"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കബീറിന്റെയും രവിദാസിന്റെയും ഗുരുനാനാക്കിന്റെയും പ്രക്ഷോഭങ്ങള്‍ - സുരേഷ് മാനേ

രവിദാസ് 
ഏതാണ്ട് ആയിരം വര്‍ഷങ്ങളോളം താഴ്ന്ന ജാതിക്കാരായ സ്ത്രീപുരുഷന്‍മാരുടെ മതപരമായ ആവിഷ്‌ക്കാരകേന്ദ്രം ഭക്തി അഥവാ ഉപാസനാ പ്രസ്ഥാനങ്ങളായിരുന്നു. തങ്ങളുടെ തൊഴിലിന്റെ, അതായത് തുകല്‍പണിചെയ്യുക, മലിനീകരണത്തിന് ഇടയാക്കുന്ന മറ്റുജോലികള്‍ ചെയ്യുക തുടങ്ങിയ വയുടെ, അടിസ്ഥാനത്തില്‍ അയിത്ത ജാതിക്കാരാ ക്കപ്പെട്ടവരില്‍ ഏറ്റവും താഴ്ന്നജാതിയെന്നു കണക്കാക്കിയിരുന്ന ജാതികളില്‍ നിന്നാണ് ഈ സ്ത്രീ പുരുഷന്‍മാര്‍ കടന്നുവന്നത്.1 പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ജാതിയെ അപലപിച്ചുകൊണ്ടും ബ്രാഹ്മണരുടെ വിശേഷാധികാര പദവിയെ അംഗീകരിക്കുന്നതിനെ വിസമ്മതി ച്ചുകൊണ്ടും ശുദ്രരുടേയും അതിശുദ്രരുടേയും വിമോചനവും സാമൂഹ്യനീതിയും ഉദ്‌ഘോഷിച്ചുകൊണ്ടും താഴ്ന്നജാതിയില്‍ ജനിച്ച വരായ ഗുരു രവിദാസ് അഥവാ റായ്ദാസിന്റേയും ഗുരു നാനാക്കി ന്റേയും കവിയായ കബീറിന്റേയും നേതൃത്വത്തില്‍ ഒരു കൂട്ടം മുന്നേറ്റ ങ്ങള്‍ക്ക് വടക്കേയിന്ത്യ ദൃക്‌സാക്ഷിയായി. സന്ത് കബീറും (1399 ല്‍ ജനനം ) ഗുരു രവിദാസും (1398 ല്‍ ജനനം) കുന്തമുനയായി വര്‍ത്തിച്ച ഈ പ്രസ്ഥാനങ്ങള്‍ സത്താപരമായി നിലവിലിരുന്ന ജാതി വര്‍ണ്ണ സമ്പ്രദായങ്ങള്‍ ക്കെതിരെയായിരുന്നു. ഇരുവരും ജാതിവ്യവസ്ഥയേയും, ബ്രാഹ്മണരുടെ മേല്‍ക്കോയ്മയേയും അതുപോലെ പൗരോഹിത്യ ത്തിനേയും നിശിതമായി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള എല്ലാ ചൂഷണ സംവിധാനങ്ങള്‍ ക്കെതിരായി ശുദ്രരേയും അതിശുദ്രരേയും ഉണര്‍ത്തിയെടു ക്കുവാന്‍ ഇവര്‍ പരിശ്രമിച്ചു. 


കബീര്‍ 
മധ്യകാല ഇന്ത്യന്‍ചരിത്രത്തില്‍, കബീറിന്റേയും ഗുരുനാനാക്കിന്റേയും സമകാലികനായിരുന്ന രവിദാസ് ബുദ്ധിസ്റ്റ് ദര്‍ശനത്തെ ഏറ്റവും ലളിതമായ മാര്‍ഗ്ഗത്തിലൂടെ തത്വോപദേശം ചെയ്തു. റായ്ദാസെന്നും അറിയപ്പെടുന്ന രവിദാസ് അതിശൂദ്രവിഭാഗത്തില്‍പ്പെട്ട ചമാര്‍ ജാതി യിലാണ് ജനിച്ചത്. അദ്ദേഹത്തിന് ഹിന്ദു പുരാണ ങ്ങളിലും അതുപോലെ ഇസ്ലാം സംസ്‌ക്കാരത്തിലും അഗാധമായ അറിവു ണ്ടായിരുന്നു. തന്റെ വിപുലമായ വിജ്ഞാന ത്തിന്റെ ആയുധമേന്തിയ രവിദാസ് വര്‍ണ്ണ വ്യവസ്ഥയെ കുറ്റപ്പെടുത്തുകയും സമൂഹത്തില്‍ നിലവിലിരുന്ന നിരവധി വൈകല്യങ്ങളെ ചൂണ്ടിക്കാണി ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അടിസ്ഥാന ലക്ഷ്യം അനീതി നിറഞ്ഞ സമൂഹത്തെ പരിഷ്‌ക്കരിക്കുക യെന്നുള്ള തായിരുന്നു. അദ്ദേഹത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്‌നം ജാതിസംസ്‌ക്കാരത്തേയും അതിലെ തിന്‍മ നിറഞ്ഞ ആചാരങ്ങളേയും നിര്‍മ്മൂലനം ചെയ്യുക എന്നതായിരുന്നു. അദ്ദേഹം ഇന്ത്യന്‍ ഐക്യത്തിനുവേണ്ടിയുള്ള മഹത്തായ സിദ്ധാന്തങ്ങളെ ഉദ്‌ഘോഷിക്കുകയും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ ഏകത മെനെഞ്ഞെടുക്കുവാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. ചാതുര്‍വര്‍ണ്യത്തേയും പൗരോഹിത്യ സമ്പ്രദായത്തേയും അദ്ദേഹം നിന്ദിച്ചു. ഹിന്ദുക്കളുടെ അവതാര സിദ്ധാന്തത്തെ അദ്ദേഹം അപലപിച്ചു. ബ്രാഹ്മണരെ ആദരിക്കരുതെന്നും എന്തെന്നാല്‍ അവര്‍ യോഗ്യതയില്ലാ ത്തവരാണെും പകരം യോഗ്യതകള്‍ നിറഞ്ഞ ചണ്ഡാലരുടെ പാദങ്ങളെ ആദരിക്കണമെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു. നൂറ്റാണ്ടുകളോളമായി സാമൂഹ്യവും മതപരവുമായ ജീവിതത്തിന്റെ പ്രാന്തങ്ങളിലേക്ക് അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങള്‍ക്ക് ആത്മീയമായ അന്തസ്സു നല്‍കുന്നതിലൂടെ ഒരു ജാതിരഹിത സമൂഹസൃഷ്ടിക്കായി പ്രവര്‍ത്തിച്ച മഹാന്‍മാരായ പ്രയോക്താക്കളി ലൊരാളാ യിരുന്നു രവിദാസ്. 


ഗുരു നാനാക്ക് 
സിക്കുമത ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബില്‍ രവിദാസ് രചിച്ച 40 പദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന വസ്തുത പരിഗണിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സ്വാധീനത എന്തുമാത്രമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കുക. ആ പദ്യങ്ങളെല്ലാം തന്നെ രവിദാസിന്റെ സാമൂഹ്യവും മതപരവും രാഷ്ട്രീയവുമായ വീക്ഷണങ്ങളെ വെളിപ്പെടു ത്തുന്നു. ഒരു ക്ഷത്രിയ സന്യാസിനിയായിരുന്ന മീരാബായി തന്റെ ഗുരുവായി രവിദാസിനെ സ്വീകരിച്ചതു തന്നെ അദ്ദേഹേത്തിന്റെ മഹത്വത്തേയും വ്യാപകമായ സ്വീകാര്യതയേയും കുറിച്ച് വാല്യങ്ങളോളം സംസാരിക്കുന്നു. ശൂദ്ര എന്ന പദത്തിന് വിപ്ലവാത്മ കമായ വ്യാഖ്യാനം നല്‍കിയ ആദ്യത്തെ പണ്ഡിതന്‍ രവിദാസാണ്. 'ശൂദ്ര' എന്ന പദത്തെ അദ്ദേഹം ധര്‍മ്മശീലന്‍ എന്നാണ് വ്യാഖ്യാനിച്ചത്. 

രവിദാസിന് സ്വന്തം നിലയില്‍ വ്യക്തമായ രാഷ്ട്രീയദര്‍ശന മൊന്നുമില്ലാ യിരുന്നു വെങ്കില്‍ കൂടി, നികുതികളില്‍ നിന്നും വിമുക്തമായ ഒരു ദേശത്തു ജീവിക്കുവാന്‍ (ഖിരാജ് ), ഒരാളുടെ ദയയില്‍ മറ്റൊരാള്‍ ജീവിക്കാത്ത ഒരു ദേശത്തു ജീവിക്കുവാന്‍, ഔദ്യോഗികാനുകൂല്യങ്ങള്‍ പിന്‍വലിക്ക പ്പെടുമെന്ന ഭീതിയില്ലാത്ത ഒരു ദേശത്തു ജീവിക്കുവാന്‍, പരമാധികാരം സുസ്ഥിരവും ഏവര്‍ക്കും തുല്യപദവിയുമുള്ള ഒരു ദേശത്തു ജീവിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.2 തന്റെ സ്വപ്നത്തി ലുള്ള രാജ്യത്തെക്കുറിച്ച് വ്യക്തമായ ഒരാശയം അദ്ദേഹത്തിനു ണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, 'ഏവര്‍ക്കും ഭക്ഷണം ലഭിക്കുന്നതും ഏവരേയും തുല്യരായി പരിഗണി ക്കുകയും ചെയ്യുന്ന ഒരു ഭരണം എനിക്കു വേണം'. ബ്രാഹ്മണരുടെ ഏകാധിപത്യ മുണ്ടായിരുന്ന അക്കാലത്ത് ഒരു ബ്രാഹ്മണനാണെങ്കിലും അയാള്‍ നന്മയില്ലാത്തവ നാണെങ്കില്‍ അയാളെ പൂജിക്കരുതെന്നും പകരം നന്മ നിറഞ്ഞ ഒരു ചണ്ഡാളനെ പൂജിക്കണ മെന്നും ജനങ്ങളോടാവശ്യപ്പെടാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. രവിദാസിന്റെ ഈ സമീപനം ബുദ്ധന്റെ സമാനമായ സമീപനവുമായി സാദൃശ്യമുള്ളതാണ്. പതിനാലും പതിനഞ്ചും നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ബ്രാഹ്മണിസത്തിനെതി രെയുള്ള രവിദാസിന്റെ പോരാട്ടങ്ങള്‍.

ബുദ്ധകാലഘട്ടത്തിനുശേഷമുള്ള ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും ഉന്നതനായ വ്യക്തിത്വങ്ങളിലൊന്നാണ് രവിദാസിന്റേത്. ബനാറസിലെ പുരോഹിത വര്‍ഗ്ഗത്തിനെതിരെ രവിദാസ് വെല്ലുവിളിയുയര്‍ത്തി. അതിന്റെ പരിണിതഫലമായി രവിദാസിനെയും അദ്ദേഹത്തിന്റെ പ്രബോധനങ്ങ ളേയും പ്രാന്തവല്‍ക്കരിക്കുവാനായി ബ്രാഹ്മണര്‍ അവരുടെ സര്‍വ്വ അസ്ത്രങ്ങളും ഉപയോഗിച്ചുവെങ്കിലും അതൊന്നും ഫലപ്രദമായില്ല. അവരുടെ പരിശ്രമങ്ങളില്‍ അവര്‍ പരാജയപ്പെട്ടപ്പോള്‍ നിരവധി വ്യാജകഥകള്‍ കെട്ടിച്ചമച്ച് രവിദാസിനെ ബ്രാഹ്മണ സംസ്‌ക്കാരത്തിന്റെ ഭാഗമായി മറ്റാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി രവിദാസിന്റെ ഗുരു രാമാനന്ദ് ആണെന്ന് നിരവധി ചരിത്രപുസ്തകങ്ങളില്‍ പറയുന്നു. രവിദാസിനും ഒരു നൂറ്റാണ്ട് മുന്‍പു ജീവിച്ച ഒരാളാണ് രാംദാസെങ്കിലും രവിദാസ് തന്റെ മുഴുവന്‍ രചനകളിലൊരിടത്തുപോലും രാമാനന്ദിനെ പരാമര്‍ശിക്കുന്നില്ല. രവിദാസിന് ഉയര്‍ന്നജാതിയില്‍പ്പെട്ട ശിഷ്യഗണങ്ങളു മുണ്ടായിരുന്നു. അവരില്‍ മീരാബായി എന്നും ജ്ഹാലി രാജ്ഞിയെന്നു മുള്ള രണ്ടു രജപുത്ര വനിതകളുമുണ്ടായിരുന്നു. തന്റെ ബനാറസ്സി ലേയ്ക്കുള്ള യാത്രയിലാണ് ജ്ഹാലിരാജ്ഞി രവിദാസിനെ കണ്ടുമുട്ടിയ തെന്ന് പറയപ്പെടുന്നു. അത്തരത്തിലുള്ള കഥകളിലൊന്നു പ്രകാരം തന്റെ ബ്രാഹ്മണ ഉപദേശകരുടെ ശക്തമായ ഉപദേശങ്ങള്‍ക്കെതിരായി അവര്‍ രവിദാസിനെ തന്റെ ഗുരുവായി സ്വീകരിച്ചു. അദ്ദഹത്തിന്റെ ബഹുമാനാര്‍ഥം അവര്‍ ഒരു വിരുന്നൊരുക്കിയപ്പോള്‍ രവിദാസിനൊപ്പം അതേ വരിയിലിരുന്ന് അതേ പാത്രത്തില്‍ ഭക്ഷണം കഴിക്കുവാന്‍ ബ്രാഹ്മണര്‍ വിസമ്മതിച്ചു. അവിടെ വരുവാനുള്ള രവിദാസിന്റെ അവകാശവാദത്തെ ബ്രാഹ്മണര്‍ വെല്ലുവിളിച്ചപ്പോള്‍ അദ്ദേഹം സ്വന്തം നെഞ്ചിലെ ചര്‍മ്മം ഉരിഞ്ഞുകാട്ടുകയും അതിനകത്തുണ്ടായിരുന്ന സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു പൂണൂല്‍, തന്റെ ബ്രാഹ്മണ്യത്തിന്റെ വ്യക്തമായ തെളിവ്, അവിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.3

മറ്റൊരു കഥപ്രകാരം രവിദാസ് തന്റെ മുജ്ജന്മത്തില്‍ ഒരു ബ്രാഹ്മണനാ യിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ തന്റെ ഗുരുവായ രാമാനന്ദിന് അദ്ദേഹം ഭക്ഷണം നല്‍കാമെന്നേല്‍ക്കുകയും ചമാറുകളുമായി ബന്ധമുണ്ടായിരുന്ന ഒരു വ്യാപാരി വശം ഭക്ഷണമെത്തിച്ചു കൊടുക്കുകയും ചെയ്തു. തല്‍ഫലമായി അദ്ദേഹം ചമാറായി പുനര്‍ജനിച്ചു. ബ്രാഹ്മണ താപസ്സന്‍മാര്‍പോലും എന്തുഗ്രമായാണ് ശുദ്ധാശുദ്ധ പെരുമാറ്റങ്ങളെ പരിപാലിച്ചിരുന്നതെന്ന് മനസ്സിലാക്കുന്നതിന് ഈ കഥ ദൃഷ്ടാന്തമാണ്. പരിഹാസ്യമായ മറ്റൊരു കഥയെന്നത്, ശിശുവായ രവിദാസ് തന്റെ ചമാറായ മാതാവില്‍നിന്നും പാലു കുടിക്കാന്‍ വിസമ്മതിച്ചുവെന്നും താന്‍ ബ്രാഹ്മണസ്ത്രീയുടെ പാലേ കുടിക്കൂ എന്നും ശാഠ്യം പിടിച്ചുവെന്നുമാണ്.4 ഇത്തരത്തിലുള്ള വ്യാജകഥകളുണ്ടായിട്ടുകൂടി, രവിദാസിനേയോ അദ്ദേഹത്തിന്റെ സ്വാധീനത്തേയോ തുടച്ചുമാറ്റുന്നതില്‍ ബ്രാഹ്മണര്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ദിനംപ്രതിയെന്നോണം രാജ്യത്തിനകത്തു മാത്രമല്ല, വിദേശത്തും അദ്ദഹത്തിന്റെ സ്വാധീനത വര്‍ദ്ധിക്കുകയാണു ചെയ്യുന്നത്.

തന്റെ ശൂദ്രപദവിയെക്കുറിച്ചോര്‍ത്ത് രവിദാസ് ഒരിക്കലും ലജ്ജാലു വായിട്ടില്ല. അദ്ദേഹത്തിന്റെ എല്ലാ രചനകളും അവസാനി ക്കുന്നത് 'കഹെ രവിദാസ് ചമാര്‍', അതായത് രവിദാസെന്ന ചമാറിന്റെ വചനങ്ങളാണിത് എന്ന വാക്യത്തോടുകൂടിയാണ്. അങ്ങനെ തന്റെ താഴ്ന്നജാതി പദവിയായ ചമാറിനെ അസ്തിത്വവല്‍ക്കരിക്കുക വഴി താഴ്ന്ന ജാതികള്‍ക്ക് ജാതീയമായ ഒരസ്തിത്വം നല്‍കുകയും അതിലൂടെ അവരില്‍ നിന്നും ജാതീയമായ അപകര്‍ഷതാബോധത്തെ ഇല്ലായ്മ ചെയ്യുന്നതിനുമുള്ള പരിശ്രമമാണ് രവിദാസ് നടത്തിയത്. സാമൂഹ്യാ സമത്വത്തിനും, ബ്രാഹ്മണരുടെ അത്യുന്നതപദവിക്കും ശൂദ്ര-അതിശുദ്ര വിഭാങ്ങള്‍ക്കു നേരെയുള്ള ചൂഷണങ്ങള്‍ക്കും എതിരെ, രവിദാസ് നടത്തിയ പ്രക്ഷോഭങ്ങളും, 'സര്‍വ്വര്‍ക്കും ആഹ്ലാദം നല്‍കുന്ന സര്‍വ്വര്‍ക്കും വേണ്ടിയുള്ള ഭരണമെന്ന' അദ്ദേഹത്തിന്റെ ആശയവും ഇന്ത്യയിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ സമാനത കളില്ലാത്തവയാണ് .


ഭക്തിപ്രസ്ഥാനത്തിലെ മറ്റൊരിതിഹാസമായ കബീര്‍ തുന്നല്‍ക്കാരുടെ കുലത്തിലാണ് ജനിച്ചത്. ഉന്നതനായ ഈ ബുദ്ധിജീവിക്ക് പക്ഷേ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. താഴ്ന്നജാതിയില്‍ ജനിച്ച കബീറും രവിദാസും വ്യവസ്ഥാപിത സാമൂഹ്യ ക്രമത്തിനെതിരെ പോരാട്ടം നടത്തി. തങ്ങളുടെ ജീവിതത്തിലെ ഏറിയ പങ്കും ഇരുവരും ചെലവഴിച്ചത് കാശിയിലും ബനാറസ്സിലുമായിരുന്നു. ഇരുവരെയും രാമാനന്ദിന്റെ ശിഷ്യന്‍മാരായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഇരുവരുടെയും സമീപനം മൗലികമായും വ്യത്യസ്തമായിരുന്നു. കബീര്‍ വിഗ്രഹാരാധ നയ്ക്ക് മാരകമാംവിധം എതിരായിരുന്നെന്നു മാത്രമല്ല, പുണ്യസ്ഥല ങ്ങളിലോ പുണ്യനദികളിലോ മരിക്കുന്നതില്‍ വിശ്വസിച്ചിരുന്നുമില്ല. അമൂര്‍ത്തമായ ദൈവത്തെയാണ് കബീര്‍ ആരാധിച്ചത്. ജാതിയും വര്‍ഗ്ഗവുമെല്ലാം മനുഷ്യന്റെ അജ്ഞതയുടേയും ധിക്കാരത്തിന്റേയും സൃഷ്ടിയാണെന്ന് അദ്ദേഹം കരുതി . കബീര്‍ ജനങ്ങളെ പഠിപ്പിക്കുവാന്‍ വേണ്ടി ഭക്തിമാര്‍ഗ്ഗമാണ് തെരെഞ്ഞെടുത്തത്. നിരക്ഷരരും അജ്ഞാത രുമായ ജനങ്ങളെ പഠിപ്പിക്കുവാന്‍ ഏറ്റവും യോജിച്ച രീതി അതെന്നാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. 'മതത്തിലെ പ്രഭുജനവാഴ്ചയുടേതായ നിലപാടുകളും അിറിവില്‍നിന്നുള്ള ഒഴിവാക്കലുകളേയും കബീര്‍ നിരാകരിച്ചു. ജാതിവ്യവസ്ഥ ദൈവാന്വേഷണത്തിനു വേണ്ടിയുള്ള ഒരാളുടെ മാര്‍ഗ്ഗത്തെ പരിമിതപ്പെടുത്തരുതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുദേവതകളേയും അവതാരങ്ങളേയും അദ്ദേഹം തിരസ്‌ക്കരിച്ചു'.5 

ജാതി വര്‍ഗ്ഗഭേദമില്ലാതെ മുഴുവന്‍ മനുഷ്യകുലത്തിനോടും കബീറിന് സ്‌നേഹവും ദയാവായ്പുമുണ്ടായിരുന്നു. സമൂഹത്തേയും അതിലെ മൂല്യങ്ങളേയും കുറിച്ച് അദ്ദേഹത്തിന് അഗാധ ജ്ഞാനമുണ്ടായിരുന്നു. മനുഷ്യത്വരഹിതവും അനീതി നിറഞ്ഞതും യുക്തിപരമല്ലാത്തതുമായ പരമ്പരാഗത സമൂഹത്തിനെതിരെയുള്ള ഉഗ്രനും വീര്യവാനുമായ ഒരു പോരാളിയായിരുന്നു അദ്ദേഹമെന്നത് സുനിശ്ചിതമായ വസ്തുതയാണ്. 

കബീര്‍ ബ്രാഹ്മണിസത്തിന് മാരകമാംവിധം എതിരായിരുന്നു. ബ്രാഹ്മണിസ ത്തിനുവേണ്ടി നുണകള്‍ വില്‍ക്കുന്ന ബ്രാഹ്മണര്‍ക്കും അദ്ദേഹം മാരകമാംവിധം എതിരായിരുന്നു. പണ്ഡിറ്റുകളോട് അദ്ദേഹത്തിന് പറയാനുണ്ടായിരുത് ഇതാണ്:

'പണ്ഡിതരേ നിങ്ങള്‍ തെറ്റായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്
സൃഷ്ടാവില്ലിവിടെ, സൃഷ്ടിയുമില്ലിവിടെ
അശുദ്ധമായതോ ശുദ്ധീകരിക്കപ്പെട്ടതോ ഇവിടില്ല
അഗ്നിയോ അനിലനോ ഇല്ല
സൂര്യനോ ചന്ദ്രനോ ഭൂമിയോ ജലമോ ഇല്ല
ദീപ്തിമത്തായ രൂപങ്ങളുമില്ല
കാര്യമോ കാരണമോ ഇവിടില്ല, ചിന്തകളേതുമില്ല 
വേദത്തില്‍ ഹരിയോ ബ്രഹ്മാവോ ഇല്ല
ശിവനോ ശക്തിയോ ഇല്ല.
തീര്‍ത്ഥാടനങ്ങളോ ആചാരങ്ങളോ ഇല്ല.
ഇവിടെ മാതാവോ പിതാവോ ഗുരുവോ ഇല്ല. 
അതു രണ്ടാണോ അതോ ഏകമോ
കബീര്‍ പറയുന്നു. നിങ്ങളിപ്പോള്‍ തിരിച്ചറിയുകയാണെങ്കില്‍ 
നിങ്ങളാണ് ഗുരു. ഞാന്‍ ശിഷ്യനും.' 6

ബ്രാഹ്മണ ഗുരുക്കന്‍മാര്‍ക്കെതിരെയുള്ള കബീറിന്റെ ആക്രമണം അത്യന്തം വിനാശകരമായിരുന്നു. ഒരു ബ്രാഹ്മണ ഗുരുവിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതുപോലെ മറ്റാര്‍ക്കും ചിന്തിക്കാന്‍ കഴിയുകയില്ല. അദ്ദഹം പറയുന്നു, 

'വിശുദ്ധരെ, മിനുമിനുത്ത ഒരു കശാപ്പുകാരനാണ് ബ്രാഹ്മണന്‍ 
അയാള്‍ ഒരാടിനെ അറുത്തശേഷം ഒരു പോത്തിനായി ഓടുന്നു
തന്റെ ഹൃദയത്തില്‍ വേദനയുടെ ഒരു ചുളുചുളുക്കുമില്ലാതെ, 
തന്റെ സ്‌നാനത്തിനു ശേഷം അയാള്‍
അലസമായി നേരം കൊല്ലുന്നു. 
നെറ്റിയില്‍ ചന്ദനം കൊണ്ടുവരയുന്നു, ദേവതയ്ക്കായി
ഗാനമോ നൃത്തമോ ചെയ്യുന്നു. 
ഒരിമവെട്ടലിനാല്‍ ആത്മാക്കളെ തകര്‍ക്കുന്നു . 
രക്തപ്പുഴ ഒഴികികൊണ്ടിരിക്കുന്നു,
എങ്ങനെ പവിത്രമാകും? ഏതു ഉന്നത വംശം?
സമൂഹത്തില്‍ എന്താണ് അധികാരം?
എങ്ങനെയാണ് അയാള്‍ തുടങ്ങിവയ്ക്കുന്നവയ്ക്കു മുന്നില്‍ 
ജനങ്ങള്‍ മുട്ടിലിഴഞ്ഞു നില്‍ക്കുന്നത്?
ഇതെന്നെ പൊട്ടിച്ചിരിപ്പിക്കുന്നു. 
പാപങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള 
കഥകള്‍ അവര്‍ പറയുന്നു. 
പക്ഷേ അവരുടെ പ്രവര്‍ത്തികളാണതിന്റെ അടിത്തറ
പരസ്പരം കഴുത്തില്‍ ഞെക്കുന്ന അവരില്‍ രണ്ടുപേരെ 
ഞാന്‍ കണ്ടു . എന്നാല്‍ ഇരുവരേയും
യമന്‍ ബലം പ്രയോഗിച്ച് നീക്കംചെയ്തു. 
കബീര്‍ പറയുന്നു. വിശുദ്ധരേ ഇതു കലിയുഗമാണ് .
തട്ടിപ്പുവീരന്‍മാരായ ബ്രാഹ്മണരുടെ യുഗം.'7

രവിദാസിനെപ്പോലെ തന്നെ കബീറിനേയും വ്യാജകഥാരചനകളാല്‍ നശിപ്പിക്കാന്‍ ബ്രാഹ്മണര്‍ ശ്രമം നടത്തിയിരുന്നു. ഒരു പ്രസിദ്ധമായ കഥയനുസരിച്ച് മുസ്ലീം ചക്രവര്‍ത്തിയായ സിക്കന്തര്‍ ലോധിയുടെ ബനാറസ് സന്ദര്‍ശനവേളയില്‍ ബ്രാഹ്മണര്‍ കബീറിനെതിരെയുള്ള ഒരു കേസ് അദ്ദേഹത്തിന്റെ മുന്നിലെത്തിച്ചു . കബീറിനോട് കീഴടങ്ങുവാനാ വശ്യപ്പെട്ടുവെങ്കിലും താന്‍ ദൈവത്തിന്റെ മുന്നില്‍ മാത്രമേ മുട്ടുമടക്കുക യുള്ളുവെന്ന് പറഞ്ഞുകൊണ്ട് കബീറതു നിരസിച്ചു. കബീറിനെ ചങ്ങലയില്‍ ബന്ധിച്ച് ഗംഗയിലെറിയുവാന്‍ ചക്രവര്‍ത്തി കല്‍പിച്ചു. എന്നാല്‍ അങ്ങനെ ചെയ്തപ്പോള്‍ അല്‍ഭുതകരമാംവിധം രക്ഷപ്പെടുകയും യാതൊരു പരിക്കുകളുമില്ലാതെ തീരത്തുനില്‍ക്കുന്നതുമാണ് കാണാന്‍ കഴിഞ്ഞത്. മറ്റൊരു സംഭവത്തില്‍ അയിത്തജാതിക്കാരുടെ ഒരു ജനക്കൂട്ടത്തെ അദ്ദേഹത്തിനെതിരെ പ്രകോപിപ്പിച്ചുവിടാനുള്ള ഒരു നീക്കമുണ്ടായി. യാതൊരു ഭക്ഷണവുമൊരുക്കാതെ, ഒരു വിരുന്നു സല്‍ക്കാരമുണ്ടെന്നു പറഞ്ഞാണ് ഈ ജനങ്ങളെ വിളിച്ചുകൂട്ടിയത്. എന്നാല്‍ പൊടുന്നനെ മറ്റൊരല്‍ഭുതം സംഭവിക്കുകയും ദൈവം കബീറിന്റെ രൂപത്തില്‍ വന്ന് എല്ലാവര്‍ക്കും വേണ്ടത്ര ഭക്ഷണം നല്‍കുകയും ചെയ്തു. 8

രവിദാസിനെപ്പോലെ തന്നെ കബീറും ബ്രാഹ്മണിസത്തിന്റെ കളിത്തൊ ട്ടിലായ ബനാറസിലാണ് തത്വോപദേശം നല്‍കിയിരുത്. ബുദ്ധിസ ത്തിനുമേല്‍ ബ്രാഹ്മണിസം അധിനിവേശം നടത്തിയ കാലഘട്ടത്തില്‍ രാജകീയ രക്ഷാകര്‍തൃത്വം അനുഭവിച്ചിരുത് ഇസ്ലാമായിരുന്നു. കബീറിന്റെ അതിവിപ്ലവകരമായ പ്രബോധനങ്ങള്‍ കാരണം ഒരിക്കല്‍ ബ്രാഹ്മണരും മൗലവിമാരും ചേര്‍ന്ന് ചക്രവര്‍ത്തിയായ ഇബ്രാഹിം ലോധിക്ക് പരാതി നല്‍കിയതിനാല്‍ അദ്ദേഹത്തെ ബനാറസ്സില്‍നിന്നും നാടുകടത്തുകയുണ്ടായി. എന്നാല്‍ അചഞ്ചലചിത്തനായ കബീര്‍ തന്റെ ജീവിത ദൗത്യവുമായി മുന്നോട്ടുതന്നെ പോയി.

ബുദ്ധന്‍, ഫൂലെ, പെരിയാര്‍, ഡോ.അംബേദ്കര്‍ എന്നിവര്‍ വിഗ്രഹാരാ ധനയെ നിന്ദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കബീറിന് സ്വന്തം നിലയില്‍ ഒരുവ്യത്യസ്ത യുക്തിയാണ് ഉണ്ടായിരുന്നത്. അദ്ദേഹം പറഞ്ഞു. 

'കല്ലിനെ പൂജിക്കുന്നതിലൂടെ ഒരാള്‍ക്ക് 
ദൈവത്തെ കാണാന്‍ കഴിയുമെങ്കില്‍, 
ഞാന്‍ മലയെ പൂജിക്കും. 
ഇത്തരം കല്ലുകളേക്കാള്‍ എത്രയോ നല്ലതാണ് 
ധാന്യം പൊടിക്കുന്ന അരിമില്ലിലെ കല്ല്!' 

സാമൂഹ്യ ഉണര്‍വ്വിനായുള്ള കബീറിന്റെ സംഭാവനകള്‍ അനന്യമാണ്. ബ്രാഹ്മണിസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ആക്രമണം യുക്തി പൂര്‍വ്വമായിരുന്നു. അദ്ദേഹത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക പ്രക്ഷോഭങ്ങളേയും പ്രതിഷേധങ്ങളേയും താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ ക്രോഡീകരിക്കാവുതാണ്.9

1. ജാതിവ്യവസ്ഥയോടും അയിത്താചരണത്തോടും എല്ലാ സാമൂഹ്യവേര്‍തിരിവുകളോടുള്ള സമ്പൂര്‍ണ്ണമായ നിരാകരണം . 
2. മതപരമായ പ്രത്യേക ആചാരങ്ങള്‍ക്കധികാരപ്പെട്ടവരെന്ന നിലയിലോ അഥവാ വിശുദ്ധരെന്ന നിലയിലോ ഭാവിക്കുന്ന ബ്രാഹ്മണരേയും മുല്ലമാരെയും നിഷേധിക്കല്‍ 
3. തത്വശാസ്ത്രത്തിലെ ആറ് ഹിന്ദു ചിന്താപദ്ധതികളുടെ അധികാരസ്ഥാനത്തെ അംഗീകരിക്കുന്നതിലുള്ള വിസമ്മതം . 
4. അഹങ്കാരത്തെ ഉദ്ദീപിപ്പിക്കുതിനാല്‍ ഗ്രന്ഥവിജ്ഞാനത്തെ അപലപിക്കല്‍ 
5. ഹിന്ദുക്കളെന്നും മുസ്ലീങ്ങളുമെന്ന തരത്തില്‍ വര്‍ഗ്ഗീകരിക്കപ്പെട്ട വിഭജനത്തെ അംഗീകരിക്കാതിരിക്കല്‍, ഒരു മതത്തിനും മുന്‍ഗണന നല്‍കാതിരിക്കല്‍. 
6. വിഗ്രഹാരാധന, ബഹുദൈവാരാധന, ദൈവികാവതാരങ്ങളെക്കുറിച്ചുള്ള പുരാണങ്ങള്‍, ഉപവാസം, ആചാരപൂര്‍വ്വമായ ശുദ്ധികലശം, തീര്‍ത്ഥാടനം, വിരക്തി, കഠിന തപസ്സ്, സുന്നത്ത്, പള്ളിയിലെ പ്രാര്‍ത്ഥന, മതത്തിലെ ബാഹ്യച്ചടങ്ങുകള്‍ തുടങ്ങിയ ഇത്തരത്തിലുള്ള എല്ലാ വിശ്വാസങ്ങളേയും ആചാരങ്ങളേയും നിന്ദിക്കല്‍. 

കബീര്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തേയോ അനുയായി വൃന്ദത്തേയോ രൂപീകരിച്ചില്ലെങ്കില്‍കൂടി, കബീറിന്റെ പ്രബോധനങ്ങള്‍ 'കബീര്‍ പാന്ഥ്' നു കാരണമായി. മറ്റു പല പ്രസ്ഥാനങ്ങളേയും കബീര്‍ സ്വാധീനിച്ചു. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.10

1. സിക്കുമതത്തിന്റെ സ്ഥാപകനായ ഗുരുനാനാക്കിനെ കബീര്‍ വളരെയധികം സ്വാധീനിച്ചിരുന്നു.
2. ദദു പന്ഥിന്റെ സ്ഥാപകനായ ദദു (1544-1603) കബീറിന്റെ പ്രബോധനങ്ങളെ പിന്‍തുടര്‍ന്നു. 
3. രാജസ്ഥാനിലെ ലാല്‍ദാസി പന്തിന്റെ സ്ഥാപകനായ ലാല്‍ദാസിനെ കബീര്‍ സ്വാധീനിച്ചു. 
4. ധരണീദാസിയുടെ സ്ഥാപകനായ ബീഹാറില്‍ നിന്നുള്ള ധരണീദാസ് കബീറിന്റെ പ്രബോധനങ്ങളെ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. 

ഇതിനു പുറമെ നിരവധി മറ്റു പരിവര്‍ത്തന പ്രസ്ഥാനങ്ങളെ കബീര്‍ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ യുക്തിപൂര്‍ണ്ണമായ പ്രബോധനങ്ങള്‍ പ്രഖ്യാപിത പണ്ഡിതരാല്‍ ക്രമാനുഗതമായി നശിപ്പിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ നാമധേയത്തില്‍ പ്രവര്‍ത്തിച്ച നിരവധി സംഘടനകള്‍ കബീര്‍ എന്തിനെതിരെയാണോ പോരാടിയത്, ആ വ്യവസ്ഥയില്‍, ബ്രാഹ്മണണിസത്തില്‍,നിപതിച്ചു. 


15-ാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് പഞ്ചാബില്‍ സാമൂഹ്യ സമത്വത്തിനു വേണ്ടിയും ജാതിബദ്ധ സമൂഹത്തെ ജാതിരഹിത സമൂഹമാക്കുന്നതിനും വേണ്ടിയുമുള്ള പ്രസ്ഥാനമായ സിക്കുമതത്തിന് അടിത്തറയിട്ട മഹാനാണ് ഗുരുനാനാക്ക് ( 1469- 1539). ചൂഷണ രഹിതവും ഏവരേയും തുല്യരായി കണക്കാക്കുന്നതുമായ ഒരു ജാതി രഹിതവും വര്‍ഗ്ഗരഹിതവുമായ സമൂഹസൃഷ്ടിക്കായി ഗുരുനാനാക്ക് കഠിനമായിപരിശ്രമിച്ചു. എങ്ങനെ യാണ് പരസ്പരം സഹോദരന്‍മാരായി ജീവിക്കേണ്ടതെന്ന് സ്വന്തം ജീവിതം ഉദാഹരണമാക്കി അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചുകൊടുത്തു. ഉയര്‍ന്നവരും താഴ്‌വരുമായ എല്ലാ ജാതി വര്‍ഗ്ഗങ്ങളുടേയും ഒപ്പമിരുന്ന് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നു.11 ജാതിയേയും തട്ടുകളാക്കപ്പെട്ട സാമൂഹ്യ സംസ്‌ക്കാരത്തേയും അദ്ദേഹം നിശിതമായി എതിര്‍ത്തു. 'എല്ലാ മനുഷ്യജീവികളും തുല്ല്യരാണെും ഭീതിയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും, സാമൂഹ്യാടിമത്വത്തില്‍ നിന്നും രാഷ്ട്രീയമായ നിഷ്ഠൂര വാഴ്ചയില്‍ നിന്നും സ്വതന്ത്രരാകാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. താഴ്ന്ന ജാതിക്കാര്‍ക്കും ഉയര്‍ന്ന ജാതിക്കാര്‍ക്കുമിടയിലുള്ള വേലിക്കെട്ടുകള്‍ അദ്ദേഹം തകര്‍ത്തുവെന്നു മാത്രമല്ല, ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയിലുള്ള സാംസ്‌ക്കാരികമായ മതിലുകളും പൊളിച്ചുമാറ്റി. ഹിന്ദുക്കള്‍ക്കിടയിലെ ചാതുര്‍വര്‍ണ്യ സാമൂഹ്യക്രമത്തെ അദ്ദേഹം തള്ളിക്കളഞ്ഞുവെന്നു മാത്രമല്ല, സമൂഹത്തിന്റേയും സംസ്‌ക്കാരത്തിന്റേയും പുരോഗതിക്ക് അത് അത്യന്തം അപകടകരമാണെന്ന് വിലയിരുത്തുകയും ചെയ്തു. അയിത്താചാരണമെന്ന പാപം ഒരു തരം താണ മുന്‍വിധിയായതിനാല്‍ അതിനെതിരെ വൃണപ്പെടുത്തുന്ന വിമര്‍ശനവുമായി ഗുരുനാനാക്ക് എല്ലായിടത്തും പൊരുതി'.12

ബുദ്ധനും നാനാക്കിനുമിടയില്‍ നിരവധി സമാനതകളുണ്ട്. അതുപോലെ ബുദ്ധിസവും സിക്കിസവും തമ്മിലും നിരവധി പൊതുവായ സവിശേഷതകളുണ്ട്. അവ ചുവടെ കൊടുക്കുന്നു.13

1. നാനാക്ക് സിദ്ധാര്‍ത്ഥനെപ്പോലെ ഒരു ക്ഷത്രിയ കുടുംബത്തിലാണ് ജനിച്ചത്. 
2. ഇരുവരും ജനിച്ചത് വൈശാഖ മാസത്തിലാണ്. (ഏപ്രില്‍ - മേയ്).
3. ഇരുവരും ചെറുപ്പത്തില്‍ തന്നെ കുടുംബജീവിതം നയിച്ചു. 
4. ഇരുവരും തങ്ങളുടെ ആശയസംഹിതകള്‍ പ്രചരിപ്പിച്ചിരുന്നത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചുകൊണ്ടാണ് . 
5. ഇരുവരും ജനങ്ങളെ അവരുടെ ഭാഷയിലാണ് തങ്ങളുടെ ധര്‍മ്മോപദേശങ്ങള്‍ പഠിപ്പിച്ചത്. 
6. ഇരുവരും സ്ത്രീകളുടേയും പുരുഷന്‍മാരുടേയും തുല്യതക്കു വേണ്ടിയാണ് പൊരുതിയത്.
7. ഇരുവരും ജാതീയതയുടെ ശാപങ്ങളെ നിന്ദിച്ചു. 
8. ബുദ്ധനെപ്പോലെന്ന നാനാക്കും, സാമൂഹ്യവും മതപരവുമായ ജീവിതത്തില്‍ പുരുഷനൊപ്പം തുല്യസ്ഥാനം സ്ത്രീകള്‍ക്കും നല്‍കി, നാനാക്ക് പറഞ്ഞത് 'നാം സത്രീകളുടെ ഗര്‍ഭപാത്രത്തിലാണ് ഉദയം കൊണ്ടത്. അവരില്‍ നിന്നാണ് ജനിച്ചത്. നാം അവരെ വിവാഹനിശ്ചയം ചെയ്യുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. മഹാപുരുഷന്‍മാര്‍ക്ക് ജന്‍മം നല്‍കിയ അവരെ എന്തിനു നാം കുറഞ്ഞവരെന്നു വിളിക്കണം.'
9. ഇരുവരും മഹാന്മാരായ മിഷനറിമാരായിരുന്നു. ഗുരുനാനാക്കിന് ബുദ്ധിസത്തെക്കുറിച്ചും അതിന്റെ സ്ഥാപകനായ ബുദ്ധനെക്കുറിച്ചും ഹിന്ദുയിസത്തില്‍ നിന്നുള്ള അതിന്റെ വ്യത്യസ്തതയെയും വ്യതിരിക്തതയെയും കുറിച്ചും അറിയാമായിരുന്നു. അതിനാല്‍ ഗുരുഗ്രന്ഥസാഹിബില്‍ നിരവധി തവണ ബുദ്ധനെന്ന വാക്ക് ഇടം നേടിയിട്ടുണ്ട്.14

ഗുരുനാനാക്കിന് അക്കാലത്തെ ഗവണ്‍മെന്റുമായും രാഷ്ട്രീയവുമായും പരിചയമുണ്ടായിരുന്നു.15 അതിനാല്‍ ഭരണാധികാരികള്‍ കാട്ടുന്ന വിവേചനങ്ങളെ അനീതി നിറഞ്ഞതും മര്‍ദ്ദകപരവുമെന്ന് വിളിച്ച് അദ്ദേഹം അപലപിച്ചു. മതപരവും സാമൂഹ്യ- രാഷ്ട്രീയവുമായ മേഖലകളിലെല്ലാം സമത്വത്തിന് അദ്ദേഹം പ്രാഥമികമായും ഊന്നല്‍ നല്‍കി. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ അനുയായികള്‍ രാഷ്ട്രീയാധികാരം നിയന്ത്രിച്ചപ്പോഴും അക്കാര്യം ഒരു യാഥാര്‍ത്ഥ്യമായില്ല 

സന്ത് കബീറും രവിദാസും ഗുരുനാനാക്കും ജാതിയുടേയും. ആചാരാ നുഷ്ഠാനങ്ങളുടേയും, അയിത്താചരണത്തിന്റെ കൊട്ടാരങ്ങളേയും സവിശേഷാധികാരമുള്ള വിഭാഗക്കാരുടെ മേല്‍ക്കോയ്മയ്ക്കുവേണ്ടിയുള്ള അവകാശവാദങ്ങളടങ്ങിയ ചിരപുരാതന സാമൂഹ്യ വ്യവസ്ഥയെയും നിരാകരിച്ചു. അവരവരുടേതായ വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ ഇവരെല്ലാം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ബ്രാഹ്മണിസത്തെ വെല്ലുവിളി ക്കുകയും അതിന്റെ നിരര്‍ത്ഥകതയെ തെളിയിക്കുകയും ചെയ്തു. കബീറും രവിദാസും രാജ്യത്തെ ഭക്തിപ്രസ്ഥാനത്തിന്റെ പ്രതിനിധിക ളാണെങ്കില്‍ക്കൂടി, ഇരുവരുടെയും മൗലികമായ ആശയം ബ്രാഹ്മണരുടെ മേല്‍ക്കോയ്മയെ വെല്ലുവിളിക്കുകയും ശുദ്രരുടെ അന്തസ്സ് പുനസ്ഥാപി ക്കുകയും ചെയ്യുക എതായിരുന്നു. ഗുരുനാനാക്കാകട്ടെ ബ്രാഹ്മണിസത്തെ അഥവാ ഹിന്ദുയിസത്തെ പരിപൂര്‍ണ്ണമായും തള്ളിക്കളയുകയും ജനങ്ങള്‍ക്ക് ഒരു ബദല്‍ സംസ്‌ക്കാരത്തെ സ്ഥാപിക്കുകയും ചെയ്തു. അടിസ്ഥാനപരമായും സത്താപരമായും കബീറിന്റേയും രവിദാസി ന്റേയും നാനാക്കിന്റേയും പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ വടക്കന്‍ മേഖലകളിലുള്ള ജാതി നിര്‍വീര്യ പ്രസ്ഥാനങ്ങളും സാമൂഹ്യ സാംസ്‌ക്കാ രിക പ്രക്ഷോഭങ്ങളുമായിരുന്നു.

പരിഭാഷ: യു പി അനില്‍കുമാര്‍