"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

രാജര്‍ഷി സാഹുജി മഹാരാജ് : സാമൂഹ്യ ജനാധിപത്യ ത്തിന്റെ സ്തംഭം - സുരേഷ് മാനേ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്‍പ്, ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലഘട്ടത്തില്‍ ഇന്ത്യയില്‍ എഴുന്നൂറില ധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. നാട്ടുരാജാക്കന്മാര്‍, നവാബുകള്‍, രാജകുമാരന്മാര്‍ തുടങ്ങിയവരായിരുന്നു ആ നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്നത്. ആ നാട്ടുരാജാക്ക ന്മാരിലേറിയവരും അവരുടെ പ്രജകളുടെ ആവശ്യങ്ങ ളെക്കുറിച്ച് വ്യാകുലചിത്തരാകാതെ ആര്‍ഭാട പൂര്‍ണ്ണമായ സ്വന്തം ജീവിതത്തില്‍ മാത്രമായിരുന്നു ശ്രദ്ധചെലുത്തിയിരുന്നത്. ആ നിസ്സാരന്മാരായ രാജാക്കന്മാരുടെ ജീവിത ശൈലിയെന്നു പറയുന്നത് കൊട്ടാരങ്ങളും കടുവകളും ആനകളും രത്‌നങ്ങളും ആഡംബരങ്ങളും നിറഞ്ഞതായിരുന്നു. ഡൊമിനിക് ലാപ്പിയറും ലാരി കോളിന്‍സും ചേര്‍ന്നെഴുതിയ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'1 എന്ന പുസ്തകത്തില്‍ നിന്നും ഇവയെക്കുറിച്ച് ഒരു മെച്ചപ്പെട്ട ചിത്രം ഒരാള്‍ക്കു ലഭിക്കും. അവരില്‍ മിക്കവാറുമെല്ലാപേരും ബ്രാഹ്മണരുടെ ഉന്നതമായ അധികാരത്തിനുമുന്നില്‍ അടിയറവു പറയുകയും ബ്രാഹ്മണരുടെ കപടനാട്യങ്ങള്‍ക്കെതിരെ കലഹിക്കാന്‍ ധൈര്യമില്ലാതിരിക്കുകയും ചെയ്ത വേളയില്‍ കോലാപ്പൂര്‍ പ്രവിശ്യയിലെ മഹാനായ മനുഷ്യസ്‌നേഹിയായ രാജാവും വിപ്ലവകാരിയുമായ രാജര്‍ഷി സാഹുമഹാരാജ് മാത്രമായിരുന്നു ഇതിനൊരു സമാനതകളില്ലാത്ത അപവാദം.

പ്ലാറ്റോയുടെ മാതൃകയിലുള്ള ഒരു ദാര്‍ശനികനായ രാജാവായിരുന്ന രാജര്‍ഷി സാഹുമഹാരാജ് (1874 ജൂലൈ 26 - 1922 മേയ് 6)2, 1894 ഏപ്രില്‍ 12 ന് കോലാപ്പൂരിലെ രാജസിംഹാസനസ്ഥനാവുകയും 28 വര്‍ഷം ഭരിക്കുകയും ചെയ്തു. 1894 മുതല്‍ 1922 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലം തന്റെ നാട്ടുരാജ്യത്ത് സാമൂഹ്യ സാംസ്‌ക്കാരിക സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ ഒരു പുതിയ യുഗം സൃഷ്ടിച്ചു. ബ്രാഹ്മണ്യശക്തികളുമായി നിരവധി ഏറ്റുമുട്ടലുകള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മഹാത്മാ ഫൂലേയ്ക്കുശേഷം ഇന്ത്യയുടെ, വിശിഷ്യാ ദക്ഷിണേന്ത്യയില്‍ മറാത്താ മേഖലയുടെ സാമൂഹ്യചരിത്രത്തില്‍ സാമൂഹ്യനവോത്ഥാനത്തിന്റെ കാലഘട്ടമായി രാജര്‍ഷി സാഹുമഹാരാജിന്റെ ഭരണകാലം കണക്കാക്കപ്പെടുന്നു.

രാജര്‍ഷി സാഹുമഹാരാജ് ജാതിവ്യവസ്ഥയുടെ നശീകരണത്തിനായി നിലകൊള്ളുകയും പോരാടുകയും ചെയ്തു. സാമൂഹ്യവ്യവസ്ഥയുടെ മുകളിലിരുന്ന് പ്രത്യേക മാന്യതയും സവിശേഷാധികാരങ്ങളും അനുഭവിക്കുന്നവര്‍തന്നെ ജാതിവ്യവസ്ഥയുടെ നശീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം എന്നായിരുന്നു അദ്ദേഹം ഉറച്ചു വിശ്വസിച്ചത്. ബ്രാഹ്മണിസത്തിനെതിരായ അദ്ദേഹത്തിന്റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ കാരണം ബാബാസാഹേബ് ഡോ. അംബേദ്ക്കര്‍ അദ്ദേഹത്തെ 'സാമൂഹ്യ ജനാധിപത്യത്തിന്റെ സ്തംഭം'3 എന്നുവിശേഷിപ്പിച്ചു. 1921 സെപ്റ്റംബര്‍ 4 ന് ലണ്ടനില്‍ നിന്നും സാഹുമഹാരാജിനയച്ച ഒരു കത്തില്‍ അദ്ദേഹം എഴുതി 'മഹാരാജാവിന് സൗഖ്യമാണെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് അങ്ങയെ വളരെക്കാലത്തേയ്ക്ക് ആവശ്യമുണ്ട്. ഇന്ത്യയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന, സാമൂഹ്യ ജനാധിപത്യത്തിലേയ്ക്കുള്ള മഹത്തായ പ്രസ്ഥാനത്തിന്റെ സ്തംഭമാണ് അങ്ങ്.'

നിരവധി ചരിത്രരേഖകളില്‍ നിന്നും ഇപ്പോള്‍ നന്നായി വ്യക്തമായിട്ടുള്ള വസ്തുത, ബ്രാഹ്മണരല്ലാത്ത വര്‍ഗ്ഗത്തില്‍ നിന്നും എന്നൊക്കെ ഒരു ശക്തനായ രാജാവ് ഉയര്‍ന്നു വരികയും അദ്ദേഹം രാജ്യ ഭരണാധികാരം എല്ലാ പ്രജകള്‍ക്കും തുല്യമായി വിനിയോഗിക്കുകയും ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെയും ബ്രാഹ്മണര്‍ ആ രാജാവിനെ അംഗീകരിക്കാതിരി ക്കുകയും മതപരമായ ചില ചടങ്ങുകള്‍ നടത്തുവാന്‍ വിസമ്മതിക്കുകയും ചെയ്യും. ഇത് പതിനേഴാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ മഹാനായ രാജാവായ ശിവാജിയ്ക്കുപോലും നേരിടേണ്ടി വന്നു. ഇതു തന്നെ കൃത്യമായി സാഹു മഹാരാജിനും സംഭവിച്ചു. അദ്ദേഹത്തിന്റെ രാജ പുരോഹിതനായ നാരായണ്‍റാവു രാജോപാദ്ധ്യായ ഉള്‍പ്പെടെയുള്ള കോലാപ്പൂരിലെ ബ്രാഹ്മണര്‍ അദ്ദേഹത്തെ ക്ഷത്രിയനായി അംഗീകരി ക്കുവാന്‍ വിസമ്മതിച്ചു. സാഹുജിയും കുടുംബവും ശൂദ്രരാണെന്നും അതിനാല്‍ വേദപ്രകാരമുള്ള ചടങ്ങുകള്‍ക്കു പകരം പുരാണപ്രകാരമുള്ള ചടങ്ങുകള്‍ക്കേ അര്‍ഹതയുള്ളൂ എന്ന് ബ്രാഹ്മണര്‍ വാദിച്ചതിനെ തുടര്‍ന്നുണ്ടായ വേദോക്ത വിവാദം എന്നറിയപ്പെടുന്ന ഈ അഭിപ്രായഭിന്നത 1900 ത്തിലാണ് ഉടലെടുത്തത്.4 ഇതിന് വഴിമരുന്നിട്ടത് മറ്റൊരു സംഭവമായിരുന്നു. 1900 ഒക്‌ടോബറില്‍ സാഹുജി നദിയില്‍ നീരാട്ടു നടത്തുന്ന വേളയില്‍ അദ്ദേഹത്തിന്റെ രാജപുരോഹിതന്‍ തന്റെ ശരീരശുദ്ധി വരുത്താതെ മതപരമായ ചടങ്ങുകളെല്ലാം നടത്തി. തുടര്‍ന്ന് ഈ രാജപുരോഹിതന്‍ പരസ്യമായി തുറന്നുപറഞ്ഞത് ബ്രാഹ്മണര്‍ അദ്ദേഹത്തെ ക്ഷത്രിയനായല്ല, മറിച്ച് ശൂദ്രനായാണ് പരിഗണിക്കുന്നതിനാല്‍ താന്‍ ശരീരശുദ്ധി വരുത്തേണ്ടതിന്റെ ആവശ്യമില്ലെന്നാണ്.5

ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളിലും ഹിന്ദുക്കളുടെ പ്രഖ്യാപിത നേതാവായ ശങ്കരാചാര്യരും അതുപോലെ ബാലഗംഗാധര തിലകനും പൂനയിലെ ബ്രാഹ്മണരും കോലാപ്പൂരിലെ ബ്രാഹ്മണരെ പിന്തുണച്ചു. ഈ സംഭവം സാഹുമഹാരാജിനെ സമ്പൂര്‍ണ്ണമായും പരിവര്‍ത്തനപ്പെടുത്തി. വേദവിധി പ്രകാരമുള്ള ചടങ്ങുകള്‍ ചെയ്യുവാന്‍ അദ്ദേഹം ഉടനടി (1901 ഒക്‌ടോബര്‍ 7 ന്) രാജപുരോഹിതനോട് ആജ്ഞാപിച്ചു. അദ്ദേഹം വളരെ കോപാകുലനാവുകയും 1902 മേയ് 6 ന് ഈ പുരോഹിതന്റെ ഭൂസ്വത്തുമുഴുവനും സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടുകയും അദ്ദേഹത്തിനുള്ള എല്ലാ സിവില്‍ അവകാശങ്ങളും നീതിന്യായ അവകാശങ്ങളും പിന്‍വലിക്കുകയും ചെയ്തു. ശങ്കരാചാര്യ രുടെ ഭൂസ്വത്തും ഇതോടൊപ്പം കണ്ടുകെട്ടി. ഈ നടപടി കോലാപ്പൂരില്‍ മാത്രമല്ല, മഹാരാഷ്ട്ര മുഴുവനും ഒരു വമ്പിച്ച കോലാഹലത്തിനി ടയാക്കുകയും ബ്രാഹ്മണര്‍ അദ്ദേഹത്തിനുമേല്‍ വിഷം തുപ്പുകയും ചെയ്തു. കോലാപ്പൂര്‍ ബ്രാഹ്മണര്‍ ബ്രിട്ടീഷുകാരെ സമീപിക്കുകയും സാഹുജിയുടെ രാജപുരോഹിതനായിരുന്ന രാജോപാധ്യായ 1903 ജനുവരി 9 ന് ബ്രിട്ടീഷ് സര്‍ക്കാരിനുമുമ്പാകെയും അനന്തരം 1905 ജനുവരി 5 ന് വൈസ്രായിയായ ലോഡ് കഴ്‌സണു മുമ്പാകെയും നിവേദനം കൊടുത്തു. 

അവസാനം 1905 മേയ് 31 ന് ഈ നിര്‍ണ്ണായക പോരാട്ടത്തില്‍ സാഹുജി വിജയം വരിച്ചു. അദ്ദേഹം ബ്രാഹ്മണരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുകയായിരുന്നുവെങ്കില്‍ക്കൂടി, അദ്ദേഹം ലണ്ടനിലാ യിരുന്ന വേളയില്‍ 1902 ജൂലൈ 26 ന് തന്റെ ജന്മദിനവേളയില്‍, ഔദ്യോഗിക നിയമനങ്ങളില്‍ പിന്നോക്കവിഭാഗക്കാര്‍ക്ക് 50 ശതമാനം അനുവദിച്ചുകൊണ്ടുള്ള ശ്രദ്ധാര്‍ഹമായ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയും അതിലൂടെ പോരടിച്ചു നില്‍ക്കുന്ന ബ്രാഹ്മ ണര്‍ക്കുള്ള എക്കാലത്തേയ്ക്കുമുള്ള ഏറ്റവും വ്യക്തമായ സന്ദേശം ചെയ്തു. ഇതാകട്ടെ താഴ്ന്നജാതിക്കാര്‍ ദീര്‍ഘകാലമായി പ്രതീക്ഷിച്ചു കൊണ്ടിരുന്ന ആവശ്യത്തിന്റെ സാക്ഷാത്ക്കാരവുമായിരുന്നു.

ആധുനിക വീക്ഷണമുള്ള ഒരു ഭരണാധികാരിയായിരുന്നു സാഹു മഹാരാജ്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന സമൂലമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം തികച്ചും ബോധവാനായിരുന്നു. അദ്ദേഹത്തിന് ബ്രാഹ്മണസമൂഹ ത്തെക്കുറിച്ചും ജാതിസംസ്‌ക്കാരത്തെക്കുറിച്ചും തരംതാഴ്ത്തപ്പെട്ടവരുടെ ദുരിതങ്ങളെ ക്കുറിച്ചും ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. ബ്രാഹ്മണ പൗരോഹിത്യ ത്തേയും അയിത്തത്തേയും ഒരുപോലെ അദ്ദേഹം വെറുത്തു. അദ്ദേഹത്തിന്റെ ശൂദ്രാനുകൂല പുരോഗമന ചുവടുവയ്പ്പുകള്‍ കാരണംബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ ബ്രാഹ്മണര്‍ വ്യാപകമായി അദ്ദേഹത്തെ അവഹേളിച്ചു. തന്റെ രാജ്യത്ത് അദ്ദേഹം തുടക്കംകുറിച്ച സാമൂഹ്യപരിഷ്‌ക്കരണങ്ങളെക്കുറിച്ച് ചില ബ്രാഹ്മണര്‍ അദ്ദേഹത്തിനെതിരായി ബ്രിട്ടീഷുകാരോട് പരാതിപ്പെടുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ഇവയെല്ലാം ഉണ്ടായിട്ടുകൂടി ഈ രാജകീയ വിപ്ലവകാരി ഭയരഹിതനായി മുന്നോട്ടുപോവുകയും തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ബ്രിട്ടീഷുകാരെ വെല്ലുവിളിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ സാമൂഹ്യപരിഷ്‌ക്കരണ നടപടികളുടെ പ്രധാന പ്രത്യേകതകളെ ഇങ്ങനെ ക്രോഡീകരിക്കാം. 

1. രാജ്യത്തിന്റെ സമാധാനവും ഐശ്വര്യവും ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് പിന്നോക്ക അധഃസ്ഥിത വിഭാഗങ്ങളുടെ ഉയര്‍ച്ചയിലാണെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു.
2. അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രഖ്യാപനമാണ്, 'ഇന്ത്യന്‍ രാഷ്ട്രത്തെ അധികാരത്തിലേറ്റണമെങ്കില്‍ നാം ബ്രാഹ്മണിസത്തെ സ്ഥാനഭ്രഷ്ടരാക്കുക തന്നെ വേണം.'
3. ജാതിയെ നിര്‍വ്വീര്യമാക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണെന്നും ജാതിയെ ഉയര്‍ത്തിപ്പിടിക്കുന്നത് പാപമാണെന്നും അദ്ദേഹം കരുതി.
4. ഏവര്‍ക്കും സമത്വവും സ്വാതന്ത്ര്യവും എന്ന അടിത്തറയിലധിഷ്ഠിതമായ ഒരു സാമൂഹ്യക്രമത്തെ അദ്ദേഹം വിഭാവനചെയ്തു.
5. ബഹുജന്‍സമാജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റലുകള്‍ സ്ഥാപിക്കുക എന്ന പ്രക്രിയയുടെ മാര്‍ഗ്ഗദര്‍ശകന്‍ അദ്ദേഹമായിരുന്നു.
6. പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ പുരോഗതിക്കുവേണ്ടി സാഹുജി നിരവധി സാമ്പത്തിക ഭരണപരിഷ്‌ക്കാര നടപടികള്‍ക്ക് രൂപകല്‍പ്പന നല്‍കി.
7. ഒരു ജാതിരഹിത ഇന്ത്യയ്ക്കുവേണ്ടിയും അയിത്ത നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടിയും സാഹുജി അഭ്യര്‍ത്ഥന നടത്തി.
8. ബ്രാഹ്മണ്യ മേല്‍ക്കോയ്മയേയും ബ്രാഹ്മണരുടെ മതപരമായ ഉദ്യോഗസ്ഥസംവിധാനത്തേയും ഫൂലെയെപ്പോലെതന്നെ സാഹുജിയും തള്ളിക്കളഞ്ഞു.
9. 1902 ജൂലൈ 26 ന് തന്റെ ജന്മദിനത്തില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌സര്‍ക്കാര്‍ സര്‍വ്വീസില്‍ 50% ഉദ്യോഗ സംവരണം അനുവദിക്കുകവഴി ഇന്ത്യാചരിത്രത്തില്‍ അപ്രകാരം ചെയ്ത ആദ്യരാജാവായിരുന്നു സാഹുജി.
10. ബ്രിട്ടീഷുകാരില്‍ നിന്നും തീരെച്ചെറിയ സമൂഹമായ ബ്രാഹ്മണരിലേയ്ക്കുള്ള അധികാരകൈമാറ്റമെന്ന ആശയത്തെ സാഹുജി നിരാകരിച്ചു.

പരിഭാഷ: യു പി അനില്‍കുമാര്‍