"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

തണ്ടപ്പുലയരും ജീവിതരീതികളും - കുന്നുകുഴി എസ് മണിപുലയരുടെ ഇടയിലുളള ഒരു ചെറിയ ഉപവര്‍ഗ്ഗമാണ് തണ്ടപ്പുലയര്‍. കറപ്പപ്പുലയര്‍, വെട്ടുവപ്പുലയര്‍ എന്നീ രണ്ടു വിഭാഗങ്ങളില്‍ വെട്ടുവപ്പുലയരെയാണ് തണ്ടപ്പുലയര്‍ എന്നും പറയുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അരൂര്‍, തുറവൂര്‍, വയലാര്‍ എന്നിവിടങ്ങളി ലായിട്ടാണ് തണ്ടപ്പുലയരെ കാണപ്പെട്ടിരുന്നത്. കറപ്പപ്പുലയര്‍, തണ്ടപ്പുലയര്‍ എന്നിവരില്‍ ആഭിജാത്യത്തില്‍ ഉയര്‍ന്നവരാണ് കറപ്പപ്പു ലയര്‍. ഇവര്‍ ഒന്നിച്ചുകൂടുക പതിവില്ലെന്നുമാത്രമല്ല തമ്മില്‍ പന്തി ഭോജനവും വിവാഹ ബന്ധം തന്നെയും ഇല്ല. വളരെ പണ്ട് ഇവര്‍ തമ്മില്‍ തീണ്ടലും ആചരിച്ചിരുന്നു.

തണ്ടപ്പുലയര്‍ വളരെ അധികം കഠിനാധ്വാനം ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ ഉറച്ച ശരീരഘടനയാണ്. നല്ല കറുകറുത്ത നിറമാണ് ഇവര്‍ക്ക്. ശരാശരി അഞ്ചടി ഒരിഞ്ച് പൊക്കവും നീണ്ടതലയും വീതി കുറഞ്ഞ നെറ്റിയും പതിഞ്ഞതോ, ഉയര്‍ന്നതോ അല്ലാത്ത മൂക്കും വീതിയേറിയ നെഞ്ചും ഇവരുടെ പ്രത്യേകതകളാണ്.

ഓട്ടുകിണ്ണമോ, കൈമണിയോ കിട്ടിയാല്‍ താളം പിടിച്ച് മനോഹരമായ ഈണത്തില്‍ തലയാട്ടി പാട്ടുപാടാനുള്ള കഴിവ് ഇവര്‍ക്കുള്ള ഒരു സവിശേഷതയാണ്. കുടിച്ചു കൂത്താടി നടത്തപ്പെടുന്ന സമുദായാചാര ചടങ്ങുകള്‍ ഇവര്‍ക്കിടയില്‍ നിലനില്ക്കുന്നു. കോവിലും, കാവും, കുളവും, മരിച്ചവരും എല്ലാം ഇവര്‍ക്ക് ആരാദ്ധ്യ ദേവതകളാണ്. ദുര്‍മൂര്‍ത്തികളുടെ കോപം കൊണ്ടാണ് രോഗങ്ങള്‍ക്ക് കാരണമെന്നും രോഗം മാറാന്‍ മരുന്നു സേവിക്കുകയല്ല മൂര്‍ത്തികളെ പ്രീതിപ്പെടുത്തു കയാണ് വേണ്ടതെന്നും തണ്ടപ്പുലയര്‍ വിശ്വസിക്കുന്നു. മിക്കവാറും ഒരുനേരത്തെ ഭക്ഷണം കൊണ്ട് കഴിയുന്ന ഇവരുടെ ആരോഗ്യം സുസ്ഥിരമായി നിലനില്ക്കുന്നത് അത്ഭുതകരമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ചേര്‍ത്തല താലൂക്കിലെ കരിപ്പാടങ്ങളുടെ സമീപത്ത് കൊച്ചു പുലയ മാടങ്ങള്‍ ഉണ്ടാക്കിതാമസിക്കുന്ന ഇവരുടെ ഉല്പത്തിയെ സംബന്ധിച്ച ചില ഐതിഹ്യങ്ങള്‍ നിലവിലുണ്ട്.

ചേര്‍ത്തല താലൂക്കില്‍ തണ്ടപ്പുല്ല് വളര്‍ന്നു കിടക്കുന്ന തരിശു ഭൂമി ധാരാളമായിട്ടുണ്ടായിരുന്നു. ഇവിടെ നെല്‍കൃഷിക്ക് പറ്റിയതാണെന്ന് ഒരു നായര്‍ പ്രമാണിക്കുതോന്നി. തണ്ടപ്പുല്ലെല്ലാം വെട്ടിമാറ്റി നിലമാക്കി. നിലമുഴുത് വിത്തു വിതച്ചു. പക്ഷെ വിതച്ച വിത്തൊന്നും കിളിര്‍ത്തു കണ്ടില്ല. വീണ്ടും വിത്തു പാകിയെങ്കിലും ഒന്നും കിളിര്‍ത്തില്ല. ജന്മി പാടത്തെത്തി പരിശോധിച്ചപ്പോള്‍ വിതച്ച വിത്തൊന്നും കാണാനുണ്ടായി രുന്നില്ല. എന്നാല്‍ ഇതിന്റെ രഹസ്യം കണ്ടെത്താന്‍ ഒരു രാത്രി മുഴുവന്‍ ആ നായര്‍ പ്രമാണി കാത്തിരുന്നു. അര്‍ദ്ധ രാത്രി ആയപ്പോള്‍ ഒരു പറ്റം നഗ്നമനുഷ്യര്‍ (ആണും-പെണ്ണും) വന്ന് വിതച്ചവിത്തെല്ലാം പെറുക്കിയെടു ക്കുന്നത് അയാള്‍ കണ്ടു. ഇവരില്‍ നിന്നും ഒരാണിനേയും ഒരു പെണ്ണിനേയും ജന്മിപിടിച്ചു നിറുത്തി. ശേഷിച്ചവര്‍ ഓടിമറഞ്ഞു. നായര്‍ പ്രമാണി ഇതില്‍ ആണിന് തന്റെ രണ്ടാം മുണ്ട് ദാനം ചെയ്തു. പെണ്ണാകട്ടെ അടുത്തുകണ്ട തണ്ടപ്പുല്ലുകൊണ്ട് തന്റെ നാണം മറച്ചു. ഇങ്ങനെ തണ്ടപ്പുല്ലിന്റെ ഇല കീറി ഒരറ്റം പിന്നി നീളത്തില്‍ കോര്‍ത്ത് സ്ത്രീധരിച്ചതുകൊണ്ടാണ് ഇവരെ തണ്ടപ്പുലയര്‍ എന്ന് വിളിക്കുന്നത്. ഈ ദമ്പതിമാരുടെ മക്കളാണ് തങ്ങളെന്ന് തണ്ടപ്പുലയര്‍ വിശ്വസിക്കുന്നു. ഇവര്‍ കുഴികളില്‍ താമസിക്കുന്നതുകൊണ്ട് കുഴിപ്പുലയരെന്നും പേരുണ്ടായി.

തണ്ടപ്പുലയരുടെ ഇടയിലും ഏഴ് ഉപ വര്‍ഗ്ഗങ്ങളാണ്. കൊച്ചിത്തറ പ്പുലയന്‍, അറുപ്പുപ്പുലയന്‍, നീണ്ടൂര്‍ പുലയന്‍, പാനാട് പുലയന്‍, കോച്ചിനല്‍ പുലയന്‍, മാടക്കന്‍ പുലയന്‍, വേലന്‍ പുലയന്‍ എന്നിവയാണ് ഉപവര്‍ഗ്ഗങ്ങള്‍. താമസ സ്ഥലത്തോട് ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ ചില പേരുകള്‍ ഇവര്‍ക്കുണ്ടായത്. ഈ ഉപവര്‍ഗ്ഗക്കാര്‍ തമ്മില്‍ വിവാഹം നടത്താറില്ല. അമ്മയുടെ ഗോത്രം കണക്കാക്കുന്ന വരാണ് തണ്ടപ്പുലയരും.

തിരണ്ടു തീണ്ടാരിയും തലയാട്ടവും

ഋതുവാകുന്ന തണ്ടപ്പുലയ പെണ്‍കുട്ടിയെ കുടിലില്‍ തന്നെയുള്ള ഒരു പ്രത്യേക മുറിയില്‍ താമസിപ്പിക്കുകയാണ് പതിവ്. പ്രത്യേക മാടത്തിലോ, കുടിലിലോ ഇവര്‍ താമസിപ്പിക്കാറില്ലന്നത് തണ്ടപ്പുലയരുടെ പ്രത്യേകത യായി ചൂണ്ടികാട്ടുന്നു. പതിന്നാലുദിവസമാണ് ഇവര്‍ക്ക് അശുദ്ധിയുള്ളത്. ഈ പതിനാലു ദിവസവും തിരണ്ടിരിക്കുന്ന പെണ്ണുതന്നെ ഒരു കലത്തില്‍ തന്നത്താന്‍ അരിവച്ചുകഴിക്കണം. തേങ്ങ ചിരകിയിട്ട്കഞ്ഞി മാത്രമേ പതിനാലു ദിവസവും കഴിക്കാന്‍ പാടുള്ളു. ഉപ്പും, മത്സ്യവും ഈ കാലത്ത് ഉപയോഗിക്കാന്‍ പാടില്ല. പതിനഞ്ചാം ദിവസം സൂര്യന്‍ ഉദിച്ചുയരും മുന്‍പുതന്നെ ഋതുവായ പെണ്ണ് കുളികഴിക്കണം. കുളി കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ കിഴക്കോട്ടു തിരിഞ്ഞ് ഇരിക്കണം. മന്ത്രവാദികള്‍ അവളുടെ രണ്ടുവശവും നിന്ന് പാട്ടുപാടുന്നു. പാട്ട് അതിന്റെ ഉച്ചസ്താവസ്ഥയിലെത്തുമ്പോള്‍ യുവതി തുള്ളിക്കൊണ്ട് തലയാട്ടിത്തുടങ്ങും. കൈമണിയുടെ താളത്തിന് ഒപ്പിച്ചാവും മന്ത്രവാദി കളുടെ പാട്ടും ഋതുമതിയുടെ തലയാട്ടവും. ഈ തലയാട്ടം ബോധം കെട്ടുവീഴും വരെ തുടരും. തറയില്‍ വീണു കഴിഞ്ഞാല്‍ പെണ്‍കുട്ടിക്ക് കരിക്കിന്‍ വെള്ളം കൊടുത്ത് ബോധക്കേടുമാറ്റും. ഋതുമതിയുടെ തലയാട്ടത്തില്‍ മറ്റ് സ്ത്രീകളും പങ്കെടുക്കാറുണ്ട്. തലയാട്ടിത്തിന് മന്ത്രവാദികള്‍ പാടുന്നപാട്ട് ഇങ്ങനെയാണ്.പെണ്ണേ ! മിടുക്കോടെയാടു
തലയാട്ടം നടക്കട്ടെ നന്നായ്
താളം പിഴയ്ക്കാതാടു പെണ്ണേ
താളം പിഴയ്ക്കാതെ പാടാം.

ഇതാണ് തലയാട്ടത്തിനായി മന്ത്രവാദികള്‍ പാടുന്നപാട്ട്. ഈ തലയാട്ടം കഴിഞ്ഞാല്‍ ഋതുവായ പെണ്ണിന് മീനും, ഉപ്പും കൂട്ടി ചോറുകൊടുക്കും. പാട്ടുപാടുന്ന മന്ത്രവാദികള്‍ക്ക് 15 ചക്രം വീതം സമ്മാനവും കൊടുക്കുന്നു. തലയാട്ടം കഴിഞ്ഞാലേ ഋതുമതി ശുദ്ധിയാകൂ എന്നാണ് തണ്ടപുലയരിലെ വിശ്വാസം. കൈമണിക്കുപകരം ഓട്ടുകിണ്ണവും വടിയും താളത്തിനായി ഉപയോഗിക്കാറുണ്ട്. മാസക്കുളിക്ക് ഏഴുദിവസമാണ് അശുദ്ധി ആചരിക്കുന്നത്. ഈ കാലത്ത് സ്ത്രീകള്‍ അടുക്കളയില്‍ കയറാനോ, പാത്രങ്ങളില്‍ തൊടാനോ പാടില്ല. എട്ടാം ദിവസം കുളി കഴിയുന്നതോടെ ശുദ്ധമാകും.

വിവാഹം തമ്പുരാന്റെ സമ്മതപ്രകാരം

തണ്ടപ്പുലയര്‍ പെണ്ണ് ഋതുവാകുന്നതിന് മുന്‍പും, പിന്‍പും വിവാഹം നടത്താറാണ് പതിവ്. പെണ്‍കുട്ടിക്ക് ഏഴെട്ട് വയസ്സാകുമ്പോഴേയ്ക്കും വിവാഹം നിശ്ചയിക്കും. വരന്റെ മാതാപിതാക്കളാണ് പെണ്ണിനെ ചോദിക്കുന്നത്. പെണ്ണിനെ കൊടുക്കാന്‍ സമ്മതമായാല്‍ പെണ്ണിന്റെ പിതാവ് വിവാഹകാര്യം തമ്പുരാനെ (ഏതു ജന്മിയുടെ അടിയാനാണോ പുലയന്‍ ആ ജന്മിയാണ് തമ്പുരാന്‍) അറിയിക്കും. തമ്പുരാന്റെ സമ്മതം കിട്ടിയാലേ വിവാഹ നിശ്ചയം നടക്കാറുള്ളു. തമ്പുരാന് ഇരുകൂട്ടരും കാഴ്ച വെയ്ക്കണമെന്നൊരു ചടങ്ങുണ്ട്. വാഴപ്പഴം, വെറ്റില, പുകയില എന്നിവയാണ് കാഴ്ച ദ്രവ്യങ്ങള്‍. കാഴ്ചവച്ചുകഴിയുമ്പോള്‍ തമ്പുരാന്‍ സമ്മതം നല്‍കും. ഒപ്പം ഒരു പറ നെല്ലും, പത്തു തേങ്ങയും കള്ളു വാങ്ങാന്‍ എട്ടണയും പുലയര്‍ക്ക് തമ്പുരാന്‍ കൊടുക്കും. വിവാഹ നിശ്ചയ ദിവസംപുലയരെല്ലാം കള്ളുകുടിച്ച് മദിച്ചുല്ലസിക്കുക പതിവാണ്.

മകരമാസത്തിലാവും സാധാരണ വിവാഹം നടത്താറുള്ളത്. നല്ല ദിവസം നോക്കീട്ടാവും വിവാഹം നിശ്ചയിക്കുന്നത്. കല്യാണം കൂടാനെത്തുന്ന ബന്ധുക്കള്‍ കല്യാണ ചെലവിലേയ്ക്ക് ഇടങ്ങഴി അരിവീതം കൊണ്ടു വരും. അതിഥികളുടെ എണ്ണം ഇരുപത്തി അഞ്ചില്‍ കൂടാന്‍ പാടില്ല. 200 ചെമ്പു ചക്രം പണമായി ആണ്‍ വീട്ടുകാരന്‍ പെണ്ണിന്റെ അമ്മാവന് കൊടുക്കണം. വരന്‍ വധുവിന് കല്യാണ വസ്ത്രം നല്‍കും. ഒരു ശംഖോ, പളുങ്കുമാലയോ വരന്‍ വധുവിന്റെ കഴുത്തില്‍ കെട്ടും. വളരെ പണ്ട് തണ്ടപ്പുല്ലുകൊണ്ട് നെയ്ത ഒരു വസ്ത്രമായിരുന്നു വരന്‍ വധുവിന് കൊടുത്തിരുന്നത്.

വധുവിന്റെ അമ്മാവന്‍ വധുവിനെ പിടിച്ച് വരനെ ഏല്പിച്ചുകൊണ്ട് ഇങ്ങനെ ഉപദേശിക്കും.''ഈ കന്യാവിനെ ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. അവളെ വേണ്ടതുപോലെ നോക്കിയില്ലെങ്കില്‍ അതിന് ഉത്തരം പറയിക്കാന്‍ വേണ്ട വഴി എനിക്കറിയാം. എന്നും ഒന്നിച്ച് ജീവിക്കാ നായിട്ടാണ് ഇവളെ കൂട്ടി അയയ്ക്കുന്നത്' . ഭര്‍ത്താവിന്റെ കുടിലില്‍ തന്നെ വധു രണ്ടു ദിവസം കഴിയണം. മൂന്നാം ദിവസം കല്യാണ പ്പെണ്ണിന്റെ ഇളയച്ചന്‍, ഇളയമ്മ എന്നിവര്‍ കുടി കാണാന്‍പോകും. വിരുന്നിനു വന്നവര്‍ക്ക് കള്ളും ചോറും കൊടുക്കണം. ഇളയച്ചനും, ഇളയമ്മയും പെണ്ണിനേയും, ചെറുക്കനേയും പെണ്‍വീട്ടില്‍ കൊണ്ടുവരും. വരന്റെ ബന്ധുക്കളായ മുന്നുപേര്‍ ഇവരുടെ പിറകെ പെണ്‍വീട്ടിലേയ്ക്കു പോകുന്നു. ഇങ്ങനെ ചെല്ലുന്നവര്‍ക്ക് പെണ്‍വീട്ടുകാര്‍ കള്ളും ചോറും കെടുക്കണം. പിറ്റേന്ന് രാവിലെ പുതുപെണ്ണും, വരനും തമ്പുരാന്‍ പടി (തമരുപടി) കാണാന്‍ പോകുന്നു. ജന്മി പെണ്ണിന് ഒരു പറ നെല്ലും, പത്തു നാളികേരവും കൊടുക്കും. ഇതിന് പൂര്‍ണ്ണാവകാശി പുതുപെണ്ണാണ്. ഇത് അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കു കൊണ്ടുപോകും. സ്വന്തം വീട്ടിലേയ്ക്ക് മടങ്ങും മുന്‍പ് വരന്‍ വധുവിന്റെ മാതാപിതാക്കള്‍ക്കും, അമ്മാവന്മാര്‍ക്കും, അമ്മായിമാര്‍ക്കും ആളൊന്നിന് നാലു ചക്രം വീതം കള്ളുകുടിക്കായി കൊടുക്കണമെന്നുണ്ട്.

കൊച്ചിയിലുള്ള തണ്ടപ്പുലയരുടെ ഇടയില്‍ പെണ്ണിന് എട്ടുവയസ്സാ കുമ്പോള്‍ ''തണ്ട കല്യാണം''നടത്താറുണ്ട്. നല്ല സമയം നോക്കി 'ഉടുത്ത് തുടങ്ങുക' എന്ന ചടങ്ങാണ് ഇത്. അതുവരേയ്ക്കും കുമ്പാള (കവുങ്ങിന്‍ പൂക്കുലയുടെ പുറമ്പാളി) യാണ് പെണ്‍കുട്ടി ഉടുക്കുന്നത്. ഇങ്ങനെ തണ്ട വസ്ത്രം ധരിച്ചാല്‍ ഉടന്‍ പണ്ടുകാലത്ത് തമ്പുരാന്‍ പടിക്കല്‍ പെണ്ണിനെ ക്കൊണ്ടുപോയി കാണിക്കുക പതിവായിരുന്നു. കുറച്ചു നെല്ലും, അവള്‍ ചെന്നു നില്‍ക്കുന്ന തെങ്ങിലുള്ള തേങ്ങ മുഴുവനും ജന്മി അവള്‍ക്കു കൊടുക്കാറുണ്ടായിരുന്നു. വിവാഹം ശുഭകരമായിരിക്കുമോ ഇല്ലയോ എന്ന് ശംഖു കറക്കിയാണ് ഇവര്‍ മനസ്സിലാക്കുന്നത്. കറക്കിയെറിഞ്ഞ ശംഖിന്റെ വാല്‍ വടക്കോട്ടാണെങ്കില്‍ വിവാഹ ജീവിതം ശുഭകരമായി രിക്കും. തെക്കോട്ടാണെങ്കില്‍ തീരെ അശുഭകരവും, കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ ആണെങ്കില്‍ മദ്ധ്യമാവുമെന്നാണ് വിശ്വാസം. തിരുവിതാംകൂറിനെ അപേക്ഷിച്ച് ജന്മികുടിയാന്‍ വാഴ്ച ഏറ്റവും കൂടുതല്‍ കണ്ടിരുന്നത് മദ്ധ്യ കേരളത്തിലായിരുന്നു പ്രത്യേകിച്ചും കൊച്ചിയില്‍.

ബഹു ഭാര്യത്വം തണ്ടപ്പുലയരില്‍ സര്‍വ്വത്രികമായി കണ്ടിരുന്നു. കാനപ്പുലയരെപ്പോലെ തന്നെ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്ന ഏര്‍പ്പാട് ഇവര്‍ക്കുമുണ്ട്. ഭാര്യാ സഹോദരിയെ രണ്ടാം കല്യാണം കഴിക്കുന്നത് തെറ്റാണെന്നാണ് ഇവരുടെ ഇടയിലെ വിശ്വാസം. വിധവാ വിവാഹവും ഇവര്‍ നടത്തുന്നു. യാതൊരു ആചാരങ്ങളുമില്ലാതെ പെണ്ണിന്റെ വീട്ടില്‍ വരനും ബന്ധുക്കളും ചെന്ന് സദ്യയും കഴിച്ച് പെണ്ണിനേയും കൂട്ടിപ്പോരുന്നു. പിഴച്ചു പോകുന്ന സ്ത്രീകളെ സമുദായത്തില്‍ നിന്നും പുറത്താക്കാനും ഇവര്‍ക്ക് മടിയില്ല.

പ്രസവം സ്വന്തം കുടിലില്‍ തന്നെ

തണ്ടപ്പുലയരുടെ പ്രസവം സ്വന്തം കുടിലില്‍ വച്ചുതന്നെയാവും നടത്തുക. കാനപ്പുലയരെപ്പോലെ പ്രത്യേക പേറ്റു മാടമൊന്നും ഇവര്‍ക്കില്ല. അശുദ്ധി പന്ത്രണ്ട് ദിവസത്തേയ്ക്കാണ്. ആ ദിവസങ്ങളില്‍ കുടുംബത്തിലെ മറ്റുള്ളവര്‍ പുറത്തുപേയിട്ടുവേണം ആഹാരം കഴിക്കേണ്ടത്. പ്രസവ ശുശ്രൂഷയ്ക്കായി സ്ത്രീകള്‍ എല്ലാവരും കുടലില്‍ വരും. നവജാത ശിശുവിനെ നൂലുകെട്ട് സമ്പ്രദായം ഇവര്‍ക്കിടയില്‍ കാണാനില്ല. പകരം പേരിടല്‍ കര്‍മ്മമാണ് പ്രധാനമായി ആചരിക്കുന്നത്. അശുദ്ധി തീരുന്ന അന്നാണ് പേരിടുന്ന കര്‍മ്മവും നടത്തുന്നത്. കാകന്‍, കരുകിലന്‍, അടിമാതി, പങ്കന്‍, മൈലന്‍, ചോത എന്നെല്ലാമാണ് ആണുങ്ങള്‍ക്കുള്ള പേരുകള്‍. കാക്കി, പൂതന, കാളി, മൈല, കുരിയന്‍, കറുമ്പി, കൊച്ചുപെണ്ണ് എന്നാണ് സ്ത്രീകള്‍ക്കുളള പേരുകള്‍. അമ്മാവന്റെയോ, അപ്പുപ്പന്റെയോ പേരാണ് ആണുങ്ങള്‍ക്ക് സാധാരണ ഇടാറുളളത്. അമ്മുമ്മയുടെ പേരാവും പെണ്ണുങ്ങള്‍ക്കിടുക.

ശവദാഹം നടത്തുന്നത് കുമ്മട്ടികള്‍

തണ്ടപ്പുലയര്‍ മരിച്ചാല്‍ ശവസംസ്‌കാരം നടത്തിന്നത് കുമ്മട്ടികള്‍ എന്ന പ്രത്യേക ആള്‍ക്കാരാണ്. മരിച്ച വിവരം എല്ലാ ബന്ധുക്കളേയും അറിയിക്കണമെന്നുണ്ട്. കുഴി കുഴിക്കുന്നത് കുമ്മട്ടികളാണ്. തെക്കു വടക്കായിട്ടാണ് കുഴിയെടുക്കുന്നത്. രണ്ടര അടി ആഴമേ കുഴിക്കുണ്ടാകു. ശവത്തെ കുളിപ്പിച്ച് തെക്കുവടക്കായി ഒരു പായില്‍ കിടത്തും. ശവത്തെ ഒരു മുണ്ടിട്ട് മൂടുന്നു. പായ് ചുരുട്ടിക്കെട്ടി കുഴിയിലേയേക്ക് മകനും മരുമകനും ചേര്‍ന്ന് എടുത്തുകൊണ്ടുപോകും. കുഴിവക്കില്‍വച്ച് ശവം കുമ്മട്ടികള്‍ക്ക് കൈമാറുന്നു. പിന്നീട് ശവം അടക്കാനുളള അവകാശം കുമ്മട്ടികള്‍ക്കുളളതാണ്. അവര്‍ ശവം എടുത്തുകൊണ്ട് കുഴിക്ക് മൂന്നു പ്രദക്ഷിണം വയ്ക്കുന്നു. എന്നിട്ട് തല തെക്കോട്ടായി ശവം കുഴിയില്‍ വച്ച് പായുടെ കെട്ടഴിക്കും. പിന്നീട് കുഴിമൂടുന്നു. കുഴിയുടെ മുകളില്‍ ഒരു കരിക്ക് ഉടച്ച് ഒഴിക്കും. സംസ്‌ക്കാരാനന്തരം ചടങ്ങില്‍ പങ്കെടുത്തവര്‍ എല്ലാം കുളിക്കും. കര്‍മ്മങ്ങള്‍ നടത്തുന്നത് മരിച്ച ആളിന്റെ അനന്തിരവനാണ്. അയാള്‍ക്ക് 16 ദിവസത്തെ പുലയുണ്ട്. (ഈ പതിനാറാം ദിവസത്തെ പുല ഇന്നും പുലയര്‍ ആചരിച്ചു വരുന്നുണ്ട്) മരിച്ച ആളിന്റെ ഭാര്യയും മക്കളും പണ്ടുകാലത്ത് പുല ആചരിച്ചി രുന്നില്ല. അനന്തരവന്‍ ഇല്ലെങ്കില്‍ മാത്രമേ മകന്‍ കര്‍മ്മം ചെയ്യാന്‍ പാടുളളു വെന്നാണ് തണ്ടപ്പുലയരുടെ ഇടയിലെ നിയമം. മകന്‍ കര്‍മ്മം ചെയ്യാറുണ്ടെങ്കിലും പുല ആചരിക്കാന്‍ പാടില്ലാത്രെ. 

പതിനഞ്ചാം ദിവസം മരിച്ച ആളിന്റെ വീട്ടില്‍ ബന്ധുക്കളായ ബന്ധുക്കളെല്ലാം ഒത്തുചേരും. എന്നിട്ട് എണ്ണതേച്ച് കുളിക്കും. അതിനുശേഷം നാലുകമ്പുകള്‍ നാട്ടി ഒരു മണ്‍ചട്ടി അതിന്റെ പുറത്തുവയ്ക്കും. അതില്‍ അവല്‍, മലര്‍, തേങ്ങ എന്നിവ വെയ്ക്കുന്നു. അതിന് ശേഷം മന്ത്രവാദി ഈ ചട്ടിയുടെതാഴെ തീയുടുന്നു. തീകത്തി ചട്ടിക്കകത്തുളള സാധനങ്ങള്‍ കത്തിക്കരിഞ്ഞ് ചട്ടിപൊട്ടും വരേയ്ക്കും എല്ലാവരും കൈകൂപ്പി വണങ്ങിനില്‍ക്കും. ചട്ടി പൊട്ടുന്നതോടെ പുലതീരും. പിന്നീട് സദ്യയും മറ്റും നടത്തി ബന്ധുക്കള്‍ പിരിഞ്ഞുപോകും.

തണ്ടപ്പുലയരില്‍പ്പെട്ട ആരെങ്കിലും ദുര്‍മ്മരണത്തിന് ഇരയായാല്‍ അവരുടെ ബന്ധുക്കള്‍ ഈ അപകടം കാരണമായി ചില കൗതുക 
കരങ്ങളായ ആചാരങ്ങള്‍ ചെയ്യാന്‍ മുതിരുന്നു. മരിച്ച ആളിന്റെ അളിയന്‍വന്ന് മന്ത്രവാദിയെ വിളിക്കും. അന്നേരം മന്ത്രവാദി കൈയ്യില്‍ ഒരു വാളും കോഴിയുമയിവരും. മന്ത്രവാദി മരിച്ച ഈ മനുഷ്യന്റെ തല ഒഴികെ എല്ലാം അഴിച്ചിട്ട് ചില മന്ത്രവാദങ്ങള്‍ നടത്തും. പന്തം, തെളളിപ്പൊടി, കോഴിബലി എല്ലാം ഈ ചടങ്ങിന് ആവശ്യമാണ്.

സൂര്യവന്ദനവും സര്‍പ്പപ്രീതിയും തണ്ടപ്പുലയരില്‍

തണ്ടപുലയര്‍ നിത്യവും രാവിലെ ഉണര്‍ന്നെണീറ്റാല്‍ ആദ്യം ചെയ്യുന്നത് സൂര്യവന്ദന(നമസ്‌കാര)മാണ്. പണ്ടുകാലത്ത് എല്ലാത്തരം പുലയ ഗേത്രക്കാരും സൂര്യനമസ്‌ക്കാരം ചെയ്യുന്നവരായിരുന്നു വെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇത്രയേറെ പ്രകൃതിയോട് ഇണങ്ങി, പ്രകൃതിശക്തികളെ ആരാധിക്കുന്ന പുലയരെപ്പോലെ മറ്റൊരു വിഭാഗത്തെ കണ്ടെത്തുക പ്രയാസമാണ്. പുലയരുടെ ചരിത്രം രേഖപ്പെടുത്തിയ THURSTON തന്റെ ETHNOGRAPHIC NOTES ON S. INDIAഎന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

പത്താമുദയത്തിന് (മേടപ്പത്തിന്) സര്‍പ്പങ്ങള്‍ക്ക് പായസം ഉണ്ടാക്കി നേതിക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പായസമുണ്ടാക്കി നേതിച്ചുകൊണ്ട് തണ്ടപുലയര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. 'ഇത്രയുമേ ചെയ്യാന്‍ ഞങ്ങള്‍ക്ക് കെല്‍പ്പുളളു. ഞങ്ങളെ കാത്തുകൊള്ളേണമേ' രോഗങ്ങള്‍ ഉണ്ടാക്കുന്നത് ദുര്‍മൂര്‍ത്തികളുടെകോപം കൊണ്ടാണെന്നും ഇവര്‍ വിശ്വസിക്കുന്നു. മന്ത്രവാദികള്‍ക്ക് ഈ ദൂര്‍മൂര്‍ത്തികളുമായി സംഭാഷണം നടത്തുവാന്‍ കഴിയുമെന്ന് കരുതുന്നു. തീ കുണ്ഡം ഉണ്ടാക്കി അതിനടുത്താണ് ഇവരിലെ മന്ത്രവാദി മന്ത്രത്തിനിരിക്കുന്നത്. മന്ത്രം ഈണത്തിലാവും മന്ത്രവാദി ചെല്ലുക. മന്ത്രം ചൊല്ലുന്നതോടൊപ്പം 'കൊക്ര' എന്നെരു വാദ്യമേളവും മുഴക്കാറുണ്ട്. വാദ്യമേളവും മന്ത്രോച്ചാരണവും കൂടികൊഴുക്കുമ്പോള്‍ രോഗിയായ ആള്‍ തുളളി ത്തുടങ്ങും. അതോടെ തന്നെ ബാധിച്ചിരിക്കുന്ന ബാധ ഏതാണെന്ന് ഉറക്കെവിളിച്ചു ചൊല്ലും. മൂര്‍ത്തിക്ക് കോഴി, ആട് എന്നിവ കുരുതി(ബലി) കൊടുത്ത് മന്ത്രവാദി പരിഹാരം നിര്‍ദ്ദേശിക്കും. 'ഉരസിക്കൊടുക്കുക' എന്നൊരുതരം മന്ത്രവാദവും ഇവര്‍ക്കിടയില്‍ നില നിന്നിരുന്നു.

കുടിലിനു കുറെ ദൂരത്തായി ഒരു ഇലയില്‍ കോഴിയുടെ രക്തവും, ചുണ്ണാമ്പും, മഞ്ഞളും മന്ത്രം ചൊല്ലി കൊണ്ടുവയ്ക്കും. ഇത് ആരാണ് ആദ്യം കാണുന്നത് അയാളെ ഈ ദുര്‍മൂര്‍ത്തി ബാധിക്കുമെന്നാണ് വിശ്വാസം. ഇങ്ങനെ കയറിക്കൂടുന്ന ആദ്യത്തെ ആളില്‍നിന്നും ആ മൂര്‍ത്തിയെ ഒഴിപ്പിക്കും. മരണക്രിയകളും ഇവര്‍നടത്തും. മന്ത്രവാദം കൊണ്ട് ഒരാളെ കൊല്ലാന്‍പോലും ഇവരുടെ മന്ത്രവാദികള്‍ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. മന്ത്രമെഴുതി ശക്തികൂട്ടിയ തകിടുകള്‍ വീടിന്റെ സമീപത്ത് കുഴിച്ചിട്ടാലും ആപത്തുണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം. 

സവര്‍ണ്ണരുടെ ക്ഷേത്രങ്ങളിലും തണ്ടപ്പുലയര്‍ പോകാറുണ്ട്. പണ്ട് ക്ഷേത്രപ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിരുന്നപ്പോഴും ദൂരെനിന്ന് ഇവര്‍ ദേവനെ ആരാധിച്ചിരുന്നു. പ്രേതങ്ങളില്‍ വലിയ വിശ്വാസ ക്കാരാണ്. മേയ് മാസത്തില്‍ ഏറെ ദിവസം നീണ്ടുനില്‍ക്കുന്ന ഒരുത്സവം പ്രേതാരാധനയ്ക്കായി ഇവര്‍ നടത്തിപ്പോന്നിരുന്നു. തെറ്റിപ്പൂവും, തുമ്പപ്പൂവും ആണ് അര്‍ച്ചനയ്ക്ക് ഉപയോഗിച്ചിരുന്നത്. ഉണക്കല്‍ അരി, അവല്‍, കരിക്ക്, കളള് ഇവയാണ് പൂജാദ്രവ്യങ്ങള്‍. ഈ സമയത്തു പാട്ടും തലയാട്ടവും, തുള്ളലും എല്ലാമുണ്ട്. പ്രേതാരാധനാ ദിവസം എല്ലാവരും കളളുകുടിച്ച് കുത്താടുന്നു. ദുര്‍ദ്ദേവതകളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ തണ്ടപ്പുലയര്‍ പലവിദ്യകളും പഠിച്ചു. മന്ത്രങ്ങള്‍ ഓലയില്‍ എഴുതി കഴുത്തില്‍ കെട്ടുക, വട്ടികളില്‍ പലതും നിറച്ച് ഇവരെ പ്രീതിപ്പെടുത്താനായി കണ്ടത്തിന്റെ നടുക്ക് കൊണ്ടുവെയ്ക്കുക. കാണുന്ന കാവിലെല്ലാം വഴിപാടുനേരുക. കായലില്‍ രാത്രികാലത്തു കാണുന്ന വെളിച്ചം മരിച്ചുപോയ പൂര്‍വ്വികര്‍ മീന്‍പിടക്കാന്‍ വരുമ്പോള്‍ അവരുടെ വായില്‍നിന്നും വരുന്ന തീയാണെന്ന് സങ്കല്പിച്ച് കൈകൂപ്പി വന്ദിക്കുകയും ചെയ്യാറുണ്ട്.

മീന്‍ പിടിത്തവും ആമ്പലരിശേഖരണവും

തണ്ടപ്പുലയരില്‍ ആണുങ്ങള്‍ മീന്‍പിടിക്കാറില്ല. സ്ത്രീകളാണ് മീന്‍പിടിക്കാന്‍ പോകുന്നത്. അതിനുവേണ്ടുന്ന പ്രത്യേക കൗശലംതന്നെ സ്ത്രീകള്‍ക്കുണ്ട്. ഏതു ജന്മിയുടെ നിലത്തില്‍നിന്നാണോ മീന്‍ പിടക്കുന്നത് ആ നിലത്തിന്റെ ഉടമസ്ഥനും അതിലൊരുപങ്കു കൊടുക്കാറുണ്ട്. നിലത്തില്‍ ജോലിയില്ലാത്തപ്പോള്‍ മീന്‍പിടിച്ച് വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് രാത്രികാലത്ത് ആഹാരം കഴിക്കുന്നത്. പണ്ടത്തെകാലത്ത് ആമ്പല്‍കുളങ്ങളില്‍ ഇറങ്ങി ആമ്പലിന്റെ അരിശേഖരിച്ച് ഭക്ഷിക്കുന്നു. തണ്ടപ്പുലയരില്‍ മിക്കവര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. കൂലിവേലചെയ്തുതന്നെയാണ് ഇവര്‍ ജീവിക്കുന്നത്. താമസിക്കുന്ന സ്ഥലത്തെ വൃക്ഷങ്ങളിലെ ആദായം എടുക്കാറില്ല. അത് സ്ഥലമുടമ സ്ഥന്റെ വകയാണ്. എന്നാല്‍ സ്വന്തമായി നട്ടുപിടിപ്പിക്കുന്ന വൃക്ഷങ്ങളിലെ ആദായം അവിടെ താമസിക്കുന്നര്‍ക്ക് എടുക്കാം.

ജന്മിക്ക് ജോലിയില്ലാത്തപ്പോള്‍ മറ്റുളളവര്‍ക്കായി ജോലിയെടുക്കാന്‍ പോകാറുണ്ട്. പ്രധാനജോലികള്‍ വെളളം തേവുക, വരമ്പുകുത്തുക (കോരുക), വയലില്‍ കളപറിക്കുക, ഞാറ് പറിച്ചു നടുക, കൊയ്യുക തുടങ്ങിയവയാണ്. ആണും പെണ്ണും ഒന്നുപോലെ കഠിനാധ്വാനം ചെയ്യും. പകല്‍ മുഴുവന്‍ ജോലിചെയ്യുകയെന്നതാണ് പഴയ ചട്ടം. രാത്രികാലത്ത് കാവലും. ചിങ്ങം, കന്നി എന്നീ മാസങ്ങളില്‍ ജോലിതീരെ കാണുകയില്ല. ആ കാലത്താണ് തണ്ടപ്പുലയികള്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നത്. ജോലി കൂലിയില്‍ അധിക പങ്കും കള്ളുകുടിക്കായിട്ടാണ് ഇവര്‍ വിനിയോഗി ക്കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക ശേഷിയുടെ കാര്യത്തില്‍ ഇവരെന്നും വട്ട പൂജ്യക്കാരായിരുന്നു.

കരി നിലങ്ങളുടെ നടുക്ക് കുത്തിപൊക്കിയ കൊച്ചു തറകളില്‍ മാടം കെട്ടിയാണ് തണ്ടപ്പുലയര്‍ പണ്ടുകാലത്ത് താമസിച്ചിരുന്നത്. വെറും നാലു മരക്കാലുകള്‍ നാട്ടി, മണ്ണുകൊണ്ട് പകുതിയോളം ചുറ്റുമതിലുണ്ടാക്കി, ഓല കെട്ടാന്‍ പാകത്തില്‍ കമ്പുകള്‍ അടുക്കിക്കെട്ടി ഓല മേഞ്ഞാണ് കൂരകള്‍ ഉണ്ടാക്കുന്നത്. വസ്ത്രധാരണത്തില്‍ പുരുഷന്‍മാര്‍ തോര്‍ത്തു കൊണ്ട് നാണം മറയ്ക്കുന്നു. സ്ത്രീകള്‍ പുരാതന കാലത്തെപ്പോലെ തണ്ടപ്പുല്ലുകൊണ്ട് നാണം മറയ്ക്കാറില്ല പകരം അവരും മുട്ടുവരെ മറയുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പഠിച്ചുകഴിഞ്ഞിരുന്നു. തലയാട്ടം തണ്ടപ്പുലയരുടെ തനത് കലയാണെങ്കിലും കേരളീയ നൃത്താഭിനയത്തിന്റെ ആദ്യ പടിയാണ് താളമേളങ്ങളൊപ്പിച്ച 'തലയാട്ടമെന്ന കലാരൂപം. ഈ തലയാട്ടം ഇന്ന് ചില ചാനല്‍ റിയാലിസ്റ്റിക്കാര്‍ മോഷ്ടിച്ച് അവതരിപ്പി ക്കുന്നുണ്ട്.

സഹായഗ്രന്ഥങ്ങള്‍:
1. കെ. കെ. ഗോവിന്ദന്‍ 'അറുകൊലകണ്ടം' ഒരു സുവിശേഷം
(സഹദേവന്‍, തെക്കന്‍കാറ്റ്)
2. INDIAN EXPRESS, 1982 July 8
3. ഡോ. സി. കെ. കരിം 'കേരള ചരിത്രവിചാരം ജ. 64
4. ഗ്രന്ഥകാരന്‍ 40 വര്‍ഷം മുന്‍പ് നടത്തിയ പഠനങ്ങളില്‍ നിന്നും.