"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

പുലയരിലെ ഉപവര്‍ഗ്ഗങ്ങളും 'ഇല്ല' സമ്പ്രദായവും - കുന്നുകുഴി എസ് മണി

കേരളത്തിന് ഒരു ചരിത്രമുണ്ടെന്നും, സംസ്‌ക്കാരമുണ്ടെന്നും ഒക്കെ നാം മനസ്സിലാക്കി യിട്ടുണ്ട്. ആ ചരിത്രത്തിന്റെയും, സംസ്‌ക്കാര ത്തിന്റെയും ജനയിതാക്കള്‍ കേരളത്തിലെ ആദിമ നിവാസി കളായ പുലയരാണ്. ഈ ആദിമ നിവാസി കളുടെ പ്രാകൃത പതിപ്പാണ് വയനാടന്‍ മലനിര കളില്‍ ഇന്നും കാണപ്പെടുന്ന'വയനാടന്‍ പുലയര്‍. ഇവരെ മാതപ്പുലയ രെന്നും, ഹില്‍പ്പുലയരെന്നും അറിയപ്പെടുന്നു.

പുലയരില്‍ ഒട്ടേറെ ഉപവര്‍ഗ്ഗങ്ങള്‍ കാണപ്പെടുന്നുണ്ട്. അതില്‍ വയനാടന്‍ പുലയര്‍ക്ക് നാട്ടിലെ പുലയരുമായി യാതൊരുതരത്തിലുള്ള ബന്ധവും ഇല്ലെന്ന് ആദിമനിവാസികളുടെ അദ്ധ്യായത്തില്‍ വ്യക്തമാക്കിയത് ഇവിടെ ഓര്‍ക്കുക. അതുപോലെ മലമ്പുലയര്‍ക്കും നാട്ടിലെ പുലയരുമായി ബന്ധമൊന്നുമില്ലന്നത് സവിശേഷതയായി തോന്നാമെങ്കിലും പുലയരുടെ ചരിത്രം തേടി നടന്ന എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നാണ് വയനാടന്‍ പുലയരുമായും മലമ്പുലയരുമായും ഞാന്‍ സംസാരിച്ചിട്ടു ണ്ടെങ്കിലും അവരുടെ ചരിത്രം പോലും അവര്‍ക്കറിയില്ല.

പടിഞ്ഞാറന്‍ പുലയന്‍, കിഴക്കന്‍ പുലയന്‍, തെക്കന്‍ പുലയന്‍, വെട്ടുവപ്പുലയന്‍, വള്ളുവപ്പുലയന്‍, കാനപ്പുലയന്‍, പൈപ്പുലയന്‍, മുളയന്‍, ഇറയച്ചെറുമന്‍, മൂന്നില്ലക്കാരന്‍, തണ്ടപ്പുലയന്‍, അറപുലയന്‍, നീണ്ടൂര്‍ പുലയന്‍, പാനാട് പുലയന്‍, കുറുമ്പപ്പുലയന്‍, കരവഴിപ്പുലയന്‍, പാമ്പുപ്പുലയന്‍, പള്ളര്‍, ചെറുമര്‍, കുറുവപ്പുലയന്‍, കോച്ചിനല്‍പുലയന്‍, വടക്കന്‍ പുലയന്‍, മാടക്കന്‍ പുലയന്‍, വേലന്‍ പുലയന്‍, പശുപുലയന്‍, കൊച്ചിത്തറപുലയന്‍ എന്നിവര്‍ പുലയരിലെ ഉപവര്‍ഗ്ഗങ്ങളാണ്. ഈ അവാന്തര വിഭാഗങ്ങളില്‍ തന്നെ പരസ്പരം തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ഭക്ഷണം കഴിക്കാത്തവരും പെണ്ണുകൊടുക്കാത്ത വരുമൊക്കെ ഉണ്ടെന്ന് കേട്ടാല്‍ വിചിത്രമെന്നേ പറയേണ്ടു.

തിരുവല്ല, ചങ്ങനാശ്ശേരി, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിലുള്ള പടിഞ്ഞാറന്‍ പുലയരും, കിഴക്കന്‍ പുലയരും പണ്ടുകാലത്ത് പരസ്പരം അയിത്തം കല്പിച്ചിരുന്നവരാണെന്നുപറയപ്പെടുന്നുണ്ട്. പരസ്പരം വിവാഹ ബന്ധത്തിനുപോലും ഇവര്‍ തയ്യാറാകുമായിരുന്നില്ല. പക്ഷെ ഇന്നതൊക്കെ കടങ്കഥകളായി പരിണമിച്ചിരിക്കുന്നുവെങ്കിലും പഴമക്കാരുടെ ഉള്ളിന്റെ ഉള്ളില്‍ അത്തരം ദുഷിച്ച ചിന്തകള്‍ ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നാണ് ഒരുനുഭസ്ഥന്‍ പറഞ്ഞുകേട്ടത്.

പുലയരുടെ ഇടയിലെ 'ഇല്ല' സമ്പ്രദായം

പുലയരുടെ ഇടയിലെ ''ഇല്ല'' സമ്പ്രദായം പ്രസിദ്ധമാണ്. ഇവരുടെ പാരമ്പര്യാചാരങ്ങളില്‍ ഇന്നും വേരറ്റു പോകാത്ത ഒന്നാണ് ഇല്ലം. കൃസ്ത്യാനികളായാല്‍ പോലും ജാതകം നോക്കിയില്ലെങ്കിലും ഇല്ലം നോക്കാന്‍ ഇവര്‍ മറക്കാറില്ല. അത്രയേറെ പ്രാധാന്യത്തോടെയാണ് പുലയര്‍ ഇല്ലം കണക്കാക്കുന്നത്. കഴിഞ്ഞ അദ്ധ്യായത്തില്‍ വടക്കന്‍പറയ (വെമ്പറയര്‍) രുടെ ഇടയിലും നില നില്‍ക്കുന്ന ഇല്ല സമ്പ്രദായത്തെ ക്കുറിച്ച് പറഞ്ഞിരുന്നു. പുലയരും പറയരുമാണ് ഇല്ലം കണക്കാക്കു ന്നവര്‍. കേരളത്തിലെ മറ്റൊരു വര്‍ഗ്ഗക്കാരും ഇല്ലം നോക്കുന്നവരല്ല. പുലയരില്‍ ഇന്നും ഇല്ലങ്ങള്‍ (വംശങ്ങള്‍) നിലനില്‍ക്കുന്നുണ്ട്. കണ്ണയില്ലം, കരിപ്പിടിയില്ലം, ആദിയില്ലം, കാരിയില്ലം, കാപ്പിയില്ലം, കൊഞ്ചിയില്ലം, തച്ചനില്ലം, പരുത്തിയില്ലം, പുലിയയില്ലം, വായനില്ലം, വെളയില്ലം, വെള്ളിയില്ലം എന്നിവയാണ് തെക്കന്‍ കേരളത്തിലെ പ്രധാന ഇല്ലങ്ങള്‍. ഒരേയില്ലത്തില്‍ നിന്നും പുലയര്‍ വിവാഹം കഴിക്കാറില്ല. ഒരേ ഇല്ലക്കാര്‍ തമ്മില്‍ സഹോദരസ്ഥാനീയരാണ്. അമ്മവഴിക്കാണ് ഇല്ലം കണക്കുകൂട്ടുന്നത്.

വടക്കന്‍ കേരളത്തില്‍പ്പെട്ട കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പുലയരുടെ പേരിനോടൊപ്പം ചേര്‍ക്കുന്ന ഇന്‍ഷ്യല്‍ നാടിന്റെയോ വീട്ടിന്റെയോ അച്ഛനമമാരുടെയോ പേരിന്റെ ആദ്യാക്ഷരമല്ല. ഇല്ലത്തിന്റെ ആദ്യാക്ഷരമാണ് ഇന്‍ഷ്യലായി ചേര്‍ക്കുന്നത്. ഇതില്‍ നിന്നു തന്നെ പുലയരുടെ ഇടയില്‍ നിലനില്ക്കുന്ന ഇല്ലത്തിന്റെ പ്രസക്തിയെന്താണെന്നു വ്യക്തമാണ്. പറത്തിയില്ലം, ഇളവാട്ടില്ലം, വെള്ളിയില്ലം, നെല്ലിയില്ലം, വെള്ളായില്ലം, ആദിയില്ലം, തച്ചനില്ലം, കണക്കനില്ലം, വള്ളോനില്ലം, കോയിപ്പള്ളിയില്ലം, തിങ്കള്‍ ഇല്ലം, മൂലത്തന്‍ ഇല്ലം, നെടീര്യന്‍ ഇല്ലം, തച്ചുകുടിയന്‍ ഇല്ലം, കാവടിയന്‍ ഇല്ലം, പറക്കള്ളന്‍ ഇല്ലം എന്നിവയാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിലനില്ക്കുന്ന ഇല്ലങ്ങള്‍. ഇവിടെയും അമ്മവഴിക്കാണ് ഇല്ലം നോക്കുന്നത്. ഇല്ലത്തില്‍ പെങ്ങള്‍ വെള്ളത്തില്‍ പോയാലും കൈയ്യില്‍ പിടിക്കാന്‍ പാടില്ല എന്നാണ് ആചാരം.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും പുലയര്‍ക്കിടയില്‍ നിലനില്ക്കുന്ന ഇല്ലങ്ങളില്‍ വെള്ളിയില്ലം, ആദിയില്ലം, തച്ചനില്ലം എന്നിവ എല്ലായിടത്തും കാണപ്പെടുന്നുണ്ട്. മലബാറില്‍ ആരംഭന്‍, ഊരംബന്‍, തച്ചന്‍, തലയരിയന്‍ എന്നിങ്ങനെയുള്ള പത്തില്ലക്കാര്‍ തമ്മില്‍ വിവാഹബന്ധം പാടില്ലന്നാണ് വയ്പ്. കോഴിക്കോട് ജില്ലയില്‍ നിലവിലുള്ള ഇല്ലങ്ങള്‍ അരിങ്ങന്‍, തെക്കന്‍, കല്ലന്‍, പുല്ലന്‍, കല്ലുകടിയന്‍, വടുവത്തിരിയന്‍, മുമ്മിണിയന്‍ ഉമ്മത്തിരിയന്‍, പൈംകുടിയന്‍, കാര്‍ന്നെടിയന്‍, ഓള്‍ നെടിയന്‍, മരടന്‍, മുറവിണിയന്‍, പുന്നത്തിരിയന്‍, പറയന്‍, വെള്ളക്കുടിയന്‍ എന്നിവയാണ്. ഇവിടെ പത്തില്ലക്കാര്‍ തമ്മില്‍ വിവാഹം പാടില്ലെന്ന് മാത്രമല്ല 7,5,3 എന്നീ ഇല്ലത്തില്‍പ്പെട്ടവര്‍ക്ക് പെണ്ണുകൊടുക്കുകയില്ല. അതെ സമയം 3,5,7 ഇല്ലങ്ങളില്‍ നിന്നും പെണ്ണെടുക്കുന്നതിന് വിരോധവുമില്ല. പുലയര്‍ക്കിടയില്‍ അനാദികാലം മുതല്‍ നിലനില്ക്കുന്ന ഈ ഇല്ല സമ്പ്രദായം മറ്റ് ഇതര സമുദായങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

ഒരേ ഇല്ലക്കാര്‍ തമ്മില്‍ സഹോദര സ്ഥാനിയരായതിനാല്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ അംഗീകരിക്കുന്ന പുലയര്‍ രക്ത ശുദ്ധിയില്‍ മുന്തിയവരാണ്. അതെ സമയം ഒരേ ജാതിയില്‍പ്പെട്ട ഏതു പെണ്ണുമായും സമുദായ നീതിയോ ആചാരക്രമങ്ങളോ ഇല്ലാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക വഴി ശുദ്ധിയുടെ കാര്യത്തില്‍ പിന്നോക്കം തള്ളപ്പെടുന്നവരാണ് മറ്റ് സവര്‍ണ്ണ ജാതികള്‍ ഒക്കെത്ത ന്നേയും. അവരിലെ സ്ത്രീ-പുരുഷ സംസര്‍ഗ്ഗവും അത്തരത്തില്‍ തന്നെയെന്ന് അവരുടെ ചരിത്രം തെളിക്കുന്നുണ്ട്.

ഇല്ലം പോലെ തന്നെ തറയും തറക്കൂട്ടവും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പുലയര്‍ അധിവസിക്കുന്ന സ്ഥലത്തിന് തറയെന്നാണ് പറയപ്പെട്ടിരുന്നത്. തിട്ടത്തറ, കൊല്ലാട്ടുതറ'തുടങ്ങിയ സ്ഥലങ്ങള്‍ തറപ്പേരോടുകൂടിയതാണ്. അവിടമത്രയും പുലയര്‍ ജീവിക്കുന്ന സ്ഥലങ്ങളാണ്. ഇവിടെയുള്ള പുലയരത്രയും വീട്ടുപേരോടുകൂടി തറയെന്ന് കൂട്ടിച്ചേര്‍ക്കാറുണ്ട്.3