"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

തലമുറകള്‍ :9 - ടി എച്ച് പി ചെന്താരശ്ശേരി

തെക്കേയറ്റത്തു നിന്നും വടക്കോട്ടു ഒഴുകിയകലുന്ന കപ്പലുകള്‍. വെള്ള പ്രാവുകളെപ്പോലെ തോന്നിക്കുന്ന പായ്‌കെട്ടിയ മീന്‍ വള്ളങ്ങള്‍. പടിഞ്ഞാറന്‍ തീരത്തുവെള്ളിയരഞ്ഞാണം ചുറ്റുന്ന തിരമാലകള്‍. കോവളത്തിനു മപ്പുറത്തു തലയുയര്‍ത്തി നില്ക്കുന്ന ചുവന്ന ചൊക്കന്‍ കുന്നുമല. തെക്കോട്ടു നോക്കിയാല്‍ മൂക്കുന്നിമലയ്ക്കു മപ്പുറം സഹ്യാദ്രി. കിഴക്കു അഗസ്ത്യകൂടം - പൊന്മുടിനിരകള്‍. വടക്കു കുന്നില്‍ തലപ്പുകളില്‍ തലപൊക്കി നില്ക്കുന്ന സരസ്വതി മന്ദിരങ്ങള്‍. ഇവനെയ്തു കൂട്ടുന്നനയനാഭിരാമമായ ദൃശ്യങ്ങള്‍.
പൊന്‍കുന്നിന്നരുകില്‍ ആചരിഞ്ഞ സ്ഥലത്തു കാണന്നതാണ് ബാലകൃഷ്ണന്‍ നായര്‍ പുതിയതായി വാങ്ങിയ ബംഗ്ലാവ് കടല്‍ക്കാറു വിരുന്നിനെത്തുന്ന സുന്ദരമായകുന്ന്.
താന്‍ അറിയാതെതെന്നെ പണക്കാരനായി. ബാലകൃഷ്ണന്‍ നായര്‍ക്കു അത്ഭുതം ഇനിയും വിട്ടുമാറിയില്ല. ഇതെങ്ങനെ സംഭവിക്കുന്നു. തനിക്കു നേരിയ സംശയമുണ്ട്. തന്റെ ചേട്ടന്‍ പണമയയ്ക്കുന്നു. അതു നേടുന്ന മാര്‍ഗ്ഗം? അതാണു തന്നെ അസ്വസ്ഥനാക്കുന്നത് ഒന്നും ജയദേവന്‍ സാറിനെ അറിയിക്കാന്‍ പറ്റുന്നില്ല. അറിയിക്കാന്‍ കൊള്ളുന്നതല്ല. അതുകൊണ്ടാണ് അറിയിക്കാത്തത്. അദ്ദേഹം ബുദ്ധിയുള്ളവനാണ്. യുക്തിയുക്തം ചോദ്യശരങ്ങള്‍ തൊടുത്തുവിട്ടാല്‍ തനിക്കു മൗനം അവലംബിക്കാനേ കഴിയൂ. കടന്നല്‍ കൂട്ടില്‍ കല്ലിടാതിരിക്കുന്നതാണ് തല്ക്കാലം നല്ലത്.
എന്നെങ്കിലും അദ്ദേഹം ഇതറിയാതിരിക്കുമോ. കെട്ടിടം വാങ്ങിയ കാര്യം അദ്ദേഹം അറിഞ്ഞു. അക്കാര്യം ചോദിക്കയും ചെയ്തു. ചേട്ടന്‍ അയച്ചുതന്ന പണമാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം മൂകനായിരുന്നു. അതു അദ്ദേഹം വിശ്വസിച്ചുവോ ആവോ.
ചെക്കുകള്‍ വീണ്ടും വന്നു. ആദ്യമെല്ലാം നിരസിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. തന്റെ മകന്റെ പണമാണ്. ഉപേക്ഷിക്കാന്‍ പാടില്ല. അതിനു കണക്കുണ്ട്. അവന്‍ എന്നെങ്കിലും തിരിച്ചു വരാതിരിക്കയില്ല. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പണമെല്ലാം സ്വീകരിക്കുന്നു. എങ്കിലും ആ പണം തന്റെ സ്വസ്ഥതയെ കെടുത്തുന്നില്ലേ! അതിന്റെ പിന്നില്‍ പാമ്പു പത്തിവിടുര്‍ത്തി ആടുന്നില്ലേ. അതിന്റെ മേല്‍ കഴുകന്‍ ചുറ്റിപ്പറക്കുന്നില്ലേ!
''ബാലാ... തന്റെ ചേട്ടന്‍ എവിടെയാണെന്നറിയാമോ... എന്താണ് ചേട്ടനു ജോലി? ഒരിക്കല്‍ ജയദേവന്‍ സാര്‍ ചോദിച്ചു.''എനിക്കറിയാവുന്ന വിവരമെല്ലാം ഞാന്‍ അങ്ങയെ അറിയിച്ചിരുന്നല്ലോ. ബാംഗ്ലൂരില്‍ നിന്നാണ് ബാങ്കുചെക്കുകള്‍ വരുന്നത്. മേല്‍ വിലാസമറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അന്വേഷണങ്ങളെല്ലാം വിഫലമായി.
''അപ്പോള്‍ അതിലെന്തോ ഒളിച്ചുകള്ളിയുണ്ട്. അതെന്തോ ആകട്ടെ. ബാലന്റെ ധനസ്ഥിതി മെച്ചപ്പെട്ടല്ലോ. ഇന്‍കം ടാക്‌സ് കൊടുക്കാന്‍ മറക്കരുത്.''
''അതു ഞാന്‍ കൊടുക്കുന്നുണ്ട്.''
''തല്ക്കാലം അതുമതി..... കാലിടറാതെ ജീവിക്കണമെന്നു ഉപദേശിക്കേണ്ട കാര്യമില്ല എന്നെനിക്കറിയാം. എന്നാലും....''
''അങ്ങു സംശയിക്കേണ്ട''
''സംശയമൊന്നുമില്ല.... പണം പെട്ടുത്തും പാട് തനിക്കറിഞ്ഞുകൂടാ.... അതറിയാന്‍ പോകുന്നതേയുള്ളൂ. അതുകൊണ്ട് കരുതല്‍ ആവശ്യമാണെന്നു പറഞ്ഞെന്നേയുള്ളൂ... അതിരിക്കട്ടെ.... ആ ജലജയുടെ പേരും പറഞ്ഞു പിന്നീടെന്തെങ്കിലും കുഴപ്പമുണ്ടായോ?''
ജയദേവന്‍ വിഷയം മാറ്റാന്‍ മുതിര്‍ന്നു.
ഒളിച്ചിരുന്ന ചിലര്‍ ഭീഷണിപ്പെടുത്തുണ്ട്.
''ഒരിക്കല്‍ സരിതയും പറഞ്ഞു കേട്ടു.
അദ്ദേഹം അര്‍ത്ഥം വെച്ചു പറയുന്നതുപോലെ ബാലകൃഷ്ണനു തോന്നി.
''എന്താണു സാര്‍?
ബാലകൃഷ്ണന് ആകാംക്ഷ പെരുകി.
''മറ്റൊന്നുമല്ല - മെഡിക്കല്‍ കോളേജില്‍ നിങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പലര്‍ക്കും അറിയാമെന്ന്. ചിലര്‍ അവളോടു ചോദിക്കുകയും ചെയ്തു. അവളുടെ സഹോദരനായ ബാലകൃഷ്ണനും ജലജയും തമ്മിലുള്ള ബന്ധത്തെപ്പറ്റി.
ബാലകൃഷ്ണന്‍ മറുപടി പറഞ്ഞില്ല.
''ബാലന്‍ എന്റെ മകനേപ്പോലെയാണെന്ന് കരുതണം.
''അങ്ങനെയാണു ഞാനിന്നും കരുതുന്നത്.
''എന്നാല്‍ ഞാനൊരു കാര്യം പറയാം നമുക്കു ഈ കുശുകുശുപ്പിനൊരു വിരാമമിടണം.
''എങ്ങനെ?
''വഴിയൊന്നേയുള്ളൂ.... വിവാഹം.
''ങ്‌ഹേ....
ഒരു അമ്പരപ്പു ബാലനില്‍ ദൃശ്യമായി. അദ്ദേഹം എന്താണു പറയാന്‍ പോകുന്നത്. താന്‍ ജലജയെ മറക്കണമെന്നാണോ.... അതോ താന്‍ സരിതയെ വിവാഹം ചെയ്യണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. വേറേവല്ല ആലോചനയുമുണ്ടോ... ബാലന്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു ചോദ്യ രൂപേണ നോക്കി അമ്പരക്കേണ്ട.... വിവാഹമെന്നു പറഞ്ഞാല്‍ താനെന്തിനാ അമ്പരക്കുന്നത്. അനുയോജ്യയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യണം. വിവാഹം ചെയ്യേണ്ട പ്രായമായില്ലേ തനിക്ക്.
''അതിനു?''
''വധു ആരെന്നല്ലേ.... പറയാം. കസ്തൂരിമൃഗം കസ്തൂരി തിരക്കി പരക്കം പായുന്ന കാഴ്ച രസമുള്ളതല്ലേ....''
അദ്ദേഹമെന്താണു അര്‍ത്ഥമാക്കുന്നത്. കസ്തൂരി മൃഗവും കസ്തൂരിയും. അതായത് വധു ഇവിടെത്തന്നെ ഉണ്ടെന്നല്ലേ... സരിതയെ ഉദ്ദേശിച്ചതന്നെയായിരിക്കണമല്ലോ അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കില്‍.... ആകെ കുഴഞ്ഞപ്രശ്‌നമായി. തന്റെ തലച്ചോറില്‍ അതിനു പറ്റിയ മറുപടി അയാള്‍ ചികഞ്ഞുനോക്കി. അവിടെ അവ്യക്തതയുടെ മൂടല്‍ മഞ്ഞ്.
''എന്താ താന്‍ സ്വപ്നം കാണുകയാണോ?. ... ഇതു കേള്‍ക്കൂ... സരിത പറയുന്നത്...''

അദ്ദേഹം മുഴുവനും പറയാതെ നിറുത്തിയത്. അയാളെകൂടുതല്‍ കുഴപ്പത്തിലാക്കി. വീണ്ടും അതു തന്നെയാണല്ലോ അദ്ദേഹം പറയുന്നത്. സരിതയുടെ അഭിപ്രായം എന്താണെന്നു പറയാന്‍ തുടങ്ങുകയാണോ? അങ്ങനെയെങ്കില്‍ ഡോ. സതീശന്റെ കാര്യം?
ജയദേവന്‍ തുടര്‍ന്നു.
''അവളുടെ അഭിപ്രായം ബാലന്‍ ഉടനെ വിവാഹം കഴിക്കണമെന്നാണ്.
''ങ്‌ഹേ....
''തനിക്കെന്താ ഒരു പരിഭ്രമം? ആ ജലജയില്ലേ... ആ കുട്ടിയെ താന്‍ വിവാഹം കഴിക്കണം... എന്താ?
''ജലജയെയോ... അതു നടക്കുമോ സാര്‍?
''എന്തുകൊണ്ടില്ല.... തനിക്കു സമ്പത്തില്ലേ....
വകതിരിവുള്ള സഹോദരനുള്ള പെണ്‍കുട്ടി ഭാഗ്യവതിയാണ്. അയാളെ തന്റെ അളിയ നായികിട്ടുന്നതും ഒരു ഭാഗ്യമാണ്.
അതു ശരിയായിരിക്കാം. അതല്ല കാര്യം? ജാതിയും മതവും അല്ലേ.... അവ ഒരു മൂലയ്ക്കിരുന്നു കൊള്ളും സമ്പന്നവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍.
അതിനുള്ളപോംവഴി?
അതു ഞാന്‍ നേരത്തേ പറഞ്ഞിരുന്നതല്ലേ....
അടുത്തുതന്നെ ഞാന്‍ ഡോ. ജയിംസിനെ കാണും. അപ്പോള്‍ പോംവഴികളെപ്പറ്റി ആലോചിക്കാം.
എല്ലാം അങ്ങയുടെ കാരുണ്യം.
എടോ അങ്ങനെ വിചാരിക്കരുതെന്നു പറഞ്ഞിട്ടില്ലേ.... ആരുടേയും കാരുണ്യമൊന്നുമില്ല.... ചിലകര്‍ത്തവ്യങ്ങള്‍ മാത്രം. മനുഷ്യന്‍ എന്ന നിലയില്‍ മനുഷ്യനുണ്ടാക്കുന്ന ചില ബന്ധങ്ങളുടെ പേരില്‍ അല്ലാതൊന്നുമല്ല.
തന്റെ ചേട്ടനെപ്പറ്റി ചിന്തിച്ചു അസ്വസ്ഥമായിരുന്ന ഹൃദയം തെല്ലൊന്നു ശാന്തമായി. കടലിരമ്പുകയായിരുന്നു. തിരമാലകള്‍ ശമിച്ചുവെന്നു മാത്രം. അടിയൊഴുക്കുകള്‍ നിലച്ചിട്ടില്ല.
ജലജയുടെ ബന്ധുക്കള്‍ സമ്മതിക്കുമോ? അതൊരു ചോദ്യചിഹ്നമായി നിലനില്ക്കുന്നു.
രംഗത്തേക്കു മാധുരികടന്നു വന്നു. എന്തോ പറയാനുള്ള ഭാവമുണ്ട്. അവര്‍ അനുവാദം കാത്തുനിന്നു.
എന്താ മാധുരി. എന്തോ പറയാനുള്ളതുപോലെ.... അദ്ദേഹം ഭാര്യയുടെ ഇംഗിതം മനസ്സിലാക്കിയതു പോലെ ചോദിച്ചു.
ഞാന്‍ പറയാന്‍ മറന്നുപോയ ഒരു കാര്യമാണ്. ബാലന്‍ വന്നപ്പോഴാണ് അതോര്‍ത്തത്.
എന്താ കാര്യം കേള്‍ക്കട്ടെ
ബാലനും അമ്മയും ആശ്രമത്തില്‍ പോയിരുന്നതായി അറിഞ്ഞു.
അതേ... ഒരിക്കല്‍ പോയിരുന്നു. അതുവളരെ മുമ്പാണ്. ബാലന്‍ പറഞ്ഞു.
ഈയിടെയെങ്ങും പോകാറില്ലേ?
ഇല്ല... ചിലപ്പോള്‍ അമ്മ മാത്രം പോകും കൂട്ടിനു ആരെയെങ്കിലും കൂടെ വിടും.
ബാലന്‍ എന്താ പോകാത്തത്.
അയാള്‍ പെട്ടെന്നു മറുപടി പറഞ്ഞില്ല. പറയാനുള്ള വാക്കുകള്‍ക്കു വേണ്ടി മനസ്സു പരതുകയാണ്.
ആ അന്തരീക്ഷം എനിക്കു പിടിക്കുന്നില്ല. ആദ്യ ദിവസം തന്നെ എനിക്കു മടുത്തു.
ബാലന്റെ അതൃപ്തിയില്‍ പൊതിഞ്ഞ വാക്കുകള്‍ ചോദ്യ ചിഹ്നം പോലെ അന്തരീക്ഷത്തില്‍ തങ്ങി നിന്നു.
കഴിഞ്ഞ ദിവസം താടിയും മുടിയും വളര്‍ത്തിയ ഒരാള്‍ ഇവിടെ കയറി വന്നു. ഇദ്ദേഹം ഇവിടില്ലായിരുന്നു. മാധുരി പെട്ടെന്നു പറഞ്ഞു.
ആരായിരുന്നു അത്?.... അക്കാര്യം എന്നോടു പറഞ്ഞില്ലല്ലോ....
അദ്ദേഹം പരിഭവിച്ചു.
ഓ... ഓര്‍ത്തില്ലെന്നേയുള്ളൂ.... അയാള്‍ ഒരു പ്രത്യേക കാര്യം പറഞ്ഞു.... ഒരിക്കലെങ്കിലും നമ്മള്‍ ആശ്രമം വരെ ചെല്ലണമെന്ന്.
ഓ.... അതാണു കാര്യം. എന്താ ഭക്തി ഇന്‍ജെക്ട് ചെയ്യാനായിരിക്കും.
അങ്ങേക്കു ഭക്തിയില്ലെന്നു വിചാരിച്ച്.... എനിക്കു ഭക്തിയില്ലാതാകണോ... ഞാന്‍ ഈശ്വര വിശ്വാസിയാണ്.
എങ്കില്‍ പള്ളിയില്‍ തന്നെ പോകാമായിരുന്നല്ലോ.... വ്യക്തിസ്വാതന്ത്ര്യത്തില്‍ ഒരു കൈകടത്തലുമില്ല. അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു.
അങ്ങനെ ആഗ്രഹമില്ല.... ഒരിക്കല്‍ പള്ളിയുടെ പടിയടച്ചു പുറത്തു കടന്നവരാണ് ഞങ്ങള്‍. അങ്ങേയ്ക്കു അതു അറിയുകയും ചെയ്യാം.
പിന്നെ ഇപ്പോള്‍?
ചിലര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ വിശ്വസിക്കാതിരിക്കാനൊക്കുമോ. അനുഭവത്തില്‍ നിന്നു മനസ്സിലാക്കുകയും ചെയ്യാം.
അത്രയും വേണോ.
അങ്ങേയ്ക്കു ഇഷ്ടമില്ലെങ്കില്‍....
അതുവേണ്ട.... താല്പര്യമുണ്ടെങ്കില്‍ ഒരിക്കല്‍ അവിടെ വരെ പോകുന്നതില്‍ എനിക്കെതിരില്ല. തനിച്ചു പോകേണ്ടിവരുമെന്നുമാത്രം. കൂട്ടിനു അമ്മൂമ്മയും വരും. ഞാന്‍ വരുന്നതു നന്നല്ല. എന്നാല്‍ ഇന്നു തന്നെ ആയാലോ?
മാധുരിയുടെ ആഗ്രഹ പ്രകടനം
ആകട്ടെ... പക്ഷേ വളരെ രഹസ്യമായിട്ടുവേണം പോകാന്‍. ഒരു ടാക്‌സി പിടിച്ചു പോയാല്‍ മതി. ഇവിടെ നിന്നാണെന്നു അറിയേണ്ട. രഹസ്യമായി രണ്ടു പോലീസുകാരെ നേരത്തേവിട്ടേക്കാം. തിരികെ പോരാന്‍ കാര്‍ അയയ്ക്കുകയും ചെയ്യം..... എന്താ....
ബാലന്‍ ഈ വിവരം ആരോടും പറയേണ്ട....
ഇല്ല... വിശ്വസ്തനും സത്യസന്ധനുമായി ജീവിക്കാനാണ് അങ്ങെന്നെ പഠിപ്പിച്ചത്. അങ്ങേയ്ക്കു എന്നെ വിശ്വസിക്കാം.
ശരി
എനിക്കൊരത്യാവശ്യ കാര്യമുണ്ട്. മാര്‍ക്കറ്റു വഴി പോവുകയും വേണം.
ധൃതിയുണ്ടെങ്കില്‍ ആകാം.
ബാലന്‍ പടിയിറങ്ങിനടന്നു മറഞ്ഞു.
ഇവിടെ വന്നിരിക്കുന്നതു ആരാണെന്നു മാധുരിക്കറിയാമോ?
ഇല്ല.... അങ്ങേയ്ക്കറിയാമോ?
അറിയാം... ഞാന്‍ ചിലതെല്ലാം രഹസ്യമായി അന്വേഷിക്കുന്നുണ്ട്. ആആശ്രമവുമായി ബന്ധപ്പെട്ടവരെപ്പറ്റി.
എന്നിട്ടു?
ആ താടിയും മുടിയും വച്ചയാള്‍ ആരാണെന്നറിയണ്ടേ... അയാള്‍ എന്റെ ഒരു ആ ജന്മശത്രുവാണ്.
എന്താണ് അങ്ങീപ്പറയുന്നത്.
എനിക്കുണ്ടായിട്ടുള്ള ദുരിതങ്ങളുടെയെല്ലാം പിന്നില്‍ അയാളുണ്ട്. ഇപ്പോള്‍ ആശ്രമത്തിന്റെ സ്റ്റിയറിംഗ് അയാളുടെ കയ്യിലാണ്. അയാളാണ് ആതുര സേവാ സംഘത്തിന്റെ കാര്യദര്‍ശി.
എങ്കില്‍....
മാധുരി പിന്നോട്ടു വലിയുന്ന ലക്ഷണം കാണിച്ചു.
എന്താ പറയൂ...
ജയദേവന്‍ പ്രോത്സാഹിപ്പിച്ചു.
അതൊരുശൂഢ സംഘമാണെങ്കില്‍ ഞാന്‍ പോകുന്നില്ല.
പോകേണ്ടെന്ന് ഞാന്‍ പറഞ്ഞില്ല. ആ സ്ഥാപനത്തിന്റെ ചരടു വലിക്കുന്നവരില്‍ ചില സ്ഥാപിത താത്പര്യക്കാരുമുണ്ട്. അക്കാര്യം പറഞ്ഞെന്നേയുള്ളൂ. അവരുടെ ഏജന്റ്മാര്‍ നാടുനീളേ സഞ്ചരിച്ചു ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
എന്തിനാണത്?
മാധുരിയുടെ ജിജ്ഞാസ വര്‍ദ്ധിച്ചു.
ഭഗവാനെ സന്ദര്‍ശിക്കുവാന്‍ മുന്‍കൂട്ടി സമയവും സന്ദര്‍ഭവും തേടണം. അങ്ങനെ മേല്‍വിലാസം അവരുടെ കൈവശം കിട്ടുന്നമാത്രയില്‍ ഏജന്റ്മാര്‍ രഹസ്യമായി മേല്‍വിലാസക്കാരെപ്പറ്റി അന്വേഷിക്കുന്നു. അവരുടെ ഫോട്ടോയും എങ്ങനെയെങ്കിലും എടുക്കുകയും ചെയ്യും.
അതാണു കാര്യം.
അതേ കെണിയില്‍ എന്നെ വീഴ്ത്താന്‍ അവര്‍ പല അടവുകളും പ്രയോഗിച്ചു. ഒന്നും വിജയിച്ചില്ല. അങ്ങനെ മാധുരിയെ ഇപ്പോള്‍ കരുവാക്കാന്‍ ശ്രമിക്കയാണ്. സ്ത്രീ സഹജമായ ഹൃദയദൗര്‍ബല്യം ചൂഷണം ചെയ്യാന്‍.
അയ്യോ.... അങ്ങനെ പറയരുതേ.... ഈ ഗൂഢാലോചനകള്‍ വല്ലതും എനിക്കറിയാമോ.... ഇനിയും കരുതലോടെ ഇരുന്നാല്‍ മതിയല്ലോ.
മാധുരിക്കു ഒരു കുറ്റബോധം ഉണ്ടായതുപോലെ.
ആ ഭഗവാനെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?
അഭിപ്രായമുണ്ട്. ഇപ്പോള്‍ പറയാന്‍ പറ്റുകയില്ല. കുറേ കഴിയട്ടെ. കാത്തിരുന്നു മനസ്സിലാക്കുന്നതാണ് നല്ലത്.
ജയദേവന്‍ സംഭാഷണത്തിനു വിരാമമിട്ടുകൊണ്ട് വാച്ചിലേക്കു നോക്കി. അപ്പോള്‍ ഡി.എസ്.പി യുടെ കാറിന്റെ ഹോണ്‍ കേട്ടു. അദ്ദേഹം താഴത്തെ നിലയിലേക്കിറങ്ങിച്ചെന്നു. അവര്‍ രഹസ്യമായി എന്തോ സംസാരിച്ചു. കുറച്ചു കടലാസ്സു കഷണങ്ങള്‍ അദ്ദേഹത്തെ ഏല്പിച്ചിട്ടു ഡി.എസ്.പി. കാറില്‍ കയറി സ്ഥലംവിട്ടു.