"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

വടക്കന്‍ തിരുവിതാംകൂറിലെ പുലയരുടെ ചാവുതുള്ളലും ചാവെടുപ്പും - കുന്നുകുഴി എസ് മണി

വടക്കന്‍ തിരുവിതാംകൂറില്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍പ്പെട്ട കുമ്പഴ, തിരുവല്ല, ചങ്ങനാശ്ശേരി, പന്തളം തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് പുലയര്‍ക്കി ടയില്‍ ചാവുതുള്ളല്‍ എന്ന ചടങ്ങ് നടക്കുന്നത്. മരിച്ചുപോയവരുടെ ആത്മാക്കളെ ശുദ്ധിചെയ്ത് മറ്റു പിതൃക്കളോടൊപ്പം ക്ഷേത്രങ്ങളിലോ, കാവുകളിലോ കുടിയിരുത്തുന്ന കര്‍മ്മമാണ് ചാവുതുള്ളല്‍.

'ഒരാള്‍ മരിച്ച് അടക്കമോ, ദഹനമോ കഴിഞ്ഞാല്‍ 16-ാം ദിവസമോ അതിനു ശേഷംനിശ്ചയിക്കുന്ന തീയതിയോ ബന്ധുക്കളും കരക്കാരും എല്ലാം ചേര്‍ന്ന് പ്രശ്‌നക്കാരേയും (മന്ത്രവാദി) തുള്ളലുകാരെയുമെല്ലാം വരുത്തികളം കെട്ടിയും വച്ചൊരു ക്കിയും ചാവുകളെ ആനയിക്കുന്നു. ഉറ്റ ബന്ധുക്കളില്‍ രണ്ടുപേര്‍ കളത്തിനു മദ്ധ്യത്തില്‍ ഒരു കോടി തോര്‍ത്തിന്റെ നാലുവശങ്ങളും പിടിച്ച് ഇരുവശവും നില്ക്കുന്നു. തറയില്‍ പറ, പൊടി, മഞ്ഞള്‍പ്പൊടി, ഉമിക്കരി എന്നിവകൊണ്ട് ആള്‍ രൂപങ്ങള്‍വരച്ചിരിക്കും. കളത്തില്‍ തോര്‍ത്ത് പിടിച്ചുനില്ക്കുന്നവരുടെ ചുറ്റുമായി നിന്നും നടന്നും പ്രശ്‌നക്കാരും തുള്ളലുകാരും പല ഈണത്തിലും താളത്തിലും രാഗത്തിലും ഉച്ചത്തിലും പിതൃക്കളെ കളത്തിലേയ്ക്കുവിളിക്കുന്നു.പല വലിപ്പത്തിലും ശബ്ദത്തിലുമുള്ളമണികള്‍ കിലുങ്ങുന്ന ശബ്ദത്തിനിടയിലുള്ള ഈ വിളിക്ക് ചാറ്റുക എന്നാണ് പറയുന്നത്. തന്‍ നാട്ടിലെയും മറുനാട്ടിലെയും ദേവന്മാരുടെയും ദേവിമാരുടെയും മരിച്ചുപോയവരില്‍ മുന്‍പരായ ബന്ധുക്കളുടെയും പേരുചൊല്ലിയാണ് പിതൃക്കളെ വിളിക്കുന്നത്. അവരുടെ ഊരുളും പേരുകളും ഉദ്ധരിച്ചും ഉച്ചരിച്ചും ഈണത്തിലും പ്രാസത്തിലും മണികിലുക്കത്തിനിടയില്‍ കൂടി നടത്തുന്ന ചാറ്റല്‍ക്രിയ കണ്ണുകള്‍ക്കിമ്പവും ഉറ്റബന്ധുക്കള്‍ക്ക് ശ്രദ്ധേയവുമായി ഭവിക്കുന്നു.

ഇന്നലെ ചത്തപഴഞ്ചാവേ, ഇന്നു ചത്ത പുതുച്ചാവേ!
ഒന്നു വെക്കം വരു ചാവേ കൊട്ടി ആടി വിളിക്കണേ! പഴഞ്ചാവും പുതുച്ചാവും തേരിലേറി വരേണമേ !

കളം കെട്ടിപ്പാല നാട്ടി ഒരുക്കും വച്ചു ഞങ്ങളേ 
കൂട്ടം കൂടി വിളിക്കുന്നേ വിളികേട്ടുവരേണമേ !

എന്ന സംബോധനയോടുകൂടി ആവര്‍ത്തിച്ചുള്ള വിളികള്‍ക്കിടയില്‍ പുതിയതും പഴയതുമായ ചാവുകള്‍ കളങ്ങളിലെത്തിയാല്‍ തുള്ളാന്‍ തയ്യാറായി കളത്തില്‍ കറങ്ങുന്ന തുള്ളലുകാരുടെ ദേഹങ്ങളില്‍ അവ പ്രവേശിക്കും. ശരീരങ്ങള്‍ മുഴുവന്‍ ഇളകിയും കലിച്ചും തുള്ളിയും ചാടിയും അട്ടഹസിച്ചും തുള്ളലുകാരെല്ലാം കൂടി കളം സജീവമാക്കുന്നു. കൂട്ടത്തില്‍ കളത്തിലും പുരകള്‍ക്കകങ്ങളിലുമായി സ്ത്രീകളും തുള്ളുന്നുണ്ടാവും. മണികിലുക്കങ്ങള്‍ നിലയ്ക്കുമ്പോള്‍, അട്ടാഹാസ ങ്ങള്‍ക്കിടയില്‍ വിധിപറച്ചിലുകളും ആവലാതിപറച്ചിലുകളും ഉറപ്പുപറച്ചിലുകളും നടക്കും. പ്രശ്‌നങ്ങളും തൂള്ളല്‍ക്കാരും ശംഖു രാശികളും വഴി മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ബന്ധുക്കള്‍ തമ്മില്‍ 'മാണിപറച്ചില്‍' എന്നുപറയുന്ന ചോദ്യോത്തര പ്രക്രിയയില്‍ കൂടി ഇതിനകം ആശയവിനിമയം, ആഗ്രഹാശിസുപ്രകടനം എന്നിവകളും സംഭവിക്കുന്നു. ഇതെല്ലാം നടക്കുന്ന കൂട്ടത്തില്‍ തന്നെ തുള്ളലുകാരുടെ ശരീരത്തിലെ വിവിധഭാഗങ്ങളില്‍ ശരം എറിച്ചില്‍ എന്നൊരു ചടങ്ങുകൂടി നടക്കും. തുള്ളുമ്പോള്‍ അവരുടെ ശരീരഭാഗങ്ങളില്‍ ശരം കൊള്ളുമ്പോലെ തോന്നുമത്രെ. ആ ശരീരഭാഗങ്ങളുടെ പേരുകള്‍ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ ആവഴി ലഭിക്കുന്നതായി ചാറ്റുകാരിലെ പ്രമാണികളും പ്രശ്‌നക്കാരും വ്യാഖ്യാനിച്ചുകൊണ്ടിരിക്കും. ഇതെല്ലാം നടക്കുന്നതി നിടയില്‍ പുതുചാവ് പ്രത്യക്ഷപ്പെടുമ്പോള്‍ ശംഖിനും, മണിക്കും ഇടയിലാക്കി ആവാഹിച്ച് പ്ലാത്തികള്‍ എന്നുപറയുന്ന പ്രശ്‌നക്കാര്‍ നേരത്തെ തയ്യാറാക്കിവച്ചിട്ടുള്ള പുതുകുടത്തിനകത്താക്കി കുടത്തിന്റെ വായ് കോടി തോര്‍ത്തുകൊണ്ട് മൂടികെട്ടി ബന്ധിച്ചിരിക്കും. ആ കുടത്തില്‍ ആവാഹിച്ചെടുത്ത ചാവിനെ നാട്ടിലെ ഏതെങ്കിലും ക്ഷേത്രത്തിലോ, കാവിലോ കൊണ്ടുപോയി കുടിപാര്‍പ്പിക്കാന്‍ പ്ലാത്തികളെ പ്രതിഫലവും കൊടുത്ത് ഏല്പിച്ചുകൊടുക്കുന്നു. ഇതോടെ ചാവുതുള്ളല്‍ ക്രിയ പൂര്‍ണ്ണമാകും. 2

തിരുവിതാംകൂറില്‍ പുലയരുടെ ചാവെടുപ്പ്

തിരുവിതാംകൂറില്‍ മരണാനന്തരം പുലയരുടെ ഇടയില്‍ നടത്തപ്പെടുന്ന ഈ ചടങ്ങിനെ ചാവെടുക്കുക എന്നാണ് പൊതുവെ പറയപ്പെടുന്നത്. മരിച്ചുപോയ ആളിന്റെ പതിനാറാം അടിയന്തിരത്തിന്റെ (പുലകുളി യുടെ) തലേദിവസം, അതായത് പതിനഞ്ചാംനാള്‍ രാത്രി ആരംഭിച്ച് പതിനാറാം ദിവസം നേരം പുലരും മുന്‍പുതന്നെ ചാവെടുക്കല്‍ കര്‍മ്മം നടന്നുകഴിയും.

പതിനഞ്ചാം ദിവസം വൈകുന്നേരം നാട്ടിലേയോ, അയല്‍ നാട്ടിലേയോ സജാതിയില്‍പ്പെട്ട പ്രഗത്ഭനായ ഒരു മാന്ത്രികനെ ക്ഷണിച്ചുവരുത്തുന്നു. ഈ മാന്ത്രികനെ പ്രശ്‌നം വയ്ക്കുന്നതിനാല്‍ പ്രശ്‌നക്കാരന്‍ എന്നും പറയുന്നു. സന്ധ്യക്കുമുന്‍പു തന്നെ പ്രശ്‌നകാരനും ഒന്നോ രണ്ടോ പരികര്‍മ്മികളും മരണവീട്ടില്‍ എത്തിച്ചേരും. പരികര്‍മ്മികള്‍ പ്രശ്‌ന ക്കാരന്റെ സഹായികളാണ്. മന്ത്രവാദം നടത്തുന്നതിന് ആവശ്യമായ വച്ചൊരുക്കുകള്‍ ഇവരുടെ ജോലിയും അവകാശവുമായി കണക്കാക്കുന്നു. ഇവരെത്തിച്ചേര്‍ന്നാല്‍ മരിച്ച ആളിന്റെ ഏറ്റവും വേണ്ടപ്പെട്ട ബന്ധു ക്കളുമായി അടുത്തെവിടെങ്കിലും ഉള്ള ഷാപ്പില്‍ പോയി ഒന്നു മിനുങ്ങിവരും. എന്നിട്ടാവും മന്ത്രവാദത്തിനുള്ള പുറപാട്. പരികര്‍മ്മികള്‍ നേരത്തെ കരുതിവെച്ചിട്ടുളള കുരുത്തോലകൊണ്ട് ഏതാനും വെലിക്കടതത്തട്ടങ്ങള്‍ മെടഞ്ഞ് ഉണ്ടാക്കും. ഇവയില്‍ തന്നെ ചെറുതും വലുതുമുണ്ട്. വലുത് മരിച്ചുപോയ ആളിന്റെ ആത്മാവിനെ (ചാവിനെ) വച്ചുകൊടുക്കാനാണ്. ഈ സമയം മരണ വീട്ടിലെ പെണ്ണുങ്ങള്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം കുറച്ച് നെല്ലുവറുത്ത് ഉരലില്‍ ഇടിച്ച് വറപ്പൊടി ഉണ്ടാക്കും. കൂട്ടത്തില്‍ മഞ്ഞയും അരച്ചുരുട്ടികൊടുക്കും. കോഴിക്കുരുതിയുണ്ടെങ്കില്‍ മഞ്ഞയുടെ ആവശ്യമില്ല. കോഴിയെ അറുത്ത് രക്തം ഒഴിക്കുന്നതിനുപകരം ചെയ്യുന്ന ഏര്‍പ്പാടാണ് മഞ്ഞളും ചുണ്ണാമ്പും വെള്ളത്തില്‍ കലര്‍ത്തിചുമന്ന വെള്ളമുണ്ടാക്കുന്നത്. ജന്തുബലി നിരോധിച്ചതോടെയാണ് മന്ത്രവാദികള്‍ കോഴിവെട്ട് നിറുത്തി മഞ്ഞളും ചുണ്ണാമ്പും പ്രയോഗിക്കുന്നത്. വെലിക്കടതട്ടങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ അവ യഥേഷ്ടം വീട്ടുമുറ്റത്ത് പല ഭാഗത്തായി വച്ച് അവയില്‍ അല്പാല്പം വറപ്പൊടിയും, അവിലും, മലരും ഇടും. തുടര്‍ന്ന് മന്ത്രവാദി മുറ്റത്ത് ഒരു ഇല പടിഞ്ഞാറോട്ട് ഇട്ട് പൊരിയും അവിലും പഴവും വച്ച് ചാബ്രാണികത്തിച്ച് വെറ്റിലയും പാക്കും വച്ച് ഗണപതിക്ക് വച്ചൊരുക്കി ഗണപതി സ്തുതി നടത്തും. നേരത്തെ ഷാപ്പില്‍ പോയപ്പോള്‍ കൊണ്ടുവന്ന കള്ള് ചെറിയ പാത്രങ്ങളില്‍ പകര്‍ന്ന് വെലിക്കട തട്ടങ്ങള്‍ക്കു സമീപം വച്ച് പരേതാത്മാക്കളെ തൊഴുത് അപേക്ഷിക്കുന്നു. തുടര്‍ന്ന് ഗണപതിക്കു വച്ച ഭാഗത്തുവന്നു തറയില്‍ തടുക്കോ, പലകയോ ഇട്ട് പ്രധാനമന്ത്രിവാദി ഇരിക്കുന്നു. മരിച്ച ആളിന്റെ ചാവിനുവേണ്ടി വലിയ വെലിക്കട തട്ടത്തില്‍ വറപ്പൊടിയും മലരും അവിലും കള്ളും വച്ച് നേതിച്ചശേഷം ചാവെടുക്കാനുള്ള പുതിയ തോര്‍ത്ത് നിവര്‍ത്തിയിടുന്നു. അതില്‍ ഏതാനും നെല്ലുകളും വിതറും. കൈയ്യില്‍ കരുതിയിരുന്ന കവടിയും ശംഖും ഒരു മുറത്തില്‍ ഇട്ട് പ്രശ്‌നക്കാരന്‍ മടിക്കുള്ളില്‍ വച്ച് കവടി കറക്കി മന്ത്രം ചൊല്ലുന്നു. മുപ്പത്തിമുക്കോടി ദേവര്‍കളേ, അറുപത്തിആറായിരക്കോടി അസുരകളേ..........ആ ഗ്യഹത്തില്‍ മുന്‍പു മരിച്ചുപോയ അച്ഛന്‍, അമ്മ, അമ്മാവന്‍ തുടങ്ങി എല്ലാ പരേതാത്മക്കളേയും വിളിച്ചു മന്ത്രം ചൊല്ലി മുറം വലതുകയ്യില്‍ പിടിച്ചുയര്‍ത്തി അതിലേക്ക് ശംഖ് കറക്കിയെ റിയുന്നു. ശംഖു കറങ്ങിനില്‍ക്കുമ്പോള്‍ മുറം തറയില്‍ വെച്ചു നോക്കും. ശംഖ് ശരിയായ ദിശയിലാണ് നില്‍ക്കുന്നതെങ്കില്‍ ചാവണയുമെന്നും മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും തീരുമാനിക്കാം. ചാവ് വരുവാന്‍ പ്രയാസമു ണ്ടെങ്കില്‍ ശംഖ് ശരിയായ ദിശയില്‍ വരുകയില്ല. പിന്നെ പരിഹാര ക്രിയകള്‍ നടത്തി പരിഹാരം കണ്ടശേഷമേ ചാവെടുക്കല്‍ മന്ത്രവാദം നടത്താന്‍ കഴിയൂ. അര്‍ദ്ധരാത്രിയോളം ഈമന്ത്രവാദം തുടരും. മരിച്ച ആള്‍ എന്തുകൊണ്ട് എങ്ങിനെ മരിച്ചെന്നും, ആത്മാവ് എവിടെ നില്‍ക്കുന്നുവെന്നും, വിളിച്ചാല്‍ വരുമോ എന്നും മറ്റും മന്ത്രങ്ങള്‍ ചൊല്ലിയും ശംഖ് കറക്കിയും മന്ത്രവാദി ബന്ധുക്കളോടു പറയുന്നു. ഈ ക്രിയകളൊക്കെ കഴിയുമ്പോള്‍ ഏകദേശം വെളുപ്പിന് നാലുമണിയോ ളമാകും. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരം പുലര്‍ന്നാലും ചാവെടുക്കാന്‍ കഴിയുകയില്ല. അത്തരം സംഭവങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.

ആത്മാവുകളെ തൃപ്തരാക്കി ഒതുക്കി നിര്‍ത്തിയതിനുശേഷം ചാവെടുക്കാനായി മന്ത്രവാദി മരിച്ച ആളിന്റെ മകനേയോ മകളേയോ അതുമല്ലെങ്കില്‍ അനന്തരവനേയോ വിളിക്കും. തുടര്‍ന്ന് ചാവെടുക്കാന്‍ നില്‍ക്കുന്ന ആളിന്റെ രണ്ടു കൈകളും നിവര്‍ത്തിപ്പിടിച്ച് വെലിക്കട ത്തട്ടത്തില്‍ ഇട്ടിരുന്ന തോര്‍ത്ത് വിരിച്ചിടും. അതിനകത്തായി വീണ്ടും ഏതാനും നെല്ലുകള്‍ വിതറിയിടും. തുടര്‍ന്ന് മന്ത്രവാദി പരേതാത്മാവിനെ മന്ത്രംചൊല്ലി വിളിച്ചുവരുത്തും. ചാവ് തോര്‍ത്തില്‍ വന്നുകഴിഞ്ഞാല്‍ തോര്‍ത്തുമായി നില്‍ക്കുന്ന ആളിന്റെ ശരീരത്തില്‍ കടന്ന് അയാള്‍ തുള്ളുന്നു. പിന്നീട് പ്രശ്‌നക്കാരന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും കാര്യങ്ങള്‍ കേട്ടറിഞ്ഞ് മന്ത്രവാദി അണഞ്ഞ ചാവിനെ തോര്‍ത്തോടുകൂടി വാങ്ങുമ്പോള്‍ തുള്ളുന്ന ആള്‍ പൊടുന്നനെ തറയില്‍ വീഴും. അപ്പാള്‍ ചുറ്റും നില്‍ക്കുന്നവര്‍ അയാളെ പിടിച്ചു തറയില്‍ കിടത്തി മുഖത്ത് വെള്ളം തളിക്കുമ്പോള്‍ അയാള്‍ ഉണര്‍ന്നുവരും. ഇതോടെ ചാവെടുക്കല്‍ കര്‍മ്മം തീരുന്നു. ഈ ചാവിനെ പിന്നീട് മരിച്ച ആളിന്റെ ജന്മേ ക്ഷത്രങ്ങളില്‍ മന്ത്രവാദിതന്നെ കൊണ്ടുപോയി കുടിയിരുത്തി പണവും മറ്റും കൊടുത്ത് തൃപ്തരാക്കുകയാണ് ചെയ്യുന്നത്. മരിച്ചുപോയവരുടെ ചാവുകള്‍ (ആത്മാക്കള്‍) ഉണ്ടെന്ന് ഗാഢമായി വിശ്വാസം വെച്ചു പുലര്‍ത്തുന്നവരാണ് പുലയര്‍. തലമുറകളുടെ കൈമാറ്റ പ്രക്രിയയിലൂടെ താനെന്ന സത്വം നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തിലൂന്നിയാണ് പിതൃക്കള്‍ ദൈവസങ്കല്‍പമായി പുലയരില്‍ നിലനില്‍ക്കുന്നത്. പിതൃക്കളെ ആരാധിച്ചിരുന്നതില്‍നിന്നാണ് ലോകത്തിലെ മതങ്ങള്‍ ഉത്ഭവിച്ചതെന്ന് ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ വാദിച്ചതും വെറുതെയല്ല. ഈ പിതൃ പൂജ സമ്പ്രദായം ലോകമെമ്പാടുമുള്ള ഗോത്രവര്‍ഗ്ഗ ജനങ്ങളില്‍ ഇന്നും നിലനില്ക്കുന്ന ആചാരങ്ങളാണ്.