"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ആമുഖം : പണ്ഡിറ്റ്‌ കെ പി കറുപ്പന്‍ - ദളിത്‌ ബന്ധു എന്‍ കെ ജോസ്

അയിത്തജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ച മഹാശയന്‍മാരായ അയ്യന്‍കാളി, നാരായണഗുരു, പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി (പൊയ്കയില്‍ കുമാരഗുരു ദേവന്‍), വൈകുണ്ഠ സ്വാമികള്‍ തുടങ്ങിയവരോ ടൊപ്പം പരിഗണിക്കേണ്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് കവിതിലകന്‍ പണ്ഡിറ്റ് കെ.പി കറുപ്പന്‍. എറണാകുളത്തെ സെന്റ് തെരേസാസ് സ്‌കൂള്‍, തൃശൂര്‍ വിക്‌ടോറിയാ ജൂബിലി സ്‌കൂള്‍, ബാലികാപാഠശാല, കാസ്റ്റ് ഗേള്‍സ് ഹൈസ്‌കൂള്‍ (Caste Girls High School), എറണാകുളം മഹാരാജാസ് കോളേജ് എന്നീ കലാശാലകളില്‍ പണ്ഡിറ്റായി (മുന്‍ഷി-മലയാളം സംസ്‌കൃത ഭാഷാദ്ധ്യാപകന്‍) ജോലിചെയ്തതുമൂലം അദ്ദേഹം പണ്ഡിറ്റായി അറിയപ്പെടുന്നു.1 മദ്രാസില്‍ വച്ചു തീപ്പെട്ട കൊച്ചിരാജാവ് 'കവി തിലകന്‍' എന്ന സ്ഥാനം 1919-ല്‍ നല്‍കിയതിനാല്‍ അദ്ദേഹം കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പിതാവ് കണ്ടത്തിപ്പറമ്പ് പാപ്പിയാണ്. അങ്ങനെ കെ.പി. കറുപ്പനായി. അതിനുപുറമേ തിരുവിതാംകൂറിലെ മൂലം തിരുനാള്‍ രാമവര്‍മ്മരാജാവ് ഒരു വജ്രമോതിരവും കേരളവര്‍മ്മ വലിയകോയി ത്തമ്പുരാന്‍ 'വിദ്വാന്‍''എന്ന ബഹുമതിയും അദ്ദേഹത്തിന് നല്‍കുക യുണ്ടായി.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം പ്രധാനമായും പഴയ കൊച്ചി രാജ്യവും ചുറ്റുപാടുമുള്ള പ്രദേശങ്ങളുമായിരുന്നു എങ്കിലും അദ്ദേഹം തിരുവിതാംകൂറിലെ വാല-അരയസമുദായങ്ങളുടെ അവശതകളെ തിരുവിതാംകൂര്‍ രാജാവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ വേണ്ടി വിവിധ ഘട്ടങ്ങളില്‍ തിരുവിതാംകൂറിലെ ഭരണാധികാരികളാ യിരുന്ന മൂലം തിരുനാള്‍ രാമവര്‍മ്മ രാജാവ്, റീജിയന്റായി ഭരണം നടത്തിയ റാണിലക്ഷ്മീഭായി, ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവ് 2 എന്നിവരെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി. അതിലൂടെ പലതും തിരുവിതാംകൂറിലെ വാല സമുദായത്തിനായി നേടിക്കൊടുക്കു കയും ചെയ്തു. രാജ്യാതിര്‍ത്തിക്കപ്പുറം അധ:സ്ഥിതരാക്കപ്പെട്ട സമുദായങ്ങളെ ഒന്നായിക്കാണുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. സമുദായ പരിധി ക്കപ്പുറത്ത് ദുരിതം അനുഭവിക്കുന്നവരെ ഒന്നായി വീക്ഷിക്കു വാനും അദ്ദേഹം ശ്രമിച്ചു. അങ്ങനെയാണ് അദ്ദേഹം കൊച്ചിയിലെ പുലയരുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. അതുപോലുള്ള ശ്രദ്ധ മലബാറിലെ അരയന്‍മാരുടെ കാര്യത്തില്‍ അദ്ദേഹം കാണിച്ചില്ല. മലബാര്‍ അന്ന് ഇംഗ്ലീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാ യിരുന്നു. മദ്രാസ് പ്രവിശ്യയുടെ ഒരു ഭാഗമായിരുന്നു. നാട്ടുരാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നില്ല. മനുസ്മൃതിയായിരുന്നില്ല അവിടുത്തെ പ്രാമാണിക ഗ്രന്ഥം. ഇംഗ്ലീഷ് പീനല്‍ കോഡായിരുന്നു. അത് 1860 മുതല്‍ ബ്രിട്ടീഷിന്ത്യയില്‍ നടപ്പിലാക്കി.3 അതിനാല്‍ സാമൂഹിക രംഗത്തു താരതമ്യേന കൊച്ചിയേയും തിരുവിതാംകൂറിനേയുംകാള്‍ ഭേദമായ നിലയിലായിരുന്നു മലബാര്‍. 1896-ല്‍ ഡോ. പല്‍പു മുന്‍നിന്നു തിരുവിതാംകൂര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ഈഴവമെമ്മോറിയലില്‍ തിരുവിതാംകൂറിലെ ഈഴവര്‍ ആവശ്യപ്പെട്ടത്, മലബാറിലെ ഈഴവരായ തീയ്യര്‍ക്ക് അവിടത്തെ സര്‍ക്കാര്‍ നല്‍കുന്ന നീതിയെങ്കിലും തങ്ങള്‍ക്കും നല്‍കണമെന്നാണ്.4 തന്‍മൂലം മാസ്റ്റര്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത് കൊച്ചിയിലെ അരയ-പുലയ സമുദായങ്ങളിലാണ്. ഇടയ്ക്ക് തിരുവിതാം കൂറും തന്റെ പ്രവര്‍ത്തന മേഖലയിലുള്‍പ്പെടുത്തി എന്നുമാത്രം. അതും നാട്ടുരാജ്യമായിരുന്നല്ലോ. രാജാവിന്റെ കീഴിലുള്ള രാജ്യം.

2 അദ്ദേഹം ജനിച്ചത് അരയസമുദായത്തിലാണെങ്കിലും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഴുവനും നടത്തിയത് അയിത്തജാതി ജനവിഭാഗ ങ്ങള്‍ക്കിടയിലാണ്. എറണാകുളത്തും പരിസരപ്രദേശങ്ങളി ലുമുള്ള പുലയര്‍ക്ക് ഒരുമിച്ചുകൂടുവാന്‍ ഒരു സ്ഥലം അനുവദിക്കാന്‍ അവിടത്തെ സവര്‍ണ്ണര്‍ തയ്യാറാകാതെ വന്നപ്പോള്‍ 1912 ല്‍ എറണാകുളം കായലില്‍ വള്ളങ്ങളില്‍ ചങ്ങാടം കെട്ടി അതിനു മുകളില്‍ യോഗം ചേരാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും അതിനുവേണ്ട നേതൃത്വം നല്‍കുകയും ചെയ്തു. അന്നത്തെ അവിടത്തെ പുലയനേതാക്കന്‍മാരായ കൃഷ്ണാദി യുടേയും കെ.പി. വള്ളോന്‍േറയും പി.സി. ചാഞ്ചന്റെയും കെ.കെ. കണ്ണന്‍മാസ്റ്റരുടെയും5 മറ്റും നേതൃത്വത്തില്‍ അന്നുനടന്ന സമ്മേളന ത്തില്‍ വച്ചാണ് സമസ്തകൊച്ചി പുലയമഹാസഭ രൂപംകൊണ്ടത്. അതിന്റെ രണ്ടാം സമ്മേളനം എറണാകുളത്ത് സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരാന്‍ വേണ്ട ഒത്താശചെയ്തുകൊടുത്തതും കറുപ്പന്‍ മാസ്റ്ററാണ്. 1889-ല്‍ ജനിച്ച സഹോദരന്‍ അയ്യപ്പന്റെ ആ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈചൂണ്ടിയായത് കറുപ്പന്റെ ഈദൃശ പ്രവര്‍ത്തന ങ്ങളായിരിക്കണം. അതിന്റെ ഫലമായി അയ്യപ്പന് 'പുലയനയ്യപ്പന്‍' എന്ന പേര് ലഭിച്ചു. അദ്ദേഹത്തിന്റെ സമുദായംഗങ്ങള്‍ തന്നെയാണ് അയ്യപ്പനെയങ്ങനെ പുച്ഛിക്കുകയും ദ്രോഹിക്കുകയും ചെയ്തത്.6 കറുപ്പന്‍ മാസ്റ്ററുടെ സമുദായം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടെ നില്ക്കുകയാണ് ചെയ്തത്. പുലയരോട് അദ്ദേഹം കാണിച്ച സൗഹൃദത്തിന് അവര്‍ എതിരു നിന്നില്ല. ഈഴവര്‍ ജാതിവിവേചനത്തില്‍ അമര്‍ഷം കൊണ്ടവരായിരുന്നു വെങ്കിലും തങ്ങളില്‍ താഴ്ന്ന ജാതിക്കാ രെന്നു പറയപ്പെടുന്നവരോട് അവര്‍ വളരെ നീചമായ വിവേചനം കാണിച്ചിരുന്നു. കൊച്ചിയില്‍ മാത്രമല്ല, തിരുവിതാംകൂറിലും അങ്ങനെ തന്നെയായിരുന്നു. അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ പലപ്പോഴും എതിരു നിന്നിരുന്നു.7 അവര്‍ക്ക് ജാതിവിവേചനത്തിലെ അമര്‍ഷം അവരുടെ മുകളിലുള്ള ജാതിക്കാരോടു മാത്രമായിരുന്നു. വാലന്മാര്‍ ആ ചിന്താഗതിയില്‍ നിന്നും മോചിതരായിരുന്നു. കൂടുതല്‍ സംസ്‌ക്കാര സമ്പന്നമായ ഒരു സമൂഹമായിരുന്നു അന്നത്തെ കൊച്ചിയിലെ വാലസമുദായം എന്നാണ് അതിന്റെ അര്‍ത്ഥം.

3 എറണാകുളത്തെ സവര്‍ണ്ണരില്‍ പലരുമായും കറുപ്പന് വ്യക്തിപരമായ സൗഹൃദബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം ഒരു സംസ്‌കൃത പണ്ഡിതന്‍ കൂടിയായിരുന്നു. ആ ബന്ധങ്ങളെല്ലാം അദ്ദേഹം തന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി വിനിയോഗിച്ചു. കറുപ്പന്‍ മാസ്റ്റര്‍ തന്റെ സമുദായത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കൊപ്പം പുലയസമുദായ ത്തിന്റെ ഉന്നതിയിലും ശ്രദ്ധകേന്ദ്രീകരിച്ചു. തന്നെ രണ്ടാമതും കൊച്ചി നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ തയ്യാറായപ്പോള്‍ അദ്ദേഹം അതു നിരസിക്കു കയും ഇനി ഒരു പുലയനാണ് ആ സ്ഥാനത്ത് വരേണ്ടത് എന്നഭിപ്രായ പ്പെടുകയും പി.സി. ചാഞ്ചന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. അയ്യന്‍കാളി തിരുവല്ലാ ചോതിയെ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് ശുപാര്‍ശ ചെയ്തത് 1914 കാലഘട്ടത്തിലാണ്. കറുപ്പന്‍ മാസ്റ്റര്‍ ചാഞ്ചനെ ശുപാര്‍ശചെയ്തത് 1928ലാണ്. കറുപ്പന്‍ മാസ്റ്റര്‍ നിര്യാതനായപ്പോള്‍ കൊച്ചിനിയമസഭയില്‍ നടത്തിയ അനുശോചന പരാമര്‍ശനത്തില്‍ കെ.പി. വള്ളോന്‍ പരസ്യമായി പൊട്ടിക്കരഞ്ഞുകൊണ്ട് പ്രസംഗം പൂര്‍ത്തിയാക്കാനാവാതെ ഇരുന്നുപോയി. കൊച്ചിയിലെ പുലയര്‍ വാലസമുദായത്തോടൊപ്പമോ അതിലേറെയോ കറുപ്പന്‍ മാസ്റ്ററെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

4 അന്ന് എറണാകുളത്തും പരിസരപ്രദേശദ്വീപുകളിലും മുളവുകാട്, വൈപ്പിന്‍കര, ചേരാനല്ലൂര്‍, വടക്കന്‍ പറവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും അരയരും പുലയരുമല്ലാത്ത അയിത്തജാതിക്കാര്‍ തുലോം കുറവായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മതപരമായും എല്ലാം അവര്‍ തുല്യ ദു:ഖിതരായിരുന്നു. അവരെ കറുപ്പന്‍ മാസ്റ്റര്‍ ഒന്നായി കണ്ടു. ചൂഷണം ചെയ്യപ്പെടുന്നതിലും ആ തുല്യത കാണാമാ യിരുന്നു. അതിനാല്‍ അവരുടെ ഇടയിലുള്ള ജാതിവ്യത്യാസം മാസ്റ്റര്‍ കണ്ടില്ല. അവരിലെ പിന്നോക്കാവസ്ഥയും അജ്ഞതയും ദാരിദ്ര്യവും മറ്റുമാണ് അദ്ദേഹം ശ്രദ്ധിച്ചത്. അന്ന് ആ പ്രദേശത്തുണ്ടായിരുന്ന ഈഴവരും ലത്തീന്‍ ക്രിസ്ത്യാനികളുമെല്ലാം സാമ്പത്തികമായും സാമൂഹികമായും മറ്റു വിധത്തിലും അരയ-പുലയസമുദായങ്ങളേക്കാള്‍ ഏറെ മെച്ചപ്പെട്ടവരാ യിരുന്നു. സഹോദരന്‍ അയ്യപ്പന്‍ പുലയരുമായി പന്തിഭോജനം നടത്തിയതിന്റെ പേരില്‍ അയ്യപ്പനേയും സഹപ്രവര്‍ത്തക രേയും സമുദായത്തില്‍ നിന്നും പുറംതള്ളിയവരാണ് അന്നത്തെ അവിടത്തെ ഈഴവര്‍. 'പുലയനയ്യപ്പന്‍''എന്ന പേര് അദ്ദേഹത്തിന് നല്‍കിയത് അവര്‍ തന്നെയാണ്. മാസ്റ്റര്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരി ച്ചത് അരയ-പുലയ സമുദായങ്ങളിലായിരുന്നു.

കറുപ്പന്‍ മാസ്റ്ററുടെ സമുദായസേവനത്തെപ്പറ്റി കെ.കെ.വേലാ യുധന്‍ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്. കറുപ്പന്‍ മാസ്റ്ററുടെ പ്രേരണയിലും, പ്രോത്‌സാഹനത്തിലും കൊച്ചി-തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ വാലസമുദായത്തില്‍ നിന്നും ആദ്യമായി ബി. എ.പാസ്സായ ആളാണ് കെ.കെ.വേലായുധന്‍.8 സ്വസമുദായത്തില്‍ വിദ്യാഭ്യസ്തര്‍ വിരളമായിരുന്ന കാലത്ത് പഠിക്കുന്നവരെപ്പറ്റി അന്വേഷിച്ച റിഞ്ഞ് പ്രോത്‌സാഹിപ്പി ക്കുകയും വിജയികളെ കണ്ടുപിടിച്ച് അഭിനന്ദിക്കു കയും അവര്‍ക്ക് തക്കതായ ഉദ്യോഗം നേടിക്കൊടുത്ത് സഹായിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ സമുദായസേവനത്തിന്റെ ശൈലിയുടെ ഒരു വശം കൂടിയായിരുന്നു.9

5 മാസ്റ്ററെ പല കാര്യത്തിലും മഹാനായ അയ്യന്‍കാളിയോട് സാമ്യപ്പെടു ത്താവുന്നതാണ്. ആകാരസൗഷ്ഠവവും വേഷവും മാത്രമല്ല, പ്രവര്‍ത്തന ശൈലിയും ലക്ഷ്യവും എല്ലാം അയ്യന്‍കാളിയ്‌ക്കൊ പ്പമായിരുന്നു. എല്ലാ അയിത്തജാതിക്കാരുടെ ഐക്യവും അവര്‍ വിദ്യകൊണ്ട് പ്രബുദ്ധരാ വാനുള്ള താല്പര്യവും അങ്ങനെ എല്ലാം കൊണ്ടും കൊച്ചിയിലെ അയ്യന്‍കാളി എന്ന വിശേഷണം കറുപ്പന്‍ മാസ്റ്റര്‍ക്ക് ഏറെ ചേരുന്നതാണ്. മാസ്റ്റര്‍ അയ്യന്‍കാളിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു കവിത രചിക്കുകയും ചെയ്തിട്ടുണ്ട്.

കയ്യന്നോന്യമണച്ചു കാവ്യവിഭവശ്രീ വന്നഭൂദേവനൊ
ത്തയ്യന്‍കാളിയുമപ്രജാസഭയതിന്‍ മധ്യേ വിരാജിക്കുവാന്‍
വയ്യെന്നില്ലവനെന്നു ഭൂതദയയാല്‍ കാണിച്ച കല്പദ്രുമ
ത്തയ്യഞ്ചും സമസൃഷ്ടി വഞ്ചിവസുധാരാജാ വിരാജിക്കണം 10

അക്കാലത്തു കറുപ്പന്‍ മാസ്റ്റര്‍ കൊച്ചി നിയമസഭാമെമ്പറാ യിരുന്നു. അന്ന് കൊച്ചിനിയമസഭയില്‍ ആകെ ഉണ്ടായിരുന്ന ഒരേ ഒരു അയിത്തക്കാരന്‍ അദ്ദേഹമായിരുന്നു. കുറച്ചുകാലം അദ്ദേഹം സര്‍ക്കാരില്‍ നാട്ടുഭാഷാ സൂപ്രണ്ടും മറ്റുമായി സേവനം അനുഷ്ഠിക്കു കയും ചെയ്തിട്ടുണ്ട്.

6 കറുപ്പന്‍ എം.എല്‍.സി. ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധപൂര്‍വ്വമായ ശ്രമഫലമായിട്ടാണ് കൊച്ചിയില്‍ അധ:കൃതോ ദ്ധാരണവകുപ്പുതന്നെ രൂപീകരിക്കപ്പെട്ടത്. ആദ്യം അതിന്റെ ഉപാദ്ധ്യക്ഷനും കറുപ്പന്‍ മാസ്റ്റര്‍ തന്നെയായിരുന്നു. പിന്നീട് 1933-നു ശേഷം അത് ഹരിജന്‍ ക്ഷേമവകുപ്പായി. ഇപ്പോള്‍ ഹരിജന്‍ എന്ന വാക്കു തന്നെ സര്‍ക്കാര്‍ രേഖകളില്‍ നിഷിദ്ധമായി. അയിത്തക്കാര്‍ക്കായി ഗാന്ധി പ്രത്യേകം കണ്ടെത്തിയ വാക്കായിരുന്നുവല്ലോ അത്. ഗാന്ധിയുടെ അനുയായികള്‍ തന്നെ അത് നിരോധിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1990ല്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമവകുപ്പും 1992 ല്‍ കേന്ദ്ര ആഭ്യന്തരവകുപ്പും പുറപ്പെടുവിച്ച ഉത്തരവിന്റെ വെളിച്ചത്തില്‍ 1996 സെപ്റ്റംബര്‍ 6-ന് 17323/ജി/96-ാം നമ്പരായി കേരളാസര്‍ക്കാര്‍ ഹരിജന്‍, ഗിരിജന്‍ എന്നീ പദങ്ങള്‍ സര്‍ക്കാര്‍ ഉപയോഗത്തില്‍ നിന്നും നിരോധിച്ചുകൊണ്ടു് ഉത്തരവായി. അന്ന് കേരളത്തില്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആയിരുന്നു. അദ്ദേഹം ശ്രീ. എം.എ. കുട്ടപ്പനെ 'ഹരിജന്‍'' എന്നു വിളിച്ചു എന്നപേരില്‍ ഒരു കേസുപോലും കോടതിയിലുണ്ടായി. ഹരിജന്‍ എന്ന വാക്കിന് ഗാന്ധി കൊടുത്ത അര്‍ത്ഥം ഹരിയുടെ-വിഷ്ണുവിന്റെ മക്കള്‍ എന്നാണ്. അത് നാക്കുകൊണ്ടു നാണം മറയ്ക്കുന്ന നാടന്‍ രീതിയാണ് എന്നവര്‍ക്കു വ്യക്തമായി. കറുപ്പന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ സമുദായവും അന്നും ഹരിജനങ്ങളില്‍ പെടുന്നില്ലായിരുന്നുവെങ്കിലും കൊച്ചിയില്‍ ഒരു അധഃകൃതോദ്ധാരണ വകുപ്പു സ്ഥാപിക്കുവാന്‍ ഏറെ പണിപ്പെട്ടത് കറുപ്പന്‍ മാസ്റ്ററാണ്. അതിനുശേഷമാണ് ഗാന്ധി ഹരിജന്‍ എന്ന വാക്ക് ഇറക്കുമതി ചെയ്തത്.

7 ആചാരഭൂഷണം എന്ന ഗ്രന്ഥം കറുപ്പന്‍ മാസ്റ്റര്‍ രചിച്ചത് അക്കാല ത്താണ്. 1929-ലാണ് അത് പ്രസിദ്ധീകരിച്ചത്.11 അദ്ദേഹത്തിന് അന്ന് 44 വയസുണ്ടായിരുന്നു. അധ:സ്ഥിതരാക്കപ്പെട്ട ജനങ്ങളുടെ ആചാരങ്ങളെ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതകള്‍ ഉല്‍ബോധിപ്പിക്കുന്നതും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഉപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതുമാണാ ഗ്രന്ഥം. അധ:സ്ഥിതരാക്കപ്പെട്ടവര്‍ ആ അവസ്ഥയിലായതിന്റെ പ്രധാനകാരണം അവരെ പിടികൂടിയിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പമുള്ള ആവശ്യമില്ലാത്ത ചടങ്ങുകളുമായിരുന്നുവെന്ന് അദ്ദേഹത്തിന് ഉത്തമബോദ്ധ്യമുണ്ടായിരുന്നു. അന്ന് കൊച്ചി പ്രദേശത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഒരു ഏകദേശ രൂപം അന്യത്ര ചേര്‍ത്തിട്ടുണ്ട്. അതെല്ലാം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടു കയായിരുന്നു. അതിലൂടെ അടിമത്തത്തെ ഉറപ്പിക്കുക എന്നതായിരുന്നു അതടിച്ചേല്‍പ്പിച്ചവരുടെ ലക്ഷ്യം. ആ ഗ്രന്ഥത്തില്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളുടെ പട്ടിക നോക്കിയാല്‍ കറുപ്പന്റെ ദൃഷ്ടി എവിടെയെല്ലാം പതിച്ചിരുന്നു എന്നു കാണുവാന്‍ കഴിയും. പുലര്‍കാലത്ത് എഴുന്നേറ്റു കുളി എങ്ങനെ നടത്തണം, പ്രഭാതഗീതം എന്തായിരിക്കണം, സന്ധ്യാവന്ദനം എങ്ങനെ ആലപിക്കണം, വിവാഹം എങ്ങനെ നടത്തണം, കല്യാണക്കാര്യം ഉറപ്പാക്കുന്നതിനു മുമ്പ് മണവാളന്‍േറയും മണവാട്ടിയുടേയും മനസ്സാണ് ഒന്നാമതായി അറിയേണ്ടത്; ഇതെല്ലാം ഒരു നൂറ്റാണ്ടിനു മുമ്പ് തന്റെ ജനത്തോട് അദ്ദേഹം പറഞ്ഞ വാക്കുകളാണ്. അദ്ദേഹത്തിന്റെ ചിന്ത എത്രദൂരേക്ക് നീണ്ടിരുന്നു! വിവാഹം സംബന്ധിച്ച ഓരോ കാര്യവും അതില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. തിരുവിതാംകൂറില്‍ 1855-ലും കൊച്ചിയില്‍ അതിനുശേഷവും അടിമത്തം നിരോധിച്ചിരുന്നു. പക്ഷെ അതു കടലാസ്സില്‍ മാത്രമായിരുന്നു. ഗ്രാമങ്ങളില്‍ അതിനുശേഷവും അടിമത്തം തുടര്‍ന്നു. പക്ഷെ അടിമകളെ ആ പേരില്‍ വിളിച്ചിരുന്നില്ല. 'അടിയാളര്‍' എന്നാണ് വിളിച്ചിരുന്നത് എന്നുമാത്രം. പേര് ഏതായാലും അനുഭവം ഒന്നുതന്നെയായിരുന്നു. അടിമത്തം നിലനിന്ന കാലത്ത് അടിമകളുടെ വിവാഹം നടത്തുന്നത് ഉടമകളുടെ ഇഷ്ടപ്രകാരം മാത്രമായിരുന്നു. അവിടെ വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് യാതൊരു അഭിപ്രായപ്രകടനത്തിനും അവസരമില്ല. ഉടമകള്‍ക്കാവശ്യം ഒരു വധുവല്ല. ജോലി ചെയ്യാന്‍ രണ്ടു കൈകളാണ്. അതിനുശേഷം വിവാഹത്തീരുമാനം മാതാപിതാക്കളെമാത്രം ആശ്രയിച്ചുള്ളതായിരുന്നു. ആ കാലത്താണ് കറുപ്പന്‍ മാസ്റ്ററുടെ ഈ നിര്‍ദ്ദേശമുണ്ടായത്. ഇവിടെ സംസ്‌കാരവും വിദ്യാഭ്യാസവും ഏറെ ഉണ്ട് എന്നഭിമാനിച്ചിരുന്നവരുടെ ഇടയില്‍പോലും ആ രീതി ഉണ്ടായിരുന്നില്ല. 1905-ലാണ് കുറിയേടത്ത് താത്രി സംഭവം നടന്നത്. അതാണ് ഉന്നത കുലജാതരെന്ന് അവകാശ പ്പെട്ടിരുന്ന ബ്രാഹ്മണരുടെ സാമൂഹ്യ-സാംസ്‌ക്കാരിക-സാന്മാര്‍ഗ്ഗിക നില വാരം. മരണത്തിലും ശവസംസ്‌കാരത്തിലും അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ കാര്യങ്ങളും ക്രമമായും ചിട്ടയോടെ യുക്തിപൂര്‍വ്വവും അനുഷ്ഠിക്കാന്‍ ആ കൃതിയിലൂടെ അദ്ദേഹം ഉല്‍ബോധിപ്പിക്കുന്നു. തന്റെ ജനത്തെ മറ്റു പരിഷ്‌കൃതാശ യഗതിക്കാരോ ടൊപ്പമാക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. സര്‍ക്കാര്‍ ചെലവിലാണ് ആ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

8 മാസ്റ്ററുടെ ശ്രമഫലമായിട്ടാണ് അക്കാലത്ത് എറണാകുളത്ത് 'വാലാഹോസ്റ്റല്‍' സ്ഥാപിക്കപ്പെട്ടത്. അത് തന്റെ സമുദായ ത്തില്‍പ്പെട്ട അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അനുഗ്രഹമായി. എറണാകുളത്തും സമീപപ്രദേശങ്ങളിലുമായി അനേകം അഭ്യസ്തവിദ്യരായ ധീവരര്‍ ഉണ്ടാകുവാന്‍ അത് കാരണമായി. ആദ്യം അധ:കൃതോദ്ധാരണവകുപ്പ് വിദ്യാഭ്യാസവകുപ്പിന്റെ ഒരു ഉപവകുപ്പായിരുന്നു. അതുപോരാ എന്ന് കണ്ട് പിന്നീട് അതിനെ ഒരു സ്വതന്ത്രവകുപ്പാക്കിയപ്പോള്‍ ഇംഗ്ലീഷ് കൂടുതല്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള മറ്റൊരാളെ അതിന്റെ അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുകയാണുണ്ടായത്. കറുപ്പന്‍ മാസ്റ്റര്‍ ഔദ്യോഗികമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളായിരുന്നില്ല. സ്വപ്രയത്‌നംകൊണ്ട് ഇംഗ്ലീഷ് കൈകാര്യം ചെയ്യുവാനുള്ള പ്രാഗത്ഭ്യം സമ്പാദിച്ചെടുത്തു എന്നു മാത്രം. അദ്ദേഹം ഒരു രംഗത്തും ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല. 1934-ല്‍ അദ്ദേഹം സാമുദായിക ഗാനകലകള്‍ (Folk Songs of Malabar) എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടന്‍ പാട്ടുകള്‍ ശേഖരിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. അതിന്റെ ഒന്നാം ഭാഗത്തിന് അദ്ദേഹം എഴുതിയ Introduction ഇംഗ്ലീഷിലായിരുന്നു. അത് വായിക്കുമ്പോളറിയാം അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനം 

9 മാസ്റ്റര്‍ ബന്ധപ്പെട്ട മറ്റൊരു സര്‍ക്കാര്‍ വകുപ്പ് മത്സ്യബന്ധ നമാണ്. ഫിഷറീസിന് ഒരു പ്രത്യേക വകുപ്പ് വേണമെന്ന് സര്‍ക്കാര്‍ ചിന്തിച്ചപ്പോള്‍ ഏ.ബി.സേലം എന്ന യഹൂദനെയാണ് അതിന് ചുമതലപ്പെടുത്തിയത്. മത്സ്യബന്ധനം നടത്തുന്ന സമുദായത്തിലെ ഒരാള്‍ കൂടി ആ വകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്നത് നല്ലതാണ് എന്ന് കണ്ട സേലം കറുപ്പന്‍ മാസ്റ്ററെ അവിടെ നിയമിച്ചു. പക്ഷേ തനിക്കു തൃപ്തികരമായി പ്രവര്‍ത്തിക്കു വാന്‍ പറ്റിയ മണ്ഡലമല്ല അതെന്നു കണ്ട് അദ്ദേഹം അധികം താമസി യാതെ അവിടെനിന്നു പിരിഞ്ഞു. ശിഷ്ടജീവിതം സമുദായസേവന ത്തിനായി വിനിയോഗിച്ചു. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പഠിക്കുകയും ഗവേഷണം നടത്തുകയും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യേണ്ട മലയാളത്തിലെ മഹാരഥന്‍മാരില്‍ ഒരാളാണ് പണ്ഡിറ്റ് കെ.പി.കറുപ്പന്‍. മരിക്കുമ്പോള്‍ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ ലക്ചററായിരുന്നു.
----------------------------------
കുറിപ്പുകള്‍

1. അന്ന് ഭാഷാധ്യാപകരെ പണ്ഡിറ്റ് എന്നു വിളിക്കുക മാത്രമല്ല, അവര്‍ പണ്ഡിറ്റ് പരീക്ഷ പാസ്സായവരും കൂടിയായിരുന്നു. എന്നാല്‍ കറുപ്പന്‍ മാസ്റ്റര്‍ അത്തരം പരീക്ഷകളൊന്നും പാസ്സായിരുന്നില്ല. എന്നിട്ടും അദ്ദേഹം കോളേജില്‍ പോലും അധ്യാപകനായിരുന്നു.
2. മൂലം തിരുനാളിന് അദ്ദേഹം ഒരു മംഗളപത്രം തയ്യാറാക്കുകയും 'തിരുനാള്‍ മംഗളം'എന്ന ഒരു പദ്യം രചിക്കുകയും ചെയ്തിരുന്നു.
3. R.C.Majumdar, H.C.Roychoudhari, Kalikinker Datta, An Advanced History of India, p.1083.
4. ദലിത് ബന്ധു, ഈഴവ മെമ്മോറിയല്‍, കാണുക.
5. കണ്ണന്‍ മാസ്റ്ററുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്. 
6. അദ്ദേഹത്തെ സമുദായത്തില്‍ നിന്നും ബഹിഷ്‌കരിക്കുകയും എറുമ്പിന്‍കൂട് അദ്ദേഹത്തിന്റെ തലയില്‍ ഇടുക തുടങ്ങിയ ദ്രോഹപ്രവൃത്തികള്‍ ചെയ്യുകയും ചെയ്തു.
7. ദലിത് ബന്ധു, മഹാനായ അയ്യന്‍കാളി, കാണുക.
8. കെ.കെ.വേലായുധന്‍, പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ, പേജ് 20.
9. അതേ ഗ്രന്ഥം
10. പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണ കൃതികള്‍, പേജ് 516.
12. ഞാന്‍ ജനിച്ചത് ആ വര്‍ഷത്തിലാണ്.