"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

സ്വാമി അച്ചുതാനന്ദും ഉത്തര്‍പ്രദേശിലെ നവോത്ഥാന സമരങ്ങളുടെ തുടക്കവും - സുരേഷ് മാനെ

അച്ചുതാനന്ദ് 
1910 ന്റേയും 1920 ന്റേയും ആദ്യഘട്ടങ്ങളില്‍ നടന്ന സംഭവവികാസങ്ങളിലൂടെ ഉത്തര്‍പ്രദേശില്‍ അയിത്ത ജാതിക്കാരുടെ പ്രസ്ഥാനത്തിന് വേരുകളു ണ്ടായി. ഉത്തര്‍പ്രദേശില്‍ തങ്ങളുടെ പദവി പുനര്‍ നിര്‍വ്വചിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിച്ച ആദ്യ ദളിത് സമുദായം ചമാറു കളായിരുന്നു. ജാതി വ്യവസ്ഥയ്‌ക്കെ തിരെയും സമത്വത്തിനനു കൂലവുമായ ആശയങ്ങള്‍ പൊതു യോഗങ്ങളിലൂടെയും പ്രകടന ങ്ങളിലൂടെയും പ്രചരിപ്പിച്ചുകൊണ്ട് 1920കളില്‍ ചമാര്‍മഹാസഭ ഗ്രാമപ്രദേശത്തും നഗരപ്രദേശത്തുമുള്ള തങ്ങളുടെ സമുദായങ്ങളെ സംഭരിച്ചു തുടങ്ങി. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട തുടങ്ങിയത് 1922-ല്‍ മീററ്റ്, മൊറാദാബാദ്, ബുന്ദേശ്വര്‍, ബദൗന്‍, ബിജ്‌നൂര്‍, ബറേലി, പിലിഭിട്ട്, ആഗ്ര, അലിഗര്‍ എന്നീ ജില്ലകളിലായിരുന്നു. 1923-24 കാലഘട്ടമായപ്പോഴേയ്ക്കും മറ്റു ജില്ലകളായ സഹാറന്‍പൂര്‍, ഇറ്റ, ഇറ്റാവ, മയിന്‍പുരി, മഥുര, ഡെറാഡൂണ്‍ ലക്‌നൗ, ഉന്നാവേ, ഖേരി സുല്‍ത്താന്‍പൂര്‍, പ്രതാപ്നഗര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും, അതുപോലെ കിഴക്കന്‍ യു.പിയിലെ ജില്ലകളായ ബനാറസ്, ജാന്‍പൂര്‍, ബസ്തി, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ചമാര്‍ പ്രക്ഷോഭങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചു തുടങ്ങി. പ്രസ്ഥാനത്തിന്റെ ഗതിവേഗം നിലനിര്‍ത്തുന്നതിനായി തുകല്‍പ്പണി, ഗോമാംസ ഭക്ഷണം, മദ്യപാനം തുടങ്ങിയ അശുദ്ധിവരുത്തുന്ന പ്രവൃത്തികള്‍ ഉപേക്ഷിക്കുകയും ഒരു സസ്യാഹാരക്രമം കൊണ്ടുവരിക തുടങ്ങി നിരവധി പരിപാടികള്‍ ചമാര്‍ സംഘടനകള്‍ സ്വീകരിച്ചു. 1927-ല്‍ യു.പി.യിലെ ആദി ഹിന്ദു മഹാസഭാ നേതാക്കള്‍, ചിതറിക്കിടക്കുന്ന എല്ലാ ദളിത് ജാതികളേയും ഒന്നിപ്പിക്കുന്നതിനുവേണ്ടി കൂടുതല്‍ ഉള്‍ക്കൊള്ളല്‍ ശേഷിയുള്ള 'അച്ചുത്''അഥവാ അസ്പൃശ്യം'എന്ന അസ്തിത്വത്തിനായി അവകാശവാദമുന്നയിച്ചു. 1927 ഡിസംബര്‍ 27, 28 എന്നീ തീയതികളില്‍ അലഹബാദില്‍ വച്ചു നടന്ന സമ്മേളനത്തില്‍ മഹാസഭ അതിന്റെ അജണ്ട പ്രഖ്യാപിച്ചു. യു.പിയില്‍ നിന്നുള്ള 25,000 ദളിതര്‍ പങ്കെടുത്ത ആ സമ്മേളനം ആദ്യ ആദി-ഹിന്ദു സമ്മേളനമായി പ്രഖ്യാപിക്കപ്പെട്ടു. പഞ്ചാബ്, ബീഹാര്‍, ഡല്‍ഹി, മധ്യേന്ത്യന്‍ പ്രവിശ്യകള്‍, പൂനാ, ബംഗാള്‍, മദ്രാസ്, ഹൈദ്രാബാദ് എന്നവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എല്ലാ അയിത്ത ജാതിക്കാരുടേയും പ്രസ്ഥാനമായി ആദിഹിന്ദു മഹാസഭ വിശേഷിപ്പിക്കപ്പെടുകയും സ്വാമി അച്ചുതാനന്ദിനെ അതിന്റെ യഥാര്‍ത്ഥ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആദി ഹിന്ദു പ്രസ്ഥാനത്തിന്റെ ശബ്ദമായ സ്വാമി അച്ചുതാനന്ദ് (1879-1933) ജാതി-വര്‍ണ്ണ സംസ്‌ക്കാരത്തെ നിന്ദിക്കുകയും എല്ലാ മനുഷ്യജീവികളുടേയും സമത്വത്തില്‍ വിശ്വസിക്കുകയും ചെയ്തു. 1930-32 കാലയളവില്‍ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തിന്റെ കാലഘട്ടത്തില്‍ വടക്കേ യിന്ത്യയില്‍, പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍ ഡോ. അംബേദ്ക്കര്‍ക്ക് അനുകൂലമായി ജനവികാരത്തെ സമാഹരിക്കുന്നതിനും അയിത്ത ജാതിക്കാരുടെ നേതാവാണെന്ന ഗാന്ധിജിയുടെ അവകാശവാദത്തെ എതിര്‍ക്കുവാനും മുന്‍പന്തിയില്‍ നിന്നത് സ്വാമിയായിരുന്നു. ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിന്റെ മേല്‍ക്കോയ്മയേയും അനുശാസന ങ്ങളേയും ആദി-ഹിന്ദു പ്രസ്ഥാനം നിരാകരിച്ചു. അച്ചുതാനന്ദിന്റെ സിദ്ധാന്തപ്രകാരം ആര്യന്മാര്‍ ഭാരത്തിലേയ്ക്ക് അതിക്രമിച്ചു കയറുകയും ഇവിടുത്തെ ആദിമനിവാസികളെ അടിമകളാക്കുകയും ചെയ്തശേഷം അനാര്യന്മാര്‍ക്ക് ശൂദ്രനെന്ന നാമം ചാര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്. അച്ചുത്'എന്ന അസ്തിത്വത്തിന് പ്രാധാന്യം കൊടുക്കുന്നതിലൂടെ ഡോം, മേത്തര്‍, പാസി, ലാല്‍ബഗീ, ധനൂക്, കോരി, ചമാര്‍ തുടങ്ങിയ ദളിത് ജാതികള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് ആദി ഹിന്ദുമഹാസഭ പ്രതീക്ഷിച്ചു. ആദിഹിന്ദു എന്ന പേരില്‍ ഹിന്ദിയില്‍ ഒരു വര്‍ത്തമാനപത്രവും സ്വാമി അച്യുതാനന്ദ് പ്രസിദ്ധീകരിച്ചിരുന്നു. ദളിത് സംഘടനകള്‍, പ്രത്യേകിച്ചും ആഗ്രയിലെ ജാട്ടവ മഹാസഭ, അലഹ ബാദിലെ രവിദാസ് മഹാസഭ, കാണ്‍പൂരിലെ കുരീല്‍ മഹാസഭ, ചമാര്‍ മഹാസഭ, കുമയൂണ്‍ ശില്‍പാകര്‍ മഹാസഭ തുടങ്ങിയവ പിന്നീട് ഡോ. അംബേദ്ക്കറുടെ പ്രസ്ഥാനത്തിനാവശ്യമായ സാമൂഹ്യ സാഹചര്യം സൃഷ്ടിച്ചു.


ഭാഗ്യറെഡ്ഡിവര്‍മ്മ
ഇന്നത്തെ മഹാരാഷ്ട്രയുടേയും ആന്ധ്രാ പ്രദേശിന്റേയും ചില ഭാഗങ്ങളുള്‍ക്കൊള്ളുന്ന പഴയ ഹൈദ്രാബാദ് രാജ്യത്ത് അയിത്തജാതിക്കാരില്‍ സാമൂഹ്യാവബോധം സൃഷ്ടിക്കുന്നതിനാ വശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്, എം.പി.ഭാഗ്യറെഡ്ഡി വര്‍മ്മ, ബി.എസ്. വെങ്കട്ടറാവു, ശ്യാംസുന്ദര്‍, വിപ്ലവ കവി ജോഷ്വ, അരിഗൈ രാമസ്വാമി തുടങ്ങിയവരാ യിരുന്നു.14 അയിത്തജാതിക്കാരില്‍ ഏറ്റവും താഴ്ന്ന ജാതിയായ മാല സമുദായത്തില്‍പ്പെട്ട എം.വി ഭാഗ്യറെഡ്ഡി വര്‍മ്മ (1888-1939) യാണ് ഹൈദ്രാബാദിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താ ക്കളില്‍ മുമ്പന്‍, 1906-ല്‍ വര്‍മ, ജഗന്‍ മിത്രമണ്ഡല്‍ സ്ഥാപിക്കുകയും അയിത്തജാതിക്കാരില്‍ ഉണര്‍വ്വു ജനിപ്പിക്കാ നുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് 1912-ല്‍ അദ്ദേഹം 'മാന്യസമാജം' എന്ന ഒരു സംഘടനരൂപീകരി ക്കുകയും പിന്നീടത് 'ആദി ഹിന്ദു സോഷ്യല്‍ സര്‍വ്വീസ് ലീഗ് ഓഫ് ഹൈദ്രാബാദ്' എന്നു പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. താഴ്ന്ന വര്‍ഗ്ഗക്കാരിലുള്ള അദ്ദേഹത്തിന്റെ സ്വാധീനത കാരണം 1917-ല്‍ ബേസ്‌വാഡയില്‍ വച്ചു നടന്ന ആന്ധ്രാ പഞ്ചമ കോണ്‍ഫറന്‍സിന്റെ ആദ്യ യോഗത്തിലും 1919-ല്‍ മസൂലിപ്പട്ടണത്തു നടന്ന യോഗത്തിലും അധ്യക്ഷ പദവിയലങ്കരിച്ചുവെന്ന ബഹുമതി അദ്ദേഹത്തിനായിരുന്നു. 1925-ല്‍ അനന്ത്പൂറില്‍ നടന്ന സമ്മേളനത്തില്‍ വച്ച് അദ്ദേഹത്തെ ആദി ആന്ധ്ര കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.


വെങ്കട്ടറാവു
അക്കാലത്ത് ഹൈദ്രാബാദ് സ്റ്റേറ്റിലുള്ള മുഴുവന്‍ ആദിഹിന്ദു ക്കളുടേയും നേതൃത്വം ഭാഗ്യറെഡ്ഡി അവകാശപ്പെട്ടു വെങ്കിലും, ആദി ഹിന്ദുക്കള്‍ക്കിട യിലുള്ള ഉപജാതി ഭിന്നതകളെ ഇല്ലായ്മ ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സമീപനം പരാജയപ്പെട്ടു. ഈ പരാജയം കാരണം മാഡിഗ ഉപജാതിയിലെ ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുവാന്‍ വിസമ്മതിച്ചു. എന്നാല്‍ റെഡ്ഡിയുടെ സമകാലികനും മാല ജാതിക്കാരനുമായ അരിഗെ രാമസ്വാമി എല്ലാ ജാതികളുടേയും ഉപജാതികളുടേയും പരിവര്‍ത്തന ത്തിനുവേണ്ടി വാദിച്ചു. ഇതിന്റെ ഫലമായി സെക്കന്തരാബാദില്‍ അരുന്ധതിയാര്‍ (പാദരക്ഷ നിര്‍മ്മിക്കുന്ന ജാതി) മഹാസഭ രൂപീകരിക്കപ്പെട്ടു.


ശ്യാംസുന്ദര്‍
മറ്റൊരു ആദ്യകാല പരിഷ്‌ക്കര്‍ത്താവായ ബി.എസ്. വെങ്കിട്ടറാവു, ഡോ. അംബേദ്ക്കറുടെ പരിശ്രമങ്ങളില്‍ അത്യന്തം ആകൃഷ്ടനായി. ഹിന്ദുവലയത്തിനകത്തു നിന്നും അയിത്തജാതി സമൂഹത്തെ പുറത്തുകൊണ്ടു വരുവാനുള്ള ഡോ. അംബേദ്ക്ക റുടെ ദൗത്യത്തെ അംഗീകരിക്കുകയും പിന്‍താങ്ങു കയും ചെയ്ത വ്യത്യസ്തനായൊരു നേതാവായിരുന്നു അദ്ദേഹം. അതിനുവേണ്ടി അദ്ദേഹം 'യൂത്ത് ലീഗ് ഓഫ് അംബേദ്കറൈറ്റ്‌സ്' രൂപീകരിച്ചു. അതിന്റെ പരിണിതഫലമായി, 1936 മേയ് 30 ന് മതപരിവര്‍ത്ത നവിഷയം ചര്‍ച്ച ചെയ്യാന്‍വേണ്ടി ബോംബെയില്‍ സംഘടിപ്പിച്ച ബോംബെ പ്രവിശ്യയിലെ മഹര്‍ സമ്മേളനത്തില്‍ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയെന്ന അപൂര്‍വ്വമായ ബഹുമതി അദ്ദേഹത്തില്‍ അര്‍പ്പിതമാവുകയും ചെയ്തു.

അയിത്തജാതിക്കാരുടെ ദുര്‍വ്വിധിക്കെതിരെയും അവരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെയും തൂലിക ചലിപ്പിച്ച രാജമുന്‍ട്രിയിലെ ആയുര്‍വേദ ഡോക്ടറും തെലുങ്കിലെ പ്രസിദ്ധനായ ദളിത് കവിയുമാണ് കുസുമ ധര്‍മ്മണ്ണ (1884-1946). പീതപുരത്തെ മഹാരാജാവിന്റെ സഹായത്തോടെ 1912-ല്‍ അദ്ദേഹം ദളിത് വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനു മാത്രമായി ഒരു ഹോസ്റ്റല്‍ തുറന്നു. 1920-ല്‍ യെര്‍ളുവില്‍ നടന്ന ആദ്യ ആന്ധ്ര ദളിത് സമ്മേളനത്തില്‍ അദ്ദേഹം ആധ്യക്ഷം വഹിച്ചു. 1921-ല്‍ അദ്ദേഹം തന്റെ പ്രസിദ്ധമായ 56 കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു. അതിലൂടെ അദ്ദേഹം ശക്തിയായി വാദിച്ചത് 'ജാതിവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം, അയിത്തം തുടരുന്നിടത്തോളം ഞങ്ങള്‍ കറുത്ത ദോറുകളാല്‍ ഭരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു. 1933-ല്‍ 108 പദ്യങ്ങളുളള അദ്ദേഹത്തിന്റെ മറ്റൊരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ദലിത് സാഹിത്യരംഗത്ത് അതൊരു നാഴികകല്ലായിരുന്നു. 'കേള്‍ക്കു ഓ ദലിതരേ' എന്ന ഒരഭ്യര്‍ത്ഥന യോടുകൂടിയായിരുന്നു എല്ലാ കവിതകളും അവസാനിച്ചിരുന്നത്. ദലിതരെ ഉദ്ബുദ്ധരാക്കുന്നതിനായി 1937-ല്‍ അദ്ദേഹം 'ജയശേരി' എന്ന ഒരു തെലുങ്ക് ആഴ്ചപ്പതിപ്പ് ആരംഭിച്ചു. 1945-ല്‍ അദ്ദേഹം ക്ഷേത്രപ്രവേശന പ്രക്ഷോഭവും ആരംഭിച്ചു. തന്റെ സാഹിത്യസംഭാവനകളെ കൂടാതെ കുസുമ ധര്‍മ്മണ്ണ തുടക്കത്തില്‍ 'ജസ്റ്റിസ് പാര്‍ട്ടി'യില്‍ ചേരുകയും എന്നാല്‍ പീന്നീട് ഡോ. അംബേദ്ക്കറുടെ ഉറച്ച അനുയായിയായിമാറുകയും ചെയ്തു. 1944-ല്‍ ഡോ. അംബേദ്ക്കറുടെ ആന്ധ്ര പര്യടനവേളയില്‍ അദ്ദേഹവും ഭാഗ്യവര്‍മ്മയും ഡോ. അംബേദ്ക്കര്‍ക്കൊപ്പം യാത്രചെയ്തു. 1946 ലെ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിനിടെ ഡിസംബറില്‍ അദ്ദേഹം അന്തരിച്ചു.

ഹൈദ്രാബാദ് സ്റ്റേറ്റില്‍ നൈസാമിന്റെ ഭരണം കാരണം, നൈസാമിന്റെ അധീന പ്രദേശങ്ങളില്‍ തന്റെ പ്രസ്ഥാനം കെട്ടിയുയര്‍ത്താന്‍ ഡോ. അംബേദ്ക്കര്‍ക്കു കഴിഞ്ഞിരുന്നില്ല, എങ്കില്‍പ്പോലും ഒരു പിടി നിശ്ചയദാര്‍ഢ്യമുള്ള അനുയായികള്‍ അദ്ദേഹത്തിന് തീര്‍ച്ചയായും അവിടെയുമുണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ അമൃത്‌നാഗ്മഹര്‍ ഗുജറാത്തിലെ വീര്‍മേഘ്മായ എന്നീ രണ്ടു മഹാന്മാരായ ദലിതരുടെ കൊലപാതകത്തിന് പന്ത്രണ്ടാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. മുന്‍കാലങ്ങളില്‍ മുസ്ലീം ഭരണാധികാരികള്‍ അയിത്തജാതിക്കാരെ സൈന്യത്തില്‍ പ്രവേശിപ്പിക്കുകയും അവരുടെ ധൈര്യത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള അമൃത്‌നാഗ് മഹര്‍, പന്ത്രാണ്ടാം നൂറ്റാണ്ടില്‍ ബീഹാറിലെ മുസ്ലീം രാജാവിനെ സേവിച്ചിരുന്ന ധൈര്യശാലിയായ ഒരു ദലിത് സൈനികനാ യിരുന്നു. രാജ്യത്തിനോടുള്ള തന്റെ സുദീര്‍ഘവും കാര്യക്ഷമവുമായ സേവനത്തെ മാനിച്ച് എ.ഡി. 1129-ല്‍ അമൃത്‌നാഗിനും തന്റെ മഹര്‍ സമുദായത്തിലുള്ള അംഗങ്ങള്‍ക്കും 52 അവകാശങ്ങളടങ്ങിയ ഒരു അവകാശപത്രം അനുവദിക്കപ്പെട്ടു. ഉയര്‍ന്ന ജാതിക്കാര്‍ക്കായി തങ്ങള്‍ ചെയ്തു കൊടുക്കുന്ന സേവനങ്ങള്‍ക്ക് ചെറിയ ഒരു തുക (ബുലാട്ട) ഈടാക്കാനുള്ള അനുവാദവും അതിലുള്‍പ്പെട്ടിരുന്നു.

അതുപോലെ, അതേ കാലഘട്ടത്തില്‍ ഗുജറാത്തില്‍ മഹാരാജാ സിദ്ധരാജ് ജയ്‌സീ (ഗുജറാത്തിലെ പട്ടാന്‍) യുടെ ഭരണകാലത്ത് ഒരു അയിത്ത ജാതിക്കാരനും പുറംജാതിക്കാരുടെ വീറുറ്റ നേതാവുമായ വീര്‍ മേഘ്മായ, ഗ്രാമത്തിനകത്തു താമസിക്കുവാനുള്ള അവകാശം തുടങ്ങിയ അയിത്തജാതിക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സ്വന്തം ജീവിതം ഹോമിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഇനിയൊരു കഥയുള്ളത് പട്ടാണിലെ ഒരു പൊതു തടാകത്തിലെ ജലത്തില്‍ സ്വയമേവ മരണത്തിനു കീഴടങ്ങിയെന്നാണ്. എന്നാല്‍ എല്ലാ വശങ്ങളും കണക്കിലെടുത്തു കൊണ്ടുള്ള മറ്റൊരു പാഠഭേദമുള്ളത് തന്റെ കലാപവീര്യം കാരണം അദ്ദേഹത്തെ കൊലപ്പെടുത്തുകയാണുണ്ടായത്.
-----------------------------------------------------
പരിഭാഷ: യു പി അനില്‍കുമാര്‍