"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സാമൂഹ്യവ്യവസ്ഥ: പണ്ഡിറ്റ് കെ പി കറുപ്പന്‍ - ദലിത് ബന്ധു എന്‍ കെ ജോസ്

കേരളത്തിലെ അരയന്മാരുടെ അന്നത്തെ സ്ഥിതിയെപ്പറ്റിയുള്ള ഒരു വിവരണം പി.ഭാസ്‌കരനുണ്ണി കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍'എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അവസരോചിതമെന്നു കണ്ട് എടുത്തുചേര്‍ക്കുന്നു. അന്ന് വാലന്മാരുടെ ഇടയില്‍ നിലനിന്നിരുന്ന ആചാരങ്ങള്‍ അറിയുമ്പോള്‍ മാത്രമേ കറുപ്പന്‍മാസ്റ്റര്‍ ആ രംഗത്ത് കൈവച്ചതിന്റെ പ്രാധാന്യം മനസ്സിലാകുകയുള്ളൂ. 

'കൊച്ചി ശീമയില്‍ കായലുകളുടെ ഇരുവശത്തുമായിട്ടാണ് പ്രധാനവാസം. വിവാഹം തിരളും മുമ്പും ശേഷവുമുണ്ട്. എങ്കിലും താലികെട്ട് മുമ്പുതന്നെ വേണം. താലികെട്ടുക മണവാളനാണ്. ഇത് എപ്പോഴും രാത്രിയിലാകുന്നു. കല്യാണം രണ്ടു ദിവസം നില്‍ക്കും. താലികെട്ടുന്നവന്‍ ഭര്‍ത്താവാകണമെന്ന് നിയമമില്ല. ആഗ്രഹമുണ്ടെങ്കില്‍ താലിയും വസ്ത്രവും അവളുടെ അച്ഛനുകൊടുക്കേണ്ട പണവും അവന്‍ കൊണ്ടു ചെല്ലണം. അല്ലെങ്കില്‍ അവന് രണ്ടു മുണ്ടും അല്‍പ്പം പണവും അവകാശമുണ്ട്. അല്ലാത്ത കാര്യങ്ങളില്‍ താലിയും തുണിയും പെണ്ണിന്റെ അമ്മാവനാണ് ഉണ്ടാക്കേണ്ടത്. ഒരുത്തന് അനേകം ഭാര്യയാകാം. ഒരുത്തിക്ക് ഭര്‍ത്താവ് ഒന്നേ പാടുള്ളൂ. വിധവാവിവാഹം നടപ്പുണ്ട്. വിവാഹമോചനവും അങ്ങനെ തന്നെ. പെണ്ണു തിരണ്ടാല്‍ മൂന്നു ദിവസം അശുദ്ധി. നാലാം ദിവസം കുളിച്ച് ശുദ്ധമാകും. തിരളിക്കുക എന്നൊരു നടപ്പുണ്ട്. പെണ്ണിനെ മൂന്നു ദിവസം ഒരു മുറിയ്ക്കകത്ത് ആരും തൊടാതെ ഇരുത്തി നാലാംദിവസം വണ്ണാത്തി തലയില്‍ എണ്ണ പകര്‍ന്നതില്‍ പിന്നെ കുളിച്ചു ശുദ്ധിയാകും. എന്നാല്‍ ഋതു ആകല്‍ കഴിഞ്ഞു. ഈ നടപ്പ് വേറെ ചില ജാതിക്കാര്‍ക്കും ഉണ്ട്. പക്ഷേ ഇപ്പോള്‍ മാറിത്തുടങ്ങിയിരിക്കുന്നു. വാലന്മാര്‍ക്ക് മക്കത്തായവും മരുമക്കത്താ യവും കലര്‍ന്നിട്ടാണ്. ഒരുവന്റെ സ്വന്തസമ്പാദ്യം സഹോദരരും മക്കളും പകുത്തെടുക്കും. പൂര്‍വ്വ സ്വത്തിന് മക്കള്‍ക്കവകാശമില്ല. ജാതിക്കൂട്ടവും മറ്റും തീര്‍ക്കേണ്ടത് അരയന്‍ എന്ന തലവനാണ്. അവനെ കൊച്ചിരാജാ വാണ് നിയമിപ്പാന്‍. അവന് രാജാവ് ഓണത്തിന് രണ്ടു മുണ്ടും അത്തച്ചമയം, വിഷു ഇതുക്കള്‍ക്ക് ഈരണ്ടു വെള്ളിയും കൊടുക്കും. അരിയിട്ടു വാഴ്ചയ്ക്ക് രാജാവ് തൃപ്പൂണിത്തുറയില്‍ നിന്നും കൊച്ചിയ്ക്ക് എഴുന്നള്ളുന്ന സമയം ഇവര്‍ വാളുമായി വള്ളത്തിനു മുമ്പില്‍ നില്‍ക്കണം. മറ്റു വല്ലേടത്തും എഴുന്നള്ളുമ്പോള്‍ രാജാവിന്റെ വള്ളത്തിന്റെ മുമ്പില്‍ ചുണ്ടന്‍വള്ളത്തില്‍ പോകണം. മരിച്ചാല്‍ ഒരു പട്ടും ചന്ദനമുട്ടിയും ഏതാണ്ടു പത്തുറുപ്പികയും രാജാവ് അയച്ചുകൊടു ക്കുകയും ചെയ്യും. ഇവര്‍ക്ക് ശിവന്‍, വിഷ്ണു, ഭഗവതി, ശബരിമല അയ്യപ്പന്‍ ഇവര്‍ എല്ലാം പ്രധാനമാകുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയ്ക്ക് കാവു തീണ്ടുന്ന സമയം കുളിവട്ടത്ത് അരയന്‍ ഒന്നാമതായി കടക്കണമത്രേ. 

ശവം ദഹിപ്പിക്കുകയും സ്ഥാപിക്കുകയുമുണ്ട്. ക്രിയകള്‍ നടത്തേണ്ടത് ചിതയനാണ്. ശീതികന്റെ തല്‍ഭവമോ ചിതയില്‍ നിന്നുണ്ടായതോ ഈ പേര്, ആവോ. അവന്‍ കോടി ഉടുത്ത് തലയില്‍ കെട്ടി പൂണൂല്‍ ധരിക്കണം. വെലി 2-5-7 ഇതില്‍ ഏതെങ്കിലും ദിവസം ആയിരിക്കും. 13ാം ദിവസം വരെ ഉണ്ടാകും. 15-16 ദിവസങ്ങളില്‍ സ്വജനസദ്യയും 16-ാം ദിവസം പിണ്ഡം ഒഴുക്കലും ആകുന്നു.

കടല്‍ അരയന്‍ എന്നൊരു കൂട്ടര്‍ ഉള്ളവര്‍ അരയന്മാരെക്കാള്‍ താഴെയാണ്. അവര്‍ക്ക് താലികെട്ട് വിവാഹത്തോടു കൂടിയാകുന്നു. വിവാഹം തിരളുംമുമ്പും പിമ്പും ആകാം. വിവാഹം കഴിഞ്ഞ് പുറപ്പെടാന്‍ കാലത്ത് ഭര്‍ത്താവ് ഭാര്യ ഉടുത്തതിന്റെ കോണ്‍ തലയ്ക്കല്‍ ഏതാനും ഉറുപ്പികയെങ്കിലും ഒരു പവനെങ്കിലും കെട്ടും. അവളുടെ വിലയായി 101 പുത്തന്‍ (5 ക 12 അണ 4 പൈസ) അവളുടെ മാതാപിതാക്കന്മാര്‍ക്ക് കൊടുക്കണം. വിവാഹത്തിനുശേഷം തിരണ്ട പെണ്ണിനെ നാലുനാള്‍ വേറെ ഇരുത്തും. ഭര്‍ത്താവ് മരിച്ച് ഒരു കൊല്ലം കഴിഞ്ഞാല്‍ പുനര്‍വിവാഹമാകാം. മരുമക്കത്തായമാണ്. കൊച്ചിരാജാവ് തീപ്പെട്ടാല്‍ പിന്നത്തെ രാജാവിനെ ആദ്യം ചെന്നു കാണ്മാന്‍ അവകാശം അരയനാകുന്നു. അല്പം ഉപ്പും ഇലയില്‍ പൊതിഞ്ഞ് ഒരു കയറും ഒരു ആമാടയെങ്കിലും മറ്റു നാണ്യമെങ്കിലും കൂടി തിരുമുല്‍ക്കാഴ്ച വയ്ക്കണം. പിന്നെ മാത്രമേ ഉദ്യോഗസ്ഥന്മാര്‍ സ്ഥാനികള്‍ മുതലായവര്‍ക്കു കണ്ടുകൂടൂ.'1 

കറുപ്പന്‍ മാസ്റ്ററുടെ കാലത്ത് അരയസ്ത്രീകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ മാറു മറച്ചിരുന്നുള്ളൂ. അങ്ങനെ മാറുമറയ്ക്കാന്‍ ഉപയോഗി ച്ചിരുന്ന തുണിക്കഷ്ണത്തിന് 'കെട്ടുനാടന്‍' എന്നാണ് പറഞ്ഞിരുന്നത്. മാസ്റ്റര്‍ അത് വിപുലീകരിച്ച് എല്ലാ സ്ത്രീകളും നിര്‍ബന്ധമായി മാറു മറയ്ക്കണമെന്ന് ഉപദേശിച്ചു. അതിന്റെ ഫലമായി കറുപ്പന്റെ നിര്‍ദ്ദേ ശമനുസരിച്ച് മാറുമറയ്ക്കുന്ന തുണിക്കഷ്ണത്തിന് കറുപ്പന്‍ നാട എന്ന പേരുപോലും ഉണ്ടായി. 

ഇതുകൂടാതെ അവരുടെ സാമൂഹ്യസ്ഥിതിയെപ്പറ്റി മലബാര്‍ ഗസറ്റിലും പരാമര്‍ശമുണ്ട്. 

'സിലോണില്‍ നിന്നും വന്നവരാണെന്നു പറഞ്ഞുവരുന്ന മറ്റൊരു കൂട്ടര്‍ മുക്കുവരാകുന്നു. ഈ കൂട്ടര്‍ വടക്കന്‍ ദിക്കില്‍ മരുമക്കത്തായവും തെക്കന്‍ ദിക്കില്‍ മക്കത്തായവും അനുസരിക്കുന്നവരും മത്സ്യം പിടിക്കുന്നവരുമാകുന്നു. ചുണ്ണാമ്പ് ഉണ്ടാക്കുകയും മഞ്ചല്‍ എടുക്കുകയും ഇവരുടെ പ്രവൃത്തിയില്‍പെട്ടതാകുന്നു. മലയാളത്തില്‍ ഏറ്റവും തെക്കുള്ള പ്രദേശത്ത് ഇവരെ അരയന്മാര്‍ എന്നു പറയാറുണ്ട്. മറ്റുള്ള ദിക്കുകളില്‍ ഈ പേര് അവരുടെ മൂപ്പന്മാര്‍ക്കുള്ള ഒരു സ്ഥാനപ്പേരാകുന്നു. കണ്ണൂരില്‍ വടക്കുള്ള പ്രദേശങ്ങളില്‍ മുഗവന്മാര്‍ അല്ലെങ്കില്‍ മുഗയന്മാര്‍ എന്നു പറഞ്ഞുവരുന്ന ഒരു കൂട്ടം മത്സ്യം പിടിക്കുന്നവരുണ്ട്. മുഗയന്മാര്‍ പുഴകളിലെ മത്സ്യം പിടിക്കുന്നവരാണെന്നും മുക്കുവര്‍ കടലിലെ മത്സ്യം പിടിക്കുന്നവരാണെന്നുമാണ് വേറൊരു കഥ പറയുന്നത്.

ഈ ജാതിയില്‍ നിന്നും അനേകം ആളുകള്‍ മുഹമ്മദ് മതത്തില്‍ ചേര്‍ന്നിട്ടുണ്ട്. വടക്കെ മലയാളത്തില്‍ പൊന്നില്ലം, ചെമ്പില്ലം, കാരില്ലം, കാച്ചില്ലം, ഇങ്ങനെ മുക്കുവര്‍ നാലില്ലക്കാരാകുന്നു. തെക്കേ മലയാളത്തില്‍ ഒടുവില്‍ പറഞ്ഞ മൂന്നില്ലക്കാര്‍ മാത്രമേയുള്ളൂ. ഇതുകൊണ്ടാണ് മുക്കുവരെ വടക്കെ മലയാളത്തില്‍ നാലില്ലക്കാര്‍ എന്നും തെക്കേ മലയാളത്തില്‍ മൂന്നില്ലക്കാര്‍ എന്നും വിളിക്കുന്നത്. മുക്കുവരുടെ ഇടയില്‍ കാവതിയന്മാര്‍ എന്നൊരു ഉപജാതിക്കാരുണ്ട്. ഇവര്‍ മറ്റുള്ളവരുടെ ക്ഷൗരപ്രവൃത്തി നടത്തുന്നവരാകുന്നു. ഇവരെ പണിക്കന്മാര്‍ എന്നും പറയുന്നു. നാലില്ലക്കാര്‍ മൂന്നില്ലക്കാര്‍ക്കും കാവുതിയന്മാര്‍ക്കും മേലേ ആകുന്നു. ഈ മൂന്നുകൂട്ടരും തമ്മില്‍ വിവാഹബന്ധം നടത്താറില്ല. പുല മുതലായ അവസരങ്ങളില്‍ കാവുതിയന്മാര്‍ മറ്റുള്ളവര്‍ക്ക് ചില ക്രിയകള്‍ നടത്തിക്കൊടുക്കേണ്ടതുണ്ട്. ഈവക തളി മുതലായ കര്‍മ്മങ്ങള്‍ക്ക് കടലിലെ വെള്ളമാണ് ഇവര്‍ ഉപയോഗിച്ചുവരുന്നത്.

പഴയ ജാതിമത ഏര്‍പ്പാടുകള്‍ ഇന്നും മുക്കുവരുടെ ഇടയില്‍ നടപ്പുള്ളതായി കാണപ്പെടുന്നുണ്ട്. ...പ്രായം ചെന്നവരും കടവന്മാര്‍ അല്ലെങ്കില്‍ കടക്കൊടികള്‍ എന്നു വിളിച്ചുവരുന്നവരുമായ ചില കൂട്ടരുടെ സഭായോഗങ്ങളും അവകളില്‍ സഭാനാഥന്മാരായ അരയന്മാര്‍ അല്ലെങ്കില്‍ കാരണവന്മാര്‍ ഇങ്ങനെയുള്ള കൂട്ടരും അവരുടെ ഇടയില്‍ കാണപ്പെടു ന്നുണ്ട്. ജാതിസംബന്ധമായ പല കാര്യങ്ങളും ഈ അരയന്മാരാണ് നിശ്ചയിക്കുന്നത്. സ്ത്രീപുരുഷന്മാര്‍ തമ്മിലുണ്ടായ വിവാഹബന്ധം വേര്‍പെ ടുത്തണമെങ്കില്‍ ഇവരുടെ അനുവാദം വേണം. അരയന്മാരു ടെയും കടയന്മാരുടെയും സ്ഥാനം വംശപാരമ്പര്യം വഴിക്കു നിലനില്‍ക്കു ന്നതാകുന്നു. ഇവര്‍ക്ക് അതാതു നാടുകളിലെ രാജാക്കന്മാര്‍ കൊടുത്ത സ്ഥാനമാണെന്നാണ് പറയുന്നത്. സ്ഥാനം കൊടുക്കുന്നതോടു കൂടി ഒരു ചായമിട്ട കൊട, ഒരു വടി, ചുവന്ന പട്ടുകൊണ്ടുള്ള ഒരു ഉറുമാല് ഈ വക സാധനങ്ങളും അവര്‍ക്ക് രാജാക്കന്മാര്‍ കൊടുത്തുവന്നിരുന്നുവത്രേ. വലിയ മത്സ്യങ്ങളുടെ തലയ്ക്കുള്ള അവകാശം അതാതു ദിക്കിലെ അരയന്മാര്‍ക്കായിരുന്നുവത്രേ. ഒരു സ്ത്രീയ്ക്കു പ്രായമറിയിക്കുകയോ വിവാഹം തുടങ്ങുകയോ ചെയ്താല്‍ ആ അവസരങ്ങളില്‍ വെറ്റില, പുകയില മുതലായതിന്നും ഇവര്‍ക്ക് അവകാശമുണ്ട്. 

വിവാഹങ്ങളൊന്നും ഇവരുടെ സമ്മതപ്രകാരമല്ലാതെ നടത്തുവാന്‍ പാടുള്ളതല്ല. ആയിത്തന്മാര്‍ അല്ലെങ്കില്‍ അത്തന്മാര്‍ എന്നു വിളിച്ചു വരുന്നതായ വെളിച്ചപ്പാടന്മാരും മുക്കുവരുടെ ഇടയില്‍ കാണപ്പെടുന്നുണ്ട്. ഒരു അരയന്‍ മരിച്ചാല്‍ അയാളുടെ അനന്തിരവന്മാരുടെ ഇടയില്‍ നിന്ന് വേറൊരു അരയനെ തെരഞ്ഞെടുക്കുന്നത് ഈ വെളിച്ചപ്പാടന്മാരാണ്. ഇവര്‍ ഒറച്ചിലുകയറി വെളിപ്പെടുന്ന സമയത്താണ് ഇങ്ങനെ തെരഞ്ഞെ ടുക്കുന്നത്. കടവന്മാരുടെ തറവാടുകളില്‍ നിന്നും ചില അനന്തിരവന്മാരെ 'വാനകന്മാര്‍''അല്ലെങ്കില്‍ കവാനാക്കന്മാര്‍ എന്നു പറയപ്പെടുന്നവരും മുക്കുവരുടെ അമ്പലങ്ങളില്‍ പൂജ കഴിക്കുന്നവരുമായ പൂജാരികളെ തെരഞ്ഞെടുക്കുന്നതും ഇവര്‍ ഈവിധം തന്നെയായിരുന്നു.'

കുറിപ്പുകള്‍

1. ഭാസ്‌കരനുണ്ണി, കേരളം ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍, പേജ് 52-53.
2. അതേ ഗ്രന്ഥം, പേജ് 38-39.