"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

കേരളത്തിലെ വേട്ടുവര്‍: ഐതിഹ്യവും ഉത്പത്തി ചരിത്രവും - എം എസ് പ്രകാശം

ഭഗവാന്‍ കൃഷ്ണന്റെ മക്കളും മരുമക്കളും ഒരു ഗര്‍ഭിണിയുടെ കോലം കെട്ടിയുണ്ടാക്കുന്നതില്‍ ഉത്സുകരായിരിക്കുകയാണ്. രൂപത്തിന് പൂര്‍ണത ലഭിക്കുന്തോറും ഈ കുസൃതിക്കുടുക്കകള്‍ ഉത്സാഹ ഭരിതരായിക്കണ്ടു. പണിതീര്‍ത്ത കോലത്തേയും വഹിച്ചുകൊണ്ടിവര്‍ കഠിന തപസില്‍ നിമഗ്നനായി രിക്കുന്ന മുനിയുടെ മുന്നിലെത്തി. മുനിയോടിവര്‍ ചോദിച്ചു: 'അങ്ങേക്കു ഈ ഗര്‍ഭിണി പ്രസവിക്കുന്ന കുട്ടിയുടെ ലിംഗം പ്രവചിക്കാ നാവുമോ?' ആക്ഷേ പാര്‍ഹമായവിധം പെരുമാറി തപസിനു വിഘ്‌നം വരുത്തിയതില്‍ കോപിഷ്ഠനായ മുനിയില്‍ നിന്നും ലഭിച്ച മറുപടി വലിയൊരു ശാപമായിരുന്നു...... 'ഈ സ്ത്രീ പ്രസവിക്കുന്ന ഇരുമ്പുലക്ക നിങ്ങളുടെ വംശ നാശത്തിലെത്തിക്കും.'

അത്ഭുതമെന്നു പറയട്ടെ ഗര്‍ഭിണിയുടെ കോലത്തില്‍ ജീവന്റെ ലക്ഷണങ്ങള്‍ ഉദിച്ചു. അവള്‍ ഇരുമ്പുലക്കയെ പ്രസവിക്കുകയും ചെയ്തു. മുനിയുടെ ശാപത്താല്‍ ഭയചകിതരായ കുട്ടികള്‍ ഇരുമ്പുലക്കയെടുത്ത് രാകി പൊടിയാക്കി. ബാക്കി ശേഷിച്ച ചെറുകഷണത്തോടെ കടലില്‍ എറിഞ്ഞു ശാപത്തില്‍ നിന്നു രക്ഷ പ്രാപിക്കുവാന്‍ ശ്രമിച്ചു. ഇരുമ്പിന്റെ കഷണം കടലില്‍ ആണ്ടു പോയി. എങ്കിലും ഇരുമ്പുപൊടി വെള്ളത്തിനു മീതെ ഒഴുകി നടന്നു. വീണ്ടും കടല്‍ക്കരയില്‍ അടിഞ്ഞു കയറി ഈയം പുല്ലായി വളര്‍ന്നു. പിന്നീട് ഒരു ദിവസം കടല്‍ക്കരയില്‍ എത്തിയ ഈ കുസൃതികള്‍ ഈയംപുല്ല് പറിച്ച് തമ്മില്‍ എറിഞ്ഞു കളിക്കുവാന്‍ തുടങ്ങി. ഇരുമ്പിന്റെ കാഠിന്യവും കൂര്‍ത്ത മുനകളുമുള്ള ഇലകളാല്‍ പൊതിഞ്ഞ ഈയംപുല്ല് ശരീരത്തില്‍ തറച്ച് രക്തം വാര്‍ന്ന് ഇവരെല്ലാം മരിച്ചു വീണു.

കടലില്‍ ആണ്ടുപോയ ഇരുമ്പിന്‍ കഷണം വിഴുങ്ങിയ മത്സ്യം ഒരിക്കല്‍ ഒരു മീന്‍ പിടുത്തക്കാരന്റെ വലയില്‍ പെട്ടു. മത്സ്യം മുറിച്ചപ്പോള്‍ അതിന്റെ വയറ്റില്‍ കണ്ടെത്തിയ ഈ ഇരുമ്പിന്‍ കഷണത്തെ അലക്ഷ്യമായി ഇയാള്‍ വലിച്ചെറിഞ്ഞു ഇതു പിന്നീട് കണ്ടെത്തിയത് ഒരു വേടനായിരുന്നു..... അമ്പുണ്ടാക്കുവാന്‍ പറ്റിയ ഇരുമ്പിന്‍ കഷണം .... വേടന്‍ അതുകൊണ്ട് മൂര്‍ച്ചയേറിയ ഒരമ്പ് നിര്‍മ്മിച്ചു.

പിറ്റേ ദിവസം വേടന്‍ പുതിയ അമ്പുമായി പക്ഷികളെ എയ്തു വീഴ്ത്തുവാന്‍ പുറപ്പെട്ടു. രാവിലെ മുതല്‍ പക്ഷികളെ തേടിയലഞ്ഞ് നിരാശനും ക്ഷീണിതനുമായ വേടന്‍ ഒരു അരയാല്‍ വൃക്ഷത്തിന്റെ തണലില്‍ വിശ്രമിക്കുവാനിരുന്നു. യദൃശ്ചയാ മുകളിലേക്കു നോക്കിയ പ്പോള്‍ ഇടതൂര്‍ന്നു വളര്‍ന്നു നിന്നിരുന്ന അരയാല്‍ ഇലകളുടെ ഇടക്ക് നീലയും ചുവപ്പും കലര്‍ന്ന നിറം കണ്ടെത്തി.... വളരെ ശ്രദ്ധയോടെ ഉന്നം പിടിച്ച് വില്ലു വളച്ചു.... ഞാണ്‍ വലിഞ്ഞു മുറുകി... ഏതു നിമിഷവും അമ്പ് ചൂളം വിളിച്ച് മുകളിലേക്ക് പാഞ്ഞേക്കും.... ഉന്നം കൃത്യമായി അമ്പ് മുന്നോട്ടു പാഞ്ഞു. ഉന്നം പിഴച്ചില്ല. ഇര താഴെ വീഴുകയും ചെയ്തു... വേടന്‍ അമ്പരന്നു പോയി.... മുറിവേറ്റു കിടക്കുന്നു ഭഗവാന്‍ കൃഷ്ണന്‍! മുനിയുടെ ശാപത്താല്‍ വംശനാശത്തിലെത്തി നില്ക്കുന്ന തന്റെ ഗതിയോര്‍ത്തു ദുഖിതനായി അരയാലിന്‍ കൊമ്പില്‍ ഇരിപ്പുറ പ്പിച്ചിരുന്ന ശ്രീകൃഷ്ണന്റെ നിറപ്പകിട്ടേറിയ പാദങ്ങളെ കണ്ടാണ് പഞ്ചവര്‍ണ ക്കിളിയെന്ന് തെറ്റിദ്ധരിച്ച് അമ്പു തൊടുത്തു വിട്ടത്! താന്‍ ചെയ്തുപോയ വലിയ അപരാധത്തില്‍ പരിഭ്രാന്തനും ദുഖിതനുമായ വേടനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വാന്തനപ്പെടുത്തി: 'വിഷമിക്കേണ്ട, അപരാധ ബോധവും വേണ്ട. മുനിയുടെ ശാപം ഫലിച്ചേ തീരൂ. അതു നടന്നു കഴിഞ്ഞു.' ഇത്രയും പറഞ്ഞ് ഭഗവാന്‍ സ്വര്‍ഗം പൂകുകയാണുണ്ടായത്.

ഉത്പത്തിയുടെ കഥ
ഭഗവാന്റെ അന്ത്യത്തെ പ്പറ്റിയുള്ള വാര്‍ത്ത കാട്ടുതീ പോലെ നാട്ടില്‍ പരന്നു. നാട്ടാരെല്ലാം സ്ഥലത്തെത്തി. ഭഗവാനെ കൊലപ്പെടുത്തിയ ഈ വേട്ടക്കാരനേയും അവന്റെ പരമ്പരകളേയും ഒരിക്കലും 'നമ്പ വയ്യ' എന്ന തീരുമാനവും കൈക്കൊണ്ടു. ഇങ്ങിനെ നമ്പ വേട്ടക്കാര്‍ എന്ന ഒരു വിഭാഗം ഉണ്ടായി. കാലപ്പഴക്കത്തില്‍ നമ്പവേട്ടക്കാര്‍ എന്നതു ലോപിച്ചു. വേട്ടുവര്‍ എന്നായിത്തീര്‍ന്നു. ഇന്നത്തെ വേട്ടുവര്‍ മേല്പറഞ്ഞ നമ്പവേട്ടവന്റെയോ വേട്ടക്കാരന്റെയോ പരമ്പരയാണത്രേ. ഇതാണ് തൃശൂര്‍ താലൂക്കിലെ വേട്ടുവര്‍ അവരുടെ ഉത്ഭവത്തെ കുറിക്കുന്ന കഥയായി അവതരിപ്പിച്ചത്.

'വേട്ടുവരും എറണാകുളം ജില്ലയിലെ കണക്കന്മാരും ഒരേ ജാതിക്കാരാ ണെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? എങ്കില്‍ കണക്കന്‍ എന്ന പേര്‍ അവര്‍ക്ക് എങ്ങനെ ലഭിച്ചു.? ഇവര്‍ വേറൊരു വര്‍ഗമാകുവാനല്ലേ സാധ്യത?' എന്റ ഈ ചോദ്യങ്ങള്‍ക്കും ഇവര്‍ക്ക് ഉത്തരമുണ്ടായിരുന്നു.

'എറണാകുളം ജില്ലയിലെ വേട്ടുവരുടെ തലവനെ 'വലിയ കണക്കന്‍' എന്നാണ് വിളിച്ചു വന്നിരുന്നത്. പണ്ടുകാലത്ത് വലിയ കണക്കനും ജന്മിയും തമ്മിലായിരുന്നു കൂടുതല്‍ ബന്ധങ്ങളുണ്ടായിരുന്നത്. വലിയ കണക്കന്‍ മറ്റുള്ളവരെ പ്രതിനിധീകരിച്ച് ജന്മിയുടെ ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു പതിവ്. ജന്മികള്‍ വലിയ കണക്കനില്‍ താഴ്ന്നവരെ കണക്കന്‍ എന്നു സംബോധന ചെയ്തും പോന്നു. ഈ സമ്പ്രദായ മായിരുന്നിരിക്കാം കണക്കന്‍ എന്ന പേരിന്റെ ഉത്ഭവത്തിന്റെ ഉറവിടം.'

വേട്ടുവനും കണക്കനും

ഇതു കൂടാതെ ഇതിന്റെ പിന്നിലും ഒരു കഥയുണ്ട്. വലിയ കണക്കന്മാര്‍ കണക്കെഴുത്തില്‍ വളരെ വിദഗ്ധരായിരുന്നു. ഒരു ദിവസം ഒരു വലിയ കണക്കന്‍ തന്റെ കണക്കു പുസ്തകങ്ങളുമായി ഒരു പാടത്തിന്റെ വരമ്പത്തു കൂടി യാത്ര ചെയ്യുമ്പോള്‍ നിലം ഉഴുതു നില്ക്കുന്ന ഒരു നമ്പൂതിരി മൂത്രമൊഴിക്കുവാന്‍ വേണ്ടി അല്പ സമയത്തേക്കു കലപ്പ പിടിക്കുവാന്‍ വലിയ കണക്കനോട് ആവശ്യപ്പെട്ടുവത്രേ! കണക്കു പുസ്തകങ്ങളെല്ലാം പാടത്തിന്റെ വരമ്പത്തു വെച്ചശേഷം വലിയ കണക്കന്‍ കലപ്പ ഏറ്റെടുത്തു. ദൗര്‍ഭാഗ്യമെന്നു പറയട്ടെ നമ്പൂതിരി ഈ കണക്കു പുസ്തകങ്ങളെല്ലാം എടുത്തു കടന്നു കളയുകയാണ് ചെയ്തത്. ഇതോടെ തന്റെ ജോലി നഷ്ടപ്പെട്ട വലിയ കണക്കനും തലമുറക്കാരും പല തൊഴിലുകളില്‍ ഏര്‍പ്പെടുകയാണുണ്ടായത്. വള്ളം ഊന്നുന്നതില്‍ വ്യാപൃതരായവര്‍ പടന്ന കണക്കന്മാരും മത്സ്യ ബന്ധനം സ്വീകരിച്ചവര്‍ ചേറുടി കണക്കന്മാരും ഇത്തില്‍ നീറ്റി ചുണ്ണാമ്പു നിര്‍മിക്കുന്നതില്‍ ഏര്‍പ്പെട്ടവര്‍ ചുണ്ണാമ്പു കണക്കന്മാരും നാളികേരം പറിച്ച് ഉപജീവനം തേടിയവര്‍ വേട്ടുവര്‍ അല്ലെങ്കില്‍ ഏറാടി കണക്കന്മാരും ആയിത്തീരുക യാണുണ്ടായത്. ഇങ്ങനെയാണ് വേട്ടുവരും കണക്കന്മാരും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നത്. 'ഒരു കഥയേക്കാളേറെ ഒരു കടങ്കഥ പോലെ കുഴഞ്ഞു മറിഞ്ഞ ഈ വിശദീകരണവും രേഖപ്പെടുത്തുക തന്നെ.'

ഏതായാലും വേട്ടുവരും കണക്കന്മാരു തമ്മില്‍ വിവാഹബന്ധങ്ങള്‍ ധാരാളമായി ഇന്നു നടക്കുന്നുണ്ട് എന്നതു വാസ്തവം തന്നെ. വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഇവരില്‍ കാര്യമായ അന്തരങ്ങളൊന്നു മില്ലതാനും.

1961 ലെ കാനേഷുമാരി പ്രകാരം വേട്ടുവര്‍ എന്ന വര്‍ഗം കൃഷിപ്പണി, വേട്ടയാടല്‍, കാട്ടുത്പന്നങ്ങളുടെ ശേഖരണം, വേലികെട്ട്, നാളികേരം പറിക്കല്‍, കുട്ട നെയ്ത്ത് എന്നീ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് ഉപജീവന മാര്‍ഗം തേടുന്നവരാണെന്നാണ് ഏതായാലും ഒരു സാധാരണക്കാരന് വേട്ടുവന്‍ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത്. നാളികേരത്തലപ്പില്‍ തൂങ്ങി നിന്ന് 'ഓ... മാറിക്കോ .... കൊട്ട, വട്ടി, കലം, ഉരുളി, കിണ്ണം, കിണ്ടി, എന്നിവ മാറ്റിക്കോ... മാറന്നേ...' എന്ന ഫലിത രൂപത്തില്‍ മുന്നറിയിപ്പു നല്കി നാളികേരക്കുലകള്‍ വെട്ടി വീഴ്ത്തുന്ന വേട്ടുവന്റെ രൂപമാണ്. കാരണം ഇതാണ് ഇവരുടെ കുലത്തൊഴില്‍. പക്ഷെ ഇന്ന് ഈ തൊഴിലില്‍ നിന്ന് ഇവര്‍ പിന്‍വലിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇല്ലെങ്കില്‍ ഇത്തരം ഒരു വ്യതിയാനത്തിനു വേണ്ടി ഇന്നിവര്‍ ആത്മാത്ഥമായി ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. കാരണം ഈ തൊഴിലിനു ഒരു സാമൂഹ്യ കളങ്കം ഉണ്ട് എന്നതു തന്നെ പ്രധാനമായും.

1961 ലെ കാനേഷുമാരി പ്രകാരം 28095 ജനസംഖ്യയുള്ളവര്‍ (14091 പുരുഷന്മാരും 14004 സ്ത്രീകളും) കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പടര്‍ന്നു ജീവിക്കുന്നു. ഇവരുടെ കേന്ദ്രസ്ഥാനം 23696 പേരുള്ള തൃശൂര്‍ താലൂക്കാണ്. ഇവിടെയാണ് കേരളത്തിലെ വേട്ടുവരില്‍ 82.2 ശതമാനവും വസിക്കുന്നതും. കേരളത്തിലെ ആകെ പട്ടിക ജാതിക്കാരുടെ ഏകദേശം 1.96 ശതമാനത്തോളം വരും കേരളത്തിലെ വേട്ടുവര്‍. പൊതുവെ ഇവരെ കണ്ടെത്തുന്നതു നെല്കൃഷിയും നാളികേരവും ഉള്ള ഇടങ്ങളിലാണ്. തമിഴ് നാട്ടില്‍ ഇവര്‍ 141 പേരുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

കേരളത്തില്‍ ലേഖകന്‍ കണ്ടെത്തിയ വേട്ടുവര്‍ പൊതുവേ ഉയരത്തില്‍ മധ്യവര്‍ത്തികളാണ്. തവിട്ടു നിറം തൊട്ട് ഇരുണ്ട തവിട്ടു നിറം വരെയുള്ള ത്വക്ക്, കറുത്തു സമാന്യം ചുരുണ്ട തലമുടിയും അല്പം ഉള്‍വളവോടു കൂടിയ നാസികയുടെ മുകളറ്റവും എന്നീ ശാരീരിക പ്രത്യേകതകളും ഇവരില്‍ കാണാം.

പണ്ട് നാണം മറയക്കുവാന്‍ വേണ്ടി പച്ചിലകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ മേലങ്കി അരക്കു ചുറ്റും ചാര്‍ത്തി, തലമുടി ഉച്ചിയില്‍ കെട്ടിയുറപ്പിച്ചു നഗ്നമാറിടവുമായി നടന്ന വേട്ടുവ സ്ത്രീകളെ ഇന്ന് ഓണം കേറാമൂലയില്‍ പോലും കണ്ടെത്തുവാനാകില്ല. കാലം ഇവരില്‍ വളരെയേറെ വ്യതിയാനങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നതു കൊണ്ട് മറ്റേതു ഹിന്ദുക്കളില്‍ നിന്നും വേട്ടുവനെ തിരഞ്ഞു പിടിക്കുവാനിന്നു വളരെയേറെ ബുദ്ധിമുട്ടുണ്ട്. പരിഷ്‌കാരത്തിന്റെ ഏതു കോണില്‍ പരതിയാലും വേട്ടുവനെ ഇന്നു ധാരാളമായി കണ്ടെത്താനാകും. 70 ല്‍ ഏറെ വര്‍ഷങ്ങള്‍ പിടിച്ചു ഇത്തരം ഒരു വ്യതിയാനത്തിന്. എങ്കിലും പൂര്‍ണമായ രൂപാന്തരം സംഭവിക്കുവാന്‍ ഇനിയും വളരെക്കാലം കാത്തിരിക്കേണ്ടി വരും? പ്രതികൂല സാഹചര്യങ്ങളുമായി മല്ലിടുവാന്‍ കാര്യമായ വ്യഗ്രത കാണിക്കാതെ കാലത്തിന്റെ ഒഴുക്കില്‍ പെട്ട് തപ്പിത്തടഞ്ഞും തല്ലിയുലഞ്ഞും ഇവര്‍ കുറേ ഏറെ മുന്നോട്ട് എത്തിക്കഴിഞ്ഞു. പക്ഷേ ഈ യാത്ര എത്രകണ്ട് വേട്ടുവ സമുദായത്തെ ഉദ്ധരിച്ചു? ശരിയായ പാതയിലാണോ ഇന്നിവര്‍ കാലൂന്നി നില്ക്കുന്നത്. ഇത്രയും വര്‍ഷങ്ങളിലെ ഇവരുടെ നേട്ടങ്ങളും കോട്ടങ്ങളും വ്യതിയാനങ്ങളും എന്തെല്ലാം. ഇവയാണ് ചികഞ്ഞറിയേണ്ടത്.

പൊതുവേ വേട്ടുവ സമുദായത്തെ പല തറവാടുകളോ കുടുംബങ്ങളോ ആയി വിഭജിച്ചിരിക്കുന്നു. പക്ഷെ 1909 ല്‍ എഡ്ഗര്‍ തെഴ്സ്റ്റണ്‍ കണ്ടെത്തിയെന്നു അവകാശപ്പെട്ടതു പോലെ ഇവരിലെ ഇല്ലങ്ങള്‍ എന്നറിയപ്പെടുന്ന വിഭാഗങ്ങളും ഇവയും അതാതു ജന്മിമാരുടെ ഇല്ലപ്പേരുമായുള്ള ബന്ധവും മറ്റും ഇന്നത്തെ വേട്ടുവരില്‍ കണ്ടെത്തുവാനായില്ല. ഇതുപോലെ തന്നെ കോഡി, പെരിങ്ങല എന്നീ വിഭാഗങ്ങളും ഇന്നു കാണുകയുണ്ടായില്ല.

കാരണവര്‍, കുഴിയിലിരുത്തല്‍

കടപ്പാട്: ചിത്രവും മാറ്ററും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1973 ജൂലൈയ് ലക്കം.