"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

കൂലി കൂടുതലിനും വഴി നടക്കുവാനും വേണ്ടിയുള്ള പോരാട്ടം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പതിനാല്

പുലയര്‍ക്കു വഴി നടക്കണം, സ്ത്രീകള്‍ക്കു മാറു മറയ്ക്കണം, അവരുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കണം, കൂലി കൂടുതല്‍ നല്‍കണം. ഇതൊക്കെ മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവു പടിയാണിവര്‍ വന്നു ചോദിക്കുന്നത്. അതുകൊണ്ടാണ് അവന്റെ പ്രവര്‍ത്തനത്തിനു ന്യായമുണ്ടെന്നു ഞാന്‍ പറഞ്ഞത്.
തമ്പുരാന്‍ - നായരേ, ഇവന്‍ പുലയനോ, പറയനോ മറ്റോ ആണോ? കണ്ടിട്ടങ്ങിനെ തോന്നണില്യാ, ഹോ ഒരു വയ്യാ വേലി തന്നെ; അവനിനി എന്തൊക്കെ കുഴപ്പങ്ങളാണാവേ ഉണ്ടാക്കി കൂട്ടുവാന്‍ പോകുന്നത്.
നായര്‍, തമ്പുരാനെ നമ്മള്‍ രാജാവിന്റെ ഉത്തരവിന്‍പടി നടന്നാല്‍ ഒരു കുഴപ്പവും വരാനില്ല. അല്ലാതെ പോയാല്‍ ഭയങ്കര കുഴപ്പമാണു തമ്പുരാനേ.
തമ്പുരാനും കാര്യസ്ഥനും സംസാരിച്ചു കൊണ്ടു നടന്നു ഇല്ലത്തു വന്നു കയറി, ഒരു മുന്നറിയിപ്പെന്ന നിലയ്ക്ക് നായരോടു പറഞ്ഞു - നമ്മളെ ആ കശ്മലന്മാര്‍ പിടിച്ചതും അസഭ്യം പുലമ്പിയതും ഒക്കെ, ആരോടും പറയേണ്ട അത് നമുക്ക് കുറച്ചിലാ.
അടുത്ത ശനിയാഴ്ച ദിവസം വൈകുന്നേരം പണിക്കാരൊന്നുമറിയാതെ പപ്പു മാനേജരും, പരമശിവന്‍പിള്ളയും, വേറെ രണ്ടു മൂന്നു പേരും കൂടി കൃഷ്ണന്‍ മുതലാളിയുടെ തറവാട്ടില്‍ ചെന്നു, പടിക്കു പുറത്തു കാത്തു നിന്നു. കൂലിയും വാങ്ങി പുറത്തേയ്ക്കു വന്നവരെ തടുത്തു നിര്‍ത്തി ചോദിച്ചു.
കഴിഞ്ഞ പ്രാവശ്യം തന്ന കൂലിയാണോ ഈ പ്രാവശ്യവും തന്നത്.
അതേ, അതേ കൂലി തന്നേണ് ഇപ്പയും തന്നേക്കണത്.
പപ്പു മാനേജര്‍ പറഞ്ഞു - നിങ്ങള്‍ ആരും പോകരുത് ഇവിടെ തന്നെ നില്‍ക്കണം, ഞങ്ങളൊന്നു മുതലാളിയെ കണ്ടിട്ടു വരാം - എന്നിട്ടു പോയാല്‍ മതി.
അവര്‍ പടി കടന്നു വരുന്നത് കണ്ടു മുതലാളിയുടെ അടിവയറ്റില്‍ നിന്നൊരു ആന്തല്‍ ഉയര്‍ന്നു, ഒരു നിമിഷം പകച്ചു പോയി, കണ്ണുമിഴിച്ചു നോക്കി, പക്ഷേ പുറത്തു കാണിച്ചില്ല. എന്നാലും മാഷും പിള്ളയുമതു ശ്രദ്ധിച്ചു. വേലക്കാരില്‍ ചട്ടമ്പി പണി ചെയ്യുന്നവര്‍ അവിടവിടെയായി മുറ്റത്തു നില്‍പ്പുണ്ടായിരുന്നു. മുതലാളി മുഖത്തു വിളറിയ പുഞ്ചിരിയുണ്ടാക്കി ചോദിച്ചു.
ഉം - എന്താ നേതാക്കന്മാരിവിടെ.
പപ്പു മാനേജര്‍ - എടോ മുതലാളീ താന്‍ പാവങ്ങള്‍ക്കു ശരിയായ കൂലി കൊടുക്കില്ല; അല്ലേ.
മുതലാളി - ഞാന്‍ ശരിയായ കൂലി തന്നെയാണ് കൊടുത്തിരിക്കുന്നത്. പിന്നെ കൊടുംകാറ്റും പേമാരിയും വന്നു എല്ലാം നശിപ്പിക്കപ്പെട്ടില്ലേ. അതിനിടയ്ക്കു അമിതമായി കൂലി കൊടുക്കണമെന്നു പറഞ്ഞാല്‍, ഞാനെന്തെടുത്തു കൊടുക്കും.
പപ്പു മാനേജര്‍ - പണി നടക്കണോ പണിക്കാര്‍ക്കു കൂലി കൂടുതല്‍ കൊടുക്കണം. അമിതമായ കൂലിയല്ല; അല്‍പ്പം കൂടുതലെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ അവരുടെ നഷ്ടപ്പെട്ട കഷ്ടതയ്‌ക്കൊരു ചെറിയ പരിഹാരമെങ്കിലുമാകുന്നുള്ളൂ. അതുകൊണ്ടു ഇപ്പോള്‍ തന്നെ മുതലാളിയതു പരിഹരിക്കണം.
മുതലാളി - ഇപ്രാവശ്യത്തെ കൂടുതല്‍ കൂലിയടക്കം അടുത്താഴ്ച ഒരുമിച്ചു കൊടുക്കാം - എന്താ പോരേ!
പപ്പു മാനേജര്‍ - മതി - പിന്നെ ഞങ്ങളെ ഇതിലേയ്ക്കു വീണ്ടും നടത്തരുത്. പറഞ്ഞേക്കാം. കൂടാതെ ഈ ചട്ടമ്പികളെ വെച്ച് ഞങ്ങളെ അടിച്ചൊതുക്കാന്‍ നോക്കരുത്. അതു തീക്കളിയാണ്. ഞങ്ങള്‍ക്കു വേലയുണ്ടാക്കരുത്. അവര്‍ കോപത്തോടെ മുന്നറിയിപ്പു നല്‍കി തിരിച്ചു പോയി.
പുറത്തു നിന്നിരുന്ന തൊഴിലാളികളോടു പപ്പു മാനേജര്‍ പറഞ്ഞു.
സുഹൃത്തക്കളെ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വന്ന പപ്പു മാനേജരാണ്. പകലന്തിയോളം പണി ചെയ്തിട്ടും തക്കതായ കൂലി ലഭിച്ചില്ലെങ്കില്‍ നമ്മള്‍ വീണ്ടും കഷ്ടതയിലേയ്ക്കു വീണു പോകും.
വറചട്ടിയില്‍ നിന്നും എരിതീയിലേയ്ക്കു വീഴും പോലെ.
കുറഞ്ഞ കൂലിയേ മുതലാളിമാര്‍ക്കു നല്‍കുവാന്‍ തോന്നുകയുള്ളൂ. കൂടിയ കൂലി തരുന്നതിനു മുതലാളിമാര്‍ക്ക് ഒരിക്കലും തോന്നുകയില്ല. ഏതായാലും അടുത്താഴ്ച കൂലി നല്‍കുമ്പോള്‍ കൂലി കൂടുതല്‍ തരാമെന്നു മുതലാളി സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഈയാഴ്ചത്തെ കൂടിയ കൂലിയും, അടുത്താഴ്ച നല്‍കുവാനദ്ദേഹം തയ്യാറാണ്.
സംഘത്തില്‍ ചേരാത്ത പണിക്കല്‍, അതായത് പുലയര്‍, പറയര്‍, വേലന്‍, വേട്ടുവര്‍, മണ്ണാന്‍ എന്നിവര്‍ ജാതിഭേദമന്യേ സംഘത്തില്‍ ചേരണം. സാധുക്കളുടെ സംഘമാണത്. അതില്‍ ചേരുന്നതു എന്തു കൊണ്ടും നല്ലതാണ്.

ഇട്യാതി മൂപ്പന്റെ കുടിലിനടുത്തുള്ള നിശാപാഠശാലയില്‍ എപ്പോഴെങ്കിലും വന്നു, പുസ്തകത്തില്‍ പേരു കുത്തിപ്പിക്കണം. ഇപ്പോള്‍ എല്ലാവരും അവരവരുടെ കുടിലിലേയ്ക്കു പോകണം.
തൊഴിലാളികളോടു സംസാരിക്കുന്നതൊക്കെ മുതലാളിയുടെ ചട്ടമ്പികള്‍, കേള്‍ക്കുന്നുണ്ടായിരുന്നു, എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോള്‍ മുതലാളിയുടെ ചെവിയിലോതിക്കൊടുത്തു.
ഈ സന്ദര്‍ഭത്തില്‍ തന്നെ ചിത്തരാജും സംഘവും വേറൊരു ജന്മി മുതലാളിയുടെ ഇല്ലത്തു ചെന്നു അവിടെയും പ്രശ്‌നങ്ങളുണ്ടായി.
വേല ചെയ്ത കൂലിക്കു ചെന്നപ്പോള്‍ മുതലാളി പറഞ്ഞു കൂലി അടുത്താഴ്ച തരാം ഇപ്പോള്‍ പറ്റു കാശു വാങ്ങിച്ചു കൊണ്ടു പൊയ്‌ക്കോളൂ. പണിക്കാര്‍ ഗത്യന്തരമില്ലാതെ നിന്നു കുഴഞ്ഞു. കുടിലിലേയ്ക്ക് അരീം കറിക്കൂട്ടുകളും വാങ്ങാനെന്തു ചെയ്യും. ഇന്നു കൂലി തീര്‍ക്കുമ്പോള്‍ കൊടുക്കാമെന്നു പറഞ്ഞാണ് കടകളില്‍ നിന്നു അരീം മറ്റും വാങ്ങിച്ചിരിക്കുന്നത് ചോദിക്കുവാനറിയില്ല. ഉരിയാടുവാന്‍ വാക്കുകളറിയില്ല, പഴമനസ്സ് പൊട്ടവാക്കുകള്‍ പൊട്ടപ്പോഴ്ത്തന്മാര്‍, പണിയെടുക്കുവാന്‍ മാത്രമറിയാവുന്നവര്‍ എന്തു ചെയ്യും, കൂലി നല്‍കേണ്ടവന്‍, ഇങ്ങിനെയൊക്കെ സംസാരിച്ചാല്‍ പാവങ്ങളെന്തു ചെയ്യും.
കൂട്ടത്തിലൊരുവന്‍ പടിക്കു പുറത്തു വന്നു ചിത്തരാജിനോടും കൂട്ടരോടും പറഞ്ഞു.
അവര്‍ ചുമച്ചും തുപ്പിയും ശബ്ദമുണ്ടാക്കി കയറി ചെന്നു. നടന്നു ചെല്ലുമ്പോള്‍ കൂട്ടംകൂടി നിന്നവര്‍ മാറിക്കൊടുത്തു. അവര്‍ വരിവരിയായി തമ്പുരാന്റെ സമീപത്തേയ്ക്കു ചെന്നു. പൂമുഖത്തുള്ള വരാന്തയില്‍ കയറി.
തമ്പുരാന്‍ - ഏ...ആരാ...എന്താ, എന്തായിത് നികൃഷ്ട ജാതിക്കാര്‍, അനുവാദമില്ലാതെ കയറി വരുകയോ. ഇവിടെയൊക്കെ അശുദ്ധമാക്കിയല്ലോ.
തമ്പുരാന്റെ അലര്‍ച്ച കേട്ടു വാല്യക്കാര്‍ ഓടിക്കൂടി. പെട്ടെന്നു ചെന്നവരെല്ലാവരും നീളമുള്ള കത്തിയെടുത്തു, ചട്ടമ്പികളുടെ നേരെ കാട്ടിപ്പറഞ്ഞു.
ഞങ്ങള്‍ വഴക്കിനു വന്നതല്ല. ഞങ്ങളീ പാവങ്ങളുടെ കൂലിക്കാര്യം സംസാരിക്കുവാന്‍ വന്നതാണ്. ചിത്തരാജ് പറഞ്ഞു. നീയൊക്കെ ചട്ടമ്പികളാണെങ്കില്‍ ഞങ്ങളതിലും വലിയ തെമ്മാടികളാണ്, മാറി നിന്നോ.
എടാ തമ്പുരാനേ - അവരുടെ കൂലി കൊടുക്കൂ. തമ്പുരാന്‍ പേടിച്ചരണ്ടു, കാര്യസ്ഥന്‍ നായരെ വിളിച്ചു പറഞ്ഞു - എടാ നായരേ - അവര്‍ക്കു കൂലി നല്‍കൂ - ഉം.
ഒരാള്‍ക്കു കൂലി കൊടുത്തപ്പോള്‍, ചിത്തരാജനെ അടുത്തു വിളിച്ചു, എടാ ആ കൂലിയെത്രയുണ്ടെന്നു എണ്ണി നോക്കിപ്പറയൂ - തമ്പുരാനോടു തിരിഞ്ഞു.
എടാ തമ്പുരാനെ, കൂലി കൂടുതല്‍ കൊടുക്കണമെന്നു പറഞ്ഞിട്ട്, ഇതാണോ - നീ കൂടിയ കൂലി കൊടുക്കുന്നത്. എടാ പട്ടി നായരേ കൂടുതല്‍ കൂലി കൊടടാ.
തമ്പുരാ, കൂലി കൂടുതല്‍ കൊടുക്കാന്‍ കാര്യസ്ഥനെ അപ്പോള്‍ തന്നെ നിര്‍ദ്ദേശിച്ചു.
അതുപ്രകാരം, കാര്യസ്ഥന്‍ നായര്‍ എല്ലാവര്‍ക്കും പുതുക്കിയ കൂലി കൂടുതല്‍ സഹിതം കൊടുത്തു.
ചിത്തരാജ് വരാന്തയില്‍ നിന്നു കൊണ്ടു തന്നെ തമ്പുരാന്റെ സാന്നിദ്ധ്യത്തില്‍ പണിക്കാരോടു പറഞ്ഞു. കൂലി ലഭിച്ചു കഴിഞ്ഞാല്‍ പടിക്കു പുറത്തു എല്ലാവരും പോയി നില്‍ക്കണം എന്റെ അനുവാദമില്ലാതാരും ഇപ്പോള്‍ പോകരുത്.
കാര്യസ്ഥന്‍ കൂലി കൊടുത്തു തീരുവാന്‍ കുറച്ചു നേരമെടുത്തു. വാല്യക്കാരായ ചട്ടമ്പികള്‍ നോക്കി നില്‍ക്കുകയായിരുന്നു. അവര്‍ കാര്യസ്ഥന്‍ നായരുടെ സമീപം നിന്നു എല്ലാം ശ്രദ്ധിച്ചു.
പിന്നെ തമ്പുരാനോടു ആക്രോശ സ്വരത്തില്‍ പറഞ്ഞു. ഇതല്ലാതെ പോം വഴിയൊന്നുമില്ല. നാളെ മുതല്‍ വഴി നടക്കുന്ന സാധു ജനങ്ങളെ തടയുകയോ, കൂലി കുറച്ചു നല്‍കുകയോ ചെയ്താല്‍ നിന്നേയും നിന്റെ ചട്ടമ്പികളേയും ഞങ്ങള്‍ കാണേണ്ടരീതിയില്‍ കാണും പറഞ്ഞേക്കാം. എടോ പട്ടിത്തമ്പുരാനേ നീയൊക്കെ ഈ ചട്ടമ്പികളെ വെച്ചു ഇനിയും വിളയാട്ടങ്ങള്‍ നടത്തി ഭരിക്കാമെന്നു വിചാരിക്കേണ്ട. എന്തിനേയും ഞങ്ങള്‍ നേരിടാന്‍ തയ്യാറാണ്. അവര്‍ കത്തി കുപ്പായത്തിനുള്ളില്‍, അരയില്‍ തിരുകി വച്ചു പിന്നെ നടന്നു പടിക്കു പുറത്തു നിന്നു എല്ലാവരോടുമായി പറഞ്ഞു.
എന്നെ നിങ്ങളില്‍ ചിലര്‍ കണ്ടിട്ടുണ്ട് എന്നാലും പറയുകയാണ് അതായത് ഞാനാണ് ചിത്തരാജ് ഇത് നിങ്ങളുടെ സഹായികള്‍ നിങ്ങള്‍ ഇനിമേലില്‍ ഈ ജന്മിത്തമ്പുരാക്കന്മാര്‍ കൂലി ചോദിച്ചാല്‍ അടിച്ചു കൊല്ലുകയൊന്നുമില്ല. നിങ്ങള്‍ സംഘത്തില്‍ ചേരണം. അതിനു നിങ്ങള്‍ ചെയ്യേണ്ടത് ഇട്യാതി മൂപ്പന്റെ കുടിലിനടുത്തുള്ള നിശാപാഠശാലയില്‍ വന്നു പുസ്തകത്തില്‍ പേരു കുത്തിക്കണം. അക്കാര്യത്തില്‍ വിരോധമൊന്നും വിചാരിക്കരുത്. നിങ്ങളുടെ കാര്യത്തിനാണ് ഞങ്ങളിടപെടുന്നത്. ഞങ്ങളുടെ കൈകള്‍ക്ക് കരുത്തു പകരുന്നത് നിങ്ങളുടെ സഹകരണത്തില്‍ നിന്നാണ്.
ഇനി നിങ്ങള്‍ കൂലിയും കൊണ്ട്, കുടിലിലേയ്ക്കു പൊയ്‌ക്കൊള്ളൂ - ചിത്തരാജ് നിര്‍ദ്ദേശിച്ചു.
തമ്പുരാന്റെ ആളുകള്‍ ഇതെല്ലാം ഒളിഞ്ഞു നിന്നു കേട്ടു പടിക്കുള്ളില്‍ പൂമുഖത്തിരുന്ന തമ്പുരാനോടു പറഞ്ഞു കൊടുത്തു - തമ്പുരാനവരോട് ആക്രോശിച്ചു.
എടാ എന്തിനാടാ ഞാന്‍ നിങ്ങളെയൊക്കെ കൊണ്ടു നടക്കുന്നത് സമയത്തല്ലേടാ പ്രവര്‍ത്തിക്കേണ്ടത്. അവര്‍ ആ നികൃഷ്ട ജീവികളായ പുലയര്‍, നമ്മുടെ പൂമുഖത്തല്ലേ കയറി വന്നത്. അന്നേരം നീയൊക്കെ നോക്കി നില്‍ക്കുകയായിരുന്നില്ലേ.
ഒരു വാല്യക്കാരന്‍ - തമ്പുരാനെ, ഞങ്ങള്‍ ഓടി വന്നിരുന്നെങ്കില്‍, അവന്‍ കത്തി തമ്പുരാന്റെ കഴുത്തില്‍ കുത്തി കയറ്റുമായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ സംയമനം പാലിച്ചത്. അല്ലെങ്കില്‍ തമ്പുരാനെ അവര്‍ വധിച്ചു കളയുമായിരുന്നു.
പൊരുളറിയാതെ ആക്രോശിച്ചതില്‍ തമ്പുരാനു ജാള്യത തോന്നി, എന്നാലുമദ്ദേഹം പറഞ്ഞു. എങ്കിലും നിങ്ങളവനെയൊക്കെ എതിര്‍ക്കേണ്ടതായിരുന്നു.
പപ്പു മാനേജരും കൂട്ടരും ചായക്കടയുടെ മുമ്പില്‍ വന്നു ബഞ്ചിലിരുന്നു. ഓരോ ചായയും കുടിച്ചിരിക്കുമ്പോള്‍, ചിത്തരാജും കൂട്ടുകാരും വന്നു ചേര്‍ന്നു. അവരുടെ പ്രവര്‍ത്തനത്തെപ്പറ്റി കേട്ടറിഞ്ഞ പപ്പു മാനേജര്‍ ചിത്തരാജിനെ കെട്ടിപ്പിടിച്ചു ഭേഷ് - വളരെ നന്നായിട്ടുണ്ട്. പക്ഷേ ഇനി നമ്മള്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
മുതലാളികള്‍ നിര്‍ദ്ദേശം കൊടുത്താല്‍ മതി, ചട്ടമ്പികള്‍ ഊണും ഉറക്കവും ഇല്ലാതെ, അധ:സ്ഥിതരെ പതിയിരുന്നാക്രമിച്ചു കൊല്ലും. അതുകൊണ്ട് ഊണിലും, ഉറക്കത്തിലും, കിടപ്പിലും, നടപ്പിലും നമ്മള്‍ നിതാന്ത ജാഗ്രത പാലിക്കണം.
ശരി മാഷേ എന്നു പറഞ്ഞ്, എല്ലാവരും അവരവരുടെ കുടിലിലേയ്ക്കു പോയി.
ഗൗരിക്കുട്ടി തറവാട്ടില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിട്ടു കൊണ്ടിരുന്നു. പുലയനായ മൈലന്റൊപ്പം ജീവിക്കുവാന്‍ തുടങ്ങി. ഉള്ള കാശു കൊണ്ടു കവലയില്‍ ഒരു കടയുണ്ടാക്കി. ഒറ്റ തേങ്ങാ വീതം വാങ്ങി കടയില്‍ സൂക്ഷിച്ചു. പത്തിരുന്നൂറു നാളികേരമാകുമ്പോള്‍ പൊതിച്ച് മൊത്തമായി ഉരുളന്‍ തേങ്ങ, മറ്റു കച്ചവടക്കാര്‍ക്കു മറിച്ചു വിറ്റിരുന്നു. അതിന്റെ ലാഭവിഹിതവും, പൊതി മടല്‍ വില്‍പ്പനയും മറ്റുമായി കച്ചവടം അല്‍പ്പം വിപുലീകരിച്ചു. ക്രമേണ എണ്ണ വ്യാപാരവും തുടങ്ങി.
അതിനും നാളികേരം തന്നെ അടിസ്ഥാനം. ചില്ലറ നാളികേരം വാങ്ങി, കുറെയധികമാകുമ്പോള്‍, പൊതിച്ചു കൊപ്രയാക്കി, മില്ലില്‍ കൊണ്ടു പോയാട്ടിച്ചു പാട്ടയിലാക്കി കടയില്‍ കൊണ്ടു വന്നു സൂക്ഷിച്ചിരുന്നു. ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങിക്കൊണ്ടു പോകുമായിരുന്നു. അത്തരത്തില്‍ ഗൗരിക്കുട്ടിയുടെ ശ്രമഫലമായി വ്യാപാരം വളര്‍ന്നു. മൈലനും കുടുംബവും ഒരു നല്ല വീടുണ്ടാക്കി അതില്‍ മൈലന്റെ വയസ്സായ അമ്മയേയും പിന്നെ സഹോദരിയേയും കൂടെ താമസിപ്പിച്ചു. ക്രമേണ അവളെ നല്ലൊരു ജോലിയുള്ള പുലയ ചെറുക്കനെ കൊണ്ടു വിവാഹം കഴിപ്പിച്ചയച്ചു.
മൈലന്‍ പുലയനെ ക്രമേണ മൈലന്‍പിള്ള എന്നു നാട്ടുകാര്‍ വിളിക്കുവാന്‍ തുടങ്ങി.
ഈ കാലങ്ങളില്‍, സഹോദരങ്ങളാരും ഗൗരിക്കുട്ടിയെ അന്വേഷിക്കുന്നതിനോ അവളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനോ താല്‍പ്പര്യം കാണിച്ചില്ല. മൈലനുമൊത്തുള്ള ജീവിതത്തില്‍ ഗൗരിക്കുട്ടിക്കു രണ്ടു കുഞ്ഞുങ്ങള്‍ ജനിച്ചു. അവരുടെ പേരിനോടു ചേര്‍ത്തും പിള്ളയെന്നു നാമം കൂടി എഴുതി പറയുവാന്‍ തുടങ്ങി.
ഗൗരിക്കുട്ടിയുടെ പിതാവ് നിര്യാതനായപ്പോള്‍, ഗൗരിക്കുട്ടിയും, മൈലനും കുഞ്ഞുങ്ങളോടൊപ്പം പോയിരുന്നു. തറവാട്ടില്‍ കയറിയില്ല. മൃതദേഹം പട്ടടയിലേയ്‌ക്കെടുക്കുമ്പോള്‍ ഗൗരിക്കുട്ടി പൊട്ടിക്കരഞ്ഞു. ദു:ഖഭാരത്താല്‍ അവള്‍ മുറ്റത്തു വീണു പോയി. സ്വന്തക്കാരൊക്കെ അടക്കം പറഞ്ഞു.
പുലയച്ചെറുക്കന്റെ കൂടെ പോയ ഇവളുടെ കള്ളക്കരച്ചില്‍ കണ്ടില്ലേ. സഹോദരങ്ങളുടെ ഭാര്യമാര്‍ എല്ലാവരും അവളോടെതിര്‍പ്പുള്ളയാഥാസ്ഥിരരായിരുന്നു. ഇളയ സഹോദരന്റെ ഭാര്യ മാത്രം അവളോടല്‍പ്പം അനുകമ്പ കാണിച്ചു. ഗൗരിക്കുട്ടി നിലത്തു വീണപ്പോള്‍ മൈലനോടൊപ്പം ആ ചേടത്തിയമ്മയും വന്നു താങ്ങിയെടുത്തു വരാന്തയില്‍ കിടത്തി.
മൂത്ത ജ്യേഷ്ടത്തിയമ്മ പറഞ്ഞു - ഇവള്‍ കാരണമാണ് അച്ഛന്‍ മനോവ്യാകുതല കൊണ്ട് നീറി നീറി മരിച്ചത്. ഇളയ നാത്തൂന്‍ പറഞ്ഞു. ഇതൊക്കെ ഇപ്പോള്‍ പറയേണ്ട കാര്യമാണോ?
ഗൗരിക്കുട്ടി; അദ്ദേഹത്തിന്റെ മകളല്ലാതായി വരുമോ? അച്ഛന്‍ മരിക്കുന്നതിനു മുന്‍പു ഭാഗങ്ങള്‍ എഴുതി വച്ചിരുന്നു.
വീടും പറമ്പും മൂത്ത ജ്യേഷ്ടന്. അതിന്റെ മുന്‍ഭാഗത്തുള്ള മൂന്നേക്കര്‍ ഭൂമി ഗൗരിക്കുട്ടിയുടെ പേരിലാണ് കൂടാതെ പാടങ്ങളില്‍ കളം ഇരിക്കുന്ന ഭൂമിയും, അതിനു തൊട്ടടുത്തുള്ള കൃഷി ഭൂമിയും ഗൗരിക്കുട്ടിക്കുള്ളതായിരുന്നു.
ബാക്കി ഏക്കറുകണക്കു കൃഷി ഭൂമിയും, തെങ്ങിന്‍ തോട്ടങ്ങളും, മറ്റു ആണ്‍മക്കള്‍ക്കും പിന്നെ കാര്യസ്ഥനു വേണ്ടി അയാള്‍ താമസിക്കുന്ന വീടും പുരയിടവും നല്‍കുന്നതായി കാണിച്ചിരുന്നു.
അതായതു തറവാടിന്റെ മുന്‍ഭാഗത്തു ഗൗരിക്കുട്ടിയുടെ ഭൂമി. അതില്‍ കൂടി വേണം നാലുകെട്ടിലേയ്ക്കു കടക്കുവാന്‍. അത്തരത്തിലൊരു വലിയ കെണിയൊരുക്കി വച്ചിട്ടാണ് മുതലാളി മരിച്ചത്. കൂടാതെ കൊയ്തു കേറുന്ന കളവും പറമ്പും അതിനു സമീപമുള്ള പാടവും ഗൗരിക്കുട്ടിക്കുള്ളതാണെന്നു പറഞ്ഞാല്‍ ആ അച്ഛന്റെ മനസ്സില്‍ മകളോടു സ്‌നേഹമില്ലെന്നു പറയുവാന്‍ സാധിക്കുമോ?
പുലയച്ചെറുക്കന്റെ കൂടെ പോയെങ്കിലും അവളുടെ കുഞ്ഞുങ്ങളെ ഓമനിക്കുന്നതിനുള്ള ഭാഗ്യം ആ പിതാവിനു മരിക്കും വരേയുമുണ്ടായില്ല. കാരണം സഹോദരങ്ങളെല്ലാവരും അത്രയ്ക്കു ജാതിക്കുശുമ്പന്മാരായിരുന്നു. അവളോടൊരു വിധത്തിലും അനുകമ്പയില്ലാത്തവരായിരുന്നു.
പിതാവിന്റെ ഒസ്യത്തെഴുതിയ വക്കീലിനെ ഒരിക്കല്‍ ഗൗരിക്കുട്ടി കാണുവാന്‍ പോയി. അയാള്‍ ഒരു വിധത്തിലും അവളോടു രഹസ്യം തുറന്നു പറഞ്ഞില്ല. യാതൊരടുപ്പുവും കാണിച്ചില്ല. അമ്പിലും വില്ലിനുമറുത്തില്ല.
പണത്തിന്റെ മേലേ പരന്തും പറക്കുകയില്ല. അത്രയ്ക്കുണ്ടായിരുന്നു ജ്യേഷ്ടന്മാരുടെ പണ സ്വാധീനം.
എന്നാലും ഗൗരിക്കുട്ടി വില്ലേജാഫീസില്‍ നിരന്തരം കയറിയിറങ്ങി. വില്ലേജാഫീസര്‍ക്ക് ചില കൈമടക്കുകള്‍ കൊടുത്തു ആധാരത്തിന്റെ പകര്‍പ്പെടുപ്പിച്ചു സൂക്ഷിച്ചു വച്ചു.
മൈലനു ആകെയുണ്ടായിരുന്ന കൈ മുതലെന്നു പറയുന്നത് ആരോഗ്യമുള്ള ശരീരവും സ്‌നേഹമുള്ള ഹൃദയവുമാണ്. അതുകൊണ്ടാണ് ജാതി മൂരാച്ചികളായ അച്ഛന്‍േറയും സഹോദരങ്ങളുടെയും ഇടയില്‍ നിന്നു ജാതിക്കോട്ട പൊട്ടിച്ച് താഴ്ന്നവന്റെ കൂടെ ഇറങ്ങിത്തിരിച്ചത്. അവളുടെ അശ്രാന്ത പരിശ്രമമാണ് ഇവര്‍ക്ക് ജീവിക്കുവാന്‍ സാധിക്കുന്നത്.
കൊട്ടാര സമാനമായ നാലുകെട്ടിനുള്ളകത്തെ സുരക്ഷിതത്തോടു കൂടി സുഖശീതളിമയാര്‍ന്ന അന്തരീക്ഷത്തില്‍ മാതാപിതാക്കേളുടെയും, സഹോദരങ്ങളുടെയും നടുവില്‍ കൊഞ്ചിക്കുഴഞ്ഞു സകലവിധ സ്‌നേഹങ്ങളോടും പരിലാളനയോടും കൂടി വളര്‍ന്ന ഗൗരിക്കുട്ടിക്കു അത്യന്തം ആവശ്യം ലഭിക്കേണ്ടതിനെ പറ്റി ആരും ചിന്തിച്ചിരുന്നില്ല.
അതാണു വിവാഹജീവിതം, അവള്‍ക്കുമില്ലേ വികാരങ്ങളും വിചാരങ്ങളും. ആരോഗ്യവും, കരുത്തും, സ്‌നേഹവും ലഭിക്കാവുന്ന ഒരുവനെ ഇഷ്ടപ്പെട്ടത് ജാതിക്കോ മരങ്ങള്‍ക്കുരസിച്ചില്ല.
അതിബുദ്ധി അവിവേഗത്തെ ക്ഷണിച്ചു വരുത്തുമെന്നവര്‍ കരുതി, അവളെ ശപിച്ചു. നശിച്ചു പോകുകയുള്ളൂ എന്നവര്‍ പുലമ്പി. എത്ര വന്നാലും ആ പിതാവ് കാലം ചെല്ലുന്തോറും മകളെയോര്‍ത്തു വ്യാകുല ചിത്തനായിരുന്നു. എന്തുചെല്ലാം ആണ്‍മക്കളൊക്കെ ഉടപ്പിറന്നവളെ വെറുത്തിരുന്നു. എന്നാല്‍ പിതാവിന്റെ മനസ്സിലെപ്പോഴും അവളെപ്പറ്റിയുള്ള ചിന്ത കനപെട്ടു കിടന്നു.
അതുകൊണ്ടാണ് ഇഷ്ടാധാരം വെച്ചപ്പോള്‍ അദ്ദേഹമവര്‍ക്കു ഗുണകരമായ പലതും ചെയ്തിരുന്നത്. അവളോടെത്ര കൊടിയ വിദ്വേഷമുണ്ടായിരുന്നാലും, പിന്‍കാലത്തവളെ സ്വാധീനിക്കാതെ, ഈ സഹോദരങ്ങള്‍ക്കു ജീവിക്കുാന്‍ പോലും വയ്യാത്ത തന്ത്രമാണാ പിതാവ് ഒരുക്കിയത്. അതാണ് തീറാധാരത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
പിതാവു ദിവംഗതനായിട്ടു വര്‍ഷങ്ങളായി, സഹോദരങ്ങളുടെ കണ്‍മുന്നില്‍ തന്നെ കവലയില്‍ കച്ചവടവും ചെറിയൊരു നല്ല വീട്ടിലും താമസിച്ചു ജീവിക്കുന്ന ഗൗരിക്കുട്ടി പുലി വീരന്മാരായ ജ്യേഷ്ഠന്മാരുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി നിന്നിരുന്നു. പുലയരേയും, പറയരേയും, മണ്ണാന്മാരേയും അവര്‍ക്കു വല്ലാത്ത പുച്ഛമായിരുന്നു. അതു തന്നെയായിരിക്കണം അവര്‍ക്കെതിരായി ഇറക്കേണ്ട കരുക്കളെന്നു ഗൗരിക്കുട്ടി കണക്കു കൂട്ടി.
അക്കാലത്തൊരിക്കല്‍ പപ്പു മാനേജരും, പരമശിവന്‍ പിള്ളയും, ചിത്തരാജനും, വേറെ ചിലരുമൊരുമിച്ചു സായാഹ്ന സമയത്തു നടന്നു വരുമ്പോള്‍ ഗൗരിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം മൈലനവരെ കടയിലേയ്ക്കു ക്ഷണിച്ചു മുമ്പിലിട്ടിരുന്ന ബഞ്ചിലിരുത്തി. കാര്യങ്ങളൊക്കെ സംസാരിച്ചു. കൂട്ടത്തില്‍ ഗൗരിക്കുട്ടി പറഞ്ഞു.
ഞാന്‍ മാഷിനെ പറ്റി കേട്ടിട്ടുണ്ട്.
നിങ്ങളുടെ സംരംഭത്തിന് എന്റെ എല്ലാ വിധസഹായ സഹകരണങ്ങളുമുണ്ടാകും. മാഷിനെന്നോട് എന്തു സഹായവും ആവശ്യപ്പെടാം. എപ്പോഴും ഞാനതിനു തയ്യാറാണ്. അങ്ങയെ സഹായിക്കുവാന്‍ അവസരമുണ്ടാകുമെന്നു പ്രത്യാശിക്കുന്നു. ചില മുഖ്യ കാര്യങ്ങള്‍ മാഷിനോടു സംസാരിക്കുവാനുണ്ട്. അതിനായി അതിന്റെ കടലാസുമൊക്കെ എടുത്തും കൊണ്ട് ഞാന്‍ നാളെ നാലു മണിക്കു ശേഷം അവിടെയെത്താം.
ശരി എന്നു പറഞ്ഞു പപ്പു മാനേജര്‍ ഇറങ്ങി. മുറിയില്‍ ചെന്നു കയറിയ പപ്പു മാനേജരോട് പരമശിവന്‍ പിള്ളയും ചിത്തരാജും ഗൗരിക്കുട്ടിയെക്കുറിച്ച് അവര്‍ക്കറിയാവുന്ന വിവരണങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
പണ്ടൊരു കരിമ്പനെന്ന പുലയചെറുക്കനെ കെട്ടിയിട്ടടിച്ചു കൊന്നു രാത്രിക്കു രാത്രി അവന്റെ ശ്വാസം നിലയ്ക്കും മുമ്പേ കുഴിവെട്ടി മൂടി. അവന്റെ അനുജനാണീ മൈലന്‍. അവന്റെ സഹോദരിയും അമ്മയും, അവന്റെ കൂടെയുണ്ട്.
പുലപ്പേടി നാളിലാണ് ഗൗരിക്കുട്ടി മൈലനോടൊപ്പം കുടിലിലേയ്ക്കു പോന്നത്. ആ പെണ്ണിന്റെ പരിശ്രമ ഫലമായാണ് ഇവര്‍ ഇത്തരത്തില്‍ കടയിട്ടു കച്ചവടം തുടങ്ങുകയും, സാമ്പത്തികപരമായി അല്‍പ്പം പച്ചപിടിച്ചു ജീവിക്കുന്നതും. അവളുടെ വീട്ടുകാര്‍ അവളെ ഭ്രഷ്ടു കല്‍പ്പിച്ചു. എന്നാലും അവര്‍ പിടിച്ചു നില്‍ക്കുന്നു. മൈലന്റെ അമ്മ വാര്‍ദ്ധക്യമായ അസുഖം മൂലം ഗൗരിക്കുട്ടിയുടെ തണലില്‍ ജീവിക്കുന്നു. ഏതായാലും ഉന്നത കുടുംബത്തില്‍ പിറന്നു വളര്‍ന്ന ഗൗരിക്കുട്ടി പുലക്കള്ളിയായ മൈലന്റെ അമ്മയെ സംരക്ഷിക്കുകയെന്നു പറഞ്ഞാല്‍ വലിയൊരു ത്യാഗമാണാ പെണ്‍കുട്ടി നിര്‍വ്വഹിക്കുന്നത്.
കുഞ്ഞി കണ്ടാരിയാണ്, കൂലി കൂടുതല്‍ ചോദിച്ചതിന് മുതലാളി ചട്ടമ്പികളെ കൊണ്ട് അടിപ്പിച്ചു കൊന്നത്. അവന്റെ പുലയിയും മക്കളും എവിടെയോ ജീവിക്കുന്നു.
ആദ്യത്തെ വിപ്ലവകാരി. കൂലി കൂടുതലിനു വേണ്ടി ശബ്ദിച്ചവന്‍, അവന്റെ കുടുംബത്തിനെ വഴിയാധാരമാക്കി.
പപ്പുമാനേജര്‍, ചിത്തരാജിനോടും പിള്ളയോടും പറഞ്ഞു - കുഞ്ഞിക്കണ്ടാരിയുടെ ഭാര്യയേയും മക്കളേയും കണ്ടുപിടിക്കണം - എന്താ ഏറ്റോ? പിള്ള പറഞ്ഞു മാഷേ ഞാനേറ്റു. അവരെ കണ്ടു പിടിച്ചു ഇവിടെ വരുവാന്‍ പറയാം.
പിറ്റെദിവസം ഗൗരിക്കുട്ടി ചില കടലാസ്സുകളുമായി പപ്പു മാനേജരെ സന്ദര്‍ശിച്ചു. വിവരങ്ങളൊക്കെ പറഞ്ഞു. ആധാരത്തിന്റെ പകര്‍പ്പുകളും കാണിച്ചു. പപ്പു മാനേജര്‍ സസൂക്ഷ്മം അതൊക്കെ വായിച്ചു.
അദ്ദേഹം പറഞ്ഞു; ഗൗരിക്കുട്ടി ഈ രേഖകള്‍ രണ്ടു മൂന്നു നാള്‍ക്കു നമ്മുടെ കൈയ്യില്‍ തരണം. എനിക്കു നല്ലതുപോലെ വായിച്ചൊന്നു പഠിക്കണം. പിന്നെ എന്താ വേണ്ടതെന്നു വെച്ചാല്‍ ചെയ്യാം. പിന്നെ ഒരു കാര്യം കൂടി - ഗൗരിക്കുട്ടിയുടെ ത്യാഗങ്ങള്‍ക്ക് എത്ര ശ്ലാഖിച്ചാലും മതിയാകുകയില്ല.
പിന്നെ അല്‍പ്പം സാമ്പത്തിക സഹായവും!
കൂടാതെ നിങ്ങളുടെ തറവാടിരിക്കുന്നതിന്റെ മുന്‍ഭാഗത്തുള്ള തെങ്ങും പറമ്പാണല്ലോ ഗൗരിക്കുട്ടിക്കവകാശപ്പെട്ടത്. അതിന്റെ മൂലഭാഗത്തൊരിടത്ത് ഒരു കെട്ടിടം കെട്ടുവാനുള്ള അനുവാദം തന്നാല്‍ ക്രമേണ അത് പാവങ്ങളുടെ ഒരു തയ്യല്‍ ക്ലാസ്സോ എന്തെങ്കിലും തുടങ്ങാം. അതിന്റെ നടത്തിപ്പൊക്കെ ഗൗരിക്കുട്ടിക്കായിരിക്കും. കൂടാതെ കെട്ടിടം പണി നടക്കുമ്പോള്‍ സഹോദരന്മാര്‍ വഴക്കിനു വരും അപ്പോള്‍ ഞങ്ങളിടപെട്ട് അധികാരം പിടിച്ചെടുക്കുകയുമാവാം. കൂടാതെ കൊയ്തു കേറുന്ന കളവും പറമ്പും പാടങ്ങളുമുണ്ടല്ലോ അതില്‍ അശരണരായ ചിലരെ കൂടി അധിവസിപ്പിക്കണം. അങ്ങിനേയും നിങ്ങളുടെ ഭൂമിയില്‍ അധികാരം സ്ഥാപിക്കാം. ഇക്കാര്യത്തിലൊക്കെ ഞങ്ങളുടെ എല്ലാവിധ സഹകരണങ്ങളുണ്ടാകും. ഗൗരിക്കുട്ടി സന്തോഷത്തോടെ തിരിച്ചു പൊയ്‌ക്കൊള്ളൂ. കാര്യങ്ങളൊക്കെ നേരെയാകും.
ഒരു നാള്‍ പപ്പു മാനേജര്‍ പുലയരേയും, പറയരേയും, കണക്കന്മാരേയും, വേലന്മാരേയും ഒക്കെ വിളിച്ചു കൂട്ടി വലിയൊരു സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു. അതിന്റെ സൂത്രധാരനായി ചിത്തരാജിനെ ഭാരമേല്‍പ്പിച്ചു. ശരദദാസും, മാടനും, ചക്കിയും, മാണ്ടയും ഒക്കെ കൂടുവാനും തയ്യാറായി.
സംഘം കൂടേണ്ട സ്ഥലം അന്വാഷിച്ചു നടന്നപ്പോള്‍ ഗൗരിക്കുട്ടി പറഞ്ഞു നമ്മുടെ കളത്തിന്റെ മുററം വലിയ പറമ്പാണ്, അവിടെ കൂടാം. പപ്പു മാനേജര്‍ പറഞ്ഞു - വളരെ സന്തോഷം ഗൗരിക്കുട്ടി.
ഗൗരിക്കുട്ടി ഇത്തരത്തില്‍ ഈ പുറം ജാതിക്കാരെ സഹായിക്കണമെന്നു തോന്നിയതില്‍ വലിയ സന്തോഷമുണ്ട്.
സമ്മേളന ദിവസമടുക്കുന്തോറും പല പ്രശ്‌നങ്ങളുമുണ്ടായി കൊണ്ടിരുന്നു. ഗൗരിക്കുട്ടിയുടെ തറവാട്ടില്‍ നിന്നും രണ്ടു നായന്മാര്‍ വന്നു പപ്പു മാനേജരെ കണ്ടു പറഞ്ഞു.
നിന്നോടു തമ്പുരാനങ്ങോട്ടു ചെല്ലാന്‍ പറഞ്ഞു.
പപ്പു മാനേജര്‍ - കാര്യമെന്താണ്; അയാളോടു ഇങ്ങോട്ടു വന്നു എന്നെ കാണുവാന്‍ പറയൂ.
അവിടെ യോഗം കൂടുന്നത് ആരുടെ അനുവാദത്തോടു കൂടിയാണ്. അതു സമ്മതിക്കുകയില്ല. അക്കാര്യം തമ്പുരാനു നിങ്ങളെ താക്കീതു ചെയ്യാനാണ്, അങ്ങോട്ടു ചെല്ലാന്‍ വിളിപ്പിക്കുന്നത്.
പപ്പു മാനേജര്‍ - ആ കളത്തിന്റെ ഉടമ അനുവദിച്ചിട്ടാണ് യോഗം കൂടുവാന്‍ പോകുന്നത്.
വിവരമറിഞ്ഞു കുഞ്ഞു കൃഷ്ണപിള്ള എന്ന ഗൗരിക്കുട്ടിയുടെ മൂത്ത ജ്യേഷ്ഠന്‍ മാടമ്പി കോപാകുലനായി, എങ്കിലും അയാള്‍ സംയമനം പാലിച്ചു..... ശരി നായരേ, നമുക്ക് നാളെ രാവിലെ അവനെ പോയി കാണാം. കാലം മാറി കൊണ്ടിരിക്കുകയല്ലേ. രണ്ടു മൂന്നത്യാഹിതങ്ങളില്‍ പെട്ട നമ്മള്‍, വലഞ്ഞു. ഇനി ഈ വയ്യാവേലിയും കൂടിയുണ്ടാക്കുകയാണെങ്കില്‍ നാം വല്ലാത്ത കഷ്ടത്തിലാകും. ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതാണ് നല്ലത്.
പിറ്റേദിവസം, കുഞ്ഞു കൃഷ്ണപിള്ളയും, അനുജന്മാരും, ചട്ടമ്പികളുമൊന്നിച്ചു പരമശിവന്‍ പിള്ളയുടെ ചായക്കടയ്ക്കു മുന്നില്‍ ചെന്നു. ചിത്തരാജും, കൂട്ടരും കൂടാതെ പപ്പു മാനേജരുടെ മുഖ്യ സഹായിയായ പരമശിവന്‍ പിള്ളയും സമീപം നിന്നിരുന്നു. വിലാസിനി, ഗൗരിക്കുട്ടി, ഗീതാദേവി മുതലായവര്‍ വീടിനുള്ളിലും, പിന്നെ വേറെ ചിലരും അവിടവിടെയായി നില്‍പ്പുണ്ടായിരുന്നു.
മാടമ്പി വന്നപ്പോള്‍ പപ്പു മാനേജര്‍ എഴുന്നേറ്റു തൊഴുതു. പിന്നെ അടുത്തു കിടന്ന ബഞ്ചു കാണിച്ചു ഉപചാരപൂര്‍വ്വം ഉപവിഷ്ടരാകുവാന്‍ നിര്‍ദ്ദേശിച്ചു.
മുതലാളി അതിനൊന്നും വഴങ്ങിയില്ല. കോപാകുലനായി പപ്പു മാനേജരോടു കയര്‍ത്തു. നീയാണോടാ എന്റെ കളപ്പറമ്പില്‍ അനുവാദമില്ലാതെ യോഗം കൂടുവാന്‍ പോകുന്നത്.
പപ്പു മാനേജര്‍ - ആദ്യം തന്നെ നിങ്ങള്‍ മരിയാദ പാലിക്കണം. താങ്കള്‍ ഇങ്ങോട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ വാഗ്ദാനം ചെയ്ത ഇരിപ്പിടത്തില്‍ ഇരുന്നശേഷം, മാന്ന്യമായി സംസാരിക്കണം. അതാണ് മര്യാദ.
പപ്പു മാനേജരുടെ നിര്‍ദ്ദേശപ്രകാരം കോപമടക്കിയ, കുഞ്ഞു കൃഷ്ണപിള്ളയെന്ന ജന്മി ബഞ്ചിലിരുന്നു. മറ്റുള്ളവരില്‍ സഹോദരങ്ങളും, ചില പ്രധാനപ്പെട്ടവരും പിന്‍നിരയിലുള്ള ബഞ്ചിലുപവിഷ്ടരായി. പപ്പു മാനേജരുടെ സമീപം ചിത്തരാജും പരമശിവന്‍ പിള്ളയും ആസനസ്ഥരായി.
സംഭാഷണം തുടങ്ങി. പപ്പു മാനേജര്‍ ചോദിച്ചു. ഇനി നിങ്ങള്‍ പറയൂ എന്താണറിയേണ്ടത്.
എന്റെ കളത്തിലും പറമ്പിലുമായി നിങ്ങള്‍ യോഗം കൂടുവാന്‍ പോകുന്നെന്നു കേട്ടു. അങ്ങിനെ അവിടെ യോഗം കൂടുവാന്‍ പറ്റില്യാ, മുതലാളി ഗൗരവത്തില്‍ തന്നെ നിഷ്‌ക്കര്‍ഷിച്ചു.
പപ്പു മാനേജര്‍ - യോഗം കൂടുവാന്‍ പോകുന്നേയുള്ളൂ, അനുവാദം വാങ്ങുവാന്‍ ഞാനങ്ങോട്ടു വരാനിരിക്കുകയായിരുന്നു.
കുഞ്ഞുകൃഷ്ണപിള്ള - ഞാന്‍ സമ്മതിക്കുകയില്ല. അനുവാദമില്ലാതെ യോഗം കൂടുവാന്‍ തീരുമാനിച്ചാല്‍ വലിയ ഭവിഷത്തുകള്‍ നേരിടേണ്ടി വരും.
പപ്പു മാനേജര്‍ - അനുവാദം ലഭിക്കേണ്ടവരില്‍ നിന്നതു ലഭിച്ചിട്ടുണ്ട്.
കുഞ്ഞുകൃഷ്ണപിള്ള - അനുവാദം തന്നൂന്നോ? ആരു പറഞ്ഞു എന്റെ ഭൂമിയുടെ അനുവാദം ഞാനല്ലേ തരേണ്ടത്.
പപ്പു മാനേജര്‍; പിള്ളേ! അനുവാദം തന്നത് ആ ഭൂമിയുടെ ഉടമ തന്നെ - ആളെ കാണണോ?
പുറകോട്ടു തിരിഞ്ഞു - ആ അനുവാദം തന്നിരിക്കുന്ന ഉടമയെ ഒന്നു വരുവാന്‍ പറയൂ.
കുഞ്ഞുകൃഷ്ണപിള്ളയും, അനുജന്മാരും, കൂടെയുള്ള വാല്യക്കാരും ഞെട്ടിപ്പോയി.... ഏ.... ഗൗരിക്കുട്ടി, എടാ നമ്മുടെ പുന്നാര ഉടപ്പിറന്നോള്‍.
അവള്‍ ഓടി; വല്യാട്ടാ എന്നു വിളിച്ചു ചാരത്തേയ്ക്കണയുവാന്‍ പോയി... പക്ഷേ പപ്പു മാനേജര്‍ തടഞ്ഞു. പറ്റില്യാ... പിള്ളേ ഇതാണ് മൈലന്‍ പെലേന്റെ പുലക്കള്ളി ഗൗരിക്കുട്ടിപ്പിള്ള.
ഇനി അവള്‍ക്കധികാരമില്ലെന്നു പിള്ള പറയുമോ.
കുഞ്ഞുകൃഷ്ണപിള്ള - അതിനു ഇത്രയും വര്‍ഷക്കാലം, ഞാനല്ലേ കൈകാര്യം ചെയ്തു കൊണ്ടിരുന്നത്. അതെന്റെ നിയന്ത്രണത്തിലുള്ളതാണ്.
പപ്പുമാനേജര്‍ - ആധാരത്തിന്റെ പകര്‍പ്പ് ഞങ്ങളുടെ പക്കലുണ്ട് പിള്ളേ (ആധാരം പൊക്കിപ്പിടിച്ചു കാണിച്ചിട്ട്) ഇതാണാ തീറാധാരം.
ഇവിടെ കൂടി നില്‍ക്കുന്നവരെല്ലാവരും ശ്രദ്ധിച്ചാലും അതായത് ഗൗരിക്കുട്ടിയുടെ ഭൂമികൂടി ചൂക്ഷണം ചെയ്തു തട്ടിച്ചെടുക്കുവാന്‍, നടക്കുന്ന അവളുടെ ജ്യേഷ്ട സഹോദരന്മാര്‍, വന്നിരിക്കുന്നതു കണ്ടോ.
അവള്‍ക്കിഷ്ടപ്പെട്ട ഒരുത്തനുമൊത്തു പോയി ജീവിച്ചതിന് അവള്‍ സമുദായത്തില്‍ നിന്നു ഭ്രഷ്ടാക്കപ്പെട്ടു. സ്വത്തു ലഭിക്കാതാക്കി. പിതാവിന്റെ മരണശേഷം ഇതുവരെയും അവളെ ശ്രദ്ധിക്കുവാന്‍ ഈ മീശക്കൊമ്പന്മാര്‍ക്കു തോന്നിയിട്ടില്ല.
ചട്ടമ്പികളോടു, പപ്പു മാനേജര്‍ പറഞ്ഞു, തമ്പുരാക്കന്മാരുടെ നിര്‍ദ്ദേശ പ്രകാരം സാധു ജനങ്ങളെ തല്ലിയോടിക്കുവാന്‍ വന്നാല്‍ നിന്റെയൊക്കെ കുഞ്ഞുങ്ങള്‍ക്ക് തന്തയുണ്ടാകുകയില്ല പറഞ്ഞേക്കാം.
വിളറി വെളുത്തു പോയ സഹോദരങ്ങള്‍ വരേണ്ടിയിരുന്നില്ലയെന്നു തോന്നിപ്പോയി.
കുഞ്ഞുകൃഷ്ണപിള്ളയോടായി പറഞ്ഞു. പിള്ളേ - പോരെ വിവരണങ്ങളൊക്കെ, ഗൗരിക്കുട്ടിയുടെ ഭൂമിയില്‍ കടന്നു വേലയിറക്കുവാന്‍ നോക്കിയാല്‍, ഇനി നിങ്ങള്‍ക്കു വലിയ കഷ്ടനഷ്ടങ്ങള്‍ സംഭവിക്കും. പറഞ്ഞേക്കാം.
അവര്‍ എഴുന്നേറ്റു ഒന്നുമുരിയാടുവാന്‍ വയ്യാതെ നടന്നകന്നു. പപ്പു മാനേജര്‍ ഗൗരിക്കുട്ടിയെ വിളിച്ചു ആധാരം അവളുടെ കയ്കളിലേല്‍പ്പിച്ചു. എന്നിട്ടു പറഞ്ഞു.
കോടതിയില്‍ പോയാലും, പോലീസില്‍ പോയാലും നടക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പരിഹരിച്ചില്ലേ. ഗൗരിക്കുട്ടിയും പൊയ്‌ക്കോളൂ. നാം മുന്‍പത്തെ സാമ്പത്തികം വീട്ടില്‍ വരുമ്പോള്‍ തന്നാല്‍ മതിയാകും.
അവള്‍ വിടര്‍ന്ന നയനങ്ങളോടും ബഹുമാനം സ്പുരിക്കുന്ന മുഖഭാവത്തോടും മാഷിന്റെ കൈകളില്‍ നിന്നാധാരം വാങ്ങി മൊഴിഞ്ഞു. മാഷേ, മാഷ് വരണം. ഞാനെന്നും കടപ്പെട്ടിരിക്കുന്നു. എന്തു വേണമെങ്കിലും ഞാന്‍ മാഷിനു തരും.
പപ്പു മാനേജര്‍ - ഗൗരിക്കുട്ടിയുടെ വാക്കുകള്‍ക്കു പ്രാധാന്യം കൊടുക്കാതെ - ചിത്തരാജേ, പിള്ളേ ഇന്നിനി എങ്ങും പോകുന്നില്ല. ഞാനിവിടെയിരുന്നിട്ട് ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാനുണ്ട് നിങ്ങളെല്ലാവരും പൊയ്‌ക്കൊള്ളു.
പരമശിവന്‍പിള്ള പറഞ്ഞു, നമ്മുടെ കൊല ചെയ്യപ്പെട്ട കുഞ്ഞിക്കണ്ടാരിയുടെ പുലക്കള്ളിയും മക്കളും ഇന്നു വൈകിട്ടു വരുന്നുണ്ട്.
ശരി പിള്ളേ, അവര്‍ വരുമ്പോള്‍ നമുക്കു സംസാരിക്കാം. മാഷ് വീണ്ടും മൊഴിഞ്ഞു. ചിത്തരാജ് എന്റെ കൂടെയിരിക്കട്ടെ എന്നു പറഞ്ഞു മുറിയിലേയ്ക്കു പോയി.
മുറിയില്‍ കയറിയ മാഷ് മഹാസമ്മേളനത്തിന്റെ കാര്യങ്ങളൊക്കെ എഴുതി തയ്യാറാക്കി.
എഴുതുവാനും വായിക്കുവാനും പഠിച്ച ചിത്തരാജിനെ തികഞ്ഞൊരു നേതാവാക്കി ഉയര്‍ത്തി കൊണ്ടു വരുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങളും മറ്റും കൊടുത്തു കൊണ്ടിരുന്നു. അവനുമായിട്ടുള്ള ചര്‍ച്ചകള്‍ക്കുശേഷം മാഷ് പറഞ്ഞു ഞാനൊന്നു കിടക്കട്ടെ, ചിത്തരാജ് വേണമെങ്കില്‍ പൊയ്‌ക്കൊള്ളൂ. അവനെഴുന്നേറ്റു പോയി.
വൈകുന്നേരമായപ്പോള്‍ കുഞ്ഞിക്കണ്ടാരിയുടെ ഭാര്യയും മക്കളും വന്നു. പരമശിവന്‍ പിള്ള അപ്പോള്‍ കടയിലിരിക്കുകയായിരുന്നു. പിള്ള പറഞ്ഞു നിങ്ങളാ മുറ്റത്തിട്ടിരിക്കുന്ന ബഞ്ചിലിരുന്നോളൂ.
അവള്‍ പറഞ്ഞു ഏനിവിട നിന്നോളാമേ.
പിള്ള - നിങ്ങള്‍ക്കൊക്കെ ഇരിക്കുവാനാണാ ബഞ്ചിട്ടിരിക്കുന്നത് ഇരുന്നോളൂ.
നിര്‍ബന്ധിച്ചപ്പോളവരിരുന്നു. വിവാഹ പ്രായമായ രണ്ടു പെണ്‍മക്കള്‍, വിദ്യാഭ്യാസമില്ല, കൂലിപ്പണിക്കു പോകുന്നവര്‍, ഒരാണ്‍ മകന്‍ ചുമ്മ കളിച്ചു നടക്കുന്നു. പിള്ളയുടെ കടയില്‍ നിന്നും ഓരോ ചായയും കടിയും കൊടുത്തു. ഗ്ലാസില്‍ തന്നെ കുടിച്ചോളൂ പിള്ള പറഞ്ഞു. അന്നേരം പിള്ള ചെന്നു മാഷിനെ വിവരം ധരിപ്പിച്ചു.
മാഷ് വിശ്രമം കഴിഞ്ഞു കുളിച്ചു ഉടുപ്പൊക്കെ ധരിച്ചു. അവരെ വിളിപ്പിച്ചു. പപ്പു മാനേജര്‍ താമസിക്കുന്നതിന്റെ വരാന്തയില്‍ കയറി ഇരിക്കുവാന്‍ പറഞ്ഞു. മാഷൊരു ചാരു കസേരയിലിരുന്നു. പിന്നെ ചോദിച്ചു.
നിങ്ങളുടെ പേരെന്താ.
കുഞ്ഞിക്കാളി.
മക്കളുടേയോ
ഇതു അയകി. ഇതു കറുമ്പ ഇവന്റെ പേര് പേങ്ങന്‍.
നീ എന്തു ചെയ്യുന്നെടാ.
പേങ്ങന്‍ - പടിക്കാ ബോണണ്ട്, എപ്പോയൂല്ല. വല്ലപ്പേം. മാഷ് - അഴകീം, കുറുമ്പേം പള്ളിക്കൂടത്തില്‍ പോയിട്ടില്ലേ ഇല്ലേയ്.
മാഷ് - കുഞ്ഞികാളി, പെഴങ്ങന പഠിപ്പിക്കണം, സ്‌ക്കൂളിലയക്കണം.
കുഞ്ഞിക്കാളി - അയിന് എങ്കക്ക് വല്ല പാങ്ങും എണ്ടാമാശേ.
മാഷ് - അതൊക്കെ ഉണ്ടായിക്കൊള്ളും പിന്നെ നിങ്ങള്‍ക്കൊക്കെ അക്ഷരം പഠിക്കുവാനുള്ള ഏര്‍പ്പാടൊക്കെ ഞാന്‍ ശരിയാക്കുന്നുണ്ട്. കൂടാതെ നിങ്ങളിപ്പോള്‍ താമസിക്കുന്ന ഇടത്തില്‍ നിന്ന് വേറൊരു സ്ഥലത്തു കൂടി വച്ചു തരാം. അവിടെ താമസിക്കാം കുഞ്ഞിക്കണ്ടാരി മരിച്ചതിന്റെ നഷ്ടപരിഹാരമായി നിങ്ങള്‍ക്കെപ്പോഴും, ഒരു മുതലാളിയുടെ കീഴില്‍ തന്നെ വേല ചെയ്യാം. ഇവിടെ ഇട്യാദി മൂപ്പന്‍ എന്നൊരാളുണ്ട്. അദ്ദേഹത്തിന്റെ കുടിലിനു സമീപം നിശാപാഠശാലയുമുണ്ട്. അവിടെ നിങ്ങളുടെ പേരും മറ്റും പുസ്തകത്തില്‍ രേഖപ്പെടുത്തണം, ഈ പറയുന്നപോലെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണോ.
കുഞ്ഞിക്കാളി - ചെരി തമ്പ്രാ, എങ്ക അതുപോലെ നടക്കാവേ.
മാഷ് - ഇനി നിങ്ങള്‍ പൊയ്‌ക്കൊള്ളൂ - കൂടാതെ പെഴങ്ങാ മുടക്കമില്ലാതെ പള്ളിക്കൂടത്തില്‍ പോയി പഠിച്ചു കൊള്ളണം. കുഴപ്പം വല്ലതും കാണിച്ചാല്‍ നിനക്കൊന്നും ജീവിക്കുവാന്‍ പോലും പറ്റില്ല പറഞ്ഞേക്കാം.
പെഴങ്ങന്‍ - ചെരി തമ്പ്രാ എന്നു പറഞ്ഞ് എല്ലാവരും പോയി. അവര്‍ വലിയ പ്രതീക്ഷയോടു കൂടി നടന്നകന്നു.
പലയിടങ്ങളില്‍ പാടത്തും പറമ്പിലും പണി നടന്നു കൂലി കൂടുതലിനു വേണ്ടി പോരാട്ടം തുടര്‍ന്നു കൊണ്ടിരുന്നു. സംഘം ഇടപെട്ട സ്ഥലത്തൊക്കെ ചെറിയ വ്യത്യാസം കണ്ടു തുടങ്ങി എന്നാലും ചിലയിടങ്ങളില്‍ പണിക്കാര്‍നേരിട്ട് കൂലി കൂടുതല്‍ ചോദിക്കുവാന്‍ മടി കാണിച്ചിരുന്നു. കാരണം അവരൊക്കെ നൂറ്റാണ്ടുകളോളം ജന്മിമാരുടെ അടിമകളോ അല്ലെങ്കില്‍ കുടികിടപ്പുകാരോ ആയിരുന്നു.
കുടിലിലാണെങ്കില്‍ എന്നും പീഡനം തന്നെയാണ് അരങ്ങേറിയിരുന്നത്. ചെറുമാന്റെ യൗവനയുക്തരായ പെണ്‍കുട്ടികളും, സ്ത്രീകളും ജന്മി മുതലാളിമാരുടേയും, ചട്ടമ്പികളുടേയും വികാരശമന വസ്തുക്കള്‍ മാത്രമായിരുന്നു. എതിര്‍ക്കുവാനവകാശമില്ല. അനുസരിക്കുക എന്നതവരുടെ ധര്‍മ്മമായിരുന്നു.
എതിര്‍ത്താല്‍ ഒരു പക്ഷേ പീഡനമോ, അല്ലെങ്കില്‍ കുടിലില്‍ നിന്നും ഇറങ്ങിപ്പൊയ്‌ക്കൊള്ളാനോ പറയുമായിരുന്നു.
മുതലാളിയുടെ നിര്‍ദ്ദേശം കണക്കിലെടുത്തില്ലെങ്കില്‍ കുടിലു തന്നെ അഗ്നിക്കിരയാക്കുമായിരുന്നു. അല്ലെങ്കില്‍ ചട്ടമ്പികളെ വിട്ട് കുഞ്ഞിക്കലങ്ങളും മറ്റും തല്ലിയുടച്ചു, കുടിലു പൊളിച്ചു കളഞ്ഞു, അവരെ അടിച്ചോടിച്ചിരുന്നു. ഗത്യന്തരമില്ലാതെ കുഞ്ഞുങ്ങളോടൊപ്പം അലഞ്ഞു തിരിയേണ്ടി വരുമായിരുന്നു.
തന്റെ തന്നെ കുടിലില്‍ സ്ത്രീകളെ ഉന്നതന്‍ പീഢിപ്പിക്കുമ്പോള്‍ അവനവിടെ നിന്നിറങ്ങി ദൂരെയ്ക്കു നടന്നൊഴിഞ്ഞു മാറിക്കൊള്ളണം. അവന്‍ ഒന്നുമറിയാത്തവനെപ്പോലെ പാടവരമ്പത്തുള്ള അളയില്‍ നിന്നും എലിയോ, ഞണ്ടോ പിടിച്ചു നടക്കുമായിരുന്നു.
ജന്മി മുതലാളിമാര്‍ക്ക്, ഈ പതിത വര്‍ഗ്ഗങ്ങളുടെ കണ്ണുനീരില്‍ അശേഷം പോലും അനുകമ്പയില്ലായിരുന്നു.
സംഘത്തില്‍ ചേര്‍ന്നവരുടെ മേല്‍ പ്രത്യാക ശ്രദ്ധ ചെലുത്തുവാന്‍ മുതലാളി വാല്യക്കാരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ സംഘത്തില്‍ ചേരാത്തവരോട് അല്‍പ്പം കരുണ കാണിച്ചിരുന്നെങ്കിലും അവസരം വരുമ്പോള്‍ അവരോട് കയര്‍ക്കുകയും, ആക്രമിക്കുകയും ചെയ്തിരുന്നു. കാരണം അടിമകള്‍ അശരണരും, ആലംബഹീനരുമായിരുന്നു.
അവര്‍ ചത്താലും, ജീവിച്ചാലും ജന്മിക്കൊന്നും വരുവാനില്ലായിരുന്നു.
കണക്കന്മാരും, വേലന്മാരും, പറയരും എണ്ണത്തില്‍ കുറവായിരുന്നു. അതുകൊണ്ട് അവര്‍ ശബ്ദിക്കാറേയില്ലായിരുന്നു. അവര്‍ക്കുള്ള കൂലി കാശായിട്ടും, കൂടാതെ അര്‍ഹതപ്പെട്ട നാളികേരവും കൊടുത്തിരുന്നു. കൂലിയേ ചോദിച്ചിരുന്നില്ല. ഓല മെടയുന്ന കാലത്ത് കുഞ്ഞുങ്ങള്‍ ഓല മെടയുന്ന കണക്കത്തിയുടെ മടിയില്‍ കിടന്നാണ് മുല കുടിച്ചിരുന്നത്. അതിനുള്ളസൗകര്യമായിരുന്നു മാറു മറയ്ക്കാത്ത രീതികള്‍ അതായത് ഒരു തോര്‍ത്തു തുണി മാത്രമായിരുന്നു മുന്‍വശത്തു കഴുത്തില്‍ കെട്ടി ഞാത്തിയിട്ടിരുന്നത്. ഉച്ചസമയത്ത് കഞ്ഞി ഒഴിച്ചു കൊടുത്തിരുന്നത് പാളയിലായിരുന്നു.
മണ്ണാന്മാരും, പറയരും, പുലയരേപ്പോലെ പാടത്തും പറമ്പിലെയും പണികളാണ് ചെയ്തിരുന്നത്. സംഘം ചേരുവാനും ചോദ്യം ചെയ്യുവാനും മുന്നിട്ടു നിന്നിരുന്നത് പുലയരായിരുന്നു. അവരെണ്ണത്തില്‍ കൂടുതലുണ്ടായിരുന്നതു കൊണ്ടും, അവര്‍ ചെയ്യുന്ന തരത്തിലുള്ള പണികള്‍ ചെയ്തിരുന്നവരായിരുന്നതു കൊണ്ടാണ്, മണ്ണാന്മാരും, പറയരും, പുലയരോടൊപ്പം ചേര്‍ന്നിരുന്നത്. 
പറയര്‍ക്കും മറ്റും വേറെ പല കൈത്തൊഴിലുകള്‍ അറിയാമായിരുന്നു. കുട്ട, വട്ടി, പായ മുതലായവ നെയ്യുന്നതും ഈ കൂട്ടരുടെ കുലത്തൊഴിലായിരുന്നു.
സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നവരെ മാത്രം ഗൗനിക്കുന്ന സ്വഭാമല്ല പപ്പു മാനേജരും, ചിത്തരാജും അവലംബിച്ചിരുന്നത്. പുറം ജാതിക്കാരായ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്കും അവര്‍ ഇടപെട്ടിരുന്നു.
തെങ്ങുകയറ്റ് നടന്നിരുന്ന അവസരത്തിലൊരിക്കല്‍ ചിത്തരാജും കൂട്ടരും, കണക്കന്മാരുടെ കൂലി കൊടുക്കുന്നത് ശ്രദ്ധിക്കുവാന്‍ പോയി. അവര്‍ പടിക്കു പുറത്തു കാത്തു നിന്നു. അന്നേരമാണ് ജന്മിയുടെ വാല്യക്കാരന്‍ പുറത്തു നിന്നും പടി കടന്നു അകത്തേയ്ക്കു കയറി പോയത്. അവന്‍ ചെന്നു കാര്യസ്ഥന്റെ ചെവിയില്‍ പറഞ്ഞു.
കുഴപ്പക്കാര്‍ പുറത്തു കാത്തു നില്‍പ്പുണ്ട്.
കാര്യസ്ഥന്‍ തമ്പുരാന്റെ ചെവിയില്‍ - ഓതി കൊടുത്തു. അതുപ്രകാരം കൂലി കൂടുതല്‍ കൊടുക്കുവാന്‍ തമ്പുരാന്‍ നിര്‍ബന്ധിതനായി.
അതായത് അഞ്ചു ചക്രത്തിനു പകരം ആറു ചക്രം കൂലി വീതം കൊടുത്തു. സ്ത്രീ തൊഴിലാളികള്‍ക്ക് മൂന്നു ചക്രത്തിനു പകരം നാലു ചക്രവും ലഭിച്ചു.
കൂലിയും വാങ്ങി ഓരോരുത്തരായി പടിക്കു പുറത്തു വന്നവരുടെ കൂലി ചിത്തരാജ് പിടിച്ചു വാങ്ങി. എണ്ണി നോക്കി തിരിച്ചു കൊടുത്തിട്ടു പറഞ്ഞു. മുന്‍കാലങ്ങളില്‍ ലഭിച്ച കൂലിക്കു പകരം ഇപ്പോള്‍ കൂലിക്കൂട്ടി തന്നതു കണ്ടാ. അതു കൊണ്ട് സന്തോഷത്തോടു കൂടി, കുടീലോട്ടു പൊയ്‌ക്കോ. പിന്നെ നേരം കിട്ടുമ്പോള്‍ ഇട്യാതി മൂപ്പന്റെ കുടിലിനടുത്തുള്ള പുറംപോക്കില്‍നിശാപാഠശാലയില്‍ വന്നു സംഘത്തില്‍ പേരു ചേര്‍ക്കണം. സംഘമുണ്ടായതു കൊണ്ടാണ് നിങ്ങള്‍ക്കൊക്കെ കൂലി കൂടുതല്‍ ലഭിച്ചത്. അതോര്‍ത്തോളൂ. ഉന്നതന്‍ എപ്പോഴും കൂലി കുറച്ചു നല്‍കുവാനായിരിക്കും, അവന്റെയൊക്കെ ആഗ്രഹം. ആ പ്രവണത മാറണമെങ്കില്‍ നമ്മള്‍ ഒന്നിച്ചു നിന്നു പോരാടണം.
ചെണ്ടകൊട്ടു പഠിച്ച കുട്ടിച്ചനു, ഏറെ നാളായിട്ടൊരു മോഹം. കാവിലെ ഭഗവതിയുടെ തിരുമുമ്പില്‍ പോയൊന്നു മേളം നടത്തണ്. കാവില്‍ പൂരത്തിനു നായന്മാരും മാരാന്മാരും നിന്നു മേളം തകൃതിയായി നടത്തുന്നതു, അകലെ നിന്നും കാണാറുള്ള കുട്ടിച്ചന്‍ കൈകൊണ്ടു താളം തട്ടി ആസ്വദിച്ചിരുന്നു.
ഈ താളം തന്നെയാണ് താനും കൊട്ടി പരിശീലിച്ചിട്ടുള്ളത്. അതുകൊണ്ട് തനിക്കീ അമ്പലത്തില്‍ മേളം നടത്തി പേരു നേടാന്‍ സാധിക്കും അവന്‍ മനസ്സിലുറച്ചു.
ഉള്ളതിലൊരു വെളുത്ത മുണ്ട് അലക്കിയുടുത്തു. കരയുള്ള നാടനും തോളത്തിട്ടു ഭസ്മക്കുറിയും വരച്ച് ചന്ദനപൊട്ടും തൊട്ട് ചെണ്ടയും തോളത്തിട്ടു ക്ഷേത്രത്തിനകലെ നിന്നും
ടം, ടം, ടടം, ടടം കൊട്ടി അമ്പലത്തിനടുത്തേയ്ക്കു ചെന്നു.
അമ്പലത്തിന്‍ മുമ്പിലും, ആല്‍ത്തറ മുകളിലുമിരിക്കുകയായിരുന്ന നായന്മാരും, മറ്റു ഉന്നതരും, ആകാംഷ നിറഞ്ഞ മുഖഭാവത്തോടെ രംഗം വീക്ഷിച്ചു.
ഇതാരാട ഒരു പുതിയ മേളക്കാരന്‍, ചിലപ്പോള്‍ അവനു ദേവിയുടെ തിരുമുമ്പില്‍ മേളം നടത്തി അരങ്ങേറുവാനായിരിക്കും ചിലര്‍ ചിന്തിച്ചു.
പക്ഷേ പലരും, വിവിധ സ്വഭാവക്കാരാണല്ലോ. ഒരു നായര്‍ ചോദിച്ചു.
ഉം... ആരാ!
നല്ലപോലെ ഭാഷ സംസാരിക്കുവാന്‍ പോലുമറിയാത്ത പുറം ജാതിക്കാരനായ കുട്ടിച്ചന്‍ തീണ്ടലും, തൊടീലിലും പെട്ടു നീറിപ്പുകയുന്നവന്റെ കല ഒന്നവതിരിപ്പിക്കുവാന്‍ പേടിച്ചരണ്ടു പാദങ്ങള്‍ മുന്നോട്ടു വച്ചു ചെന്നു. പക്ഷേ പാദങ്ങള്‍ക്കു വേഗത കുറഞ്ഞു.
ഉം. പറയൂ ആരാ, നായന്മാര്‍ അല്‍പ്പം ഉറക്കെ കുട്ടിച്ചന്‍ - ഞാ - ഞാന്‍, മാരാ.... മാരാന്‍ കണ്ടിട്ടു തീണ്ടിക്കുളിയില്‍ പെടുന്നവനാണെന്നു തോന്നുകയാല്‍.
വീണ്ടും നായന്‍മാര്‍ - ഏ - ആരാണ് ആക്രോശിച്ചു.
ഏന്‍ മാറാന്‍ പോകേണെയ്.
പിന്നെയവനു മുന്നോട്ടു പാദമൂന്നാന്‍ സാധിച്ചില്ല. അവന്‍ മാറാന്‍ പോകുന്നു എന്നു പറഞ്ഞു തിരിച്ചു ധൃതിയില്‍ നടന്നകന്നു.
പുറംജാതിക്കാരന്റെ കലയ്ക്കു യാതൊരു പരിഗണനയും ലഭിച്ചില്ല. അല്ലെങ്കില്‍ അവന്റെ മേളം കേട്ടു വിലയിരുത്തുവാന്‍ പോലും, അവര്‍ക്കു മന:സ്ഥിതിയുണ്ടായില്ല. ജാതി പീഢനത്തിന്റെ കാഠിന്ന്യത അതിഭയങ്കരം തന്നെയായിരുന്നു. അടികൊള്ളാതെ ഒരു വിധം കുട്ടിച്ചന്‍ ചെണ്ടയുമായി പേടിച്ചോടി സ്വന്തം കുടിലില്‍ വന്നു കയറി.
പതിതവര്‍ഗ്ഗങ്ങള്‍ കലകളിലോ, കായിക വിനോദങ്ങളിലോ ഏര്‍പ്പെടുവാന്‍ പാടില്ല. ഉന്നതന്റെ കലകള്‍ മാത്രമേ പരിഗണിക്കാറുള്ളൂ. അതിനു ക്ഷേത്രകല കലകളെന്ന ഓമന പേരില്‍ പറഞ്ഞു വരുന്നു. പള്ളിക്കൂടങ്ങളില്‍ പോലും ഇതാണു സ്ഥിതി.
ഐത്തജാതിക്കാരന്റെ കലകള്‍ കറുത്ത കലകളായും നികൃഷ്തയുള്ളതായും കണക്കാക്കിയിരിക്കുന്നു. ഇതേ ചെണ്ടവാദ്യം വരേണ്യ വര്‍ഗ്ഗക്കാരുടെതു മാത്രമായി പരിണമിച്ചിരിക്കുന്നു. ജാതീയത കലയ്ക്കു മാത്രമല്ല സാഹിത്യത്തിലും ഉണ്ട്. പക്ഷേ താഴ്ന്നവന്റെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ അവയെഴുതിയത് കാട്ടാളനാണെന്നും ധീവരനാണെന്നും പറഞ്ഞു കള്ളത്തരമായി പ്രചരിപ്പിച്ചിരിക്കുന്നു. കൂടാതെ ഭഗവാന്‍ കറുത്തവനാണെന്ന വ്യാജേന കൃഷ്ണനെന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ അവയൊക്കെ പൊക്കിപ്പിടിച്ചു പണമുണ്ടാക്കുന്നത് ഉന്നതരാണ്.
പുറംജാതിക്കാരും, പിന്നോക്കവര്‍ഗ്ഗക്കാരും അധ്വാനിച്ചുണ്ടാക്കുന്ന ഓരോ നാണയങ്ങളും, പലതുള്ളി പെരുവെള്ളമായി ഉയര്‍ന്ന ജാതിക്കാരുടെ മടിശീലയ്ക്കു കനം കൂട്ടുന്നു. കാര്യം വരുമ്പോള്‍ കാര്യക്കാരന്‍ മുന്‍പും അവര്‍ണ്ണന്‍ പുറത്തും. ഈ പ്രവണത തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
അദ്ധ്വാനിക്കാതെ പുറം ജാതിക്കാരന്റെ അധ്വാന വിഹിതം ഭുജിച്ച് തടിച്ചു കൊഴുക്കുന്ന വര്‍ഗ്ഗമേ നിന്റെ പേരോ ഉന്നതന്‍. അങ്ങിനെയുള്ളവന്‍ എങ്ങിനെ ഉന്നതനാകും. സത്യത്തില്‍ നീ ഉന്നതാനാണോ അതു പറഞ്ഞു പരത്തി ഔന്നത്യം നടത്തി പ്രയാണം ചെയ്യുന്നവനാണ് വാസ്തവത്തില്‍ അധ:മന്‍.
അന്നൊരു നാളില്‍, തീണ്ടലും ഐത്തവും വച്ചു പുലര്‍ത്തുന്ന വേറൊരു താലൂക്കിലെ ഗ്രാമപ്രദേശത്ത് ഒരു പുലയച്ചെറുക്കന്‍, വേല കഴിഞ്ഞവന്റെകുടിലിലേയ്ക്കു പോകുകയായിരുന്നു. പൊതുവഴിയാണ് ചുറ്റും ചുള്ളിക്കാടുകളും കാട്ടു പ്രദേശവും, മറുഭാഗത്ത് ഒരു മുതലാളിയുടെ വേലിക്കെട്ടും നമ്പൂതിരിയായ ഒരു ജന്മിയുടെ വരവായിരുന്നു അത്.
അപ്രതീക്ഷിതമായി വിളി കേട്ടു. ഏ...ഏ...ഹേയ് മാറിക്കോ, ഉന്നതന്റെ വരവാണ്. അവനു ഓടി മറയുവാനിടമില്ലാതെ ഭയന്നു വിറച്ചു. എന്തു ചെയ്യും. കയ്യില്‍ അന്നു ലഭിച്ച കൂലി കൊടുത്തു വാങ്ങിച്ച അരിയും കറിക്കൂട്ടും, തോര്‍ത്തില്‍ കെട്ടി തോളിലിട്ടു കൊണ്ടാണ് ചെറുമന്‍ നടന്നു വന്നു കൊണ്ടിരുന്നത്. അവന്റെ വരവും പ്രതീക്ഷിച്ച്, പുലയിയും കുഞ്ഞുങ്ങളും വയസ്സായ തള്ളയും തന്തയും വിശന്നു പൊരിഞ്ഞിരിക്കുമ്പോഴാണ്, തീണ്ടലില്‍ പെട്ടത്. അവന്‍ പേടിച്ചരണ്ടു ഉറക്കേ വിളിച്ചു പറഞ്ഞു, തമ്പ്രാ ഏന്‍ ഏടക്ക് മാറും. അവന്‍ മുള്ളുവേലിയില്‍ നെഞ്ചുഭാഗം തിരിഞ്ഞു ചാരി നിന്നു. കരഞ്ഞു വേദന കടിച്ചമര്‍ത്തി ഭയന്നു ചുണ്ടു വിറച്ചു. ശബ്ദം പുറത്തേയ്ക്കു വരാതെ പിടിഞ്ഞു കൂനിക്കൂടിയിരുന്നു.
നീലകണ്ഠന്‍ നമ്പൂതിരിയുടെ പ്രയാണത്തിനു ഭംഗം നേരിട്ടു. അദ്ദേഹം വിളിപ്പാടകലെ നിന്നു. ജനസഞ്ചാരം വിരളമായിരുന്ന കാലഘട്ടം. അവന്റെ വയറു ഭാഗത്തും നെഞ്ചിലും മുള്ളു തറച്ചതു കൊണ്ട്, വേദന സഹിച്ചാണ് നിന്നിരുന്നത്.
കാര്യസ്ഥന്‍ മുന്നോട്ടു വന്നു. ഏ- നീയാണോടാ പുലച്ചെറുക്കാ, എടാ നികൃഷ്ട ജാതീ തമ്പുരാന്‍ വരുന്നതു കണ്ടില്ലേ.
അവന്‍ കണ്ണുനീരൊലിപ്പിച്ചു വേദനയോടെ നിന്നു കരഞ്ഞു പറഞ്ഞു.
മാറാനെടോല്ല തമ്പ്രാ.
കാര്യസ്ഥന്‍, തിരിച്ചു നടന്നു തമ്പുരാന്റൊപ്പം ധൃതിയില്‍ പോയി.
അവന്‍ മുള്ളു കുത്തിക്കയറിയ, മുറിപാടില്‍ നിന്നും, ചോരയൊലിപ്പിച്ച് കണ്ണുനീര്‍ വാര്‍ത്തു കൊണ്ട് നടന്നു നീങ്ങി. കുടിലിലെത്തും മുമ്പേ തമ്പുരാന്റെ ആളുകള്‍ വന്നു, കയ്യോടെ പിടിച്ചു. തോളിലെ ഭാണ്ഡക്കെട്ട് വഴിയില്‍ വീണു. അരിയും സാധനങ്ങളും ചിന്നിച്ചിതറി. അവന്റെ കരച്ചിലും കണ്ണുനീരും അവര്‍ കണക്കിലെടുത്തില്ല. അവനെ നിലത്തിട്ടു വലിച്ചിഴച്ചാണ് തമ്പുരാന്റെ ചട്ടമ്പികള്‍ കൊണ്ടു പോയത്.
വഴിക്കു വെച്ച് അകലെ നിന്നും ചിലര്‍ ഈ രംഗം കാണുന്നുണ്ടായിരുന്നു. അവര്‍ ചെന്നു തേവന്റെ പുലയിയോടും മറ്റും പറഞ്ഞു. അവരൊക്കെ വിശപ്പു കൊണ്ടു നീറിപ്പുകഞ്ഞു അവന്റെ വരവും കാത്തിരിക്കുമ്പോഴാണ്, പുലയനെപിടിച്ചു കെട്ടി കൊണ്ടു പോയ വിവരമറിഞ്ഞത്. അവര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കുഞ്ഞുങ്ങളോടൊത്തു ഓടി, നീലകണ്ഠന്‍ നമ്പൂതിരിയുടെ പടിക്കിലയേ്ക്കു ചെന്നു.
അവനെ നാലുകെട്ടിന്റെ പിന്നിലുള്ള പറമ്പിലിട്ടു ചട്ടമ്പികള്‍ പൊതിരെ പ്രഹരിച്ചു. ഇടികൊണ്ടവന്‍ വീണു. വീണ്ടും പിടിച്ചെഴുന്നേല്‍പ്പിച്ചു തൊഴിച്ചു. തിന്നു കൊഴുത്തു നടക്കുന്ന തമ്പുരാന്റെ വേലക്കാരുടെ അടിയേറ്റു തേവനു അനങ്ങുവാന്‍ പോലും വയ്യാതെ ജീവച്ഛവമായി കിടന്നു.
ഇടയ്ക്കു കാര്യസ്ഥന്‍ വന്നു നോക്കി. ഉം. ചാകാറായിട്ടുണ്ട് ഈ ചെറുമന്മാര്‍ മനസ്സിലാക്കട്ടെ തമ്പുരാക്കന്മാരെ തീണ്ടിയാലുള്ള അവസ്ഥ എന്താണെന്ന്. പുലയനീം, പറയനീം, കണക്കനും, മണ്ണാനുമൊക്കെ മര്യാദയ്ക്കു നടക്കുവാനറിയില്ല. തമ്പുരാനും വന്നു കണ്ടു. ഉം. അവിടെ കിടക്കട്ടെ.
അന്നേരം ആ പുലയന്റെ ചെറുമിയും, കുഞ്ഞുങ്ങളും, തന്തയും, തള്ളയും കൂടി മാറത്തടിച്ചു വന്നു പടിക്കല്‍ കിടന്നു കരഞ്ഞു.
തമ്പ്രാ എണ്ട മകനവിടണേ, എണ്ട മകനവിട് തമ്പ്രാ, എങ്കക്കാരൂല്ല തമ്പ്രാ, എങ്കള നോക്കാനാരൂല്ല തമ്പ്രാ.
അവന്‍ തമ്പുരാനെ തീണ്ടിയിരിക്കുന്നു കാര്യസ്ഥന്‍ പറഞ്ഞു. ഞാന്‍ പല പ്രാവശ്യവും വിളിച്ചു പറഞ്ഞു എന്നിട്ടും അവന്‍ വഴിമാറിയില്ല.
പുലച്ചെറുക്കന്റെ പുലയി വാവിട്ടു കരഞ്ഞു പറഞ്ഞു തമ്പ്രാ എണ്ട കുരങ്ങും കുഞ്ഞുങ്ങട അച്ഛനാണേ, പെലേന വിടു തമ്പ്രാ... അയ്യോ... എങ്കക്കാരൂല്ലേ. തൈവം തമ്പുരാനേ എങ്ക എങ്കാട്ടു പോകും. തൈവമേ എണ്ട തൈവത്താനേ. എങ്കക്കാരൂല്ലേ.
തമ്പുരാന്റെ നിര്‍ദ്ദേശപ്രകാരം പുലയച്ചെറുക്കനെ പടിക്കു പുറത്തു കൊണ്ടു വന്നു നിലത്തിട്ടു. ചട്ടമ്പികള്‍ പടിയടച്ചു ഉള്ളിലേയ്ക്കു വലിഞ്ഞു.
അവന്റെ പിതാവും, ഭാര്യയും എല്ലാവരും കൂടി ചെറുമനെ താങ്ങിയെടുത്തു വൈദ്യരുടെ ചികിത്സാലയത്തില്‍ കൊണ്ടു പോയി, ചികിത്സിക്കുവാന്‍ കിടത്തി. മനസ്സറിയാത്ത കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തില്‍ താണവനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഈ ഭാഗത്തൊന്നും സംഘത്തിന്റെ പ്രവര്‍ത്തനം എത്തി നോക്കുക പോലുമുണ്ടായിട്ടില്ല. പതിത വര്‍ഗ്ഗക്കാരുടെ മേലുള്ള പീഡനം തുടര്‍ന്നു കൊണ്ടേയിരുന്നു. 
പപ്പു മാനേജരും രണ്ടു സഹായികളും കൂടി നടന്നു വരുമ്പോള്‍, ഗൗരിക്കുട്ടിയുടെ കടയില്‍ കയറി മൈലനുമൊത്തു സംസാരിച്ചു. പിന്നീടു കടകളോടു ചേര്‍ന്നുള്ള ഭവനത്തിലേയ്ക്കവര്‍ ക്ഷണിക്കപ്പെട്ടു. കുടിക്കുവാനല്‍പ്പം മോരു കൊടുത്തു. അതിനുശേഷം പപ്പു മാനേജര്‍ ആവശ്യപ്പെട്ടിരുന്ന തുക അവള്‍ കൊടുത്തു.
പണം സ്വീകരിച്ചു കൊണ്ട് പപ്പു മാനേജര്‍ പറഞ്ഞു. ഗൗരിക്കുട്ടി തയല്‍ ക്ലാസു തുടങ്ങേണ്ട കെട്ടിടത്തിന്നു ഈ പണം കൊണ്ട് ഞാന്‍ തറക്കല്ലിട്ടു, അടിത്തറ കല്ലും കെട്ടി, കെട്ടിടമാക്കും. പോരാത്ത പണം നീ ചിലവാക്കി കെട്ടിടം പൂര്‍ത്തീകരിക്കണം. അതും കൂടാതെ സംഘത്തിന്റെ സമ്മേളന ദിവസം അടുത്തു വരുന്നു. ഗൗരിക്കുട്ടി വേണം അതിനും സഹായിക്കുവാന്‍.
അതും അവള്‍ സമ്മതിച്ചു.
എന്നാല്‍ പറഞ്ഞതുപോലെ എന്നു മൊഴിഞ്ഞവരിറങ്ങി.
******