"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

ഡോ. അംബേഡ്കറും കേരളവും കത്തിടപാടുകളും - ഡോ. സുരേഷ് മാനേ

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കേരളത്തെ സംബന്ധിച്ച് നിരവധി പരാമര്‍ങ്ങള്‍ ബാബാസാഹേബ് ഡോ.അംബേദ്ക്കറുടെ രചനകളില്‍ കാണാന്‍ കഴിയുമെങ്കിലും വിമോചന മുന്നേറ്റത്തിന്റെ കാലഘട്ടത്തില്‍ കേരളത്തിലെ ദലിതുകള്‍ക്ക് വ്യത്യസ്തമായ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന്‍ കീഴില്‍ രൂപപ്പെട്ടു വരുവാന്‍ കഴിഞ്ഞിരുന്നില്ല. 'ഗാന്ധിയും കോണ്‍ഗ്രസ്സും അയിത്ത ജാതിക്കാര്‍ക്കായി ചെയ്തതെ ന്താണ്?' എന്ന തന്റെ ക്ലാസ്സിക് രചനയില്‍ തിരുവിതാംകൂറിലെ നിരവധി സാമൂഹ്യവും രാഷ്ട്രീയവുമായ പരിണാമങ്ങളെക്കുറിച്ചു വിവരിക്കവേ തിരുവിതാംകൂര്‍ രാജ്യത്തെ അയിത്തജാതിക്കാരുടെ വിധിയെക്കുറിച്ച് വേണ്ടത്ര എഴുതിയിട്ടുണ്ട്. ക്ഷേത്രപ്രവേശനം പോലെയുള്ള ആലങ്കാരി കമായ നടപടികളുടെ വ്യര്‍ത്ഥതയെക്കുറിച്ചു വിവരിക്കവെ 1938 നവംബര്‍ 24 ന് ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ ചേരമര്‍ ഐക്യ മഹാ സംഘത്തിന്റെ നേതാവായ ശ്രീ. നാരായണസ്വാമി ഡോ. അംബേദ്ക്കര്‍ക്ക യച്ച ഒരു കത്ത് അദ്ദേഹം പ്രസിദ്ധീകരിക്കുന്നുണ്ട്. ഏതെങ്കിലുമൊരു മലയാളി അയിത്തജാതിക്കാരന്‍ ഡോ. അംബേദ്ക്കര്‍ക്കയച്ചതായി അറിയപ്പെടുന്ന ഒരേയൊരു ആശയവിനിമയം ഒരുപക്ഷേ ഇതായിരിക്കും. ആ കത്ത് ചുവടെ കൊടുക്കുന്നു.


ഡോ. അംബേദ്കര്‍ ക്യാമ്പ്, മയ്യനാട്,കൊല്ലം
ബോംബെ 24.11.1938,


ആദരണീയനായ മഹാത്മന്‍

വിലയേറിയ ഉപദേശങ്ങള്‍ക്കുവേണ്ടി ഇനി പറയുന്ന കാര്യങ്ങള്‍ അങ്ങയുടെ സമക്ഷത്തില്‍ കൊണ്ടുവരുന്നതിന് എനിക്ക് അതിയായ സന്തോഷമുണ്ട്. തിരുവിതാംകൂര്‍ സംസ്ഥാനത്തെ ഹരിജന്‍ സമുദായത്തിലെ ഒരു നേതാവെന്ന നിലയ്ക്ക്, സംസ്ഥാനത്തെ ഹരിജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവശതകള്‍ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് എന്റെ പരമപ്രധാന കടമയായി ഞാന്‍ കരുതുന്നു.

1. മഹാരാജാവു പുറപ്പെടുവിച്ച ക്ഷേത്ര പ്രവേശനവിളംബരം വാസ്ത വത്തില്‍ ഹരിജനങ്ങള്‍ക്ക് ഒരു അനുഗ്രഹമാണ്. എന്നാല്‍ ക്ഷേത്ര പ്രവേശനമൊഴിച്ച് മറ്റെല്ലാ സാമൂഹിക അവശതകളും ഹരിജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് തുടര്‍ന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ക്ക് തടസ്സമാണ് ഈ വിളംബരം. ഹരിജനങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കു ന്നില്ല.

2. പതിനഞ്ചുലക്ഷം ഹരിജനങ്ങള്‍ ഉള്ളതില്‍ ഏതാനും ഗ്രാജുവേറ്റുകളും അരഡസനോളം അണ്ടര്‍ ഗ്രാജുവേറ്റുകളും ഇരുനൂറിലധികം വെര്‍ണാ കുലര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരും ഉണ്ട്. സര്‍ക്കാര്‍ ഒരു പബ്‌ളിക് സര്‍വ്വീസ് കമ്മീഷനെ നിയമിച്ചിട്ടുണ്ടെങ്കിലും, ഹരിജനങ്ങളില്‍ വളരെക്കു റച്ചുപേര്‍ക്കു മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ. സവര്‍ണര്‍ക്കാണ് എല്ലാ നിയമനങ്ങളും നല്‍കിയിട്ടുള്ളത്. ഒരു ഹരിജനെ നിയമിച്ചാല്‍ത്തന്നെ അത് ഒന്നോ രണ്ടോ ആഴ്ച്ചത്തേക്കു മാത്രമായിരിക്കും. പബ്ലിക് സര്‍വ്വീസിലെ നിയമനചട്ടമനുസരിച്ച് നിയമനത്തില്‍ നിന്ന് പിരിഞ്ഞാല്‍ ഒരു വര്‍ഷത്തി നുശേഷമേ വീണ്ടും നിമയനത്തിന് അപേക്ഷിക്കാന്‍ പാടുള്ളൂ. എന്നാല്‍ സവര്‍ണര്‍ക്ക് ഒരു വര്‍ഷമോ, അതില്‍ക്കൂടുതലോ നീണ്ടുനില്‍ക്കുന്ന നിയമനങ്ങള്‍ നല്‍കും. നിയമനങ്ങളുടെ ലിസ്റ്റ് അസംബ്‌ളിയുടെ മുമ്പാകെ ഹാജരാക്കപ്പെടുമ്പോള്‍ സാമുദായികപ്രാതിനിധ്യത്തിന് തുല്യമായിരിക്കും നിയമനങ്ങളുടെ എണ്ണം. എന്നാല്‍ എല്ലാ ഹരിജനങ്ങളുടെയും നിയമന ങ്ങളുടെ കാലാവധി ഒരു സവര്‍ണന് തുല്യമായിരിക്കും. ഉദ്യോഗസ്ഥ ന്മാരാണ് ഇതുപോലുള്ള തട്ടിപ്പ് നടത്തുന്നത്. പബ്‌ളിക് സര്‍വീസ് സവര്‍ണരുടെ പൊതുസ്വത്താണ്. ഹരിജന് അതുകൊണ്ട് ഗുണമില്ല.

3. ഓരോ ഹരിജനും മൂന്നേക്കര്‍ ഭൂമി വീതം നല്‍കുമെന്ന് ഏതാനും വര്‍ഷം മുമ്പ് മഹാരാജാവിന്റേതായി ഒരു വിളംബരം ഉണ്ടായിരുന്നു. എന്നാല്‍ സവര്‍ണരായ ഉദ്യോഗ്‌സഥന്മാര്‍ വിളംബരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ എപ്പോഴും വിമുഖരായിരുന്നു. നഗരപ്രാന്തങ്ങളില്‍ വിശാലമായ ഭൂപ്രദേശങ്ങള്‍ കാലികളെ മേയ്ക്കുന്നതിന് അനു വദിച്ചുകൊടുക്കാന്‍ സര്‍ക്കാരിന് സമ്മതമാണെങ്കിലും ഒരുതുണ്ടുഭൂമിപോലും നാളിതുവരെ ഹരിജനങ്ങള്‍ക്ക് നല്‍കുകയുണ്ടായില്ല. ഹരിജനങ്ങള്‍ ഇന്നും സവര്‍ണരുടെ ഭൂമിയിലാണ് അധിവസിക്കുന്നത്. പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും അവര്‍ സഹിക്കുന്നു. വലിയൊരു ഭൂപ്രദേശം റിസര്‍വ് വനമായി മാറ്റി വച്ചിട്ടുണ്ടെങ്കിലും, ഭൂമി പതിച്ചു നല്‍കണമെന്നുള്ള ഹരിജനങ്ങളുടെ അപേക്ഷകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുകയോ, അവ ശ്രദ്ധിക്കപ്പെടുകപോലുമോ ചെയ്യാറില്ല. ഭൂമിയുടെ ഒട്ടുമിക്ക ഭാഗത്തിന്റേയും ഗുണഭോക്താക്കള്‍ സവര്‍ണരാണ്.4. എല്ലാവര്‍ഷവും വിവിധ ഹരിജന്‍സമുദായങ്ങളില്‍ നിന്ന് ഓരോരുത്തരെവീതം അസംബ്‌ളിയിലേക്ക് നോമിനേറ്റ് ചെയ്യാറുണ്ട്. ഹരിജനങ്ങളുടെ പ്രശ്‌നങ്ങള്‍ അസംബ്‌ളിയില്‍ അവതരിപ്പിക്കാനാണ് അവരെ നോമിനേറ്റ് ചെയ്യുന്നതെങ്കിലും പലപ്പോഴും അവര്‍ സവര്‍ണരുടെ കൈയിലെ പാവകളായി കാണപ്പെടുന്നു. സവര്‍ണര്‍ക്കാണ് അവരെക്കൊണ്ടുള്ള നേട്ടം. തല്‍ഫലമായി ഹരിജനങ്ങളുടെ അവശതകള്‍ ഒരുവിധത്തിലും പരിഹരിക്കപ്പെടാതെ പോകുന്നു. 

5. തിരുവിതാംകൂറിലെ ഹരിജനങ്ങളെല്ലാം പാടത്തും പറമ്പിലും പണിയെടുക്കുന്നവരാണ്. സവര്‍ണരുടെ ദാസന്മാരായ ഇവരെ മൃഗങ്ങളെപ്പോലെയാണ് അവര്‍ കണക്കാക്കുന്നത്. ആരും അവരെ പോറ്റുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരു ഹരിജനു കിട്ടുന്ന വേതനം രണ്ടു ചക്രം (ഒരണ) മാത്രമാണ്. ക്ഷേത്ര പ്രവേശനത്തിനുശേഷവും അവരുടെ അവശതകള്‍ അതേപടി നിലനില്‍ക്കുന്നു. തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാക്ടറികളില്‍ പണിയെടുക്കുന്നവരും സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരും സവര്‍ണരാണ്. അവര്‍ ഉത്തരവാദഭരണത്തിനുവേണ്ടി മുറവിളി കൂട്ടുന്നു. സര്‍ക്കാരിലും പണിശാലകളിലും ജോലിവേണമെന്ന് ഇപ്പോള്‍ ഹരിജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. തിരുവിതാംകൂറിലെ ഇപ്പോഴത്തെ സമരം സവര്‍ണസമരമാണ്. പബ്‌ളിക് സര്‍വ്വീസുകളിലും പണിശാലകളിലും നാമമാത്രമായുള്ള ഹരിജനങ്ങളെ പറഞ്ഞുവിടാനുള്ള തയ്യാറെടുപ്പിലാണ് സവര്‍ണര്‍. ഉയര്‍ന്ന ശമ്പളവും കൂടുതല്‍ അധികാരാവകാശങ്ങളും അവര്‍ ആവശ്യപ്പെടുന്നു. ഹരിജന്‍ തൊഴിലാളികളുടെ കാര്യത്തില്‍ അല്‍പ്പംപോലും ശ്രദ്ധ അവര്‍ക്കില്ല. അതേസമയം, ഫാക്ടറികളിലെ തൊഴിലാളികളുടെ സമരംകൊണ്ട്, തീരുവിതാംകൂറിലെ ജനങ്ങളാകെ രോഷംകൊണ്ട് ഉന്മത്തരായിരിക്കുകയാണ്. ഹരിജനായ ഒരു തൊഴിലാളിക്ക് കിട്ടുന്നതിന്റെ മൂന്നിരട്ടി ശമ്പളം ഒരു ഫാക്റ്ററി തൊഴിലാളിക്ക് കിട്ടുന്നുണ്ട്.

6. പട്ടിണിയും മറ്റ് ജീവിതദുരിതങ്ങളും കൊണ്ട് ഹരിജന്‍ വിദ്യാര്‍ത്ഥികളെല്ലാം തോല്‍ക്കാനാണ് സാധ്യത. വിളംബരത്തിനുമുന്‍പ് ഹരിജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ആറുവര്‍ഷം ആനുകൂല്യങ്ങല്‍ നല്‍കുമായിരുന്നു. ഇപ്പോള്‍ അത് മൂന്നുവര്‍ഷമായി കുറച്ചു. ഇതിന്റെ ഫലമായി ക്ലാസില്‍ തോറ്റ നിരവധി കുട്ടികള്‍ പഠിപ്പു നിര്‍ത്തി. 

7. അധഃകൃതവര്‍ഗക്കാര്‍ക്കുവേണ്ടി ഒരു ഡിപ്പാര്‍ട്ടുമെന്റുണ്ട്. മി. സി.ഒ.ദാമോദരനാണ് അതിന്റെ തലവന്‍ (പിന്നാക്കസമുദായ സംരക്ഷകന്‍). അതിന്റെ ചെലവിലേക്കായി നല്ലൊരു തുക അനുവദിക്കുന്നുണ്ട്. ഇതില്‍ മൂന്നില്‍രണ്ടു ഭാഗവും ലാപ്‌സായിപ്പോകുകയാണ് പതിവ്. തുക ചെലവാക്കാന്‍ മാര്‍ഗങ്ങളില്ലെന്ന് അദ്ദേഹം സര്‍ക്കാരിലേക്കു റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്യും. അധഃകൃതവര്‍ഗ്ഗക്കാര്‍ക്കായി നീക്കിവെയ്ക്കുന്ന തുകയുടെ 95 ശതമാനവും ഉദ്യോഗസ്ഥന്മാരുടെ, അവരെല്ലാം സവര്‍ണരാണ്, ശമ്പളത്തിനുവേണ്ടിയാണ് ചെലവാക്കുന്നത്. അഞ്ചു ശതമാനം മാത്രമേ അധകൃതവര്‍ഗക്കാര്‍ക്ക് പ്രയോജനപ്പെടുന്നുള്ളൂ. സര്‍ക്കാര്‍ ഇപ്പോള്‍ തിരുവിതാംകൂറില്‍ മൂന്നിടങ്ങളില്‍ ഹരിജന്‍ കോളനികള്‍ സ്ഥാപിക്കാന്‍ പോകുകയാണ്. സവര്‍ണരായ ഉദ്യോഗസ്ഥരെയാണ് ഇതിനുവേണ്ടി നിയോഗിച്ചിട്ടുള്ളത്. ഈ പദ്ധതി വിജയിക്കുകയില്ലെന്നാണ് എന്റെ അഭിപ്രായം. ഇതിലേക്ക് നീക്കിവച്ചിട്ടുള്ള തുക വളരെ പരിമിതമാണ്. ഹരിജനങ്ങള്‍ക്കുവേണ്ടി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരണ ചെലവാക്കുമ്പോള്‍ കൊച്ചി സര്‍ക്കാര്‍ ഒരു രൂപയാണ് ചെലവാക്കുന്നതെന്നകാര്യം ഖേദപൂര്‍വ്വം അറിയിക്കട്ടെ

തിരുവിതാംകൂറിലെ പ്രജകളുടെ ഭൂരിഭാഗവും സ്റ്റേറ്റ്‌കോണ്‍ഗ്രസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഉത്തരവാദഭരണത്തിനുവേണ്ടി പ്രക്ഷോഭം നടത്തുകയാണ്. ഈ ജനകീയ സംഘടനയുടെ നേതാക്കന്മാര്‍ നാല് പ്രധാന സമുദായങ്ങളില്‍പ്പെട്ടവരാണ്. നായര്‍, മുസ്ലീം, ക്രിസ്ത്യന്‍, ഈഴവന്‍. സ്റ്റേറ്റ്‌കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മി. പട്ടം താണുപിള്ള പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഹരിജനങ്ങള്‍ക്ക് പ്രത്യേക സൗജന്യങ്ങള്‍ നല്‍കുന്നതാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാണാന്‍ അധഃകൃതവര്‍ഗനേതാ ക്കന്മാര്‍ കാത്തിരിക്കുകയായിരുന്നു. ഈ നേതാക്കന്മാരുടെ വാഗ്ദാനങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യമായി.

അധഃകൃതവര്‍ഗക്കാരുടെ താല്‍പ്പര്യങ്ങള്‍ നേതാക്കള്‍ പാടെ അവഗണിച്ചിരിക്കുന്നു. ദേശീയതയുടെ ആദര്‍ശത്തില്‍ ആരംഭിച്ച സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ഇന്ന് ഒരു വര്‍ഗീയപ്രസ്ഥാനമായി മാറിയിരിക്കുന്നു. വര്‍ഗ്ഗീയ ചിന്തകളാണ് അതിന്റെ നേതാക്കന്മാരെ നയിക്കുന്നത്. ഏതൊരു പൊതുപ്രസംഗത്തിലും പ്രസ്താവനയിലും ലേഖനത്തിലും ഈ നാലു സമുദായങ്ങളെക്കുറിച്ചുമാത്രമാണ് നേതാക്കന്മാര്‍ പരാമര്‍ശിക്കുന്നത്. ഞങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ല. തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭം നയിക്കുന്ന നേതാക്കന്മാരുടെ ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കില്‍ ഉത്തരവാദഭരണം കിട്ടിക്കഴിയുമ്പോള്‍ അധഃകൃതവര്‍ഗക്കാരുടെ സ്ഥിതി ഇതിലും പരിതാപകരമായിരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം, സര്‍ക്കാരിന്റെ നിയന്ത്രണം പൂര്‍ണമായും മുമ്പു സൂചിപ്പിച്ച നാലു സമുദായങ്ങളുടെ കൈകളിലായിരിക്കും. അധഃകൃതവര്‍ഗക്കാരുടെ അവകാശങ്ങളും അധികാരങ്ങളും അവര്‍ ഗ്രസിച്ചുകളയും. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകസമിതിയോഗത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സമയവും ആലപ്പുഴ കയര്‍ ഫാക്ടറി പണിമുടക്കിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് വിനിയോഗിച്ചത്. എന്നാല്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഹരിജന്‍ പ്രവര്‍ത്തകരെക്കുറിച്ച് യാതൊരു പരാമര്‍ശവുമുണ്ടായില്ല. ഫാക്ടറികളിലെ തൊഴിലാളികള്‍ സവര്‍ണരാണ്. ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള സമരം ഒരുതരം ഹരിജന്‍വിരുദ്ധപ്രസ്ഥാനമാണ്. സ്റ്റേറ്റ്‌കോണ്‍ഗ്രസ്സിലെ ഓരോ നേതാവിന്റെയും ലക്ഷ്യം സവര്‍ണരുടെ നിലമെച്ചപ്പെടുത്തുക എന്നതാണ്. പ്രധാന സമുദായങ്ങളുടെ നേതാക്കന്മാര്‍ക്ക് ഒരുതരം പ്രതിഫലേച്ഛകൊണ്ട് പ്രവര്‍ത്തിക്കുന്ന മനോഭാവമാണുള്ളത്. സ്വന്തം പുരോഗതിക്കുവേണ്ടി അവര്‍ അധഃകൃത വര്‍ഗ്ഗക്കാരെ ബലികൊടുക്കാന്‍ പോകുകയാണ്. ഇതാണ് സംസ്ഥാനത്തെ അധഃകൃതവര്‍ഗക്കാരുടെ സ്ഥിതി. ഞങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? ഇക്കാര്യത്തില്‍ അങ്ങയുടെ വിലയേറിയ ഉപദേശം സവിനയം അഭ്യര്‍ത്ഥിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു.

ബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട്
വിശ്വസ്തന്‍
ശ്രീ നാരായണ്‍ സ്വാമി 

ഈ കത്തിന് ഡോ. അംബേദ്ക്കര്‍ നല്‍കിയ മറുപടി ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനു മുന്നിലുള്ള കാലഘട്ടത്തില്‍ കേരളത്തിലെ അയിത്തജാതിക്കാരും ഡോ. അംബേദ്ക്കറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഒരേയൊരു തെളിവാണിത്. ഡോ. അംബേദ്ക്കറുടെ ജീവിതകാലയളവില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളോ സംഘടനാ സംവിധാനമോ ഇവിടെ നിലനിന്നിരുന്നുവെന്നതിന് നമുക്ക് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ അക്കാലത്ത് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ പോലെയുള്ള ഡോ.അംബേദ്ക്കറുടെ സംഘടനയുടെ അഭാവം ഇതു വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഇന്ന് കേരളവും ഡോ.അംബേദ്ക്കറും തമ്മിലുള്ള ചില ബന്ധങ്ങള്‍ വ്യക്തമാക്കുന്ന ചില പുതിയ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. സ്വതന്ത്രഇന്ത്യയിലെ നിയമമന്ത്രിയെന്ന നിലയില്‍ 1950 ജൂണ്‍ 8 മുതല്‍ 11 വരെ അദ്ദേഹം കേരളം സന്ദര്‍ശിച്ചിരുന്നു. 2008 ഏപ്രില്‍ 13നു പ്രസിദ്ധീകരിച്ച മലയാള ആഴ്ചപ്പതിപ്പായ മാതൃഭൂമിയുടെ 2008 ഏപ്രില്‍ ലക്കത്തില്‍ ശ്രീ.ചെറായി രാംദാസ് എഴുതിയ ലേഖനത്തില്‍ ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ നല്‍കിയിട്ടുണ്ട്. ആ രേഖകളില്‍ നിന്നും സുവ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നത് കേരളത്തിലെ കോളനികള്‍ സന്ദര്‍ശിക്കണമെന്ന് ബാബാസാഹേബ് ഡോ.അംബേദ്ക്കര്‍ ആഗ്രഹിച്ചിരുന്നിട്ടുകൂടി, അദ്ദേഹത്തിന് അതിനുള്ള അവസരം ഗവണ്‍മെന്റ് ഒരുക്കിയില്ല എന്നാണ്. ഗവണ്‍മെന്റു രേഖകള്‍ പ്രകാരം 1950 ല്‍ നിയമമന്ത്രിയെന്ന നിലയില്‍ ഡോ.അംബേദ്ക്കര്‍ കേരളം സന്ദര്‍ശിച്ചു. പാര്‍ലമെന്റിലവതരിപ്പിക്കേണ്ട ഹിന്ദുകോഡ് ബില്ലിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. 1950 ജൂണ്‍ 8 മുതല്‍ 11 വരെ നാലുദിവസം അദ്ദേഹം കേരളത്തിലുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം തിരു-കൊച്ചി യുടെ അസംബ്ലിയെ അഭിസംബോധന ചെയ്തു. കേരളാസര്‍ക്കാരിന്റെ അതിഥിയായിരുന്നു അദ്ദേഹം. എന്നാല്‍ കേരളാ നിയമസഭയുടെ സുവര്‍ണ്ണജൂബിലി ആഘോഷവേളയില്‍ ഇക്കാര്യം കേരളാ ഗവണ്‍മെന്റ് ബോധപൂര്‍വ്വം അവഗണിക്കുകയും മറച്ചുവയ്ക്കുകയും ചെയ്തു. അതിനോടനുബന്ധിച്ചു നടന്ന എക്‌സിബിഷനില്‍പോലും ഡോ.അംബേദ്ക്കറെക്കുറിച്ച് ഒരു ചെറുപരാമര്‍ശം പോലും കേരളാ നിയമസഭ നടത്തുകയുണ്ടായില്ല. 1990 ആഗസ്റ്റ് 23 നു പ്രസിദ്ധീകരിച്ച 'കേരളത്തിലെ നിയമസഭകളുടെ നൂറുവര്‍ഷം' എന്ന പുസ്തകത്തിലും ഇതിനെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ല.

കേരളത്തിലേയ്ക്കുള്ള ഡോ.അംബേദ്ക്കറുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ന് ആര്‍കൈവ്‌സ് ഡയറക്ടറേറ്റില്‍ 'കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷന്‍ ബി.399/32/4083(ഡി.ഡിസ്.12492/50/സി.എസ് തീയതി 18.10.1951, വിസിറ്റ് ഒഫ് ദി ഹോണറബിള്‍ ഡോ.അംബേദ്ക്കര്‍, ലാ മിനിസ്റ്റര്‍, ഗവണ്‍മെന്റ് ഒഫ് ഇന്ത്യ)' എന്ന തലക്കെട്ടുള്ള ഒരു 210 പേജുള്ള ഫയലിലുണ്ട്. കേന്ദ്രനിയമ മന്ത്രിസഭയുടെ സെക്രട്ടറിയായ കെ.വി.കെ. സുന്ദരത്തില്‍ നിന്നും ലഭിച്ച കത്തുകളും തിരു-കൊച്ചി ഗവണ്‍മെന്റിന്റെ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജി.മേനോന്‍.ഐ.സി.എസ് എഴുതിയ മറുപടികളും ഈ ഫയലിലുണ്ട്. യൂണിയന്‍ സെക്രട്ടറി എഴുതിയ ഒരു കത്തുപ്രകാരം ഡോ.അംബേദ്ക്കര്‍ തിരുവനന്തപുരം സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന് മരുമക്കത്തായത്തേയും അളിയ സന്താനത്തേയും കുറിച്ചുള്ള നിയമങ്ങളെപ്പറ്റി അഡ്വ. ജനറലുമായി ചര്‍ച്ചനടത്താനാഗ്രഹിക്കുന്നുവെന്നാണ്. ജൂണ്‍ 8-ാം തീയതി ധനുഷ്‌കോടിയില്‍ നിന്നാണ് ഡോ.അംബേദ്ക്കര്‍ തിരുവനന്തപുരത്തേയ്ക്കു വരുന്നതെന്നും അദ്ദേഹം ജൂണ്‍ 11 ന് മദ്രാസിലേയ്ക്കു മടങ്ങിപ്പോകുമെന്നും അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ എം.മശായ് തിരു-കൊച്ചി ചീഫ് സെക്രട്ടറിക്ക് മേയ് 15 ന് കത്തെഴുതിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സെക്രട്ടറി (പൊളിറ്റിക്കല്‍) 1950 ജൂണ്‍ 6 ന് നല്‍കിയ നിര്‍ദ്ദേശത്തില്‍ ഹരിജന്‍ കോളനികള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കരുതെന്ന് എടുത്തുപറഞ്ഞിരുന്നു. 1951 ഒക്‌ടോബര്‍ 18 ന് ഈ ഫയല്‍ ക്ലോസുചെയ്തു.

ഈ സന്ദര്‍ശനവേളയില്‍ തിരുവനന്തപുരത്തെ നിരവധി ക്ഷേത്രങ്ങള്‍ ഡോ.അംബേദ്ക്കര്‍ സന്ദര്‍ശിച്ചു. ക്ഷേത്രങ്ങളേയും ബ്രാഹ്മണപുരോഹിതരേയും സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷം അദ്ദേഹം അഭിപ്രായപ്പെട്ടത് ധാരാളം സമ്പത്തും ഭക്ഷണവും പാഴായിപ്പോകുന്നുവെന്നാണ്. നാലു ദിവസത്തെ കേരള സന്ദര്‍ശനവേളയില്‍ 66 മണിക്കൂറുകള്‍ അദ്ദേഹം കേരളത്തില്‍ ചെലവഴിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കേവലം 6 മണിക്കൂര്‍ മാത്രമേ ഉപകാരപ്രദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി (മരുമക്കത്തായത്തെക്കുറിച്ചുള്ള ചര്‍ച്ച) ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തിയുള്ളൂ. മാത്രമല്ല, കോട്ടയത്ത് അദ്ദേ ഹത്തിന് പരിപാടിയൊന്നുമില്ലെന്ന വാദം പറഞ്ഞുകൊണ്ട് കോട്ടയത്തെ സചിവോത്തമപുരം കോളനി സന്ദര്‍ശിക്കാനുള്ള അവസരവുമൊരുക്കിയില്ല. എന്നാല്‍ വിചിത്രമെന്നു പറയട്ടെ യാതൊരു പരിപാടിയുമില്ലെങ്കില്‍ക്കൂടി 103 കിലോമീറ്റര്‍ അകലെയുള്ള കന്യാകുമാരിയിലേയ്ക്ക് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ നയിച്ചു. തിരുവനന്തപുരത്തുനിന്നും കേവലം 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള ശ്രീനാരായണഗുരുവിന്റെയോ മഹാത്മാ അയ്യന്‍കാളിയുടെയോ ജന്മസ്ഥലത്തേയ്ക്ക് ഒരു സന്ദര്‍ശനം അദ്ദേഹത്തിന് ഉദ്യോഗസ്ഥര്‍ ഒരുക്കിയില്ല.

എന്നാല്‍ അടുത്തകാലത്തായി ബ്രാഹ്മണ്യശക്തികളുടെയും അതുപോലെ കേരളത്തിലെ പ്രഖ്യാപിത കമ്യൂണിസ്റ്റുകളുടെയും കുടിലമായ ഗൂഢാലോചനയുണ്ടായിട്ടുകൂടി, ദലിതരും പിന്നോക്കവിഭാഗങ്ങളും എന്തിന് മതന്യൂനപക്ഷങ്ങള്‍ പോലും ഈ വിഭാഗങ്ങളിലെ നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള ജനാവലി വന്‍തോതില്‍ അംബേദ്ക്കറിസത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നത് അത്യന്തം സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്. അവര്‍ അംബേദ്ക്കറിസത്തെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ദിവസം മുതല്‍ അവര്‍ ബ്രാഹ്മണിക്കല്‍ സിദ്ധാന്തങ്ങളെയും ഇടതുപക്ഷക്കാര്‍ പ്രചരിപ്പിക്കുന്ന ചരിത്രപരമായ അസത്യങ്ങളെയും കൈയ്യൊഴിയുവാന്‍ തുടങ്ങിയിരിക്കുകയാണ്. ഡോ. അംബേദ്ക്കറുടെ സാമൂഹ്യ പ്രക്ഷോഭങ്ങളെക്കുറിച്ച് കേരളത്തില്‍ വളര്‍ന്നുവരുന്ന അവബോധത്തെ നമുക്ക് വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനമേഖലകളില്‍ വ്യക്തമായും ദര്‍ശിക്കാന്‍ കഴിയും. ബ്രാഹ്മണ്യസാമൂഹ്യക്രമത്തിന്റെ കേരളത്തിലെ മുന്‍കാല അടിമകള്‍ ഇന്ന് ബാബാസാഹേബ് ഡോ.അംബേദ്ക്കറുടെ വ്യവസ്ഥകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുഗുണമായി 'നമ്മുടെ ആത്യന്തിക ലക്ഷ്യം ഈ നാടിന്റെ ഭരണാധികാരികളാവുക' എന്നതാണെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ടുവരുന്നുണ്ട്.