"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

വടക്കന്‍ പറയര്‍(വെമ്പറയര്‍) - കുന്നുകുഴി എസ് മണി


പറയരില്‍പ്പെട്ട ഒരു പ്രധാന വിഭാഗമാണ് വടക്കന്‍ പറയര്‍. ഇവരെ വെമ്പറയര്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവര്‍ പ്രധാനമായും കുന്നത്തൂര്‍, തിരവല്ല, കുന്നത്തുനാട്, ഏലമല എന്നിവിട ങ്ങളിലാണ് കാണപ്പെടുന്നത്. മരിച്ചമൃഗം (ചമ്പ്) ഭക്ഷിച്ചിരു ന്നതിനാല്‍ ചമ്പപ്പറയര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. കാലാന്തരത്തില്‍ ഇവര്‍ ഈ ചീത്ത നടപടികള്‍ ഉപേക്ഷിക്കുകയും ഈറ്റ(വേല്‍) കൊണ്ട് കരകൗശല ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിരുതുകാട്ടുകയും ചെയ്തതോടെ വെമ്പറയര്‍ വേല്‍ പറയരായി മാറുകയും ചെയ്തുവെന്നാണ് ചരിത്രം പറയുന്നത്. പോത്തുമായി ഇവര്‍ ശത്രുതയിലാണ്. പോത്തിനെ തൊട്ടാല്‍ പശുവിന്‍ ചാണകം കലക്കി കുടിച്ചാലെ അശുദ്ധി മാറുകയുളളുവെന്നാണ് വെയ്പ്. ഇവരെ മിന്നുകെട്ടിപ്പറയര്‍, മോതിരംകെട്ടിപ്പറയര്‍, താലികെട്ടി പ്പറയര്‍ എന്ന് മൂന്നായി തിരിച്ചിട്ടുണ്ട്. വിവാഹത്തിന് ഉപയോഗിക്കുന്ന ആഭരണ ത്തിന്റെ പേരുകളാണ് ഈ വിഭാഗങ്ങള്‍ക്ക് ഇട്ടിട്ടുളളത്. ഇതില്‍ മിന്നുകെട്ടിപ്പറയരാണ് മുന്‍പന്തിക്കാര്‍. മറ്റ് രണ്ടുവിഭാഗക്കാരുമായി പന്തിഭോജന ത്തിലോ, കല്യാണകാര്യദികളിലോ, മിന്നു കെട്ടിക്കാര്‍ പങ്കെടുക്കുകയില്ല. വളരെ അനാദികാലത്ത് ഈ രണ്ടുവിഭാഗങ്ങളു മായിപോലും തീണ്ടല്‍ ഉണ്ടായിരുന്നു വത്രെ. തീണ്ടി പോയാല്‍ 10 ചക്രം പ്രായശ്ചിത്തവും, ചാണകവെളളം കുടിയും നടത്തേണ്ടതൂണ്ട്. മിന്നുകെട്ടി പ്പറയരില്‍ തന്നെ പന്ത്രണ്ട് ജാതികള്‍ (ഇല്ലങ്ങള്‍) നിലവിലുണ്ട്. കാഞ്ഞിരം, തച്ചന്‍, പുഞ്ചേരി, പെവെല്ലി, തഴക്കര, കൊഞ്ചി, കോവണി, മൈല, വയോട്ടന്‍, ചെറുനാടന്‍, നെടുങ്ങാട് എന്നിവയാണവര്‍. പുഞ്ചേരി പെരുമ്പറയനാണ് ഇല്ലങ്ങളായി വേര്‍തിരിച്ചതെന്നാണ് അവരിലെ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുളളത്. പെരുമ്പറയന്റെ നാട് പൂഞ്ഞാറില്‍ ആണ്. പെണ്ണെടുക്കുന്നതും ഇല്ലം നോക്കീട്ടാണ്. കുന്നത്തുനാട്ടിലെ പറയരുടെ ഇടയില്‍ മറ്റൊരു വിഭാഗക്കാരുണ്ട്. ഈ വിഭാഗത്തിന് കൂട്ടം എന്നാണ് പേര്. തച്ചന്‍, താവണിയന്‍, കാഞ്ഞിരം, കണ്ണയന്‍, മൊട്ട, ഈരാളന്‍, തേവതി, വേവാലി, വേമ്പന്‍, ഇടനാടന്‍ എന്നിവരാണ്. ഇതില്‍ തന്നെ സഹോദരക്കൂട്ടങ്ങളും മച്ചമ്പിക്കൂട്ടങ്ങളും നിലവിലുണ്ട്. മച്ചമ്പിക്കൂട്ടങ്ങള്‍ തമ്മിലേ വിവാഹങ്ങള്‍ പാടുളളു. കൂട്ടം കണക്കാക്കു ന്നത് അമ്മവഴിക്കാണ്. മരുമക്കത്തായം ഇവരിലും നിലവിലുണ്ട്. ഇവരുടെ നേതാവ് പെരുമ്പറയനാണ്. 

വെമ്പറയരുടെ ഇടയില്‍ പെണ്‍കുട്ടി ആദ്യമായി തെരണ്ടു തീണ്ടാരി ആയാല്‍ (ഋതുമതി) വീട്ടില്‍ നിന്നും മാറ്റി മാടത്തില്‍ താമസിപ്പിക്കും. പത്തനാപുരത്ത് ഏഴും, മറ്റിടങ്ങളില്‍ പന്ത്രണ്ടും ദിവസങ്ങളാണ് അശുദ്ധി ആചരിക്കുന്നത്. ഋതുമതിയായ പെണ്‍കുട്ടിയെ പുരുഷന്‍ കണ്ടുപോയാല്‍ പുരുഷന്റെ മുഖത്ത് കറുത്തപാടു വീഴുമെന്നാണ് വിശ്വാസം. അതുപോലെ സ്ത്രീയുടെ രക്തം മുഴുവന്‍ വാര്‍ന്നുപോകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. അശുദ്ധികാലം കഴിഞ്ഞ് കുളിച്ച് ഒരു നാളികേരം ഉടച്ചാല്‍ ഋതുവായ പെണ്‍കുട്ടി ശുദ്ധിയാകും. മറ്റുചിലേടങ്ങളില്‍ പഞ്ചഗവ്യം തളിച്ചാലെ ശുദ്ധമാകു. പെരുമ്പറയനും, പെണ്‍കുട്ടിയുടെ അമ്മാവനും കളളുകുടി നടത്തുകയും മറ്റുളളവര്‍ക്ക് സദ്യയും പാട്ടും ആട്ടവും നടത്താനും ആ ദിവസം ഇവര്‍ ചെലവഴിക്കാറുണ്ട്. മാസക്കുളികാലത്തും ഇവരുടെ സത്രീകള്‍ മൂന്നുദിവസം മാടത്തിലേക്ക് മാറിത്താമസിക്കും. നാലാം ദിവസം കുളിക്കുമ്പോള്‍ അശുദ്ധിമാറു മെങ്കിലും അഞ്ചാം ദിവസമേ അടുക്കളയില്‍ കയറാനും പെരുമാറാനും പാടുളളുവെന്നാണ് നിയമം.

തെക്കും വടക്കും നടക്കുന്ന വിവാഹ കര്‍മ്മങ്ങള്‍ക്ക് വ്യത്യാസമുണ്ട്. ചിറയിന്‍കീഴിനും, കൊട്ടാരക്കരയ്ക്കും ഇടയ്ക്കുളള സ്ഥലത്ത് പെണ്‍കുട്ടികള്‍ ഋതുവാകുന്നതിനു മുന്‍പു വിവാഹം നടത്താറുണ്ട്. ബാല്യ വിവാഹത്തിന്റെ പതിപ്പാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചെറുക്കന്റെ അച്ഛനും, അമ്മാവനും കൂടി പോയാണ് പെണ്ണിനെ ചോദിക്കുന്നത്. നാലു രൂപയാണ് പെണ്‍പണം, പെണ്ണിനു കൊടുക്കേണ്ടത്. പെണ്‍വീട്ടില്‍ വച്ചാവും കല്യാണം. വന്‍ സദ്യയും ഉണ്ടാവും. അമ്മ കല്യാണപെണ്ണിന്റെ മുണ്ടില്‍ 4 ചക്രം കെട്ടിക്കൊടുക്കുന്ന ചടങ്ങുമുണ്ട്. ചടങ്ങിനു ശേഷം വധുവും വരനും വരന്റെ വീട്ടിലേയ്ക്ക് പോകും. അവിടെയും സദ്യവട്ടങ്ങള്‍ ഉണ്ടായിരിക്കും. എഴാം ദിവസം വധുവിന്റെ മാതാപിതാക്കള്‍ മധുരപലഹാരങ്ങളുമായി വരന്റെ വീട്ടിലെത്തും.

കുന്നത്തു നാട്ടിലെ വെമ്പറയരുടെ കല്യാണം അത്യന്തം സങ്കീര്‍ണമാണ്. കെട്ടുകല്യാണം പെണ്‍കുട്ടിക്ക് പത്തു വയസ്സിനുമുന്‍പുതന്നെ നടത്താറുണ്ട്. മോളയാന്‍ (വരന്‍) പുതുവസ്ത്രവും, താലിയും കെട്ടിക്കുക പതിവാണ്. ഇത് കിഴക്കോട്ടു നിന്നു തന്നെ വേണം. പെണ്‍വീട്ടുകാര്‍ സദ്യയും മുറുക്കാനും കൊടുക്കണം. മോളയാന് പെണ്‍കുട്ടിയെ ഭാര്യയായി സ്വീകരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഒരു രൂപയും വാങ്ങിക്കൊണ്ട് അന്നു തന്നെ ബന്ധം വിടര്‍ത്തി പോകാവുന്നതാണ്. അതല്ല ബന്ധം തുടരണ മെങ്കില്‍ കന്യക ഋതുമതിയായി എന്ന് പെണ്‍വീട്ടുകാര്‍ അറിയിക്കുമ്പോള്‍ തിരികെവന്ന് വരന്‍ പെണ്ണിന്റെ അമ്മാവന് 10 ചക്രം കൊടുക്കണം. അമ്മാവന്‍ വിവാഹത്തിന് വേണ്ടുന്ന ഏര്‍പ്പാടെല്ലാം ഒരുക്കും. രണ്ടാം വിവാഹദിനത്തില്‍ ചെറുക്കന്റെ അമ്മാവന്‍ പെണ്ണിന്റെ അമ്മാവന് 10 ചക്രവും, പെണ്ണിന്റെ അച്ഛനമ്മമാര്‍ക്ക് 21 ചക്രവും, പെണ്ണിന്റെ സഹോദരന് 4 ചക്രവും, പെണ്ണിന്റെ ഗോത്രത്തിലെ പെരുംപറയന് 6 ചക്രവും പ്രതിഫലമായി കൊടുക്കണം. പിന്നീട് പെണ്ണിന്റെ അമ്മാവനും, പെരുമ്പറയനും ചേര്‍ന്ന് ഇങ്ങനെപറയും 'മൂളച്ചിയുടെ മുടിയും മുലയും നശിപ്പിക്കരുത്. ചെവിയിലും കഴുത്തിലും അടയാളം വരത്തക്ക ഒരു ഉപദ്രവും അവളെ ചെയ്യരുത്. കാല്‍മുട്ടിന് മുകളിലും അരയ്ക്കുതാഴെയും അല്ലാതെ തല്ലുകയും അരുത്. മോളയാന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ പെണ്‍ പണം തിരിച്ചുതരില്ല.' ഇങ്ങനെയുള്ള നിരവധി കരാറുകള്‍ പറഞ്ഞൊപ്പിച്ചിട്ടായിരിക്കും വരന്‍ പെണ്ണിനെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുപോകുന്നത്. വരന്റെ വീട്ടിലും കെങ്കേമന്‍ സദ്യ വട്ടങ്ങള്‍ ഒരുക്കിയിരിക്കും. പത്തനാപുരംകാര്‍ക്ക് കളളുകുടി നടത്തിയാലെ പണ്ടൊക്കെ വിവാഹം പൂര്‍ണമാകു.ഇവരുടെ ഇടയില്‍ ആദ്യഭാര്യ വന്ധ്യയാണെങ്കിലെ സാധാരണ ഗതിയില്‍ പുനര്‍വിവാഹം ചെയ്യാറുണ്ടായിരുന്നുള്ളു. ഒന്നില്‍ കൂടുതല്‍ ഭാര്യ മാരുള്ളവരും വെമ്പറയുരുടെ ഇടയില്‍ ഉണ്ട്. എന്നാല്‍ ഭാര്യമാരെ ഒന്നിച്ചു താമസപ്പിക്കാറില്ല. പ്രത്യേകം കുടിലുകള്‍ നിര്‍മ്മിച്ചാണ് ഭാര്യമാരെ പൊറുപ്പിക്കുന്നത്. ഭാര്യമാര്‍ കൂടിയാല്‍ ഭര്‍ത്താവ് മടിയനായിതീരുന്നതും ഇവര്‍ക്കിടയില്‍ ദുര്‍ല്ലഭമല്ല. ജേഷ്ഠന്‍ മരിച്ചാല്‍ വിധവയെ ഇളയ സഹോദരന്‍ ഭാര്യയായി സ്വീകരിക്കും. എന്നാല്‍ അനുജന്‍ മരിച്ചാല്‍ വിധവയായ അനുജത്തിയെ ജേഷ്ഠന്‍ ഭാര്യയായി സ്വീകരിക്കാറില്ല. വിവാഹം പാടില്ലാത്ത ഗോത്രത്തിലെ പെണ്ണുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നവനെ കുറ്റവാളിയാക്കി പിഴ ഇടീക്കും. വ്യഭിചാരത്തില്‍ ഏര്‍പ്പെട്ട പെണ്ണും ആണും 4 ചക്രം വീതം പ്രായശ്ചിത്തം ചെയ്യണം. ഈ ചക്രം പെരുമ്പറയനുള്ളതാണ്. അയാളതു വാങ്ങിക്കൊണ്ടുപോയി കള്ളു വാങ്ങി മരിച്ചുപോയവരുടെ ആത്മാക്കളെ (ചാവുകളെ) സ്മരിച്ച് പ്രാര്‍ത്ഥിച്ചിട്ട് കള്ളു കുടിക്കുന്ന തോടെ വ്യഭിചരിച്ച കുറ്റത്തില്‍ നിന്നും അവര്‍ മുക്തരാകും. അതേസമയം മച്ചമ്പി കൂട്ടങ്ങള്‍ തമ്മിലുള്ള വ്യഭിചാരം (ലൈംഗികവേഴ്ച-ഇണചേരല്‍) വ്യഭിചാരമായി കണക്കുകൂട്ടാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

ഗര്‍ഭകാലത്ത് വെമ്പറയ സ്ത്രീകള്‍ വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ ചടങ്ങുകള്‍ക്ക് വിധേയരാകും. പത്തനാപുരത്തുകാര്‍ അഞ്ചാം മാസത്തില്‍ ഗര്‍ഭിണിക്ക് കാപ്പുകെട്ട് എന്നൊരു കര്‍മ്മം കഴിക്കാറുണ്ട്. മോതിരം കോര്‍ത്ത ഒരു ചരട് (കാപ്പ്) ഗര്‍ഭിണുയുടെ കയ്യില്‍ കെട്ടി എല്ലായിട ത്തുമുളള ചാവുകളേ മലദൈവങ്ങളേ ഈ കാപ്പുകെട്ടുന്ന പെണ്ണിനെ നിങ്ങള്‍ രക്ഷിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നു. അന്നുതന്നെ കളളുകുടിയും ബന്ധപ്പെട്ടവര്‍ നടത്തുക പതിവാണ്. മറ്റൊരു ആചാരം വടക്കന്‍ ജില്ലകളില്‍ നിലനിന്നിരുന്നു. ഏഴാം മാസത്തില്‍ നടത്തുന്ന പുളികുടി അടിയന്തിരത്തിന് മറ്റൊരു കര്‍മ്മം കൂടി അനുഷ്ഠിക്കുന്നു. ഒരു പുത്തന്‍ കലത്തില്‍ അഞ്ചര ഇടങ്ങഴി അരി ചോറുവെയ്ക്കും. ഈ ചോറും വാഴപ്പഴവും ഒരു കരിക്കും കൂടി കത്തിച്ച വിളക്കിനു മുന്നില്‍ വച്ച് വെമ്പറയര്‍ പ്രാര്‍ത്ഥിക്കുന്നു. ചില സ്ഥലങ്ങളില്‍ അമ്മയോ മറ്റു സ്ഥലങ്ങളില്‍ ഭര്‍ത്താവോ ഗര്‍ഭിണികള്‍ക്ക് പുളികുടിക്കാന്‍ കൊടുക്കും. ഗര്‍ഭിണിയെ പേറ്റിന് (പ്രസവത്തിന്) പെണ്‍ വീട്ടില്‍ കൊണ്ടു പോകും മുന്‍പ് സ്ഥലത്തെ മാന്ത്രികനെ വരുത്തി ഒഴിക്കല്‍ എന്ന കര്‍മ്മവും നടത്തുന്നു. ഉണക്കലരി, മലര്‍, നെല്ല്, തേങ്ങ, കോഴി, കളള് എന്നിവയാണ് ഒഴിക്കലിന് ഒരുക്കുന്നത്. അരിപ്പൊടി കൊണ്ട് ഒരു ഉരുളയും തീര്‍ക്കും. പന്തം കൊളുത്തി ഗര്‍ഭിണിയെ ഉഴിഞ്ഞ് എല്ലാദോഷങ്ങളും മാറ്റുന്നതി നെയാണ് ഒഴിക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രസവം പ്രത്യേകം കെട്ടിയ മാടത്തിലാണ്. അശുദ്ധി പതിനാറു ദിവസമാണ്. ഈ കാലത്ത് ഭര്‍ത്താവ് കളളും, പൊരിയും മാത്രമേ കഴിക്കാവു. പതിനേഴാം ദിവസം പ്രസവിച്ച സ്ത്രീ കുളിക്കുന്ന തോടെ പതിനാറു ദിവസം നീണ്ടുനിന്ന അശുദ്ധി അവസാനിക്കും. അന്നുതന്നെ കുട്ടിക്ക് പേരിടല്‍ കര്‍മ്മവും നടത്തുന്നു.

മരിച്ചവരെ സാധാരണ കുഴിച്ചിടുകയാണ് പതിവ്. കുഴിക്ക് അഞ്ചടി താഴ്ച കാണും. മൃതദേഹം മുഴുവനായി ഭസ്മംപൂശി, കോടിത്തുണി കൊണ്ട് ആസകലം പുതപ്പിക്കും. മന്ത്രങ്ങള്‍ ചൊല്ലി പെരുമ്പറയന്‍ വായ്ക്കരിയിടുന്നു. ചത്ത ആളിനെ അലഞ്ഞു തിരിയാതെ മാനത്ത് (സ്വര്‍ഗ്ഗത്ത്) കൊണ്ടുപോണേ എന്ന് പ്രാര്‍ത്ഥിക്കാനും പെരുമ്പറയന്‍ മറക്കാറില്ല. മകനും, അനന്തരവനും പതിനാറു ദിവസം പുല ആചരി ക്കണം. പതിനേഴാം ദിവസം കുളിച്ച് ബന്ധുക്കള്‍ക്കും മറ്റും സദ്യ കൊടുക്കുന്ന തോടെ പുലമാറും.

ഇരുപത്തിയെട്ടാം ഉച്ചാരത്തും നാളിലും (മകരം 28), കര്‍ക്കടകത്തിലെ കറുത്ത വാവിനും, തിരുവോണം (ചിങ്ങമാസം) നാളിലും പറയര്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നു. അവല്‍, മലര്‍, ഉണക്കലരി, വാഴപ്പഴം, ശര്‍ക്കര, കളള്, ചാരായം ഇവയൊക്കെയാണ് പൂജാദ്രവ്യങ്ങള്‍. കൃഷിനടത്തുമ്പോഴും, കൃഷികഴിഞ്ഞും പെരുമ്പറയന്‍ ചാവുകള്‍ക്ക് നേര്‍ച്ചകള്‍ നേരും. ചാത്തന്‍, മൂര്‍ത്തി, ഭഗവതി, ചാവുകള്‍ ഇവയൊക്കെ യാണ് പറയര്‍ ആരാധിക്കുന്നത്.

ഗ്രാമത്തിന് പുറത്താണ് ഇവര്‍ താമസിക്കുന്നത്. എന്നാല്‍ സാംബവരുടേതു പോലെ ചേരി നിവാസികളല്ല വെമ്പറയര്‍. ഓരോ കുടിലിന്റെ ചുറ്റിലും പറമ്പുകള്‍ ഉണ്ട്. ഒറ്റമുറിയും ഒറ്റവാതിലുമേ ഈ കുടിലുകള്‍ക്കുളളു. നാല് കാലുനാട്ടി ഓലകൊണ്ടും, വൈക്കോല്‍ കൊണ്ടും മണ്ണു കൊണ്ടും നിര്‍മ്മിച്ചതാണ് ഇവരുടെ വീടുകള്‍. ഈറ്റപ്പണികളില്‍ ഇവര്‍ അതി വിദഗ്ധരാണ്. വട്ടി, മുറം, കുട്ട, പരമ്പ് എന്നിവയും നെയ്തുണ്ടാക്കി വില്ക്കുന്നതില്‍ ഇവര്‍ ബഹുമിടുക്കരാണ്.

(ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും. ഇ തെഴ്സ്ടന്റെ 'കാസ്റ്റ് ആന്‍ഡ്‌ ട്രൈബ്സ് ഓഫ് സൌത്ത് ഇന്ത്യ')