"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ശുദ്രസ്ത്രീകളുടെ കലകളാസ്വദിച്ചാല്‍ സമ്മാനം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം അഞ്ച്

കൊയ്ത്തുകഴിഞ്ഞ അവസരമായിരുന്നതു കൊണ്ട് കുടിലില്‍ ആവശ്യത്തിനു നെല്ലുണ്ടായിരുന്നു.
ചക്കിക്കു പണി ചെയ്യുവാന്‍ അവസരമായപ്പോള്‍ കളത്തില്‍ ചെന്നു, വൈക്കോല്‍ കുടഞ്ഞു, നെല്ലെടുക്കുവാനുള്ള വേലയ്ക്കു കൂടുവാന്‍ കാര്യസ്ഥന്‍ വന്നു പറഞ്ഞു. അതുപ്രകാരം കണ്ടായന്‍ മൂപ്പന്റെ പുലയിയും ചക്കിയും കൂടി, വൈക്കോല്‍ കുടയുന്ന പണിക്കു പൊയ്‌ക്കൊണ്ടിരുന്നു. വേലയ്ക്കു പോകുമ്പോള്‍ മാണ്ടയേയും കൊണ്ടു പോകുമായിരുന്നു.
കണക്കന്മാര്‍ക്കാണെങ്കില്‍ മടലു കീറുക, ഓലകീറുക മുതലായ വേലകളും, കണക്കത്തികള്‍ക്കു ഓല മെടയുവാനും മറ്റും പണികളുണ്ടായിരുന്നു. അവര്‍ക്കു ഉച്ചനേരത്തു പടിക്കേന്നു കഞ്ഞി കൊടുത്തിരുന്നു. കൈയ്യില്‍ കൊണ്ടു പോയിരുന്ന പാളയിലാണ് കഞ്ഞി ഒഴിച്ചു കൊടുത്തിരുന്നത്.
കാലചക്രത്തിന്റെ തിരച്ചിലില്‍ പല വ്യതിയാനങ്ങളുണ്ടായി, ഈഴവര്‍ പോലുള്ള പിന്നോക്ക വര്‍ഗ്ഗങ്ങള്‍ നിലത്തെഴുത്താശാന്റെയടുത്തു പോയി വിദ്യയഭ്യസിച്ചിരുന്നു. ക്രമേണ കുടിപ്പള്ളിക്കൂടത്തിലും പഠിച്ചു വിദ്യ നേടിയിരുന്നു. അതുപോലെ ക്രിസ്ത്യാനികളും, സ്വകാര്യ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നതിലും, വിദ്യാഭ്യാസത്തിന്നു പോയിരുന്നു. ജാതി മാറി ക്രിസ്ത്യാനികളായവരിലും ചിലര്‍ക്കു പ്രസ്തുത പള്ളിക്കൂടത്തില്‍ പഠിക്കുവാന്‍ അവസരം ലഭിച്ചിരുന്നു.
ഹിന്ദുക്കളുടെ കൂട്ടത്തിലാണ്, അധ:സ്ഥിതരായ പഞ്ചമജാതിക്കാരെ, അടിമ വര്‍ഗ്ഗക്കാരെന്ന രീതിയില്‍ പെടുത്തിയിരുന്നത്. എങ്കിലും ഉന്നത ജാതിക്കാര്‍ക്കു കൊടുക്കുന്ന പോലെ വിദ്യാഭ്യാസ അവസരം നല്‍കിയിരുന്നില്ല. വീട്ടില്‍ തിന്നാനും കുടിക്കാനും ഉള്ള അധ:സ്ഥിരരായ ആളുകളുടെ ചില മക്കളെ, രഹസ്യമായി കുടിപ്പള്ളിക്കൂടത്തില്‍ അയച്ചു വിദ്യ നേടുന്നതിനുള്ള അവസരം ലഭ്യമാക്കിയിരുന്നു. അത്തരം ആളുകള്‍ ഭൂരിഭാഗവും ജാതി മാറ്റത്തിനു വിധേയരായിരുന്നു ജാതി പീഢനത്തിനെ ഭയന്നാണവര്‍ മാര്‍ഗ്ഗം കൂടുവാന്‍ പ്രേരിതരായിരുന്നത്. അത്തരത്തില്‍ അവര്‍ സഭക്കാരുടെ പ്രേരണാര്‍ത്ഥം മേല്‍ മുണ്ടു ധരിക്കുവാന്‍ തുടങ്ങി. ക്രമേണ പെണ്‍കുട്ടികള്‍ക്ക് റൗക്കയിട്ടു നടക്കുവാനവസരം ലഭിച്ചിരുന്നു. സഭയില്‍ ചേര്‍ന്നവര്‍ പൊതുവഴിയേസഞ്ചരിക്കുവാന്‍ തുടങ്ങി. മാറു തുറന്നു കാണിക്കുന്നതായ പ്രവണതയില്‍ നിന്നും അവരെ ഒഴിവാക്കിയിരുന്നു. അതു തന്നെ അത്തരത്തിലുള്ളവര്‍ക്ക് വലിയ ആശ്വാസമായി തോന്നി തുടങ്ങി. ക്ഷേത്ര പ്രവേശനം നിഷിധമായി തുടര്‍ന്നു കൊണ്ടിരുന്നു. 
ചിലര്‍ മുസ്ലീം ജാതിയിലേയ്ക്കും മതം മാറിയ സന്ദര്‍ഭമുണ്ടായിരുന്നു. അങ്ങിമനെയുള്ളവര്‍ ഓത്തുപള്ളികളില്‍ പോയി നിസ്‌ക്കരിക്കുക തൊപ്പിയിടുക മുതലായവ അനുവര്‍ത്തിക്കുകയും ചെയ്തിരുന്നു. സുന്നത്തിനു വിധേയരായ ചരിത്രവും ഉണ്ടായിരുന്നു. ആണ്‍കുട്ടികള്‍ക്കാണ് സുന്നത്ത് എന്ന ചടങ്ങു നടത്തിയിരുന്നത്. മുസ്ലീം മതത്തിലേയ്ക്കുള്ള മാറ്റം വളരെ കുറവേ നടന്നിരുന്നുള്ളൂ. ക്രിസ്തു മതത്തിലേയ്ക്കുള്ള മാറ്റമാണ് ദ്രുതഗതിയില്‍ സംഭവിച്ചു കൊണ്ടിരുന്നത്.
നമ്പൂതിരി സമുദായത്തില്‍ നിന്നും, നായരീഴവ സമുദായത്തില്‍ നിന്നും, മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് അവരുടെ നിറം കുലീനത്വം, അഴകുള്ള സ്ത്രീകള്‍ മുതലായവയിലുള്ള പരിഗണന മുഖ്യമായി ലഭിച്ചിരുന്നു. ഉന്നത കുടുംബത്തില്‍ പെട്ടവര്‍ക്ക് ക്രിസ്ത്യന്‍ ദേവാലയങ്ങളുമായി അഭേദ്യമായ അടുത്ത ബന്ധം പുലര്‍ത്തുവാന്‍ അവസരവും ലഭിച്ചിരുന്നു. അവരില്‍ ചിലര്‍ പുരോഹിത വര്‍ഗ്ഗങ്ങളായി പരിണമിച്ചിരുന്നു. കല്ലു കൊണ്ടുള്ള വീടോ, ഓടിട്ട വീടുകളോ ഉള്ളവര്‍ക്ക് വിദ്യ സമ്പാദനത്തിനോ ദേവാലയ നടത്തിപ്പുമായി ബന്ധപ്പെട്ട ജോലിയോ ലഭിച്ചിരുന്നു. ചിലര്‍ ഉള്ള ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ജാതികളിലുള്ള സ്വാധീനമുപയോഗിച്ചു കിണഞ്ഞു പരിശ്രമിച്ചിരുന്നു. ചിലര്‍ കച്ചവട സംബന്ധമായ പണികളിലേര്‍പ്പെട്ടു. ധനസമ്പാദനത്തിനുള്ള സാഹചര്യം ഉണ്ടാക്കി കൊണ്ടിരുന്നു. അവരുടെ കുട്ടികളെ കുടിപ്പള്ളിക്കൂടത്തില്‍ പഠിപ്പിച്ചിരുന്നതു കൂടാതെ സര്‍ക്കാരി സ്‌ക്കൂളിലയച്ചു പഠിപ്പിക്കുന്നതില്‍ മുന്‍കൈയ്യെടുത്തിരുന്നു.

നായര്‍ പോലുള്ള ശുദ്രരുടെ കുട്ടികളെ ആദ്യകാലങ്ങളില്‍ നിലത്തിരുത്തിയാണ് പഠിപ്പിച്ചിരുന്നത്. പിന്നീട് അവരെയും ബഞ്ചിലിരുത്തി പഠിപ്പിച്ചു തുടങ്ങി. ക്രിസ്ത്യാനികളെ കൂടെ ഇരുത്തിയിരുന്നില്ലെങ്കിലും, പിന്നീടായപ്പോള്‍ അവരേയും വേറെ ബഞ്ചിലിരുത്തി പഠിപ്പിക്കാമെന്നായി.
അധ:സ്ഥിത സമുദായക്കാരെ ആരെയും പഠിപ്പിക്കുവാന്‍ മുതിര്‍ന്നില്ല. അവര്‍ അടിമ വേല ചെയ്‌തെന്നും തുച്ഛമായ കൂലിയും വാങ്ങി ജീവിച്ചു കൊള്ളണം. കൂടി കൂടുതല്‍ ലഭിച്ചാലല്ലേ വല്ല തുണിയോ മറ്റോ വാങ്ങുവാന്‍ സാധിക്കുകയുള്ളൂ. അവര്‍ സമുദായ മദ്ധ്യത്തില്‍ കൊള്ളാവുന്ന തുണിയുടുത്തുജീവിക്കുവാന്‍ പാടില്ല. അവനു കൂടി കൂടുതല്‍ നല്‍കിയാല്‍ കള്ളു കുടിച്ചു നശിപ്പിക്കുമെന്നാണ് ഉന്നതരുടെ ഭാഷ്യം. എന്നാല്‍ കൂടുതലുള്ള കൂലി പിടിച്ചു വച്ച് അത്യാവശ്യ അവസരത്തില്‍ ഒരു തുകയായവന് നല്‍കുവാനുള്ള മനസ്ഥിതി ഒരു മുതലാളിയും കാണിച്ചിട്ടുള്ള ചരിത്രമില്ല, പകരം കൂലി കുറയ്ക്കുക, അവന്റെ ഭാര്യയേയും, മക്കളേയും പട്ടിണിക്കിട്ടു കഷ്ടപ്പെടുത്തി വ്യഭിചാരം തുടങ്ങിയ പീഡനങ്ങളേല്‍പ്പിച്ച് രസിച്ചിരുന്നു. ഉന്നതരുടെ ഓരോരുത്തരുടേയും രക്തത്തില്‍ കലര്‍ന്നിരുന്നു മുഖ്യ സ്വഭാവമായിരുന്നു അടിമ വര്‍ഗ്ഗത്തെ പീഡിപ്പിച്ചു രസിക്കുക എന്നുള്ളത്. അച്ഛനേയും, അമ്മയേയും അടയ്ക്കാ മരത്തില്‍ കെട്ടിയിട്ടു മകളെ അവരുടെ കണ്‍മുമ്പിലിട്ടു പീഡിപ്പിച്ചിരുന്നു. അടിമയുടെ ഭാര്യയേയും ഇത്തരത്തില്‍ കഷ്ടപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ മുതലാളിയുടെ വീട്ടിലുള്ള സ്ത്രീകള്‍ക്കും എതിര്‍ക്കുവാന്‍ കഴിവില്ലായിരുന്നു.
ഒരിക്കല്‍ തമ്പുരാന്‍ അമ്പലത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ അകമ്പടി സേവിച്ചിരുന്ന നാരായണന്‍ നായര്‍ അല്‍പ്പം കൂടി സമീപത്തു വന്നു പറഞ്ഞു. അടിയനൊരു കാര്യം ഉണര്‍ത്തിക്കുവാനുണ്ടേയ്.
ഉം. എന്താ നിനക്കിത്ര കാര്യമുണര്‍ത്തിക്കുവാന്‍.
നാരായണന്‍ നായര്‍ : മകള്‍ നൃത്തം പഠിച്ചു കൊണ്ടിരിക്കുകയാണ്. തമ്പുരാനവളുടെ നൃത്തമൊന്നു കാണണം. എന്താ ചടുലതയോടു കൂടിയുള്ള അവളുടെ നൃത്തം. അവള്‍ക്കു തമ്പുരാന്റെ മുമ്പില്‍ നൃത്തം ചെയ്യണമെന്നാരാഗ്രഹം.
തമ്പുരാന്‍ : ഉവ്വോ. നോം നൃത്തം; ദര്‍ശിക്കണമെന്ന്, ആ കുട്ടി പറഞ്ഞോ... നായരേ.
നാരായണന്‍ നായര്‍ : മോള്‍ക്ക് തമ്പുരാനെ നൃത്തം കാണിക്കണമെന്ന് വലിയ ആശയാണ്. തമ്പുരാനവളുടെ നൃത്തം കണ്ട് വേണ്ട രീതിയില്‍ അനുഗ്രഹിക്കണം.
തമ്പുരാന്‍ : ഒരിക്കല്‍ വരാന്‍ പറഞ്ഞോളൂ.
നാരായണന്‍ നായര്‍ തന്റെ വീട്ടില്‍ വെച്ച്, അച്ചിയോടും മകളോടും ആലോചിച്ചതിനുശേഷമാണ്, സന്ദര്‍ഭോജിതമായി തമ്പുരാനോടു ഉണര്‍ത്തിച്ചത്. ഓരോരുത്തരും സ്ത്രീകളെ വെച്ച് തമ്പുരാക്കന്മാരെ സ്വാധീനിച്ച് ഓരോ കാര്യങ്ങള്‍ നേടുമ്പോള്‍, താന്‍ മാത്രം ഒതുങ്ങി മാറി നിന്നിട്ടൊരു പ്രയോജനവുമില്ല. കാലമിത്രയുമായി സത്യസന്ധതയോടെ ജോലി നോക്കിയിട്ട് ഒന്നും നേടുവാന്‍ സാധിച്ചില്ല. തമ്പുരാന്‍ തന്റെ നേരെ കണ്ണു തുറന്നില്ല. 
തന്നത്താന്‍ ഒരു സഹായവും, ആരുമൊരിക്കലും മനസ്സു തുറന്നു വിളിച്ചു നല്‍കുകയില്ല. സ്വാധീനിക്കുന്നതോടൊപ്പം ചോദിക്കുക കൂടി വേണം. ചിലതു പിടിച്ചു വാങ്ങേണ്ടിയും വരും. എന്നാലേ കാര്യങ്ങള്‍ പരിഹാരമുണ്ടാകുകയുള്ളൂ.
അച്ചി മനയ്ക്കല്‍ വീടു പണി ചെയ്യുന്നുണ്ട്. പലപ്രാവശ്യവും തമ്പുരാനെ കാണുമ്പോള്‍, നാണം കുണുങ്ങിയും, ഇടം കണ്ണിട്ടു നോക്കിയും, അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ ശ്രമിച്ചു നോക്കിയിരുന്നു. പക്ഷേ നടന്നില്ല. തമ്പുരാന്‍ നായരിച്ചിയെ ശ്രദ്ധിക്കുവാന്‍ അവസരം ലഭിച്ചതുമില്ല.
പണവും പദവിയുമുണ്ടാകണമെങ്കില്‍ ചിലപ്പോള്‍ ചില വിട്ടു വീഴ്ചകള്‍ക്കൊക്കെ നാം വിധേയരായേ പറ്റൂ. ചില നേരം നാണക്കോടയെന്നും വരാം. എന്നാലും അവയൊക്കെ സഹിക്കുന്നതു കൊണ്ടൊരു പോരുയ്കയുമില്ല, പണവും പദവിയും ആ നാണക്കേടൊക്കെ മാറ്റിക്കളയു്.
ചിലനേരം മഴയും കാറ്റുമുണ്ടായി കൊണ്ടിരുന്ന കാലഘട്ടം. കൊട്ടാര സമാനമായ ഇല്ലത്തു വസിക്കുന്നവര്‍ക്കു എന്തു മഴ, എന്തു കാറ്റ്. സുഖിയാന്‍മാര്‍ക്ക് ദുഃഖമെന്നൊന്ന് സമീപത്തു പോയും ഏശുകയില്ല.
ഒരു ദിവസം നാരായണന്‍ നായരുടെ മകള്‍ രുഗ്മിണി പാവാടയും, റൗക്കയും ധരിച്ച്, ചിലങ്കയും പൊതിഞ്ഞെടുത്ത് ഉച്ചയ്ക്കു മുന്‍പായി തമ്പുരാന്റെ തെക്കിനിക്കു സമീപം വന്നു നിന്നു. ആരോ പറഞ്ഞറിഞ്ഞ് വലിയ വീടിന്റെ അകത്തളത്തില്‍ ഉലാത്തി കൊണ്ടിരുന്ന തമ്പുരാന്‍ തെക്കിനിയിലേയ്ക്കു പാഞ്ഞു വന്നു.
പ്രഥമ ദൃഷ്ടിയില്‍ തമ്പുരാന്റെ നയനങ്ങള്‍ വികസിച്ചു. അത്ഭുത പരതയോടെയുള്ള ചോദ്യം - ഉം. ആരാ.
രുഗ്മിണി - നാരായണന്‍ നായരുടെ മകള്‍ - അവള്‍ പറഞ്ഞു അതേയോ - ഹോ എന്താ കുട്ടി ഇത്, നൃത്തം അഭ്യസിച്ചു മിടുക്കിയായോ ഹോ - എന്താ എന്തു നല്ല കുട്ടി കയറി വരൂ.
തമ്പുരാന്‍ നേരെ കയറി ആട്ടുകട്ടിലിലിരുന്നു. രുഗ്മിണി കയറി വന്നയുടനേ, തമ്പുരാനവളുടെ തോളത്തു കൈവെച്ചു, തഴുകി ഒരു കുഞ്ഞാടിന്റെ അനുസരണയോടെ അവള്‍ തമ്പുരാന്റെ കരങ്ങള്‍ക്കനുസൃതമായി ചേര്‍ന്നു നിന്നു. നൃത്തമഭ്യസിച്ചു കഴിഞ്ഞോ, അരങ്ങേറ്റമെങ്ങിനെയായിരുന്നു, നല്ല അഴകൊത്ത തരുണി. നിന്റെ പേരെന്തോന്നാ പറഞ്ഞത്, നോം അപ്പോ മറന്നു പോയി.
അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചിരുന്ന തമ്പുരാന്‍ പേരു മറന്നതിലത്ഭുതമില്ല. അപ്‌സരകന്യക, മുട്ടു കവിഞ്ഞു കിടക്കുന്ന കാര്‍കൂന്തല്‍, ഓമനത്വമുള്ള മുഖകമലം, തത്തചുണ്ടുകള്‍, ശാലീന സുന്ദരി, അംഗലാവണ്യത്തിന്റെ നിറകുടം, ചന്തമുള്ള കടിതടം, പൂണ്മലാം മേനി, പ്രഥമ ദര്‍ശനത്തില്‍ മതിഭ്രമമാക്കും വിധത്തിലുള്ള ആകാര സൗഷ്ടഭം. കോരിത്തരിപ്പിക്കുന്ന അംഗലാവണ്യം, സൗന്ദര്യം വഴിഞ്ഞൊഴുകന്ന പെണ്‍കിടാവ്.
തമ്പുരാനാരാഞ്ഞു. അമ്പലത്തിലൊക്കൊ പോകാറുണ്ടോ.
രുഗ്മിണി : ഉവ്വ്. തമ്പ്രാ
തമ്പുരാന്‍ : എന്നിട്ട് നോം ഇതുവരേ ദര്‍ശിച്ചിട്ടില്ലല്ലോ. നോം ഇതുപോലെ നിന്നെ തഴുകുന്നതില്‍ വിരോധമുണ്ടോ.
രുഗ്മിണി : ഇല്ലയെന്ന് അവള്‍ ചുണ്ടു ഞൊട്ടി ഒരംകുലുക്കി കാണിച്ചു.
തമ്പുരാന്‍ : നോം നിന്റെ നൃത്തം ദര്‍ശിക്കുന്നതിനു മുന്‍പ് അല്‍പ്പ നേരം അകത്തിരുന്നാലെന്താ? അവള്‍ സമ്മതഭാവത്തില്‍ മൗനിയായി. എങ്കില്‍ വരൂ തെക്കിനിയിലെ, സപ്രമഞ്ച കട്ടിലുള്ള ചിത്രപണികളോടു കൂടിയ മുറിയില്‍ അവളുടെ തോളില്‍ കയ്യിട്ടു കൂട്ടി കൊണ്ടു പോയി.
രുഗ്മിണിയുടെ അമ്മ നെല്ലു കുത്തു പുരയിലും അച്ഛന്‍ നാരായണന്‍ നായര്‍ നാളികേരത്തിന്റെ പണം വാങ്ങുന്നതിനുമായി പോയിരിക്കുകയായിരുന്നു. അമ്മയും അച്ഛനും പറഞ്ഞേര്‍പ്പാടു ചെയ്തിട്ടാണ് മകളെ അയച്ചിരിക്കുന്നത്. ഈ വസ്തുത ഏതൊരു വ്യക്തികള്‍ക്കും, അല്‍പ്പം ചിന്തിച്ചാല്‍ മനസ്സിലാകും. പക്ഷേ കാമാന്ധതയില്‍ ഭ്രമിച്ചിരുന്ന തമ്പുരാന് അതൊന്നും വിശകലനം ചെയ്യുവാന്‍ നേരമുണ്ടായിരുന്നില്ല.
ധനസമ്പാദനത്തിന്നു വേണ്ടിയാണ്, തന്റെ മകളെ അയച്ചിരിക്കുന്നത് എന്ന കാര്യം മാടമ്പി ഓര്‍ത്തില്ല. സ്ത്രീകളുടെ സൗന്ദര്യം, സ്ത്രീലമ്പടനായ തമ്പുരാന്റെ ദൗര്‍ബല്യമായിരുന്നു. അതിനു വേണ്ടി അദ്ദേഹം വാരിക്കോരി കൊടുക്കുമായിരുന്നു.
ആത്മാര്‍ത്ഥമായി രമിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ഏതു തരുണീ മണിക്കും കയ്യയച്ചു സഹായിച്ചിരുന്ന വിശാല ഹൃദയനാണ് തമ്പുരാന്‍. മുറിയില്‍ നിന്നും ഇറങ്ങി വന്ന അദ്ദേഹം ഉന്മേഷവദനനായിരുന്നു. പിന്നാലെ രുഗ്മിണിയും വന്നപാടെ ബഹിര്‍ ഭാഗത്തു കോരി വെച്ചിരുന്ന വെള്ളം കൊണ്ടുകൈകാലുകളും മറ്റും കഴുകി വൃത്തിയാക്കി തിരിച്ചു ആട്ടു കട്ടിലിലിരുന്നു. വെറ്റില ചെല്ലത്തില്‍ നിന്നും മുറുക്കാനെടുത്തു ചവച്ചു തുടങ്ങി.
മുഖമൊക്കെ കഴുകി വന്ന രുഗ്മിണി തമ്പുരാന്റെ സമീപം വന്നു നിന്നു ചോദിച്ചു. ചിലങ്ക കെട്ടി നൃത്തം ചെയ്യട്ടേ തമ്പുരാന്‍ പറഞ്ഞു. നീ നൃത്തം ചെയ്യുമ്പോള്‍ പാടാറുള്ള താളങ്ങളില്ലേ അതൊന്നു കേള്‍ക്കട്ടേ. അവിടെ ഇരുന്നു പാടിക്കോളൂ.
രുഗ്മിണി - തമ്പുരാന്റെ ആട്ടു കട്ടിലിനു അല്‍പ്പം മാറിയിരുന്നു. താളങ്ങള്‍ സ്വരമധുരമായി ആലപിച്ചു.
തോം - തിത്തോം. തെയ്ക്കതേയ്
തോം - തിത്തോം. തെയ്ക്കതേയ്
തിത്തേയ് - തിത്തേയ്.......
വെറ്റില ചെല്ലത്തില്‍ നിന്നും മുറുക്കാനെടുത്തു മുറുക്കി തമ്പുരാന്‍ ഓട്ടു കോളാമ്പിയില്‍ തുപ്പി, രുഗ്മിണി മൂളിയ താളത്തിനൊത്തു തന്റെ തുടയില്‍ താളമടിച്ച് പാട്ടാസ്വദിച്ചു.
ഹാ... ഹാ... നന്നായിട്ടുണ്ട്. നമുക്ക് ശി. ഇഷ്ടപ്പെട്ടു. ഭേഷായി.
പാട്ടു നിര്‍ത്തി എഴുന്നേറ്റ രുഗ്മിണിയെ നന്നായിട്ടാശ്ലേഷിച്ചു. പിന്നെ പെട്ടി തുറന്ന്. രത്‌നം പതിച്ചു ഒരു മാലയെടുത്തു അവളുടെ കഴുത്തിലണിയിച്ചു. പിന്നെ കെട്ടിപ്പിടിച്ചു അവളുടെ കാതുകളില്‍ മൊഴിഞ്ഞു. നമുക്കായി സമ്മാനിച്ച നിന്റെ പുതുമയാര്‍ന്ന സ്ത്രീത്വത്തിനു എന്തു വില നല്‍കിയാലും മതിയാകുകയില്ല എന്നെനിക്കറിയാം. ഏതായാലും ഇപ്പോളീ സമ്മാനം നാം നല്‍കുന്നു. നിന്നെ വിളിക്കുമ്പോളൊക്കെ ഇനിയും വരണം. ഇവിടത്തെ കുട്ടികളെ നീ നൃത്തം പഠിപ്പിക്കണം. വേണ്ടതൊക്കെ നാം അറിഞ്ഞു നല്‍കുന്നുണ്ട്. ഇപ്പോള്‍ നീ വീട്ടിലേയ്ക്കു പൊയ്‌ക്കൊള്ളൂ.
ആനന്ദാതിരേകത്തില്‍ മതി മറന്നു രുഗ്മിണി ഊറി ചിരിച്ചു. പിന്നെ തിരുമനസ്സിനോടു യാത്ര പറഞ്ഞു പുറപ്പെട്ടു.
പറമ്പിലെ തെങ്ങുകള്‍ക്കു തടം വെട്ടാന്‍ പോകുക, കുന്തക്കണ്ണി വെയ്ക്കുക തോടു വെട്ടുക പാടത്തു കിളയ്ക്കുക മുതലായ പണികള്‍ അനവരതം ചെയ്തിരുന്നു.
കാലങ്ങളുടെ മാറ്റം മാടന്, നാലു കുഞ്ഞുങ്ങളെ നല്‍കി. മൂത്തത് മാണ്ട, രണ്ടാമത്തേത് ചാത്തനും, പിന്നത്തത് ചരരുനും, നാലാമത്തേത് കോത എന്ന പെണ്‍കുട്ടിയും. കുടിലില്‍ തന്നെയായിരുന്നു താമസം. ചക്കി കോറത്തുണിമേല്‍മുണ്ടായി കെട്ടുന്നതില്‍ നിന്നു തോര്‍ത്തു തുണിയിലേക്കു മാറി. മക്കളില്‍ മൂത്തവള്‍ മാണ്ട ഇരുനിറമുള്ള അഴകൊത്ത സുന്ദരിയായിരുന്നു. ചാത്തേനും, ചരതനും തോര്‍ത്തു മുണ്ടാണ് സാധാരണ ഉടുത്തിരുന്നത്. അച്ഛന്റെ കൂടെ ചാത്തന്‍ കുളം വെട്ടാന്‍ പോകുമ്പോള്‍ തേക്കൊട്ടക്കു വാക്കയര്‍ പിടിച്ചു കൊടുക്കുക ചെറിയ കൊല്ലിത്തൂമ്പ കൊണ്ട് ആവുന്ന പണിയും ചെയ്യുമായിരുന്നു. ഏതെങ്കിലും ഈഴവരുടെ കുളം വെട്ടാന്‍ പോകുമ്പോള്‍ ചാത്തേനേം കൂടി മാടന്‍ കൊണ്ടു പോയിരുന്നു. പാടത്തു വെള്ളം തേകാനും ചാത്തനെ കൂട്ടി കൊണ്ടു പോയിരുന്നു.
മാണ്ടയും ചിലനേരം അമ്മ ചക്കിയോടൊരുമിച്ച് വൈക്കോല്‍ തിരുമ്മുക, നെല്ലുണക്കുക, നെല്ലു ചേറ്റിപ്പെറുക്കി വകതിരിച്ചു കൊടുക്കുക മുതലായ പണികള്‍ക്കു പോയിരുന്നു.
പുലയന്റെ ഭാര്യാണോ അവള്‍ വട്ടി നെയ്യാനും പായ നെയ്യാനും, കുട്ടയുണക്കാനും, പുട്ടിയുണ്ടാക്കാനും പഠിച്ചിരിക്കണം. അതിനു വേണ്ടി കൈതക്കാട്ടില്‍ പോയി കൈത ഓല എടുക്കണം, അല്ലെങ്കില്‍ പോട്ട (ഒരു തരം പുല്ല്) വെട്ടി കൊണ്ടു വരണം. അവ കൊണ്ടാണ് പുട്ടിയും പായയും നെയ്യുന്നത്. കൈത ഓല കൊണ്ടാണ് തഴപ്പായ നെയ്യുന്നത്. പോട്ട കൊണ്ട് പായയും നെയ്യാം, കൂടാതെ വട്ടിയും നെയ്യാം. ഈറ്റവെട്ടി കൊണ്ടു വന്നിട്ടാണ് കുട്ടയും, മുറവും നെയ്യുന്നത്. പാടത്തെ ഏതു പണിയും ചെയ്യുവാന്‍ മാടന്‍ മിടുക്കനാണ്.
നെല്ലിന്റെ ചെടിയുടെ ഓലവാട്ടം കണ്ടാല്‍ മതി മാടന്‍ അതെന്തിന്റെ കുഴപ്പം കൊണ്ടാണ് സംഭവിച്ചതെന്നു പറയും. നെല്ലിന്റെ കടയ്ക്കല്‍ വെള്ളം കുറവാണെങ്കില്‍ ആ രീതിയില്‍ പരിഹരിച്ചാല്‍ മതിയെന്നു നിര്‍ദ്ദേശിക്കും. അല്ലെങ്കില്‍ കളപറിച്ചാല്‍ ഉള്ള വളം നെല്ലിനു തന്നെ ലഭിച്ചു, നെല്ലു ചെടി തന്നെ വളരുവാന്‍ പര്യാപ്തമാകും. ഈ അറിവൊക്കെ പാടത്തു തന്നെ കിടന്നു കഷ്ടപ്പെട്ടു പണി ചെയ്തതു കൊണ്ടുണ്ടായതാണ്. അതുപോലെ തെങ്ങിന്റെ കാര്യത്തിലും ഓലയ്ക്കു ബാധിച്ചിട്ടുള്ള ആഘാതം കണ്ടാല്‍ പറയും ഇന്ന കുഴപ്പമാണെന്ന്. ചെല്ലി ബാധിച്ചതാണോ അതോ തെങ്ങിന്‍ ചുവട്ടിലെ വളത്തിന്റെ ന്യൂനതയാണോ എന്നുള്ള അറിവ് മാടനിന്നുണ്ട്. അവ കൃത്യമായി മാടനു പറയുവാനറിയാമായിരുന്നു.
കളത്തില്‍ തമ്പുരാന്റെ നിര്‍ദ്ദേശപ്രകാരം വേലയ്ക്കു നിന്നിരുന്ന കുറുമ്പയ്ക്കു വയറ്റിലുണ്ടെന്നു അവളുടെ തള്ള മനസ്സിലാക്കി. തന്തയായ കൊച്ചിറ്റാമച്ചോനിതറിഞ്ഞു. കലിതുള്ളിയ ചോനെ സമാധാനിപ്പിച്ചു കൊണ്ടു ചോത്തി പറഞ്ഞു. വെറുതെ കിടന്നു ചെകുത്താന്‍ തുള്ള്യേ കൊണ്ടൊരുപ്രയോജനവുമില്ല. ബുദ്ധിയാണാവശ്യം. തമ്പുരാനാടോ കലഹിക്കുവാന്‍ പറ്റുമോ, നിങ്ങട തലകാണേല, അതുകൊണ്ട് വേണ്ട പോലെ ഇടപെട്ടാല്‍, നമ്മള്‍ക്ക് അതിനനുസരിച്ച് വിഹിതം വാങ്ങിച്ചെടുക്കാം. ഇന്യേണ്ട് നുമക്ക് പെമ്മക്കള്, കാര്യം പറഞ്ഞേക്ക. 
കൊച്ചിറ്റാമച്ചോനും കൂടി മകളായ കുറുമ്പയേയും കൊണ്ട് തമ്പുരാന്റെ മനയ്ക്കല്‍ ചെന്നു. തെക്കിനിയുടെ പൂമുഖത്തിരുന്ന തമ്പുരാന്റെ മുമ്പില്‍ കുറുമ്പയെ മാറ്റി നിര്‍ത്തി തള്ള ചോത്തി പറഞ്ഞു അവക്ക് തമ്പുരാന്റെ പുള്ള വയിറ്റിലൊണ്ടന്ന്.
തമ്പുരാന്‍ (കുറുമ്പയോടായി) - ശരിയാണോടി
അവള്‍ തലയാട്ടി (അതേയെന്നര്‍ത്ഥത്തില്‍)
എങ്കില്‍ ഞാനെന്താ വേണ്ടെന്ന് ചൊല്ലൂ
കുറുമ്പയുടെ തള്ള - തമ്പുരാനതേക്കണം
തമ്പുരാന്‍ ഒരു ഞെട്ടലോടെ പറഞ്ഞു, നോം അവള്‍ക്ക്, അതിനു തക്കതായി സ്വര്‍ണ്ണമാലയും, വസ്ത്രങ്ങളും, നെല്ലുമൊക്കെ കൊടുത്തിട്ടുണ്ട്.
കുറുമ്പയുടെ തള്ള : എങ്കീ അവക്കട കല്ല്യാണം നടത്തിച്ചു തരണം, അവക്കട ചെലവും നോക്കണം.
തമ്പുരാനല്‍പ്പം ആലോചനയിലാണ്ടു, പിന്നെ പറഞ്ഞു. നിങ്ങള്‍ താമസിക്കുന്ന വീടും, പറമ്പും ഒക്കെ നമ്മുടേതല്ലേ.
കൊച്ചിറ്റാമച്ചോന്‍; തൊഴു കൈകളോടെ, അതേയ് തമ്പുരാന്‍ - അതു നിങ്ങളെടുത്തോ, നോം തന്നിരിക്കണ, എന്താ പോരേ.
കുറുമ്പയോടായി - പോരേടി നിനക്ക്.
കൊച്ചിറ്റാമച്ചോന്‍ - മതിയേ. എല്ലാവരും തിരിച്ചു പോയി.
വിചാരിച്ച പോലെ കുറുമ്പ ചോത്തി പെണ്ണു കൊണ്ടു പോയി കാര്യങ്ങള്‍ കെട്ടി. ഒന്നു കൂടി മുറുകേ പിടിച്ചിരുന്നെങ്കില്‍ കുറച്ചു പാടവും കൂടി ലഭിക്കുമായിരുന്നു. തമ്പുരാന്റെ ജീവന്റെ അംശം വയറ്റില്‍ പേറുന്നുണ്ടെങ്കിലുമെന്താ അതു മോശമല്ലല്ലോ ഉന്നതന്റെ രക്തമല്ലേ. കൂടാതെ ഉന്നതന്‍ സ്വത്തു വകകളും നല്‍കിയില്ലേ. കുറുമ്പയുടെ അമ്മ പറഞ്ഞു നമുക്കും ചിലവുലേമ്മാരെ വെച്ചു പണീടുപ്പിക്കണം. തെങ്ങു കയറുവാന്‍ കണക്കന്മാരേയും ഏര്‍പ്പാടാക്കണം. ചോനോടു പറഞ്ഞു നിങ്ങളെന്താ മനുഷ്യാനേ മുണ്ടാതെ മുറുങ്ങന്റെ പോലെ പോകണത്.
കൊച്ചിറ്റാമച്ചോന്‍ : ഏനെന്തു ചെയ്യാനക്കൊണ്ടാടി നിന്റെ മോള്‌തേ കണ്ണിച്ചെണ്ടാ ക്യാതല്ലേ, തുകിച്ചോ.
കുറുമ്പയുടെ അമ്മ : അങ്ങനാങ്ങാട്ട് തുകിക്കാനക്കൊണ്ടല്ല. ഒരു ചെറുക്കന കണ്ടു പിടിച്ചി ഇവക്കട കയിത്തിലൊരു മിന്നു കെട്ടിക്കണം. വയറു മുന്തി വന്നാലേ നുമ്മക്ക് മനുഷ്യാരുടെ മോന്തക്കു നോക്കാമ്പറ്റുകേല - പറഞ്ഞേക്കാ കുറെ നാള്‍ക്കു ശേഷം, ചുമട്ടു തൊഴിലാളിയായ അയ്യപ്പനെന്ന ചോ ചെറുക്കനെക്കൊണ്ട് കുറുമ്പയുടെ കഴുത്തില്‍ മിന്നു കെട്ടിച്ചു. അവര്‍ സുഖമായി ജീവിക്കുവാന്‍ തുടങ്ങി.
ഒരിക്കല്‍ അയ്യപ്പന്‍ കുറുമ്പയോടു ചോദിച്ചു - ഇതു നിങ്ങക്ക് തൊന്തോയിട്ടെങ്ങന കിട്ടി.
കുറുമ്പ : ഇതു നമ്മട തമ്പുരാന്റെ കാര്യസ്ഥനില്ലേ, അയാക്ക് അച്ഛന്‍ കള്ളു കൊടുക്കുമായിരുന്നു. അതുകൊണ്ട്, തമ്പുരാനോട് പറഞ്ഞി ഞങ്ങക്ക് തരീച്ചതാണ്, ഈ പെരേം പേരേടോം എക്ക.
അയ്യപ്പനു അത്ര വലിയ വിശ്വാസമായില്ല, എന്നാലും വിശ്വാസ യോഗ്യം തന്നെ. കല്ല്യാണം കഴിഞ്ഞു എട്ടാം മാസത്തില്‍ കുറുമ്പ പ്രസവിച്ചു. നല്ലൊരാണ്‍ കുഞ്ഞ്.
പിന്നെയും കുറുമ്പ ചോത്തി തമ്പുരാന്‍ കളത്തില്‍ വരുമ്പോഴക്കെ, അടിച്ചു തൂത്തു വെള്ളം കോരി വെയ്ക്കുവാന്‍ പോകുമായിരുന്നു.
പടിക്കലെ വല്യാ തമ്പുരാന്‍ വയസ്സായി, കാര്യസ്ഥന്‍ നാരായണന്‍ നായര്‍ തന്നെയാണ് ഇപ്പോഴും വെറ്റില ചെല്ലവും ചുമന്നു തമ്പുരാനായ കൊച്ചു കണ്ടോരി വലിയനമ്പൂതിരിയുടെ കൂടെ അകമ്പടി സേവിച്ചു കൊണ്ടിരുന്നത്.
ഒരിക്കല്‍ നമ്പൂതിരി അമ്പലത്തില്‍ പോകുമ്പോള്‍ മാടന്‍ വെളുപ്പാന്‍ കാലത്തു പാടത്തു കാവലു നിന്ന ശേഷം വരുകയായിരുന്നു. അപ്പോഴാണ് വിളി കേട്ടത്.
ഏ....ഏ...ഹേ... മാറിപ്പോ ഉന്നത ജാതിക്കാരന്‍ വരുന്നു എന്ന വിളിയായിരുന്നത്. താണ ജാതിക്കാരനാണെങ്കില്‍ വിളിച്ചറിയിച്ചിട്ടു മാറിക്കൊള്ളണം. നായര്‍ക്ക് പത്തടി, ഈഴവനു അറുപതടി അധസ്ഥിതനു തൊണ്ണൂറടി, ഉള്ളാടന്മാര്‍ ഒരിക്കലും വഴിയില്‍ കൂടി നടക്കുവാനോ പാടില്ല. അധ:സ്ഥിതന്‍ നിര്‍ദ്ദിഷ്ട അകലം താണ്ടിയാലും പോരാ കണ്‍മുമ്പില്‍ പെടാനെ കുറ്റിക്കാടുകള്‍ക്കുള്ളില്‍ ഓടി മറഞ്ഞു കൊള്ളണം.
നിബന്ധന തെറ്റിച്ചാല്‍ തമ്പുരാന്റെ ആളുകള്‍ വന്നു പിടിച്ചു കെട്ടി കൊണ്ടു പോയി കെട്ടിയിട്ടടിക്കുമായിരുന്നു.
തിരിച്ചു വേറൊരു വിളി.
ഓ....ഓ....ഹോ... ഏന്‍മാറിയേ, തീണ്ടാപ്പാടകലെയാണേയ് - ഉന്നതനു പോകാമേ, എന്ന അറിയിപ്പായിരുന്നത്.
ഇല്ലത്തു വ്യതിയാനങ്ങളുണ്ടായി.
വലിയ നമ്പൂതിരിക്കു പണ്ടത്തെപ്പോലെ ഓടി നടന്നു പണികളൊക്കെ നോക്കി നടത്താന്‍ വയ്യാതായി. രാമായണം വായനയും അമ്പലത്തില്‍ പോക്കും മറ്റുമായി കാലം തള്ളി നീക്കിക്കൊണ്ടിരുന്നു.
മകനായ നീലകണ്ഠന്‍ നമ്പൂതിരി ചെറുപ്പക്കാരനാണ് അരോഗദൃഡ ഗാത്രനാണ് കുടിപ്പള്ളിക്കൂടത്തില്‍ പോയി അല്ലറ ചില്ലറ എഴുത്തും വായനയും, കണക്കു കൂട്ടാനുമൊക്കെ പഠിച്ചിട്ടുണ്ട്. അച്ഛനെ പോലെ മകനും മോശമല്ലാത്ത പ്രവണതയാണ് തുടര്‍ന്നു കൊണ്ടിരുന്നത്.
ഉന്നതന്‍ താണവനെ ദ്രോഹിച്ച് ഉന്നതിക്കു വേണ്ടി മാത്രം പ്രവര്‍ത്തിച്ചിരുന്നു.
വേറൊരു ചെളി പ്രദേശത്തു താമസിച്ചിരുന്ന കുറുമ്പന്‍ കുടിലിലെ ദാരിദ്ര്യം കാരണം തൈതെങ്ങില്‍ നിന്ന് അഞ്ചാറു തേങ്ങാ കട്ടു പറിച്ച് ഒരു കടയില്‍ കൊണ്ടു പോയി കൊടുത്തു അരി വാങ്ങിക്കുവാന്‍ ചെന്നു. അന്നേരം തമ്പുരാന്റെ സേവകരിലൊരാള്‍ കടയിലുണ്ടായിരുന്നു. സംശയം തോന്നിയ അയാള്‍ തമ്പുരാനെ വിവരമറിയിക്കുവാന്‍ മനയ്ക്കലേയ്‌ക്കോടി.
ഈ സമയം കൊണ്ടു കുറുമ്പന്‍ തേങ്ങാ കൊടുത്ത കാശിനു അരിയും കറിക്കൂട്ടും വാങ്ങി കുടിലില്‍ കൊണ്ടു പോയി പുലക്കള്ളിയുടെ കയ്യില്‍ കൊടുത്തു. അവള്‍ കഞ്ഞി വെച്ചു കിഴങ്ങു കൊണ്ടു കറിയുമുണ്ടാക്കി. കുഞ്ഞുങ്ങള്‍ക്ക് വിശന്നിട്ടു വയ്യാതായപ്പോള്‍ അവര്‍ തളന്നു കിടന്നുറങ്ങി.ട
കഞ്ഞീം കിഴങ്ങു കറിയും പാകമായപ്പോള്‍, കുഞ്ഞുങ്ങളെ വിളിച്ചുണര്‍ത്തി. പെലേനായ കുറുമ്പ നീം കുഞ്ഞുങ്ങള്‍ക്കും ചട്ടികളില്‍ വിളമ്പി കൊടുത്തു. അവളും അല്‍പ്പം കഞ്ഞിവെള്ളം കലത്തില്‍ നിന്നു തന്നെ കോരി കുടിക്കുവാന്‍ തുടങ്ങുകയായിരുന്നു.
അപ്പോള്‍ രണ്ടു നാലാളുകള്‍ ചൂട്ടും കത്തിച്ചു വന്നു ആക്രോശിച്ചു, എടാ പട്ടി പെലേനേ, നീ തേങ്ങാ കട്ടു പറിച്ചല്ലേടാ എന്നു പറഞ്ഞു കുറുമ്പനെപൊക്കിയെടുത്തു. കുഞ്ഞുങ്ങളും അവനും കുടിച്ചു കൊണ്ടിരുന്ന കുഞ്ഞിച്ചട്ടി ചവിട്ടി പൊട്ടിച്ചു. അവള്‍ കഞ്ഞിവെള്ളം കോരിക്കുടിച്ചു കൊണ്ടിരുന്ന കലവും തല്ലിയുടച്ചു. കുറുമ്പനെ അടിച്ചും ഇടിച്ചും നിലത്തിട്ടു വലിച്ചിഴച്ചു കൊണ്ടു പോയി. കുറുമ്പന്റെ പുലയിയും കുഞ്ഞുങ്ങളും ഇടിച്ചു നിലവിളിച്ചു കരഞ്ഞു. എണ്ട പെലേന ഒന്നും ചെയ്യല്ലേ, തമ്പ്രാക്കളേ, എണ്ട പെലേന കൊണ്ടോകല്ലേ, അയ്യോ എങ്കള കൊല്ലണിയേ അവളും കുഞ്ഞുങ്ങളും പിന്നാലെ പോയി.
ആ രാത്രി തന്നെ തമ്പുരാന്റെ മുമ്പില്‍ കൊണ്ടു ചെന്നു നിര്‍ത്തി. പിന്നെ പ്രഹരമായി മര്‍ദ്ദനം മൂലം നിലത്തിരുന്നു പോയി.
പിന്നാലെ കുറുമ്പന്റെ പുലയിയും മക്കളും വാവിട്ടു കരഞ്ഞു കൊണ്ടു ചെന്നു. പക്ഷേ കൊട്ടംപടി അടച്ചിരുന്നു. പടിക്കു പുറത്തിരുന്നായി കരച്ചില്‍.
കുറുമ്പനെ പിടിച്ചു കൊണ്ടു പോകുന്ന നിലവിളി കേട്ടു അടുത്ത കുടിലുകളില്‍ താമസിക്കുന്നവര്‍ ആരെയാണെന്നറിയുവാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞു. ആരെയോ തമ്പുരാന്റെ ആളുകള്‍ പിടിച്ചു കെട്ടി കൊണ്ടു പോകുകയാണ്. അവര്‍ തങ്ങളുടെ ഭര്‍ത്താവിനോടു പറഞ്ഞു. നിങ്ങ പോയൊന്നു നോക്യാ, ആരേണ് എന്താണെന്നൊക്കെ. രണ്ടു മൂന്നു ചോമ്മാരും ക്രിസ്ത്യാനികളും തമ്പുരാന്റെ പടിക്ക വരേ വന്നു പുലക്കള്ളിയുടെയും മക്കളുടെയും കരച്ചില്‍ കേട്ടു നിന്നു. പ്രതികരിക്കുവാനുള്ള ഭയമുണ്ടായെങ്കിലും അവര്‍ ചോദിച്ചു. എന്താണുണ്ടായെന്നു പറയടി.
പഷ്ണ്യാണ് അതോണ്ട് രണ്ടു തേങ്ങായിട്ടു കടേകൊടുത്തു അരി മേടിച്ചി കഞ്ഞി വെച്ചു കോരിക്കുടിക്കുമ്പളാണേയ് ഈ കാലമാടന്മാരി വന്ന് എണ്ട പെലേന പിടിച്ചോണ്ടു പോന്നത്.
കുറുമ്പനെ അടയ്ക്ക മരത്തില്‍ കെട്ടിയിട്ടു തമ്പുരാന്‍ വിചാരണ തുടങ്ങി.
നീ നാളികേരം കട്ടോടാ.
അവന്‍ കരഞ്ഞു കൊണ്ട് ഏങ്ങി വലിഞ്ഞു പറഞ്ഞു. പഷ്ണ്യാണേയ് കുഞ്ഞുങ്ങട കട്ടം കണ്ടാണേയ് ഓരോ ചോദ്യത്തിനും ഇറഞ്ഞെടുത്ത ഓലത്തുഞ്ചു കൊണ്ടുള്ള പ്രഹരമായിരുന്നു. അയ്യോ... അയ്യോ എന്നു കുറുമ്പന്‍ ഉറക്കേ കരഞ്ഞു.
അന്നേരം കൊട്ടം പടിയുടെ വാതില്‍ക്കല്‍ മുട്ടുന്നതും തള്ളുന്നതും കേട്ടു.
തമ്പുരാന്‍ - തുറക്കൂ ആരാണെന്നു നോക്കൂ.
ഒരാള്‍ വന്നു തുറന്നു.
രണ്ടു മൂനാളുകള്‍ ഉള്ളില്‍ കയറി, കൂട്ടത്തില്‍ പുലക്കള്ളിയും മക്കളും കടന്നു.
തനപുരാന്‍ ചോദിച്ചു. ഉം. നീയൊക്കെ ആരാ എന്താ വേണ്ടത്. അക്കാലത്തു ശബ്ദിക്കുവാനവകാശമില്ലാത്ത ജനങ്ങള്‍ പടിപ്പുരയ്ക്കുള്ളില്‍ കടന്നതു തന്നെ പേടിച്ചറച്ചാണ്. എന്നാലും വന്നവരോട് തമ്പുരാന്‍ പറഞ്ഞു ഇവന്‍ നാളികേരം മോഷ്ടിച്ചു.
അടയ്ക്കാമരത്തില്‍ ബന്ധിക്കപ്പെട്ട് ജീവശ്ചവം പോലെ തളര്‍ന്നി കിടക്കുകയായിരുന്നു കുറുമ്പന്‍.
വന്നവര്‍ അതുകേട്ടു അവന്റെ അടുത്തു ചെന്നു എടാ കള്ളാ നിന്നെ ഞങ്ങള്‍ കൊല്ലും. പിന്നെ തമ്പ്രാനോടു തിരിഞ്ഞു പറഞ്ഞു.
കൊല്ല് തമ്പ്രാ അവനെ. പിന്നെ ഇഴഞ്ഞു നീങ്ങിയ നിമിഷത്തിനിടയ്ക്ക് തമ്പുരാന്‍ പറഞ്ഞു.
അവനെവിടാം പക്ഷേ അവനും അവന്റെ സന്തതി പരമ്പരകളും നമ്മുടെ വേല ചെയ്തു കൊള്ളണം വന്നവര്‍ - ശരി തമ്പ്രാ. ഉം കെട്ടഴിച്ചു വിടവനെ - തമ്പുരാന്‍ കല്‍പ്പിച്ചു.
കുറുമ്പനേയും കൊണ്ട് എല്ലാവരും കൂടി തിരിച്ചു പോന്നു. കൂട്ടത്തിലുണ്ടായിരുന്നു മാര്‍ഗ്ഗം കൂടിയ ചാക്കോ പുലയന്‍ പറഞ്ഞു. നിങ്ങളെല്ലാരും നുമ്മട കുടീല്‌വാ എന്നു ക്ഷണിച്ചു. പക്ഷേ ഈഴവായവര്‍, അവര്‍ക്കത്യാവശ്യമുണ്ടെന്നു പറഞ്ഞു അവരവരുടെ വീട്ടിലേയ്ക്കു പോയി. ചാക്കോ പുലയന്‍ കുറുമ്പനേയും മക്കളേയും കൊണ്ട് ചെന്നപ്പോള്‍ ചാക്കോയുടെ വീട്ടുകാരമ്പരന്നു. മാര്‍ഗ്ഗം കൂടിയതു കൊണ്ടവര്‍ ഉന്നതരാണെന്ന മനോഭാവം വെച്ചാണ് പുലയരോടൊ പെരുമാറിയിരുന്നത്. മുറ്റത്തും മറ്റുമായിട്ടവരിരുന്നു ചാക്കോയുടെ പെമ്പിള്ള ഇത്തിരി ശര്‍ക്കര കാപ്പിയുണ്ടാക്കി കൊച്ചു ചട്ടിയില്‍ പകര്‍ന്നു എല്ലാവര്‍ക്കും കൊടുത്തു.
കാപ്പികുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ചാക്കോ പറഞ്ഞു. കുറുമ്പാ ഇതിനൊക്കെ ഞാനൊരു പരിഹാരം പറയാം. അതായത് തമ്പുരാന്‍ പറഞ്ഞതു നീ കേട്ടാ - നീയും നിന്റെ മക്കളും എല്ലാവരും ഇനി മുതല്‍ പടിക്കലപണി മാത്രമേ എടുക്കുവാന്‍ പാടുള്ളൂ. അതായതു നീയും നിന്റെ മക്കളും പിന്നേം അടിമകളായി കൊണ്ടേയിരിക്കണം എന്നല്ലേ പൊരുള്‍. അതിന്റെ മോചനമാണ് ഞാന്‍ പറയുന്നത്.
നിങ്ങ മാര്‍ഗ്ഗ് കൂട്യാലെ കൊണ്ട് നെനക്കും പെണ്ണും പുള്ളക്കും, മക്കക്കും, വയി നടക്കാ നെനക്കിട്ടോള്ളപ്പ പണിക്ക് ആരി വിളിച്ചാലും പോകാം. നെനക്കെന്തു വന്നാലും, നിന്നു നോക്കാന്‍ സഭേണ്ട്. പിന്ന ഞങ്ങളോണ്ട് - ഇപ്പ നീ കുടീല് പ്പോ. നാള പെമ്പിള്ളേം മക്കളും, വല്ല മീമ്പിടിച്ചാ, കെയങ്ങു പറിച്ചാ എക്ക ജീവീര്.
ഇതുകേട്ടു കുറുമ്പനും, പുലക്കളീയും മക്കളും വളരെ കഷ്ടപ്പെട്ടു നടന്ന് കുടീല് ചെന്നു കയറി. കുഞ്ഞുങ്ങളൊടൊത്തു കുറുമ്പന്‍ ഞരങ്ങീം, മൂളീം കിടന്നുറങ്ങി.
******