"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

ബാലാകലേശം - ദളിത്‌ ബന്ധു എന്‍ കെ ജോസ്

കറുപ്പന്‍ മാസ്റ്റര്‍ രചിച്ച ഒരു നാടകമാണത്. അദ്ദേഹം പ്രധാനമായും എട്ടു നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.പക്ഷെ ഈ നാടകം കറുപ്പന്‍ മാസ്റ്ററുടെ ജീവിതത്തെ വളരെ യധികം ബാധിച്ചു. ബാലാകലേശം ഒരു നാടകം എന്നതിനേ ക്കാളേറെ ഒരു സംഭവമാണ്. അതിന്റെ ആഘാത പ്രത്യാഘാത ങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് മുമ്പു സരസ കവി മൂലൂര്‍ പത്മനാഭ പ്പണിക്കരുടെ ജീവിത ചരിത്രം എഴുതിയ സി. വാസവപ്പണി ക്കര്‍ അതില്‍ ബാലാകലേശ ത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് അതേപടി ഉദ്ധരിക്കാം.

2 '....സ്ഥാനത്യാഗം ചെയ്ത കൊച്ചിയിലെ വലിയ തമ്പുരാന്‍ തിരുമനസ്സിലെ ഷഷ്ട്യബ്ദ പുര്‍ത്തി പ്രമാണിച്ചു കൊച്ചിയിലെ ഒരു പ്രമുഖ വ്യക്തിയായ റാവു ബഹദൂര്‍ തമ്പെരുമാള്‍ച്ചെട്ടി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. ഷഷ്ട്യബ്ദ പൂര്‍ത്തി സ്മാരകമായി മൂന്ന് അങ്കത്തിലുളള ഒരു നാടകം രചിക്കണമെന്നും മി.സി. അച്ചുത മേനോന്റെ പരിശോധനയില്‍ പ്രഥമ സ്ഥാനത്തിന് അര്‍ഹമായ നാടകത്തിന് 50 രൂപാ സമ്മാനം കൊടുക്കു മെന്നതായിരുന്നു പരസ്യം.1 മി. കെ.പി.കറുപ്പന്‍ ബാലാകലേശം എന്ന ഒരു നാടകം രചിച്ച് ആ മത്സരത്തിനയച്ചു. നാടകം അച്ചുത മേനോനെ ഏല്‍പ്പിക്കാനായി കൊണ്ടുപോകുന്ന വഴിയില്‍ വച്ചു യാദൃശ്ചികമായി സ്വദേശാഭിമാനി രാമകൃഷ്ണ പിളള പ്രസ്തുത പുസ്തകം കണ്ട് വായിച്ചു നന്നായിരിക്കു ന്നുവെന്നും സമ്മാനം കറുപ്പന് ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. പരിശോധനയില്‍ കറുപ്പന്റെ പുസ്തകം സമ്മാനത്തി നര്‍ഹമായി. എന്നാല്‍ അത് വളരെ ഒച്ചപ്പാടി നിടയാക്കി. വാലന്‍ കറുപ്പനാണോ സാഹിത്യത്തിന് സമ്മാനം എന്നായി ഒരു വിഭാഗം ആളുകള്‍. സമ്മാനം നല്‍കുന്ന തിനെപ്പറ്റി രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നു. സമുദായിക വൈരാഗ്യങ്ങള്‍ ഇളക്കി വിടുന്ന വിമര്‍ശനങ്ങള്‍. വാലന്‍ നാടകം എഴുതാന്‍ തുടങ്ങിയതില്‍ അമര്‍ഷം പൂണ്ടു. പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും അങ്ങനെ വന്നതില്‍ ശക്തിയായ വിമര്‍ശനം സ്വദേശാഭിമാനി രാമകൃഷ്ണ പിളളയുടേതു തന്നെയായി രുന്നു. അതാണ് രാമകൃഷ്ണ പിളളയുടെ യഥാര്‍ത്ഥ ചിത്രം....'2 ദശാബ്ദങ്ങള്‍ക്കു മുമ്പാണ് വാസവ പ്പണിക്കര്‍ ആ പുസ്തകം രചിച്ചത്. 

3 രാമകൃഷ്ണ പിളള ആ നാട കരചയിതാവിന്റെ സമുദായത്തെ ചൂണ്ടിക്കാണിക്കുന്ന 'വാലാകലേശം' എന്ന പേരുകൂടി അതിന് കൊടുത്ത് ആക്ഷേപിച്ചു. എത്ര ഹീനമായ വര്‍ഗ്ഗീയത!

വാലന്റെ കലാശം - അവസാനം അതാണുപോലും കറുപ്പന്‍ എഴുതിയത്. വാലന്റെ ധര്‍മ്മം മത്സ്യബന്ധനമാണ്. ഒരു വാലനായ കറുപ്പന്‍ ആ ധര്‍മ്മം ചെയ്യാതെ സാഹിത്യത്തില്‍ കൈവച്ചു. അത് അധര്‍മ്മമാണ്. സമുദായ ത്തിന്റെ അധഃപതന ത്തിന് അതു കാരണമാകും എന്നതാണ് രാമകൃഷ്ണ പിള്ളയുടെ യുക്തി. അതാണ് 20-ാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങ ളിലെ തിരുവിതാം കൂറിലെയും കൊച്ചിയിലേയും സംസ്‌ക്കാരിക നിലവാരം. ഒരു പത്രത്തിന്റെ അധിപനും പല ഗ്രന്ഥങ്ങളുടെ കര്‍ത്താവും അഭ്യസ്ത വിദ്യനുമാണ് രാമകൃഷ്ണ പിള്ള. അദ്ദേഹത്തിന്റെ പ്രതിമ തിരുവനന്തപുരം പട്ടണത്തില്‍ ഇപ്പോഴുമുണ്ട്. ആണ്ടു തോറും അദ്ദേഹത്തിന്റെ ജയന്തി ആഘോഷി ക്കുന്നുമുണ്ട്. ഇപ്പോള്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ചുമന്നുകൊണ്ടു നടക്കുകയാണ്. തിരുവിതാം കൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ 1910ല്‍ നാടു കടത്തിയതിന്റെ ശതാബ്ദി സര്‍ക്കാരും കൂടി ചേര്‍ന്ന് ആഘോഷി ക്കുകയാണ്. ഇന്നും പലരുടെ ദൃഷ്ടിയിലും അദ്ദേഹം മലയാള പത്ര പ്രവര്‍ത്തന ത്തിന്റെ പിതാവാണ്.3

4 കെ.പി കറുപ്പന്‍ രാമപിഷാരടിയുടെ ശിഷ്യത്വം സ്വീകരിച്ചു. പഠിച്ചു കൊണ്ടിരുന്ന കാലത്ത് നിത്യവും പിഷാരടിയെ സന്ദര്‍ശിക്കുക പതിവായിരുന്നില്ല. അദ്ദേഹത്തിന് കോളേജില്‍ ജോലി ഉണ്ടായിരുന്ന തുകൊണ്ട് എപ്പോഴും വളരെ തിരക്കിലായിരുന്നു. അതുകൊണ്ടാണ് കറുപ്പന്റെ സന്ദര്‍ശനം വല്ലപ്പോഴുമായത്. അങ്ങനെ ഒരു ദിവസം ചെന്നപ്പോഴാണ് ഒരു നാടക മത്സരം നടക്കുന്ന വിവരം പിഷാരടി കറുപ്പനോടു പറഞ്ഞത്. ഒരു നാടകം എഴുതി മത്സരത്തിന് അയയ്ക്ക ണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. നാടക മത്സരം നടക്കുന്നത് രാജര്‍ഷി രാജാവിന്റെ ഷഷ്ട്യബ്ദ പൂര്‍ത്തി ആഘോഷം പ്രമാണിച്ചാണ്. ആ രാജാവാണ് കറുപ്പന് രാമപിഷാരടിയുടെ പക്കല്‍ പ0ിക്കാനുളള ഏര്‍പ്പാടുകള്‍ ചെയ്തത്. അതിനാല്‍ അത് കറുപ്പന്റെ ഒരു കടമ കൂടിയാണ്. നാടകം സമര്‍പ്പിക്കാന്‍ പിന്നെ ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേയുളളൂ. എന്നാലും ഒന്നു ശ്രമിച്ചു നോക്കാം എന്നു കറുപ്പന്‍ തീരുമാനിച്ചു. കറുപ്പന്‍ അതിന് മുമ്പ് 'എഡ്വേഡ് വിജയം' എന്ന നാടകം രചിച്ചിട്ടുണ്ട്. അങ്ങനെ ഏതാനും ദിവസം കൊണ്ട് എഴുതി തയ്യാറാ ക്കിയതാണാ നാടകം. എഴുതിക്കഴിഞ്ഞ് അദ്ദേഹം അത് തന്റെ സ്‌നേഹിതന്‍ കെ.പി. പീറ്റര്‍ വഴി നാടകത്തിന്റെ ജഡ്ജി തൃശ്ശൂര്‍ അച്ചുത മേനോന്റെ പക്കല്‍ എത്തിക്കുകയും ചെയ്തു. പീറ്റര്‍ അതുംകൊണ്ട് തൃശ്ശൂര്‍ക്കു പോകുന്ന തീവണ്ടിയില്‍ വച്ച് കെ. രാമകൃഷ്ണ പിളള ആ കൃതി കണ്ടു വായിക്കാ നിടയായി. രാമകൃഷ്ണ പിള്ള അന്നു നാടുകടത്തപ്പെട്ട് കൊച്ചിയിലും മലബാറിലും ചുറ്റിത്തിരി യുകയായിരുന്നു. തീവണ്ടി തൃശ്ശൂര്‍ വരെ എത്തുന്ന സമയമു ണ്ടല്ലോ. അതിനുശേഷം അദ്ദേഹം പറഞ്ഞ അഭിപ്രായമാണ് സമ്മാനം കറുപ്പന് തന്നെ ലഭിക്കും എന്നത്. സമ്മാനം ലഭിച്ചു,  മ്പുരാന്‍, ഏ. ആര്‍. രാജരാജ വര്‍മ്മ, ഡോ. പല്പു തുടങ്ങി പലരും നാടകം വായിക്കുകയും നാടകത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. ഉളളൂരും ആ നാടകത്തെ അഭിനന്ദി ക്കുകയാണ് ചെയ്തത്. 


5 കെ. പി. കറുപ്പന്റെ നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരി യാണ്. തുപ്പന്‍ നമ്പൂതിരി. കഥയിലെ ആ നമ്പൂതിരി കഥാപാത്രത്തെ വധശിക്ഷയ്ക്ക് വിധിക്കുന്ന ഒരു രംഗം നാടകത്തിലുണ്ട്. അത് വലിയ സാമൂഹ്യ തിന്‍മയായിട്ടാണ് രാമകൃഷ്ണ പിളള ചൂണ്ടിക്കാണിച്ചത്. എന്തു തെറ്റ് ചെയ്താലും ഒരു ബ്രാഹ്ണനെ വധശിക്ഷയ്ക്ക് വിധിച്ചു കൂടാ എന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. ബ്രാഹ്മണന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ നാടുകടത്തലാണ്. ഒരു രാജാവിന്റെ രാജ്യത്ത് നിന്നും മറ്റൊരു രാജാവിന്റെ രാജ്യത്തേയ്ക്ക് അയാളെ അയയ്ക്കുക. രാമകൃഷ്ണ പിളളയെ നാടുകടത്തിയത് തിരുനെല്‍ വേലിയിലേ ക്കാണ്, മറ്റൊരു രാജാവിന്റെ രാജ്യത്തേക്കല്ല. ബ്രിട്ടീഷ് കോളനിയി ലേക്കാണ്. രാമകൃഷ്ണപിളള ഒരു ബ്രാഹ്മണനാ യിരുന്നില്ല. ഒരു പോറ്റിയുടെ മകനായിരു ന്നുവെങ്കിലും (പോറ്റി ബ്രാഹ്മണ വര്‍ഗ്ഗമാണ്) മാതാവ് നായര്‍ സ്ര്തീ ആയിരുന്നതിനാല്‍ രാമകൃഷ്ണ പിളള നായരായിരുന്നു. അതാണ് മനുസ്മൃതി കല്‍പ്പിക്കു ന്നത്. അങ്ങനെ വിധിച്ച സാമൂഹ്യാ ചാരത്തോട് അദ്ദേഹത്തിന് ഒട്ടും എതിര്‍പ്പില്ല. ബ്രാഹ്മണ ദാസ്യ മനോഭാവ ത്തോടെയാണ് ഓരോ രാമകൃഷ്ണ പിളളയും ജനിക്കുന്നത്. സ്വന്തം പിതാവിന്റെ വാത്സല്യം പോലും നിഷേധിച്ച വ്യവസ്ഥയാണത്. സ്വന്തം പുത്രനാണങ്കിലും ഒരു ബ്രാഹ്മണന്‍ നായരെ തൊട്ടാല്‍ കുളിക്കണം. നായര്‍ നമ്പൂതിരിക്ക് (പോറ്റിക്ക്) അയിത്തമാണ്. ഒരു ബ്രാഹ്മണനെ സല്‍ക്കരി ക്കാനുളള അവസരം ലഭിക്കുക എന്നത് ഒരു രാജാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി കരുതിയിരുന്ന കാലത്ത് ഒരു ബ്രാഹ്മണന്‍ തെറ്റുചെയ്താല്‍ അയാളെ ഒരു പുതിയ രാജാവിന്റെ സല്‍ക്കാരത്തിന് പറഞ്ഞയയ്ക്കുക എന്നത് ഒരു ശിക്ഷയാണോ സമ്മാനമാണോ? ബ്രാഹ്മണന്‍ തെറ്റു ചെയ്താല്‍ അവന് സമ്മാനം നല്‍കുക, അതാണ് മനുസ്മൃതി. 

'സ്വസ്തി പ്രജാഭ്യാം പരിപാലയന്ത
ന്യായേണമാര്‍ഗ്ഗേണ മഹി മഹിശഃ
ബ്രാഹ്മണേഭു ശുഭമസ്തു നിത്യം
ലോകാസമസ്താ സുഖിനോഭവന്തു'

ലോകത്തില്‍ ശാന്തിയും സമാധാനവും പുലരണ മെങ്കില്‍ ബ്രാഹ്മണരേയും പശുക്കളെയും പൂജിക്കണം. പശുക്കള്‍ യാഗത്തിനുളള താണ്. യാഗത്തിനു പയോഗിച്ച പശുവിന്റെ മാംസം ബ്രാഹ്മണര്‍ക്കുളള താണ്. ബ്രാഹ്മണരും ബ്രാഹ്മണര്‍ക്ക് തിന്നാനുളള ഇറച്ചിയും ഉണ്ടായാല്‍ ലോകം ബഹു കേമം. അതാണ് ഇന്നും ഹിന്ദു സംസ്‌ക്കാര ത്തിന്റെ മഹത്വത്തിന് മാതൃകയായി എവിടെയും എടുത്ത് ഉദ്ധരിക്കുന്ന പദ്യ ശകലം. 

6 അതിന് വിപരീതമായി കറുപ്പന്‍ തെറ്റുചെയ്ത ബ്രാഹ്മണനെ തന്റെ നാടകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കുകയാണ് ചെയ്തത്. അനാചാര ത്തിലെ കാര്‍ന്നോരേയും കൂട്ടരേയും തീണ്ടിയതിന്റെ പേരില്‍ കൊച്ചാലു പുലയനെ അവര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു രംഗം നാടകത്തി ലുണ്ട്. ന്യായാസനം ആ മര്‍ദ്ദകരില്‍ രണ്ടുപേരെ തൂക്കിക്കൊല്ലാനും കാന്നോര്‍ ഉള്‍പ്പെട്ട രണ്ടുപേരെ നാടുകടത്താനും വിധിക്കുന്നതാണ് കഥ. ആ ബ്രാഹ്മണര്‍ അയിത്തം പാലിച്ചു എന്ന തെറ്റിന് വധശിക്ഷ വിധിച്ച ന്യായാധിപന്‍ രാജാവാണ്. അത് പരോക്ഷമായി കൊച്ചി രാജാവ് ബ്രാഹ്മണ വിരുദ്ധ, മനുസ്മൃതി വിരുദ്ധ നടപടി സ്വീകരിച്ചു എന്ന ആരോപണം കറുപ്പന്‍ ഉന്നയിച്ചതിന് തുല്ല്യമാണ് എന്നാണ് കറുപ്പന്റെ വിരുദ്ധ ഗ്രൂപ്പുകാര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. അതിനാല്‍ കറുപ്പന്‍ രാജദ്രോഹം ചെയ്തു രാജാവിനെ ദുഷ്ടനും ക്രൂരനുമായി ചിത്രീകരിച്ചു. അതായിരുന്നു രാമകൃഷ്ണ പിളളയുടെ ആരോപണ ത്തിന്റെ അടിസ്ഥാനം. രാജ്യദ്രോഹം ചെയ്ത കറുപ്പനെ നാടുകടത്തണം. അതാണ് ഡിമാന്റ്. രാമകൃഷ്ണ പിള്ള ഏതായാലും നാടുകടത്തപ്പെട്ടു. അത് കറുപ്പനും കൂടി ലഭിച്ചാല്‍ സംതൃപ്തി. അയിത്ത ജാതിക്കാരെ മര്‍ദ്ദിക്കുക എന്നത് സവര്‍ണരുടെ അവകാശമാണ്. അതേപ്പറ്റി അന്വേഷി ക്കുകയോ നടപടി എടുക്കുകയോ ചെയ്യുന്നത് ന്യായാസന ത്തിന്റെ അധികാര പരിധിയില്‍ പെട്ടതല്ല. ന്യായാസനം രാജഭരണ ത്തിന്റെ ഭാഗമാണ്. രാജാവും രാജഭരണവും ബ്രാഹ്മണന് താഴെയാണ്. ബ്രാഹ്മണനാണ് രാജാവിനെ നിശ്ചയിക്കുന്നത്. അതിനാല്‍ ബ്രാഹ്മണന്റെ പ്രവൃത്തി യെപ്പറ്റി അന്വേഷിക്കാന്‍ പോലും ന്യായാസനത്തിന് അധികാരമില്ല. അത് മനുസ്മൃതിയുടെ ഭാഗമാണ്. നമ്പൂതിരിയെ കുറ്റവാളി യാക്കുന്നതും വധശിക്ഷയ്ക്ക് വിധിക്കുന്നതും ബ്രഹ്മഹത്യാ പാപമാണ്. 

7 1913 ല്‍ കറുപ്പന്‍ ബാലാകലേശം നാടകം രചിച്ചു. നാടകത്തില്‍ അയിത്തം ആചരിച്ച ബ്രാഹ്മണനെ കറുപ്പന്‍ ശിക്ഷിച്ചു. 37 വര്‍ഷത്തിനു ശേഷം 1950 ല്‍ ഡോ : അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടന രചിച്ചു. അയിത്തം ആചരിക്കുന്ന വരെ ശിക്ഷിക്കാന്‍ ഭരണഘടന യിലൂടെ നിയമ മുണ്ടാക്കി. അതും ഒരു അയിത്ത ജാതിക്കാരന്‍. ഭരണഘടന യില്‍ ആ നിയമം വരുന്നതിന് 37 വര്‍ഷം മുന്‍പ് കറുപ്പന്‍ അത് ദീര്‍ഘ ദര്‍ശനം ചെയ്തു. നാടകത്തിലാ ണെങ്കിലും നടപ്പാക്കി. കറുപ്പന്‍ ഒരു പ്രവാചകനാ യിരുന്നു. 1913ല്‍ കറുപ്പന്‍ ഒരു വലിയ സ്വപ്നം കണ്ടു, അത് നടപ്പിലാക്ക ണമെന്ന് ആഗ്രഹിച്ചു, അതിനു വേണ്ടി പ്രവര്‍ത്തിച്ചു. ജനം കറുപ്പന്റെ സ്വപ്നങ്ങള്‍ ക്കൊപ്പം നീങ്ങി.

8 കറുപ്പന്‍ ഒരു സമഗ്ര വിപ്ലവകാ രിയായിരുന്നു. ചിന്താരംഗത്ത് അദ്ദേഹം അന്നുണ്ടായിരുന്ന ധിഷണാ ശാലികളെക്കാള്‍ ഏറെ മുന്നിലായത് അങ്ങനെയാണ്. കേരള സാമൂഹ്യ- നവോത്ഥാന രംഗത്തെ മഹാജ്ഞാനി കളുടെ കൂട്ടത്തില്‍ കെ.പി.കറുപ്പനെ ഉള്‍പ്പെടുത്തുന്നത് ഈ ഒറ്റക്കാരണ ത്തിന്റെ പേരിലാ ണെങ്കിലും അത് യുക്തിസഹമാണ്. വൈകുണ്ഠ സ്വാമികളും നാരായണ ഗുരുവും അയ്യന്‍ കാളിയും യോഹന്നാന്‍ ഉപദേശിയും അയിത്തം തിന്മയാണ്, തെറ്റാണ്, അത് ആചരിക്കരുത് എന്ന് ആഹ്വാനം ചെയ്തു. കറുപ്പന്‍മാത്രം പറഞ്ഞു അയിത്തം ആചരിക്കു ന്നവരെ ശിക്ഷിക്ക ണമെന്ന്. ആര് ആചരിച്ചാലും അവനെ ശിക്ഷിക്കണം എന്നു പറയുക മാത്രമല്ല, പ്രവര്‍ത്തി ക്കുകയും ചെയ്തു. ഒരു കവിയുടെ പ്രവര്‍ത്തന മണ്ഡലം സാഹിത്യമാണ്. അവിടെ അദ്ദേഹം അത് ചെയ്തു. താന്‍ രാജാവല്ലാതി രുന്നതിനാല്‍ രാജ്യത്ത് ചെയ്തില്ല എന്നുമാത്രം. അദ്ദേഹം മനുസ്മൃതി വലിച്ചുകീറി ദൂരെ എറിഞ്ഞു. ഡോ.അംബേദ്കര്‍ മനുസ്മൃതി കത്തിച്ചത് 1927 ഡിസംബര്‍ 25-ാം തീയതി രാത്രിയാണ്. കറുപ്പന്‍മാസ്റ്റര്‍ അതിന്റെ കടയ്ക്കല്‍ കത്തിവച്ചത് 1913കളിലാണ്. അതാണു കറുപ്പന്‍മാസ്റ്റര്‍. അദ്ദേഹം കവിതിലകനോ, പണ്ഡിതനോ ഒന്നുമല്ല. എം.എ.ഡിഗ്രി കരസ്ഥമാക്കിയവന്‍ പത്താം ക്ലാസ്സും പാസ്സായി എന്ന് എടുത്തുപറയുന്നതുപോലെ അര്‍ത്ഥശൂന്യമാണ് കവിതിലകനെന്നും പണ്ഡിറ്റ് എന്നും മറ്റും പറയുന്നത്. കറുപ്പന്‍ മാസ്റ്റര്‍ എന്നു പറയുമ്പോള്‍ അതില്‍ എല്ലാമുണ്ട്. മറ്റൊരു വിശേഷണം കൊണ്ടു പൂര്‍ണ്ണമായി വ്യക്തമാക്കാനാവാത്ത ആ വ്യക്തിത്വം അതില്‍ അടങ്ങിയിട്ടുണ്ട്. അദ്ദേഹം മനുസ്മൃതി ഘാതകനാണ്. അതാണ് പ്രധാനം. പണ്ഡിറ്റ് അല്ലെങ്കില്‍ അയിത്ത ത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുക അസാധ്യമാണ്. കവിഹൃദ യമില്ലെങ്കില്‍ അയിത്ത ക്കാരന്റെ അവഹേള നത്തിന്റെ ആഴം അളക്കുക അസാധ്യം. അവന്റെ ഹൃദയം തൊട്ടുവായി ക്കാനാവുകയില്ല. അതില്‍ തിങ്ങിനിറ ഞ്ഞിരിക്കുന്ന അമര്‍ഷവും നിസ്സഹാ യതയും പ്രതികാര വാഞ്ഛയും അറിയാ നാകുകയില്ല. അങ്ങനെയാണ് അദ്ദേഹം മനുസ്മൃതിയെ പിച്ചിച്ചീന്തിയ യുഗപുരു ഷനായത്, കറുപ്പന്‍ മാസ്റ്ററായത്.
 
9 കെ.രാമകൃഷ്ണ പിള്ളയെ പ്പോലുള്ള ഒരു ബ്രാഹ്മണ അടിമയ്ക്ക് സഹിക്കാവു ന്നതിലേറെ യാണത്. അതുകൊണ്ടാണ് അദ്ദേഹം ഒരു ചാവേര്‍ പടയാളി യെപ്പോലെ വാളും ചുഴറ്റിക്കൊണ്ട് കറുപ്പന്റെ നേരെ തിരിഞ്ഞത്. തന്റെ ചക്രായുധ ങ്ങളെല്ലാം എടുത്ത് ഉപയോഗിച്ചിട്ടും കറുപ്പന്‍ നിശ്ചലനാ യിത്തന്നെ നിന്നു. കറുപ്പനെ വെട്ടിവീഴ്ത്താന്‍ അദ്ദേഹം കൊച്ചി രാജാവിനെ കൂട്ടുപിടിക്കാന്‍ ശ്രമിച്ചു. കറുപ്പന്‍ രാജാവിനെ മനുസ്മൃതി വിരുദ്ധനാക്കി എന്ന് ആരോപിച്ചു. പല ആരോപ ണങ്ങളും ഉന്നയിച്ചു. കറുപ്പന്‍ മാസ്റ്ററെ നാടുകടത്ത ണമെന്നുവരെ എഴുതി. പക്ഷേ, ഒന്നും ഫലിച്ചില്ല.

10 1889ല്‍ ചന്തുമേനോന്‍ എഴുതിയ ഇന്ദുലേഖയില്‍ സൂരിനമ്പൂതി രിപ്പാടിനെ കണക്കറ്റ് കളിയാക്കിയി ട്ടുണ്ടെങ്കിലും വധിക്കാന്‍ പറഞ്ഞിട്ടില്ല. പോരെങ്കില്‍ അത് എഴുതിയത് ഒരു മേനോനാണ്, വാലനല്ല. കാല്‍ നൂറ്റാണ്ടിന് മുമ്പെഴുതിയ ആ നമ്പൂതിരി പരിഹാസ ത്തിനെതിരെ രാമകൃഷ്ണ പിള്ള പടവാളുയര്‍ത്താ തിരുന്നത് അതു കൊണ്ടായി രിക്കാം. 

11 ഏതായാലും ഒരു കാര്യം ശ്രദ്ധിക്കണം ബാലാകലേശം നാടകം രാമകൃഷ്ണപിളളയുടെ ദൃഷ്ടിയില്‍ എത്ര ഹീനമായിരുന്നാലും അത് പരിശോധിച്ച് വിധി പറയാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന അച്ചുതമേനോന്റെ ദൃഷ്ടിയില്‍ അത് ഒന്നാം സ്ഥാനത്തിന് അര്‍ഹമായതാണ്. അച്ചുത മേനോന്‍ അന്ന് കൊച്ചിരാജ്യത്തെ ഏറ്റവും വലിയ പണ്ഡിതന്‍മാരില്‍ ഒരാളാ യിരുന്നു. എല്ലാ രംഗത്തും അംഗീകാരമുളള വ്യക്തിയായിരുന്നു. നാടക മത്സരത്തിന്റെ സമ്മാനം നല്‍കാനുള്ള ചുമതല ഏറ്റെടുത്ത ചെട്ടിയാര്‍ ജഡ്ജിയായി അദ്ദേഹത്തെ തന്നെയാണ് നിശ്ചയിച്ചത്.

12 നാടകം വായിച്ച ഡോ. പല്പു കറുപ്പനോട് നേരിട്ടു ചോദിച്ചത് ഇതെഴുതിയിട്ടും നിങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ വച്ചുകൊണ്ടിരുന്നോ? എന്നാണ്. കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍, എ.ആര്‍.രാജരാജവര്‍മ്മ, ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ തുടങ്ങിയവര്‍ പ്രശംസിച്ച ആ നാടകം എഴുതിയതിന്റെ പേരില്‍ കറപ്പനെ നാടുകടത്ത ണമെന്നാണ് രാമകൃഷ്ണ പിള്ള വാദിച്ചത്. ഇവരെക്കാള്‍ എല്ലാം വലിയ സാഹിത്യ കാരനായി രുന്നുവോ രാമകൃഷ്ണ പിള്ള? അദ്ദേഹത്തിനു കറുപ്പന്റെ നാടകമാ യിരുന്നില്ല പ്രധാനം, കറുപ്പനായിരുന്നു. വാലനായ കറുപ്പന്‍ നാടകം എഴുതിയതാണ് സഹിക്കാനാവാത്തത്.

13 ബാലാകലേശം നാടകത്തെ അഭിനന്ദിച്ചു കൊണ്ട് അന്നത്തെ പ്രശസ്ത സാഹിത്യ കാരന്‍മാരെന്ന് അവരോധി ക്കപ്പെട്ടിരുന്ന കേരള വര്‍മ്മ വലിയകോയി ത്തമ്പുരാനും ഏ. ആര്‍ രാജരാജ വര്‍മ്മയും അയച്ച കത്തിലെ ഏതാനും വരികള്‍ ഉദ്ധരിക്കുന്നത് പ്രസക്ത മായിരിക്കും.
വിദ്വാന്‍ കെ. പി കറുപ്പന് 

' .......ബാലാകലേശം ആദ്യന്തം ഞാന്‍ ഒന്നിലധികം പ്രാവശ്യം വായിച്ചു നോക്കിയതില്‍ ഏറ്റവും ഹൃദയംഗമമായി തോന്നി ഇതിലെ ലോകാത്ത രഗുണോ ത്തമനായ നായകന്റെ മഹാത്മ്യത്തെ നാടക രൂപത്തിലധികം ഭംഗിയായി വര്‍ണ്ണിക്കുവാന്‍ ആരെ ക്കൊണ്ടും സാധിക്കുന്നതല്ല. പദ്യങ്ങളില്‍ നിര്‍ഗ്ഗളമായി കാണുന്ന ശബ്ദസൗഷ്ഠവവും അര്‍ത്ഥ ചമല്‍ക്കാരവും എന്നെ എത്രമാത്രം വിസ്മയിപ്പിച്ചു എന്നുളളതിന അവസാനമില്ല. സരസ്വതീ ദേവിയുടെ കാരുണ്യാതിശയം ഈ നാടകത്തില്‍ പൂര്‍ണ്ണമായി പ്രതിബിംബിച്ചു കാണുന്നുണ്ട്. ദ്വേധാ സുധീവരനായി ശോഭിക്കുന്ന നിങ്ങളുടെ കവിതാ വാസന എന്നെ അത്ഭുത പരവശനാക്കി ത്തീര്‍ത്തിരിക്കുന്നു എന്നല്ലാതെ മാറ്റൊന്നും പറയാന്‍ കാണുന്നില്ല. നിങ്ങള്‍ക്കു ഇനിയും ഈ വിധത്തില്‍ ഗുണപുഷ്‌ക്ക ലങ്ങളായ അനേകം പദ്യഗ്രന്ഥങ്ങള്‍ എഴുതി ലോകാപകാരം ചെയ്യുവാന്‍ ജഗന്നിയന്താവ് സംഗതി വരുത്തട്ടെ 

തിരുവനന്തപുരം കേരളവര്‍മ്മ എഫ് എം. യും
89 തുലാം 11 ാം തീയതി എം. ആര്‍. ഏ. എസ്, എഫ് ആര്‍ എച്ച് എസ് 4

'.......ബാലാകലേശം നാടകം മുഴുവനും സാവധാനമായി വായിച്ചു നോക്കി. നല്ല വായനക്കാരനായ ഒരു കവിയുടെ കവിതയ്ക്കുളള ഗുണങ്ങള്‍ ഈ കൃതിയില്‍ ധാരാളം തെളിഞ്ഞു കാണുന്നുണ്ട്. സമയ സൗകര്യം പോലും വേണ്ടിടത്തോളം ഉണ്ടാകാതെയും അടിസ്ഥാനപരമായി ഒരു ഇതിവൃത്ത മില്ലാതെയും ഇത്രത്തോളം നന്നായി ഒരു നാടകം നിര്‍മ്മിച്ചു കാണുന്നതില്‍ ഞാന്‍ സന്തോഷി ക്കുന്നു. 

അചേതനങ്ങളില്‍ ചേതന ധര്‍മ്മങ്ങളും തിര്യക്കുകളില്‍ മനുഷ്യ ധര്‍മ്മങ്ങളും ആരോപിച്ചു പുഷ്ടി വരുത്തിയിട്ടുള്ള പല ഭാഗങ്ങളും സമാസോക്തി ശ്ലേഷം മുതലായ അലങ്കാര ങ്ങളോടുകൂടി വസ്തുസ്വ ഭാവത്തിന് വലിയ മാറ്റം വരുത്താതെ വര്‍ണ്ണിച്ചിട്ടുളള ഭാഗങ്ങളും മിക്കതും സാമാന്യം നന്നായിട്ടുണ്ട്. ചൂര്‍ണ്ണികകളില്‍ പലതും സംഭാഷണ രീതിയോടു കുറേക്കൂടി യോജിപ്പിച്ചാല്‍ അധികം നന്നായിരി ക്കുമെന്നൊരു പക്ഷമുണ്ടാ യേക്കാമെന്ന ല്ലാതെ മറ്റൊരു ന്യൂനതയും ഞാനിതില്‍ കാണുന്നില്ല. ആകെപ്പാടെ നാടകത്തിന്റെ രീതിയിലുളള ഈ പുതിയ പ്രസ്ഥാനം മലയാള ഭാഷാ പണ്ഡിതന്‍ മാര്‍ക്ക് രുചിക്കാതി രിക്കയില്ലെന്നാണ് എന്റെ വിശ്വാസം.

കുലപരമ്പരയായി വിദ്യാഭ്യാസ വിഷയത്തില്‍ അധികം ഏര്‍പ്പെടുവാന്‍ സംഗതി വന്നിട്ടില്ലാത്ത ഒരു വര്‍ഗ്ഗത്തില്‍ ജനിച്ച് ഈ വിധം നല്ലൊരു ഗ്രന്ഥം നിര്‍മ്മിക്കാന്‍ പ്രാപ്തമായി വന്ന ഗ്രന്ഥ കര്‍ത്താവിന്റെ പരിശ്രമത്തെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.'

തിരുവനന്തപുരം ഏ. ആര്‍ രാജരാജവര്‍മ്മ
89 തുലാം 18 എം. ഏ. എം. ആര്‍. എ. എസ് 5

14 എറണാകുളത്തെ ഒരു സര്‍ക്കാര്‍ ബാലികാപാഠശാലയിലെ മലയാള മുന്‍ഷിയാണ് ബാലാകലേശം നാടകത്തിന്റെ രചയിതാവ് എന്നാണ് രാമകൃഷ്ണപിളള തന്റെ വിമര്‍ശനം തുടങ്ങുമ്പോള്‍ പണ്ഡിറ്റ് കെ. പി. കറുപ്പനെ അവതരിപ്പിക്കുന്നത്. രാമകൃഷ്ണപിളള ആകെക്കൂടി കറുപ്പനില്‍ കണ്ട യോഗ്യത അതാണ്. ബാലികാപാഠശാലയിലെ മലയാളം മുന്‍ഷി. അതിനൊരു ഇതിവൃത്തവുമില്ലാ എന്നാണ് അദ്ദേഹ ത്തിന്റെ മുഖ്യ വിമര്‍ശനം.

15 നാടകത്തെപ്പറ്റി ആദ്യം നല്ല അഭിപ്രായം പ്രകടിപ്പിച്ച രാമകൃ ഷ്ണപിള്ള പിന്നെ അഭിപ്രായം മാറിയതിന് പല കാരണങ്ങളുമുണ്ട്. അതിലൊന്ന് തിരുവിതാംകൂറിലെ ദിവാനായിരുന്ന പി. രാജഗോപാലാ ചാരിയോടുളള വിരോധമാണ്. കൊച്ചി ദിവാന്‍ എന്ന പേരില്‍ രാജഗോപാലാചാരിയെപ്പറ്റി നല്ല അഭിപ്രായം നാടകത്തില്‍ പരോക്ഷമായി കറുപ്പന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 1897 മുതല്‍ 1902 വരെ പി. രാജഗോപാ ലാചാരി കൊച്ചിയിലെ ദിവാനായിരുന്നു. പിന്നീട് അദ്ദേഹം തിരുവിതാം കൂര്‍ ദിവാനായിരുന്ന കാലത്ത് 1910 സെപ്റ്റംബര്‍ 26 ാം തീയതി രാമകൃഷ്ണ പിളളയെ തിരുവിതാംകൂറില്‍ നിന്നും നാടുകടത്തി. ആ ദിവാനും കറുപ്പന്റെ നാടകത്തിലെ ഒരു കഥാപാത്രമായിരുന്നു. അത് ദിവാനെന്ന പേരിലോ രാജഗോപാലാചാരി എന്ന പേരിലോ ആയിരുന്നില്ല. അതിനാല്‍ ആദ്യ വായനയില്‍ അത് ഒരു പക്ഷെ രാമകൃഷ്ണപിളളയ്ക്ക് അത്ര വ്യക്തമായിട്ടില്ലായിരിക്കാം. രാജഗോപാലാചാരിയുടെ കാലത്ത് കൊച്ചിയില്‍ കണ്ടെഴുത്ത് നടത്തി. അതുമൂലം രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. ആ സംഭവം കറുപ്പന്‍ തന്റെ നാടകത്തില്‍ കൊച്ചി രാജ്യമാകുന്ന ബാലേ എന്ന സ്ത്രീ കഥാപാത്രത്തിന് ദിവാനെന്ന ഡോക്ടര്‍ ഒരു ഓപ്പറേഷന്‍ നടത്തിയതിന്റെ ഫലമായി ബാലേ കൂടുതല്‍ ആരോഗ്യവതിയായി എന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചിട്ടുണ്ട്. തന്നെ നാടുകടത്തിയ ദിവാനെ ഒരു നല്ല കഥാപാ ത്രമായി അവതരിപ്പിക്കുന്ന നാടകത്തെ എങ്ങനെ നല്ല നാടകം എന്നു പറയാനാകും? ആ വഴിക്കാണ് രാമകൃഷ്ണപിളള ചിന്തിച്ചത്. രാമകൃഷ്ണപിളളയുടെ എല്ലാ ഗ്രന്ഥ നിരൂപണങ്ങളും ആ വിധത്തിലു ളളതായിരുന്നു. വ്യക്തിപരമായ തന്റെ ഇഷ്ടാനിഷ്ടങ്ങളും സ്‌നേഹ-ശത്രു ഭാവങ്ങളുമാണ് രാമകൃഷ്ണ പിളളയുടെ സാഹിത്യ വിമര്‍ശനങ്ങളെ നിയന്ത്രിച്ചിരുന്നത്. സി. വി. രാമന്‍പിളളയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ തുടങ്ങിയ നോവലുകളെ അദ്ദേഹം വിമര്‍ശിച്ചത് രാമന്‍പിളളയോടുളള തന്റെ വ്യക്തിപരമായ ശത്രുതയെ മുന്‍ നിര്‍ത്തിയാണ്. സവര്‍ണ്ണനെന്നോ നായരെന്നോ ഉളള പരിഗണന പോലും രാമകൃഷ്ണപിളള ആ സന്ദര്‍ഭത്തില്‍ സ്വീകരിച്ചിരുന്നില്ല. സി.വി.രാമന്‍ പിള്ള പാഠപുസ്തക കമ്മിറ്റി അംഗമായിരുന്ന കാലത്ത് 'അങ്കഗണിതം' എന്ന തന്റെ ഗ്രന്ഥം പാഠപുസ്തകമാക്കാന്‍ രാമകൃഷ്ണപിള്ള കൊടുത്ത അപേക്ഷ കമ്മിറ്റി തള്ളി എന്നതാണ് സി.വി.യോടു രാമകൃഷ്ണ പിള്ളയ്ക്ക് ഉണ്ടായ വിരോധത്തിനു കാരണം. പിന്നെ എല്ലാ ഗ്രന്ഥനിരൂപണങ്ങളും ആ വ്യക്തിവൈരാഗ്യം വച്ചുകൊണ്ടായിരുന്നു.

16 ബാലാകലേശം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് കൊച്ചി സാഹിത്യ സമാജമാണ്. അതിന്റെ പേരിലും രാമകൃഷ്ണപിളള ഏറെ ഒച്ചപ്പാടു ണ്ടാക്കി. സാഹിത്യ സമാജം വകയായി പ്രസിദ്ധീകരിക്കാനുളള അര്‍ഹത ആ ഗ്രന്ഥത്തിനില്ല. അത് പ്രസിദ്ധീകരിച്ചതുമൂലം സാഹിത്യ സമാജത്തി ന്റെ പേര് തന്നെ നഷ്ടമായി എന്നെല്ലാമുളള നിലപാടിലാണ് രാമകൃഷ്ണ പിളള എത്തിച്ചേര്‍ന്നത്. അന്ന് സാഹിത്യസമാജത്തിന്റെയും മംഗളോദയ ത്തിന്റെയും ചുമതല ഒരു ടി.കെ. കൃഷ്ണമേനോനായിരുന്നു. കൃഷ്ണ മേനോന്‍, കറുപ്പന്റെ പുസ്തകം പ്രസിദ്ധീകരിച്ചതു വഴി സാഹിത്യ സമാജത്തിന് വരുത്തിവച്ച വമ്പിച്ച നഷ്ടം പരിഹരിക്കണം എന്നാണ് രാമകൃഷ്ണപിളള ഉന്നയിച്ച നിര്‍ദ്ദേശം. 

17 അക്കാലത്ത് പ്രസ്തുത നാടകത്തെപ്പറ്റിയുളള അഭിനന്ദന ങ്ങളും വിമര്‍ശനങ്ങളും മറുപടികളുമെല്ലാം ചേര്‍ത്ത് കുന്നംകുളത്ത് നിന്നും 'ബാലാകലേശവാദം''എന്ന ഒരു പുസ്തകം തന്നെ പ്രസിദ്ധീ കരിക്കുക യുണ്ടായി. കേരളത്തില്‍ ഇദംപ്രഥമമായി നടന്ന സംഭവ മാണത്. വി. ടി. ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്നും അരങ്ങത്തേ യ്ക്കും'ഏ. പി ഭട്ടതിരിയുടെ 'ഋതുമതി' യുമെല്ലാം പ്രസിദ്ധീകരിക്കപ്പെട്ട തിനു വര്‍ഷങ്ങള്‍ മുമ്പാണ് അത് സംഭവിച്ചത്. 

18 കറുപ്പന്റെ ബാലാകലേശം നാടകത്തെപ്പറ്റി മാത്രമല്ല അദ്ദേഹം എഴുതിയ മറ്റ് രണ്ടു മൂന്നു നാടകങ്ങള്‍, കവിതകള്‍ തുടങ്ങിയവയെപ്പറ്റി യുമെല്ലാം രാമകൃഷ്ണപിളള ഇതേ അഭിപ്രായക്കാരനായിരുന്നു. നായര്‍ക്കല്ലാതെ മറ്റാര്‍ക്കും മലയാള സാഹിത്യം കൈകാര്യം ചെയ്യാ നുള്ള അവകാശവും അധികാരവും കഴിവും ഇല്ലാ എന്ന അഭിപ്രായക്കാ രനായിരുന്നു കെ.രാമകൃഷ്ണപിള്ള. പിന്നെ ബ്രാഹ്മണനും. കൊച്ചീപ്പന്‍ തരകന്‍ അക്കാലത്ത് എഴുതിയ 'മറിയാമ്മ''നാടകത്തെപ്പറ്റി മാത്രമല്ല അതിന് അവതാരിക എഴുതിയ സി.അന്തപ്പായിയെപ്പറ്റിയും രാമകൃഷ്ണ പിള്ള നടത്തിയ വിമര്‍ശനം കഠോരമായിരുന്നു അദ്ദേഹം എഴുതുകയാണ്.

'... കോട്ടയം മലയാള മനോരമ ഓഫീസിലെ ക്ലാര്‍ക്കായ കൊച്ചിപ്പന്‍ തരകന്‍ എന്ന ഒരുവന്‍ സാഹിത്യവിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു പത്രികയുടെ ബന്ധമുണ്ടെന്ന് വച്ച് ഒരു നാടകം എഴുതി കീര്‍ത്തി നേടാമെന്ന് കരുതി ഇറങ്ങിയ സാഹസത്തെപ്പറ്റിയാണ് നാം അത്ഭുത പ്പെടുന്നത്. ഈ സാഹിത്യ വഞ്ചിക്കാരന്റെ ദല്ലാളായി കൊച്ചി ഹജൂര്‍ സ്റ്റാമ്പ് സ്റ്റേഷനറി സൂപ്രണ്ട് മിസ്റ്റര്‍ ചിറയത്ത് അന്തപ്പായി ബി.ഏ ആ നാടകത്തിന് ഒരു അവതാരിക എഴുതാന്‍ ധൃഷ്ടനായി പുറപ്പെട്ടതാണ് അത്ഭുതമായി കാണുന്നത്. മലയാള ഭാഷയില്‍ അനേകം വിലക്ഷണ ങ്ങളായ നാടകങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെങ്കിലും ഈ മറിയാമ്മ യോളം വഷളായും ആഭാസമായിട്ടുമുള്ള ഒരു നാടകമുണ്ടായിട്ടുണ്ടോ എന്നും നാം സംശയിക്കുന്നു'.6 ഈ മറിയാമ്മ നാടകം ഇന്നും മലയാളം ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള പ്രധാന ഗ്രന്ഥങ്ങളിലൊന്നാണ്.
19 എന്നാല്‍ അദ്ദേഹം തന്നെ രചിച്ച 'കൈപ്പല്ലീ' നാടകത്തിന് ഈ ദോഷങ്ങളൊന്നുമില്ല പോലും. പുറകെ 'കളവാണി' നാടകവും രചിച്ചു. അവയെപ്പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ കെ. ഭാസ്‌കരപിള്ള പോലും പറയുന്നത് '...സാഹിത്യഭംഗിയോ അലങ്കാര കല്‍പനയോ ഈ നാടകങ്ങള്‍ക്കില്ല...'7 എന്നാണ്. സാഹിത്യം എന്നത് സവര്‍ണ്ണരുടെ കുത്തകയാണ് എന്നു മാത്രമല്ല, അത് മറ്റാരും കൈകാര്യം ചെയ്യാന്‍ അവകാശമില്ലാത്തതുമാകുന്നു.8

20 മംഗളോദയം മാസികയില്‍ തുടര്‍ച്ചയായി രാമകൃഷ്ണപിള്ള ബാലാകലേശത്തെ വിമര്‍ശിച്ചു കൊണ്ടു ലേഖനങ്ങള്‍ എഴുതി. അതിന് മറുപടിയായി കറുപ്പന്‍ കൊടുത്തതൊന്നും മംഗളോദയം പ്രസിദ്ധീക രിച്ചുമില്ല. കറുപ്പന്‍ ബാലാകലേശം നാടകത്തിലൂടെ രാജദ്രോഹം നടത്തിയിട്ടില്ലാ എന്ന് അവസാനം ഉള്ളൂര്‍ പരമേശ്വര അയ്യര്‍ വിധി പ്രഖ്യാപിച്ചതിലൂടെയാണ് ആ വിവാദം അവസാനിപ്പിച്ചത്.

കുറിപ്പുകള്‍

1. അന്ന് 50 രൂപാ അത്രവലിയ തുകയായിരുന്നു.
2. വാസവപ്പണിക്കര്‍. സി, സരസകവി മുലൂര്‍ പത്മനാഭപണിക്കര്‍, പേജ് 310.
3. ദലിത്ബന്ധു, കെ.രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയോ?, കാണുക.
4. ചുമ്മാര്‍ ടി.എം., കവിതിലകന്‍ കെ.പി.കറുപ്പന്‍, പേജ് 79
5. അതേ ഗ്രന്ഥം, പേജ് 80-81.
6. മലയാളി, 1903 സെപ്റ്റംബര്‍ 19, ഭാസ്‌കരപിള്ളയുടെ സ്വദേശാഭിമാനി എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്തത്.
7. അതേ ഗ്രന്ഥം, പേജ് 111.
8 കൂടുതല്‍ വിവരങ്ങള്‍ക്ക് ടി ഗ്രന്ഥം കാണുക.