"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

സി.വി.രാമന്‍പിള്ളയും കെ.രാമകൃഷ്ണപിള്ളയും - ദളിത്‌ ബന്ധു എന്‍ കെ ജോസ്

സി വി രാമന്‍ പിള്ള 
സര്‍,
അങ്ങ് ബാല്യം മുതല്‍തന്നെ സജീവരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന ആളാണ് എന്ന് എനിക്ക് നേരിട്ടറിയാം. എങ്കിലും അങ്ങയുടെ തിരക്കേറിയ രാഷ്ട്രീയ ജീവിതത്തില്‍ സി.വി.രാമന്‍പിള്ളയെയും അദ്ദേഹത്തിന്റെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ തുടങ്ങിയ നോവലുകളെപ്പറ്റിയും കേട്ടിരിക്കാനും വായിച്ചിരിക്കുവാനും സാധ്യതയുണ്ട്. ആ രാമന്‍പിള്ളയും രാമകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധത്തെപ്പറ്റിക്കൂടി അങ്ങ് അറിഞ്ഞിരിക്കണം.

2 ഒരു കാലഘട്ടത്തിലെ തിരുവനന്തപുരത്തെ പ്രഗത്ഭരായ രണ്ടു നായര്‍ പ്രമാണിമാരാണ് സി.വി രാമന്‍പിള്ളയും കെ രാമകൃഷ്ണ പിള്ളയും. രണ്ടുപേരും സമകാലികരാണെങ്കിലും സി.വി. പ്രായം കൊണ്ടും ഏറെ മുന്നിലാണ്. അദ്ദേഹം ജനിച്ചത് 1858 ലാണ്.1 സി.വി. ഇന്നറിയപ്പെടുന്നത് പ്രശസ്തനായ ഒരു നോവലിസ്‌ററ് എന്ന നിലയിലാണ്. രാമകൃഷ്ണപിള്ള ഒരു പത്രപ്രവര്‍ത്തകനെന്ന നിലയിലും. രണ്ടുപേരും മലയാളി പത്രത്തിന്റെ പത്രാധിപത്യം വ്യത്യസ്ത കാലഘട്ടങ്ങളിലായി വഹിച്ചിട്ടുണ്ട്. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ സി.വി. അറിയപ്പെട്ടിരുന്നത് മലയാളി സഭാ സെക്രട്ടറി എന്ന നിലയിലും മലയാളി മെമ്മോറിയല്‍ സമര്‍പ്പണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാള്‍ എന്ന നിലയിലും മറ്റുമാണ്. 1891-ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയ ലിന്റെ ഫലമായി ശങ്കരസുബ്ബയ്യര്‍ ദിവാനായി വന്നപ്പോള്‍ 1892-ല്‍ സി.വിക്കും കൂട്ടര്‍ക്കും സര്‍ക്കാരില്‍ ഓരോ ജോലി ലഭിച്ചു. അതെല്ലാം മലയാളി മെമ്മോറിയല്‍ എന്ന അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്.2 രാമകൃഷ്ണപിള്ളയ്ക്ക് അന്ന് കേവലം 14 വയസ്സ് മാത്രമായിരുന്നു പ്രായം. സി.വി. ആദ്യം ഹൈക്കോടതി മാനേജരായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. മലയാളി സഭാ നേതാക്കന്‍മാരും മലയാളി മെമ്മോറിയല്‍ സമര്‍പ്പണത്തിലെ പ്രധാനികളുമായ ഏതാനും നായന്മാര്‍ക്കം സര്‍ക്കാര്‍ ജോലി ലഭിച്ചു കഴിഞ്ഞപ്പോള്‍ മലയാളി സഭയുടെ എല്ലാ പ്രവര്‍ത്തന ങ്ങളും അവസാനിച്ചു. ക്രമേണ, സി.വി. സര്‍ക്കാരിലെ ഒരു പ്രാധാന ആളും സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു വ്യക്തിയുമായി. 

3 ആ ഘട്ടത്തിലാണ് 1907 ല്‍ പി.രാജഗോപാലാചാരി തിരുവിതാംകൂര്‍ ദിവാനായി ചാര്‍ജ്ജ് എടുത്തത്. മലയാളം അറിഞ്ഞുകൂടാത്ത ദിവാന് രാജ്യകാര്യങ്ങളില്‍ ഒരു ദ്വിഭാഷിയുടെ ആവശ്യം ഉദിച്ചു. ഒരു പരിധിവരെ അതു സാധിച്ചുകൊടുത്തത് സി.വി.ആയിരുന്നു. ഒപ്പം കൊട്ടാരത്തിലെ മുഖ്യ സേവകനായ ശങ്കരന്‍ തമ്പിയുമായി സി.വി അടുക്കുകയും ചെയ്തു. അന്ന് മൂലം തിരുനാള്‍ രാജാവിന്റെ പക്കല്‍ ഏറ്റവും അധികം സ്വാധീനം ഉണ്ടായിരുന്ന വ്യക്തി ആ ശങ്കരന്‍ തമ്പിയായിരുന്നു. അദ്ദേഹത്തിന്റെ സമ്മതം കൂടാതെ കൊട്ടാരത്തില്‍ ഒരു കാര്യവും നടക്കാത്ത നിലയിലായി. ഈ തമ്പിയോട് സി.വിക്കും രാമകൃഷ്ണപിള്ള യ്ക്കുമുള്ള മനോഭാവം രണ്ടുതരത്തിലുള്ളതായിരുന്നു. ബ്രാഹ്മണമേധാ വിത്വം ഉണ്ടായിരുന്ന കൊട്ടാരത്തില്‍ ഒരു നായര്‍ക്ക് പ്രവേശനം ലഭിച്ചതും, അവഗണിക്കാനാവാത്ത സ്വാധീനത നേടാന്‍ കഴിഞ്ഞതും നല്ലതാണ് എന്ന അഭിപ്രായമാണ് സി.വി യ്ക്കുണ്ടായിരുന്നത്. ഓച്ചിറക്കാരനായ ഒരു ശങ്കരന്‍ നായരാണ് ശങ്കരന്‍ തമ്പിയായത്. ഒരിക്കല്‍ ഉത്രം തിരുനാള്‍ രാജാവ് ഓച്ചിറ പരബ്രഹ്മക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ഈ ശങ്കരന്‍നായര്‍ ഒരു പരാതി എഴുതി രാജാവിന് സമര്‍പ്പിച്ചു. ആ പരാതിയിലെ കയ്യക്ഷരത്തിന്റെ മനോഹാരിതകണ്ട് രാജാവ് അയാളെ വിളിപ്പിച്ച് കൊട്ടാരത്തിലെ രായസംപിള്ളയാക്കി. അവിടെ നിന്നാണ് ശങ്കരന്‍നായര്‍ പടിപടിയായി ഉയര്‍ന്ന് രാജാവിന്റെ വിശ്വസ്തസേവകനായത്. അതിനകം ഉത്രം തിരുനാള്‍ നിര്യാതനാകു കയും ചെയ്തു. അതോടെ ശങ്കരന്‍നായര്‍ ശങ്കരന്‍ തമ്പിയായി. അക്കാലത്ത് സി.വി.എഴുതി: 'ലോകകാര്യചാതുര്യത്താലും സ്വയം പ്രകാശിച്ചുള്ള പ്രതിഭാവിശേഷത്താലും, സര്‍വോപരി രാജ്യത്തിന്റെ രക്ഷാനിദാനമായുള്ള പൊന്നുതിരുമേനിയുടെ തിരുവുള്ളപ്രസാദത്താലും അനുഗ്രഹീതനും സമുദായോല്‍ക്കര്‍ഷത്തെ ദീക്ഷിച്ചുള്ള മഹാകാര്യ ങ്ങള്‍ സംബന്ധിച്ച് പല അപേക്ഷകളെയും സാധിച്ചു പരമാര്‍ത്ഥത്തില്‍ ഒരു സമുദായാഭിമാനിക്കു കിട്ടേണ്ട പ്രശസ്തിയെ അര്‍ഹിക്കുന്ന മതിമാനും'. അതായിരുന്നു സി.വി.യുടെ ദൃഷ്ടിയില്‍ ശങ്കരന്‍ തമ്പി.


4 എന്നാല്‍ ശങ്കരന്‍ തമ്പിയെപ്പറ്റിയുള്ള രാമകൃഷ്ണപിള്ളയുടെ അഭിപ്രായം മറ്റൊന്നാണ്. 'ഈ സേവകന്റെ സഹജമായ പ്രതിഭ കൊണ്ടോ മാഹാത്മ്യം കൊണ്ടോ താന്‍ വഹിക്കുന്ന ഉദ്യോഗത്തിന്റെ അധികാരശക്തികൊണ്ടോ എന്തോ, തലസ്ഥാനത്തില്‍ അധികാരം വഹിക്കുന്നവരും പുറംനാടുകളില്‍ ഉദ്യോഗം വഹിക്കുന്നവരും ഈ സേവക പ്രഭുത്വത്തെ സേവിക്കുന്ന തിനായിട്ട് ആ സേവകന്റെ മന്ദിരത്തില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നുള്ള വാസ്തവം മറക്കാവുന്ന തല്ല. ഏതെങ്കിലും ഉദ്യോഗത്തില്‍ ആളെ നിയമിക്കുമ്പോള്‍ ആ ആളിനേയും രാജസേവകനായ ശങ്കരന്‍ തമ്പിയുടെ നാമത്തേയും ഒരു വലിയ പണസഞ്ചിയേയും തമ്മില്‍ സംഘടിപ്പിക്കുന്ന ജനാപവാദം നാട്ടില്‍ പ്രചരിക്കുന്നു.'

5 മുമ്പു സൂചിപ്പിച്ചതുപോലെ സ്വദേശാഭിമാനി പത്രത്തിന്റെ 39-40 ലക്കങ്ങളിലൂടെ ശങ്കരന്‍തമ്പിയെ നാടുകടത്താന്‍ ബ്രിട്ടീഷു സര്‍ക്കാരിനോടു അഭ്യര്‍ത്ഥിക്കുകയാണ് രാമകൃഷ്ണപിള്ള ചെയ്തത്. 3 രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോള്‍ അത് ഉചിതമായ ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ടെന്നും മറ്റും പല ഇംഗ്ലീഷ്, മലയാളം, തമിഴ് പത്രങ്ങളിലും റിപ്പോര്‍ട്ട് വന്നു. അതിന്റെ ലിസ്റ്റ് അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അതില്‍ മദ്രാസില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്ന പേട്രിയാട്ട് (patriot)എന്ന പത്രത്തിനെതിരെ രാമകൃഷ്ണപിള്ള മാനനഷ്ടക്കേസു കൊടുത്തു. കേസിന്റെ വിചാരണവേളയിന്‍ പ്രതിഭാഗം വക്കീല്‍ സി.പി. രാമസ്വാമി അയ്യര്‍, വാദി രാമകൃഷ്ണപിള്ളയോടു ചോദിച്ചു, 'ആരാണ് ഈ ശങ്കരന്‍ തമ്പി?' അതിന് രാമകൃഷ്ണപിള്ള കൊടുത്ത മറുപടി, ഇപ്പോഴത്തെ രാജാവിന്റെ ഇപ്പോഴത്തെ ഭാര്യയുടെ മുമ്പത്തെ ഭര്‍ത്താവ്, എന്നാണ്.

6 വളരെ വ്യത്യസ്തമായ രണ്ടു വീക്ഷണമാണ് പൊതുവെ എല്ലാക്കാര്യത്തിലും തന്നെ സി.വി.ക്കും രാമകൃഷ്ണപിള്ളയ്ക്കും ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ശങ്കരന്‍തമ്പിയുടെ കാര്യത്തില്‍. അത് മറയ്ക്കാന്‍ രണ്ടുകൂട്ടരും ചില സന്ദര്‍ഭങ്ങളില്‍ ശ്രമിച്ചുവെങ്കിലും പലപ്പോഴും അത് പുറത്ത് ചാടി. സി.വി. തന്റെ രമരാജബഹദൂര്‍് എന്ന കൃതി സമര്‍പ്പിച്ചത് ശങ്കരന്‍ തമ്പിക്കാണ്. ശങ്കരന്‍തമ്പിയുമായുള്ള സൗഹാര്‍ദ്ദത്തിലൂടെ സി.വി.രാമന്‍പിള്ള നാട്ടുകാരായ പല നായന്മാര്‍ക്കും അര്‍ഹവും അനര്‍ഹവുമായ ഉദ്യോഗം നേടിക്കൊടുത്തു. രാജഗോപാലാ ചാരിക്കുശേഷം മന്നത്ത് കൃഷ്ണന്‍നായര്‍ (എം.കൃഷ്ണന്‍ നായര്‍) എന്ന മലയാളിയെ ദിവാനായി നിയമിക്കുവാന്‍ രാജാവിനെ പ്രേരിപ്പിക്കാന്‍ ശങ്കരന്‍ തമ്പിയെ നിര്‍ബന്ധിച്ചത് സി.വി-യാണ് എന്നറിയുമ്പോള്‍ മാത്രമേ സി.വി.യുടെ നിലപാടിന്റെ പ്രയോജനം മനസ്സിലാകുകയുള്ളൂ. 1891-ല്‍ മലയാളിമെമ്മോറിയലിലൂടെ രാജാവിനോട് അഭ്യര്‍ത്ഥന നടത്തിയശേഷം കാല്‍നൂറ്റാണ്ടുകാലം രാജാവ് അത് പരിഗണിച്ചില്ല. അതാണ് ഒടുവില്‍ ശങ്കരന്‍തമ്പി നിര്‍ബന്ധിച്ചപ്പോള്‍ നടന്ന കാര്യം.

7 രാമന്‍പിള്ളയോട് രാമകൃഷ്ണപിള്ളയുടെ വൈരാഗ്യം വര്‍ദ്ധിക്കുന്നതിന് മറ്റൊരു കാരണംകൂടി അന്നുണ്ടായി. 1907-ല്‍ സി.വി.രാമന്‍പിള്ള ടെക്‌സ്റ്റ് ബുക്കുകമ്മറ്റിയില്‍ അംഗമായി. അത് ഏ.ആര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്റെ അനുഗ്രഹഫലമാണ്. രാമകൃഷ്ണപിള്ള തന്റെ പുസ്തകമായ അങ്കഗണിതം ടെക്‌സ്റ്റ് ബുക്കുകമ്മറ്റിയുടെ അംഗീകാരത്തി നായി സമര്‍പ്പിച്ചു. പക്ഷേ എന്തുകൊണ്ടോ അത് അംഗീകരിക്കപ്പെട്ടില്ല. അത് സി.വി മൂലമാണ് എന്ന് രാമകൃഷ്ണപിള്ള ധരിച്ചു വശായി. എന്നാല്‍ 1891-ല്‍ സി.വി. എഴുതിയ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലും അതേവരെ ടെക്‌സ്റ്റ് ബുക്കായിട്ടില്ല എന്നുകൂടി ഓര്‍മ്മിക്കണം. മാര്‍ത്താണ്ഡ വര്‍മ്മ പുറത്തിറങ്ങിയിട്ട് അപ്പോള്‍ 16 വര്‍ഷം കഴിഞ്ഞിരുന്നു. അതിന്റെ പ്രതികാരം സ്വദേശാഭിമാനിയിലൂടെയാണ് രാമകൃഷ്ണപിള്ള നടത്തിയത്. സ്വദേശാഭിമാനി പുസ്തകം 3 ലക്കം 6,7,8 അതിന്റെ വ്യക്തമായ തെളിവാണ് . അതുവരെ ധര്‍മ്മരാജാ, മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ സി.വി.യുടെ കൃതികളുടെ ആരാധകനാ യിരുന്ന രാമകൃഷ്ണപിള്ള ഈ സംഭവത്തിനുശേഷം പ്ലേറ്റ് തിരിച്ച് വച്ച് രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു. സി.വി എഴുതിയ കറുപ്പില്ലാക്കളരി എന്ന പ്രഹസനത്തെ ആഭാസകൃതി എന്നാണ് വിശേഷിപ്പിച്ചത്.

8 രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിനുശേഷമാണ് അദ്ദേഹം ആത്മ ബോധിനി എന്ന പത്രത്തില്‍ എഴുതാന്‍ തുടങ്ങിയത്. അപ്പോഴും സി.വി യോടുള്ള വിരോധം തീര്‍ന്നിരുന്നില്ല. അതില്‍ സി.വി യുടെ ധര്‍മ്മരാജാ എന്ന നോവലിനെപ്പറ്റി രാമകൃഷ്ണപിള്ള എഴുതിയ വിമര്‍ശനത്തിന്റെ ഏതാനും ഭാഗം താഴെ ചേര്‍ക്കുന്നു.

'......ഹ!ഹ! ഹാലറേബായ് ഓടിവാടാ കുട്ടിച്ചാത്താ പൂതപ്പാണ്ടിമാടന്‍ പിള്ളേ! ഓടി വാ കുട്ടിണാച്ചി ഓടി വാ ഇന്ദ്രജാലം ഇന്ത കയ്യിലേ ഇറുക്കിറാ തന്ത കയ്യിലേ അന്തകയ്യിലെ ഇരുക്കിറ തന്ത കയ്യിലെ പോലെന്നാല്‍ പോണം-- വരെ ചെന്നാല്‍ വരണ് ഹ! ഹ! ആടുറേന്‍, പാടുറേന്‍ ആകാശപ്പന്താടറേന്‍ തക! തക! തക! ഇങ്ങ നെക്കെ കോലാഹലം കൂട്ടി ചെപ്പും പന്തും കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ചെപ്പടിവിദ്യക്കാരന്റെ മായാവിദ്യകള്‍ വായനക്കാര്‍ പലരും കണ്ടിരിക്കും. അവ കണ്ട് അത്ഭുതപ്പെട്ട് വായുംപൊളിച്ച് അവന്റെ മുന്‍പില്‍ തന്നെ ഇരുന്നു പോയിട്ടുള്ളവരും, അവന്‍ പോകുന്ന സമയം കൂടെ ആകൃഷ്ടന്‍മാരായ് പോയിട്ടുള്ളവരും ചിലരുണ്ടാകും. അങ്ങനെയുള്ളവര്‍ മോഹതമസ്സകന്നു വിശദമായവര്‍ ആയിത്തീരുമ്പോള്‍ അവന്റെ വിദ്യയെപ്പറ്റി വാസ്തവമെന്തെന്ന് അവര്‍ക്ക് ബോധമുണ്ടായി എന്നും വരും. ഇല്ലാത്തതിനെ ഉണ്ടാക്കുകയും ഉള്ളതിനെ ഇല്ലാതാക്കു കയും ചെയ്യുകയായിരുന്നില്ല ചെപ്പടിക്കാരന്റെ വിദ്യയെന്നും, അവന്‍ അവരെ മയക്കി തന്റെ കൈയടക്കംകൊണ്ടു അങ്ങനെ തോന്നിപ്പിക്കു ന്നതേയുള്ളൂവെന്നും അവര്‍ക്ക് ഉള്ളില്‍ തെളിവുണ്ടാകും. അത്തരം ചെപ്പടിവിദ്യക്കാരനാണ്. പക്ഷേ സാക്ഷാല്‍ ചെപ്പും പന്തും കുട്ടിക്കോലും കുട്ടിച്ചാത്തനും മറ്റും മറ്റും കൈവശമില്ലാതിരുന്നാലും സാഹിത്യസം ബന്ധമായ ഇന്ദ്രജാലത്തിന് തക്കതായ പദാര്‍ത്ഥങ്ങളും, എഴുത്തു കോലും, ചാത്തന്‍മാരും, കുട്ടിണാച്ചിയും, മാടന്‍പിള്ളമാരും കൈവശം വച്ചുകൊണ്ട് പാമരജനങ്ങളെ മയക്കി സാഹിത്യചെപ്പടിച്ചുകാണിക്കുന്ന ഒരു മായാവിദ്യക്കാരനാണ് ധര്‍മ്മരാജാവിന്റെ കര്‍ത്താവ് എന്ന് ഈ ഗ്രന്ഥം വായിച്ച് പരമൊരു മഹാമോഹം ചേതസ്സുളവായിതീര്‍ന്നവര്‍കൂടി ബുദ്ധിതെളിയിക്കുന്ന സമയം സമ്മതിക്കുന്നതാണ്.... ഒരു നല്ല സാഹിത്യകാരന്റെ കയ്യില്‍നിന്നും എത്രയോ മനോഹരമായ സ്വരൂപത്തില്‍ അവതരിപ്പിക്കപ്പെടാമായിരുന്നു ഈ കഥ ഡോ. ജോണ്‍ സണ്‍ എന്ന ആംഗലകവി താന്‍ ഒരിക്കല്‍ ഭക്ഷിക്കേണ്ടിവന്ന മാംസത്തെപ്പറ്റി ആക്ഷേപം ചെയ്യും വിധത്തില്‍ രാമന്‍പിള്ള അവര്‍കള്‍ യോഗവും പാകവും വര്‍ഷങ്ങളായി വഷളായി വിളമ്പിയിരിക്കുന്നു എന്നു പറഞ്ഞേ തീരൂ. തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്‌സവമാകുമ്പോള്‍ അവിടെ പഞ്ചതീര്‍ത്ഥകരെ മണിമാളികത്താഴെ പഞ്ചപാണ്ഡവന്‍മാരുടെ പ്രതിമകള്‍ കെട്ടിനിര്‍ത്തുന്ന പതിവുണ്ട്. അത്തരം പ്രതിമകള്‍ ചേര്‍ത്തല പൂരം മുതലായ സന്ദര്‍ഭങ്ങളില്‍ അതാത് സ്ഥലങ്ങളിലും ഭീമന്‍മാരായി നില്‍ക്കുന്നതും കാണാം. ഇങ്ങനെയൊരു ഭീമന്‍ കെട്ടാകുന്ന രാമന്‍പിള്ള അവര്‍കളുടെ 'ധര്‍മ്മരാജാ' ചൂരല്‍ കൊണ്ടും മറ്റു തരം വല്‍ഗുക്കള്‍ കൊണ്ടും, കൈ, കാല്‍, വയര്‍ ഇത്യാദി കട്ടകള്‍ മെടഞ്ഞുകെട്ടി അവയെ തടിക്കഷ്ണം കൊണ്ടുള്ള മുഖം നഖം വിരല്‍ ഇത്യാദികള്‍ കൊണ്ട് പൂര്‍ത്തിയാക്കി നാനാവര്‍ണ്ണ തകിടുകള്‍ പതിച്ചു ചെമന്ന തുണികളും, മറ്റും കെട്ടി ഉടുപ്പിച്ചു വലിയ ഗദകളും പിടിപ്പിച്ചുനിര്‍ത്തുന്നു. ഈ വക പ്രതിമകള്‍ കാണികളായ പാമരന്‍മാ രുടെ ഉള്ളില്‍ എന്തൊരത്ഭുതമാണു ണ്ടാക്കുന്നതെന്ന് കണ്ടറിയേണ്ട ഒന്നാണ്. എത്ര ചന്തമായി നില്‍ക്കുന്ന ആ പ്രതിമകള്‍ എന്തെങ്കിലും സ്‌തോഭം പുറപ്പെടുവിക്കുന്നെങ്കില്‍ രാമന്‍പിള്ള അവകര്‍കളുടെ ധര്‍മ്മരാജാ ഭീമപ്രതിമയുടെ മുഖത്ത് സ്‌തോഭം കാണുന്നുണ്ടെന്ന് സമ്മതിക്കാം. പത്മതീര്‍ത്ഥക്കരെ നില്ക്കുന്ന ഭീമന്‍മാര്‍ക്ക് സ്‌തോഭം ഉണ്ടായിക്കാണാത്തത് അവ ബ്രഹ്മസൃഷ്ടി അല്ലായ്കയിലാ ണെങ്കില്‍ രാമന്‍പിള്ള അവര്‍കളുടെ ധര്‍മ്മരാജാ ഭീമപ്രതിമയ്ക്ക് സ്‌തോഭം ഉണ്ടാവാത്തത് അത് യഥാര്‍ത്ഥ കവിയായ ഒരു സാഹിത്യ ബ്രഹ്മാവിന്റെ സൃഷ്ടി അല്ലായ്കയില്‍ ആകുന്നുവെന്ന് അറിയണ്ടതാകുന്നു'

9 രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയവിമര്‍ശനം മാത്രമല്ല, സാഹിത്യ വിമര്‍ശനവും വ്യക്തികളെ നോക്കിയാണ്. അന്നല്ല ഇന്നും ഉത്തമനോവല്‍ എന്ന് അനേകം സാഹിത്യകാരന്‍മാര്‍ അഭിപ്രായപ്പെടുന്ന ധര്‍മ്മരാജാ, മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ ഗ്രന്ഥങ്ങളെ രാമകൃഷ്ണ പിള്ള വിമര്‍ശിച്ചത് അതിന്റെ കര്‍ത്താവിനോടുള്ള അടങ്ങാത്ത വിദ്വേഷം ഉള്ളില്‍ വച്ചുകൊണ്ടാണ്. സി.വി.രാമന്‍പിള്ളയുടെ ഏറ്റവും മെച്ചപ്പെട്ട നോവലായി ഇന്നു പലരും കാണുന്നത് ധര്‍മ്മരാജയാണ്. 

10 അതിനെല്ലാം സി.വി.രാമന്‍പിള്ള മറുപടി കൊടുത്തത് മറ്റൊരു വിധത്തിലാണ്. രാമകൃഷ്ണപിള്ള ദിവാനെ രാജ്യകാര്യങ്ങളിലും വ്യക്തിപരമായും വിമര്‍ശിച്ചുകൊണ്ട് സ്വദേശാഭിമാനിയില്‍ എഴുതിയ ലേഖനങ്ങളെ മലയാളം അറിയാന്‍ പാടില്ലാത്ത ദിവാന് തര്‍ജിമ ചെയ്തുകൊടുത്തത് സി.വി.ആയിരുന്നു. രാമകൃഷ്ണപിള്ളയോടുള്ള സി.വി.യുടെ പ്രതികാരം തീര്‍ത്തത് ആ തര്‍ജ്ജിമയിലൂടെയാണ്. നാടുകടത്തപ്പെട്ടതിന് ശേഷം രാമകൃഷ്ണപിള്ള പേട്രിയാററ് പത്രത്തി നെതിരെ കൊടുത്ത മാനനഷ്ടക്കേസില്‍ ഹാജരാക്കാനുള്ള പല രേഖകളും ആവശ്യപ്പെട്ടുകൊണ്ടു രാമകൃഷ്ണപിള്ള സി.വി.യ്ക്ക് ഒരു കത്ത് അയച്ചു. അതുപ്രകാരം രേഖകള്‍ കൊടുത്തുവോ എന്നറിഞ്ഞുകൂട.7


കുറിപ്പുകള്‍

1. രാമകൃഷ്ണപിള്ളയുടെ ജനനം 1877-ലാണ് എന്നാണ് ഡോ. പ്രൊഫ. ജെഫ്രി നായര്‍ മേധാവിത്വത്തിന്‍െ പതനം എന്ന ഗ്രന്ഥം മലയാളതര്‍ജ്ജിമ 269-ാം പേജില്‍ പറയുന്നത്.
2. ദലിത്ബന്ധു, മലയാളിമെമ്മോറിയല്‍,കാണുക.
3. ഭാസ്‌കരപിള്ള, കെ, സ്വദേശാഭിമാനി. പേജ് 91.
4. അതേ ഗ്രന്ഥം പേജ് 99
5. ദേശാഭിമാനി
6. ആത്മപോഷിണി പുസ്തകം 4 ലക്കം 2- പേജ് 83-84
7. ഭാസ്‌കരപിള്ള, കെ, സ്വദേശാഭിമാനി. പേജ് 305-6.