"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

എസ് എന്‍ ഡി പി യോഗത്തിന്റെ ജനനം

കൊ വ 1078

ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം ഇന്ത്യന്‍ കമ്പനി ആക്ടിന്‍ പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിട്ടു ള്ളത്. പ്രസ്തുത യോഗം സ്ഥാപിക്ക പ്പെട്ടതിനെ സംബന്ധിച്ച് 1903 മാര്‍ച്ചുമാസം 17 ആം തിയതി തിരുവനന്തപുരം ഡിവിഷന്‍ പേഷ്‌കാര്‍ തിരുവിതാംകൂര്‍ ദിവാനയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള തഹസീല്‍ദാരുടെ കത്തും കുമാരനാശാന്‍ (മഹാകവി) അതേക്കുറിച്ചു നല്‍കിയ മൊഴിയും ഇവിടെ ചേര്‍ക്കുന്നു. തുടര്‍ന്ന് പ്രസ്തുത യോഗം അംഗീകരിച്ചു നടപ്പില്‍വരുത്തിയ കൂട്ടുയാദാസ്തും കൂട്ടു നിബന്ധനകളും വായിക്കാം.

1078 കുംഭം 22 ആം തിയതി നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ തിരുവനന്തപുരം ദിവാന്‍ പേഷ്‌കാര്‍ക്കയച്ച കത്തു.

1. 598 മത നമ്പരില്‍ ഫെബ്രുവരി മാസം 21 ആംതിയതി എഴുതി വന്ന ഉത്തരവിന് മറുപടി റിപ്പോര്‍ട്ട്.

ഞാന്‍ സ്ഥലത്തുപോയി അന്വേഷിക്കയും അരുവിപ്പുറത്തു താമസിക്കുന്ന എന്‍ കുമാരനാശാനോടു മൊഴി വാങ്ങിക്കയും ചെയ്തു.

അരുവിപ്പുറത്തു ഇവര്‍ പതിനായിരം രൂപക്കു മേല്‍ ചിലവ് ചെയ്ത് ഒരു ക്ഷേത്രവും അതു സംബന്ധിച്ചു ചില കെട്ടിടങ്ങളും തീര്‍പ്പിച്ചിട്ടുള്ള തായി കാണുന്നു. ഈ ക്ഷേത്രത്തിന്റേയും ഇതിന് കീഴായി ഇനി സ്ഥാപിക്കാന്‍ പോകുന്ന ക്ഷേത്രം പള്ളിക്കൂടം ഇതുകളുടേയും മറ്റും വര്‍ദ്ധനക്കു ഈ യോഗം ഉണ്ടാക്കിയിട്ടുള്ളതെന്നും യോഗത്തില്‍ ചേര്‍ന്ന ആളുകള്‍ക്കു ധനം സമ്പാദിപ്പാനല്ലെന്നു കാണുന്നു. 

ഈ സ്ഥിതിക്ക് അപേക്ഷ അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്നതില്‍ വിരോധമുണ്ടെന്നു തോന്നുന്നില്ലാഴികയാല്‍ മൊഴിയും ഉത്തരവോടുവന്ന ഹര്‍ജി മുതലായവതും അയച്ചു വിവരം ബോധിപ്പിച്ചുകൊള്ളുന്നു.

തഹശീല്‍ദാര്‍ പത്മനാഭന്‍ തമ്പി
(ഒപ്പ്)

2. 1078 മാണ്ടു കുംഭമാസം 18 ആം തിയതി നെയ്യാറ്റുകര താലൂക്ക് കച്ചേരി മുമ്പാകെ പെരുംകടവിള അധികാരത്തില്‍ അരുവിപ്പുറം ക്ഷേത്രത്തില്‍ താമസിക്കുന്ന എന്‍. കുമാരനാശാന്‍ ബോധിപ്പിച്ച മൊഴി:- 

അരുവിപ്പുറം ശ്രീനാരായണ പരിപാലനയോഗം എന്നു പേരോടുകൂടി ഒരു യോഗം നടത്തുന്നതിന് അനുവാദം ഉണ്ടാകണമെന്നു അപേക്ഷിച്ചിട്ടുണ്ട്. ഈ സ്ഥലത്തു ഒരു ശിവക്ഷേത്രം 1060 ആം മാണ്ടു നാരായണഗുരു സ്വാമികള്‍ പൊതുജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയിട്ടുണ്ട്. 1074 മാണ്ടില്‍ ഈ ക്ഷേത്രത്തില്‍ ഉത്സവക്കാര്യങ്ങളും മറ്റും നടത്തുന്നതിലേക്ക കാളിവിളാകത്തു കാളിയമ്പി മായിറ്റി മുതലായി 11 പെരെ ചേര്‍ത്തു ഒരു ഉടംബിടി എഴുതി രജിസ്റ്റരാക്കിയിട്ടുണ്ട്. ഈ അരുവിപ്പുറം ക്ഷേത്ര ത്തിന്റെ കീഴില്‍ ഇപ്പോള്‍ വേറേയും ക്ഷേത്രങ്ങളും സ്വത്തുക്കളും ഉണ്ടായിട്ടുണ്ട്. ഈ ധര്‍മ്മ കാര്യത്തെ നിലനിറുത്തുന്നതിനും ധര്‍മ്മമായി ജനങ്ങളെ മത സംബന്ധമായും ലൗകികമായും ഉള്ള വിദ്യാഭ്യാസത്തില്‍ സഹായിക്കുന്നതിനും തക്കവണ്ണം ധനവും ജനസഹായവും ഉണ്ടാക്കുന്ന തിനായിട്ടാണ് ഈ വിധം ഉടംബിടിയെടുത്തിട്ടുള്ളത്. ഈഴവരുടെ വിദ്യാഭ്യാസ സൗകര്യത്തിനും ദൈവ ആരാധനക്കും ആയി ആവശ്യപ്പെ ടുന്ന സ്ഥലങ്ങളില്‍ ധനത്തിന്റെ സ്ഥിതിയെ അനുസരിച്ചു പള്ളിക്കൂട ങ്ങളോ ദേവാലയങ്ങളോ സന്യാസിമഠങ്ങളോ സ്ഥാപിക്കുന്നതിനും ഈ യോഗം ആവശ്യപ്പെടുന്നതാകുന്നു.

എന്‍. കുമാരനാശാന്‍
(ഒപ്പ്)

തഹശീല്‍ദാര്‍ പത്മനാഭന്‍ തമ്പി
(ഒപ്പ്)

അരുവിപ്പുറം ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം കൂട്ടു യാദാസ്തു

1. ഈ യോഗം 'അരുവിപ്പുറം ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം' എന്ന് വിളിക്കപ്പെടും.
2. ഈ യോഗത്തിന്റെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആഫീസ് നെയ്യാറ്റിന്‍കരെ താലൂക്കില്‍ പെരുങ്കടവിള അധികാരത്തില്‍ ആയയില്‍ ദേശത്ത് അരുവിപ്പുറം ശിവക്ഷേത്രത്തില്‍ ആയിരിക്കും.
3. ഈ യോഗത്തിന്റെ ഉദ്ദേശങ്ങള്‍:-
(എ) അരുവിപ്പുറം ശിവക്ഷേത്രത്തിലും അതോടു ചേര്‍ന്നതോ അതിന്റെ കീഴില്‍ ഉള്‍പ്പെട്ടതോ ആയ ക്ഷേത്രങ്ങളിലും ഉള്ള നിത്യപൂജ വര്‍ഷോത്സവം മുതലായ സകല കാര്യങ്ങളും നടത്തുക.
(ബി) ഈഴവ സമുദായത്തില്‍ ദൈവികവും ലൗകികവുമായ വിദ്യാഭ്യാസത്തേയും വ്യവസായ ശീലത്തേയും അഭിവൃദ്ധിപ്പെടുത്തുന്നതിനും അവയുടെ പ്രചാരത്തിനായി ടി അരുവിപ്പുറത്തും ആവശ്യംപോലെ മറ്റു സ്ഥലങ്ങളിലും ക്ഷേത്രം സന്യാസിമഠം പള്ളിക്കൂടം മുതലായവയെ ഏര്‍പ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുകയും നടത്തുകയും ചെയ്യുക.
(സി) യോഗത്തിന്റെ ആവശ്യങ്ങള്‍ക്കായി വല്ല സ്ഥലമോ കെട്ടിടമോ രണ്ടുംകൂടിയോ വിലയോ ഒറ്റിയോ ആയി വാങ്ങുകയോ പാട്ടത്തിന് ഏള്‍ക്കുകയോ അവക്കു വേണ്ട ഉപകരണങ്ങളോ ക്രമമായി വാങ്ങുകയോ ചെയ്യുക.
(ഡി) യോഗം വക സ്ഥാവര ജംഗമ വസ്തുക്കളെ ആവശ്യം പോലെ വില്‍ക്കുകയോ ഒറ്റിയോ പണയമോ പാട്ടമോ ആയി കൊടുക്കുകയോ ചെയ്യുക.
(ഇ) വാഗ്ദത്ത പത്രം മുതലായ കൈമാറ്റ പത്രങ്ങളെ ഉണ്ടാക്കുകയോ സ്വീകരിക്കുകയോ പുറത്തെഴുതുകയോ മറ്റോ ചെയ്യുക.
(എഫ്) മേല്‍പ്പറഞ്ഞ ഉദ്ദേശങ്ങളോ അവയില്‍ ഏതെങ്കിലുമോ സാധിക്കുന്നതിന് സമയോജിതമായ എല്ലാ കാര്യങ്ങളും നടത്തുകയോ ചെയ്യുകയോ ചെയ്യുക.

4. ഈ യോഗത്തില്‍ അംഗങ്ങളുടെ ബാധ്യത

ക്ലിപ്തപ്പെടുത്തിയിരിക്കുന്നതാകുന്നു. ഈ കൂട്ടു യാദാസ്തു അനുസരിച്ച് താഴെ പേരെഴുതി കൈയൊപ്പിടുന്നവരായ ഞങ്ങള്‍ ഒരു യോഗമായി ചേര്‍ന്ന് നടക്കുന്നതിനും ഞങ്ങളുടെ പേരുകളോട് ചേര്‍ത്ത് എഴുതിയി രിക്കുന്ന ഓഹരികളെ എടുക്കുന്നതിനും ഓരോരുത്തരും പൂര്‍ണ്ണമനസ്സോടു കൂടി സമ്മതിച്ചിരിക്കുന്നു.

1. അദ്ധ്യക്ഷന്‍ നാരായണ ഗുരുസ്വാമി (ഒപ്പ്) 

2. നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള അധികാരത്തില്‍ കാളിയംബി മായിറ്റി ഓഹരി ഒന്ന് (ഒപ്പ്)

3. ടി താലൂക്കില്‍ കൊട്ടുകാല്‍ അധികാരത്തില്‍ കരുംകുളം ദേശത്ത് ഉറക്കിണറ്റടി പുരയിടവും ഉള്ള പെരുങ്കളവിട അധികാരത്തില്‍ പുലവാതുക്കല്‍ പുരയിടത്തില്‍ രാമന്‍ കൃഷ്ണന്‍ ഓഹരി ഒന്ന് (ഒപ്പ്)

4. കൊട്ടുകാല്‍ അധികാരത്തില്‍ കരകുളം ദേശത്ത് പാലോട്ടുവിള പുരയിടത്തില്‍ മാതെവന്‍ കുമാരന്‍ ഓഹരി ഒന്ന് (ഒപ്പ്)

അരുവിപ്പുറം ശര്ീനാരായണധര്‍മ പരിപാലന യോഗം

1074 മാണ്ട് ധനുമാസം 14 ആം തിയതി എഴുതി ടി ആണ്ടുവക 71 ആം നമ്പരായി തിരുവനന്തപുരം സബ് രജിസ്റ്റാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉടമ്പടിയെ പ്രമാണിച്ച് 1078 ധനു 23 ആം തിയതി കൂടിയ അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ ഒരു വിശേഷാല്‍ യോഗത്തില്‍ വച്ചുണ്ടായ നിശ്ചയത്തിന്മേല്‍ എഴുതിയ

കുട്ടൂനിബന്ധനകള്‍

1. 1063 മാണ്ടത്തെ ഒന്നാം റെഗുലേഷന്‍ (1082 ലെ 6 ആം നംബ്ര ഇന്‍ഡ്യന്‍ കമ്പനീസ് ആക്ട്) 1 ആം പട്ടികയില്‍ എ അടയാള ലിസ്റ്റില്‍ അടങ്ങിയിട്ടുള്ള ചട്ടങ്ങള്‍ ഈ നിബന്ധനകളില്‍ ആവര്‍ത്തിച്ചും വിവരിച്ചും അടങ്ങിയിരിക്കുന്നവ ഒഴികെ യാതൊന്നും ഈ യോഗത്തെ സംബന്ധിക്കുന്നതല്ല.

2. ഈ യോഗത്തില്‍ അംഗങ്ങളുടെ സംഖ്യക്ക് ക്ലിപ്തമില്ലാത്തതും അപേക്ഷാപത്രം മൂലം ആവശ്യപ്പെട്ട് രജിസ്റ്റര്‍ബുക്കില്‍ പേര് സര്‍ട്ടിഫിക്കറ്റ് സിദ്ധിച്ചിട്ടുള്ള ആര്‍ക്കും ഇതില്‍ അംഗങ്ങളായിരിക്കാവുന്നതും അവരെ ഒക്കെയും ഈ നിബന്ധനകള്‍ സംബന്ധിക്കുന്നതുമാകുന്നു.

3. യോഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവരുടെ യോഗത്തില്‍ ഉള്ള ഓഹരികള്‍ കൈമാറ്റം ചെയ്യുകയോ കടത്തിന് ബാധ്യതപ്പെടുത്തുകയോ പെടുകയോ ചെയ്യാന്‍ പാടില്ലാത്തതും യോഗത്തിന്മേല്‍ അവര്‍ക്കുള്ള അവകാശം ഓഹരിയുടെ താരതമ്യത്തെ അനുസരിച്ച കുടുംബ പാരമ്പര്യമായി ശാശ്വതമായിരിക്കുന്നതുമാകുന്നു.

(എ) ഈ യോഗത്തില്‍ മുന്‍പേരായി 100 (നൂറു) പ്രിട്ടീഷ് രൂപ ഒന്നായിട്ടോ അല്ലാത്ത പക്ഷം 20 സംവത്സരം വരെ ആണ്ടൊന്നുക്ക് 10 ബ്രിട്ടീഷ് രൂപ വീതം മുടക്കം കൂടാതെ കൊടുക്കുന്നവര്‍ക്ക് ഒരു മുഴുഓഹരിക്ക് അവകാശമുള്ളതാകുന്നു.

(ബി) ഈ 20 സംവത്സരാവധിക്കുള്ളില്‍ നൂറു രൂപ മൊത്തമായി കൊടുക്കുന്ന ആള്‍ മേലാല്‍ ആണ്ടുതോറും പത്തു രൂപ വീതം അടപ്പാന്‍ ആവശ്യമില്ലാത്തതും ഇതിനു മുമ്പില്‍ ഏതെങ്കിലും തുക കൊടുത്തിട്ടു ണ്ടായിരുന്നാല്‍ അതിന് ഈ നൂറു രൂപയില്‍ വകവെച്ചു കൊടുക്കുന്നതും ആകുന്നു.

(സി) മേല്‍പ്രകാരം ആണ്ടുതോറും അടക്കുന്ന രീതിയില്‍ ഏതെങ്കിലും ഒരു തവണ മുടക്കം വരുത്തിയാല്‍ ഓഹരി ഒന്നുക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള രൂപ നൂറും ഒന്നായി കൊടുക്കുന്നതിന് ആ ഓഹരിക്കാരന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നതും യോഗത്തിന് ആ തുകയെ അവനിലോ അവന്റെ വസ്തുക്കളിലോ നിന്ന് ഈടാക്കിക്കൊള്ളാവുന്നതും ആകുന്നു.

4. ഈ യോഗത്തിന്റെ ധനങ്ങള്‍ :-

(എ) നെയ്യാറ്റിന്‍കര പെരുംങ്കളവിള അധികാരത്തില്‍ ആയയില്‍ ദേശത്ത് അരുവിപ്പുറം ക്ഷേത്രത്തില്‍ തൂറവി നാരായണഗുരുസ്വാമി അവര്‍കളാല്‍ സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തില്‍റെ കൈവശത്തില്‍വെച്ച് നടത്തിവരുന്ന അരുവിപ്പുറം ശിവക്ഷേത്രവും അതോടു ചേര്‍ന്ന സന്യാസിമഠം മുതലായ കെട്ടിടങ്ങളും അവയോടു ചേര്‍ന്ന ഭൂമിയും മേപ്പടി ക്ഷേത്രത്തിന്റേയും മഠത്തിന്റേയും ഉപയോഗങ്ങള്‍ക്കായി ടി നാരായണഗുരുസ്വാമി അവറുകളുടേയോ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ തൂറവികളുടേയോ പേരില്‍ പറഞ്ഞിട്ടുള്ളതോ, വില വാങ്ങിയട്ടുള്ളതോ ദാനം കിട്ടിയിട്ടു ള്ളതോ മറ്റോ ആയ സകല സ്ഥാവരജംഗമ വസ്തുക്കളും 

(ബി) ഓഹരിക്കാരാല്‍ അയക്കപ്പെടുന്ന സംഖ്യയും

(സി) നടവരവും നേര്‍ച്ച സംഭാവന മുതലായവയും ആകുന്നു.

5. നടപടികള്‍

ഈ യോഗത്തിന്റെ നടപടികള്‍ അരുവിപ്പുറം ക്ഷേത്രത്തില്‍ അതാതുകാലം ഗുരുസ്ഥാനത്തില്‍ ഇരിക്കുന്ന ഒരു തൂറവിയുടെ അധ്യക്ഷതയില്‍ കീഴ്യോഗങ്ങളാല്‍ (ആണ്ടുതോറും) സാധാരണ പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുക്കപ്പെടുന്ന സാമാജികന്മാരും സിക്രട്ടറിയും ചേര്‍ന്ന ഒരു മാനേജിങ് കമ്മറ്റിയില്‍ കൂട്ടുയാദാസ്തിലേയും കൂട്ടുനിബന്ധനകളിലേയും ഉദ്ദേശങ്ങളേയും പൊതുയോഗത്തില്‍ അതാതുകാലം ഉണ്ടാകുന്ന തീര്‍ച്ചകളേയും അനുസരിച്ച് നടത്തപ്പെടേണ്ടതും ആ കമ്മിറ്റിക്ക് ഒരു മുതല്‍ പിടിയെയും ആവശ്യപ്പെടുന്ന മറ്റ് ജീവനക്കാരേയും ഏര്‍പ്പെടുത്തിക്കൊള്ളാവുന്നതും ആകുന്നു.

6. ആണുടുതോറും കുംഭമാസത്തില്‍ ഒരു ദിവസം ഒരു പൊതുയോഗത്തിന്റെ സമ്മേളനം ഉണ്ടായിരിക്കേണ്ടതും അത് സംബന്ധമായ അറിയിപ്പ് അധ്യക്ഷന്റെ അനുവാദപ്രകാരം 15 ദിവസത്തിന് മുന്‍പില്‍ യോഗാംഗങ്ങള്‍ക്ക് സിക്രട്ടറി കൊടുക്കേണ്ടതും ആകുന്നു.

7. വിശേഷാല്‍ ഏതെങ്കിലും പൊതുയോഗം കൂടുന്നതിന് ആവശ്യപ്പെട്ടാല്‍ അതിനെപ്പറ്റിയുള്ള അറിയിപ്പും മേല്‍പ്രകാരം അധ്യക്ഷന്റെ അനുവാദത്തോടുകൂടി സിക്രട്ടറി കൊടുക്കേണ്ടതും അങ്ങനെ ചെയ്യാത്തപക്ഷം മാനേജിങ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട മൂന്നില്‍ കുറയാതെ സാമാജികര്‍ക്കും അപ്രകാരം ചെയ്യാമെന്നുള്ളതും ആകുന്നു.

8. പൊതുയോഗത്തില്‍ ആലോചിച്ച് തീര്‍ച്ചപ്പെടുത്തേണ്ട സംഗതിയെപ്പറ്റി 15 ദിവസത്തിനു മുന്‍പില്‍ സിക്രട്ടറി എല്ലാ സാമാജികന്മാരേയും തെര്യപ്പെടുത്തേണ്ടതാണ്.

9. പൊതുയോഗത്തില്‍ 100 മുഴുവന്‍ ഓഹരികള്‍ തികയുന്നതു വരെ 10 ല്‍ കുറയാതെയും 100 ല്‍ അധികപ്പെട്ടാല്‍ 100 ന് 10 വീതം ഉള്ള കണക്കില്‍ കുറയാതെയും മുഴു ഓഹരിക്കാരായ അംഗങ്ങളും മാനേജിങ് കമ്മിറ്റിയില്‍ ഇതിന് ഒരു നിശ്ചയം ഉണ്ടാകുന്നതു വരെ 5 ല്‍ കുറയാതെ സാമാജികന്മാരും ഉള്‍പ്പെട്ടിരിക്കേണ്ടതും മേല്‍പ്പറഞ്ഞ എണ്ണത്തില്‍ കുറയാത്ത യാതൊരു പൊതുയോഗവും മാനേജിങ് കമ്മിറ്റിയും കൂടാന്‍ പാടില്ലാത്തതും ആകുന്നു.

10. മാനേജിങ് കമ്മിറ്റിയുടേയും പൊതുയോഗത്തിന്റേയും നടപടികള്‍ അതിനായി പ്രത്യേകം വെച്ചിട്ടുള്ള പുസ്തകത്തില്‍ അതതു സമയം എഴുതി വെക്കേണ്ടതും അതില്‍ അധ്യക്ഷനും സെക്രട്ടറിയും മാനേജിങ് കമ്മിറ്റിയിലെ രണ്ടില്‍ കുറയാതെ സാമാജികന്മാരും ഒപ്പിട്ടിരിക്കേണ്ടതും ആകുന്നു.

11. ഒന്നില്‍ കുറഞ്ഞ യാതൊരു ഓഹരിക്കാര്‍ക്കും പൊതുയോഗത്തില്‍ അഭിപ്രായം പറയുന്നതിനോ അര്‍ഹതയില്ലാത്തതും എന്നാല്‍ അരയോ കാലോ യോഗക്കാരിലും യഥാക്രമം രണ്ടോ നാലോ ആളുകള്‍ കൂട്ടിച്ചേര്‍ന്ന അധികാരപ്പെടുത്തുന്ന ഒരുവന് പൊതുയോഗത്തില്‍ അഭിപ്രായം പറയുന്നതിന് ഒരു മുഴു ഓഹരിക്കാരനെപ്പോലെ അതേ അവകാശം ഉണ്ടായിരിക്കുന്നതുമാകുന്നു.

12. മാനേജിങ് കമ്മിറ്റിയിലേയും പൊതുയോഗത്തിലേയും തീര്‍ച്ച അപ്പപ്പോള്‍ കൂടിയിട്ടുള്ളതില്‍ ഭൂരിപക്ഷക്കാരുടെ അഭിപ്രായമനുസരിച്ച് ആയിരിക്കുന്നതും എന്നാല്‍ രണ്ടുപക്ഷത്തും വാദിക്കുന്നവരുടെ സംഖ്യ സമമായരുന്നാല്‍ അധ്യക്ഷന് ഒരു വോട്ടിനു കൂടി അവകാശമുള്ളതുമാണ്.

13. പൊതുയോഗത്തില്‍ ഹാജരാകാന്‍ പാടില്ലാത്ത ഓഹരിക്കാരന് തന്റെ (രേഖാമൂലമുള്ള) അധികാരം സിദ്ധിച്ചിട്ടുള്ള ആള്‍ മുഖാന്തിരം അഭിപ്രായം പറയാവുന്നതും അങ്ങനെയുള്ള അധികാരപത്രം കാര്യസ്ഥനായി വരുന്ന ആള്‍ യോഗം കൂടുന്നതിനു മുമ്പേ സിക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതും ആകുന്നു. 

14. യോഗത്തിന്റെ വരവ് ചെലവ് കണക്കുകള്‍ അധ്യക്ഷനും സെക്രട്ടറിയും മാനേജിങ് കമ്മിറ്റിയില്‍ രണ്ടില്‍ കുറയാതെ സാമാജികര്‍ മറ്റു മുതല്‍പിടിക്കാരനും ഒപ്പിട്ട് പൊതുയോഗത്തില്‍ സമര്‍പ്പിക്കേണ്ടതു മാകുന്നു.