"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

സംഘടനയും, സമ്മേളനവും, ഉന്നതര്‍ ഭയന്നു - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പതിനഞ്ച്

അന്നും പതിവുപോലെ പാട്ടും, പരിചമുട്ടുകളികളും നടന്നു, ചെറുതായിട്ടൊരു യോഗവും കൂടി. ചര്‍ച്ചകള്‍ നടത്തി.
അതില്‍ പങ്കെടുത്തു കൊണ്ടു ചിത്തരാജ് നിര്‍ദ്ദേശിച്ചു. ഏതെങ്കിലും മുതലാളി കൂലി കൂടുതല്‍ തരാതിരിക്കുകയോ ചട്ടമ്പികളെ വിട്ടു ആക്രമിക്കുകയോ ചെയ്യുന്നുണ്ടെന്നറിഞ്ഞാല്‍ താമസംവിനാ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തണം. എങ്കില്‍ മാത്രമേ അതിനെതിരായി ഞങ്ങള്‍ക്കിട പെടുവാന്‍ സാധിക്കുകയുള്ളൂ. ചിത്തരാജ് ഇങ്ങിനെയൊക്കെ പ്രസംഗിക്കുമ്പോള്‍, പപ്പു മാനേജരും പരമശിവന്‍ പിള്ളയും ചര്‍ച്ചയിലേയ്ക്കു വേണ്ട നിര്‍ദ്ദേശമേകി കൊണ്ടിരുന്നു.
ചിത്തരാജ് തുടര്‍ന്നു. ചില തൊഴിലാളികള്‍, മുതലാളിയെ പേടിച്ച് ഞങ്ങളോടു പറയാതിരിക്കും കാരണം അവരുടെ വാല്യക്കാരും, ചട്ടമ്പികളും അടിക്കടി വിരട്ടുന്നുണ്ടാകും.
അതായത് സംഘക്കാര്‍ നിന്റെയൊക്കെ കൂടെ എപ്പോഴുമുണ്ടായെന്നു വരില്ല. ഈ കാണാവുന്ന ഉപകാരങ്ങളൊക്കെ ചെയ്തു തന്നതു മുതലാളിയല്ലേ. മുതലാളി കുടിലു കെട്ടിത്തന്നു. വേല തന്നു കൂലി തന്നു എന്നൊക്കെ.
പക്ഷേ നിങ്ങളൊന്നു മനസ്സിലാക്കണം, അതായത് അവര്‍ തരുന്ന കൂലിയുടെ നൂറുമടങ്ങു വേല ചെയ്തു നിങ്ങള്‍ മുതലാളിയേയും മറ്റും തീറ്റിപ്പോറ്റുന്നില്ലേ. നിങ്ങള്‍ വിയര്‍പ്പൊഴുക്കി പണി ചെയ്തിട്ടാണ് നിങ്ങള്‍ക്ക് കൂലി തരുന്നത്. കൂടാതെ എത്ര പീഡനം നിങ്ങളനുഭവിച്ചു. ഞങ്ങള്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ കൂലി കൂടുതല്‍ ലഭിച്ചു തുടങ്ങി. അതു നിങ്ങളോര്‍ക്കണം. വഴികളില്‍ കൂടി സൈ്വര്യമായി നടക്കാമെന്നായി. മാറുമറയ്ക്കുവാനവകാശം ലഭിച്ചു. കൂടാതെ കുട്ടികളെ സ്‌ക്കൂളില്‍ ചേര്‍ക്കുന്നതിനും സംഘം ഇടപെട്ടു. ഇപ്പോള്‍ സംഘത്തെ അവര്‍ക്ക് ഭയങ്കര ഭയമാണ്. ''അതാണ് സംഘക്കാര്‍ എപ്പോഴുമുണ്ടായെന്നു വരില്ലെന്നു അവര്‍ പറഞ്ഞത്''. പക്ഷേ ഞാനും എന്റെ കൂട്ടുകാരും എപ്പോഴുമുണ്ടാകും. നിങ്ങള്‍ കണ്ടതല്ലേ; മാഷും പിള്ളയും ഞാനുമൊക്കെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളൊക്കെ. ഇനി മുതല്‍ നിങ്ങളെ ആരും തല്ലിക്കൊന്നു ചെളിയില്‍ ചവിട്ടി പൂത്തുകയില്ല. പള്ളിക്കൂടത്തില്‍ ചേര്‍ക്കുവാന്‍ കൊണ്ടു ചെല്ലുന്ന കുഞ്ഞുങ്ങളേയും രക്ഷകര്‍ത്താക്കളേയും തല്ലി ഓടിക്കുകയില്ല. നമ്മുടെസ്ത്രീകളെ ബലാല്‍സംഗവും ചെയ്യുകയില്ല. അതുകൊണ്ടു നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവിടെ അറിയിക്കുവാന്‍ ഒരിക്കലും മടി കാണിക്കരുത്.
പിന്നെ പുലപ്പേടി നാളും മണ്ണാപേടി പറപ്പേടി നാളുകളിലുമൊക്കെ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അറിയിക്കുവാന്‍ മടി കാണിക്കരുത്.
ചിത്തരാജ് നിര്‍ദ്ദേശിച്ചവസാനിപ്പിച്ചു.
ഇന്നത്തെ യോഗം ഇവിടെ അവസാനിച്ചതായി കണക്കാക്കാമെന്നു പപ്പു മാനേജര്‍ പറഞ്ഞു. എല്ലാവരും പിരിഞ്ഞു പോകുവാന്‍ തുടങ്ങുമ്പോള്‍ ഒരുത്തന്‍ പേടിച്ചു വിറച്ചു. വെപ്രാളപ്പെട്ടു ഓടി വന്നു. തമ്പ്രാ.... തമ്പ്രാ... എന്നുറക്കെ കരഞ്ഞു. പപ്പു മാനേജരുടെ മുമ്പില്‍ സാഷ്ടാംഗം വീണു തൊഴുതു.
എങ്കള രച്ചിക്കണേ തമ്പ്രാ.
പപ്പു മാനേജര്‍ (അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു) ഉം. എന്താകാര്യം പറയൂ. അവിടെ ഇരുന്നു പറഞ്ഞോളൂ.
വന്നയാള്‍ പൊട്ടിക്കരഞ്ഞു - അല്‍പ്പം കഴിഞ്ഞു കരച്ചിലടക്കി, തോര്‍ത്തെടുത്തു, കണ്ണുനീര്‍ തുടച്ചു കൊണ്ട് ഇരുന്നു. പിന്നെ ആശ്വസിച്ച ശേഷം പറഞ്ഞു.
തമ്പ്രാ - എണ്ട മോന്‍ തേവന, അടിച്ചി, ഇടിച്ചി, കൊല്ലാകൊല ചെയ്‌തേക്കണി, വേല കയ്ഞ്ഞി വരണ വയി മാറാനെടോല്ലാത്തോടത്തു, മാറാഞ്ഞേനി അവന പിടിച്ചി കെട്ടിയിടിച്ചി. ഇപ്പ വൈജ്യന്റെവടേണി ചോതോല്ല, പോതോല്ലാണ്ടാണി - കെടക്കണത്. എങ്കക്കാരൂല്ല ഏമാനേ. എണ്ട മോന്‍ വേലേടുത്താണി, ഞങ്ങേക്ക കയ്യണത്. അവനേണി കൊല്ലാകൊല നടത്തി അനങ്കാന്‍ പോലും പറ്റാണ്ടാക്കീട്ടേക്കണി... എങ്കളരച്ചിക്ക് തമ്പ്രാ.
ണി....എങ്കലരച്ചിക്ക് തമ്പ്രാ.

വിവരങ്ങളൊക്കെ കേട്ടശേഷം പപ്പു മാനേജര്‍ വന്നവനോടു പറഞ്ഞു, നാളെ രാവിലെ നമുക്കൊരുമിച്ചു പോകാം, ഇന്നിവിടെ നിന്നോളൂ. അത് ചിത്തരാജ്, ഞാനില്ലെങ്കിലും കാര്യങ്ങള്‍, ഇദ്ദേഹത്തോടു പറഞ്ഞാലും മതി. കൂടാതെ ഇന്നു രാത്രി ചിത്തരാജിന്റെ വീട്ടില്‍ പൊയ്‌ക്കോളൂ. അവിടന്നു ചെറിയ ആഹാരം ലഭിക്കും. എന്നിട്ട് അവിടെത്തന്നെ കിടന്നുറങ്ങിക്കോളൂ. ഞാന്‍ നാളെ രാവിലെ ഇവിടെ വരും, നമ്മള്‍ ആളുകളെ കൂട്ടി ഇവിടെ നിന്നും പുറപ്പെടാം.
നിങ്ങളെല്ലാം അവരവരുടെ കുടിലിലേയ്ക്കു പൊയ്‌ക്കൊള്ളൂ.
പിറ്റേദിവസം എല്ലാവരും കൂടി പുറപ്പെട്ടു. തോടും പുഴകളും കാടും കുന്നും താണ്ടി ചില കടകളില്‍ നിന്നും ചായയും കുടിച്ചു വഴിയമ്പലങ്ങളില്‍ കിടന്നുറങ്ങി രണ്ടാമത്തെ ദിവസം രാവിലെ മുതല്‍ നടപ്പു തുടങ്ങി. അന്നേരം ഒരു വിളി കേട്ടു.
ഏ...ഏ....ഹേയ്.....ഹേയ് (മാറിപ്പോ ഉന്നതന്റെ വരവ്) വളരെ അകലെ വച്ചു തന്നെയുള്ള ശബ്ദമായിരുന്നത്. വന്നിരുന്നത് തമ്പുരാനും കാര്യസ്ഥനുമായിരുന്നു. കാര്യസ്ഥനാണ് വിളിച്ചു പറഞ്ഞ് വഴിയൊരുക്കിയിരുന്നത്.
കൂടെയുണ്ടായിരുന്ന, അടികൊണ്ട ജീവച്ഛവമായി കിടക്കുന്ന പുലയ ചെറുക്കന്‍ തേവന്റെ പിതാവ് മുന്നോട്ടു വന്നു ചിത്തരാജിനോടു പറഞ്ഞു.
ആ വരുന്നേണ് ഈ നാട്ടിലെ വല്യാ തമ്പുരാന്‍ അദ്ദേനാണ് എണ്ട മോന കട്ടപ്പെടുത്തേത്.
ചിത്തരാജ് ഉടനെ മാഷിനോടു പറഞ്ഞ പ്രകാരം മാഷ് മറുപടി ശബ്ദം പുറപ്പെടുവിച്ചു.
ഓ...ഓ....ഹോ ഞങ്ങള്‍ മാറിയേ. ഉന്നതനു സൈ്വര്യമായി പോകാം എന്നതായിരുന്നതിനു ഉത്തരം.
പുലയ ചെറുക്കന്റെ പിതാവിനു വഴിയരികില്‍ തന്നെ മാറ്റി നിര്‍ത്തി, ബാക്കിയുള്ളവര്‍ കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്നു. ആളുകളെല്ലാം മാറിയെന്നു കണ്ട തമ്പുരാന്‍ മുന്നോട്ടു പ്രായണം ചെയ്തു. പുലയ കാര്‍ന്നോരുടെ സമീപമില്ലാത്ത രീതിയില്‍ മാറി സാവധാനം നടന്നു വന്നു നിന്നു.
കാര്യസ്ഥന്‍ അവന്റെ അടുത്തു വന്നു, കോപാവിഷ്ടനായി പൊട്ടിത്തെറിച്ചു. എടാ നീ പുലയനല്ലേടാ തമ്പുരാന്‍ വരുന്നത് കണ്ടില്ലേ. നീ കള്ളത്തരം കാണിച്ചില്ലേടാ വഴി മാറിയെന്നു വിളിച്ചു പറഞ്ഞിട്ട് നീ മാറാതെ നില്‍ക്കുന്നോടാ അവന്‍ അടിക്കുവാന്‍ കയ്യോങ്ങി പുലയന്‍ മാറിക്കളഞ്ഞു - ഒന്നു രണ്ടടി ദേഹത്തു കൊണ്ടു. അവന്‍ പറഞ്ഞു. ഏനല്ലേ! ദേ അവരാണേ!
കുറ്റിക്കാടുകളില്‍ മറഞ്ഞിരുന്ന പോരാളികള്‍ വെളിയില്‍ വന്നു.
മാഷ് ആക്രോശിച്ചു. പിടിച്ചു കെട്ടടാ രണ്ടിനേം. അപ്രതീക്ഷിതമായ ആക്രമണത്തില്‍, അന്ധാളിച്ചു പോയ തമ്പുരാനും കാര്യസ്ഥനും ശബ്ദിക്കുവാന്‍ പോലും കഴിയാതെ സ്തബ്ദരായി നിന്നു പോയി. ചിത്തരാജ് തമ്പുരാനെ കയറിപിടിച്ചു. അയാളുടെ കഴുത്തില്‍ കിടന്നിരുന്ന നാടന്‍ മുണ്ടെടുത്തു കൈരണ്ടു പിന്നിലാക്കി കെട്ടി മറ്റുള്ളവര്‍ കാര്യസ്ഥന്‍േറയും കൈകള്‍ കൂട്ടി ബന്ധിച്ചു.
ചിത്തരാജ് കൂടെയുള്ള തേവന്റെ തന്തയോട് - ഇവനെ നിങ്ങളുടെ കൈ കെഴക്കുന്ന വരേ പ്രഹരിക്കൂ. മറ്റുള്ളവരും കാര്യസ്ഥനെ പൊതിരെയടിച്ചു. കൂടാതെ നമ്പൂതിരിയെ ചിത്തരാജും പ്രഹരിച്ചു.
നീയൊക്കെ തീണ്ടലും തൊടീലും കൊണ്ടു നടക്കോല്യാടാ കള്ള നമ്പൂരീ.
നീയൊക്കെ തല്ലി കൊല്ലാറാക്കിയവന് ഇനി വേലയ്ക്കു പോകുവാന്‍ പറ്റോടാ... പട്ടിത്തമ്പുരാനേ... എവടേടാ നിന്റെ ചട്ടമ്പികള്‍.
മാഷേ ഇവനേക്ക എന്തു ചെയ്യണം. ചിത്തരാജാരാഞ്ഞു തീര്‍പ്പു കല്‍പ്പിക്കേണ്ടത് മാഷാണല്ലോ.
ഇവനേക്ക, ആ പാറയുടെ മുകളില്‍ കയറ്റി കീഴോട്ടു തള്ളിയിട്ടു കൊല്ലാടാ.
നമ്പൂതിരിക്കു മിണ്ടുവാന്‍ പോലും, കഴിഞ്ഞിരുന്നില്ല. അവരെ കൊല്ലാന്‍ പോകുന്നെന്നു പറഞ്ഞപ്പോള്‍ വായ തുറന്നു. 
നമ്മളെ കൊല്ലല്ലേ... നോം എന്താ വേണേന്നു വച്ചാല്‍ ചെയ്യാം.
ചിത്തരാജ്, അതവന്‍ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി പറയുകയാണ്, ജീവന്‍ ലഭിച്ചാല്‍, പ്രതികാരം ചെയ്യാന്‍ മടിക്കാത്തവനാണ്.... നിനക്കു ജീവനില്‍ ഭയമുണ്ടല്ലേ... നടക്കടാ അവരെ വലിച്ചിഴച്ചു കൊണ്ടു നടന്നു.
രണ്ടിനേം കൊല്ലണം. നിന്‍േറയൊക്കെയൊരു തീണ്ടിക്കളി. പുലയരും മനുഷ്യരല്ലേടാ.
ഇല്ലേ, നോം വാക്കു മാറില്യാ. നമ്മളെ കൊല്ലല്ലേ രക്ഷിക്കണേ.
വീണ്ടും, അടിയും, ഇടിയും, ചവിട്ടും കൊടുത്തു കൊണ്ടിരുന്നു. ഓരോ തൊഴിക്കും, അയ്യോ, അമ്മേ, കൊല്ലല്ലേ എന്താന്നു വെച്ചാല്‍ ചെയ്യാം.
മാഷ് ചോദിച്ചു, അടികൊണ്ടു അവശനായി കിടക്കുന്ന പുലയച്ചെറുക്കന്‍ തേവനെ ചികിത്സിച്ചു ഭേദമാക്കി രക്ഷപ്പെടുത്തണം. നമ്പൂതിരി ശരി അതു നോം ചെയ്യാം.
മാഷ്. അവരുടെ കുടിലു മാറ്റി, കല്ലും ഓടും കൊണ്ടുള്ള പുരയാക്കി കെട്ടി കൊടുക്കണം.
തമ്പുരാന്‍ സമ്മതിച്ചിരിക്കുന്നു... അടുത്തത്. വീടു കെട്ടി കൊടുക്കുന്ന പുരയിടം അവന്റെ പേരില്‍ പതിച്ചു നല്‍കണം... അതും സമ്മതിച്ചു എന്നു തമ്പുരാന്‍ കരഞ്ഞു പറഞ്ഞു.
ഇനി അവന്റെ വീടിനു സമീപമുള്ള നെല്‍പ്പാടം അവന്റെ പേരിലാക്കി കൊടുക്കണം. എന്താ.
നമ്പൂതിരി മിണ്ടാതെ നിന്നു.
മാഷ് ചെകിടടച്ചു ഒറ്റടി കൊടുത്തു. അടികൊണ്ട തമ്പുരാന്‍ തലകറങ്ങി വീണു. ചിത്തരാജ് പിടിച്ചെഴുന്നേല്‍പ്പിച്ചു. അടിയുടെ ആഘാതത്തില്‍ അയ്യോ.... അയ്യോ... അമ്മേ.... അവനു ഒരു നിമിഷം കൊണ്ടോര്‍മ്മ വന്നു. അയാള്‍ വിളിച്ചു പറഞ്ഞു. അതു ചെയ്തു കൊടുക്കാമേ.
മാഷ്. ഇല്ല വിടില്ല. ഇതൊക്കെ മൂന്നു മാസത്തിനുള്ളില്‍ ചെയ്തു തീര്‍ത്തു കൊള്ളാമെന്നു എഴുതി ഒപ്പിട്ടു തരണം. കേട്ടോടാ തമ്പുരാനേ. ചെയ്യാമേ ഞങ്ങളെ അഴിച്ചു വിടൂ.
മാഷ് വിടില്ല നാണക്കേടാക്കണം. നിന്റെയൊക്കെ ഇല്ലത്തു ചെന്നു, ഇതൊക്കെ എഴുതി തന്നിട്ടേ നിന്നെയൊക്കെ വിടുന്നുള്ളൂ.
കൈകള്‍ കെട്ടിയിട്ട നിലയില്‍ തന്നെ രണ്ടിനേയും നടത്തിച്ചു. കൊണ്ടു പോകുന്ന വഴിക്ക്, കണ്ടു നിന്നിരുന്ന ആളുകളൊക്കെ കൂടെ ചേര്‍ന്നു. കൂക്കു വിളിച്ചു.
എല്ലാവര്‍ക്കും തമ്പുരാന്റെ ക്രൂരതിയില്‍ അമര്‍ഷമുണ്ടായിരുന്നു. അവസരം ലഭിച്ചപ്പോള്‍ അവരും വന്നു കയ്യേറ്റം ചെയ്തു. ചിലര്‍ മുഖത്തിട്ടു തുപ്പി. ചട്ടമ്പികളില്‍ ചിലര്‍ തമ്പുരാനെ പിടിച്ചവരെ ആക്രമിച്ചു അദ്ദേഹത്തെ രക്ഷപ്പെടുത്തുവാന്‍ നോക്കി. ചിത്തരാജ് കത്തിയൂരി അവരെ ഭയപ്പെടുത്തി അകറ്റിക്കൊണ്ടിരുന്നു. നടന്നും, വീണും, പിടിച്ചു നടത്തിയും ഇല്ലത്തെത്തിച്ചു. ഇല്ലത്തുള്ളവരൊക്കെ പൂമുഖത്തു വന്നു നോക്കി ചിലര്‍ പല്ലിറുമ്മി. സ്ത്രീകളും മക്കളുമൊക്കെ അടുക്കുവാന്‍ നോക്കി. പപ്പു മാനേജര്‍ കത്തിയൂരിപ്പിടിച്ചു എല്ലാവരേയും അകത്തി നിര്‍ത്തി പറഞ്ഞു.
കുറച്ചു നാള്‍ മുമ്പ് ഇവിടെ ഒരുത്തനെ അടിച്ചും ഇടിച്ചും കൊല്ലാറാക്കിയപ്പോള്‍ നിങ്ങളാരും കണ്ടില്ലല്ലോ. ഇപ്പോള്‍ ഈ തമ്പുരാനെന്ന ഈ പട്ടിക്കിട്ട് നല്ല ഇടി കിട്ടിയപ്പോള്‍ വരുന്നോടി. എന്താടാ ചട്ടമ്പികളേ, അവരോടും തിരിഞ്ഞു പറഞ്ഞു.
കടലാസും പേനയും കൊണ്ടു വരൂ എഴുതിത്താടാ. ഞാനവിടെ പറഞ്ഞ കാര്യങ്ങളൊക്കെ എഴുതിത്താടാ പട്ടീ.
ഞാനടിച്ചു ഇടിച്ചു കൊല്ലാറാക്കിയ തേവനെ ചികിത്സിച്ചു ഭേദമാക്കി രക്ഷപ്പെടുത്തിക്കൊള്ളാം. അതിന്റെ എല്ലാ ചിലവുകളും വഹിക്കുന്നതായിരിക്കും.
ഓടിട്ട മേല്‍ക്കൂരയുള്ള കല്ലും വീടും കെട്ടിക്കൊടുത്തു കൊള്ളാം. ആ വീടിരിക്കുന്ന പുരയിടവും ചുറ്റുമുള്ള നെല്‍വയലും അവന്റെ പേരില്‍ പതിച്ചു നല്‍കാം. കൂടാതെ തമ്പുരാനെ അവര്‍ക്കു ജീവിക്കേണ്ടേ, അവന്‍ വേലയെടുക്കുവാന്‍ പ്രാപ്തിയാകുന്ന വരേയ്ക്കും രണ്ടു ഇടങ്ങഴി നല്ല തരം അരി ദിനംതോറും അവന്റെ കുടിലില്‍ കൊണ്ടു പോയി കൊടുപ്പിക്കാം... എഴുതടാ അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറായിക്കൊള്ളൂ.
ഇതിനു മാറ്റം വന്നാല്‍ നിന്റെ ശവം ആ പാറയിടുക്കില്‍ കിടന്നു കഴുകന്‍ കൊത്തി വലിക്കും പറഞ്ഞേക്കാം.
കേട്ടോടാ ചട്ടമ്പികളേ, ഇവിടെ കൂടിയിരിക്കുന്ന ആളുകള്‍ മൊത്തം കേട്ടോളൂ മഹാരാജാവു തിരുമന:സ്സു കൊണ്ടു ഉത്തരവിറക്കീട്ടുണ്ട്, പുറം ജാതിക്കാര്‍ക്കു വഴി നടക്കാം ഐത്തം കല്‍പ്പിക്കുവാന്‍ പാടില്ല. മാറു മറച്ചു നടക്കാം, കൂലി കൂടുതല്‍ നല്‍കണം സാധുജനങ്ങളുടെ കുഞ്ഞുങ്ങളെ സ്‌ക്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം. ഇത്തരം ഉത്തരവുണ്ടായിട്ടും ഈ പട്ടി നമ്പൂതിരി അതൊക്കെ മറച്ചു പിടിച്ചു കൊണ്ടാണ് തേവനെ പിടിച്ചു കെട്ടിയിട്ടു മര്‍ദ്ദിച്ചു കൊല്ലാറാക്കിയിരിക്കുന്നത്.
ഇവന്റെ പെമ്പറന്നോത്തിയും മക്കളുമൊക്കെയുമുണ്ടല്ലോ ഇവിടെ പപ്പു മാനേജര്‍ അവരോടു കൂടി തിരിഞ്ഞു പറഞ്ഞു നിയൊക്കെ എന്തിനു നടക്കണേടാ, ഈ തമ്പുരാന്‍ ചെയ്യുന്നതൊക്കെ കണ്ണടച്ചു പിടിച്ചു നീതീകരിക്കുകയാണോ, തേവന കെട്ടിയിട്ടു മര്‍ദ്ദിച്ചപ്പോള്‍ നീയൊക്കെ എവിടെയായിരുന്നെടാ, പട്ടി ഉണ്ണി നമ്പൂതിരിമാരേ.
ഉണ്ണുക ഉറങ്ങുക ഉണ്ണികളെ പെറീക്കുക. ഇതൊക്കെയല്ലേടാ നിന്റെയൊക്കെ വേല.
പൂമുഖത്തേയ്ക്കു നോക്കി - എടീ മറക്കുട തമ്പുരാട്ടികളേ, തേവനീക്ക അരി കൊടുത്തില്ലെങ്കില്‍ ഈ പട്ടിത്തമ്പുരാനെ നിങ്ങള്‍ ഇനി കാണുകയില്ല. ഇവനിത്ര നാളും ചെയ്തു കൂട്ടിയ തെറ്റിന് നിങ്ങള്‍ കൂടി ഉത്തരവാദികളായിരിക്കും പറഞ്ഞേക്കാം.
എടാ തമ്പുരാനേ, ഇനി നീ കേറി പൂമുഖത്തിരുന്നു കല്‍പ്പിച്ചോ. അല്ലെങ്കില്‍ നീയിപ്പോള്‍ പാറമടയില്‍ കിടന്നു ചാകേണ്ടതായിരുന്നു.
കാര്യസ്ഥനോടു - എടാ നായരേ, ഇനി മേലില്‍ വഴികളില്‍ കൂടി പോകുമ്പോള്‍ കൂക്കു വിളിച്ചാല്‍ നിന്റെ നാവു ഞാനറുത്തു കളയും, ഈ പീറ ചട്ടമ്പികളെ കണ്ടു തുള്ളേണ്ട അതു മനസ്സിലാക്കിക്കോ. ഞാനീ പറഞ്ഞതിനൊക്കെ വ്യത്യാസം വരുത്തിയാല്‍ നിന്റെയൊക്കെ ജീവന്‍ കാണില്ല പറഞ്ഞേക്കാം. ഇതു മഹാരാജാവിന്റെ ഉത്തരവാണ് ഓര്‍ത്തോളൂ. അവര്‍ എല്ലാവരും പടിക്കു പുറത്തിറങ്ങി നടന്നു തുടങ്ങി.
തേവന്റെച്ചന്‍ അവരുടെ കൂടെ തേവനെ ചികിത്സിക്കുന്ന വൈദ്യരുടെ വീടു കാണിക്കാവന്‍ ചെന്നു. ചികിത്സാലയത്തില്‍ ഒരു വശത്തെ മണ്‍ഭിത്തിയോടു ചേര്‍ന്നുള്ള ചാണകം മെഴുകിയ തറയില്‍ പായില്‍ കിടത്തിയായിരുന്നു ചികിത്സ.
അവര്‍ ചെന്നതും വൈദ്യര്‍ ഇറങ്ങി വന്നു. പപ്പു മാനേജരോടു സംസാരിച്ചു. കുറേ നാളു പിടിക്കും ശരിയായി വരുവാന്‍. നെഞ്ചത്തു മുള്ള കുത്തിക്കയറിയ മുറിവുകളൊക്കെ പൊറുത്തു ഇനിയുള്ളതു കൈകാലുകള്‍ക്കേറ്റ ക്ഷതവും പിന്നെ നെഞ്ചത്തും ഉള്‍ഭാഗത്തുമേറ്റ ആഘാതവുമാണ്; അതിനുള്ള മരുന്നും, തിരുമു ചികിത്സയും തുടങ്ങിക്കഴിഞ്ഞു.
പപ്പു മാനേജര്‍ ചോദിച്ചു വൈദ്യരുടെ പേരെന്താണ്.
മാധവന്‍ വാലൊക്കെയുണ്ട്. പക്ഷേ വാലു വെയ്ക്കുന്നതെനിക്കിഷ്ടമല്ല. മാധവന്‍ വൈദ്യനെന്നറിയുന്നതാണെനിക്കേറെയിഷ്ടം.
ഞാന്‍ പപ്പു മാനേജര്‍ - കുറെ അധികം തെക്കു നിന്നും വരികയാണ്. മഹാരാജാവു തിരുമനസ്സു കൊണ്ട് ചില ഉത്തരവുകളിറക്കിയിട്ടുള്ളത് അങ്ങയ്ക്കറിയാമല്ലോ. അതൊന്നും ഈ ജന്മി മുതലാളിമാര്‍ പാലിക്കുന്നില്ല. എന്റെ പ്രവര്‍ത്തന മേഘല വളരെ തെക്കു പടിഞ്ഞാറെ ഭാഗമാണ് ഈ പ്രദേശത്ത് ഇന്നം സാധു ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണീ കാണുന്ന ദേവന്റെ മേലുള്ള ആക്രമണം. തേവന്റെ അച്ഛന്‍ ഞങ്ങളെ തേടി വന്നു. വിവരങ്ങളൊക്കെ പറഞ്ഞു. പിന്നെ ഞങ്ങള്‍ പ്രയാണമായിരുന്നു. ഇന്നെത്തിയതേയുള്ളൂ. വഴിക്കു വെച്ചു തന്നെ തമ്പുരാനെ ഞങ്ങളുടെ കയ്യില്‍ കിട്ടി. ദേഹഹാനിയും മാനഹാനിയും കാരണം അയാള്‍ കുറേ നാളത്തേയ്ക്കു പുറത്തിറങ്ങുകയില്ല.
വൈദ്യന്‍ പറഞ്ഞു - ഞാന്‍ മാഷിനെ പറ്റി കേട്ടിട്ടുണ്ട്. ആ ഭാഗത്തു പരമശിവന്‍ പിള്ളയുടെ കടയില്‍ വന്നിട്ടുമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനത്തില്‍എനിക്കു വളരെ അഭിമാനമുണ്ട്. ഞാനാണ് തേവന്റെ അച്ഛനെ അങ്ങോട്ടയച്ചത്. അവന്റെ കരച്ചില്‍ കേട്ട് വിഷമം തോന്നിയതു കൊണ്ടാണ് ഞാനവനെ അങ്ങോട്ടു പറഞ്ഞു വിട്ടത്. അവിടെ ചെന്നു നിങ്ങളെ കണ്ടു പറഞ്ഞാല്‍ ഉടനെ നിങ്ങളും കൂട്ടരും ഇവിടെ എത്തിച്ചേരുമെന്നാണ് ഞാന്‍ പറഞ്ഞത്.
പപ്പു മാനേജര്‍ - നാം വേണ്ട രീതിയില്‍ ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ എഴുതി വാങ്ങീട്ടുമുണ്ട്. വൈദ്യരെ രേഖ കാണിച്ചു കൊടുത്തു. മാഷ് ചെയ്തത് വളരെ നല്ല കാര്യമാണ് പക്ഷേ ആ തമ്പുരാന്‍ ഇതൊക്കെ ചെയ്യുമോ എന്നുള്ളതു കണ്ടറിയണം.
പപ്പു മാനേജര്‍ - ചെയ്യുമെന്നുള്ളതിനുറപ്പാണിത്. അതും കൂടാതെ രണ്ടിടങ്ങഴി അരി വീതം ദിനവും നല്‍കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിന്നെ തമ്പുരാന്റെ ചട്ടമ്പികളേയും വേണ്ട രീതിയില്‍ ഞാന്‍ താക്കീതു ചെയ്തിട്ടുണ്ട്. വൈദ്യര് ഈ വിവരങ്ങള് എന്നെ കൂടക്കൂടെ എഴുതി അറീക്കണം.
അവര്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ വൈദ്യര് അകത്തു പോയി ഭാര്യയോട് കുറച്ചു സംഭാരം കൊണ്ടു വന്നു വന്നവര്‍ക്കു കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ എല്ലാവര്‍ക്കും കഞ്ഞി കൊടുക്കുവാനും ഏര്‍പ്പാടു ചെയ്തു.
ഒരു രാത്രിയും പകലും കാര്യമായ ആഹാരങ്ങളൊന്നുമില്ലാതെ നടന്നു വന്നരിുന്ന അവര്‍ക്ക് തണുപ്പുള്ള സംഭാരം ലഭിച്ചപ്പോള്‍ വളരെ ആശ്വാസം തോന്നി. വൈദ്യരുടെ ചികിത്സാലയത്തിന്റെ ഭിത്തിയിലും പടിയിലും മുറ്റത്തുള്ള ചാര്‍ത്തിലും മറ്റുമായി അവര്‍ ഇരുന്നു സംസാരിച്ചു.
പപ്പു മാനേജര്‍ - വൈദ്യരെ ഈ പാവങ്ങളുടെ കാര്യങ്ങള്‍ നോക്കുവാനാരുമില്ല. എല്ലായിടത്തും സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. പിന്നെ തേവന്റെ അച്ഛനെ വിളിച്ചു അടുത്തു നിര്‍ത്തി പറഞ്ഞു. തേവന്റെ പേരില്‍ ഭൂമിയും വീടും മറ്റും ലഭിച്ചാല്‍ അതിന്റെ ചെറിയൊരു വിഹിതം ഞങ്ങള്‍ക്കു തരണം. അതിനു സംഘത്തിന്റെ പ്രതിനിധി ഇടയ്‌ക്കൊക്കെ ഇവിടെ വരും. അവരെ ഏല്‍പ്പിക്കണം. വലിയവനോടാണ് നാം പോരടിച്ചു ഇത്രയും കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. ഇവയോരോന്നും യധോചിതം തമ്പുരാന്‍ ചെയ്യുന്നുണ്ടോ എന്നുള്ള വിവരം വൈദ്യരോടു പറയണം. വൈദ്യര്‍ എന്നോടു കത്തു മുഖേന അറിയിക്കുന്നതായിരിക്കും.
തമ്പുരാന്റെ ഇല്ലത്തു വല്ലാത്ത പൊട്ടിത്തെറിയായി. സ്ത്രീകള്‍ അയാളെ ചോദ്യം ചെയ്തു.
എല്ലാക്കാലത്തും എല്ലാവരേയും എല്ലാത്തരത്തിലും ദ്രോഹിക്കാമെന്നു നിങ്ങള്‍ കരുതി.
പുറം ജാതിക്കാരെ ദ്രോഹിക്കുന്നതില്‍ നിന്ന് പിന്‍തിരിയുന്നതാണ് നല്ലത്. കണ്ടോ ഞങ്ങളേയും കൂടി അവര്‍ ഭീഷണിപ്പെടുത്തി. നമ്മുടെ മക്കളേയും അസഭ്യം പറഞ്ഞു. വാല്യക്കാരെ പ്രതികരിക്കുവാന്‍ വയ്യാത്ത പോലെയാക്കി. ആ പുലയ ചെറുക്കനു വീടു കെട്ടി കൊടുക്കണം, പറമ്പും പാടവും നഷ്ട പരിഹാരമായി പതിച്ചു നല്‍കണം. അവനെ ചികിത്സിക്കുവാനുള്ള ചെലവും വഹിക്കണം. ഹോ-എന്തായീ കേള്‍ക്കുന്നത്. പുലയരീ ഇല്ലത്തു കയറി വന്നു കുഴപ്പങ്ങള്‍ കാട്ടിയതു പൊറുക്കുവാന്‍ പറ്റുമോ? ഈ വാഗ്ദത്വമൊക്കെ ചെയ്യാതിരുന്നാല്‍ അവര്‍ വന്നു കൊന്നു കളയും. ഏതായാലും, അനുഭവിക്കുക തന്നെ. ഈ ഗതികേട് ഈ ഇല്ലത്തിനു മാത്രമേ വന്നിട്ടുള്ളൂ. പുലയരോട് നിങ്ങള്‍ക്കുള്ള ഐത്തവും സമീപനവുമാണ് ഇതൊക്കെ വന്ന് തിരിച്ചടിയായി തീര്‍ന്നിരിക്കുന്നത്. ഏതായാലും കൊല്ലാതെ വിട്ടതു ഭാഗ്യം.
ആ വന്നവന്റെ ധീരത കണ്ടോ അവന്‍ മഹാരാജാവിന്റെ ഉത്തരവിന്‍ പടിയാണ് വന്നിരിക്കുന്നത്. അവന്‍ വല്ല ക്ഷത്രിയനോ അല്ലെങ്കില്‍ വല്ല പടക്കുറുപ്പോ മറ്റോ ആകാനാണ് സാധ്യത എന്നാലും അവന്റെ കൂടെയുള്ളവരൊക്കെ ആയുധം കയ്യിലേന്തിയ തികഞ്ഞ അഭ്യാസികളാണ്.
തേവന്റെ ജീവന്‍ കളഞ്ഞിരുന്നെങ്കില്‍ പകരം നിങ്ങളുടെ ജീവനവരെടുത്തേനെ. ഈ കാര്യസ്ഥനാണ് ഇതിനൊക്കെ ആണി. ആവശ്യമുള്ളതിനും ഇല്ലാത്തതിനും ഒക്കെ ഈ നായരിടപെടും.
അല്ലാ പറഞ്ഞിട്ടെന്തു കാര്യം, തമ്പുരാന്റെ നിര്‍ദ്ദേശ പ്രകാരമല്ലേ ഈ നായരും പ്രവര്‍ത്തിക്കുന്നത്. എത്ര പുലയരേയാണ് ഈ ഇല്ലത്തിന്റെ മുറ്റത്തിട്ട് കൊന്നിട്ടുള്ളത്. ഇതിന്റെ അവസാനം ഇല്ലം മുടിയിലായിരിക്കുമോ?
വൈദ്യരുടെ വീട്ടില്‍ നിന്നും, കഞ്ഞി കുടി കഴിഞ്ഞ് തേവന്റെ ചികിത്സാ കാര്യങ്ങളൊക്കെ മനസ്സിലാക്കി, പപ്പു മാനേജരും സംഘവും പുറപ്പെട്ടു.
നടന്നും വിശ്രമിച്ചും പ്രദേശങ്ങള്‍ താണ്ടിയും അവര്‍ പരമശിവന്‍ പിള്ളയുടെ ചായക്കടയിലെത്തി ചായയും പലഹാരങ്ങള്‍ കഴിച്ചു.
സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു പല വ്യതിയാനങ്ങളും നാട്ടില്‍ സംജാതമായി. വഴി നടക്കുന്നതിനു വലിയ തടസ്സങ്ങളില്ലാതായിരിക്കുന്നു. ഉന്നതര്‍ വരുമ്പോള്‍ മാറിപ്പോ എന്ന ശബ്ദത്തിന്നു കുറവുണ്ടായിരിക്കുന്നു. ഏ...ഏ... ഹേയ് എന്നു വിളിച്ചിരുന്നെങ്കിലും മാറേണ്ട ദൂരത്തില്‍ നിന്നുംമാറ്റമുണ്ടായി. എന്നാലും സാധുജനങ്ങള്‍ മാറി ഒതുങ്ങി നിന്നിരുന്നു. ഓടി മാറി കാട്ടിലൊളിക്കല്‍ പ്രവണത ഇല്ലാതായി. മാറുവാന്‍ സ്ഥലമില്ലാത്ത ഇടം തോടാണെങ്കില്‍ വെള്ളത്തില്‍ ചാടണമെന്ന നിബന്ധനയ്ക്കു മാറ്റം വന്നു. അതിനു പകരം വഴിയുടെ ഇറമ്പത്തു ഒതുങ്ങി മാറി നില്‍ക്കാമെന്നായി. പകരം തമ്പുരാന്‍ തന്നെ നാടന്‍ മുണ്ട് പുലയന്‍ നിന്നിരുന്ന ദര്‍ശനത്തിനു മറപിടിച്ചാണയാള്‍ നടന്നു പോയിരുന്നത്.
മുന്‍പു പുലയനോടി മറഞ്ഞിരുന്ന സ്ഥാനത്തു തമ്പുരാക്കന്മാര്‍ ഓടിയോ, ധൃതിയില്‍ നടന്നോ മുഖം തിരിച്ച് ഒഴിഞ്ഞു പോകുവാനോ തുടങ്ങി. ഈ പ്രവണത വെളുത്തവരും എടുപ്പുള്ളവരുമായ നായന്മാരും തുടര്‍ന്നിരുന്നു. കൂടാതെ പുറംജാതിക്കാരും പരസ്പരം ഐത്തം ആചരിച്ചിരുന്നു. 
പുലയരില്‍ നിന്നും താഴെത്തട്ടിലാണ് വേലന്മാരും, പറയരും, വേട്ടുവരും, കണക്കന്മാരുമെന്ന തരത്തിലാണ്, തീണ്ടാപാടകലെ ഐത്തം ആചരിച്ചിരുന്നത്. ഇതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ക്രിസ്ത്യാനികളുടെ ആചാരം. ബ്രാഹ്മണര്‍ തുടങ്ങിയ ഉന്നതരില്‍ നിന്നും മതം മാറിയവര്‍ ഉന്നതരെ പോലെ തന്നെയാണ് പെരുമാറിയിരുന്നത്. പുലയരില്‍ നിന്നും മാര്‍ഗ്ഗം കൂടിയവര്‍ ശരിക്കുള്ള പുലയരെ തീണ്ടാപ്പാടകലെ മാറണമെന്ന നിര്‍ബന്ധമുള്ളവരായിരുന്നു എങ്കിലും ആചരിച്ചിരുന്നില്ല. വീടുകളില്‍ പോലും കയറ്റിയിരുന്നില്ല.
വരേണ്യ വര്‍ഗ്ഗക്കാരില്‍ നിന്നും ക്രിസ്ത്യാനികളായവര്‍ ഭൂരിഭാഗം പേരും, പൗരോഹിത്യം തൊഴിലായി സ്വീകരിച്ചിരുന്നു. പുരോഹിത വര്‍ഗ്ഗം അവരുടെ പാരമ്പര്യം, മതം മാറിയാലും കൈവിടുവാനാഗ്രഹമില്ലാത്തവര്‍ അവ ലഭിക്കുവാന്‍ ഏതു വഴിയും അവലംബിച്ചിരുന്നു.
മതം മാറിയ വെളുത്ത പുലയര്‍, സാമ്പത്തികം കൂടിയുള്ളവരുമാണെങ്കില്‍, വീടുകളുടെ മുറ്റത്തോ, വരാന്തയിലോ പോലും സമീപിക്കുവാനവസരം പുറം ജാതിക്കാര്‍ക്കു നല്‍കിയിരുന്നില്ല. ജാതി മാറിയ കറുത്ത പുലയരെ പേരോടു ചേര്‍ത്തു ''ചാക്കോപ്പെലേ''നെന്നു സംബോധന ചെയ്തു അകറ്റി നിര്‍ത്തിയിരുന്നു. പള്ളിയില്‍ ചെന്നാലും ഇവര്‍ എല്ലാവരുടെയും പിന്നില്‍ പോയി മുട്ടുകുത്തണം.
ഈ സമീപനം കാരണം അവര്‍ വേറൊരു സഭ രൂപീകരിച്ചു. പക്ഷേ അവിടം കൊണ്ടും നിന്നില്ല. ജാതി പീഡനം അവിടെയും നടമാടി സാമ്പത്തിക ശേഷിയില്ലാത്തതും കറുത്തവരുമായിരുന്നവര്‍ എവിടേയും അവജ്ഞയനുഭവിക്കേണ്ടി വന്നിരുന്നു. പീഡനം മൂക്കുമ്പോള്‍ ഏതെങ്കിലുംസഭയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഉപദേശി ഈ പതിത വര്‍ഗ്ഗക്കാരെ രക്ഷിക്കുവാനെന്ന വ്യാജേന പ്രത്യക്ഷപ്പെടും. പിന്നെ അയാള്‍ വെച്ചു നീട്ടിയിരുന്ന സഭ രൂപീകരിച്ചു വിപുലപ്പെടുത്തുന്നു.
ഇവരുടെ ഉപദേശി പ്രാര്‍ത്ഥനയിലും മറ്റും പറഞ്ഞിരുന്നു; നമ്മുടെ സഭ വികസിക്കണമെങ്കില്‍, അവരോടും സൗഹാര്‍ദ്ദപരമായി പെരുമാറണം. മറ്റു ജാതിക്കാരോടും നാം ജാതി വ്യത്യാസം കാണിക്കുവാന്‍ പാടില്ല. നമ്മുടെ സഭയുടെ വളര്‍ച്ചയ്‌ക്കൊക്കെ അത്യാവശ്യമാണെന്നു ഉപദേശി പറയുമായിരുന്നു. 
ഒരു കുടുംബത്തില്‍ പെട്ടവര്‍ തന്നെ ജാതി മാറിപ്പോയവര്‍ വഴികളില്‍ കൂടി പോകുമ്പോള്‍ സംസാരിക്കുവാനിടയായാല്‍ അവര്‍ പൊയ്ക്കഴിഞ്ഞാല്‍.
ആരാണ് വല്യാമ്മേ ആ പോയത്.
അത് പെലേരാണ് മോളേ, നെനക്കറിയില്ല.
അതായത് ജാതിയുടെ മാര്‍ഗ്ഗം മാറലും, ഭീകരതയും ഉച്ചനീചത്വമായി തന്നെ കണക്കാക്കിയിരുന്നു. വേര്‍തിരിവ് സ്വന്തക്കാര്‍ തമ്മിലായാലും വേണ്ടി അതു ജാതീയമായി തന്നെ വേര്‍തിരിവു പുലര്‍ത്തിയിരുന്നു.
സംഘത്തിന്റെ യോഗദിവസം സമാഗതമായി കൊണ്ടിരുന്നു. തദവസരത്തില്‍ അവിടെ ചെറിയൊരു പന്തലിട്ടു ഒരു പ്രസംഗ പീഠമുണ്ടാക്കി. പകല്‍ സായാഹ്ന സമയത്തായിരുന്നു യോഗം. ഗൗരിക്കുട്ടിയുടെ കളം ഇരിക്കുന്ന പറമ്പിലായിരുന്നു യോഗം. യോഗ സ്ഥലത്തേയ്ക്കു നിരവധി പുലയരും, കണക്കന്മാരും, വേലരും, പറയും ഒക്കെ സ്ത്രീകളും, കുട്ടികളും സഹിതം വന്നു കൊണ്ടിരുന്നു.
വഴിക്കു വെച്ചു പല നായന്മാരും ചോദിച്ചു എവിടേയ്ക്കു പോണേടി.
നാങ്കമീച്ചിങ്ങക്കു പോകേണി.
ഉം. കൂടിക്കോ, കൂടിക്കോ വേലയ്ക്കു എടുക്കുകയില്ല.
അയ്യോ തമ്പ്രാ മാഷ് വിളിച്ചിട്ടാണേയ്.
യോഗദിവസം പതിത വര്‍ഗ്ഗത്തിനന്ന് ഉത്സാഹമായിരുന്നു. എല്ലായിടത്തിലും ആവേശം തിരതല്ലി. എല്ലാ വീട്ടില്‍ നിന്നും ആളുകളെത്തി കൊണ്ടിരുന്നു. തോരണങ്ങള്‍ തൂക്കി വര്‍ണ്ണ കടലാസുകള്‍ കൊണ്ടും കുരുത്തോലകള്‍ കൊണ്ടുമാണ് അരങ്ങു തൂക്കിയിരുന്നത്. പ്രസംഗപീഠത്തിന്റെ മുകള്‍ത്തട്ടില്‍ മാടന്റെ വീട്ടില്‍ നിന്നു കൊണ്ടു വന്ന രണ്ടു വെളുത്തമുണ്ട് വിതാനമായി കെട്ടിയിരുന്നു.
പരമശിവന്‍ പിള്ളയുടെ ചായക്കടയുടെ മുമ്പില്‍ ഒരറിയിപ്പു ബോര്‍ഡും പിന്നെ ചില കവലകളിലും ബോര്‍ഡുമുണ്ടായിരുന്നു. അക്കാലത്ത് നോട്ടീസോ, വിളിച്ചു പറയുവാനുള്ള സംവിധാനങ്ങളോ ഇല്ലാതിരുന്നു എന്നാലും, യോഗം സമീപിച്ചിരുന്ന അവസരങ്ങളില്‍ മെഗാഫോണിലൂടെ കൊലപ്പനോ, തൂപ്രനോ വിളിച്ചു പറഞ്ഞു പ്രചാരണം നടത്തിയിരുന്നു. പിന്നെ പരസ്പരം പറഞ്ഞുമാണ് പ്രചരിപ്പിച്ചിരുന്നത്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ചിത്തരാജും, സന്നദ്ധ പോരാളികളും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടി നിയോഗിക്കപ്പെട്ടിരുന്നു. യോഗത്തിനു ആളുകള്‍ വരുമ്പോഴും, യോഗം നടക്കുമ്പോഴും, യോഗം കഴിഞ്ഞു പോകുമ്പോഴും ആളുകളുടെ മേല്‍ കയ്യേറ്റമുണ്ടാകാതെ നോക്കേണ്ട ചുമതല ചിത്തരാജിന്‍േറതായിരുന്നു. അതിനു വേണ്ടി ഇരുളില്‍ മറഞ്ഞിരിക്കുവാനും അവരെ നിര്‍ദ്ദേശിച്ചിരുന്നു.
കാര്യപരിപാടി തുടങ്ങി.
യോഗം തുടങ്ങുന്നതിന്റെ മുന്നോടിയായി, ചെണ്ട കൊട്ടു പഠിച്ചു അരങ്ങേറ്റം നടത്തുവാനാശിച്ചു നടന്നിരുന്ന കുട്ടിച്ചന്റെ മേളം വേദിയിലാരംഭിച്ചു, ചെല്ലന്‍ ഇലത്താളം കൊട്ടി അനുമേളമാക്കി കൊണ്ടിരുന്നു.
സമ്മേളനത്തിനു വന്നു കൊണ്ടിരുന്നവര്‍ കുട്ടിച്ചന്റെ മേളം കേട്ടാസ്വദിച്ചു കൊണ്ടാണ് യോഗസ്ഥലത്തേയ്ക്കു പ്രവേശിച്ചു കൊണ്ടിരുന്നത്. ഇത്ര നല്ല മേളക്കാരനാണോ കുട്ടിച്ചന്‍ എന്നവര്‍ പരസ്പരം അഭിപ്രായപ്പെട്ടു. ഇട്യാതി മൂപ്പന്‍ ഗുരുസ്ഥാനീയനായി വേദിയില്‍ ഉപവിഷ്ടനായിരുന്നു. നല്ലൊരു വെളുത്ത മുണ്ടാണയാള്‍ ഉടുത്തിരുന്നത്. ചുവന്ന ഒരു തുണി ഏത്താപ്പും കെട്ടിയിരുന്നു. വെള്ളികെട്ടിയ ചൂരലും കയ്യിലേന്തിയിരുന്നു. പൊതുവേ ഒരു ഗ്രാമത്തലവന്റെ എടുപ്പായിരുന്നദ്ദേഹത്തിന്.
വേദിയില്‍ ഒരു മെഗാഫോണ് ഒരു വടിയില്‍ കെട്ടി നിര്‍ത്തിയിരുന്നു. അതാണ് മൈക്കിനു പകരമായി പ്രസംഗിക്കുവാന്‍ ഉപയോഗിച്ചിരുന്നത്.
കുറേയധിക നേരത്തെ ചെണ്ടകൊട്ടിനു ശേഷം, കലാശം കൊട്ടി മേളമവസാനിപ്പിച്ചു. ചെണ്ടക്കോലു കൈയ്യില്‍ പിടിച്ചു ചെണ്ടയും തോളില്‍ തൂക്കിയിട്ട ിലയില്‍ കുട്ടിച്ചന്‍ വേദിയില്‍ നിന്നു എല്ലാവരെയും തൊഴുതു. ചെല്ലനും വന്ദനം പറഞ്ഞു. പിന്നെ രണ്ടു പേരും ഇട്യാതി മൂപ്പന്റെ കാലു തൊട്ടു നമസ്‌ക്കരിച്ചു, പിന്‍വാങ്ങി.
പപ്പു മാനേജര്‍ വിളിച്ചു പറഞ്ഞു; യോഗമാരംഭിക്കുവാന്‍ പോകുകയാണ് എല്ലാവരും നിശബ്ദത പാലിക്കണം.
ആദ്യം പ്രാര്‍ത്ഥന അത് ആലപിച്ചത് മാടന്റെ ഇളയമകള്‍ കോതപ്പെണ്ണാണ്. പള്ളിക്കൂടത്തില്‍ പോയിരുന്ന പെണ്‍കുട്ടിയായതിനാല്‍ നല്ലൊരു പാവാടയും, ഒരു ജമ്പറുമാണാ കുട്ടി ധരിച്ചിരുന്നത്. അവളുടെ പ്രാര്‍ത്ഥനാ ഗാനം വളരെ ഹൃദയഹാരിയായിരുന്നു. അതിനുശേഷം പഠിപ്പുള്ളവനും, അദ്ധ്യാപകനുമായിരുന്നു ശരദദാസാണ് സ്വാഗതമാശംസിച്ചത്.
സ്വാഗത പ്രസംഗം തുടര്‍ന്നു. സാധുജന പരിപാലന സംഘത്തിന്റെ ഈ ഭാഗത്തെ പ്രഥമ സമ്മേളനമാണീ നടക്കുന്നത്. ഈ സമ്മേളനം ഇവിടെ ഏര്‍പ്പാടു ചെയ്തിരിക്കുന്നത്, നമ്മുടെ മാഷായ പപ്പു മാനേജരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലമായാണിത്. അദ്ദേഹം ജാതീയമായി ആരാണെന്താണെന്നും നമ്മള്‍ക്കറിയില്ല. എന്നാലും മഹാരാജാവിന്റെ ഉത്തരവിന്‍ പടിയാണിവിടെ വന്നിരിക്കുന്നത്. ഒന്നിച്ചിരുന്നു സംസാരിക്കുന്നതിനോ ചെറിയൊരു യോഗം കൂടുവാനോ അര്‍ഹതയില്ലാത്ത നമ്മള്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് നമുക്കിങ്ങനെ സമ്മേളിക്കുവാന്‍ സാധിച്ചത്. ഈ സമ്മേളനത്തിന് അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുന്നത് പരമശിവന്‍ പിള്ള തമ്പുരാനാണ്. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ജാതീയതയോടു കൂടിയുള്ള സംബോധനയ്ക്കു സ്ഥാനമില്ല. അതുകൊണ്ട് പരമശിവന്‍ പിള്ള ചേട്ടന് ഈ സമ്മേളനത്തിലേയ്ക്ക് ആത്മാര്‍ത്ഥമായി തന്നെ സ്വാഗതമാശംസിക്കുന്നു.
അദ്ദേഹം എഴുന്നേറ്റു തൊഴുതു. എല്ലാവരും കയ്യടിച്ചനുമോദിച്ചു. 
അടുത്തത് ഉത്ഘാടകന്‍ കുഞ്ചു ആശാനാണ്. അദ്ദേഹം അധ്യാപകനാണ്. ഈ നാട്ടില്‍ വന്ന് ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. പാവങ്ങളായ കുട്ടികള്‍ക്കൊക്കെ പ്രവേശനം കൊടുത്തു. പിന്നെ സ്‌ക്കൂള്‍ തുടങ്ങി അതിലും പുറം ജാതിക്കാരുടെ മക്കള്‍ക്കാണ് കൂടുതലും പ്രവേശനം നല്‍കി കൊണ്ടിരുന്നത്. അതുകൊണ്ട് വിദ്യയുടെ വെളിച്ചം പതിത വര്‍ഗ്ഗത്തിനു നല്‍കുന്ന ഒരു വലിയ അധ്യാപകനാണദ്ദേഹം.
വിദ്യ നിഷേധിക്കുവാനാര്‍ക്കും അവകാശമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ഒരു വലിയ ഗുരുഭൂതനും കൂടിയാണദ്ദേഹം. അങ്ങിനെയുള്ള ഈ മഹല്‍ വ്യക്തിയെ സമ്മേളനം ഉത്ഘാടനം ചെയ്യുവാന്‍ നമുക്കു ലഭിച്ചത് ഒരു വലിയ അനുഗ്രഹമാണ്. അദ്ദേഹത്തിന്ന് ഈ സംഘത്തിന്റെ പേരില്‍ ഞാന്‍ വിനയപുരസ്സരം സ്വാഗതമാശംസിക്കുന്നു.
അദ്ദേഹം എഴുന്നേറ്റു തൊഴുതു.
എല്ലാവരും കയ്യടിച്ചു ഹര്‍ഷാരവത്തോടെ അനുമോദിച്ചു. ശരദദാസ് തുടര്‍ന്നു. അടുത്തത് ഇവിടെ സന്നിഹിതനായിരിക്കുന്ന ശ്രീ ഇട്യാതി മൂപ്പനാണ്, നമ്മുടെ വര്‍ഗ്ഗത്തിന്റെ മൂപ്പനാണദ്ദേഹം. കലാകാരനും, മന്ത്ര തന്ത്ര വിദ്യയില്‍ അറിവിന്റെ മൂര്‍ത്തി മത്തായ മഹാനുമാണദ്ദേഹം. ഇവിടെയുള്ള ചെറുപ്പക്കാര്‍ക്ക്, ചെണ്ട കൊട്ട് തുടികൊട്ട് കോല്‍ക്കളി മുതലായ അഭ്യാസ മുറകള്‍ ചൊല്ലിക്കൊടുത്തു പഠിപ്പിക്കുന്നുമുണ്ട്. യോഗാവസാനം ഇവിടെ അവതരിപ്പിക്കുവാന്‍ പോകുന്ന പരിചമുട്ടുകളി അഭ്യസിപ്പിച്ചത് ഇട്യാതി മൂപ്പനാണ്. കുട്ടിച്ചന്‍ അണ്ണനീം തുപ്രന്‍ ചേട്ടനീം, കൂടാതെ കോലപ്പന്‍ ചേട്ടനീം, ചീതങ്കന്‍ ചേട്ടനീം, ചെല്ലപ്പന്‍ ചേട്ടനീം ഒക്കെ കലാപരമായ അറിവു പകര്‍ന്നു കൊടുത്തത് ഈ മൂപ്പനാണ്. അദ്ദേഹത്തേയും ഈ യോഗത്തിലേയ്ക്കു സ്വാഗതം ചെയ്തു കൊള്ളുന്നു.
ശ്രീ ഇട്യാതി മൂപ്പന്‍ എഴുന്നേറ്റു ചൂരലും കൂട്ടിപ്പിടിച്ചു തൊഴുതു എല്ലാവരും കയ്യടിച്ചു ആഹ്ലാദത്തോടെ അനുമോദിച്ചു.
ഈ യോഗം കൂടുവാനുള്ള സ്ഥലം അനുവദിച്ചു തന്ന മഹിളകളുടെ പ്രഥമ ഗണനീയയായ ഗൗരിക്കുട്ടി ചേച്ചിയെ എത്ര പ്രശംസിച്ചാലും അത് അധികപ്പറ്റാകുകയില്ല. ഈ യോഗം കൂടുവാനുള്ള എല്ലാവിധ സഹായങ്ങളും നല്‍കിയിരിക്കുന്നത് ശ്രീമതി ഗൗരിക്കുട്ടിയാണ്. കൂടാതെ സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥമായി പങ്കു കൊള്ളാറുള്ള ശ്രീ ഗൗരിക്കുട്ടിയെ ഈ യോഗത്തിലേയ്ക്കു സ്വാഗതം ചെയ്തു കൊള്ളുന്നു.
ഗൗരിക്കുട്ടി എഴുന്നേറ്റു നിന്നു തൊഴുതപ്പോള്‍ എല്ലാവരും ഹര്‍ഷാരവത്തോടെ കയ്യടിച്ചനുമോദിച്ചു.
ഈ നാട്ടില്‍ അധ:സ്ഥിത വര്‍ഗ്ഗത്തിന്റെ പുരോഗതിക്കു വേണ്ടി അനവരതം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മാന്ന്യദേഹമാണ് പപ്പുമാനേജര്‍ മാഷ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന്‍ കീഴിലാണ്, നാമെല്ലാവരും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ഒരിക്കല്‍ കൂടി ഈ യോഗത്തിലേയ്ക്കു സ്വാഗതം ചെയ്തു കൊള്ളുന്നു.
പപ്പു മാനേജര്‍ മുന്നോട്ടു വന്നു തൊഴുതു. എല്ലാവരും ഉത്സാഹത്തോടെ കയ്യടിച്ചു ഹര്‍ഷാരവം മുഴക്കി. 
പാട്ടുപാടുവാന്‍ തയ്യാറായി നിന്നിരുന്ന ഗീതാദേവിക്കും സ്വാഗതമാശംസിച്ചു.
ശരദദാസ് പറഞ്ഞു, ഇവിടെ കൂടിയിരിക്കുന്ന നാമെല്ലാവരും വിസ്മരിക്കുവാന്‍ പാടില്ലാത്ത ഒരു രക്തസാക്ഷിയുണ്ട്. കൂലി കൂടുതലിനു വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു കുഞ്ഞിക്കണ്ടാരി, അയാളെ അതിന്റെ പേരില്‍ ഇവിടത്തെ ജന്മിമാര്‍ മര്‍ദ്ദിച്ചു കൊന്നു, അയാളുടെ പുലയിയായ കുഞ്ഞിക്കാളിയും മക്കളും ഇവിടെ സന്നിഹിതരായിട്ടുണ്ട്. കൂടാതെ പുലപ്പേടിയുടെ പീഡനത്തിനു വിധേയയായി, ഇപ്പോള്‍ സംഘത്തിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ജീവിച്ചിരിക്കുന്ന ഒരു മഹിളാ രത്‌നമാണ് കുഞ്ഞിക്കുട്ടിയമ്മ അവര്‍ക്കും ഇവിടെ കൂടിയിരിക്കുന്ന എല്ലാ മാതാപിതാ മഹന്മാര്‍ക്കും, ജ്യേഷ്ട സഹോദരന്മാര്‍ക്കും, അമ്മമാര്‍ക്കും, സഹോദരീ സഹോദരന്മാര്‍ക്കും എന്റെ പേരിലും, ഈ സാധുജന പരിപാലന സംഘത്തിന്റെ പേരിലും സ്വാഗതമാശംസിച്ചു കൊള്ളുന്നു. നിങ്ങള്‍ക്കേവര്‍ക്കും എന്റെ വിനീതമായ നമസ്‌ക്കാരം.
സ്വാഗത പ്രസംഗമവസാനിച്ചതും എല്ലാവരും കയ്യടിച്ചാഹ്ലാദം പ്രകടിപ്പിച്ചു.
പരമശിവന്‍ പിള്ളയുടെ അദ്ധ്യക്ഷപ്രസംഗം വളരെ ഹ്രസ്വമായ വാക്കുകളിലൊതുക്കി. എന്നാലും അദ്ദേഹം തുടര്‍ന്നു, ഞാന്‍ പപ്പു മാനേജര്‍ മാഷിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നെന്നല്ലാതെ പ്രത്യക്ഷത്തില്‍, അഭിമാനിക്കത്തക്കതായ യാതൊന്നും ഞാന്‍ ചെയ്യുന്നില്ല. സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കൊണ്ട് മുതലാളിമാരുടെയും, ചട്ടമ്പികളുടെയും സ്വജാതിക്കാരില്‍ നിന്നും ചില പീഡനങ്ങളും, നാശനഷ്ടങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അതൊക്കെ ഞാന്‍ സഹിക്കുന്നു. കാരണം പാവങ്ങളെ മനുഷ്യരായി കാണണം അവരധ്വാനിച്ചിട്ടാണ് നാട്ടില്‍ സുഭിക്ഷതയുണ്ടാകുന്നതും, നമ്മള്‍ ഭൂജിക്കുന്നതും. അവരെ ജാതിയുടെ പേരില്‍ പീഡിപ്പിക്കുന്നത് ശരിയല്ല അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്തതു ഉത്ഘാടന പ്രസംഗമായിരുന്നു. അധ്യാപകനായ കുഞ്ചുവാശാന്‍ ഉത്ഘാടനം ചെയ്തു കൊണ്ട് തന്റെ വാക്കുകള്‍ തുടര്‍ന്നു.
ശരദദാസ്സ് പറഞ്ഞതു പോലെ വിദ്യ ആര്‍ക്കും നിഷധിക്കുവാന്‍ അധികാരമില്ല അതു ഈശ്വരന്റെ വരദാനമാണ്. അതിനു കറുപ്പും വെളുപ്പുമില്ല. വിദ്യ പകര്‍ന്നു കൊടുക്കുന്തോറും ഏറിടും. അങ്ങിനെയുള്ള വിദ്യാധനം ഉത്തമമാണ് സര്‍വ്വധനാല്‍ പ്രധാനവുമാണ്. ആ ധനത്തിനെ വെല്ലുവാന്‍ വേറൊരു സമ്പത്തുമില്ല. അതില്‍ നിന്നാണ് ജീവിതം വിപുലീകരിക്കുന്നത്. ജനസഞ്ചയത്തിന്റെ വളര്‍ച്ചയ്ക്കു നിദാനം വിദ്യയാണ്, അമൂല്യമാണ്, ഉന്നതര്‍ അതു കൊണ്ടാണ് പാവങ്ങള്‍ക്കതു നിഷേധിക്കാറുള്ളത്.
''പട്ടരില്‍ പൊട്ടയില്ല'' എന്നു പറയുന്നത് വെറും ഭോഷ്‌ക്കാണ് അതായത്. നമ്മള്‍ക്കു പ്രാപ്തമാകാത്ത വിദ്യാഭ്യാസത്തിലൂടെയാണ് അവരത് എടുത്തു കാണിക്കുന്നത്. അതുകൊണ്ട് അവരുന്നതരാണെന്നു നമ്മള്‍ കണക്കാക്കുന്നു എന്നു മാത്രം. പക്ഷേ വിദ്യയഭ്യസിച്ച പട്ടരു തന്നെയല്ലേ നമ്മളില്‍ തീണ്ടലും അവന്റെ സങ്കുചിത മന:സ്ഥിതി. അതു നമ്മള്‍ മനസ്സിലാക്കണം. നമ്മളും വിദ്യയഭ്യസിച്ചാല്‍ അവര്‍ കാണിക്കുന്ന വിദ്യാധിഷ്ടിതമായ പ്രവര്‍ത്തികളുടെ രഹസ്യം നമ്മള്‍ക്കു മനസ്സിലാകും. അപ്പോള്‍ അവര്‍ ചെയ്യുന്നതു നമ്മള്‍ക്കും അപ്രാപ്യമല്ല എന്നു തോന്നും. അതുകൊണ്ട് ഉന്നതന്‍ കാണിക്കുന്നത് അതിശയമേയല്ല. തന്നെയുമല്ല. നമ്മള്‍ വിദ്യാഭ്യാസമുള്ളവരായാല്‍ അവരുടെയൊപ്പമുള്ള ജോലികളില്‍ നമ്മളേയും നിയമിക്കപ്പെടും. അപ്പോള്‍ അവന്റെയൊപ്പം നമ്മള്‍ക്കും ഇരുന്നു ജോലി ചെയ്യുവാനുള്ള അവസരം സംജാതമാകും. അവയൊന്നും അവനു സഹിക്കുവാന്‍ വയ്യാതാകും. അതുകൊണ്ടാണ് അവന്‍ മുളയിലേ നുള്ളുക എന്ന പ്രവണത തുടരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആക്രമങ്ങളും മറ്റും അഴിച്ചു വിട്ട് ഉന്മൂല നാശം വിതയ്ക്കുന്നത് ഐത്തവും കല്‍പ്പിക്കുന്നത്. ഇതൊന്നും കേട്ടു നിങ്ങളാരും നിരാശരാകരുത്. ഇവയൊക്കെ തടുക്കുവാന്‍ ഒരു വഴിയേയുള്ളൂ. എന്തു കഷ്ടപ്പാടനുഭവിച്ചാലും വേണ്ടില്ല, നമ്മുടെ കുഞ്ഞുങ്ങളെ വിദ്യയഭ്യസിപ്പിക്കണം. വിദ്യ നേടിയെങ്കില്‍ മാത്രമേ സംസ്‌ക്കാരമുണ്ടാകുകയുള്ളൂ; ഉന്നതിയുണ്ടാകുകയുള്ളൂ. അതിനു വേണ്ടി നമ്മള്‍ ഓരോരുത്തരും ശ്രമിക്കണം. വിദ്യാഭ്യാസം ചെയ്യുവാന്‍ അവസരം ലഭിക്കാതിരുന്നവര്‍ അതിനെപ്പറ്റി വ്യാകുലപ്പെടേണ്ട കാര്യമില്ല. അവര്‍ പാടത്തും പറമ്പിലും അദ്ധ്വാനിച്ച് ആ വരുമാനം കൊണ്ട് വീട്ടിലുള്ള കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുവാനുള്ള സാഹചര്യമൊരുക്കണം.
ആശാന്റെ പ്രസംഗമവസാനിച്ചപ്പോള്‍ എല്ലാവരും ഹര്‍ഷപുളകിതരായി കയ്യടിച്ചു.
പിന്നീടാണ് ഗീതാദേവിയുടെ ഗാനാലാപനമുണ്ടായത്. ശ്രുതി മധുരമായ ആ ഗാനം എല്ലാവരുടേയും ഹൃദയം കവര്‍ന്നു. ഈണവും താളവും ഒത്തിണങ്ങിയ ആ പാട്ട് ആബാലവൃദ്ധം ജനങ്ങളും കേട്ടാസ്വദിച്ചു. കയ്യടിച്ചനുമോദിച്ചു.
അതിനുശേഷമാണ് പപ്പു മാനേജര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചത്. ഈ നാട്ടില്‍ എന്നെ അറിയാത്തവര്‍ വളരെ വിരളമാണ്. ഈ ഭാഗത്തെ എന്റെ പ്രവര്‍ത്തനം ഏകദേശം പൂര്‍ത്തീകരിച്ച പോലെയാണ് എനിക്കു തോന്നുന്നത്. നിങ്ങളുടെ കൂട്ടത്തില്‍ നിന്നും ചിലര്‍ശബ്ദിക്കാറായിട്ടുണ്ട്, പ്രവര്‍ത്തിക്കാറുമായിട്ടുണ്ട്. കൂലി കൂടുതലിനു വേണ്ടിയും, കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യത്തിനു വേണ്ടിയും ഒന്നിച്ചു ചേര്‍ന്നു ജന്മിമാരോടു പോരടിക്കുന്നുമുണ്ട്. അതിനു തക്കതായ ആളുകളേയും സംസജ്ജമാക്കി കഴിഞ്ഞു. നിങ്ങള്‍ പീഢനമനുഭവിക്കുന്നത് നിങ്ങളുടെ പരാധീനത കൊണ്ടാണ്. ഈ പതിതത്വം മാറണമെങ്കില്‍ നമ്മള്‍ ഒരുമിച്ചിരുന്നു കൂട്ടായി ചര്‍ച്ച ചെയ്യണം കൂടാതെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും വേണം.
കുഞ്ഞിക്കണ്ടാരി കൂലി കൂടുതല്‍ ചോദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന മറ്റു പണിക്കാര്‍ അവനോടൊപ്പം നില്‍ക്കാത്തതു കൊണ്ടാണ് അയാള്‍ ഒറ്റപ്പെട്ടതും, കൊല ചെയ്യപ്പെട്ടതും. അതേസമയം അവനോടൊപ്പം മറ്റുള്ളവരും കൂലി നിഷേധിച്ചോ അല്ലെങ്കില്‍ കൂലി കൂടുതലിനു വേണ്ടി, ശബ്ദമുയര്‍ത്തുകയോ ചെയ്തിരുന്നുവെങ്കില്‍ എല്ലാവര്‍ക്കും അപ്പോള്‍ തന്നെ കൂടിയ കൂലി ലഭിക്കുമായിരുന്നു. ഇവിടെ അത്തരം ബുദ്ധിമുട്ടുകളൊക്കെയും മാറിയിരിക്കുന്നു. പൊതുവഴിയെ നടന്നെന്നാല്‍ തീണ്ടലും, ഐത്തവും അതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടവര്‍ നിരവധിയാണ് ഇപ്പോള്‍ നാം ശക്തിയായെതിര്‍ത്തതു കൊണ്ടാണ് കൊല്ലും കൊലയുമൊക്കെ കുറഞ്ഞിരിക്കുന്നത്. നമ്മുടെയൊക്കെ കുഞ്ഞുങ്ങള്‍ക്കു പോലും പള്ളിക്കൂടത്തില്‍ പ്രവേശനം നല്‍കിയിരുന്നില്ല. പക്ഷേ ആ പ്രവണതയ്ക്കു മാറ്റം വന്നു കൊണ്ടിരിക്കുന്നു. അങ്ങിനെ എത്രയെത്ര പീഡനങ്ങള്‍ നാമിപ്പോള്‍ തരണം ചെയ്തു കഴിഞ്ഞു.
എന്നാലും നാം ഇനിയും കരുതിയിരിക്കേണ്ടതായിട്ടുണ്ട്. ഉന്നതരുടെ മടങ്ങിയ പത്തി വീണ്ടും ഉയര്‍ന്നു കൂടെന്നില്ല. അവര്‍ ചിലപ്പോള്‍ സര്‍വ്വനാശം വിതച്ചെന്നിരിക്കും. അപ്പോള്‍ നമ്മളെ സഹായിക്കുവാന്‍ സര്‍ക്കാരിനും സാധിച്ചെന്നു വരില്ല. അതിനു ഏക മാര്‍ഗ്ഗം ഒത്തൊരുമയോടെ നാം മുന്നോട്ടു പോകണം. ഒരൊറ്റ നേതാവിന്റെ കീഴില്‍ അണി നിരക്കണം.
പപ്പു മാനേജരുടെ ആഹ്വാനം എല്ലാവര്‍ക്കും ഉണര്‍വു പകര്‍ന്നു. ആവേശഭരിതരായി കയ്യടിച്ച് അനുമോദിച്ചു.
അടുത്തത് തുടി കൊട്ടിപ്പാട്ടാണ്, അതിനു അവതരണമാക്കിയത് കോലപ്പന്‍, ചെല്ലന്‍, തുപ്രന്‍ എന്നിവരായിരുന്നു. പാടുന്ന കൊയ്ത്തുപാട്ടും, പിന്നെ മന്ത്രവാദപ്പാട്ടുമാണ് പാടിയത്.
ഹൃദയ തരളിതമായ രാഗത്തില്‍, താളലയത്തോടെ പാടിയ മന്ത്രവാദി പാട്ടിന്റെ ഈണത്തില്‍ എല്ലാവരും മതി മറന്നിരുന്നു പോയി.
എന്നപ്പെറ്റമണ്ണേയ്, മണ്ണില്ലേയ്.
കൂരയുമില്ലേയ് എന്നു തുടങ്ങുന്ന പാട്ടില്‍ ലയിച്ചിരുന്നവര്‍ താളം തള്ളിയാടിയത് കൊയ്ത്തുപാട്ടു പാടിയപ്പോഴായിരുന്നു. 
തുടികൊട്ടിപ്പാട്ടിന്റെ താളത്തിനൊത്തെല്ലാവരും കൈകൊട്ടി തുള്ളിച്ചാടിയാസ്വദിച്ചു.
അടുത്തതായി പ്രസംഗിച്ചത് ഗൗരിക്കുട്ടിയായിരുന്നു. അവളുടെ ജീവചരിത്രത്തിന്റെ ചില ഭാഗങ്ങളും പിന്നെ പുലപ്പേടിയെ പറ്റിയും പറഞ്ഞു.
പുലപ്പേടി നാളില്‍ ഞങ്ങള്‍ ധൈര്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തതു കൊണ്ടാണ് എനിക്കും എന്റെ ഭര്‍ത്താവ് മൈലനീം ഇങ്ങിനെ ജീവിക്കുവാന്‍ സാധിക്കുന്നത്. എന്റെ സ്വത്തു വകകളെപ്പറ്റി എന്റെ ജ്യേഷ്ടന്മാര്‍ പറഞ്ഞിരുന്നില്ല. അതും അവര്‍ ചൂഷണം ചെയ്‌തെടുക്കുവാന്‍ നോക്കി. ഞാനതിനു വേണ്ടി ബുദ്ധിമുട്ടി നടന്നതിനു കൈയ്യും കണക്കുമില്ല. മൈലനെ കച്ചവടക്കാരനാക്കിയതു ഞാനാണ്. എന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു പെറുക്കിയാണ് കട തുടങ്ങിയതും, നാഴി വെള്ളം കുടിച്ചു കിടക്കുന്നതും. മൈലന്റെ അമ്മയെ, അമ്മായിയമ്മയായിട്ടല്ല ഞാന്‍ കണക്കാക്കിയിരിക്കുന്നത്. എന്റെ സ്വന്തം അമ്മയായിട്ടാണ് ഞാനവരെ സംരക്ഷിച്ചു പോരുന്നത്. മൈലന്റെ സഹോദരിയെ ഞാന്‍ എന്‍േറയും സഹോദരിയായാണ് മനസ്സില്‍ കാണുന്നത്. അതുപോലെ അവളുടെ വിവാഹം നടത്തിച്ചു കൊടുത്തു. ഇവിടെ കൂടിയിരിക്കുന്ന ആളുകളെല്ലാവരും എന്റെ ജീവിതം പോലെ നിങ്ങളും പരസ്പര ധാരണകള്‍ വച്ചു പുലര്‍ത്തണം. എല്ലാവരും ജാതി കൊണ്ടു വീര്‍പ്പു മുട്ടുന്നവരാണ്. വെട്ടിക്കൊല നടക്കുമായിരുന്ന സന്ദര്‍ഭമായിരുന്നാ പുലപ്പേടി നാളില്‍. ഞാനാണ് അവയൊക്കെ യുക്തിയുക്തമായി തടുത്തതും മൈലനെ രക്ഷിച്ചതും. എന്റെ കാര്യമായിട്ടല്ല, മൈലനോടുള്ള പ്രതിപത്തി കൊണ്ടാണ് മാഷും, ചിത്തരാജും, പിള്ളച്ചേട്ടനുമൊക്കെ ഇടപെട്ടത്. ഇത്രയും പറഞ്ഞത്, ഞങ്ങളുടെയത്രയും കഷ്ടപ്പാടുകള്‍ നിങ്ങള്‍ക്കുണ്ടാകരുത്. നിങ്ങളും നിങ്ങളുടെ കഴിവിനനുസരിച്ചു വളരണം. അതിനു മുഖ്യഘടകം വിദ്യാഭ്യാസമാണ്. കുട്ടികളെ എല്ലാവരേയും പള്ളിക്കൂടത്തിലയയ്ക്കണം. പഠിപ്പിക്കണ്. അവര്‍ പഠിച്ചു വളര്‍ന്നു ഭാവിവാഗ്ദാനങ്ങളാകണം. അച്ഛനേയും, അമ്മയേയും മിത്രാദികളേയും നോക്കുന്നവരായി തീര്‍ക്കണം.
ഗൗരിക്കുട്ടിയുടെ പ്രസംഗത്തിനെ എല്ലാവരും കയ്യടിച്ചനുമോദിച്ചു.
അടുത്തത് നന്ദി പ്രസംഗമായാണ് ചിത്തരാജ് നടത്തിയത്. അദ്ദേഹംതുടര്‍ന്നു. ഈ നാട്ടിലെ പുലയരുടെയും, പറയരുടെയും, മണ്ണാന്മാരുടെയും, കണക്കന്മാരുടെയും വേലവേട്ടുവ സമുദായക്കാരുടെയും, സംയുക്ത സഭയാണ് സാധുജന പരിപാലനസംഘം. അതിനു വിത്തു പാകിയത്. പപ്പു മാനേജര്‍ മാഷാണ്. തുടക്കം കുറിച്ചതാകട്ടെ അദ്ദേഹവും, പരമശിവന്‍ പിള്ളയും കുടുംബവുമാണ്. അവിടന്ന് സാധുജനങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പഠനകാര്യത്തില്‍ ഇടപെട്ടു കൊണ്ടാണ് തുടങ്ങിയത്. നമ്മള്‍ ഒത്തൊരുമിക്കുവാന്‍ പാടില്ല. സമ്മേളനം കൂടുവാന്‍ പാടില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ പരസ്പരം ഉരിയാടുവാന്‍ പാടില്ല, പ്രശ്‌നങ്ങള്‍ക്ക് ഇടപെടുവാന്‍ പോലും ആരുമുണ്ടായിരുന്നില്ല.
നല്ലൊരു വെളുത്ത മുണ്ടുടുക്കുവാന്‍ പാടില്ല. സ്ത്രീകള്‍ക്കു മാറു മറയ്ക്കുവാന്‍ പോലും അനുവാദമില്ല. ന്യായമായ കൂലിയോ അതുമില്ല. വെറുതെ പണിയെടുപ്പിച്ചു കൂലി നല്‍കാതെ പറഞ്ഞു വിട്ടിരുന്നു. കൂലി ചോദിച്ചാല്‍ കെട്ടിയിട്ടടിച്ചു കൊന്നിരുന്നു. തീണ്ടലും തൊടീലും വേറെ. അതിനൊക്കെ ഇപ്പോള്‍ ചെറിയ തോതില്‍ പരിഹാരമുണ്ടായിരിക്കുന്നു.
പറമ്പും പാടവും കുടിലും അതില്‍ താമസിക്കുന്ന അടിമകളും എല്ലാം മുതലാളിയുടെ വക തന്നെ. ആളുകളെല്ലാം പുറം ജാതിക്കാരും, നികൃഷ്ടരുമാക്കി മാറ്റിയിരുന്നു. ഇതിനൊക്കെ മാറ്റം വന്നു കൊണ്ടിരിക്കുന്നത്, സംഘമായി നാമെല്ലാം കൂട്ടം കൂടുവാന്‍ തുടങ്ങിയതു മുതല്‍ക്കാണ്.
ഇവയൊക്കെ സാധ്യമാക്കിയത് പപ്പു മാനേജര്‍ മാഷാണ്. ഇനി മേലില്‍ സംഘത്തില്‍ ചേരാത്തവരായി ആരും ഈ പ്രദേശത്തുണ്ടാകുവാന്‍ പാടില്ല. ആര്‍ക്കെങ്കിലും ഈ സ്ഥലത്തു എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ അനുഭവപ്പെട്ടാല്‍ സംഘത്തെ ഉടനെ അറിയിക്കണം. അപ്പോള്‍ സംഘം ഇടപെട്ടു പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നതായിരിക്കും.
ഈ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ശ്രീപരമശിവന്‍ പിള്ളയണ്ണന് സംഘത്തിന്റെ പേരിലും എന്റെ പേരിലും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.
ഉത്ഘാടനം ചെയ്തു ഈ സമ്മേളനം ധന്യമാക്കിയ അധ്യാപകന്‍ കുഞ്ചുവാശാന്‍ വളരെ നല്ല നിര്‍ദ്ദേശങ്ങളാണ്, നമുക്കു നല്‍കിയത് അദ്ദേഹത്തിന് ആത്മാര്‍ത്ഥത നിറഞ്ഞ കൃതജ്ഞത നേര്‍ന്നു കൊള്ളുന്നു.
ഈ സമ്മേളനത്തിന്‍േറയും, ഈ നാട്ടിലെ ജനങ്ങളുടെ ആത്മാവുമായ ശ്രീ പപ്പു മാനേജര്‍ നമുക്കു ദൈവതുല്യനാണ്. അദ്ദേഹത്തെ എത്രഅഭിനന്ദിച്ചാലും അത് അധികമാകുകയില്ല. അദ്ദേഹത്തിനു സംഘത്തിന്റെ പേരിലും എന്റെ പേരിലും നിസ്വാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.
ഉത്ഘാടനം ചെയ്തു ഈ സമ്മേളനം ധന്യമാക്കിയ അധ്യാപകന്‍ കുഞ്ചുവാശാന്‍ വളരെ നല്ല നിര്‍ദ്ദേശങ്ങളാണ്, നമുക്കു നല്‍കിയത്. അദ്ദേഹത്തിന് ആത്മാര്‍ത്ഥത നിറഞ്ഞ കൃതജ്ഞത നേര്‍ന്നു കൊള്ളുന്നു.
ഈ സമ്മേളനത്തിന്‍േറയും, ഈ നാട്ടിലെ ജനങ്ങളുടെ ആത്മാവുമായ ശ്രീ പപ്പുമാനേജര്‍ നമുക്കു ദൈവ തുല്യനാണ്. അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അത് അധികമാകുകയില്ല. അദ്ദേഹത്തിനു സംഘത്തിന്റെ പേരിലും എന്റെ പേരിലും നിസ്വാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.
സംഘം കൂടുവാനും, സമ്മേളനം നടത്തുവാനും അവസരമൊരുക്കിത്തന്ന ഗൗരിക്കുട്ടിക്ക് ആത്മാര്‍ത്ഥമായ കൃതജ്ഞത നേര്‍ന്നു കൊള്ളുന്നു.
ഇനി നന്ദി രേഖപ്പെടുത്തേണ്ട മുഖ്യ വ്യക്തികളില്‍ പ്രഥമഗണനീയന്‍ ശ്രീ ഇട്യാതി മൂപ്പനാണ്. ഇവിടുത്തെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ത്ഥമായി തന്നെ നേര്‍വഴി കാട്ടിയത് അദ്ദേഹമാണ്. മൂപ്പനു സംഘത്തിന്റെ പേരില്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു.
പാട്ടു പാടി നമ്മുടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഗീതാദേവിക്കും, സ്വാഗതമാശംസിച്ച ശരദദാസിനും കൂടാതെ ചെണ്ടമേളം നടത്തിയ കുട്ടിച്ചനും, തുപ്രനീം, സംഘത്തിന്റെ പേരിലും എന്റെ പേരിലും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.
ഈ സമ്മേളനം ഇത്ര നല്ല വിജയമാക്കി തീര്‍ത്തത് ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെ കൂട്ടായ്മ കൊണ്ടാണ്. അവരെല്ലാവരും ഒത്തു കൂടിയതു കൊണ്ടാണ് ഈ യോഗം ഇത്രയും വിപുലമായത്. അതുകൊണ്ട് എല്ലാവര്‍ക്കും കൃതജ്ഞത നേര്‍ന്നു കൊണ്ട് ഞാന്‍ വിരമിക്കുന്നു. നമസ്‌ക്കാരം.
അടുത്തത് പരിചമുട്ടുകളിയായിരുന്നു. വേദിയിലുണ്ടായിരുന്നവര്‍ ഇറങ്ങി മാറി നിന്നു. കളിക്കാര്‍ വേദിയിലേയ്ക്കു കയറി.
******