"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

സംഘടനാ പ്രവര്‍ത്തനം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പതിനൊന്ന്

പപ്പു മാനേജരും, പരമശിവന്‍ പിള്ളയും, ചാത്തേനും കൂടി വേറൊരു ക്ഷത്രിയ ജന്മിയുടെ തറവാട്ടിലേയ്ക്കു നടന്നു. തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും കത്തുന്ന വെയിലില്‍ അസഹനീയമായ ചൂടും സഹിച്ചാണ് വളരെയധികം ദൂരം നടന്നവര്‍ ചെന്നത്. പ്രധാന നാലുകെട്ടിന്റെ അകത്തളത്തില്‍ ഉലാത്തുകയായിരുന്ന ജന്മി ഇവര്‍ ചെന്ന വിവരം വാല്യക്കാര്‍ പറഞ്ഞറിഞ്ഞു. മധ്യവയസ്‌ക്കനെങ്കിലും ആജാനബാഹുവായ തമ്പുരാന്‍ ധൃതിയില്‍ നടന്നു പൂമുഖത്തു വന്നു നിന്നു.
പപ്പു മാനേജര്‍, നമസ്‌ക്കാരം പറഞ്ഞു തൊഴുതു. കൂടെയുള്ളവരും അദ്ദേഹത്തെ രണ്ടു കൈയ്യും കൂപ്പി അഭിവാദ്യം ചെയ്തു.
തുടര്‍ന്നു അദ്ദേഹവും പ്രത്യാഭിവാദനം ചെയ്തു. പപ്പു മാനേജര്‍ പൂമുഖത്തേയ്ക്കു കയറി, കൂടെ മറ്റുള്ളവരും, മാടമ്പടിക്ക് അപരിചിതര്‍ വരാന്തയിലേയ്ക്കു കയറിയതില്‍, അവരോടമര്‍ഷമുണ്ടായെങ്കിലും പുറത്തു കാണിച്ചില്ല. ഇരിക്കുവാനും പറഞ്ഞില്ല. തമ്പുരാനദ്ദേഹത്തിന്റെ ചാരു കസേരയിലിരുന്നപ്പോള്‍, ചെന്നവരും, അവിടെക്കിടന്ന ഇരിപ്പിടത്തിലിരുന്നു.
ഞാന്‍ പപ്പു മാനേജര്‍ കുറേയധികം തെക്കു നിന്നു വരുകയാണ്. ഇവര്‍ രണ്ടും പേരും ഈ നാട്ടുകാരാണ്, പേര് പരമശിവന്‍ പിളള, ഈ യുവാവ് ഈ നാട്ടിലെ തൊഴിലാളി പ്രവര്‍ത്തകനാണ്. ഞങ്ങള്‍ വന്ന കാര്യമെന്തെന്നാല്‍, മഹാരാജാവു തിരുവമനസു കൊണ്ട് ചില ഉത്തരവുകള്‍ ദിവാന്‍ പേഷ്‌ക്കാര്‍ വഴി ഇറക്കിയിട്ടുള്ളത് അങ്ങെയ്ക്കറിവുള്ളതാണല്ലോ. പുറം ജാതിക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് പള്ളിക്കൂടത്തില്‍ പ്രവേശനം നല്‍കുന്നില്ല. പൊതുവഴിയേ കൂടി സഞ്ചാരസ്വാതന്ത്ര്യമനുവദിക്കുന്നില്ല. മാറു മറച്ചു നടക്കുവാനനുവദിക്കുന്നില്ല. കൂലി കൂടുതല്‍ നല്‍കാറുമില്ല. പകലന്തിയോളം പണിയെടുപ്പിച്ചാല്‍, അവര്‍ക്കു തക്കതായ കൂലി നല്‍കാതെ കഷ്ടപ്പെടുത്തുന്നു. പതിത വര്‍ഗ്ഗക്കാര്‍ക്കു നിരന്തരം പീഢനം മാത്രം. ഇവയ്‌ക്കെല്ലാം തമ്പുരാന്‍ പരിഹാരം കാണണം.
തമ്പുരാന്‍ - നിങ്ങള്‍ കീഴ്ജാതിക്കാരാണ്. വന്നയുടനെ നമ്മുടെ പൂമുഖത്തു കയറിയിരിക്കുവാന്‍ നാം നിര്‍ദ്ദേശിച്ചില്ലല്ലോ.
പപ്പുമാനേജര്‍ - ജാതി മനുഷ്യനായിട്ടുണ്ടാക്കിയതാണ്. 
ഉന്നതജാതി കീഴ്ജാതി എന്നൊന്നില്ല. അഥവാ അങ്ങിനെയുണ്ടെങ്കില്‍ തന്നെ അതെക്കാലത്തും വച്ചു പുലര്‍ത്തുന്നത് ശരിയുമല്ല. അതിനു മാറ്റം വരണം. അക്കാര്യത്തില്‍ തമ്പുരാനെപോലെയുള്ളവരുടെ മനസ്സു മാറണം. പക്ഷേ നൂറ്റാണ്ടുകളായിട്ടും നിങ്ങളുടെ മനസ്സില്‍, മാറ്റം കാണാത്തതു കൊണ്ടാണ് മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവു നടപ്പാക്കുന്നുണ്ടോ എന്നന്വേഷിക്കുവാന്‍ എന്നെപ്പോലെയുള്ളവര്‍ വന്നിരിക്കുന്നത്. ഭൂമിയില്‍ എല്ലു മുറിയെ പണി ചെയ്യുന്നവര്‍ വഴി നടക്കുവാന്‍ പാടില്ലെന്നു പറയുന്നതു ശരിയാണോ അഥവാ വഴി നടന്നാല്‍ നിബന്ധന ലംഘിച്ചെന്നു പറഞ്ഞാ പാവങ്ങളെ ചിത്രവധം ചെയ്യുന്നു.
അവര്‍ക്കു പ്രതികരണശേഷി ഇല്ലാത്തതു കൊണ്ടല്ലേ നിങ്ങളിതൊക്കെ ചെയ്യുന്നത്. അതുടനെ നിര്‍ത്തണം.
വാക്കുകള്‍ക്കു കാഠിന്യം വന്നതു കണ്ട് തമ്പുരാന് കോപം ഇരച്ചു പൊന്തി വന്നെങ്കിലും സംയമനം പാലിച്ചു.
സാധു ജനങ്ങള്‍ അവരുടെ കുഞ്ഞുങ്ങളേയും കൊണ്ട് പള്ളിക്കൂടത്തില്‍ ചേര്‍ക്കുവാന്‍ ചെന്നാല്‍, നിങ്ങളുടെ ചട്ടമ്പികള്‍ തടുക്കുന്നു. അവരെ പഠിപ്പിക്കുവാനനുവദിക്കാതെ ആട്ടിയോടിക്കുന്നു. 
തമ്പുരാന്‍ - കൂലിക്കൂടുതല്‍ തന്നെയാണ് എന്റെ ചെറുമക്കള്‍ക്കു കൊടുക്കുന്നത്. പള്ളിക്കൂടത്തില്‍ കുട്ടികളെ ചേര്‍ക്കേണ്ടത് പള്ളിക്കൂടാധികാരികളാണ്.
പപ്പു മാനേജര്‍, പള്ളിക്കൂടാധികാരികള്‍, ഇനി മേലില്‍, അത്തരം കുഴപ്പങ്ങളുണ്ടാക്കുകയില്ലെന്നു സമ്മതിച്ചിട്ടുണ്ട്. പക്ഷേ നിങ്ങളുടെയാളുകള്‍, വഴി തടയുക, അസഭ്യം പറയുക എന്നീ പ്രവണതകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
തമ്പുരാന്റെ അധികാരത്തില്‍ തൊട്ടു കൊണ്ടുള്ള സംസാരത്തില്‍, കോപവും അതിലേറെ അമര്‍ഷവുമുണ്ടായെങ്കിലും അതൊക്കെ ഉള്ളിലൊതുക്കി സംയമനം പാലിച്ചു. 
പപ്പുമാനേജര്‍ തുടര്‍ന്നു - നിങ്ങളും നിങ്ങളുടെ ചട്ടമ്പികളും മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവു പാലിച്ചില്ലെങ്കില്‍ വലിയ ഭവിഷത്തുകള്‍ നേരിടേണ്ടി വരും.
ഞാനിത്രയും പറഞ്ഞിട്ടും നിങ്ങളൊരു അഭിപ്രായവും പറഞ്ഞില്ല. അതിനര്‍ത്ഥം നിങ്ങളിവയെല്ലാം സമ്മതിക്കുവാന്‍ തയ്യാറല്ലെന്നല്ലേ.
ഏതായാലും ഞങ്ങളിതാ പോകുന്നു. വരൂ പിള്ളേ, വരൂ ചാത്താ. നമുക്കു പോകാം എന്നു പറഞ്ഞു കോപത്തോടെ എഴുന്നേറ്റു പുറത്തേയ്ക്കിറങ്ങി നടന്നു. അവരുടെ പോക്കു കണ്ടു തമ്പുരാന്‍ സ്തബ്ദനായി വെറുതേ നോക്കിയിരുന്നു. വാല്യക്കാരും തറവാട്ടിലുള്ള ചില സ്ത്രീകളും, ചെറുപ്പക്കാരും മറ്റംഗങ്ങളും ഉദ്ദോഗത്തോടെ വന്നു നോക്കി പരസ്പരം മുഖഭാവങ്ങള്‍ ശ്രദ്ധിച്ചു. പിന്നെ തമ്പുരാനേയും നോക്കി. ആരുമൊന്നുമുരിയാടാതെ ഇതികര്‍ത്തവ്യാമൂഢനായിരുന്നു.
വന്നവര്‍ പടിപ്പുരയിറങ്ങി പുറത്തേയ്ക്കു പോയിക്കഴിഞ്ഞപ്പോള്‍ തമ്പുരാന്റെ ഭാര്യ അന്തര്‍ജനം വന്നു.
പരിഭ്രമത്തോടെ ചോദിച്ചു. എന്താ എന്തുണ്ടായി പറയൂ നാമും ഒന്നറിഞ്ഞതു കൊണ്ടെന്താ, പറയൂ വല്ല കുഴപ്പവുമുണ്ടോ?
തമ്പുരാന്‍ പൊട്ടിത്തെറിക്കുന്ന ശബ്ദത്തില്‍; അന്തര്‍ജനത്തിനെ ഇവിടെ ആരും വിളിപ്പിച്ചില്യാ.
അന്തര്‍ജനം - എനിക്കറിഞ്ഞേ പറ്റൂ കാരണം നിങ്ങള്‍ക്കു വരുന്ന ബുദ്ധിമുട്ടുകള്‍ എന്‍േറതും കൂടിയാണ്. എനിക്കും ബാധിക്കുന്നതല്ലേ. അതു തരണം ചെയ്യേണ്ടത് എന്‍േറയും കൂടി കര്‍ത്തവ്യമാണ്.
തമ്പുരാന്‍ - കൂലി കൂടുതല്‍ കൊടുക്കണം, നമ്മുടെ ചെറുമക്കളെ നമുക്കു നിയന്ത്രിക്കുവാനധികാരമില്ലത്രേ. വഴി നടക്കുമ്പോള്‍ ചോദിക്കുവാന്‍ പാടില്യാത്രേ. കുട്ടികളെ സ്‌ക്കൂളില്‍ ചേര്‍ക്കുമ്പോള്‍ തടയുന്നതിനു നാമെന്തു പിഴച്ചു.
അന്തര്‍ജനം - ഓഹോ അതാണല്ലേ കാര്യം, ശരി അതു ചോദിക്കുവാനാണോ ആ ആളുകള്‍ പുലയരേയും കൂട്ടി വന്നു തമ്പുരാന്റെ ഒപ്പമിരുന്നത്. നമ്മോടൊപ്പം അവനൊക്കെ ഇവിടെ കയറി ഇരിക്കാറായോ.
ഇടയ്ക്കു കയറി പ്രായമായ ഒരു മുത്തച്ചന്‍, എന്താ ഈ കേള്‍ക്കണേ, നമ്മുടെ ഈ നാലുകെട്ടില്‍ പുലയരു കയറിയെന്നോ, ശിവ, ശിവാ, കഷ്ടം ഈ ഭൂതലത്തില്‍ നാശമുണ്ടാകുമല്ലോ ഇവിടെയൊക്കെ അശുദ്ധമായോ.
പുരോഗമന സ്വഭാവമുള്ള ഒരുത്തന്‍ മുന്നോട്ടു വന്നു പറഞ്ഞു മുത്തശ്ശനെന്താണീ പറയുന്നത് പുലയര്‍ക്കു വേണ്ടി വലിയവരല്ലേ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ പുലയനായിരിക്കാം എന്നാലും ഇവിടെ കയറി വന്നത് ഉടുത്തൊരിങ്ങിയല്ലേ. അവനെ കണ്ടാല്‍ പുലയനാണെന്നു തോന്നുകയുമില്ല. അയാളുടെ പേരു പറഞ്ഞപ്പോഴല്ലേ നാമറിഞ്ഞത്.
തമ്പുരാന്‍ - ചര്‍ച്ച ഇവിടം കൊണ്ടവസാനിപ്പിച്ചോളൂ.
എല്ലാവര്‍ക്കും പോകാം.
ചെറുപ്പക്കാരന്‍ തമ്പുരാനൊന്നു മനസ്സിലാക്കണം (അധികാരി സ്വന്തം തറവാട്ടിലായാലും മിത്രമായാലും ബഹുമാനിച്ചേ സംബോധന ചെയ്യാറുള്ളൂ). അയാള്‍ തുടര്‍ന്നു. നമ്മള്‍ ഈ നാലുകെട്ടില്‍ മാത്രമൊതുങ്ങുന്നവരല്ല. പുറത്തിറങ്ങി സഞ്ചരിക്കേണ്ടവരല്ലേ. മറ്റുള്ളവരെ അഭിമുഖീകരിക്കേണ്ടവരാണ് രാജാവിന്റെ ഉത്തരവു പാലിക്കേണ്ടവരുമാണ്. സാധു ജനങ്ങളെ ഐത്തത്തില്‍ പെടുത്തിയാല്‍ ചീത്തപ്പേരു നമുക്കു തന്നെയാണ്. നമുക്കും കുട്ടികളും പെണ്ണുങ്ങളുമുള്ളവരാണ്. അതു മറക്കണ്ട.
അയിത്ത ജാതിക്കാര്‍ക്കു വേണ്ടി ചോദിക്കുവാനും പറയുവാനും ആളുണ്ടായിരിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ മഹാരാജാവിന്റെ ഉത്തരവു പ്രകാരമാണ് ഇവിടേയ്ക്ക് ആഗതരായത്. ഈ മാറി വന്ന സാകചര്യത്തില്‍ നമ്മള്‍ കുറേക്കൂടി സംയമനം പാലിച്ച് മുന്നോട്ടു പോയില്ലെങ്കില്‍ അതപകടമാണ്.
നാളെയൊരിക്കല്‍ പീഡിത ജനത ഒന്നടങ്കം വല്ല കുഴപ്പങ്ങളുമുണ്ടാക്കിയാല്‍ അതു നേരിടാന്‍ നമ്മളെ കൊണ്ടാകുമോ. ഇവിടെയുള്ള ചട്ടമ്പികള്‍ നമ്മുടെ പണത്തിന്റെ പിന്‍ബലത്തിലല്ലേ നമ്മളെ സേവിക്കുന്നതും പാവങ്ങളെ കൊന്നു കൊല വിളിക്കുന്നതുമൊക്കെ. അവര്‍ക്ക് ഏതെങ്കിലുമൊരു പ്രാവശ്യം പണമോ, ചെലവിനോ കൊടുക്കാതിരുന്നു നോക്കൂ, അവരും നമുക്കെതിരായി തിരിയുന്നതു കാണാം.
തമ്പുരാന്‍ - ഉം അവനൊക്കെ വീടും വേലയും കൊടുത്തു, ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത് നമ്മളെ അനുസരിക്കുവാനാണ്.
ചെറുപ്പക്കാരന്‍ - വല്യാട്ടാ അവനും അനുസരിക്കാതെ ആയാല്‍ അവനേയും കൊന്നു കൊലവിളിക്കുവാന്‍ നമ്മളെക്കൊണ്ടാകുമോ? അഥവാ അങ്ങിനെ ചെയതാല്‍ എത്ര പേര്‍ക്കെതിരേ അത്തരം നീക്കങ്ങള്‍ നമുക്കു പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ഇവയൊക്കെ തുടര്‍ന്നാല്‍ ബാക്കിയുള്ളവര്‍ എതിര്‍ ചേരിയെ ശരണം പ്രാപിച്ചു നമുക്കെതിരായി തിരിഞ്ഞെന്നിരിക്കും.
വലിയ നാട്ടുപ്രമാണിയായാല്‍ പോരാ, ഈ നാലു കെട്ടിനെ പറ്റിയും, ഈ തറവാട്ടിലുള്ളവരേ പറ്റിയും ചിന്തിച്ചു കാലത്തിനനുസൃതമായി കോലം കെട്ടണം. ഇത്രയും കാലം, വല്യാട്ടനോടിതൊന്നും പറയാതിരുന്നത് - തന്നത്താന്‍ മനസ്സിലാക്കി ശരിയാകുമെന്നു കരുതി പക്ഷേ അതിതു വരെയും കണ്ടില്ല.
കണ്ടറിഞ്ഞില്ലെങ്കില്‍, കൊണ്ടറിയും.
അതുകൊണ്ടാണ് ഞാനിതൊക്കെ ഇപ്പോള്‍ പറയുന്നത്. തമ്പുരാന്‍ (കൊച്ചനന്തന്‍ തമ്പി) എഴുന്നേറ്റു (സഗൗരവത്തോടെ) ഉണ്ണീ (വിജയചന്ദ്രന്‍ തമ്പി) നീയിങ്ങോട്ടു വരിക ഉണ്ണി വല്യാട്ടന്റെ സവിതത്തിലേയ്ക്കു ചെന്നു.
അവനെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചു മൂര്‍ദ്ധാവിലുമ്മ വെച്ചു. നീ ഇത്ര വലിയ വിശാല ഹൃദയനാണെന്നു നാം കരുതിയിരുന്നില്ല. നീ ഉന്നതനാണ്. എന്റെ മറ്റു അനുജന്മാര്‍ക്കു തോന്നാത്ത അറിവും പക്വതയുമുള്‍ക്കൊണ്ട മനുഷ്യനാണ്. ഇനി ഈ തറവാടു നീ ഏറ്റെടുത്തു കൈകാര്യം ചെയ്തു കൂടെ.
ഉണ്ണി (വിജയചന്ദ്രന്‍ തമ്പി) ഇല്ല വല്യാട്ടാ, വല്യാട്ടന്‍ തന്നെ കൈകാര്യം ചെയ്താല്‍ മതി. നാം വല്യാട്ടന്റെ വലം കയ്യായി പ്രവര്‍ത്തിക്കാം.
അന്തര്‍ജനങ്ങള്‍ക്കും, എല്ലാവര്‍ക്കും ഉണ്ണിയോടു വലിയ ബഹുമാനം തോന്നി. അവനിലുള്ള ഉന്നത മന:സ്ഥിതിയെ അവരെല്ലാവരും മനസ്സാ പുകഴ്ത്തി.
ഉണ്ണി പറഞ്ഞു, ഇതൊക്കെ ചൊല്ലിയെന്നു നിനച്ചു ചെറുമക്കളെ അങ്ങിനെ സ്വാധീനിക്കണമെന്നെനിക്കഭിപ്രായമില്ല. പടിപടിയായി നമുക്കു കൈകാര്യം ചെയ്യാം. അതായത് ഇലയ്ക്കും മുള്ളിനും ആഘാതമില്ലാത്ത രീതിയില്‍, ഈ ചട്ടമ്പികളേയും നമുക്കു വേണ്ട രീതിയില്‍ നിയന്ത്രിക്കാ്.
അന്നു സന്ധ്യയോടു കൂടി പിള്ളയുടെ മകള്‍ ഗീതാദേവി പപ്പു മാനേജരുടെ സമീപം വന്നു പറഞ്ഞു.
മാഷേ ചെറുമര്‍ക്കു അക്ഷരം പറഞ്ഞു കൊടുക്കുവാന്‍ ഞാനും പോട്ടെ.
മാഷ് - വൈകുന്നേരത്തേ ക്ലാസ്സില്‍ പഠിപ്പിക്കുവാന്‍ പോകണ്ട അതിനു തക്കതായ അവസരം ഞാന്‍ ഉണ്ടാക്കിത്തരാം, അതായത് ഞായറാഴ്ച ദിവസങ്ങളില്‍ ചെറുമരേയും അവരുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുവാന്‍ പോയാല്‍ മതി. അതിനു മുന്നോടിയായി, ഗീതാദേവി അവിടെ പഠിപ്പിക്കുവാന്‍ ചെല്ലുന്നുണ്ടെന്ന വിവരം ഞാന്‍ മൂപ്പനെ അറിയിക്കാം.
അക്ഷരം പഠിപ്പിക്കല്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു. മിക്ക ദിവസങ്ങളിലും നിശാപാഠശാലയായും, വയോജന വിദ്യാഭ്യാസമായും പഠനം നടത്തിയിരുന്നു.
ഒരിക്കല്‍ രാത്രിയില്‍ ചരതന്‍ നിശാപാഠശാലയില്‍ പാഠം ചൊല്ലി കൊടുക്കുവാന്‍ ചെന്നു. സ്ലേറ്റിലാണ് എഴുതിച്ചു പഠിപ്പിച്ചു കൊണ്ടിരുന്നത്. കൂട്ടത്തില്‍ ചാത്തേനും ഉണ്ടായിരുന്നു.
കുറച്ചു നേരം എഴുത്തും വായനയും പഠിപ്പിച്ചു കഴിഞ്ഞാല്‍ ചരതന്‍ കുടിലിലേയ്ക്കു പോകും. പള്ളിക്കൂടത്തില്‍ പഠിച്ചതു വായിച്ചു ഹൃദ്ദിസ്ഥമാക്കുവാന്‍ ചാത്തേനാണെങ്കില്‍ പരിചമുട്ടുകളിയും തുടികൊട്ടും പരിശീലനം ചെയ്യുവാന്‍ വീണ്ടും നില്‍ക്കുമായിരുന്നു.
പ്രസ്തുത ദിവസം രാത്രി ചാത്തേന്‍ പരിശീലനങ്ങള്‍ കഴിഞ്ഞു പോകുമ്പോള്‍ രണ്ടു മൂന്നു ചട്ടമ്പികള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി ദേഹോപദ്രവങ്ങളേല്‍പ്പിച്ചു. അപ്രതീക്ഷിതമായതു കൊണ്ടവനു തടുത്തു നില്‍ക്കുവാന്‍ സാധിച്ചില്ല. അടികൊണ്ടവശനായി ഞരങ്ങി മൂളി മുട്ടിലിഴഞ്ഞാണ് വീട്ടിലെത്തിയത്. മാടനും ചക്കിയും ഹൃദയം പൊട്ടിക്കരഞ്ഞു.
എണ്ട പൊന്നു ചാത്തേന് എന്നാ പറ്റീത്.
ചക്കി ഓടി വന്നു മകനെ താങ്ങിപ്പിടിച്ചു. അവള്‍ താങ്ങിയിട്ടു താക്കം കിട്ടാതെ, കൊച്ചൂട്ടിയേയും, മാടനേയും വിളിച്ചു. എല്ലാവരും കൂടി എടുത്തു പൊക്കി കുടിലിന്റെ കോലായില്‍ മാണ്ട് വിരിച്ച പായയില്‍ കിടത്തി.
എവടേക്കേടാ വേദന, എന്നു പറഞ്ഞു മാടന്‍ മുറിവുകളൊക്കെ പച്ചില ചതച്ചു വച്ചു കെട്ടി. കൈകാലുകള്‍ക്കു വല്ല ഒടിവോ ചതവോ ഉണ്ടോ എന്നറിയുവാന്‍ മാടന്‍ പലഭാഗങ്ങളും തടകിപ്പിടിച്ചു നോക്കി. അവനൊന്നും മനസ്സിലായില്ല.
നേരം വെളുക്കട്ടെ എന്നു പറഞ്ഞു ചാത്തേന് അല്‍പ്പം കഞ്ഞികോരിക്കൊടുത്തു കിടത്തി. ഞരങ്ങിയും, മൂളിയും, കരഞ്ഞും ചാത്തേന്‍ വെളുപ്പാന്‍ കാലത്താണ് വേദന കടിച്ചമര്‍ത്തി തളര്‍ന്നു കിടന്നുറങ്ങിയത്.
പിറ്റേദിവസം അതിരാവിലെ തന്നെ മാടന്‍ മാഷിനോടു ചെന്നു പറഞ്ഞു. അദ്ദേഹമുടനെ ഇട്യാദി മൂപ്പനെ അറിയിക്കുവാന്‍ പറഞ്ഞു വിട്ടു. കൂടാതെ വൈദ്യരുടെ അടുത്തേയ്ക്കു കൊണ്ടു വരുവാനാവശ്യപ്പെട്ടു. അതുപ്രകാരം മാടനും കൊച്ചൂട്ടീം കൂടി ചാത്തേന താങ്ങിപ്പിടിച്ചു ബഹുദൂരം നടന്നു, വഴിക്കു വച്ചു പരമശിവന്‍ പിള്ളയുടെ ചായക്കടയില്‍ നിന്നും ചായയും തിന്നാനും വാങ്ങിക്കൊടുത്തു അന്നേരം പപ്പു മാനേജരും അവിടെയുണ്ടായിരുന്നു.
അദ്ദേഹം ചാത്തേനോടു ചോദിച്ചു, നിന്നെ അടിച്ചവരെ മനസ്സിലായോടാ.
ചാത്തേന്‍ - ഉം. ഇല്ല.
അവനിതു വരേയ്ക്കും കാണാത്ത ആളുകളാണ് എന്ന സത്യാവസ്ഥ മാഷിനോട പറഞ്ഞു. ആളുകളെ അറിയാതെ ആരെയാണ് സംശയിച്ചു കണ്ടു പിടിക്കുക എന്നു പപ്പു മാനേജര്‍ പറഞ്ഞു. ഏതായാലും ചികിത്സയെടുത്തു അസുഖം ഭേദമാക്കൂ, അതാണാദ്യം ചെയ്യേണ്ടത് ബാക്കി കാര്യങ്ങള്‍ പിന്നെ തീരുമാനിക്കാം.
ചരതന്‍ സ്‌ക്കൂളില്‍ അന്നല്‍പ്പം നേരത്തേ പോയി കൂട്ടത്തില്‍ ആശാന്റെ പള്ളിക്കൂടത്തിലും ചെന്നു. അദ്ദേഹത്തെ കണ്ടു വിവരങ്ങള്‍ പറഞ്ഞു. ചാത്തനു അടികിട്ടിയ കാര്യങ്ങളും കൂടാതെ താന്‍ നിശാപാഠശാലയില്‍ പഠിപ്പിക്കുവാന്‍ പോകുന്നതും ആശാനോടുണര്‍ത്തിച്ചു. ആശാനു വലിയ സന്തോഷമായി, അതില്‍പ്പരം ചാത്തേനു അടിയേറ്റു വൈദ്യരുടെ അടുതാണെന്നറിഞ്ഞതില്‍ വല്ലാത്ത ദു:ഖം തോന്നി. വൈകിട്ടു പോയി കാണാമെന്നു ആശാന്‍ വിചാരിച്ചു. കൂടാതെ ചരമനോടു പറഞ്ഞു. നീ സമയമുള്ളപ്പോഴൊക്കെ ഇവിടെ വരണം ചില കാര്യങ്ങള്‍ സംസാരിക്കുവാനുമുണ്ട്.
അന്നു വൈകിട്ട് ചരതന്‍ പള്ളിക്കൂടത്തില്‍ നിന്നും വരുമ്പോള്‍ വൈദ്യരുടെ ചികിത്സാലയത്തില്‍ ചെന്നു. അവിടെ ചാത്തേന്റെ സമീപം നിന്നിരുന്ന അമ്മയോടൊപ്പം വീട്ടിലേയ്ക്കു നടന്നു വന്നു കൊണ്ടിരിക്കുമ്പോള്‍, ഒരമാവിന്റെ കൊമ്പില്‍ കല്ലെടുത്തെറിഞ്ഞു. ഒന്നു രണ്ടു മാങ്ങാ കിട്ടിയതെടുത്തു കടിച്ചു കൊണ്ടു നീങ്ങുന്നതു കണ്ട ഒരു നമ്പൂതിരി മുതലാളി, വേലിപ്പത്തലൊടിച്ച് ചരതനെ തല്ലാനോടിച്ചിട്ടു.
ചരതനോടി - ചക്കി വിളിച്ചു പറഞ്ഞു. എടാ നിന്നു കൊടടാ - തമ്പ്രാനണക്കണി, അവള്‍ രണ്ടു മൂന്നു പ്രാവശ്യം അതു തന്നെ തമ്പുരാന്‍ കേള്‍ക്കെ പറഞ്ഞു. 
യജമാന ഭക്തി പ്രകടിപ്പിച്ചു. തന്റെ മകനു വേദനിച്ചാലും തമ്പുരാന്‍ വിഷമിക്കരുതെന്നു കരുതിയാണ് ആ അമ്മ പറഞ്ഞത്.
പക്ഷേ ഇതിനൊക്കെ വേറൊരു മറുവശം കൂടിയുണ്ട് - നിന്നു കൊടുക്കുമ്പോള്‍ തമ്പുരാനടിച്ച് കൈകഴച്ച് പിന്നെ വഴക്കും പറഞ്ഞു പൊയ്‌ക്കൊള്ളും, ചെറുമനെ പീഡിപ്പിച്ചതില്‍ സംതൃപ്തിയും ഉണ്ടാകും. അല്ലെങ്കില്‍ ഓടിച്ചിട്ടിട്ടും അവനെ ലഭിക്കാതായാല്‍ കോപമടങ്ങാത്ത തമ്പുരാന്‍ ചെന്നു വാല്യക്കാരെ അയക്കും പിന്നെ കിടാത്തനെ പിടിച്ചു കെട്ടി അടയ്ക്കാമരത്തിലോ മറ്റോ ബന്ധിച്ചു അടിച്ചു ഇഞ്ചപ്പരുവമാക്കും, അല്ലെങ്കില്‍ ചിത്രവധം പോലും ചെയ്‌തെന്നിരിക്കും. അതൊഴിവാക്കുവാനാണ് ആ അമ്മബുദ്ധിപരമായി തമ്പുരാനെ പുകഴ്ത്തി പ്രീതിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചത്.
തന്‍ മകന്‍ പൊന്‍ മകന്‍, അവന്റെ രക്ഷയ്ക്ക് അമ്മയല്ലാതാരാണാ നേരത്തെ സഹായത്തിന്ന് - ഭയഭക്തി ബഹുമാനത്തോടു കൂടിയല്ലാതെ ഈ മണ്ണില്‍ ജീവിക്കുവാന്‍ പറ്റുമോ. അവന്‍ വലുതായിട്ടു വേണം. വേല ചെയ്ത തങ്ങള്‍ക്കു ഭാവിയില്‍ കഞ്ഞി തരുവാന്‍. ഉത്തമമായ പ്രതീക്ഷയില്‍ വളര്‍ത്തി കൊണ്ടു വരുന്ന കുഞ്ഞുങ്ങളെ മാടമ്പിയുടെ അധികാരമുപയോഗിച്ച് കേവലമൊരു മാങ്ങയ്ക്കു വേണ്ടി പീഢിപ്പിക്കുക എന്നു പറഞ്ഞാല്‍ മാടമ്പിമാരുടെയൊക്കെ ഉള്ളിലിരുപ്പ് ജാതിക്കുശുമ്പല്ലാതെ വേറെയെന്താണ്. ചെറിയ തെറ്റുപോലും പെരുപ്പിച്ചെടുത്ത്, അവന്റെയൊക്കെ അധികാരം കെട്ടുറപ്പിച്ച് മറ്റുള്ളവരെ പീഡിപ്പിക്കുന്ന രീതി അതിഭീകരം തന്നെ.
മാണ്ടയുടെ കുഞ്ഞു നടന്നു കളിക്കുന്ന പ്രായം മുതലാളി ഒരു സ്വര്‍ണ്ണമാല കൊച്ചിനു കൊടുത്തിട്ടുണ്ട് അതു കഴുത്തിലിടീച്ച് മുററത്തെ ചിക്കു പായയിലിരുത്തി ഓമനിച്ചു കൊണ്ടിരുന്നു. കൊച്ചൂട്ടി ഓലമടല്‍ കീറുന്ന ജോലിയില്‍ വ്യാപൃതനായിരുന്നു.
മോനേ പൊന്നിക്കുട്ടാ - കി.കി.കി ഇതുകണ്ടാ പുന്നാരമോനി മാല പടിക്കല തമ്പ്രാന്‍ പുള്ളക്ക് തന്തേണി (കുഞ്ഞിനു തന്നതാണ്) എന്നു പറഞ്ഞാണ് ഓമനിച്ചു കൊണ്ടിരുന്നത്.
കൊച്ചൂട്ടി അതു കേട്ടു ''അപ്പആനാടി''
അതിനു മറുപടിയായി മാണ്ട ''നീങ്കപുള്ളക്കച്ചം''.
പുരുഷന്മാരും സ്ത്രീകളും വ്യംഗ്യാര്‍ത്ഥം വെച്ചു സംസാരിക്കുക പതിവായിരുന്നു. അവളുടെ തെറ്റുകള്‍ ചോദിക്കാതിരുന്നാല്‍ വിവാഹാനന്തര ജീവിതം ഒരുവിധം അലോസരമില്ലാതെ മുന്നോട്ടു കൊണ്ടു പോകാം അല്ലെങ്കില്‍ പൊട്ടിത്തെറിയായിരിക്കും ഫലം.
നാടറിയും, നാട്ടാരറിയും, നാണക്കേടുമാകും അതൊഴിവാക്കുവാന്‍ കണ്ടില്ലെന്നു നടിക്കുകയായിരിക്കും ഉചിതം.
അക്കാലത്തൊക്കെ ചില പുലയന്മാരും ശബരി മലയ്ക്കു പോകുമായിരുന്നു. ഭയങ്കര അപകട സാധ്യതയുള്ള കാലവുമായിരുന്നു. ഘോരവിപിനം ദിവസങ്ങും മാസങ്ങളുമെടുത്തെന്നിരിക്കും. യാത്രാ സൗകര്യങ്ങളൊന്നുമില്ല. തിരിച്ചു വരുകയെന്നു പറയുന്നത് വളരെ വിരളമായിരുന്നു. വിവാഹം കഴിഞ്ഞു കുഞ്ഞിക്കാലു കാണുവാന്‍കൊതിച്ചിരുന്നിട്ടു വര്‍ഷങ്ങളായി. ചിലര്‍ കറമ്പന്റെ അനുജനായ കുട്ടിച്ചനോട് പറഞ്ഞു ശബരി മലയ്ക്കു പോയി നമ്മുടെ ദേവനായ അയ്യപ്പനെ കണ്ടു തൊഴുതു വന്നാല്‍ നിനക്കു കുഞ്ഞുങ്ങളുണ്ടാകുമെന്ന് അതിനു മാലയിട്ടു നാല്‍പ്പത്തൊന്നു ദിവസം നോന്‍പെടുത്ത് കെട്ടും കെട്ടി പോകാനൊരുങ്ങി. പെലക്കിളി രാത്രി ഉറങ്ങുവാന്‍ കിടക്കുമ്പോഴൊക്കെ പറയുമായിരുന്നു. നീങ്ക പോണ്ട, കുഞ്ഞിപ്പെണ്ണു പെലക്കളിക്കു തൊണ്ടയിടറി നീങ്ക പോയാ ഇനിക്കാരാണ് എന്ന് നിരവധി തവണ പറഞ്ഞിരുന്നു. നോര്‍പെടുത്തു തുടങ്ങിയ അവസരങ്ങളിലൊക്കെ കുഞ്ഞിപ്പെണ്ണു കരയുമായിരുന്നു. കാരണം നോന്‍പു നാളിലൊന്നും ഭാര്യയുമൊരുമിച്ചുറങ്ങുവാന്‍ പോലും പാടില്ല എന്ന നിബന്ധന കാരണം വികാര വിവശയായി മനസ്സു നിയന്ത്രിചു കുഞ്ഞിപ്പെണ്ണു ഭര്‍ത്താവിനെ മിക്ക ദിവസവും ശപിച്ചിരുന്നു. അയല്‍ക്കാരും സ്വന്തക്കാരും കുഞ്ഞിപ്പെണ്ണിനെ ഉപദേശിച്ചു.
നിന്‍െര മനസ്സിന്റെ വിശുദ്ധിയാണ് അവന്‍ മലക്കു പോയി തിരിച്ചു സുരക്ഷിതമായി കുടിലില്‍ വന്നു ചേരുവാന്‍ പ്രേരകമാകുന്നത്.
പക്ഷേ ആരോഗ്യവും, സൗന്ദര്യവുമുള്ള കുഞ്ഞിപ്പെണ്ണിന്റെ നൊമ്പരം അവരിറിയുന്നുണ്ടോ?
ഉപയോഗിക്കുന്നവര്‍ക്കു വെവസ്ഥയോ വെള്ളിയാഴ്ചയോ ഇല്ലല്ലോ. നിര്‍ദ്ദേശിക്കുവാന്‍ വേഗം കഴിയും.
കുട്ടിച്ചന്‍ കെട്ടും കെട്ടി ശബരിമലയ്ക്കു പുറപ്പെട്ടു. കണ്ണുനീരും കയ്യുമായി വ്യര്‍ത്ഥ സ്വപ്നങ്ങളോടെ കുഞ്ഞിപ്പെണ്ണു മൂകയായിരുന്നു. ആത്മാര്‍ത്ഥതയോടു കൂടി കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കുവാന്‍ പോലും കഴിയാത്തൊരു നോന്‍പും പുറപ്പെടലും. കുഞ്ഞിപ്പെണ്ണിന്റെ മനോവ്യാകുലത അണപൊട്ടി ഒഴുകി. വേര്‍പാടിന്റെ വേദന കണ്ണുനീര്‍ ചാലുകളാക്കി കുട്ടിച്ചനെ യാത്രയാക്കി.
അനാവശ്യമായ പ്രവണതകളാണ് പറഞ്ഞു പരത്തിയിരിക്കുന്നത്. ഒന്നാമതായി കറുത്ത ഉടുപ്പുകള്‍ വേണം. അവ തണുപ്പകറ്റുവാന്‍ നല്ലതാണെന്നാണ് വിശ്വസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എവിടെയെങ്കിലും കിടന്നുറങ്ങുമ്പോള്‍ ആനയറിയാതെ ഈ ആളുകളെ ചിവിട്ടിക്കൊന്നെന്നും വരാം. പുലിയോ ക്ഷുദ്രജീവികളോ കടിച്ചു കൊണ്ടും പോകാം. പാദരക്ഷയില്ലെങ്കില്‍ നടക്കുവാനും പറ്റില്ല. ദേവനെ കാണുവാനുള്ള ആവേശത്തില്‍ ഒരു പക്ഷേ എരുമേലിയില്ലോ അല്ലെങ്കില്‍ ശബരിമലയിലോ ചെന്നെന്നിരിക്കും. പിന്നെ തിരിച്ചു നടക്കുവാന്‍ വയ്യാതെ ഏതെങ്കിലും കാട്ടില്‍കിടന്നു ചത്തു പോയെന്നും വരാം - ഇവയൊക്കെ അനുഭവിപ്പിക്കുന്നത് നാട്ടുകാരുടെ ഉപദേശത്തിന്റെ കുശുമ്പു കണ്ണുകളാണ്.
അവന്റെ അന്ത്യം കണ്ടേ ജനങ്ങളടങ്ങൂ. അല്ലെങ്കില്‍ അവനെ അപായപ്പെടുത്തിയാല്‍, അവന്റെ അഴകുള്ള പുലക്കള്ളിയെ വശീകരിച്ചു പാട്ടിലാക്കാം. വികാരം മൂപ്പിച്ചു മൂപ്പിച്ചു പിന്നെ അവനെ മറപ്പിച്ചു മറപ്പിച്ചു അവളെ പാട്ടിലാക്കാം. ശുദ്ധഗതിക്കാരികളായ ചെറുമികള്‍ തണ്ണാന്മാരുടെയും, തമ്പാന്മാരുടെയും വലയില്‍ വേഗം വഴങ്ങും. അങ്ങിനേയും അവന്റെ കുടുംബത്തിനെ തകര്‍ക്കാം. ആത്മാര്‍ത്ഥയോടു കൂടി ഉപകാരം ചെയ്യുവാനാരുമുണ്ടാകാറില്ല. ചൂഷണം ചെയ്യുവാന്‍ നിരവധി പേരുണ്ടുതാനും.
അക്കാലത്തു കാവില്‍ പൂരം നടന്നു. പൂരം കണ്ടു തിരിച്ചു വന്ന കുഞ്ഞിപ്പെണ്ണു കുടിലിലുറങ്ങി. പിറ്റേദിവസം കുഞ്ഞിപ്പെണ്ണും നാത്തൂന്മാരും മുറ്റത്തിരുന്നു ഓല മെടയുമ്പോള്‍ വഴിയേ നടക്കുവോര്‍ ചോദിച്ചു.
കുഞ്ഞിപ്പെണ്ണേ പെലക്കള്യേയ് ഇന്നലെ പൂരോക്ക കണ്ടാ.
കണ്ടെന്റെ കൊച്ചമ്പാനെ
വെടിക്കെട്ടെക്ക എങ്ങനെണ്ടായിരുന്നു.
അതാ, അത് ചിച്ചണി, ചീറുണി, ചീച്ചിക്കൊണ്ടോടണി ആകാജം തൊളകണി.
കുഞ്ഞിപ്പെണ്ണിന്റെ വിവരണം കേട്ടു മാപ്ല ചെറുക്കന്മാര്‍ പൊട്ടിച്ചിരിച്ചു. അവരുടെ മുഖത്തു നോക്കിയ കുഞ്ഞിപ്പെണ്ണിനെ കണ്ണിറുക്കി കാട്ടി.
കുഞ്ഞിപ്പെണ്ണു - ഏ കൊച്ചമ്പ്രാന്മാരേ, നിങ്ങ വന്നു കണ്ടില്ലേ.
മാപ്ലകിടാത്തന്മാര്‍ - ആ ഇന്നു വന്നു കാണാ പൂരം.
കുഞ്ഞിപ്പെണ്ണ് - അയിന്ന് ഇന്നുപൂരോന്നൂല്ലല്ല.
മാപ്ലകിടാത്തന്മാര്‍ കണ്ണേം കലാശത്തോടു കൂടി - ഒള്ളതു കാണാല്ലോ.
കുഞ്ഞിപ്പെണ്ണ് - ആ അങ്കനേങ്കിലങ്കന തന്നെ ചെരി.
അവളുടെ വര്‍ത്തമാനത്തിന്റെ പൊരുള്‍ മനസ്സിലാക്കി, രാത്രിയുടെ നിശബ്ദതയില്‍, കൂരിരുളില്‍ ആരുമറിയാതെ കുഞ്ഞിപ്പെണ്ണിനെ അവര്‍ സമീപിച്ചു.
അവന്‍ പറഞ്ഞു കുട്ടിച്ചനെ ഞങ്ങളൊക്കെ കൂടിയാണ് ഉപദേശിച്ചത് മലക്കു പോകാന്‍. അവന്‍ പോയി വരുമ്പോള്‍, കുഞ്ഞിപ്പെണ്ണു കെര്‍പ്പാകോന്ന്ഇതാണ് നിനക്ക് കുഞ്ഞിക്കാലു കാണുവാനുള്ള വഴി. നിന്റെ അഴകും ആരോഗ്യവും ഞങ്ങളെപ്പോലെയുള്ളവരില്‍ നിന്നും നിനക്കു കുഞ്ഞിക്കാലു കാണാറാകും.
അവര്‍ പരിഭവത്തോടെ, നീങ്ങ കരൂട്ടുകാരല്ലേ, കരൂട്ടുകാരെക്ക എങ്കള പച്ചിച്ചോണ്ടു പൊയ്ക്കളേം.
ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും വേറെ പല ചെറുപ്പക്കാരും കുഞ്ഞിപ്പെണ്ണുമായി ഇരുളില്‍ കണ്ടിരുന്നു. അവര്‍ അതിനൊത്ത വിഹിതം കാശായിട്ടു തന്നെ അവള്‍ക്കു നല്‍കിയിരുന്നു.
ഒരുത്തന്‍ പറഞ്ഞു ചിലപ്പോള്‍ കുട്ടിച്ചന്‍ എലിയായി വരും, അല്ലെങ്കില്‍ പൂച്ചയായും, അതുമല്ലെങ്കില്‍ നായയായിട്ടും വന്നെന്നിരിക്കും.
ഏ - അങ്കനേണ്ട - കുഞ്ഞിപ്പെണ്ണു അത്ഭുതത്തോടെ ആരാഞ്ഞ്. പിറ്റേദിവസം വൈകുന്നേരം മീന്‍ വെട്ടിതേച്ചു കഴുകുമ്പോള്‍ ഒരു നായ മീന്‍തല തിന്നുവാന്‍ വന്നു. ഇതൊരു പക്ഷേ കുട്ടിച്ചനായിരിക്കുമെന്നു കരുതി നല്ല മീന്‍ തന്നെ നായയ്ക്കിട്ടു കൊടുത്തു.
കുഞ്ഞിപ്പെണ്ണു പറഞ്ഞു - ഏ ഇതെണ്ട പെലേനല്ലേ, ചെലപ്പ, ചവരിമലേന്നു പട്ട്യായിട്ടു വന്നായിരിക്കും.
''ഏന്‍പറഞ്ചില്ലേ മലക്കു പേണ്ടന്നു
കാലു നാലില്ലേ വാലി വളഞ്ചില്ലേ''
എന്താണീ കാണുന്നത് കയ്ത്തിലും തൊടല്, മണീം കെട്ടിട്ടോണ്ട്. ചവരിമല ചാര്‍ത്താവിന്റെ കയ്ത്തില് മണീണ്ടല്ല. ചെലപ്പ തേവന്‍ മണീം കൊടുത്ത് വിട്ടതാരിക്കും.
വിദ്യാഭ്യാസമില്ല അറിവില്ല, സംസാരിക്കുവാന്‍ പോലും വാക്കുകളില്ലാത്തവര്‍. വലിയവരുടെ മുമ്പില്‍ പഴമനസ്സൊന്നു മാത്രം. ഉരിയാടി പഠിച്ചിട്ടുള്ള പതിത വര്‍ഗ്ഗം. എല്ലാ രംഗത്തും ചൂഷണത്തിന്നു വിധേയരായി നടക്കുന്നവര്‍. അവരെ പറഞ്ഞു പറ്റിക്കുവാന്‍ എളുപ്പമായിരുന്നു.
*****