"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പുലപ്പേടിയും സംഭവവികാസങ്ങളും - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പതിമൂന്ന്

സ്‌ക്കൂള്‍ ഫൈനല്‍ പരീക്ഷ കഴിഞ്ഞു എല്ലാവരും അവരവരുടെ വീടുകളിലേയ്ക്കു ഭാവിയിലെ വര്‍ണ്ണ ശബളിമയാര്‍ന്ന പ്രതീക്ഷകളുമായി പോയി. വളര്‍ന്ന ചുറ്റുപാടുകളും മനോനിയന്ത്രണങ്ങളുമായി നടന്ന ശരദദാസിനെ ചില ഉന്നതകുലജാതരായ അദ്ധ്യാപകര്‍ അനുമോദിച്ചു ആശിര്‍വദിച്ചു. പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ മനസ്സു കൊണ്ടു പെറുക്കിയെടുക്കുക മാത്രമല്ല അദ്ധ്യാപനം ഗുരുമുഖത്തു നിന്നും വാരി വിതറുന്ന അറിവുകള്‍ ഹൃദ്ദിസ്ഥമാക്കുന്നതിലും അവന്‍ വൈദഗ്ദ്യം കാണിച്ചിരുന്നു. സൗമ്യശീലന്‍ അരോഗദൃഡഗാത്രന്‍, പതിതരുടെ മുത്ത് ആശാന് പ്രതീക്ഷയുള്ളവന്‍. കലാനിപുണന്‍, കേവലം ഒരുപാട്ടു കൊണ്ട് സ്‌ക്കൂളിന്റെ ശ്രദ്ധ പിടിച്ചു പറ്റിയവന്‍. കായിക വിനോദങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുത്തിരുന്നവന്‍.
അക്കാലത്തും പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതിലും, പഠിപ്പിക്കുന്നതിലും പാവങ്ങളോടു പക്ഷാഭേദം കാണിച്ചിരുന്നു.
എല്ലാവരും എല്ലാക്കാലത്തും, എല്ലാവരെയും ദ്രോഹിക്കുന്ന പ്രവണത, വെച്ചു പുലര്‍ത്തുവാന്‍ സാധിക്കുമായിരുന്നില്ല. അവയില്‍ ഒരുത്തനെങ്കിലും, ഈ പാവങ്ങളോടു കരണയുള്ളവനുണ്ടാകും. അതാണ് ശാരീരത്തിന്റെ തനിമ മനസ്സിലാക്കിയൊരദ്ധ്യാപകന്‍, പാട്ടിനു നല്ല മാര്‍ക്കിട്ടു കൊടുത്തത്. അതാണ് ചരതനു ഒന്നാം സ്ഥാനം ലഭ്യമായത്. പ്രകൃതിയില്‍ നിന്നും തനതായ ശൈലിയുള്‍ക്കൊണ്ട ശാരീരമാണവനെ പ്രസിദ്ധനാക്കിയത്.
ജാതീയമായ ഉച്ച നീചത്വം കൊടികുത്തി വാണിരുന്ന കാലയമായതു കൊണ്ടാണ് മറ്റൊരു കായിക വിനോദത്തിനോ കലകള്‍ക്കോ ചരതന് സമ്മാനം ലഭിക്കാതെ പോയത്. ഉന്നതരയാ അദ്ധ്യാപകര്‍ അവരവരുടെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാത്രം നിലകൊണ്ടിരുന്നതിനാല്‍ ചരതന്റെ സത്യസന്ധത മിക്കതും ഹനിക്കപ്പെട്ടു. എന്നാലും അവന് ഒരു നിരാശയുമുണ്ടായിരുന്നില്ല. ലഭിക്കാത്ത പുരസ്‌കാരങ്ങള്‍ ജാതീയത കൊണ്ടാണ് മാറ്റി മറിക്കപ്പെട്ടിരുന്നതെന്ന വസ്തുത അറിഞ്ഞിരുന്നിട്ടും ശരദദാസ്സ് അതിനെപ്പറ്റി വ്യാകുലചിത്തനായില്ല. എന്നാലും തനിക്കു ഭാവിയുണ്ടാകും എന്നവനാശ്വസിച്ചു. കഷ്ടപ്പെട്ടു പഠിച്ചു. 
പഠിപ്പിലൂടെയുള്ള ഉയര്‍ച്ചയെ പിന്നോട്ടു പിടിച്ചു വലിക്കുവാന്‍ നിരവധി ഘടകങ്ങളുണ്ട്. അതിലൊന്നാണ് അനവസരത്തിലുള്ള പ്രണയം. ഉന്നതരുടെ പീഡന പരമ്പരയില്‍ പെട്ടതു കൂടിയാണ് പതിതനെ പഠിത്തത്തിലും പുറകോട്ടു പിടിച്ചു വലിക്കുക എന്നുള്ളത്.
അതിലൊന്നാണ് സാവിത്രിയുടെ പ്രണമയെന്നവന്‍ കണക്കുകൂട്ടി. തന്നിലെന്തെങ്കിലും നന്മ കണ്ട് അടുത്തു കൂടുന്നത് തന്റെ ഉയര്‍ച്ചയ്ക്കു വിലങ്ങു തടിയാകുമെന്ന സത്യാവസ്ഥ അവനോര്‍ത്തു.
യുവത്വ വികാരത്തിന്റെ വേലിയേറ്റമാണ് അവളുടെ പ്രണയം വരേണ്യ വര്‍ഗ്ഗക്കാരായവര്‍ പ്രത്യക്ഷത്തിലതു കാണിക്കാതെ തകര്‍ച്ച വരുമ്പോള്‍ രണ്ടു കയ്യും കഴുകി പിന്‍തിരിഞ്ഞു പോയ്മറയും. ഭഗ്നാശയനായി അലഞ്ഞു തിരിഞ്ഞു നടക്കാതിരിക്കുവാന്‍ താനിപ്പോഴേ നിയന്ത്രണം പാലിക്കണം.

പരീക്ഷ കഴിഞ്ഞു പിരിഞ്ഞ യുവമിഥുനങ്ങള്‍ എന്നു കാണുമെന്നു സംശയലേശമന്ന്യാ പ്രസ്താവിക്കുവാന്‍ തയ്യാറായില്ല.
സാവിത്രീ നീ നാളെ വലിയ തമ്പുരാട്ടിയായി ഞങ്ങളെപ്പോലെയുള്ളവരൊയൊക്കെ അടിമകളാക്കി നിയന്ത്രിക്കുന്ന കാലം വരും. അപ്പോള്‍ എന്റെയീ പഠിപ്പെങ്കിലും പരിഗണിച്ചു എനിക്കൊരു ജോലി നല്‍കുവാന്‍ കനിവുണ്ടാകണം.
ഇരുവരും രഹസ്യമൂലയില്‍, വികാരതരളിതരായി, ആലിംഗനബദ്ധരായി അശ്രുകണങ്ങളുതിര്‍ത്തു, വിട ചൊല്ലിയിട്ടും വേര്‍ പിരിയുവാനാവാതെ വീണ്ടും അടുത്തു കൂടി പ്രണയമുദ്രിതമേകി. കോരിത്തരിപ്പിക്കുന്ന നിമിഷം, ശരദദാസ്സ് അവളുടെ മോഹന മേനിയെ തഴുകി. ദേഹമാസകലം അവന്റെ കയ്യും മെയ്യും പുണര്‍ന്നു. കരസ്പര്‍ശനമെത്താവുന്ന തലങ്ങളിലൊക്കെ വിരലുകള്‍ പരതി സ്പര്‍ശിച്ചു ഇക്കിളിയാല്‍ തരളിതമാക്കി.
അവളുടെ അശ്രുകണങ്ങള്‍ ശരദ ദാസിന്റെ മുഖത്തും മേനിയിലും ഈര്‍പ്പമുളവാക്കി.
അവളുടെ കിളിമൊഴിയുതിര്‍ന്നു. ശരദദാസ്സേ ജീവിതത്തിലൊരിക്കലും മറക്കുവാന്‍ പറ്റാത്ത വ്യക്തിയാണു നീ. എന്നെ പിരിയരുത് ഞാനെന്തും തരും എന്റെ വീട്ടികാരെതിര്‍ത്താലും ശരി ഞാന്‍ നിന്നെത്തേടി വരും. എനിക്കൊരി ജീവിതമുണ്ടെങ്കില്‍ അതു ശരദദാസൊന്നിച്ചായിരിക്കും, അല്ലെങ്കില്‍ ഞാന്‍ ആത്മത്യാഗം ചെയ്യും.
ഞാന്‍ എന്നെത്തന്നെ നിനക്കു സമര്‍പ്പിക്കുന്നു. വികാരവിവശയായി അവളവനെപ്പുണര്‍ന്നു. മോഹനസുന്ദര നിമിഷങ്ങള്‍, നമ്മള്‍ രണ്ടുപേരും ഇങ്ങിനെ എന്നും ജീവിക്കുമാറാകണം.
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു. ശരദദാസ് വീണ്ടുമവന്റെ നിത്യജീവിതത്തിലേയ്ക്കു തിരിഞ്ഞു. എല്ലാ വിവരങ്ങളും കുഞ്ചുവാശാനോടു പറഞ്ഞു.
ആശാന്‍ പറഞ്ഞു; മോനെ സൂക്ഷിക്കണം അവരെന്തും ചെയ്യും. അതു പ്രതീക്ഷിച്ചു വേണം, നിന്റെ മുന്നോട്ടുള്ള ഓരോ ചുവടു വെയ്പുകളും നടത്തേണ്ടത്.
ഒരിക്കലാശാന്‍ സാധു ജനങ്ങളുടെ പ്രവര്‍ത്തനങ്ങളും മറ്റും നേരില്‍ കണ്ടു മനസ്സിലാക്കുവാന്‍ ഉച്ചകഴിഞ്ഞ നേരം നടന്നു വന്നു.
കുടുമി കെട്ടി ചരിച്ചിട്ട് സില്‍ക്കു ജുബ്ബയും ധരിച്ച് നെറ്റിയില്‍ വിഭൂതിയും പൂശി ചന്ദനപ്പൊട്ടും തൊട്ട് മെതിയടിയേറി തോള്‍ നാടനും ധരിച്ച്, വെള്ളികെട്ടിയ വണ്ണമുള്ള ചൂരല്‍ വടിയുമൂന്നിയുള്ള പ്രയാണം കണ്ടാല്‍ ഉന്നതന്‍ വരുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. വെയിലിനല്‍പ്പം ചൂടു കുറഞ്ഞതു കൊണ്ടു വിയര്‍ത്തിരുന്നില്ല. ചെറുകാറ്റില്‍ തോള്‍ നാടന്‍ നടപ്പിനനുസരിച്ച് ആടിക്കളിച്ചു കൊണ്ടിരുന്നു. ശുഭ്രമായ മുണ്ടിന്റെ കോന്തല ഇടതു കൈകൊണ്ട് വകഞ്ഞു പിടിച്ചു കൊണ്ടാണ് നടന്നിരുന്നത്.
പരമശിവന്‍പിള്ളയുടെ കടയില്‍ വന്നു ബഞ്ചിലിരുന്നു. പ്രഥമദഋഷ്ടിയില്‍ നായരാണെന്നു തോന്നി. പിള്ളയുടെ ഭാര്യ വിലാസിനി മന്ദസ്മിതത്തോടു കൂടി ആശാനെ സമീപിച്ചു.
ആരാണ് മനസ്സിലായില്യാ, ചായയോ മറ്റോ വേണോ? ഞാന്‍ കുഞ്ചുവാശാന്‍, പള്ളിക്കൂടം വാദ്യാരാണ്, മാഷുണ്ടോ.
വിലാസിനി - മുറിയിലുണ്ടാകും, അദ്ദേഹത്തിനെ ഇങ്ങോട്ടു വിളിപ്പിക്കാം.
അല്‍പ്പസമയം കൊണ്ട് പപ്പു മാനേജര്‍ കടയുടെ മുന്‍ഭാഗത്തേയ്ക്കു വന്നു. രണ്ടും പേരും പരസ്പരം തൊഴുകൈകളോടെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പിന്നെ ചായ കുടിച്ചു.
നാട്ടുവിശേഷങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ ആശാന്‍ സൂചിപ്പിച്ചു. ശരദദാസ്സിന്റെ സുരക്ഷിതത്വം നമ്മുടെ കൈകളിലാണ്. അവന്‍ അനാവശ്യ കൂട്ടുകെട്ടിലോ പ്രവര്‍ത്തനത്തിലോ ഒന്നും പെടുവാന്‍ സാധ്യതയില്ല. പഠിക്കുന്നവനാണ്. പക്ഷേ അസൂയാളുക്കള്‍ അവനെ അപകടപ്പെടുത്തുവാന്‍നോക്കും. ഒരു ഉന്നത കുലജാതയായ പെണ്‍കുട്ടി അവനോടടുത്തതായി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനൊന്നു ശ്രദ്ധിക്കണമെന്നു ഞാന്‍ സൂചിപ്പിച്ചെന്നു മാത്രം.
ഇപ്പോഴൊരു സംഭവവികാസം ഈ ഭാഗത്തു നടന്നതായി ആശാന്‍ അറിഞ്ഞോ ആവോ? പപ്പു മാനേജര്‍ ആരാഞ്ഞു.
ആശാന്‍ - എന്താണാവോ ആ പ്രാധാന്യമുള്ള വിഷയം.
പുലപ്പേടി നാളില്‍ - ഒരു കുഞ്ഞിക്കുട്ടിയമ്മയെന്ന വീട്ടമ്മ, കറമ്പന്റെ ഇളയ സഹോദരന്‍ ചീതങ്കന്റെ കൂടെ പോന്നു, ഇപ്പോള്‍ കുടിലിലുണ്ട്.
ആശാന്‍ - അതു അവന്‍ വിളിച്ചു കൊണ്ടു വന്നതാണോ?
മാഷ് - അല്ല സ്വമനസ്സാലെയുമല്ല, കുടുക്കില്‍ പെടുത്തിയതാണ്. ഒരു വാസുപിള്ളയെന്ന വ്യക്തി, ആ സ്ത്രീയെ അപകടപ്പെടുത്തിയതാണ്.
വിവരങ്ങളറിഞ്ഞ കുഞ്ചുവാശാന്‍ സ്ഥലത്തു ചെന്നന്വേഷിക്കുവാനായി താല്‍പ്പര്യം കാണിച്ചു.
അതിനെന്താ പിള്ളയും കൂടി വന്നോട്ടെ നമുക്കവിടേയ്ക്കു പോകാം. ഇട്യാതി മൂപ്പന്റെ കുടിലിനടുത്താണ് കറമ്പന്റെ അനുജന്മാരും മറ്റും താമസിക്കുന്നത്.
പപ്പുമാനേജരും, ആശാനും കൂടി എഴുന്നേറ്റു പരമശിവന്‍ പിള്ളയോടൊപ്പം നടന്നു തുടങ്ങി.
സായാഹന്മായപ്പോള്‍ അവര്‍ ചീതങ്കന്റെ കുടിലിലെത്തി, കോലായിലിരുന്ന കുഞ്ഞിക്കുട്ടിയമ്മ എഴുന്നേറ്റു ഉപചരിച്ചു. ആഗതരെക്കണ്ട കുഞ്ഞിക്കുട്ടിയമ്മ പൊട്ടിക്കരഞ്ഞു ഗദ്ഗദത്തോടെ അവളുടെ വാക്കുകള്‍ മുറിഞ്ഞു വീണു.
എനിക്കെന്തിനാണീ ജന്മം തന്നത് ഇങ്ങനെ തീ തീറ്റിക്കാനാണോ? ചീതങ്കനെ എനിക്കറിയില്ലായിരുന്നു ആ വാസുപിള്ള എന്നെ ചതിച്ചതാണ്.
ഞാനും എന്റെ നായരും കുട്ടികളുമൊത്തു സുഖമായി ജീവിക്കുകയായിരുന്നു. പണ്ടെങ്ങോ ചില മൃതുല വികാരത്തില്‍ വാസുപിള്ളയുമായി എനിക്കടുപ്പമുണ്ടായിരുന്നു. കുടുംബത്തോടു കൂടി ജീവിക്കുമ്പോഴും അയാള്‍ക്കെന്നോടൊത്തു സംബന്ധിക്കണമെന്ന സ്ഥിതി തുടരുവാന്‍ ബുദ്ധിമുട്ടുണ്ടായി. മക്കളും എന്നെ വിലക്കി. അയാളോടുംഞാനതു കര്‍ശനമായി നിര്‍ദ്ദേശിച്ചു. പക്ഷേ അയാള്‍ക്കു പ്രതിഷേധമായി. അതിന്റെ പരിണിത ഫലമാണീ അനുഭവിക്കുന്നത്.
കുഞ്ചുവാശാന്‍ പറഞ്ഞു, കുഞ്ഞിക്കുട്ടി നിനക്ക് ഭര്‍ത്താവിന്‍േറയും മക്കളുടെയും കൂടെ തിരിച്ചു പോകുവാനുള്ള ഏര്‍പ്പാടുണ്ടാക്കിയാല്‍ പോരെ.
കുഞ്ഞിക്കുട്ടി - അതിനവര്‍ ഒരിക്കലും സമ്മതിക്കുകയില്ല. അവര്‍ എന്നെ ഭ്രഷ്ടു കല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ വേറെ പോംവഴി നിര്‍ദ്ദേശിക്കാം. അതില്‍ നീ വശംവദയായേ പറ്റു.
സന്ധ്യയോടു കൂടി ശരദദാസും ചിത്തരാജും മറ്റും അവിടേയ്‌ക്കെത്തി ചേര്‍ന്നു. പരിചമുട്ടുകളിക്കുള്ള ആളുകളും വന്നു.
ചിത്തരാജിന്റെ നേതൃത്വത്തില്‍ നാലു ചെറുപ്പക്കാരെ നിയോഗിച്ചു. കൂടാതെ അവരോടൊപ്പം കറമ്പന്റെ പുലക്കള്ളിയേയും, മാണ്ടയേയും വിട്ടു. വഴിക്കു വച്ചു ഗീതാദേവിയേയും കൂട്ടിക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചു.
നേരം ഇരുട്ടായി പപ്പു മാനേജരും പിള്ളയും ആശാനും ഇട്യാതി മൂപ്പനും, മാടനും കറമ്പനും, ചക്കിയും ഒക്കെ നിശാപാഠശാലയില്‍ പോയി കാത്തിരുന്നു.
കുറെയധിക ദൂരം നടന്നശേഷം ചിത്തരാജും സംഘവും വാസുപിള്ളയുടെ വീട്ടില്‍ ചെന്നു.
മറ്റുള്ളവര്‍ ഇരുട്ടത്തു മറഞ്ഞു നിന്നു. ചീതങ്കന്‍ മുറ്റത്തേയ്ക്കു നടന്നു ചെന്നു വിളിച്ചു.
തമ്പ്രാ, തമ്പ്രാ, തമ്പുരാനേ.
ഉം. ആരാടാ ചീതങ്കനാ... എന്താടാ ഈ നേരത്ത്, നേരം കെട്ട നേരത്ത് എന്റെ ഉമ്മറത്തു വന്നത് എന്തിനാടാ.
ഒരു സ്വകാര്യം പറയണം തമ്പ്രാ... ഒന്നു വന്നേ!
വെളിച്ചത്തു നിന്നും മാറി ഇരുട്ടത്തേയ്ക്കു വന്ന വാസുപിള്ളയെ ചിത്തരാജും വേറൊരുവനും വന്നു കെട്ടിപ്പിടിച്ചു. വായപൊത്തി തടുത്തു കൊണ്ടു മാറ്റി നിര്‍ത്തി. തോര്‍ത്തു കൊണ്ടു വായ മൂടിക്കെട്ടി.
പിന്നെ വീട്ടിലേയ്ക്ക് ചെന്ന ഗീതാദേവി വാസുപിള്ളയുടെ വിവാഹ പ്രായമായ തങ്കമണിയെ വിളിച്ചു. തങ്കമണിയും അമ്മയും ഉമ്മറത്തേയ്ക്കു വന്നു. ഗീതാദേവി അവളെ കടന്നു പിടിച്ചു. നീ ഇങ്ങോട്ടൊന്നു വന്നേ ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞ് ബലമായും പക്ഷേ മൃതുവായും തടുത്തുകൊണ്ട് തിരിച്ചു നടന്നു കൂടാതെ തള്ളയോടു പറഞ്ഞു ഞാന്‍ ''ഗീതാദേവി'' മകളെ ഞാന്‍ കൊണ്ടു പോകുന്നു. പകരം ഇവള്‍ക്ക് വേറൊരു തള്ളയോടൊപ്പം വാസുപിള്ളയും, ഇവള്‍ക്കൊരു ചെറുക്കനേം ഏര്‍പ്പാടാക്കി ഉടനെ ഇങ്ങോട്ടയക്കാം - കേട്ടോ.
തങ്കമണി അമ്മേ അമ്മേ എന്നു കരയാന്‍ തുടങ്ങി. ഉടനേ ഗീതാദേവി അവള്‍ക്കൊരു പ്രഹരം കൊടുത്തു. മുടിക്കു കുത്തിപ്പിടിച്ചുലച്ചു കൊണ്ടു ആക്രോശിച്ചു. മിണ്ടിപ്പോകരുത്. കൊന്നുകളയും. അല്‍പ്പം മാറി നിന്നിരുന്ന മാണ്ടയും പാഞ്ഞടുത്തു. തോര്‍ത്തു കൊണ്ടു വായമൂടിക്കെട്ടി നടത്തിച്ചു.
ഇരുട്ടുകാരണം വഴി വ്യക്തമായിരുന്നില്ല. എങ്കിലും നിലാവെളിച്ചത്തില്‍ നടന്നും പടര്‍പ്പുകള്‍ ചവിട്ടിയൊടിച്ചും അവര്‍ വാസുപിള്ളയേയും കൊണ്ടു നിശാപാഠശാലയില്‍ വന്നു ചേര്‍ന്നു.
കുഞ്ചു - ആശാന്‍ ഒരു സ്റ്റൂളിലിരിക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ നിലത്തു പായയിലും. കൂട്ടത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുമുണ്ട്. 
നിശാപാഠശാലയില്‍ വാസുപിള്ളയെ കയറ്റി തെങ്ങിന്‍ തൂണില്‍ ബന്ധിച്ചു. മകളെ കൈകെട്ടിയ നിലയില്‍ തന്നെ നിലത്തിരുത്തി. പാര്‍ശ്വകാവലായി മാണ്ടയും, ഗീതാദേവിയും ഇരുന്നു. 
ആശാന്റെ നിര്‍ദ്ദേശം - അവന്റെ മുഖത്തെ കെട്ടഴിക്കടാ. നിന്റെ പേരെന്താടാ - കുഞ്ചുവാശാന്‍ ചോദിച്ചു.
ഏ - നീയെല്ലാമാരാണ് - എന്നെ പിടിച്ചു കെട്ടി കൊണ്ടു വരുവാന്‍, ഞാനാരാണെന്നറിയാമോ?
പപ്പു മാനേജര്‍ - ചിത്തരാജിനെ നോക്കി - കൊടുക്കടാ അവനു പ്രഹരം. വാസുപിള്ളയ്ക്കു ശക്തമായ ഇടി മുഖത്തും ദേഹത്തും കൊടുത്തു. പിന്നെ ഓലത്തുഞ്ചു കൊണ്ടുള്ള അടിയമുമേറ്റു പൊട്ടി ചോര വമിക്കുവാനും തുടങ്ങി. തലതാഴ്ത്തി അവശനായി കുഞ്ഞിക്കുട്ടിയമ്മയെ നോക്കി.
കണ്ടു കൊണ്ടിരുന്ന മകള്‍ തങ്കമണി പൊട്ടിക്കരഞ്ഞു അയ്യോ എന്റെ അച്ഛനെ ഒന്നും ചെയ്യല്ലേ. ഗീതാദേവിയും മറ്റും അവളുടെ വായപൊത്തി കൂട്ടത്തില്‍ രണ്ടുമൂന്നിടിയും കൊടുത്തു. മിണ്ടല്ലേടി തേവിടിച്ചി.
ആശാന്‍ വീണ്ടും ചോദിച്ചു - ഇനി പറയൂ - നിന്റെ പേരെന്താണ്. 
വാസുപിള്ള - അവശതയോടു കൂടിയുള്ള വാക്കുകള്‍ പുറത്തു വന്നു.
ആശാന്‍ - വാസുപിള്ളേ, ഈ കുഞ്ഞിക്കുട്ടിയമ്മയെ നീ വിളിച്ചു കൊണ്ടു പോകണം.
അവന്‍ ഒന്നും പറഞ്ഞില്ല.
പപ്പുമാനേജര്‍, ഉം എന്താടാ നിനക്കു വിഷമം, നീയല്ലേ അവരുടെ കുടുംബം കലക്കിയത്.
കുഞ്ചുവാശാന്‍ - വിളിച്ചു കൊണ്ടു പോടാ - പട്ടി - അതോ ഇനിയും പ്രഹരം വേണോ?
വാസുപിള്ള - ഞാന്‍ വിളിച്ചു കൊണ്ടു പോകാം.
ഇനി അവന്റെ കെട്ടഴിച്ചവിടെ ഇരുത്തൂ. ആശാന്‍ കല്‍പ്പിച്ചു. പിന്നെ അടുത്തതെന്താണെന്നു, വാസുവിനറിയോ, അതു നീ ചെയ്തു കൂട്ടിയ തെറ്റുകള്‍ക്കുള്ള പ്രായ്ശ്ചിത്തം, അത് ഈ നില്‍ക്കുന്ന ചീതങ്കന് നിന്റെ മകളെ കൈപിടിച്ചേല്‍പ്പിക്കണം.
അതിനുമയാള്‍ മിണ്ടാതിരുന്നു, മകളതു കേട്ടു, അയ്യോ, എനിക്കു പറ്റില്ല.
കേള്‍ക്കേണ്ട താമസം ഗീതാദേവിയും മാണ്ടയും കൂടി അവളെ പിടിച്ചു തൂണില്‍ ബന്ധിച്ചു.
പപ്പു മാനേജര്‍ എഴുന്നേറ്റു - വാസുപിള്ളയുടെ കുത്തിനു പിടിച്ചു എഴുന്നേല്‍പ്പിച്ചു നിര്‍ത്തി, കൊടുത്തൊരു കനത്ത പ്രഹരം കൂടി.
അയ്യോ - അമ്മേ എന്നെ ഒന്നും ചെയ്യല്ലേ ഞാന്‍ സമ്മതിച്ചേയ്.
വാസുപിള്ളയുടെ മകളെ അഴിച്ചു വിട്ടു - ഗീതാദേവി പറഞ്ഞു - അങ്ങിനെ വഴിക്കു വാടി.
ചീതങ്കന്റെ കയ്യില്‍, വാസുപിള്ള മകളെ പിടിച്ചേല്‍പ്പിച്ചു. പപ്പു മാനേജര്‍, വാസൂ, നാളെ ആളുകളെ കൂട്ടി, വല്ല പ്രശ്‌നവുമുണ്ടാക്കുവാന്‍ മുതിര്‍ന്നാല്‍ നീ പിന്നെ ജീവനോടിരിക്കുകയില്ല, പറഞ്ഞേക്കാം.
പിന്നെ കുഞ്ഞിക്കുട്ടിയമ്മയ്ക്കു നിന്റെ വീട്ടില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകുവാന്‍ പാടില്ല. അവരെ അനാവശ്യം പറഞ്ഞും മറ്റും പീഡിപ്പിച്ചാല്‍ നീയും നിന്റെ മകളുമതനുഭവിക്കും, കേട്ടോടാ പട്ടി പിള്ളേ.
ഇനി ചീതങ്കാ:- നീ വാസുപിള്ളയുടെ മകളായ തങ്കമണിയെ വിളിച്ചോണ്ടു കുടീലോട്ടു പൊയ്‌ക്കോളൂ.
ചിത്തരാജേ; വാസുപിള്ളയേയും, കുഞ്ഞിക്കുട്ടിയമ്മയേയും, കൊണ്ടു പോയി അവരുടെ വീട്ടിലാക്കീട്ടു വന്നോളു.
എല്ലാവരും പിരിഞ്ഞു പോകുവാനെഴുന്നേറ്റു കൂട്ടത്തില്‍ പരമശിവന്‍പിള്ള പറഞ്ഞു, ആശാന്‍ ഞങ്ങളോടൊപ്പം വരണം. കുഞ്ചുവാശാന്‍ എഴുന്നേറ്റു ഇട്യാതി മൂപ്പനേയും, കറമ്പനേയും, മാടനേയും തൊഴുതു മടങ്ങി.
തമ്പുരാനെപ്പോലെയുള്ള ആശാന്റെ ബഹുമാനവും കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതിയേയും ഓര്‍ത്തു അദ്ദേഹത്തോടു കൂടുതല്‍ മതിപ്പു തോന്നി. അവര്‍ പോകുന്ന വഴിക്കായിരുന്നു പരമശിവന്‍ പിള്ളയുടെ വീട്. അതുകൊണ്ട് മകളായ ഗീതാദേവിയും അവരോടൊപ്പം പുറപ്പെട്ടു.
കുറഞ്ഞൊരുനാളായി മങ്ങിയ അന്തരീക്ഷം, വല്ലപ്പോഴും ചെറിയ ചാറ്റല്‍ മഴയുമുണ്ടായിരുന്നു. ഇടിമിന്നലും കാര്‍കെട്ടും കൂടാതെ ഇടിയോടു കൂടിയ മഴയുണ്ടാകാന്‍ തുടങ്ങി. ഇടവത്തോടു കൂടിയുണ്ടാകേണ്ട മഴക്കാലാവസ്ഥയുടെ വ്യതിചലനം കാരണം നേരത്തെയാണ് മഴയും ഇടിമിന്നലും തുടങ്ങിയിരിക്കുന്നത്. ഈ കാലാവസ്ഥയെ മിക്കവരും ദു:ശ്ശകുനമായി കണക്കാക്കി.
കത്തി ജ്വലിച്ചു കൊണ്ടിരുന്ന ചൂടിനൊരാശ്വാസമായി ഈ മഴയെ മിക്കവരും നന്നെന്നു നിരൂപിച്ചു. ജനതതികള്‍ക്ക് താങ്ങാന്‍ പറ്റാത്ത സൂര്യാഘാതമാണനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ജീവജാലങ്ങളില്‍ തിര്യക്കുകള്‍ ചിലയവ മറിഞ്ഞു വീണു മരിച്ചു. ജനതതികളില്‍ ചില പ്രായമായവര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നു. പകര്‍ച്ച വ്യാധി കണക്ക് ചിലര്‍ക്ക് വസൂരിരോഗവും, ചൂടുകുരുക്കളും പൊങ്ങി. ജലക്ഷാമം സംഭവിച്ചു. ജലാശയങ്ങള്‍ വറ്റിവരണ്ടു. അതിനെ അതിജീവിക്കുവാനായിരിക്കും പ്രകൃതി തന്നെ മഴനേരത്തേയാക്കി പെയ്യിച്ചു തുടങ്ങിയത്. ജീവജാലങ്ങള്‍ക്ക് ആശ്വാസമായി തുടങ്ങി.
ഇടവപ്പാതി സമാഗതമായിട്ടേയുള്ളൂ, പ്രകൃതി കോപാവിഷ്ടയായി. മരവിപ്പിക്കുന്ന കുളിരും, ഭയപ്പെടുത്തുന്ന ഇടിമിന്നലും വ്യാപകമായി.
കാര്യമായ മഴയോ കാറ്റോ പ്രതീക്ഷയില്ലാതിരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി ശക്തമായ കാറ്റും പേമാരിയും തുടങ്ങിയത്. മഴ തകര്‍ത്തു പെയ്തു കൊണ്ടിരുന്നു. ദിനംപ്രതി കാര്‍മേഘ പാളികള്‍ കരിമ്പടം പുതച്ചു മൂടി കെട്ടി സംഹാര രുദ്രയെപ്പോലെ പാഞ്ഞു നടന്നു. അന്തരീക്ഷം കറുത്തിരുണ്ടു കുളിരു കോരി, ചിലനേരം ചലനമറ്റു നിന്നു. തണുത്ത അന്തരീക്ഷം, ഇടവിടാതെ പെയ്യുന്ന മഴ. തോടും കുളങ്ങളും നിറഞ്ഞു കവിഞ്ഞു കുടിലുകള്‍ മിക്കതും ഒലിച്ചു പോയി. ഒട്ടുമിക്ക വീടുകള്‍ നിലംപൊത്തി. വാഴത്തോട്ടങ്ങള്‍ കടപുഴകി കാറ്റില്‍ മറിഞ്ഞു. ചില്ലിത്തെങ്ങുകള്‍ ഉയരം കൂടിയവ ഒടിഞ്ഞു വീണു, നിരവധി കടപുഴകി വീണു. അമ്പലത്തിന്‍ മുമ്പിലെ അരയാലിന്റെ മുഴുത്ത കൊമ്പുകള്‍ ചീന്തി വീണു. കൊടുംകാറ്റു ചീറ്റിയടിച്ചു. വെള്ളപ്പൊക്കം കാരണം മലമുകളില്‍ നിന്നും ഒലിച്ചു വന്ന കുത്തൊഴുക്ക് ചുവന്നു കലങ്ങി മല വെള്ളപാച്ചിലായി മാറി. തോടും പുഴകളും കറുപ്പു കലര്‍ന്നു കുത്തിയൊലിച്ചൊഴുകി. കുളങ്ങളും ജലപ്പരപ്പുകളുമൊരു പോലെയായി മുങ്ങി.
ആളപായം നിരവധിയുണ്ടായി, ചിലര്‍ കുഞ്ഞുങ്ങളേയും താങ്ങിയെടുത്തു കരഭാഗത്തേയ്ക്കു പോയി ചിലരുടെ വീടുകളിലഭയം തേടി.
മാടന്റെ വീട് കല്ലു കൊണ്ടാണെങ്കിലും, വെള്ളം കയറി. എല്ലാം ഇട്ടെറിഞ്ഞു കുഞ്ഞുങ്ങളേയും, മക്കളേയും കെട്ടിപ്പെറുക്കിയെടുത്തു അകലെയുള്ള സ്‌ക്കൂളിലേയ്ക്കു പ്രയാണം ചെയ്തു. ജീവന്‍ കിട്ടിയതു ഭാഗ്യം. ചില കുട്ടികളും, തള്ളമാരും വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചു. അവരില്‍ ചിലരുടെ ശവശരീരം പോലും ലഭിച്ചില്ല. ചിലരുടെ മൃതദേഹം ലഭിച്ചെങ്കിലും, അവയൊക്കെ വെള്ളം കയറാത്ത തെങ്ങിന്‍ ചുവട്ടിലിട്ടു കൊണ്ട് ജീവനും വാരിപ്പിടിച്ചു കൊണ്ടോടിപ്പോയി. അമ്പലത്തിലോ വഴിയമ്പലങ്ങളിലോ കയറിയിരുന്നു.
മാടനും കുടുംബവും പരമശിവന്‍പിള്ളയുടെ ചായക്കടയ്ക്കു പിന്‍വശത്തുള്ള ചാര്‍ത്തില്‍ കുടിയേറി. ആശാന്റെ പള്ളിക്കൂടത്തിലും അനേകം പേര്‍ താമസിക്കുവാന്‍ വന്നു.
വെള്ളപ്പൊക്കത്തില്‍ മരിച്ചവരേയും, പാതി മരിക്കാറായി കിടക്കുന്നവരേയും, എടുത്തു കരയ്ക്കിട്ടാല്‍ അവരെ കെട്ടിപ്പിടിച്ചു കരയുവാനോ ശേഷക്രിയകള്‍ നടത്തുവാനോ ആരും തയ്യാറായില്ല. താന്താങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ നെട്ടോട്ടമോടുമോ മരണാസന്നരായി കിടക്കുന്നവര്‍ക്കു ചികിത്സയ്ക്കായി ഉദ്യമിക്കുമോ ഉന്നതരായ പണക്കാരുടെ വീടുകളും, തറവാടും, ഇല്ലങ്ങളും ഒക്കെയും സുരക്ഷിതമായിരുന്നു. പക്ഷേ അവരുടെ സ്വത്തുവകകളില്‍ പെട്ടതാണ് തൊഴിലാളികളും പാടങ്ങളും പറമ്പും എല്ലാം.
ഒന്നര രണ്ടാഴ്ച കോരിച്ചൊരിഞ്ഞു പെയ്ത മഴയാണ് വെള്ളപ്പൊക്കത്തിനു നിദാനമായത്. നാശനഷ്ടം വിലയിരുത്തുവാന്‍ വളരെ പാടുപെടേണ്ടി വന്നു. ദ്രവ്യനാശം ആള്‍നാശം എന്നിവ കൃത്യമായി കണക്കാക്കുവാന്‍ വയ്യാത്ത വിധം ഭീകരമായിരുന്നു. സാമൂഹിക പ്രവര്‍ത്തകരില്‍ ചിലര്‍ പണക്കാരുടെ വീടുകളില്‍ നടന്നു നെല്ലും അരിയും മറ്റും വാങ്ങി കൊണ്ടു വന്നു കഞ്ഞിവെച്ചു സ്‌ക്കൂളിലും മറ്റുംതാമസിക്കുന്നവര്‍ക്കു കൊടുത്തു. പരമശിവന്‍ പിള്ളയുടെ ചായക്കട ഒന്നു രണ്ടാഴ്ച പൂട്ടിയിട്ടു. പപ്പുമാനേജരും പിള്ളയും ചിത്തരാജനുമുള്‍പ്പെട്ട കുറേ സന്നദ്ധ ഭടന്മാരുടെ കൂട്ടത്തില്‍ ഗീതാദേവിയും അമ്മ വിലാസിനിയും കൂടി. ചിലനേരം ശരദദാസ്സും ചേര്‍ന്നു. സാധനങ്ങളുടെ വരവു ചിലവു കണക്കുകള്‍ എഴുതി സൂക്ഷിച്ചിരുന്നത് ശരദദാസായിരുന്നു.
അവര്‍ നാടു നീളെ നടന്നു അരിയും പയറു വര്‍ഗ്ഗങ്ങളും പൂഴ്ത്തി വച്ചിരിക്കുന്ന ഇടത്തില്‍ നിന്നും പിടിച്ചെടുത്തു. ആദ്യമാദ്യം സാധനങ്ങള്‍ ഇരന്നു വാങ്ങി, പിന്നെപ്പിന്നെ ഭക്ഷ്യവസ്തുക്കള്‍ അകത്തു കയറി ബലാല്‍ക്കാരേണ കടന്നെടുത്തു. വഞ്ചികളിലും തലച്ചുമടായും കൊണ്ടു വന്നു പാകം ചെയ്തു ആളുകള്‍ക്കു വിശപ്പടക്കുവാന്‍ നല്‍കി വന്നത്. ലഭിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ തികയാതെ വന്നപ്പോള്‍ അകലെയുള്ള ജന്മിമാരുടെ തറവാടുകളില്‍ ചെന്നു സാധനങ്ങള്‍ ശേഖരിച്ചു.
അപ്രകാരമൊരിക്കല്‍ വള്ളത്തില്‍ സഞ്ചരിച്ചു നീലകണ്ഠന്‍ നമ്പൂതിരിയുടെ ഇല്ലത്തു ചെന്നു. അവിടെയും വെള്ളപ്പൊക്കവും പേമാരിയും ബാധിച്ചിരുന്നതിനാല്‍ ആ ഭാഗത്തുള്ള ആളുകള്‍ക്കും തമ്പുരാന്‍ സഹായിച്ചിരുന്ന അവസരമായിരുന്നു. തമ്പുരാന്‍ മുടക്കം പറഞ്ഞു.
അന്നേരത്താണ് പൂമുഖത്തേയ്ക്കു വന്ന സാവിത്രി തമ്പുരാട്ടിക്കുട്ടി, ചെന്നവരുടെ കൂട്ടത്തില്‍ ശരദദാസ്സിനേയും കണ്ടത്. സാവിത്രി ശരദദാസ്സിനെ ദര്‍ശിച്ച മാത്രയില്‍ നാണം കുണുങ്ങി പുഞ്ചിരിച്ചു കൊണ്ട് അകത്തളത്തിലൊളിക്കാതെ നേരിട്ടു വന്നു ചെന്നവരെ നോക്കി മനസ്സിലാക്കി. മുറ്റത്തിറങ്ങി വന്നു ഗീതാദേവിയെ പരിചയപ്പെട്ടു.
പേരു ചോദിച്ചു, പിന്നെ ഗീതാദേവിയുടെ അമ്മയേയും പരിചയപ്പെട്ടു. കൂട്ടത്തില്‍ സാവിത്രി ചോദിച്ചു ഈ ശരദദാസ്സ് നിങ്ങളുടെ നാട്ടിലാണോ?
ഗീതാദേവി : അതെ - എന്താ കൊച്ചമ്പ്രാട്ടി ചോദിച്ചത്.
അല്ലാ അവിടുത്തെ സ്‌ക്കൂളിലാണ് ഞാനും പഠിച്ചിരുന്നത്. 
ഗീതാദേവി - വലിയ അറിവുള്ളവനാണ്, ഒരു മഹാനെപ്പോലെയാണ് നടപ്പും ഒക്കെ. അവിടെ നിശാപാഠശാലയില്‍ പഠിപ്പിക്കുന്നുമുണ്ട്....മാഷാണ്.
ശരദദാസ്സ് സാവിത്രിയെ കണ്ടപ്പോള്‍, ഇത്ര വലിയ നാലുകെട്ടിലുള്‍പ്പെട്ട അംഗമാണോ ഈ സാവിത്രി എന്ന വസ്തുതയോര്‍ത്തു ശരദദാസ്സ് അത്ഭുതപ്പെട്ടു.
അച്ഛാ ഉള്ളതില്‍ നിന്നും കുറച്ചെങ്കിലും അവര്‍ക്കു കൊടുക്കൂ, നമ്മള്‍ പട്ടിണി കിടന്നാലും വേണ്ടില്ല്യാ, കൊടുക്കൂ അച്ഛാ പാവങ്ങള്‍ കഷ്ടപ്പെടുന്നതു കണ്ടില്ലേ.
തമ്പുരാന്‍ മകളെ പിടിച്ചാശ്ലേഷിച്ചു... പറഞ്ഞു, ശരിമോളെ.
മുറ്റത്തു നിന്നവരോടു തിരിഞ്ഞു തമ്പുരാന്‍ പറഞ്ഞു നില്‍ക്കൂ, നമ്മുടെ ഇല്ലത്തു വന്നു ഭഗ്ന്നാശയരായി പോകേണ്ട, നാം മകളുടെ സന്തോഷത്തിനു വേണ്ടി അല്‍പ്പം ഭക്ഷ്യവസ്തുക്കള്‍ നല്‍കാം, അരിയും നാളികേരവും മറ്റും വാല്യക്കാരോടു പറഞ്ഞു.
അറതുറന്നു കുറച്ചു അരിയും സാധനങ്ങളൊക്കെ അവര്‍ക്കു കൊടുക്കൂ.
തമ്പുരാന്റെ കല്‍പ്പന പ്രകാരം, അരിച്ചാക്കുകള്‍ ചുമന്നു വള്ളത്തില്‍ കയറ്റുമ്പോള്‍ സാവിത്രിക്കുട്ടി തിരക്കിനിടയില്‍ ശരദദാസ്സിനോടു സംസാരിച്ചു.
സാധനങ്ങളൊക്കെ വള്ളത്തില്‍ കയറ്റി എല്ലാവരും കയറി യാത്രയായി. അതിനുശേഷം പല മുതലാളികളേയും സമീപിച്ചു ലഭിച്ചതൊക്കെ വാങ്ങി അവര്‍ കരപ്രദേശത്തുള്ള പിള്ളയുടെ വീട്ടില്‍ കൊണ്ടു വന്നുശേഖരിച്ചു വച്ചു.
ഓരോ പ്രാവശ്യവും ആവശ്യമുള്ളതൊക്കെയും അളന്നു നല്‍കുന്ന കണക്കെഴുതി സൂക്ഷിച്ചിരുന്നത് ശരദദാസായിരുന്നു. 
ശരദദാസ്സിനോടു നീലകണ്ഠന്‍ നമ്പൂതിരിയുടെ മകളായ സാവിത്രിക്കുണ്ടായിരുന്ന അനുകമ്പയാണ് ഒരു വലിയ വിഭാഗം ആളുകള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭ്യമായതെന്ന കാര്യം മാഷും, പിള്ളയും ഗീതാദേവിയില്‍ നിന്നും മനസ്സിലാക്കി. പപ്പുമാനേജര്‍ കുഞ്ചുവാശാന്‍ സൂചിപ്പിച്ച കാര്യത്തിലേയ്ക്കു മനസ്സു തിരിച്ചു. ഒരു പക്ഷേ, ആ വലിയ നമ്പൂതിരി ഇദ്ദേഹമായിരിക്കും. ഏതായാലും, ശരദദാസിനോടു ചോദിച്ചു പ്രശ്‌നമുണ്ടാക്കുവാന്‍ പപ്പു മാനേജര്‍ തയ്യാറായില്ല. കാരണം അവന്റെ മനസ്സു വിഷമിക്കുമെന്നദ്ദേഹം നിരൂപിച്ചു. എന്നാലും ആശ്വാസധാന്യം ലഭ്യമായതിന്റെ രഹസ്യം കുഞ്ചു ആശാനോടും മറ്റും പിള്ള സൂചിപ്പിച്ചു.
ചില നേരത്തു ആശാനും വന്നു കഴിയുന്ന സഹായം ചെയ്തിരുന്നു.
അദ്ദേഹം ശരദദാസ്സിനെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചു കൊണ്ടു മൊഴിഞ്ഞു. നിന്നിലൂടെ നല്ലൊരു പരിവര്‍ത്തനം ഈ പതിത വര്‍ഗ്ഗങ്ങള്‍ക്കുണ്ടാകും. പക്ഷേ അതിനു നീ തന്നെ വളരേണ്ടതുണ്ട്. നിന്റെ വളര്‍ച്ചയിലൂടെ മാത്രമേ ഇവര്‍ക്കു മേല്‍ഗതിയുണ്ടാകൂ.
ചിലയിടങ്ങളിലെ സാമൂഹ്യപ്രവര്‍ത്തകര്‍ രാഷ്ട്രീയ ചായ്‌വുള്ളവരായിരുന്നു. ഈ മഹാവിപത്തില്‍ പോലും ചോര കുടിക്കുവാന്‍ മണം പിടിച്ചു വരുന്ന കുറുക്കന്മാരുടെ പോലെ പിരിഞ്ഞു കിട്ടുന്ന സാധനങ്ങളുടെ വിഹിതവും അതിനപ്പുറവും, ഒതുക്കുന്നവരുണ്ടായിരുന്നു. പലയിടങ്ങളിലും ഇത്തരം ചൂഷകരുടെ കടന്നു കയറ്റം കൊണ്ടു ജനങ്ങള്‍ പൊറുതി മുട്ടിയിരുന്നെങ്കിലും, അവരാരോടും പരാതിപ്പെട്ടിരുന്നില്ല.
പക്ഷേ പപ്പു മാനേജരുടെയും, ചിത്തരാജിന്റെയും മേല്‍നോട്ടത്തിലുള്ള സംഘം അത്തരക്കാരായിരുന്നില്ല. കഴിയുന്നതും സത്യസന്ധത പുലര്‍ത്തണമെന്ന ഉദ്ദേശമുള്ളവരായിരുന്നു.
ജീവനും സ്വത്തിനും ഭീമമായ നാശം വിതച്ചു പ്രകൃതിക്ഷോഭം അവസാനം നിലച്ചു. മഴ സാവധാനം കുറഞ്ഞു വന്നു കോരിക്കെട്ടിയ കാര്‍മേഘ പടലങ്ങള്‍ പെയ്‌തൊഴിഞ്ഞു മലവെള്ളം രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ടിറങ്ങി. നദികളും പുഴകളും കുതിച്ചൊഴുകി കടലിനെ ശരണം പ്രാപിച്ചു. നിരവധി ശവശരീരങ്ങള്‍ വീര്‍ത്തു പൊങ്ങി, കാക്കയും പരുന്തും കൊത്തി വലിച്ചു തിന്നുവാന്‍ തുടങ്ങി. ചെറു ജന്തുക്കളും പക്ഷികളും ചത്തതിന്റെ ജഡം വെള്ളപാച്ചിലില്‍ വരിധിയിലെത്തും മുമ്പേ വെള്ളത്തിലലിഞ്ഞു ചേര്‍ന്നിരുന്നു. കന്നു കാലികളില്‍ കൂടുതലും നായകളായിരുന്നു. പിന്നെ ആടും പശുക്കളും എരുമ പോത്തു മുതലായവയും ചത്തടിഞ്ഞു. കൊച്ചു കുട്ടികളുടെ മൃതദേഹമായിരുന്നു മനുഷ്യരില്‍ കൂടുതലും പിന്നെ സ്ത്രീകളുടെയും, പുരുഷന്മാരില്‍ വയസായ പടുവൃദ്ധന്മാരുമായിരുന്നധികവും പിന്നെ രോഗഗ്രസ്ഥരായിരുന്നവരുടേതുമുണ്ടായിരുന്നു.
പ്രകൃതിയുടെ ക്രൂരവിനോദത്തില്‍ മനുഷ്യസഞ്ചയം തകര്‍ന്നു തരിപ്പണമായി. ഗദ്ഗദകണ്ഠരായി, വ്യാകുലത അന്തരംഗത്തിലടക്കി. നിര്‍നിമേഷരായി നോക്കി നില്‍ക്കുവാനേ ഇവര്‍ക്കായുള്ളൂ.
എല്ലാവരും അവരവരുടെ വീടും കുടിയമുണ്ടായയിടത്തേയ്ക്കു തിരിച്ചു പോയി. കുടിലുകള്‍ പുതിയവ കെട്ടുവാന്‍ മുതലാളിയുടെ സഹായമഭ്യര്‍ത്ഥിക്കുന്നതിനായി കുടിയാന്മാര്‍ സമീപിച്ചു. പക്ഷെ അടിമത്വത്തിനു ഉലച്ചില്‍ തട്ടിത്തുടങ്ങിയ കാലമായതിനാല്‍ ജന്മിമുതലാളിമാര്‍ പറയത്തക്ക ആത്മാര്‍ത്ഥത സഹായത്തില്‍ കാണിച്ചില്ല. കാരണം ചോദ്യം ചെയ്യുവാന്‍ ആളുകളുണ്ടായിരിക്കുന്നു; എന്ന ഭയപ്പാടാണീ മനം മാറ്റത്തിനു ഹേതുവായത്.
ഓരോ പറമ്പടികളിലും നില്‍ക്കുന്ന മുളയോ, വേലിപ്പത്തലോ, പരുത്തിക്കമ്പോ, മരക്കമ്പോ കുറേശ്ശേ മുറിച്ചെടുത്താല്‍ മതിയെന്നു പറഞ്ഞു.
അവര്‍ ഇരുന്നു, തമ്പ്രാ ഓലയ്‌ക്കെന്താ ചെയ്യുക. വീണു കിടക്കുന്ന തെങ്ങുകളുടെ ഓലയെടുത്തോളൂ. മുകള്‍ ഭാഗം മാത്രം ഇപ്പോള്‍ തല്‍ക്കാലം മേഞ്ഞാല്‍ മതി.
കാരണം ചെറ്റയോ, ആഞ്ചാനോ ഇല്ലാതെ കാറ്റും മഴയുമേറ്റു സ്വസ്തത നഷ്ടപ്പെട്ടു മാത്രമേ അവന്‍ ഉറങ്ങുവാന്‍ പാടുള്ളൂ. അഥവാ ഉറങ്ങിയാല്‍ തന്നെ, അവരുടെ സ്ത്രീകളെ നാട്ടിലുള്ള തെമ്മാടി പിള്ളേര്‍ക്ക്, സൈ്വര്യമായി സമീപിക്കുവാനുള്ള അവസരം കൊടുക്കലുമായിരുന്നീ അവഗണനയ്ക്കു പിന്നില്‍. അത്തരത്തിലുള്ള ദ്രോഹം കൂടിയാണിതു കൊണ്ടു ഉദ്ദേശിച്ചിട്ടുള്ളത്. അവനൊരിക്കലും സ്വസ്തത ലഭിക്കരുത്. സുഖമായി കിടന്നുറങ്ങരുത്.
നല്ല ഉറക്കം കിട്ടാതെ, തന്റെ സ്തീകളുടെ കഷ്ടപ്പാടുകള്‍ കണ്ടു കൊണ്ടു വേണം അവന്‍ കഴിയുവാന്‍. ഉള്ള ശാരീരിക ബലം കൊണ്ടു പട്ടിണിയകറ്റുവാന്‍ തമ്പ്രാന്റെ പാടത്തും പറമ്പിലും വേലയ്ക്കു വേണ്ടി ഇരിക്കണം. കുടിലിലുള്ള തള്ളയും കുഞ്ഞുങ്ങളും മരത്തണലിലും, അടച്ചൊറപ്പില്ലാത്ത കുടിലിന്റെ നിഴലിലുമായി കഴിച്ചു കൂട്ടിയിരുന്നു.
ഭര്‍ത്താവു പണിയെടുത്തു വൈകിട്ടു അരിയും വാങ്ങിച്ചു കൊണ്ടു വന്നാല്‍ മാത്രം അടുപ്പില്‍ തീപുകയും, അല്ലെങ്കില്‍ അതും ഇല്ല, മുഴുപട്ടിണി തന്നെ.
എന്തിനും കണ്ണുനീരും കയ്യുമായി ജീവിക്കേണ്ട വര്‍ഗ്ഗം. തുണിയും കോണാനുമില്ലാതെ കൊച്ചുകുട്ടികള്‍ ചെളിയിലും മണ്ണിലും കുഴഞ്ഞു മൂക്കട്ടയൊലിപ്പിച്ച് അമ്മയുടെ സമീപം കുടിലിനടുത്ത് വിശപ്പു സഹിച്ചു പട്ടിണിയില്‍ തളര്‍ന്നു കിടന്നുറങ്ങിയും പിന്നെ എഴുന്നേറ്റിരുന്നു ദിനരാത്രങ്ങള്‍ തള്ളി നീക്കി കൊണ്ടിരുന്നു.
പ്രകൃതിക്ഷോഭം കൊണ്ടു നാശോന്‍മുഖമായ പാടങ്ങളുടെ ചിറപിടിപ്പിക്കലും വെട്ടിക്കിളയ്ക്കും മറ്റുമായി ചില വന്‍കിട മുതലാളിമാര്‍ ആളുകളെ കൂട്ടി പണി ചെയ്യിക്കുവാന്‍ തുടങ്ങി.
എത്ര ആളുകളുടെ ജോലി ചെയ്താലാണ് ഈ പാടങ്ങളൊക്കെ ഉല്‍പ്പാദനക്ഷമമായി തീരുന്നത്.
നാട്ടില്‍ പട്ടിണിയും മാറാ രോഗവും പിടിപെട്ടു. ചത്തു ചീഞ്ഞ ശവശരീരങ്ങളുടെ ദുര്‍ഗന്ധം അന്തരീക്ഷത്തില്‍ പരന്നതിനാല്‍ പല രോഗങ്ങള്‍ക്കും മനുഷ്യന്‍ വിധേയരായി ചീഞ്ഞളിഞ്ഞ പാടത്തെ ചെളിയില്‍ നിന്നും വമിച്ചിരുന്ന വൃത്തികെട്ട നാറ്റം കാരണം, ആളുകള്‍ക്കു ജീവികള്‍ക്കും അസുഖങ്ങളുണ്ടായി.
പ്രകൃതിയുടെ ഭീകരതാണ്ഡവത്തിന്റെ പരിണിതഫലം ഇവയൊക്കെ ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത് പതിത വര്‍ഗ്ഗക്കാര്‍ക്കായിരുന്നു.
നേരം സന്ധ്യയാകാറായി, നിശാപാഠശാലയില്‍ പഠിക്കുവാന്‍ വരുന്ന ആളുകളില്‍, സ്ത്രീകളും കുട്ടികളും വയസ്സന്മാരും ഒക്കെയുണ്ടായിരുന്നു. ശരദദാസ് വിശപ്പും ദാഹവും സഹിച്ച്, നിശാപാഠശാലയില്‍ നേരിട്ടു വന്നു. അധിക സമയമാകുന്നതിനു മുന്‍പ് ഗീതാദേവിയും വന്നു ചേര്‍ന്നു. വേറൊരു പണികള്‍ക്കും പോകുവാനില്ലാത്ത ചിത്തരാജനും ഇട്യാതി മൂപ്പന്റെ പറമ്പിലും, നിശാപാഠശാലയുടെ പരിസരത്തുമായി ചുറ്റിക്കറങ്ങി നടന്നു.
ചിത്തരാജിന്റെ കൂട്ടത്തില്‍, അളിയനായ കൊച്ചൂട്ടി കറമ്പന്റെ അനുജന്മാരായ, ചീതങ്കന്‍, കുട്ടിച്ചന്‍ പിന്നെ കോലപ്പന്‍, ചെല്ലന്‍, തുപ്രന്‍ മുതലായവരുമുണ്ട് ഇതില്‍ കോലപ്പനും, ചെല്ലനും, തുപ്രനും അഭ്യാസികളും, കലാകാരന്മാരുമായിരുന്നു. എല്ലാവരും നല്ല അരോഗ ദൃഢഗാത്രരായിരുന്നു. കുട്ടിച്ചനു താല്‍പ്പര്യം ചെണ്ട കൊട്ടിലായിരുന്നു. പരിച മുട്ടുകളി നടക്കുമ്പോള്‍ ചെണ്ട കൊട്ടിയിരുന്നത് കുട്ടിച്ചനായിരുന്നു.
ചിത്തരാജന്റെ വരവിനും സാമീപ്യത്തിനും നിരവധി അര്‍ത്ഥങ്ങളുണ്ട്. ഏതു നേരത്തും മുതലാളിമാരുടെ ആളുകള്‍ വന്നു ശല്യമുണ്ടാക്കാം. കൂടാതെ താനിതിന്റെ മുഖ്യ പ്രവര്‍ത്തകനാണ്. അതും കൂടാതെ തന്റെ അനുജനല്ലേ ശരദദാസ്സ്, അവനോടാരെങ്കിലും വഴക്കിനു ചെല്ലുകയാണെങ്കില്‍ തടുക്കേണ്ടത് ചിത്തരാജിന്റെ കര്‍ത്തവ്യമാണ്. അവന്‍ പാവമാണ്, നല്ലവനാണ്. തനിക്കു പള്ളിക്കൂടത്തില്‍ പോകുവാന്‍ അവസരം ലഭിച്ചില്ല. അവനെങ്കിലും പഠിച്ചുയര്‍ന്നാല്‍, തങ്ങളുടെ സമൂഹം രക്ഷപെടും. അതിനുവേണ്ടി തന്നാല്‍ കഴിയുന്ന സംരക്ഷണം നല്‍കിയേ പറ്റു.
സന്ധ്യയോടടുത്ത് രണ്ടു നാലു ചട്ടമ്പികള്‍ കള്ളും കുടിച്ച് കുടിപ്പള്ളിക്കൂടത്തിന്റെ സമീപം വന്നിട്ട് അലറി വിളിച്ചു.
ആരാടാ ഈ പള്ളിക്കൂടം നടത്തുന്നത്.
ശബ്ദം കേട്ടു ശരദദാസ്സ് വെളിയില്‍ വന്നു.
ചട്ടമ്പികളല്ലേ, അവരോടു വളരെ ഭവ്യതയില്‍ സംസാരിച്ചില്ലെങ്കില്‍ കാര്യം കുഴപ്പമാകുമെന്നു കണ്ട്.
ഉം. എന്താ, ശരദദാസ്സ് അവരോടു സാകുതമാക്കി. ഏ. നീയാണോ ഇവിടത്തെ മാഷ്, ഇവിടെ പള്ളിക്കൂടം നടത്തുവാന്‍ അനുവാദമുണ്ടോ.
ശരദദാസ്സ് - അനുവാദമുണ്ട്.
അനുവാദം മുതലാളി കൊടുത്തിട്ടില്ലെന്നു പറഞ്ഞാണ് ഞങ്ങളെ അയച്ചിരിക്കുന്നത്.
ശരദദാസ് അനുവാദം മാഷിന്റെ കയ്യിലുണ്ട്. പരമശിവന്‍ പിള്ളയുടെ അവിടെ താമസിക്കുന്ന മാഷിന്റെ കയ്യില്‍.
ചട്ടമ്പികള്‍ - (ശരദദാസിനെ കണ്ടപ്പോള്‍ തന്നെ ഒന്നു വെരട്ടിയാല്‍ കൊള്ളാമെന്നോര്‍ത്തു) അനുവാദം വാങ്ങിച്ചിട്ടില്ലെങ്കില്‍ ഈ പള്ളിക്കൂടം ഞങ്ങള്‍ കത്തിക്കും. സംഭാഷണം കേട്ട ചിത്തരാജും കൂട്ടുകാരും ഓടിക്കൊണ്ടവിടേയ്ക്കു വന്നു.... ചോദിച്ചു.
ആര്‍ക്കാടാ പള്ളിക്കൂടം കത്തിക്കുവാനിത്ര ആഗ്രഹം.
വാടാ പള്ളിക്കൂടം കത്തിക്കുവാന്‍ - ചിത്തരാജ് അലറി. കുട്ടികളും സ്ത്രീകളും പഠിക്കുന്ന ഇടത്തില്‍ നിന്നങ്ങോട്ട് മാറി നില്ലടാ.
കടുത്ത ശബ്ദത്തോടെയുള്ള ആക്രോശം കേട്ടു ചട്ടമ്പികള്‍ സ്തബ്ദരായി നിന്നു. അവരുടെ ജീവിതത്തിലിത്രയ്ക്കു ശക്തമായി പ്രതികരിച്ചതു കേള്‍ക്കുവാനിട വന്നിട്ടില്ല.
ചിത്തരാജ് അലറി - അവനേക്ക പുറകോട്ടു തള്ളി മാറ്റടാ. ഒരു ചട്ടമ്പികള്‍ വന്നിരിക്കുന്നു. പോടാ ഇവിടന്നു തടി കേടാക്കാതെ.
ആദ്യമായാണ് പതിത വര്‍ഗ്ഗക്കാരുടെ പ്രതിഷേധ ശബ്ദം ശ്രവിക്കുന്നത്. എന്നാലും ചട്ടമ്പികള്‍ വിടുന്ന ഭാവമില്ല. ചിത്തരാജ് ചെന്നു, അല്‍പ്പം കരുത്തുള്ളവനെന്നു തോന്നിപ്പിക്കുന്നവന്റെ കഴുത്തില്‍ തൂക്കിയിട്ടിരുന്ന തോര്‍ത്തില്‍ പിടിച്ച് നെഞ്ചത്തൊരിടി കൊടുത്തു. പ്രഹരമേറ്റവന്‍ തിരിച്ചൊരു കാലുകൊണ്ടാഞ്ഞടിച്ചു. അഭ്യാസിയായ ചിത്തരാജ് ഒഴിഞ്ഞു മാറി. പിന്നെ ഒരു ചവിട്ടു വെച്ചു കൊടുത്തു, അതുകൊണ്ടവന്‍ ഒരു തെങ്ങിന്റെ തടത്തില്‍ വീണു.
ചിത്തരാജിന്റെ കൂട്ടുകാര്‍, മറ്റുള്ളവരെ നേരിട്ടു പിടിച്ചു നിര്‍ത്തി പൊതിരെ തല്ലി. ചിത്തരാജിനോടേറ്റു മുട്ടിയവനെ മറ്റുള്ളവരോടി വന്നുപിടിച്ചു തെങ്ങില്‍ കെട്ടിയിട്ടു. ബാക്കിയുള്ളവര്‍ പിടഞ്ഞെഴുന്നേറ്റു, ഓടിപ്പോയി.
കെട്ടിയിടപ്പെട്ടവനോടു നിന്റെ പേരെന്താടാ പറയടാ എന്നു പറഞ്ഞു മുടിക്കു കുത്തിപ്പിടിച്ചു പിന്നെ രാജ് ചോദിച്ചു. പറയടാ പട്ടി നായരേ.
ചട്ടമ്പി - ഞാന്‍ പറയാമേ - എന്നെ ഒന്നും ചെയ്യല്ലേ, കേശവപിള്ളയെന്നാണേയ്.
ചിത്തരാജ് - ഏതു മുതലാളിയുടെ ചട്ടമ്പിയാടാ - നീ.
ചട്ടമ്പി - കൃഷ്ണന്‍ മുതലാളിടേണേയ്.
ചിത്തരാജ് - പെലേന്റെ കയ്യുട ചൂട് നെനക്കൊന്നും കിട്ടീട്ടില്ല അല്ലേടാ, അതാണ് നീയൊക്കെ വളഞ്ഞു നടക്കണത്. ഇനി നീ അവട തന്നെ കെട, ഇവിടെ പരിചമുട്ട് കളിയെക്കയെണ്ട്, അതെക്ക കണ്ട് പിന്നെ മോളിലോട്ടു പോകാം.
ഒരാളു പോയി മാഷിന അറീക്കടാ - ഇവിനീക്ക പള്ളിക്കൂടത്തിന്റെക്ക അനുവാദം കൊണ്ടു വന്നു കാണിക്കട്ടെ.
അന്നത്തെ നിശാപാഠശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനാല്‍ കാര്യമായ പഠിപ്പിക്കല്‍ നടന്നില്ല. അല്‍പ്പ നേരത്തേ എല്ലാവരേയും വിട്ടു. കൂട്ടത്തില്‍ സ്ത്രീകളെയും കുട്ടികളെയും പിന്നെ മറ്റു പ്രായമായവരേയും പറഞ്ഞയച്ചു.
ചിത്തരാജ് - അനുജനെ വിളിച്ചു, എടാ ശരദദാസ്സേ, നീയും കുടീലോട്ടു പൊയ്‌ക്കോ.
ഒന്നു രണ്ടു മണിക്കൂറുകള്‍ക്കു ശേഷം മാഷും പിള്ളയും കൂടി വന്നു ചേര്‍ന്നു. കെട്ടിയിടപ്പെട്ടവന്റെ സമീപം പോകുന്നതിനു മുമ്പ് ഇട്യാതി മൂപ്പന്റെ സവിധത്തില്‍ ചെന്നു, അദ്ദേഹത്തേയു് കൂട്ടിക്കൊണ്ടാണ് കേശവപിള്ളയെന്ന ചട്ടമ്പിയുടെ അടുത്തെത്തിയത്.
കമ്പി വിളക്കിന്റെ വെളിച്ചത്തില്‍ അവന്റെ മുടിക്കു പിടിച്ചു മുഖമുയര്‍ത്തി ഇട്യാതിമൂപ്പന്‍ ചോദിച്ചു.
എവടേടാ നിന്റെ വീട്.
മുതലാളീട തറവാടിന്റെ കൊറേ കിഴക്കാണേയ്.
അയ്യോ - അയ്യോ.
വേദനകൊണ്ടവനു സംസാരിക്കുവാന്‍ പോലും കഴിഞ്ഞില്ല. 
വീണ്ടും അവന്‍ കരഞ്ഞു പറഞ്ഞു, എന്നെ കൊല്ലല്ലേ ഇനി ഞാനിവിടെ വരില്ല. എന്നെ കൊല്ലല്ലേ.
മാഷ് - എടാ പാവങ്ങളെ ദ്രോഹിച്ചിട്ടു നിനക്കെന്തു കിട്ടാനാടാ - നിന്റെ മൊതലാളിയുടെ നിര്‍ദ്ദേശപ്രകാരം, നീ എന്തും ചെയ്യുവാന്‍ മടിക്കാത്തവനല്ലേ. ഇപ്പ കണ്ടോടാ നിന്റെ മൊതലാളീം ഇല്ല നിന്റെ കൂട്ടുകാരമില്ല. അവനൊക്കെ ജീവനും കോണ്ടോടി. നീയല്ലാതെ അവനെയൊക്കെ വിശ്വസിച്ചു പാവങ്ങളെ അടിച്ചു കൊല്ലുവാന്‍ ഇറങ്ങിത്തിരിക്കുമോ?
കേശവപിള്ള - ഞാനിനി ഒന്നിനും ഇല്ലേ. എന്നെ വിടണേ!
പപ്പു മാനേജര്‍ - എടാ പാവങ്ങളു കരഞ്ഞപ്പോള്‍ നീ അവരേക്ക വിട്ടിരുന്നാ, ഇല്ലല്ലോ.... അതുകൊണ്ടു നിന്നേം വിടുന്നില്ല. നിന്നെ ജീവനോടെ ചെളിയില്‍ ചവിട്ടിത്താഴ്ത്തും.
ചിത്തരാജേ - ഇവനെ അവിടെ കൊണ്ടു പോയിട്ടേക്കൂ. മാഷിന്റെ നിര്‍ദ്ദേശം മാനിച്ച്, ബന്ധനസ്ഥനായവനെ, കെട്ടഴിച്ചു രണ്ടു കയ്യും പിന്നോക്കം ബന്ധിച്ചു. വായ മൂടിക്കെട്ടി നടത്തിച്ചു. വഴിക്കു വച്ചവനെ വലിച്ചിഴച്ചു. അടിച്ചും ഇടിച്ചും കൊല്ലാറാക്കി. കൃഷ്ണന്‍ മുതലാളിയുടെ തറവാടിന്റെ പടിക്കല്‍ കൊണ്ടു പോയി തള്ളിയിട്ടു.
പിറ്റേന്നാള്‍ പതിവു പോലെ ഉറക്കമുണര്‍ന്ന മുതലാളി കണി കണ്ടത് കേശവപിള്ള മരിക്കാറായി, ശ്വാസമോ ബോധമോ ഇല്ലാതെ കിടക്കുന്നതായിരുന്നു. അദ്ദേഹം വാല്യക്കാരെ വിളിച്ചു കൂട്ടി. പൊക്കിയെടുപ്പിച്ചു അവന്റെ വീട്ടിലേയ്ക്കു കൊടുത്തു വിട്ടു. വഴിക്കു വച്ചു തന്നെ കേശവപിള്ളയുടെ ശ്വാസം നിലച്ചിരുന്നു.
ഉന്നതനു വേണ്ടി ഉന്നതരല്ലാത്തവരെ ദ്രോഹിച്ചാല്‍ ഉന്നതി ലഭിക്കാതെ ഉന്മൂലനായിത്തീരും.
നാട്ടില്‍ പലസ്ഥലത്തും ഈ സംഭവത്തോടു കൂടി ഭയവിഹ്വലത പരന്നു തുടങ്ങി. കൃഷ്ണന്‍ മുതലാളി, വിഷ്ണു നമ്പൂതിരി എന്നീ ജന്മി മുതലാളികള്‍ വല്ലാത്ത കോപാകുലരായി.
അവര്‍ക്കോ അവരുടെ സ്വന്തക്കാര്‍ക്കോ അല്ല ജീവഹാനി സംഭവിച്ചിരിക്കുന്നത്. അവരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ചട്ടമ്പിമാര്‍ക്കാണ് എങ്കിലും പകരം വീട്ടുന്ന പ്രവണത വര്‍ദ്ദിച്ചതേയുള്ളൂ.
ഉന്നതനു പണം വാരിയെറിഞ്ഞു നിര്‍ദ്ദേശിച്ചാല്‍ മാത്രം മതിയല്ലോ. പക്ഷേ കാര്യത്തില്‍ പണം ചെലവാക്കാനോ വയ്യാവേലി കേറാനോ ഒരുക്കമല്ലായിരുന്നു എന്നാലും തറവാടിനെ പറ്റിയും, സ്വന്തം സ്ത്രീകളെ പറ്റിയും ചിന്തിച്ചു പ്രതികാര മന:സ്ഥിതിയില്‍ നിന്നും പിന്നോക്കം പോകുവാന്‍ ഒരു ജന്മി മുതലാളിക്കും തോന്നിയിരുന്നില്ല.
തറവാടിത്വവും ആഭിജാത്യവും, ജന്മി മുതലാളിത്വത്തിന്റെ മുഖ്യമുഖമുദ്രയാണ്. അടിച്ചമര്‍ത്തലില്‍ നാശോന്മുഖമാകുന്ന പതിതരുടെ കണ്ണുനീരിന് ഒരു പരിഗണനയും കല്‍പ്പിച്ചിരുന്നില്ല.
പട്ടണത്തില്‍ നിന്നും, ചില സാധനങ്ങള്‍ വാങ്ങുവാനും മറ്റുമായി പരമശിവന്‍ പിള്ള കാളവണ്ടിയില്‍ കയറി പുറപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞിട്ടേ വരികയുള്ളൂ എന്നു പറഞ്ഞിട്ടാണ് പിള്ള പോയത്.
പപ്പു മാനേജര്‍ ഒന്നാശ്വസിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലാത്ത രാത്രിയാണെന്നയാള്‍ക്കു തോന്നി. എല്ലാ അനാവശ്യ ചിന്തകളില്‍ നിന്നും മനസ്സിലനെ മുക്തമാക്കി.
രാത്രിയായപ്പോള്‍ ഊണു കഴിച്ചു പപ്പു മാനേജര്‍ കിടന്നു. ഉറക്കം പിടിച്ചു. അന്നും വിലാസിനി വാതിലില്‍ വന്നുമുട്ടി. മാഷു തുറന്നു നോക്കി. അത്ഭുത സ്തബ്ദനായി.
ഏ... വിലാസിനിയോ
അവള്‍ കതകു തള്ളി അയാളേയും ഉന്തി മാറ്റി അകത്തു കിടന്നു കതകടച്ചു കുറ്റിയിട്ടു. എന്നിട്ടു പറഞ്ഞു.
മാഷെന്നോടു ക്ഷമിക്കൂ എനിക്കു മാഷിന്റെ കൂടെ ഇപ്പോള്‍ ശയിച്ചേ പറ്റൂ.
വിലാസിനീ, ഞാനന്നു പറഞ്ഞതല്ലേ ഇക്കാര്യത്തില്‍ ഞാന്‍ നിസ്സാഹയനാണ്. ഞാനിതു കൈകാര്യം ചെയ്താല്‍ പിള്ളയോടു കാണിക്കുന്ന അന്യായത്തിന്നു ദൈവം പോലും എന്നോടു പൊറുക്കുകയില്ല.
മാഷേ ഞാന്‍ മരണം വരേ ഇതാരോടും പറയുകയോ ഒരു കുഞ്ഞറിയുന്ന പോലെ പെരുമാറുകയോ ചെയ്യില്ല. ഇതു സത്യം അവള്‍ മാഷിന്റെ കൈ പിടിച്ചു നെഞ്ചത്തു വച്ചു വാഗ്ദത്വമേകി. അതിനു ശേഷം അവളയാളെ ആലിംഗനം ചെയ്തു. മുല്ലവള്ളി പടര്‍ന്നു കയറുന്ന പോലെ ഒട്ടിച്ചേര്‍ന്നു. മാഷ് ശയിച്ചു കൊണ്ടിരുന്ന പായയില്‍ തന്നെ ഇരുന്നു.
വികാര വിവശതയില്‍ അയാളുടെ ബലിഷ്ടമായ കരവലയത്തില്‍ കിടന്നു ഞെളിപിരി കൊണ്ടു. അയാളുടെ മനസ്സു മാറ്റിയെടുത്താണ് താനിതൊക്കെ ചെയ്തിരുന്നതെങ്കിലും ഗത്യന്തരിമില്ലാതെ പപ്പു മാനേജരും ഇതിനൊക്കെ സഹകരിച്ചു. ആനന്ദ നിര്‍വൃതിയിലാറാടി. വിവസ്ത്രരായി യുവദമ്പതികള്‍ കണക്ക് പ്രഥമ രാത്രിയിലെന്ന പോലെയുള്ള ചേഷ്ടകളാല്‍ ഇരുവരിലും മാനസികമായി സംതൃപ്തിയുളവാക്കി. ഇരുവരും ആലിംഗനബദ്ധരായി നിദ്രയിലേയ്ക്കു വഴുതി വീണു. അപ്പോഴാണ് അപ്രതീക്ഷിതമായി കതകില്‍ മുട്ടു കേട്ടത്. പപ്പു മാനേജര്‍ വിലാസിനിയുടെ കൈവിടുവിച്ചു. ഉടുമുണ്ടൊക്കെ തപ്പിയെടുത്ത് ധരിച്ചെഴുന്നേറ്റു വന്നു. കതകു മെല്ലെ പാതി തുറന്നു. തല വെളി ഭാഗത്തിട്ടു, നോക്കിക്കൊണ്ടു ചോദിച്ചു. ആരാ... ഏ... ഗീതാദേവിയോ.
ഈ നേരത്തെന്താ വന്നത്.
മാഷേ എന്റെ അമ്മയ്ക്കു നിങ്ങളുടെ കൂടെ ശയിക്കാമെങ്കില്‍ എനിക്കുമെന്തു കൊണ്ടായിക്കൂടാ.
അവളുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ അയാളുടെ മന:സ്ഥൈര്യം ചോര്‍ത്തി കളഞ്ഞു. ഹൃദയത്തില്‍ അപ്രതീക്ഷിതമായ കൊള്ളിയാന്‍ മിന്നി.
മാഷ് മനസ്സു നിയന്ത്രിച്ചു മിതമായി പറഞ്ഞു - ശരി നീ അകത്തെയ്ക്കു വരൂ, ഈ പായയില്‍ തന്നെ ഇരിക്കൂ.
അവള്‍ പായയിലിരുന്നു, അമ്മയെ തപ്പി നോക്കി, പുറത്തു നിന്നും കയറി വന്നതു കൊണ്ട് അകത്തുള്ള ഇരുളിലെ മാതാവിനെ സ്പര്‍ശിച്ചെങ്കിലേ മനസ്സിലാക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ഉടുമുണ്ടു കൊണ്ടു പുതച്ചു പായിലിരുന്നമ്മയെ തൊട്ടു തഴുകി മനസ്സിലാക്കി.
ഉപ്പില് വീണ ഗൗളികണക്ക് വിലാസിനി ഒന്നും ഉരിയാടുവാന്‍ കെല്‍പ്പില്ലാതെ നിഷ്‌ച്ചേഷ്ടയായി തരിച്ചിരുന്നു.
അതിനു വിരാമമിട്ടത് മാഷായിരുന്നു. അദ്ദേഹം പറഞ്ഞു. നിങ്ങള്‍ രണ്ടു പേരും കൂടി എന്നെ തോല്‍പ്പിച്ചു കളഞ്ഞു. എന്തു ദ്രോഹമാണ് ഞാന്‍ നിങ്ങളോടു ചെയ്തത്. ഞാനൊരു പ്രസ്ഥാനത്തിന്റെ പൂര്‍ത്തീകരണോദ്ദേശത്തോടു കൂടിയാണിവിടെയെത്തിയത്. തള്ളയും മകളും കൂടി എന്നെ മനപ്പൂര്‍വ്വം വഞ്ചിച്ചിരിക്കുന്നു. ഇതിന്റെയൊരു സൂചന എനിക്കു ലഭിച്ചിരുന്നുവെങ്കില്‍ ഞാന്‍ വേറെയോരഭയസ്ഥാനം കണ്ടു പിടിക്കുമായിരുന്നു.
പുലയരുടെ കൂടെ താമസിച്ചാലും, സമരം നടത്തുവാന്‍ എനിക്കു സാധിക്കും. ആ പാവങ്ങളുടെ കാര്യത്തിലിടപെടുവാനാരുണ്ടിവിടെ.
ഗീതാദേവി - ഇടയ്ക്കു കയറി പറഞ്ഞു - മാഷേ സമരവും സന്നാഹവും പാവങ്ങളുമൊക്കെ നമുക്കു പിന്നെ ചര്‍ച്ച ചെയ്യാം. അക്കാര്യത്തില്‍ ഞാനും ശ്രമിക്കുന്നില്ലേ. മാഷിവിടെ നടുക്കു കിടക്കൂ ഞങ്ങള്‍ രണ്ടു പേരും അപ്പുറത്തും ഇപ്പുറത്തുമായി സുഖമായിട്ടു കിടന്നു നിദ്രാ ദേവിയെ ആശ്ലേഷിക്കാം.
പപ്പു മാനേജര്‍ - ഇതൊട്ടും ശരിയായ പ്രവണതയല്ല. എന്റെ പ്രവര്‍ത്തനത്തിന്റെ രീതി നിങ്ങള്‍ കണ്ടതല്ലേ. അക്കാര്യത്തില്‍ ഭയങ്കരമായ പൊട്ടിത്തെറി സംജാതമാകുവാന്‍ പോകുകയാണ്. പാവങ്ങളെ കൂട്ടത്തോടെ കൊന്നെടുക്കുമ്പോള്‍ എനിക്കു നോക്കി നില്‍ക്കുവാനാകുമോ? എന്നില്‍ നിന്നും, ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണമുണ്ടായി പുറം ലോകമറിഞ്ഞാല്‍ അതെല്ലാവരേയും ബാധിക്കും. അമ്മയും മകളുമൊത്തൊരു കാമുകനുമായി ഒരേ സമയം കിടപ്പറ പങ്കിടുന്നത് ലോകത്തൊരിടത്തും കേട്ടു കേള്‍വിയില്ലാത്തതാണ്. ഇക്കാലത്തതൊക്കെ നടക്കുമെന്നു പറഞ്ഞാലും ന്യായീകരണമില്ലാത്ത വസ്തുതയായി പരിണമിക്കും.
മകളാണിക്കാര്യത്തിലിട പെടുന്നത്, കണ്ടു കൊണ്ടു വരുന്ന അമ്മയ്ക്കു ചോദ്യം ചെയ്യാം. അതേ സമയം അമ്മ മാത്രമാണതെങ്കിലും, മകള്‍ക്കു നാണം കെടുത്താം ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നത്. മകളാണാദ്യമൊരിക്കല്‍ മന:പ്പൂര്‍വ്വം ഇക്കാര്യത്തില്‍ കളമൊരുക്കി. പിന്നെ അമ്മയുടെ വികാരത തമ്മസ്‌ക്കരണത്തിനു വേണ്ടിയും. അന്നേരം അതു മകള്‍ മനസ്സിലാക്കി. അമ്മയും മകളുമൊത്തു വ്യാജനെ കുരുക്കിലാക്കിയിരിക്കുന്നു.
ഏതു ശക്തനും അടിയറവു പറയപ്പെടുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
എന്തു തന്നെയായാലും മാഷിന്റെ പുരുഷത്വത്തിനെ ചോദ്യം ചെയ്യുന്ന കെണിയായിരുന്നത്. അതിലയാള്‍ കിടന്നു നട്ടം തിരിഞ്ഞു, അഭിമാനം ചോര്‍ന്നു പോയി. ഒരു വിപ്ലവകാരിക്കും സംഭവിക്കാത്ത പൊട്ടിത്തെറിയിലേയ്ക്കു കാര്യങ്ങള്‍ തള്ളി നീക്കപ്പെട്ടിരിക്കുന്നു.
''കാമാര്‍ത്തരായ സ്ത്രീ ശക്തികള്‍''.
അദ്ദേഹം തള്ളയുടെയും മകളുടെയും നടുവില്‍ കിടന്നു വീര്‍പ്പു മുട്ടി. മനസ്സിലാ മനസ്സോടെ ഒരു വിധം നേരം വെളുപ്പിച്ചു.
വെള്ള കീറുന്നതിനു മുമ്പേ തള്ളയും മകളും എഴുന്നേറ്റു പോയി. ആരും ഒന്നും പരസ്പരം ഉരിയാടിയില്ല. വല്ലാത്ത വിമ്മിഷ്ടം. തള്ള മനസ്സു കൊണ്ടു വ്യാകുലപ്പെട്ടു. മകളുടെ മുഖത്തു നോക്കുവാന്‍ പോലുംകെല്‍പ്പില്ലാതെ വീര്‍പ്പു മുട്ടി നടന്നു. കുറ്റബോധത്തോടെ എന്തെല്ലാമോ ചെയ്തു. കുളിച്ചു ചില പാചകങ്ങളൊക്കെ ചെയ്തു. ഗീതാദേവി ഉല്ലാസവതിയായി വീട്ടിലെ പണികളില്‍ വ്യാപൃതയായി കൂട്ടത്തിലവള്‍ അമ്മയുടെ ചാരെ വന്നു. മാതാവിന്റെ വീര്‍ത്തു കെട്ടിയ മുഖഭാഗം ശ്രദ്ധിച്ചു. മുഖം പിടിച്ചു തിരിച്ചു നോക്കി വിളിച്ചു.
അമ്മേ, അമ്മേ ഈക്കാര്യം അമ്മയുടെ പെരുമാറ്റം കാരണം, വലിയ കുഴപ്പങ്ങള്‍ ക്ഷണിച്ചു വരുത്തലാകും എന്നെപ്പോലെ സന്തോഷവതിയായി നടക്കൂ. ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല.
അങ്ങിനെ ഓര്‍ത്താല്‍ ഞാനല്ലേ വിഷമിക്കേണ്ടത്. മാഷുമായി ആദ്യം അടുത്തത് ഞാനാണ് അതിനു പിന്നീട് അമ്മയും ഭാഗവാക്കായെന്നു മാത്രം. നമ്മളില്‍ നിന്നും മാഷിനൊരു കുഴപ്പവും സംഭവിക്കുവാന്‍ പാടില്ല അതോര്‍ത്തു വേണം ഓരോ ചുവടു വെയ്പും നടത്തുവാന്‍. അദ്ദേഹം പറഞ്ഞതമ്മ മറന്നോ? ഞാനിതൊക്കെ ഉള്ളിലൊതുക്കി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നില്ലേ. പാവങ്ങളെ പഠിപ്പിക്കുവാന്‍ നിശാപാഠശാലയില്‍ ഞാനും പോകുന്നില്ലേ.
അമ്മ എന്നെ നോക്കൂ എന്റെ മുഖത്തു നോക്കൂ...ഉം. ചിരിക്കൂ (അവളമ്മയുടെ മുഖം പിടിച്ചു തിരിച്ചു സാന്ത്വനിപ്പിച്ചു). ഇനി ദൈനംദിന പ്രവര്‍ത്തികളിലേര്‍പ്പെടൂ. ഒന്നും സംഭവിക്കാത്ത പോലെ പ്രവര്‍ത്തിക്കൂ.
അമ്മയ്ക്കല്‍പ്പം സമാധാനം പോലെ മകളുടെ മുഖത്തു നോക്കി പിന്നെ - കടയില്‍ പോയിരുന്നു.
മാഷിനു ചായയും പലഹാരങ്ങളുമായി ഗീതാ ദേവി മുറിയില്‍ വന്നു. മാഷും വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു.
അവള്‍ പറഞ്ഞു - മാഷേ, മാഷ് വിഷമിക്കേണ്ട, എല്ലാത്തിനും ഞാന്‍ പരിഹാരം കണ്ടെത്താം. അമ്മയെ ഞാന്‍ സമാധാനിപ്പിച്ചിട്ടുണ്ട്. എല്ലാം ദിനംപ്രതിയെന്ന പോലെ മാഷു പ്രവര്‍ത്തിച്ചോളൂ. എന്നില്‍ നിന്നോ അമ്മയില്‍ നിന്നോ, ഇനി ഇതു പോലെയൊന്നു ഉണ്ടാകുകയില്ല. കഴിഞ്ഞ കാര്യങ്ങളോര്‍ത്തു മാഷ് ഒരു വിധത്തിലും വ്യാകുലപ്പെടേണ്ട. ഇങ്ങനെയൊക്കെ ഉണ്ടായെന്നു വിചാരിച്ചു മാഷിവിടെ നിന്നും പോകുകയോ താമസം മാറുകയോ ചെയ്യരുത്. അത് എന്റെ അച്ഛനും നാട്ടുകാര്‍ക്കും സംശയത്തിനിടവരുത്തും.
സ്വരം താഴ്ത്തി - പിന്നെ ഇന്നെന്താ മാഷേ, നിനച്ചിരിക്കുന്ന പരിപാടികള്‍, അതിനു വേണ്ടി പൊയ്‌ക്കൊള്ളൂ. ഇപ്പോള്‍ ചായ കുടിക്കൂ, ഞാന്‍ പള്ളിക്കൂടത്തില്‍ പോകുവാനൊരുങ്ങട്ടെ.
അദ്ദേഹമൊന്നും മറുത്തു പറഞ്ഞില്ല, മനസ്സേറെ കലുഷിതമായിരുന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല.
ചായ കുടി കഴിഞ്ഞു, പതിവു പോലെ കടയുടെ മുമ്പിലുള്ള ബഞ്ചില്‍ വന്നിരുന്നു. നോട്ടു പുസ്തകത്തില്‍ പലതും കുറിച്ചു വച്ചു. അതിനുശേഷം കയ്യിലുണ്ടായിരുന്ന ഒരു പുസ്തകമെടുത്തു വായിച്ചു കൊണ്ടിരുന്നു. പക്ഷേ അക്ഷരങ്ങളിലൊന്നിലും ശ്രദ്ധപിടിക്കുകുയുണ്ടായില്ല.
അല്‍പ്പനേരത്തിനു ശേഷം ചിത്തരാജ് വന്നു, കൂടെ രണ്ടു മൂന്നു ചെറുപ്പക്കാര്‍ വേറെയുമുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഘനഗംഭീരമായ മുഖത്ത് മനപ്പൂര്‍വ്വമൊരു പുഞ്ചിരി തെളിച്ചു. അവരെ സ്വാഗതം ചെയ്തപോലാക്കി. കൂടാതെ അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ക്കു ചായ കുടിക്കേണ്ടേ.
ചിത്തരാജ് വേണം മാഷേ, ചായ മാത്രം മതി.
കടയിലുണ്ടായിരുന്നയാള്‍ ചായ കൊണ്ടു വന്നു ബഞ്ചില്‍ വച്ചു. വന്നവര്‍ ചായകുടിച്ചു കൊണ്ടിരുന്നപ്പോള്‍ മാഷ് ചോദിച്ചു.
ചിത്തരാജേ - ഇപ്പോള്‍ കൊടും കാറ്റും പേമാരിയും ശമിച്ച കാലമാണ്, പാടത്തും പറമ്പിലും വേലചെയ്യുന്നവര്‍ക്ക് കൂലി കൂടുതല്‍ കൊടുക്കുന്നുണ്ടോ എന്ന് നമ്മള്‍ ശ്രദ്ധിക്കണം. സംഘവുമായി ബന്ധമില്ലാത്തവര്‍ മിക്കവരും ജന്മി മുതലാളിമാര്‍ കൊടുക്കുന്ന കൂലിയും വാങ്ങി മിണ്ടാതെ പോകുകയാണ് പതിവ്. അതുകൊണ്ട് നാളുകള്‍ നീണ്ടു നില്‍ക്കുന്ന പണി സ്ഥലത്ത് ആഴ്ചയിലാണ് കൂലി തീര്‍ക്കുന്നത്. അവിടെയൊക്കെ ഒന്നും ശ്രദ്ധിക്കണം. ഇക്കാര്യത്തിനു രണ്ടു കൂട്ടമായി നമുക്കു പോകണം. ചിത്തരാജും വേറെ രണ്ടു മൂന്നു പേരും കൂടി ഒരു മുതലാളിയുടെ വീട്ടില്‍ കൂലി തീര്‍ക്കുമ്പോള്‍ ചെല്ലണം. എന്നിട്ടു കൂലി വാങ്ങി വെളിയില്‍ വരുന്ന നമ്മുടെ ആളുകളെ തന്നെ ചോദ്യം ചെയ്യണം, എന്നിട്ടു വേണം മുതലാളിയോടു ചോദിക്കുവാന്‍.
ഞാനും പിള്ളയും വേറെ ചിലരോടും കൂടി മറ്റു ചില ജന്മിമാരുടെ തറവാട്ടില്‍ പോകാം. അവിടത്തെ കാര്യങ്ങള്‍ ഞങ്ങല്‍ കൈകാര്യം ചെയ്യുന്നതാണ്.
പറഞ്ഞുറപ്പിച്ച പ്രകാരം കൂലി തീര്‍ക്കുന്ന ദിവസം, രണ്ടു സംഘമായി പുറപ്പെട്ടു.
മാഷിപ്പോള്‍, കാലില്‍ ചെരുപ്പ്, ജൂബ്ബ, തോള്‍ നാടന്‍ പിന്നെ മേല്‍മീശ, തോളത്താണെങ്കില്‍, അദ്ദേഹം സാധാരണ കൊണ്ടു നടക്കാറുള്ള തുണി സഞ്ചിതൂക്കിയിട്ടിരുന്നു. കൂടെയുള്ള ചിത്തരാജും, ചെറുപ്പക്കാരും മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്നു. തോളത്തോരോ തോര്‍ത്തും.
പൊതുവഴിയെങ്കിലും, ഒറ്റയടിപ്പാതയാണാവഴി. ചിലയിടങ്ങളിലെത്തുമ്പോള്‍, കുറ്റിക്കാടുകളും പറമ്പടികളും പിന്നെ പാടവരമ്പുമായാണ് പാതയുടെ കിടപ്പ്. ഒരു ജന്മി മാടമ്പി എതിര്‍ദിശയില്‍ നിന്നും വരുന്നുണ്ടായിരുന്നു. അയാളുടെ അകമ്പടിയായി കാര്യസ്ഥനും കൂടെയുണ്ട്.
കാര്യസ്ഥന്‍ നായര്‍ ശബ്ദം പുറപ്പെടുവിച്ചു. ഏ...ഏ...ഹേയ്. ഉന്നതകുല ജാതന്‍ വരുന്നു. താണവനാണെങ്കില്‍ മാറിപ്പോകണം എന്ന അറിയിപ്പായിരുന്നത്.
പക്ഷേ അവര്‍ ശബ്ദം പുറപ്പെടുവിക്കാനോ, വഴി മാറുവാനോ തയ്യാറായില്ല.
ഉന്നതന്റെ കാര്യസ്ഥന്‍ നടന്നടുക്കും തോറും വീണ്ടും പലവട്ടം വിളിച്ചു പറഞ്ഞു. പക്ഷേ അപ്പോഴും മറുപടി കൊടുക്കുകയുണ്ടായില്ല. അവര്‍ അല്‍പ്പം വഴി മാറി ഒതുങ്ങിയതല്ലാതെ ശബ്ദം പുറപ്പെടുവിക്കുവാനോ ഓടി മറയുവാനോ തയ്യാറായില്ല.
തമ്പുരാനും കാര്യസ്ഥനും സമീപിച്ചു കൊണ്ടു ചോദിച്ചു. ഉം. നികൃഷ്ട ജാതി, എന്താടാ വഴി മാറാഞ്ഞത്. തമ്പുരാന്‍ വരുന്നതു കണ്ടില്ലേ.
പപ്പു മാനേജര്‍ പരുഷമായി - എന്താടാ നീ പറഞ്ഞത്. ഞങ്ങള്‍ നികൃഷ്ട ജാതിയെന്നോ, ഞങ്ങള്‍ നികൃഷ്ട ജാതിയാണെങ്കില്‍, നീയും നിന്റെ തമ്പുരാനും ഒക്കെ നികൃഷ്ട ജാതിയല്ലേ. കാര്യസ്ഥന്‍ അടുത്തു വന്നലറി. ഉം. എന്തു പറഞ്ഞെടാ, വൃത്തികെട്ടവനേ.
പപ്പുമാനേജര്‍ - എടാ നീയും നിന്റെ തമ്പുരാനും, കുപ്പായം പോലും ഇടാതെ, പൂന്നൂലും കാട്ടി ജാതിയുടെ ഔന്നത്യം പറഞ്ഞു നടക്കുകയല്ലേ, ഞങ്ങളെ കണ്ടോടാ, ഷര്‍ട്ടിട്ട് നല്ല മുണ്ടും ഉടുത്തു തലേലും കെട്ടി നടക്കുന്നത്. എന്നു പറഞ്ഞു, അകമ്പടി നായരുടെ കഴുത്തില്‍ കിടന്ന നാടന്‍ മുണ്ട് ചുറ്റിപ്പിടിച്ചു.
ഇനി മേലില്‍ ഇത്തരം തെമ്മാടിത്തരം പറഞ്ഞു പാവങ്ങളെ ദ്രോഹിക്കുവാന്‍ വന്നാല്‍, നിന്‍േറക്കെ പൂണൂല് ഞാനരിഞ്ഞു കളയും കൂടാതെ (സഞ്ചിയില്‍ നിന്നും കത്തിയെടുത്തു) ഈ കത്തി നിന്‍േറയും നിന്റെ തമ്പുരാന്‍േറയും നെഞ്ചില്‍ കുത്തിയിറക്കും എത്ര പേരേയാടാ നീയൊക്കെ ഐത്തം കല്‍പ്പിച്ചു കൊന്നു കൊല വിളിച്ചിരിക്കുന്നത്. ഇതൊക്കെ നിര്‍ത്തിക്കൂടെ. എടാ പട്ടിത്തമ്പുരാനേ എന്നു വിളിച്ചു തമ്പുരാന്റെ ചാരത്തു ചെന്നു പിടിക്കുവാനാഞ്ഞു.
തമ്പുരാന്‍ ഭയന്നു വിറച്ചു വിളിച്ചു. നായരേ, ഐത്തമായല്ലോ ദാ ചെകുത്താന്‍മാര്‍ എന്നെ സമീപിക്കുന്നു.
നായര്‍ - ഞാനെന്തു ചെയ്യാനാണു തമ്പ്രാ, എന്നെ പിടിച്ചിരിക്കുന്നതു കണ്ടില്ലേ.
അപ്പോള്‍ ചിത്തരാജ് നായരെ പിടിച്ചു രണ്ടടി കൊടുത്തു.
അയ്യോ തമ്പുരാനേ - എന്നെ കൊല്ലുന്നേയ് - നായര്‍ കരഞ്ഞു. ചിത്തരാജിന്റെ പിടുത്തത്തില്‍ കിടന്നു പിടഞ്ഞു അരയില്‍ നിന്നും കത്തിയൂരി കാണിച്ചു.
പപ്പു മാനേജര്‍ - തമ്പുരാന്റെ കഴുത്തില്‍ ചുറ്റിയിരുന്ന നാടന്‍ മുണ്ടില്‍ പിടുത്തമിട്ടു.
എടാ - നായേ, തമ്പുരാനേ, മഹാരാജവു തിരുമനസ്സിന്റെ ഉത്തരവു പ്രകാരം നടന്നു കൊള്ളണം അല്ലെങ്കില്‍ ഈ കത്തി കണ്ടാ നിന്റെ വയററത്തു കുത്തിക്കേറ്റും, നിന്റെ പൂണൂലും ചെത്തിക്കളയും പറഞ്ഞേക്കാം.
തമ്പുരാന്‍ ഭയന്നു വിറച്ചു - അയ്യോ ശിവനേ - പരമശിവനേ രക്ഷിക്കണേ. ഈ കശ്മലന്മാര്‍, ദ്രോഹികള്‍, അയ്യോ എന്നെ കൊല്ലല്ലേ, ആ കത്തി മാറ്റു. അയാള്‍ രണ്ടു കയ്യും കൂപ്പി തൊഴുതു ക്ഷമിക്കണം. ഇനി അങ്ങിനെയൊന്നും ചെയ്യില്ല്യാ സത്യം സത്യം സത്യം.
ഇനി മേല്‍ വഴി നടക്കുമ്പോള്‍, കൂകി വിളിച്ചെന്നു ഞാനറിഞ്ഞാല്‍, നിന്റെയൊക്കെ തറവാട്ടില്‍ വന്നു നിന്നെയൊക്കെ വെട്ടിനുറുക്കും.
പോടാ രണ്ടും, ഉം. പോടാ.
പിടിവിടേണ്ട താമസം, തമ്പുരാന്‍ പ്രാണനും കൊണ്ടോടി.. ജീവനില്‍ കൊതിയുള്ളവന്‍.
നായര്‍ മുക്തനായപ്പോള്‍ കയ്യില്‍ നിന്നും വഴുതിപ്പോയ ഓലക്കുടയെടുത്തു തമ്പുരാന്റെ പുറകേ ചൂടിക്കുവാന്‍ ഓടിച്ചെന്നു. മുമ്പേ ഓടിയ തമ്പുരാന്റെ പുറകേ കാര്യസ്ഥനും ഓടിപ്പോയി. വഴിക്കു വച്ചു തമ്പുരാന്‍ - നായരേ, അവനെ നീ അറിയോ, ആ അസുരന്മാരെ, അവനൊക്കെ ഗതിപിടിക്കില്യാ കണ്ടോളൂ. നടന്നു കൊണ്ടു ശപിച്ചു.
നായര്‍ - അവന്‍ കുറേയധികം തെക്കു നിന്നും വന്നതായൊരു, വരുത്തനാണ്. മഹാരാജാവിന്റെ ഉത്തരവിന്‍ പടി വന്നതാണെന്നാണ് അറിവ്. നാം ദിനവും അവനെ കാണാറില്ലല്ലോ അതാണ് ഞാനവനെ ആദ്യം മനസ്സിലാക്കാതിരുന്നത്. ഇപ്പോഴാണ് മനസ്സിലായത്. അവന്റെ ആളുകളാണ് ഈ നാട്ടിലുള്ള ചെറുമക്കളെല്ലാവരും.
അവന്‍ പുലയകുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുവാന്‍ വന്നിരുന്നു. കവലയില്‍ അടിപിടിയുണ്ടാക്കീയിട്ടുണ്ട്. ഭയങ്കര കരുത്തനാണ്. ഏതായാലും - തമ്പ്രാ നമ്മുടെ ആളുകളെ വിട്ടു ചോദിക്കുവാനൊന്നും പോകണ്ട. അതു ദോഷമാണ് എന്നാല്‍ അടങ്ങിയൊതുങ്ങി ഇരിക്കുകയും വേണ്ട. കാരണം അവന്‍ പറയുന്നതിലും കാര്യമുണ്ട്.
*****