ല ഒടുവില്‍ മര്യാദയോടെ പെരുമാറാന്‍ തയ്യാറാവുകയും ചെയ്തു. അന്നു അയാള്‍ എനിക്കു നീട്ടിയ ഒരു ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ക്കു ഒരു ക്വയര്‍ പേപ്പറിന്റെ വിലപോലും ഞാന്‍ കല്പിക്കുന്നില്ല എന്നു പറഞ്ഞത് അയാളുടെ മകന്‍ ഡോ. ജയിംസ് അടുത്ത മുറിയില്‍ കേട്ടുകൊണ്ടിരുന്നുവെന്നു തോന്നുന്നു. അയാളും രംഗത്തെത്തി. അങ്ങനെ രംഗം ശാന്തമായി. അന്നു മുതലാണ് ഞങ്ങള്‍ തമ്മില്‍ പരിചയക്കാരാകുന്നത്.
ജയിംസ് യുക്തിവാദിയായ ഒരു ശാസ്ത്രജ്ഞനാണ്. ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ കാണാനിടയായി.
എങ്ങനെ?
ഒരിക്കല്‍ ജലജയെ കാണാനായി ജയിംസ് വൈഡബ്ലിയു സി.എ യില്‍ ചെന്നപ്പോള്‍ അവള്‍ എന്നെപ്പറ്റി പറഞ്ഞു.
അപ്പോള്‍...?
സാര്‍ തെറ്റിദ്ധരിക്കേണ്ട... ബീച്ചില്‍ വച്ചാണ് ആ സഹോദരി സഹോദരന്മാരെ തമ്മില്‍ കണ്ടത്. അങ്ങനെ യാദൃശ്ചികമായി കണ്ടപ്പോള്‍ പരിചയപ്പെട്ടുവെന്നേയുള്ളൂ. ഒരു അധ്യാപകനെ പരിചയപ്പെടുത്തുന്നതുപോലെ.
അല്ലാതെ.....
ഇല്ല.... എനിക്കു അവളോടു മമതയൊന്നുമില്ലായിരുന്നു. അതേയവസരത്തില്‍ അവളുടെ പെരുമാറ്റം അല്പം അതിരു കടന്ന രീതിയിലാണ്. അതു പലര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്.''ഈ വിവരം ജയിംസ് അറിഞ്ഞിട്ടുണ്ടോ?''
ഉണ്ടായിരിക്കണം... സംസാരിച്ച കൂട്ടത്തില്‍ എന്നെ പറ്റികേട്ടിട്ടുണ്ടെന്നു ഒരു സചനയും തന്നിരുന്നു.
അയാള്‍ക്കു അലോഹ്യം വല്ലതും...
ഇല്ല... പെരുമാറ്റത്തില്‍ അങ്ങനെയൊന്നും തോന്നിയില്ല. വളരെ സൗഹാര്‍ദ്ദമായിട്ടാണ് സംസാരിച്ചത്. എന്നെ ലോഡ്ജില്‍ കൊണ്ടാക്കിയിട്ടാണ് അദ്ദേഹം പോയത്.
അങ്ങനെയാണ് കാര്യം... എന്നിട്ട് ബാലനെ അടിച്ചതാരാണെന്നു പറഞ്ഞില്ലല്ലോ.
അവളുടെ കസിന്‍ എന്ന ഗ്രൂപ്പില്‍ ചിലരുണ്ട്. അച്ചായന്മാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. രക്തബന്ധമൊന്നുമില്ലെങ്കിലും പണക്കാരോടു വലിഞ്ഞു കയറി ബന്ധം മെനഞ്ഞെടുക്കുന്നവര്‍. കുഴപ്പമുണ്ടാക്കുന്നവരും അവര്‍തന്നെ. ജലജയുടെ പേരു പറഞ്ഞാണ് അവര്‍ എന്നെ അടിച്ചത്.''അതുകുറച്ചിലായിപ്പോയി.'' എപ്പോഴായിരുന്നു? സന്ധ്യയ്ക്കു ഞാന്‍ ബീച്ചില്‍ പോയിരുന്നു. യാദൃശ്ചികമായി ജലജയും കൂട്ടുകാരും അവിടെയെത്തി. കുറച്ചു നേരം സംസാരിച്ചിരുന്നു. അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് കുറേ ചെറുപ്പക്കാര്‍ അകലെ നില്പുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ പോയിക്കഴിഞ്ഞപ്പോഴാണ് അവരില്‍ ഒരുത്തന്‍ ഓര്‍ക്കാപുറത്തു എന്നെ ആക്രമിച്ചത്.
ആകട്ടെ... ബാലനു ആ കുട്ടിയോടു പ്രത്യേകമായ വല്ലമമതയും തോന്നുന്നുണ്ടോ?
എനിക്കു അസാധാരണമായ പ്രത്യേകതയൊന്നും തോന്നുന്നില്ല. പിന്നെ. അവളുടെ മനോഭാവം സീരിയസ്സാണെന്നു കരുതേണ്ടിയിരിക്കുന്നു. അവളെ അകറ്റാനാണ് വിഷമം.
തന്റെ മറുപടി എന്തു പ്രതികരണമാണ് ജയദേവനിലുളവാക്കുന്നതെന്നു ബാലകൃഷ്ണന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു ഒരു സന്തോഷമില്ലായ്മയില്ലേ.... അതോ തന്റെ തോന്നലാണോ.... അദ്ദേഹം ഉടനൊന്നും പറഞ്ഞില്ല. അദ്ദേഹത്തിനു മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ. ഒരിക്കല്‍ താന്‍ സരിതയെ സ്‌നേഹിച്ചിരുന്നു. അതു ഏക പക്ഷീയമാണെന്ന് അറിഞ്ഞ നിമിഷം താന്‍ പിന്മാറി. അവള്‍ മറ്റൊരാളെ സ്‌നേഹിക്കുന്നുണ്ടെന്ന വിവരമാണ് പിന്മാറാന്‍ പ്രേരിപ്പിച്ചത്. തന്റെ കോളേജിലെ സീനിയര്‍ പ്രൊഫസറായ സുനന്ദയുടെ പുത്രന്‍ മി. സതീശ്. അദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആര്‍.എം.ഒ. സരിത ഫൈനല്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയും. അവര്‍ തമ്മില്‍ അനുരാഗത്തിലാണെന്ന് അറിയാന്‍ കഴിഞ്ഞ നിമിഷം തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നതായി തീര്‍ന്നു. അവളെ ശല്യപ്പെടുത്തിക്കൂടാ. കുറച്ചു കൂടി സ്വാര്‍ത്ഥമായി ചിന്തിച്ചിരുന്നുവെങ്കില്‍ ജയദേവന്‍ സാര്‍ സമ്മതിക്കുമായിരുന്നുവെന്നാണ് തന്റെ വിശ്വാസം.
അവളുടെ അനുരാഗ ലത അറുത്തുമുറിച്ചുകൊണ്ട് ഒരു വിവാഹ ബന്ധം സ്ഥാപിക്കാന്‍ തനിക്കാഗ്രഹമില്ല. അതു അശുഭമാകും. ഈ വിവരമൊന്നും അദ്ദേഹം അറിഞ്ഞിരിക്കയില്ല. നാമൊന്നാഗ്രഹിക്കുന്നു. സംഭവിക്കുന്നതു മറിച്ചും.
ബാലനു ഈ ബന്ധത്തില്‍ നിന്നും മാറിക്കൂടേ?
കാര്യം ഇത്രയുമായ സ്ഥിതിക്കു എനിക്കും അവളോടു ഒരു പ്രത്യേകത ഇപ്പോള്‍ തോന്നുന്നുണ്ട്... ഒരു വാശിപോലെ.
ഇതില്‍ വാശിയുടെ കാര്യമില്ല. അല്പം മത്സരമുണ്ടാകും. രണ്ടു ജാതികളും രണ്ടു മതങ്ങളും. ... മറുപടി പറയാനില്ലാതെ ബാലന്‍ മൂകത പാലിച്ചു. ജയദേവന്‍ തുടര്‍ന്നു. ഡോ. ജയിംസ് നല്ലവനാണ്. കാര്യവിവരമുണ്ട്. ജാതിക്കും മതത്തിനും അതീതമായ ഒരു ആധുനിക മനുഷ്യന്‍.
അതേ സാര്‍..... അദ്ദേഹം വിശാല ഹൃദയനാണ്. അന്ന് ഞങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ ഒരു സൂചനയുണ്ടായി. - ഈ സാര്‍ ഒരു നായരാണെന്നു നിനക്കറിയാമോ ജലജേ എന്നു അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചതു ഞാനോര്‍ക്കു.
തന്റെ സഹോദരി ഒരു നായരെ പ്രേമിക്കുന്നു എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ജയിംസ് അന്നു എത്തിയിരുന്നത്. അദ്ദേഹത്തിനു ആ ബന്ധത്തില്‍ ഒരു അസാധാരണത്വവും തോന്നിയില്ല. ഒരു സ്ത്രീയായാല്‍ ഒരു പുരുഷന്‍ വേണം. അവരുടെ തുണയെ അവരവര്‍ തന്നെ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ആ തെരഞ്ഞെടുപ്പില്‍, ജീവിക്കാനുള്ള മാര്‍ഗ്ഗം ഒരു മാനദണ്ഡംകൂടിയായിരിക്കണമെന്നു മാത്രം. ഇതായിരുന്നു ജയിംസിസന്റെ ആശയഗതി.
എന്നാല്‍ ഒരു കാര്യം ചെയ്യാം ബാലാ.... അദ്ദേഹം ആശയുടെ തിരിനാളം തെളിച്ചുകൊണ്ട് തുടര്‍ന്നു.
ഞാന്‍ ജയിംസിനെ ഒന്നു കാണട്ടെ.... ധൃതിപ്പെടേണ്ട.... സാവകാശം വേണം.... അതിനു ഒരു സന്ദര്‍ഭം വന്നു കൊള്ളട്ടെ.... എന്നാലും അവളുടെ പിതാവ് സമ്മതിക്കുമെന്നു തോന്നുന്നില്ല.
ബാലകൃഷ്ണനു ആദ്യം സന്തോഷം തോന്നി. എന്നാല്‍ അടുത്ത നിമിഷത്തില്‍ നിരാശയുടെ മൂടല്‍ മഞ്ഞു പരന്നു. ജയദേവന്റെ വാക്കുകളുടെ വാലറ്റം ബാലനെ ആശയക്കുഴപ്പത്തിലാക്കി.