"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

പുലയരുടെ മങ്ങലപ്പാട്ടുകള്‍ - കുന്നുകുഴി എസ് മണി

ഭൂമിയും മനുഷ്യനും തമ്മിലുള്ള ഗാഢമായ ബന്ധത്തില്‍ നിന്നാണ് കേരളത്തിലെ ആദിമനിവാസികളായ പുലയരുടെ ജീവിതം രൂപം കൊണ്ടത്. പ്രകൃതിയോട് ഏറെ ഇണങ്ങി പോന്നിരുന്നത് കൊണ്ടാണ് ഈ ജനവിഭാഗത്തിന്റെ ജീവിതത്തിലൂടെ നീളം ഗാനാത്മകവും താളാത്മാകവുമായി തീരാന്‍ തന്നെ കാരണമായത്. ഏത് കാഠിന്യമേറിയ ജോലി ചെയ്യുമ്പോഴും താള നിബദ്ധവും ഗാനാത്മകവുമായ പഴം പാട്ടുകളില്‍ ആ കാഠിന്യമൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. പാടശേഖരങ്ങളില്‍ കൃഷിപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുലയക്കിടാത്തന്റെയും പുലയക്കിടാത്തിയുടെയും ചുണ്ടുകളില്‍ നിന്നും ഉയര്‍ന്നു പൊന്തുന്ന നാടന്‍ ഗാനശീലുകള്‍ ഉഴുതു മറിക്കുന്ന മണ്ണിനെപ്പോലും ആര്‍ദ്രമാക്കാനും അനുസരിപ്പിക്കാനും ശക്തിയുണ്ടെന്നാണ് പഴമക്കാരില്‍ നിന്നും പറഞ്ഞു പഠിച്ചിട്ടുള്ളത്.

പുലയരുടെ ഇടയിലെ എല്ലാ ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും പാട്ടുകള്‍ നിര്‍ബന്ധമായിരുന്നുവെന്ന് അവരുടെ പൂര്‍വ്വകാല ചരിത്രം വ്യക്തമാ ക്കുന്നു. ജനനം മുതല്‍ മരണം വരെയുള്ള എല്ലാത്തിനും മങ്ങലപ്പാ ട്ടുകള്‍ക്ക് പ്രത്യേക സ്ഥാനം കല്പിക്കപ്പെട്ടിരുന്നു. പുലയ പെണ്‍കുട്ടി കളുടെ തിരണ്ടുകുളിക്കും, ഗര്‍ഭം ധരിക്കുമ്പോഴും, ധരിക്കാതിരുന്നാലും പഴം പാട്ടുകള്‍ പാടി ബലികര്‍മ്മങ്ങള്‍ നടത്തുക അന്നത്തെ സാമുദായിക നിയമമായിരുന്നു. കുട്ടി ജനിക്കുമ്പോഴും, നൂലുകെട്ടുമ്പോഴും, പേരിടു മ്പോഴും, കുട്ടിയെ ഉറക്കുമ്പോഴും, പെണ്ണുകാണുമ്പോഴും, ബന്ധം ഉറപ്പിക്കുമ്പോഴും, കല്യാണത്തിനും (മങ്ങലത്തിനും), സൂര്യനെ സ്തുതിക്കുമ്പോഴും, നിലമുഴുമ്പോഴും, വിത്തു വിയ്ക്കുമ്പോഴും, ഞാറുനടുമ്പോഴും, കളപറിക്കുമ്പോഴും, കൊയ്യുമ്പോഴും, മെതിക്കുമ്പോഴും, കിളികളെ വിരട്ടാനും എന്തിനേറെ അമ്മിയിട്ട് അരയ്ക്കമ്പോഴും, നെല്ലുകുത്തുമ്പോഴും ഒക്കെ പുലയര്‍ പ്രത്യേകം പഴമ്പാട്ടുകള്‍ പാടാറുണ്ട്.
ഉത്തര കേരളത്തിലെ പുലയര്‍ക്കിടയില്‍ പ്രധാനമായും മൂന്നുതരം മങ്ങലപ്പാട്ടുകളാണ് നിലവിലുള്ളത്. അവ കാതുകുത്തു മങ്ങലം, തിരണ്ടു മങ്ങലം, മങ്ങലം (വിവാഹം) എന്നിവയാണത്. ഈ പഴംപാട്ടുകളില്‍ പ്രപഞ്ചസൃഷ്ടികളും, പരിണാമവാദ സിദ്ധാന്തങ്ങളും, ഒരു കാലഘട്ടത്തിലെ മനുഷ്യ ചേതനയുടെ ഹൃദയത്തുടിപ്പുകളും, വികാരവിക്ഷോഭങ്ങളും, നൊമ്പരങ്ങളും പ്രകടമായികാണാമായിരുന്നു. ചുരുക്കത്തില്‍ കാല നിര്‍ണ്ണയം മുതല്‍ കാലാവസ്ഥ നിരീക്ഷണം വരെ ഈ നാടന്‍ പാട്ടുകളില്‍ നിബദ്ധമായിരിപ്പുണ്ട്. എന്നിട്ടും പി.കെ.ബാലകൃഷ്ണനെപ്പോലുള്ള ചരിത്രകാരന്മാര്‍ പുലയരുടെ കൃഷി സമ്പ്രദായങ്ങളെ പാടെ അവഗണിച്ചു കൊണ്ട് വടക്കു നിന്നെത്തിയ പരദേശി ബ്രാഹ്മണകൂട്ടങ്ങളെ ന്യായീകരി ക്കാനും സാധൂകരിക്കാനും, പുലയരുടെ കൃഷി സമ്പ്രദായങ്ങള്‍ക്ക് ബ്രാഹ്മണ മേല്‍ക്കോയ്മ സ്ഥാപിക്കാനും ശ്രമിക്കുന്നത് ഇങ്ങനെ. 1 ആയാസ സാങ്കേതികത്വ വിജ്ഞാനം (IRON TECHNOLAGY)നമ്പൂതിരിമാര്‍ വരുന്ന കാലത്തിനുമുന്‍പ് ഇവിടെ വളര്‍ന്നിരിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് മേല്പറഞ്ഞ വസ്തുതകൊണ്ട് ഊഹിക്കേണ്ടത്. ജ്യോതിശാസ്ത്ര ബദ്ധമായ പഞ്ചാംഗ വിജ്ഞാനത്തിന്റെ ഫലമായുള്ള ഋതു വ്യത്യാസജ്ഞാനം കൂടാതെ കേരളത്തില്‍ നെല്‍കൃഷി സാദ്ധ്യമല്ലെന്നുകാണാം. ഏറെ കുറെ ഇത്ര ദിവസത്തിനകം വര്‍ഷം തുടങ്ങുമെന്നുകാണക്കാക്കാതെ നിലം ഉഴുതൊരുക്കിയിടുന്നതിലും, ഉഴുതൊരുക്കിയ നിലത്തില്‍ യഥാദിവസം വിത്തിടുന്നതിനും സാദ്ധ്യമല്ല. മഴ പിഴച്ചാല്‍ കൃഷിയെ പഴിക്കുന്ന കേരളത്തില്‍, കൃഷിക്കുവേണ്ട ഓരോ പരിചര്യയും ഓരോ കൃഷി പ്രവൃത്തിയും സൂഷ്മായ ഋതു പ്രവചനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുമ്പുകൊണ്ടുളള പണിയായുധങ്ങളുടെ അറിവും പഞ്ചാംഗ ജ്ഞാനവും കൂടെ കൊണ്ടുവന്ന നമ്പൂതിരിമാരാണ് കാട് തെളിച്ചുള്ള സ്ഥിരമായ കൃഷി നടപ്പാക്കുന്ന സാമൂഹ്യ നടപടിക്ക് നേതൃത്വം നല്കിയവര്‍. വന്യ ട്രൈബല്‍ ജീവിതത്തില്‍ നിന്നും കാര്‍ഷിക-ഗ്രാമ സമൂഹത്തിലേയ്ക്കുള്ള കേരള സമൂഹത്തിന്റെ മാറ്റം സാദ്ധ്യമാക്കിയതും. ആ കര്‍മ്മങ്ങള്‍ക്കു വേണ്ട വെളിച്ചവും നേതൃത്വവും നല്കിയതും നമ്പൂതിരിമാരും തുടക്കത്തില്‍ അവരോടൊപ്പം വന്നിരിക്കാവുന്ന അനുചരസംഘവുമാണ്' 1

പി.കെ.ബാലകൃഷ്ണന്റെ ഈ കണ്ടെത്തല്‍ പുലയ സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതും, അവരുടെ തനതായ കൃഷി സമ്പ്രദായങ്ങളെ ബ്രാഹ്മാണീകരിക്കാന്‍ മനഃപൂര്‍വ്വം കെട്ടചമച്ചതുമാണ്. ആടുമേച്ചും, കാലിമേച്ചും കേരളക്കരയിലെത്തിയ പരദേശി ബ്രാഹ്മണകൂട്ടങ്ങള്‍ ഇവിടെ വരുന്നതിനു മുന്‍പുതന്നെ പുലയര്‍ പാടശേഖരങ്ങളില്‍ നെല്‍ കൃഷി നടത്തി ജീവിതം പുലര്‍ത്തിയിരുന്നു. സംഘകാല സാഹിത്യങ്ങളും വ്യക്തമായ ഉത്തരം നല്‍കുമ്പോള്‍ നമ്പൂതിരിയുടെകൃഷിവിജ്ഞാനമൊന്നും കേരളത്തിലെ ആദിമനിവാസിയായ പുലയര്‍ക്ക് ആവശ്യമില്ല. കാലാവസ്ഥ വിജ്ഞാനം മുതല്‍ പഞ്ചാംഗ വിജ്ഞാനം വരെ പുലയരുടെ പഴം പാട്ടുകളില്‍ നിബദ്ധമായിരിക്കുമ്പോള്‍ നമ്പൂതിരിയുടെ പഞ്ചാംഗ വിജ്ഞാനിയം ആര്‍ക്കുവേണം? അല്ലെങ്കില്‍ തന്നെ ആര്യ ബ്രാഹ്മണര്‍ കേരളത്തിലെത്തുമ്പോള്‍ പഞ്ചാംഗവിജ്ഞാനിയമോ, പഞ്ചാംഗമോ കണ്ടെത്തിയിരുന്നില്ലെന്ന് ബാലകൃഷ്ണനെപ്പോലുള്ള പരദേശി ബ്രാഹ്മണരുടെ പാദസേവകര്‍ മനസ്സിലാക്കത്തത് പരമാബദ്ധമായിപ്പോയി. ആദിമനിവാസികളായ പുലയരുടെ പല ആചാരാനുഷ്ഠാനുങ്ങളും ബ്രാഹ്മണര്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തിയെടുത്ത് സ്വന്തമാക്കുക യായിരുന്നു. പുലയരുടെ പഴം പാട്ടുകള്‍പോലും മോഷ്ടിച്ച് വികൃതമാക്കി അച്ചടിച്ചുവിറ്റ് ഉപജീവനം കഴിക്കുന്ന നമ്പൂതിരിമാര്‍ വരെ ഇന്ന് കേരളത്തിലുണ്ട്. അതൊക്കെ വഴിയെ വിസ്തരിച്ചു പറയുന്നുണ്ട്.

ദീര്‍ഘമായ നാടന്‍ പാട്ടുകളെല്ലാം തന്നെ പ്രപഞ്ചോല്പത്തിയിലാണ് ആരംഭിക്കുന്നതെന്ന് കാണാന്‍ പ്രയാസമില്ല. ഇത്തരത്തിലൊരു പ്രപഞ്ചോല്പത്തിപാട്ട് എന്റെ പിതാവ് എന്നും നേരം പുലരും മുന്‍പ് പാടുന്നത് കേട്ടാണ് കുട്ടിക്കാലത്ത് ഞാനുണര്‍ന്നേണീക്കുന്നത്. അച്ഛന്‍ മരിക്കുന്നതിനു മുന്‍പുവരേയും ചിലപ്പോഴൊക്കെ മനഃപ്രയാസ മുണ്ടാകുമ്പോള്‍ പാടുമായിരുന്നു.

ആതിയില്ലല്ലോ അന്തമില്ലല്ലോ
ഇരുളില്ലല്ലോ വെളിച്ചമില്ലല്ലോ
ഊണില്ലല്ലോ ഉറക്കമില്ലല്ലോ...

ഈ വരികളാണ് എന്റെ അച്ഛനില്‍ നിന്നും ഞാന്‍ കേട്ടിരുന്നത്. കാലം കടന്നപ്പോള്‍ ഈ പാട്ടിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍ പുലയരാണെന്നു കണ്ടു. പാക്കനാര്‍പാട്ടിലും പ്രപഞ്ചോല്പത്തിയെക്കുറിച്ച് ഈ പാട്ടു കേട്ടിരുന്നു.

ആതിയില്ലല്ലോ - ലന്തമില്ലല്ലോ
ലക്കാലം പോയാ- യായുകത്തില്‍
ഇരുട്ടുമില്ലല്ലോ- വെളിച്ചവുമില്ലല്ലോ
ലക്കാലം പോയാ - യായുകത്തില്‍
ഊണുമില്ലല്ലോ - ഉറക്കമില്ലല്ലോ
ലക്കാലം പോയാ - യായുകത്തില്‍
എണ്ണമില്ലല്ലോ - എഴുത്തുമില്ലല്ലോ
ലക്കാലം പോയാ - യായുകത്തില്‍
ഒച്ചയില്ലല്ലോ - ഓചയില്ലല്ലോ
ലക്കാലം പോയാ - യായുകത്തില്‍...

ആദിയില്‍ ഒന്നുമില്ലാത്ത സ്ഥിതിയില്‍ നിന്നാണ് ഭൂമിയും, മറ്റ് ഗ്രഹങ്ങളും ഉണ്ടായതെന്ന് ധ്വനിപ്പിക്കുന്നതാണ് ഈ പാട്ട്. കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രപഞ്ചത്തിലുണ്ടായ ഒരു പൊട്ടിത്തെറിയില്‍ നിന്നാണ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റുമുണ്ടായതെന്ന് ആധുനിക ശാസ്ത്രം തെളിയിക്കും മുന്‍പുതന്നെ പുലയരുടെയും പറയരുടെയും പഴം പാട്ടുകളില്‍ ഈ പ്രപഞ്ചോല്പത്തി അവര്‍ പാടി പതിഞ്ഞിരുന്നുവെന്ന കാര്യം ശാസ്ത്രജ്ഞന്മാരെപോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

തമ്പ്രാക്കളുടെ പാടശേഖരങ്ങളില്‍ പകലന്തിയോളം പണിയെടുത്ത് ക്ഷീണിതരും അവശരുമായി തീരുമ്പോള്‍ പുലയര്‍പാടുന്ന മറ്റൊരു പാട്ടുണ്ട്. ഈ പാട്ടില്‍ കാലാവസ്ഥയെ സംബന്ധിക്കുന്ന വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. പറയരും ഈ പാട്ടുപാടാറുണ്ട്.

തെക്കെന്നാം കാറ്റടിച്ചേ - ഒരു തെന്നിക്കാറ്റുമടിച്ചു ;
വടക്കെന്നാം കാറ്റടിച്ചേ - ഒരു വടുതിക്കാറ്റുമടിച്ചു ;
കിഴക്കെന്നാം കാറ്റടിച്ചേ കോടക്കാറ്റുമടിച്ചു;
പടിഞ്ഞാറെന്നാം കാറ്റടിച്ചേ - ഒരു നേര്‍ക്കാറ്റുമടിച്ചു;
നാലുകാറ്റും വായുവനും കൂടി - ചുറ്റിയൊന്നങ്ങടിച്ചു;
കുടയോളം പുമിയുമേയവിടെ-തോന്നയ്യാതെതോന്നി.
പ്രപഞ്ചോല്പത്തിയെത്തുടര്‍ന്നുണ്ടായ സ്ഥിതി വിഗതികളാണ് ഈ പാട്ടിലും പ്രതിദ്ധ്വനിക്കുന്നത്. ഈ പഴം പാട്ടുകള്‍ പാടികേട്ട് നൂറ്റാണ്ടുകള്‍ക്കും ശേഷമായിരുന്നുവല്ലോ പ്രപഞ്ചോല്പത്തിയെക്കുറിച്ചു തന്നെ ശാസ്ത്ര ലോകം ചിന്തിച്ചുതുടങ്ങിയത്. എല്ലാറ്റിനും മുന്നേ വയലേലകളില്‍ പാവം പുലയര്‍ ആ സിദ്ധാന്തം കണ്ടെത്തിക്കഴിഞ്ഞിരുന്നു. പക്ഷെ പാട്ടുകളില്‍ കൂടിയെന്ന വ്യത്യാസം മാത്രം.

പുലയരുടെ വേദാന്തത്തെക്കുറിച്ച് പഴയ കാലത്തെ ഒരു പാട്ടുണ്ട്. അത് ആരംഭിക്കുന്നത് ഇങ്ങനെയാണ്.
കനുകനുയെന്നൊരു തിന്മങ്കയത്തില്‍
കരിവളയെന്നൊരു മീനുണ്ടിന്നച്ചോ
കരിവളയെന്നൊരു മീനെ പിടിപ്പാന്‍
മുക്കോനാര്‍ കൈയില്‍ വലയുണ്ടിന്നച്ചോ
മുക്കോനാര്‍ കൈയില്‍ വലയെ ചതിപ്പാന്‍
വെലീന്മേ വെണ്‍ ചെതല്‍ താനുമുണ്ടച്ചോ
വെലീന്മേ വെണ്‍ ചെതല്‍ തന്നെ ചതിപ്പാന്‍
കാട്ടിലെ യെലിവിവേഷക്കാരനുണ്ടച്ചോ
എലിവേഷക്കാരനെ തന്നേ ചതിപ്പാന്‍
അടുപ്പിങ്കലുള്ളൊരു ''ങ്ങ്യാവു'' (പൂച്ച) മുണ്ടച്ചോ
അടുപ്പിങ്കലുള്ളൊരു ങ്ങ്യാവുനെക്കൊല്ലാന്‍
കാട്ടിലെ നരിയമ്മന്‍ താനുമുണ്ടച്ചോ!
കാട്ടിലെ നരിയമ്മന്‍ തന്നെപിടിപ്പാന്‍
വീട്ടിലെ നായരുതാനുണ്ടിന്നച്ചോ
വീട്ടിലെ നായരു തന്നെ ചതിപ്പാന്‍
നാട്ടിലെ വല്യമ്പ്രാന്‍ താനുമുണ്ടച്ചോ
നാട്ടിലെ രാശാവ് (രാജാവ്) തന്നെ ചതിപ്പാന്‍
കൈലാസ രാശാവ് (ശിവന്‍) താനുമുണ്ടച്ചോ !

കൃഷിയിറക്കുന്ന കാലത്ത് വയലേലകളില്‍ നിന്നും പുലയ പെണ്‍ കൊടിമാര്‍ ഒരുമിച്ചു ചേര്‍ന്ന് പാടുന്ന മനോഹരമായ ഒരു പാട്ടാണ് താഴെക്കൊടുക്കുന്നത്. കഞ്ചാരന്‍ എന്ന് പേരുള്ള കണ്ടത്തില്‍ (വയലില്‍) തമ്പുരാനെ കണ്ടതും തമ്പുരാന്‍ കൊടുത്ത വെറ്റിലതിന്ന് വയറ്റിലുണ്ടായ (ഗര്‍ഭം ധരിച്ച) കഥയാണ് ഈപാട്ടില്‍ പറയുന്നത്.

കഞ്ചാരന്‍ കണ്ടത്തില്‍ -
ഞാര്‍ നടാന്‍ പോയപ്പോള്‍ 
തമ്പുരാന്‍ തന്നൊരു വെറ്റിലതിന്നേ
വെറ്റില തിന്നപ്പോള്‍ വയറ്റിലുമുണ്ടായി
മുട്ടാറ്റു ചെന്നപ്പോള്‍ പത്തും തികഞ്ഞേ
കടമ്പയ്ക്കല്‍ ചെന്നപ്പോള്‍ നോവു തൂടങ്ങി
കടമ്പ കടന്നപ്പോള്‍ നോവും വളര്‍ന്നേ
കൊടുങ്കല്‍ ചെന്നപ്പോള്‍ പിള്ള പിറന്നേ !
പിള്ളേനെ പിടിയടി പൂമങ്കമാരേ ! 2

വളരെ പണ്ട് എന്നുപറയുമ്പോള്‍ ഉദ്ദേശം 500 വര്‍ഷത്തെയെങ്കിലും പഴക്കം ചെന്ന നാടന്‍ കൃഷി പാട്ടുകളാണ് ഇവ. അക്ഷരഭ്യാസമില്ലാത്ത പുലയര്‍ കഞ്ചാരന്‍ കണ്ടത്തില്‍ പാടി പതിഞ്ഞ താള നിബദ്ധമായ പാട്ടുകള്‍ തലമുറകളിലേയ്ക്ക് പകര്‍ന്നുകൊടുത്താണ് ഞാനും നിങ്ങളു മൊക്കെ വായിച്ചറിയാന്‍ പാകത്തില്‍ ലഭ്യമായത്. ഇനി പറയുന്ന പാട്ടുകള്‍ എന്റെ സുഹൃത്തും, അകാലത്തില്‍ പൊലിഞ്ഞുപോയ ആളും, കേരളത്തില്‍ നാടന്‍ പാട്ടുകള്‍ ശേഖരിക്കുന്നത് ഒരു ജീവിതവൃതമായി സ്വീകരിച്ച ആളുമായ വെട്ടിയാര്‍ എം.പ്രേനാഥിന്റേതാണ്. അദ്ദേഹം 1955 നു മുന്‍പ് ശേഖരിച്ച ഒരു വിത്തിടീല്‍ പാട്ടാണ്.

നിലം പൂട്ടി ഒരുക്കി വളമിട്ട് കഴിഞ്ഞ് പത്തിനൊന്ന് എന്ന അനുപാത ത്തില്‍ കൂട്ടിച്ചേര്‍ത്ത ചാരവും വിത്തും ചെറുകുട്ടകളില്‍ ഇടത്തേകയ്യില്‍ സാവധാനം കറക്കി, വലത്തെ കൈയിലെ മൂന്നുവിരലുകള്‍ കൊണ്ട് ഒരേ അളവിലും അകലത്തിലും കാളപ്പുറകെ ഓടിയും നടന്നും പൂട്ടുന്ന ചാലിന് സമാന്തരമായി വിത്തിടുന്നു. താളത്തിനനുസരിച്ച് ചുവടു വയ്ക്കുന്നതിനും, കഠിന്വാനത്തിന്റെ കാഠിനമകറ്റാനും അവരുടെ ഹൃദയാന്തര്‍ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന പാട്ട് ഇങ്ങനെ പാടാം.

തെയ്യിത്തിനുന്ത തിനുന്തിനും - താരാ
താരാ - തിനുന്ത, തിനുന്തിനും - താര
കൊച്ചു കോവിന്നനാ കൊച്ചുമ്പരാന്‍
വെള്ളി വളക്കാരന്‍ കൊച്ചുമ്പരാന്‍
നമ്മുടെ വീട്ടിലെ കൊച്ചു കൊച്ചുമ്പരാന്‍
ഉള്ളു ചുവപ്പുള്ള കൊച്ചു കൊച്ചുമ്പരാന്‍
ആണാളെ തീണ്ടുമ്പം കുളിക്കുന്ന തമ്പുരാന്‍
പെണ്ണാളെ തീണ്ടിയാ കുളിക്കാത്ത തമ്പൂരാന്‍
പെണ്ണാളെച്ചെന്നു വിളിക്കിണതുണ്ടേ
തെയ്യിത്തിനുന്ത...
നേരം വെളുത്തില്ലെ ചെക്കലു വിട്ടില്ല
കാട്ടിച്ചിലന്തി വല നൂത്തില്ല
നെയ്യനുറുമ്പു വഴി വെയ്ച്ചില്ല
പൂക്കാ തെറ്റി നിവര്‍ന്നതുമില്ല
തമ്പുരാന്‍ വന്നു വിളിക്കയല്ലാണോ
വേലക്കുവന്നു വിളിക്കയല്ലാണോ
തെയ്യിത്തിനുന്ത....
കൊച്ചീക്കിപ്പുറം കൊല്ലത്തിനിപ്പുറം
കൊച്ചു കൊടുങ്ങല്ലൂ കൊച്ചാലിനിപ്പുറം
കുഞ്ഞമ്പിരാന്റെ നടപടിയാണേ
പെണ്ണാളേല്ലാരും വന്നേക്കിണേടി
പോരികളെല്ലാരും വന്നേക്കിണേടി
ചെങ്ങാലിപ്പോരിയും വന്നേക്കിണേടി
നാളെ നമുക്കൊരു വിത്തിടീലാണേ
നാളെ നമുക്കൊരു തത്തിരമാണേ
മുണ്ടക കണ്ടത്തി വിത്തീടിലാണേ
നമ്മുടെ കണ്ടത്തി - കല്ലുകണ്ടത്തി
കുന്നുകണ്ടത്തി - കുഴിക്കണ്ടത്തി
മണ്ണുകണ്ടത്തി - മണക്കണ്ടത്തി
കല്ലുകണ്ടത്തി - കരക്കണ്ടത്തി
നാളെ നമുക്കൊരു വിത്തിടീലാണേ
തെയ്യിത്തിനുന്ത...
താഴത്തു കണ്ണന്റെ കാളരണ്ടുണ്ടേ
മാനത്തുകണ്ണന്റെ കാളരണ്ടുണ്ടേ
ഓണാട്ടു കേരികൊമത്തന്റെ കാള
തെക്കേ വയലിലെ കുരുത്തോല വെള്ള
വടക്കേ വയലിലെ പണപ്പാടന്‍ വെള്ള
കണ്ണാട്ടുമോടിലെ വെള്ളക്കരുപ്പ
കൊല്ലെടെ ചന്തേലേ ചില്ലക്കരുപ്പ
നാലു കാലിപ്പുള്ളി - നാക്കാലിപ്പുള്ളി
നെറ്റിക്കുപുള്ളി - മുതുകേപ്പുള്ളി
ചങ്കിനുപുള്ളി - മലരേപ്പുള്ളി
മോതിരപുളളി - കുതിരപ്പൂവാലന്‍
കാള വരിണവരവിത് കണ്ടോ !
താഴത്തു വീടന്റെ കാള വരുന്നേ
പോരോഴി, മേമുറി, കീമുറി, താമുറി
ഓണാട്ടുകേരി കൊമത്തന്റെ കാള
മാനം തൊടും, തൊടും കൊമ്പു രണ്ടുണ്ടേ
പൂമിതൊടും, തൊടും, പൂക്കളുമുണ്ടേ
പച്ചിപറ നട പോലുള്ള കാള
യ്യാന്റെ പാവി നീ കേട്ടു കൊള്ളേണേ
തെയ്യിത്തിനുന്ത......
നേരമൊരു നേരം തന്നേരമായേ
കാള തിളച്ചു മറിയുമ്പോളാണേ
കുത്തിത്തിരിച്ചൊരു കുച്ചരിക്കുട്ട
പാകിത്തിരിച്ചൊരു പാലരിക്കുട്ട
പെണ്ണാടെകയ്യിലിരിക്കിണവിത്തേ
കൊട്ടയും വിത്തും കറങ്ങിവരുന്നേ
മേലത്തെക്കണ്ടവും - വിത്തിട്ടുകേറി
താഴത്തെക്കണ്ടവും - വിത്തിട്ടുകേറി
തള്ളവിരുത്തിയും - വിത്തിട്ടുകേറി
തന്തവിരുത്തിയും - വിത്തിട്ടുകേറി
മുണ്ടകക്കണ്ടവും - വിത്തിട്ടുകേറി
ആറുപറക്കണ്ടം - വിത്തിട്ടുകേറി
നൂറുപറക്കണ്ടം - വിത്തിട്ടുകേറി
തമ്മാനപ്പന്തലിലെമ്മാന്‍ ചെന്നപ്പം
തമ്മാനംകിട്ടിയതു പൊയ്മാനിറച്ചി
അയ്യോന്റെ പാവി നീകേട്ടുകൊള്ളേണേ
കായം കൊളക്കാരം, കൊങ്ങിണിമാരേ
പത്തിന്റിടക്കു കിടക്കിണകച്ച
എട്ടിന്റിടക്കു കിടക്കിണകച്ച
തെക്കും കവണി വടക്കും കവണി
എളിയത്തു വെക്കുമ്പരിഞ്ഞാണം കാണാം
ആ- പെണ്ണാക്കു രണ്ടിനുമിട്ടുകൊടുത്തേ
വേണുന്നതമ്മാനം കൊണ്ടുക്കൊടുത്തേ
തെയ്യിത്തിനുന്ത....
ആഹായ് - ആഹായ് - ആഹായ് 3