"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കറുത്ത അമേരിക്ക: വ്യത്യസ്ത പാതകള്‍ - ദലിത് ബന്ധു ന്‍െ കെ ജോസ്

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് മാത്രമല്ല, ബുക്കര്‍ .ടി. വാഷിങ്ടനും, ഡബ്‌ളിയൂ. ഈ. ബി. ഡ്യൂബിയനും, ഫെഡറിക് ഡഗ്ലസും, ജോണ്‍ എച്ച്. ജോണ്‍സണും അങ്ങനെ അനേകം അമേരിക്കന്‍ കറുത്ത വംശജര്‍ അവിടെ നേതൃത്വ നിരയിലുണ്ടാ യിരുന്നു. എബ്രഹാം ലിങ്കനും ജോണ്‍.എഫ്.കെന്നഡിയും പോലെ വളരെ ചുരുക്കം വെള്ളക്കാര്‍ മാത്രമാണ് അവിടെ കറുമ്പരോട് അനുകമ്പ കാണിച്ചത്. അതിന്റെ പ്രതിഫലം അവര്‍ക്ക് അപ്പോഴപ്പോള്‍ തന്നെ ലഭിക്കുകയുമുണ്ടായി. ഉന്നതമായ ഒരു ആദര്‍ശത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വം അവരെ അനശ്വരരാക്കി. മുഴുവന്‍ ലോക ജനതയുടേയും അനുകമ്പ അവര്‍ പിടിച്ചടക്കി.

കറുമ്പര്‍ അടിമത്വത്തിന്റെ ദുഃഖം അനുഭവിച്ചറിഞ്ഞവരാണ്. 1856 ല്‍ വെര്‍ജീനിയായില്‍ ഒരു അടിമ ദമ്പതികളുടെ പുത്രനായിട്ടാണ് ബുക്കര്‍. ടി.വാഷിംഗ്ടണ്‍ ജനിച്ചത്. അതിന് 12 വര്‍ഷത്തിന് ശേഷം 1868 ല്‍ മസ്സാച്ചുസെറ്റിലെ ഗ്രേറ്റ് ബാറിങ്ടണിലാണ് ഡ്യൂബിയാസ് ജനിച്ചത്. ആ കുടുംബത്തിന് നൂറു കൊല്ലത്തെ അടിമത്ത പാരമ്പര്യം ഉണ്ടായിരുന്നു. ജനനവര്‍ഷംപോലുമറിയാതെ ഒരു അടിമസ്ത്രീക്ക് ജനിച്ചതാണ് ഫെഡറിക് ഡഗ്ലസ്. അദ്ദേഹത്തിന്റെ പിതാവ് ഒരു വെള്ളക്കാരനായിരുന്നു. അതിനാല്‍ ഡഗ്ലസിന് മാതാവിനെ കാണുവാന്‍ പോലും കഴിഞ്ഞിട്ടില്ല. ആ ബന്ധം നിലനിര്‍ത്താതിരിക്കുവാന്‍ വേണ്ടി മാതാവിനെ അയാള്‍ വിലയ്ക്ക് കൈമാറി. അമേരിക്കന്‍ കറുമ്പരുടെ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ പരിതസ്ഥിതി ഏറെ പരിതാപ കരമായിരുന്നപ്പോഴാണ് അവര്‍ എല്ലാവരും ആ ജനതയുടെ രക്ഷയ്ക്കായി സ്വയം അര്‍പ്പണം ചെയ്തത്.

എന്നാല്‍ അവകാശ സംരക്ഷണത്തിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗത്തെപ്പറ്റി പ്രസ്തുത നേതാക്കള്‍ക്ക് രൂക്ഷമായ അഭിപ്രായവ്യ ത്യാസമുണ്ടായിരുന്നു. ഒരു കൂട്ടര്‍ സൈദ്ധാന്തിക നേതൃത്വമാണ്‌നല്‍കിയതെങ്കില്‍ മറ്റേ കൂട്ടര്‍ സമരാസക്ത നേതൃത്വമാണ് നല്‍കിയത്. അമേരിക്കന്‍ ഐക്യനാടുകളില്‍ പൂര്‍ണ്ണമായ പൗരത്വം സമ്പാദിക്കുക എന്നതാണ് അന്ന് അമേരിക്കന്‍ കറുമ്പരുടെ ലക്ഷ്യവും ആവശ്യവും. അക്കാര്യത്തില്‍ അവരാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരു ന്നില്ല. ചിലര്‍ അതിന് വേണ്ടി രക്തരൂക്ഷിതമായ സമരത്തെപ്പറ്റിപോലും ചിന്തിച്ചു. മറ്റ് ചിലര്‍ നിയമപരവും സമാധാനപരവുമായ സമര രീതി ആഗ്രഹിച്ചു. വേറെ ചിലര്‍ തിരിച്ച് ആഫ്രിക്കയിലേക്ക് പോകുന്ന പരിപാടി വരെ ആലോചിച്ചു. അത് പ്രധാനമായും ഉന്നയിച്ചത് മാര്‍ക്‌സ് ഗാര്‍വേപാന്‍ ആണ്. അദ്ദേഹം കറുത്ത ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ട ആളാണ്. 1920ലാണ് അത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഉന്നയിക്കപ്പെട്ടത്.

കഠിന പ്രയത്‌നവും സാമ്പത്തിക അച്ചടക്കവും വഴി മെച്ചമായ സാമ്പത്തിക നില കറുമ്പര്‍ നേടിയെടുക്കുന്നതുവരെ രാഷ്ട്രീയ സ്വാത ന്ത്ര്യത്തിനോ തുല്യപൗരാവകാശങ്ങള്‍ക്കോ വേണ്ടി ശ്രമിക്കേണ്ടതില്ല. സാമ്പത്തിക നിലപാട് മെച്ചപ്പെട്ടു കഴിഞ്ഞാല്‍ മറ്റുള്ളതെല്ലാം നിഷ്പ്രയാസം നേടി എടുക്കാന്‍ കഴിയും. അതിനാല്‍ തല്‍ക്കാലം വെള്ളക്കാരോട് സമരത്തിന് പോകാതെ സാമ്പത്തിക അച്ചടക്കം പാലിച്ചു. ദുര്‍വ്യയങ്ങള്‍ കുറച്ചു കഠിനപ്രയത്‌നം നടത്തുക. കഠിന പ്രയത്‌നം നടത്തി വെള്ളക്കാരോടൊപ്പം സമ്പന്നമായ ഒരു ജീവിതം നയിക്കാന്‍ യത്‌നിക്കുക എന്നതാണ് ബുക്കര്‍ ടി. വാഷിംഗ്ടണും കൂട്ടരും ജനതയ്ക്ക് നല്‍കിയ ഉദ്‌ബോധനം. സാമ്പത്തിക സര്‍വ്വാധിപത്യത്തിന്റെ മറ്റൊരുമുഖം.

ഡ്യൂബിയാസ് തികച്ചും അതില്‍ നിന്നും വ്യത്യസ്തമായ ഒരു നയമാണ് സ്വീകരിച്ചത്. കറുമ്പര്‍ക്കും വോട്ടവകാശം അത്യാവശ്യമാണ്. തുല്യമായ പൗരാവകാശം നിര്‍ബന്ധമായും വേണം. കറുമ്പരുടെ കുട്ടികള്‍ക്കും തങ്ങളുടെ കഴിവിനനുസരിച്ച് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളും ആവശ്യമാണ്. അതൊന്നും സാമ്പത്തിക മായി മെച്ചപ്പെട്ട നില കൈവരിക്കുന്നതു വരെ മാറ്റി വയ്ക്കാവുന്നതല്ല. സാമ്പത്തികമായി മെച്ചപ്പെട്ട നില കൈവരിക്കണമെങ്കില്‍ സാംസ്‌ക്കാ രികമായി മെച്ചപ്പെട്ട നിലയും ആവശ്യമാണ്. അതൊരു ദൂഷിത വലയമാണ്. അതിനാല്‍ ഒന്നിനു പ്രാധാന്യം കൊടുത്ത് കൊണ്ട് മറ്റൊന്ന് മാറ്റി വയ്ക്കാന്‍ പാടില്ല എന്ന അഭിപ്രായവുമായി ഡ്യൂബിയാസ് രംഗത്തിറങ്ങി.

ഇന്ത്യയില്‍ ഗാന്ധിയും നെഹ്‌റുവും മറ്റെല്ലാ കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞതും ബുക്കര്‍ ടി വാഷിംഗ്ടണിന്റെ അഭിപ്രായമാണ്. രാജ്യം സാമ്പത്തികമായി പുരോഗതി നേടുമ്പോള്‍ രാജ്യത്തെ ദരിദ്രനാരായ ണന്‍മാരും പുരോഗതി നേടും എന്നാണ് അന്നവര്‍ വാദിച്ചത്. സാമൂഹ്യ പുരോഗതിക്ക് വേണ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ട ആവശ്യമില്ല. അവരെല്ലാം കാറല്‍ മാര്‍ക്‌സിന്റെ സാമ്പത്തിക സര്‍വ്വാധിപത്യത്തെ എതിര്‍ക്കുന്ന വരാണെങ്കിലും പ്രവര്‍ത്തിയില്‍ അതിനെ അനുകൂലിക്കു ന്നവരാണ്. സമ്പത്ത് വര്‍ദ്ധിച്ചാല്‍ എല്ലാമായി എന്നു കരുതുന്നവര്‍. അമേരിക്കയും അമേരിക്കയിലെ വെള്ളക്കാരും അന്നും സാമ്പത്തി കമായി ഉന്നത നിലയിലായിരുന്നു. സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്തെ ഇന്ത്യപോലെ യായിരുന്നില്ല. ഈ ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ചതു പോലെ ഇന്ന് അവിടെ കേവലം 8.5% പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. ഇന്ത്യയില്‍ ഇന്ന് വളരെയേറെ സാമ്പത്തിക പുരോഗതി നേടി എന്ന് ഭരണകക്ഷിയും പ്രതിപക്ഷവും ഒരു പോലെ അവകാശ പ്പെടുന്നു. എന്നിട്ടും ഇന്ന് ഇവിടെ 35% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്നാണ് ഔദ്യോഗിക കണക്ക്. അതിനാല്‍ സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് അത് എത്രയായിരുന്നിരിക്കണം?

ഇന്ന് ബി.ജെ.പി.യുടെ ഇന്ത്യ തിളങ്ങുന്നതാണല്ലോ. ബി.ജെ.പി.യുടെ ഇന്ത്യ എന്നത് ബ്രാഹ്മണ ജാതി പാര്‍ട്ടിയുടെ ഇന്ത്യ. തനി സവര്‍ണ്ണ ഇന്ത്യ. അത് ഇന്നു മാത്രമല്ല അന്നും തിളങ്ങുന്നതായി രുന്നു. ദലിത് ഇന്ത്യ എന്ന മറ്റൊരു ഇന്ത്യ ഉണ്ട് എന്നവര്‍ അംഗീകരി ക്കുന്നില്ല. അതു തന്നെയാണ് അടിസ്ഥാന പ്രശ്‌നം. ഇന്ത്യ ബ്രാഹ്മണ ന്റേതായിരുന്നില്ല. ദലിതന്റേതാ യിരുന്നു. ഒരു കാലത്ത് ഇന്ത്യ ദലിതന്റേത് മാത്രമായിരുന്നു. അന്ന് പുറത്ത് നിന്നും കാലികളെ തെളിച്ച് കൊണ്ട് കടന്നുവന്ന നായാടികളാ യിരുന്നു ബ്രാഹ്മണര്‍. അവര്‍ ഇന്ത്യ അവരുടേതാക്കി. അതിനവര്‍ പുതിയ പേരു കൊടുത്തു. ആര്യാവര്‍ത്തം, ബ്രഹ്മാവര്‍ത്തം തുടങ്ങിയവ. ആ ഇന്ത്യ അന്നുമുതല്‍ തന്നെ തിളങ്ങാന്‍ തുടങ്ങി. ഇന്നും തിളങ്ങുന്നു. പക്ഷേ 109 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ തിളങ്ങിയത് കേവലം 6% മാത്രമുള്ള ബ്രാഹ്മണരും പിന്നെ പരമാവധി 9% വരുന്ന അവരുടെ ഗുണ്ടാസംഘമായ ബ്രാഹ്മണിസ്റ്റുകളും. ബാക്കി 85% ഇന്ന് തിളങ്ങുകയില്ല, കിടുങ്ങുകയാണ്.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി എന്നത് ദലിതരെ ബാധിക്കുകയില്ല. അവരില്‍ അത് മാറ്റം സൃഷ്ടിക്കുകയില്ല എന്ന് വാദിച്ചത് ഡോ: അംബേദ്ക്കര്‍ മാത്രമാണ്. പ്രധാനമായും സാമ്പത്തിക പരാധീനതയല്ല ദലിതരെ ദലിതരാക്കിയത് എന്നതാണ് അന്ന് അംബേദ്ക്കര്‍ ചൂണ്ടി കാണിച്ചത്.

അതിന് ഉത്തമോദാഹരണം അദ്ദേഹത്തിന് ലഭിച്ച അനുഭവംതന്നെയാണ്. അദ്ദേഹം ബറോഡ രാജ്യത്തെ മിലിട്ടറി സെക്രട്ടറി എന്ന ഉന്നത ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലത്ത് പോലും ഒരു ഗ്ലാസ് ദാഹജലത്തിന് ആ നഗരത്തില്‍ അദ്ദേഹത്തിന് കെഞ്ചേണ്ടി വന്നു. അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസവും ഔദ്യോഗിക സ്ഥാനവും അതില്‍ നിന്നും ലഭിക്കുന്ന ഭാരിച്ച ശമ്പളമൊന്നും അദ്ദേഹത്തെ ദലിതനല്ലാതാക്കിയില്ല. അദ്ദേഹ ത്തിന്റെ ഓഫീസിലെ പ്യൂണ്‍ വരെ അദ്ദേഹത്തെ കണ്ടത് വെറും ഒരു ചണ്ഡാലനായിട്ടാണ്. അതിനാല്‍ സാമ്പത്തികമല്ല പ്രശ്‌നം, മുഖ്യപ്രശ്‌നം ജാതിയാണ് എന്ന് ചൂണ്ടിക്കാട്ടിയത് ഇന്ത്യയില്‍ അദ്ദേഹമാണ്. ഇന്ന് അത് സത്യമായി ഭവിച്ചു. പക്ഷേ അത് ബോദ്ധ്യപ്പെടുത്താന്‍ അവരാരും, നെഹ്‌റു ഗാന്ധി പട്ടേല്‍ പ്രഭൃതികളാരും, ഇന്ന് ജീവിച്ചിരിപ്പില്ല. അവരെല്ലാം ഈ സത്യം ബോധ്യപ്പെടാതെ തന്നെ പിരിഞ്ഞു പോയി.

ദലിതരുടെ സമുദ്ധാരണം നടക്കണമെങ്കില്‍ ആദ്യം അറിയേണ്ടത്. അവര്‍ എങ്ങനെ ദലിതരായി എന്നതാണ്. അത് അന്വേഷിച്ചു കണ്ടുപിടിച്ചു നീക്കം ചെയ്താല്‍ മാത്രം ദലിതര്‍ അദലിതരാകുകയുള്ളൂ. ദലിതരെ ദലിതരാക്കിയത് സാമ്പത്തിക പരാധീനതയാണെങ്കില്‍ ഇന്നിവിടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെല്ലാം ദലിതരും ക്രീമിലയറുകാരെല്ലാം അദലിതരുമായിരിക്കണമല്ലോ. അതല്ലല്ലോ ഇന്നത്തെ സ്ഥിതി? എന്നിട്ടും ദലിതരെ അംഗീകരിക്കുവാന്‍ ഗാന്ധിയോ നെഹ്‌റുവോ ആരും തയ്യാറായില്ല. അവര്‍ പകരം മറ്റൊരു പേര് കണ്ടുപിടിച്ചു. ദരിദ്ര നാരായണന്‍മാര്‍. നെഹ്‌റു തന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ അത് പറയുന്നുണ്ട്. അദ്ദേഹം ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചിട്ടും ദരിദ്രനാരായണന്‍മാരെ അല്ലാതെ മറ്റൊരു വിഭാഗത്തെയും കാണാന്‍ കഴിഞ്ഞില്ല പോലും. മുമ്പ് സൂചിപ്പിച്ച ഡോ: അംബേദ്ക്കറുടെ അനുഭവം അദ്ദേഹത്തിന്റെ മുന്നില്‍ സജീവമായി ഉണ്ടായിരുന്നിട്ടും അതേപ്പറ്റി ചിന്തിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ബറോഡയില്‍ ജീവിക്കാന്‍ സാധ്യമല്ലാതെ അംബേദ്ക്കര്‍ ജോലി രാജിവയ്‌ക്കേണ്ടി വന്നത് നെഹ്‌റു അറിയാതിരിക്കാനിടയില്ല. അന്നല്ലെങ്കില്‍ പിന്നീടെങ്കിലും.

അമേരിക്കയിലും പ്രശ്‌നം ഇതുതന്നെയായിരുന്നുവെങ്കിലും അടിസ്ഥാന പരമായി വ്യത്യാസമുണ്ടായിരുന്നു. അമേരിക്കയുടേയും അമേരിക്കയിലെ വെള്ളക്കാരുടേയും സാമ്പത്തിക ഭദ്രത വളരെ ഉയര്‍ന്നതായിരുന്നു. 17, 18, 19 നൂറ്റാണ്ടുകളില്‍ കറുമ്പര്‍ ആ രംഗത്ത് വളരെ പിന്നിലായിരുന്നു. എന്നാല്‍ 19, 20 നൂറ്റാണ്ടുകളില്‍ അവരുടെ നില മെച്ചപ്പെട്ടു. പക്ഷേ പൗരാവകാശങ്ങളുടെ കാര്യത്തിലും സാമൂഹ്യരംഗത്തും അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. സാമ്പത്തികമെച്ചം സ്വാതന്ത്ര്യപ്രാപ്തി തരുകയില്ല.

വളരെ മൃദുവായി പറഞ്ഞാല്‍ ഗാന്ധി-നെഹ്‌റു-പട്ടേല്‍ പ്രഭൃതികളുടെ അനേക ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഹരിജ നോദ്ധാരണം. അബേദ്ക്കര്‍ക്ക് പ്രഥമവും പ്രധാനവുമായ ലക്ഷ്യം ദലിത് സമുദ്ധാര ണമായിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ അങ്ങനെയാ യിരുന്നു. അമേരിക്കയിലെ കറുത്തവരുടെ ഇടയിലെ രണ്ട് സിദ്ധാന്തക്കാ രുടെയും പ്രഥമവും പ്രധാനവുമായ ലക്ഷ്യം കറുമ്പരുടെ സമുദ്ധാരണ മായിരുന്നു. അവിടെ രണ്ട് സിദ്ധാന്തക്കാരും കറുമ്പര്‍ തന്നെയായിരുന്നു. അവിടത്തെ വെള്ളക്കാര്‍ക്ക് അങ്ങനെ ഒരു ചിന്ത പോലും ഉണ്ടായി രുന്നില്ല. ഇന്ത്യയില്‍ ഒരു സിദ്ധാന്തക്കാര്‍ ദലിതരും മറ്റുള്ളവര്‍ സവര്‍ണ്ണരു മായിരുന്നു. സവര്‍ണ്ണരെ നേരിട്ട് ബാധിക്കുന്നതല്ല ദലിത് സമുദ്ധാരണം എന്ന പ്രശ്‌നം.

1915ല്‍ ബുക്കര്‍ ടി വാഷിംഗ്ടണിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹ ത്തിന്റെ ആശയവും അവസാനിച്ചു. എന്നാല്‍ ഡ്യൂബിയാസിന്റെ ആശയങ്ങളും അദ്ദേഹം സ്ഥാപിച്ച എന്‍.എ.എ.സി.പി.യും (National Association for the Advancement of Coloured People) നിലനിന്നു. വാഷിംഗ്ടന്റെ ആശയങ്ങള്‍ ഗാന്ധിയെ ഏറെ സ്വാധീനിച്ചതായി ഗാന്ധിയുടെ ആത്മകഥയിലുണ്ട്. അത് അദ്ദേഹം ഇന്ത്യയില്‍ പ്രാവര്‍ത്തി കമാക്കാന്‍ നോക്കി. അത് അമേരിക്കയിലെ കറുമ്പര്‍ ഉപേക്ഷിച്ചതാണ്.

ആഫ്രിക്കയില്‍ നിന്നും നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വല വച്ച് ഓടിച്ചിട്ട് പിടിച്ച് അടിമകളാക്കി അമേരിക്കന്‍ വന്‍കരയില്‍ കൊണ്ടുവരപ്പെട്ടവരുടെ പിന്‍തലമുറയും അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പില്‍ നിന്നും പിന്‍തള്ളപ്പെട്ടു അമേരിക്കയില്‍ എത്തിയവരുടെ സന്തതി പരമ്പരകളും മനുഷ്യരെന്ന ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് എന്ന സത്യമാണ് കിങും അദ്ദേഹത്തെ പോലുള്ള നേതാക്കളും തങ്ങളുടെ ജീവിതം കൊണ്ട് ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ക്ക് ഒരു ബസ്സില്‍ ഒരുമിച്ചു യാത്ര ചെയ്യാനും ഒരു ഹോട്ടലില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കാനും ഒരേ വിദ്യാലയത്തില്‍ പഠിക്കാനും അങ്ങനെ നൂറുകൂട്ടം ദൈനംദിന കാര്യങ്ങളില്‍ സാഹോദര്യ ത്തോടെ ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് അദ്ദേഹവും മറ്റു നേതാക്കളും തങ്ങളുടെ ജീവന്‍ ഹോമിച്ചത്. ഭാര്യയേയും കുട്ടികളെയും ബോംബ് വച്ച് കൊല്ലാനുള്ള നീക്കത്തില്‍ നിന്നും യാദൃച്ഛികമായി രക്ഷപ്പെടുകയും വീട് നശിക്കുകയും ചെയ്തിട്ടും തന്റെ ദൃഢനിശ്ചയത്തില്‍ അണുപോലും മാറാത്ത മഹാശയനായിരുന്നു അദ്ദേഹം.

No taxation without representation (പ്രാതിനിധ്യമില്ലാതെനികുതി പാടില്ല) എന്ന് കോളനിക്കാലത്ത് രണ്ട് നൂറ്റാണ്ടിന് മുമ്പ് അവിടത്തെ വെള്ളക്കാര്‍ അവരെ അന്നു ഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് മേധാവിത്വത്തോടാ വശ്യപ്പെട്ടത് തങ്ങളോടും പ്രാവര്‍ത്തികമാക്കണമെന്ന് മാത്രമാണ് കിങും കൂട്ടരും ആവശ്യപ്പെട്ടത്. അന്ന് ബ്രിട്ടീഷുകാരോട് പൊരുതാന്‍ അവരുമു ണ്ടായിരുന്നു.

വെള്ളക്കാരും കറുത്തവരും രണ്ട് കൂട്ടരും വെറും കയ്യുമായി അമേരിക്ക വന്‍കരയില്‍ വന്നിറങ്ങി. അവിടത്തെ മണ്ണ് അവര്‍ക്ക് നല്‍കിയതാണ് രണ്ട് നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്ക കണ്ട സമ്പല്‍ സമൃദ്ധി. അതിന് വേണ്ടി പണി എടുത്തത് കറുത്തവരായിരുന്നുവെങ്കില്‍ പണി എടുപ്പിച്ചത് വെള്ളക്കാരായിരുന്നു. അതു മാത്രമായിരുന്നു അവര്‍ തമ്മിലുള്ള വ്യത്യാസം. സമൃദ്ധി വന്നപ്പോള്‍ അത് പണി എടുപ്പിച്ചവരുടേത് മാത്രമായി. അത് അംഗീകരിക്കാന്‍ കുറച്ച് താമസിച്ചാണെങ്കിലും പണി എടുത്തവര്‍ തയ്യാറായില്ല. അതിന്റെ ഫലമാണ് ഇന്ന് കാണുന്ന അമര്‍ഷം.