"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

എന്താണ് ക്ഷേത്രപ്രവേശന വിളംബരം? - ദളിത്‌ ബന്ധു എന്‍ കെ ജോസ്

കറുപ്പന്‍മാസ്റ്ററും തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷേത്രപ്രവേശന വിളംമ്പരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിക്കുന്നതിനു മുമ്പ് എന്താണ് ക്ഷേത്രപ്രവേശന വിളംബരം എന്ന് അറിയേണ്ടതാവശ്യമാണ്.

2 ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂര്‍ രാജാവ് നടത്തിയ അര്‍ത്ഥമില്ലാത്ത ഒരു പ്രഖ്യാപനമാണ്. അത് ശുദ്ധഭോഷ്‌ക്കും വഞ്ചനയും മാത്രമല്ല, ജനകോടികളെ വിഡ്ഢി കളാക്കുന്ന ഒരു പരിപാടി കൂടിയാണ്. സഹസ്രാബ്ദങ്ങളായി ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശിച്ച് ആരാധന നടത്തുവാന്‍ അര്‍ഹത യില്ലെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന ഒരു വിഭാഗം ജനങ്ങള്‍ക്ക് അതിന് അനുവാദവും അവസരവും കൊടുക്കുന്ന ഒരു വിളംമ്പരമാണ് എന്നാണ് അതിന്റെ അനുവാചകര്‍ അവകാശപ്പെടുന്നത്. എന്തുകൊണ്ട് ഈ ജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി? ആരാണ് വിലക്കിയത്? വെറും മര്‍ക്കട മുഷ്ടിയോ കരബലമോ ആണോ അതിന്റെ കാരണം? ഒരു ദിവസം രാവിലെ ഒരു അധികാരിക്കു തോന്നി, നാളെ മുതല്‍ ചണ്ഡാലര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തുവാന്‍ പാടില്ല എന്ന്. മറ്റൊരു ദിവസം രാവിലെ മറ്റൊരു അധികാരിക്കുതോന്നി നാളെ മുതല്‍ ചണ്ഡാലര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു ആരാധന നടത്തട്ടെ എന്ന്. അതാണോ ക്ഷേത്രപ്രവേശന നിരോധനത്തിന്റെയും ക്ഷേത്ര പ്രവേശനാനു വാദത്തിന്റെയും കാരണം? യുക്തിസഹമായ മറ്റെന്തെങ്കിലും കാരണമുണ്ടോ? 

3 ഹിന്ദുമതത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ കര്‍മ്മസിദ്ധാന്തമാണ് ചണ്ഡാലരുടെ ക്ഷേത്രപ്രവേശന നിരോധനത്തിന്റെ കാരണം എന്നാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്. 1925ല്‍ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ഗാന്ധി വൈക്കത്ത് വന്നപ്പോള്‍ വൈക്കത്തെ ബ്രാഹ്മണര്‍ ശാങ്കരസ്മൃതി ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത് അങ്ങനെയാണ്. ഗാന്ധി അത് അംഗീകരി ക്കുകയും ചെയ്തു. കഴിഞ്ഞ ജന്മത്തില്‍ ചെയ്ത അധര്‍മ്മങ്ങളുടെ ശിക്ഷയായി ഈ ജന്മത്തില്‍ ചണ്ഡാലരായി ജനിക്കുന്നു. ചണ്ഡാലനാ യതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. ഈശ്വരന്‍ നല്‍കിയ ആ ശിക്ഷ ഭേദഗതി ചെയ്യുവാനോ റദ്ദാക്കുവാനോ ആര്‍ക്കാണ് അധികാരം! ഈശ്വരന്റെ ദൃഷ്ടിയില്‍ കുറ്റവാളിയായവര്‍ക്ക് വിധിച്ചിട്ടുള്ള ആചാരങ്ങളില്‍ ഒന്നാണ് ക്ഷേത്രപ്രവേശന നിരോധനം. അതിനാല്‍ അത് റദ്ദാക്കുന്നതിന് ഈശ്വരന്‍ തന്നെവേണം. അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഈശ്വരനിയമങ്ങളെ ക്രോഡീകരിച്ച മനുവോ, മനുവിന്റെ പിന്‍ഗാമിയോ വേണം. മനുവിന് ഒരു പിന്‍ഗാമിയോ ഹിന്ദുമതത്തിന് നിയമാനു സൃതമായ ഒരു പരമാധികാരിയോ ഇല്ലാത്തതിനാല്‍ ആ വിലക്കുകള്‍ എന്നും നിലനില്‍ക്കുന്നതാണ്. അതാണ് ഒരു ദിവസം രാവിലെ തിരുവിതാംകൂര്‍ എന്ന ചെറിയ രാജ്യത്തിലെ ഭരണാധികാരി യാതൊരു തത്വദീക്ഷയും വ്യവസ്ഥാപിത നടപടിക്രമവും യുക്തിബോധവും കൂടാതെ റദ്ദ് ചെയ്തത്. അന്ന് ഇന്ത്യയിലെ ജനസംഖ്യയില്‍ ഉദ്ദേശം 65 ശതമാനവും ഹിന്ദുക്കളാണ് എന്നാണ് അവകാശപ്പെട്ടിരുന്നത്. അതില്‍ കേവലം ഒരു ശതമാനം പോലുമില്ല തിരുവിതാംകൂറിലെ ഹിന്ദുക്കള്‍. അവരില്‍ത്തന്നെ 60 ശതമാനം പേര്‍ക്കുമാത്രമാണ് അന്ന് ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടു ത്തിയിരുന്നത്. ആ വിലക്കാണ് ഇവിടുത്തെ ഭരണാധികാരി എടുത്തു കളഞ്ഞത്.

4 എന്ത് അധികാരമാണ് ആ ഭരണാധികാരിയ്ക്ക് അതിലേയ്ക്ക് ഉള്ളത്? ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവ് പോപ്പുമായി തെറ്റിപ്പിരിഞ്ഞ പ്പോള്‍ ഇംഗ്ലണ്ടിലെ ക്രൈസ്തവസഭയുടെ ഭരണാധികാരി മേലില്‍ താനായിരിക്കും എന്നു പ്രഖ്യാപിച്ചു. ആ അധികാരം വച്ചുകൊണ്ടുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കിയ ശേഷമാണ് ആ സഭ ആഗോള ക്രൈസ്തവ സഭയില്‍ നിന്നും വ്യത്യസ്തമാണ് എന്ന് പ്രഖ്യാപിച്ചത്, പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചത്. അന്നു മുതല്‍ ആ സഭയുടെ ഭരണാധികാരി ആ രാജാവ് തന്നെയായിരുന്നു. എന്നിട്ടാണ് പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ചത്. അങ്ങനെ അതൊരു വ്യവസ്ഥാപിതക്രമമനുസരിച്ചാണ് നിര്‍വ്വഹിച്ചത്.

5 ഇവിടെ അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനാനുവാദം നല്‍കണ മെന്ന് ഹിന്ദുമതത്തിലെ ഉന്നതാധികാരികളോട് ആരും ആവശ്യപ്പെടുകയോ അവര്‍ അത് നിരസിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ഒരു ഉന്നതാധി കാരി ആ മതത്തിനില്ലല്ലോ. തിരുവിതാംകൂറിന് പുറത്തുള്ള ഹിന്ദുമത വുമായി തെറ്റിപ്പിരിഞ്ഞ് ഒരു പുതിയ ഹിന്ദുമതം ഈ രാജാവ് സ്ഥാപിച്ചില്ല. അയിത്തജാതിക്കാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാ തിരിക്കാന്‍ കാരണമായ സിദ്ധാന്തത്തെ ഭേദഗതി ചെയ്ത് അത് തിരുവിതാം കൂറിലെ ഹിന്ദുമതത്തിന്റെ ഭാഗമല്ലാതാക്കിയില്ല. അങ്ങനെ ചെയ്തതിനുശേഷമല്ലേ അതനുസരിച്ചുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടത്? ഇവിടെ ഇന്നും ഹിന്ദുമതത്തിന്റെ അടിസ്ഥാന ശിലകളില്‍ കര്‍മ്മസിദ്ധാന്തവും ഉള്‍പ്പെടും. ചാതുര്‍വര്‍ണ്യവുമുണ്ട്. അപ്പോള്‍ മനുസ്മൃതിയും പ്രാബല്യത്തിലാണ്. അതെല്ലാം നിലനില്‍ക്കുമ്പോള്‍ അയിത്തജാതിക്കാരുടെ ക്ഷേത്രപ്രവേശനം എങ്ങനെ അതുമായി പൊരുത്തപ്പെടും? പൊരുത്തപ്പെടുമെങ്കില്‍ അതിനുമുമ്പ് ക്ഷേത്രപ്രവേശന നിരോധനം എങ്ങനെ നിലനിന്നു? ഇതില്‍ ഏതെങ്കിലും ഒന്നു ശരിയല്ല.

6 ഇങ്ങനെ ഒരു വിളംബരം പ്രഖ്യാപിക്കാന്‍ ആ രാജാവിന് എവിടെ നിന്നും അധികാരം ലഭിച്ചു? അദ്ദേഹം ഒരു ബ്രാഹ്മണനോ ഹൈന്ദവാ ചാര്യനോ പൂജാരിയോ പോലുമോ ആയിരുന്നില്ല. അങ്ങനെയുള്ള വര്‍ക്കുപോലും അതിനുള്ള അധികാരമില്ല. അദ്ദേഹം വെറും ഒരു നായര്‍മാത്രം. രാജഭരണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ഹിരണ്യ ഗര്‍ഭയജ്ഞം വഴി ബ്രാഹ്മണര്‍ക്കു സ്വര്‍ണ്ണം കൈക്കൂലികൊടുത്തു ക്ഷത്രിയനായതാണദ്ദേഹം. അതിനാല്‍ അദ്ദേഹത്തിന്റെ ക്ഷത്രിയത്വം അസാധുവാണ്. ക്ഷത്രിയസ്ത്രീയില്‍ നിന്നും ജനിച്ചാല്‍മാത്രമേ ക്ഷത്രിയനാകുകയുള്ളൂ എന്നാണ് മനുസ്മൃതിയില്‍ പറയുന്നത്. ഏത് ക്ഷത്രിയ സ്ത്രീയില്‍ നിന്നാണ് അദ്ദേഹം ജനിച്ചത്? റാണി പാര്‍വ്വതിയമ്മ തമ്പുരാട്ടി ക്ഷത്രിയയായിരുന്നുവോ? കേരളത്തില്‍ ആരാണ് ക്ഷത്രിയന്‍? ഇവിടേയ്ക്ക് ഒരു ക്ഷത്രിയനും ഒരിക്കലും കടന്നുവന്നിട്ടില്ല. ഏ.ഡി.7-8 നൂറ്റാണ്ടുകളില്‍ ഇവിടെ വന്നത് ഏതാനും ബ്രാഹ്മണര്‍ മാത്രമാണ്. അവര്‍ 32 ഗ്രാമങ്ങളില്‍ താമസിച്ചു എന്നും ആ 32 ഗ്രാമങ്ങളും ഇന്ന് കണ്ടെത്തി എന്നും പറയുന്ന ഐതിഹ്യകാരന്മാര്‍പോലും അക്കൂട്ടത്തിലോ വേറെയോ ഒരു ക്ഷത്രിയ ഗ്രാമത്തെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ പറയുന്നില്ല. ഹിന്ദുമതവുമായി യാതൊരു ബന്ധവും അന്നുവരെ ഇല്ലാതിരുന്ന ഇവിടുത്തെ ചില പ്രാദേശിക മുഖ്യന്മാരെ ബ്രാഹ്മണര്‍ അവരുടെ ആവശ്യത്തിനായി ക്ഷത്രിയര്‍ എന്നു വിളിച്ചു എന്നതിനപ്പുറമുള്ള ക്ഷത്രിയപ്പട്ടം കേരളത്തിലാര്‍ക്കുമില്ല. ഇപ്പോള്‍ ഇവിടെ വര്‍മ്മ എന്നും ശര്‍മ്മ എന്നും തമ്പി എന്നുെമല്ലാം പേരിന്റെ കൂടെ ചേര്‍ത്തുകൊണ്ടു നടക്കുന്നതുതന്നെ കൃത്രിമമാണ്. അതിന് ഒരു അടിസ്ഥാനവുമില്ല.

7 അങ്ങനെ ക്ഷത്രിയന്‍ പോലുമല്ലാത്ത ഒരാളിന് ഹിന്ദുമത തത്വങ്ങളിലോ ആചാരങ്ങളിലോ മാറ്റം വരുത്തുവാന്‍ മനുസ്മൃതിയോ ഭഗവത്ഗീതയോ വേദങ്ങളോ ഉപനിഷത്തുകളോ മറ്റ് ഏതെങ്കിലും പ്രാമാണിക ഗ്രന്ഥമോ അനുവാദം കൊടുത്തിട്ടില്ല. മതകാര്യങ്ങളില്‍ മറ്റ് ഏതൊരു നായര്‍ക്കും അപ്പുറമുള്ള അധികാരമൊന്നും ആ രാജാവിനില്ല. രാജാ വിന്റെ ചുമതല ബ്രാഹ്മണരെയും പശുക്കളെയും സംരക്ഷിക്കുക എന്നതാണ്. 

'സ്വസ്തി പ്രജാഭ്യഃപരിപാലയന്ത
ന്യായേണ മാര്‍ഗ്ഗേണ മഹിമഹിശഃ
ഗോബ്രാഹ്മണേഭ്യശുഭമസ്തു നിത്യം
ലോകസമസ്താ സുഖിനോ ഭവന്തു 
ഓം ശാന്തി ശാന്തി ശാന്തി'
എന്നാണല്ലോ പ്രമാണം

8 ക്ഷേത്രം രാജാവിന്റെ വകയാണെങ്കില്‍ പോലും അതില്‍ പ്രതിഷ്ഠ നടത്തിയത് രാജാവല്ല. അതിനായി പ്രത്യേകം നിയുക്തനായിട്ടുള്ള വ്യക്തിയാണ്. രാജാവിന് അതിനുള്ള അവകാശമോ അധികാരമോ ഇല്ല. പുനഃപ്രതിഷ്ഠ നടത്തുകയോ മറ്റെന്തെങ്കിലും ആധികാരിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുയോ ചെയ്യാനും രാജാവിന് അധികാരമില്ല.

9 1936 നവംബര്‍ 11ാം തീയതിവരെ ഹിന്ദുക്കള്‍ അല്ലാതിരുന്ന, അക്കാരണത്താല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അര്‍ഹതയില്ലാതിരുന്ന അവര്‍ണ്ണരെ ക്ഷേത്രത്തില്‍ പ്രവേശിക്കുവാനും അങ്ങനെ ഹിന്ദുക്കളാ ക്കാനുമുള്ള അധികാരം ആ രാജാവിന് എവിടെനിന്നും കിട്ടി? ഇന്നും അന്യമതക്കാരെ ഹിന്ദുക്കളാക്കിയാല്‍ അതംഗീകരിക്കുകയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യാത്ത ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളുണ്ട്. (വയലാര്‍ രവിയുടെ ഭാര്യയും മകനും പ്രവേശിച്ച സംഭവം) രാജാവിനു ള്ളത് രാഷ്ട്രീയാധികാരം മാത്രമാണ്. മതാധികാരം അതിനുപുറത്തും മുകളിലുമാണ്. അതിനാല്‍ തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷേത്രപ്ര വേശന വിളംബരം അനധികൃതവും അസംബന്ധവുമാണ്. മനുസ്മൃതി പ്രകാരം ആ രാജാവ് കഠിന ശിക്ഷ അര്‍ഹിക്കുന്ന ആളാണ് എന്ന് പുത്തേഴത്ത് രാമന്‍മേനോന്‍ അന്നുതന്നെ പ്രഖ്യാപിച്ചിട്ടുള്ളതും തന്മൂലമാണണ്. 

10 ക്ഷേത്രത്തില്‍ കയറി ആരാധിച്ചാല്‍ ചണ്ഡാലന് മോക്ഷം ലഭിക്കുമോ? സായൂജ്യമടയുവാന്‍ കഴിയുമോ? അങ്ങനെ ഏതു ഗ്രന്ഥത്തിലാണ് എഴുതി വച്ചിരിക്കുന്നത്. ചണ്ഡാലന്‍ സായൂജ്യം അടയണമെങ്കില്‍ പിന്നെ ജന്മങ്ങള്‍ പലതു കഴിയണം. ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതുകൊണ്ട് ചണ്ഡാലന് ലഭിക്കുന്ന ഗുണം എന്താണ്? ക്ഷേത്രം അശുദ്ധമാക്കാം എന്നു മാത്രം. ഏതു രാജാവിന്റെ പ്രേരണമൂലമായാലും ചണ്ഡാലന്‍ ക്ഷേത്ര ത്തില്‍ പ്രവേശിക്കുക എന്നത് അധര്‍മ്മമാണ്. അധര്‍മ്മം ചെയ്ത ചണ്ഡാലന്‍ ശിക്ഷാര്‍ഹനാണ്. അന്നും അതിനെത്തുടര്‍ന്ന് ക്ഷേത്രം അശുദ്ധമാക്കിയ ചണ്ഡാല ന്മാരെല്ലാവരും ശിക്ഷ അനുഭവിച്ചിരിക്കണം. അങ്ങനെയായിരിക്കാം തിരുവിതാംകൂറില്‍ തെരുവു പട്ടികളുടെ എണ്ണം വര്‍ദ്ധിച്ചത്.

11 അയിത്തജാതിക്കാരുടെ ക്ഷേത്രപ്രവേശനം ആചാരവിരുദ്ധമാണ്. ഒന്നുകില്‍ അവര്‍ കര്‍മ്മസിദ്ധാന്തവും ചാതുര്‍വര്‍ണ്യവും ജന്മ - പുനര്‍ജന്മവും അടങ്ങുന്ന തത്വസംഹിത ഉപേക്ഷിക്കണം. അപ്പോള്‍ അവര്‍ ഹിന്ദുക്കളാവുകയില്ല. അതൊന്നുമില്ലാത്ത മതം ഹിന്ദുമതം ആകുകയില്ല. ഹിന്ദുക്കളാണ് എന്നാണ് അവകാശപ്പെടുന്നതെങ്കില്‍ അതിന്റെ നിയമങ്ങള്‍ പാലിക്കണം. തിരുവിതാംകൂര്‍ രാജാവും ദിവാനും ചേര്‍ന്ന് ഈഴവ രുള്‍പ്പെ ടെയുള്ള തിരുവിതാംകൂറിലെ ചണ്ഡാലരെ കുരങ്ങു കളിപ്പിക്കുക യായിരുന്നു.

12 ക്ഷേത്രപ്രവേശനവിളംമ്പരം മനുസ്മൃതി വിരുദ്ധമാണ്, ഋക് വേദവിരുദ്ധമാണ്. അതിനാല്‍ ഒരു ഹീനകര്‍മ്മമാണ്. ആ ഹീനകര്‍മ്മം ചെയ്തതിന്റെ ഫലമായി രാജാവിന് രാജസ്ഥാനം നഷ്ടപ്പെട്ടു. ദിവാന്റെ മൂക്കിന് വെട്ടേറ്റു. പിന്നീട് ഒരു വ്യാഴവട്ടക്കാലം തുടര്‍ന്ന് രാജാവായി രിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അടുത്ത ജന്മത്തില്‍ മാത്രമല്ല, ഈ ജന്മത്തില്‍ തന്നെ അതിനുള്ള ശിക്ഷ അദ്ദേഹത്തിനു കിട്ടി. എന്നിട്ടും ഇന്നും ആ രാജാവ് ചെയ്ത ഹീനകര്‍മ്മം എന്തോ വലിയ മഹല്‍കൃ ത്യമായി കൊണ്ടാടുകയാണ്.

13 ഈ ചണ്ഡാലര്‍ ബുദ്ധമതവിശ്വാസികളായിരുന്ന കാലത്ത് അവര്‍ കെട്ടിപ്പടുത്തതാണ് തിരുവിതാംകൂറിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളും. അത് അവരില്‍ നിന്നും വഞ്ചന കാണിച്ചും, ബലമായി അക്രമം ഉപയോഗിച്ചും പിടിച്ചെടുത്തശേഷം അവര്‍ക്ക് നിഷേധിച്ചതാണ് ക്ഷേത്ര പ്രവേശനം. ആ ക്ഷേത്രങ്ങളുടെ ഒരു കോണില്‍ കയറി നില്ക്കുവാനുള്ള അനുവാദമാണ് ക്ഷേത്രപ്രവേശനവിളംമ്പരം വഴി നല്‍കിയത്. എന്റെ പോക്കറ്റില്‍ കിടന്ന നൂറു രൂപാ ആക്രമിച്ച് എടുത്തവനോട് ഞാന്‍ ഏറെ കെഞ്ചിയതിന്റെ ഫലമായി ഒരു രൂപാ വലിച്ചെറിഞ്ഞുതന്ന സംഭവമാണ് ക്ഷേത്രപ്രവേശനവിളംമ്പരം എന്നു പറയുന്നത്. ആ വിവരം വളരെ ഭംഗിയായിത്തന്നെ സഹോദരന്‍ അയ്യപ്പന്‍ 1937 ജനുവരി 17ാം തീയതി ചേര്‍ത്തല വച്ച് ക്ഷേത്രപ്രവേശന വിളംമ്പരത്തിന് പശ്ചാത്തലം ഒരുക്കിയ ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരെ അനുമോദിക്കാന്‍ ചേര്‍ത്തല എസ്.എന്‍.ഡി.പി.ശാഖായോഗക്കാര്‍ ചേര്‍ന്ന് വിളിച്ചുകൂട്ടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പറയുകയുണ്ടായി.