"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പണ്ഡിറ്റ് കെ പി കറുപ്പന്‍: ബാല്യം, വിദ്യാഭ്യാസം - ദലിത് ബന്ധു എന്‍ കെ ജോസ്

വൈദ്യപാരമ്പര്യമുള്ള (പ്രധാനമായും വിഷചികിത്സ) ഒരു കുടുംബത്തില്‍ വരാപ്പുഴയ്ക്കടുത്ത് ചേരാനെല്ലൂരില്‍ (ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടതാണ് ചേരാനെല്ലൂര്‍ എന്നാണ് ഐതിഹ്യം.) കണ്ടത്തിപറമ്പു വീട്ടില്‍ 1885 മേയ് 24-ാം തീയതി1 ജനിച്ച കറുപ്പന്‍ മലയാളത്തിലും സംസ്‌കൃതത്തിലും അസാമാന്യപണ്ഡിതനായി വളര്‍ന്നു. സ്‌കൂളിലും കോളേജുകളിലും ആ വിഷയങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം, സംസ്‌കൃതം ലക്ചററായി രുന്നപ്പോഴാണ് 1938-ല്‍ അദ്ദേഹം നിര്യാതനായത്.2 പക്ഷേ അദ്ദേഹത്തിന് ഔദ്യോഗിക വിദ്യാഭ്യാസം ഒട്ടും തന്നെ ലഭിച്ചിരുന്നില്ല. ഒരു സ്‌കൂളിലോ കോളേജിലോ പോയി പഠനം നടത്തിയിട്ടില്ല.ഒരു കോളേജ് ലക്ചററാകാ നുള്ള യോഗ്യത അദ്ദേഹം സ്വപ്രയത്‌നം കൊണ്ടു തന്നെ സമ്പാദിച്ചു. സ്‌കൂളില്‍പോലും പഠിച്ചിട്ടില്ലാത്ത അദ്ദേഹം കോളേജ് അധ്യാപകനായി. അദ്ദേഹത്തിന്റെ മരണംമൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് മഹാകവി ജി. ശങ്കരക്കുറുപ്പാണ് നിയമിതനായത്. കറുപ്പന്‍ മാസ്റ്റര്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഗുരു രാമപ്പിഷാരടിയാണ് ആ സ്ഥാനം വഹിച്ചിരുന്നത്. രാമപ്പിഷാരടി, പണ്ഡിറ്റ് കറുപ്പന്‍, ജി.ശങ്കരക്കുറുപ്പ് എന്നീ എറണാകുളം മഹാരാജാസ് കോളേജ് മലയാള അധ്യാപകശൃംഖലയിലെ മധ്യസ്ഥിതനായിരുന്നു അദ്ദേഹം

2 കേരളത്തില്‍ സാധാരണ ഈഴവരാണ് സംസ്‌കൃതത്തിലും ആയുര്‍വേദത്തിലും നിഷ്ണാതരായിരിക്കുന്നത്. അരയന്‍മാര്‍ വളരെ അപൂര്‍വ്വമായിട്ടു മാത്രമാണ് വൈദ്യരെന്ന നിലയില്‍ പ്രഗത്ഭരായിരി ക്കുന്നത്. ആ അപൂര്‍വ്വങ്ങളില്‍ ഒന്നാണ് കറുപ്പന്റെ തറവാടായ കണ്ടത്തിപറമ്പില്‍ കുടുംബം. ഈഴവരും മുക്കുവരും പുലയരുമെല്ലാം ഒരു കാലത്ത് ബുദ്ധധര്‍മ്മ വിശ്വാസികളായിരുന്നു. സിലോണില്‍ നിന്ന് അന്ത:ഛിദ്രത്തെ തുടര്‍ന്ന് നാടുവിടേണ്ടിവന്ന മഹായാന ബുദ്ധമതക്കാര്‍ കേരളത്തില്‍ അമ്പലപ്പുഴയ്ക്കു തെക്കുവശം സമുദ്രതീരത്ത് വന്ന് ആസ്ഥാനമുറപ്പിച്ചു. ഒരു കാലത്ത് അത് ലോകപ്രശസ്തമായ ഒരു ബുദ്ധമതകേന്ദ്രമായി. കേരളത്തിലെങ്ങും ബുദ്ധമതം അവിടെ നിന്നും പ്രചരിച്ചു. അങ്ങനെ അത് ശ്രീമൂലവാസം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കേരളത്തിലെ ബുദ്ധമതത്തിന്റെ മൂലസ്ഥാനം. ക്രമേണ കേരളത്തില്‍ ജനസംഖ്യയില്‍ കൂടുതലുണ്ടായിരുന്ന ഈഴവരുടേതായി ബുദ്ധമതം. ഈഴവര്‍ സിലോണില്‍ നിന്നും വന്നവരാണ് എന്ന ഐതിഹ്യം രൂപം കൊള്ളുന്നതിനു പോലും അത് കാരണമായി. അത്രയേറെ ഈഴവരാണ് അന്ന് ബുദ്ധമതാനുയായികളായത്. (കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ സിറിയായില്‍ നിന്നു വന്നവരാണ് എന്നു പറയുന്ന ഐതിഹ്യം പോലെതന്നെ) കേരളത്തിന്റെ ഔദ്യോഗികമതം അന്ന് ബുദ്ധധര്‍മ്മം ആയിരുന്നു എന്നു പറയത്തക്കവിധത്തിലുള്ള പ്രചാരം അതിനിവിടെ ലഭിച്ചിരുന്നു. അപ്പോഴും ബുദ്ധന്റെ പര്യായമായ ചെറുമന്‍, ചാത്തന്‍ തുടങ്ങിയ പേരുകള്‍ കൂടുതലായി ഉപയോഗിച്ചി രുന്നത് പുലയരാണ്. ആര്യന്മാരുടെയും ഹിന്ദുമതത്തിന്റെയും കേരളത്തിലേയ്ക്കുള്ള ആഗമനത്തിനു മുമ്പുള്ള സ്ഥിതിയായിരുന്നു അത്. അന്ന് ആ ബുദ്ധമതത്തില്‍നിന്നും ഈഴവര്‍ക്കു ലഭിച്ചതാണ് ആയുര്‍വേദവും ആയുര്‍വേദത്തിന്റെ ഭാഷയായ സംസ്‌കൃതവും. ശൂദ്രനുപോലും അക്ഷരപഠനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ശൂദ്രനില്‍ താഴെ എന്നു കല്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് ആയുര്‍വേദം ലഭിക്കാന്‍ കാരണം അവര്‍ ശൂദ്രരാകുന്നതിനുമുമ്പ് ഇവിടെ ആയുര്‍വേദം ഉണ്ടായിരുന്നു എന്നതാണ്. അവര്‍ ശൂദ്രരും ശൂദ്രരില്‍ താഴെയുമാകു ന്നതിനുള്ള വ്യവസ്ഥകളിലൊന്ന് അത് ഉപേക്ഷിക്കുക എന്നതായിരുന്നു. അങ്ങനെയാണ് അക്ഷരാഭ്യാസം അവര്‍ക്ക് നിഷേധിച്ചത്. ഇല്ലാത്ത ഒന്നിനെ നിഷേധിക്കുക സാദ്ധ്യമ ല്ലല്ലോ. പുരുഷന്‍മാര്‍ പ്രസവിക്കരുത് എന്ന നിരോധനം ഒരു കാലത്തും ആരും പുറപ്പെടുവിച്ചില്ല. ശൂദ്രര്‍ നമ്പൂതിരിമാരുടെ ദാസ്യപ്പണിക്കുവേണ്ടി ആയുര്‍വേദവും സംസ്‌കൃതവും അക്ഷരവും ഉപേക്ഷിച്ചു. ഈഴവരും അരയരും മറ്റും അതിനു തയ്യാറായില്ല. അവര്‍ ആയുര്‍വേദവും സംസ്‌കൃതവും നിലനിര്‍ത്തി. അഥവാ ബ്രാഹ്മണര്‍ ഇവിടെ വരുന്നതിനുമുമ്പ് ഇവിടെ ഉണ്ടായിരുന്ന ജനം ഒന്നായിരുന്നു. ബ്രാഹ്മണര്‍ വന്നപ്പോള്‍ അവരുമായി ആ ജനത്തില്‍ കുറച്ചുപേര്‍ ബന്ധപ്പെട്ടു. ബന്ധപ്പെടലിനു ബ്രാഹ്മണര്‍ ചില നിബന്ധനകള്‍ വച്ചു. അതാണ് അക്ഷരപഠനം ഉപേക്ഷിക്കുക തുടങ്ങിയവ. അതിനു തയ്യാറായവര്‍ പിന്നെ ശൂദ്രര്‍ എന്ന പേരില്‍ അറിയപ്പെട്ടു. അതിനു തയ്യാറല്ലാത്തവരെ ബ്രാഹ്മണര്‍ അയിത്തക്കാരാക്കി മാറ്റി. അവരാണ് പിന്നെ ഈഴവരും പുലയരും അരയരും എല്ലാമായത്. ഇന്ന് സംസ്‌കൃതത്തിന്റെ കുത്തക ബ്രാഹ്മണരാണ് നില നിര്‍ത്തിക്കൊണ്ടു പോകുന്നത്. സംസ്‌കൃതം കൂടാതെ ആയുര്‍വ്വേദം കൈകാര്യം ചെയ്യുക അസാധ്യമാണ്. എന്നാല്‍ സംസ്‌കൃതത്തിനു മുമ്പ് രൂപം കൊണ്ടതാണ് ആയുര്‍വ്വേദം. സംസ്‌കൃതം സംസ്‌ക്കരിക്കപ്പെട്ട ഭാഷയാണ്. സംസ്‌ക്കരിക്കപ്പെടുന്നതിനു മുമ്പ് അതു പ്രാകൃതമായിരുന്നു, പാലിയായിരുന്നു. പുരാതന ബുദ്ധമതഗ്രന്ഥങ്ങള്‍ അധികവും രചിക്കപ്പെട്ടത് പാലിയിലായിരുന്നു. അതിനാല്‍ ആദ്യകാല ആയുര്‍വ്വേദ ഗ്രന്ഥങ്ങളും രചിക്കപ്പെട്ടത് പാലിയിലായിരിക്കണം. സൈന്ധവ സംസ്‌ക്കാരത്തെ ആര്യന്മാര്‍ നശിപ്പിച്ച് അവരുടെ ഭാഷയെ സംസ്‌ക്കരിച്ചു സ്വന്തമാക്കിയ കൂട്ടത്തില്‍ അഥര്‍വ്വവേദത്തെയും അതിന്റെ ഭാഗമായ ആയുര്‍വേദത്തെയും പിന്നെ ഉപനിഷത്തുകളെയും കൂടി അവര്‍ 'വെടക്കാക്കി തനിക്കാക്കി. അന്ന് സിന്ധു നദീതടത്തില്‍ നിന്നും നാലുപാടും ഓടി രക്ഷപ്പെട്ടുവെന്ന് ഋഗ്വേദം പറയുന്നവരില്‍ ഒരു കൂട്ടര്‍ എത്തിയത് കേരളത്തിലാണ്.3 അതിനാല്‍ കൂടുതല്‍ ശുദ്ധമായ ആയുര്‍വേദം കേരളീയര്‍ക്കു ലഭിച്ചു. അങ്ങനെ അതു ലഭിച്ച കേരളീയര്‍ പിന്നീട് ഈഴവരായും അരയരായും പുലയരായും മറ്റും വേര്‍തിരിക്കപ്പെട്ടു. ബ്രാഹ്മണ ആഗമനത്തോടുകൂടിയാണ് ആ വിഭജനമുണ്ടായത്. അങ്ങനെയാണ് പ്രഗത്ഭരായ ആയുര്‍വേദ പണ്ഡിതന്മാര്‍ കേരളത്തിലും പുരാതന തമിഴ് നാട്ടിലുമുണ്ടായത്. അതിനാല്‍ സംസ്‌കൃതവും ആയുര്‍വേദവും കേരളജനതയുടെ പൈതൃകമാണ്. അതിന്റെ ഓഹരിയാണ് കറുപ്പന്‍മാസ്റ്റര്‍ക്കും ലഭിച്ചത്.4

3 ആയുര്‍വേദവിധി പ്രകാരമുള്ള ഔഷധങ്ങളില്‍ എഴുപത്തി യഞ്ചുശതമാനവും കേരളത്തില്‍ വളരുന്ന ചെടികളും സസ്യങ്ങളും വൃക്ഷങ്ങളും എല്ലാമാണ് എന്നതിന്റെ അര്‍ത്ഥം ആയുര്‍വേദത്തിന് മികച്ച സംഭാവനകള്‍ നല്‍കിയത് കേരളീയരാണ് എന്നാണ്. 'ചുക്കില്ലാത്ത കഷായമില്ല''എന്നാണല്ലോ പഴമൊഴി. ബി.സി അവസാന നൂറ്റാണ്ടുകളിലും ഏ.ഡി. ആദ്യനൂറ്റാണ്ടുകളിലും ഇഞ്ചിയും ചുക്കും കേരളത്തിലല്ലാതെ ലോകത്ത് മറ്റ് എവിടെയാണ് ഉണ്ടായിരുന്നത്? ആര്യന്‍മാരുടെ സൈന്ധവാക്രമണത്തിനു മുമ്പ്, കേരളവും സിന്ധൂനദീതടവുമായി വ്യാപാരബന്ധമുണ്ടായിരുന്ന കാലത്ത് സിന്ധൂനദീതടത്തില്‍ രൂപം കൊണ്ടതാണ് ആയുര്‍വേദവും അതുള്‍ക്കൊള്ളുന്ന അഥര്‍വ്വവേദവും. ഇവിടെ നിന്നും കൊണ്ടുപോയ സസ്യങ്ങളെക്കൊണ്ട് അവര്‍ വികസിപ്പിച്ചെടുത്ത ചികില്‍സാ സമ്പ്രദായമാണ് ആയുര്‍വേദം. പിന്നെ ആര്യന്‍മാര്‍ അതു കയ്യടക്കിക്കഴിഞ്ഞ് അതു അവരുടേതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഒട്ടേറെ കെട്ടുകഥകളും ഐതിഹ്യങ്ങളും പുരാണങ്ങളും ചമച്ചു. അന്ന് ആര്യന്‍മാരുടെ ദാസരാകാനും ശൂദ്രരാകാനും തയ്യാറാകാതെ എതിര്‍ത്തുനിന്നവര്‍ തങ്ങളുടെ കുലധര്‍മ്മമായി ആയുര്‍വേദം സൂക്ഷിച്ചു. ഈഴവരുടെ കുലധര്‍മ്മമായി ഇന്നും ഈഴവര്‍പോലും ചെത്തും നെയ്ത്തുമല്ലാതെ ആയുര്‍വേദം പറയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈഴവരുടെ കുലത്തൊഴില്‍ ആയുര്‍ വേദമാണ്. 1904-ല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ വാര്‍ഷിക യോഗത്തില്‍ നൂറുരൂപകൊടുത്ത് അംഗത്വം നേടിയ 60 പേരില്‍ 16 പേര്‍ ആയുര്‍വേദവൈദ്യന്‍മാരായിരുന്നു എന്ന് ഡോ. പല്‍പ്പു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍ത്തൂസ് മലബാറിക്കസ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതിയ കടക്കരപ്പള്ളിയിലെ ഇട്ടിയച്ചുതന്‍ ആ പാരമ്പര്യത്തിന്റെ സന്തതിയാണ്. അന്ന് ഈഴവരിലെ ക്രിമിലെയര്‍ ആയുര്‍വേദ വൈദ്യന്‍മാരായിരുന്നു. ആയുര്‍വേദം ഇവിടെ തഴച്ച് വളര്‍ന്നത് ബുദ്ധമതപ്രാബല്യകാലത്താണ്. അന്ന് ആര്യന്‍മാര്‍ ഇവിടെ എത്തിയിരുന്നില്ല. പിന്നെ ആര്യന്‍മാര്‍വന്ന് നാടൊട്ടാകെ അവരുടെ ആധിപത്യം സ്ഥാപിച്ചു. ബുദ്ധമതവിശ്വാസികളെ അവര്‍ നശിപ്പിച്ചു. ബ്രാഹ്മണര്‍ അത് ഏറ്റെടുത്തു. നല്ലത് എവിടെ കണ്ടാലും കൈവശപ്പെടുത്തുകയും അതിന്റെ ഉല്‍പ്പാദകരും അവകാശികളും അധികാരികളും തങ്ങളാണ് എന്ന് ഐതിഹ്യങ്ങളിലൂടെ സ്ഥാപിക്കു കയും ചെയ്യുക എന്നത് ഒരു ആര്യന്‍ രീതിയാണല്ലോ. ഇന്നത് അമേരിക്കന്‍ രീതിയായി എന്നു മാത്രം. ആ വിധത്തില്‍ ആയുര്‍വേദവും അവര്‍ കൈവശപ്പെടുത്തി. എങ്കിലും അനാര്യമായ ആയുര്‍വേദം കൈക്കൊണ്ട വരെ അവര്‍ ജാതിയില്‍ താണവരാക്കി. ഇന്നും ആയുര്‍വേദം കൈകാര്യം ചെയ്യുന്ന ബ്രാഹ്മണര്‍ ജാതിയില്‍ താണവരാണല്ലോ. ആയുര്‍വേദത്തി ലൂടെ അയിത്തക്കാരുമായി ഇടപെടേണ്ടി വന്നതുമൂലമാണ് ജാതിയില്‍ താണവരായത് എന്ന വ്യാഖ്യാനവും നല്‍കി. ആയുര്‍വേദം ആര്യന്‍മാ രുടേതായിരുന്നില്ല എന്നതിനു തെളിവാണ് അത്.5 ബ്രാഹ്മണര്‍ ഒരിക്കലും അധഃസ്ഥിതരെ ചികില്‍സിച്ചിരുന്നില്ല. അത് മനുസ്മൃതിക്കു വിരുദ്ധമാണ്.

4 എന്നാല്‍ കറുപ്പന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. ആ കുടുംബം മലബാറിലെ പൊന്നാനി യില്‍നിന്നും ചേരാനെല്ലൂരിലേക്ക് കുടിയേറി പാര്‍ത്തതാ ണെന്നും അവര്‍ പൊന്നാനിയിലായിരുന്നപ്പോള്‍ ഒരു നമ്പൂതിരി കുടുംബത്തിനു അവര്‍ ചെയ്തുകൊടുത്ത എന്തോ പ്രത്യേകസഹായ ത്തിന്റെ ഫലമായി അവര്‍ ഒരു ആയുര്‍വേദഗ്രന്ഥം സമ്മാനിച്ചെന്നും കറുപ്പന്റെ പൂര്‍വ്വ പിതാവിന് ലഭിച്ച ഗ്രന്ഥത്തിലൂടെയാണ് അവര്‍ ഭിഷഗ്വരന്‍മാരായതെന്നുമാണ് ഐതിഹ്യം. അങ്ങനെയാണ് കണ്ടത്തിപ്പറ മ്പുകാര്‍ ആയുര്‍വേദത്തിലും സംസ്‌കൃതത്തിലും നിഷ്ണാതരായത്. ആ പാരമ്പര്യമാണ് കറുപ്പനില്‍ പ്രശോഭിച്ചതുപോലും. നല്ലത് എവിടെ കണ്ടാലും അതിന്റെ മൂലം ഒരു ബ്രാഹ്മണനില്‍ കൊണ്ടുചെന്നെത്തി ക്കുന്നതിനാവശ്യമായ ഐതീഹ്യങ്ങള്‍ മെനയുന്നതില്‍ ബ്രാഹ്മണര്‍ എന്നും വിദഗ്ധരായിരുന്നു എന്നതിനു മറ്റൊരു ഉദാഹരണമായി ഇതിനേയും കണക്കാക്കിയാല്‍ മതി. കറുപ്പന്റെ പൊന്നാനിയിലെ പൂര്‍വ്വ പിതാവിന് ആയുര്‍വേദ ഗ്രന്ഥം കൊടുക്കണ മെങ്കില്‍ അത് സ്വീകരിക്കുന്ന ആളിന് സംസ്‌കൃതം വശമായിരിക്കണം. അല്ലെങ്കില്‍ ആ സംസ്‌കൃത ഗ്രന്ഥം പട്ടിക്കു പൊതിയാതേങ്ങ കിട്ടിയതുപോലെ നിഷ്പ്രയോജനമാകുമല്ലോ. അതിനാല്‍ സംസ്‌കൃതവും ആയുര്‍വേദവും കണ്ടത്തിപറമ്പുകാര്‍ക്കു നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. എന്താണ് പറയിപെറ്റ പന്തിരു കുലത്തിന്റെ കഥ? എന്താണ് രാമാനുജന്‍ എഴുത്തച്ഛന്റെ ജനനത്തിന്റെ ഐതിഹ്യം! പെറ്റത് പറയിയാണെങ്കിലും ബീജം ബ്രാഹ്മണന്‍േറതാണ്. അതിനാല്‍ അവര്‍ പന്ത്രണ്ടുപേരും പ്രഗത്ഭരായി. ഒരു പറയിപെറ്റാല്‍ പന്ത്രണ്ടുകുലം ഉണ്ടാകുമോ? വളര്‍ന്ന ഗൃഹം നോക്കിയാണോ കുലം നിശ്ചയിച്ചിരിക്കുന്നത്. അത് മനുസ്മൃതിയിലെ ഏത് നിയമപ്രകാരമാണ്? കഥയില്‍ ചോദ്യമില്ലല്ലോ. നല്ലനേരം നോക്കി ബ്രാഹ്മണന്‍ സമ്മാനിച്ച ബീജമാണ് എഴുത്തച്ഛനെ എഴുത്ത ച്ഛനാക്കിയത്. ബീജസംഭാവനയുടെ കാര്യത്തില്‍ അയിത്തക്കാരായാലും ബ്രാഹ്മണര്‍ക്ക് വൈമനസ്യമില്ല.

കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ഐതിഹ്യങ്ങളെല്ലാം ബ്രാഹ്മണ മാഹാത്മ്യത്തിനുവേണ്ടിമെനയപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ ജനത്തെ ചൂഷണംചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യം.

5 കേവലം 13-ാമത്തെ വയസ്സില്‍ കവിതാരചന ആരംഭിച്ച കറുപ്പന്‍േറ തായി അനേകം കവിതകളും ലേഖനങ്ങളും ഖണ്ഡകാവ്യ ങ്ങളും നാടകങ്ങളുമെല്ലാമുണ്ട്. അതിന് പുറമേ വളരെയേറെ ഒറ്റ ശ്ലോകങ്ങളും കവിതകളിലൂടെയുള്ള കത്തുകളുമുണ്ട്. 

6 അദ്ദേഹം നന്നേ വെളുപ്പ് നിറമുള്ള ആളായിരുന്നു. ആറടിപ്പൊക്കം. ശാരീരികമായും തികഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഒരിക്കല്‍ റയില്‍വേ സ്റ്റേഷനില്‍ വച്ച് നട്ടുച്ചയ്ക്ക് അദ്ദേഹത്തെ ഡോ.പല്‍പുവിന് പരിചയപ്പെടുത്തി. ഇതാണ് കറുപ്പന്‍. എന്നാല്‍ ഇപ്പോള്‍ പാതിരാവാണ് എന്നാണ് പല്‍പു മറുപടിയായി പറഞ്ഞത്. അതാണ് അദ്ദേഹത്തിന്റെ നിറം. ചെറുപ്പത്തില്‍ അദ്ദേഹത്തിന് പിതാവ് നിര്‍ദ്ദേശിച്ച പേര് ശങ്കരന്‍ എന്നായിരുന്നു, കറുപ്പന്‍ എന്നായിരുന്നില്ല. അദ്ദേഹത്തിന്റെ ചെറുപ്പ കാലത്ത് അവിടെ പലപ്പോഴും വന്നുകൊണ്ടിരുന്ന ഒരു തമിഴന്‍ സന്യാസി ശങ്കരന്റെ മുഖശ്രീയും ചുറുചുറുക്കും മറ്റും കണ്ട് പയ്യനെ 'കര്‍പ്പന്‍', പഠിപ്പുള്ളവന്‍, എന്ന് തമിഴില്‍ വിളിച്ചു. എന്തുകൊണ്ടോ ആ പേരാണ് പിന്നീട് പ്രസിദ്ധമായിത്തീര്‍ന്നത്. കര്‍പ്പന്‍ പിന്നെ കറുപ്പനായി.

7 എറണാകുളത്ത് അദ്ദേഹം താമസിച്ചിരുന്ന ഭവനത്തിന്റെ പേര് 'സാഹിതീകുടീരം' എന്നായിരുന്നു അതൊരു വാടക കെട്ടിടമായിരുന്നു. പിന്നെ അദ്ദേഹം താമസസ്ഥലം മാറി. പക്ഷെ പേര് മാറിയില്ല. അദ്ദേഹം എവിടെ താമസിച്ചാലും അതെല്ലാം സാഹിതീ കുടീരമായിരുന്നു. ഒരു സാഹിത്യകാരനായി അറിയപ്പെടാനായിരുന്നു അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നത് എന്നാണല്ലോ അതിന്റെ അര്‍ത്ഥം. പിന്നെ അദ്ദേഹത്തിന്റെ അനുയായികളും സവര്‍ണ്ണരും ചേര്‍ന്ന് അദ്ദേഹത്തെ വെറും ഒരു കവിയായി ഒതുക്കി. അദ്ദേഹത്തിന്റെ കവിതകള്‍ വായനക്കാരില്‍ അമര്‍ഷം സൃഷ്ടിച്ചു. അമര്‍ഷമാണ് എന്നും എവിടെയും വിപ്ലവത്തിന്റെ വിത്ത്: അത് പൊട്ടുമ്പോഴാണ് വിപ്ലവം മുളയെടു ക്കുന്നത്.

പശുക്കളെ അടിച്ചെന്നാലുടമസ്ഥന്‍ തടുത്തിടും
പുലയരെ അടിച്ചെന്നാലൊരുവനില്ല
റോഡിലെങ്ങാനും നടന്നാലാട്ടുകൊള്ളും
തോട്ടിലേയ്‌ക്കൊന്നിറങ്ങിയാല്‍ കല്ലേറ്‌കൊള്ളും

അതുപാടുന്ന പുലയന് അമര്‍ഷമുണ്ടായില്ലെങ്കിലേ അത്ഭുതപ്പെ ടേണ്ടതുള്ളൂ. അദ്ദേഹം മന:പൂര്‍വ്വം വിപ്ലവകാരിയായതല്ല. തെറ്റിനേയും തിന്മയേയും കണ്ടപ്പോള്‍ പ്രതികരിച്ചു. ചൂഷണത്തെ ചൂഷണമെന്ന് വിളിച്ചു. അതിന്റെ പ്രത്യാഘാതം ജനങ്ങളില്‍ കണ്ടു. അനീതിക്കെതിരായി പ്രതികരിക്കുമ്പോള്‍ ഫലം വിപ്ലവമാണ്. അത് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. അതിന്റെ കാരണക്കാരന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താ വുമാകുന്നു. കറുപ്പനെ പലരും സൗമ്യനും ശുദ്ധനും വിനയാന്വിതനും പക്വതയേറിയവനും എന്നും മറ്റുമാണ് വിശേഷിപ്പിക്കാറുള്ളത്. സംശയമില്ല അദ്ദേഹം അതെല്ലാമായിരുന്നു. അവനെ അടിക്കുക അല്ലെങ്കില്‍ കൊല്ലുക എന്ന് ഒരിക്കലും അദ്ദേഹം ആഹ്വാനം ചെയ്തിട്ടില്ല, റൂസ്സോയും വാള്‍ട്ടയറും ആരേയും കൊല്ലുവാന്‍ ആവശ്യപ്പെട്ടില്ല. നഗ്നമായ പരമാര്‍ത്ഥങ്ങള്‍ വായനക്കാരുടെ ഉള്ളില്‍ തറയ്ക്കത്തക്ക വിധത്തില്‍ അവര്‍ വിളിച്ചുപറഞ്ഞു. എഴുതി. ഫലം ഫ്രഞ്ചു വിപ്ലവമായിരുന്നു. കറുപ്പനും പറഞ്ഞത് പലരുടെ ഹൃദയത്തിലും അന്നു തറച്ചു. എതിരാളികളോട് വെല്ലുവിളി നടത്താതെ അവരെ കാര്യം വ്യക്തമായി പറഞ്ഞു മനസ്സിലാക്കി, അവരെ കൂടി സഹകരിപ്പിച്ച് എല്ലാ കാര്യവും നടത്തുക എന്നതാണ് കറുപ്പന്‍ സ്വീകരിച്ച രീതി. അത് ഏറെ വ്യക്തമായി കാണാന്‍ സാധിച്ചത് എടക്കൊച്ചി ജ്ഞാനോദയംസഭ സ്ഥാപിച്ചതിലാണ്. അങ്ങനെ ഒന്ന് സ്ഥാപിക്കപ്പെടുന്നതിനെ എതിര്‍ത്തവരെ അദ്ദേഹം അതിന്റെ പ്രസിഡന്റാക്കി. കറുപ്പന്‍ മാറ്റത്തിനുവേണ്ടി നിന്നവനാണ്. മാറ്റം നല്ലതിലേയ്ക്കായിരിക്കണം. മണ്ണില്‍ നിന്നും മുറിച്ചുമാറ്റുന്നത് മരത്തിന് മോചനമാകാത്തതുപോലെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നത് മനുഷ്യന് മോചനമല്ല, ചങ്ങലയാണ്: ആ ചങ്ങലയില്‍ അവര്‍ണ്ണരെ തളച്ചിടാനാണ് എന്നും സവര്‍ണ്ണര്‍ ശ്രമിച്ചു പോന്നിട്ടുള്ളത് : അവന് ജീവിക്കുന്നതിനുവേണ്ടി ഇരുപത്തിനാലു മണിക്കൂറും പണിചെയ്യേണ്ട പരിതസ്ഥിതി ഉണ്ടാക്കുക, സമൂഹത്തെ വിവിധ കള്ളികളായി തിരിച്ചു പരസ്പരം പന്തിഭോജനം, വിവാഹബന്ധം, ആശയവിനിമയം തുടങ്ങിയവ നിഷേധിക്കുക, ഓരോ വ്യക്തിയേയും ഏകാന്തതയുടെ തടവിലാക്കുക... മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ വേണ്ടിയാണ് രൂപപ്പെട്ടിട്ടുള്ളത്. ആ സമൂഹത്തില്‍ അര്‍ഹമായ പങ്കാളിത്തം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അത് ലഭിച്ചില്ലെങ്കില്‍ അവന്‍ ഭീകരനായിമാറും. ഇന്ത്യയില്‍ ജാതി അവനെ ജനനാലെ അതിനര്‍ഹനല്ലാതാക്കി തീര്‍ക്കുന്നു. അവന്‍ ആരില്‍ നിന്നു ജനിക്കുവോ അതനുസരിച്ച് അവന്റെ ഭാവി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. വാലത്തിയില്‍ നിന്നു ജനിച്ചവന് സാഹിത്യം കൈകാര്യം ചെയ്യാന്‍ എന്തവകാശം എന്ന് കെ. രാമകൃഷ്ണപിള്ള ചോദിച്ചത് അതുകൊ ണ്ടാണ്. അദ്ദേഹം ഇന്നും പലര്‍ക്കും സ്വദേശാഭിമാനിയാണ് പോലും. ഇന്ത്യയില്‍ ഭീകരരായിട്ടുള്ളവരില്‍ ഭൂരിപക്ഷം പേരെയും ഭീകരരാക്കിയിട്ടുള്ളത് ജാതിയും മതവുമാണ്. ഇവിടെ തീവ്രവാദികള്‍ എന്നു പറയുന്നവരെല്ലാവരും തന്നെ കീഴാള ജാതികളില്‍ പെട്ടവരാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ ബഹുഭൂരിഭാഗവും മതപരിവര്‍ത്തനം നടത്തിയ ദലിതരാണ്.6 എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല. അവരുടെ കീഴാളത്തം അവസാനിപ്പിക്കാന്‍ ആരും ശ്രമിക്കുന്നില്ല. അവരെ ഭീകരര്‍ എന്ന് മുദ്രയടിച്ചു വെടിവെച്ചു കൊല്ലുക മാത്രമാണ് ചെയ്യുന്നത്. അവിടെയാണ് കറുപ്പന്‍ മാസ്റ്ററുടെ പ്രസക്തി. അദ്ദേഹം പ്രശ്‌നത്തിന്റെ മര്‍മ്മം കണ്ട് പ്രവര്‍ത്തിച്ചു. എറണാകുളത്തും പരിസര പ്രദേശത്തും ഭീകരരായി മാറാന്‍ സാധ്യതയുള്ള ഒരു വിഭാഗത്തെ അദ്ദേഹം മനുഷ്യരാക്കി മാറ്റി. അവരുടെ കീഴാളത്തം അവസാനിപ്പിക്കുവാന്‍ വേണ്ടി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. അതാണ് കറുപ്പന്‍ മാസ്റ്റര്‍. ഏതാനും കവിതകളെഴുതിയ വെറുമൊരു കവിയായിരുന്നില്ല അദ്ദേഹം. ഇന്ന് പത്തു കറുപ്പന്‍ മാസ്റ്റര്‍മാരെയാണ് ഇന്ത്യയ്ക്ക് ആവശ്യം.

8 അത്തോ പൂജാരി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാപ്പി എന്ന പിതാവും സ്വാമി ആനന്ദ യോഗിയായി മാറിയ കുട്ടപ്പന്‍ എന്ന ജ്യേഷ്ഠ സഹോദരനും അനുജനായ അയ്യപ്പനുമായിരുന്നു അടുത്ത ബന്ധുക്കള്‍. മാതാവ് കൊച്ചുപെണ്ണ്, അഴിക്കല്‍ അകത്തൂട്ട് വേലായുധന്‍ വൈദ്യരുടെ സഹോദരിയാണ്. ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ എഴുതിയ കേരള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തില്‍ കറുപ്പന്റെ പിതാവിന്റെ പേര് പറഞ്ഞിരിക്കുന്നത് അയ്യന്‍ എന്നാണ്.7 കെ.കെ വേലായുധന്‍ പറയുന്നത് കറുപ്പന്റെ പിതാവിന്റെ ശരിയായ പേര് പാപ്പു എന്നാണ്. അയ്യനെന്നും വിളിച്ചിരിക്കാം.8 (പാപ്പുവിന് ഒരു അരയ ചുവയും അയ്യന് ഒരു പുലയച്ചുവയുമുണ്ട്). പറമ്പുകാട്ട് ജൂത പറമ്പില്‍ കുഞ്ഞമ്മയായിരുന്നു കറുപ്പന്റെ ധര്‍മ്മപത്‌നി. അവര്‍ കുഞ്ഞമ്മയാശാട്ടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിദ്യാദാനമായിരുന്നു അവരുടെ പ്രധാന ജോലി എന്ന് അതില്‍ നിന്നും വ്യക്തമാണല്ലോ. അവര്‍ സംഗീതാധ്യാപികയായി സേവനം അനുഷ്ഠിച്ച് റിട്ടയര്‍ ചെയ്ത് അറുപതാം വയസ്സില്‍ നിര്യാതയായി..

9 കറുപ്പന് കൗമാരത്തില്‍ ഒരു വസൂരിരോഗം വന്ന് വളരെ കൂടുതലായി. രക്ഷപ്പെടുന്ന കാര്യം സംശയമായപ്പോള്‍ ആ രോഗം തനിക്ക് തന്ന് പുത്രനെ രക്ഷിക്കണമെന്ന് കറുപ്പന്റെ പിതാവ് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു എന്നും അതിന്റെ ഫലമായി പിതാവിന് രോഗം പകരുകയും കറുപ്പന്‍ രക്ഷപ്പെടുകയും പിതാവ് മരിക്കുകയും ചെയ്തതായി ഒരു കഥ പറഞ്ഞു പോരുന്നുണ്ട്. അങ്ങനെ ഒരു കഥ മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനെ പ്പറ്റിയും കേട്ടിട്ടുണ്ട്. അക്കാലത്ത് കറുപ്പന്റെ പിതാവ് അറിയപ്പെട്ടി രുന്നത് അത്തോ പൂജാരി എന്നായിരുന്നു. അന്ന് സ്വജീവന്‍ ഹോമിച്ചു കൊണ്ട് അത്തോപ്പൂജാരി കേരളത്തിന് നല്‍കിയ സംഭാവന വളരെ വിലയേറിയതുതന്നെയായിരുന്നു. അതാണ് കവിതിലകന്‍ പണ്ഡിറ്റ് കെ.പി. കറുപ്പന്‍ എന്ന വിപ്ലവകാരി.

10 അത്തോപ്പൂജാരിയുടെ രണ്ടു ജേഷ്ഠന്മാരായിരുന്നു ചെറുപ്പത്തില്‍ കറുപ്പന്റെ ആശാന്‍മാര്‍ താച്ചോയും ഇട്ടിക്കോരിയും. അവരില്‍ ഇട്ടിക്കോരി ഒരു കവി കൂടിയായിരുന്നു. എന്നാല്‍ കറുപ്പനെ അഞ്ചാമത്തെ വയസ്സില്‍ എഴുത്തിനിരുത്തിയത് അമ്മാവനായ അഴിക്കല്‍ അകത്തൂട്ട് വേലായുധന്‍ വൈദ്യരുടെ മകനായിരുന്നു. (കറുപ്പന്റെ കണ്ടത്തിപ്പറമ്പു കുടുംബക്കാര്‍ മാത്രമല്ലായിരുന്നു അന്നു വൈദ്യന്മാര്‍. ഇന്നാണ് അരയന്മാരിലും വാലന്മാരിലും സംസ്‌കൃതവും വൈദ്യവും കുറവായി കാണുന്നത്) അങ്ങനെ അമ്മവഴിക്കും അച്ഛന്‍വഴിക്കും വൈദ്യവും കവിതയും സംസ്‌കൃതവും എല്ലാം ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ ഓമന സന്തതിയായിരുന്നു കെ.പി കറുപ്പന്‍. അത് അക്കാലത്ത് അരയ സമുദായത്തിലെന്നല്ല കേരളത്തില്‍ മറ്റ് ആര്‍ക്കും തന്നെ ലഭിക്കാത്ത ഒരു പാരമ്പര്യമായിരുന്നു. അതിന്റെ ഫലം സമുദായത്തിന് ലഭിക്കു കയും ചെയ്തു.

11 അന്നത്തെ രീതിയില്‍ കളരി ആശാന്മാരില്‍ നിന്നുമുള്ള പഠിപ്പിന് ശേഷം വടക്കേ വാലാത്ത് അപ്പു ആശാന്‍ എന്ന ഒരാളില്‍ നിന്നും അമര കോശവും സിദ്ധ രൂപവും ശ്രീരാമോദന്തം എന്ന ലഘു കാവ്യവും പഠിച്ചു. ഉപരി പഠനം ചെറായിലെ കിട്ടു ആശാനില്‍ നിന്നാണ് ലഭിച്ചത്. പിന്നെ അന്നമനട രാമപൊതുവാളിന്റെ അടുക്കല്‍ പഠിക്കാന്‍ പോയി എന്ന് ഉള്ളൂര്‍.എസ്. പരമേശ്വരന്‍ മുന്‍ സൂചിപ്പിച്ച ഗ്രന്ഥത്തില്‍ പറയുന്നു. ഏതായാലും 1902 കാലത്ത് അദ്ദേഹം തമിഴ് നാട്ടിലും മറ്റും ദേശാടനം നടത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ 'ജാതിക്കുമ്മി' എന്ന കൃതിയില്‍ നിന്നു കാണാം.

പാണ്ടി രാജ്യത്തൊരു ദിക്കിലും
തീണ്ടിക്കുളിയെന്ന ചട്ടമില്ല
രണ്ടുമാസം ഞാന്‍ നടന്നാരുമെന്നോടു
ജാതിചോദിച്ചില്ല യോഗപ്പെണ്ണേ - സുഖ
മുണ്ടെനിക്കാ നാട്ടില്‍ ജ്ഞാനപ്പെണ്ണേ .......'9

തമിഴ്‌നാട്ടിലെ അയിത്തം തൊട്ടുകൂടായ്മയില്‍ ഒതുങ്ങിയിരുന്നു. കേരളത്തിലെപ്പോലെ തീണ്ടിക്കൂടായ്മ അവിടെയെങ്ങുമില്ലായിരുന്നു ഇവിടെ അയിത്തവും ചാതുര്‍വര്‍ണ്യവും ഉച്ചനീചത്വവും ജാതിയും കൊണ്ടുവന്നത് നമ്പൂതിരിയാണ്, തമിഴ്‌നാട്ടില്‍ അത് ഏര്‍പ്പെടുത്തിയത് അയ്യര്‍മാരാണ്. നമ്പൂതിരി അയ്യരേക്കാള്‍ ഉന്നതനായത്, മലയാള ബ്രാഹ്മണര്‍ തമിഴ് ബ്രാഹ്മണരേക്കാള്‍ ഉന്നതരായത്, അവര്‍ ഏര്‍പ്പെടുത്തിയ അയിത്തത്തിന്റെ കാഠിന്യം മൂലമാണ് എന്ന് വ്യക്തമാണല്ലോ. '....കണ്ണിന് തീണ്ടോതീടുവാന്‍ മറന്ന കാലേയകാലം കനിവറ്റതല്ല' എന്ന് ഒരു അയ്യരായ ഉള്ളൂര്‍.എസ്. പരമേശ്വരഅയ്യര്‍ കേരളത്തിലെ ജാതിയുടെയും അയിത്തത്തിന്റെയും രൂക്ഷതയെപ്പറ്റി പരിഹസിക്കുന്നത് തന്മൂലമാണ്.

തമിഴ്‌നാട്ടില്‍ നിന്നും തിരിച്ച് ആലത്തൂര്‍ വന്ന് ബ്രഹ്മാനന്ദ ശിവയോഗി യുമായി അദ്ദേഹം സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കണം. അദ്ദേഹം കവിയായി കഴിഞ്ഞശേഷം പല കവിതകളിലും ബ്രഹ്മാനന്ദ ശിവയോഗിയെ സ്മരിക്കുന്നുണ്ട്. ആനന്ദാഗമനവും, മഹാസമാധി യുമാണവയില്‍ പ്രധാനം. ശിവയോഗിയുടെ ആനന്ദമതം കറുപ്പന്‍ സ്വീകരിച്ചില്ലെങ്കിലും മനുഷ്യന് ആനന്ദത്തിന് ആവശ്യം ചിട്ടയായ ജീവിതമാണ് എന്ന് കറുപ്പന്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ആചാരഭൂഷണം തുടങ്ങിയ കൃതികള്‍ അതിലേയ്ക്കാണ് വിരല്‍ചൂ ണ്ടുന്നത്. അമിതമായുള്ള വിശ്വാസവും അതിന്റെ ബാക്കിയായ അനാചാരങ്ങളും അദ്ദേഹം വെറുത്തിരുന്നു.

കുറിപ്പുകള്‍

1. ശങ്കരന്‍കുട്ടി നായര്‍, ടി.പി, പ്ലാറ്റിനംജൂബിലി സോവനീര്‍, പേജ് 53
2. മലയാളമാസം മീനം 10-ാം തീയതി എന്ന് എടക്കൊച്ചി ജ്ഞാനോദയം സഭാ ജൂബിലി സ്മരണിക, പേജ് 234.
3. കൂടുതല്‍ വിവരങ്ങള്‍ അഞ്ചാം അധ്യായത്തിലുണ്ട്.
4. ഇന്ന് ആ ആയുര്‍വേദത്തിലെ പ്രധാന മരുന്നുകളുടെ എല്ലാം പേറ്റന്റ് അമേരിക്കക്കാര്‍ കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ. അനതി വിദൂരമായ ഭാവിയില്‍ ആയൂര്‍വേദത്തിന്റെ കുത്തക അമേരിക്കയ്ക്ക് ആകും. ഒരു കാലത്ത് തനി കേരളീയരുടേതായിരുന്നു ആയൂര്‍വേദം. പിന്നെ പരദേശികളായ ബ്രാഹ്മണരുടേതായി. അതുപോലെ ഇപ്പോള്‍ അമേരിക്കക്കാരുടേതായിക്കൊണ്ടിരിക്കുന്നു.
5. ദലിത് ബന്ധു, ദലിത് സംസ്‌കാര സ്രോതസ്സ്, കാണുക
6. ദലിത് ബന്ധു, ആരാണ് വിദേശികള്‍, കാണുക
7. പരമേശ്വര അയ്യര്‍, എസ്, ഉള്ളൂര്‍, കേരള സാഹിത്യ ചരിത്രം, വാല്യം4-പേജ് 694.
8. വേലായുധന്‍, കെ.കെ, പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ, കാണുക.
9. കറുപ്പന്‍, ജാതിക്കുമ്മി 58-ാം പദ്യം, സമ്പൂര്‍ണ്ണകൃതികള്‍, പേജ് 334.