"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

രാജാവു കനിഞ്ഞാലും ജന്മിമാര്‍ക്കനക്കമില്ല - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം ഇരുപത്

പരമശിവന്‍പിള്ളയുടെ വസതിയില്‍ അഭൂതപൂര്‍വ്വമായ ആമോദമലതല്ലി. ഗീതാദേവിക്കു അപ്രതീക്ഷിതമായി സ്വായത്തമായ ഭര്‍ത്തൃഭാഗ്യം ചിരകാല വ്യാകുലതയ്ക്കു വിരാമമായി. അനാഥമായിരുന്ന കുഞ്ഞിന്നു നാഥനായി. പുരുഷന്‍ നായര്‍ പിതൃസ്ഥാനത്തു പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു. അയാള്‍ക്കിനി പുറത്തെങ്ങും ജോലി തേടി പോകേണ്ട കാര്യമില്ല. അത്രയ്ക്കു പിടിപ്പതു പണിയുണ്ടിവിടെ. ചായക്കടയുടെ മേല്‍നോട്ടം വഹിക്കണം, പല ചരക്കു കച്ചോടത്തിന്റെ കാര്യങ്ങള്‍ നോക്കണം. പറമ്പിലും പാടത്തും ആളുകളെ വച്ചു പണിയെടുപ്പിക്കണം. എല്ലാത്തിലും ഒരു കൊച്ചു മുതലാളി കണക്കു, കാര്യസ്ഥ പണിയും ചേര്‍ന്നെടുത്തു കൈകാര്യം ചെയ്തു കൊണ്ടാല്‍ മാത്രം മതി.
അന്നു മൂന്നു പേരും കൂടി പിഴപ്പിച്ചതാണെങ്കിലും ഗീതാദേവിക്ക് ആരില്‍ നിന്നാണ് ഗര്‍ഭധാരണമുണ്ടായതെന്ന് മനസ്സിലാക്കുവാന്‍ പ്രായസമായിരുന്നു. അതിന്റെ സുതാര്യത വിശകലനം ചെയ്യുവാനാരും മിനക്കെട്ടി. അഥവാ അവയൊക്കെ കണ്ടുപിടിക്കുവാന്‍ പറ്റിയ സംവിധാനങ്ങള്‍ വല്ലതുമുണ്ടോ. ശാസ്ത്രീയാടിത്തറ വളര്‍ന്നിട്ടില്ലാത്ത കാലഘട്ടം. എന്തായാലും പുരുഷന്‍നായര്‍ ഗീതാദേവിയുടെ കുഞ്ഞിനെ തന്റെ കുട്ടിയായി കരുതി ഓമനിക്കുവാനും സ്‌നേഹിക്കുവാനും തുടങ്ങി. ആ കുഞ്ഞിന്റെ കളിയും ചിരിയും നടത്തവും ഒക്കെ അയാളുടെ മനം കവര്‍ന്നു. ആനന്ദദായകമായി.
നിരന്തരമായ ചികിത്സയും, കുളിയും മറ്റും കൊണ്ട് ഗീതാദേവിയുടെ ആരോഗ്യം അല്‍പ്പം മെച്ചപ്പെട്ടു. അന്നു നടന്ന കാര്യങ്ങള്‍ അവളുടെ മനസ്സിലനെ വേട്ടയാടി കൊണ്ടിരിക്കുകയായിരുന്നു. ബലാല്‍ക്കാരേണ തന്നെ പീഡിപ്പിച്ചവരെ പിച്ചിച്ചീന്തുവാനുള്ള പ്രതികാരവാഛ അവളുടെ ഹൃദയത്തില്‍ പൊന്തി വന്നിരുന്നു. 
ഇപ്പോഴായേ പിന്നെ, മാറിയ സാഹചര്യത്തില്‍ അവള്‍ക്കൊന്നും തോന്നുന്നില്ല. സംയമനം പാലിക്കുന്നു. അവിചാരിതമായി സംഭവിച്ചതൊക്കെ അവള്‍ മറന്നപോലെയായി. ഇന്നു പ്രതിഷേധമില്ല. പരിതാപമില്ല. വിധേയത്വമില്ല. ഒന്നുമില്ല.
കുഞ്ഞിന്റെ അച്ഛനായി ചൂണ്ടിക്കാണിക്കുവാന്‍ ഒരുത്തനുണ്ടായിരിക്കുന്നു. അയാളുടെ ആത്മാര്‍ത്ഥത കാര്യക്ഷമത, വസ്തുതകള്‍ കൈകാര്യം ചെയ്യുന്നതിലെ ശുഷ്‌ക്കാന്തി എല്ലാം ശ്ലാഘനീയംതന്നെ. പണ്ടു തെമ്മാടിത്തരങ്ങളില്‍ വിലസ്സി നടന്നതിനാണ് ഇപ്പോള്‍ പുലയരുടെ പീഢനമേല്‍ക്കേണ്ടി വന്നത്. താന്‍ സംയമനം പാലിച്ച് അവരുടെ വാഗ്ദാനം സ്വീകരിച്ചതു കൊണ്ട് ഒരു വിധം രക്ഷപെട്ടു അല്ലെങ്കില്‍ ഗോവിന്ദന്‍ നായരുടേയും, നാണുപിള്ളയുടേയും ഗതി തനിക്കും വന്നു ചേരുമായിരുന്നു.
ഇപ്പോള്‍ നാണം കെട്ടരീതിയിലാണ് ഗീതാദേവിയുമൊത്തുള്ള ജീവിതം സമാരംഭിച്ചതെങ്കിലും തന്റെ കുഞ്ഞായി തന്നെയാണ് താനതിനെ കരുതുന്നത്.
അംഗലാവണ്യവതിയായ കൊച്ചു സുന്ദരിയാണ് ഗീത. പ്രശ്‌നങ്ങളുടെ പരിസമാപ്തിയിലാണിവളെ തനിക്കു ഭാര്യയായി ലഭിച്ചതെങ്കിലും അവളുടെ അഴകില്‍ തനിക്കഭിമാനം തോന്നിക്കുന്നതില്‍ അപാകതയൊന്നുമില്ല.
തന്റെ ശിഷ്ടകാല ജീവിതം ഇതു തന്നെയായിരിക്കും കുല്‍പിതമെന്നയാള്‍ ചിന്തിച്ചു. അതുകൊണ്ടാണ് അര്‍പ്പണ ബോധത്തോടു കൂടി ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.
ഗോവിന്ദന്‍ നായരേയും, നാണു പിള്ളയേയും പൊന്തക്കാട്ടില്‍ തള്ളിയിടപ്പെട്ടശേഷം അടുത്ത ദിവസം പ്രഭാതത്തില്‍ ആളുകള്‍ കാണുവാനിടയായി പൊക്കിയെടുത്തു വൈദ്യരുടെ സദനത്തിലെത്തിച്ചു. ദീര്‍ഘകാലത്തെ ചികിത്സയ്ക്കു ശേഷം ജീവന്‍ വീണ്ടുകിട്ടി. അംഗവൈകല്യം സംഭവിച്ചു വടികുത്തി പിടിച്ചു വേണമായിരുന്നു ഗോവിന്ദന്‍ നായര്‍ക്കു നടക്കുവാന്‍ അയാളുടെ അവസ്ഥ ഇതാണെങ്കില്‍ നാണു പിള്ളയുടെ സ്ഥിതി അതിലും ശോചനീയമായിരുന്നു. ശരീരം തീരെ ശോഷിച്ചു. മാറാരോഗമായ ക്ഷയം ബാധിച്ചു. അസ്ഥിക്കൂടം സഞ്ചരിക്കുന്ന പോലെ ആടിച്ചാടിയാണ് പ്രയാണവും എല്ലാം. നിരന്തരം ചുമയും, കഭക്കെട്ടും കൊണ്ട് ബീഡി വലിച്ചും, നാറ്റമുള്ള വിയര്‍പ്പുമായി കഴിയുന്നു.

ചെറുപ്പകാലത്തെ ചോരത്തിളപ്പിന്റെ എടുത്തു ചാട്ടം കൊണ്ട് വന്നു ചേര്‍ന്ന ഭവിഷത്ത് അനുഭവിക്കാതെ നിവര്‍ത്തിയില്ലാത്ത അവസ്ഥയായിരിക്കുന്നു. ചട്ടമ്പിപ്പണിയായിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ ഒരു പണിക്കും പോകുവാന്‍ നിവര്‍ത്തിയില്ലാത്ത ചുറ്റുപാട് - കൊടുത്തു മേടിച്ച സമ്മാനം എന്നും കുന്നും ഇരുപ്പത്.
ഇനി മുതല്‍ ജീവിക്കണമെങ്കില്‍ ഇവരുടെ അച്ചിമാര്‍ മാടമ്പികളുടെ തറവാട്ടില്‍പ്പോയി വീട്ടുവേല ചെയ്യണം. അല്‍പ്പം തൊലിവെളുപ്പും അഴകുമുണ്ടെങ്കില്‍ അവയും കൂടി ഒരനുഗ്രഹമായിരുന്നു.
ഒരു കാര്യം ആശ്വാസജനകമായിരുന്നു, തമ്പുരാക്കന്മാരുടെ നിര്‍ദ്ദേശപ്രകാരം പുലയരെ പിടിച്ച് നിര്‍ദാക്ഷിണ്യം പ്രഹരിക്കുമ്പോള്‍ ജീവിക്കുവാനനുവദിച്ചിരുന്നത് വിരളമായിരുന്നു. പക്ഷേ പുലയര്‍ ജീവിക്കുവാന്‍ അവസരം നല്‍കിയിുന്നു അതു തന്നെ അവരുടെ ഉന്നതമായ മനസ്സിന്റെ പ്രത്യാകത.
രണ്ടു മൂന്നാഴ്ചകള്‍ക്കുശേഷം പുരുഷന്‍ നായരുടെ ആളുകളൊക്കെ വന്നു അവനെ പിന്‍തിരിപ്പിക്കുവാന്‍ നോക്കി. പ്രലോഭിപ്പിച്ചു. പക്ഷേ അയാള്‍ ഒരു വിധത്തിലും വഴങ്ങിയില്ല.
പുരുഷന്റെ അമ്മ പെങ്ങാന്മാര്‍, അമ്മാവന്മാര്‍ തുടങ്ങിയ അടുത്ത സ്വന്തക്കാര്‍ അനാവശ്യങ്ങള്‍ പറഞ്ഞു പരത്തി.
അവനു കൈവിഷം കൊടുത്തു പാട്ടിലാക്കിയിരിക്കുകയാണ്. ഒന്നിനും വശം വദനാകാതായപ്പോള്‍ ശാപചനങ്ങള്‍ ചൊരിഞ്ഞു കൊണ്ട് ശുനകരെപ്പോലെ വാലും താഴ്ത്തി പോകേണ്ടി വന്നു. കൂട്ടത്തില്‍ ഭീഷണിയും.

എടാ പരമശിവന്‍ പിള്ളേ നീ ഇതിനനുഭവിക്കും. കണ്ടോ ഞങ്ങടെ ചെറുക്കനെ പിടിച്ചെടുത്തിരിക്കുന്നതിന്ന് ഒന്നൊന്നുള്ള കാലം വരേ നശിച്ചു പോകത്തൊള്ളൂ. കണ്ടോളൂ.
എന്തിന്നും പൊട്ടിത്തെറിക്കാറുണ്ടായിരുന്ന ഗീതാദേവി ഒന്നും ഉരിയാടാതെ, സംയമനം പാലിച്ചു. കുഞ്ഞുമായി വരാന്തയിലും മറ്റും വന്നും, നടന്നും ശ്രദ്ധിക്കാതെ അവളിരുന്നു.
മുറ്റത്തു നിന്നവര്‍ അവളെ നോക്കി പറഞ്ഞു. എടീ മുധേവീ, നീ നായരിച്യാണോ ഞങ്ങട മകനെ, രായ്ക്കു രാമാനം പിടിച്ചോണ്ടു വന്നു പാര്‍പ്പിച്ചേക്കണത്, ശുദ്രസ്ത്രീക്കു ചേര്‍ന്നതാണോ? പുരുഷന്‍ നായരോടു തിരിഞ്ഞു - എടാ നാണം കെട്ടവനെ, നിയിങ്ങോട്ട് ഇറങ്ങിപ്പോരടാ നിനക്കു നല്ലകിളിപോലത്ത പെങ്കൊച്ചിനെ കെട്ടിച്ചു തരാം. ഒരമ്മാവന്‍ സൗമ്യമായി ചോദിച്ചു.
എന്താടാ നിനക്കു സംഭവിച്ചത്, നിയാ കുട്ടിയെയും പെണ്ണിനേയും സ്വീകരിക്കുവാനെന്താ കാര്യം.
പുരുഷന്‍ നായര്‍ - അമ്മാവാ, അതെന്റെ കുഞ്ഞാണ്. ഇപ്പോഴാണവരെ സ്വീകരിക്കുവാനവസരമുണ്ടായത്.
മറ്റൊന്നും എന്നോടു ചോദിക്കേണ്ട. നിങ്ങള്‍ക്കെന്നോടല്‍പ്പം കരുണയുണ്ടെങ്കില്‍, നിങ്ങളെല്ലാവരും പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍എന്റെ ജീവിതമാണ് പാഴാകുവാന്‍ പോകുന്നത്. ഇതിന്റെ പിന്നിലുള്ള കാര്യങ്ങളൊന്നും ആരും അറിയുകയും വേണ്ട. സ്ത്രികളെയും പറഞ്ഞു മനസ്സിലാക്കി വഴക്കൊന്നും പറയാതെ, വല്ലവരുടെയും മുറ്റത്ത് വന്നു നിന്നു അസഭ്യം പുലമ്പാതെ തിരിച്ചു പോകണം.
അമ്മാവനെ ഞാനതിനു, ഉത്തരവാദിത്വപ്പെടുത്തുന്നു.
അവന്റെ അഭ്യര്‍ത്ഥന മാനിച്ച് സ്ത്രികളെയും വിളിച്ചു കൊണ്ടയാള്‍ പോയി. സത്യാവസ്ഥയെന്തന്നറിയാതിരുന്ന രക്ഷകര്‍ത്താക്കളും സഹോദരിമാരും മറ്റും അമ്മാവന്റെ നിര്‍ദ്ദേശം മാനിച്ച് പുരുഷന്‍നായരെ നോക്കി മുറുമുറുത്തു കൊണ്ട് നടന്നു നീങ്ങി.
ദിവാന്‍ പേഷ്‌ക്കാരുടെ പ്രത്യാക ഉത്തരവു പ്രകാരം വേറൊരു താലൂക്ക് അധികാരി വന്നു ഓഫീസിന്റെ അധികാരം ഏറ്റെടുത്തു. അതിന്‍പ്രകാരം നാട്ടിലുള്ള പ്രമുഖ ജന്മിമാരെയൊക്കെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്തു. ഓരോരുത്തരും അവരുടേതായ അഭിപ്രായം പ്രകടിപ്പിച്ചു.
അതായത് ദിവാനവര്‍കളുടെ പ്രത്യാക ഉത്തരവു പ്രകാരം ചില പുലയര്‍ക്കും, പറയന്മാര്‍ക്കും, വേട്ടുവര്‍ക്കും ഭൂമിയളന്നു നല്‍കുവാന്‍ പോകുന്നെന്നു കേട്ടു അക്കാര്യം അധികാരി നടപ്പിലാക്കാതിരിക്കുന്നതാണ് നല്ലത്. ദൈവകോപമുണ്ടാകും. ഒട്ടുമിക്കഭൂമിയിലും ഭഗവതിയെ കുടിയിരുത്തിയ കാവും, വെച്ചു സേവയും ഒക്കെയുണ്ട്. ഭഗവതി കോപിച്ചിട്ടാണ് പഴയ അധികാരി നമ്മെ വിട്ടു പിരിഞ്ഞു പോകേണ്ടി വന്നിരിക്കുന്നത്.
പാറോത്തിക്കാരനാണെങ്കില്‍ സര്‍പ്പ കോപത്താല്‍ കൈകാലുകള്‍ തളര്‍ന്നു എഴുന്നേല്‍ക്കുവാന്‍ പോലും വയ്യാതെ കിടന്ന കിടപ്പിലാണ്.
നമ്മുടെ പൂര്‍വ്വികരായ പിതാക്കന്മാര്‍ ബലി കര്‍മ്മങ്ങളും സര്‍പ്പ പൂജയും നടത്തി. പിതൃക്കളെ ആരാധിച്ചു പോന്നിരുന്ന, ഐശ്വര്യ സമ്പൂര്‍ണ്ണമായ ഭൂമി കണ്ണില്‍കണ്ട ഏഭ്യന്‍മാര്‍ വന്നു കൈയടക്കിയാല്‍ മണ്ണു നശിക്കും ഇല്ലങ്ങള്‍ മുടിയും, കരം കൊടുക്കുവാന്‍ പോലും വയ്യാതെ നാടു നശിക്കും.
അധികാരി - അതിനവര്‍ക്ക് കൊടുക്കുവാന്‍ പോകുന്നത്, ശ്രീ പത്മനാഭന്റെ ഭൂമിയാണ്. അവര്‍ക്കു കൂടി അവകാശപ്പെട്ടതല്ലേ ഈ ഭൂവിഭാഗങ്ങള്‍. പതിത വര്‍ഗ്ഗക്കാര്‍ക്കു ഭൂമി നല്‍കിയാല്‍ യാഥാസ്ഥിതികത്വം മുറുകെപ്പിടിക്കുന്ന നിങ്ങള്‍ വിറളി പിടിക്കുന്നതെന്തിനാണ്.
പണിക്കാര്‍ക്കു ഭൂമിയുണ്ടായാല്‍, ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിക്കുകയേയുള്ളൂ. കാരണം അവര്‍ അദ്ധ്വാനികളാണ്. സ്വന്തമായി ഭൂമിലഭിച്ചാല്‍ അവര്‍ ആത്മാര്‍ത്ഥമായി പണിയെടുത്തു. നെല്ലും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കാര്യക്ഷമമായി ഉല്‍പ്പാദിപ്പിക്കും അപ്പോള്‍ സര്‍ക്കാരിനു വരുമാനം വര്‍ദ്ധിക്കും. നാട്ടില്‍ സുഭിക്ഷതയുണ്ടാകും. അവര്‍ ഉടുത്തൊരുങ്ങി നന്നായി നടക്കും. കുടിലുകളുടെ സ്ഥാനത്തു നല്ല വീടുണ്ടാകും നായന്മാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും, കച്ചവട സ്ഥാപനങ്ങളുണ്ടാകും, നാട്ടില്‍ പുരോഗതിയുടെ പുതുപൂക്കള്‍ വിരിയും ജനങ്ങള്‍ ചെളിയും മണ്ണും പുരണ്ട പ്രാകൃത രീതിയില്‍, നിരത്തുകളിലൂടെ നടക്കാതെ നല്ല ഉടുപ്പണിഞ്ഞു സഞ്ചരിക്കുവാനുള്ള വ്യഗ്രത കാണിക്കും.
പാവങ്ങളെ ഉദ്ധരിക്കുമ്പോഴാണ് നാട്ടില്‍ പുരോഗതിയുടെ പുതുനാമ്പുകള്‍ മുളച്ചു പൊന്തുകയുള്ളൂ.
അല്ലാതെ ഉയര്‍ന്നവര്‍ മാത്രം ഉന്നതിയുടെ പടവുകള്‍ ചവിട്ടിക്കയറി, ആടയാഭരണങ്ങള്‍ ധരിച്ചു നടന്നാല്‍, പുരോഗതിയായെന്നു കൊട്ടിഘോഷിക്കുവാന്‍ സാധിക്കുമോ?
അടിമകളെ വീണ്ടും അടിച്ചമര്‍ത്തി ജന്മിത്വം തുടര്‍ന്നു കൊണ്ടു പോകുമ്പോള്‍, പുരോഗതി മന്ദീഭവിച്ചു പോകും. പതിതവര്‍ഗ്ഗക്കാരുടെ ഉദ്ധാരണമാണ് സര്‍ക്കാരിന്റെ പുരോഗതിയുടെ ലക്ഷ്യം. അല്ലാതെ ജന്മി മുതലാളിമാരുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിച്ചു കൊണ്ടു പോകുന്നത്. സര്‍ക്കാരിന്റെ നയപരിപാടികളല്ല.
ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരനാണ് മഹാരാജാവു തിരുമനസ്സു കൊണ്ട് ഇതിനു മുമ്പ് നിരവധി ഉത്തരവുകള്‍ ഇറക്കിയിട്ടുള്ളതു നിങ്ങള്‍ക്കറിവുള്ളതാണല്ലോ. പുലയര്‍ക്കും പറയര്‍ക്കും വഴി നടക്കുവാന്‍ പാടില്ല. വീടുണ്ടാക്കുവാന്‍ നിര്‍വ്വാഹമില്ല. കൂലി കൂടുതല്‍ ചോദിക്കുവാനവകാശമില്ല. മാറുമറയ്ക്കുവാനര്‍ഹതയില്ല. അവരുടെ ഭരണാധികാരിയെന്നു പറയുന്നത്. അവരുടെ മുതലാളിമാരാണെന്നവര്‍ കണക്കാക്കി പോന്നിരിക്കുന്നത്. മുതലാളി നിര്‍ദ്ദേശിക്കുന്നതാണവരുടെ ഉത്തരവുകള്‍. അവര്‍ക്കു ശബ്ദിക്കുവാനവകാശമില്ല. അവര്‍ മൂകജീവികളായിരിക്കണം എന്നതാണ് മുതലാളിമാരുടെ താല്‍പ്പര്യം.
അതില്‍ ഭംഗം വന്നാല്‍ അവരെ കൊന്നു കൊല വിളിച്ച എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
ഭൂമിയളന്നു വിതരണം ചെയ്യുവാന്‍ പാറോത്തിക്കാരന് വേണ്ട നിര്‍ദ്ദേശം ഞാന്‍ കൊടുത്തു കഴിഞ്ഞു ചട്ടമ്പികളെ വെച്ചു കുഴപ്പങ്ങളുണ്ടാക്കുവാന്‍ മുതിര്‍ന്നാല്‍ ചട്ടമ്പികളെയും അവരുടെ മുതലാളിമാരേയും പിടിച്ചുഇരുമ്പഴിക്കുള്ളിലാക്കും. അതെന്നെക്കൊണ്ടു ചെയ്യിക്കാരുത്. പറഞ്ഞേക്കാം.
പുലയര്‍ക്കു ഭൂമിയളന്നു നല്‍കുന്നതില്‍ നിങ്ങളെന്തു കൊണ്ടാണമര്‍ഷം കൊള്ളുന്നതെന്നെനിക്കനുമാനിക്കുവാനാകും. കാരണം ജാതീയമായ ഉച്ചനീചത്വത്തിന് കാതലായ വ്യതിയാനമുണ്ടാകും അവര്‍ നിങ്ങളെ അനുസരിക്കാതെയാകും. കൂടാതെ അന്യായമായി, നിങ്ങളോരോരുത്തരും കയ്യടക്കി വെച്ചിരിക്കുന്ന ഭൂവിഭാഗങ്ങള്‍ നിങ്ങള്‍ക്കു നഷ്ടപ്പെടും, സര്‍ക്കാരിലേയ്ക്കു കണ്ടു കെട്ടും പിന്നീടതു പാവങ്ങള്‍ക്കു വിതരണം ചെയ്യും. അതുകൊണ്ടാണു നിങ്ങള്‍ നിസ്സഹകരിക്കുന്നത്, എതിര്‍ക്കുന്നത്. ആ വസ്തുത എനിക്കു നന്നായറിയാം.
ഞാനും ഒരു ക്ഷത്രിയനാണ്. അദ്ദേഹം ഉറച്ച സ്വരത്തില്‍ ഉത്‌ഘോഷിച്ചു. നീതിനിര്‍വ്വഹണത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവനാണ്. ന്യായവ്യവസ്ഥ കടുകിട വിടാതെ പാലിക്കണം എന്നു ദൃഡനിശ്ചയമുള്ളതു കൊണ്ടാണ് ദിവാന്‍പേഷ്‌ക്കാര്‍ എന്നെത്തന്നെ ഇവിടേയ്ക്കു നിയോഗിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാനിപ്പോഴും സ്മരിക്കുന്നു.
മിസ്റ്റര്‍ - കണ്ടന്‍ നാഗമ്പിള്ളേ.
താമസംവിനാ അന്നേത്തുപുരത്തേയ്ക്കു ഗമിച്ച്, അധികാരമേറ്റെടുത്ത് വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിച്ച് നീതി നടപ്പാക്കുക എന്ന ഉത്തരവാണദ്ദേഹം നല്‍കിയിരിക്കുന്നത് എന്നിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന്നു കോട്ടം തട്ടുവാന്‍ ഞാനാളല്ല.
ഇടതടവില്ലാതെ ശരമാരി കണക്ക് ഏവരുടേയും ഹൃദയത്തിലാഴ്ന്നിറങ്ങുന്ന വടിവൊത്ത ഭാഷയില്‍ അനര്‍ഗ്ഗളം ഉതിര്‍ത്തു തീര്‍ത്ത താലൂക്കധികാരി, കണ്ടന്‍ നാഗമ്പിള്ളയുടെ ഘനഗംഭീരമായ വചസ്സുകള്‍ ശ്രവിച്ച ജന്മികള്‍ സ്തബ്ദരായിരുന്നു പോയി.
ഏതു റവന്യൂ അധികാരി വന്നാലും അയാളെ ഭഗവതി, കുരുതി, സര്‍പ്പദോഷം എന്നൊക്കെ ഓതിക്കൊടുത്തു ഭയപ്പെടുത്തി, പാട്ടിലാക്കിയിരുന്ന ഉന്നതര്‍ ഇപ്പോള്‍ മറുത്തൊന്നു മുരിയാടുവാന്‍ വയ്യാതെ നിശ്ചിതരായി. അറിവിന്‍േറയും, ഗാംഭീര്യത്തിന്‍േറയും മുന്‍പില്‍ അടിയറവു പറഞ്ഞിരുന്നു പോയി.
മറുത്തൊന്നുരിയാടുവാനാവാതെ ഓരോരുത്തരായി ഇറങ്ങി നടപ്പു തുടങ്ങി.
പോകുംവഴിക്കവരവരുടെതായ അഭിപ്രായങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞു.
എന്താടോ പ്രശ്‌നമല്‍പ്പം ഗുരുതരമാണല്ലോ സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ടി വരുമോ?
ശക്തി കൊണ്ടല്ല യുക്തി കൊണ്ടാണീ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത്.
അധികം താമസിയാതെ തേര്‍ത്തല കണ്ണന്‍ മേനോന്‍ പാറോത്തിക്കാരനായി വന്നു ചേര്‍ന്നു. ഗുരുതരമായ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നു കേട്ടറിഞ്ഞു കൊണ്ടാണ് മേനോന്‍ വില്ലേജധികാരിയായെത്തിയത്. പൊതുവെ ഭക്തിയും, തേവാരവും, ഐത്തവും, ജാതി സ്പര്‍ദ്ധയുമൊക്കെയുള്ളയാളാണ് മേനോന്‍. ആളുകള്‍ പറഞ്ഞു പരത്തിയ പോലെ ഭഗവതിയുടെ കോപം കൊണ്ടും, സര്‍പ്പദോഷം കൊണ്ടുമാണ് ശങ്കുണ്ണി നായര്‍ കൈകാലുകള്‍ തളര്‍ന്നവശനായി കിടക്കുന്നെന്നയാള്‍ അറിഞ്ഞിരിക്കുന്നു.
ഉയര്‍ന്ന ജാതിക്കാരുടെ ഭൂമികളിലുള്‍പ്പെട്ട കാവു തീണ്ടിയതു കൊണ്ടാണ് പാറോത്തിക്കാരന്‍ വീണിരിക്കുന്നത്. മേനോന്റെയുള്ളില്‍ ഭയവിഹ്വലത പടര്‍ന്നു കയറി.
എന്താണീ നാട്ടില്‍ പടര്‍ന്നു കയറിയിരിക്കുന്ന മൂലികമായ പ്രശ്‌നം. ആകാംഷയും, ഭയാശങ്കകളും അദ്ദേഹത്തിന്റെ ഹൃദയത്തെ വേട്ടയാടി. സംശയ നിവാരണത്തിന്നായി, പലരിലും പരതി നോക്കി. കാര്യാലയത്തിലുള്ള ഗുമസ്ഥന്മാരും ശിപായിമാരുമൊക്കെ മനസ്സിന്റെ വിഭ്രാന്തിക്കു പരിഹാരം നിര്‍ദ്ദേശിക്കുന്നതിനു പകരം എരിയുന്ന തീയില്‍ എണ്ണയൊഴിക്കുവാനാണ് മുതിര്‍ന്നത്. നമ്പൂതിരിമാരുടെ കാവുകളില്‍ കൂടി അനുവാദമില്ലാതെ ശങ്കുണ്ണിനായര്‍ അളവിനു ചെന്നു. അവരുടെ വസ്തുവകകളെപ്പറ്റി മനസ്സിലാക്കുന്നതിനു പകരം വേറെ ചില നിഗൂഡതകള്‍ ചികഞ്ഞെടുക്കുവാനാണ് പാറോത്തിക്കാരന്‍ മുതിര്‍ന്നതെന്നാണ് ജന്മിമാര്‍ പറഞ്ഞു പരത്തിയത്. അതുകൊണ്ടാണ് ദേവിയുടെ കോപവും, സര്‍പ്പദോഷവും പിടിപെട്ടു കിടപ്പിലായിരിക്കുന്നത്.
ഈ നിരര്‍ത്ഥകമായ ആരോപണങ്ങള്‍ ഉന്നതരുടെ സൃഷ്ടികള്‍, പിണിയാള്‍ക്കാരും, അടിമവര്‍ഗ്ഗങ്ങളും നാട്ടില്‍ പാട്ടാക്കി. കാരണം മുതലാളിമാര്‍ക്കെതിരെയുള്ള ചിന്താഗതികള്‍ ഞങ്ങളുടേതും കൂടിയാണെന്നവര്‍ കരുതി പോന്നിരുന്നു.
മുതലാളിത്വത്തിന്റെ കെട്ടുറപ്പിന് അത്രയ്‌ക്കേറെ ആഴവും വ്യാപ്തിയുമുണ്ടായിരുന്നു.
അവരുടെ രക്ഷകനും, ശിക്ഷകനും എല്ലാം ജന്മി മുതലാളിമാരായിരുന്നു. ചെറിയ തെറ്റുകള്‍ക്കു പോലും പുലയന്റെ ഒരംഗത്തെ തല്ലിക്കൊന്നു ചെളിയില്‍ ചവിട്ടി പൂഴ്ത്തിയാല്‍, അവന്‍ തെറ്റു ചെയ്തിട്ടാണ് അങ്ങിനെ ചെയ്തതെന്ന്, മുതലാളി വെറും ലാഘവത്തോടെ സമര്‍ത്ഥിച്ചാല്‍ സംശയലേശമന്ന്യേ അവരതു വിശ്വസിച്ച് മുതലാളിയുടെ പക്ഷം ചേര്‍ന്ന് അവരുടെ നന്മയ്ക്കു വേണ്ടി വീണ്ടും സേവ ചെയ്തിരുന്നു.
വാസ്തവം പറഞ്ഞാല്‍ ഇവയൊക്കെ ആത്മാര്‍ത്ഥതയോടെയല്ലായിരുന്നു. പ്രത്യുത എതിര്‍ക്കുവാന്‍ കഴിവില്ലാഞ്ഞിട്ടാണ്. ചൂഷകരുടെ കാപട്യം മന:സ്സിലാക്കുവാനുള്ള ചിന്താശേഷിയില്ലാത്തത് വേറൊരുവശം അല്ലെങ്കില്‍ അവനെ ചിന്തിക്കുവാനനുവദിക്കാത്ത സാമൂഹിക അന്തരീക്ഷമാണ് സംജാതമാക്കിയിരിക്കുന്നത്. അതാണതിന്റെ പ്രാധാന്ന്യത.
അതുകൊണ്ടാണ് തമ്പുരാക്കന്മാര്‍ക്ക് വരുവാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ പണിയാളരായ പതിതരുടേതും കൂടിയാണെന്ന വ്യാജ പ്രചാരണം നടത്തി പാവങ്ങളെ ഇളക്കി വിടുന്നത്. അതിലൂടെ ജന്മികള്‍ മുതലെടുപ്പു നടത്തി ചൂഷണം ചെയ്തിരുന്നത്.
ഏതായാലും പുതിയ പാറോത്തിക്കാരന്‍ തേര്‍ത്തല കണ്ണന്‍ മേനോന്‍ സംശയ നിവാരണാര്‍ത്ഥം ശയ്യാവലംബിയായ പാറോത്തിക്കാരന്‍ ശങ്കുണ്ണി നായരെ സന്ദര്‍ശിച്ചു. വിവരങ്ങള്‍ നേരിട്ടാരാഞ്ഞു മനസ്സിലാക്കി.
അതായത് എനിക്കു സര്‍പ്പദോഷം കൊണ്ടോ ദേവീ കോപം കൊണ്ടോ ഒന്നുമല്ല അസുഖം ബാധിച്ചിരിക്കുന്നത്. എന്റെ ശാരീരികാസ്വാസ്ത്യം മൂലമാണ്. പുലയര്‍ക്കും, പറയര്‍ക്കും, വേട്ടുവര്‍ക്കും ഭൂമി കൊടുക്കുന്നതിന്റെ മുന്നോടിയായി അവരുടെ ജീവിതം, വാസസ്ഥലത്തിന്റെ വിവരങ്ങള്‍, താമസിക്കുവാന്‍ വീടുണ്ടോ, സ്വന്തമായി ഭൂമിയുണ്ടോ എന്തൊക്കെ അന്വേഷിച്ചു കണ്ടുപിടിക്കുവാനാണ്, അവരുടെയൊക്കെ പരിസരങ്ങളില്‍ നടന്നു പ്രഥമ വിവര സര്‍വ്വേ നടത്തുവാന്‍ പോയത്. അവിശ്രമം വെയിലും മഴയും വക വയ്ക്കാതെ ആരോഗ്യ് പോലും കണക്കിലെടുക്കാതെ നടന്നു ജോലി ചെയ്തതു കൊണ്ടാണീ അസുഖം വന്നിരിക്കുന്നത്. അല്ലാതെ മുതലാളിമാരുടെ കാവുകളിലോ, കൃഷിയിടങ്ങളിലോ ഞാന്‍ തീണ്ടാപ്പാടാകലെ പോലും പ്രവേശിക്കുയുണ്ടായിട്ടില്ല.
ജന്മിമാരുടെ ഭൂമി നഷ്ടപ്പെടുമോ എന്ന ഭയാശങ്കയും, പതിതര്‍ക്കു ഭൂമി ലഭിക്കുന്നതിലുള്ള അസൂയയും കൊണ്ടാണീ ആരോപണമുയര്‍ന്നിരിക്കുന്നത്. 
എന്നെ മേനോനെ - നമ്മളൊക്കെ ശ്രീപത്മനാഭന്റെ ദാസന്മാരാണ്, നാം ആത്മാര്‍ത്ഥമായി ജോലി ചെയ്യുക അതാകട്ടെ നമ്മുടെ കര്‍ത്തവ്യം. ഞാനും ഇവര്‍ക്കു ഭൂമി നല്‍കുന്നതില്‍ എതിര്‍പ്പുള്ളവനായിരുന്നു. പക്ഷേ അവര്‍ ദിവാന്‍ പേഷ്‌ക്കാരുടെ ഉത്തരവും കൊണ്ടു വന്നാല്‍ അതു നടപ്പാക്കിയില്ലെങ്കില്‍ നമുക്കെതിരെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലെ അപാകതയ്ക്കു നമ്മളെ സര്‍ക്കാര്‍ ശിക്ഷിക്കും. മുതലാളിമാര്‍ക്കെതിരെ നീങ്ങിയാല്‍ ജീവനും നഷ്ടപ്പെടും.
ഇലയ്ക്കും, മുള്ളിനും കേടു കൂടാതെ കാര്യഗൗരവ്വത്തോടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുക.
അതുകൊണ്ട് ആത്മാര്‍ത്ഥമായി, അര്‍പ്പണബോധത്തോടെ തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലേര്‍പ്പെടുക. ജാതിക്കാരെ മാത്രം പിന്‍താങ്ങിക്കൊണ്ടു നടക്കുന്നത് നമ്മളെപ്പോലെയുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഭൂഷണമല്ല. താമസംവിനാ താലൂക്കധികാരിയെപ്പോയി നേരില്‍ കാണുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജോലി തുടരുന്നതാണ് ഉത്തമം. അദ്ദേഹം വലിയ പഠിപ്പുള്ളവനും ഉന്നതകുലജാതനുമാണെന്നാണറിവ്. ആരുടെയും ശുപാര്‍ശയോ, സ്വാധീനമോ ഒന്നും അദ്ദേഹം പരിഗണനയ്‌ക്കെടുക്കുകയില്ല.
ശങ്കുണ്ണിനായരുടെ പ്രചോദനാത്മകമായ വാക്കുകള്‍, കണ്ണന്‍ മേനോന് പ്രതിബന്ധങ്ങളെ തരണം ചെയ്തു ജോലിയില്‍ വ്യാപൃതനാകുവാനുള്ള ഉള്‍ക്കരുത്തേകി. അവിടെ നിന്നും സംഭാരവും കുടിച്ച് മുറുക്കാനും ചവച്ച് യാത്ര പറഞ്ഞിറങ്ങി.
പുതിയ റവന്യൂ അധികാരി വന്നു, അധികാരമേറ്റെടുത്ത വിവരമറിഞ്ഞ ശരദദാസും കൂട്ടരും, അദ്ദേഹത്തെ ചെന്നു കാണുവാനുള്ള തയ്യാറെടുപ്പു നടത്തി.
പപ്പു മാനേജര്‍ പ്രതീക്ഷ നിര്‍ഭരമായി, ആരാഞ്ഞു, ശരദദാസ്സേ അദ്ദേഹം വന്നധികാരമേറ്റെടുത്തിട്ടധികം നാളായോ.
ഇല്ല മാഷേ, ഏകദേശം രണ്ടോ മൂന്നോ ആഴ്ചകളേ ആയിട്ടുള്ളൂ ശരദദാസ്സ് മൊഴിഞ്ഞു. 
പപ്പുമാനേജര്‍ - പേരെന്താണ്.ശരദദാസ്സ് - കണ്ടന്‍ നാഗമ്പിള്ളയെന്നാണ്. 
പപ്പുമാനേജര്‍ - ആളെങ്ങിനെ, കുഴപ്പക്കാരനാണോ?
ശരദദാസ്സ് - കേട്ടിടത്തോളം, നല്ലവനാണെന്നാണറിവ്. അതായത് പതിതവര്‍ഗ്ഗങ്ങളോടനുകമ്പയുള്ളവനും, പഠിച്ചവനും, നിയമം പാലിക്കുന്നവനും കൂടിയാണ്. ഉന്നതകുലനെങ്കിലും ചൂഷണവര്‍ഗ്ഗക്കാരോടു എതിര്‍പ്പുള്ളവനുമായ അദ്ദേഹത്തെ ദിവാന്‍ പേഷ്‌ക്കാര്‍ നേരിട്ടു നിയമിച്ചയച്ചതാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
പപ്പുമാനേജര്‍ - ചിത്തരാജേ ഇന്നു തന്നെ അദ്ദേഹത്തെപോയൊന്നു കണ്ടാലോ? എന്താ തെയ്യാറല്ലേ.
ഇടയ്ക്ക് ഇട്യാദിമൂപ്പന്‍ - വരട്ടെ ഏനൊന്ന് ആലോശിക്കട്ടെ. കണ്ണടച്ച് ചുണ്ടനക്കി ചില ശ്ലോകങ്ങളുരുവിട്ടു കൊണ്ടു പറഞ്ഞു.
മാശേ - ഇന്ന് ദെവദം ചെര്യാല്ല, ഉന്നതര കാണാനും, കെയക്കോട്ടെള്ള ചാത്തരേം തൊകോല്ല. നാളകയിഞ്ചി മച്ചാനപ്പോയി കാണാ, അതാണതിന്റെ ചെരി.
പപ്പുമാനേജര്‍ - മൂപ്പന്‍ നിര്‍ദ്ദേശിച്ച പോലെ തന്നെ നമ്മള്‍ക്കു മറ്റന്നാള്‍ പോകാം. എന്താ ശരദദാസ്സ് എന്നാലങ്ങിനെയാകട്ടെ.
ഓഫീസ് ഫയലുകളൊക്കെ പരതി നോക്കിക്കൊണ്ടിരിക്കുകയായിരുന്ന അധികാരി സര്‍വ്വെ നമ്പര്‍, സ്ഥല നാമങ്ങള്‍, കര, മുതലാളിമാരുടെ സ്ഥലങ്ങള്‍, പുറമ്പോക്കു ഭൂമികള്‍, സര്‍വ്വേക്കല്ലിലെ മൂലകള്‍ ഇത്രയേക്കര്‍ വിസ്തീര്‍ണ്ണം, അര്‍ഹതപ്പെട്ട ഭൂമികള്‍ പരിശോധിച്ചു കൊണ്ടിരിക്കുമ്പോള്‍ പാറോത്തിക്കാരന്‍ തേര്‍ത്തല കണ്ണന്‍ മേനോന്‍ കയറി വന്നു.
അധികാരിയുടെ മുറിയിലേയ്ക്കു കടന്നയുടനെ വാരിത്തൊഴുതു. ഉപചാരപരമായി ഒതുങ്ങി നിന്നു. അധികാരി എതിര്‍വശം കിടന്നിരുന്ന കസേര കാണിച്ചിട്ട് ഇരിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അയാള്‍ ഇരിക്കുവാന്‍ വിമുഖത കാണിച്ചു. ഞാനിവിടെ നിന്നോളാം നിര്‍ബന്ധിച്ചപ്പോള്‍ പാര്‍ശ്വഭാഗത്തു കിടന്നിരുന്ന ബഞ്ചില്‍ - ഞാനിതില്‍ ഇരുന്നോളാം എന്നു പറഞ്ഞിരുന്നു.
അധികാരി - എന്താ ഇങ്ങോട്ടൊക്കെ വരുവാന്‍ ......
കണ്ണന്‍മേനോന്‍ - അട്യാന്‍... തമ്പുരാനെ ഒന്നു കാണുവാനും, ചില കാര്യങ്ങള്‍ ഉണര്‍ത്തിക്കുവാനുമാണ് വന്നത്.
അധികാരി - എന്നിട്ടെത്രത്തോളമായി സര്‍വ്വേ നടത്തലും ഭൂമിയളക്കലും മറ്റും.
കണ്ണന്‍മേനോന്‍ - ഒന്നുമായില്ല തമ്പുരാനേ - അതിനിടയ്ക്കു ശങ്കുണ്ണി നായര്‍ സുഖമില്ലാതായല്ലോ. ദൈവകോപം കൊണ്ടാണെന്നും, സര്‍പ്പദോഷം മൂലമാണെന്നുമൊക്കെ പറഞ്ഞു കേള്‍ക്കുന്നു. അതുകൊണ്ട് ജന്മിമാരുടെ ഭൂമിയളക്കുവാന്‍ ചെന്നാല്‍ ഭഗവതിയുടെ കോപത്തിനു പാത്രമായി എനിക്കും വല്ല കുഴപ്പങ്ങളുണ്ടാകുമോ... തമ്പ്രേനേ...
അധികാരി - ഒരു കുഴപ്പമുണ്ടാക്കുകയില്ല. ആദ്യം തന്നെ പുറമ്പോക്കു ഭൂമിയളന്നു, ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള പേരുകാര്‍ക്കു നല്‍കുവാനുള്ള പ്രാരംഭനടപടികള്‍ ചെയ്യണം അതാണ് കരണീയമായിട്ടുള്ളത്. ഒരു സര്‍ക്കാര്‍ വേലക്കാരനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ അനാസ്ഥ കാണിക്കരുത്. ഉയര്‍ന്ന ജാതിയെന്നോ, സ്വസമുദായമെന്നോയുള്ള പരിഗണന ഗവണ്‍മെന്റു ജോലിക്കാരന്‍ മനസ്സില്‍ വയ്ക്കുവാന്‍ പാടില്ല. പലരും പലതും പറഞ്ഞു പരത്തും. അവയിലൊന്നും വശംവദനാകരുത്. ഉന്നതരുടെ പ്രധാനപ്പെട്ട ആയുധമാണ് സ്വാധീനിക്കല്‍ അവയ്ക്കും നാം കാതു കൊടുക്കരുത്. അത്തരം വാഗ്ദാനങ്ങളില്‍ പെട്ടു പോയാല്‍ പ്രശ്‌നങ്ങള്‍ നമ്മളിലേയ്ക്കു വലിച്ചിഴയ്ക്കലായിരിക്കും നാം ചെയ്യുക.
പ്രശ്‌നം വന്നു കഴിഞ്ഞിട്ടു അതില്‍ നിന്നും വിമുക്തമാകുവാന്‍ പരിശ്രമിക്കുന്നതിനു പകരം, പ്രശ്‌നമുണ്ടാകാതെ നോക്കുന്നതല്ലേ ഉത്തമം.
അതുകൊണ്ടു സര്‍ക്കാരിന്റെ ഉത്തരവുകള്‍ അണുവിടാതെ നടപ്പാക്കുന്നതാണ് യഥാര്‍ത്ഥ സര്‍ക്കാര്‍ ജോലിക്കാരന്റെ കര്‍ത്തവ്യം. അവ പ്രതിബദ്ധതയോടു കൂടി നിര്‍വ്വഹിക്കുക. ഇതാണെനിക്കു നിര്‍ദ്ദേശിക്കുവാനുള്ളത്.
ഉത്തരവു നല്‍കിയ റവന്യു അധികാരിയെ ഇരു കൈകളാല്‍ വാരിത്തൊഴുതു കണ്ണന്‍ മേനോന്‍ അവിടെ നിനന്നിറങ്ങി.
തിരുവാതിര നാളുകള്‍ ആമോദത്തോടെ നാടെങ്ങും കൊണ്ടാടി ഉന്നത ജാതിക്കാരുടെ വീടുകളിലും, തറവാട്ടിലും, മനകളിലും ആഘോഷമലതല്ലി. പുത്തനുടുപ്പുകളണിഞ്ഞു, ആബാലവൃദ്ധം ജനങ്ങള്‍ ഉന്മാദത്തിമര്‍പ്പില്‍ ആഘോഷിച്ചു. കുട്ടികളും, കൗമാരപ്രായക്കാരായ പെണ്‍കുട്ടികളും യുവതികളും വീടുകളുടെ തിരുമുറ്റത്ത് തിരുവാതിര കളികളില്‍ പങ്കു കൊണ്ടു പ്രായമായവരും മറ്റും പലതരം കളികളിലേര്‍പ്പെട്ടു. ചില നായര്‍ തറവാട്ടില്‍ ഭക്ഷണത്തിനു പുറമേ മദ്യസല്‍ക്കാരവും തകൃതിയായി നടത്തി. ഉത്സാഹത്തിമര്‍പ്പില്‍ തിരുവാതിര കൊണ്ടാടി.
പിന്നോക്കക്കാരുടേയും, പതിത വര്‍ഗ്ഗക്കാരുടെയും തിരുവാതിരയാഘോഷം എന്നു പറയുന്നത് ഉന്നതജാതിക്കാരുടെ അനുകമ്പയെ ആശ്രയിച്ചു കൊണ്ടാണ് - അര വയറെങ്കിലും നിറച്ചു സന്തോഷിച്ചിരുന്നത്.
തിരുവാതിരദിവസങ്ങളുടെ പരിസമാപ്തിക്കൊടുവില്‍ സാവിത്രിക്കുട്ടിയുടെ ഇംഗിതപ്രകാരം നീലകണ്ഠന്‍ നമ്പൂതിരിയും, അന്തര്‍ജനം സേതുലക്ഷ്മിയും മക്കളും കൂട്ടുകാരികളുമൊത്ത് ''വളവര വഞ്ചി''യിലേറി മുല്ലത്തറയില്ലത്തു നിന്നും പുറപ്പെട്ട് ഇല്ലിക്കാട് ദേശം പിന്നിട്ടു യാത്രയായി. സേതുലക്ഷ്മി അന്തര്‍ജ്ജനത്തിന്റെ സ്വദേശം അന്നേത്തുപുരത്ത് പള്ളിക്കാടാണ്. കാട്ടാത്തില്ലത്തെ വിഷ്ണു നമ്പൂതിരിയാണ് സേതു ലക്ഷ്മിയുടെ പിതാവ്. സാവിത്രിക്കെപ്പോഴും അമ്മയുടെ ഇല്ലത്താണ് നില്‍ക്കുവാനിഷ്ടം. അവ കണക്കിലെടുത്താണ് മുന്‍പു വാഗ്ദാനം ചെയ്ത പ്രകാരം തിരുവാതിരയ്ക്കു ശേഷം സാവിത്രിയേയും കൂട്ടിക്കൊണ്ടു ഇവിടേയ്ക്കു പോന്നിരിക്കുന്നത്.
കാട്ടാത്തീല്ലത്തു വന്നു ചേരേണ്ട താമസം സാവിത്രിക്കുട്ടി ഓടി വന്നു മുത്തശ്ശിയെ കെട്ടിപ്പിടിച്ചു. മുത്തച്ഛന്റെ സമീപവുമെത്തി - മുത്തശ്ശീ എന്നു വിളിച്ചു പുണര്‍ന്നു കൈകള്‍ പിണച്ചു മുത്തമേകി. ആനന്ദാശ്രു പൊഴിച്ചു. മുത്തശ്ശി അവളുടെ മൂര്‍ദ്ധാവിലുമ്മ വെച്ചു പരിഭവമെന്ന്യേ - ന്റെ കുഞ്ഞങ്ങു വിഷമിച്ചു - പകുതിയായി പോയി - ക്ക് ന്താപറ്റീത് - അങ്ങുണങ്ങിപ്പോയല്ലോ ആഹാരമൊന്നും കഴിച്ചില്ലേ കുട്ട്യേയ്.
സേതുലക്ഷ്മി - ഇല്ലമ്മേ അവളവിടെ വന്നശേഷം മൂകയായിരുന്നു. ആരോടുമൊന്നും ഉരിയാടിയില്യ. എന്താണെന്നു ചോദിച്ചിട്ടൊന്നും പറഞ്ഞതുമില്ല. അവള്‍ക്കവിടെ സന്തോഷത്തിനൊരു കുറവുമുണ്ടായിരുന്നില്ല. ഇവള്‍ക്കു വേണ്ടീട്ട് എത്ര വിഭവങ്ങളാണുണ്ടാക്കീതെന്നറിയോ. ഇവളോടൊപ്പം കളിക്കുവാനും സല്ലപിക്കുവാനും കൂട്ടുകാരികളനവധിയായിരുന്നു. തിരുവാതിരക്കളികളാണെങ്കില്‍ പ്രതിദിനവും ഏര്‍പ്പാടു ചെയ്തിരുന്നു. എന്നിട്ടും ഇവള്‍ മൗനയായിത്തന്നെയാണ് കഴിഞ്ഞിരുന്നത്.
ഇവള്‍ക്കെപ്പോഴും ഇങ്ങോട്ടു പോരണമെന്നായിരുന്നു ശാഠ്യം. അതാണ് തിരുവാതിര കഴിഞ്ഞയുടനെ പുറപ്പെട്ടത്. ഇവിടെ എന്താണിത്ര അവളെ ആകര്‍ഷിച്ച കാര്യം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല്യാ.
മുത്തശ്ശി അതോ - അത് കുട്ടികളെ സ്‌നേഹിക്കുവാന്‍ പഠിക്കണം. അവര്‍ക്കല്‍പ്പം സ്വാതന്ത്ര്യമൊക്കെ കൊടുക്കണം. പഠിച്ച കുട്ട്യേല്ലേ. ഈ ഇല്ലത്തു നിന്നല്ലേ പഠിച്ചത്.
ശരി അതൊക്കെ പോട്ടെ. ന്റെ മോളൂ വന്നൂല്ലോ അതുമതി.
അവിടന്നു വന്ന കൂട്ടുകാരികളും ഇവിടുത്തെ സമപ്രായക്കാരുമൊത്ത് സാവിത്രിക്കുട്ടി കളിച്ചു ചിരിച്ചു നടന്നു. കാട്ടാത്തില്ലത്താഗതയായപ്പോള്‍ അവളുടെ സ്വതസിദ്ധമായ ആനന്ദം പതിന്മടങ്ങു വര്‍ദ്ധിക്കുവാനുള്ള കാരണം കണ്ടുപിടിക്കുവാന്‍ കൂട്ടുകാരികള്‍ വഴിയും വേലക്കാര്‍ വഴിയും, മുതിര്‍ന്നവരും പലവിഫല ശ്രമങ്ങളും നടത്തി നോക്കി പക്ഷെ ഒരു ലാഞ്ചനയും ലഭിക്കുകയുണ്ടായില്ല. അവളുടെ പെരുമാറ്റത്തില്‍ നിന്നോ, സംഭാഷത്തില്‍ നിന്നോ ഒരു രഹസ്യവും പരസ്യമായില്ല. മുത്തശ്ശനോ, മുത്തശ്ശിയോ കൊച്ചുമോളുടെ കൊഞ്ചലിനും, കളിചിരിക്കുമപ്പുറം യാതൊന്നും കടുത്താരായുവാനുള്ള മന:സ്ഥിതി കാണിച്ചില്ല.
സാവിത്രിക്കുട്ടിയെ കാട്ടാത്തില്ലത്തു നിര്‍ത്തി അമ്മയുമച്ഛനും മറ്റു മിത്രങ്ങളും വള്ളത്തിലേറി തിരിച്ചു പോയി.
തിരുവാതിര ഞാറ്റുവേലയും, കാറ്റും അപ്രത്യക്ഷമായി. മാസങ്ങളുടെ അലയൊലികള്‍ നിഗ്‌നോന്മകളായി ഉരുണ്ടു മറിഞ്ഞു. ശരദദാസ്സിനെ ഒരു നോക്കു ദര്‍ശിക്കുവാന്‍ കൊതിയോടെ സാവിത്രിക്കുട്ടി നിര്‍നിമേഷയായി പ്രതീക്ഷിച്ചിരുന്നു. പതിത വര്‍ഗ്ഗക്കാര്‍ക്കു പ്രവേശനമില്ലാത്ത നാലുകെട്ടും നടുമുറ്റവുമുള്ള കാട്ടാത്തില്ലം എന്ന വിഷ്ണു നമ്പൂതിരിയുടെ മണിമാളിക പ്രൗഡഗാംഭീര്യം നിറഞ്ഞതായിരുന്നു. അകത്തളത്തിലും, വേലിക്കെട്ടുകള്‍ക്കുള്ളിലും, തൊടിയിലുമൊക്കെ, അവിടുത്തെ വാല്യക്കാര്‍ക്കൊക്കെ മാത്രമേ പ്രവേശനാനുമതിയുണ്ടായിരുന്നുള്ളൂ. ഇത്രയും ഉന്നതമായ നമ്പൂതിരിയില്ലത്തു നിന്നും സാവിത്രീ തന്നത്താന്‍ വെളിയില്‍ വന്നെങ്കില്‍ മാത്രമേ ശരദദാസ്സിനെ ദര്‍ശിക്കുവാനാകുമായിരുന്നുള്ളൂ.
തിരുവാതിരയോടനുബന്ധിച്ചു, തന്റെ സ്വന്തം തറവാട്ടിലേയ്‌ക്കെന്നു പറഞ്ഞു പോയിരുന്ന സാവിത്രിക്കുട്ടിക്കു കുറഞ്ഞൊരു നാളായി, ശരദദാസ്സിനെ കാണുവാനോ, സമ്പര്‍ക്കം പുലര്‍ത്തുവാനോ കഴിയാതിരുന്നത്, ഇല്ലത്തെ കടുത്ത നിര്‍ദ്ദേശങ്ങളും, നിബന്ധങ്ങളുമായിരുന്നു. ഗൗരിക്കുട്ടിയുടെ പാഠശാലയില്‍ പ്രതിദിനം വന്നിരുന്നപ്പോഴും ശരദദാസ്സിനെ ദിവസം തോറും ദര്‍ശിക്കുവാന്‍ കഴിയാഞ്ഞത് അവളില്‍ വലിയ പരിഭവമായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. 
ദാസ്സിനെപ്പോഴും, തന്റെ സമുദായപ്രവര്‍ത്തനവും, ജോലിയിലുള്ള അര്‍പ്പണ ബോധവും കൊണ്ടാണെന്നു പറഞ്ഞാല്‍ മിക്കവരുമതു അംഗീകരിച്ചില്ലെന്നു വരാം. പക്ഷേ മുഖ്യമായും അനൗപചാരിക യോഗംകൂടലും ഭൂമി നേടുവാനുള്ള വ്യഗ്രതയും അയാളെ തിരക്കുള്ള മഹല്‍ വ്യക്തിയാക്കി മാറ്റി. അതിനിടയ്ക്കു സാവിത്രിക്കുട്ടി പ്രതീക്ഷാ നിര്‍ഭരമായി നടന്നാല്‍ പോലും ശരദദാസ്സിനെ കണ്ടു മുട്ടുവാന്‍ പ്രയാസമായി മാറി.
അന്നും സാവിത്രിക്കുട്ടി പാഠശാലയില്‍ വന്നു ഗൗരിക്കുട്ടിയേയും പപ്പുമാനേജരേയും സന്ദര്‍ശിച്ചു. അവളുടെ മാനസ്സികമായ വ്യഥ പലതുമവരെ ധരിപ്പിച്ചു.
പുലപ്പേടി നാളില്‍ വിവാഹിതരായി നാട്ടില്‍ കോളിളക്കം സൃഷ്ടിച്ചവരാണല്ലോ മൈലന്‍പിള്ളയും ഗൗരിക്കുട്ടിയും. അതുകൊണ്ടു സാവിത്രിക്കുട്ടി അവയ്ക്കു വേണ്ട സഹായ സഹകരണങ്ങള്‍ ഗൗരിക്കുട്ടിയോടഭ്യര്‍ത്ഥിച്ചു.
ഗൗരിക്കുട്ടി - ഞാനെന്റെ തറവാട്ടില്‍ രണ്ടു മൂന്നു പുലിവീരന്മാരായ സഹോദരങ്ങളുടെ ഒരേയൊരൊറ്റ ഉടപ്പിറന്നവളാണ് അല്ലെലെന്തെന്നറിയാതെ വളര്‍ന്നവളാണ്. മൈലന്‍പിള്ളയുടെ വിശാലമന:സ്‌ക്കത കൊണ്ടാണ്, ഞാനിന്നും സുഖമായി ജീവിക്കുന്നത്. ഇത്രയും ഭൂസ്വത്തുക്കള്‍ സ്വന്തമാക്കിയതും, കച്ചവട സ്ഥാപനങ്ങളുണ്ടായതും ഒക്കെ അശ്രാന്ത പരിശ്രമത്തിന്റെ നാന്ദിയാണ്. അതുകൊണ്ട് തമ്പുരാട്ടിക്കുട്ട്യായ്, സധൈര്യം ഉറച്ചു നിന്നോളു. ശരദദാസ്സിന്റെ സല്‍സ്വഭാവവും, സര്‍ക്കാര്‍ ജോലിയും സ്ഥിരവരുമാനവും, സമുദായത്തിലെ സമുന്നത സ്ഥാനവും എല്ലാം അയാളുടെ മാന്യതയെ വിളിച്ചറിയിക്കുന്നു. ഉന്നതമായ ഒരു ഹൃദയത്തിനുടമയായ ശരദദാസ്സ് സമുദായം മാനിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. നിങ്ങളുടെ അസാധാരണമായ പ്രണയം വിജയപ്രാപ്തിയിലെത്തിക്കുവാന്‍ അനിതര സാധാരണമായ ബാധ്യത എനിക്കുമുണ്ട്.
പുലപ്പോടി നാളുകള്‍ വരട്ടെ, അന്നേരം കുട്ടി ഇങ്ങോട്ടു പോന്നോളൂ. ഞങ്ങളെല്ലാവരും നിര്‍വ്യാജ്യമായ സഹകരണങ്ങള്‍ നല്‍കുന്നതില്‍ എപ്പോഴും വ്യാപൃതരായിരിക്കും.
അവിചാരിതമായി അന്നു ശരദദാസ്സിനെ കണ്ടു മുട്ടിയശേഷമാണ് സാവിത്രിക്കുട്ടി തിരിച്ചു പോയത്. ഭൂമി പ്രശ്‌നവും കൂലി പ്രശ്‌നവും പാവങ്ങളുടെ നിരവധി കാര്യങ്ങളിലിടപെട്ടും പിന്നെ അദ്ധ്യാപനത്തിനും കൂടി പോകേണ്ടി വന്നിരുന്ന തിരക്കുള്ള വ്യക്തിയായിരുന്നു.
പതിതനായി ജനിച്ചാല്‍ പ്രശ്‌നങ്ങളുടെ നടുക്കയത്തില്‍ കിടന്നു വീര്‍പ്പു മുട്ടുകയല്ലാതെ വേറൊരു പോം വഴിയുമുണ്ടായിരുന്നില്ല.
പ്രസ്തുത പ്രശ്‌നങ്ങളില്‍ ചിലതു ഉന്നത ജാതിക്കാരാല്‍ മന:പ്പൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതും മറ്റൊന്ന് തങ്ങളുടെ സമുദായക്കാര്‍ തന്നെ വിചിന്തിതരായി കുഴപ്പങ്ങളില്‍ ചെന്നു ചാടി അപകടം വരുത്തി കൂട്ടുന്നതുമായിരുന്നു. ഏതായാലും ഈ പ്രണയ രഹസ്യം സവര്‍ണ്ണരുടെയിടയില്‍ അനുമാനാത്മകമായി പോലും പരസ്യമാകാതിരുന്നതിന്റെ മുഖ്യ ഹേതു സാവിത്രിക്കുട്ടിയുടെ മന:സ്ഥൈര്യം കൊണ്ടും, ഹൃദയനൈര്‍മ്മല്യത കൊണ്ടുമാണെന്നുള്ള വസ്തുത നിസ്തര്‍ക്കം സമ്മതിക്കണം.
താത്രീക്കുട്ട്യായ്; ഞങ്ങളിവിടെ ഭൂമിക്കു വേണ്ടി അനവരതം പരിശ്രമിക്കുകയാണ്. ഈ അനന്ന്യ സാധാരണമായ സംഭവത്തില്‍ എന്തെല്ലാം ദുരൂഹതകളാണ് സംഭവിക്കുവാന്‍ പോകുന്നതെന്നാര്‍ക്കും നിഗമനിക്കുക വയ്യ. ഞങ്ങള്‍ക്കു ഭൂമി ലഭിക്കുന്നത് യാഥാസ്ഥിതികര്‍ക്കാര്‍ക്കും സഹിക്കാവുന്ന കാര്യമല്ല. പിന്നെ ദിവാന്‍ പേഷ്‌ക്കാരുടെ ഉത്തരവു മാത്രമാണ് ഞങ്ങള്‍ക്കൊരവലംബം.
പാറോത്തിക്കാരനും താലൂക്കധികാരിയും ഒക്കെ ഉന്നതജാതിക്കാരുടെ പിണിയാളുകളാണ്. എന്നാല്‍ അവയ്‌ക്കൊക്കെ ഘടക വിരുദ്ധമായ ഒരു വെല്ലുവിളിയായാണ് ഇപ്പോഴത്തെ അധികാരിയുടെ രംഗപ്രവേശനം. അദ്ദേഹത്തിന്റെ മനോഭാവമെന്തെന്നാല്‍ പുലയരോടല്‍പ്പം അനുകമ്പയുള്ള സമീപനമാണ് അനുവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ പാറോത്തിക്കാരനും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായാണ് പ്രവര്‍ത്തിക്കുന്നത്.
പക്ഷേ ഈ അനുകൂല സാഹചര്യത്തിന്റെ വെളിച്ചത്തില്‍ ഭൂമിയളന്നു നല്‍കുന്നതിനു മുമ്പ് ഈ അധികാരികളെ ഇവിടെ നിന്നും ആട്ടിപ്പായിക്കുമോ അതോദേഹോപദ്രവങ്ങളേല്‍പ്പിച്ച് കഷ്ടപ്പെടുത്തുമോ എന്നൊക്കെയുള്ള ജിജ്ഞാസയിലാണ് ഞങ്ങള്‍. 
അതിനിടയ്ക്കാണ് നിന്റെ പ്രേമവും കണ്ണീരുമൊക്കെ വിജയിക്കുവാന്‍ പോകുന്നത്. ശരദദാസ്സിന്റെ നിസ്സഹകരമായ അഭിപ്രായ പ്രകടനം.
സാവിത്രിക്കുട്ടി - പ്രേമോണോ...? അതേ എങ്കില്‍ പ്രേമം തന്നെ. ഇനി ഇക്ക് അടങ്ങിയിരിക്കുവാന്‍ വയ്യാതായിട്ടുണ്ട്. തിരുവാതിരയ്ക്കു സ്വന്തം മനയില്‍ ചെന്നപ്പോള്‍ ഇക്ക് - വേണ്ടി നിരവധി വിഭവങ്ങളുണ്ടാക്കി പട്ടുടുപ്പുകള്‍ നല്‍കി. എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം ഞാനായിരുന്നു. ദാസ്സിനുവേണ്ടി പുതിയ വസ്ത്രങ്ങള്‍ വാങ്ങാതെയുള്ള കോടിയണിയുവാന്‍ഇംഗിതമെനിക്കുണ്ടായില്ല. അച്ഛന്‍ അനുജിത്തമാര്‍, സഹോദരങ്ങള്‍ കൂടാതെ അവരുടെ പ്രേരണാര്‍ത്ഥം തോഴിമാരുമൊക്കെ വ്യംഗ്യമായാരാഞ്ഞു രഹസ്യം ചോര്‍ത്തുവാന്‍ എന്നില്‍ നിന്നൊന്നും ലഭിച്ചില്ല. എന്തോ കഴിച്ചു കഴിച്ചില്ലെന്നാക്കി കഴിഞ്ഞു കൂടി. ഇവിടെ കാട്ടാത്തില്ലത്തു വന്നപ്പോഴാണ് എനിക്കൊരാശ്വാസമായത്.
അവരൊക്കെ, മുത്തച്ഛന്‍േറയും മുത്തശ്ശിയുടേയും പരിലാളന ലഭിച്ചപ്പോളാണ് ഞാന്‍ ഉല്‍സാഹവതിയായതെന്നു കരുതി. വാസ്തവത്തില്‍ ദാസ്സുള്ള ഈ മണ്ണു സ്പര്‍ശിച്ചതു കൊണ്ടാണെന്നുള്ള സത്യാവസ്ഥ അവര്‍ക്കറിയുമോ. ഏതായാലും ചുരുക്കം ചില ആഴ്ചകള്‍ മാത്രമണവശേശഷിക്കുന്നത്. പ്രശ്‌നങ്ങളുടെ പരിസമാപ്തിക്കും, പുതുജീവിതത്തിന്റെ സമാരംഭത്തിനുമുള്ള പുഷ് മുഹൂര്‍ത്തത്തിന്നും.
ശരദദാസ്സ് - നിശ്ചിന്തനായി അവളുടെ ഭാവ മാറ്റം ശ്രദ്ധിച്ചു കൊണ്ടാരാഞ്ഞു.
എന്താ താത്രിക്കുട്ടി.
ഏയ് ഒന്നൂല്യാ പുലപ്പേടി നാളുകളടുത്തു വരികയല്ലേ. ഈ നാട്ടില്‍ വലിയൊരു കോളിളക്കം തന്നെ സൃഷ്ടിക്കപ്പെടും. ജാതിക്കോ മരക്കാരുടെ മുഖത്തു കറുത്ത ചായം കോരിയൊഴിക്കപ്പെടും. (അല്‍പ്പം ഉറക്കേ) ദാസ്സേ - ഞാനെല്ലാം ഗൗരിക്കുട്ടി ചേച്ചിയോടു തുറന്നു സംസാരിച്ചിട്ടുണ്ട് അവരുടെ സഹായ സഹകരണങ്ങള്‍ നിര്‍ലോഭമന്ന്യേ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ശരദദാസ്സ് - താത്രിക്കുട്ടീ - അന്നൊരു ചക്ക വീണു മുയലു ചത്തെന്നു വെച്ച് എപ്പോഴും ചക്ക വീഴണമെന്നുണ്ടോ? മുയലും ചാകണമെന്നുണ്ടോ? 
ഗൗരിക്കുട്ടി ചേച്ചിയുടെ ജീവിതംധന്യമായെന്നു വെച്ചു എല്ലാം അതുപോലെയാകണമെന്നുണ്ടോ, ചിലപ്പോള്‍ കൂട്ടത്തോടെ തകര്‍ക്കപ്പെടുകയാണെങ്കിലോ.
സാവിത്രിക്കുട്ടി - അതിനും എനിക്കു ഭയാശങ്കയില്ല. കാരണം മരിക്കുന്നെങ്കില്‍ കൂടിയും എന്റെ ദാസുമൊത്തായിരിക്കണമെന്നെനിക്കു നിര്‍ബന്ധം. നമ്മളെ പിരിക്കുവാനൊരു ശക്തിക്കും സാധ്യമല്ല. ഈശ്വനല്ലാതെ ആര്‍ക്കും വേര്‍പെടുത്തുവാന്‍ വയ്യാത്ത ദൃഡനിശ്ചയത്തോടടുത്തു കഴിയുന്നവരാണ് എനിക്കു നല്ല ശുഭാപ്തി വിശ്വാസമുണ്ട്.
ശരദദാസ്സ് - താത്രിക്കുട്ട്യായ് - തന്റെ കളികള് യാഥാസ്ഥിതികരായ രക്ഷകര്‍ത്താക്കളോടാണെന്നുള്ള വസ്തുത വിസ്മരിക്കണ്ട. ആളും, വാളും, പറമ്പും, പണവുമൊക്കെയുള്ള സ്വന്തക്കാര്‍. ചവിട്ടി മെതിക്കപ്പെടുവാന്‍ അശരണരായ വൃദ്ധന്മാര്‍ മുതല്‍ യുവാക്കളും കുട്ടികളും വരെയുള്ളവര്‍. അധികാര ഗര്‍വ്വോടെ പാഞ്ഞടുക്കുമ്പോള്‍ കീഴ്‌പ്പെടുവാന്‍ ഞങ്ങളുടെ സ്ത്രീകളും.
വിശപ്പടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രതികരിക്കുവാന്‍ കഴിവില്ലാതെ ഉന്നതരുടെ മുമ്പില്‍ കൈ നീട്ടുന്ന അവസരത്തില്‍ ചെറിയ നാണയത്തുട്ടുകളെങ്കിലും നല്‍കുന്നത് വികാരശമനം വരുത്തിയതിനു ശേഷമായിരിക്കും. ഇവയ്‌ക്കൊക്കെ കടിഞ്ഞാണിടുവാന്‍ കഴിവില്ലാത്ത താങ്കളാണോ ലോകം കീഴ്‌മേല്‍ മറിക്കുമെന്നു കിനാവു കാണുന്നത്.
വെറുതെ മണിയില്ലാത്ത വൈക്കോല്‍ കുടയേണ്ട.
ഞാന്‍ പോയി നല്ലൊരു സുന്ദരനായ നമ്പൂതിരി യുവാവിനെ പരിണയിച്ച് സുഖലോലുപിതയായി കഴിയുന്നതാണുത്തമം. അപ്പോള്‍ കൊട്ടാര സമാനമായ ഇല്ലത്ത് കൊച്ചമ്മത്തമ്പുരാട്ടിയായി വേലക്കാരായ നായരിച്ചികളെയൊക്കെ ശാസിച്ചും, അനുസരിപ്പിച്ചും കാലങ്ങളോളം മോഹനസുന്ദരമായ ജീവിതം നയിക്കാം.
എന്നെപ്പോലെയുള്ള പുലയരെ പടിക്കു പുറത്തു നിര്‍ത്തി വിലപേശാം. വേല ചെയ്താല്‍ അപ്പോള്‍ മനസ്സിലുദിക്കുന്ന വിദ്വേഷത്താല്‍ ഉം ഇന്നു കൂലിയില്ല. നാളെ വന്നോളൂ എന്നൊക്കെ ആക്രോശിച്ചു അഹന്ത നടിച്ചിരിക്കാം.
സാവിത്രിക്കുട്ടി - ഇതൊക്കെ തമാശയാണെങ്കില്‍ പോലും, ഗൗരവത്തിലുള്‍പ്പെടുത്തി ഞാന്‍ പറയാം - ദാസ്സേ.
താങ്കള്‍ അത്തരം ചിന്തകള്‍ വാരി നിറച്ച ഉള്‍ഭാവനയോടെയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ തമ്പുരാട്ടിയായി കണക്കാക്കി, ഞാന്‍ നല്‍കുന്ന ദാനധര്‍മ്മാദികള്‍ നിങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. ധാരണയെന്തായാലും വസ്തുതകള്‍ക്കാഘാതമേല്‍ക്കാതെ നിസ്വാര്‍ത്ഥതയോടെ ഉരയ്ക്കുന്നു, അതായത്, ഞാനെന്നെത്തന്നെ ദാനമായി നല്‍കുന്നു, സ്വീകരിച്ചാലും.
എന്നാല്‍ ഉദാരതയ്ക്കു സമയവും സന്ദര്‍ഭവും വേണ്ടി വരും. അനുയോജ്യമായ ദിവസങ്ങള്‍ തീരുമാനിച്ചുറപ്പിക്കുവാന്‍ സാവകാശവും വേണം. സ്വമനസ്സാലെ നല്‍കുന്ന ദാനം കാര്യക്ഷമതയോടെ കാത്തു സൂക്ഷിക്കേണ്ട കടമ ദാനം സ്വീകരിക്കുന്ന വ്യക്തിയില്‍ നിക്ഷിപ്തമാണ്.
പ്രേമിക്കുന്ന പ്രണേതാക്കള്‍ പ്രണയത്തിന്റെ മാനദണ്ഡം ഉള്‍ക്കൊള്ളണം.
പ്രണയം യുവത്വത്തിന്റെ ചപലതയായി പൂര്‍വ്വകാലത്ത് അനുഭവപ്പെടുമെങ്കില്‍ ആ പ്രണയം തന്നെ ഉത്തരകാലഗതിയില്‍ നിന്നുളവാകുന്ന തിക്താനുഭവങ്ങളെ സധൈര്യം നേരിടുവാന്‍ ശക്തിയാര്‍ജ്ജിച്ചിരിക്കും.
ഞാന്‍ ഉന്നതകുലജാതിക്കാരിയാണെന്ന വസ്തുത എന്നെ നിരന്തരം ദാസ്സോര്‍മ്മിപ്പിക്കാതിരിക്കുക. കാരണം ജാതിയൊന്നു മാത്രമാണ് നമ്മുടെ സ്‌നേഹബന്ധത്തിന്നു തടസ്സമായി നില്‍ക്കുന്നത്. 
സാവിത്രിക്കുട്ടി - ദാസ്സ് അനുനയത്തില്‍ സംബോധന ചെയ്തു പറഞ്ഞു മനുഷ്യകുലത്തില്‍ ഏറ്റവും നിസ്സാരമായ പഥത്തില്‍ കഴിഞ്ഞു കൂടുന്ന വര്‍ഗ്ഗത്തിലെ അംഗമായ എന്നോടു അനുകമ്പയിലാരംഭിച്ച ഈ പ്രണയവായ്പ് ഞാന്‍ വിരോധിയേപ്പോലെ നിരോധിച്ചു സംസാരിച്ചിട്ടുണ്ടെങ്കില്‍ അവയൊക്കെ ഗൗരവമായിട്ടെടുക്കാതിരിക്കുക.
താത്രിക്കുട്ടിയുടെ മഞ്ഞിനോടൊത്ത അലിവുള്ള മന:സ്ഥിതി എന്നില്‍ അനുകമ്പയേക്കാള്‍ ഉപരി അനുകൂലഭാവം അങ്കുരിപ്പിച്ചിട്ടുണ്ട്. എനിക്കു താത്രിക്കുട്ടിയോടു പ്രേമമില്ലാതില്ല. എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അതു സാവിത്രിക്കുട്ടിയോടൊപ്പമായിരിക്കും മരണം വരെ അതങ്ങിനെ തന്നെ.
പക്ഷേ എന്നില്‍ നിക്ഷിപ്തമായിരിക്കുന്ന സമുദായത്തോടുള്ള പ്രതിബദ്ധത ആടിയുലഞ്ഞു കടപുഴകി നിലംപതിക്കുമോ എന്നാണെന്റെ ഭയപ്പാട്.
സാവിത്രിക്കുട്ടി - സംസാരിച്ചിരുന്നു, നേരം ശ്ശിയായി ഞാന്‍ പോകട്ടെ, അല്ലെങ്കിലേമുത്തശ്ശനീം, മുത്തശ്ശിക്കും സംശയമുണ്ടാകുവാനുള്ള ഒരു മനോഭാവം ഇല്ലാതില്ല, എന്നെ നിരീക്ഷിക്കുവാന്‍ ഒറ്റുകാരെയാരെയെങ്കിലും അയച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇത്രയും കാലം നമ്മുടെ പ്രണയ രഹസ്യം ഗോപ്യമായി കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞത് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ കെട്ടുറപ്പും, ഹൃദയ വിശുദ്ധിയും കൊണ്ടാണ്. ശൂദ്രരുടെ പോലും കാതിലെത്താതെ വിവരങ്ങള്‍ സൂക്ഷിച്ചതുമൊക്കെ വിതര്‍ക്കിതമായി കരുതാവുന്നതാണ്.
സാധാരണ ഇത്തരം ദുരൂഹത നിറഞ്ഞ വസ്തുതകള്‍ തുടക്കത്തിലേ മണത്തറിഞ്ഞു രക്ഷകര്‍ത്താക്കള്‍ക്ക് ഓതിക്കൊടുക്കുവാന്‍ അസൂയക്കാരായ നായന്മാരേറെയുണ്ടാകും. പക്ഷേ എന്നിട്ടും ഒരൊറ്റുകാരന്‍ മുത്തശ്ശനോടു കുശുമ്പു കുത്തിയത് ഞാന്‍ അന്നേ മുളയില്‍ തന്നെ നുള്ളിക്കളഞ്ഞു.
ശരദദാസ്സ് - ശരി താത്രിക്കുട്ടി പോയ് വരൂ - അവരാലിംഗനബദ്ധരായി അശ്രുകണങ്ങളുതിര്‍ത്തു പ്രണയ മുദ്രിതമേകി - ഉത്ഘടമായ വിവശതയാലെ നടന്നകന്നു.
വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള പ്രണയ ബന്ധം. അവാച്യമായ ആത്മാര്‍ത്ഥത. ഉന്നതകുലജാതരിലെത്രയോ നല്ല ചെറുപ്പക്കാരുണ്ടായിട്ടും അവരോടാരോടും തോന്നാത്ത അകമഴിഞ്ഞ അനുകമ്പ, തറവാട്ടിലെ പൊന്നോമന മകള്‍, ആമോദവും, ഐശ്വര്യവും കളിയാടുന്നത് ഇവളുണ്ടായതു കൊണ്ടാണെന്നു ഉറച്ചു വിശ്വസിക്കുന്നു തറവാട്ടംഗങ്ങള്‍. അത്തരത്തിലുള്ള ഒരു മകള്‍ പുലയനെ പ്രേമിക്കുകയോ സ്വപ്‌നേപി ചിന്തിക്കുവാന്‍ പോലും അര്‍ഹതയില്ലാത്ത വസ്തുത.
മന:സ്സിനെ കടിഞ്ഞാണിട്ടു നിര്‍ത്തുവാന്‍ ദാസ്സ് കിണഞ്ഞു പരിശ്രമിച്ചു. എങ്കിലും ചിന്തകാടു കയറി. ഹൃദയത്തിനുള്ളില്‍ കടലിരമ്പി, തിരമാലകള്‍ കുഞ്ഞി മറിഞ്ഞു ജാതിയുടെ നീരാളിപ്പിടുത്തത്തില്‍ കിടന്നെത്രയോ നാളുകളായി തന്റെ താത്രിക്കുട്ടി പിടഞ്ഞു കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കു സ്വസ്തമായി അനുരാഗബദ്ധരായി വൈവാഹിക ബന്ധത്തിലേര്‍പ്പെട്ടു ജീവിതം നയിക്കുവാനനുവദിക്കാത്ത സാമൂഹ്യ വ്യവസ്ഥിതി.
താന്‍ പുലയന്‍ അവള്‍ ബ്രഹ്മകുലജാത, നേരേ നിന്നു ദര്‍ശിക്കുവാന്‍ പോലും അര്‍ഹതയില്ലാത്ത ഉത്തുംഗത്തില്‍ വിരാജിക്കുന്ന കുലമഹിമയുള്ളവള്‍. ആ നമ്പൂതിരി കുട്ടിയാണല്‍പ്പം മുന്‍പ് തന്നെ മാറോടണച്ചു മുഗ്ദ പ്രേമാശ്രു പൊഴിച്ചു നടന്നകന്നത്. എന്നില്‍ വിശ്വാസമര്‍പ്പിച്ച തരുണീമണി അവളോടൊരിക്കലും ആത്മവഞ്ചന കാണിക്കുവാന്‍ താനശ്ശക്തനാണ്. എന്തു പ്രതിബന്ധമുണ്ടായാലും അവയൊക്കെ തട്ടിത്തെറിപ്പിക്കണം, മനസ്സിലേറ്റി.
ശരദദാസ്സ് ദൃഡമായി നിശ്ചയിച്ചു. താത്രിക്കുട്ടിയെ ഇനി വിഷമിപ്പിക്കുന്നതു ശരിയല്ല. തീരുമാനിച്ചുറച്ചു.
തന്നില്‍ വിശ്വാസമര്‍പ്പിച്ചിത്രയും കാലം ആകാംഷയോടെ കാത്തിരുന്നു. ജാതിയുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച് പുറത്തു ചാടുവാന്‍ വെമ്പല്‍ കൊള്ളുന്ന, ധൈര്യത്തെ പ്രചോപ്പിക്കാതിരിക്കുന്നത് സാമൂഹ്യ വീക്ഷണമുള്ള ഒരു വ്യക്തിക്കും യോജിച്ചതല്ല. ഉന്നതവ്യക്തിത്വത്തിന്റെ ഉടമയാണാതരുണീമണി. നമ്പൂതിരി സമുദായത്തിലൊരുത്തര്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത മഹാമനസ്‌ക്കതയുടെ പ്രതീകം. നാലുകെട്ടിന്റെ വൈകാരികാന്തരീക്ഷത്തില്‍ സുഖവും സന്തോഷവും ആസ്വദിച്ച് സുന്ദരകളേബരന്മാരോടൊത്തു കേളികളാടി സുഖലോലുപിതയായി ജീവിക്കേണ്ട യുവതി പുലയച്ചെറുക്കന്റെകുടിലിലേയ്ക്കു ചേക്കേറുവാന്‍ വെമ്പല്‍ കൊള്ളുന്നതു ഉന്നത സംസ്‌ക്കാരത്തിന്റെ ലക്ഷണമല്ലാതെന്താ.
അവളുടെ പ്രേമം അവാച്യമാണ്, നിസ്സീമമാണ് അവയെ യാതൊന്നിനോടും താരതമ്യപ്പെടുത്തുന്നതു ശരിയായ പ്രവണതയല്ല.
കാലങ്ങളിത്ര കടന്നിട്ടും പുറംജാതിക്കാരനോടുള്ള അനുരാഗം പുറംലോകമറിയാതെ കാത്തു സൂക്ഷിച്ചവള്‍.
ഒരു തീപ്പൊരി മതിയല്ലോ കാട്ടുതീയായി പടരുവാന്‍. അവയിലെത്രയെത്ര ജീവജാലങ്ങള്‍ ഹനിക്കപ്പെടുമായിരുന്നു.
ചെറിയൊരു ചലനം മതിയായിരുന്നു നാടു പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വെന്തു വെണ്ണീറാകുവാന്‍. ഈ നാട്ടിലെ പതിതവര്‍ഗ്ഗങ്ങളില്‍ പെട്ടവരാരും രഹസ്യം തമ്പുരാക്കന്മാരുടെ ചെവിയിലോതി കൊടുക്കാതിരുന്നത് ഇവിടത്തെ ഒത്തൊരുമയുടെ നാന്ദിയാണ്. പപ്പുമാനേജര്‍ വിഭാവനം ചെയ്ത സാമൂഹ്യ ചുറ്റുപാടുകള്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ അവബോധം എന്തെങ്കിലും സംഭവിച്ചാല്‍ അതു തങ്ങള്‍ക്കു കൂടി ബാധകമായിരിക്കും എന്നുള്ള മുന്‍ധാരണ.
പാടപ്പറമ്പ് കവലയിലെ നിവാസികള്‍ ജാതീയമായി ഉന്നതരുടെ ചെയ്തികളില്‍ അടങ്ങാത്ത അമര്‍ഷമുള്ളവരാണ്, ഉന്നതരില്‍പെട്ട ഒരു തരുണിയുടെ മുഖത്തു നോക്കുകയോ ഉരിയാടുകയോ ചെയ്താല്‍ സംശയാപ്ദമായി പോലും ഒറ്റിക്കൊടുക്കണമെങ്കില്‍ തന്നെ ഉന്നതരെ സമീപിക്കണം. പക്ഷേ ചാരത്തു പോലും എത്തിപ്പെടുവാനര്‍ഹതയില്ലാത്ത പിന്നോക്ക പതിത വര്‍ഗ്ഗക്കാര്‍ കുത്തിത്തിരിപ്പു വിളമ്പി കൊടുക്കുവാന്‍ ധൈര്യപ്പെടാറില്ല. അവയും ശരദദാസ്സിനൊരനുകൂല വ്യവസ്ഥയായി മാറി. അഥവാ ഒറ്റിക്കൊടുക്കുന്നവനും പീഢനമനുഭവിച്ചെന്നിരിക്കും. ഇവയൊക്കെ കൊണ്ടാണ് ഈ പ്രണയരഹസ്യം അങ്ങാടിപ്പാട്ടാകാതിരുന്നത്.
മാടന്റെ കുടിലും, പുരയിടവും കൃഷ്ണന്‍ മുതലാളി മാണ്ടയ്ക്കായിട്ടു ദാനം ചെയ്തതാണ്. അതവരുടെ കുടുംബ രഹസ്യമാണെങ്കിലും വിവരമറിയാവുന്നവര്‍ പരസ്യമാക്കിയിരുന്നില്ല. കോതപ്പെണ്ണ് പള്ളിക്കൂടത്തില്‍ പോകുന്നുണ്ട് നല്ലപോലെ പഠിക്കുന്നു.
അവളെ ചുറ്റിപ്പറ്റി കുഞ്ഞാക്കോ പ്രണയാഭ്യര്‍ത്ഥനയുമായി നടന്നിരുന്നു. പാടത്തു പണിയുണ്ടാകുമ്പോള്‍ ഞാറു നടുവാനോ, കൊയ്യാനോ അവള്‍ പോകുമായിരുന്നു. അല്‍പ്പം കൂലി ലഭിക്കുകയാണെങ്കില്‍ വല്ല തുണിയോ മറ്റോ വാങ്ങുന്നതിനതു ഉപകരിച്ചിരുന്നു.
ചില ഈഴവ പിള്ളേരും, നായന്മാരും കോതയെ അനുരാഗബദ്ധരായി കുശലം പറഞ്ഞു. സ്വാധീനിക്കുവാന്‍ നോക്കി. കുടിലുകളുടെ സമീപത്തും വഴിയോരത്തും ഒക്കെ നിന്നും ചൂളമടിച്ചു ശ്രദ്ധ തിരിക്കുവാന്‍ ശ്രമിച്ചു നോക്കി. കവലകളില്‍ കൂടി പള്ളിക്കൂടത്തില്‍ പോകുന്ന വഴിക്ക് നായര്‍ ചട്ടമ്പികള്‍ അകലെ നിന്നു അടക്കം ചൊല്ലി മുറുമുറുത്തു.
ഹോ - കാലം പോയ പോക്കേയ് പുലയക്കിടാത്തികള്‍ പുസ്തകോം നെഞ്ചത്തടുക്കി പള്ളിക്കൂടത്തില്‍ പോകുന്ന കണ്ടില്ലേടാ.
എല്ലാവരും ജാതിക്കോ മരക്കാരായിരുന്നില്ല. ഒരുത്തനെങ്കിലുമുണ്ടാകും വിവരമുള്ളവനായിട്ട്. അയാള്‍ പറഞ്ഞു - അവരും വളരണ്ടേ, വിദ്യാഭ്യാസം നേടണ്ടേ, നമ്മള്‍ നായന്മാരായിട്ടു കൂടി നമുക്കു പോലും തുടര്‍ന്നു പഠിക്കുവാനുള്ള സാഹചര്യമുണ്ടായില്ല. പൂന്നൂല്‍ധാരികളും, തമ്പുരാക്കന്മാരുമതൊക്കെ കുത്തകയാക്കി വച്ചു കൊണ്ടിരിക്കുകയല്ലേ.
മറ്റുള്ളവരല്‍പ്പ നേരം മൗനമവലംബിച്ചു. പിന്നെ അവനെ അനുകൂലിച്ചു പറഞ്ഞു ശര്യാണ് അതുകൊണ്ട് ഇവര്‍ക്കെന്തു കൊണ്ട് പഠിച്ചു കൂടാ. അവളുടെ ഒരു ജ്യേഷ്ഠന്‍ വല്യാ അധ്യാപകന്‍ ഒരുത്തന്‍ പുലയപ്രമാണി, നേതാവ്, മാടനാണെങ്കീ നല്ല വീടും പുരയിടവും.
അന്നന്നേപ്പം തിന്നാനും കുടിക്കാനും ഉള്ളവര്‍ പഠിക്കും. സമുദായത്തിന്റെ ഉന്നമനത്തിന്നായി യത്‌നിക്കും. ഉദ്യോഗസ്ഥന്‍മാരുമായി തീരും.
വേറൊരുത്തന്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു - പെരേം, പുരയിടോം എങ്ങനെയുണ്ടായതാണെന്നറിയാമോ?
അതെങ്ങിനെയെങ്കിലുമുണ്ടാകട്ടേടാ - ഏതെങ്കിലും മുതലാളിമാര്‍ സഹായിച്ചിട്ടായിരിക്കും അതാങ്കിലും ചെറുപ്പക്കാരികളായ മക്കളുള്ള അച്ഛനീം അമ്മയ്ക്കും മുതലാളിയോ, മുതലാളിയുടെ മക്കളോ മനസ്സറിഞ്ഞു ജോലി കൊടുക്കുന്നത്, ചില സ്വാധീന ശക്തിയുടെ പിന്‍ബലത്തിലാണ്. അത്തരത്തിലുള്ള ആനുകൂല്യത്തിന്റെ സ്വായത്തത ഉണ്ടാകുന്നത് പാവങ്ങള്‍ക്കും നല്ലതാണ്. പെണ്ണുവഴിയും ധനസമ്പാദനം, നമുക്കു മാത്രം തുറന്നിട്ട ജാലകമല്ല അവര്‍ക്കും ആകാം.
അതിനു കുശുമ്പു കുത്തിയിട്ടു പ്രയോജനമൊന്നുമില്ല. നമ്മുടെ അച്ഛനും അമ്മയും വല്ല തറവാട്ടിലും നടന്നു വീട്ടുവേല ചെയ്യുന്നതു കൊണ്ടല്ലോടാ നമ്മളെക്ക ജീവിക്കുന്നത്. അവിടെയൊക്കെ നമ്മുടെ അമ്മ പെങ്ങാന്മാര്‍ എന്തുതരം വേലകളാണ് ചെയ്യുന്നതെന്നു നമ്മള്‍ക്കെങ്ങിനെ അറിയുവാന്‍ കഴിയും തമ്പുരാക്കന്മാര്‍ക്കും തമ്പുരാട്ടിമാര്‍ക്കും അവിഹിതമായിട്ടെന്തെങ്കിലും ശബ്ദിക്കുകയോ പെരുമാറുകയോ ചെയ്താല്‍ നമുക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കു കുറവു വരുകയില്ലേ, ഒരു പക്ഷേ വേലയില്‍ നിന്നു തന്നെ മാറ്റിയെന്നും വരും ദു:ഷ്‌പ്പേരും പരക്കും. അല്ലെങ്കില്‍ പടിക്കു പുറത്താക്കി പടിയടച്ചെന്നും വരും.
ചെറിയ തെറ്റുകള്‍ക്കു കൂടി പുലയരേയും പറയരേയും കഠിനശിക്ഷയ്ക്കു വിധേയമാക്കിയിരുന്നില്ലേ. യുവാക്കളായ പുലക്കിടാങ്ങളെ ഓടിച്ചിട്ടു പിടിച്ചു പൊക്കിയെടുത്തു നായ്ക്കളോടെന്നപോലെ അടിച്ചും ഇടിച്ചും കൊല്ലുന്നില്ലേ. എന്നിട്ടും അവരുടെ തന്തയും തള്ളയും സഹിച്ചു തമ്പുരാന്റെ പടിക്കല്‍ നിന്നും കല്ലരി കഞ്ഞി മോന്തി വേല ചെയ്തു കൂലിയും വാങ്ങി കുടിലുകളില്‍ പോയി കണ്ണുനീരിറക്കി കഴിയുന്നില്ലേ.
അത്രയ്ക്കു രൂക്ഷമായ പീഡനം നമ്മള്‍ക്കില്ലല്ലോ. കാരണം നമ്മള്‍ നായന്മാരാണ് എടാ... എടാ... നായനാരെന്നു പറഞ്ഞാലും പോരാ.... പല നായന്മാരുണ്ട്. അതിന്റെ വക തിരിവുകള്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കണം. ക്ഷത്രീയ നായന്മാരിലുള്ളതാണ് പിള്ള, മേനോന്‍, നമ്പ്യാര്‍, കുറുപ്പ് മുതലായവര്‍ വിളക്കിത്തല നായര്‍, വെളുത്തേടത്തു നായര്‍, എച്ചിലില പെറുക്കി നായര്‍ കൂടാതെ പണിക്കരും ഒക്കെ നായര്‍ ജാതിയിലെ വകഭേദങ്ങളാണ്. ഇവരില്‍ തന്നെ താഴ്ന്ന ജാതികളും ഇല്ലാതില്ല. പുലയരില്‍ നിന്നും പിള്ളയെന്ന പേരിലും, ഈഴവരില്‍ നിന്നും പണിക്കരായി വന്നവരും നായന്മാരുടെ കൂട്ടത്തില്‍ വിരാജിക്കുന്നു. പണവും പ്രതാപവും അടിമകളുമുള്ളവര്‍ ഉന്നത ജാതികളായി കണക്കാക്കുന്നു. പൂര്‍വ്വ കാലത്തു ഇളപുറം ജാതിയോ പിന്നോക്ക ജാതിയോ പണമുണ്ടായാല്‍ ദ്രുതഗതിയില്‍ ഉന്നതജാതിത്വം കെട്ടുറയ്ക്കപ്പെടുന്നു.
അപ്പോള്‍ പണമാണ് ജാതിത്വത്തിന്റെ അടിസ്ഥാനം.
പിന്നെ നമ്മുടെ കൂട്ടത്തില്‍ ചിലരുടെ പിതാക്കന്മാര്‍ തമ്പുരാക്കന്മാരുടെ തറവാട്ടില്‍ ചട്ടമ്പിപ്പണിക്കു പോകുന്നവരുണ്ട്. അവരൊക്കെ ചുമ്മ കത്തിയും അരയില്‍ തിരുകി മീശയും പിരിച്ച് തമ്പുരാന്റെ ഉത്തരവും പ്രതീക്ഷിച്ച് കൂലിത്തല്ലുകാരനായി നടക്കുന്നു. അവരുടെ ഭാര്യമാരും പെങ്ങാന്‍മാരും, പെണ്‍മക്കളും ഒക്കെ നെല്ലു കുത്തുക, പാത്രം തേക്കുക, മുറ്റമടിക്കുക മുതലായ വീടു വേല ചെയ്യുന്നു. അവരെയൊക്കെ ''ചട്ടമ്പി നായര്‍'' എന്നു വേണമെങ്കില്‍ പറയാം.
എടാ - എടാ - നിന്റെ തന്തയ്‌ക്കെന്താടാ പണി, താസില്‍ദാരോ അതോ പാറോത്തിക്കാരനോ ഇത്ര ഞെളിയാന്‍. 
ആദ്യത്തവന്‍ - എടാ കോപിക്കല്ലേ - നമ്മളും അതുപോലെ ചട്ടമ്പി പണിക്കാരനാകുന്നതു ശരിയാണോ.
തമ്പുരാക്കന്മാരുടെ ഇല്ലങ്ങളില്‍ നിന്ന് അടുക്കള ഭാഗത്തെ വരാന്തയിലിരുന്ന് ചോറുണ്ട് പുലയരേയും പറയരേയും മര്‍ദ്ദിച്ചു കൊല്ലുന്നതു ന്യായയുക്തമല്ല. നമ്മളെപ്പോലെ അവരും മനുഷ്യരല്ലേ. പുലയരും പറയരും കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തിയിരിക്കുന്നത് ഉന്നതര്‍ക്കു കൈത്തരിപ്പു തീര്‍ക്കുവാനാണോ, തല്ലിക്കൊല്ലാനാണോ.
വാസ്തവം പറഞ്ഞാല്‍ നമ്മുടെ പിതാക്കന്മാര്‍ നമുക്കാഹാരം നല്‍കുന്നത് തമ്പുരാനെ സേവ പിടിച്ചിട്ടാണ്. അതേസമയം പുലയന്‍ കുഞ്ഞുങ്ങളെ പോറ്റുന്നത് മണ്ണിലധ്വാനിച്ചിട്ടാണ്.
അതാണ് പുലയരും നമ്മളും തമ്മിലുള്ള വ്യത്യാസം. അവര്‍ വേല ചെയ്തു ജീവിക്കുന്നു, നമ്മള്‍ മുതലാളിമാരെ പറ്റിച്ചു ജീവിക്കുന്നു.
പുലയന്റെ മനസ്സ് സത്യസന്ധത നിറഞ്ഞതാണ് ശൂദ്രന്റെ ഹൃദയം ചൂഷണാത്മകമാണ്.
എടാ... എടാ... നീ നമ്മളെത്തന്നെ അപമാനിക്കുന്നോടാ. എടാ ഞാന്‍ സത്യാവസ്ഥ പറഞ്ഞതാണ്. കുബുദ്ധികളുടെ ചെവിയില്‍ സത്യമുരിയാടരുത് ആപത്താണെന്നാണ് ആപ്തവാക്യം. വികലമായ അര്‍ത്ഥം വിവക്ഷിക്കും. വിവരമുള്ളവന്‍ അഭിപ്രായപ്പെട്ടു.
പുലപ്പേടി നാളുകള്‍ സംജാതമായി ഏതാനും ചിലയാളുകള്‍ അതിന്റെ സുതാര്യതയെപ്പറ്റി അവബോധമുള്ളവരായിരുന്നു. ഉന്നതജാതിക്കാരില്‍ നായര്‍ സമുദായക്കാര്‍ പ്രത്യാക ശ്രദ്ധാലുക്കളായിരുന്നു. പിന്നോക്ക വര്‍ഗ്ഗക്കാരില്‍ നിന്നും, താഴ്ന്ന ജാതിക്കാരില്‍ നിന്നും നിരവധി തവണ പ്രശ്‌നങ്ങളഭിമുഖീകരിച്ചിട്ടുള്ളവരാണ് ശൂദ്രര്‍, അവരുടെ സ്ത്രീകളെയാണ് ആദ്യകാലങ്ങളില്‍ പുലയര്‍ തട്ടിക്കൊണ്ടു പോയിട്ടുള്ളതെന്നു പറയപ്പെടുന്നു. നമ്പൂതിരി, ക്ഷത്രിയര്‍ മുതലായ ജാതിക്കാര്‍ക്ക് അത്രയേറെ പ്രശ്‌നങ്ങളഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.
വാസ്തവികത ഇതൊന്നുമല്ല.
യുവതിയോ, യൗവനം താണ്ടുവാന്‍ നില്‍ക്കുന്നവരോ, വൃദ്ധരാകാത്തവരോ ആയ നായര്‍ സ്ത്രീകള്‍ - അരോഗ ദൃഡഗാത്രരും, ശബ്ദിക്കാത്തവരും ഭയഭക്തി ബഹുമാനമുള്ളവരുമായ പുലയനെ ഇഷ്ടപ്പെട്ടു ഒളിച്ചോടി പോകുമായിരുന്നു. തന്റെ ഭര്‍ത്താവില്‍ നിന്നും ശാരീരിക സുഖമോ ആത്മസംതൃപ്തിയോ ലഭിക്കാത്തവര്‍ ഇത്തരം പുലപ്പേടി നാളുകളുടെ ആകമനത്തിന്നായി അക്ഷമയോടെ കാത്തിരിക്കുമായിരുന്നു. തനിക്കിഷ്ടപ്പെട്ട പുലയന്‍േറയോ, പറയന്‍േറയോ കൂടെ ഒളിച്ചോടിപ്പോകുവാന്‍. കൂടുതലും ഉപയുക്തമാക്കിയിരുന്നത് പുലപ്പേടി എന്ന കാലഘട്ടത്തിലായിരുന്നു.
അതിനെ വളച്ചൊടിച്ച് പുലച്ചെറുക്കന്‍ നായര്‍ സ്ത്രീകളെ പുലപ്പേടി നാളില്‍ തട്ടിക്കൊണ്ടു പോകും എന്നാക്കി വിവക്ഷിച്ചിരുന്നു.
ഈ ആരോപണം അരക്കിട്ടുറപ്പിക്കപ്പെട്ടിരുന്നു. അതായത് ഒരു സംഭവ വികാസത്തില്‍ കൂടി ബുദ്ധിമുട്ടോ, ആഹ്ലാദമോ അനുഭവിക്കുകയാണെങ്കില്‍ ആ നാളുകള്‍ മനുഷ്യന്റെ മനസ്സില്‍ നിന്നും മായുകയില്ല. ദിനരാത്രങ്ങള്‍ കൊഴിയും തോറും അവ കൂടുതല്‍ തെളിവാര്‍ന്നു പ്രകാശിച്ചു കൊണ്ടേയിരിക്കും.
പകലിന്റെ വെളിച്ചത്തില്‍ കുടിലിന്റെ പുറത്തേയ്ക്കിറങ്ങുവാനോ വഴി നടക്കുവാനോ അര്‍ഹതയില്ലാത്ത പതിത വര്‍ഗ്ഗക്കാരണല്ലോ പുലയരും പറയരും അവര്‍ സാധാരണ സഞ്ചരിക്കാറുള്ള സമയമാണ് രാത്രി കാലങ്ങള്‍ കാരണം നേരം വെള്ളകീറുന്നതിനു മുമ്പേ പണിസ്ഥലത്തെത്തണം. അതിനു ഇരുളിലൂടെ മാത്രമേ പ്രയാണം ചെയ്യുവാന്‍ പാടുള്ളൂ. പിന്നെ വൈകിട്ടു കൂലി മേടിച്ചു അരിയും കറിക്കൂട്ടുകളും വാങ്ങിയ ശേഷമേ രാത്രിയാകുമ്പോള്‍ തിരിച്ചു കുടിലിലെത്തുവാന്‍ കഴിയുമായിരുന്നുള്ളൂ. ആയതുകൊണ്ടാണവര്‍ തികച്ചും രാത്രീഞ്ചരന്മാരായി ഗണിക്കപ്പെട്ടിരുന്നത്.
അദ്ധ്വാനിക്കുന്നവര്‍, സത്യസന്ധമായി പെരുമാറുന്നവര്‍ ഭയഭക്തി ബഹുമാനമുള്ളവര്‍.
അവര്‍ പ്രതികരിക്കാറില്ല. അനാവശ്യമായ സ്‌പോടനാത്മകതയോടു കൂടി അട്ടഹസിക്കാറില്ല. കാരണം ഒരുമിക്കാനറിയാത്തവര്‍ ശബ്ദിക്കുവാന്‍ കഴിവില്ലാത്തവര്‍ ഭാഷയറിയാത്ത മൂകജീവികള്‍ അവരാണ് പുലയര്‍. അവര്‍ രാത്രീയല്ലാതെ പകലെങ്ങിനെ സഞ്ചരിക്കും. സംസര്‍ഗ്ഗമില്ല. പരസ്പരം പോലും ഉരിയാടാത്തവര്‍.
അവരെന്തു ചെയ്താലും കുറ്റമാരോപിക്കുന്ന സമൂഹം. കണി കാണുവാന്‍ പോലും കൊള്ളാത്ത മനുഷ്യക്കോലങ്ങള്‍.
അവരുടെ മേല്‍ ; കക്കരാതെ കളവു ചൊല്ലും, പിഴക്കരാതെ പിഴ പറയും.
അവരുടെ മേലേ അനാവശ്യമായ കേസെടുത്തു ശിക്ഷിച്ചിരുന്നു. അവരെ രക്ഷിക്കുവാനാരുമില്ല. അവരില്‍ കുറ്റമാരോപിക്കുന്ന ഉന്നതജാതിക്കാര്‍ പറയുന്ന വാക്കുകള്‍ക്കാണ് മുന്‍തൂക്കം. ആരോപണ വിധേയരായവര്‍, രക്ഷ നേടുവാനും നിരപരാധിത്വം തെളിയിക്കുന്ന രീതിയില്‍ ഉറപ്പിച്ചു സംസാരിക്കുവാനും നിസ്സഹായരാണ്. അതുകൊണ്ട് മിക്കപ്പോഴും അവരുടെ നേരെയുള്ള കുറ്റാരോപണത്തിന്നു വ്യാപ്തി കൂടിയിരിക്കും. മന:പ്പൂര്‍വ്വം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
ഇപ്പഴാണവര്‍ക്കൊരു ആശ്വാസവും അവബോധവും കൈവന്നിരിക്കുന്നത്. അതാണ് പപ്പുമാനേജരുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനം അവയുടെ വെളിച്ചത്തില്‍ പള്ളിക്കാട്ടും, ചെളിപ്പറമ്പിലും നിവസ്സിക്കുന്നവര്‍ വഴി നടക്കുന്നു. കൂലി കൂടുതല്‍ ലഭിക്കുന്നു. പീഡനത്തിനറുതി വന്നിരിക്കുന്നു. കുഞ്ഞുങ്ങള്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്നു. ഇപ്പോളിതാ ഭൂമിയും ലഭിക്കുവാന്‍ പോകുന്നു.
പുലയര്‍ ഉണര്‍ന്നിരിക്കുന്നു. അതിന്റെ വെളിച്ചത്തില്‍ പറയര്‍ക്കും ഗുണം ലഭിക്കുവാന്‍ പോകുന്നു.
അന്നത്തെ പ്രഭാതം പതിവിലേറെ തെളിവാര്‍ന്നു ദര്‍ശിക്കപ്പെട്ടു. വൃക്ഷലതാതികള്‍ പൂത്തു തളിര്‍ത്തു നിന്നിരുന്നു. പകലോന്റെ വൈഡൂര്യ ബിന്ദുക്കള്‍ തൊട്ടു തഴുകി പുഷ്പദലങ്ങളില്‍ വര്‍ണ്ണശബളിമ വാരി വിതറി. കോരിച്ചൊരിഞ്ഞ പ്രകാശരേണുക്കള്‍ തളിരിലകളില്‍ പുളകചാര്‍ത്തേകി. മഞ്ഞില്‍ കുളിച്ച രത്‌നബിന്ദുക്കള്‍ പച്ചിലകളില്‍ കുമിളകള്‍ നെയ്തു. പാര്‍ശ്വഭാഗത്തു വന്നു മുത്തുമണികളായി നിന്നു. പ്രഭാത കിരണം കുളിരലതഴുകി ചൂടു പകരാന്‍ വെമ്പിടുന്നു. സൂരസൂനദലങ്ങള്‍ മന്ദമാരുതനില്‍ മന്ദസ്മിതം തൂകി തെളിഞ്ഞു.
പ്രകാശപൂരിതമായ വെടി കാലത്ത് ഉറക്കമുണര്‍ന്ന താത്രീക്കുട്ടി മനയുടെ പൂമുഖത്തിന്നു ചാരെ മന്ദഹാസം തൂകി നിന്ന സുമലതാദികളെ മൃതലകര തലത്താല്‍ തഴുകിയോമനിച്ചു. ഹൃദയാന്തരാളത്തില്‍ നിന്നുദ്ഗമിച്ച നെടുവീര്‍പ്പുകളാല്‍ ഓമനമുഖം കൊണ്ടു പുണര്‍ന്നു ചുമ്പിച്ചു. തൊടിയിലും തൊഴുത്തിലും നടന്നു മണിക്കുട്ടി, മാണിക്യന്മാരായ പൈക്കിടാങ്ങളെ ചെന്നു തഴുകി നിര്‍വൃതിയിലാണ്ടു അടുക്കള ഭാഗത്തും മറ്റും നടന്നു വേലക്കാരായ സ്ത്രീകള്‍ ഒതുങ്ങി മാറി നിന്നു. സാവിത്രിക്കുട്ടിയുടെ നടപ്പും ഭാവവുമൊക്കെ അവരും ശ്രദ്ധിച്ചു.
എന്താണാവോ കൊച്ചമ്പ്രാട്ടി ഇന്നു പതിവില്ലാത്ത ഉത്സാഹ തിമര്‍പ്പിലാണല്ലോ. അവര്‍ മനസ്സിലോര്‍ത്തു.
കുളിച്ചു തെയ്യാറായി വന്ന താത്രിക്കുട്ടിക്കു ചായയും പലഹാരങ്ങളും മുത്തശ്ശി തന്നെ കൊണ്ടു വന്നു കൊടുത്തു.
ഉന്നതരുടെ തറവാടുകളില്‍ മാത്രമേ രാവിലെ തന്നെ ചായയും പലഹാരങ്ങളും വേറിട്ടുണ്ടാക്കിയിരുന്നുള്ളു, അല്ലാത്തവര്‍ പഴങ്കഞ്ഞിയും മുളകു ചമ്മന്തിയുമാണ് കഴിച്ചിരുന്നത്. ചില ഇടത്തരം നായര്‍ത്തറവാടുകളില്‍ നല്ല പുന്നെല്ലിന്റെ അരിയുണ്ടാക്കിയ കഞ്ഞിയും കടുമാങ്ങാക്കറിയും പപ്പടവുമായിരിക്കും ലഭിച്ചിരുന്നത്.
കുളിച്ചു തയ്യാറായി വരുന്നവര്‍ക്ക് ചൂടോടെ നല്‍കുന്ന കഞ്ഞിയും വിഭവങ്ങളും കഴിക്കുമ്പോള്‍ നല്ല ഉണര്‍വായിരിക്കും ലഭിക്കുക.
അസാധാരണ സന്ദര്‍ഭങ്ങളില്‍, സാധാരണമല്ലാത്ത രീതിയിലെ പെരുമാറ്റം, ദര്‍ശനാത്മകമായാല്‍ ഏതൊരുത്തനും നിസംശയമന്ന്യേ വീക്ഷിച്ചെന്നിരിക്കും.
പുതിയ പട്ടു വസ്ത്രങ്ങള്‍ ധരിച്ച്, അവശ്യം വേണ്ട ആഭരണങ്ങളുമണിഞ്ഞ് തുണി സഞ്ചിയില്‍ കുറച്ചു പണവും ഒന്നു രണ്ടു പുസ്തകങ്ങളും, പേനയുമെടുത്ത് താത്രിക്കുട്ടി പുറപ്പെട്ടു. ഗൗരിക്കുട്ടിയുടെ പാഠശാലയിലേയ്ക്കു സാധാരണ പുറപ്പെടേണ്ട സമയത്തു തന്നെയാണ്, താത്രിക്കുട്ടി ഇന്നും സംശയലേശമന്ന്യേ തറവാട്ടില്‍ നിന്നുമിറങ്ങിയത്.
അസാധാരണമായൊന്നുമില്ലാതെ സന്ദര്‍ഭോജിതമായി മനയും പരിസരവും താണ്ടി സ്‌ക്കൂളിലെത്തിച്ചേര്‍ന്നു. ഗൗരിക്കുട്ടിയും മറ്റുള്ളവരും ദിനംപ്രതിയെന്നപോലെ പള്ളിക്കൂടത്തിലെ പ്രവര്‍ത്തി ദിവസത്തിലെന്ന കണക്ക് അവിടെയുണ്ടായിരുന്നു.
ശരദദാസ്സ് അദ്ധ്യാപനത്തിന്നായി പോയിരുന്നു. പപ്പു മാനേജരും, ചിത്തരാജും, വാധ്യാരാശാനും പുരോഹിതനായ ഇട്യാദി മൂപ്പനും കൂടി, പാറോത്തിക്കാരന്‍ കണ്ണന്‍ മേനോനെ സമീപിച്ചു ഭൂമിയളന്നു ലഭിക്കുന്ന കാര്യത്തെപ്പറ്റി ആലോചിക്കുവാന്‍ പോയിരിക്കുകയായിരുന്നു.
അന്നു സാവിത്രിക്കുട്ടി പറഞ്ഞിരുന്നത്, പുലപ്പേടി നാളുകളാഗതമാകട്ടെ എന്നാണ്. പക്ഷേ ഇന്നാ ദിവസം വന്നു സന്ധിക്കുമെന്നു പ്രത്യാകം സൂചിപ്പിക്കുകയുണ്ടായില്ല. അതുകൊണ്ട് എല്ലാവരും അവരവരുടേതായ പാടും, പണിക്കുമായി പോയിരുന്നു.
ഗൗരിക്കുട്ടിയോടു സാവിത്രിക്കുട്ടി ഉണര്‍ത്തിച്ചു. ഞാനിന്നു വിപതി ധൈര്യമവലംബിച്ചിട്ടാണ് പുറപ്പെട്ടിരിക്കുന്നത്. പുലപ്പേടിനാളുകളാഗതമായിരിക്കുന്നു. ഈ സുദിനത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഇതില്‍ കൂടുതല്‍ നാള്‍ എനിക്കു മനസ്സിനെി പിടിച്ചു നിര്‍ത്തുവാന്‍ വയ്യാതായിരിക്കണു. നിരവധി വേളിക്കാര്യങ്ങള്‍ വന്നതാണ് പലതരം ന്യായങ്ങള്‍ പറഞ്ഞവയൊക്കെ ഞാനൊഴിവാക്കി.
അവര്‍ക്കതിന്റെ ഗൗരവം മനസ്സിലായി. ഒരു കുട്ടിക്കാവും ഇത്ര ദീര്‍ഘകാലം നമ്പൂതിരി ഇല്ലങ്ങളില്‍ വന്നു കൊണ്ടിരുന്ന വേളികളൊക്കെ ഒഴിവാക്കി സഹിച്ചു നിന്ന ചരിത്രം വിരളമാണ്; അതും അഴകൊത്ത താത്രിക്കുട്ടിക്ക്. ഒരു നോക്കു കാണുന്ന നമ്പൂതിരി യുവാക്കളും രക്ഷകര്‍ത്താക്കളും അഭിലഷിച്ചിട്ടുണ്ട്, ഇതിനെ തങ്ങളുടെ ഇല്ലത്തു പടികയറ്റണമെന്ന് പക്ഷേ അവയൊക്കെ നിരുത്സാഹ പെടുകയാണുണ്ടായിട്ടുള്ളത്.
ഗൗരിക്കുട്ടി വീണ്ടും ആത്മഗതമായി - താനും ഇതുപോലത്തെ സംരംഭങ്ങളിലേര്‍പ്പെട്ട വ്യക്തിയാണല്ലോ. കൂടാതെ പ്രായപൂര്‍ത്തിയായിരിക്കുന്നു, അതിനുമുപരി നിയന്ത്രണങ്ങള്‍ അഭിമുഖീകരിച്ച സാവിത്രിക്കുട്ടിയുടെ മനസ്സു വായിക്കുവാന്‍ അവര്‍ക്കു കഴിയുമായിരുന്നു.
സ്ത്രീക്കല്ലെ സ്ത്രീയുടെ മനസ്സറിയൂ.
ഗൗരിക്കുട്ടിയുടെ സാന്ത്വനം - അതിനെന്താ, താത്രിക്കുട്യേയ് എല്ലാത്തിനും പരിഹാരമുണ്ടാകും. വിഷമിക്കേണ്ട ഈ പള്ളിക്കാട്ടു പ്രദേശത്തും, ചെളിപ്പറമ്പിലുമുള്ള ജനങ്ങള്‍ നല്ലവരും, ചിന്തിക്കുന്നവരും, മരിയാദയുള്ളവരുമാണ്. എന്തു പ്രശ്‌നമുണ്ടായാലും അതു നിഷ്പ്രയാസം ഇടപെട്ടു ശുഭപ്രാപ്തിയിലെത്തിച്ചിരിക്കും. അങ്ങിനെയുള്ള ജനങ്ങളിലെ മുഖ്യമായൊരംഗമാണ് ശരദദാസ്സ്. മാഷിനെന്തെങ്കിലും പ്രശ്‌നം നേരിടേണ്ടി വന്നാല്‍ മറ്റുള്ളവരതു നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയില്ല. ശക്തമായിട്ടിടപെട്ടിരിക്കും.
എന്റെ കാര്യം തന്നെ നോക്കൂ, കൊലകൊമ്പന്‍മാരായ സഹോദരന്‍മാര്‍ കയ്യടക്കി വച്ചിരുന്ന ഭൂമിയല്ലേ, നിഷ്പ്രയാസം വീണ്ടെടുത്തു തന്നത്. പപ്പുമാനേജരും, ശരദദാസ്സും, ചിത്തരാജും അടങ്ങുന്ന കഴിവുള്ള പ്രമുഖരാണ് അവ നിര്‍വ്വഹിച്ചു വിജയിപ്പിച്ചത്. അതിനു ബദലായി പപ്പുമാനേജര്‍ക്ക് ഞാനെന്നും കടപ്പെട്ടിരിക്കുന്നു. എന്തു ഞാന്‍ നല്‍കേണ്ടു, എന്തു കൊടുത്താലദ്ദേഹം തൃപ്തനാകും എന്തും ഞാന്‍ നല്‍കുവാന്‍ തയ്യാറാണ്. പക്ഷേ ഇതുവരേയും ഒന്നും ചോദിച്ചിട്ടില്ല.
അതുകൊണ്ട് അവരുടെയടുത്ത് താത്രിക്കുട്ടിയുടെ തറവാട്ടു ''പടനിര'' വെറും പുല്‍ക്കൊടിക്കു സമാനമാണ്.
അന്നു സാവിത്രിക്കുട്ടിക്കു, വിദ്യാര്‍ത്ഥികള്‍ക്കൊക്കെ പാഠം പറഞ്ഞു കൊടുക്കുവാനൊന്നും മനസ്സു വന്നില്ല. എന്തെല്ലാമോ ചൊല്ലി പിന്നെ ഗൗരിക്കുട്ടിയുടെ സമീപം വന്നിരുന്നു. സംസാരിച്ചു സമയം പോക്കി.
ഗൗരിക്കുട്ടിയവള്‍ക്കു ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. അതായത് പുലപ്പേടി നാളിന്റെ പ്രത്യാകത അതിന്റെ ആരോപണ പ്രത്യാരോപണങ്ങള്‍ പ്രണയബദ്ധരായ കമിതാക്കളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ നായന്മാരുടെ ഇടയിലെ ജീവിത പാളിച്ചകള്‍ എല്ലാം ഗൗരിക്കുട്ടി ഉദാഹരണ സഹിതം വിവരിച്ചു.
സായാഹ്നമായി പാറോത്തിക്കാരനെ സന്ദര്‍ശിക്കുവാന്‍ പോയവര്‍ തിരിച്ചു വന്നു. പ്രതീക്ഷാ നിര്‍ഭരമായ പ്രകാശം അവരുടെ മുഖത്തു പ്രകടമായിരുന്നു. ഉത്സാഹതിമര്‍പ്പോടെയാണ് അവരാഗതരായത്. ഗൗരിക്കുട്ടിയുടെ സ്‌ക്കൂളില്‍ വന്നു കയറിയയുടനെ
എന്താ ഇന്നു വളരെ സന്തോഷത്തോടെയാണല്ലോ വരവ്. കാര്യങ്ങളൊക്കെ ഉടനെ വല്ലതും നടക്ക്വോ... തമാശയെങ്കിലും കാര്യ ഗൗരവത്തോടെ ഗൗരിക്കുട്ടി ആരാഞ്ഞു.
പപ്പുമാനേജര്‍ - എല്ലാം ശുഭപര്യാവസാനത്തിലേയ്ക്കു നീങ്ങി കൊണ്ടിരിക്കുന്നു. അടുത്തു തന്നെ വില്ലേജധികാരി ഭൂമിളക്കുന്ന തെയ്യാറെടുപ്പിലാണ്.
ഗൗരിക്കുട്ടി - എന്നാല്‍ വേറൊരു മുഖ്യമായ കാര്യമുണ്ട് - താത്രിക്കുട്ടി - അവള്‍ ഇല്ലം വിട്ടു പോന്നിരിക്കുന്നു.
പപ്പുമാനേജര്‍ (പരിഭ്രമത്തോടെ) അതു ശരി പിന്നെ ശരദദാസ്സിനെ കണ്ടില്ലല്ലോ.
ഗൗരിക്കുട്ടി - അയാള്‍ വരും, ദാസ്സിന്നു ഇവളെ പ്രതീക്ഷിതല്ലല്ലോ.... അതായത് താത്രിക്കുട്ടിക്കു അവസരം ലഭിച്ചു. അവള്‍ പോന്നു അത്ര തന്നെ... എപ്പോള്‍ വന്നാലും നമ്മള്‍ സ്വീകരിക്കണമല്ലോ... അതല്ലേ വാഗ്ദത്വം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് അവളുടെ അവസരം അവള്‍ വിനിയോഗിച്ചു. ഇനി നമ്മളാണ് ഉണരേണ്ടത്.
ഇതേസമയം സാവിത്രിക്കുട്ടി പപ്പുമാനേജരുടേയും ഗൗരിക്കുട്ടിയുടേയും സമീപത്തേയ്ക്കു വന്നു നിന്നു.
ഒരു ചെറിയ മന്ദഹാസത്തോടെ പപ്പുമാനേജര്‍ ങാ - സാവിത്രിക്കുട്ടി വന്നൂല്ലോ. സാരമില്ല. ശരദദാസ്സും കൂടി ഒന്നു വന്നു കൊള്ളട്ടേ.
അവര്‍ സംസാരിച്ചു നില്‍ക്കേ ശരദദാസ്സും വന്നു കയറി. അദ്ധ്യാപകന്റെ പ്രൗഢിയോടും ഗാംഭീര്യത്തോടും കൂടി കുടയും പിടിച്ചു, മുണ്ടിന്റെ കോന്തല ഇടതു കയ്യാല്‍ തെറുത്തു പുസ്തകവും പത്രവും കക്ഷത്തുടക്കിയുള്ള വരവില്‍ ഗൗരിക്കുട്ടിയും, സാവിത്രിക്കുട്ടിയും മന്ദസ്മിതം തൂകി ആശ്വാസമുള്ളിലങ്കുരിപ്പിച്ചു സ്വാഗതമോതി.
മണവാളന്റെ വരവു കണ്ടില്ലേ താത്രിക്കുട്ടി മനസ്സിലോര്‍ത്തു. ലജ്ജയാല്‍ നമ്രമുഖിയായി, ഗൗരിക്കുട്ടിയെ കണ്‍ കോണിച്ചു നോക്കി.
ഇട്യാദി മൂപ്പന്‍ പപ്പുമാനേജരോടെന്തോ രഹസ്യം പറഞ്ഞു. കോലപ്പനെ മാടന്റെ കുടിലിലേയ്ക്കയച്ചു. അതായത് എവിടെ നിന്നെങ്കിലും ഒരു നിലവിളക്കു വാങ്ങി കൊളുത്തി വെയ്ക്കുവാനും വീടിന്റെ തെക്കിനിയിലുള്ള ശരദദാസ്സിന്റെ മുറി വൃത്തിയാക്കി വെയ്ക്കുവാനും നിര്‍ദ്ദേശിച്ചു വിട്ടു. 
മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം, ഏതു നേരത്തും ഏതു ദിവസവും സാവിത്രിക്കുട്ടി വന്നു ചേര്‍ന്നാല്‍ അവരുടെ പാണീഗ്രഹണം നിര്‍വ്വഹിപ്പിക്കണെന്നതിവരുടെ നിര്‍ദ്ദേശകത്വമാണ്. തദവസരത്തില്‍ വേണ്ടി ചിലവുകള്‍ ഗൗരിക്കുട്ടി നിര്‍വ്വഹിക്കണമെന്നത് പപ്പു മാനേജരുടെ നിര്‍ദ്ദേശമായിരുന്നു.
അതുപ്രകാരം എല്ലാവരും സാവിത്രിക്കുട്ടിയേയും, ശരദദാസ്സ് മാഷിനേയും ആനയിച്ചു കൊണ്ടു നടന്നു. കൂട്ടത്തില്‍ പരമശിവന്‍പിള്ളയും, ഭാര്യ വിലാസിനി പിന്നെ ഗീതാദേവിയും കുഞ്ഞും, പുരുഷന്‍ നായരും ഒക്കെ സംഘത്തിലണി ചേര്‍ന്നു. ആശാന്‍ കുഞ്ചു വാദ്ധ്യാരും ഇട്യാദി മൂപ്പനും മുന്നില്‍ നടന്നിരുന്നു. മൈലന്‍പിള്ളയും സംഘത്തിലുണ്ടായിരുന്നു. കറമ്പനും, പുലയിയും അനുജന്മാരും ഭാര്യമാരും ഒക്കെ ഉത്സാഹത്തോടെ മാടന്റെ വീട്ടുമുറ്റത്തു കാത്തു നിന്നിരുന്നു. 
ഒച്ചപ്പാടുകളോ, ബഹളമോ ഒന്നുമില്ലാതെ നടന്നു നീങ്ങിയ വിവാഹസംഘം പ്രയാണം ചെയ്യുമ്പോള്‍ താത്രിക്കുട്ടിയെ ഒരു നോക്കു കാണുവാന്‍ ആളുകള്‍ തിരക്കു കൂട്ടി കൊണ്ടിരുന്നു.
വിവിധ തലമുറകളില്‍ പെട്ടയാളുകള്‍ ഭയവിഹ്വലരായാണ് താത്രിക്കുട്ടി അന്തര്‍ജനത്തെ വീക്ഷിച്ചതു തന്നെ. ലോകത്തിതുവരേയും കേട്ടു കേള്‍വി പോലുമില്ലാത്ത സംഭവമാണല്ലോ ഈ സംയോജനം. ഉന്നതരില്‍ഉന്നതകുലജാത, മനോഹരി, ദര്‍ശനമാത്രയില്‍ സ്ത്രീകളില്‍ പോലും അഭിനിവേശം ജനിപ്പിക്കുന്ന ലാവണ്യധാമം. അവളാണ് കുലവും, തറവാടും മറന്ന് പുലയന്റെ കൂടെ പോന്നിരിക്കുന്നത്.
വിവാഹസംഘം മാടന്റെ കുടിലില്‍ (കല്ലും ഓടും മേഞ്ഞ വീട്ടില്‍) വന്നു കയറി. പുരോഹിതന്‍ ഇട്യാദി മൂപ്പനവരെ പാണീഗ്രഹണം ചെയ്യിച്ചു. തിരിയിട്ടു തെളിച്ചു ഭദ്രദീപത്തിന്റെ മാസ്മരധോരണിയില്‍ ദേവീവിഗ്രഹം പോലെ താത്രിക്കുട്ടിയുടെ മോഹനവദനം ശോഭയാര്‍ന്നു മിന്നി. നമ്പൂതിരിയില്ലത്താണീ വിവാഹം നടന്നിരുന്നതെങ്കില്‍ ശിരസ്സു മുതലാഗമാനം ആച്ഛാദനം ചെയ്ത രീതിയിലായിരുന്നവളുടെ വസ്ത്രധാരണം. അതിനു ഘടക വിരുദ്ധമായി താ, ഇല്ലത്തു നിന്നും ഉടുത്തൊരുങ്ങി വന്ന അതേ വസ്ത്രങ്ങളോടും ആഭരണങ്ങളോടു കൂടി മാത്രം നാനാജാതിമതക്കാരുടേയും, പുലയരുടേയും ക്രിസ്ത്യാനികളുടെയും സാന്നിദ്ധ്യത്തില്‍ നമ്രശിരസ്‌ക്കയായി, ആളുകളെ നോക്കി മന്ദസ്മിതം പൊഴിച്ചും നിന്നിരുന്നു.
ഇതിനിടയ്ക്കു രണ്ടു സ്ത്രീകള്‍ ചായയുണ്ടാക്കി ഗൗരിക്കുട്ടി കടയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നിരുന്ന പലഹാരങ്ങള്‍ എല്ലാവര്‍ക്കുമായി വിതരണം ചെയ്തു. അപ്രതീക്ഷിതമായേര്‍പ്പാടു ചെയ്ത, തുലോം, ലളിതമായ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞു ചായ സല്‍ക്കാരത്തില്‍ പങ്കുകൊണ്ടും എല്ലാവരും പിരിഞ്ഞു.
പപ്പുമാനേജര്‍ ചിത്തരാജിനേയും മറ്റും വിളിച്ചു മുന്നറിയിപ്പു നല്‍കി.
പുലപ്പേടി നാളിലാണ് താത്രിക്കുട്ടി കാട്ടാത്തില്ല മുപേക്ഷിച്ചു പോന്നതെന്നതു സത്യം തന്നെ.
പക്ഷേ വിഷ്ണു നമ്പൂതിരിയുടെ നിര്‍ദ്ദേശപ്രകാരം, നായര്‍ ചട്ടമ്പികള്‍ അപ്രതീക്ഷിതമായി ഇരുളിലൂടെ വന്നാക്രമിച്ചെന്നിരിക്കും. അതുകൊണ്ടു വളരെ ജാഗ്രതയോടിരിക്കണം. നമ്മുടെ എല്ലാവരുടേയും ജീവനു ഭീഷണിയുണ്ടാകും. കരുതിയിരിക്കുന്നതാണ് നല്ലത്.
വൈകുന്നേരമായിട്ടും താത്രിക്കുട്ടിയെ കാണാതെ വിഷ്ണു നമ്പൂതിരി വിഷമിച്ചു. ആകസ്മികമായ അസ്വസ്തത അദ്ദേഹത്തെ അലട്ടി. അന്വേഷണാര്‍ത്ഥം ആളുകളെ അയച്ചു. രണ്ടു നായന്മാര്‍; പള്ളിക്കാടു കവലയില്‍ വച്ചു തന്നെ അവര്‍ക്കറിവു ലഭിച്ചു. സാവിത്രിക്കുട്ടിയെ മാടന്റെ മകന്‍ അധ്യാപകനായ പുലയച്ചെറുക്കന്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നു.
വിവരമറിഞ്ഞ തമ്പുരാന്‍ സ്തബ്ദനായി മുത്തശ്ശി നിലത്തിരുന്നു പോയി ഹൃദയം പൊട്ടുമാറ് ഏങ്ങലടിച്ചു കരഞ്ഞു. അയ്യോ എന്റെ പൊന്നുമോള്‍ക്കീ ഗതി വന്നല്ലോ... ശിവ.... ശിവ.
ഈ ഇല്ലത്തിത് ആദ്യത്തെ അനുഭവമാണ് അന്ന്യ പുന്നാരമായി വളര്‍ത്തിക്കൊണ്ടു വന്ന കുഞ്ഞാണേയ, പുലക്കിടാത്തന്‍ തട്ടിക്കൊണ്ടു പോയത്. വാല്യക്കാരും മറ്റും വന്നു തമ്പുരാട്ടിയെ താങ്ങിയെടുത്തു കട്ടിലില്‍ കിടത്തി. അവര്‍ വീശിക്കൊടുത്തു കണ്ണുനീര്‍ തുടച്ചു വെള്ളം കൊണ്ടു വന്നു മുഖത്തു തളിച്ചു.
തമ്പുരാനു ദുഖമടക്കുവാന്‍ കഴിയാതെ വാവിട്ടു കരഞ്ഞു. ചാരുകസേരയില്‍ മറിഞ്ഞു കിടന്നു വ്യാകുലപ്പെട്ടു കണ്ണുനീര്‍ വാര്‍ത്തു.
മനസ്സിന്റെ പ്രക്ഷാളനം, കഠിനമായി വിങ്ങിപ്പൊട്ടി.
കുറച്ചു നേരത്തിന്നു ശേഷം ചട്ടമ്പികളോടു നിര്‍ദ്ദേശിച്ചു. വള്ളത്തില്‍ കയറി ഇല്ലിക്കാട്ടു പോയി മുല്ലത്തറയില്ലത്തു ചെന്നു അവളുടെ അപ്പനോടു വിവരം ധരിപ്പിക്യാ.
വേലക്കാരില്‍ ചിലര്‍ - തമ്പ്രേനേ - ഇപ്പോത്തന്നെ പുറപ്പെട്ടോട്ടേ.
അതേ ഇപ്പോ തന്നെ പുറപ്പെട്ടോളൂ എന്നാലേ നാളെ രാവിലെ അവിടെ എത്തുകയുള്ളു പൊയ്‌ക്കോളൂ - ഉം. അവര്‍ വന്നിട്ടു പിന്നെ തീരുമാനിക്കാം.
നാട്ടില്‍ കോളിളക്കം സൃഷ്ടിക്കപ്പെട്ടു, കാട്ടാത്തില്ലത്തോടനുബന്ധമുള്ള സകല നായന്മാരും നമ്പൂതിരിമാരുമടക്കം എല്ലാവരും അറിഞ്ഞു.
താലൂക്കധികാരി കണ്ടന്‍നാഗമ്പിള്ളയെ പപ്പുമാനേജരും കൂട്ടരും കൂടി അദ്ദേഹത്തിന്റെ താമസ സ്ഥലത്തു ചെന്നു അറിയിച്ചു.
കണ്ടന്‍ നാഗമ്പിള്ള - ആ തമ്പുരാട്ടിക്കുട്ടിക്ക് എത്ര വയസ്സു കാണും.
പപ്പുമാനേജര്‍ - ഒരു പത്തിരുപത്തഞ്ചു വയസ്സു കാണും. തമ്പ്രേനേ.
കണ്ണന്‍ നാഗമ്പിള്ള - സത്യമാണോ മാഷേ
പപ്പുമാനേജര്‍ - അതേ തമ്പുരാനേ, ശരദദാസ്സിനോടൊപ്പം ഒന്നു രണ്ടു ക്ലാസ്സിനു താഴെ പഠിച്ചിരുന്ന കുട്യാണേയ്.
കണ്ടന്‍ നാഗമ്പിള്ള - കാരണം പ്രായപൂര്‍ത്തിയായ തരുണിയാണോന്നാ ആരായുന്നത്. പിന്നെ പുലപ്പേടി നാളുകളാണല്ലോ ഇത് അതുകൊണ്ട് ഇതിനുനിയമസാധുതയുണ്ട്. ആ പെണ്‍കുട്ടി അയാളെ ഇഷ്ടപ്പെട്ടു പോണതല്ലേ. പിടിച്ചു കൊണ്ടു പോയതല്ലല്ലോ.
പപ്പുമാനേജര്‍ - അല്ല തമ്പുരാനെ. അവര്‍ തമ്മിലനുരാഗബദ്ധരായിരുന്നു. ശരദദാസ്സിന്റെ പഠിപ്പ് ഉദ്യോഗം സ്ഥിര വരുമാനും പിന്നീട് പുലയരുടെ ഒരുമയ്ക്കും വേണ്ടി അനവരതം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അയാളെ യാതൊന്നിനും വിഷമിപ്പിച്ചിരുന്നില്ല.
ദാസിന്റെ സാമൂദായിക, സാമൂഹ്യ പ്രവര്‍ത്തനത്തിനുമൊന്നും ആ കുട്ടി പ്രേമാതുരയായി തടസ്സപ്പെടുത്തിയിരുന്നില്ല. നിരവധി വിവാഹാലോചനകള്‍ വന്നിട്ടും അവളതൊക്കെ ഒഴിവു കഴിവുകള്‍ പറഞ്ഞു വ്യതിചലിപ്പിച്ചു. അയാള്‍ക്കു വേണ്ടി കാത്തിരുന്ന വിശാല മനസ്‌ക്കതയുള്ള തരുണീമണി.
ഇപ്പോള്‍ അങ്ങത്തേയുടെ കൃപാകടാക്ഷം കൊണ്ട് ഭൂമിയും ലഭിക്കുമാറായി കൊണ്ടിരിക്കുന്നു. താത്രിക്കുട്ടിയെ പോറ്റുവാനുള്ള കഴിവും തണ്ട്യാടവുമുള്ള യുവാവാണ് ശരദദാസ്സ്.
ഇക്കൊല്ലം പുലപ്പേടി നാളുകള്‍ സമാരംഭിക്കുവാന്‍ കാത്തിരിക്കുകയായിരുന്നു.
അവന്റെ ജ്യേഷ്ടനാണ് ചിത്തരാജ് അന്നിവിടെ വന്നു അധികാരിയെ ദര്‍ശിച്ചില്ലെ ആ ശക്തനായ പ്രവര്‍ത്തകന്‍ അതു തന്നെ ആള്.
കണ്ടന്‍ നാഗമ്പിള്ള - ശരി പോലീസു വരുമ്പോള്‍ വസ്തുതകളൊക്കെ നമ്മോടു വിവരിച്ചിട്ടുണ്ടെന്നു പറഞ്ഞോളൂ. പിന്നെ നാളെത്തന്നെ ഞാന്‍ പോലീസുകാരെ അറിയിച്ചു വേണ്ട പോലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യിക്കുന്നുണ്ട്. പിന്നെ ഒന്നു കൂടി തമ്പുരാനും ചട്ടമ്പിമാരും അനാവശ്യമായി ശല്യം ചെയ്യുവാന്‍ വന്നാല്‍ നിങ്ങളുടെ കഴിവു പോലെ അവരെ തടുത്തോളൂ. ഇതിനൊക്കെ പെണ്‍കുട്ടിയുടെ മൊഴി പോലിരിക്കും കാര്യഗൗരവം കൈകാര്യം ചെയ്യുന്നതിന്റെ ആക്കവും തൂക്കവും. ആ തമ്പുരാട്ടിക്കുട്ടിയെ ഭീഷണിപ്പെടുത്തിയോ, അനുനയിപ്പിച്ചോ വിളിച്ചു കൊണ്ടു പോകുവാന്‍ അവര്‍ പല സൂത്രങ്ങളും പ്രയോഗിക്കും അതിനൊന്നും വശംവദയാകരുതെന്നതിന്നെ പറഞ്ഞു മനസ്സിലാക്കിയിരിക്കണം.
പപ്പുമാനേജര്‍ - ശരി തമ്പുരാനെ, ഞങ്ങളെന്നാ പോയി വരട്ടെ (അധികാരിയോടു യാത്രയും പറഞ്ഞവര്‍ തിരിഞ്ഞു നടന്നു.)
നേരമേകദേശം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കും സാവധാനം നടന്നു പോരുമ്പോള്‍ ചില നായര്‍ ചട്ടമ്പികള്‍ കവലയിലെ അടഞ്ഞു കിടക്കുന്നകടയ്ക്കു സമീപം വഴി വക്കില്‍ നിന്നിരുന്നു. അസമയത്ത് അവിചാരിതമായി കാണുവാനിടയായ പഥികരെ സംശയാസ്പദമായി.
ആരാ.... ആരാ (ഉച്ചത്തില്‍) തീപ്പെട്ടിയുണ്ടോ? 
പപ്പുമാനേജര്‍ - ഇല്ല.
ചട്ടമ്പികളിലൊരാള്‍ - ഏ : തീപ്പെട്ടിയില്ലേ (മദ്യലഹരിയില്‍ അക്ഷരം വഴങ്ങാത്ത രീതിയില്‍).
പപ്പുമാനേജര്‍ - ഇല്ല എന്നു വീണ്ടും വാക്കുകളുതിര്‍ത്തു. അവരെ മറി കടന്നു മുന്നോട്ടു നീങ്ങി.
ചട്ടമ്പികളില്‍ രണ്ടാമന്‍ - ഹാ - പോകാന്‍ വരട്ടെ - എവിടന്നാവരവ്.
പപ്പുമാനേജര്‍ - വേറൊരു സ്ഥലം വരെ പോയിട്ടു വരികയാണ്.
ചട്ടമ്പികളില്‍ മൂന്നാമന്‍ - അതെവിടെയാണ് ഞങ്ങളുമൊന്നറിയട്ടെ, കാരണം ഞങ്ങള്‍ക്കും എന്തെങ്കിലും സഹായം ചെയ്യുവാന്‍ കഴിയുമോ എന്നു നോക്കാനാണ്.
പപ്പുമാനേജര്‍ - ഒരാള്‍ സുഖമില്ലാതെ കിടക്കുന്നതു കാണുവാന്‍ പോയിട്ടു വരികയാണ് ഞങ്ങള്‍ പോകട്ടെ.
ചട്ടമ്പികളില്‍ ഒന്നാമന്‍ - ആരാ - ഏതായാലും ഞങ്ങളറിയുന്നതു നല്ലതാണ് കാരണം ഞങ്ങളീ നാട്ടിലെ പ്രധാനപ്പെട്ട വ്യക്തികളാണ്.
പപ്പുമാനേജര്‍ - പ്രധാനപ്പെട്ട ആളുകളെന്നു പറഞ്ഞാല്‍ എങ്ങിനെയാണ്.
ചട്ടമ്പികളില്‍ രണ്ടാമന്‍ - ഇവിടത്തെ ഏറ്റവും വലിയ ജന്മിയില്ലേ വിഷ്ണുനമ്പൂതിരി ആ തമ്പുരാന്റെ കാര്യക്കാരാണ്.
പപ്പുമാനേജര്‍ - ഓഹോ - അദ്ദേഹത്തിന്റെ കാര്യക്കാരായ നായന്മാരാണല്ലേ.
ചട്ടമ്പികളില്‍ മൂന്നാമന്‍ - അദ്ദേന്റെ ഒരു ചെറുമോളില്ലേ - അതിന ഒരു പുലച്ചെറുക്കന്‍ പിടിച്ചോണ്ടു പോയി. അക്കാര്യത്തിനിടപെടാന്‍ തമ്പുരാനേല്‍പ്പിച്ച ആളുകളാണ് ഞങ്ങള്‍.
പപ്പുമാനേജര്‍ - ഞങ്ങള്‍ക്കിതൊന്നുമറിയില്ല. ഒരാള്‍ മരിക്കാറായി കിടക്കുന്നിടത്തു നിന്നും വരികയല്ലേ. അതുകൊണ്ടു ഞങ്ങള്‍ പോകട്ടെ.
ചട്ടമ്പികളില്‍ മുന്‍പന്‍ - അങ്ങിനെ പോകാന്‍ വരട്ടെ കയ്യില്‍ വല്ലതുമുണ്ടെങ്കില്‍ തന്നിട്ടു പോണം ഹേ.
പപ്പുമാനേജര്‍ - അയ്യോ ഒന്നുമില്ലല്ലോ.
ചട്ടമ്പികളില്‍ മുമ്പന്‍ - നിങ്ങള്‍ വ്യാപാരികളല്ലേ - അതുകൊണ്ട് ആ പണക്കിഴി ഇങ്ങോട്ടു തന്നിട്ടു പോണം (എന്നു പറഞ്ഞു കത്തിയെടുത്തു കാണിച്ചു).
പപ്പുമാനേജര്‍ - ഹാ - അതെന്തിനാ കത്തി കാണിച്ചു വിരട്ടുന്നത് (എന്നു പറഞ്ഞു ആ കൈക്കു കടന്നു പിടിച്ചു തിരിച്ചു കത്തി താഴെയ്ക്കുവിടുവിച്ചു). കാലിന്റെ മുട്ടുകൊണ്ടു അവന്റെ നാഭി നോക്കി ഒരു തൊഴി കൊടുത്തു.
അമ്മേയെന്നു വിളിച്ചു കൊണ്ടവന്‍ പിന്നിലേയ്ക്കു മറിഞ്ഞു വീണു. മറ്റു രണ്ടു പേരിലൊരാളെ പപ്പുമാനേജരുടെ കൂടെയുണ്ടായിരുന്ന തുപ്രനും, കോലപ്പനും കൂടി കൈകാര്യം ചെയ്തു. പപ്പുമാനേജര്‍ രണ്ടാമത്തെ നായരെ കടന്നു പിടിച്ചു. മുഖം പൊത്തി അടിച്ചു അടികൊണ്ടവന്റെ മൂക്കില്‍ നിന്നും ചോരയൊലിച്ചു. ചെവി മൂളി തലകറങ്ങി താഴെ വീണു. ആദ്യത്തവനെ പപ്പുമാനേജര്‍ തുണിക്കുത്തിനു പിടിച്ചു പൊക്കി നിര്‍ത്തി കൊടുത്തൊരു ശക്തമായ പ്രഹരം, അവിചാരിതമായി ഏറ്റ ആഘാതം മൂലം രണ്ടു പേരും എഴുന്നേല്‍ക്കുവാന്‍ പോലും കഴിവില്ലാതെ കിടന്നു പിടഞ്ഞു. തുപ്രനും കോലപ്പനും ആക്രമിച്ച നായര്‍ ചെറുപ്പക്കാരന്‍ അടുത്തു നിന്നിരുന്ന തെങ്ങിന്‍ തടത്തിലേയ്ക്കു മറിഞ്ഞു വീണു കിടന്നു.
പപ്പുമാനേജരുടെ അവജ്ഞയോടു കൂടിയുള്ള കളിയാക്കല്‍ - എന്താ പുളച്ചെറുക്കനെ പിടിക്കുവാന്‍ പോകുന്നില്ലേ. അവര്‍ എഴുന്നേല്‍ക്കുവാന്‍ പോലും വയ്യാതെ ഞരങ്ങി മൂളി.
അയ്യോ... അയ്യോ... ഞങ്ങളെ എഴുന്നേല്‍പ്പിക്കണേ. ഞങ്ങളെ ഒന്നും ചെയ്യല്ലേ. ഞങ്ങളെ രക്ഷിക്കണേ. അടുത്തെങ്ങും ആളുകളോ വീടുകളോ ഒന്നുമില്ലാതിരുന്നതിനാല്‍ വീണു കിടന്നിരുന്നവര്‍ക്ക് യാതൊരു സഹായവും ലഭിക്കാതെ ഞരങ്ങിക്കരയുവാനേ കഴിഞ്ഞിരുന്നുള്ളൂ.
പപ്പുമാനേജരോടൊപ്പം തുപ്രനും കോലപ്പനും നടന്നു നീങ്ങി. അദ്ദേഹത്തിന്റെ വിശ്രമ സങ്കേതത്തില്‍ വന്നു കിടന്നുറങ്ങി.
ചിത്തരാജും കൂട്ടരും ഇട്യാദി മൂപ്പന്റെ കുടിലിനു സമീപമുള്ള പഴയ വയോജനപാഠശാലയിലും മറ്റുമായി മാറി മാറി മാടന്റെ വീടിനു കാവലായി നിന്നു.
ഒരാള്‍ ഒരു നേരം, ശരദദാസ്സിന്റെ വീട്ടുമുറ്റത്തും പരിസരത്തും ഒരു പ്രാവശ്യം നടന്നു തിരിച്ചു വിശ്രമ സങ്കേതത്തില്‍ വന്നാല്‍ അടുത്തതായിവേറൊരാള്‍ പോയി വരും പിന്നെയടുത്തയാള്‍ ഇങ്ങിനെയായിരുന്നു കാവല്‍ - പിറ്റേദിവസം നേരം വെളിച്ചം പരക്കാന്‍ തുടങ്ങിയപ്പോള്‍ പപ്പുമാനേജരുടെ സങ്കേതത്തില്‍ എല്ലാവരും വന്നു. നിലത്തു പായ വിരിച്ചു കിടന്നുറങ്ങി. കൂട്ടത്തില്‍ ചിത്തരാജിനോടു തുപ്രന്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. അതായത് ശരദദാസ്സിനെ ആക്രമിക്കുവാന്‍ തമ്പുരാനയച്ചവരെ ചെത്തിത്തറ കവലയ്ക്കല്‍ വച്ചു ഞങ്ങള്‍ക്കു കിട്ടി അടികൊണ്ടവിടെ കിടപ്പുണ്ടാകും, എഴുന്നേറ്റു പോയോ എന്നൊന്നുമറിയില്ല.
******