"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

കുടിലെരിക്കലും പുലയന്റെ പ്രയാണവും - ധനു എളങ്കുന്നപ്പുഴ

തമ്പുരാനും കാര്യസ്ഥനും കൂടി വെട്ടുവഴിയേ നടന്നു വരുമ്പോള്‍ അകലെ ഒരാള്‍ എതിര്‍ദിശയില്‍ നിന്നു വരുന്നതു കണ്ടു.
ഏ....ഏ....ഹേ മാറിക്കോ, മാറിപ്പോ ഉന്നതന്റെ വരവാണ് എന്നുള്ള നിര്‍ദ്ദേശം.
ഓ....ഓ....ഹോ... അയാള്‍ മാറിയെന്ന മറുപടി കൊടുത്തു.
പക്ഷേ അയാള്‍ മാറിയിരുന്നില്ല. അല്‍പ്പം ഒതുങ്ങി നിന്നെന്നല്ലാതെ നിര്‍ദ്ദിഷ്ട ദൂരം പാലിച്ചിരുന്നില്ല.
കറുത്തവന്‍, തടി മിടുക്കുള്ളവന്‍, മേല്‍മീശ വെച്ചിട്ടുണ്ട്, ചെരിപ്പു ധരിച്ചിരിക്കുന്നു. നല്ല വെളുത്ത മുണ്ട്. തോളില്‍ നല്ലൊരു കസവുള്ള നാടന്‍ മുണ്ട്, മുന്‍ഭാഗത്തു നിന്ന് കഴുത്തിനിരു ഭാഗത്തുമായി പുറകോട്ടിട്ടിരിക്കുന്നു. കയ്യില്‍ ഒരു തടിച്ച പുസ്തകം, ഇടതു കൈകൊണ്ടു മാറിലടുക്കി പിടിച്ചിരിക്കുന്നു. കഴുത്തില്‍ രണ്ടു ഭാഗത്തും തമ്പുരാന്‍ കര്‍ത്താവിന്റെ രൂപമുള്ള വെന്തീഞ്ഞ തൂക്കിയിട്ടിരിക്കുന്നു.
കാര്യസ്ഥന്‍ നാരായണന്‍ നായര്‍ ചോദിച്ചു. നിയേതാടാ, തമ്പുരാന്‍ വരുന്നതു കണ്ടില്ലേ, നികൃഷ്ട ജാതി.... വന്നയാള്‍ ഞാന്‍ വഴി മാറിയല്ലോ... നിങ്ങള്‍ക്കു പോകുവാന്‍ ഇത്രയും വഴി പോരേ... എന്താ.
നീ മാര്‍ഗ്ഗം കൂട്യാവനല്ലേടാ.
അതിനെന്താ നിങ്ങളെപ്പോലെ മനുഷ്യനല്ലേ ഞാന്‍. ഇതു പൊതുവഴിയല്ലേ. നിങ്ങള്‍ നടക്കുന്ന പോലെ ഞങ്ങള്‍ക്കും നടക്കാം.
എടാ ധിക്കാരം പറയുന്നോ.
ധിക്കാരം നിങ്ങളാ പറയുന്നതും പ്രവര്‍ത്തിക്കുന്നതും. ഈ വഴിയില്‍ കൂടി നായ നടന്നാല്‍, നിങ്ങള്‍ നായയേ പിടിച്ചു ശിക്ഷിക്കാറുണ്ടോ?
തമ്പുരാന്‍ - ഫൂ-അശ്രീകരം, നിന്നെയൊക്കെ നോം പഠിപ്പിക്കും.
വന്നയാള്‍ - പഠിപ്പിക്കുമ്പോള്‍ അപ്പ കാണാം.
തമ്പുരാന്‍ പറഞ്ഞു - വാടാ നായരേ, നമ്മള്‍ക്കു പോകാകം അവനൊന്നും ഗതിപിടിക്കില്ല (നമ്പൂതിരി ശാപം).
തമ്പൂരാനേറ്റ ശക്തമായ പ്രഹരമായിരുന്നത്. വയസ്സായിട്ടും ഉന്നതന്റെ മനസ്സില്‍, ജാതിയുടെ വിഷം തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുന്നു. ഇന്നും ആളുകളെ പിടിച്ചു ശിക്ഷാക്കാമെന്നാണ് വിചാരം. ജാതി പീഢനമാണല്ലോ നമ്മുടെ നാട്ടില്‍ ജാതി മാറ്റമുണ്ടാക്കിയത്. ഒരു വിഭാഗം മനുഷ്യര്‍ മാത്രം ജീവിച്ചാല്‍ മതിയെന്നാണ് ഉന്നതരുടെ വിചാരം, മറ്റുള്ളവര്‍ മൃഗങ്ങളെപ്പോലെ അടിമവേല ചെയ്തു മരിച്ചു കൊള്ളണം. ഇവര്‍ വേല ചെയ്താല്‍ കൂലി ചോദിക്കുവാന്‍ പാടില്ല. കൂലി ചോദിച്ചാല്‍ മാടമ്പിയുടെ കോപത്തിനു വിധേയരായതു തന്നെ, പിന്നെ തൂണില്‍ കെട്ടിയിട്ടു പ്രഹരിക്കും. ആഹാരമൊന്നും കൊടുക്കുകയില്ല. കൊന്നാലും ചത്താലും ചോദ്യമില്ല - ഉത്തരവുമില്ല. ജന്മിമാര്‍ക്ക് കൊല്ലും കൊലയ്ക്കും അധികാരമുണ്ട്.
തെങ്ങുകയറ്റം നടക്കുന്ന അവസരമായിരുന്നു. കാര്യസ്ഥന്‍ നാരായണന്‍ നായരോടൊപ്പം, നീലകണ്ഠന്‍ നമ്പൂതിരിയും പോയിരുന്നു. കാര്യങ്ങളൊക്കെ മനസ്സിലാക്കാം എന്നുള്ള സദ്‌ദ്ദേശത്തോടു കൂടിയാണ് ഉണ്ണി പോയിരുന്നത്. ഉണ്ണി നമ്പൂതിരി തെങ്ങു കയറ്റക്കാരുടെ രീതികളൊക്കെ നോക്കി കണ്ടു മനസ്സിലാക്കി കൊണ്ടിരുന്നു. നാളികേരമൊക്കെ എണ്ണിത്തിട്ടപ്പെടുത്തുന്നതും, കൂടാതെ പറമ്പില്‍ താമസിക്കുന്ന കുടിയാന്മാര്‍ക്കു പറമ്പും തെങ്ങും നോക്കുന്നതിനുള്ള നോട്ട വിഹിതമായ തേങ്ങയെത്രയെന്നും മനസ്സിലാക്കി കൊണ്ടിരുന്നു.


ധനു എളങ്കുന്നപ്പുഴ
ഇടയ്‌ക്കൊക്കെ അയാള്‍ കുടികിടപ്പുകാരുടെ, പേരും മേല്‍വിലാസവും കുറിച്ചെടുത്തിരുന്നു. പാടത്തിന്റെ ചിറപ്പുറത്തു കൂടി നടന്നു സ്ഥലങ്ങളൊക്കെ മനസ്സിലാക്കി. തേങ്ങയിടേണ്ട അവസരങ്ങളില്‍ പോലും വൈമനസ്യ മേതുമില്ലാതെ കാര്യഗ്രഹണത്തിന്നായി കാര്യസ്ഥന്റെ കൂടെ ചെന്നിരുന്നു.
മാടന്റെ കുടിലിരിക്കുന്നേടത്തു കൂടി പോയ സന്ദര്‍ഭത്തില്‍ കാര്യസ്ഥന്റെ വിവരണമുണ്ടായി.
അതു മാടന്റെ കുടിലാണ്, അവനും ഒരു മൂപ്പന്‍ പണിക്കാരനാണ്. ഉണ്ണി നമ്പൂതിരി മാടനേയും, മക്കളേയും കണ്ടിരുന്നു. പിന്നെ പാടവും, പറമ്പും, ചിറ പിടിപ്പിക്കുന്ന പണിക്കാരേയും കൂടാതെ വേറെ പല സ്ഥലത്തുമുള്ള പറമ്പും, പണിക്കാരേയും, കുടികിടപ്പുകാരേയും കണ്ടു മനസ്സിലാക്കിയിരുന്നു.
തിരിച്ചു വന്നു കളത്തിലിരുന്നു. അപ്പന്റെ ചാരുകസേരയില്‍ തന്നെ കുറച്ചു നേരമിരുന്നാശ്വസിച്ചു. പിന്നെ എഴുന്നേറ്റു ഇല്ലത്തേയ്ക്കു പോന്നു. നാരായണന്‍ നായര്‍ തന്നെ അകമ്പടി സേവിച്ചു.
അക്കാലത്താണ് വലിയ നമ്പൂതിരിയുടെ അമ്മ മരിക്കുന്നത്. പടിക്കലൊരു മരണമുണ്ടായാല്‍ നാട്ടിലുള്ള എല്ലാവരും ചെല്ലണം കരയണം. കുടികിടപ്പുകാരും പണിക്കാരും കൂടാതെ വേറെയെവിടെയെങ്കിലും ഭൂസ്വത്തുക്കളുണ്ടോ, അവിടെയുള്ള പണിക്കാരും, കുടിയാന്മാരും വന്നിരിക്കണം. ഏങ്ങി വലിച്ചു കരയണം. തങ്ങളുടെ സ്വന്തക്കാര്‍ മരിച്ചപോലെ നിനച്ചു വേണം നിലവിളിക്കാന്‍.
മരണമായതു കൊണ്ടു സാധുക്കള്‍ക്കും, പടിപ്പുരയ്ക്കുള്ളില്‍ കടന്നു ചെന്നു കരയാം. വാവിട്ടു നിലവിളിക്കാം അതിനവര്‍ക്കു ഓരോരുത്തര്‍ക്കും വിഹിതമുണ്ട്. കൂലിയുണ്ട് പഷ്ണിക്കഞ്ഞിയുമുണ്ട്.
മരിച്ചയാളിന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചു വേണം കരയാന്‍. കൂടുതലും പുലയന്മാരും, വേലന്മാരും, വേട്ടുവരും, പറയരും, കണക്കന്മാരുമായിരുന്നു ഇത്തരത്തില്‍ എണ്ണിപ്പെറുക്കിക്കരഞ്ഞിരുന്നത്.


എണ്ട വല്യമ്പ്രാട്ടേയ്, എങ്കള ഇട്ടേച്ചു പോയാ.
എണ്ട വല്യമ്പ്രാട്ടേയ്, എങ്കക്കിനി ആരുണ്ടേയ്
എങ്കട പൊന്നു വല്യമ്പ്രാട്ടേയ്,
ഓരോ എണ്ണിപ്പെറുക്കലിനും, ഓരോ ഇടി നെഞ്ചത്തിട്ടു തന്നത്താനിടിക്കും.
മരിച്ചയാളുടെ സ്വന്തക്കാര്‍ വന്നാല്‍ ദു:ഖത്തില്‍ പങ്കെടുത്ത് അവിടവിടെ കൂട്ടംകൂടി നില്‍ക്കും, ഇരിക്കും, മുറുക്കിത്തുപ്പി - ഓ കഷ്ടമായിപ്പോയി - നല്ല മുത്തശ്ശിയായിരുന്നെന്നു അഭിപ്രായപ്പെട്ടിരുന്നു. പിന്നോക്ക വര്‍ഗ്ഗക്കാരായ ഈഴവരും, ക്രിസ്ത്യാനികളും കുടികിടപ്പുകാരായിട്ടുള്ളവര്‍ വന്നാല്‍ മാറി മരത്തണലില്‍ നില്‍ക്കുകയേയുള്ളൂ. സ്വന്തക്കാര്‍ ദു:ഖം വെറുതെ നടിച്ചു കണ്ണൂനീര്‍ തുടച്ചു കാണിക്കും. മരിച്ചതെങ്ങിനെയെങ്കിലും ശല്യമൊഴിഞ്ഞു കിട്ടിയല്ലോ എന്നു കണക്കാക്കിയിരുന്നു.
ശവം പട്ടടയിലേയ്‌ക്കെടുത്തു കഴിഞ്ഞാല്‍ അടുക്കള ഭാഗത്തുള്ള വാല്യക്കാര്‍ കഞ്ഞി വെയ്ക്കും തലേദിവസം മുതല്‍ പട്ടിണിയിലായിരുന്നവര്‍ക്കു കുടിക്കാനുള്ള കഞ്ഞിക്കാണ് പഷ്ണിക്കഞ്ഞിയെന്നു പറയുന്നത്. തേങ്ങാ പീരയുമിട്ട് ഒരു ചെറിയ ചമ്മന്തിയും, പയറു കറിയും കൂട്ടിയാണ് കഞ്ഞി കൊടുക്കുന്നത്.
സാധുക്കള്‍ക്കും, പിന്നോക്ക വര്‍ഗ്ഗക്കാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും നിലത്തു കുഴി കുത്തി ഇലവെച്ചാണ് കഞ്ഞി ഒഴിച്ചു കൊടുത്തിരുന്നത്. ചിലപ്പോള്‍ കലവും കൊണ്ടു ചെല്ലുന്നവര്‍ക്ക് അതിലൊഴിച്ചു കൊടുക്കും. തലയെടുപ്പും, വെളുത്തവരുമായ ക്രിസ്ത്യാനികള്‍, ഈഴവര്‍ മുതലായവര്‍ കാലമാറ്റാനസൃതമായി പഷ്ണിക്കഞ്ഞി വാങ്ങിയിരുന്നില്ല. പക്ഷേ സാധുക്കള്‍ക്ക് വിശപ്പും ദാഹവും ദാരിദ്ര്യവുമുള്ളവര്‍ അതിനായി കാത്തിരുന്നു വാങ്ങി കുടിച്ചിരുന്നു. ചില നേരം കലത്തില്‍ വാങ്ങിയ കഞ്ഞി സ്വന്തം കുടിലില്‍ കൊണ്ടു വന്നു മക്കള്‍ക്ക് ചട്ടികളിലൊഴിച്ചു കൊടുത്തു കുടിച്ചിരുന്നു.

മരിച്ചയാളുപയോഗിച്ചിരുന്ന മുണ്ടുകള്‍ മൂപ്പന്‍ പണിക്കാര്‍ക്കും ദീനതയനുഭവിക്കുന്നവര്‍ക്കും കൊടുക്കുമായിരുന്നു. കരഞ്ഞതിന് രണ്ടു ചക്രം വീതമോ, മൂന്നു ചക്രം വീതമോ കൊടുത്തിരുന്നു.
ഉണ്ണി നമ്പൂതിരി എന്നു പറഞ്ഞാല്‍ കൊച്ചു കുട്ടിയൊന്നുമല്ല. പത്തിരുപത്താറു വയസ്സുള്ള ആരോഗ്യ ദൃഢഗാത്രനായ യുവാവാണ്. ഇല്ലത്തെ സ്വന്തക്കാരും അവരുടെ പെണ്‍മക്കളുമൊക്കെ വന്നാല്‍ അവരോടൊക്കെ കുശലം പറഞ്ഞും, തൊട്ടും തഴുകിയും, ശൃംഗാര രസമാടിയും, തഴക്കവും, പഴക്കവുമുള്ളയാളാണ്; ഈ നീലകണ്ഠന്‍ നമ്പൂതിരി. അടിച്ചു തളിക്കാരികളും, നെല്ലുകുത്തു നായരിച്ചികളും, നമ്പൂതിരിയുടെ കൂടെ പാത്തും പതുങ്ങിയും തിരുമേനിക്കു രസം പങ്കിട്ടിരുന്നു.
അധികാര പദവി കൈക്കൊണ്ടിരിക്കുന്ന കാലം ഒരിക്കല്‍ കൊയ്ത്തു വേല നടക്കുമ്പോള്‍, മാടന്റെ മകള്‍ മാണ്ടയെ കാണുവാനിടയായി. ഇരുനിറത്തോടു കൂടിയുള്ള മാണ്ട കാണാനഴകുള്ള പെണ്‍കൊടിയാണ്. അമ്മ ചക്കിയുടെ കൂടെ പാടത്തിറങ്ങി കൊയ്യുക, ചുറുചുറുക്കോടെ ചുരുട്ടു വലിച്ചു ചിറപ്പുറത്തു കൊണ്ടു വന്നിടുക പിന്നെയും ഓടിപ്പോയി പണികളില്‍ വ്യാപൃതയാകുക മുതലായവ കൊച്ചു നമ്പൂതിരി ഉത്സാഹത്തോടെ നോക്കി രസിച്ചിരുന്നു.
മെതി തുടങ്ങിയ അവസരത്തിലൊരിക്കല്‍ ഉണ്ണി നമ്പൂതിരിക്കവസരം ലഭിച്ചു. മാണ്ടയെ വിളിച്ചു കളത്തിന്റെ ഒരു രഹസ്യ മൂലയ്ക്കു പിടിച്ചു നിര്‍ത്തി. പക്ഷേ മാണ്ട തമ്പുരാന്റെ പിടി വിടുവിച്ചു ഓടിക്കളഞ്ഞു. അതു ഉണ്ണി നമ്പൂതിരിക്കിഷ്ടപ്പെട്ടില്ല.
നോം വിളിച്ചാല്‍ വരില്ലാന്നുണ്ടോ, നമുക്കു കോപം വരും, പിന്നെ എന്താ സംഭവിക്കുന്നതെന്നറിയോ ചെറുമിക്ക്, അവള്‍ ഓടുമ്പോള്‍ നമ്പൂതിരിയുടെ വാക്കുകള്‍ കാതില്‍ വന്നുലച്ചു.
പക്ഷേ ഉണ്ണി സഹിച്ചു, ഇനിയും ഒരവസരത്തിന്നായി കാത്തിരുന്നു.
ചക്കി വിവരമറിഞ്ഞു വിറച്ചു പോയി, മകള്‍ നില്‍ക്കെത്തന്നെ വീണു പോകുമോ എന്നു തോന്നി. തല ചുറ്റുന്നതായി ചക്കിക്കനുഭവപ്പെട്ടു. അവള്‍ ഗദ്ഗദകണ്ഠയായി മൊഴിഞ്ഞു.
മോളേ നുമ്മ പാവങ്ങളാണ്, തമ്പുരാന്റെ അടിമകളാണ്. എന്നാ കൊണ്ടു ചെയ്യാനാണ്. തമ്പ്രാക്കള്‍ വിശാരിച്ചാനുമ്മള എല്ലാരേം കൊന്നുകളേം, അവള്‍ തലയ്ക്കു കൈയ്യും കൊടുത്തിരുന്നു. കൊച്ചു മകള്‍ കോത അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. മാണ്ടസ്തബ്ദയായി നിന്നു. താനെന്തു ചെയ്യാനാണ്. തനിക്കു തമ്പുരാനെ അത്രയ്ക്കിഷ്ടം തോന്നിയില്ല. പ്രതികരിച്ചാലുണ്ടാകുന്ന ഭവിഷത്തവള്‍ക്കറിയില്ല. പാവങ്ങള്‍ മൂകജനതയുടെ ഒരു കണ്ണി വലിയവന്റെ വികാരങ്ങളും വിചാരങ്ങളും ഈ പാവങ്ങളുടെ പിഴപ്പായി കാണണം. അതീ പുലയക്കുട്ടിക്കറിയാതെയായിപ്പോയി. അവള്‍ വേല ചെയ്യുന്നു കൂലി ലഭിക്കുന്നു. അതുകൊണ്ടാഹാരം കഴിക്കുന്നു. എന്നാണാ ചെറുമ പെണ്ണിന്റെ മനസ്സിലുള്ളത്. പക്ഷേ ജന്മിയുടെ അധികാരപരിധിക്കുള്ളിലാണ് ഇവരുടെയൊക്കെ ജീവിതം എന്ന വസ്തുത വിവേചിക്കുവാനറിയാത്ത ചെറുമി പെണ്‍കൊടി ശുദ്ധഗതിക്കാരി.
പിന്നെയും ഒരു നാള്‍ മാണ്ടയെ കളത്തില്‍ വച്ചു ഉണ്ണി നമ്പൂതിരി പിടിച്ചു വലിച്ചു, ഉള്‍ഭാഗത്തുള്ള വലിയ അറയില്‍ കയറ്റി ചക്കി പറഞ്ഞു കൊടുത്ത സാരസ്യമൊന്നുമവളോര്‍ത്തില്ല. മനസ്സില്ലാതെ കുതറി. മാണ്ട വാവിട്ടു കരഞ്ഞു തമ്പുരാനെ ഉള്‍ക്കൊള്ളാനുള്ള കരുത്തില്ലാതെ അവള്‍ കിടന്നു പിടഞ്ഞു. കൈവിടുവിക്കുവാന്‍ നോക്കി. അവസാനം ഉണ്ണിയുടെ കൈകളില്‍ കടിച്ചു വിടുവിച്ചു ഓടി വീണു. വീണ്ടും എഴുന്നേറ്റു കരഞ്ഞു കൊണ്ടോടി കുടിലില്‍ ചെന്നു കയറി.
അമ്മയോടും, അച്ഛനോടുമായി പറഞ്ഞു.
എന്തു പറയണമെന്നും, എന്തു ചെയ്യണമെന്നും ഒന്നും മാടനു തോന്നിയില്ല. ആകെയൊരു മരവിപ്പ്, ഭൂമി കീഴ്‌മേല്‍ മറിയുകയാണോ എന്നു തോന്നി. മനോവ്യാകുലത കനംകെട്ടി. ജീവഛവം പോലെ നിന്നു പോയി. കുടിലിനു മുന്നില്‍ സ്മശാന മൂകത തളംകെട്ടി. ചാത്തേനും, ചരതനീം ഒന്നും പറയുവാന്‍ തോന്നിയില്ല. അച്ഛന്റെ തീരുമാനമാണ് വലുത് എന്നു നിനച്ചവര്‍ ഒന്നും ഉരിയാടിയില്ല. രാത്രി കഞ്ഞി കുടിച്ചു കുടിച്ചില്ല എന്നു വരുത്തി. എല്ലാവരും ഉറങ്ങുവാന്‍ കിടന്നു. മാട നീം ചക്കിക്കും ഉറക്കം വന്നില്ല. മാണ്ട അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. വല്ലാത്ത കഷ്ടപ്പാടാണ് വന്നു ചേര്‍ന്നിരിക്കുന്നത്. അടിമയെങ്കിലും വഴക്കിനോ വക്കാണത്തിനോ ഒന്നുംപോകാത്ത മാട നാണീ ഗതികേടു വന്നിരിക്കുന്നത് ഇനി എന്താകുമോ ആവോ! ചക്കി പലതവണ എഴുന്നേറ്റിരുന്നു. മാടന്റെ നെഞ്ചത്തു കൈവച്ചു... കെതിട്ടു. അവളുടെ കണ്ണുനീര്‍ മാടന്റെ ദേഹത്തു പുരണ്ടു.
''നുമ്മള എന്നാത്തിനാ തൈവം ദമ്പുരാന്‍ തിരിട്ടിച്ചത്'' ''ഇങ്കന ചാകാന കൊണ്ടാണാ''! മാണ്ടയോടായി - നീയെന്തിനാടി ആ തമ്പ്രാന കോപിപ്പിച്ചത്. നമ്മക്കിവട കയാന്‍ പറ്റോ.
അവരട കയപ്പു കൊണ്ടല്ലേ നുമ്മ പെയക്കണത് - എന്നു പറഞ്ഞു ചക്കി ചാഞ്ഞും ചരിഞ്ഞു കിടന്നു. മാണ്ടയും അമ്മയെ പൊത്തിപ്പിടിച്ചു; ഇളയ കുഞ്ഞായ കോതയുടെ അടുത്തു കിടന്നു. മാടന്‍ ഓര്‍ത്തോര്‍ത്തു വിഷമിച്ചു. എപ്പോഴാണുറങ്ങിയതെന്നോര്‍മ്മയില്ല.
ഉണ്ണി നമ്പൂതിരിക്കു താന്‍ വശം വദയാകാമായിരുന്നു. അമ്മയുടെയും അപ്പന്‍േറയും വിഷമം കണ്ടു മാണ്ട ചിന്തിച്ചു. പക്ഷേ അന്നേരം തോന്നേണ്ടതു തോന്നിയില്ല. ഇപ്പോള്‍ തോന്നിച്ചിട്ടെന്തു കാര്യം സമയത്താണ് ബുദ്ധി വേണ്ടത്. ഈ വര്‍ഗ്ഗത്തിനതില്ല. നാണക്കേടേറ്റാലും ജീവിച്ചു പോകാമായിരുന്നില്ലേ. അറിവും അധികാരവും ഉന്നതനു മാത്രമല്ലേ ഉള്ളൂ.
അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ കുടിലിന്റെ നാലു വശത്തു നിന്നും തീയാളി പടര്‍ന്നു. മാടന്‍ ചാടിയെഴുന്നേറ്റു. ചക്കി കുഞ്ഞിനെയും വാരിയെടുത്തു പുറത്തേയ്‌ക്കോടി. ചാത്തേം, ചരതനും, മാണ്ടേം എല്ലാം കുടിലിനു പുറത്തേയ്ക്കു ചാടി. ഒരു വിധം തീ പൊള്ളലേല്‍ക്കാതെ എല്ലാവരും പുറത്തു വന്നു. ഇരുട്ടത്തു രണ്ടാ നാലാളുകള്‍ ഓടിപ്പോകുന്നതു കണ്ടു. ആരാണെന്നു മനസ്സിലാക്കുവാന്‍ പറ്റിയില്ല.
തൊട്ടടുത്ത് അയല്‍ക്കാരെന്നു പറയുവാനാരുമില്ല. വളരെ അകലെ നിന്നു ചില ആളുകള്‍ ഓടിക്കൂടി. ഒരുവിധം തൊട്ടടുത്ത തോട്ടില്‍ നിന്നും വെള്ളം കോരി തീയൊക്കെ അണച്ചു. ചിലര്‍ കമ്പി വിളക്കുമായാണ് വന്നിരുന്നത്. തീയണച്ചപ്പോഴെയ്ക്കും എല്ലാം കത്തി തീര്‍ന്നിരുന്നു. ചെറിയൊരു ഓലക്കുടിലായതിനാല്‍ തീനാമ്പുകള്‍ക്ക് നക്കി തുടയ്ക്കുവാന്‍ എളുപ്പമായിരുന്നു. കേവലം കുറച്ചു ചാരമായവശേഷിച്ചു. മടലും, മുളം കമ്പുകളും മുഴുവനായും പകുതി മുക്കാലും കത്തിക്കരിഞ്ഞു വീണു കിടന്നു. ഉന്നതന്റെ പേക്കൂത്തുകളുടെ താടനും, ആ കുടിലിനെ ഒരു ചാരമാക്കി. കാമഭ്രാന്തു തലയ്ക്കു പിടിച്ച ജന്മിയുടെ കളിവിളയാട്ടം ഒരു കുടുംബത്തെ നിരലാംമ്പരാക്കി.
എങ്കട കുടി തീയെരിച്ചേയ്. എങ്ക ചാടി വെളീവന്നേ ആരാണിതു ചെയ്തന്നെറിയോടാ... വന്നവര്‍ ചോദിച്ചു.
അറീല്ല. നാലാളുകള്‍ ഓടണ കണ്ടേയ്. തമ്പ്രാന്റെ ആളെന്നാ തോന്നണത്. മാടനൊരു വിധം പറഞ്ഞു തീര്‍ത്തു. മാണ്ട നിലത്തിരുന്നു കരഞ്ഞു. ചക്കി കുഞ്ഞിനെ മാറൊടടുക്കിപ്പിടിച്ചു നിലത്തിരുന്നു വാവിട്ടു കരഞ്ഞു. കത്തിത്തീര്‍ന്ന കുടിലില്‍ വല്ലതും അവശേഷിച്ചിട്ടുണ്ടോ എന്നു വന്നവരില്‍ ചിലര്‍ ചാരം ചിക്കിപ്പെറുക്കി. കമ്പി വിളക്കിന്റെ വെളിച്ചത്തില്‍ നോക്കി. കുറച്ചു നാണയത്തുട്ടുകള്‍ കിട്ടിയതു മാടന്റെ കൈയ്യില്‍ കൊടുത്തു.
എങ്ക ഇവടന്നു പോകേണ്. മാടന്‍ പറഞ്ഞു.
വന്നവര്‍ - മാടാ നീ എവട പോണ്.
നാങ്ക എടേങ്കിലും പോകേണ് - എത്യാവയിക്ക്.
ഇവട നിന്നാ എങ്കള എല്ലാരേം തമ്പ്രാ കൊന്നുകളേം. അവര്‍ രാത്രിക്കു രാത്രി തന്നെ നടന്നു. തെക്കോട്ടാണ് പ്രയാണം തുടര്‍ന്നത്.
തന്റെ സമ്പാദ്യമായ കുഞ്ഞുമക്കളേയും വാരിയെടുത്തു എത്യാ വഴിക്കു നടപ്പു തന്നെയായിരുന്നു. രാത്രി മുഴുവന്‍ നടന്നു. നടന്നു നടന്നു തളര്‍ന്നപ്പോളാ കുടുംബം എവിടെയോ തളര്‍ന്നിരുന്നു. കുറ്റിക്കാടുകളുടെ ഇടയില്‍ ഒരു മരച്ചോട്ടില്‍ കിടന്നുറങ്ങി. വ്യാകുലത ഉള്ളിലൊതുക്കി ആരോരും ശ്രദ്ധിക്കാനില്ലാതെ അലഞ്ഞു തിരിയുന്നവരെപ്പോലെ മണ്ണില്‍ ചുരുണ്ടു കൂടി കിടന്നാണവരുറങ്ങിയത്.
എവിടന്നോ വന്നവന്‍ സന്താനഭാഗ്യമായപ്പോള്‍ എവിടയ്‌ക്കോ അലഞ്ഞു തിരിയേണ്ടി വന്ന ഹതഭാഗ്യര്‍.
അര്‍ക്ക കിരണങ്ങള്‍, തൊട്ടുതഴുകി, ഇളം ചൂടേറ്റപ്പോള്‍ ചക്കിയാദ്യം കണ്ണു തിരുമ്മി ഉണര്‍ന്നു. കുഞ്ഞിനെ മാറോടണച്ചു. മാടനെ കുലുക്കി വിളിച്ചു.
ദേ.. എണീക്കണണ്ടാ... വെട്ടം വന്നേക്കണി.
എവിടെയാണ് കിടന്നുറങ്ങിയെന്നുപോലും ഓര്‍ക്കാതെ ഉറക്കമുണര്‍ന്ന മാടന്‍ പറഞ്ഞു.
എല്ലാവരെയും കുലുക്കി വിളിച്ചു.
കണ്ണുതിരുമ്മി എഴുന്നേറ്റ അവര്‍ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലും, തോട്ടിലുമായി പ്രാരംഭ കൃത്യ നിര്‍വ്വഹണത്തിനു ശേഷം കൈയ്യും മുഖവും കഴുകി അല്‍പ്പം വെള്ളവും കുടിച്ചു നടപ്പു തുടങ്ങി.
തമ്പുരാന്റെ പ്രദേശം മാത്രമല്ല അവര്‍ നടന്നു താണ്ടിയത്. അതിലും കൂടുതല്‍ സ്ഥലം കഴിഞ്ഞിരുന്നു. കാഴ്ചയില്‍ അവരോടു സാമ്യത തോന്നിക്കുന്ന ഒരു കുടിലിന്റെ മുറ്റത്തു ചെന്നു, അല്‍പ്പം കുടി നീരിരുന്നു. അവര്‍ എല്ലാവര്‍ക്കും ചട്ടിയില്‍ വെള്ളം പകര്‍ന്നു കൊടുത്തു. ദാഹശമനം വരുത്തിയ അവരോട് വീട്ടുകാര്‍ ചോദിച്ചു.
നിങ്ങ എവടന്നാണ് വരണത്. നങ്ക കൊറെ വടക്കൂന്ന് വരണതാണി. വീടും കുടീം ഒന്നൂല്ലേ. ഒണ്ടാരുന്നു. അവട കൊറെ കൊയപ്പോണ്ടായിരുന്നു. അതോണ്ട്, ഞങ്ങ പ്രാണനും കൊണ്ട് ഓടിപ്പോന്നു.
വിവരമറിഞ്ഞ വീട്ടുകാരത്തി കുടിലിനുള്ളില്‍ ചെന്നു. ഭര്‍ത്താവിന വിളിച്ചു കൊണ്ടു വന്നു.
അയാള്‍ മാടനോടു കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. അവിടെ രണ്ടു വിഭാഗക്കാരുമായി വഴക്കടിച്ചെന്നും, അടിപിടി ശണ്ഠയായെന്നും, പല വീടുകളും അഗ്നിക്കിരയായെന്നും മറ്റും പറഞ്ഞു.
ആ വീട്ടുകാരന്‍ കൊള്ളാവുന്ന ഒരു പുലയനായിരുന്നു.
വീട്ടുകാരന്‍ : നിങ്ങ ഈ മുറ്റത്തു തന്നെ ഇരി പിന്നെ മാടനോടായി - നിങ്ങട പേരെന്താണ്.
മാടന്‍ എന്നാണ്. ശരി ബാ മാടാ - മറ്റുള്ളവരോടായി - നിങ്ങളവട തന്നെ ഇരി ഞങ്ങ ഒരിടത്തു വരേ പോയേച്ചു വരാ.
മാടനെം കൂട്ടിക്കൊണ്ടു കറമ്പന്‍ നടന്നു. എവിടെയ്ക്കാണെന്നെന്നും കറമ്പന്‍ പറഞ്ഞില്ല. അയാളോടൊപ്പം വിശപ്പും ദാഹവും സഹിച്ച് എന്തും വരട്ടെ എന്ന വിചാരത്തോടെ നടകൊണ്ടു. ഭാര്യയേയും മക്കളേയും പോറ്റണം. അതിനു വേണ്ടി ആരുടെ കാലു പിടിച്ചാലും വേണ്ടില്ല. ഒരഭയസ്ഥാനം ലഭിക്കണം. തലേ രാത്രി നടന്ന ഭീകരത മനസ്സില്‍ തികട്ടി വന്നെങ്കിലും സഹിക്കുകയല്ലാതെ ഒരു ഗതിയുമില്ലായിരുന്നു. തേടിയതും പാടിയതും നശിച്ചു നാരായണക്കല്ലു തോണ്ടപ്പെട്ടിരിക്കുന്നു. തല ചായ്ക്കാനൊരിടം വേല ചെയ്‌വാനൊരവസരം അതു ലഭിച്ചാല്‍ ആശ്വാസമായിരുന്നു.
ഒരു മുതലാളിയുടെ വീട്ടില്‍ ചെന്നു. പടിപ്പുര തുറന്നു വലിയൊരു ഇല്ലം പോലത്തെ കൊട്ടാര സമാനമായ വീട്. തെക്കിനിയുടെ വരാന്തയില്‍ ചാരു കസേരയില്‍ ഇരിക്കുകയായിരുന്ന മദ്ധ്യവയസ്‌ക്കനായ സുന്ദരനായ മുതലാളിയുടെ മുന്നില്‍ രണ്ടു പേരും ചെന്നു നിന്നു തൊഴുതു പറഞ്ഞു.
മുതലാളീ നുമ്മട പറമ്പില് ഇയാളെ താമസിപ്പിച്ചാലെ കൊണ്ട്, പറമ്പും പാടോമൊക്കെ ഇയാള് നോക്കിക്കോളും. പണീം നന്നായി ചെയ്യും.
അതൊരു ഈഴവ മുതലാളിയായിരുന്നു. അദ്ദേഹത്തിന്റെ പറമ്പടിയും പാടവും നോക്കുവാനാളില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണീ മാടനേം കൊണ്ട് കറമ്പന്‍ പെലേന്‍ വന്നിരിക്കുന്നത്. എന്നാലും പൂമുഖത്തിരുന്ന കൃഷ്ണന്‍ മുതലാളി ചോദിച്ചു. നിന്റെ പേരെന്താണ്.
മാടനെന്നാണേയ്. തോര്‍ത്തു കക്ഷത്തിലടുക്കിപ്പിടിച്ചു തൊഴുതു കൊണ്ടു പറഞ്ഞു.
മാടന്റെ നില്‍പ്പും ഭാവവും കണ്ട കൃഷ്ണന്‍ ചോന്‍ വലിയ കുഴപ്പക്കാരനല്ലെന്നു തോന്നുകയും അനുസരണയുള്ളവനാണെന്നു മനസ്സിലാക്കുകയും ചെയ്തു. പിന്നെയും വിവരങ്ങള്‍ മനസ്സിലാക്കുവാന്‍ ചോദിച്ചു. മാട നീ എവിടന്നാ വന്നത്. കൊറേ വടക്കോര്‍ത്തുന്നാണേ അവട രണ്ടു കൂട്ടരുമായി കൊയപ്പോണ്ടായി അടിപിടിയായി പലകുടിശീം കത്തിച്ചി. എണ്ട കൂടിശീം എരിഞ്ഞു പോയി. എങ്ക പ്രാണനും വാരിപ്പിടിച്ച് പോരണേയിരിന്നേയ്. കഞ്ഞീല്ല വെള്ളോല്ല, ഉടുതുണീല്ല. മൊതലാളി എങ്കള കാക്കണം.
വിവരങ്ങള്‍ മനസ്സിലാക്കി മുതലാളി പറഞ്ഞു. 
കറമ്പാ - ഇവന നമ്മുടെ പടിഞ്ഞാറെ അറ്റത്തെ തെങ്ങും പറമ്പിന്‍േറയും പാടത്തിന്‍േറയും അരികു ഭാഗത്തു കൊണ്ടു പോയി ഒരു കുടിലു കെട്ടാനുള്ള സ്ഥലം കാണിച്ചു കൊടുക്കൂ.
ശരി മുതലാളി. അടിയന്‍ പോകേണ്. പിന്നെ മാടന്‍ പെലക്കിളീം മകളുമായിട്ടാണ് വന്നേക്കണത്. കാശൊണ്ടങ്കീ ഇച്ചിരികിട്ട്യാലെക്കൊണ്ട് അരി മേടിച്ച് അനത്തി കരിക്കാടി മോന്താമായിരുന്നേയ്.
അതിനെന്താ - മുതലാളി അകത്തു പോയി അഞ്ചു പത്തു ചക്രവുമായി വന്നു - കറമ്പനു പടിയുടെ മുകളില്‍ വച്ചു കൊടുത്തു.
മുതലാളിയെ തൊഴുതു രണ്ടു പേരും തിരിച്ചു പോന്നു. ഇത്രയും വേഗം വന്ന കാര്യം നടന്നല്ലോ എന്ന സംതൃപ്തി ഇരുവര്‍ക്കുമുണ്ടായി. വഴിക്കു വെച്ചു കറമ്പന്‍ ചോദിച്ചു കാശു വല്ലതും മാടന്റെ കയ്യില്‍ വേണോ.
ഏയ് വേണ്ട എല്ലാം കറമ്പച്ചേട്ടന്‍ പിടിച്ചോ. എങ്കക്കു താമതിക്കാനക്കൊണ്ടു കുടില് വേണം. പിന്ന എങ്കക്കു കഞ്ഞി കുടിക്കാഞ്ഞിട്ട് പള്ള വയ്ക്കണി.
കറമ്പനും മാടനും ഒരു കടേന്ന് കുറച്ചരീം, കറിക്കൂട്ടും പിന്ന കുടീലേയ്ക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി പുറപ്പെട്ടു വേഗം നടന്നു; തിരിച്ചു ചെന്നു. മാടന്റെ പുലയിയും മക്കളും വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് വളരെ ഉത്സാഹപൂര്‍വ്വം അവര്‍ വരുന്നത് തള്ളേം മക്കളും കണ്ടത്. അരീം സാമാനങ്ങളും കൊണ്ടുവന്നത് കറമ്പന്റെ പുലയിയുടെ കയ്യില്‍ കൊടുത്തു. എല്ലാവരിക്കും കൂടി കഞ്ഞി വെച്ചു കുടിക്കാമെന്നു നിര്‍ദ്ദേശിച്ചു.
മാടന്റെ മനസ്സില്‍ ഉണര്‍വ് വ്യാപിച്ചു. അന്തരീക്ഷത്തിന്നു, പ്രശാന്തതയുണ്ടെന്നു തോന്നി. നല്ല തെളിഞ്ഞ ആകാശം പ്രസരിപ്പുള്ള ചുറ്റുപാടുകള്‍. മാടനും കറമ്പനും കുടിലു കെട്ടേണ്ട സ്ഥലം പോയി നോക്കി കണ്ടു മനസ്സിലാക്കി. മുതലാളിയുടെ പറമ്പടിയില്‍ തന്നെ നില്‍ക്കുന്ന ഇല്ലിക്കാട്ടില്‍ നിന്നും കുടിലിനു വേണ്ട മുളകളൊക്കെ വെട്ടിയെടുത്തു. കുടിലു കെട്ടാന്‍ തുടങ്ങി.
കറമ്പന്റെ കൂടീന്നാണ് കഞ്ഞിയൊക്കെ കഴിച്ചിരുന്നത്. അവിടത്തന്നെ മാടനും കുടുംബവും തല്‍ക്കാലം താമസിച്ച് കുടിലു കെട്ടി ശരിയാക്കി. മേല്‍ക്കൂര മേയാന്‍ ഓല പല വീടുകളില്‍ നിന്നും കറമ്പന്റെ സ്വാധീനത്തില്‍ ഇരന്നു വാങ്ങി. ചാത്തേം ചരതനും കൂട്ടത്തില്‍ മാണ്ടേം ഓല ചുമക്കാനും മറ്റും കൂടി. കറമ്പന്റെ കുടിലിന്റെ പിന്നാമ്പുറത്തായിരുന്നു, കഞ്ഞീം കറീം പാകം ചെയ്തിരുന്നത്. അല്‍പ്പം ചീര പറിച്ച് കറിയുണ്ടാക്കി കഞ്ഞിയും കുടിച്ചു കറമ്പന്റെ കുടില്‍ വരാന്തയില്‍ കിടന്നുറങ്ങി.
പുര കത്തിയതിന്റെ ഞെട്ടലില്‍ നിന്നും ഒരു വിധം മുക്തമായി ആശ്വാസം ലഭിച്ച മാടനും കുടുംബവും പുതിയ കുടിലില്‍ താമസമാക്കി. നിത്യ ചിലവിനായി മുതലാളിയുടെ അടുത്തു പോയി അല്‍പ്പം നെല്ലോ അരിയോ ഇരുന്നു വാങ്ങി കുടിലില്‍ കൊണ്ടു വന്നു പാകം ചെയ്തു ഭക്ഷിച്ചിരുന്നു.
മുതലാളിയുടെ പാടത്തു കിള തുടങ്ങി മാടനും, മൂത്ത മകന്‍ ചാത്തോനും കിളക്കാന്‍ പോയി. രണ്ടാളും പണിയെടുക്കുന്നുണ്ടെങ്കിലും ചാത്തേനു കൂലി കുറവേ നല്‍കിയിരുന്നുള്ളൂ. ഒരു മുതിര്‍ന്നയാളിന്റെ ജോലി ചാത്തേന്‍ ചെയ്തിരുന്നു എന്നാലും വലിയ ആളായി അവനെ കണക്കാക്കിയിരുന്നില്ല.
തിരുവാതിയടുത്തു വന്നു, ഉന്നതജാതിക്കാരുടെ വീടുകളില്‍ ആഘോഷത്തിന്റെ ഉണര്‍വ് സംജാതമായി കൊണ്ടിരുന്നു. എങ്ങും ആമോദത്തിന്റെ അലയൊലികള്‍ തിരുവാതിര ആഘോഷിക്കുന്നതിനന്റെ തയ്യാറെപ്പുകള്‍ - തിരുവാതിരയ്ക്കു പാടാനുള്ള പാട്ടുകളും, കളികളും പരിശീലിപ്പിക്കുന്ന വീടുകളില്‍ സ്ത്രീകള്‍ ഒത്തു കൂടുന്നു. ശ്രീകൃഷ്ണഭഗവാനെ പറ്റിയുള്ള ശൃംഗാരരസം കലര്‍ന്ന പാട്ടുകളാണ് പാടി ചൊവടു വെച്ച് കൈകൊട്ടി നൃത്തം ചെയ്യുന്നത്. അതു പഠിപ്പിച്ചു കൊടുക്കുന്നത് ഏതെങ്കിലുമൊരു പ്രായമായ നായിരിച്ചിയായിരിക്കും. അവരെ ആശാട്ടിയെന്നാണ് പറഞ്ഞിരുന്നത്.
തിരുവാതിര നാളില്‍ വെളുപ്പാന്‍ കാലത്ത്, കമ്പി വിളക്കും കത്തിച്ച് കുറച്ചു പെണ്ണുങ്ങളുമൊത്ത് നീരാട്ടു പടിയും, വേലിക്കെട്ടുമുള്ള വലിയ കുളത്തില്‍ കുളിക്കുവാന്‍ പോകും. ഇന്നേരത്തു പുരുഷന്മാരും നോക്കുവാന്‍ പാടില്ല. എന്നാല്‍ പാടത്തും പറമ്പിലും പിന്നെ മറ്റു പണികളും ചെയ്യുന്ന കൂട്ടത്തില്‍പെട്ട ചെറുപ്പക്കാര്‍ സന്ദര്‍ഭം മനസ്സിലാക്കി ഉളിഞ്ഞു നോക്കുവാന്‍ പോകുമായിരുന്നു. സുന്ദരികളായ നായിരിച്ചികളെയും അന്തര്‍ജനങ്ങളേയും, അവരുടെ തോഴിമാരായ പെണ്ണുങ്ങളുടെയും അംഗലാവണ്യം കണ്ട് ദര്‍ശന സുഖം നേടുവാനുമായി യുവാക്കള്‍ ചെന്നിരുന്നു. ചിലപ്പോള്‍ ചില നായന്മാര്‍ കുളമുള്ള സ്ഥലങ്ങളില്‍ ഇത്തരക്കാരെ പിടിക്കുന്നതിനായി ചുറ്റിക്കറങ്ങി നടന്നിരുന്നു. അങ്ങിനെ റോന്തു ചുറ്റുന്നവര്‍ അവരെയോടിച്ച് ഇവര്‍ തന്നെ നോക്കി രസിച്ചിരുന്നു. കുളി കഴിഞ്ഞാല്‍ അമ്പലത്തില്‍ പോകും. സ്ത്രീകള്‍ നടന്നു പോകുമ്പോള്‍ അധസ്ഥിതരായവരും, പിന്നോക്കക്കാരും നോക്കുവാന്‍ പാടില്ലെങ്കിലും ചില വിരുതന്മാര്‍ കാടുകള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന് നോക്കിയിരുന്നു. സ്ത്രീകളും അത്തരത്തിലുള്ള പ്രതീക്ഷയുള്ളവരായിരുന്നു. വീട്ടിലുള്ള അഫന്മാരായ പുരുഷന്മാരെ കൂടാതെ അധ്വാനശീലരും, പണിയെടുത്തു അരോഗ ദൃഢതയുള്ള കറുത്ത മിടുക്കന്മാരേയും ആശിച്ചിരുന്നവര്‍ നിരവധിയുണ്ടായിരുന്നു. ജാതി വിലക്കു മറികടന്നു, നോക്കുന്നവരെ ദര്‍ശിക്കുന്നതിനു വേണ്ടി സ്ത്രീകള്‍ നടന്നു പോകുന്ന പോക്കില്‍ തിക്കും പൊക്കും ശ്രദ്ധിച്ചിരുന്നു. മറക്കട ചൂടി പോകുന്ന അന്തര്‍ജനമാണെങ്കില്‍ അടുത്ത തോഴിയോടോ കൂട്ടുകാരിയോടോ പറഞ്ഞു വച്ചിരിക്കും. ഒളിഞ്ഞു നോക്കുന്നവനെ മനസ്സിലാക്കി കൊള്ളാനും, രഹസ്യ സംബന്ധിക്കലിനു വഴിയൊരുക്കും.
അമ്പലത്തില്‍ പോയി വന്നു കഴിഞ്ഞാല്‍ പിന്നെ പ്രഭാത ഭക്ഷണം കഴിഞ്ഞ് തിരുവാതിര കളി തുടങ്ങുകയായി. നാട്ടിലെ ഉന്നതനായ തമ്പുരാന്റെ മനയുടെ മുറ്റത്താണ് കളി നടത്തുന്നത്.
തിരുമുറ്റത്ത് തൂശനില വെച്ച് അതിന്മേല്‍ നിലവിളക്കും നിറനാഴിയും പിന്നെ പൂക്കിലയും പൂക്കളും വെച്ച് അതിനു ചുറ്റുമായി സ്ത്രീകള്‍ വട്ടമിട്ടു നിന്നു കളിക്കുന്നു. ആശാട്ടി പാടികൊടുക്കും. മറ്റുള്ളവരേറ്റു പാടി ചോടു വെച്ചു താളത്തിനൊത്തു കൈവീശി മുദ്രകാട്ടി കൈകൊട്ടി കളിക്കുന്നു.
ചില ചോവുടു വെയ്ക്കുമ്പോളുള്ള പ്രത്യേകത എന്തെന്നാല്‍ അല്‍പ്പം കുനിഞ്ഞ് പാതി ഇരിക്കുന്ന പോലുള്ള പിന്‍ഭാഗം ദര്‍ശിക്കുവാന്‍, കാമാര്‍ത്ഥരായ തമ്പുരാക്കളും നായന്മാരും ഉത്സുകരായി നോക്കി നില്‍ക്കും. ഓരോ സ്ത്രീകളുടേയും കടിതടവും വൃഷ്ടഭാഗവും കണ്ടാസ്വദിക്കും. മാറിന്റെ വലുപ്പ ചെറുപ്പം ദര്‍ശിക്കുന്നതിനേക്കാള്‍ രസം പകരുന്ന കാഴ്ച പിന്‍ഭാഗത്തിനാണ് അതു പുരുഷന്മാര്‍ കണ്ടു വെള്ളമിറക്കും.
തിരുവാതിര കളികളും, തിരുവാതിരയോണവും കുറച്ചു നാളുണ്ടാകും, അതു കഴിഞ്ഞാണ് പുലപ്പേടി, പറപ്പേടി, മണ്ണാപ്പേടി തുടങ്ങുന്നത്.
ഇതിന്റെ കാലം മകരമാസത്തിലാണ്. ഏകദേശം ഇരുപത്തെട്ടു ദിവസം വരെ നീണ്ടു നില്‍ക്കും. ഈ കാലഘട്ടത്തില്‍ ഉന്നത ജാതിക്കാരായ സ്ത്രീകളെ പുറത്തിറങ്ങാനനുവദിക്കാറില്ല. വഴി നടക്കുവാനുമനുവാദമില്ല. അമ്പലത്തില്‍ പോക്കു തന്നെ വിരളമായേ നിര്‍വഹിപ്പിക്കാറുള്ളൂ. എന്നാലും കുളിയും, തേവാരവും കൊഴുപ്പുള്ള പച്ചക്കറികളും, നെയ്കൂട്ടിയുള്ള ഭക്ഷണവും കഴിച്ച് കൊഴുത്തു നടക്കുന്ന സ്ത്രീകള്‍, അടക്കുവാന്‍ വയ്യാത്ത വികാരമുള്ളവരാണ്. ചിലര്‍ രഹസ്യമായി ഇരുളില്‍ പുറത്തിറങ്ങും, അവര്‍ക്കിഷ്ടമുള്ള പുലയന്‍േറയോ മണ്ണാന്‍േറയോ, പറയന്‍േറയോ കൂടെ സംസര്‍ഗ്ഗത്തിലേര്‍പ്പെടുന്നു. ഇങ്ങനെ സംബന്ധിക്കുന്നതിനിടയില്‍ ആരെങ്കിലും കണ്ടാല്‍ പിന്നെ പ്രശ്‌നമായിരുന്നു. പിടിക്കപ്പെടുമ്പോള്‍ അവള്‍ തിരിച്ചു പറയും, അതായത് ഈ പുലച്ചെറുക്കന്‍ വിളിച്ചിട്ടാണ് താന്‍ വന്നതെന്ന്. കുറ്റം അവന്റെ തലയില്‍ ചാരി അവളുടെ പാതിവ്രത്യം സംരക്ഷിക്കുന്നു. അങ്ങിനെ അവള്‍ക്കു പുലപ്പേടിയുണ്ടായതായി വിവക്ഷിക്കുന്നു. എന്നാല്‍ ചില കാര്യമങ്ങിനെയല്ല. ഒരു ഉന്നതകുല സ്ത്രീയെ ദര്‍ശിക്കുന്ന മാത്രയില്‍ പുലയച്ചെറുക്കന്‍ ഒരു കമ്പൊടിച്ചു അവള്‍ കാണ്‍കെ നിലത്തിട്ടാല്‍ അവള്‍ ആ പുലയ ചെറുക്കന്റെ കൂടെ പൊയ്‌ക്കൊള്ളണം.
കൃഷ്ണന്‍ മുതലാളിയുടെ അമ്മാവന്റെ മൂത്ത കുടീലൊരു മകനുണ്ട്, അവന്റെ പേരാണ് കുമാരനെന്ന്. സാമ്പത്തികമായി ഒന്നുമില്ലാത്ത ചെറിയൊരു ഓലപ്പുരയില്‍ അമ്മയോടൊപ്പം ജീവിച്ചിരുന്ന കുമാരന്‍ വള്ളമൂന്നുക, ചുമടെടുക്കുക, വിറകു കീറുക മുതലായ പണികള്‍ ചെയ്തു അമ്മയെ സംരക്ഷിച്ചു പോന്നിരുന്നവനാണ്.
പുലപ്പേടി കാലം വന്ന അവസരത്തില്‍, ഒരിക്കല്‍ തന്നെ ഇഷ്ടപ്പെട്ടിരുന്ന മനയ്ക്കലെ തമ്പുരാന്റെ മകന്റെ ഭാര്യയൊന്നിച്ചു കാണുവാനും സംസാരിക്കുവാനും അവസരം ലഭിച്ചു. തമ്പുരാട്ടിക്കാണെങ്കില്‍ കുമാരനെ കണ്ടതു മുതല്‍, മനസ്സില്‍ ആവേശം നരഞ്ഞു പൊന്തി, അവനുമൊന്നിച്ചുസൗഹൃദം പങ്കിടുവാന്‍ കൊതിച്ച അന്തര്‍ജനം, അവസരം കാത്തു കഴിയുകയായിരുന്നു.
മനയ്ക്കലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലും, നിബന്ധനങ്ങളിലും, ശ്വാസം മുട്ടിയ സരോജിനി തങ്കച്ചി ഭര്‍ത്താവിന്റെ ലൈംഗികതയിലുള്ള ബലഹീനതയിലും, അലോസരത്തിലും, തൃപ്തിയുള്ളവളായിരുന്നില്ല. തന്റെ വികാരശമനത്തിനു ഒരു വിധത്തിലും പോരാത്ത ഭര്‍ത്താവിനെ ത്യജിക്കുവാന്‍ നോക്കിയ സന്ദര്‍ഭത്തിലാണ്, കുമാരച്ചോനെ പുലപ്പേടി നാളില്‍, സന്ധിക്കുന്നതിനായി അവസരം സംജാതമായത്.
ഒരിക്കല്‍ പുലപ്പേടിക്കാലത്ത് കുമാരന്‍ സരോജനിയെ വിളിച്ചു കൊണ്ടു വന്നു തന്റെ കുടിലില്‍ കയറ്റി. രണ്ടു മൂന്നു നാളുകള്‍ കൊണ്ടുള്ള ജീവിതം, അന്തര്‍ജനത്തിനു മറക്കുവാന്‍ വയ്യാത്ത അനുഭവമായിത്തീര്‍ന്നു.
കടന്നല്‍ കൂടു പൊട്ടിയ പോലെ ജാതിക്കാരൊന്നടങ്കം വടി തടി ആയുധങ്ങളോടെ രാത്രിക്കു രാത്രി പുര വളഞ്ഞു കുമാരനെ പിടിച്ചു കെട്ടി, തമ്പുരാന്റെ മുമ്പിലെത്തിച്ചു. തൂണില്‍ കെട്ടിയിട്ടു വിചാരണ ചെയ്തു. സരോജിനി ആര്‍ത്തലച്ചു കരഞ്ഞു കൊണ്ടോടി വന്നു. തമ്പുരാന്റെ കാലു പിടിച്ചു കരയുവാന്‍ നോക്കി. അവളെ ആട്ടിയകറ്റി അവളുടെ ഭര്‍ത്താവ് അല്‍പ്പം മാറി പൂമുഖത്തു നിന്നിരുന്നു. തീയനെ തൊട്ട നിന്നെ ഈ മനയ്ക്കല്‍ കയറ്റുവാന്‍ പറ്റില്യാ തിയനങ്ങിനെ നമ്പൂതിരിപ്പെണ്ണിനെ കട്ടുകൊണ്ടു പോയി സുഖിക്കുകയും വേണ്ടാ.
അവള്‍ മാറത്തടിച്ചു കരഞ്ഞു പറഞ്ഞു കുമാരന്റെ കൂടെ ഞാനല്ലേ പോയത് കുമാരനെ വിടണമപ്പാ.
തമ്പുരാനലറി, തീയന്റെ കൂടെ പോയ നിന്നെ ഇന്നുമുതല്‍, നമ്പൂതിരി സമുദായത്തില്‍ നിന്നു ഭ്രഷ്ടാക്കിയിരിക്കുന്നു. വേണമെങ്കില്‍ നീ പൊയ്‌ക്കോളൂ അല്ലെങ്കില്‍ നിന്നെയും കൊന്നു കൊലവിളിക്കും.... കുമാരനോടായി; നമ്പൂതിരി പെണ്ണിനെ പിഴപ്പിച്ച നിന്നെ ഇനിമുതല്‍ ജീവിക്കാനനുവദിക്കുകയില്ല.
സരോജിനി സങ്കടത്തോടും, കോപത്തോടും കൂടി വീണ്ടും പറഞ്ഞു - മഹാരാജാവിന്റെ ഉത്തരവ് മറികടക്കുകയാണോ? പുലപ്പേടി നാളുകളിലല്ലേ ഇത്, ഇക്കാലത്തും ദ്രോഹിക്കാമെന്നാണോ? ഇതിനു ചോദ്യമോന്നുമില്ലേന്നാണോ?
അവള്‍ അലറി ഭ്രാന്തിയെപ്പോലെ ആ തമ്പുരാനെ ശപിച്ചു. ഈ മന ഒന്നെന്നുള്ള കാലം വരേ മുടിഞ്ഞു പോകോള്ളൂ. കണ്ടോളൂ. അവള്‍ പടിപ്പുരകടന്നു. ഭ്രാന്തിയെപ്പോലെ ആര്‍ത്തലച്ചു കരഞ്ഞു കൊണ്ടാണോടി പോയത്. കുമാരനെ ചിത്രവധം ചെയ്തു. പിറ്റേന്നത്തെ സൂര്യ ഉദയം കുമാരന്‍ ദര്‍ശിക്കുമാറായില്ല.
കുറച്ചു പാടവും, തെങ്ങും ഭൂമിയുമുള്ള, ജന്മിയായിരുന്നു കൊച്ചുകൃഷ്ണ പിള്ള.
അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകള്‍ ഒരു പുലയ ചെറുക്കുനുമായി ഇഷ്ടത്തിലായി. പണ്ടു കൊല ചെയ്യപ്പെട്ട കരിമ്പന്റെ അനുജനായിരുന്നവന്‍, പേര് മൈലന്‍. പറമ്പിലെ പണി നടക്കുമ്പോള്‍ ഈ പലുയ ചെറുക്കനു പടിക്കേന്നു കഞ്ഞി കൊടുത്തിരുന്നു. അതു കുടിക്കുവാന്‍ വരുമ്പോഴും, വളപ്പിലെ തെങ്ങുകള്‍ക്കു തടമെടുക്കുന്ന പണികള്‍ ചെയ്യുമ്പോഴും, ഗൗരിക്കുട്ടി കണ്ടിരുന്നു. നല്ല കറുത്ത നിറം, ചുരുണ്ട തലമുടി, ബലിഷ്ടമായ കൈകാലുകള്‍, വിരിഞ്ഞ മാറിടം, പൗരഷമാര്‍ന്ന മുഖഭാവം, ഗൗരിക്കുട്ടിയേയും മൈലന്‍ ശ്രദ്ധിച്ചിരുന്നു. ഒന്നു രണ്ടു പ്രാവശ്യം, കുറ്റിക്കാടുകള്‍ക്കിടയില്‍ മൈലനുമൊത്തു സന്ധിച്ചിരുന്നു. അവന്റെ ശരീരഗന്ധം അവള്‍ക്കിഷ്ടമായിരുന്നു. ഗൗരിക്കുട്ടിയുടെ മനോമുകുരത്തില്‍ പ്രണയം മൊട്ടിട്ടു. അവള്‍ ചോദിച്ചു.
ഞാനും മൈലന്റെ കൂടെ പോരട്ടെ
അയ്യോ കൊച്ചമ്പ്രാട്ടി, അടീങ്ങള നിങ്ങട അച്ഛന്‍ കൊന്നുകളേം, കുടില് കത്തിക്കും, എങ്കള എല്ലാരേം നശിപ്പിക്കും.
ഒന്നും സംഭവിക്കുകയില്ല, പുലപ്പേടി നാളു വരട്ടെ, നമുക്കൊന്നിച്ചു മൈലന്റെ കുടീല് പോയി ജീവിക്കാം.
തമ്പുരാട്ടി, കുടീല്, എടോല്ല, നാറ്റോള്ള കുടിവേലി ചെയ്തിട്ടു കൂടി കിട്ടാതെ, കരിക്കാടി അനത്തി കുടിക്കാന്‍ പറ്റാത്ത ആളുകളാണ് ഞങ്ങ. അതോണ്ട് ഇതു ചെര്യാകേല. എണ്ട കുടീല് അമ്മ പിന്നെ അനിശത്തിം എക്ക കട്ടോത്തിലാണ്.
വേലേം വേണ്ട, പണീം വേണ്ട, ഇനിക്കു മൈലന്റെ കൂടെ പാര്‍ത്താല്‍ മതി..... പെട്ടെന്നുയര്‍ന്നു വന്ന ലൈംഗികാധിഷ്ടിത ആസക്തി മാത്രമേ ഗൗരിക്കുട്ടി ചിന്തിച്ചുള്ളൂ. ഭാവി ജീവിതത്തിന്റെ ന്യൂനതകളോ എതിര്‍പ്പിന്റെ ഭീകരതയോ അവള്‍ ഓര്‍ത്തില്ല.
എന്നാല്‍ ഗൗരിക്കുട്ടിയുടെ തീരുമാനത്തിന്നു മാറ്റമില്ലായിരുന്നു. എന്തെല്ലാമോ ദൃഡനിശ്ചയം അവളിലുണ്ടായിരുന്നു. എന്തു വന്നാലും നേരിടാന്‍തന്നെ അവള്‍ തീരുമാനിച്ചു. മരണം വരെ മൈലനുമൊന്നിച്ചു പട്ടിണിയും സഹിച്ചു ജീവിക്കാമെന്നവളുറച്ചു.
പുലപ്പേടി, പറയപ്പേടി, മണ്ണാപ്പേടി എന്നിവയില്‍ പുലപ്പേടി ദിവസങ്ങള്‍ ആഗതമായി. മൈലന്‍ കുടിലില്‍ ഏതു നേരവും ആലോചനയിലാണ്ടു കിടന്നു.
മനയ്ക്കലെ തമ്പുരാന്റെ അടിയുമിടിയുമേറ്റു ചത്തു പോയ കരിമ്പന്‍ ചേട്ടനെ ഓര്‍ത്താണ്, തന്റെ അച്ഛന്‍ മരിച്ചത്. അവിടന്നു ഈ ഭാഗത്തു വന്നു കുടിലു കെട്ടി പാര്‍ത്തു. അമ്മ കിടന്ന കിടപ്പിലാണ് അനുജത്തി കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്നു. തന്നോടു കൊച്ചമ്പ്രാട്ടിക്കു തോന്നീതു ശരിക്കും അനുരാഗമാണോ, അതോ തന്നെ ഉന്മൂല നാശത്തിലേയ്ക്കു തള്ളിവിടാനാണോ. അവന്‍ ഓര്‍ത്തോര്‍ത്തു കിടന്നു. അനുജത്തി കുഞ്ഞിപ്പെണ്ണു ചേട്ടന്റെടുത്തു പലപ്രാവശ്യം വന്നു കുലുക്കി വിളിച്ചു ചോദിച്ചു.
എന്താ ചേട്ടേ ഇങ്കന കെടന്നോണ്ട് വെശമിക്കണത്.
അവന്‍ ഒന്നും പറഞ്ഞില്ല.
കുടിലിന്റെ ചാര്‍ത്തിലാണ് വയസ്സായ അമ്മ കാളി കിടന്നിരുന്നത്. നേരം വെളുത്താല്‍ എഴുന്നേറ്റു വെയിലു കാഞ്ഞിരിക്കും. പിന്നെ മുറ്റത്തും ചിറപ്പുറത്തും നടക്കും. അടുത്ത വീട്ടില്‍ പോയി വര്‍ത്തമാനം പറഞ്ഞിരിക്കും. പിന്നെ വരും കഞ്ഞി കുടിച്ചു കിടന്നുറങ്ങും. 
പുലപ്പേടി നാളുകളിലൊരു ദിവസം അമ്പലത്തില്‍ പോകുന്നെന്ന പോലെ ഗൗരിക്കുട്ടി പാവാടയും, റൗക്കയും ധരിച്ച് ചില ആഭരണങ്ങളുമണിഞ്ഞ് സന്ധ്യയോടു കൂടി പോയി. വളരെ വൈകിട്ടാണ് തിരിച്ചു വന്നത്. കാരണം മൈലനെ കണ്ടില്ല. കാത്തു നിന്നതിനാല്‍ വൈകിപ്പോയി. പിറ്റേദിവസം വളപ്പിലെ പണിക്കു വന്നപ്പോള്‍ മൈലനെ കണ്ടു വിവരങ്ങള്‍ പറഞ്ഞു. വൈകിട്ട് അമ്പലത്തില്‍ താന്‍ പോകുന്നുണ്ടെന്നും, കാണണമെന്നും അവള്‍ ഓര്‍മ്മിപ്പിച്ചു.
അതുപ്രകാരം അമ്പലത്തിന്റെ കുറച്ചകലെ വെച്ചു ഗൗരിക്കുട്ടിയെ കാണുകയും, ഒരു കമ്പെടുത്തു ഒടിച്ചു നിലത്തിടുകയും സധൈര്യം അവളുടെ കൈക്കു പിടിക്കുകയും ചെയ്തു. കൂടെ നിന്നിരുന്നവരും, അകലത്തു നിന്നും നടന്നു വന്നിരുന്നവരും ഈ രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു.
അവര്‍ മനസ്സിലാക്കി പുലപ്പേടി നാളാണല്ലോ, പുലയന്‍ തൊട്ട പെണ്ണിനെ പിന്നെ വീട്ടില്‍ കയറ്റില്ല. അവള്‍ക്ക് ഭ്രഷ്ടു കല്‍പ്പിക്കുകയല്ലാതെ വേറെ പോംവഴിയില്ല.
തമ്പുരാട്ടിയെ കുടിലില്‍ കൊണ്ടു വന്നു കയറ്റി.
കൊച്ചു കൃഷ്ണപിള്ളയുടെ ആളുകളൊക്കെ അന്വേഷിച്ചു നടന്നു. അവസാനം കണ്ടു പിടിച്ചു, അവളെ കുടിലില്‍ നിന്നും വലിച്ചു പുറത്തിട്ടു, ജ്യേഷ്ഠന്മാരുമുണ്ടായിരുന്നാക്കൂട്ടത്തില്‍ അവരോട് ഗൗരിക്കുട്ടി പറഞ്ഞു.
ഞാന്‍ വരുന്നില്ല, ഈ കാര്യത്തില്‍ നിങ്ങളിടപെടേണ്ട അയാളിഷ്ടപ്പെട്ടു ഞാന്‍ കൂടെ പോന്നതാണ്. കൂട്ടത്തില്‍ രണ്ടു മൂന്നാളുകള്‍ മൈലനെ കടന്നു പിടിച്ചു ദേഹോപദ്രവമേല്‍പ്പിക്കുവാന്‍ മുതിര്‍ന്നു. അവള്‍, അവരോടും തട്ടിക്കയറി അപ്പോഴാണ് ജ്യേഷ്ഠന്മാര്‍ക്കു മനസ്സിലായത്, തങ്ങളുടെ സഹോദരിക്ക് പ്രേമിക്കുവാന്‍ മാത്രമല്ല അറിവുള്ളത്, അതിന്റെ ഗൗരവമുള്‍ക്കൊണ്ടു സംസാരിക്കുവാനുമറിയാമെന്നുള്ള വസ്തുത. തന്നെയുമല്ല പുലപ്പേടിനാളുകളായതു കൊണ്ട് അവളെ സമൂഹത്തില്‍ നിന്നും ഭ്രഷ്ടാക്കുകയേ നിവര്‍ത്തിയുള്ളൂ എന്നവരോര്‍ത്തു പിന്മാറുകയല്ലാതെ ഒരു നിവര്‍ത്തിയുമില്ല.
ലൈംഗികതയില്‍ നിന്നും ഉണര്‍ത്തെഴുന്നേറ്റ വികാരത്തിന്നു കടിഞ്ഞാണിടുവാന്‍ പറ്റുകയില്ല. കാലത്തിന്റെ ഗതി വികതികളിലുള്ള വ്യതിയാനത്തിന്നു മാത്രമേ, അതനുഭവിപ്പിച്ചു കാണിക്കുവാന്‍ സാധിക്കുകയുള്ളൂ. കാമവികാരം തലയ്ക്കു പിടിച്ചാല്‍, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ബന്ധുക്കള്‍, സമുദായം എന്നിവ കൂടാതെ അതിന്റെ പരിണിത ഫലങ്ങള്‍ ഒന്നും ഇവിടെ പ്രശ്‌നമായി തോന്നുകയില്ല.
സഹോദരങ്ങളും മറ്റുള്ളവരും തിരിച്ചു പോകുമ്പോള്‍ ഗൗരിക്കുട്ടി പറഞ്ഞു. അച്ഛനു എന്റെ ജീവനാംശം നല്‍കേണ്ടി വരും. അതു നിങ്ങളെനിക്കെത്തിച്ചു തരണ്. അദ്ദേഹം എന്റെയും അച്ഛനല്ലാതായി വരികയില്ലല്ലോ. നിങ്ങളും എന്റെ സഹോദരങ്ങളല്ലാതെയുമാകുന്നില്ല. നിങ്ങള്‍ ഭ്രഷ്ടുകല്‍പ്പിക്കുന്നതു വാക്കാലല്ലേ. അതിനൊരു ന്യായീകരണവുമില്ല. സമുദായത്തില്‍ നിങ്ങളുടെ മുഖം രക്ഷിക്കുവാനോ അതുദകുകയുള്ളൂ. അവരൊന്നും, നമ്മുടെ രക്ഷയ്‌ക്കെത്തുകയില്ല. അതോര്‍ത്തോളൂ, ഞാനും എന്റെ മൈലനും പട്ടിണി കിടന്നു മരിച്ചാല്‍, അതിനുത്തരവാദികള്‍ നിങ്ങളായിരിക്കും.
താലോലിച്ചോമനിച്ചു വളര്‍ത്തി കൊണ്ടു വന്ന സഹോദരിയുടെ ഭീഷണി ഭയങ്കര തലവേദനയായി മാറി. ഇളിഭ്യരായി പോയവര്‍ പ്രശ്‌നം അച്ഛനായ കൊച്ചു കൃഷ്ണപിള്ളയുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം വല്ലാത്ത വിവശതയില്‍ തലയ്ക്കു കൈയ്യും കൊടുത്തിരുന്നു പോയി. പുലപ്പേടിയുടെ ഭീകരത അതിഭയങ്കരം തന്നെ. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ കൊള്ളിയാന്‍ മിന്നി മറഞ്ഞു.
ഈ സംഭവം പുലപ്പേടിയുടെ ഒരു ഭാഗം മാത്രം.
നാട്ടുപ്രഭുവിന്റെ വീട്ടില്‍ നിന്നും വിപ്ലവകരമായ പരിവര്‍ത്തനം, ഒരു തീപ്പൊരിയുടെ ചിതറി വീഴ്ചയില്‍ മാടമ്പടികള്‍ക്കൊക്കെ അതൊരു വെല്ലുവിളിയായി മാറി. 
******