"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

സാഹുജി മഹാരാജ് നടത്തിയ വിപ്ലവകരമായ നിയമ പരിഷ്‌ക്കാരങ്ങള്‍ - ഡോ. സുരേഷ് മനേ

1894 ഏപ്രില്‍ 2 മുതല്‍ 1922 മേയ് 6 വരെ രാജര്‍ഷി സാഹുമഹാരാജ് അധികാരം കൈയ്യാളി. ഇക്കാലയളവില്‍ 'നിയമം സാമൂഹ്യമാറ്റത്തിനുള്ള ഒരു ഉപകരണമാണ് 'എന്ന തന്റെ അഭിപ്രായത്തെ സാധൂകരിക്കും വിധം അദ്ദേഹം നിരവധി വിപ്ലവകരമായ നിയമങ്ങളെ പ്രാബല്യത്തില്‍ കൊണ്ടുവന്നു. അയിത്തത്തിനെതിരെയും, ജനങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായും, വിദ്യാഭ്യാസ സംബന്ധിയായും, ഹിന്ദു നിയമങ്ങളുടെ ക്രോഡീകരണവുമായും ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ പരിഷ്‌ക്കരണങ്ങളുടെ കാതലായ ഭാഗം.6 അത്തരം നിയമങ്ങളുടെ ഒരു പട്ടിക സംക്ഷിപ്തമായി ചുവടെ കൊടുക്കുന്നു.

1. പരമ്പരാഗത കുല്‍ക്കര്‍ണി (ഒരു ബ്രാഹ്മണജാതി) വതനും ഗ്രാമ ഭരണത്തിന്റെ വതന്‍ സമ്പ്രദായവും നിര്‍ത്തലാക്കാനുള്ള നിയമങ്ങള്‍ അദ്ദേഹം പ്രാബല്യത്തില്‍ വരുത്തി. ഗ്രാമത്തിലെ പട്ടീലുകളെ (ഗ്രാമത്തിലെ ക്രമസമാധാനത്തിന്റെ ചുമതലക്കാരെ) പരിശീലിപ്പിക്കുന്നതിനായി പട്ടീല്‍ (മറാത്താ) സ്‌കൂളുകള്‍ സ്ഥാപിച്ചു. 
2. റവന്യൂ കുടിശ്ശിക ഈടാക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്‍ഷികവൃത്തിക്കുപയോഗിക്കുന്ന കന്നുകാലികളെ കണ്ടുകെട്ടുന്നതും വില്‍ക്കുന്നതും ഒഴിവാക്കിക്കൊണ്ട് 1894 ല്‍ പ്രത്യേകനിയമം നടപ്പിലാക്കി.
3. 1899 ല്‍ ക്ഷാമം ബാധിച്ചപ്പോള്‍ കര്‍ഷകര്‍ക്കെതിരെയുള്ള എല്ലാ കോടതിവിധികളും നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് അദ്ദേഹം ഉത്തരവുനല്‍കി.
4. 1918 ല്‍ കര്‍ഷകരില്‍ നിന്നും കുടിശ്ശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കര്‍ഷകരുമായി അക്കാര്യങ്ങളില്‍ ബന്ധപ്പെടുന്നതില്‍ നിന്നും അദ്ദേഹം വില്ലേജ് ഓഫീസര്‍മാരെ വിലക്കി.
5. 1918 ല്‍ അദ്ദേഹം കുല്‍ക്കര്‍ണി വതന്‍ (ബ്രാഹ്മണര്‍ക്കുള്ള പ്രത്യേകാവകാശം) നിര്‍ത്തലാക്കി. 
6. 1912 ല്‍ കോലാപ്പൂരില്‍ ഒരു സമഗ്രമായ സഹകരണനിയമം നടപ്പിലാക്കി.
7. 1902 ജൂലൈ 26 ന് സംസ്ഥാനസര്‍വ്വീസില്‍ പിന്നോക്കവിഭാഗക്കാര്‍ക്ക് അദ്ദേഹം 50% സംവരണം ഏര്‍പ്പെടുത്തി. ഈ ഉത്തരവിനെത്തുടര്‍ന്ന് ഇതിന്‍മേലുള്ള ത്രൈമാസിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ വകുപ്പുമേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ ഉത്തരവിന്‍ കീഴില്‍ പിന്നോക്കവിഭാഗങ്ങളെ നിര്‍വചിച്ചിരുന്നത് ബ്രാഹ്മണരും പ്രഭുക്കളും സെന്‍വികളും പാഴ്‌സികളും മറ്റു മുന്നോക്കജാതികളുമല്ലാത്ത എല്ലാ ജാതികളുമെന്നായിരുന്നു. 
8. 1919 ജൂലൈ 12 ന് വ്യത്യസ്ത ജാതികള്‍ തമ്മിലും വര്‍ണ്ണങ്ങള്‍ തമ്മിലുമുള്ള മിശ്ര വിവാഹത്തെ അനുവദിച്ചുകൊണ്ട് പുതിയ നിയമം പാസ്സാക്കി. 1918 ലെ കോലാപ്പൂര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഹിന്ദുക്കളും ജൈനരും തമ്മിലുള്ള വിവാഹങ്ങള്‍ പോലും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കി. 
9. 1919 ആഗസ്റ്റ് 2 ന് കോലാപ്പൂര്‍ രാജ്യത്തെ എല്ലാ ഹിന്ദുക്കള്‍ക്കും ബാധകമായ ഒരു പുതിയ വിവാഹമോചന നിയമം അദ്ദേഹം പാസ്സാക്കുകയും വിവാഹമോചനത്തിനായി മറ്റു തരത്തിലുള്ള എല്ലാ മാര്‍ഗ്ഗങ്ങളും നിരോധിക്കുകയും ചെയ്തു.
10. 1919 ആഗസ്റ്റ് 2 നു തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ മോശമായ പെരുമാറ്റങ്ങളും നിരോധിച്ചുകൊണ്ടുള്ള മറ്റൊരു നിയമം പാസ്സാക്കി.
11. 1920 ജനുവരി 17 ന് അദ്ദേഹം മതത്തിന്റെ പേരില്‍ താഴ്ന്നജാതിയിലെ ചെറിയ പെണ്‍കുട്ടികളെ ദേവീദേവന്മാര്‍ക്കു സമര്‍പ്പിക്കുന്ന ദേവദാസി സമ്പ്രദായം നിരോധിച്ചു. 
12. 1918 ല്‍ നിര്‍ബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കി.
13. 1919 ജനുവരി 15 ന് അയിത്തജാതിക്കാരെ സമന്മാരായി കാണുകയും സഹാനുഭൂതിയോടെ പെരുമാറുകയും ചെയ്യണമെന്ന ഒരുകല്‍പ്പന എല്ലാ സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ക്കും നല്‍കി.
14. 1919 സെപ്റ്റംബര്‍ 6 ന് 'പൊതുസ്ഥലങ്ങളിലും സാനിറ്റോറിയങ്ങളിലും വിശ്രമാലയങ്ങളിലും സര്‍ക്കാര്‍ താമസ കേന്ദ്രങ്ങളിലും പൊതു കിണറുകളിലും നദീതീരങ്ങളിലും അയിത്തം പാലിക്കുന്നത് നിരോധിച്ചു' കൊണ്ട് തന്റെ മേലുത്തരവിനെ കൂടുതല്‍ വിശാലമാക്കി.
15. 1920 മേയ് 3 ന് നിര്‍ബന്ധിത തൊഴില്‍ നിയമാനുസൃതം ശിക്ഷലഭിക്കുന്ന ഒരു കുറ്റകൃത്യമാക്കി പ്രഖ്യാപിച്ചു. ഈ ഉത്തരവുപ്രകാരം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദിവാന്‍ തുടങ്ങിയവര്‍ക്കു പോലും മാംഗുകള്‍, മഹറുകള്‍ തുടങ്ങിയവര്‍ക്കുമേല്‍ നിര്‍ബന്ധിത തൊഴില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ തടഞ്ഞു. അഥവാ ചത്ത മൃഗങ്ങളെയോ അവയുടെ അവശിഷ്ടങ്ങളേയോ നീക്കം ചെയ്യുന്നതു പോലെയുള്ള ജോലികളുടെ ആവശ്യം വരികയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ആവശ്യക്കാരായ ഉയര്‍ന്നജാതിക്കാരോ കൂലി കൊടുത്തു കൊണ്ടുവേണം ജോലിചെയ്യിപ്പിക്കുവാന്‍. മാത്രമല്ല, ആ ജോലിക്ക് ഏതൊരു ഹിന്ദുവിനേയോ മുസ്ലീമിനേയോ ബ്രാഹ്മണനേയോ, മഹറിനോയോ, മാതംഗിനേയോ, ജൈനരേയോ, മറാത്തകളേയോ, ലിംഗായത്തുകളേയോ കൂലിക്കെടുക്കാവുന്നതാണ്.
16. എല്ലാ കുറ്റവാളിഗോത്രാംഗങ്ങളും നിര്‍ബന്ധിതമായി ദിവസേന ഹാജര്‍ വച്ചിരിക്കണമെന്ന സമ്പ്രദായത്തെ 1918 ആഗസ്റ്റ് 31 ന് അദ്ദേഹം നിര്‍ത്തലാക്കി. 1920 ജൂലൈ 1 ന് കോലാപ്പൂര്‍ നഗരത്തിലെ പോലീസ് കാവല്‍മാടങ്ങളില്‍ അദ്ദേഹം 16 മഹറുകളെ (താഴ്ന്നജാതിക്കാര്‍) നിയമിച്ചു.

17. മുഖ്യമായും മഹറുകളേയും മറ്റു അയിത്തജാതിക്കാരേയും ഉയര്‍ത്തിയെടുക്കുവാന്‍ വേണ്ടി 1918 ഫെബ്രുവരി 28 ന് അദ്ദേഹം ബലൂത്ത സമ്പ്രദായം (അയിത്തജാതിക്കാരെക്കൊണ്ട് എല്ലാ വൃത്തികെട്ട തൊഴിലും നിര്‍ബന്ധിതമായി ചെയ്യിക്കല്‍) നിര്‍മ്മാര്‍ജ്ജനം ചെയ്തു.
18. 1917 ല്‍ അദ്ദേഹം സാമുദായിക പ്രാതിനിധ്യ തത്വത്തിനായി വീര്യത്തോടെ വാദിക്കുകയും 1920 ല്‍ കോലാപ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ അതുനടപ്പിലാക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയിലെ പ്രതിനിധികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് അദ്ദേഹം അയിത്തജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കും മറ്റ് അധഃസ്ഥിതവര്‍ഗ്ഗ ങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കി.

ഫൂലെയുടെ ബഹുജന്‍ സമാജ് വിമോചനപ്രസ്ഥാനത്തിന്റെ ശക്തനായ അനുകൂലിയെന്ന നിലയില്‍ പിന്നോക്കജനവിഭാഗങ്ങള്‍ക്ക് സാര്‍വത്രികമായ വിദ്യാഭ്യാസം നല്‍കുന്ന വിഷയത്തില്‍ ഫൂലെ വിഭാവനം ചെയ്തിരുന്നതോ അല്ലെങ്കില്‍ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടിരുന്നതോ അല്ലെങ്കില്‍ സ്വന്തം നിലയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നതോ ആയ എല്ലാംതന്നെ രാജര്‍ഷി സാഹുജി നടപ്പിലാക്കി. ഉദാഹരണമായി:

1. തന്റെ രാജഭരണകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ, പിന്നോക്കവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുവാനുള്ള ഒരു പുതിയ പദ്ധതി അദ്ദേഹം നടപ്പിലാക്കി.
2. 1908 ഫെബ്രുവരിയില്‍ തന്റെ രാജ്യത്തെ അയിത്തജാതിക്കാര്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായി ഒരു എഡ്യൂക്കേഷന്‍ സൊസൈറ്റി ആരംഭിച്ചു.
3. വിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മറ്റിക്കു രൂപം നല്‍കി.
4. തന്റെ രാജ്യത്തെ പ്രൈമറി, സെക്കന്ററി വിദ്യാലയങ്ങളുടെ എണ്ണം അദ്ദേഹം വര്‍ദ്ധിപ്പിച്ചു.
5. സ്ത്രീ വിദ്യാഭ്യാസത്തെ അദ്ദേഹം പ്രത്യേകമായി പ്രോത്സാഹി പ്പിക്കുകയും കോലാപ്പൂരിലെ രാജാറാം കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ഏര്‍പ്പെടുത്തുകയും ചെയ്തു.
6. പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍, സമ്മാനങ്ങള്‍, സൗജന്യങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. 1911 ലെ ഒരു ഉത്തരവു വഴി എല്ലാ താഴ്ന്നജാതിക്കാരേയും സ്‌കൂള്‍ഫീസില്‍ നിന്നും ഒഴിവാക്കി.
7. നിശാപാഠശാലകള്‍, വേദപാഠശാലകള്‍, അറബി വിദ്യാലയങ്ങള്‍, സെനിക വിദ്യാലയങ്ങള്‍, പട്ടീല്‍ സ്‌കൂള്‍, അധ്യാപക പരിശീലന സ്‌കൂളുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിച്ചു.
8. 1919 ല്‍ താഴ്ന്നജാതിക്കാര്‍ക്കായുള്ള എല്ലാ പ്രത്യേക വിദ്യാലയങ്ങളും അടച്ചു പൂട്ടുകയും എല്ലാ പൊതുവിദ്യാലയങ്ങളും അയിത്ത ജാതിക്കാര്‍ക്കായി തുറന്നു നല്‍കുകയും ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചു. ആ ഉത്തരവില്‍ പ്രസ്താവിച്ചത്, 'അയി ത്താചരണം വിദ്യാലയങ്ങളില്‍ പാലിക്കപ്പെടാതിരിക്കുന്നതിനായി എല്ലാ ജാതിയിലും മതത്തിലുംപെട്ട എല്ലാ കുട്ടികളും ഒന്നിച്ചിരുന്നു പഠിക്കേണ്ടതുണ്ട്.'7
9. 1917 ജൂലൈ 24 ന്, പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് അദ്ദേഹം പുറത്തിറക്കി. ആ ഉത്തരവ് തൊട്ടടുത്ത ദിവസം മുതല്‍തന്നെ പ്രാബല്യത്തില്‍ വന്നു. ബറോഡ രാജ്യം കഴിഞ്ഞാല്‍, ജനങ്ങള്‍ക്കു വേണ്ടി നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയ രണ്ടാമത്തെ നാട്ടുരാജ്യം കോലാപ്പൂരാണ്. ഈ രണ്ടു നാട്ടുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍, അയിത്തജാതിക്കാര്‍ക്കായി ബറോഡയില്‍ പ്രത്യേകം സ്‌കൂളുകള്‍ ഉണ്ടായിരുന്നപ്പോള്‍, സാഹുജി അത്തരം സ്‌കൂളുകളെ നിരോധിക്കുകയും എല്ലാവരേയും ഒന്നിച്ചുകൊണ്ടുവരികയും ചെയ്തു.
10. കുലത്തൊഴിലായി അധ്യയനവൃത്തി നടത്തിവരുന്നവരുടെ സ്ഥാനത്ത് അദ്ദേഹം ശമ്പളക്കാരായ അധ്യാപകരെ നിയമിക്കുകയും സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിനായി ചട്ടങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.
11. സാഹുജി ഗ്രന്ഥശാലകള്‍ സ്ഥാപിക്കുകയും അവയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.
12. 'സദാചാരപരവും ഭൗതികവുമായ പുരോഗതി' എന്ന പദ്ധതിയുടെ കീഴില്‍ അദ്ദേഹം ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്ന പ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗദായകനായിരുന്നു സാഹു മഹാരാജ്. 1901 മുതല്‍ 1921 വരെയുള്ള കാലയളവിനിടയില്‍ വിവിധ ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 20 അത്തരം ഹോസ്റ്റലുകള്‍ അദ്ദേഹം സ്ഥാപിച്ചു.
13. ഗ്രാമത്തിലെ ഭൂരിപക്ഷമുള്ള ജാതിയിലെ ഒരംഗത്താല്‍ നടത്തപ്പെടുന്ന വിദ്യാലയങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം 1913 ല്‍ ഉത്തരവിട്ടു.
14. അയിത്തജാതിക്കാര്‍ക്കെതിരെ വിവേചനപരമായ പെരുമാറ്റമുണ്ടായതിന് അദ്ദേഹം 1919 ല്‍ വിദ്യാഭ്യാസ വകുപ്പിന് താക്കീതു നല്‍കി.
15. 1902 ജൂലൈ 26ന്. പിന്നോക്കവിഭാഗങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന ഒരു പ്രോത്സാഹനമായും രാജ്യഭരണത്തില്‍ അവ രുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഉദ്യോഗങ്ങളില്‍ ബ്രാഹ്മണരുടെ കുത്തക തകര്‍ക്കുന്നതിനുമായി അദ്ദേഹം സര്‍ക്കാര്‍ ജോലിയിലെ 50% പിന്നോക്കവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തു. 
16. പൂനെ ആസ്ഥാനമാക്കിയുള്ള ഡക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷനായിരുന്നു സാഹുജി. ഈ സംഘടനയ്ക്ക് അദ്ദേഹം സാമ്പത്തികസഹായം നല്‍കിയിരുന്നു. വെല്ലിംഗ്ടണ്‍ കോളേജില്‍ കെട്ടിടനിര്‍മ്മാണത്തിനായി അദ്ദേഹം 30000 രൂപ സൊസൈറ്റിക്കു നല്‍കി.
17. ബനാറസിലെ ഹിന്ദു സര്‍വ്വകലാശാലയ്ക്ക് അദ്ദേഹം ഒരു ലക്ഷം രൂപ നല്‍കി.
18. തന്റെ രാജ്യത്തെ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ഭൂപ്രഭുക്കള്‍, പലിശയ്ക്കു പണംകൊടുക്കുന്നവര്‍ മുതലായവര്‍ക്ക് 'വിദ്യാഭ്യാസ നികുതി' എന്ന പുതിയൊരുതരം നികുതി അദ്ദേഹം ഏര്‍പ്പെടുത്തി.

അങ്ങനെ നോക്കുമ്പോള്‍ കോലാപ്പൂരിലെ രാജാവായിരുന്ന സാഹുജി മഹാരാജിന്റെ വിദ്യാഭ്യാസ നയം താഴെക്കൊടുത്തിരിക്കുന്ന മുഖ്യതത്വങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നു കാണാം.

1. ഗ്രാന്റ്, ലൈസന്‍സ്, സൗജന്യങ്ങള്‍, സൗകര്യങ്ങള്‍ തുടങ്ങിയവ നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനം.
2. സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ വ്യാപനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍.
3. വിദ്യാഭ്യാസത്തിന്റെ അബ്രാഹ്മണവല്‍ക്കരണം
4. പിന്നോക്കവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം നേടുന്നതിനുള്ള ആഗ്രഹം സൃഷ്ടിക്കല്‍

വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലകളിലുള്ള അത്തരത്തിലുള്ള ചരിത്രപരമായ സംഭാവനകള്‍ കാരണം 1902 ജൂണ്‍ 10 ന് കേംബ്രിഡ്ജ് സര്‍വ്വകലാശാല നിയമത്തില്‍ ഒരു ഡോക്ടറേറ്റ് ബിരുദം അദ്ദേഹത്തിന് നല്‍കുകയുണ്ടായി. അയിത്തജാതിക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും മുന്‍ഗണന നല്‍കുന്ന അദ്ദേഹത്തിന്റെ പുരോഗമന പരമായ നയം കാരണം, സര്‍ക്കാര്‍ സര്‍വ്വീസില്‍ അബ്രാഹ്മണരുടെ പ്രാതി നിധ്യം 1894 ല്‍ 14.5% ഉണ്ടായിരുന്നിടത്തു നിന്നും 1922 ആയപ്പോള്‍ 68.9% ആയി ഉയരുകയുണ്ടായി. അദ്ദേഹത്തിന്റെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമെന്ന നയപ്രകാരം അബ്രാഹ്മണ വിദ്യാര്‍ത്ഥികളുടെ എണ്ണം 1894 ല്‍ 8088 എന്ന നിലയില്‍ നിന്നും 1921-22 കാലയളവില്‍ 21027 ആകുകയുണ്ടായി. അതുപോലെ അയിത്തജാതിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 1894 ല്‍ ഉണ്ടായിരുന്ന 234 ല്‍ നിന്നും 1922 ആയപ്പോള്‍ 2361 ആയി വര്‍ദ്ധിക്കുകയുണ്ടായി.

1890 ല്‍ ഫൂലെയുടെ മരണത്തെത്തുടര്‍ന്ന് ബഹുജന്‍ സമാജിനു വേണ്ടിയുള്ള അബ്രാഹ്മണ മുന്നേറ്റത്തിന്റെ കാരവനെ മഹാരാഷ്ട്രയില്‍ സാഹുജി മുന്നോട്ടുകൊണ്ടുപോവുകയുണ്ടായി. അദ്ദേഹം നടത്തിയ വിപ്ലവകരമായ നടപടികളുണ്ടാക്കിയ ഫലം കോലാപ്പൂരിന്റെ അതിരുകളില്‍ മാത്രം ഒതുങ്ങി നിന്നില്ല, മറിച്ച് ദക്ഷിണേന്ത്യയിലെ ജസ്റ്റിസ് പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ക്ക് അദ്ദേഹം പ്രചോദനത്തിന്റെ ഒരു ഉറവിടമായി വര്‍ത്തിച്ചു.8 ദക്ഷിണേന്ത്യയിലെ അബ്രാഹ്മണ പ്രസ്ഥാന ത്തിന്റെ സത്തയും ആത്മാവുമായി വര്‍ത്തിച്ച ഡോ. ടി.എം.നായര്‍, ശ്രീ. രാമസ്വാമി മുതലിയാര്‍, സര്‍. പി.ടി.ചെട്ടിയാര്‍ തുടങ്ങിയവര്‍ സാഹുമഹാരാജുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ബോംബെയിലും മദ്രാസ്സിലുമുള്ള അബ്രാഹ്മണപ്രസ്ഥാനങ്ങള്‍ക്ക് നിരവധി സമാനതകളുണ്ടായിരുന്നു. മഹാത്മ ഫൂലെയ്ക്കു ശേഷം സത്യശോധക് സമാജ് എന്ന അബ്രാഹ്മണപ്രസ്ഥാനം സാഹു മഹാരാജിന്റെ നേതൃത്വ ത്തിന്‍ കീഴില്‍ ബോംബെ പ്രവിശ്യയില്‍ വളരെ സജീവമായിരുന്നു. മദ്രാസ് പ്രവിശ്യയിലാകട്ടെ ഡോ. ടി.എം. നായര്‍, സര്‍. പി.ടി.ചെട്ടിയാര്‍, തുടങ്ങിയവരായിരുന്നു അതിന്റെ കുന്തമുനയായി വര്‍ത്തിച്ചിരുന്നവര്‍. ചരിത്രരേഖകളില്‍ നിന്നും വ്യക്തമാകുന്നത്, ഡോ. ടി.എം. നായര്‍ക്കും സര്‍. പി.ടി. ചെട്ടിയാര്‍ക്കും സാഹുമഹാരാജുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നു. ഡോ. ടി.എം. നായരും സാഹുമഹാരാജും തമ്മില്‍ അടുത്ത സുഹൃത്തുക്കളും പരസ്പരം വളരെയധികം ബഹുമാനിക്കുന്നവരുമായിരുന്നു. അതിനാല്‍ ഡോ. നായര്‍ ആകസ്മിക മായി മരണപ്പെട്ടപ്പോള്‍ സാഹുജി മഹാരാജ് ഉടന്‍ തന്നെ അദ്ദേഹത്തി ന്റെ സ്മരണക്കായി ഡോ. നായരുടെ പേരില്‍ ഒരു സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയുണ്ടായി. ഡോ. ടി.എം. നായരുടെ മരണത്തെത്തുടര്‍ന്ന് അബ്രാഹ്മണപ്രസ്ഥാനത്തിന്റെ നേതൃത്വം ചെട്ടിയാര്‍ ഏറ്റെടുത്തു. അദ്ദേഹവും രാജര്‍ഷി സാഹുജിയുമായി അടുത്ത ബന്ധം പുലര്‍ത്തി യിരുന്നു. സാഹു മഹാരാജ് അഭിസംബോധന ചെയ്ത കര്‍ണ്ണാടകയിലെ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ സമ്മേളനം 1920 ജൂലൈയില്‍ ഹുബ്ലിയില്‍ നടന്നപ്പോള്‍ അതില്‍ സര്‍. പി.ടി. ചെട്ടിയാര്‍ പങ്കെടുത്തിരുന്നു.
1922 മേയ് 6ന് രാജര്‍ഷി സാഹുജി മഹാരാജ് നാടുനീങ്ങിയ വേളയില്‍, 1922 മേയ് 22 ന് മദ്രാസ്സില്‍ ഒരു അനുശോചന സമ്മേളനം നടന്നിരുന്നു. അതില്‍ അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രിയായ ബഹുമാന്യ ദിവാന്‍ ബഹാദൂര്‍ രാമരായങ്കാര്‍ ആണ് അധ്യക്ഷത വഹിച്ചിരുന്നത്. രാജര്‍ഷി സാഹുമഹാരാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ക്കൊണ്ട് അദ്ദേഹം പറഞ്ഞു, 'അവര്‍ക്ക് അവരുടെ വിലയേറിയ ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയിലെ വിമോചന പ്രസ്ഥാനത്തിന്റേയും അതിന്റെ പ്രവര്‍ത്തനങ്ങളുടേയും പ്രാധാന്യം തിരിച്ചറിഞ്ഞ ഒരാളായിരുന്നു അദ്ദേഹം.' മദ്രാസില്‍ സാഹു മഹാ രാജിന്റെ സ്മരണ നിലനിര്‍ത്താനായി ഒരു കമ്മറ്റി രൂപീകരിക്കുക യുണ്ടായി.

ദക്ഷിണേന്ത്യയിലെ അബ്രാഹ്മണപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗദര്‍ശിയും പിന്‍തുണക്കാരനുമായി സാഹുമഹാരാജ് വര്‍ത്തിക്കുമ്പോള്‍ത്തന്നെ 1919 മുതല്‍ മഹാരാഷ്ട്രയില്‍ ഡോ. അംബേദ്ക്കറുടെ മുന്നേറ്റത്തിന്റെ വഴിവിളക്കും മഹാനായ സഹകാരിയുമായിരുന്നു അദ്ദേഹം. 1920 ജനുവരി 31 ന്, സാഹുമഹാരാജിന്റെ സാമ്പത്തിക സഹായത്തോടുകൂടി, ഡോ. അംബേദ്ക്കര്‍ തന്റെ ആദ്യ ദ്വൈവാരികയായ 'മൂകനായക്-ശബ്ദമില്ലാത്തവരുടെ നായകന്‍' ആരംഭിച്ചു.

രാജര്‍ഷി സാഹുമഹാരാജ് ഒരു ബഹുമുഖപ്രതിഭയായ വ്യക്തിത്വ മായിരുന്നു. പരന്ന വായനയുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. പ്രബോധങ്കര്‍ താക്കറെയെന്ന് എന്ന് സാധാരണ അറിയപ്പെടുന്ന ഹിന്ദുയിസത്തിന്റെ ഒരു വിമര്‍ശകനായ മി.കേശവ് സീതാറാം താക്കറെ, രാജര്‍ഷിസാഹുമഹാരാജിന്റെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു. ഒരു സന്ദര്‍ശനവേളയില്‍ രാജര്‍ഷി സാഹു അദ്ദേഹത്തോട് ഇപ്പോള്‍ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നതെന്ന് ആരാഞ്ഞു. 'പുരോഹിതരുടെ കലാപങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് ഒരു ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കുക യാണെന്ന് മി. താക്കറെ മറുപടി പറഞ്ഞു. ഉടന്‍ തന്നെ സാഹു മഹാരാജ് 'താങ്കള്‍ സാവേലിന്റെ പൗരോഹിത്യവും രാജാധികാരവും എന്ന പുസ്തകം പരാമര്‍ശിച്ചിട്ടുണ്ടോ' എന്ന് ചോദിച്ചു.

മഹാരാഷ്ട്രയിലേയും ദക്ഷിണേന്ത്യയിലേയും സാമൂഹ്യ സാംസ്‌ക്കാരിക പ്രക്ഷോഭങ്ങളില്‍ ഒരു നിര്‍ണ്ണായകവും ചരിത്രപരവുമായ പങ്ക് രാജര്‍ഷി സാഹുജി നിര്‍വഹിച്ചു. മഹാരാഷ്ട്രയിലെ നിരവധി അബ്രാഹ്മണ നേതാക്കള്‍ക്ക് അദ്ദേഹം രക്ഷാകര്‍തൃത്വം വഹിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും സര്‍വ്വാത്മനാ പിന്തുണയ്ക്കുകയും ചെയ്തു. 1894 മുതല്‍1922 വരെയുള്ള തന്റെ 28 വര്‍ഷത്തെ കാലയളവില്‍ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളില്‍ ദൂരവ്യാപക ഫലമുളവാക്കാന്‍ കഴിവുള്ള മഹത്തായ സംഭാവനകള്‍ നല്‍കിയതിലൂടെ സാമൂഹ്യ സാമ്പത്തിക സാംസ്‌ക്കാരിക രാഷ്ട്രീയ പരിഷ്‌ക്കരണങ്ങളില്‍ ഒരു പുതിയ യുഗപ്പിറവിക്ക് അദ്ദേഹം നാന്ദി കുറിച്ചു.

സാമൂഹ്യ സംഘാടനത്തിനായുള്ള തന്റെ വിപ്ലവകരമായ പ്രവര്‍ത്തന ങ്ങളുടെ ഫലമായി ബാലഗംഗാധര തിലകനടക്കമുള്ള രാജ്യത്തെ ബ്രാഹ്മണരുടെ അനിഷ്ടം അദ്ദേഹം ക്ഷണിച്ചുവരുത്തി. എന്നാല്‍ ജാതി നശീകരണത്തിനും സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുമായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍, 1919 ല്‍ കാണ്‍പൂരില്‍ നടന്ന കുറുമി ക്ഷത്രിയ സമ്മേളനത്തില്‍ വച്ച് അദ്ദേഹത്തിന് 'രാജര്‍ഷി-രാജാധിരാജന്‍' എന്ന പദവി ചാര്‍ത്തിക്കൊടുത്തു.

ഒരു രാജാവായിട്ടുകൂടി അയിത്തജാതിക്കാരുടെ നിരവധി സമ്മേളന ങ്ങള്‍ക്ക് അദ്ദേഹം ആധ്യക്ഷം വഹിച്ചു. അദ്ദേഹം അവസാനമായി ആധ്യക്ഷം വഹിച്ചത് 1922 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ വച്ചു നടന്ന 'ഇന്ത്യന്‍ അയിത്തജാതി സമ്മേളന'മായിരുന്നു. കോലാപ്പൂരിനു സമീപം മംഗാവോണ്‍ ഗ്രാമത്തില്‍ 1920 മാര്‍ച്ച് 20-21 തീയതികളില്‍ നടന്ന മഹാരാഷ്ട്രയിലേയും കര്‍ണ്ണാടകയിലേയും മഹറുകള്‍ പങ്കെടുത്ത ആദ്യ മഹര്‍ സമ്മേളനത്തിന്റെ മുഖ്യ മാര്‍ഗ്ഗദായകശക്തി രാജര്‍ഷി സാഹുവായിരുന്നു. 'ഡോ. അംബേദ്ക്കര്‍ കേവലം അയിത്തജാതിക്കാരുടെ മാത്രം നേതാവല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിന്റേയും നേതാവായി മാറുന്ന ഒരു ദിനം വരും' എന്ന പ്രവചനം ആ സമ്മേളനത്തില്‍ വച്ചാണ് സാഹുജി നടത്തിയത്. 

ശൂദ്രരുടെ അടിസ്ഥാനാവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനായി ബ്രാഹ്മണിസത്തിനെതിരെ സാഹുജി മഹാരാജ് നടത്തിയ നിസ്തുലവും നിരന്തരവുമായ സേവനത്തേയും പോരാട്ടത്തേയും ഡോ.അം ബേദ്ക്കര്‍ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ മഹര്‍ സമ്മേളനം അംഗീകരിച്ച പതിനഞ്ചു പ്രമേയങ്ങളില്‍9 ഒന്നില്‍ കോലാപ്പൂരില്‍ ബ്രാഹ്മണിസത്തെ നിഷ്പ്രഭമാക്കുകയും അധഃസ്ഥിത വര്‍ഗ്ഗക്കാര്‍ക്ക് തുല്യാവകാശം നല്‍കുകയും അവരുടെ ഉയര്‍ച്ചയ്ക്കായി നിരവധി നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സാഹുമഹാരാജിന്റെ ജന്മദിനം ഒരു ഉല്‍സവം പോലെ കൊണ്ടാടണമെന്ന് ഡോ.അംബേദ്ക്കര്‍ തന്റെ അനുയായികളെ ഉപദേശിച്ചിരുന്നു. 

സാഹു മഹാരാജ് ഒരു പ്രതാപിയായ രാജാവായിട്ടുകൂടി അദ്ദേഹം ഒരിക്കലും ആഡംബരപൂര്‍ണ്ണമായി ജീവിച്ചില്ല. അദ്ദേഹം ദരിദ്രരും അയിത്തജാതിക്കാരും സാധാരണക്കാരുമായ ജനങ്ങളെപ്പോലെയാണ് ജീവിച്ചത്. അതിനാല്‍ എതിരാളികള്‍ അദ്ദേഹത്തെ അയിത്തജാതിക്കാരുടെ രാജാവ് എന്നുവിളിച്ചാക്ഷേപിച്ചെങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കിയിരുന്നില്ല. രാജ്യത്തെ ഏറ്റവും ദരിദ്രനും എറ്റവും സമ്പന്നനും ഒരു പോലെ അദ്ദേഹത്തിനടുക്കലേയ്ക്ക് പ്രവേശനമുണ്ടായിരുന്നു. ഒരു ജാതിബദ്ധസമൂഹത്തില്‍ പിന്നോക്കമായിപ്പോയ വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പരിവര്‍ത്തനത്തിന് രാജ്യഭരണാ ധികാരം എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതിന്റെ സമാനതകളില്ലാത്ത മാതൃകയായി രാജര്‍ഷി സാഹുവിന്റെ ഭരണവും നയങ്ങളും നിര്‍വ്വഹണവും നിലകൊള്ളുന്നു. തന്റെ ജീവിത കാലയളില്‍ ബ്രാഹ്മണ്യശക്തികള്‍ക്കു മുമ്പാകെ ഒരിക്കലും അദ്ദേഹം മുട്ടുമടക്കിയിട്ടില്ല. അദ്ദേഹം പ്രചണ്ഡമായ ജാതിബദ്ധ ബ്രാഹ്മണിക ഉഗ്രശക്തികളെ വെല്ലുവിളിക്കുകമാത്രമല്ല ചെയ്തത്, അവരെ തന്റെ രാജ്യത്ത് സമ്പൂര്‍ണ്ണമായും നിഷ്പ്രഭരാക്കുകയും ചെയ്തു. അതിനായി അദ്ദേഹം യാതൊന്നിനേയുംകുറിച്ച്, ബ്രിട്ടീഷ് സര്‍ക്കാരിനെക്കുറിച്ചു പോലും, ആശങ്കാകുലനായിരുന്നില്ല. ജാതിരഹിതവും മനുഷ്യത്വ പൂര്‍ണ്ണവുമായ സമൂഹസൃഷ്ടിക്കായി അത്തരത്തിലുള്ള നിഷ്‌ക്കാസനങ്ങള്‍ അനിവാര്യ മാണെന്ന് അദ്ദേഹം കരുതി. കേവലം 48 വര്‍ഷം മാത്രം നീണ്ട തന്റെ ജീവിതകാലയളവിനുള്ളില്‍ സാമൂഹ്യ സാമ്പത്തിക ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിനായി രാജ്യാധികാരത്തെ അദ്ദേഹം ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചു. ഇന്ത്യയിലെ മറ്റെല്ലാ ഭരണാധികാരികള്‍ക്കും മാതൃകയായി അതിന്നും നിലകൊള്ളുന്നു.