"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പുലയരുടെ ആചാരങ്ങളും അനുഷ്ഠാന കലകളും; ചാവെടുപ്പും ചാവുതുള്ളലും - കുന്നുകുഴി എസ് മണി

വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാ നങ്ങളും പുലയര്‍ക്കിടയില്‍ നിന്നവിലു ണ്ടായിരുന്നു. പക്ഷെ ആധുനിക വല്‍ക്കരണം അവര്‍ക്കിടയില്‍ നിന്നും അതൊക്കെ വിടചൊല്ലി പോയിരിക്കുന്നു. അതിന്റെ ഗുണദോഷങ്ങളും പുലയര്‍ ഇന്നനൂഭവിക്കുന്നുണ്ട്. ക്രിസ്തു മത സ്വീകരണമാണ് പുലയരുടെ ആചാരാനുഷ്ഠാനങ്ങളെ തള്ളിപ്പറയുവാനും നിഷേധിക്കാനും പുലയര്‍ തയ്യാറായതു പോലും. ഇന്ന് ക്രിസ്തുമതത്തില്‍ പോലും അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവത്ത അവസ്ഥയാണുള്ളത്.

പുലയര്‍ പൊതുവേ സൂര്യാരാധകരാണ്. സൂര്യനെ കഴിഞ്ഞാല്‍ മറ്റൊരു ദൈവം പ്രപഞ്ചത്തിലില്ലെന്നാണ് പണ്ടു പണ്ടേ അവരുടെ ഇടയിലെ വിശ്വാസം. സൂര്യഭവാന് പൊങ്കാല നിവേദ്യം അര്‍പ്പിക്കുന്ന ചടങ്ങ് വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും പുലയരുടെ ഇടയിലെ ഒരു പ്രധാന ഇനമാണ്. പൊങ്കാല നൈവേദ്യത്തിന്റെ ഉപജ്ഞതാക്കള്‍ പുലയരാണെന്നുപറഞ്ഞാലും തെറ്റാവുകയില്ല. വൃശ്ചികം, കുംഭം, മീനം മാസങ്ങളില്‍ അതിരാവിലെ പുത്തന്‍ കലങ്ങളില്‍ ഉണങ്ങല്‍ അരികൊണ്ട് പൊങ്കാലയിട്ട് ഉദിച്ചുവരുന്ന സൂര്യഭഗവാന് നിവേദിക്കുന്നു. കുഞ്ഞുങ്ങള്‍ക്കുവേണ്ടി അടിയങ്ങള്‍ നടത്തുന്ന നേര്‍ച്ചയാണേ. ഇത് കൈക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ എന്ന് പ്രാര്‍ത്ഥിക്കുക പുലയരുടെ പതിവാണ്. സര്‍വ്വശക്തനും, പ്രപഞ്ചസൃഷ്ടാവും, നിയന്താവും, എല്ലാറ്റിനും കാരണ ഭൂതനും, എല്ലാറ്റിന്റേയും അന്ത്യവുമായ ഈശ്വരനാണ് സൂര്യന്‍ എന്ന സങ്കല്പത്തില്‍ നിന്നാണ് പുലയര്‍ സൂര്യദേവനെ ആരാധിക്കുന്നത്.

കേരളത്തില്‍ കുടിയേറിയ ആര്യന്മാരും പുലയരുടെ സൂര്യാരാധന പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. അതിനുദാഹരണമാണ് 'ഓംഭാസ്‌ക്കരായ വിദ് മഹേ,ദിവാകരായ ധീമഹീ,തന്വോ സൂര്യപ്രചോദയാത്' എന്ന സൂര്യഗായത്രി ചൊല്ലി പുലയരെ പിന്നിലാക്കാന്‍ പരദേശി ബ്രാഹ്മണര്‍ ശ്രമിച്ചത്.

പ്രേതം സംസ്‌ക്കരിക്കുമ്പോഴും പുലയര്‍ ആദിത്യവന്ദനം നടത്താറുണ്ട്. പ്രേതം കുഴിക്കു സമീപം കൊണ്ടുവച്ചിട്ടാണ് സൂര്യഭഗവാനെ വന്ദിക്കുന്നത്. പത്താമുദയ ദിവസം (മേടത്തിന്) സര്‍പ്പങ്ങള്‍ക്ക് പ്രത്യേകം പൊങ്കാലയിട്ട് നേതിക്കുകയും പതിവാണ്. പൊങ്കാല നൈവേദ്യത്തി ന്റെയും ആരംഭം ഈ ജനവിഭാഗത്തില്‍ നിന്നാണ്. പ്രേതങ്ങളിലും (ചാവുകളിലും) ദുര്‍മൂര്‍ത്തികളിലും പുലയര്‍ക്ക് വലിയ വിശ്വാസമാണ്. രോഗ ശമനത്തിനായി പുലയര്‍ മന്ത്രവാദത്തെയാണ് ആശ്രയിക്കുന്നത്. മാത്രമല്ല മന്ത്രവാദം പുലയരുടെ ഇടയില്‍ സര്‍വ്വസാധാരണമായ ഒരു ഏര്‍പ്പാടുമാണ്. മന്ത്രവാദം കൊണ്ട് എതിരാളിയെ വകവരുത്താന്‍പോലും ശക്തിയുണ്ടെന്നാണ് പഴമക്കാരില്‍ നിന്നും കേട്ടറിഞ്ഞിട്ടുള്ളത്.
മരിച്ചുപോയവരുടെ ആത്മാക്കളെ (ചാവുകളെ) ശുദ്ധിചെയ്ത് മറ്റുപിതൃക്കളോടൊപ്പം ക്ഷേത്രങ്ങളിലോ, കാവുകളിലോ കുടിയിരുത്തുന്ന കര്‍മ്മത്തിനാണ് പൊതുവേ ചാവുതുള്ളല്‍ എന്നുപറയുന്നത്. ചാവുതുള്ളല്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും വ്യത്യസ്ത സ്വഭാവങ്ങളോടു കൂടിയാണ് നടത്തപ്പെടുന്നത്.തിരുവനന്തപുരത്തെ അപേക്ഷിച്ച് വടക്കോട്ടു പോകുന്തോറും പ്രാദേശികമാവും, സാമൂഹ്യവുമായ മാറ്റങ്ങള്‍ ദര്‍ശ്യമാണ്.

മുപ്പത്തിമുക്കോടി ദേവര്‍കളേ
അറുപത്താറായിരക്കോടി അസുരകളേ
നിങ്ങളെ മുമ്പില്‍ നെല്ലും ചക്രവും വച്ച്-
മനുഷ്യക്കുരുതിയും, ജന്തുബലിയും നടത്തി-
ശംഖുകറക്കി-
പറകൊട്ടി-
തുടികൊട്ടി-
പറയുന്നു.
ദുരിതങ്ങളില്‍ നിന്നും-
കഷ്ടതകളില്‍ നിന്നും-
രക്ഷയും മോചനവും-
തരുമാറാകണമേ !
പുലയര്‍ ഏതു മന്ത്രവാദം ആരംഭിക്കുമ്പോഴും ആദ്യം മുപ്പത്തിമുക്കോടി ദേവര്‍ കളേയും, അറുപത്താറായിരക്കോടി അസുരകളേയും വിളിച്ച് അപേക്ഷിച്ചിട്ടാവും തുടങ്ങുക. തിരുവിതാംകൂറിലെ മന്ത്രവാദികളിലാണ് വിളിച്ചപേക്ഷ പ്രകടമായികാണുന്നത്. മദ്ധ്യകേരളത്തിലോ വടക്കന്‍ കേരളത്തിലോ ഇത്തരമൊരു വിളിച്ചപേക്ഷ കാണുന്നില്ല. 

ചാവെടുപ്പും ചാവുതുള്ളലും

പരേതാത്മാക്കളെ മന്ത്രവാദം ചൊല്ലി വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും പിന്നേടവയെ കുടുംബക്ഷേത്രങ്ങളില്‍ കൊണ്ടു പോയികുടിയിരുത്തുകയാണ് ചാവെടുപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. തെക്കന്‍ കേരളത്തില്‍ ചാവെടുപ്പെന്നും മധ്യകേരളത്തില്‍ ചാവുതുള്ളലെന്നും പറയപ്പെടുന്നു. മറ്റ് ഉയര്‍ന്ന ജാതികള്‍ക്കിടയില്‍ ശ്രാദ്ധം എന്ന ഓമനപേരിലാണ് ഈ ആചാരം നടത്തിപ്പോരുന്നത്. മരിച്ചുപോയ പിതൃക്കളെ ഓര്‍മ്മിച്ചുകൊണ്ട് അവരെ തൃപ്തിക്കായി നടത്തുന്ന കര്‍മ്മമാണിത്. വര്‍ഷത്തിലൊരിക്കലും ഈ കര്‍മ്മം നടത്താറുണ്ട്. കര്‍ക്കടകത്തിലെ വാവു ബലി ഇതിന്റെ പ്രകടമായ ഭാവമാണ്. ശ്രാദ്ധം നമ്പൂതിരിമാരെ അനുകരിച്ചുണ്ടായതാണെന്ന് പറയപ്പെടുന്നു. പക്ഷെ കേരളത്തിലെ ആദിമ നിവാസികളില്‍ വളരെ പണ്ടു മുതലേ കണ്ടുപോരുന്ന ഒരു ആചാരമാണിത്.

തൃശൂര്‍ ജില്ലയില്‍ പുലയരുടെ ചാവെടുപ്പിനെ 'ചാത്ത' മെന്നും 'കാട്ടിച്ചാത്തം', 'കാട്ടിക്കര്‍മ്മം' എന്നൊക്കെ പേരുണ്ട്. മരിച്ച പതിനഞ്ചിന്റെ അന്ന് ചാത്തം ആചരിക്കും. കാട് എന്നാല്‍ ശമശാനമെന്നര്‍ത്ഥം. മറവുചെയ്യപ്പെട്ട ശവശരീരത്തിന്റെ ശിരോഭാഗത്തെ മണ്ണുമാന്തി ഒരു സുഷിരമുണ്ടാക്കും. നാലു ദിക്കിലേയ്ക്കും, മേല്‌പോട്ടേക്കും കാണിച്ചശേഷം സുരക്ഷിത്തില്‍ നിക്ഷേപിച്ച് മണ്ണിട്ടു മൂടുന്നു. ഇരുപത്തൊന്നിലുംകളില്‍ അരിയും ശര്‍ക്കരയും ചേര്‍ത്ത് വേവിച്ച അന്നം കുറേശ്ശെവയ്ക്കുന്നു. ഇരുപത്തൊന്നിലും മദ്യം തളിക്കുന്നു. മദ്യം കാരണവന്മാര്‍ക്കു പ്രിയങ്കരമാണ്. അന്നം തെക്കുവശത്തുകൊണ്ടുപോയി വെച്ച് മൂന്നുരു കൈകൊട്ടി കാക്കയ്ക്കുകൊടുക്കുന്നു. കാക്കകള്‍ കാരണവന്മാരാണെന്നാണ് വെയ്പ്പ്. ഈ കര്‍മ്മത്തിന് ചൊല്ലുന്ന മന്ത്രം താഴെ കൊടുക്കുന്നു.

കെയക്കുദിപ്പു (കിഴക്ക് ഉദയം) തെളിയണം. 
പടിഞ്ഞാറട്ടമി (അസ്തമനം) തെളിയണം
തെക്കൊരു തിരു 'പീടം' തെളിയണം വടക്കുമാവേലി
തെളിയണം. മേലുകണ്ടം പൂമി(ഭൂമി) തെളിയണം
കീഴുകണ്ടം താമര തെളിയണം
നാലു തിക്കീതേവമ്മാരു തെളിയണം. മണ്ണു
കത്തീച്ചരന്‍ തെളിയണം. മലന്നപൂമിതെളിയണം
കമന്നമാനം തെളിയണം. നടുകത്തെ
തട്ടുതെളിയണം. അറത്തുകൂട്ടിയമ്പലം തെളിയണം
'ചെങ്കല്ലെഭഹവതി' (ഭഗവതി) തെളിയണം.
കരിങ്കല്ലെ ശാസ്താവുതെളിയണം
തെറം പിടിച്ച ഭദ്രകാളി തെളിയണം

'മരിച്ച പതിനേഴിന്റന്നു രാവിലെ മുന്‍പറഞ്ഞ വിധം ബലിയിട്ടു ചാത്തം നടത്തുന്നു. എല്ലാ പിതൃക്കളെയും ധ്യാനിച്ചുകൊണ്ട് 21 കീറ്റിലകളിട്ട് ഓരോന്നിലും മുമ്മൂന്നു പിണ്ഡം വീതം വെച്ച് മൂന്നു പ്രാവശ്യം മദ്യം തളിക്കുന്നു. മൂന്നുപ്രാവശ്യം കൈകൊട്ടികാക്കയെ വരുത്തികൊടുക്കുന്നു. ആണ്ടു ചാത്തത്തിന് ദിവസമാണെടുക്കുക. ആണ്ടുചാത്തം നിര്‍ബന്ധമില്ല'1