"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

കറുപ്പന്റെ പ്രവര്‍ത്തനശൈലി - ദളിത്‌ ബന്ധു എന്‍ കെ ജോസ്


പണ്ഡിറ്റ് കറുപ്പന്‍ ഒരു കവി മാത്രമായിരുന്നില്ല. ഒരു സാമൂഹ്യ പ്രവര്‍ത്തകനും നവോത്ഥാന നായകനും വിപ്ലവകാരിയുമെല്ലാ മായിരുന്നു. അതിനിടയ്ക്ക് അദ്ദേഹം സമുദായ പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. അതെല്ലാം ചെയ്തത് ഒരു പ്രത്യേക രീതിയിലാണ്. ഒരു കറുപ്പന്‍ ശൈലിയായിരുന്നു അത്. ഇവിടെ വിപ്ലവ കാരികള്‍ പലരുമുണ്ടായിട്ടുണ്ട്. ഒരോരുത്തരും ഓരോ ശൈലിയിലാണ് പ്രവര്‍ത്തിച്ചത്. കണ്ണാടി പ്രതിഷ്ഠ നടത്തി, തലേക്കെട്ടുമായി മാത്രം ദേവാലയത്തില്‍ പ്രവേശിക്കണം അതായിരുന്നു വൈകുണ്ഠ സ്വാമി കളുടെ ശൈലി. ശിവലിംഗ പ്രതിഷ്ഠ നടത്തി,

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'

എന്ന് എഴുതിവച്ചതാണ് നാരായണഗുരുവിന്റെ ശൈലി. പിന്നെ നാടിന്റെ നാനാഭാഗങ്ങളിലും ശിവപ്രതിഷ്ഠ നടത്തി.1 ആറുഡസന്‍ പ്രതിഷ്ഠ നടത്തിയെങ്കിലും ഒരിടത്തെങ്കിലും ആര്യദൈവങ്ങളായ രാമനെയോ കൃഷ്ണനെയോ പ്രതിഷ്ഠിക്കാതെ എല്ലാം ശിവമയമാക്കിയ2 നാരായണ ഗുരുവിന്റെ ശൈലിയില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു അയ്യന്‍കാളി ശൈലി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു ക്ഷേത്ര ത്തില്‍ ദര്‍ശനം നടത്താതെ, അനുയായികളെ അതിനു പ്രേരിപ്പിക്കാതെ, അവകാശങ്ങളെ ബലമായി പിടിച്ചു വാങ്ങിയ അയ്യന്‍കാളി ശൈലി വേറൊന്നാണ്.3 ബൈബിള്‍ കത്തിച്ച യോഹന്നാന്റെ ശൈലി മറ്റൊന്നാണ്. അങ്ങനെ കറുപ്പന്‍ മാസ്റ്റര്‍ക്കും ഒരു പ്രത്യേക ശൈലി യുണ്ടായിരുന്നു. എന്നാല്‍ ഈ അഞ്ചു മഹാപ്രതിഭാ ശാലികളുടെയും (പഞ്ചമഹാ ജ്ഞാനികള്‍) ലക്ഷ്യം ഒന്നായിരുന്നു. അധ:സ്ഥിതരുടെ ഉന്നമനം. അവരെ മനുഷ്യരാക്കുക. പക്ഷെ അവര്‍ ഓരോരുത്തരും ഓരോ പ്രത്യേക ശൈലിയിലാണ് അതിനു വേണ്ടി പ്രവര്‍ത്തിച്ചത്.

2 ആദ്യം വിദ്യാഭ്യാസത്തിനുവേണ്ടിയും പിന്നെ ജോലിക്കായും കറുപ്പന് എറണാകുളത്തു തന്നെ സ്ഥിരമായി താമസിക്കേണ്ടി വന്നു. അക്കാലത്ത് ചേരാനെല്ലൂരില്‍ നിന്നും എന്നും എറണാകുളത്ത് എത്തിച്ചേരുക എന്നത് ദുര്‍ഘടമായ ഒരു യാത്രയായിരുന്നു. അതിനാല്‍ അദ്ദേഹം എറണാകുളത്ത് ഒരു വാടക കെട്ടിടത്തില്‍ താമസിച്ചു. അതിന് അദ്ദേഹം സാഹിതീകുടീരം എന്ന പേരു നല്‍കി. അദ്ദേഹം പിന്നെ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റിയപ്പോഴും ആ പേരു മാറിയില്ല. എല്ലായിടത്തും സാഹിതീകുടീരം എന്നു തന്നെയായിരുന്നു പേര.്

സാഹിതീകുടീരം അക്കാലത്ത് എറണാകുളത്തും പരിസര ത്തുമുളള അയിത്തക്കാരായ സാഹിത്യകാരന്‍മാരുടെ ഒരു സമ്മേളന സ്ഥല മായിരുന്നു. ഒപ്പം അയിത്തജാതികളില്‍പ്പെട്ട ധിഷണാശാലികളായ വിദ്യാര്‍ത്ഥികളുടെ അഭയകേന്ദ്രവും. തനിക്ക് ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിന്റെ ഒരു നല്ലഭാഗം അടിസ്ഥാന സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചു. ഉദാഹരണത്തിന് പി. കേശവന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്ത് 1927 ല്‍ അദ്ദേഹത്തെ തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങളിലെ ധീവരസമുദായത്തിലെ ആദ്യത്തെ ബിരുദധാരിയാക്കി. 

3 വിദ്യാഭ്യാസമുളളവര്‍ സ്വന്തം സമുദായത്തില്‍ വിരളമായിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തില്‍ താല്പര്യമുളളവരെ അന്വേഷിച്ച് കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോത്‌സാഹനം പണമായിട്ടു പോലും കൊടുത്ത് സഹായിച്ചാണ് മാസ്റ്റര്‍ സമുദായ സേവനം നടത്തിയത്. തന്റെ സമുദായത്തില്‍പ്പെട്ട കഴിയുന്നിടത്തോളം പേര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുളള സാഹചര്യം സൃഷ്ടിച്ചു. അവര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും ജോലി ഉണ്ടാകുന്നതിനുവേണ്ടി പ്രയത്‌നിക്കുക, വിദ്യാഭ്യാസപ്രായം കഴിഞ്ഞവരുടെ ബോധവത്ക്കരണ ത്തിനു വേണ്ടി ഗ്രന്ഥങ്ങള്‍ രചിക്കുക. അതായിരുന്നു വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി.

4 സമുദായത്തിന്റെയും സമുദായത്തില്‍പ്പെട്ടവരുടേയും ആവശ്യങ്ങള്‍ നേടിയെടുക്കാനുളള യത്‌നത്തില്‍ ഉന്നതരായ ഉദ്യോഗ സ്ഥന്‍മാരേയും ദിവാന്‍മാരേയും പങ്കുകൊളളിച്ചുകൊണ്ടുളള സമ്മേള നങ്ങള്‍ സംഘടിപ്പിക്കുകയും അവിടെ വച്ച് ആവശ്യങ്ങള്‍ പരസ്യമായി ഉന്നയിക്കുകയും ചെയ്യുന്ന ശൈലി കറുപ്പന്‍ മാസ്റ്റര്‍ അയ്യന്‍കാളിയില്‍ നിന്നും പഠിച്ചതോ അയ്യന്‍കാളി കറുപ്പന്‍ മാസ്റ്ററില്‍ നിന്നും പഠിച്ചതോ എന്നു നിശ്ചയിക്കാന്‍ പ്രയാസമാണ്. 

ഏതായാലും അയ്യന്‍കാളി ജനിച്ചത് 1863 ലും കറുപ്പന്‍ മാസ്റ്റര്‍ ജനിച്ചത് 1885 ലുമാണ്. 22 വയസ്സിന്റെ വ്യത്യാസം അവര്‍ തമ്മിലുണ്ട്. ജൂബിലിക്കൂട്ടം എന്ന പേരില്‍ ആണ്ടുതോറും സാധുജനപരിപാലന സംഘത്തിന്റെ വാര്‍ഷികസമ്മേളനം തിരുവനന്തപുരത്ത് വിക്‌ടോറിയ ജൂബിലി ടൗണ്‍ഹാളില്‍ അതാതു കാലത്തെ ദിവാന്‍മാരുടെ അധ്യക്ഷത യില്‍ അയ്യന്‍കാളി വിളിച്ചുകൂട്ടുക പതിവായിരുന്നു. പ്രധാനപ്പെട്ട വകുപ്പ് അദ്ധ്യക്ഷന്‍മാരേയും ക്ഷണിക്കും. അവിടെ വച്ച് അയ്യന്‍കാളി നടത്തുന്ന സ്വാഗത പ്രസംഗത്തില്‍ സമുദായത്തിന്റെ അന്നത്തെ ആവശ്യങ്ങളെ ഒന്നിനു പുറകെ ഒന്നായി ഉന്നയിക്കും. ദിവാന്റെ അദ്ധ്യക്ഷ പ്രസംഗ ത്തില്‍ അതില്‍ പലതിനെയും പരാമര്‍ശിക്കുകയും ചെയ്യും. ചിലതെല്ലാം നിര്‍വഹിച്ചു തരാം എന്ന് പ്രഖ്യാപിക്കും. ദിവാന്റെ ആ പ്രസംഗ ത്തിന്റെ ചുവട് പിടിച്ചു പിറ്റെ ദിവസം മുതല്‍ അയ്യന്‍കാളി ഹൂജൂര്‍ കച്ചേരിയില്‍ (സെക്രട്ടറിയേറ്റ്) കയറി ഇറങ്ങി അവയെ സാധിച്ചെടുക്കും എന്നത് അയ്യന്‍കാളിയുടെ ഒരു ശൈലിയാണ്.

കറുപ്പന്‍ മാസ്റ്ററും ആ ശൈലിയാണ് സ്വീകരിച്ചത്. അത് മാസ്റ്റര്‍ അയ്യന്‍കാളിയെ അനുകരിച്ചതുകൊണ്ടല്ല സംഭവിച്ചത്. മഹാന്‍മാര്‍ ഒരേ വിധത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവരുടെ ലക്ഷ്യം ഒന്നാണ് സമൂഹത്തിന്റെ നന്മ. അതിനാല്‍ മാര്‍ഗ്ഗവും ഒരു പരിധിവരെ ഒന്നായിരിക്കും. 1928 ല്‍ സ്ഥാപിതമായ സമസ്ത തിരുവി താംകൂര്‍ വാല സേവാസമിതിയുടെ ഒരു സമ്മേളനം അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ ടി ഓസ്റ്റിന്റെ സാന്നിധ്യത്തില്‍ ചേരുവാന്‍ അവര്‍ തീരുമാനിച്ചു. അതിലേക്ക് ദിവാനെ ക്ഷണിക്കാന്‍ പ്രാപ്തനായ ഒരാളെന്ന നിലയില്‍ അവര്‍ കറുപ്പന്‍ മാസ്റ്ററെയാണ് ആശ്രയിച്ചത്. മാസ്റ്റര്‍ അതിനുവേണ്ടി തിരുവനന്തപുരത്തുപോയി ദിവാനെ ക്ഷണിക്കുകയും ദിവാന്‍ വരികയും ചെയ്തു. 

5 കറുപ്പന്‍മാസ്റ്ററും അയ്യന്‍കാളിയും തമ്മില്‍ എന്തെങ്കിലും വിധത്തിലുളള സമ്പര്‍ക്കമുണ്ടായിരുന്നു എന്നതിന് ഇനിയും തെളിവുകള്‍ ലഭിക്കേണ്ടതാ യിട്ടാണിരിക്കുന്നത്. 1930 കളില്‍ അയ്യന്‍കാളിയുടെ ഒരു സഹോദരന്‍ വേലുക്കുട്ടി മാനേജര്‍ എറണാകുളം കോമ്പാറ മുക്കില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്നതായി അറിയാം. പക്ഷെ അന്ന് ആ വിവരം കറുപ്പന്‍ മാസ്റ്റര്‍ക്ക് പോലും അറിയില്ലായിരുന്നു. എറണാകുളം ടൗണിലാ ണെങ്കിലും അന്ന് പുലയന്റെ ഹോട്ടലില്‍ കയറാന്‍ വാലന്‍ പോലും മടിക്കുന്ന കാലമായിരുന്നു. അതിനാല്‍ വേലുക്കുട്ടി മാനേജര്‍ തന്റെ മേല്‍വിലാസം വെളിപ്പെടുത്തിക്കാണുകയില്ലായിരിക്കാം.

6 കറുപ്പന്‍ മാസ്റ്റര്‍ അയ്യന്‍കാളിയേയും അയ്യന്‍കാളി കറുപ്പന്‍ മാസ്റ്ററേയും പറ്റി കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. 1912 കാലത്ത് തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയിലെ ഏക അയിത്തക്കാരന്‍ അയ്യന്‍കാളിയായിരുന്നു. 1923 കാലത്ത് കൊച്ചി നിയമസഭയിലെ ഏക അയിത്തക്കാരന്‍ കറുപ്പന്‍ മാസ്റ്ററായിരുന്നു. അയ്യന്‍കാളി 1912 മുതല്‍ 25 വര്‍ഷക്കാലം 1937 വരെ തുടര്‍ച്ചയായി പ്രജാസഭാ മെമ്പറായിരുന്നു. അതിനിടയ്ക്ക് അദ്ദേഹം അയിത്തജാതിക്കാരായ പലരേയും പ്രജാസഭയിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഒരവസരത്തില്‍ പ്രജാസഭയില്‍ ഒരേ സമയം അഞ്ച് അയിത്തജാതിക്കാരുണ്ടായിരുന്നു. എന്നാല്‍ കറുപ്പന്‍ മാസ്റ്ററെ കൊച്ചി നിയമസഭയിലേക്ക് രണ്ടാമത് നോമിനേറ്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചപ്പോള്‍ മാസ്റ്റര്‍ അത് നിഷേധിക്കു കയും ഇനി ഒരു പുലയനാണ് നിയമസഭയില്‍ വരേണ്ടതെന്ന് അഭിപ്രായപ്പെടുകയും പി.സി. ചാഞ്ചന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു.4 കൊച്ചിയിലെ ജനസംഖ്യയുടെ നാലിലൊന്ന് ദലിത് വംശങ്ങളില്‍പ്പെട്ടവരായിരുന്നു. പക്ഷേ നിയമസഭാംഗത്വം വല്ലപ്പോഴും ഒരിക്കല്‍ ഒരാള്‍ക്കു മാത്രം.

എന്നാല്‍ അയ്യന്‍കാളിയുടെ പോരാട്ടങ്ങളോട് പണ്ഡിറ്റ് കറുപ്പനുള്ള ശക്തമായ പിന്തുണയുടെ ഒരു സാക്ഷ്യപത്രം രേഖപ്പെടുത്തേണ്ടതുണ്ട്. പുലയക്കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിഷേ ധിച്ച സവര്‍ണ്ണരുടെ അന്യായത്തിനെതിരെ എന്റെ കുഞ്ഞുങ്ങളെ സ്‌കൂളില്‍ കയറ്റിയില്ലെങ്കില്‍ നിങ്ങളുടെ പാടങ്ങളില്‍ ഞാന്‍ മുട്ടിപ്പുല്ലു കിളിര്‍പ്പി ക്കുമെന്ന ഉഗ്രശപഥവുമായി 1914 ല്‍ അയ്യന്‍കാളി കാര്‍ഷിക പണിമുടക്കു നടത്തുകയുണ്ടായി. ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന ആ സമരത്തോടെ തിരുവിതാംകൂറിലെ കാര്‍ഷികവൃത്തി നിശ്ചലമായി. അതോടൊപ്പം കൊടുംപട്ടിണിയിലും ദുരിതത്തിലുമായ പുലയരെ ജീവിതവൃത്തിക്കായി അയ്യന്‍കാളി മല്‍സ്യബന്ധനത്തിലേയ്ക്കു തിരിച്ചുവിട്ടു. വയലേലകളില്‍ പണിചെയ്തു ശീലിച്ചിരുന്ന പുലയര്‍ക്ക് കടലിനോടേറ്റുമുട്ടി മല്‍സ്യ ബന്ധനം ചെയ്യുകയെന്നത് അതിസാഹസികമായൊരു വെല്ലുവിളി യായിരുന്നു. അയ്യന്‍കാളിയുടെ കാര്‍ഷികപണിമുടക്കിനേയും അതുവിജയിപ്പിക്കാന്‍ മല്‍സ്യബന്ധനത്തിലേയ്ക്കു തിരിയണമെന്ന ആഹ്വാനത്തേയും കുറിച്ചറിഞ്ഞ പണ്ഡിറ്റ് കറുപ്പന്‍ മല്‍സ്യബന്ധനം ജീവിതവൃത്തിയാക്കിയിരുന്ന തന്റെ ധീവരസമുദായാംഗങ്ങളോട് അയ്യന്‍കാളിയുടെ പരിശ്രമങ്ങളെ ആവുന്നത്ര സഹായിക്കണമെന്നും കടല്‍വേലയ്ക്കിറങ്ങുന്ന പുലയര്‍ക്ക് വഴികാട്ടിയായും സഹായിയായും എല്ലാ ധീവരരും അണിനിരക്കണമെന്നും ധീവരര്‍ക്ക് ആഹ്വാനം നല്‍കുകയുണ്ടായതായി എന്ന് ഇടക്കൊച്ചി ജ്ഞാനോദയം സഭയിലെ ആദ്യകാല നേതാക്കളെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അവര്‍ വെളിപ്പെടുത്തു കയുണ്ടായി. എല്ലാ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളും വിമോചന പ്പോരാട്ടത്തില്‍ പരസ്പരം സഹകരിക്കേണ്ടതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പണ്ഡിറ്റ് കറുപ്പന്റെ ഈ പ്രവൃത്തി. ഭാവിയിലുണ്ടാകേണ്ട അനിവാര്യ മായൊരൈക്യത്തിന്റെ പ്രായോഗിക മാതൃകയാണ് ഇതിലൂടെ ലഭിക്കുന്ന സന്ദേശം.

മൂലംതിരുനാള്‍ രാജാവ് മരിച്ചത് 1924 ആഗസ്റ്റ് 14-ാം തീയതി വൈക്കം സത്യാഗ്രഹത്തിന്റെ മൂര്‍ദ്ധന്യത്തിലാണ്. അന്ന് കേരളത്തെ പിടിച്ചു കുലുക്കിയ ഒരു വലിയ വെളളപ്പൊക്കമുണ്ടായി. 99 ലെ വെളളപ്പൊക്കം എന്നാണ് അതറിയപ്പെടുന്നത്. കൊല്ലവര്‍ഷം 1099 ല്‍ നടന്നത്. അയ്യന്‍കാളി പ്രജാ മെമ്പറായി നിര്‍ദ്ദേശിക്കപ്പെട്ടത് 1911 ഡിസംബറിലാണ്. കറുപ്പന്‍ മാസ്റ്റര്‍ ശ്രീമൂലം തിരുനാള്‍ രാജാവിനെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് എന്ന് തിട്ടമില്ല. അദ്ദേഹം മൂലംതിരുനാളിനെ കണ്ട് തിരുവിതാംകൂറിലെ വാല സമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫീസിളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും രാജാവ് അത് അംഗീകരിക്കുകയും ചെയ്തു. കറുപ്പന്‍ മാസ്റ്റര്‍ അതിനു ശേഷം റാണി ലക്ഷ്മീഭായിയുടെ റീജന്‍സി ഭരണകാലത്തും ചിത്തിര തിരുനാള്‍ രാജാവ് ഭരണമേറ്റതിനു ശേഷവും തിരുവനന്തപുരത്ത് പോവുകയും അവരെ രണ്ടു പേരേയും പ്രത്യേകം പ്രത്യേകം സന്ദര്‍ഭങ്ങളില്‍ കാണുകയും ചെയ്തു. അന്നെല്ലാം അയ്യന്‍കാളി എം. എല്‍. സി. യായി തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തന ചരിത്രം അജ്ഞാതമായതിനാല്‍ അവര്‍ തമ്മില്‍ കണ്ടുവോ എന്നു പറയാനാവില്ല

7 ഈ രാജ്യത്തെ അവര്‍ണ്ണ ജന വിഭാഗത്തിന്റെ ചരിത്രം എന്നും അങ്ങനെയാണ്. അവര്‍ക്ക് ചരിത്രമില്ല. അത് രേഖപ്പെടുത്താന്‍ ആരുമുണ്ടായിരുന്നില്ല. അന്നു ചരിത്രം രേഖപ്പെടുത്തിയവര്‍ അവര്‍ണ്ണ രുടെ ചരിത്രമൊഴികെ മറ്റുളളതെല്ലാം രേഖപ്പെടുത്തി. അത് അവരുടെ താല്‍പര്യപ്രകാരം മാത്രം. പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി വിലപിച്ചത് അതുകൊണ്ടാണ്.

കേരളത്തിലുള്ള ചരിത്രങ്ങളോരോന്നും 
പരിശോധനചെയ്യാനൊരുങ്ങി 
എന്റെ വംശത്തെ കാണുന്നില്ല
കാണുന്നില്ലൊരക്ഷരവുമെന്റെ വംശത്തെ പറ്റി
കാണുന്നുണ്ടനേക വംശത്തിത്തിന്‍ ചരിത്രങ്ങള്‍
പൂര്‍വ്വവംശത്തിത്തിന്‍ കഥയെഴുതി വച്ചീടാന്‍
പണ്ടീയുര്‍വ്വിയിലൊരുത്തനു മില്ലാതെപോയല്ലോ. 5

എന്നാല്‍ അയ്യന്‍കാളിക്ക് ആശംസ നേര്‍ന്നുകൊണ്ട് കറുപ്പന്‍ മാസ്റ്റര്‍ ഒരു പദ്യം രചിച്ചിട്ടുണ്ട്. അതു മുന്‍പ് ഉദ്ധരിച്ചിട്ടുണ്ടല്ലോ. 

8 മാസ്റ്റര്‍ ആദ്യം അധ്യാപകനായത് എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലാണ്. അവിടെ അദ്ദേഹം മലയാളവും സംസ്‌കൃതവുമാണ് പ0ിപ്പിച്ചത്. പിന്നീട് അദ്ദേഹം വി. ജെ ഹൈസ്‌കൂളില്‍ (വിക്‌ടോറിയ ജൂബിലി ഹൈസ്‌കൂള്‍) ജോലി നോക്കി. പിന്നെ എറണാകുളം ബാലികാ പാ0ശാലയിലും കാസ്റ്റ് ഗേള്‍സ് ഹൈസ്‌കൂ ളിലും പഠിപ്പിച്ചു. അതില്‍ കാസ്റ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ദേഹത്തെ നിയമിച്ചതില്‍ പ്രതിഷേധ മുണ്ടായി. കാസ്റ്റ് ഹൈസ്‌കൂള്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥിനികള്‍ ക്കുമാത്രമായി സ്ഥാപിക്കപ്പെട്ടതായിരുന്നു. അവിടെ അയിത്തക്കാരനെ അദ്ധ്യാപകനായി നിയമിച്ചതില്‍ പ്രതിഷേധമുണ്ടാ യില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുളളൂ. അത് പലര്‍ക്കും സഹിക്കാവുന്ന തിലേറെയായിരുന്നു. പക്ഷെ അധികാരികള്‍ ഉറച്ചു നിന്നു. പ്രതിഷേധ മുളളവര്‍ക്ക് സ്‌കൂള്‍ വിട്ടുപോകാം. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെ ന്നാണ് അധികാരികള്‍ പറഞ്ഞത്. രാജര്‍ഷി രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മാസ്റ്ററെ അവിടെ നിയമിച്ചത് എന്നു കരുതേണ്ടിയിരിക്കുന്നു. പല നായര്‍ വിദ്യാര്‍ത്ഥിനികളും അതോടുകൂടി പഠനം നിര്‍ത്തി. അന്ന് എറണാകുളത്ത് മറ്റൊരിടത്തും സവര്‍ണ്ണര്‍ക്കുമാ ത്രമായി സ്‌കൂള്‍ ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഗേള്‍സ് ഹൈസ്‌കൂള്‍. കറുപ്പന്‍മാസ്റ്റര്‍ കാസ്റ്റ് ഹൈസ്‌കൂളില്‍ ജോലി നോക്കിയത് 1915 കാലത്ത് ആയിരിക്കണം. 1850 കളില്‍ തിരുവിതാംകൂറില്‍ ദിവാന്‍ സര്‍ ടി. മാധവറാവു സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ യോഗ്യത വിദ്യാഭ്യാസമാക്കി മാറ്റി. അതിനുമുന്‍പ് സര്‍ക്കാര്‍ ഉദ്യോഗ നിയമനങ്ങളില്‍ യോഗ്യത ജാതിയായിരുന്നു. രണ്ട് നായരും മൂന്ന് ബ്രാഹ്മണരും അടങ്ങുന്ന ന്യായാധിപ സമിതി എന്നെല്ലാമായിരുന്നു സ്ഥിതി. അത് മാറി വിദ്യഭ്യാസ യോഗ്യത വന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യത കൂടുതല്‍ ഉളള ശൂദ്രന്റെ കീഴുദ്ദ്യോഗസ്ഥനായി ജോലി ചെയ്യുവാന്‍ ബ്രാഹ്മണര്‍ തയ്യാറല്ലായിരുന്നു. അങ്ങനെ അവര്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ തന്നെ വേണ്ടാ എന്നു വച്ചു. അങ്ങനെയാണ് തിരുവിതാംകൂറിലെ മലയാളി മെമ്മോറിയലില്‍ മലയാളി ബ്രാഹ്മണര്‍ ഒപ്പുവയ്ക്കാന്‍ മടിച്ചത്. അതുതന്നെയായിരുന്നു കൊച്ചിയി ലെയും സ്ഥിതി. 

9 രാജര്‍ഷി രാജാവ് സ്ഥാനത്യാഗം ചെയ്ത് അധികം കഴിയുന്ന തിനു മുന്‍പ് കറുപ്പന്‍ മാസ്റ്ററെ മഹാരാജാസ് കോളേജിലേയ്ക്ക് സ്ഥലം മാറ്റിയിരിക്കണം. കാസ്റ്റ് ഹൈസ്‌കൂളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും രാജര്‍ഷി രാജാവിനെ അപ്രീതിപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനുവേണ്ടിയായിരിക്കണം അദ്ദേഹത്തെ മഹാരാജാസ് കോളേജിലെക്ക് നിയമിച്ചത് എന്നു കരുതേണ്ടിയിരിക്കുന്നു. 1938 ല്‍ അദ്ദേഹം നിര്യാതനാകുമ്പോള്‍ മഹാരാജാസ് കോളേജിലെ ലക്ചറര്‍ ആയിരുന്നു. 

10 അയിത്ത ജാതിക്കാരായ തന്റെ സമുദായത്തില്‍പ്പെട്ടവരുടെ അവശതകള്‍ പരിഹരിക്കാന്‍ കറുപ്പന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളില്‍ പ്രധാന മായത് കഴിയുന്നിടത്തോളം വിദ്യാഭ്യാസം നേടുവാന്‍ അവരെ പ്രേരിപ്പിക്കുക എന്നതാണ്. അത് ഉപദേശംകൊണ്ടും പണം കൊണ്ടും മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടും അദ്ദേഹം നിര്‍വഹിച്ചു. വിദ്യകൊണ്ട് ശക്തരാകുക എന്ന നാരായണഗുരുവിന്റെ സൂക്തം കറുപ്പന്‍ ആശയ പരമായി സ്വീകരിച്ചു. പിന്നെ വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് ഉദ്യോഗം നേടിക്കൊടുക്കുവാനും അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹത്തിന് സര്‍ക്കാരിലും സവര്‍ണ്ണരിലും രാജാവിലും ഏറെ സ്വാധീന ശക്തിയു ണ്ടായിരുന്നു. അത് അദ്ദേഹം തന്റെ സമുദായത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചു. അദ്ദേഹം സവര്‍ണ്ണരെ വെറുത്തില്ല. അവരെ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു പ്രവര്‍ത്തന പന്ഥാവ് അയിത്തത്തിന്റെയും ജാതിയുടെയും ഉച്ചനീചത്വത്തിന്റെയും അര്‍ത്ഥ ശൂന്യതയെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതായിരുന്നു. അത് അദ്ദേഹം തന്റെ നാടകങ്ങളിലൂടെയും കവിതകളിലൂടെയും നിര്‍വ്വഹിച്ചു. അതിനുവേണ്ടിത്തന്നെ അദ്ദേഹം അനേകം കവിതാ ഗ്രന്ഥങ്ങളും നാടകങ്ങളും ഖണ്ഡകാവ്യങ്ങളും ഒറ്റ ശ്ലോകങ്ങളുമെല്ലാം രചിച്ചു. 

11 അദ്ദേഹം ആഗ്രഹിച്ച മറ്റൊരു ലക്ഷ്യം അയിത്ത ജാതിക്കാരുടെ ഐക്യമാണ്. അന്നിവിടെ അരയന്മാരും വാലന്മാരും മാത്രമല്ല പ്രാദേശികമായി അവരുടെ ഏറെ അവാന്തര വിഭാഗങ്ങളുമുണ്ടായിരുന്നു. അരയര്‍, നുളയര്‍, മുക്കുവന്‍, വാലന്‍, മുകയര്‍, ബോഫിമുകയര്‍, മുകവീരന്‍, പണിയക്കന്‍, വളഞ്ചിയര്‍, പണിയന്‍മാര്‍ തുടങ്ങി അനേകം അവാന്തര വിഭാഗം അവരില്‍ത്തന്നെയുണ്ടായിരുന്നു. കാട്ടില്‍ മല അരയന്‍ എന്ന ഒരു വിഭാഗം വേറെയുമുണ്ട്. അവരെ പട്ടികജാതിയില്‍ പ്പെടുത്തിയി ട്ടുളളതിനാല്‍ ധീവരരില്‍ അവര്‍ പെടുകയില്ല. അദ്ദേഹ ത്തിന്റെ കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭജനമൊന്നു മുണ്ടായിരു ന്നില്ല. അയിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിഭജനം. 1937 ലാണ് പട്ടികജാതി വിഭജനമുണ്ടാകുന്നത്. അന്നത് ബ്രിട്ടീഷിന്ത്യയില്‍ മാത്രമായിരുന്നു.

കറുപ്പന്‍ മാസ്റ്റര്‍ ആദ്യം മുക്കുവരിലെ ഐക്യത്തിനു വേണ്ടിയാണ് ശ്രമിച്ചത്. അതിന്റെ ഉത്തമ ഉദാഹരണം മുമ്പു സൂചിപ്പിച്ച എടക്കൊച്ചി യിലെ ജ്ഞാനോദയം സഭ തന്നെ. അവിടത്തെ മത്സ്യബന്ധനക്കാരെ ഒരു സംഘടനയുടെ കീഴിലാക്കാന്‍ അവര്‍ തന്നെ പലപ്പോഴും ശ്രമം നടത്തി പരാജയപ്പെടുകയാണ് ചെയ്തത്. അവരിലെ ഭൂരിപക്ഷം പേരും ഒരു ലത്തീന്‍ ക്രിസ്ത്യാനിയായ ജന്‍മിയുടെ കുടിയാന്‍മാരായിരുന്നു. അവരുടെ ഇടയില്‍ ഒരു സംഘടന ഉണ്ടാകുന്നത് തനിക്ക് ദോഷകരമാണെന്ന് കണ്ട ആ ജന്‍മിയാണ് അവരുടെ ഐക്യത്തിന് തുരങ്കം വച്ചത.് അപ്പോഴാണ് 1916 ല്‍ കറുപ്പന്‍ മാസ്റ്റര്‍ അവിടെ എത്തിയത്. അദ്ദേഹം ആ ജന്‍മിയെത്തന്നെ പ്രസിഡന്റാക്കി ജ്ഞാനോദയം സഭ സ്ഥാപിക്കുകയാണ് ചെയ്തത്. അവര്‍ 1993 ല്‍ പ്രസിദ്ധീകരിച്ച അവരുടെ സോവനീറില്‍ 219-ാം പേജില്‍ ആ സഭയുടെ 1916 മുതല്‍ 18 വരെയുളള പ്രസിഡന്റായി കളപ്പുരയ്ക്കല്‍ അന്തേയാണ് കാണിച്ചിരിക്കുന്നത്.6

അങ്ങനെ വിവിധ കരകളില്‍ പല പേരുകളില്‍ സംഘടനക ളുണ്ടാക്കി, പിന്നെ അവയെ ഒന്നിപ്പിക്കുക എന്നതായിരുന്നു അദ്ദേഹ ത്തിന്റെ പ്ലാന്‍ എന്നു കരുതാം. 1925 ല്‍ ചെറായില്‍ വച്ചു നടന്ന അരയവംശോദ്ധാരണി സഭയുടെ വാര്‍ഷികത്തില്‍ അരയസമുദായവും വാലസമുദായവും ഒന്നാകണമെന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം ഉന്നയിച്ചു. അങ്ങനെയാണ് അരയും വാലുംമുറിച്ചു കളഞ്ഞ് അവര്‍ ധീവരരായത്. 'ധീവരനാം വരധീവര', 'ബുദ്ധിമാന്‍മാരില്‍ േ്രശഷ്ഠന്‍ എന്നാണ് അദ്ദേഹം അതിന് കൊടുത്ത വ്യാഖ്യാനം. 

11. ആ വാക്കില്‍ നിന്നാണ് പിന്നെ പി.കെ. ഡീവര്‍ തന്റെ പേര് കണ്ടെത്തിയത്. സ്‌കൂളില്‍ കുട്ടികളെല്ലാം രാമന്‍നായര്‍, ശ്രീധരമേനോന്‍ കൃഷ്ണപിളള എന്നെല്ലാം. വാലു ചേര്‍ത്തു പരാമര്‍ശിക്കുമ്പോള്‍ തനിക്കു മാത്രം വാലില്ലാത്ത ദു:ഖം വെറും കൃഷ്ണന്‍ മാത്രമായ അദ്ദേഹം കറുപ്പന്‍ മാസ്റ്ററെ അറിയിച്ചു. പേര് 'കൃഷ്ണധീവരന്‍''എന്നാക്കിമാറ്റാന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിച്ചു. അതിനെ ആംഗ്ലേയികരിച്ച് പി.കെ. ഡിവരരായി. അതുപിന്നെ പി.കെ. ഡീവറായി.

12 വലിയോരു ഐക്യത്തിന്റെ നാന്ദിയായിട്ടണ് ധീവരന്‍ എന്ന പേര് കറുപ്പന്‍ മാസ്റ്റര്‍ കണ്ടത്. ഈ നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളെല്ലാം ചേര്‍ന്നുളള ഐക്യത്തിന്റെ ആദ്യ പടിയായി വേണ്ടത് ഓരോ ഗോത്രങ്ങളും തമ്മിലുളള ഐക്യമാണ്. അരയനും വാലനും ഒരു ഗോത്രമാണ്. അയ്യന്‍കാളി സാധുജന പരിപാലന സംഘം രൂപീകരിച്ചതും അതില്‍ പുലയരേയും പറയരേയും കുറവരേയും അതുപോലുളള വരേയും എല്ലാം ഒരുമിച്ചു ചേര്‍ത്തതും അതേ ലക്ഷ്യത്തിനുവേണ്ടിയാണ്. അയ്യന്‍കാളിയും കറുപ്പന്‍ മാസ്റ്ററുമെല്ലാം അതാഗ്രഹിച്ചുവെങ്കിലും ഇന്നുവരെ അത് നടന്നിട്ടില്ല. ഇന്ന് പുലയരുടെ ഇടയില്‍ നൂറുകണക്കിന് സംഘടനകളുണ്ട്. പിന്നെ പറയര്‍ക്കും കുറവര്‍ക്കും അതുപോലുളള എല്ലാവര്‍ക്കും സംഘടനകള്‍ അനേകമാണ്. അതുതന്നെയാണ് ധീവരരുടെ നിലയും. സ്വന്തം സമുദായത്തെ പോലും മൊത്തമായി കാണുവാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. അടിസ്ഥാനപരമായി അവരെ എല്ലാം ബാധിച്ചിരിക്കുന്നത് ബോധവല്‍ക്കരണത്തിന്റെ അഭാവമാണ്. 

കുറിപ്പുകള്‍

1. ശിവന്‍ ദ്രാവിഡ ദേവനാണ്.
2. ദലിത് ബന്ധു, അരുവിപ്പുറം പ്രതിഷ്ഠ, കാണുക.
3. ദലിത് ബന്ധു, മഹാനായ അയ്യന്‍കാളി, കാണുക.
4. വി.വി.കെ.വാലത്ത്, പേജ് 22.
5 ദലിത് ബന്ധു, പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി, കാണുക.
6. എടക്കൊച്ചി ജ്ഞാനോദയം സഭ സോവനീര്‍.