"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഉപസംഹാരം; കെ രാമകൃഷ്ണപിള്ള ദേശാഭിമാനിയോ ? ദലിത് ബന്ധു എന്‍ കെ ജോസ്

വക്കം മൌലവി 
സര്‍,
ഞാന്‍ ഉപസംഹരിക്കുകയാണ്. പലതും ഇനിയും പറയുവാനുണ്ട്. പക്ഷെ അങ്ങയുടെയും, ഇതൊരു തുറന്ന കത്തായതിനാല്‍ മറ്റുവായനക്കാരുടെയും ക്ഷമ പരീക്ഷിക്കുന്നത് ശരിയല്ല എന്നെനിക്കറിയാം. ഈ രാജ്യത്തെ ദലിതര്‍ക്ക് രാമകൃഷ്ണപിള്ള വരുത്തിവച്ച ദ്രോഹത്തിന്റെ ആഴത്തിലേയ്ക്ക് ഒന്നെത്തിനോക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതു കാണുന്തോറും കൂടുതല്‍ കൂടുതല്‍ അമര്‍ഷം ഓരോ ദലിതനിലും പതഞ്ഞുപൊങ്ങും. എന്നിട്ടും അങ്ങും അങ്ങയുടെ സര്‍ക്കാരും ആ ദലിത്‌ ദ്രോഹിയോടു കാണിക്കുന്ന ആദരവും ബഹുമാനവും കണ്ടു സഹിക്ക വയ്യാതെ പറഞ്ഞുപോകുന്നതാണ് ഇതെല്ലാം.

2 ഉപസംഹാരമായി എനിക്കൊന്നും പറയുവാനില്ല. എന്നേക്കാളേറെ രാമകൃഷ്ണ പിള്ളയെപ്പറ്റി പഠിച്ച രണ്ടു പ്രശസ്ത വ്യക്തികളുടെ വാക്കുകള്‍ അങ്ങയുടെ അറിവിലേയ്ക്കായി ഉദ്ധരിക്കുക മാത്രമാണ് ഞാനിവിടെ ചെയ്യുന്നത്. സ്വന്തമായ നിഗമനങ്ങളിലെത്തിച്ചേരാന്‍ അത് അങ്ങയെ ഏറെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മൂലം തിരുനാള്‍ രാമവര്‍മ്മരാജാവും ടി.കെ.മാധവനും സി.കേശവനും രാമകൃഷ്ണപിള്ളയുടെ നിത്യശത്രുവായ പി. രാജഗോപാലാചാരിക്കു നല്‍കിയ സാക്ഷ്യപത്രത്തെപ്പറ്റി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇപ്പോള്‍ രാമകൃഷ്ണപിള്ള യെപ്പറ്റിത്തന്നെ രണ്ടുപേര്‍ എഴുതിയതുകൂടി ഞാന്‍ ഇവിടെ ഉദ്ധരിക്കുകയാണ്. മഹാകവി എം.പി.അപ്പനും, മുന്‍ എം.പി.എം.കെ കുമാരനുമാണവര്‍, അവര്‍ രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അവര്‍ കുറിച്ചതാണീ പരാമര്‍ശങ്ങള്‍. എം.കെ.കുമാരന്‍ കമ്യൂണിസ്റ്റ് പാട്ടിയുടെ എം.പിയായി രുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

3 രാമകൃഷ്ണപിള്ളയുടെ ജന്മശതാബ്ദി 1978 - ല്‍ വിപുലമായ തോതില്‍ തന്നെ ആഘോഷിച്ചു. അതിനോടനുബന്ധിച്ച് അദ്ദേഹത്തെ പ്പറ്റിയും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സ്വദേശാഭിമാനി പത്രത്തെ പ്പറ്റിയും, അതിലെ ലേഖനങ്ങളെപ്പറ്റിയും വിശദമായ ചര്‍ച്ച ഉണ്ടായി അന്ന് എം.കെ. കുമാരന്‍ എഴുതി 

'......ആധുനിക കേരളത്തില്‍ പുരോഗമനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണെന്നൊരു വിശ്വാസം പരക്കെയുണ്ട്. ഈ വിശ്വാസം പ്രചരിപ്പിക്കാനും ഉറപ്പാക്കാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുമുണ്ട്. ചരിത്രകാരന്മാ രേയും ചരിത്ര വിദ്യാര്‍ത്ഥികളെയും വട്ടം കറക്കുവാന്‍ ഈ പ്രചരണം ഒട്ടൊന്നുമല്ല ഉപകരിച്ചിട്ടുള്ളത്. ഈ വ്യഥ തിരുത്തേ ണ്ടത് സത്യാന്വേഷികളുടെ കടമയാണ്.... സാമുദായിക നീതിക്കും രാഷ്ട്രീയ ശക്തികളുടെ വികേന്ദ്രീകരണത്തിനും വേണ്ടി ഈഴവരും മറ്റും നടത്തിയ പ്രക്ഷോഭണങ്ങളെ എതിര്‍ത്തു പരാജയ പ്പെടുത്തുവാന്‍ ചില സവര്‍ണ ഹിന്ദു നേതാക്കന്മാര്‍ ആരംഭം മുതല്‍ ഉത്സാഹിച്ചിട്ടുണ്ട്. പ്രബുദ്ധനും നീതിനിഷ്ഠനു മായ ദിവാന്‍ രാജഗോപാലാചാരി ഈഴവര്‍ക്കും മറ്റും സ്‌കൂള്‍ പ്രവേശനം അനുവദിക്കുകയും പ്രജാസഭയില്‍ ഈഴവരെ നോമിനേറ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അരിശം കൊണ്ട് ദിവാനെതിരായി തൂലിക ചലിപ്പിച്ചതായി കേട്ടിട്ടുണ്ട്. ഈഴവരേയും പുലയരേയും മറ്റും സവര്‍ണര്‍ക്ക് ഒപ്പമിരുത്തി പഠിപ്പിക്കുന്നത് സംസ്‌ക്കാര'ശുദ്ധിക്ക് നിരക്കാത്ത നടപടിയാണെന്നും, നിയമസഭയില്‍ ജാതിനോക്കി പ്രാതിനിധ്യം നല്‍കുന്നത് ദേശീയ വിരുദ്ധമാണെന്നുമൊക്കെ ആയിരുന്നത്രേ സ്വദേശാഭിമാനിയുടെ അഭിപ്രായം......' 

4 1978 ല്‍ പ്രസിദ്ധീകരിച്ച എസ്.എന്‍.ഡി.പി യോഗം പ്ലാറ്റിനം ജൂബിലി സ്മാരക ഗ്രന്ഥത്തില്‍ 'എസ്.എന്‍.ഡി.പി യോഗവും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും' എന്ന ലേഖനത്തിലെ ഒരു ഭാഗമാണത്. 1978 -ല്‍ തന്നെ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ 'ജാതി ക്കുമ്മി', 'ഉദ്യാന വിരുന്ന്' എന്ന കൃതികള്‍ക്ക് എഴുതിയ അവതാരി കയില്‍ എം.പി. അപ്പന്‍ പറയുകയുണ്ടായി.

'....ബാലാകലേശത്തെ വിമര്‍ശിച്ചവരില്‍ ഏറ്റവും നിര്‍ദ്ദാക്ഷിണ്യന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു. നിര്‍മയമായ ആ നിരൂപണത്തില്‍ ബാലാകലേശത്തിലെ വൃത്താലങ്കാര വ്യാകരണ ദോഷങ്ങളെയാണ് രാമകൃഷ്ണപിളളയും മുഖ്യമായും എടുത്തു കാണിച്ചത്. തീണ്ടലിനും ജാതിചിന്തയ്ക്കും അതീതനായിരി ക്കേണ്ട ആളാണ് മഹാരാജാവ് എന്നും എല്ലാ പൗരന്മാര്‍ക്കും നാട്ടില്‍ തുല്യമായ സ്ഥാനമുണ്ടെന്നും ഉള്ളതാണ് നാടകത്തിലെ മര്‍മ്മ പ്രധാനമായ ആശയം. രാമകൃഷ്ണപിള്ള അതിനെ പരാമര്‍ശിക്കുകപോലും ചെയ്തില്ല. തീണ്ടല്‍ ആചരിച്ചതിന് ഒരു നമ്പൂതിരിയെ തൂക്കിക്കൊല്ലുക എന്നത് ആ രാജാവിന്റെ നിഷ്ഠൂരതയെ കാണിക്കുകയാണെന്നും കൊച്ചി മഹാരാജാവ് ദുഷ്ടനാണെന്ന് ധ്വനിപ്പിക്കുന്ന കവി രാജദ്രോഹമാണ് പറയുന്നതെന്നും രാജദ്രോഹം നടത്തിയ നാടകത്തെ സാഹിത്യ ലോകത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യണമെന്നുമായിരുന്നു സ്വദേശാഭിമാനിയുടെ വാദത്തിന്റെ സംഗ്രഹം. അദ്ദേഹം നാടകത്തിന് ഒരു പുതിയ പേര് നിര്‍ദ്ദേശിക്കാതെയും ഇരുന്നില്ല. എന്താണെന്നോ ആ പേര്? വാലാകലേശം. സ്വദേശാഭിമാനിയുടെ വര്‍ഗ്ഗ വിവേചനം ആ സന്ദര്‍ഭത്തില്‍ തലപൊക്കിയത് നിര്‍ഭാഗ്യ കരമായിപ്പോയി എന്നു തോന്നുന്നവരുണ്ടാകാം. എന്നാല്‍, സ്വദേശാഭിമാനി അന്ന് ആദ്യമായിട്ടല്ല ആ വര്‍ഗ്ഗവിവേചനം വെളിപ്പെടുത്തുന്നത് അതിന് മുമ്പും ചില അവസരങ്ങളില്‍ അദ്ദേഹത്തിന്റെ വര്‍ഗ്ഗ വിചാരം പുറത്ത് ചാടിയിട്ടുണ്ട്.'

5 ഏതായാലും ഒരു കാര്യം വ്യക്തമാണ്. ഇന്നും ഈ രാജ്യത്ത് അടിസ്ഥാന പരമായി രണ്ടു വ്യത്യസ്ത വിഭാഗം ജനങ്ങളുണ്ട്. ഭരണീയരും ഭരണകര്‍ത്താക്കളും. അവര്‍ ഒരു സമൂഹമാകണമെന്നും എല്ലാവരും ഭരണ കര്‍ത്താക്കളുടെ വിഭാഗത്തില്‍പ്പെടണമെന്നുമുള്ള ചിന്ത ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്കില്ല. അവര്‍ക്ക് ചൂഷണം ചെയ്യുവാന്‍ എന്നും ഇവിടെടെ ഒരു സമൂഹം ഉണ്ടാകണം അതിനവര്‍ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. അതില്‍ ഒരു പ്രധാനപ്പെട്ടതാണ് ചരിത്രം.

6 ഈ കത്തിന്റെ ആദ്യം പറഞ്ഞതുപോലെ അദ്ദേഹം, കെ.രാമകൃഷ്ണ പിള്ള, സ്വദേശാഭിമാനിയല്ലെങ്കിലും സ്വസമുദായാഭിമാനിയെങ്കിലുമാണോ? അദ്ദേഹം 1904 ഡിസംബര്‍ 19-ാം തീയതി ചേര്‍ത്തല ചെയ്ത പ്രസംഗം അതിന് തെളിവായി ഉദ്ധരിക്കാമോ? നായന്മാരുടെ ഇടയില്‍ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന നാളുകളായിരുന്നു അത്. ആശൗച പ്രസ്ഥാനം എന്നാണ് അതറിയപ്പെടുന്നത്. ബ്രാഹ്മണര്‍ നിര്‍മ്മിച്ച് നായന്മാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന നിയമങ്ങളും ആചാരങ്ങളും ധിക്കരിച്ച് സ്വതന്ത്ര മനുഷ്യജീവിതം സാധ്യമാക്കുവാന്‍വേണ്ടി പുതിയ തലമുറ ശ്രമിച്ചുകൊണ്ടിരുന്ന കാലവുമായിരുന്നു അത്.

7 ബ്രാഹ്മണര്‍ നായരോട് സ്വീകരിച്ചുപോന്ന നിന്ദ്യമായ മനോഭാവത്തെപ്പറ്റി ഒരക്ഷരം പോലുമില്ല. അദ്ദേഹം ഒരു നായര്‍ സമുദായാഭിമാനി പോലുമായിരുന്നില്ല. വെറും ഒരു സ്വാര്‍ത്ഥന്‍ ചവറക്കാരന്‍. ഒരു ശങ്കരന്‍ നായരുടെ കയ്യക്ഷരത്തിന്റെ ഭംഗിയില്‍ ആകൃഷ്ടനായി ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അയാള്‍ക്ക് കൊട്ടാരത്തില്‍ ഒരു ജോലി കൊടുത്തു, അയാള്‍ തന്റെ കഴിവും. സാമര്‍ത്ഥ്യവും ഉപയോഗിച്ചു പടിപടിയായി ഉയര്‍ന്ന് മൂലം തിരുനാള്‍ രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി ശങ്കരന്‍ തമ്പി എന്ന പേരില്‍ നാടുവാണു. ഇത്രയും നാള്‍ ബ്രാഹ്മണമേധാവിത്വം നിലനിന്ന സ്ഥാനത്താണ് ഒരു നായര്‍ എത്തപ്പെട്ടത്. അത്രയും നല്ലത് എന്നാണ് സി.വി.രാമന്‍പിള്ള അതേപ്പറ്റി പറഞ്ഞത്. പക്ഷെ രാമകൃഷ്ണപിള്ളയ്ക്ക് അത് സഹിക്കാനായില്ല. സ്വദേശാഭിമാനി പത്രത്തിന്റെ 43-ാം ലക്കത്തിലൂടെ അദ്ദേഹം ബ്രിട്ടീഷ് ഗവര്‍ണറോട് ആവശ്യപ്പെട്ടത് ശങ്കരന്‍ തമ്പിയെ ഇന്ത്യയില്‍ നിന്നും നാടുകടത്തണമെന്നാണ്. 1805 ലെ ഉടമ്പടി പ്രകാരം ആ ചുമതല നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം ബ്രിട്ടീഷ് ഗവണ്‍മെന്റിനുണ്ട് പോലും. അദ്ദേഹത്തിന്റെ പ്രസ്തുത ലേഖനം അന്നിവിടെയുള്ള ബ്രിട്ടീഷ് റസിഡണ്ട് കണ്ട് അധികാര സ്ഥാനങ്ങളില്‍ അറിയിക്കണം എന്നതായിരി ക്കുമല്ലോ പ്രസ്തുത ലേഖനത്തിന്റെ ലക്ഷ്യം. പക്ഷെ സംഭവിച്ചത് മറിച്ചാണ്. നാടുകടത്തപ്പെട്ടത് രാമകൃഷ്ണ പിള്ളയാണ്. ശങ്കരന്‍ തമ്പിയല്ല. തമ്പി കൈക്കൂലി വാങ്ങിയിട്ടാണെങ്കിലും രാജാവിനെക്കൊണ്ടും ദിവാനെക്കൊണ്ടും നായര്‍ക്ക് ഉദ്യോഗം കൊടുപ്പിച്ചു. പി. രാജഗോപാലാ ചാരിക്കുശേഷം തിരുവിതാംകൂറിലെ ദിവാനായത് എം കൃഷ്ണന്‍ നായരാണ്, ഒരു പരദേശ ബ്രാഹ്മണനല്ല; ഒരു മലയാളി തിരുവിതാംകൂര്‍ നായര്‍. അത് ശങ്കരന്‍ തമ്പിയുടെയും സി.വി.രാമന്‍പിള്ളയുടെയും കഴിവാണ്; രാമകൃഷ്ണപിള്ളയുടെ കഴിവല്ല. രാമകൃഷ്ണപിള്ളയുടെ തെറി പേടിച്ചല്ല രാജാവ് അങ്ങിനെ ചെയ്തത്.

8 ഇന്ന് രാമകൃഷ്ണപിള്ളയെ സവര്‍ണ്ണ ചരിത്രവൈതാളികര്‍ അവതരി പ്പിക്കാന്‍ ശ്രമിക്കുന്നത് രാജഗോപാലാചാരിയുടെ ശത്രു, ഭരണരംഗത്തെ അഴിമതിയ്‌ക്കെതിരെ പൊരുതിയ ഒരു പത്ര പ്രവര്‍ത്തകന്‍ എന്നെല്ലാമുള്ള നിലയിലാണ്! യഥാര്‍ത്ഥത്തില്‍ അദ്ദേഹം അതൊന്നുമാ യിരുന്നില്ല. രാജ്യത്തെ അടിമകളെയും അടിയാളരെയും ചാതുര്‍വര്‍ണ്യ വ്യവ്യസ്ഥിതി യുടെ സംവിധാനത്തില്‍ തന്നെ നിലനിറുത്താന്‍ വേണ്ടി ജീവിതം ഹോമിച്ച ഒരു ചാതുര്‍ വര്‍ണ്യ ആചാര്യ നായിരുന്നു അദ്ദേഹം. അദ്ദേഹം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് പുലയക്കുട്ടി കളുടെയും പറയക്കുട്ടികളുടെയും വിദ്യാഭ്യാസമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരുടെ വിദ്യാഭ്യാസം നടക്കും. അവര്‍ വിദ്യാഭ്യാസം നേടിയാല്‍ ജാതിവ്യവസ്ഥ താറുമാറാകും. പരദേശ ബ്രാഹ്മണര്‍ക്കെതിരേ നായര്‍ പ്രക്ഷോഭണം നടത്തുന്നതുപോലെ നായര്‍ക്കെതിരേ ദലിതര്‍ പ്രക്ഷോഭണം നടത്തും. നായരേക്കാള്‍ വളരെ ഉയര്‍ന്നതാണ് ദലിതരുടെ തിരുവിതാംകൂറിലെ ജനസംഖ്യ. ആ സാധ്യതകളെ തടയുക എന്നതായിരുന്നു രാമകൃഷ്ണ പിള്ളയുടെ യഥാര്‍ത്ഥ ലക്ഷ്യം. അതിനുവേണ്ടി അദ്ദേഹം അരയും തലയും മുറുക്കി രംഗത്തിറങ്ങി. ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവു പിന്‍വലിച്ചില്ലായെങ്കില്‍ ദിവാന്റെ വ്യക്തിത്വത്തെ തെറികൊണ്ട് അഭിഷേകം ചെയ്യും എന്ന് അദ്ദേഹം 1910 ഫെബ്രുവരി മുതലുള്ള സ്വദേശാഭിമാനി പത്രങ്ങള്‍ ഓരോ ലക്കത്തിലൂടെയും മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു. ആത്മാഭിമാനമുണ്ടെങ്കില്‍ ദിവാന്‍ ഉത്തരവും പിന്‍വലിച്ചു രാജിക്ക് തയ്യാറാകും എന്നു രാമകൃഷ്ണപിള്ള പ്രതീക്ഷിച്ചു. പക്ഷെ ദിവാന്‍ മറിച്ചാണ് പ്രവര്‍ത്തിച്ചത്. രാമകൃഷ്ണ പിള്ളയുടെ പത്രവും എഴുത്തും വളരെ ചുരുക്കം ചില ആഢ്യന്മാരുടെ കൈകളില്‍ മാത്രമേ എത്തുന്നുള്ളൂ എന്ന് ദിവാനും അറിയാമായിരുന്നു. രാമകൃഷ്ണപിള്ള അത്രയേറെ ദിവാനെതിരായി എഴുതിയിട്ടും തിരുവിതാംകൂറിലെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ അയിത്ത ജാതിക്കാര്‍ക്ക് ആ ദിവാനോടുള്ള ബഹുമാനത്തിനും സ്‌നേഹത്തിനും ഭംഗം വന്നില്ലാ എന്ന് ടി.കെ.മാധവന്‍ തന്റെ ദേശാഭിമാനി പത്രത്തിന് ആശംസ ആവശ്യപ്പെട്ടു എഴുതിയ കത്ത് വ്യക്തമാക്കുന്നു. രാമകൃഷ്ണ പിള്ളയുടെ അഭിപ്രായത്തില്‍ കേവലം വിഷയലമ്പടനായിരുന്ന രാജഗോപാലാചാരിയുടെ ഒരു ആശംസാ സന്ദേശത്തിന് ടി.കെ. മാധവന്‍ കല്‍പിച്ച വില എത്രയോ വലുതാണ്. അത്തരം ഒരു സന്ദേശം ടി.കെ മാധവന്‍ അന്ന്, പത്രം തുടങ്ങുന്ന 1916 -ല്‍, തിരുവിതാംകൂറില്‍ ദിവാനായി രുന്ന മന്നത്ത് കൃഷ്ണന്‍ നായരോടുപോലും ആവശ്യപ്പെട്ടില്ല.

രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ പേരില്‍ അന്ന് ഇവിടെ നിലനിന്നിരുന്ന മലയാളം, ഇംഗ്ലീഷ്, തമിഴ് പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതി. അതില്‍ ഒരു പത്രം പോലും രാമകൃഷ്ണപിള്ളയുടെ നടപടിയെ അനുകൂലിച്ചില്ല. സുഭാഷിണി, മനോരമ, കേരളതാരക, നസ്രാണി ദീപിക തുടങ്ങിയ മലയാള പത്രങ്ങളും, വെസ്റ്റേണ്‍ സ്റ്റാര്‍, വെസ്റ്റ്‌കോസ്റ്റ് സ്‌പെക്‌റ്റേറ്റര്‍, ദി മലബാര്‍ ഡെയ്‌ലി, സ്വധര്‍മ്മ, കൊച്ചിന്‍ ഓര്‍ഗസ്, ദി മലബാര്‍ ഡെയ്‌ലി ന്യൂസ്, ദി ട്രാവന്‍കൂര്‍ ടൈംസ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും നാടുകടത്തലിനെപ്പറ്റി എഴുതിയ മുഖപ്രസംഗങ്ങള്‍ കേരളാ പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച 'സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനം രാജവാഴ്ചയുടെ ദൃഷ്ടിയില്‍' എന്ന ഗ്രന്ഥത്തില്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്.

കേരളത്തിലെ ആഢ്യന്മാരായ ചരിത്രകാരന്‍മാര്‍ ഇന്ന് ചരിത്ര സത്യത്തെ വളച്ചൊടിക്കുകയാണ്. കേരളത്തിലെ ദലിതരുടെ എക്കാലത്തേയും ഏറ്റവും വലിയ ശത്രുവായിരുന്ന കെ. രാമകൃഷ്ണ പിള്ളയെ അദ്ദേഹം ഏറ്റുവാങ്ങിയ നാടുകടത്തലിന്റെ പേരില്‍ ഒരു വലിയ രക്തസാക്ഷി യാക്കി പുനരവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളസര്‍ക്കാരും പ്രതിപക്ഷവും ഏര്‍പ്പെട്ടിരിക്കുന്നത്. അതിനുവേണ്ടി യാണ് അദ്ദേഹ ത്തിന്റെ നാടുകടത്തലിന്റെ ശതാബ്ദി ആഘോഷിക്കു ന്നത്. സത്യം ഒരുനാള്‍ വിജയിക്കും ഇന്നല്ലെങ്കില്‍ നാളെ ദലിതര്‍ ബോധവല്‍ക്കരണം നേടും, തങ്ങളുടെ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയും. 

സര്‍,
അങ്ങ് ഈ കത്ത് വായിക്കുമെന്ന് എനിക്കു വലിയ പ്രതീക്ഷയില്ല. അതിനുള്ള സമയവും ക്ഷമയും അങ്ങേയ്ക്ക് ഉണ്ടാകയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ അനുയായികളില്‍ ആരെങ്കിലും വായിക്കുമ്പോള്‍ ഇതിന്റെ രത്‌നച്ചുരുക്കം അങ്ങേയ്ക്ക് ലഭിച്ചെന്നു വരാം. അതിന്റെ വെളിച്ചത്തിലെങ്കിലും അങ്ങ് ഈ സാഹസത്തില്‍ നിന്നും പിന്തിരിയുമെന്ന പ്രത്യാശയോടെ


അങ്ങയുടെ സംസ്ഥാനത്തിലെ ഒരു പൗരന്‍


ദലിത്ബന്ധു എന്‍.കെ.ജോസ്
അംബികാമാര്‍ക്കറ്റ്
വൈക്കം.
8.8.2010കുറിപ്പുകള്‍

1. നിലം കൃഷിചെയ്തിരുന്നവരെ പാഠശാലകളില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ കല്‍പന പുറപ്പെടുവിച്ചതിനെതിരായിട്ട് എം.പി അപ്പന്‍ പറഞ്ഞപ്പോള്‍ അത് ഈഴവര്‍ തുടങ്ങിയവര്‍ മാത്രമായി. അയ്യന്‍കാളി യുടെ നേതൃത്വത്തില്‍ പുലയര്‍ നടത്തിയ കാര്‍ഷിക പണിമുടക്ക് അപ്പന്‍ അറിഞ്ഞിട്ടില്ലപോലും. എല്ലാവരും ഒരു തോടേ വന്നവരാണ്.