"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

രാജേന്ദ്രന്‍ നവാബായതിങ്ങനെ !

നവാബ് രാജേന്ദ്രന്‍ 
ജനനം 10-2-1950
തൃശൂര്‍ വാരിയം ലെയിനില്‍ തെക്കേ അരങ്ങത്ത് വീട്
മാതാവ് - ഭാര്‍ഗവിയമ്മ
പിതാവ് - പയ്യന്നൂര്‍ കെട്ടുംവീട്ടില്‍ കുഞ്ഞിരാമപ്പൊതുവാള്‍

വിദ്യാഭ്യാസം എസ്എസ്എല്‍സി വരെ തൃശൂര്‍ സിഎംഎസ് ഹൈസ്‌കൂളില്‍. തുടര്‍ന്ന് ജേര്‍ണലിസം കോഴ്‌സ് പ്രൈവറ്റായി പഠിച്ചു. കുഞ്ഞിരാമ പ്പൊതുവാള്‍ പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹം അനുഷ്ഠിച്ച് ജയില്‍ ശിക്ഷ അനുഭവിച്ചു. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു. പിന്നീട് പൊതുവാള്‍ തന്റെ തട്ടകം തൃശൂരിലേക്ക് മാറ്റി. അയിത്തത്തിനും അനാചാര ത്തിനുമെതിരേ മൈക്കു കെട്ടി പ്രസംഗിച്ച പൊതുവാള്‍ വക്കീലായും പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. ഇടതുപക്ഷത്തിന്റെ മുഖപത്രമായ പ്രഭാതം ആരംഭിക്കുന്നതും പൊതുവാളില്‍ക്കൂടെയാണ്. മുണ്ടശേരിമാഷും സി അച്യുതമേനോനും ഉള്‍പ്പെടെയുള്ളവര്‍ പൊതുവാളിന്റെ സുഹൃത്തുക്കളായിരുന്നു. ഇവരുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ രാജേന്ദ്രനെ ഏറെ സ്വാധീനിച്ചു. 21 വയസായ പ്പോഴാണ് രാജേന്ദ്രന്‍ 1971 ല്‍ നവാബ് വാരിക ആരംഭിച്ചത്. ഇംഗ്ലീഷിലെ ബ്ലിറ്റ്‌സിനെ അനുകിച്ചായിരുന്നു തുടക്കം. അഴിമതിക്കെതിരെ ആയുധം എന്ന നിലയിലാണ് നവാബിനെ രാജേന്ദ്രന്‍ കണ്ടത്. 

കോളിളക്കമുണ്ടാക്കിയ നിരവധി വാര്‍ത്തകള്‍ നവാബില്‍ വെളിച്ചം കണ്ടു തുടങ്ങി. കേന്ദ്രമന്ത്രിയായിരിക്കെ എ സി ജോര്‍ജ് എഫ്എസിടിയില്‍ സ്വന്തക്കാരെ നിയമിക്കുന്നതിന് നല്കിയ ശുപാര്‍ശക്കത്തുകള്‍ പോലും നവാബില്‍ പ്രത്യക്ഷപ്പെട്ടു. നവാബില്‍ വന്ന വാര്‍ത്തകള്‍ പലതും കറണ്ട് വാരിക ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഇതോടെ നവാബും ഏറെ പ്രസിദ്ധമായി. 1972 ഏപ്രില്‍ 1 ന് നവാബ് വാരികയില്‍ തട്ടില്‍ എസ്റ്റേറ്റ് പൊന്നും വിലക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി കെ കരുണാകരന്‍ രണ്ടു ലക്ഷം രൂപ വാങ്ങിയെന്ന വാര്‍ത്ത വന്നു. ഇതിന് പിന്‍ബലമായി കരുണാകരന്റെ പി എ അയച്ച ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റും പ്രസിദ്ധീകരിച്ചു. 1972 ഏപ്രില്‍ 15 ന് രാജേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1972 മെയ് 7 അഭ്യന്തരമന്ത്രി കെ കരുണാകരന്‍ തൃശൂരില്‍ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു. 'എനിക്കെതിരേ തേക്കിന്‍കാട്ടില്‍ പിറന്ന തന്തയില്ലാത്ത ചില ജാരസന്തതികളും ഒരു ഉടഞ്ഞ സംഘടനയുടെ നേതാവും ഇറങ്ങിയിട്ടുണ്ട്. ഇവരെയൊന്നും ഞാന്‍ വെറുതേ വിടാന്‍ പോകുന്നില്ല.' ഈ പ്രസംഗം ഒരു പക്ഷേ, രാജേന്ദ്രനെ നവാബാക്കുന്നതില്‍ ഏറെ പങ്കു വഹിച്ചി രിക്കാം. 1977 ല്‍ തൃശൂര്‍ വാരിയം ലെയിനിലൂടെ വൈകിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന രാജേന്ദ്രനെ കെഎല്‍എച്ച് 12 അംബാസിഡര്‍ കാറില്‍ വന്ന് ക്രൈംബ്രാഞ്ച് പൊലീസുദ്യോഗസ്ഥര്‍ കശ്റ്റഡിയിലെടുത്തു.

ജയറാം പടിക്കല്‍ രാമനിലയത്തില്‍ വെച്ച്, നവാബ് വാരികയില്‍ പ്രസിദ്ധീകരിച്ച കരുണാകരന്റെ പിഎയുടെ കത്തിന്റെ ഒറിജിനല്‍ ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ ഭീകരത രാജേന്ദ്രന്‍ അവിടെവെച്ച് നേരിട്ട് അനുഭവിച്ചു. പടിക്കല്‍ പറഞ്ഞിങ്ങനെ: 'നിങ്ങളിപ്പോള്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ്. ഇത് ലോകത്താര്‍ക്കും ഇപ്പോള്‍ അറിയില്ല. പൊലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ ഒരാത്മഹത്യ. അത്രതന്നെ' കത്ത് അഴീക്കോടന്റെ കയ്യിലുണ്ടെന്ന് നവാബ് വെളിപ്പെടുത്തുന്നു. താന്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തു വരട്ടെ എന്നാണ് രാജേന്ദ്രന്‍ ഉദ്ദേശിച്ചത്. കടുത്ത പീഢനമാണ് രാജേന്ദ്രന്‍ അനുഭവിച്ചത്. നവാബ് വാരികയിലെ വാര്‍ത്ത അപകീര്‍ത്തികരമാണെന്ന് ആരോപിച്ച ആഭ്യന്തരമന്ത്രി കെ കരുണാകരന്റെ പി എ സി കെ ഗോവിന്ദന്‍ തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് കൊടുത്തു. രാജേന്ദ്രന്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് അഴീക്കോടന്‍ പത്രസമ്മേളന ത്തില്‍ വെളിപ്പെടുത്തി. മെയ് 11 ന് രാജേന്ദ്രനെ കൊച്ചി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അഡ്വ. വീരചന്ദ്ര മേനോന്‍ മുഖാന്തരം രാജേന്ദ്രന് ജാമ്യമായി. കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണനും രവീന്ദ്ര വര്‍മയും കൂടി രാജേന്ദ്രനെ കൂട്ടിക്കൊണ്ടു പോയി തൃശൂരിലെത്തിയ മൊറാര്‍ജി ദേശായിയുമായി പൊലീസ് പീഢനത്തെക്കുറിച്ച് സംസാരിച്ചു. അവശനായ രാജേന്ദ്രന്‍ ട്രിച്ചൂര്‍ നെഴ്‌സിങ് ഹോമില്‍ ചികിത്സയിലായി. അഴീക്കോടനും എകെജിയും എം പി വീരേന്ദ്ര കുമാറും ആശുപത്രി യിലെത്തി രാജേന്ദ്രനെ സന്ദര്‍ശിച്ചു. അവര്‍ പറഞ്ഞതനുസരിച്ച് തന്റെ അനുഭവം രാജേന്ദ്രന്‍ ഇഎംഎസ്‌നെ കത്തിലൂടെ അറിയിച്ചു. മേല്‍ക്കത്തോടെ ഇഎംഎസ് അത് ഇന്ദിരാഗാന്ധിക്കയച്ചു. ഇത് പത്രങ്ങളില്‍ വാര്‍ത്തയാകുന്നു. 1972 ജൂണ്‍ 4 ന് കേരള കൗമുദി വാരാന്ത്യ പ്രസിദ്ധീകരണത്തിലെ വിഷയം 'ഇതാണോ പുതിയ പൊലീസ് നയം' രാജേന്ദ്രന്‍ അനുഭവിച്ച പൊലീസ് പീഢനത്തെക്കുറിച്ച് എകെജി പ്രധാനമന്ത്രിക്ക് കത്തയച്ചു. കത്തിന്റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. കത്ത് കോടതിയില്‍ ഹാജരാക്കാമെന്ന് അഴീക്കോടന്‍ പ്രസ്താവിച്ചു.

രാജേന്ദ്രന്റെ കയ്യില്‍ സൂക്ഷിച്ചിട്ടുള്ള കത്തിന്റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കരുതെന്ന് കരുണാകരന്‍ ജയറാം പടിക്കലിനോട് ആവശ്യപ്പെട്ടു. വീണ്ടും രാജേന്ദ്രനെ കാണാതാവുന്നു. 1972 ഒക്ടോബര്‍ 3 ന് കോടതിയില്‍ ഹാജരായ രാജേന്ദ്രന്‍, തന്നെ ചിലര്‍ ബലമായി തട്ടിക്കൊണ്ടു പോയതായും കോയമ്പത്തൂരിനടുത്തുവെച്ച് കത്തിന്റെ ഒറിജിനല്‍ അപഹരിച്ച ശേഷം കടന്നു കളഞ്ഞതായും വെളിപ്പെടുത്തി. അവര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സംശയിക്കുന്നതായും രാജേന്ദ്രന്‍ പറഞ്ഞു. പിതാവ് കുഞ്ഞിരാമപ്പൊതുവാളും സഹോദരനായ രാംദാസും ചേര്‍ന്നാണ് രാജേന്ദ്രനെ ജാമ്യത്തിലെടുത്തത്. 5 ആം തിയതി കോടതി കേസിന് വിധി പ്രസ്താവിച്ചു, 'ഇന്ത്യന്‍ ശിക്ഷാനിയമം 500 ആം വകുപ്പനുസരിച്ച് രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക്കുന്നു. 100 രൂപ പിഴയോ, പിഴയടക്കാത്ത പക്ഷം രണ്ടാഴ്ച വെറും തടവോ അനുഭവിക്കണം.' കത്തിന്റെ ഫോട്ടോസ്റ്റാറ്റ് അല്ലാതെ ഒറിജിനല്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ് കോടതിക്ക് പ്രതിയെ ശിക്ഷിക്കേണ്ടി വന്നത്. കരുണാകരന്റെ സ്വാധീനം നിമിത്തം നവാബ് വാരികക്ക് പരസ്യങ്ങള്‍ കിട്ടാതായി. 6 മാസം മാത്രം പ്രായമുള്ള നവാബ് വാരിക ഇതോടെ പ്രസിദ്ധീകരണം നിലച്ചു. തൃശൂരിലെ 20 സെന്റ് വീടും സ്ഥലവും വിറ്റു. 1973 ല്‍ പിതാവ് മരിച്ചു. പത്രത്താളുകളേക്കാള്‍ കോടതിമുറിയെ സമരായുധമാക്കുന്നതിന് നവാബ് തീരുമാനിക്കുന്നു. നവാബിന്റെ പൊതു താത്പര്യ വ്യവഹാരങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. മാനവസേവാ അവാര്‍ഡ് ലഭിച്ച നവാബ് രാജേന്ദ്രന്‍ 2 ലക്ഷം രൂപ എറണാകുളം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി പണിയുന്ന തിനായി നല്‍കുന്നു. മരണപ്പെട്ടാല്‍ ജഡം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കണമെന്ന് ഒസ്യത്ത്.

മരണം. 2003 ഒക്ടോബര്‍ 10

കടപ്പാട്: നൈതികസംവാദം ത്രൈമാസിക. 2004 സെപ്തംബര്‍ ലക്കം.