"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

പുലയരുടെ കൃഷിപ്പാട്ടുകള്‍ - കുന്നുകുഴി എസ് മണി

പാടശേഖരങ്ങളിലെ കൃഷിപ്പണികള്‍ നടത്തി കഴിഞ്ഞാല്‍ പഞ്ഞമാസങ്ങളില്‍ പുലയര്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടാണ് ഉപജീവനം കഴിച്ചിരുന്നത്. ഇത്തരം കൃഷിപ്പണി കഴിഞ്ഞതോടെ മീന്‍പിടിക്കുന്നതും, അത് കീറി ചേറുപോകാന്‍ ഒഴുകുന്ന വെള്ളത്തില്‍ പലപ്രാവശ്യം കഴുകി ശുദ്ധമാക്കി നാടന്‍ പലവ്യഞ്ജനങ്ങള്‍ പുരട്ടി കറിവെയ്ക്കുന്നതും, അത് വരുന്നവര്‍ക്കും നിന്നവര്‍ക്കും വേണ്ടുവോളം കൊടുത്ത് പുലയി തവിക്കണ നക്കുന്നതുമാണ് ഈ നാടന്‍ പാട്ടില്‍ പ്രതിപാദിക്കുന്നത്. ഇതുപോലെ മറ്റ് അനേകം പഴമ്പാട്ടുകള്‍ പുലയര്‍ക്കിടയില്‍ നിലവിലുണ്ട്. കുളങ്ങളിലും വയലേലകളിലും നിന്നും പുലയര്‍ ഒറ്റാല്‍ (തിരുവിതാം കൂറില്‍ ഉറ്റാല്‍ എന്നും പേരു പറഞ്ഞിരുന്നു) ചെറിയ കമ്പുകളും, കയറും കൊണ്ട് മീന്‍ പിടിക്കാന്‍ പുലയര്‍ ഉണ്ടാക്കുന്ന ഒരു തരം കൂടാണ് ഒറ്റാല്‍ എന്ന ഉറ്റാല്‍. കേരളത്തിലെ മറ്റൊരു ജാതിക്കാര്‍ക്കും വശമില്ലാത്ത ഒന്നാണ് ഒറ്റാല്‍ നിര്‍മ്മാണം. അതുപോലെ തന്നെ വയല്‍ വരമ്പുകളിലെ മടകളില്‍ മീന്‍പിടിക്കാന്‍ പുലയര്‍ പണ്ടുകാലത്ത് കൂടുകുട്ട എന്നൊരു കൂട് ഉപയോഗിച്ചിരുന്നു. ഈര്‍ക്കില്‍ കൊണ്ടോ ചെറിയ ചൂരല്‍ കൊണ്ടോ ആണ് ഇവ നിര്‍മ്മിച്ചിരുന്നത്. കൂടുകുട്ടയുടെ വായിലൂടെ അകത്തുകയറുന്ന മീനിന് തിരിച്ചുകടക്കാന്‍ കഴിയാത്ത വിധമാണ് ഇതിന്റെ നിര്‍മ്മാണ രീതി. വയലേലകളില്‍ മീന്‍ പിടിക്കാന്‍ പുലയനും, പുലയിയും വിദഗ്ധരായിരുന്നു. ഈ നാടന്‍ പാട്ടിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു കണക്കാക്കുന്നു.

ഏനും പുലയനും തീനും കഴിഞ്ഞു
പുട്ടിലും, ഒറ്റാലും, വെട്ടരിവാളു...
ഏനും പുലയനും യാത്ര തിരിച്ചേ
ഓരാറ്റി ചെന്നപ്പോള്‍ ഒറ്റാലും താത്തേ
ചെമ്മീനും, കരിമീനും, പൊന്‍മീനും നന്മീനും
വീതീല്‍ വലിയൊരു പൂശേനെ* കിട്ടി
അതും കൊണ്ടവളൊരു കൊടുമാടം പൂക്കേ !
നെടുവനെ കീറീട്ടു ചേറ്റോടെ കഴുകി
തെളിയിന്ന നീറ്റില്‍ തിരിച്ചിട്ടു കഴുകി
ഒഴുകുന്ന നീറ്റിലൊഴുക്കീട്ടു കഴുകി
പതയുന്ന നീറ്റില്‍ പതച്ചിട്ടും കഴുകി
കൊല്ലത്തെ തേങ്ങാ പതിനെട്ടരച്ചു

കൊച്ചിലെ ചീരകം മൂഴക്കരച്ചു
ആനത്തലയോളം കായവും കൂട്ടി
കൊടുങ്ങല്ലൂമഞ്ഞളുരിയരച്ചു
കണ്ണന്‍ ചിരട്ടയില്‍ കറിയും തികത്തി
വന്നോര്‍ക്കും നിന്നോര്‍ക്കും വേണ്ടോളം വിളമ്പി
പതിനെട്ടു വീട്ടച്ചിതൊട്ടൊന്നുനോക്കി
ഇവിടുത്തെ ചിരുതേച്ചി തവിക്കണ നക്കി....
മീന്‍ കറിക്ക് എന്തെല്ലാം പലവ്യഞ്ജന കൂട്ടുകളാണ് പുലയര്‍
*പൂശേനെ - കായലില്‍ നിന്നും വര്‍ഷകാലത്ത് വയലില്‍ കയറുന്ന വലിയ വാളമീന്‍

ആ കാലത്ത് അരച്ചുചേര്‍ത്തതെന്ന് ഈ നാടന്‍ പാട്ടില്‍ നിന്നും വ്യക്തമാണ്. കൊല്ലത്തെ തേങ്ങ, കൊച്ചിയിലെ ജീരകം, ആനത്തലയോളം കായം, കൊടുങ്ങല്ലൂര്‍ മഞ്ഞള്‍ എന്നിവയാണ് ചെറുമികള്‍ അരച്ചുചേര്‍ത്തിരുന്നത്. പുലയരുടെ കറികള്‍ക്കുള്ള രുചിയും, പ്രത്യേകതയും ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

വയലേലകളില്‍ പുലയ പെണ്ണാളമാര്‍ ഞാറു നടുമ്പോഴും പാട്ടുകള്‍ പാടിയിരുന്നു. കൃത്യമായ അകലത്തില്‍ വളരെ വേഗം ഞാറു നട്ടുപോകാനുള്ള പുലയ സ്ത്രീകളുടെ കഴിവ് എടുത്തുപറയേണ്ടതാണ്. ഇങ്ങനെ ഞാറു നടുമ്പോള്‍ പെണ്ണാളമാരുടെ ചുണ്ടുകളില്‍ നിന്നും പുറപ്പെടുന്ന ഒരു ഞാറ്റുപാട്ട് ഇങ്ങനെയാണ്.

നേരം വെളുത്ത നേരത്തില്ല
ത്തമ്പുരാന്മാരും വിളിക്കുന്നേ
എന്റെ കണ്ണനുറങ്ങുന്നോടാ
കുഞ്ഞിക്കണ്ണനുറങ്ങുന്നോ
എല്ലാരിടേം കണ്ടം നട്ടു
കരിനാട്ടം പിടികണ്ടല്ലോ
നമ്മുടെ ഒരു കണ്ടമല്ലൊ
ചെല്ലി, കറുക കേറുന്നു
പത്താളിയേം പണഞ്ഞാളിനോ-
വിളിച്ചുകൊണ്ടു വരണം നി.

ഒന്നാം കണ്ടം മുതല്‍ പത്താം കണ്ടംവരെ പാടുമ്പോള്‍ ഒരു വലിയ പാടശേഖരം മുഴുവനും നട്ടുതീരുന്ന ഒരു നാടന്‍ നടിച്ചില്‍ പാട്ട് വെട്ടിയാര്‍ പ്രേംനാഥ് ശേഖരിച്ചതില്‍ നിന്നും ഇവിടെ ചേര്‍ക്കുന്നു.


ഒന്നാം കണ്ടത്തി തഴുക നിരത്തി
തക തെയ്‌തോം ..... തെയ്താരാ......
തഴുകപ്പുറമേം കേറെടി പെണ്ണേ
തക തെയ്‌തോം.... തെയ്താരാ....
തഴുകപ്പുമേ നിന്നാടുന്ന പെണ്ണേ
തക തെയ്‌ക്കോം..........തെയ്താരാ
തഴുക മറിയുമ്പം പെണ്ണുമറിയും
തക തെയ്‌തോം.... തെയ്താരാ
വടക്ക്, വടക്ക് വടക്കര പുഞ്ചേ
തക തെയ്‌തോം.... തെയ്താരാ
ചവറു വെട്ടാം പോയ കന്നികളേഴും
തക തെയ്‌തോം .... തെയ്താരാ.!

ഉത്തര കേരളത്തിലെ പുലയര്‍ക്കിടയില്‍ പ്രധാനമായുംമൂന്നു തരം മങ്ങലപ്പാട്ടുകളാണ് നിലവിലുണ്ടായിരുന്നത്. അവ കാതുകുത്തുമംഗലം, തിരണ്ടുമങ്ങലം. മങ്ങലം (വിവാഹം) എന്നിവയാണ്. പുലയരിലെ ഒരു കല്യാണപാട്ട് ഇങ്ങനെയാണ്.

പൊലി പൊലികാ പൊലി പൊലികാ
പൊലി പൊലി കാനാവേ
പൊലി വെന്നു ചൊല്ലിയാലു
മൊട്ടെന്തു പൊലിവേ
പൊലിവൊന്നു പൊലിച്ചാ
പലതുണ്ടു പൊലിവും
അരിയെന്നു ചൊല്ലിയാ
ലൊട്ടന്തെ പൊരുളേ
അരിയെന്നു ചൊല്ലിയാ
പലതുണ്ട് പൊരുളേ 

നെല്‍ വയലുകളില്‍ കൊയ്ത്ത് സമീപിക്കുമ്പോള്‍ കൊയ്ത്തരിവാളുമായി കിടാത്തന്മാരും, കിടാത്തികളും (പുലയനും പുലയിയും) നീണ്ടുപരന്നു കിടക്കുന്ന പാടത്തിന്റെ ഒരറ്റത്ത് അണിനിരന്നു കൊണ്ട് കൊയ്യുമ്പോള്‍ അവര്‍ പാടുന്ന പാട്ടാണ് പ്രേംനാഥിന്റെ ശേഖരത്തില്‍ നിന്നും ഇവിടെ പകര്‍ത്തുന്നത്. 

താതിനുന്ത - താതിനുന്തൈ
താനിനുന്തൈ - തെയ്താരാ
ആരിക്കുവെട്ടാ മിതാരിക്കുവെട്ടാം
കാളി നീലി കരിമ്പന
തെക്കം കുറ്റി
യകമ്പടിമാരിക്കു
വെട്ടാം
കുത്താം
ആടാം
ചൂടാം
കയ്യിലെടുക്കാം
കൊണ്ടുനടക്കാം
കാളീ നീലി കരിമ്പന
താതിനുന്തൈ....
ആലിയാലി മണപ്പൊറത്തൊരു
മത്തേം തയ്യും തയ്യോണ്ടേ !
മത്തപൂത്തതും
കാപിടിച്ചതും
കറിക്കരിഞ്ഞതും
കൂട്ടാം വച്ചതും
നെയ്യിപ്പൊരിച്ചതും
നെയ്യുപ്പുനോക്ക്യതും
നീയറിഞ്ഞോടി
കറുത്തവീട്ടിലെ
കറുത്തപെണ്ണേ
കുഞ്ഞാളി 
താതിനുന്തൈ...
ആലിയാലി മണപൊറത്തൊ-
രാനനിന്നു കളിക്കിണേ
ആലിയാലി മണപ്പൊറത്തെ-
യാറ്റിറമ്പേ പോകുമ്പം
ചെമ്മീനക്കണ്ടു
കരിമീനെക്കണ്ടു
മേമട കെട്ടി
താമട കെട്ടി
അക്കുളി തേകി
ഇക്കുളി തേകി
അക്കയ്യി മീം പിടി
ച്ചാണച്ചന്‍
വന്നെന്നെ 
മാലവച്ചു
ഇനി നിക്കുവല്ലോം കേകണ
മോടാ ചക്കര മന്നാചീരാമ
ഹായ് താതിന്തൈ...

വിത്തു വിതയ്ക്കുമ്പോള്‍ പാടുന്ന മറ്റൊരു നാടന്‍ പാട്ടുകൂടി പ്രേംനാഥ് മലനാടിന്റെ മധുര ഗാനങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. പൊന്നിന്‍ ചിങ്ങ മാസത്തില്‍ പാടത്ത് കൃഷിയിറക്കുമ്പോള്‍ പുലയര്‍ ഒന്നിച്ച് പാടുന്ന ഈ പാട്ടിന് താളബോധവും ഈണവും ഏറെയാണ്.

തിത്തിനോ തിനുതിനോ-തക
തിന്തിനോ തിനു തിനോ
അരികുറുക ചെറുകുറുക
ചീരകച്ചെമ്പാവാ
വിത്തെല്ലാം വാരിപ്പാകുന്നേ
തിത്തിനോ...
വിത്തളം വീതളം
വീതകച്ചെമ്പാവാ
വിത്തെല്ലാം വാരിപ്പാകുന്നേ
തിത്തിനോ...
(അരികുറുക, ചെറുകുറുക, ചീരകച്ചെമ്പാവ്, വീതകച്ചെമ്പാവ് - പഴയകാലനെല്‍ വിത്തുകളാണ്.)

കേരളത്തിലെ അതിപുരാതന കലകളില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന പുലയരുടെ ഒരു കലാരൂപമാണ് മുടിയാട്ടം. കരു, മരം, പറ മുതലായ വാദ്യങ്ങള്‍ മുഴക്കുമ്പോള്‍ പുലച്ചികള്‍ ചെച്ച, മണി, അരത്താലി, കിങ്ങിണി മുതലായവ അണിഞ്ഞ് ചാഞ്ഞും ചരിഞ്ഞും രംഗത്തുവന്ന് പാട്ടിന് അനുസരിച്ച് മുടിയാട്ടം നടത്തുന്നു. തണ്ടപ്പുലയരുടെ ഇടയില്‍ ഇതിനെ തലയാട്ടമെന്നാണ് പറയുന്നത്. തിരണ്ടു മങ്ങലത്തിന് തിരണ്ട പെണ്ണ് ശുദ്ധമാകാന്‍ ബോധം കെടും വരെ തലയാട്ടം നടത്തണമെന്നാണ് വെയ്പ്. കഴിഞ്ഞ അദ്ധ്യായത്തില്‍ അത് വിവരിച്ചിട്ടുണ്ട്.

മണ്ണാടി മണ്ണാടിലെന്റെ മണ്ണാടിലമ്മേ
മണ്ണു കൊണ്ടു മയം പിടിച്ചാനൊരുതൂതപണിതേ
അത്ഭുതകുടത്തിനകത്തും കിളി വളത്തുണ്ടേ
പഞ്ചകോടി പരമീശനോടും പരമിരക്കുന്നേ
കൊത്തിത്തിന്നാന്‍ ചുണ്ടിനോടും പരമിരക്കുന്നേ
കീച്ചുതിന്നാന്‍ കാലിനോടും പരമിരക്കുന്നേ
പറന്നുപറ്റാന്‍ ചിറകിനോടും പരമിരക്കുന്നേ
ചുറ്റി ചുറ്റിപ്പറക്കുന്നേ പൈങ്കിളിക്കുഞ്ഞേ
തെങ്ങിന്റെ പുറമടലിപ്പറന്നതുപറ്റി
തെങ്ങിന്റെ യകം മടലിപ്പറന്നതുപറ്റി
തെങ്ങിന്റെ യകം കൂമ്പും കുലക്കരിഞ്ഞിട്ടേ
തെങ്ങിന്റെ പുറം കൂമ്പും കുലക്കരിഞ്ഞിട്ടേ
തെങ്ങിന്റെ തിരുളോലെപ്പറന്നതു പറ്റി
ചുറ്റി ചുറ്റിപ്പറക്കുന്ന പൈങ്കിളിക്കുഞ്ഞേ

നൂരെക്കിഴക്കുന്നാണ്ടൊരു പെണ്ണുവരുന്നേ
ചാഞ്ഞും ചരിഞ്ഞും പെണ്ണുവരികയല്ലാണോ കന്നേലക്കോണിക്കവന്നു മറഞ്ഞതു നിന്നേ
ചങ്കിച്ചും നാണിച്ചും പെണ്ണുകളത്തിലും വന്നേ
ആടാങ്കിലാടെടി പെണ്ണേ കുന്നുവം പെണ്ണേ
വയ്യെങ്കിക്കളത്തീന്നു പെണ്ണു മാറിത്തരേണം
പയ്യേന, പയ്യേനെ പെണ്ണാട്ടം തുടങ്ങി
പാര്‍വള്ളി ഇടെക്കട്ടുപോലെ വളര്‍ന്നമുടിയേ
മുടിയെറ്റിമുക്കാതം വഴിവീശിവരട്ടെ

കാക്കയി കാക്കയി - ഇല്ലെ
കയ്യാണ്ടം കാക്കേ
കയ്യാണ്ടം കയ്യാണ്ടം - ഇല്ലെ
കയ്യാണ്ടം കാക്കേ
മുന്നോട്ടും, പുറന്നോട്ടും - ഒന്നു
നോക്കിണ കാക്കേ

ആനക്കളികാണട്ടെ-തിത്തെയ്യണം
കുതിരക്കളി കാണട്ടെ - തിത്തെയ്യണം
ഇക്കളിക്കെന്തുകിട്ടും - തിത്തെയ്യണം
പട്ടുപൊലിവുകിട്ടും - തിത്തെയ്യണം

നമ്മുടെ മാനാണേ-
ലാ പുള്ളിമാനാണേ - തിത്താം തൈ
ഏഴു വര വരച്ചേ
ഒന്നുകൂടെ വരവരച്ചേ - തിത്താം തൈ
നമ്മുടെ മാനാണേ-
വരക്കിപ്പുറം നിന്നുകളി - തിത്താം തൈ

പന്തളം തന്നില്‍ വാഴും - തെയ്ത്താം
നീലകണ്ടന്‍ പകവാന്‍ - തെയ്യേരോ
ഏര - ഏര - ഏര
നമ്മുടെ ചെമ്മമാണേ - തെയ്ത്താം
നമ്മുടെ ചെമ്മമാണേ - തെയ്യേരോ
ഏര - ഏര ഏര - 4

പുലയരുടെ ഒരു ഉപവിഭാഗമായ തണ്ടപ്പുലയരുടെ ഇടയില്‍ തിരണ്ടുകല്യാണത്തിന് നടത്തുന്ന ഏറ്റവും വലിയ ചടങ്ങാണ് 'തലയാട്ടം'. തലയാട്ടം നടത്തിയാലെ ഋതുവായ തണ്ടപ്പുലയി ശുദ്ധിയാകുകയുള്ളു. ബോധം കെടും വരെ തലയാട്ടണം. ബോധക്കേടുവന്നതിനുശേഷം കരിക്കിന്‍ വെള്ളം കൊടുക്കുകയാണ് പതിവ്. ചേര്‍ത്തല, കൊച്ചി, തെക്കെ മലബാര്‍ എന്നീ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന തലയാട്ടത്തിന് ഉപയോഗിക്കുന്ന പാട്ടാണ് ഇവിടെ ചേര്‍ക്കുന്നത്.

തലയാട്ടം കളിച്ചെന്റെ ചെന്തലകുത്തുന്നു
തണ്ടാര്‍കുഴല്‍ തൊട്ടിറ്റെണ്ണതായോ
എളളു വിതച്ചിട്ട് ഈരെലവന്നില്ല
നാളെ വാ പെണ്ണേ തെട്ടെണ്ണതരാം
അച്ഛന്‍ വിളിക്കുന്നു കച്ചമുറിക്കുന്നു
പോകാന്‍ വഴി തരിന്‍ തോഴിമാരെ
അച്ഛന്‍വിളിച്ചാലും കച്ചമുറിച്ചാലും

ഞങ്ങളിന്നീവല മുറിക്കയില്ല
അമ്മ വിളിക്കുന്നു അമ്മിഞ്ഞി നീട്ടുന്നു
പോകാന്‍ വഴിതരീന്‍ തോഴിമാരെ
അമ്മ വിളിച്ചാലും അമ്മിഞ്ഞിനീട്ട്യാലും
ഞങ്ങളിന്നീവല മുറിക്കയില്ല
കൊച്ചാങ്ങള വിളിക്കുന്നു കൊച്ചീര്‍ക്കില്‍ മെനയുന്നു
പോകാന്‍ വഴി തരീന്‍ തോഴിമാരെ
കൊച്ചാങ്ങള വിളിച്ചാലും കൊച്ചീര്‍ക്കില്‍ മെനഞ്ഞാലും
ഞങ്ങളിന്നീവല മുറിക്കയില്ല
അമ്മാവി വിളിക്കുന്നു അരകല്ലേ വിളമ്പുന്നു
പോകാന്‍ വഴിതരീന്‍ തോഴിമാരെ
അമ്മാവി വിളിച്ചാലും അരകല്ലേ വിളമ്പ്യാലും
ഞങ്ങളിന്നീ വല മുറിക്കയില്ല
നാത്തൂന്‍ വിളിക്കുന്നു രേഷണികൂട്ടുന്നു
പോകാന്‍ വഴിതരീന്‍ തോഴിമാരെ
നാത്തൂന്‍ വിളിച്ചാലും രേഷണികൂട്ട്യാലും
ഞങ്ങളിന്നീ വല മുറിക്കയില്ല.

പുലയര്‍ സാധാരണ സൂര്യാരാധകരാണ്. നേരം പുലര്‍ന്ന് ആദ്യം എണീറ്റാല്‍ ചെയ്യുന്ന കൃത്യം സൂര്യനെ വണങ്ങുകയാണ്. പുലയരുടെ ഈ സൂര്യാരാധന പില്‍ക്കാലത്ത് ആര്യന്മാരില്‍പ്പെട്ട പരദേശി ബ്രാഹ്മണര്‍ പകര്‍ത്തിയതായി കാണുന്നുണ്ട്. പുലയരുടെ ഇടയില്‍ പണ്ടുകാലത്ത് നിലവിലുണ്ടായിരുന്ന സൂര്യഭഗവാനെ സ്തുതിക്കുന്ന ഒരു പാട്ട് ഇവിടെ പകര്‍ത്താം.

ഏതേതു നാമം തുതിക്കേണ്ടു ദൈവമേ
ഏതേതു പൊങ്കുവിയെ പാടി തുതിക്കാം
കിഴക്കുദിക്കും നല്ലൊരു ചൂര്യനെക്കൊണ്ടു
മനമാം പൊങ്കുവിയെ പാടി തുതിക്കാം.

കല്യാണ അവസരങ്ങളില്‍ കല്യാണപ്പന്തലില്‍ അമ്മിക്കല്ലുകള്‍ ഇട്ട് അരയ്ക്കുമ്പോള്‍ പുലയ സ്ത്രീകള്‍ ഈണത്തില്‍ പാടുന്ന ഈ അരവ് പാട്ട് ശ്രദ്ധിക്കുക.

മിറ്റത്ത് നാലോളം തുണുമിട്ട്
പൂപ്പന്തലായിചമയിക്കുന്ന്
പെണ്ണുങ്ങളൊത്തങ്ങിരുന്നുവല്ലൊ
മിറ്റത്ത് ലേഴോളമമ്മിയിട്ട്
അരവിന് പെണ്ണുങ്ങളിരുന്നോള്ന്ന്

(*ചൂര്യന്‍ = സൂര്യന്‍,
തുതിക്കാം = സ്തുതിക്കാം)

പന്ത്രണ്ടോളം വയസ്സ് പ്രായം ചെന്ന ഒരു പുലയകിടാത്തി 
വിശന്നു വലഞ്ഞ് വാടിത്തളര്‍ന്ന എട്ടുവയസ്സുകാരനെ വലതുകൈ കൊണ്ട് സ്വന്തം ശരീരത്തോട് ചേര്‍ത്തുപിടിച്ച് നാലുകാരനായ ഇളയ കുഞ്ഞിനെ ഇടത്തേതോളിലിട്ട് കരുണാര്‍ദ്രമായി അവള്‍ പാടുന്ന ഒരു നാടന്‍ പാട്ടാണ് ഇവിടെ കൊടുക്കുന്നത്. മുന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എം.ജനാര്‍ദ്ദനന്‍ തന്റെ ഓര്‍മ്മയില്‍ നിന്നും കുത്തിക്കുറിച്ചതാണ് ഈ ഉറക്കുപാട്ട്.

വാവാവം, വാവാവം, വാവാവം, വാവോ,
പുള്ള' - തേരേരി, തേരേരി, തേരേരി, തേരോ
കുഞ്ഞു കൂവാതെ കരയാതെ തേങ്ങാതെയുറങ്ങോ - എന്റെ,
കുഞ്ഞിന്റെ കണ്ണിലൊരു പാലുറക്കം വരണേ!
കുഞ്ഞി'ന്റമ്മ''നിവിടില്ലേ, കുഞ്ഞി''ന്റമ്മീ' വീടില്ലേ,
'കരിങ്ങാലിക്കരിമ്പുഞ്ചേ' കൊയ്ത്തിനും പോയേ,
മാനത്തു പറക്കിണ ചക്കിപ്പരുന്തേ! നീ
എങ്ങടെ കതയൊന്നു കണ്ടോണ്ടും പോണേ!
വാവാവം, വാവാവം, വാവാവം, വാവോ,
'പുള്ള'' - തേരരി, തേരേരി, തേരരി, തേരോ
മാനത്തു പറക്കണ ചക്കിപ്പരുന്നന്തേ ! എന്റെ
പുള്ളേടെ കണ്ണിലൊരു പാലുറക്കം തരണേ ! 5

പുലയ പെണ്‍കുട്ടികള്‍ തിരണ്ടാല്‍ (ഋതുവായാല്‍) തൃശൂര്‍ തുടങ്ങിയ മദ്ധ്യകേരളത്തില്‍ പല ആചാരങ്ങളും നിലവിലുണ്ട്. അതിലൊന്നാണ് തിരണ്ടു കല്യാണം. തിരണ്ടു കല്യാണത്തിന് പെരുവ (മ)ണ്ണാന്റെ പാട്ട് നിര്‍ബന്ധമാണ്. പണ്ട് തൃശൂര്‍ ജില്ലയില്‍ ഋതുവായ പുലയ പെണ്‍കുട്ടിയെ ആറ്റിലോ കുളത്തിലോ കൊണ്ടുപോയി കുളിപ്പിക്കുന്നു. കിണറ്റിന്‍ കരയില്‍ കൊണ്ടുപോയാല്‍ കിണര്‍ അശുദ്ധമാകും. അമ്മയും, അമ്മാവിയും, നാത്തൂനും കൂടിയാണ് പെണ്‍കുട്ടിയെ കുളിപ്പിക്കാന്‍ കൊണ്ട് പോകുന്നത്. ഇതിനെ തിരണ്ടു കുളിയെന്നും പറയുന്നു. മൂന്നാം ദിവസവും, നാലാം ദിവസവുമാണ് ഋതുമതിയെ കുളിപ്പിക്കാന്‍ കൊണ്ടു പോകുന്നത്. ആദ്യ ദിവസം ഋതുമതിയെ കുളിപ്പിച്ച് വീടിനടുത്ത് മാടം കെട്ടി ഏഴുദിവസം അവിടെ ഇരുത്തുകയാണ് പതിവ്. ഈ സമയത്ത് പോഷക പ്രധാനമായ ആഹരമാണ് കൊടുക്കേണ്ടത്. നാലാം ദിവസം 'മാറ്റുടുത്ത്' ദോഷം തീര്‍ക്കാന്‍ കുളിക്കണമെന്നാണ് പാരമ്പര്യ വിശ്വാസം. ' 'ആറുകയ്യാലെ ഏതിരുകയ്യാലൊ 'മാറ്റെടുത്ത് ' കുളിക്കണം ദോഷം തീര്‍ക്കാന്‍'' എന്നാണ് ആ ചൊല്ല.് ഏഴാംദിവസം കുളികഴിഞ്ഞ പെണ്‍കുട്ടിയെ വായ്കുരവയോടും ആര്‍പ്പുവിളികളോടും പുരക്കുളളില്‍ കൊണ്ടുവന്ന് കിഴക്കുഭാഗത്ത് പലകമേല്‍ നിറുത്തുന്നു. പടിഞ്ഞാറു ഭാഗത്തുനിന്ന് പെരുവണ്ണാനും സംഘവും പാട്ടുതുടങ്ങുന്നു.

വായ്ക താന്‍ നിറയ താനിതേ
നിറയതാന്‍ കവിതപോലെ

(പുള്ള = കുട്ടി (കുഞ്ഞ്) അമ്മന്‍ = അച്ഛന്‍, അമ്മി = അമ്മ)
കവിതതാന്‍ നിറയ താന്‍ തന്നെ
മലയിലെ ഉയര്‍ന്നിതല്ലൊ
മാവേലി കുലം പര്‍വ്വത മാണിതേ
ആനതമുഖാ പോറ്റീ
കവിതയ്‌ക്കെന്‍ അരുളവന്തേന്‍
കടലിലേ കീഴ് താനിത്
ചെന്താമര ദശപുഷ്പത്തിലെ
ചെന്താമര ദശപുഷ്പത്തില്‍
ഉള്ളിരിപ്പു ഉമ മകളേ
ഈ ലോകം വാഴ്ക ദൈവമേ

മന്ദരലോകം വാഴ്ക ദൈവമേ
നാഗലോകം വാഴ്ക ദൈവമേ
അസുര ലോകം വാഴ്ക ദൈവമേ
ഈ ലോകത്തെ ഈ കന്നിയുണ്ടന്നേ
മന്ദര ലോകത്തെ മന്ദരകന്നിയുണ്ടന്നേ
നാഗലോകത്തെ നാഗകന്നിയുണ്ടന്നേ
ജീവലോകത്തെ ജീവകന്നിയുണ്ടന്നേ
അസുരലോകം അസുര കന്നി
ദേവലോകം ദേവകന്നി ..........6 

ഇങ്ങനെ നൂറുനൂറു പഴം പാട്ടുകളിലൂടെ പുലയരുടെ ചരിത്രവും, സാമൂഹ്യസ്ഥിതിയും, അവരുടെ കൃഷിപ്പണിയുമെല്ലാം വ്യക്തമായി മറ്റേത് ജനതയെക്കാളും മനസ്സിലാക്കാവുന്നതാണ്. ആരും ഒരിടത്തും എഴുതി വെയ്ക്കാത്ത ഒരു ജനതയുടെ സംസ്‌ക്കാര സമന്വയത്തിന്റെ തനിമയാര്‍ന്ന നാടന്‍ പാട്ടുകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് സംക്രമിച്ചെത്തിയതാണ്. എന്നിട്ടും പുലയര്‍ ചരിത്രത്തില്‍ നിന്നും പിന്‍തള്ളപ്പെടുകയാണെന്ന സത്യം ആ ജനവിഭാഗം മനസ്സിലാക്കുന്നില്ല.

സഹായഗ്രന്ഥങ്ങള്‍:
1. പി.കെ. ബാലകൃഷ്ണന്‍ 'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും'
ജ. 270 - 1983
2. മാടശ്ശേരി മാധവവാര്യര്‍ 'കേരളത്തിലെ ആദിമനിവാസികള്‍' ജ. 112 
3. വെട്ടിയാര്‍ എം. പ്രേംനാഥ് 'മലനാടിന്റെ മധുരഗാനങ്ങള്‍' ജ. 17-20,1954
4. വെട്ടിയാര്‍ എം. പ്രേംനാഥ് 'മലനാടിന്റെ മധുരഗാനങ്ങള്‍' ജ. 26, 1961
5. കെ. കെ. ഗോവിന്ദന്‍ 'അറുകൊലക്കണ്ടം' കെ. എം. ജനാര്‍ദ്ദനന്‍
എഴുതിയ അഭിപ്രായത്തില്‍ നിന്നും
6. ഡോ. ചുമ്മാര്‍ചുണ്ടന്‍ 'നാടന്‍കല' ജ. 142-143, 1979