"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

അന്തണന്റെ വേദോപദേശം പൊളിഞ്ഞു - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പതിനേഴ്

ഉച്ചനേരത്ത് പപ്പു മാനേജരും, മൈലന്‍ പിള്ളയും കടയിലിരുന്നു നാട്ടു വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ മൈലന് പപ്പു മാനേജരുമായി സംസാരിക്കുവാന്‍ വലിയ ഇഷ്ടമായിരുന്നു. കാരണം അറിവും പ്രവര്‍ത്തി പരിചയവുമുള്ള പപ്പു മാനേജര്‍ വലിയ ബുദ്ധിമാനാണ്. തമാശയും പുരാണങ്ങളും ഒക്കെ പറയുമായിരുനു. ഈ പ്രദേശത്തു വന്നിട്ടിപ്പോള്‍ വര്‍ഷങ്ങളായി, പാവങ്ങളെ ഉദ്ധരിക്കുവാനെന്ന ലക്ഷ്യം വച്ചു കൊണ്ടു ആഗതനായ വിപ്ലവകാരി. ജാതിയെന്തെന്നറിയിക്കാതെ കാഴ്ചയില്‍ യോഗ്യനും, പക്ഷേ ഉന്നത ജാതിക്കാരനാണെന്നു തോന്നിപ്പിക്കുന്ന നാട്ടു നടപ്പല്ലാത്ത തരത്തിലുള്ള വസ്ത്രധാരണവുമാണദ്ദേഹത്തിന്‍േറത്.
മൈലന്‍ പറമ്പിലും, പാടത്തും, വെയിലില്‍ പണി ചെയ്യാത്തതു കൊണ്ട് കറുപ്പല്ലാത്ത നിറമാണയാള്‍ക്ക്. പ്രത്യക്ഷത്തില്‍ നായരാണെന്നു തോന്നും. കൊള്ളാവുന്ന തരത്തിലുള്ള വസ്ത്രധാരണം. നല്ല വെളുത്ത മുണ്ടും കസവുള്ള തോള്‍ നാടനും ധരിച്ച് കടയിലുള്ള കസേരയിലിക്കുന്നതു കണ്ടാല്‍, നായര്‍ തറവാടിയുടെ എടുപ്പുണ്ടയാള്‍ക്ക്.
അന്നേരം വഴി നടന്നു വന്നിരുന്ന ഒരു ബ്രാഹ്മണ ഭിക്ഷുവിനെ ദര്‍ശിക്കുവാനിടയായി അയാള്‍ വന്നയുടനെ മുമ്പിലിട്ടിരുന്ന ബഞ്ചിലിരുന്നു.
ഹോ.. എന്താ ചൂട് - കാവി വസ്ത്രവും കുറ്റിത്താടിയും പിന്നെ തോളിലൊരു തുണി സഞ്ചിയും - രുദ്രാക്ഷ മാലയും നീട്ടി വളര്‍ത്തിയ മുടിയും, മെതിയടിയും, പൂന്നൂലും ഒക്കെ വലിയൊരു അറിവുള്ള സന്ന്യാസിയെ ഉയര്‍ത്തിക്കാട്ടുന്നു.
മൈലന്‍ - അകത്തേയ്ക്കു നീട്ടി വിളിച്ചു പറഞ്ഞു.
ഏയ് - ഒരു പാത്രത്തിലല്‍പ്പം സംഭാരം വേണം, ഇതാ ഒരു തിരുമേനി വന്നിട്ടുണ്ട്.
ബ്രാഹ്മണന്‍ ചെന്നു കയറുന്നിടം, ഐശ്വര്യ സംപൂരിതമാകുമെന്നാണ് വിശ്വാസം. അയാള്‍ക്കു വേണ്ട സുഖസൗകര്യങ്ങളൊക്കെ ഒരുക്കി കൊടുത്തു കൊള്ളണം. അദ്ദേഹത്തെ മാനസികമായും ശാരീരികമായും തൃപ്തിപ്പെടുത്തി അദ്ദേഹത്തിന്റെ സ്‌നേഹദരവു നേടിയാല്‍ കുടുംബത്തിലെന്നും സന്തോഷവും, ആനന്ദവും കളിയാടും. തറവാട്ടിലെ യൗവനയുക്തകളായപെണ്‍കുട്ടികള്‍ സന്ന്യാസ വര്യനായ ബ്രാഹ്മണനു വേണ്ട പരിചരണങ്ങളും സുഖസൗകര്യങ്ങളും നല്‍കുകയും ചെയ്താല്‍ ഭാവിയില്‍ അവള്‍ക്ക് ഉത്തമനായ വരനെ ലഭിക്കുകയും അവള്‍ ചെല്ലുന്നിടത്ത് ഐശ്വര്യമുണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം. അഥവാ ആ പെണ്‍കുട്ടിക്ക് നമ്പൂതിരിയില്‍ നിന്നും തന്നെ ഒരു കുട്ടി ജനിച്ചാല്‍ ആ സന്തതി ഉന്നതിയില്‍ ദൈവതുല്യനായി തീരുമെന്നാണ് നിഗമനം. അതുകൊണ്ട് ബ്രാഹ്മണന്‍ വന്നു കയറുന്നിടം എന്നും ഐശ്വര്യം വിളയാടും അതിനാല്‍ ഏതു വീട്ടുകാരും ബ്രാഹ്മണനെ പരിചരിക്കുന്ന കാര്യത്തില്‍ അമാന്തിക്കാറില്ല.

അദ്ദേഹം കുടുംബത്തില്‍ നിന്നും പോകുന്നതു വരെ അയാള്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളുമൊരുക്കി കൊടുക്കുന്നു. അവസാനം അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുമാറ് അദ്ദേഹത്തോടു പെരുമാറുന്നു.
തിരുമേനിക്കു കുടിക്കുവാന്‍ സംഭാരം കൊണ്ടു വന്നു കൊടുത്തത് ഗൗരിക്കുട്ടിയാണ്. അപ്‌സരസ്സിനെപ്പോലെയുള്ള തരുണീമണി കണക്ക് ശുദ്ധമായ മോരും പാത്രം കൈകളിലേന്തി സ്വാമിയുടെ മുമ്പില്‍ കൊണ്ടു വന്നു വച്ചപ്പോള്‍ ബ്രാഹ്മണന്‍ അവളുടെ വദനത്തിലേയ്‌ക്കൊന്നു കണ്ണോടിച്ചു. അയാളുടെ മുഖത്തു ആത്മാര്‍ത്ഥത നിറഞ്ഞ ആനന്ദം പൊട്ടി വിരിഞ്ഞു ഹൃദയം തുറന്നു മന്ദഹസ്സിച്ചു.
സംഭാരം ലഭിച്ചയുടനെ ആര്‍ത്തിയോടെ വാങ്ങി ദാഹം ശമിപ്പിച്ചു.
ഹാ... ആശ്വാസമായി; നല്ല കുളിര്‍മ അദ്ദേഹം മൊഴിഞ്ഞു. തിരുമേനി ഉച്ച ഭക്ഷണമൊന്നും കഴിച്ചില്ലെന്നു തോന്നുന്നു. ഗൗരിക്കുട്ടി തേന്‍മൊഴിയാലാരാഞ്ഞു.
ഇല്ല്യാ, സഞ്ചാരം തന്നെയായിരുന്നു. ഇന്ന് ആദ്യത്തെ പാനീയമിതാണ് - സ്വാമിയുടെ ഉണര്‍ത്തല്‍.
എങ്കില്‍ ഭക്ഷണം കഴിക്കാം വരൂ, അപ്പുത്തേതാണ് ഭവനം സ്വാമി ആഹാരം കഴിക്കുവാന്‍ പോയി.
അന്നേരത്താണ് സാവിത്രിക്കുട്ടി മൈലന്റെ വീട്ടില്‍ വന്നു കയറിയത്. വന്നപാടെ പപ്പു മാനേജരേയും, മൈലന്‍ പിള്ളയേയും കണ്ടു പുഞ്ചിരി തൂകി. തൊട്ടടുത്തു കിടന്നിരുന്ന ബഞ്ചിലിരുന്നു.
മൈലന്‍ പിള്ള പറഞ്ഞു - നമുക്കിന്നു ഉന്നതനായൊരതിഥിയുണ്ട് താത്രിക്കുട്ടി. അപ്പുറത്തു ഊണു കഴിച്ചു കൊണ്ടിരിക്കുകയാണ്.
സാവിത്രിക്കുട്ടി - അരാണാ വലിയ വിരുന്നുകാരന്‍.
ഒരു സ്വാമി, സന്ന്യാസിവര്യന്‍ വലിയ പണ്ഡിതാഗ്രേസരനാണെന്നാണ്, കെട്ടും മട്ടും സംഭാഷണവും കൊണ്ടു തോന്നുന്നത്.
എങ്കില്‍ ഞാനും പോയി അദ്ദേഹത്തെയൊന്നു കാണട്ടെ അവള്‍ അപ്പുറത്തേയ്ക്ക് പോയി.
പപ്പു മാനേജരും, മൈലന്‍ പിള്ളയും വീണ്ടും പല കാര്യങ്ങളും സംസാരിച്ചിരുന്നു.
മൈലന്‍പിള്ള - മാഷേ ഉന്നതര്‍ ഇവിടെയുള സ്ഥാവര ജംഗമ സ്വത്തുക്കളൊക്കെ കയ്യടക്കി വച്ചിരിക്കുകയല്ലേ. അതില്‍ അവര്‍ക്കനുവദിച്ചിരിക്കുന്ന ഭൂമി കഴിച്ച് ബാക്കിയുള്ളത് പാവങ്ങള്‍ക്ക് വിതരണം ചെയ്യിച്ചാലെന്താ അതിനു വേണ്ടി ആരെയാണ് നമ്മള്‍ കാണേണ്ടത്.
പപ്പുമാനേജര്‍ - അതാണ് കണ്ടു പിടിക്കുവാന്‍ ബുദ്ധിമുട്ട്. ഇക്കാര്യത്തില്‍ നമ്മുടെ പ്രവര്‍ത്തകരൊന്നും പോയാല്‍ പാറോത്തിക്കാര്‍ നിജസ്ഥിതി പറഞ്ഞു തരുകയില്ല. അതിനു നമ്മളിലുള്ള അറിവുള്ളവര്‍ പോയി വസ്തു വകകളിലെ പുറംപോക്കു ഭൂമിയുടെ സര്‍വ്വേ നമ്പറും മറ്റും കുറിച്ചെടുത്തു വാങ്ങിച്ച് അതു പ്രകാരം റവന്യൂ അധികാരികള്‍ പകര്‍പ്പുമായി പോയി ദിവാന്‍ പേഷ്‌ക്കാരെ കണ്ടു ഉത്തരവിറക്കിക്കണം. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ക്കു പരിഹാരമുണ്ടാകുകയുള്ളൂ.
അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്വാമി അമൃതേത്തു കഴിഞ്ഞു. സാവിത്രി വെള്ളമൊഴിച്ചു കൊടുത്തു. കൈ തുടയ്ക്കുവാന്‍ തോര്‍ത്തും കൊടുത്തു. അവളുടെ പരിചരണം കണ്ടു സ്വാമിക്കു വളരെ സന്തോഷമായി. ലക്ഷണമൊത്ത തരുണീമണി. അവളുടെ അഴകു ദര്‍ശിക്കുവാനാടിയായ സ്വാമി നേരെ നോക്കി മന്ദസ്മിതം തൂകി പിന്നെ അപ്പുറത്തു ചെന്നു മൈലന്‍ പിള്ളയുടെയും പപ്പു മാനേജരുടെയുമടുത്തിരുന്നു. ഗൗരിക്കുട്ടി വെറ്റില മുറുക്കുവാന്‍ കൊണ്ടു വന്നു കൊടുത്തു. അതും ചവച്ചു കുശലം പറയുവാന്‍ തുടങ്ങി.
വളരെ നാളെത്തിയാണ് നാമിന്ന് വയറു നിറച്ചാഹാരം കഴിക്കുന്നത്, നന്നായിട്ടുണ്ട്. ഉപ്പിലിട്ട മാങ്ങാക്കറിയും, തോരനും ഒക്കെ അസ്സലായിരിക്കുന്നു. പിന്നെ പേരെന്താ, പപ്പു മാനേജരോടു തിരിഞ്ഞു ചോദിച്ചു.
മാഷ് - എന്റെ പേര് പപ്പു മാനേജര്‍.
അതു ശ്രവിച്ചെങ്കിലും, അദ്ദേഹം നെറ്റി ചുളിച്ചു, മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്നു.
അതിനു മറുപടിയെന്നോണം പപ്പു മാനേജര്‍ പറഞ്ഞു. സ്വാമീ ആകുതമായി നോക്കുന്നതെനിക്കു മനസ്സിലായി കാരണം എന്റെ പേരിനു വാലില്ല. നിങ്ങള്‍ക്കും ജാതിയറിയണം അല്ലേ. അതീക്കാര്യത്തിനു നടപ്പില്ല. ജാതി ഞാന്‍ പറയുകയുമില്ല.
നിങ്ങളതു ചോദിക്കുവാനും പാടില്ല. പക്ഷേ സ്വാമി ഒരു തെറ്റു ചെയ്തു കൊണ്ടാണ് എന്റെ പേര് ചോദിച്ചത്. അതു ശരിയല്ല. നിങ്ങള്‍ ഞങ്ങളുടെ പേര് ചോദിക്കുവാനുദ്ദേശമുണ്ടായിരുന്നുവെങ്കില്‍ താങ്കളുടെ പേര് സ്വയം വെളിപ്പെടുത്തിയതിനു ശേഷമേ ഞങ്ങളുടെ പേര് ചോദിക്കേണ്ടിയിരുന്നത്. ആ മര്യാദ സ്വാമി കാണിക്കാത്തത് അപരമിയാദ തന്നെയാണ്.
ശരി - ഇനി എന്റെ പേരു ഞാന്‍ പറഞ്ഞ സ്ഥിതിക്ക് സ്വാമി നിങ്ങളുടെ പേരു പറയൂ.
വല്ലാത്തൊരു ജാള്യതയോടെ, കുറ്റബോധത്താല്‍ വിളറിയ മുഖത്തോടെ പറഞ്ഞു എന്റെ പേര് സ്വാമി പരമാനന്ദ അയ്യങ്കാര്‍. അതു പറഞ്ഞയാള്‍ ഞെളിഞ്ഞിരുന്നു.
പപ്പു മാനേജര്‍ - ഓഹോ - ജാതീയമായി ഉന്നതനാണല്ലേ.
അതായത് അയ്യങ്കാര്‍, പക്ഷേ ഇവിടെയുള്ള നമ്പൂതിരിമാര്‍ നിങ്ങളുടെ ജാതിയിലും മേലേയാണെന്നാണല്ലോ പറയുന്നത്; അതു ശരിയാണോ?
സ്വാമി - പ്രാദേശിക വ്യത്യാസപരമായി ചിന്തിക്കുകയാണെങ്കില്‍ ആ അഭിപ്രായങ്ങളില്‍ ന്യാമില്ലാതില്ല. പക്ഷേ ബ്രാഹ്മണനാണ് എല്ലാത്തിലും ഉപരി തലത്തിലുള്ള ജാതി അവയ്ക്കു താഴെയാണ് മറ്റു ജാതികളൊക്കെയും.
പപ്പുമാനേജര്‍ - അതല്ല സ്വാമി നിങ്ങളുടെ ബ്രാഹ്മണ ജാതിയില്‍ തന്നെ മുമ്പന്‍ നമ്പൂതിരിയാണെന്നാണ് അവര്‍ പറയുന്നത്. അതു ശരിയാണോ എന്നാണ് ഞാന്‍ ചോദിച്ചത്.
സ്വാമി ശരിയായിരിക്കാം, പക്ഷേ ഒരു കണക്കില്‍ നോക്കിയാല്‍, അയ്യര്‍, അയ്യങ്കാര്‍ ഇതില്‍ അയ്യങ്കാരാണ് മുന്‍പന്തിയില്‍.
പപ്പു മാനേജര്‍ - ശരി സ്വാമി അതുറപ്പിച്ചു പറഞ്ഞതില്‍ ഞാനതു കണക്കിലെടുക്കുന്നു. പക്ഷേ ബ്രാഹ്മണ ജാതിയെ തന്നിഷ്ടപ്രകാരം വിഭജിച്ചത് ജാതിയുണ്ടാക്കി വച്ചവരുടെ സ്ഥാപിത താല്‍പ്പര്യത്തിനു വേണ്ടിയല്ലേ.
സ്വാമി - അങ്ങിനെയും വരാം, എന്നാല്‍ ജാതി തന്നെ ഉണ്ടാക്കിയത്, മനുസ്മൃതിയുടെ ആവിര്‍ഭാവത്തോടു കൂടിയാണ്. അതായത് ''ചാതുര്‍വര്‍ണ്ണ്യംമയാ സൃഷ്ടം'' എന്നാണ്. ജാതി ബ്രഹ്മാവിന്റെ സൃഷ്ടിയാണെന്നും അവയില്‍ ഉന്നതജാതിയായ ബ്രാഹ്മണനാണ് ദൈവതുല്യനെന്നും, അവരുന്നതരായി ഗണിക്കപ്പെടണം എന്നുമാണ് സാരാംശം.
പപ്പു മാനേജര്‍ - സ്വാമി, വേദശാസ്ത്രങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ.
അതുകേട്ടു സ്വാമിക്കഭിമാനം തോന്നി. തന്റെ അറിവിനെ പ്രകീര്‍ത്തിച്ചിരിക്കുന്നു. വേദങ്ങളിലും, ഉപനിഷത്തിലുമുള്ള തന്റെ അറിവിവര്‍ കണക്കിലെടുത്തിരിക്കുന്നു. താനുന്നതാനായതില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ വലിയ ധാരണയുയര്‍ന്നു.
മൈലന്‍ പിള്ളയുടെ നേരെ തിരിഞ്ഞു - താങ്കളുടെ പേരെന്താണ് സ്വാമിയാരാഞ്ഞു.
മൈലന്‍ പിള്ളേന്നാണ് - അയാള്‍ ബഹുമാനപുരസ്സരം മൊഴിഞ്ഞു.
സ്വാമി; കയ്യുയര്‍ത്തി അനുഗ്രഹിക്കുന്ന പോലെ കാണിച്ചു പറഞ്ഞു. ഈ കടയുടെ ഉടമയാണല്ലോ. നന്നായി വരും. നാം സന്ദര്‍ശിച്ചില്ലേ, നമുക്കിവിടേയ്ക്കാഗതനാകുവാന്‍ തോന്നിച്ചത് ഉണ്ണിയുടെ ഉന്നത മന:സ്ഥിതിയാണ്. വ്യാപാരം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കും.
തദവസരത്തില്‍ മാടനും മകന്‍ ചിത്തരാജും അവിടേയ്ക്കു കയറി വന്നു. മാടന്‍ വന്നപാടെ കുപ്പി നീട്ടി ഒരു തുടം വെളിച്ചെണ്ണ തരൂ എന്നു പറഞ്ഞു, തൊട്ടടുത്തു കിടന്ന സ്റ്റൂളിലിരുന്നു. കൂടെ വന്ന ജുബ്ബാധാരിയായ, അരോഗ ദൃഢഗാത്രനായ ചെറുപ്പക്കാരന്‍, സ്വാമി ഉപവിഷ്ടനായിരുന്ന ബഞ്ചിന്റെ തലയ്ക്കലിരുന്നു.
കാഴ്ചയില്‍ പുലയനാണെന്നു തോന്നിപ്പിക്കുന്ന മാടന്റെ ഇരുപ്പു കണ്ടു സ്വാമി പപ്പു മാനേജരോട് തിരിഞ്ഞു സ്വകാര്യമായി പറഞ്ഞു - എന്തായിത് പുലയരും മറ്റും നമ്മോടൊപ്പമിരിക്കുന്നോ.
പപ്പുമാനേജര്‍ - നിങ്ങള്‍ ജാതീയമായി ഊറ്റം കൊള്ളുമ്പോള്‍ ഇവിടെ ഞങ്ങള്‍ മനുഷ്യരില്‍ മഹത്വം കാണുന്നു. ഈ പ്രദേശത്തിന്റെ പ്രത്യാഗതയതാണ്.
സ്വാമി - എന്നാലും പുലയര്‍ അകലത്തു മാറി നില്‍ക്കേണ്ടവരല്ലേ.
പപ്പുമാനേജര്‍ - അല്ല. അവര്‍ നമ്മളെക്കാള്‍ ഉന്നതരാണ് കാരണം അവര്‍ ഉണ്ടാക്കിയ അരികൊണ്ടാണ് സ്വാമി ഉച്ചയ്ക്കിവിടന്നു കഴിച്ച ചോറും മറ്റും.
സ്വാമി പിന്നെയൊന്നും മിണ്ടിയില്ല. നായന്മാരെ പോലെ ഉടുത്തൊരുങ്ങി സമീപമിരുന്ന ചിത്തരാജിനോട് മാടന്‍ പറഞ്ഞു - മോനേ ഏന്‍ പോട്ടേടാ.
ശരീച്ചാ ഞാന്‍ പിന്ന വരാ, മാഷുമായി ചില കാര്യങ്ങള്‍ സംസാരിക്കുവാനുണ്ട്. എല്ലാവരും ശ്രദ്ധിക്കുന്ന പോലെ രാജ് പറഞ്ഞു. പിന്നെ മാഷിന്റെ നേരെ തിരിഞ്ഞ് മാഷേ നമുക്കല്‍പ്പം കാര്യങ്ങള്‍ സംസാരിക്കുവാനുണ്ട്.
മാഷ് - അവടിരിക്കൂ നമുക്കു സംസാരിക്കുവാന്‍ ധാരാളം സമയമുണ്ടല്ലോ, രാജേ.
സ്വാമിയോടായി - സ്വാമിക്ക് ഇവയൊക്കെ കണ്ടിട്ട് അത്ഭുതം തോന്നുണ്ടാകും അല്ലേ. പുറംജാതിക്കാരുമൊത്ത് ഇവിടത്തെ ആളുകളുടെ പെരുമാറ്റം അതിയുന്നതമാണ് ജാതിയില്‍ ഏറ്റവും ഉന്നതനായ താങ്കള്‍ ശൂദ്രഭവനത്തില്‍ വന്നതും, ഭക്ഷണം കഴിച്ചതും ഒക്കെ ഒരു അനാവശ്യമായി തോന്നിയിരിക്കുന്നു. കൂടാതെ വലിയൊരു പോരായ്മയായും അനുഭവപ്പെട്ടിരിക്കുന്നു.
പപ്പു മാനേജര്‍ തുടര്‍ന്നു. അങ്ങിനെ ചിന്തിക്കേണ്ട കാര്യമില്ല അതായത് ''പട്ടിണിക്കു ജാതിയും മതവും ഇല്ല''. സ്വാമി - ഇതുപോലെയുള്ള ഏതെങ്കിലും സ്ഥലം മുമ്പെങ്ങും സന്ദര്‍ശിച്ചിരിക്കുവാന്‍ സാധ്യതയില്ല, അല്ലേ. നിങ്ങള്‍ ഉന്നത ജാതിക്കാരുമായിട്ടു മാത്രം ഇടപഴകുന്നതു കൊണ്ടാണ് ഇത്തരം തോന്നലുകളുണ്ടാകുന്നത്. തന്നെയുമല്ല സന്ന്യാസികള്‍ എല്ലാവരും തന്നെ ഉന്നതകുല ജാതിക്കാരാണ്. താഴ്ത്തപ്പെട്ടവരിലാരെങ്കിലും സന്ന്യാസം സ്വീകരിച്ചാല്‍, അവരെ സമൂഹം അംഗീകരിക്കാറില്ല. കൂടാതെ ബ്രാഹ്മണരെല്ലാവരും വെളുത്ത നിറമുള്ളവരും ഏതു ഗൃഹത്തില്‍ ചെന്ന കയറിയാലും പരിഗണന ലഭിക്കുന്നവരുമാണ്. അത്തരം മനോഭാവമുള്‍ക്കൊള്ളുന്നതു കൊണ്ടാണ് പുറംജാതിക്കാരൊപ്പത്തിനൊപ്പം നില്‍ക്കുകയും ഇരിക്കുകയും ചെയ്താല്‍ നമുക്കവജ്ഞ തോന്നുന്നത്.
പിന്നെ ആ വിഷയങ്ങള്‍ക്കല്‍പ്പം വിരാമമിടാം. നമുക്കു ചില വേദങ്ങളോ, പുരാണങ്ങളോ പരാമര്‍ശിക്കാം. അതായത് രാമായണത്തില്‍ ശ്രീരാമന്റെ ജനനവും കാരണങ്ങളും മറ്റും സ്വാമിക്കറിയാവുന്നവ ഞങ്ങള്‍ക്കും പകര്‍ന്നു തന്നാല്‍ വളരെ ഉപകാരമായിരിക്കും.
സ്വാമി - അതായത് ദശരഥ മഹാരാജാവിന്, മൂന്നു ഭാര്യമാരുണ്ടായിട്ടും, കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളുണ്ടാകുന്നതിന്നു മേഷ്ടി യാഗത്തിനുള്ള വസ്തുതയെപ്പറ്റി ചിന്തിച്ചത്.
സ്വാമിയുടെ അഭിപ്രായം കേട്ടു പപ്പു മാനേജര്‍ പറഞ്ഞു - സ്വാമി മുണ്ഡകോപനിഷത്തിലോ, തൈരീയത്തിലോ മറ്റോയുള്ള വേദശാസ്ത്ര ഗ്രന്ഥത്തിലോ പറയുന്നുണ്ടല്ലോ അതായത്, മഹാരാജാവിനു സുതന്മാരില്ലെങ്കില്‍, മിടുക്കന്മാരായ മഹര്‍ഷിമാരെ കൊണ്ടൊ, മുനികുമാരന്മാരെ കൊണ്ടോ സൂനുക്കളെ സൃഷ്ടിപ്പിച്ചു സന്താനഭാഗ്യമുണ്ടാക്കാമെന്ന് എന്നാല്‍ അടുത്തവേദവാക്യം അതിഭീകരമാണ്. അതുകൊണ്ട് ജീവനില്‍ കൊതിയുള്ള മഹര്‍ഷിമാരാരും സ്വമനസ്സാലെ ഇക്കാര്യത്തിനു മുന്നോട്ടു വരാറില്ല.
അതായത് മുനിവരനുമൊത്തുള്ള വേഴ്ച്ചയില്‍ റാണി ഗര്‍ഭസ്ഥയായില്ലെങ്കില്‍ പ്രസ്തുത മഹര്‍ഷി വധിക്കപ്പെടണമെന്നാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നത്. അക്കാര്യത്തെപ്പറ്റി സ്വാമിജിയുടെ അഭിപ്രായമെന്താണ്.
അതുകേട്ടു സ്വാമി ഞെട്ടിപ്പോയി. മുഖംവിളറി പരിതപിച്ചു. പിന്നെ മനസ്സിന്റെ അന്തരാളത്തില്‍ നിന്നും പൊന്തി വന്ന വ്യഥ, അല്‍പ്പാല്‍പ്പമായി നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രിച്ച് ഒന്നിളകിയിരുന്നു. ഉടന്‍ ഉത്തരം തപ്പിയെടുത്തു പറഞ്ഞു.
നാം ഇതിപ്പോഴാണ് ശ്രവിക്കുന്നത്. ചില ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത നിറഞ്ഞ വസ്തുത നാം ഇദംപ്രദമായിട്ടാണ് കേള്‍ക്കുന്നത്.
പപ്പു മാനേജര്‍ - ഇത്തരം സത്യാവസ്ഥകള്‍ എഴുതി വച്ചിരിക്കുന്നത്. പൂര്‍വ്വ കാലത്തുണ്ടായിരുന്ന, അറിവിന്റെ ഉത്തുംഗ ശ്രേണിയില്‍ വിരാജിച്ചിരുന്ന മഹര്‍ഷി വര്യന്മാരാണ്. അതായത് അപ്‌സരസുകളായ റാണിമാരെ ഭോഗിക്കുന്നതിനു വേണ്ടി മഹര്‍ഷിമാര്‍ക്കു അവസരമൊരുക്കുന്ന ഭാഗങ്ങളാണിവ. എന്നാല്‍ ഇവയെപ്പറ്റിയൊന്നും രാജാക്കന്മാര്‍ക്ക് പറയത്തക്ക ഗ്രാഹ്യമുണ്ടാകാറില്ല. കൊട്ടാരത്തില്‍ പറ്റിക്കൂടി വിദ്യയുടെ ഭാഗങ്ങളും, രസങ്ങളും ന്യായാന്ന്യായങ്ങളുമൊക്കെ രാജാവിനും മറ്റും വിളമ്പി കൊടുക്കുന്ന മഹര്‍ഷിമാര്‍ പ്രത്യക്ഷത്തില്‍ രാജാവിനോടാഭിമുഖ്യം പുലര്‍ത്തുന്നുണ്ടെങ്കിലും അവസരം വരുമ്പോള്‍ സ്വജാതിക്കാരായ മഹര്‍ഷിമാരോടൊപ്പം നില്‍ക്കുവാനാണവര്‍ക്കു മനസ്സു വരാറുള്ളത് അതാണ്, റാണി ഗര്‍ഭം ധരിച്ചില്ലെങ്കില്‍ മുനി വര്യന്‍ വധിക്കപ്പെടണമെന്ന വേദവാക്യം മറച്ചു പിടിക്കാറുള്ളത്. കൂടാതെ ഒരു ഗുരുവും, ശിഷ്യന്മാരോടീ സത്യാവസ്ഥ നിറഞ്ഞ വേദവാക്യം തുറന്നു പറയാറില്ല. ശിഷ്യന്‍ തന്നത്താന്‍ മനസ്സിലാക്കേണ്ട കാര്യങ്ങളാണിവ.
എന്നാല്‍ ''ഉദരപൂരണേ ബഹുകൃതവേഷം'' എന്ന മട്ടില്‍ നടക്കുന്ന ഋഷികള്‍ പൊതുവേ ശാന്തരും, സ്വയംഭോഗികളും പക്ഷേ അവസരം വരുമ്പോള്‍ ഘോരവിഷം വമിപ്പിക്കുന്ന സര്‍പ്പത്തേപ്പോലെയുമാണ്. വളരെ ചുരുക്കം ചില ഋഷികള്‍ മാത്രമാണ് കുടുംബസമേതം ആശ്രമത്തില്‍ ജീവിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ പകര്‍ന്നു കൊടുക്കുന്നത്. ചിലര്‍ രാജകൊട്ടാരത്തില്‍ നിവസ്സിച്ച് രാജാവിനെ സേവിച്ചു ജീവിക്കുന്നു. മറ്റു ചിലര്‍ അലഞ്ഞു തിരിഞ്ഞ് ഇഷ്ടപ്പെട്ട ഭവനത്തില്‍ വിരുന്നാളിയായി ചടഞ്ഞു കൂടി ആഹാരം, വസ്ത്രം, പെണ്ണുമൊക്കെ തരപ്പെടുത്തി കുറച്ചു നാള്‍ കഴിയുമ്പോള്‍ അനുഗ്രഹിച്ചു കൊണ്ടു വിട പറയുന്നു.
അങ്ങിനെയുള്ള സ്വാമിമാരുടെ കയ്യില്‍ ഒരു ഗുണം മാത്രമേയുള്ളൂ. അതായത്, അയാള്‍ക്കു തൃപ്തിയായി ആ വീടു വിട്ടു പോകുമ്പോള്‍ കാലു തൊട്ടു വന്ദിക്കുന്നവരെ കൈയുയര്‍ത്തി അനുഗ്രഹിക്കുന്നു. അത്രമാത്രം അത്രയും കാലം അയാള്‍ക്കു ശാപ്പാടു കൊടുത്തും തരുണീ മണികളെ കാഴ്ച വെച്ചും അയാളുടെ ആശിര്‍വാദം തേടുന്ന പാവങ്ങള്‍ നിരക്ഷര കക്ഷികള്‍, അന്ധവിശ്വാസികള്‍.
സ്വാമി എല്ലാം ശ്രദ്ധിച്ചിരുന്നു. മഹര്‍ഷിമാരെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്ന വിവരണങ്ങള്‍ എല്ലാം കേട്ടയാള്‍ സ്തബ്ദനായിരുന്നു പോയി. താന്‍ പ്രതീക്ഷിച്ചതില്‍ നിന്നും വലിയൊരറിവാളിയെയാണ് തന്റെ മുന്നിലിരിക്കുന്ന വ്യക്തിയില്‍ അദ്ദേഹം ദര്‍ശിച്ചത്. സാമൂഹ്യ നീതി, ശാസ്ത്രീയത കൂടാതെ മനുഷ്യസ്‌നേഹം താത്വികമായിട്ടുള്ള വിശകലനം എല്ലാം. പക്ഷേ ഇതൊക്കെ ഉന്നതജാതിക്കാര്‍ക്കെതിരേയുള്ളവയാണ് കൂടാതെ മഹര്‍ഷിമാരെ താഴ്ത്തിക്കെട്ടുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം വീണ്ടും ചിന്തിച്ചു. അതായത് മഹര്‍ഷിമാരെ കണ്ണടച്ചു വിശ്വസിക്കുന്നവരല്ല ഇവിടത്തുകാര്‍. അറിവുള്ള സമൂഹത്തിന്റെ മണ്ണാണിത്.
''എങ്കിലും തെറിചെയ്യാം പറയരുത്''.
പപ്പുമാനേജര്‍ വീണ്ടും പറഞ്ഞു - സ്വാമി നിങ്ങള്‍ രാമന്റെ കഥ തുടങ്ങുവാന്‍ പോയത് പുത്രകാമേഷ്ടിയും പറഞ്ഞു കൊണ്ടാണ് അതായത് ശ്രീരാമനും മറ്റും ഋഷ്യശൃംഗന്‍ എന്ന മുനികുമാരന്റെ പുത്രന്മാരാണെന്ന സത്യാവസ്ഥ നിലനില്‍ക്കേ കഥ വളച്ചൊടിച്ച് പായസം ഭുജിച്ചതു കൊണ്ടാണെന്നു പ്രചരിപ്പിക്കുന്നു. അതിനെ ദൈവീകത്വമാക്കി മാറ്റി മറിച്ചിരിക്കുന്നു. അവതാര പുരുഷന്മാരെ കൊണ്ടു അവതാരം ചെയ്യിച്ചിരിക്കുന്നു എന്നും മറ്റും കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 
സ്വാമീ, നിങ്ങള്‍ ഉന്നതകുല ജാതി പിന്നെ താഴ്ന്ന ജാതി എന്ന വ്യവസ്ഥിതിയോടെ ഐത്തത്തിലും, തീണ്ടലിലും ഒക്കെയുള്ള അഭിപ്രായ വാക്കുകള്‍ ശ്രവിച്ചിട്ടും മനസ്സു മാറാത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പിന്നെ ഞാനൊന്നും പറയുന്നില്ല.
അങ്ങിനെ മനുഷ്യ സഞ്ചയത്തെ ലംഘിക്കുന്ന ചിന്താഗതിയില്‍ മാത്രമാണെങ്കില്‍ നിങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തിനൊരു കാര്യവുമില്ല.
''താങ്കളുടെ ജീവിതം നിങ്ങള്‍ക്കു മാത്രമാണ് വലുത്'' എന്നു ഞാന്‍ ചിന്തിക്കുന്നു. എന്താ ശരിയല്ലേ.
സ്വാമി - ജാതി എന്നും നിലനില്‍ക്കും, അതു ഒരു മാവു പോലെ എന്നു ചിന്തിച്ചു നോക്കൂ. അവയിലെ ചെറിയ ഇലകളും വലിയ ഇലകളും, തടിയും കൊമ്പും ശിഖിരങ്ങളുമൊക്കെ ജാതിയേയും, മതത്തേയും, ഉപജാതികളേയും, സൂചിപ്പിക്കുന്നു. മാവു മൊത്തത്തില്‍ മനുഷ്യ സഞ്ചയം. ആ സത്യാവസ്ഥ നമുക്കൊരിക്കലും നിരാകരിക്കുവാന്‍ സാധ്യമല്ല. ഓരോ ജാതിക്കാര്‍ക്കും അവരവരുടേതായ തൊഴിലും നിശ്ചയിച്ചിട്ടുണ്ട്. പുലയന്‍, വേടന്‍, വേട്ടുവന്‍, പറയന്‍, മണ്ണാന്‍ എന്നിവര്‍ക്കൊക്കെ അവരവരുടേതായ തൊഴിലുകളുണ്ട്.
പപ്പു മാനേജര്‍ - താങ്കളുടെ മാവിന്റെ ഉദാഹരണം അത്ര ശരിയല്ല. കാരണം, ആ ഇലകളെ അല്‍പ്പമൊന്നെടുത്തു കുടിച്ചു നോക്കൂ, അപ്പോള്‍ മനസ്സിലാകും ഒരേ രസം, അതായത് മനുഷ്യന്‍ ഒന്നാണ്, ഒരേ രക്തം വെളുത്തവന്‍േറയും, കറുത്തവന്‍േറയും രക്തം ഒന്നാണ് അവയെ വിഭജിച്ചു മാറ്റി മറിച്ചത് വരേണ്യരാണ്. ഉന്നതനു ഉന്നതരാകുവാന്‍, ചൂക്ഷണം ചെയ്യുവാന്‍ എന്നാല്‍ ബ്രാഹ്മണന്‍ വിദ്യ പകര്‍ന്നു കൊടുക്കേണ്ടവന്‍, കോവിലുകളിലും മറ്റും പൂജ ചെയ്യേണ്ടവന്‍ പക്ഷേ അന്തണന്‍ വിദ്യ പകര്‍ന്നു കൊടുക്കാതിരുന്നിട്ടും താഴ്ത്തപ്പെട്ട സമൂഹം ഇവിടെ ജീവിച്ചിരുന്നില്ലേ അവന്‍ വിദ്യ നേടിയിരുന്നില്ലേ. അവന്‍ ഉന്നതമായ ഒരു സംസ്‌ക്കാരം കെട്ടിപ്പെടുത്തിയിരുന്നില്ലേ. എന്നാല്‍ ബ്രാഹ്മണന്‍ കോവിലില്‍ പൂജ ചെയ്തില്ലെങ്കിലും, കോവിലില്ലെങ്കിലും ഇവിടത്തെ വിശ്വാസ പ്രമാണങ്ങള്‍ക്കൊന്നിനും ഒരു കോട്ടവും സംഭിച്ചിരുന്നില്ല. പാവപ്പെട്ടവന്‍ പണി ചെയ്തില്ലെങ്കില്‍, മനുഷ്യ കുലമെങ്ങിനെ നിലനില്‍ക്കും. ഭക്ഷണ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചില്ലെങ്കില്‍ പട്ടിണിയായിരിക്കും ഫലം. എന്നാല്‍ വേലയാണ് ഏറ്റവും ഉന്നതമായ പ്രവര്‍ത്തി ജോലി ചെയ്തില്ലെങ്കില്‍ പണം ലഭിക്കുകയില്ല. പണമില്ലെങ്കില്‍ ഭക്ഷണമോ വസ്ത്രമോ ലഭിക്കുകയില്ല.
അതുകൊണ്ട് പുറം ജാതിക്കാരെ നികൃഷ്ടരെന്നു കണക്കാക്കി മാറ്റി നിര്‍ത്തുന്ന സ്വഭാവം ശരിയല്ല. ഉന്നതര്‍ ഉന്നതരില്‍ നിന്നും രാഷ്ട്രീയ സ്വാധീനം നേടിക്കൊണ്ട് സ്വത്തുക്കളൊക്കെ കയ്യടക്കി വെച്ചിരിക്കുന്നു. പാവങ്ങളെ അടിമകളാക്കി ക്രയവിക്രയം ചെയ്തിരുന്നു. ഇപ്പോള്‍ കഠിനമായ പീഡനമേല്‍പ്പിച്ചു പണി ചെയ്യിക്കുന്നു. അവരെ വഴി നടക്കുവാന്‍ പോലും അനുവദിക്കുന്നില്ല. സ്ത്രീകള്‍ക്കു മാറുമറയ്ക്കുവാനവകാശമില്ല. അവരുടെ കുട്ടികളെ പള്ളിക്കൂടത്തില്‍ കയറ്റുന്നില്ല. പണി ചെയ്താല്‍ ന്യായമായ കൂലിയും കൊടുത്തിരുന്നില്ല.
അതുകൊണ്ടാണ് മഹാരാജാവ് തിരുമനസ്സു കൊണ്ട് അവരെ ഉദ്ധരിക്കുവാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. പ്രസ്തുത ഉത്തരവുകള്‍ ജന്മി വര്‍ഗ്ഗങ്ങള്‍ പൂഴ്ത്തി വച്ച് പാവങ്ങളെ ദ്രോഹിച്ചു കൊണ്ടിരുന്നു.
ഈ ഭാഗത്തു മാത്രമാണ് അല്‍പ്പം പുരോഗതിയുണ്ടായിരിക്കുന്നത്. 
അപ്പോള്‍ മൈലന്‍പിള്ളയ്ക്കും അഭിപ്രായം പറയുവാന്‍ തോന്നി.
സ്വാമി - അവിടുന്ന് ഒന്നു മനസ്സിലാക്കണം, ഈ പ്രദേശത്തു ഇങ്ങിനെയുള്ള അല്‍പ്പം പുരോഗതിയുണ്ടാകുവാന്‍ കാരണം, ഈ ഇരിക്കുന്ന മാഷാണ്. അതിന്റെ മുഖ്യപ്രവര്‍ത്തകനാണ്, ആ ഇരിക്കുന്ന ചിത്തരാജ് (ചിത്തരാജിനെ ചൂണ്ടികാണിച്ചു കൊണ്ടു പറഞ്ഞു).
സ്വാമി - ആമോദത്തില്‍ വികസിച്ച മുഖഭാവത്താല്‍ മനസ്സു തുറുന്നു മൊഴിഞ്ഞു. ഹോ - ഭയങ്കരം, അതി ഭയങ്കരം.
ചിത്തരാജിനുമുണ്ടായി ചിലതൊക്കെ പറയുവാന്‍ മൈലന്‍പിള്ളയുടെ വാക്കുകള്‍ പിന്‍താങ്ങി കൊണ്ടു പറഞ്ഞു. സ്വാമി - ഞങ്ങള്‍, നിങ്ങളുടെ വരവിനേയും, വസ്ത്രത്തേയും, ജാതിയേയും ബഹുമാനിക്കുന്നു. പക്ഷേ നിങ്ങള്‍ നികൃഷ്ട ജാതിക്കാരുടെ ഭവനത്തില്‍ നിന്നും വെള്ളം പോലും കുടിക്കുകയില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്.
സ്വാമി - ഇതുവരേയുണ്ടായിട്ടില്ല. ആ സ്വഭാവം എന്നില്‍ നിന്നും മാറ്റുവാനും സാധ്യമല്ല.
ചിത്തരാജ് - ജാതീയമായിട്ടുള്ള, ഉച്ചനീചത്വം ഈ പ്രദേശത്തല്‍പ്പം കുറഞ്ഞിട്ടുണ്ട് പുലയനും, പറയനും, മണ്ണാനുമൊക്കെ വഴി നടക്കുന്നു. സ്ത്രീകള്‍ മാറു മറയ്ക്കുന്നു. പതിതരുടെ കുഞ്ഞുങ്ങള്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്നു. വേലയ്ക്കു താരതമ്യേന കൂലിയും കൂടുതലായി ലഭിച്ചു കൊണ്ടിരിക്കുന്നു.
സ്വാമീ - നിങ്ങള്‍ ഈ ഇരിക്കുന്നത് പുലയന്റെ വീട്ടുമുറ്റത്താണ്. പുലയന്റെ ചോറാണിപ്പോള്‍ നിങ്ങള്‍ ഭക്ഷിച്ചിരിക്കുന്നത്.
അതുകേള്‍ക്കേണ്ട താമസം സ്വാമി ഇരുന്നിടത്തു നിന്നെഴുന്നേറ്റു. പപ്പു മാനേജര്‍ അയാളെ പിടിച്ചിരുത്തി. ഇരിക്കൂ സ്വാമി - ഇരിക്കൂ സ്വാമി ഇരി പരിതാപത്താല്‍ വിളറി വെളുത്ത വദനത്തോടെ ചുറ്റും കണ്ണോടിച്ചു - ഗൗരിക്കുട്ടിയും സാവിത്രിക്കുട്ടിയും തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ലജ്ജാവിവശതയില്‍ സ്വാമി തലതാഴ്ത്തിയിരുന്നു.
ചിത്തരാജ് തുടര്‍ന്നു. നിങ്ങളുടെ വയറ്റില്‍ കിടക്കുന്നതു പുലയന്റെ ഭക്ഷണായ സ്ഥിതിക്ക് നിങ്ങള്‍ ഇന്നുമുതല്‍ പുലയനായിരിക്കുന്നു. കൂടാതെ പുലയരുടെ ഒരു പുരോഹിതനായി സ്വാമി ഈ നാട്ടില്‍ കഴിഞ്ഞു കൂടുകയും വേണം.
ചുമ്മാ ആഢ്യത്വം പറഞ്ഞു ദേശാടനമായി നടന്നു നിങ്ങളുടെ വിലപ്പെട്ട സമയം വെറുതേ കളഞ്ഞു കുളിക്കരുത്. പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക അവരെ ഉദ്ധരിക്കുവാന്‍ നോക്കുക. അങ്ങിനെ ചെയ്യുന്നതാണ് നാടിന്റെ പുരോഗതി. നാട്ടുകാരുടെ പുരോഗതി, അല്ലാതെ പണക്കാര്‍ക്കു വേണ്ടിയുള്ള പുരോഗമന പ്രവര്‍ത്തനം സേവനമായി കണക്കാക്കുവാന്‍ പറ്റുകയില്ല. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്ന മോക്ഷപ്രാപ്തി ലഭിക്കുവാന്‍ എളുപ്പമാകും. അങ്ങിനെയുള്ള മന:സ്ഥിതി താങ്കള്‍ ഉരുത്തിരിച്ചെടുക്കണം.
പാവങ്ങള്‍ ഉന്നതരുടെ കരുണയ്ക്കു വേണ്ടി കൈനീട്ടി കെഞ്ചി കേണു മടുത്തു. ഇനി അത്തരം യാചനകള്‍ക്കു പ്രസക്തിയില്ല. ആക്രോശ ശബ്ദത്തില്‍ പറഞ്ഞു നോക്കും ചെയ്തില്ലെങ്കില്‍ പിടിച്ചു പറ്റും.
അതുകൊണ്ടു സ്വാമി നിങ്ങളുടെ ശിഷ്ടകാലം ഇവിടെയുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു ജീവിക്കുക. അതായിരിക്കട്ടെ നിങ്ങളുടെ ഉദ്ദേശലക്ഷ്യം.
ഇവിടെയടുത്ത് പാവങ്ങളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട്. അവിടെ താമസിച്ച് പഠിപ്പിക്കാം. പച്ചക്കറി തോട്ടമുണ്ടാക്കാം, പൂന്തോട്ടമുണ്ടാക്കാം, അതിനുള്ള തൊഴിലാളികളേയും ഏര്‍പ്പാടാക്കാം.
പപ്പുമാനേജര്‍ - ഉം. എന്തു പറയുന്നൂ സ്വാമി.
സ്വാമി - എനിക്കല്‍പ്പം ആലോചിക്കണം.
പപ്പുമാനേജര്‍ - എന്നാല്‍ സ്വാമിയുടെ യുക്തം പോലെയാകട്ടെ - പൊയ്‌ക്കോളു. പിന്നെ എന്തെങ്കിലും ബുദ്ധിമുട്ടു വന്നാല്‍ ഇവിടേയ്ക്കു വരുവാന്‍ മടിക്കേണ്ട. സ്വാമിയ്‌ക്കെല്ലായിപ്പോഴും ഇവിടേയ്ക്കു സ്വാഗതം.
സ്വാമി പരമാനന്ദ അയ്യങ്കാര്‍ സാവധാനം എഴുന്നേറ്റു തുണി സഞ്ചിയും തോളില്‍ തൂക്കി നടന്നു നീങ്ങി.
പപ്പു മാനേജര്‍ തുടര്‍ന്നു - ജാതീയതയുടെ നീരാളിപ്പിടുത്തത്തില്‍ അദ്ദേഹത്തിന്റെ ഹൃദയം വ്രണപ്പെട്ടിരിക്കുന്നു. ഇത്രയും ഉന്നതമായ സാമൂഹ്യ നീതിയിലധിഷ്ടിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അവയൊന്നും അദ്ദേഹത്തിനുള്‍ക്കൊള്ളുവാന്‍ സാധിച്ചില്ല. ഉന്നതന്‍ ഉന്നതന്റെ വഴിയേ ചിന്തിക്കുകയുള്ളൂ. താഴ്ന്നവനെ അനുകൂലിക്കുവാനാരുമില്ല. അതുകൊണ്ടാണ് താഴ്ത്തപ്പെട്ടവന്‍ ഒന്നിച്ചു ചേര്‍ന്ന് അവകാശങ്ങള്‍ക്കു വേണ്ടി പോരടിക്കണമെന്നു ഞാന്‍ പറയുന്നത്, അദ്ദേഹം പറഞ്ഞു നിര്‍ത്തി.
സ്വാമി പരമാനന്ദ അയ്യങ്കാര്‍, പൊയ്ക്കഴിഞ്ഞപ്പോഴാണ് ശരദദാസ്സ് വന്നു ചേര്‍ന്നത്. കാലന്‍ കുടയും ചൂടി വെളുത്തമുണ്ടും കുപ്പായവും ധരിച്ച് മെതിയടിയേറി ചില കടലാസുകളും മറ്റും ഒരു പുസ്തകത്തിലാക്കി കക്ഷത്തിലടുക്കി പിടിച്ച് യാത്രാ ക്ലേശത്താല്‍ ക്ഷീണിതനായി മൈലന്‍പിള്ളയുടെ കടയ്ക്കു മുന്നിലാഗതനായി. കുട ചുരുക്കി ജ്യേഷ്ടന്‍ ചിത്തരാജിന്റെ സമീപം കിടന്നിരുന്ന സ്റ്റൂളിലിരുന്നു.
മൈലന്‍പിള്ള ആമോദമസൃണമായി - ഹായ് - വരണം മാഷേ വരണം എന്നുള്ള വാക്കുകളാല്‍ സ്വാഗതമന്ന്യേ മൊഴിഞ്ഞു തദവസരത്തില്‍ ഗൗരിക്കുട്ടിയും കടയുടെ മുന്‍ഭാഗത്തേയ്ക്കു ആഗതയായി. പുഞ്ചിരി തൂകി കൊണ്ടു, എന്താ മാഷേ ഇന്നു നമ്മുടെ സ്ഥാപനത്തില്‍ പോയിരുന്നോ.
ശരദദാസ്സ് - പോയിരുന്നു, ആരേയും കണ്ടില്ല. അതു കൊണ്ടാണ് വിവരങ്ങളറിയുവാന്‍ വേണ്ടി ഇങ്ങോട്ടു പോന്നത്.
ഗൗരിക്കുട്ടി - അപ്പുറത്തേയ്ക്കു വരൂ മോരു കുടിക്കാം. അയാള്‍ അപ്പുറത്തുള്ള ഗൗരിക്കുട്ടിയുടെ ഭവനത്തിലേയ്ക്കു പോയി. വരാന്തയില്‍ കയറിയിരുന്ന ശരദദാസ് സാവിത്രിയെ ദര്‍ശിക്കുവാനിടയായി.
എന്താ താത്രിക്കുട്ടി - ആഹാരം വല്ലതും കഴിച്ചോ, മുഖത്തൊരു മ്ലാനത, കുശലമന്ന്യേ ശരദദാസാരാഞ്ഞു. ഏയ് ഒന്നുമില്ല. ഇവിടന്നല്‍പ്പം ആഹാരം കഴിച്ചു. ഇല്ലത്തേയ്ക്കു മടങ്ങുവാന്‍ തയ്യാറാവുകയായിരുന്നു.
അവര്‍ക്കു സംസാരിക്കുവാനവസരമൊരുക്കി ഗൗരിക്കുട്ടി കടയിലേയ്ക്കു പോയി. പക്ഷേ ശരദദാസിനൊന്നും സംസാരിക്കുവാനില്ലായിരുന്നു. എന്നാലുമയാള്‍ ആരാഞ്ഞു. താത്രിക്കുട്ടി; ഇവിടെ എന്തോ അവിചാരിതമായി വല്ല സംഭവ വികാസങ്ങളുമുണ്ടായിരുന്നോ. അതായത് മൈലന്‍പിള്ള ചേട്ടനെ കൂടാതെ, മാഷും, എന്റെ ജ്യേഷ്ഠനും ഒക്കെയിരിക്കുന്നുണ്ടല്ലോ. എന്തോ വലിയ ചര്‍ച്ചയോ അല്ലെങ്കില്‍ വഴക്കോ, വാഗ്വാദമോ എന്തെങ്കിലും.
ഏയ് ഒന്നുമില്ല. ഒരു വലിയ സ്വാമി വന്നിരുന്നു. അദ്ദേഹം ഒരുന്നത ജാതിക്കാരനും, പണ്ഡിതനും, വൈജ്ഞാനിയുമായിരുന്നു. ഇവിടെ വന്നു സംഭാരം കുടിച്ചു ഊണു കഴിച്ചു പിന്നെ ചര്‍ച്ചയായി. മാഷും നമ്മുടെ ജ്യേഷ്ഠനും ചര്‍ച്ചയില്‍ സജ്ജീവമായി പങ്കെടുത്തു. ചോദ്യശരങ്ങളെയ്തു. അവസാനം മാഷിന്‍േറയും ചിത്തരാജിന്‍േറയും മുന്‍പില്‍ പതറി ഇളിഭ്യനായി പോകേണ്ടി വന്നു. അദ്ദേഹത്തിനിവിടെ ജോലിയും വാഗ്ദാനം ചെയ്തിരുന്നതാണ്. അതായത് ഈ ഭാഗത്തു താമസിച്ച് നമ്മുടെ ആളുകള്‍ക്ക് വിദ്യ പകര്‍ന്നു കൊടുക്കുവാനും പൂന്തോട്ടമുണ്ടാക്കുവാനും മറ്റുമായി ചിത്തരാജണ്ണന്‍ നിര്‍ദ്ദേശിച്ചു. അവയൊക്കെ നിരാകരിച്ചു കൊണ്ടാണയാള്‍ നടന്നകന്നത്. പക്ഷേ മാഷു നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതായത് സ്വാമിക്ക് പോകുന്നിടങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഇവിടേയ്ക്കു വരുവാന്‍ മടിക്കണ്ടാന്നും മറ്റും. 
ശരദദാസ്സ് - ഓഹോ അതാണല്ലേ കാര്യം. ഞാനത് പ്രത്യാകം ശ്രദ്ധിച്ചു. എല്ലാവരുടെയും മുഖത്തൊരു ഭാവവ്യത്യാസം.
ശരദദാസ്സിനു സമീപം മുട്ടിയുരുമ്മി നിന്ന സാവിത്രിക്കുട്ടി സാവധാനത്തിലയാളെ അനുധാവനമാക്കി മുറിക്കുള്ളിലേയ്ക്കാനയിച്ചു. കൈകളിലും, മേനിയിലും സ്പര്‍ശന സുഖമേകിയവള്‍ ദാസ്സിന്റെ ആലിംഗനത്തിനായി ആവേശം പൂണ്ട്, അവന്റെ കൈകളിലാകര്‍ഷണീയത ഉത്തേജിപ്പിച്ചു. ക്രമേണ അവന്റെ കരവലയത്തിലായപ്പോള്‍ സുന്ദരമേനി തഴുകുമാറ് കഴുത്തിലും മേനിയിലുമുവള്‍ കൈകള്‍ കോര്‍ത്തവനെ അണച്ചു. കോരിത്തരിപ്പിലകപ്പെടുത്തി. അനുഭൂതിയാലിരുവരും പുളകച്ചാര്‍ത്തിലാണ്ടു മുങ്ങിത്താണ്.
നിമിഷങ്ങളോളമവരങ്ങിനെയിരുന്നു. അവിചാരിത ദര്‍ശനത്തില്‍ നിന്നും ഹൃദയാന്തരാളത്തില്‍ മൊട്ടിട്ട നൊമ്പരങ്ങള്‍ കാതുകളില്‍ മര്‍മ്മരമൊഴിഞ്ഞു കൊണ്ടവര്‍ ആലിംഗനബദ്ധരായി. ചെഞ്ചുണ്ടില്‍ നിന്നുതിര്‍ന്ന മൊഴി മുത്തുകള്‍ കവിളില്‍ കോരിത്തരിപ്പേകി. 
ഞെട്ടിയുണര്‍ന്ന യുവമിഥുനങ്ങളിലെ പെണ്‍കൊടി ഹൃദയനൊമ്പരങ്ങള്‍ കടിച്ചമര്‍ത്തി ഇല്ലത്തേയ്ക്കു ഗമിക്കുവാന്‍ വെമ്പല്‍പൂണ്ടു.
ശരദദാസ്സും പറഞ്ഞു ഞാന്‍ കടയ്ക്കു മുന്‍ഭാഗത്തേയ്ക്കു പോകട്ടെ അയാള്‍ വേഗേന നടന്നിറങ്ങി. അല്‍പ്പം കൂടി കഴിഞ്ഞാണ് ഗൗരിക്കുട്ടിയോടു യാത്ര ചോദിച്ചു കൊണ്ട് സാവിത്രിക്കുട്ടിയിറങ്ങി നടന്നത്. വേഗത്തില്‍ ഇല്ലത്തെത്തണമെന്ന ലക്ഷ്യത്തോടെ ഓടിയും നടന്നും ധൃതിയില്‍ പോയി. സാവിത്രിക്കുട്ടിയുടെ പോക്കു ശ്രദ്ധിച്ചു കൊണ്ടവര്‍ അര്‍ത്ഥഗര്‍ഭമായി നോക്കിയിരുന്നു.
ആമോദമലയൊലി മിന്നുന്ന ഹൃദയത്തോടും ഗൗരവം സ്പുരിക്കുന്ന മുഖഭാവത്തോടും ശരദദാസ്, ജ്യേഷ്ഠന്‍ ചിത്തരാജിന്‍േറയും, മാഷിന്‍േറയും സമീപം സ്റ്റൂളില്‍ വന്നിരുന്നു. പപ്പു മാനേജര്‍ ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചു.
എല്ലാവരും ശ്രദ്ധിക്കുവാന്‍ ഒരു കാര്യം ഞാന്‍ പറയുന്നതെന്തെന്നാല്‍ അതായത് ഈ പ്രദേശത്തുള്ള പുറംമ്പോക്കു ഭൂമിയുടെ കണക്കും, സര്‍വ്വേ നമ്പറും വില്ലേജാഫീസില്‍ ചെന്നു ശേഖരിക്കണം. അതിനുശേഷം ആ കണക്കുമായി പോയി ജില്ലാ ഭരണാധികാരികളേയും പിന്നീടു ദിവാനേയും കണ്ട് പ്രശ്‌നങ്ങള്‍ക്കു പരിഹാരമാക്കണം. നമ്മുടെ നാട്ടിലെ പുറം ജാതിക്കാര്‍ക്കു പുറംമ്പോക്കു ഭൂമി പതിച്ചു ലഭിക്കുമാറാക്കണം. അതിനു വേണ്ടി മുന്നിട്ടിറങ്ങുവാന്‍ നമ്മളല്ലാതെ വേറെയാരുമില്ല. എന്താ ചിത്തരാജേ.
അതേ മാഷേ, നമ്മളേ അക്കാര്യത്തിനിറങ്ങുവാനുള്ളൂ. എന്നാല്‍ അടുത്താഴ്ച പാറോത്തിക്കാരനെ കാണുവാന്‍ പോകാം.
പാടവും പറമ്പും മണ്ണും ഒക്കെ കൈയടക്കി വച്ചിരിക്കുന്നത് നാട്ടു പ്രമാണികളും ജന്മിമാരുമാണ്. ജില്ലാ ഭരണാധികാരികളൊക്കെ തന്നെ ഉന്നതജാതിക്കാരുമാണ്. അവിടത്തെ ശിപായി മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വരെ നായന്മാരും, പിള്ളമാരും, നമ്പൂതിരിമാരുമാണ്. പെട്ടെന്നൊരു കണക്കോ രേഖകളോ തേടിയെടുക്കുവാന്‍ അതിലെ ഗുമസ്ഥന്മാര്‍ക്കും അളവുകാര്‍ക്കും മാത്രമേ കഴിയുമായിരുന്നുള്ളൂ. ചില ശിപായിമാര്‍ക്കും ഓരോരോ പ്രദേശത്തെപ്പറ്റിയും വ്യക്തമായ അറിവുണ്ടായിരിക്കും. അധ:സ്ഥിത സമുദായത്തില്‍പ്പെട്ട ഒരുത്തനെ പോലും ആ കൂട്ടത്തില്‍ കാണുവാന്‍ സാധ്യമല്ല. എന്നാല്‍ ചില പിന്നോക്ക സുമാദയക്കാരാരെങ്കിലുമുണ്ടായാല്‍ അവരൊക്കെ ശിപായിമാരായിരിക്കും. പുസ്തകങ്ങളും കണക്കുകളും രേഖകളുമൊന്നും അവരെപ്പോലെയുള്ളവരെ കൊണ്ടു കൈകാര്യം ചെയ്യുവാനനുവദിക്കാറില്ല. അതുകൊണ്ട് അവര്‍ക്കൊക്കെ സ്ഥലങ്ങളുടെ വിവരങ്ങളൊന്നും അറിയുവാന്‍ തരപ്പെടാറില്ല.
ഒരിക്കല്‍ വില്ലേജാഫീസില്‍, ശരദദാസും, മാഷും മൈലന്‍ പിള്ളയും, ചിത്തരാജും കൂടി ചെന്നു. പാറോത്തിക്കാരന്‍ ശങ്കുണ്ണി നായരെ കണ്ടു വിവരങ്ങളൊക്കെ ഉണര്‍ത്തിച്ചു. പക്ഷേ സര്‍ക്കാര്‍ രേഖയിലേ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ നല്‍കുവാനയാള്‍ തയ്യാറായിരുന്നില്ല.
പാറോത്തിക്കാരന്‍ ശങ്കുണ്ണിനായര്‍, നിങ്ങള്‍ ഇവിടെ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനു പകരം, ദിവാന്‍പേഷ്‌ക്കാരെ കണ്ട് പരാതി നല്‍കി ഉത്തരവിറക്കുകയാണ് വേണ്ടത്. അപ്പോള്‍ പുറമ്പോക്കു ഭൂമിയെല്ലാം എവിടെയൊക്കെയുണ്ടെന്നുള്ള വിവരങ്ങള്‍ ഞങ്ങള്‍ ഉന്നതാധികാരികളെ അറിയിക്കും അതുപ്രകാരം ഭൂമി ആര്‍ക്കൊക്കെ അളന്നു വിതരണം ചെയ്യണമെന്ന് നിങ്ങളുമായിട്ടാലോചിച്ചു, നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കു നല്‍കാം അതാണതിന്റെ രീതി.
പപ്പുമാനേജര്‍; അധികാരി ഈ ഭൂമിയുടെ ക്രയവിക്രയങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും, ഞങ്ങള്‍ക്കറിയില്ല. പാവങ്ങള്‍ക്ക് അതായത് മണ്ണിനോടു മല്ലടിക്കുന്നവര്‍ക്ക് ഭൂമി നല്‍കുന്നത് നിങ്ങളാണെന്നും അതിന്റെ രേഖകള്‍ ഞങ്ങള്‍ക്കു നല്‍കേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. അതുപ്രകാരം പുറമ്പോക്കു ഭൂമിയുടെ സര്‍വ്വേ നമ്പറും മറ്റും ശേഖരിച്ച് ജില്ലാ ഭരണാധികാരികള്‍ക്ക് ഞങ്ങള്‍ ഒന്നടങ്കം പരാതി നല്‍കുവാനും കൂടാതെ ഇന്നയിന്ന സര്‍വ്വേ നമ്പര്‍ പ്രകാരമുള്ള ഭൂമി പാവങ്ങള്‍ക്കു പതിച്ചു നല്‍കേണ്ടതിലേയ്ക്കായി ദിവാനെ കണ്ടു സങ്കടമുണര്‍ത്തിക്കുവാനുമാണ് ഞങ്ങളുടെ സംരംഭം. അതുകൊണ്ടു പുറമ്പോക്കു ഭൂമിയുടെ ഈ പ്രദേശത്തുള്ള സര്‍വ്വേ നമ്പറുകള്‍ ഞങ്ങള്‍ക്കു നല്‍കണം.
പാറോത്തിക്കാരന്‍ ശങ്കുണ്ണിനായര്‍; അതു സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി കൊടുക്കുന്നതിനു തുല്യമാണ്. അതു ശരിയല്ല. അത്തരത്തില്‍ ഞങ്ങള്‍ക്കു വിവരങ്ങള്‍ പരസ്യമാക്കുവാനധികാരമില്ല.
പപ്പുമാനേജര്‍, ഇവിടെയുള്ള ഉന്നത ജാതിക്കാര്‍ പണവും സ്വാധീനവുമുള്ളവര്‍ ചോദിച്ചാല്‍ നിങ്ങളവരുടെ തറവാട്ടില്‍ കൊണ്ടു പോയി സ്ഥിതി വിവരക്കണക്കുകള്‍ നല്‍കാറില്ലേ. അതെന്താ പാറോത്തിക്കരാ; ആ മരിയാദ ഞങ്ങള്‍ക്കും മനസ്സിലാക്കുന്നില്ലല്ലോ. അതായത് ഉന്നതജാതിക്കാര്‍ക്കൊരു നിയമം.
പാവങ്ങള്‍ക്കു വേറൊരു നിയമവും, അതാണോ ഇവിടെ നിങ്ങളവലമ്പിക്കുന്നത്. കൂടാതെ താങ്കള്‍ക്കറിയാവുന്ന ഒരു വസ്തുത ഞാന്‍ പറയാം. അതായത് കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് സാധു ജനങ്ങള്‍ക്ക് പുറമ്പോക്കു ഭൂമി പതിച്ചു നല്‍കാം എന്നൊരുത്തരവ് മഹാരാജാവു തിരുമനസ്സു കൊണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആ ഉത്തരവ് നിങ്ങള്‍ ഉദ്ദോഗത്തിലുള്ളപ്പോള്‍ തന്നെയാണ് ഉണ്ടായിട്ടുള്ളത് എന്നു ഞാന്‍ അനുമാനിക്കുന്നു. അതുപ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് ചില സ്ഥലങ്ങളിലൊക്കെ ഭൂമി നല്‍കുകയുമുണ്ടായിട്ടുണ്ട് ആ സത്യാവസ്ഥ നിങ്ങള്‍ക്കറിയാവുന്നതുമാണ്. ഇപ്പോള്‍ തന്നെ ഇവിടെയുള്ള ജന്മിമാരുടെ അധീനത്തിലുള്ള ഭൂമികള്‍ പലയിടങ്ങളിലും, കാടു വെട്ടിത്തെളിച്ചും, മണ്ണിട്ടു നികത്തിയും വിസ്തൃതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അവിടെയൊക്കെ അതിര്‍ത്തിക്കല്ലു മാറ്റി സ്ഥാപിച്ചു പാറോത്തിക്കാരെല്ലാം ഒത്താശ ചെയ്തു പ്രാബല്യമാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. വാസ്തവം പറഞ്ഞാല്‍ അവരുടെ ശരിയായ നമ്പര്‍ പ്രകാരമുള്ള ഭൂമിയുടെ ഇരട്ടി വിസ്തൃതി ഇപ്പോഴുണ്ടാക്കി കൊടുത്തിട്ടില്ലേ. അക്കാര്യത്തിനു എല്ലാ വില്ലേജധികാരികളും, ഉത്തരവാദികളുമാണ്.
മുന്‍പു ഞാന്‍ സൂചിപ്പിച്ച പ്രകാരം കുറച്ചു പുറമ്പോക്കു ഭൂമി ചില സ്ഥലങ്ങളില്‍ സാധുജനങ്ങള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. അതുപോലെ ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ പറയുന്നു മഹാരാജാവു തിരുമനസ്സിന്റെ പണ്ടത്തെ ഉത്തരവു പ്രകാരം ഞങ്ങളുടെ ആളുകള്‍ക്ക് ഉടന്‍ ഭൂമി ലഭ്യമാക്കണം. ആയതിലേയ്ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ചില പേരുകാരുടെ പരാതി പ്രകാരം രണ്ടാഴ്ചകള്‍ക്കുള്ളില്‍ ഭൂമി നല്‍കുകയും വേണം. അതുകൊണ്ടു പാറോത്തിക്കാരാ ഞങ്ങള്‍ മുന്‍പു സര്‍വ്വേ നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കാതെ, ദിവാന്‍ പേഷ്‌ക്കാരെ കണ്ട് ഉത്തരവു കൊണ്ടു വരുവാന്‍ പറഞ്ഞു. ആ നിലപാട് ഈ ഞങ്ങളോടു നടപ്പില്ല. ഞങ്ങളിതൊക്കെ മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് വന്നിരിക്കുന്നത്.
പാറോത്തിക്കാരന്‍ ശങ്കുണ്ണിനായര്‍ : ആ ഉത്തരവിറക്കിയിട്ടിപ്പോള്‍ വളരെയധികം വര്‍ഷങ്ങളായി. അതു കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു ആയതു കൊണ്ട് പുതിയ ഒരു ഉത്തരവില്ലാതെ ഒന്നും ചെയ്യുവാന്‍ നിവര്‍ത്തിയില്ല.
പപ്പുമാനേജര്‍ - ആ ഉത്തരവിന്റെ കാലാവധി കഴിഞ്ഞിട്ടില്ല. ഇറക്കിയ ഉത്തരവുകളാണെങ്കില്‍ ചോദിക്കുവാനും പറയുവാനും ആരോരുമില്ലാത്ത പതിത വര്‍ഗ്ഗങ്ങള്‍ക്കായതു കൊണ്ട് അവയൊക്കെ ഇത്രയും നാള്‍ നിങ്ങള്‍ പൂഴ്ത്തി വയ്ക്കുകയായിരുന്നില്ലേ. കൂടാതെ ആ ഉത്തരവിറക്കിയിട്ടുള്ള മഹാരാജാവു തന്നെയാണിപ്പോഴും രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടാ ഉത്തരവിനിന്നും നിയമസാധുതയുണ്ട്. കൂടാതെ പഴയ ഉത്തരവുകള്‍ പ്രകാരമാണ് ഉന്നതര്‍ക്കു ഭൂമി കൊടുത്തിട്ടുള്ളതെങ്കില്‍ അനര്‍ഹമായി കൈവശം വെച്ചനുഭവിക്കുന്ന ഭൂമി നിങ്ങള്‍ വീണ്ടും സര്‍വ്വേ നടത്തി തിരിച്ചെടുക്കണം. അത്തരത്തില്‍ പിടിച്ചെടുക്കുന്ന ഭൂമി പതിത ജനങ്ങളിലെ അപേക്ഷകരുടെ മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യണം. കൂടാതെ ഇനിയും പുറംപോക്കു ഭൂമിയുണ്ട്, അവയൊക്കെ ഉടന്‍ വിതരണത്തിനുള്ള സംവിധാനമൊരുക്കണം. അത്തരം നീക്കങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയിരിക്കുകയും വേണം.
കര്‍ക്കശ സ്വരത്തില്‍ പറഞ്ഞതയാളുടെ മനസ്സില്‍ കൊണ്ടു. പാറോത്തിക്കാരന്‍ ഉദ്യോഗജനകമായി നോക്കി. ഇതികര്‍ത്തവ്യ മൂഢനായിരുന്നു പോയി. ഇത്ര ആധികാരികമായി പറയുവാന്‍ ഇവരൊക്കെയാരാണ്. ഇത്ര നാളും ഇവരെയൊന്നും കണ്ടിട്ടില്ലല്ലോ. ഈ വിധത്തില്‍ പെട്ടെന്നു ഭൂമി വിതരണവും മറ്റും നടത്തണമെന്നു പറഞ്ഞു വന്നാല്‍ അവയൊക്കെ സുസാദ്ധ്യമാകുന്നതെങ്ങിനെയാണ്. പാറോത്തിക്കാരന്‍ ശങ്കുണ്ണി നായര്‍ പറഞ്ഞു.
ഏതായാലും ജില്ലാ ഭരണാധികാരിയുമായി എനിക്കൊന്നാ ലോചിക്കുവാനുണ്ട്. അതിനുശേഷം പറയാം.
പപ്പു മാനേജരും കൂട്ടരുമിറങ്ങി. ഗൗരിക്കുട്ടിയുടെ പാടത്തും പറമ്പിലും, കുഞ്ഞിക്കാളിയുടെ നേതൃത്വത്തില്‍ വിതയ്ക്കലും ഞാറു നടലും ഒക്കെ നടന്നു. അതിനുവേണ്ടി നാട്ടിലുള്ള പണിക്കാര്‍ക്കു പുറമേ പുറത്തു നിന്നും പുലയരേയും, പറയരേയും, മണ്ണാന്മാരേയും കൊണ്ടു വന്നു വേല ചെയ്യിച്ചു കൊണ്ടിരുന്നു. അതിനൊക്കെ കുഞ്ഞിക്കാളിയാണ് മൂപ്പത്തി ചമഞ്ഞ് വേലയൊക്കെ നിയന്ത്രിച്ചു കൊണ്ടിരുന്നത്. സമൂഹത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ള മാര്‍ഗ്ഗം കൂടിയ ക്രിസ്ത്യാനിപ്പെണ്ണുങ്ങളും ഞാറു നടുന്നതിനും ഒക്കെ കൂടുമായിരുന്നു.
നാട്ടു നടപ്പനുസരിച്ചുള്ള കൂലിയേക്കാള്‍ വളരെ കൂടുതലായിരുന്നു ഗൗരിക്കുട്ടി വേലയ്ക്കു വരുന്നവര്‍ക്കു കൊടുത്തിരുന്നത്. അവളുടെ തറവാട്ടിലുള്ളവര്‍ക്കതു വലിയ വെല്ലുവിളിയായാണ് പരിണമിച്ചത്. കൂടാതെ മറ്റു മുതലാളിമാര്‍ക്കുമത് പ്രശ്‌നമായി മാറി. പക്ഷേ ആരുമതു ചോദ്യം ചെയ്യുവാനൊരുമ്പെട്ടില്ല. കാരണം ഗൗരിക്കുട്ടിക്കു അത്ര കൂടുതല്‍ ഭൂമികളൊന്നുമുണ്ടായിരുന്നില്ല എന്ന വസ്തുത അവര്‍ക്കൊക്കെ ആശ്വാസമേകി. അവളുടെ ഭൂമിയിലെ വേല കഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ അടുത്തു തന്നെ അടിമപ്പണിക്കാര്‍ വന്നേ പറ്റൂ എന്നവര്‍ പ്രതീക്ഷിച്ചു, അതു സത്യവുമാണ്.
എത്ര വന്നാലും കുറച്ചു ഭൂമിയില്‍, കുറച്ചു നാള്‍ മാത്രം, കുറച്ചു പേര്‍ക്കേ വേല ചെയ്യുവാനാവുകയുള്ളൂ.
പിന്നീടു തങ്ങളുടെ പാടത്തും പറമ്പിലും പണിക്കു വന്നില്ലെങ്കില്‍ ഇവരൊക്കെ പട്ടിണികിടക്കുകയേ നിവര്‍ത്തിയുള്ളൂ. കൃഷ്ണന്‍ മുതലാളി ഉറപ്പിച്ചു പറഞ്ഞു, നമ്മുടെ വേലക്കാര്‍ കുറച്ചാളുകള്‍ മാത്രമേ അവളുടെ പണിക്കു പോകുന്നുള്ളൂ. മാടനും കുടുംബവും ഇപ്പോഴും നമ്മുടെ പാടത്തും പറമ്പിലും തന്നെയാണ് വേല ചെയ്യുന്നത്. മാടന്റെ മക്കളിലൊരാള്‍ മാഷ്, ചാത്തേന്‍ പണിക്കൊന്നും പോകുന്നില്ല. അവന്‍ നേതാവല്ലേ. കോതപ്പെണ്ണ് പഠിക്കുവാന്‍ പോകുന്നു. എന്നാലും പുലയന്റെ മകള്‍ നെല്ലുംപാടം കണ്ടാല്‍ അരിവാളും കയ്കളിലേന്തി മറ്റുള്ളോര്‍ക്കൊപ്പം പാടത്തേയ്ക്കു ചാടിയിറങ്ങും. കൊയ്യുകയെന്നു പറഞ്ഞാല്‍ പുലക്കള്ളി പെണ്ണിനതൊരു ആവേശമായിരുന്നു.
പുലയിയും, പറച്ചിയും, മണ്ണാത്തികളും, കണക്കത്തിക്കളും കൊയ്ത്തുകാലം വന്നാല്‍ പിന്നെ അരിവാളും കൈകളിലേന്തും.
കൃഷ്ണന്‍ മുതലാളിക്ക്, മാണ്ട കൊയ്ത്തിനിറങ്ങുന്നതാണിഷ്ടം. കൊയ്തു കൊണ്ടിരിക്കുമ്പോള്‍ മാണ്ട കൂടക്കൂടെ മുതലാളിയെ ശ്രദ്ധിക്കും. അയാള്‍ മറ്റു പെണ്ണുങ്ങളെ നോക്കുന്നതവള്‍ക്കിഷ്ടമല്ല. എന്നാല്‍ കാലം മാറിയില്ലേ അവള്‍ക്കയാളുടെ മേലേ ഒരവകാശവുമില്ല. രണ്ടു കുഞ്ഞുങ്ങളാണ് മാണ്ടയ്ക്കുള്ളത്. അതു രണ്ടും മുതലാളിയുടേതു തന്നെ. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് മാണ്ടയുടെ പുലയന്‍ കൊച്ചൂട്ടി. ചിലപ്പോഴൊക്കെ മാണ്ടയുമൊത്തു കിന്നരിച്ചു തുടങ്ങി. കാരണം.
പെലേനു, പെലന്നാലെയുള്ളൂ. മാണ്ടയെ കല്ല്യാണം കഴിച്ചതു മുതല്‍ പറയത്തക്ക ഭര്‍തൃത്വത്തോടു കൂടി അവളെ സമീപിക്കുകയുണ്ടായിട്ടില്ല. അക്കാര്യങ്ങളൊക്കെ നിര്‍വ്വഹിച്ചിരുന്നത് മുതലാളിയുമൊത്തായിരുന്നു. എന്നാല്‍ സംഘത്തില്‍ ചേര്‍ന്നതും ഒരുമയോടെ സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതും ഒക്കെ ഭാര്യയോടയാള്‍ക്കു കൂടുതലടുക്കുവാന്‍ പ്രചോദനമായി. എന്നിരിക്കിലും കൊച്ചൂട്ടിയുടെ മക്കളല്ല മാണ്ടയിലുണ്ടായിരുന്നത്. കൊച്ചൂട്ടിക്കതൊന്നും അറിയില്ലായിരുന്നു. മക്കള്‍ രണ്ടും തന്റെ തന്നെയാണെന്നവന്‍ വിശ്വസിച്ചു. മക്കള്‍ വളര്‍ന്നു വന്നപ്പോള്‍ അയാള്‍ തന്നെ അവരെ പള്ളിക്കൂടത്തില്‍ ചേര്‍ത്തു. ചിത്തരാജിന്‍േറയും ശരദദാസിന്‍േറയും പ്രേരണയാലാണ് കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍ ചേര്‍ത്തത്. കൂടാതെ മാടനുമൊത്തു പാടത്തെ പണിക്കും പോകുമായിരുന്നു. മുതലാളിയുടെ വീട്ടിലും വളപ്പിലും ഉള്ള പണികള്‍ക്കു പുറമേയായിരുന്നു പാടത്തെ വേലകള്‍ക്കു കൊച്ചൂട്ടി പോയിരുന്നത്.
കോതപ്പെണ്ണു വളര്‍ന്നു. തലയും മുടിയും അഴകാര്‍ന്നു, മുഖത്തു വെളിച്ചം വിതറി. പോരാത്തതിനു വലിയ സ്‌ക്കൂളില്‍ ഉയര്‍ന്ന തരത്തില്‍ പഠിക്കുന്നവളുമായി. ചില ചോക്ടാങ്ങളും, നായരു പിള്ളേരും അവളുടെ അഴകു കണ്ടു അടുത്തു കൂടി കുശലം പറഞ്ഞു ചിരിപ്പിച്ചു. പക്ഷേ പുലി വീരന്മാരായ ആങ്ങളമാരുള്ള അവളെ സമീപിക്കുന്നതപകടമാണെന്നു കണ്ടു പിന്‍വാങ്ങിയിരുന്നു.
പുലയരുടേയും, പറയരുടേയും, മണ്ണാന്‍മാരുടേയും സ്ത്രീകളെ സ്വാധീനിക്കുവാന്‍ ഉന്നതരുടെ യുവാക്കള്‍ക്ക് വലിയ ഹരമായിരുന്നു. അവരുടെ യൗവനം ചൂഷണം ചെയ്യുന്നതിനൊക്കെ ചെറുപ്പക്കാര്‍ കുടിലുകളുടെ സമീപം കൂടി വെറുതെയെങ്കിലും വഴി നടക്കുമായിരുന്നു.
മാറു മറയ്ക്കുവാനും, വഴി നടക്കുവാനും അവസരം ലഭിച്ചു കഴിഞ്ഞപ്പോള്‍ വഴിയെ വന്നിരുന്ന പുലക്കള്ളിപ്പെണ്ണുങ്ങളെ മിഴിച്ചു നോക്കു, രസം പറയുക, സ്‌നേഹം പ്രകടിപ്പിക്കുകയൊക്കെ അവര്‍തരം പോലെ ചെയ്തിരുന്നു.
മുതലാളിമാരുടെ മക്കളും അക്കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു. തങ്ങളുടെ പണിക്കാരുടെ പെണ്ണുങ്ങളെ പ്രത്യാകം സൗന്ദര്യാരധനയോടെ നോക്കി തമാശ പറയുക പതിവായിരുന്നു.
സ്ത്രീകളതു കേട്ടു നാണം കുണുങ്ങി കുടിലുകളില്‍ ചെല്ലുമ്പോള്‍ പരസ്പരം, ലജ്ജാത്മകമായി ഉള്ളില്‍ മൊട്ടിട്ട അനുരാഗതരംഗം പറഞ്ഞാസ്വദിച്ചിരുന്നു.
പടിക്കല തമ്പ്രാന്റെ മോന്‍, കൊച്ചമ്പ്രാന്‍, എന്നാട്ട് ശോയിക്കണി - ഞാറു നടാമ്പോയിട്ട് വര്യാണാന്ന് അവളുടെ ഉള്ളു നാണത്താല്‍, ഇക്കിളിയുണര്‍ത്തി. അര്‍ദ്ധഗര്‍ഭമായി പുഞ്ചിരിച്ചു. അതായത് കൊച്ചമ്പ്രാനോടു അകമഴിഞ്ഞു അനുരാഗം പുളകിതമാക്കി.
ഈ മനോഭാവം, കൊച്ചമ്പ്രാന്‍ രഹസ്യമായി സമീപിച്ചാല്‍, അവളയാള്‍ക്ക് വശംവദയായി, അയാളുടെ കാര്യ നിര്‍വ്വഹണത്തിന്ന് എതിര്‍പ്പില്ലാത്ത സ്വഭാവം കാണിക്കുമെന്നതായിരുന്നു. ഇതു തന്നെയാണ് ഉന്നതരുടെ മക്കള്‍ക്കാവശ്യവും. ഇതു കൊടിയ വഞ്ചനയാണെന്നവള്‍ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാറില്ല. അബദ്ധം പിണഞ്ഞു, അവളിലയാളുടെ പ്രതിരൂപത്തിന്റെ കണികവളര്‍ന്നു കഴിയുമ്പോഴായിരിക്കും താതനും മാതാവും ഞെട്ടിത്തെറിച്ച് നിരാലംബരായി മാറുന്നത്. ആരോരുമില്ലാത്ത പാവങ്ങള്‍, വന്നതനുഭവിക്കാതെ യാതൊരു പോം വഴിയുമില്ല. ഉത്ഘടമായ കദനഭാരത്താല്‍ തേങ്ങുന്ന ആ പുലയ ചെറുക്കനേയും ചെറുമിയേയും പോം വഴികള്‍ നിര്‍ദ്ദേശിച്ചു ഏതെങ്കിലും പുലയച്ചെറുക്കന്റെ തലയില്‍ കെട്ടി വെയ്പിക്കുന്നു. 
പള്ളേലാക്കിയവന്‍ അവരെ ഇളിച്ചു കാട്ടി സമൂഹത്തില്‍ ഉന്നതസ്ഥാനീയനായി വിരാജിക്കും. പീഢനത്തിനു വിധേയരായവരെപ്പറ്റി അവന്‍ ചിന്തിക്കുകയേയില്ല.
കൊയ്തു കഴിയുമ്പോള്‍ പുലയരുടെ കുടിലുകളില്‍ നെല്ലും കൂമ്പാരമുയരുന്നു. പുലയിയുടെ മനസ്സു നിറയുന്നു. കുറച്ചു നാളെങ്കിലും പട്ടിണി കിടക്കാതെ കല്ലരിക്കഞ്ഞി മോന്താം. പുലയനോടൊപ്പം സന്തോഷമായി നെല്ലു പുഴുങ്ങലും ഉണക്കലും, കുത്തലും, ചേറ്റലും, കഞ്ഞിവെക്കലും ഒക്കെ തകൃതിയാകും. നെല്ലിന്റെ ഒരു പങ്ക് സാധാരണ കാവിലെ ഭഗവതിക്കു നല്‍കുന്നു. കാവില്‍ ഭഗവതി കനിഞ്ഞിട്ടാണ് തങ്ങള്‍ക്കു പണി ചെയ്യുവാനുള്ള ആയുരാരോഗ്യങ്ങള്‍ ലഭിച്ചതെന്നു ഉന്നതര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എല്ലാ പുലയരും, പറയരും, മണ്ണാന്മാരും, വേട്ടുവരും ഒന്നടങ്കം താന്താങ്ങളുടെ വിഹിതവുമായി അമ്പലത്തിലേയ്ക്കു പോയി താലം നല്‍കുന്നു. ആ ചടങ്ങാണ് താലപ്പൊലി മറ്റു ജാതിക്കാരൊക്കെ ഇതിനെ പുലയരുടെ താലപ്പൊലിയെന്നാണ് പറഞ്ഞിരുന്നത്.
ക്ഷേത്ര പ്രവേശനമില്ലാതിരുന്ന കാലത്ത്, പതിത വര്‍ഗ്ഗങ്ങള്‍ക്ക് അമ്പലത്തിന്റെ അകലെയുള്ള നടയ്ക്കല്‍ അരയാലിന്റെ സമീപം വരേ മാത്രമേ ചെല്ലാമായിരുന്നുള്ളൂ. ഭഗവതിക്കു കാണിക്കയുമായി വരുന്നതു കൊണ്ടാണീ പാവങ്ങളെ ആല്‍ത്തറ വരെയെങ്കിലും സമീപിക്കുവാന്‍ അനുവാദം നല്‍കിയിരുന്നത്. ഉന്നതരുടെ ദൈവം ഇരുന്നരുളുന്ന വലിയ കോവിലിന്റെ തിരുമുമ്പില്‍ ചെല്ലുവാനുള്ള അവസരം കൂടിയാണ് താലപ്പൊലി. ഭഗവതിയുടെ തിരുനാളായിട്ടാണീ സുദിനത്തെ കണക്കാക്കുന്നത്.
ഭഗവതിയെന്നു പറയുന്നത് മഹാകാളിയേയാണ് അത് പാവപ്പെട്ടവരായ അധ:സ്ഥിതരുടെ ദൈവമാണ്, എല്ലാവരുടെയും അമ്മയാണ്. അമ്മയ്ക്കു കാണിക്കയര്‍പ്പിച്ചു സാഷ്ടാംഗം വീണു തൊട്ടു തൊഴുതാല്‍, അമ്മയുടെ ആശിര്‍വാദമുണ്ടാകും അമ്മ കോപിച്ചാല്‍ നാടുമുടിയും എല്ലാവര്‍ക്കും നാശം സംഭവിക്കും മാറാ രോഗമായ വസൂരി പിടിപെടും.
അമ്മയുടെ വിത്തു വിതയ്ക്കലാണ് വസൂരി വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഉഗ്രമൂര്‍ത്തിയാണ് നട്ടുച്ചയ്ക്കു അഗ്നിവമിപ്പിക്കുന്ന രുദ്രയാണമ്മ, അമ്മ മഹാദേവിയാണ് അതു കാളിയാണ്, ഭദ്രയാണ്. മഹാദേവന്‍ പരമശിവന്റെ പുത്രിയാണ്. പാര്‍വ്വതിയുടെ അവതാരമാണ് പാവങ്ങളുടെ രക്ഷകയാണ്. എന്നാണ് പുരാണം പറഞ്ഞു പരത്തിയിരിക്കുന്നു.
ദേവിയെ പ്രീതിപ്പെടുത്തണം. അതിലേയ്ക്കായി തന്നാലാവുന്നത് അമ്മയ്ക്ക് കാണിക്കയായര്‍പ്പിക്കണം. അങ്ങിനെ ചെയ്താല്‍ ദേവി നിശ്ചയമായും അനുഗ്രഹിക്കും.
പാവങ്ങളെ ദൈവത്തിന്റെ പേരും പറഞ്ഞു ഭയപ്പെടുത്തി ''പലതുള്ളി പെരുവെള്ള''മെന്ന കണക്കില്‍ ഓരോരുത്തരുടെയും കയ്യില്‍ നിന്നും നെല്ലായും പണമായും കാണിക്കയായി വാങ്ങി ഉന്നതര്‍ ചൂഷണം ചെയ്യുന്നു. തടിച്ചു കൊഴുക്കുന്നു. അധ്വാനിക്കാതെ സുഭിക്ഷമായ ആഹാരവും കഴിച്ച് സുന്ദരന്മാരായി വികാര വിഛ്‌റമ്പിതരായി കാമാര്‍ത്തി പൂണ്ട് വിരാജിക്കുന്നു. 
ഉന്നതമായ കോവിലിലിരുന്നരുളുന്ന ദേവി പതിത വര്‍ഗ്ഗക്കാരുടെ ദേവതയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ഭഗവതിയുടെ പ്രതിപുരുഷരായ വരേണ്യ വര്‍ഗ്ഗക്കാരാണ് നടത്തിപ്പുകാരെല്ലാം. അവരാണിതിന്റെ പങ്ക് പൂജയെന്നും പ്രസാദമെന്നുമൊക്കെ വിവക്ഷിച്ച് അനുഭവിക്കുന്നത്. പാവങ്ങളദ്ധ്വാനിച്ചുണ്ടാക്കുന്ന കുറഞ്ഞ കൂലിയുടെ വിഹിതം വാങ്ങുന്നത് ഉന്നതജാതിക്കാരാണ്. ദൈവത്തിന്റെ പേരില്‍ പുരോഹിത വര്‍ഗ്ഗം ഇങ്ങിനെ ഭയപ്പെടുത്തി വാങ്ങുമ്പോള്‍, വേറെ ചിലര്‍ ലഹരി പാനീയങ്ങള്‍ വിറ്റീ പാവങ്ങളെ പറ്റിക്കുന്നു. എല്ലു മുറിയേ പണി ചെയ്തുണ്ടാക്കുന്ന കൂലിയുടെ സിംഹഭാഗവും ക്ഷീണമകറ്റുവാന്‍ കള്ളായി വിറ്റ് വാങ്ങിച്ചെടുക്കുന്നു.
താലപ്പൊലി നാളുകള്‍ സംജാതമാകുമ്പോള്‍ പാവങ്ങളുടെ പുരോഹിതര്‍, നോന്‍മ്പെടുത്തു കാത്തിരുന്നു. താലപ്പൊലിക്കായി നെല്ലും കാശും പിരിക്കുന്നു.
സഭയുടെ പ്രവര്‍ത്തകര്‍ അക്കാര്യത്തിലേയ്ക്കായി ഓരോരുത്തരും കൊടുക്കേണ്ട വിഹിതം, പറയില്‍ അളക്കുവാനുള്ള നെല്ല് ഓരോ കുടിലില്‍ നിന്നും നടന്നു വാങ്ങും. അവയൊക്കെ പ്രധാന പുരോഹിതന്റെ വീട്ടില്‍ ശേഖരിക്കുന്നു.
താലമെടുക്കേണ്ട സ്ത്രീകള്‍ ഓരോ കിണ്ണത്തിലും നിറയെ നെല്ലും, നാളികേര മുറിയില്‍ എണ്ണയൊഴിച്ച് കത്തിച്ച തിരിയുമായി അണി നിരന്നു പോകും. പ്രധാന പുരോഹിതന്റെ സാന്നിദ്ധ്യത്തില്‍ പറയില്‍ നിറച്ച നെല്ലും ചുമന്നു മൂപ്പന്‍ പുലയന്റെ പുലയിയും മറ്റും നിരന്നു നീങ്ങും.
ചെണ്ടമേളത്തിന്റെ പ്രകമ്പനം കൊള്ളിക്കുന്ന എതിരേല്‍പ്പും, തുടിയും ഉടുക്കും മുഖരിതമാക്കിയ, താളമേളയകമ്പടിയുമുണ്ടാകും. ഇത്തരം മേളങ്ങളോടൊത്താണ് വര്‍ണ്ണശബളിമയാര്‍ന്ന താലപ്പൊലി നീങ്ങുക. നെല്ലു നിറച്ച പറകള്‍ ചുവന്നു നില്‍ക്കുന്നവരുടെ സമീപം രണ്ടോ മൂന്നോ മുത്തുക്കുടകളും ചൂടിക്കും. ചെണ്ടമേളം ഏറ്റവും മുന്‍പിലായിരിക്കും. തുടിയും ഉടുക്കുമേളവും, പറചുമന്നു നില്‍ക്കുന്നവരുടെ സമീപം വട്ടമിട്ടായിരിക്കും നില്‍ക്കു. ദേവ മേളമായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. ചെണ്ടമേളം അസുരമേളവും. കാരണം പതിനെട്ടു വാദ്യവും ചെണ്ടയ്ക്കു താഴെയാണ്. അത്ര ഉയര്‍ന്ന ശബ്ദമാണ് ചെണ്ടയുടേത്. 
ദേവിയുടെ കീര്‍ത്തനങ്ങളാണ് ചിന്തുശീലില്‍ ഉടുക്കുവായനക്കാര്‍ പാടാറുള്ളത്.
പ്രധാന പുരോഹിതനായ ഇട്യാദിമൂപ്പന്‍ നല്ല ചുവന്ന മുണ്ടുടുത്ത്, വേറൊരു ചുവന്ന തുണി തലയിലും കെട്ടുന്നു. നീലത്തുണിയാണ് ഏത്താപ്പായി ചുറ്റുന്നത്. കൈയില്‍ വെള്ളി കെട്ടിയ ചൂരലും പിടിച്ചിരിക്കും.
താലപ്പൊലി എഴുന്നെള്ളിപ്പു തുടങ്ങുന്നത്, ഇട്യാദി മൂപ്പന്റെ കുടിലിനു സമീപമുള്ള പതിയില്‍ നിന്നാണ്. ചില ചെറുപ്പക്കാരായ ശിഷ്യഗണങ്ങളും ചുവന്നു മുണ്ടുടുത്ത്, ഏത്താപ്പു കെട്ടി പ്രകടനത്തിന്റെ മുന്‍പില്‍ ചാടിത്തുള്ളി അകമ്പടി സേവിക്കും.
ചെണ്ടമേളത്തിന്റെ താളത്തിനൊത്താണ് തുള്ളലും, ചാട്ടവും തകര്‍ക്കുന്നത്. സ്ത്രീകള്‍ മുടിയഴിച്ചിട്ട് ഭഗവതികേറിത്തുള്ളും. മിക്കവരും അമ്മേ ഭഗവതിയേ കാത്തു കൊള്ളണേ എന്നുച്ചത്തില്‍ ശരണം വിളിക്കും. കരളലിയിക്കുമാറ്, കുഞ്ഞുങ്ങളുടെയും, തള്ളമാരുടെയും ശരണം വിളി ദീനരോദനമാര്‍ന്നു അന്തരീക്ഷത്തെ കോരിത്തരിപ്പിക്കും.
തുടികൊട്ടുന്നവരും, ഉടുക്കുവായനക്കാരും ശ്രീപരമേശ്വരന്റെ പാട്ടുകളാണ് പാടാറുള്ളത്.
കൈത്തില് പാമ്പാടുന്ന പരമശിവ-എങ്കട 
കയലിതീര്‍ക്കേണം ശ്രീപരമേശാ.
നെറ്റീല് കണ്ണൊള്ള പരമചിവ - എങ്കട
തെറ്റുപൊറുക്കണം ശ്രീപരമേശാ.
വീണ്ടും സ്ത്രീകളും കുട്ടികളും ആര്‍ത്തു വിളിക്കും.
അമ്മേ രുദ്രേശരണം, ദേവ്യാശരണം.
പുരുഷന്മാരും ഏറ്റു വിളിക്കും.
ശരണം വിളിയും പാട്ടു കൊട്ടും മേളവുമായി നീങ്ങുന്ന താലപ്പൊലി സാവധാനം പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കും. വഴിയുടെ ഇരുവശത്തു കൂടി അണിയിട്ടു നീങ്ങുന്ന പ്രകടനത്തിന്റെ നടുക്ക് പ്രധാന നിറപറകളുടെ മുന്‍ഭാഗത്തായി മൂപ്പന്‍ പുലയന്‍ ഓടിയും നടന്നും, ചൂരലു വീശിയും വിറച്ചു തുളി അട്ടഹസിക്കും.
അമ്മേ പകവതിയേ - എന്നൊക്കെ ഇടയ്ക്കിടയ്ക്കു വിളിക്കും. താടിയും മുടിയും നീട്ടി വളര്‍ത്തി ചുവന്ന തുണിയും ധരിച്ച ഇട്യാദി മൂപ്പനെ കാണുവാനിപ്പോള്‍ നല്ല എടുപ്പാണ്. അമ്പലത്തിലെ പുരോഹിതരേക്കാള്‍ കാഴ്ചയില്‍ ഔന്നത്യം തോന്നും. ഭീകരരൂപിയായി കോമരം തുള്ളും. ഭഗവതി ദേഹത്താവേശിച്ചു കൊണ്ടുള്ള നടപ്പും, ഓട്ടവും ഉറഞ്ഞു തുള്ളലുമൊക്കെ ദര്‍ശിച്ചാല്‍ എല്ലാവര്‍ക്കും ഭഗവതിയെ കാണുന്ന അനുഭൂതിയുണ്ടാകും. ഇട്യാദി മൂപ്പനിപ്പോള്‍ ഭഗവതിയുടെ കോമരമാണ്. കാണുന്ന മാത്രയില്‍ ബഹുമാനപുരസ്സരം കൈകൂപ്പിപ്പോകും. അത്രയ്ക്കു രൗദ്രതയാണീ നേരത്തു മൂപ്പനെ കാണുമ്പോള്‍ ഉള്ളിലങ്കുരിക്കുന്നത്.
ചില സ്ഥലത്തു ചെല്ലുമ്പോള്‍ പ്രകടനം അല്‍പ്പനേരം നില്‍ക്കും. അവിടെ മേളം തകൃതിയായി നടത്തും. ചെണ്ടമേളത്തിന്റെ താളം ഉച്ചസ്ഥായിയാകും. ഇലത്താളവും കൊമ്പുകുഴലും ഇടച്ചെണ്ടയും ഒക്കെ താളവേഗമാക്കി കൊഴുപ്പു വര്‍ദ്ധിപ്പിക്കും. അന്തരീക്ഷം ശബ്ദമുഖരിതമാക്കും.
ചെണ്ടമേളം നന്നായി പരിശീലിച്ച കുട്ടിച്ചന്‍ മുന്‍മേളക്കാരനായി നിന്നാണ് ചെണ്ട കൊട്ടു നിയന്ത്രിച്ചിരുന്നത്.
മൈലന്‍പിള്ളയും, ഗൗരിക്കുട്ടിയും, മക്കളും മുന്‍നിരയില്‍ നേതാക്കളെപ്പോലെ നടന്നിരുന്നു. മാടനും അവരോടൊപ്പം ചേര്‍ന്നിരുന്നു. മാടന്റെ പെലക്കിളിച്ചക്കി ഇട്യാദി മൂപ്പന്റെ കുടുംബക്കാരുടെ കൂട്ടത്തില്‍, മകള്‍ മാണ്ടയോടൊപ്പം സഹകരിച്ചിരുന്നു. താലമെടുത്തു കൊണ്ടു നീങ്ങിയിരുന്നവരെ നേരെ നയിച്ചിരുന്നത് കോതപ്പെണ്ണും കൂടിയായിരുന്നു. പള്ളിക്കൂടത്തില്‍ പഠിക്കുന്നവളും വളര്‍ന്നവളുമായ കോതപ്പെണ്ണ് അഴകൊത്ത സുന്ദരി കോത തന്നെ. അവളുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിച്ചിരുന്നു. ചിത്തരാജും, ശരദദാസ്സും ഉന്നതരായ തമ്പുരാക്കന്മാരെ കണ്ടു താലപ്പൊലിയുടെ വരവും ചടങ്ങുകളും മറ്റും ഏര്‍പ്പാടു ചെയ്തു ഓടി നടന്നിരുന്നു.
ചെണ്ടമേളക്കാരില്‍ പ്രമുഖന്‍ കുട്ടിച്ചനും സഹായികളായി കോലപ്പന്‍, ചെല്ലന്‍, തുപ്രന്‍ എന്നിവരെ കൂടാതെ, കൊച്ചൂട്ടിയും, ചീതങ്കനും പറയത്തക്ക ആവേശത്തോടെ പങ്കെടുത്തു കൊണ്ടിരുന്നു. കുഞ്ഞിക്കണ്ടാരിയുടെ വിധവയായ കുഞ്ഞിക്കാളി മക്കള്‍ അഴകി, കുറുമ്പ എന്നിവര്‍ താലമെടുത്തു നടക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പേങ്ങന്‍ ചെറുക്കന്‍ കളിച്ചും ചിരിച്ചും അവന്റെ കൂട്ടുകാരോടൊപ്പം പടക്കം പെറുക്കിയും പൊട്ടിച്ചും നടന്നിരുന്നു.
അമ്പലത്തിന്നു നടഭാഗത്തു അകലെ നിന്നിരുന്ന ആല്‍ത്തറയുടെ സമീപത്തുള്ള വലിയ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ചില ഉന്നത ജാതിക്കാരായ തമ്പുരാട്ടിമാരും തമ്പുരാക്കന്മാരും നില്‍പ്പുണ്ടായിരുന്നു. ആ കൂട്ടത്തില്‍ നിന്നിരുന്ന സാവിത്രിക്കുട്ടിയെ ശരദദാസ് ശ്രദ്ധിച്ചു. അവളയാളെ നോക്കി പുഞ്ചിരിച്ചതിനു ബദലായി ശരദദാസ്സും മന്ദസ്മിതം തൂകി. നേതൃസ്ഥാനീയനായി നടക്കുന്നയാളെ എല്ലാവരും ശ്രദ്ധിക്കുമെന്ന തിരിച്ചറിവോടെയായിരുന്നയാളുടെ ഉള്ളു തുറന്നുള്ള മന്ദഹാസം. വേറെ ചില ഭാഗത്തു കൃഷ്ണന്‍ മുതലാളിയും കൂട്ടരും നിന്നിരുന്നു. കുറച്ചകലെ അല്ലേശുമാപ്ലയും കുറച്ചാളുകളോടൊത്തു നിന്നു താലപ്പൊലി വീക്ഷിച്ചിരുന്നു.
പുലയരുടെ താലപ്പൊലിയും അതിന്റെ വ്യാപ്തിയും കണ്ടു മനസ്സിലാക്കുവാനാണീ അന്ന്യജാതി ജനവിഭാഗങ്ങള്‍ വന്നിരുന്നത്.
പപ്പു മാനേജര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും പരമശിവന്‍ പിള്ളയോടൊത്തു, താലപ്പൊലികളിലൊന്നും പങ്കെടുക്കാതെ ചില കെട്ടിടങ്ങളുടെ സമീപം നിന്നു രംഗം വീക്ഷിച്ചു. അവരോടൊപ്പം പഴയ കുടിപ്പള്ളിക്കൂടം വാദ്ധ്യാരായ നമ്മുടെ കുഞ്ചു ആശാനും നിന്നിരുന്നു.
താലപ്പൊലിയുടെ വരവതി ഗംഭീരമായിരുന്നു. ആളുകള്‍ അതിശയം കൂറി.
''ഇത്രയധികം പുലയന്മാരീ നാട്ടിലുണ്ടോ''
അവരോടൊപ്പം, വേലന്‍, വേട്ടുവന്‍, കണക്കന്‍, പറയന്‍, മണ്ണാന്‍ എന്നിവരും ഒത്തുചേര്‍ന്നിരിക്കുന്നു. കൂടാതെ ജാതി മാറിപ്പോയ അവശ ക്രിസ്ത്യാനികളും ഒക്കെ താലപ്പൊലി വീക്ഷിക്കുന്നതിനായി ആല്‍ത്തറയുടെ അകലത്തായി നിലയുറപ്പിച്ചിരുന്നു.
കൊട്ടും, കുഴലും, വെടിക്കെട്ടുമായി താലപ്പൊലി അമ്മേ, ദേവീ പകോതി ചരണം എന്ന മന്ത്രമുഖരിതമായി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. ആണുങ്ങളും, പെണ്ണുങ്ങളും ആല്‍ത്തറയ്ക്കു സമീപത്തായി ആര്‍ത്തിരച്ചു വന്നു കൊണ്ടിരുന്നു.
അവിടെ കെട്ടിയലങ്കരിച്ചിരുന്ന ഓലപ്പന്തലില്‍ വലിയൊരു ചിക്കുപായ നിവര്‍ത്തിയിട്ടിരുന്നു. അതിനു മീതേ ഒന്നു രണ്ടു മെത്തപ്പായയും വിരിച്ചിരുന്നു. ഉത്ഘടമായിട്ടു ആല്‍ത്തറയെ ചുറ്റി പന്തലിനേയും വലം വെച്ചു മുന്നോട്ടു നീങ്ങി. മേളം ദ്രുത താളത്തോടു കൂടി തകര്‍ത്തു കൊണ്ടിരുന്നു. തുടിമേളക്കാരും ഉടുക്കു വായനക്കാരും കലാശപ്പാട്ടുകള്‍ മംഗളമായി പാടി പന്തലിനൊരുവശം മാറി നിന്നു.
ഇട്യാതി മൂപ്പന്റെ പുലയിയും അമ്മാവന്റെ മക്കളും തലയിലേറ്റി കൊണ്ടു വന്ന പറനിറച്ച നെല്ല് അമ്മേ മഹാതേവ്യാ, കാത്തു കൊള്ളണമമ്മേ, ചരണം, ചരണം എന്നു വിളിച്ചു കൊണ്ടാണ് പായയില്‍ ചൊരിഞ്ഞു കൊണ്ടിരുന്നത്. പറകളൊക്കെ മറിച്ചു കഴിഞ്ഞശേഷമാണ് ഓട്ടുകിണ്ണങ്ങളില്‍ കൊണ്ടു വന്ന താലം.
അമ്മേ തേവ്യേയ് എന്നു ചൊല്ലിക്കൊണ്ട് ഓരോരുത്തരായി ചൊരിഞ്ഞു.
എല്ലാം കൂടി ഒരു ചെറിയ കുന്നു കണക്കുയര്‍ന്നു കിടന്നിരുന്നു. അതിനു ചുറ്റും ഇട്യാദി മൂപ്പനും കൂട്ടരും മൂന്നു തവണ വലം വെച്ചു. കാവിലേ കോവിലിനു ദര്‍ശനമായി നിന്നു കീര്‍ത്തനം ചൊല്ലി ഉറക്കെ പാടി.
എണ്ടതേവ്യായ്, പകവതിയേ ചരണം.
എണ്ടതേവ്യായ്, പകവതിയേ ചരണം.
എണ്ടതേവ്യായ്, പകവതിയേ ചരണം എന്നു മൂന്നു പ്രാവശ്യം വിളിച്ചു മന:മുരുകി പ്രാര്‍ത്ഥിച്ചു.
എങ്കടപിയം മക്കള കാക്കണേ തേവ്യാ
അമ്മേ പകവതിയേ
അമ്മേ പകവതിയേ
വാക്കുകള്‍ കീര്‍ത്തനമാക്കി കരഞ്ഞു കൊണ്ടു തരളിതമായി. ശോകാത്മകതയോടു കൂടി മൂപ്പന്‍ ഉറക്കേ ചൊല്ലി. ഈ പാവങ്ങട കാണിക്ക അങ്കാട് കൈക്കൊണ്ടു തേവ്യേയ് എങ്കള അനുഗ്രഹിക്കേണമമ്മേ തേവ്യേയ്. അദ്ദേഹത്തിന്റെ തോറ്റത്തിനനുസരിച്ച് തുടിയും ഇലത്താളവും ചെറുതായി വായിച്ചു കൊടുത്തു കൊണ്ടിരുന്നു.
ഈ സന്ദര്‍ഭത്തില്‍ കോവിലില്‍ നിന്നും യുവാവായൊരു തന്ത്രി സഹായിയോടും, നായന്മാരുമൊത്തുള്ള അകമ്പടിയോടും കൂടി ഇറങ്ങി. ആല്‍ത്തറയുടെ സമീപത്തേയ്ക്കു വന്നു. ശരദദാസ്സും, ഗൗരിക്കുട്ടിയും, മൈലന്‍പിള്ളയും തന്ത്രിയെ അനുഗമിച്ചു. കയ്യില്‍ പൂക്കളും പുണ്യാഹവുമുള്ള ചെറിയൊരു വാല്‍കിണ്ടിയും തന്ത്രിയേന്തിയിരുന്നു. ഭസ്മവും കര്‍പ്പൂരവും സഹായിയുടെ കയ്യിലെ താമ്പാളത്തിലുണ്ടായിരുന്നു. തിരി കത്തിക്കുന്ന കോല്‍വിളക്കും, സാമ്പ്രാണി പുകയ്ക്കുന്ന വട്ടകോല്‍ വിളക്കും ഒക്കെ പൂജാപാത്രങ്ങളായുണ്ടായിരുന്നു. നായന്മാര്‍ കുട്ടയും ചാക്കുകളുമായാണ് വന്നിരുന്നത്.
തന്ത്രി വന്നയുടനെ നെല്ലും കൂമ്പാരത്തിനെ സമീപിച്ചു. മന്ത്രമുരുവിട്ടു പുണ്യാഹം തളിച്ചു പൂക്കള്‍ വിതറി കര്‍പ്പൂരം കത്തിച്ചു ആരതിയുഴിഞ്ഞു. പുലയര്‍ തലയിലേറ്റി കൊണ്ടു വന്ന നെല്ല് ശുദ്ധമാക്കി. കൂട്ടത്തില്‍ ഇട്യാദി മൂപ്പന്റെ തലയിലും പുണ്യാഹം കുടഞ്ഞു പൂക്കള്‍ വിതറി കൈകൊണ്ടു അനുഗ്രഹമാക്കി. പുലയ പുരോഹിതനെ ഉന്നതജാതിക്കാരുടെ യുവ തന്ത്രി പൂക്കളെറിഞ്ഞാശിര്‍വദിച്ചു.
ഈ സന്ദര്‍ഭത്തിലൊക്കെ തുടിയുടെ താളം പൂജയ്ക്കു കൊഴുപ്പേകി കൊണ്ടിരുന്നു. തന്ത്രി തിരിച്ചു നടന്നപ്പോള്‍, വാലന്‍ കുട്ടയില്‍ സൂജനിലയില്‍ കൊണ്ടു വന്ന കൂട്ടുപായസം ഒരു നായര്‍ നെല്ലും കൂമ്പാരത്തിന്റെ സമീപം വച്ചു. അതു ഇട്യാദി മൂപ്പന്‍ ഭക്തിപൂര്‍വ്വം രണ്ടു കൈകൊണ്ടുമെടുത്തു പുലയിയുടെ കയ്യില്‍ കൊടുത്തു.
ദേവിയുടെ പ്രസാദം, എല്ലാവര്‍ക്കും വിതരണം ചെയ്യുവാനുള്ള നിര്‍ദ്ദേശവും നല്‍കി.
അതിനുശേഷം വാലന്‍കുട്ട കൊണ്ടു നെല്ലുകോരി, നായന്മാര്‍ ചാക്കുകളില്‍ നിറച്ചു. കോവിലിലേയ്ക്കു തലച്ചുമടായി കെട്ടിക്കൊണ്ടു പോയി. താലപ്പൊലി ഭഗവതി സ്വീകരിച്ചതായി എല്ലാവരും വിശ്വസിച്ചു. അതിനുശേഷം ആളുകളൊക്കെ പിരിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു.
പാവപ്പെട്ട പുറംജാതിക്കാര്‍, താന്താങ്ങള്‍ക്കാവുന്ന തരത്തില്‍ നാണയത്തുട്ടുകള്‍ ആല്‍ത്തറയില്‍ വെച്ചിരുന്ന ഭണ്ഡാരത്തില്‍ സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളെ കൊണ്ടും നിക്ഷേപിപ്പിച്ചു. കുഞ്ഞിക്കൈയ്കള്‍ കൂട്ടിപ്പിടിപ്പിച്ചു ദേവിയെ തൊഴീപ്പിച്ചു.
''പറാമോളേതേവ്യാകാക്കണേ''
കുഞ്ഞു പേടിച്ചു വിറച്ചു. ഉരിയാടുവാനാകാതെ ചുണ്ടു
വിറച്ചു, നിര്‍ബന്ധത്തില്‍ മൊഴിഞ്ഞു.
''ചെവേ കാക്കണേ....''
കുരങ്ങിനെ കൊണ്ടു ചൂടു ചോറു വാരിക്കുന്ന പോലെ അന്ധവിശ്വാസം കുഞ്ഞിന്റെ കുരുന്നു മനസ്സില്‍ കുത്തി വെയ്പ്പിച്ചു. ആലിനേയും ആല്‍ത്തറയേയും തൊട്ടു തൊഴുതു. അമ്പലത്തിന്റെ നേരേ തിരിഞ്ഞു തള്ളയും, തന്തയും ഭഗവതിയെ വിളിച്ചു പ്രാര്‍ത്ഥിച്ചു.
ഭഗവതിയുടെ അനുഗ്രഹം ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച ഉന്നതര്‍ പാവങ്ങളുടെ ചില്ലിക്കാശും ഭണ്ഡാരത്തില്‍ നിക്ഷേപിപ്പിച്ചു.
തിരിച്ചു പൊയ്‌ക്കൊണ്ടിരുന്ന, അമ്മമാരും, കുഞ്ഞുങ്ങളും, ചെറുപ്പക്കാരികളും ചില ചില്ലറ സാധനങ്ങളും വാങ്ങിച്ചു. ചാന്ത്, കണ്‍മഷി, കൊക്കുമം, സോപ്പ്, ചീപ്പ്, കുപ്പിവള മുതലായവ ആക്കാര്യത്തിന്നു ചോക്ടാങ്ങളും, നായര്‍ യുവാക്കളും, ക്രിസ്ത്യാനി ചെറുക്കന്മാരും ചില്ലറ തുട്ടുകള്‍ പെണ്‍കുട്ടികള്‍ക്കു മറഞ്ഞു നിന്നു കൊടുത്തു കൊണ്ടിരുന്നു.
ഉത്സവപറമ്പൊക്കെ ഇത്തരം ചെറുപ്പക്കാരുടെ വിഹാരരംഗങ്ങളായിരുന്നു. ഇപ്പോഴീ തുട്ടു കാശു നല്‍കിയിരുന്നത്, അവരെ മുന്‍കൂട്ടിയുള്ള സഹായിക്കലായിരുന്നു. അതായത് പണം കൊടുത്ത വശത്താക്കല്‍. സാധുജന പെണ്‍കിടാങ്ങളും കൈനീട്ടുന്ന കാര്യത്തില്‍ പിന്നിലായിരുന്നില്ല.
കോതപ്പെണ്ണ് പഠിപ്പുള്ളവളാണെങ്കിലും, അവല്‍ക്കുമുണ്ടല്ലോ വികാര വിചാരങ്ങള്‍ പളുങ്കുമണികള്‍ പോലെ പൊട്ടിച്ചിരിച്ചു നടക്കുന്ന പ്രായം തന്റെ സമുദായത്തില്‍ പെട്ട നിരവധി ചെറുപ്പക്കാരുണ്ടെങ്കിലും അവരെല്ലാം വെറും ചെളിപ്പെലേന്മാരായിരുന്നു. ചിലര്‍ സ്‌ക്കൂളില്‍ പോകുന്നവരുണ്ടായിരുന്നെങ്കിലും അവരൊക്കെ കോതപ്പെണ്ണിന്റെ മനം കവരാന്‍ പ്രാപ്തിയുള്ളവരായിരുന്നില്ല. അല്ലേശു മാപ്ലയുടെ ഒരു മകന്‍ കുഞ്ഞാക്കോ, സുന്ദരന്‍, പാവം, നാണം കുണുങ്ങി, പള്ളിക്കൂടത്തില്‍ പോകുന്നവന്‍ അവളുടെ കരളിലിക്കിളി വിതറി. പക്ഷേ അവന്റെ കൂടെ ചില നായര്‍ യുവാക്കളുമുണ്ടായിരുന്നു.
കോതപ്പെണ്ണിനെ ശ്രദ്ധിക്കുവാനും, സ്വാധീനിക്കുവാനും, അവര്‍ക്കാഗ്രഹമായിരുന്നു.
പ്രണയം മൊട്ടിടുമ്പോള്‍, ശക്തന്മാരായ സഹോദരന്മാരുണ്ടെന്നോ, ബന്ധശ്രദ്ധരായ രക്ഷകര്‍ത്താക്കളുണ്ടെന്നോ ഒന്നും ചിന്തിക്കാറില്ല. പെണ്‍കുട്ടിയുടെ അനുരാഗം കാംക്ഷിച്ച് യുവാക്കള്‍ ആകര്‍ഷിച്ചനുഗമിച്ചു കൊണ്ടോയിരിക്കും.
കുഞ്ഞാക്കോയുടെ കൂടെ, കോതപ്പെണ്ണിനെ ലക്ഷ്യം വെച്ചു നടന്നിരുന്ന നായര്‍ യുവാക്കളില്‍ ഗൗരിക്കുട്ടിയുടെ മൂത്ത ജ്യേഷ്ഠനായ കുഞ്ഞുകൃഷ്ണ പിള്ളയുടെ മകനും. പിന്നെ വേറെ രണ്ടു മൂന്നു യുവാക്കളും പ്രണയപ്പങ്കിനായി നായകളെപ്പോലെ നടന്നിരുന്നു.
ഇവരൊക്കെ നാട്ടിലെ പുറം ജാതിക്കാരുടെ കുടിലുകളില്‍ കയറിയിറങ്ങുന്നവരും കൂടിയായിരുന്നു.
താലപ്പൊളി കഴിഞ്ഞു പിരിഞ്ഞു പോയ ആളുകളില്‍ മിക്കവരും ഈഴവര്‍ നടത്തിയിരുന്ന കള്ളുഷാപ്പില്‍ കയറി കുടിച്ചു. ചില പുലയപ്പെണ്ണുങ്ങളും ഷാപ്പില്‍ കയറി കള്ളുമോന്തി ക്ഷീണമകറ്റി. ഇട്യാദി മൂപ്പനു രണ്ടു കുപ്പിക്കള്ളും വാങ്ങിക്കൊണ്ടു ചിലര്‍ പോയി. സ്ത്രീകളില്‍ മുതിര്‍ന്നവര്‍ നേരത്തേ തന്നെ താന്താങ്ങളുടെ കുടിലുകളില്‍ ചെന്നു പറ്റി, കഞ്ഞി വയ്ക്കുന്ന പണികളിലേര്‍പ്പെട്ടു. കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കരുതല്ലോ.
താലപ്പൊലി കഴിഞ്ഞതിന്റെ ആനന്ദത്തില്‍ മതി മറന്നായിരുന്നു അവരുടെ തിരിച്ചു പോക്ക്. നാട്ടിലെ വലിയ കോവിലാണ് ഭഗവതിക്കാവ്. ദേവിയുടെ കാവിനെ തങ്ങളുടെ ദേവാലയമായാണ് പതിത വര്‍ഗ്ഗക്കാര്‍ കണക്കാക്കി പോന്നിരുന്നത്. ദേവിതങ്ങളുടെ ഭഗവതിയാണ്. അമ്പലത്തിന്റെ പുറംഭിത്തിക്കകലെ കൂടി നടന്നു പോകുന്ന പുലയരും മറ്റും അമ്പലത്തിനു നേരെയുള്ള നടവഴിയില്‍ വരുമ്പോള്‍ മന:മുരുകി പ്രാര്‍ത്ഥിക്കും.
എണ്ടതേവ്യേ - എങ്കള കാക്കണേ. ഏന്‍ കൊയ്ത്തു കയ്യുമ്പ നെല്ലു കൊണ്ടോന്നു തേവീട മുന്നില് വെച്ചാളാമ്മേ.
പാടത്തു വേലയ്ക്കു പോകുമ്പോഴും വരുമ്പോഴും ദേവിയുടെ നടഭാഗത്തു വരുവാനിടയായാല്‍ പ്രാര്‍ത്ഥിക്കും. എതിര്‍പ്പുള്ളവരോ, ശത്രുത വെച്ചു പെരുമാറുന്നവരോ ആരെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ അവരെപ്പറ്റി പരാതി പറയുന്നത് ദേവിയോടായിരിക്കും.
അവക്കട തലേല് ഇടിത്തീ ബിയിക്കണം തേവ്യേ അവനേം അവണ്ട മക്കളേം വസൂരിയെറിഞ്ഞു കൊല്ലണം തേവ്യേ എന്നു ശപിച്ചു കൊണ്ടായിരിക്കും ദേവിയോടു പ്രാര്‍ത്ഥിക്കുന്നത്. ദേവി ഒന്നും ചെയ്യുകയില്ലെങ്കിലും മനസ്സമാധാനമുണ്ടാകും.
കാരണം പരാതി പറയുവാനാരുമില്ല. ഈ വര്‍ഗ്ഗക്കാരുടെ കഷ്ടപ്പാടുകള്‍ കാണുവാനും കേള്‍ക്കുവാനും ആരോരുമില്ല. ദു:ഖങ്ങളും സങ്കടങ്ങളുമൊക്കെ മുതലാളിമാരും ഉയര്‍ന്ന ജാതിക്കാരുമാണ് വരുത്തിക്കൂട്ടുന്നത്. അവരോടൊന്നും പരാതിപ്പെടുവാന്‍ കഴിവില്ലാത്ത ആലംബഹീനര്‍ അഥവാ പരാതി പറഞ്ഞാല്‍ പോലും ഒരു പ്രയോജനവും ഉണ്ടാകാറുമില്ല.
വേല ചെയ്താല്‍ കൂലിയില്ല. ചിലപ്പോള്‍ കഞ്ഞിയോ ചോഠോ കൊടുക്കും. അല്ലെങ്കില്‍ നെല്ലു കൊടുക്കും അതും കൊണ്ടു കുടിലില്‍ വരുമ്പോള്‍ കുഞ്ഞുങ്ങള്‍ തളര്‍ന്നു കിടന്നുക്കമായിരിക്കും. കിട്ടിയ നെല്ലു വറുത്തു കുത്തി കഞ്ഞി വെച്ചു, മുളകും ഉപ്പും കടിച്ചു കൂട്ടിയായിരിക്കും കോരിക്കുടിക്കുന്നത്. ഉള്ള കഞ്ഞീയില്‍ പങ്ക് കുഞ്ഞുങ്ങളേയും കുത്തിയുണര്‍ത്തി കോരിക്കൊടുക്കും.
ലഭിക്കുന്ന കൂലി കാശായിട്ടാണെങ്കില്‍ അരി വാങ്ങിക്കുവാനേ തികയുകയുള്ളൂ. ഒരു തുണി വാങ്ങുവാനോ, തോര്‍ത്തു വാങ്ങുവാനോ മിച്ചമുണ്ടാകാറില്ല. മുതലാളിമാരുടെ വീട്ടില്‍ നിന്നും ദാനം കൊടുക്കുന്ന കീറത്തുണിയാണ് ഉടുക്കുന്നത്. ചിലപ്പോള്‍ പുലയിക്ക് തമ്പുരാട്ടിയുടെ പഴയ റൗക്ക കൊടുക്കും.
വേല ചെയ്തു ക്ഷീണിച്ച് എല്ലു തോലുമായ പുലയിക്ക് ഒട്ടും ചേരാറില്ല. കൊച്ചമ്മമാരുടെ വലിയ മാറുതാങ്ങിയിരുന്ന റൗക്ക പാവപ്പെട്ട പുലയിയുടെ മാറില്‍ കേവലം ചായ സഞ്ചി കണക്കായിരുന്നു. രണ്ടു മൂന്നിരട്ടി വലുപ്പമാര്‍ന്ന മാറിനൊത്ത തടിയുള്ള റൗക്ക തുന്നി ചെറുതാക്കണമായിരുന്നു. അതുകൊണ്ടു സൂചിയില്‍ നൂലു കോര്‍ത്തു അല്‍പ്പം തരപ്പെടുത്തി വലുപ്പം കുറക്കും. ഉള്‍ഭാഗത്തേയ്ക്കു മടക്കി വെച്ചു കൈകൊണ്ടു തുന്നിയ റൗക്ക ധരിച്ചാല്‍, വികൃതമായി തോന്നാമെങ്കിലും മാറു മറയ്ക്കുവാന്‍ സാധിച്ചതില്‍ ആത്മ സംതൃപ്തിയുണ്ടാകുന്നു.
വേല ചെയ്താല്‍ കൂലി, കൂലി ലഭിച്ചാല്‍ മാത്രം ആഹാരം. ദൈനന്തിന ജീവിതം തള്ളി നീക്കുന്ന പാവങ്ങള്‍. കഷ്ടപ്പെടുത്തലിന്‍േറയും, കഷ്ടപ്പാടുകളുടേയും നടുവില്‍ കിടന്നു നട്ടം തിരിയുന്ന പതിതവര്‍ഗ്ഗം. അവരോടാര്‍ക്കും കനിവില്ല. എങ്ങു നിന്നും അനുകമ്പയും ലഭിക്കാറില്ല. കൈകള്‍ നീട്ടിയാചിക്കുവാന്‍ മാത്രമറിയാവുന്നവര്‍. വേല ചെയ്താല്‍ കൂലിക്കു പോലും യാചിക്കണമായിരുന്നു.
സാവിത്രിക്കുട്ടി സമയം ചിലവാക്കുവാന്‍ പാഠശാലയില്‍ വന്നിരുന്നു. ഒന്നാം ക്ലാസും വയോജന വിദ്യാഭ്യാസവുമുണ്ടായിരുന്നു. സേവന മന:സ്‌ക്കതയോടു കൂടിയാണാ തമ്പുരാട്ടിക്കുട്ടി വന്നിരുന്നത്. അവളുടെ മുത്തച്ഛന്‍ വിവരങ്ങളൊക്കെ അന്വേഷിക്കുവാന്‍ ഏര്‍പ്പാടാക്കി.
വിഷ്ണുനമ്പൂതിരിക്കു ലഭിച്ച വിവരപ്രകാരം കുടിപ്പള്ളിക്കൂടവും, തുന്നല്‍ക്ലാസ്സും ഒന്നാം ക്ലാസുമൊക്കെ നടത്തിയിരുന്നത് ഗൗരിക്കുട്ടിയെന്ന ഒരു ശുദ്രസ്ത്രീയാണെന്നും, അവള്‍ പുലപ്പേടി നാളില്‍ ഒരു പുലച്ചെറുക്കനോടൊപ്പം, ഒളിച്ചോടിപ്പോയതാണെന്നുമൊക്കെയുള്ള കാര്യങ്ങളാണ്, അന്വേഷിച്ചവനില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത്. കൂടാതെ അവളുടെ പിതാവിന്റെ സ്വത്തു വകകളില്‍ നിന്നും ലഭിച്ച പറമ്പിലാണ് കുടിപ്പള്ളിക്കൂടം തുടങ്ങിയിരിക്കുന്നതെന്നും അറിഞ്ഞു. പ്രസ്തുത പുലച്ചെറുക്കന്‍ ഇപ്പോള്‍ കവലയില്‍ കച്ചവടം നടത്തുകയാണെന്നും കൂടി തിരുമേനിക്കറിയുവാന്‍ കഴിഞ്ഞു. വിദ്യാലയം സൂക്ഷിക്കുവാന്‍ ഒരു കാവല്‍ക്കാരനുമുണ്ട്. ചിലപ്പോഴൊക്കെ സാവിത്രിക്കുട്ടി ആ ഗൗരിക്കുട്ടിയുടെ വീട്ടിലും പോകാറുണ്ടെന്ന് തിരുമേനിയോടുണര്‍ത്തിച്ചു.
ഓഹോ പുലയന്റെ സ്ഥാപനമാണല്ലേ; ആ പള്ളിക്കൂടം പുലയരെപ്പോലെയുള്ള നികൃഷ്ടജാതിക്കാരുമാണ് അവിടെ പഠിക്കുവാന്‍ വരുന്നതെന്നു സ്പഷ്ടം. അവള്‍ നായരിച്ചിയായിരിക്കാം. പക്ഷേ പുലയന്റെ കൂടെ പോയപ്പോള്‍ അവളും പുലയിയായില്ലേ. ഏതായാലും പുലയിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുവാന്‍ സാവിത്രിക്കുട്ടി അന്തര്‍ജനം അധ:പ്പതിച്ചിട്ടില്ല. അദ്ദേഹം കലി കൊണ്ടലറി.
എന്ത് പുലയര്‍ പള്ളിക്കൂടം നടത്തുകയോ, ആരുടെ അനുവാദത്തോടെയാണെടാ പുലയര്‍ പള്ളിക്കൂടം നടത്തുന്നത്. വിഷ്ണു നമ്പൂതിരി കോപം കൊണ്ടു ജ്വലിച്ചു. ഏതായാലും അവളോടൊന്നു ചോദിച്ചിട്ടുള്ള കാര്യം തന്നെ. ജാതിഭ്രാന്തു തലയ്ക്കു പിടിച്ച അദ്ദേഹം പൂമുഖത്തു വിറളി പൂണ്ടു അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു.
പക്ഷേ സാവിത്രിക്കുട്ടിയുടെ പുഞ്ചിരിക്കുന്ന ഓമന മുഖം ദൃശ്യമായപ്പോള്‍ അയാളുടെ താപം തണുത്തു.
അവള്‍ മുന്‍കൂട്ടി അനുവാദം വാങ്ങിച്ചിട്ടാണല്ലോ പാവങ്ങളെ പഠിപ്പിക്കുവാന്‍ പോയത്. എന്നതദ്ദേഹം മറന്നിരുന്നു. സാവിത്രിക്കുട്ടി ഇങ്ങോട്ടു വരൂ. നീ വിദ്യയഭ്യസിപ്പിക്കുവാന്‍ പോകുന്ന സ്ഥാപനം ആരുടേതാണ്.
സാവിത്രിക്കുട്ടി - മുത്തച്ഛാ... ഞാനതു മുന്‍കൂട്ടി പറഞ്ഞിരുന്നതല്ലേ. അതായത് പാവങ്ങള്‍ക്ക് പാഠം ചൊല്ലിക്കൊടുക്കുവാനാണെന്നും അത് നടത്തുന്നത് ഗൗരിക്കുട്ടിയെന്ന ശുദ്രസ്ത്രീയാണ്. 
വിഷ്ണു നമ്പൂതിരി - അവള്‍ പുലയന്റെ കൂടെ ഒളിച്ചോടിപ്പോയവളല്ലേ.
സാവിത്രിക്കുട്ടി - അതിനെന്താ മുത്തച്ഛാ. ആ ചേച്ചി അയാളുടെ കൂടെ നല്ല രീതിയില്‍ ജീവിക്കുന്ന മഹതിയാണ്. നമ്മളേക്കാള്‍ ഉന്നതമായ രീതിയിലാണവര്‍ കഴിയുന്നത്.
ഗൗരിക്കുട്ടി ചേച്ചിയുടെ ഭര്‍ത്താവായ മൈലന്‍പിള്ളയെന്ന പുലയന്‍ വലിയാ വ്യാപാരിയാണ്. ഒരുവിധം കൊള്ളാവുന്ന സാമ്പത്തികത്തിന്റെ ഉടമയായ ആ സ്ത്രീയും കച്ചവടത്തില്‍ നിന്നും ഭേദപ്പെട്ട വരായ്കയുമുള്ളതു കൊണ്ടാണ് അവര്‍ സേവന മന:സ്ഥിതിയോടെ പാവങ്ങള്‍ക്ക് സൗജന്യമായ വിദ്യാഭ്യാസം നല്‍കുന്നത്. അതുകൊണ്ടാണ് ഞാന്‍ അവര്‍ നടത്തുന്ന സ്ഥാപനത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു കൊടുക്കുവാന്‍ പോകുന്നത്.
മുത്തച്ഛന്‍ ചിന്തിക്കുന്നതു പോലെയല്ല. അവര്‍ ജാതിയില്‍ താഴ്ന്നവരാണെങ്കിലും മര്യാദയുള്ളവരും, സംസ്‌ക്കാര സമ്പന്നരുമാണ്. ഗൗരിക്കുട്ടിയെന്ന ശൂദ്രസ്ത്രീ പുലയന്റെ കൂടെ അനുരാഗബദ്ധയായാണ് പോയത്. അതും സമുദായത്തിനു ചോദ്യം ചെയ്യുവാന്‍ പറ്റാത്തയവസരത്തിലും. അതായത് പുലപ്പേടി നാളില്‍.
അത്തരത്തിലവര്‍ പുലപ്പേടി നാളുകള്‍ വിനിയോഗിച്ചാണെങ്കിലും സന്തോഷവും സുഖവും കളിയാടുന്ന മന:പ്പൊരുത്തത്തോടു കൂടിയാണവര്‍ ജീവിക്കുന്നത്. അതുകൊണ്ട് മുത്തച്ഛനോടീ കാര്യങ്ങള്‍ വന്നു പറഞ്ഞു തന്നവന്‍ സത്യാവസ്ഥയെന്തെന്നറിയിക്കാതെയുള്ള വിവരങ്ങളാണ് ഒറ്റു തന്നിരിക്കുന്നത്. അക്കാര്യത്തില്‍ മുത്തച്ഛന് യാതൊരു സംശയവും വേണ്ട. വിവരങ്ങള്‍ ശേഖരിക്കുവാന്‍ നിയോഗിച്ചവന്‍ മുത്തച്ഛനു കുശുമ്പു പറഞ്ഞു തന്നു. അവനാരായാലും കള്ളക്കണ്ണു കൊണ്ടു മാത്രം നോക്കുന്ന ലാഘവബുദ്ധിക്കാരനാണ്. അവനെ നിലയ്ക്കു നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ അവന്‍ മൂലം കുടുംബശ്ചിദ്രതയുണ്ടാകുവാനിടയുണ്ട്.
താത്രിക്കുട്ടിയുടെ വിശദീകരണം കുറിക്കു കൊണ്ടു മുത്തച്ഛന്‍ ശാന്തചിത്തനായി, പൊന്നു പേരക്കിടാവിനെ ആശ്ലേഷിച്ചു. മൂര്‍ദ്ധാവില്‍ സ്‌നേഹമസൃണമായ മുദ്രയേകി.
ചിലനേരം സാവിത്രിക്കുട്ടി ഇല്ലത്തേയ്ക്കു വൈകിപോകുന്നത് പതിവാക്കി. അല്ലെങ്കില്‍ വല്ലപ്പോഴും മാത്രമായിട്ടാണ് പാഠശാലയില്‍ വന്നിരുന്നത്.
ശരദദാസും ചിത്തരാജും, പപ്പുമാനേജരോടൊപ്പം ബൃഹത്തായൊരു പരാതിയുമെഴുതിക്കൊണ്ട് താലൂക്കധികാരിയെ കാണുന്നതിന്നു പോയി.
റവന്യൂ അധികാരി പ്രശ്‌ന പരിഹാരത്തിന്റെ മൂലികമായ വശങ്ങള്‍ പഠിച്ച് വേണ്ട നടപടിയെടുക്കാമെന്ന്, അദ്ദേഹത്തെ സമീപിച്ചവരോട് ഉറപ്പു പറഞ്ഞു. അക്കാര്യത്തില്‍ കുറച്ചു നാളുകള്‍ എടുക്കേണ്ടി വരുമെന്നാണ് അദ്ദേഹമറിയിച്ചത്.
പപ്പുമാനേജര്‍ ശരദദാസ്സിനെ നോക്കി (ഇവിടെയും പാവങ്ങള്‍ക്കു ന്യായം ലഭിക്കുകയില്ലെന്നു തോന്നുന്നു. എങ്കിലും പറഞ്ഞു നോക്കുക തന്നെ) അവര്‍ സ്വകാര്യമായി. പിന്നെ റവന്യൂ അധികാരിയെ നോക്കി മൊഴിഞ്ഞു.
എന്താ തിരുമേനി, ഞങ്ങള്‍, താഴ്ന്നവരായതു കൊണ്ടാണോ ഇത്തരം അനാവശ്യ അഭിപ്രായങ്ങള്‍ ഞങ്ങളെ ധരിപ്പിക്കുന്നത്. അതായത് മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവു പ്രകാരമാണ് ഞങ്ങളിപ്പോള്‍ ഭൂമി ചോദിക്കുന്നത്. എന്താ പുലയര്‍ക്കും, പറയര്‍ക്കും, മണ്ണാന്മാര്‍ക്കും ഭൂമി ലഭിക്കുവാന്‍ പാടില്ലേ. ഉന്നതജാതിക്കാര്‍ക്കു മാത്രമാണോ ഭൂമിയില്‍ അധികാരം കയ്യാളുവാനര്‍ഹത. അവരെത്രയോ ഏക്കര്‍ ഭൂമി അന്യായമായി കൈവശം വച്ചു കൊണ്ടിരിക്കുന്നു. അവയെപ്പറ്റി നിങ്ങള്‍ക്കൊന്നും പറയുവാനില്ലേ. ഇവിടെ ധാരാളം പുറമ്പോക്കു ഭൂമിയുണ്ട്. അവയെങ്കിലും ഞങ്ങള്‍ക്കനുവദിച്ചു തരണം അതിനുള്ള അപേക്ഷയാണീ നല്‍കിയിരിക്കുന്നത്. ഈ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകാരുടെ മുന്‍ഗണനാ ക്രമത്തില്‍ ഭൂമി നല്‍കണം. 
ഞങ്ങള്‍ പാറോത്തിക്കാരനേയും മറ്റും കണ്ടതിനു ശേഷമാണീ അപേക്ഷ താലൂക്കധികാരിയായ താങ്കളെ കാണുവാന്‍ എത്തിയിരിക്കുന്നത്. കൂടാതെ പാറോത്തിക്കാരന്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുവാന്‍ അങ്ങയുടെ മുന്‍പില്‍ വന്നിരുന്നെന്നു ഞങ്ങള്‍ക്കറിവു ലഭിച്ചിട്ടുണ്ട്. എന്താ ആ ശങ്കുണ്ണിനായര്‍ വന്നിരുന്നില്ലേ. താലൂക്ക് ഭരണാധികാരി അല്‍പ്പം മൗനയായിരുന്നു. 
പപ്പുമാനേജര്‍ - അല്‍പ്പം ശബ്ദമുയര്‍ത്തി - പറയൂ ശങ്കുണ്ണിനായര്‍ വന്നിരുന്നില്ലേ.
താലൂക്കധികാരി - വന്നിരുന്നു.
പപ്പുമാനേജര്‍ - ങാ... ഹാ... എന്നിട്ടാണോ താങ്കള്‍ക്ക് ഈ കാര്യത്തില്‍ നടപടിയെടുക്കുവാന്‍ ഇത്ര അമാന്തം. ഞങ്ങള്‍ക്കു മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവു പടി ഭൂമി ലഭിച്ചേ പറ്റൂ, അതും എത്രയും വേഗം വേണം.
അവര്‍ അല്‍പ്പം ദൃഢസ്വരത്തില്‍ പറഞ്ഞതിനുശേഷം എഴുന്നേറ്റു നടന്നു പോന്നു.
ഏകദേശം ഉച്ചയോടെ ഗൗരിക്കുട്ടിയുടെ ഭവനത്തിലെത്തിയ അവര്‍ക്ക് നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനുണ്ടായിരുന്നു.
ഉന്നതര്‍ ഉന്നതരെ മാത്രമേ സഹായിക്കുകയുള്ളൂ. പതിതരോടവര്‍ക്കൊരു ദയാദാക്ഷിണ്യവുമില്ല. സര്‍ക്കാരധികാരികള്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കു വേണ്ടി മാത്രം നില കൊള്ളുന്നവരാണ്. പാവങ്ങള്‍ ഭൂമിയുടെ ഉടമകളാകരുത്. കാരണം ഉടമസ്ഥാവകാശമിവര്‍ക്കു കൈവന്നാല്‍ അവര്‍ ഉന്നതരുടെ ഭൂമിയില്‍ അദ്ധ്വാനിക്കുവാന്‍ പോകുകയില്ല. സാമൂഹ്യനീതി നാമ്പെടുക്കു്. ഉന്നതരെ ഗൗനിക്കാതെയാകും. തുല്യതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തും. അടിമത്വമവസാനിക്കും. അടിമകള്‍ക്കു സ്വയം പര്യാപ്തത കൈവന്നാല്‍ ഇപ്പോഴുള്ള ഉന്നതരേക്കാള്‍ കഴിവുള്ളവരായി മാറും.
ഉദാഹരണം - നൂറേക്കര്‍ ഭൂമിയുള്ള ഉന്നത ജാതീയന്റെ അടിമകളായി വര്‍ത്തിച്ചിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ അഞ്ചേക്കര്‍ ഭൂമിയെങ്കിലും ഓരോ പതിതനീം ലഭിച്ചാല്‍ അവനതില്‍ തങ്ങളുടെ ആളുകളുമൊത്തു അദ്ധ്വാനിച്ചു വിളവു വര്‍ദ്ധിപ്പിക്കും. കൂടാതെ ഉന്നതരുടെ ഭൂമിയില്‍ അദ്ധ്വാനിക്കുവാന്‍ പോകുകയുമില്ല. വേറൊരു വസ്തുതയെന്തെന്നാല്‍ ഇത്രയും കാലം ന്യായമായ കൂലി ലഭിക്കാതെ വേല ചെയ്തിരുന്ന വേലക്കാര്‍ക്ക് പാവപ്പെട്ടവന്റെ ഭൂമിയില്‍ അദ്ധ്വാനിക്കുവാന്‍ വരുമ്പോള്‍ കൂടുതല്‍ കൂലി നല്‍കി ഉന്നതരോടു പകരം വീട്ടും. തന്റെ വര്‍ഗ്ഗക്കാരോടു നീതി പുലര്‍ത്തും. അപ്പോള്‍ താഴ്ത്തപ്പെട്ട ഭൂമി മുതലാളിക്ക് കൂടുതല്‍ ഉല്‍പ്പാദന ക്ഷമത കൈവരും. ഈ വ്യതിയാനം ഉന്നതരെ തളര്‍ത്തും. അവന്റെ ചില ഭൂമികളില്‍ വേല നടക്കാതെയാകും. ഉല്‍പ്പാദനം മന്ദീഭവിക്കുകയും ചെയ്യും.
ഈ സംഭവവികാസം സാമൂഹ്യ സാമ്പത്തിക ക്രമത്തെ വ്യതിചലിപ്പിക്കും. അതായത് സാമ്പത്തികമായി പാവപ്പെട്ടവനു ഉയര്‍ച്ചയുണ്ടാകുമ്പോള്‍ ഉന്നത ജന്മിമാരെ കാര്യമായി മാനിക്കാതെയാകും. വിദ്യാഭ്യാസ മേഖലയിലും, നിര്‍ണ്ണായകമായ വ്യതിയാനമുണ്ടാകും. പുത്തന്‍ ചെറുമുതലാളിയുടെ കുട്ടികളും, വരുമാനം വര്‍ദ്ധിക്കുന്ന തൊഴിലാളിയുടെ മക്കളും പാഠശാലകളില്‍ പഠിച്ചു ഉതന്നത വിദ്യാസമ്പന്നരായി പഴയ ജന്മി മുതലാളിമാരെ ഗൗനിക്കാതെ അപമര്യാദയായി പെരുമാറിത്തുടങ്ങും. ഇതിനൊക്കെ കാരണഹേതുവായ സാമ്പത്തികത്തിന്റെ അടിത്തറയായ ഭൂമി സ്വായത്തമാക്കലാണ് കരണീയം. ചെറുമുതലാളിയായ ചെളിപ്പെലേനെ, ആരും അനുസരിച്ചില്ലെങ്കില്‍ അവനും അനുസരിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകും.
തൊട്ടുകൂടായ്മയ്ക്കും, തീണ്ടികൂടായ്മയ്ക്കും വ്യതിയാനുണ്ടാകും. വഴികളില്‍ സഞ്ചരിക്കുവാനാകും. പുലയന്‍ മുതലാളി പ്രയാണ് ചെയ്യുമ്പോള്‍ അവന്റെ ജാതിക്കാരും ഭയലേശ്യമന്ന്യേ നടക്കുവാന്‍ തുടങ്ങും. പള്ളിക്കൂടത്തില്‍ പോകുന്ന കുഞ്ഞുങ്ങളെ ഉന്നതന്റെ ആളുകള്‍ തടയുകയുമില്ല. പതിത വര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസം നേടുവാനുള്ള സുവര്‍ണ്ണാവസരം കൂടി സംജാതമാകും.
പ്രസ്തുത സാമൂഹ്യ വ്യവസ്ഥിതി ലഭ്യമാകുവാന്‍ ഉന്നതജാതി ഉദ്യോഗസ്ഥന്മാര്‍ അവസരമുണ്ടാക്കി കൊടുക്കുമോ? അധികാരികളുടെ ഓഫീസ് പടി കയറിയിറങ്ങുന്നത് തന്നെ മിച്ചം. തന്നത്താനൊരുമ്പെട്ടു നടന്നു തളരുമ്പോള്‍ ഭഗ്നാശയരായി മാറിയിരിക്കും. 
ഇവിടെയാണ് വിപ്ലവത്തിന്റെ അനിവാര്യത നാം മനസ്സിലാക്കുന്നത്.
യാചന നടത്തി തളരുമ്പോള്‍ ആക്രോശമായി ആയുധം കയ്യിലെടുക്കും. തൊഴിലാളികളൊന്നിച്ച് ആയുധം കൈയ്യിലേന്തി പോരാടും.
അടിമ വര്‍ഗ്ഗങ്ങള്‍ ഒന്നിക്കാറില്ല. ഒന്നിക്കുവാനാരുടേയും നേതൃത്വമുണ്ടാകാറുമില്ല. ആ വര്‍ഗ്ഗങ്ങളെ പുരോഗമിപ്പിച്ചിട്ടോ സമ്പത്തു നേടി കൊടുത്തിട്ടോ തനിക്കൊന്നും ലഭിക്കുകയില്ലെന്നാണ് നേതൃസ്ഥാനക്കാര്‍ കരുതുക അഥവാ തങ്ങളില്‍പ്പെട്ടൊരാള്‍ നേതാവാകുവാന്‍ മുന്നോട്ടു വന്നാല്‍ അണികളവനെ നിരുത്സാഹപ്പെടുത്തും പുശ്ചിക്കും, നിസ്സഹകരണം കാണിക്കും.
എന്നാല്‍ ഉന്നതജാതിക്കാരാരെങ്കിലും നേതാവാകുവാന്‍ വന്നാല്‍ ഈ വര്‍ഗ്ഗക്കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. തൊഴിലാളി വര്‍ഗ്ഗങ്ങളുടോ ചോര നീരാക്കി പ്രക്ഷോഭണം നടത്തി തനിക്കു വേണ്ടുന്നതൊക്കെ നേടിക്കഴിഞ്ഞാല്‍ അണികളെ നിഷ്‌ക്കരുണം പുറം തള്ളി അവന്‍ മുതലാളി നേതാവായിത്തീരും. അത്തരത്തില്‍ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ വഞ്ചിതരാക്കപ്പെട്ടു കഴിയുമ്പോഴായാരിക്കും തങ്ങള്‍ക്കു പറ്റിയ അമളി അവര്‍ മനസ്സിലാക്കുന്നത്. അപ്പോഴേയ്ക്കും അവര്‍ ക്ഷീണിച്ചവശനായി കഴിഞ്ഞിരിക്കും. ഇയാള്‍ക്കു വേണ്ടിയാണല്ലോ തങ്ങളിത്രയും കാലമത്രയും ചോര നീരാക്കി പോരാടിയതെന്നുള്ള സത്യാവസ്ഥ ഓര്‍മ്മയില്‍ തെളിയുന്നത്.
*****