"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

തലമുറകള്‍ :8 ടി എച്ച് പി ചെന്താരശ്ശേരി

മൃഗശാലയിലെ മൃഗരാജന്‍ അലറിക്കിതച്ചു നിറുത്തിയ ശബ്ദം കേട്ടാണ് ബാലകൃഷ്ണന്‍ ഉണര്‍ന്നത്. പക്ഷികള്‍ ചിലചിലെ ചിലച്ചുതുടങ്ങി. എന്തും വരട്ടെയെന്നു കരുതി കാകന്‍ പലവട്ടം കരഞ്ഞു. കരഞ്ഞു നേരം വെളുപ്പിക്കുന്ന വിശന്ന കാക്ക. കിഴക്കു ആകാശത്തിരുനെറ്റിയില്‍ ചുവന്ന റിബണ്‍ ചുറ്റിയിരിക്കുന്നു. സുഖദമായ അന്തരീക്ഷം. കുളിര്‍മയുള്ള മന്ദമാരുതന്‍ ശല്യമുളവാക്കാതെ കടന്നു പോയി.
കതകില്‍ മുട്ടുന്ന ശബ്ദം രണ്ടു മൂന്നാവര്‍ത്തിച്ചു. ആരാണീ സമയത്തു സന്ദര്‍ശകന്‍. വല്ലപ്പോഴും വിദ്യാര്‍ത്ഥികളായിരിക്കും വരുക. അവരാണെങ്കില്‍ രാവിലത്തെ സുഖദായകമായ ഉറക്കം വെടിഞ്ഞ് വെളിയിലിറങ്ങി നടക്കുകയില്ല. പിന്നെ ആരായിരിക്കും?
അതൊരു പുതുമതന്നെ. ഏതായാലും അമ്മ ഉറങ്ങികൊള്ളട്ടെ. ബാലന്‍ മെല്ലെകതകു തുറന്നു. തികച്ചും അപരിചിതന്‍. കാഷായവേഷം.''എന്താ.... എവിടെ നിന്നാണ്? വിശേഷിച്ച്?''''അതൊന്നും പറഞ്ഞു നില്ക്കാന്‍ നേരമില്ല. അത്യാവശ്യമായി ഉടന്‍ പോവുകയും വേണം.''
പിന്നെ ഇങ്ങോട്ടു കയറിയത്?
പറയാം...... എന്നെ ഒരാള്‍ ഒരു കവര്‍ ഏല്പിച്ചിട്ടുണ്ട്. അതിവിടെ തരാനാണ് വന്നത്.''എനിക്കു തന്നെയോ? അതോ മേല്‍വിലാസം പിശകിയോ?''
ഇല്ല.... ബാലകൃഷ്ണന്‍ നായര്‍ എന്നല്ലേ പേര്?
അതേ........
അപ്പോള്‍ മേല്‍വിലാസം പിശകിയിട്ടില്ല. ഇതാ ഒപ്പിട്ടു വാങ്ങിക്കണം.
ഇതിന്റെ ഉള്ളിലെന്താണ്? ആരാണ് തന്നയച്ചത്? അതൊന്നും എന്നോടു ചോദിക്കേണ്ട. ഇതു കൈപ്പറ്റിയാല്‍ മതി.
ശരി നോക്കട്ടെ.
കവറിനുള്ളില്‍ കാര്യമായിട്ടെന്തെങ്കിലും ഉള്ളതായി തോന്നിയില്ല. നിസ്സാര ഭാവത്തില്‍ കവര്‍ പൊട്ടിച്ചു. ഉള്ളടക്കം കണ്ടു അയാള്‍ അന്തം വിട്ടിരുന്നു പോയി. കവറിനുള്ളില്‍ ഒരു ബാങ്കു ചെക്ക്. അന്‍പതിനായിരം രൂപ തന്റെ പേര്‍ക്ക്. അതു അയച്ച ആളിന്റെ പേര് വായിച്ചപ്പോഴാണ്അയാള്‍തികച്ചും സ്തബ്ധനായത്. തന്റെ ചേട്ടന്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹം എവിടെ നിന്നാണ് പണം അയച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നോ മറ്റുവിവരങ്ങളൊന്നുമില്ല.
ബാലകൃഷ്ണനു ആധിയും ധൃതിയും. ഒരു അസ്വസ്ഥത. പെട്ടെന്നു ഒരുവന്‍ തുക ലഭിച്ചതു മാത്രമല്ല ഭാവവ്യത്യാസത്തിനു നിദാനം. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന ചേട്ടന്‍ ജീവിച്ചിരിക്കുന്നു. വെറുതേ ജീവിച്ചിരിക്കുകയല്ല. അന്നു തിരുക്കൊടിയമ്പലത്തിലെ പൂജാരി പ്രവചിച്ചതുപോലെ നല്ല നിലയിലെത്തിയിരിക്കുന്നു.
വിവരം അമ്മയെ അറിയിക്കാന്‍ ധൃതിയായി.
അമ്മേ... അമ്മേ.
എന്താടാ കെടന്നു വാതൊറക്കുന്നേ.... നേരം
വെളുത്തില്ലല്ലോ... ചായയ്ക്കായിരിക്കും.
അമ്മ ഒന്നങ്ങോട്ടെഴുന്നേറ്റേയ്....
എന്താണു വെച്ചാ പറയെടാകുഞ്ഞേ....
അമ്മേ.... വിശേഷപ്പെട്ടകാര്യമാണ്.
ഓ.... കുന്തം. ഈ രാത്രിയിലവനൊരു വിശേഷം വന്നു കേറീര്ക്ക്ണ്.... ഹാവൂ....
അമ്മ കോട്ടുവായിട്ടു. മൂരിനിവര്‍ന്നെഴുന്നേറ്റു. വല്ലാത്ത ക്ഷീണം. വയസ്സൊത്തിരിയായില്ലേ....... ഒറ്റയ്ക്കു ചെയ്യുന്ന ഗൃഹ ജോലികള്‍ അവരെ തളര്‍ത്തിയിട്ടുണ്ട്. മുമ്പാണെങ്കില്‍ സരോജിനിയുണ്ടായിരുന്നു. അവളുടെ സംബന്ധം കഴിഞ്ഞതിനുശേഷം താനൊറ്റയ്ക്കാണ് ഭാരം വലിക്കുന്നത്. തന്റെ ആവുന്ന കാലത്തായിരുന്നുവെങ്കില്‍.... ആ.... അതൊക്കെ പഴയകാര്യങ്ങള്‍.
എന്താ... മോനേ.... കാര്യം പറ.
അമ്മേ..... ചേട്ടന്‍ ജീവിച്ചിരിക്കുന്നു.
എന്താ മോനേ നീ പറഞ്ഞത്.... എവിടാ അവന്‍? ഇതാരു പറഞ്ഞു?
ജിജ്ഞാസകൊണ്ട് ഹൃദയം വിങ്ങുന്ന അനുഭവം.
പല ചോദ്യങ്ങള്‍ അവര്‍ ഒന്നിച്ചു ചോദിച്ചു തുടങ്ങി. ഒരു അമ്മയുടെ ആകാംക്ഷ.
ആ.... അതൊന്നും എനിക്കറിഞ്ഞുകൂടാ. ഇതാ ഇതു നോക്കൂ... ഇത് ചേട്ടന്‍ കൊടുത്തയച്ചതാണ്. ഒരാള്‍ ഇപ്പോള്‍ തന്നിട്ടു പോയതേയുള്ളൂ.
അയാള്‍ എവിടെ?
അയാള്‍ ഒന്നും പറയാതെയാണ് പോയത്. ചോദിച്ചിട്ടു വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞുമാറി.
എന്റെ തേവരേ. നീ ഞങ്ങടെകൂടൊണ്ട് എല്ലാം നിന്റെ കാരുണ്യം.
അമ്മേ... ചേട്ടനെയൊന്നു കണ്ടിരുന്നെങ്കില്‍.... അന്‍പതിനായിരം രൂപയുടെ ചെക്കാണിത്.

എന്തുപറയണമെന്നറിയാതെ അമ്മ കുഴങ്ങി.
സരോജിനിക്കു ഒരു കത്തയച്ചുനോക്കുമോനേ...
അവര്‍ക്കു എന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടോന്ന്.
അതുശരിയാ... ഒരു എഴുത്തയയ്ക്കാം. ഈ ചെക്കു മേടിച്ചിരിക്കുന്ന ബാങ്കിലേക്കും ഒരു കത്തയയ്ക്കാം. ചേട്ടന്റെ മേല്‍ വിലാസം കിട്ടുമോ എന്നന്വേഷിക്കട്ടെ.
രാവിലെതന്നെ എഴുത്തയയ്ക്കണേ... എനിക്കു ഒരു വല്ലായ്മ.... ഒരു നെഞ്ചിടിപ്പ്....
അമ്മ വേവലാതിപ്പെടേണ്ട.... എല്ലാം ഞാനന്വേഷിക്കാം....
ശരീര ശുദ്ധിവരുത്തിയിട്ടു അമ്മ പോയത് നേരേ തുളസിത്തറയിലേക്കാണ്. ഒരു കൊച്ചു വിളക്ക് തിരിനാളം തുള്ളിച്ചു കൊണ്ട് തുളസിത്തടത്തില്‍ തിളങ്ങി. നിഴല്‍ മൂന്നുവട്ടം തറയ്ക്കു ചുറ്റും നീങ്ങി. എന്നിട്ട് കുറേ നേരം നിശ്ചലത കൈക്കൊണ്ടു. അതു സാവധാനം തറയിലേക്കു തിരിഞ്ഞു. മക്കളുടെ നന്മയ്ക്കായി നിശ്ശബ്ദം പ്രാര്‍ത്ഥിക്കുന്ന അമ്മ.
ചുളിവു വീണ കൈകളില്‍ പുരണ്ടിരുന്ന വെളിച്ചെണ്ണ തലയില്‍ തുടച്ചിട്ടു അവര്‍ വീട്ടിനകത്തേക്കു കയറി. കാലെടുത്തു വരാന്തയില്‍ വച്ചതേയുള്ളൂ. അതാ ഗൗളിചൊല്ലുന്നു. അതിലെല്ലാം ആ അമ്മയ്ക്കു ഉറച്ച വിശ്വാസമാണ്. മനസ്സില്‍ വിചാരിച്ചതിനെ ബാധിക്കുന്ന ഗൗളിച്ചൊല്ല്. പോരെങ്കില്‍ ഇടങ്കണ്ണു തുടിക്കുന്നു. അവര്‍ വീണ്ടും തന്റെ തേവരെ വിളിച്ചു. സല്‍ക്കാലത്തും പടുകാലത്തും അവര്‍ ഭഗവാനെ വിളിക്കാന്‍ മറക്കുന്നില്ല.
ദിനങ്ങളുടെ മൂന്നു ദളങ്ങള്‍ കൊഴിഞ്ഞു വീണു. അപ്പോഴേക്കും സരോജിനിയുടെ കത്തിന്റെ വരവായി. അവള്‍ക്കും കിട്ടി ഇരുപത്തയ്യായിരത്തിന്റെ ഒരു ചെക്ക്. മറ്റൊരു വിവരവും അവര്‍ക്കറിയില്ല.
ബാംഗ്ലൂരിലെ ബാങ്കില്‍ നിന്നും ലഭിച്ച കത്തിന്റെ ഉള്ളടക്കവും നിരാശാ ജനകം. ബാങ്കില്‍ നല്കിയിരിക്കുന്നു മേല്‍ വിലാസം.
ഈ നാരായണന്‍ നായര്‍
എണ്ണിക്കാട്ടു വീട്
തിരുകൊടി. പി.ഒ.,
എന്നു മാത്രമാണ്. ഇനിയെന്താണ് മാര്‍ഗ്ഗം. ബാല കൃഷ്ണന്‍ തല പുകഞ്ഞാലോചിച്ചു.
''വെഷമിക്കേണ്ട മോനേ..... ഒരു കൊറവും വരുത്താതെ കണ്ടു എന്റെ തേവര് അവനെ ഇവിടെ കൊണ്ടുവരും.... അതാരു മോനേ ആ വരുന്നേ....ഒരു സന്യാസിയല്ലേ.... ഇതിനു മുമ്പു കണ്ടിട്ടില്ലല്ലോ.''
സ്ഥല പരിചയമുള്ളവനെപ്പോലെ അയാള്‍ നടകടന്നുവന്നു.
''അല്ലാ.... സ്വാമി വന്നാട്ടെ.... ഈ കസേരയിലിരിക്കാം.''
അമ്മ സസന്തോഷം ആഗതനെ സ്വാഗതം ചെയ്തു.
''സ്വാമിയെ മുമ്പുകണ്ടിട്ടില്ല. അവിടുന്നാണ്?''
ബാലകൃഷ്ണന്‍ നായര്‍ ഔചിത്യം വിചാരിച്ചു ചോദിച്ചു. നാം തിരുവാഴ്മലയില്‍ നിന്നു വരുന്നു. ഭഗവാന്‍ ഞങ്ങളെ എല്ലായിടത്തും അയച്ചിരിക്കയാണ്, ജനങ്ങളുടെ ക്ഷേമമൈശ്വരങ്ങള്‍ അന്വേഷിക്കുവാന്‍ അമ്മയും മകനും ആശ്രമത്തിലേക്കു ചെല്ലണമെന്ന് ഭഗവാന്‍ പ്രത്യേകം കല്പിച്ചിട്ടുണ്ട്.
''ങ്‌ഹേയ്.... അദ്ദേഹത്തിനു ഞങ്ങളെ അറിയുമോ?'' അറിയാമോന്ന്... നല്ലകാര്യമായി... എല്ലാവരേയും അറിയാം. അദ്ദേഹം ദിവ്യനല്ലേ... ജ്ഞാനക്കണ്ണുകൊണ്ട് എല്ലാവരേയും കാണാന്‍ കഴിവുള്ളദിവ്യന്‍. നമ്മള്‍ ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹത്തിനു കേള്‍ക്കാം.
''ഇതു അഭ്തുതമായിരിക്കുന്നല്ലോ... മോനേ നമുക്കൊന്നു അവിടെവരെപോകാം. ഭഗവാനെ കണ്ടിട്ടു പോകരുകയും ചെയ്യാമല്ലോ.''
''അമ്മയ്ക്കു നിര്‍ബന്ധമാണെങ്കില്‍ ഇന്നു വൈകിട്ടു അങ്ങോട്ടു പോകാം.''
''സ്വാമി.... ഇരിക്കണേ... ഇതാകാപ്പിക്കൊണ്ടു വരാം.''
വേണ്ട.... നാം കാപ്പികുടിക്കയില്ല. ഇപ്പോള്‍ ഒന്നും വേണ്ട... നാം ഇറങ്ങുന്നു.
സന്ന്യാസി പെട്ടെന്നു നടന്നു മറഞ്ഞു.
പ്രകാശ പ്രളയത്തില്‍ നീരാടിയ ആതുരാനന്ദ നഗര്‍. പഴനിയെ അനുസ്മരിപ്പിക്കുന്ന നഗര സംവിധാനം. ദൂരെ വച്ചുതന്നെ ആ ദീപാലങ്കാരങ്ങള്‍ ജനശ്രദ്ധയെ ആകര്‍ഷിക്കുന്നു. അമ്മയും ബാലകൃഷ്ണനും പാസ്സെടുത്തു അകത്തുകടന്നു. മേല്‍വിലാസം പറഞ്ഞുകൊടുത്തതിനു ശേഷമേ പാസ്സു ലഭിച്ചുള്ളൂ.
നേരേ കടക്കുന്നതു ഗോപുര മുറ്റത്തേക്കാണ്. മൂന്നു നിലയിലുള്ള കമനീയമായ ഗോപുരം വൈദ്യുതദീപാലങ്കാരങ്ങളാല്‍ വെട്ടിത്തിളങ്ങുന്നു. അടുത്തതു പടിചവിട്ടിയുള്ള കയറ്റം. പടികള്‍ അവസാനിക്കുമ്പോള്‍ ശ്രീകോവില്‍ നടയായി. പാറപ്പുറത്തു നിര്‍മ്മിച്ചിരിക്കുന്ന ശ്രീകോവില്‍. അവിടെ അധികം പേര്‍ തങ്ങിനില്ക്കുന്നില്ല. എല്ലാവരുടേയും ലക്ഷ്യം ആതുരാനന്ദ ഭഗവാന്‍ തന്നെ.
ശ്രീകോവിലിന്റെ അരുകിലൂടെ വിശാലമായ ഒരു പാത ഉള്ളിലേക്കു നീണ്ടു പോകുന്നു. അവിടെ ഒരു ഊക്കന്‍ ഗേറ്റുകടന്നാല്‍ കാണുന്നത്‌സ്വര്‍ലോക സദൃശമായ ഒരു ഹാള്‍. പലനിറത്തിലുള്ള ലൈററുകള്‍ ഘടിപ്പിച്ചിരിക്കുന്നു. പവ്വര്‍ കുറയ്ക്കുന്നതിനും കൂട്ടുന്നതിനും ആ സൂത്രണമുള്ളതാണവ. രംഗത്തിന്റെ പ്രാധാന്യമനുസരിച്ചുള്ള പ്രകാശമായിരിക്കും നല്കുക. സ്റ്റേജില്‍ ഭഗവാനുവേണ്ടി സജ്ജീകരിച്ചിരിക്കുന്ന സുവര്‍ണ്ണ സിംഹാസനം കണ്ടാല്‍ സ്വര്‍ണ്ണം പൂശിയ പട്ടുമെത്തയാണെന്നേ തോന്നൂ. അവിടെയും വിവിധ തരത്തിലുള്ള ബള്‍ബുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
ശാന്തി തുടിച്ച നില്ക്കുന്ന അന്തരീക്ഷം. ആരും ശബ്ദിക്കുന്നില്ല. മൊട്ടുസൂചിവീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത.
ബാലകൃഷ്ണനും അമ്മയും ആഡിറ്റോറിയത്തില്‍ ഏറ്റവും മുമ്പില്‍ ഉപവിഷ്ടരായി ഒരു മണിനാദംമുഴങ്ങി. മഴത്തുളളിവീഴുന്ന ലാഘവത്തോടെയുള്ള വൈദ്യുതി ബെല്‍. അതിനേതുടര്‍ന്നു പാഞ്ചജന്യം മുഴങ്ങി. ഭഗവാന്റെ എഴുന്നള്ളത്തിന്റെ മുന്നറിയിപ്പ്.
ജനങ്ങള്‍ ഭക്ത്യാദരപുരസ്സരം എഴുന്നേറ്റു വണങ്ങി. അവര്‍ നിര്‍ന്നിമേഷരായി നോക്കിനിന്നു. പതിവുപോലെ ഭഗവാന്‍ വലതുകരം വീശി ആശിര്‍വദിച്ചു. ഒരു സ്വപ്നത്തിലെന്ന പോലെ ജനങ്ങള്‍ സാലഭഞ്ജിക കണക്കേ ഇരുന്നു. പിന്നീടു നടന്നതെല്ലാം അവര്‍ക്കു മായാവവലോകത്തിലെ അനുഭവം പോലെയായിരുന്നു. പ്രജ്ഞയറ്റുള്ള ഇരിപ്പും ഭക്തിപ്രകടനങ്ങളും. അമ്മയ്ക്കു ഭഗവാനെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. അവര്‍ തനുവും മനവും മറന്ന് ഭഗവാനെത്തന്നെ നോക്കിയിരുന്നു. ബാലകൃഷ്ണന്‍ ഒന്നിലും ശ്രദ്ധിക്കുന്നില്ല. എങ്ങനെയെങ്കിലും അവിടെ നിന്നും ഇറങ്ങിപ്പോയാല്‍ മതിയെന്ന നിലയിലാണ് അയാള്‍. എന്നാല്‍ സ്റ്റേജില്‍ നടക്കുന്ന അത്ഭുതപ്രകടനങ്ങള്‍ ആസ്വദിച്ച് നിര്‍വൃതിയടയുന്ന ആയിരങ്ങള്‍ അവിടെയുണ്ട്.
ശ്രുതിമാധുരമായി കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന ഭഗവാന്‍ ധൂമപടലങ്ങള്‍ക്കിടയിലൂടെ ഞൊടിയിടയ്ക്കുള്ളില്‍ അപ്രത്യക്ഷനാകുന്നു. സുഗന്ധമാരുതന്‍ വീശീയടിക്കുന്നു. സമീപ സ്ഥിതമായ കൃഷ്ണവിഗ്രഹത്തില്‍ അതാ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഭക്തജനങ്ങളുടെ ഉച്ചത്തിലുള്ള ജയജയഗീതം. അരങ്ങുതകര്‍ക്കുന്ന വാദ്യമേളങ്ങള്‍. ആര്‍ക്കും സ്വബോധമില്ല. മനസ്സിനെ പ്രകമ്പനം കൊള്ളിക്കുന്ന വാദ്യമേളങ്ങള്‍.
വെള്ളക്കുതിരപ്പുറത്തു പറന്നു വരുന്ന ഭഗവാന്‍ ശൂന്യതയില്‍ നിന്നും വിഭൂതിവാരിയെടുത്തു ഭക്തജനങ്ങള്‍ക്കു നല്‍കുന്നു. ഭഗവാന്റെ അംഗുലീ സ്പര്‍ശത്താല്‍ സുഖപ്പെട്ട ആസ്മാരോഗികള്‍. ചേദിക്കാതെ തന്നെ ചിലരുടെ ആഗമനോദ്ദേശ്യം ഭഗവാന്‍ വെളിപ്പെടുത്തുന്നു. ഇഷ്ടസന്താനലബ്ധിക്കുള്ളവരും. സ്വിസ്‌വാച്ചുകള്‍, സ്വര്‍ണ്ണപ്പൊതികള്‍, നോട്ടുകെട്ടുകള്‍, രുദ്രാക്ഷമാലകള്‍, വായുവിലൂടെ ഒഴുകിയെത്തുന്ന ലഡ്ഡുകള്‍, നാളികേരം കൂട്ടിമുട്ടുമ്പോള്‍ അക്ഷയ പാത്രമാകുന്ന ചോറുകലങ്ങള്‍, പതിനായിരത്തെ സദ്യയൂട്ടുന്ന അത്ഭുതങ്ങള്‍.
അമ്മയ്ക്കു സംശയമായി. താന്‍ സ്വപ്നം കാണുകയാണോ. അവര്‍ ശരീരം പിച്ചിനോവിച്ചു നോക്കി. അതേ. ഉണര്‍ന്നിരിക്കയാണ്. എല്ലാം നേരില്‍ കാണുന്നു. ഭഗവാന്റെ കൃപാകടാക്ഷം തനിക്കു വേണ്ടുവോളം ലഭിക്കുന്നുണ്ട്. സ്‌നേഹ പീയുഷം ചൊരിയുന്ന ആ ജീവസ്സുറ്റ കണ്ണുകള്‍. സാക്ഷാല്‍ താമരക്കണ്ണുകള്‍. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വടിവൊത്ത ശരീരം.
എന്തേ തന്റെ മകനൊരു മൗനം. ബാലകൃഷ്ണന്‍ ഒന്നിലും ശ്രദ്ധിക്കുന്നില്ല. എന്തോ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഇവനെന്തുപറ്റി തക്കതായ കാരണമില്ലാതെ വരികയില്ല. എന്തോ ആകട്ടെ. വീട്ടില്‍ ചെന്നിട്ടു തെരക്കാം.
അവസാന ബള്‍ബു കത്തിക്കൊണ്ടിരിക്കയാണ്. ആളൊഴിഞ്ഞാല്‍ അതും അണയും. പിന്നെ മങ്ങിയ പ്രകാശം മാത്രമേ അവിടെ ഉണ്ടുകയുള്ളൂ. ആ പ്രകാശധാരയുടെ പ്രഭവ സ്ഥാനം കണ്ടു പടിക്കുക എളുപ്പമല്ല. ആ വെളിച്ചം ഭഗവാന്റെ ദിവ്യതേജസ്സിന്റെ പ്രതിഫലനമാണ്.
''മോനേ നിനക്കെന്താ ഒരു വല്ലായ്മാ.... നീ ആകെ മറിയിക്കുന്നല്ലോ.''
''ഒന്നുമില്ലമ്മേ.... എന്തോ എനിക്കൊരു മന.പ്രയാസം. അത്രേയുള്ളൂ.''
''അതിനു കാരണം?''
''അതെന്നോടു ചോദിക്കേണ്ടമ്മേ.... ഞാന്‍ പറയുകയില്ല.''
''നല്ലതോ ചീത്തയോ ആകട്ടെ.... ഞാനറിഞ്ഞാലെന്താതകരാറ്?''
''അമ്മേ സമയമാകുമ്പോള്‍ അതു ഞാന്‍ പറയാം.''
''അതിനു സമയമോ?''
''അതേ അമ്മേ.... ഞാന്‍ പണ്ടത്തെപ്പോലെ തെണ്ടിയലഞ്ഞു നടന്നിരുന്നെങ്കില്‍ എനിക്കീമന. പ്രയാസം ഉണ്ടാകുമായിരുന്നില്ല.''
''കുഞ്ഞേ. നീ എന്തൊക്കെയാ ഈ പറയുന്നത്. ഇന്നു ആ ആശ്രമത്തില്‍ ചെന്നതിനു ശേഷമാണല്ലോ നിനക്കീ മാറ്റങ്ങളെല്ലാം.''
''അതേ.... അതിനുശേഷമാണ്.''
''അതിനു തക്കതായ കാരണവും കാണുമല്ലോ.''
അമ്മ ചികഞ്ഞു ചികഞ്ഞു ചോദിക്കുകയായി.
''ഉണ്ട്.... ഞാന്‍ പറഞ്ഞില്ലേ... രണ്ടക്ഷരം പഠിക്കാന്‍ കഴിഞ്ഞതാണ് എനിക്കു പറ്റിയ തകരാറ്.''
''അക്ഷരം പഠിക്കുന്നത് കണ്ണുതെളിയാനല്ലേ അതുതകരാറാണോ?''
''പഠിച്ചവര്‍ കാണുന്നതും കേള്‍ക്കുന്നതും ചിന്തിച്ചു. മനസ്സിലാക്കാന്‍ ശ്രമിക്കും - അതു കുഴപ്പമാണ്.''
''നീ എന്താ. എങ്ങും തൊടാതെ പറേണത്?''
''എന്നെ അല്പനേരം തനിച്ചു വിട്ടിട്ടുപോകാമോ അമ്മേ.... എന്റെ തലപുകയുന്നു..... നെഞ്ചിടിപ്പു കൂടുകയാണ്... എനിക്കു അസുഖമൊന്നുമില്ലമ്മേ.... അമ്മ വിഷമിക്കേണ്ട....''
''ഒന്നുറങ്ങിക്കഴിഞ്ഞാല്‍ എല്ലാം മറക്കാന്‍ കഴിയും.''
എന്തോ.... എനിക്കൊന്നും മനസ്സിലാകുന്നില്ലേ എന്റെ തേവരേ... നിന്തിരുവടി തന്നെ ശരണം.... എന്റെ കുഞ്ഞിനൊന്നും വരുത്തല്ലേ.. അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചു.
അമ്മ നെടുവീര്‍പ്പു തീര്‍ത്തുകൊണ്ട് അടുക്കളയിലേക്കു കടന്നു. ഈ ചെറുക്കനെ കൊണ്ടുപോയി ഭഗവാനെ ഒന്നു കാണിച്ചാലോ.... ഇവനു മനസ്സിനു വല്ല കുഴപ്പവും പറ്റിയോ... അതോ ഭഗവാന്റെ മായാവിലാസങ്ങള്‍ കണ്ട് അമ്പരന്നുപോയോ... ഭക്തികൂടിയാലും പിശകാണ്. അതുപോലെതന്നെ ബുദ്ധിയേറിയാലും. ... അമ്മ പലവഴിക്കു ചിന്തിച്ചു.
അമ്മ അടുക്കളയിലേക്കു പോയിക്കഴിഞ്ഞപ്പോള്‍ ബാലകൃഷ്ണന്റെ മനസ്സ് സമനിലയിലെത്തിയതായി തോന്നി. ഇന്നത്തെ തന്റെ അനുഭവങ്ങള്‍. തന്നോടും അമ്മയോടും ആശ്രമമേധാവികള്‍ ഇത്രയധികം പരിചയം നടിക്കാന്‍ കാരണം? തങ്ങള്‍ക്കു ആരെയും പരിചയമില്ല. അവര്‍ക്കെങ്ങനെ ഇങ്ങോട്ടു പരിചയമുണ്ടായി. കളക്ടറദ്ദേഹത്തിന്റെ ബന്ധുക്കള്‍ എന്ന നിലയിലായിരിക്കാം... അതോ ഭഗവാന്റെ ദിവ്യ ദൃഷ്ടികൊണ്ടോ. അദ്ദേഹത്തിനു എല്ലാവരേയും പരിചയമാണെന്നല്ലേ പറഞ്ഞത്. അതേ.... ജ്ഞാന ദൃഷ്ടി. അവിടെ സര്‍വത്രപുകമറയാണ്. കര്‍പ്പൂര ധൂമത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം. അതു മാത്രമല്ല, പിന്നെന്തൊക്കെയോ അവിടെയുണ്ട്. എല്ലാവരും മാസ്മര ശക്തിക്കു വിധേയരായതുപോലെ തങ്ങളുടെ കണ്ണുകളേ പ്പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം അവ്യക്തം. വ്യക്തമാകുമായിരിക്കാം. വ്യക്തമാക്കുവാന്‍ കാലത്തിനു മാത്രമേ കഴിയൂ.